അര അണയ്ക്ക് ചോറും ഒരു അണയ്ക്ക് അന്തിയുറക്കവും: റസാഖ് പയമ്പ്രോട്ട് (issue 28, March 2022)

മലബാര്‍ മഹാസമരം (1921) നൂറ് വര്‍ഷം പിന്നിട്ടു. മലയാളി ഓര്‍മ്മിക്കേണ്ട ഇന്നലെകള്‍ എന്തൊക്കെയായിരിക്കും?. മറ്റുദേശങ്ങളിലേതുപോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍  വലിയ വിലനല്‍കേണ്ടി വന്നവരാണ് മലബാറിലുള്ളവരുമെന്ന് ചരിത്രം ഓര്‍മ്മപ്പെടുത്തുന്നു.  ഏറ്റവും വലിയസങ്കടക്കടല്‍ കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടവര്‍ സഹോദരിമാരും അമ്മമാരുമാണ്. മലബാര്‍ മഹാസമരത്തില്‍ പങ്കെടുത്ത യുവാക്കളൈ ഉള്‍പ്പെടെ പുരുഷന്മാരെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി നാടുകടത്തുകയോ തടവിലിടുകയോ ചെയ്യുകയായിരുന്നു അന്നത്തെ പതിവ്. 

വീട്ടില്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ക്ക് മറ്റാശ്രയങ്ങളില്ലാതെ കഷ്ടപ്പെടുത്തുകയായിരുന്നു ഇതിലൂടെ ബ്രിട്ടീഷ് ഭരണകൂടം നിര്‍വഹിച്ചിരുന്നത്. വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ട് സമരത്തിലുള്ളവരെ പിന്തിരിപ്പിക്കല്‍. ക്രൂരമായ സമീപനങ്ങളായിരുന്നു എല്ലാകാലത്തും ഇക്കാര്യത്തില്‍ സ്ത്രീകള്‍ നേരിടേണ്ടിവന്നത്.  കുടുംബം നോക്കേണ്ട പുരുഷന്മാര്‍ പിടിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതോടെ കുടുംബത്തിന്‍റെ ഭാരം ചുമലിലേറ്റേണ്ടിവന്ന സ്ത്രീകള്‍ സഹിച്ച ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വാക്കുകള്‍ക്കതീതമാണ്.

ഏറനാടും വള്ളുവനാടും ഉള്‍ക്കൊള്ളുന്ന മലപ്പുറത്തിന് ഇതില്‍ ഏറെ അനുഭവങ്ങളുണ്ട്. ശാലീനതയായിരുന്നു വള്ളുവനാടിന് മുഖമുദ്രയെങ്കില്‍ പൗരുഷമായിരുന്നു ഏറനാട്. രണ്ടും രണ്ട് സംസ്കാരങ്ങള്‍ തന്നെയാണ്. സഹനത്തിന്‍റെയും സമന്വയത്തിന്‍റെയും വഴിയായിരുന്നു വള്ളുവനാട്. പ്രതിഷേധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും പാതയായിരുന്നു ഏറനാടിന്‍റേത്. മലബാറിലുണ്ടായ കാര്‍ഷിക പ്രക്ഷോഭങ്ങളില്‍ ഏറിയപങ്കും ഏറനാടിലാകാന്‍ കാരണവും മറ്റൊന്നല്ല. മാമാങ്കത്തില്‍ മേല്‍ക്കോയ്മ നഷ്ടപ്പെട്ട വള്ളുവക്കോനാതിരി അത് തിരിച്ചുപിടിക്കാന്‍ സമരങ്ങളില്‍ ഏര്‍പ്പെടുന്നതിനുപകരം തന്‍റെ തട്ടകത്തില്‍ 11 ദിവസത്തെ ഉത്സവം സംഘടിപ്പിച്ച് മനോവിഷമം മറക്കാന്‍ ശ്രമിച്ചത് തിരുമാന്ധാംകുന്നിലെ 11 ദിവസത്തെ പൂരാഘോഷം ഇന്നും ഓര്‍മ്മപ്പെടുത്തും. ഏറനാട്ടില്‍ അതുകൊണ്ടുതന്നെ പ്രതിരോധം സൃഷ്ടിച്ച വേദനകള്‍, പ്രതിഷേധത്തിന്‍റെ ബലികള്‍ കടുത്തതായിരുന്നു. ചൂഷണം ചെയ്യപ്പെട്ടവര്‍ നിരവധിയായിരുന്നു. 

പ്രതികൂലതകളെ ബദലുകള്‍ കൊണ്ട് നേരിട്ട പാരമ്പര്യവും അക്കാലത്ത് മലബാറിലുണ്ടായി. രാഷ്ട്രീയ അരാജകത്വവും തൊഴിലില്ലായ്മയും ക്ഷാമവും പട്ടിണിയുമൊക്കെ അതിജയിക്കാന്‍ ഓരോരുത്തരും അവരവരുടെ പാതകള്‍ തെരഞ്ഞെടുത്തു. പട്ടിണിയില്‍ നിന്നും സ്വയം രക്ഷനേടാന്‍ അന്ന് സ്ത്രീകള്‍ കണ്ടെത്തിയ വഴിയായിരുന്നു ചോറ്റുപുരകള്‍. ബ്രിട്ടീഷിന്ത്യയിലെ വിവിധ വികസനപ്രവര്‍ത്തനങ്ങളായ റോഡ്, കനാല്‍, റെയില്‍  എന്നിവയുടെ ജോലികള്‍ക്കായി വിവിധ ദേശങ്ങളില്‍ നിന്നെത്തി ഏറനാടിന്‍റെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ആശ്വാസമായതായിരുന്നു ചോറ്റുപുരകള്‍. അര അണയ്ക്ക് ചോറും ഒരു അണയ്ക്ക് അന്തിയുറക്കവും എന്നത് അന്ന് പ്രചാരത്തിലുണ്ടായിരുന്ന മൊഴിയായിരുന്നു. ഈ അന്തിയുറക്കങ്ങള്‍ സൃഷ്ടിച്ച ദുരന്തമായിരുന്നു ചിലയിടങ്ങളിലെങ്കിലും അവിവാഹിതരായ അമ്മമാരുടെ പിറവി.  

"കാലവസ്ഥ കൊണ്ട് നാട്ടില്‍ ഏറിയെ പെണ്ണുങ്ങള്‍/ കയ്യുകുത്താതെ മറിയുന്നുണ്ടറിവിന്‍, നിങ്ങള്‍!" എന്ന് പുലിക്കോട്ടില്‍ ഹൈദര്‍ (1879-1975) എന്ന കവി 1924-25 കാലത്ത് 'മറിയക്കുട്ടിയുടെ കത്തുപാട്ട്' എന്ന രചനയില്‍  കുറിച്ചത് അക്കാലത്തിന്‍റെ ചിത്രമാണ്. മലബാര്‍ സമരത്തിന്‍റെ ഭാഗമായി തടവിലാക്കപ്പെട്ട ഹസ്സന്‍കുട്ടിക്ക് ഭാര്യ മറിയക്കുട്ടി എഴുതിയ കത്തിലെ വരികളായാണ് കവി വിവരിക്കുന്നത്. 

നിലമ്പൂര്‍, വണ്ടൂര്‍ ഭാഗങ്ങളില്‍ വ്യാപകമായുണ്ടായിരുന്ന ചോറ്റുപുരകള്‍ക്ക് സമാനമായ ജീവിത സന്ധാരണവഴികള്‍ ഓരോ പ്രദേശത്തും സജ്ജീവമായിരുന്നു. വാസസ്ഥലങ്ങളോട് ചേര്‍ന്നുള്ള കുടില്‍കച്ചവടങ്ങളൊക്കെ ഇതിന്‍റെ ഭാഗമായിരുന്നു. പുറത്തിറങ്ങി ജോലിക്കുപോകാന്‍ കഴിയാതിരുന്നവര്‍ വാസസ്ഥലങ്ങളോട് ചേര്‍ന്ന് ചെറിയകുടിലുകള്‍ കെട്ടി കച്ചവടം നടത്തുന്നത് അന്നൊക്കെ നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായിരുന്നു. ഇതെല്ലാം പിന്നിട്ട മലയാളികളുടെ ഇന്നലെകള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ്. പായനെയ്ത്തും ചൂടിപിരിക്കലും തുടങ്ങിയകൈത്തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്ന ഇന്നലെകളുടെ ഓര്‍മ്മകളില്‍ ചേര്‍ത്തുകാണേണ്ടതാണ് അര അണയുടെ ചോറും ഒരു അണയ്ക്ക് അന്തിയുറക്കത്തിനുള്ള സൗകര്യവും.   

സെക്രട്ടറി

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍

മാപ്പിളകലാ അക്കാദമി