സ്ത്രീ സുരക്ഷിതത്വവും തൊഴിലിടവും (എഡിറ്റോറിയല്‍): ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി (issue 28, March 2022)

2022 മാര്‍ച്ച് 16ന് ചേര്‍ന്ന കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് സുപ്രധാനമായ ഒരു തീരുമാനം എടുക്കുകയുണ്ടായി. യൂണിവേഴ്സിറ്റിയുടെ തന്നെ കാമ്പസില്‍ ജോലി ചെയ്തുവരുന്ന അധ്യാപകനെ സര്‍വ്വീസില്‍നിന്ന് നീക്കം ചെയ്തുകൊണ്ടുള്ള ഉത്തരവിനെ അംഗീകരിക്കലായിരുന്നു അത്. ഒരാളെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടു എന്നത് ഒരിക്കലും സന്തോഷിക്കാനുള്ള വക നല്‍കുന്നതല്ല. എന്നാല്‍ കേരളത്തില്‍ എത്രയോ കാലമായി ലൈംഗിക പീഢന പരാതികള്‍ ഉണ്ടാവുന്നുണ്ട്. പല ഘട്ടങ്ങളിലും സസപെന്‍ഷന്‍ പോലുള്ള ശിക്ഷാനടപടികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിലപ്പുറം നടപടികള്‍ ഉണ്ടായിട്ടില്ല. അങ്ങിനെ നടപടികള്‍ ഉണ്ടായിടത്തുപോലും കോടതി ചില നിസ്സാര നടപടിക്രമം (Procedure) പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ട് ശിക്ഷയില്‍നിന്ന് ഒഴിവാക്കി വിട്ടിട്ടുമുണ്ട്. അപ്പോഴാണ് ഇത്തരത്തിലുള്ള ഒരു പരാതിയിന്മേല്‍ നടപടി വരുന്നത് ഏറെ പ്രസക്തമാവുന്നത്. പരാതിയില്‍ നേരിട്ട് എടുത്ത നടപടിയല്ല ഇത്. കാമ്പസിലെ ഇന്‍റേണല്‍ കംപ്ലയ്ന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും പലരുടെയും മൊഴിയെടുക്കുകയും ചെയ്തതിനുശേഷം നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണീ നടപടി. കമ്മിറ്റി ക്കുമുന്നില്‍ മൊഴി കൊടുക്കാനും പരാതിയില്‍ ഉറച്ചുനില്‍ക്കാനും തീരുമാനിച്ച വിദ്യാര്‍ത്ഥികളുടെ മനോധൈര്യം ഏറെ പ്രധാനമാണ്. പലതരത്തിലുള്ള ഭീഷണികളെ നേരിട്ടും വീട്ടില്‍നിന്നുള്ള പ്രതിബന്ധങ്ങളെയുമെല്ലാം ഒരേസമയം ഈ പെണ്‍കുട്ടികള്‍ തരണം ചെയ്തിട്ടുണ്ട്. അധ്യാപകര്‍ തെറ്റെചെയ്തിട്ടുണ്ട് എന്ന് ഉറപ്പുള്ളവര്‍പോലും പലപ്പോഴും ഈ വിദ്യാര്‍ത്ഥികളില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടോയെന്ന് ചികഞ്ഞുനോക്കി പ്രശ്നത്തിന്‍റെ കുറ്റകരമായ ഉത്തരവാദിത്തം പെണ്‍കുട്ടിയിലാരോപിക്കുന്നതുകാണാം. ഇങ്ങനെയുള്ളവര്‍ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും എല്ലാ വിഭാഗത്തിലുമുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കാന്‍ അന്വേഷണ സമിതിക്കും കഴിഞ്ഞു. അവര്‍ നല്‍കിയ ശക്തമായ റിപ്പോര്‍ട്ടുതന്നെയാണീ ശിക്ഷാനടപടിക്ക് വലിയ തുണയായത്. ഈ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ചപ്പോള്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാവുകയും ഉചിതമായ നടപടി അതിന്‍റെ ക്രമത്തില്‍ സ്വീകരിക്കാന്‍ വൈസ് ചാന്‍സലറെ ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. 

ആ നിര്‍ണ്ണായക തീരുമാനമാണ് 16-ാം തിയ്യതി സിന്‍ഡിക്കേറ്റില്‍ പാസ്സാക്കിയത്. കേരളത്തില്‍ ഇത്തരത്തില്‍ പ്രശ്നമനുഭവിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി വൈസ് ചാന്‍സലറോട് നന്ദി പറയുന്നു. ഈ തീരുമാനം അംഗീകരിച്ച സിന്‍ഡിക്കേറ്റിനോടും. 

കഴിഞ്ഞ ദിവസം മല്ലു സ്വരാജും അന്തരിച്ചു. തെലുങ്കാന സമരത്തിലെ പോരാളി, മുതിര്‍ന്ന സി.പി.ഐ.എം. നേതാവ് എന്നിങ്ങനെയാണവരുടെ വിശേഷണങ്ങള്‍. തെലങ്കാന സമരത്തെക്കുറിച്ചുള്ള We were makiing history എന്ന പുസ്തകത്തില്‍ മല്ലു സ്വരാജും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പുസ്തകം ഇറങ്ങുന്നതിനുമുമ്പ് ഒരു പി.എച്ച്,ഡി. പ്രബന്ധം തെലുങ്ങാന സമരത്തെക്കുറിച്ച് ഇറങ്ങിയിരുന്നു. അതില്‍ എല്ലാതരം യുദ്ധരംഗത്തും സ്ത്രീകള്‍ പങ്കെടുത്തിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.  പുരുഷന്മാരെപ്പോലെതന്നെ ആയുധമെടുത്ത് പോരാടിയതായും സാക്ഷ്യപ്പെടുത്തുന്നു. അതിനുശേഷമാണ് മല്ലുസ്വരാജ്യവും അതുപോലുള്ള മറ്റ് പതിനാല് സ്ത്രീകളും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചത്. അതിനുശേഷം ഈ ചിത്രത്തില്‍ വലിയ മാറ്റമുണ്ടായി. തെലുങ്കാന സമരത്തിലെ ഗറില്ലാ സ്ക്വാഡില്‍ വരെ പങ്കെടുക്കുന്നവരായിരുന്നു മല്ലു സ്വരാജ്യം. ഒടുവില്‍ സമരം കഴിഞ്ഞപ്പോള്‍ അവരോട് പറഞ്ഞത്രേ സമരമെല്ലാം കഴിഞ്ഞല്ലോ... ഇന പോയി കല്യാണം കഴിക്കൂ എന്ന്. അവര്‍ പറയുന്നു. സമരം ഞങ്ങളെ സ്വതന്ത്രരാക്കി. പോരാട്ടത്തിന്‍റെ നാളുകള്‍ കഴിഞ്ഞപ്പോള്‍ തകര്‍ത്തെറിഞ്ഞ മതില്‍കെട്ടുകളെല്ലാം കൂടുതല്‍ ബലത്തില്‍ ഇവരെ കുടുംബത്തിനകത്തേക്ക് ബന്ധിക്കുകയാണുണ്ടായത്. വീട്ടിനകത്തേക്ക് മടങ്ങാനും അതാവണുരുടെ യഥാര്‍ത്ഥ ഇടം എന്നുമുള്ള ഉപദേശമാണ് കൂടുതല്‍ തങ്ങളെ വേദനിപ്പിച്ചത് (272) എന്നാണവര്‍ രേഖപ്പെടുത്തുന്നത്. സത്യത്തില്‍ വീട് ആര്‍ക്കുവേണ്ടിയുള്ളതാണ്? ആരാണ് അതില്‍ സുരക്ഷിതത്വവും സംരക്ഷണവും ആഗ്രഹിക്കുന്നത്? എന്തായാലും അവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ അതിന്‍റെ ചരിത്രംകൂടി എഴുതപ്പെടേണ്ടതാണ്. പൊതുവായ പ്രസ്ഥാനങ്ങള്‍ മാത്രമല്ല, സ്ഥാപനങ്ങളൊക്കെയും സ്ത്രീക്ക് വ്യത്യസ്ത അനുഭവമാണ് നല്‍കുന്നത്. പലപ്പോഴും മാറിനിന്നോ സംഘര്ഷങ്ങളിലൂടെയോ ആണ് സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാനാവുന്നത്. അതായത് സ്ത്രീകള്‍ സംസാരിച്ചുതുടങ്ങിയാല്‍ ചരിത്രം മാറം എന്നുതന്നെ.... 

എഡിറ്റര്‍

ഇശല്‍ പൈതൃകം