Literary history and Literary Research Some Thoughts on Agrapooja

Dr Radhakrishnan Elayidath

(Article No: 227, issue No: 28, June 2022, Page no: 146-154)

Abstract

Sooranadu kunjanpilla’s agrapooja is a work that has gone unnoticed and considered in the history of Malayalam literary history. Here we examine the paradoxical relationship between literary history and literary research in the context of agrapooja. The class and political interests of agrapooja’s literary and historical construction, as well as the intellectual ideals behind it are critically evaluated. This paper considers the construction of an interdisciplinary and paradoxical literary history that transcends the intellectual interests of modernity.

Keywords: Literary historiography, discourse, interdisciplinary, class, genealogy of knowledge, modernity

References

Kunjanpilla sooranadu,1979, agrapooja, sreevaraham bhaskaran nair (pub.) Thiruvananthapuram.
Kunjanpilla sooranadu,1955, unnuneelisandesham, study and commentary, p govindhapilla v.v.book dippo, chala , Thiruvananthapuram.
Parameswarayyer s uloor, 2005, keralasahithyacharithram ,Kerala University.
Joe moran, 2007, interdisciplinary, Rutledge, London.
Luckacs, 1968 , history and class consciousness studies in Marxian dialectics, Rodney Livingstone (trans.) Merlin press, London.
Dr. Radhakrishnan Elayidath
Associate professor
School of Literary Studies
Thunchath Ezhuthachan Malayalam University
Vakkakad p o
Tirur
Malappuram
India
Pin: 676502
Mob: +91 9633165507
email-elayidathrk@gmail.com

 

സാഹിത്യചരിത്രവും സാഹിത്യഗവേഷണവും
'അഗ്രപൂജ'യെ മുന്‍നിര്‍ത്തി ചില വിചാരങ്ങള്‍

രാധാകൃഷ്ണന്‍ ഇളയിടത്ത് 

(Article No: xx, issue No: 28, June 2022, Page no: xx-yy)

വ്യാഖ്യാനം, വിമര്‍ശനം, ഗവേഷണം  എന്നിവയില്‍ നിന്നെല്ലാം വേറിട്ട ഒന്നായാണ് സാഹിത്യചരിത്രം മനസ്സിലാക്കപ്പെട്ടത്. ആധുനികമായ ക്രമീകരണങ്ങളാണ് സാഹിത്യത്തെ മുന്‍നിര്‍ത്തുന്ന ഇത്തരം മേഖലകളെ സാധ്യമാക്കിയത്. ഓരോ മേഖലയ്ക്കും കല്‍പ്പിക്കപ്പെട്ട നിര്‍വചനങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും ആപേക്ഷികമായിരുന്നു.  ആധുനികതയുടെ വൈജ്ഞാനികതാല്‍പ്പര്യങ്ങള്‍ ഈ  മേഖലകളെ  പൊതുവായി സ്വാധീനിച്ചു. ശാസ്ത്രീയയുക്തിയുടെ അധ്യാരോപത്തിന് സഹായകമാവുംവിധമാണ് മേഖലകള്‍ വേര്‍തിരിഞ്ഞുവന്നത്. ശാസ്ത്രീയമായതോടെയാണ് ഇവയെല്ലാം പ്രത്യേകം മേഖലകളായി പരിഗണിക്കപ്പെട്ടത് എന്ന് പറയാം. ശാസ്ത്രീയയുക്തി ഭിന്ന മേഖലകളില്‍ ആധിപത്യം പുലര്‍ത്തുകയും  ഒരോ മേഖലയേയും അതിന്‍റെ പാരമ്യത്തിലേക്ക് വളരുന്നതില്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ഓരോ മേഖലയുടെയും അനന്യതയും അവ മുന്‍നിര്‍ത്തി വൈരുധ്യാത്മകമായ അന്വേഷണങ്ങള്‍ക്കുള്ള സാധ്യതകളും ഇതുവഴി നഷ്ടമായി. വിഭിന്ന മേഖലകളുടെ വേര്‍തിരിയലുകളിലും മേഖലകളുടെ സൂക്ഷ്മപ്രകരണങ്ങളിലും പ്രവര്‍ത്തിച്ച വര്‍ഗപരമായ താല്‍പ്പര്യങ്ങള്‍ പ്രധാനമായിരുന്നു. 

സാഹിത്യചരിത്രങ്ങളിലും അതിനായി ഉപയോഗിക്കപ്പെട്ട വൈജ്ഞാനിക ഉപകരണങ്ങളിലും ഈ ശാസ്ത്രീയയുക്തി ആധിപത്യം പുലര്‍ത്തി. സാഹിത്യചരിത്രങ്ങളുടെ വിഷയപരവും രീതിശാസ്ത്രപരവുമായ  ഊന്നലുകള്‍  വര്‍ഗതാല്‍പര്യങ്ങളെ ഉറപ്പിക്കാന്‍ പര്യാപ്തമായിരുന്നു. ഓരോ മേഖലയുടെയും വൈജ്ഞാനികചാര്‍ച്ചകളെയും മറ്റ് മേഖലകളുമായുള്ള പരസ്പരബന്ധങ്ങളെയും തിരിച്ചറിയുന്നിടത്താണ് അന്തര്‍വൈജ്ഞാനികമോ ബഹുവൈജ്ഞാനികമോ  ആയ  അന്വേഷണസാധ്യതകള്‍ തുറന്നുവരുന്നത്. വൈരുധ്യാത്മകമാണ് അന്തര്‍പാഠപരവും അന്തര്‍വൈജ്ഞാനികവുമായ അന്വേഷണങ്ങള്‍. സാഹിത്യചരിത്രങ്ങള്‍ക്ക് കൈവരേണ്ടുന്ന വൈജ്ഞാനികസ്വഭാവവും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാവേണ്ടുന്ന ചരിത്രപരമായ അടിത്തറയും കൂടുതല്‍ ഉറപ്പിക്കാന്‍  അത്തരം ആലോചനകള്‍ സഹായകമാകും.

അഗ്രപൂജയുടെ ഗവേഷാണാഭിമുഖ്യം   

മേഖലകളായി വേറിടുമ്പോഴും അവ പുലര്‍ത്തിയ പാരസ്പര്യം ശ്രദ്ദേയമാണ്. വിപുലമായ ഗവേഷണപ്രക്രിയയുടെ ഭാഗമായാണ് ഓരോ സാഹിത്യചരിത്രം നിര്‍മിക്കപ്പെടുന്നത്. ഗവേഷണമൂല്യം ഉള്‍ക്കൊള്ളുന്ന വസ്തുസ്ഥിതികഥനം സാഹിത്യചരിത്രത്തിന്‍റെ പ്രഥമലക്ഷ്യമാണ്. സാഹിത്യചരിത്രത്തെ അതിന്‍റെ സാഹിത്യചരിത്രപദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ ഗവേഷണം മുഖ്യപങ്ക് വഹിക്കുന്നു. ദത്തശേഖരണം, വര്‍ഗീകരണം, വിശകലനം, അവതരണം എന്നിങ്ങനെ സാഹിത്യചരിത്രവഴികളോടെല്ലാം ഗവേഷണസ്വഭാവം കണ്ണിചേരുന്നു. വിചാരമാതൃകകള്‍, സങ്കല്‍പ്പനങ്ങള്‍,  ഘട്ടവിഭജനങ്ങള്‍, വിശകലനസമ്പ്രദായങ്ങള്‍, ക്രമീകരണങ്ങള്‍ എന്നിങ്ങനെ സാഹിത്യചരിത്രത്തെ അതാക്കിത്തീര്‍ക്കുന്ന ഘടകങ്ങള്‍ക്കെല്ലാം അതിന്‍റെ ഗവേഷണസമീപനത്തോട് അഭേദ്യമായ ബന്ധമുണ്ട്.  സാഹിത്യചരിത്രം തുറന്നുവെയ്ക്കുന്ന  പ്രശ്നമണ്ഡലങ്ങള്‍ക്കാകട്ടെ, അതിന്‍റെ വിജ്ഞാനാദര്‍ശത്തോടും വിശകലനസമ്പ്രദായത്തോടും ചാര്‍ച്ചയും കാണാം. സാഹിത്യചരിത്രത്തിന്‍റെ ഭാഗമാവുന്ന ഗവേഷണസങ്കല്‍പ്പവും ഗവേഷണതന്ത്രങ്ങളും അവയുടെ ഫലശ്രുതികളും പ്രധാനമാവുന്നത് ഇങ്ങനെയാണ്. സാഹിത്യചരിത്രനിര്‍മിതി എന്നതിലെ 'നിര്‍മിതി' എന്നതിനെ ഗവേഷണത്തിന്‍റെ പാരമ്യമായിതന്നെ  പരിഗണിക്കാവുന്നതാണ്.

മലയാളത്തിലെ സാഹിത്യചരിത്രങ്ങള്‍ അനവധിയായ വൈജ്ഞാനികസമീപനങ്ങളിലൂടെ കടന്നുവന്നിട്ടുണ്ട്. പി. ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രമടക്കമുള്ള ആദ്യകാലസാഹിത്യചരിത്രങ്ങളില്‍ കാണുന്ന ക്ലാസിക്കല്‍ എന്നു കരുതാവുന്ന ഗവേഷണാദര്‍ശം കൈരളിയുടെ കഥയിലോ മലയാളകവിതാസാഹിത്യചരിത്രത്തിലോ എത്തുമ്പോഴേക്ക് ജനപ്രിയമായ  മാനങ്ങളിലേക്ക് പരിണമിക്കുന്നു. പൊതുമണ്ഡലത്തിന്‍റെയോ പൊതുബോധത്തിന്‍റെയോ  വികാസവുമായി ബന്ധപ്പെട്ട പരിണാമം കൂടിയാണിത്.  കെ. എം. ജോര്‍ജ് എഡിറ്റ് ചെയ്ത ആധുനികസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലാകട്ടെ  സംഘടതിമായും ഒഴിവാക്കപ്പെട്ട മേഖലകളെ ഉള്‍ക്കൊണ്ടും  അത് വികസിക്കുന്നു. സമകാലികമായ സാഹിത്യചരിത്രനിര്‍മാണശ്രമങ്ങളിലും സാഹിത്യചരിത്രവിജ്ഞാനീയചര്‍ച്ചകളിലും   സാഹിത്യചരിത്രം പുലര്‍ത്തേണ്ടുന്ന ഗവേഷണസമീപനം  പ്രശ്നമണ്ഡലമായി പുലരുകയും ചെയ്യുന്നു. 

സാഹിത്യചരിത്രങ്ങളുടെ കൂട്ടത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ കൃതിയാണ് ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ കൈരളീസമക്ഷം അഥവാ അഗ്രപൂജ(1979).1 പേര് സൂചിപ്പിക്കുമ്പോലെ ഭാഷയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന കാണിക്കയും ഒപ്പം പൂര്‍വപക്ഷങ്ങളോടുള്ള ആദരവുമാണ് കൃതി. മലയാളസാഹിത്യത്തെപറ്റിയുള്ള ഇരുപത് പ്രബന്ധങ്ങള്‍ സാഹിത്യചരിത്രത്തിന്‍റെ ഘടനയില്‍ അഗ്രപൂജയില്‍ സംവിധാനം ചെയ്തിരിക്കുന്നു. ആധുനികസാഹിത്യംവരെയുള്ള പദ്യഗദ്യമലയാളത്തിന്‍റെ ചരിത്രത്തെ കൃതി 'മലയാളസാഹിത്യത്തിന്‍റെ കഥ' എന്ന  ആദ്യപ്രബന്ധത്തില്‍ ക്രോഡീകരിക്കുന്നു. തുടര്‍ന്ന് പ്രധാന കൃതികള്‍, എഴുത്തുകാര്‍, പ്രസ്ഥാനങ്ങള്‍, പ്രമേയങ്ങള്‍ തുടങ്ങിയവ ആധാരമാക്കിയുള്ള വിശദപഠനങ്ങളാണ്. സാഹിത്യകേന്ദ്രിതമാണ് വിശകലനമെങ്കിലും ഭാഷ,  സമൂഹം, സംസ്കാരം തുടങ്ങിയ താക്കോല്‍സങ്കല്‍പ്പങ്ങള്‍ വിശകലനവുമായി ശൃംഖലാബന്ധം പുലര്‍ത്തി നിലകൊള്ളുന്നു.

വൈജ്ഞാനികസ്വഭാവം കൊണ്ട് വേറിട്ടുനില്‍ക്കുന്ന കൃതിയാണ് അഗ്രപൂജ. ഗാഢമായ വിശകലനത്തിന്‍റെയും ഗവേഷണത്തിന്‍റെയും  ഉല്‍പ്പന്നങ്ങളാണ് അഗ്രപൂജയിലെ പ്രബന്ധങ്ങള്‍. പഠനം, പര്യവേക്ഷണം തുടങ്ങിയ സംജ്ഞകള്‍ അഗ്രപൂജയോട്  അഭേദ്യമാംവിധം കണ്ണിചേരുന്നു. അവസാനത്തിലെ കുറിപ്പുകളും സൂചികയുമെല്ലാം ഈ ഗവേഷണസ്വഭാവം നിലനിര്‍ത്തുന്നു. പരാമര്‍ശിക്കപ്പെട്ട എഴുത്തുകാരുടെ ജീവചരിത്രവസ്തുതകളും കൃതികളെ സംബന്ധിച്ച വിവരങ്ങളും തുടര്‍പഠനങ്ങള്‍ക്കുള്ള  ഉപാദാനങ്ങളായി മാറുന്നു. സാഹിത്യചരിത്രങ്ങളില്‍ സാധാരണ കണ്ടുവരാത്തവയാണ് ഗവേഷണസ്വഭാവമുള്ള ഈ ടിപ്പണികള്‍.   വസ്തുവിവരകേന്ദ്രീകൃതമായ ആധുനിക സാഹിത്യചരിത്രസങ്കല്‍പ്പങ്ങളില്‍നിന്ന്  മുന്നോട്ട് സഞ്ചരിക്കാന്‍  അഗ്രപൂജയെ ഈ ഗവേഷണസംസ്കാരം സഹായിക്കുന്നു. സാഹിത്യചരിത്രങ്ങളുടെ ആദര്‍ശലക്ഷ്യങ്ങളെ വിപുലപ്പെടുത്തി, ഇരുള്‍ വീണ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശി, വിശകലനരീതികളില്‍ പുതുമകള്‍ അവതരിപ്പിച്ച്, സാഹിത്യ-ഭാഷാചരിത്രത്തെ പുനര്‍വിഭാവനം ചെയ്ത് അഗ്രപൂജ നിലകൊള്ളുന്നു. സാഹിത്യചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഏറെ  ഉപകാരപ്രദമാവുന്നു ഈ സാഹിത്യചരിത്രം. 

സാഹിത്യചരിത്രം എന്ന വ്യവഹാരമണ്ഡലം   

പുറമേക്ക് ക്രമീകൃതവും ആധികാരികവുമായി നിലകൊള്ളുമ്പോഴും  അടിയടരുകളിലും സൂക്ഷ്മതകളിലും ഏതും  സാഹിത്യചരിത്രവും വൈരുധ്യാത്മകമായ  പ്രശ്നമണ്ഡലമായിത്തീരാറുണ്ട്. ഒരു വ്യവഹാരം എന്ന നിലയില്‍ സാഹിത്യചരിത്രങ്ങളിലെ  വിചാരമാതൃകകള്‍, സങ്കല്‍പ്പനങ്ങള്‍, സിദ്ധാന്തങ്ങള്‍, സംവാദങ്ങള്‍,  ഘട്ടവിഭജനം, അറിവുവിനിമയം, വിനിമയഭാഷ എന്നിങ്ങനെ നാനാവിധ ഘടകങ്ങളോട് ബന്ധപ്പെട്ടും അതിലേക്കെല്ലാം വ്യാപിച്ചുമാണ്  ഈ പ്രശ്നമണ്ഡലം നിലകൊള്ളുന്നത്. സാഹിത്യചരിത്രം മുന്നോട്ട്വെയ്ക്കുന്ന ഗവേഷണസങ്കല്‍പ്പങ്ങളും അന്വേഷണരീതികളുമായി ഈ പ്രശ്നമണ്ഡലം അഭേദ്യമായി ബന്ധപ്പെടുന്നു. സാഹിത്യചരിത്രനിര്‍മാണത്തിന് സഹായകമാവുന്ന വൈജ്ഞാനിക ഉപകരണങ്ങളിലേക്കെല്ലാം ഈ പ്രശ്നമണ്ഡലം വ്യാപരിച്ചെത്തുന്നു.  വ്യവഹാരത്തിന്‍റെ  അധികാരതാല്‍പ്പര്യത്തെ നിര്‍ണയിക്കുകയും ഇത്തരം പ്രശ്നമണ്ഡലങ്ങളെ ഉള്‍വഹിക്കുകയും ചെയ്യുന്ന  പ്രത്യയശാസ്ത്രഏകകമായി സാഹിത്യചരിത്രത്തിലെ  ജ്ഞാനസങ്കല്‍പ്പങ്ങളെയും അന്വേഷണരീതികളെയും മനസ്സിലാക്കുന്നതില്‍ തെറ്റുണ്ടാവില്ല. പാഠത്തിനുള്ളിലെ വൈരുധ്യങ്ങള്‍ എന്നതിലുപരി സാമൂഹികമോ ചരിത്രപരമോ ആയ സംഘര്‍ഷങ്ങളോ വൈരുധ്യങ്ങളോ ആണ് ഈ പ്രശ്നമണ്ഡലങ്ങളുടെ ആധാരം.      

മലയാളസാഹിത്യം: വ്യവസ്ഥാപനവും ഘട്ടവിഭജനവും 

അഗ്രപൂജയും അനവധിയായ സാധ്യതകള്‍ക്കൊപ്പം അനിവാര്യമായ പ്രശ്നമണ്ഡലങ്ങളെയും തുറന്നിടുന്നു. അഗ്രപൂജയുടെ സാഹിത്യ-ഭാഷാചരിത്രനിര്‍മാണത്തിനുള്ള ശ്രമങ്ങളില്‍ പങ്കുചേരുന്ന വ്യാവഹാരികഘടകങ്ങളിലേക്കെല്ലാം ഈ പ്രശ്നമണ്ഡലം വ്യാപരിച്ചെത്തുന്നു. മേല്‍സൂചിപ്പിച്ചപോലെ വൈജ്ഞാനികത അഗ്രപൂജയിലെ വ്യവഹാരികസംഘര്‍ഷത്തിന്‍റെയും സാമൂഹികസംഘര്‍ഷത്തിന്‍റെയും ആധാരമായിത്തീരുകയും ചെയ്യുന്നു.

അഗ്രപൂജ നിര്‍മിച്ചെടുക്കുന്ന സാഹിത്യ-ഭാഷാചരിത്രത്തിന്‍റെയും അതിനായി ഉപയോഗിക്കുന്ന വൈജ്ഞാനികഉപകരണങ്ങളുടെയും സ്വഭാവം എന്താണ്? മലയാളസാഹിത്യത്തെ അഗ്രപൂജ ഇങ്ങനെ ചിട്ടപ്പെടുത്തുന്നു. "പഴയ മലയാളകാലത്തെ തമിഴ്മയകൃതികളും മധ്യമലയാളഘട്ടത്തിലെ സംസ്കൃതപ്രചുരിമയുള്ള മണിപ്രവാളകൃതികളും ആധുനികകാലത്തെ മലയാളഗ്രന്ഥസമ്പത്തും ചേര്‍ന്നതാണ് മലയാളസാഹിത്യം എന്നു കണക്കാക്കാം".(1979 :പു:2)    പഴയ മലയാളം, മധ്യമലയാളം, ആധുനികമലയാളം  എന്നിങ്ങനെ ഭാഷയെ അടിസ്ഥാനമാക്കുന്ന ഘട്ടവിഭജനവും വരമൊഴിയെ കേന്ദ്രത്തില്‍ പരിഗണിക്കുന്ന ആധുനിക ഭാഷാവബോധവും  മണിപ്രവാളകേന്ദ്രീകൃതമായ സാഹിത്യനോട്ടവും ഈ ചിട്ടപ്പെടുത്തലിലുണ്ട്. മധ്യകാലമലയാളത്തെ  മണിപ്രവാളകേന്ദ്രിതമായും  ആധുനികഗ്രന്ഥസമ്പത്തിനെ കൊളോണിയല്‍ ആധുനികതയുടെ തുറവിയായും മനസ്സിലാക്കിപോരുന്ന ഒരു ഭാവുകത്വം ഇതിലുണ്ട്.      സാഹിത്യത്തിന്‍റെ പരിധിക്കുള്ളില്‍ പത്രപ്രവര്‍ത്തനത്തെയും  തര്‍ജമയെയും ശൂരനാട്ട് പരിഗണിക്കുന്നുണ്ട്. കൃതികളുടെയും സന്ദര്‍ഭങ്ങളുടെയും തെരഞ്ഞെടുപ്പിനെ ഈ വിഭാവനങ്ങള്‍   നിര്‍ണയിക്കുന്നു. ആധുനികമായ ഈ പശ്ചാത്തലത്തില്‍നിന്നുകൊണ്ടാണ്  സമൂഹം, സംസ്കാരം, ചരിത്രം എന്നിവ സംബന്ധിച്ച അഗ്രപൂജയുടെ വിഭാവനങ്ങളും രൂപപ്പെടുന്നത്.

മലയാളസാഹിത്യചരിത്രങ്ങളില്‍ കണ്ടുവരുന്ന ഘട്ടവിഭജനത്തിന്‍റെയും വ്യക്തിമഹത്വവാദത്തിന്‍റെയും യുക്തികളില്‍നിന്ന് അഗ്രപൂജ പൂര്‍ണമായി മുക്തമാവുന്നില്ല. എഴുത്തച്ഛനെയും കേരളവര്‍മവരെയും മുന്‍നിര്‍ത്തി രണ്ടുഘട്ടങ്ങളെ  അഗ്രപൂജ വിഭാവനം ചെയ്യുന്നു. സംസ്കൃതപാരമ്പര്യത്തിന്‍റെ നേതാവായിരുന്ന കേരളവര്‍മ തന്നെയായിരുന്നു ആധുനികഗദ്യസാഹിത്യത്തിന്‍റെയും ഉപജ്ഞാതാവ് എന്ന് ശൂരനാട്ട് എഴുതുന്നു. ആംഗലസമ്പര്‍ക്കത്തിനു മുന്‍പുതന്നെ ഗദ്യസാഹിത്യശാഖ വികസിച്ചതിന്‍റെയും ആധുനികഗദ്യത്തിന്‍റെ അടിത്തറ രൂപപ്പെട്ടതിന്‍റെയും തെളിവാണ് വര്‍ത്തമാനപുസ്തകം. ആധുനികമലയാളഗദ്യം കാണുന്ന ആദ്യകൃതിയായി വര്‍ത്തമാനപുസ്തകത്തെ ശൂരനാട്ട് അവതരിപ്പിക്കുന്നു.

കേരളവര്‍മയെയും ഏ. ആറിനെയും താരതമ്യം ചെയ്ത് മുന്നേറുന്ന  പ്രരോദനപഠനവും ഉള്ളൂരിന്‍റെ വ്യക്തിപ്രഭാവത്തെ സംബന്ധിച്ച പഠനവുമെല്ലാം വ്യക്തിമഹത്വവാദപ്രേരണള്‍ക്ക് ഉദാഹരണമാണ്. രാജരാജവര്‍മയുടെ കാര്യത്തില്‍ അത്യാദരവും കേരളവര്‍മയുടെ കാര്യത്തില്‍ അനാദരവും പ്രരോദനത്തില്‍ കാണുന്നു. ഈ വിഷയത്തില്‍ വേണ്ടത്ര താരതമ്യബുദ്ധി  ആശാന് പ്രകടിപ്പിക്കാനായില്ല. ദ്വീതീയാക്ഷരപ്രാസത്തിന്‍റെ കാളിമ കാണാവുന്ന കൃതിയാണ് പ്രരോദനം. മണിപ്രവാളമാര്‍ഗത്തിലാണ് പ്രരോദനത്തിന്‍റെ സഞ്ചാരം.

വിശകലനത്തിലെ പ്രേരണകള്‍

മലയാളസാഹിത്യചരിത്രങ്ങളിലെ താരതമ്യാത്മക സമീപനത്തിന്‍റെയും സൗന്ദര്യാത്മകസമീപനത്തിന്‍റെയും  സവിശേഷസന്ദര്‍ഭവും  ഫലപ്രദമായ മാതൃകയും അഗ്രപൂജയിലുണ്ട്.   പാശ്ചാത്യസാഹിത്യത്തോടും എഴുത്തുകാരോടും ആണ്  പലപ്പോഴും താരതമ്യവും  സമീകരണവും. മണിപ്രവാളത്തിന് ചോസര്‍ കൃതികളോടുള്ള സമീകരണവും,  'പ്രരോദന'പഠനത്തിലെ ഇംഗ്ലീഷ് വിലാപകാവ്യപ്രസ്ഥാനത്തോടും വിഭാഗങ്ങളോടും ചേര്‍ത്തുവെച്ചുകൊണ്ടുള്ള വിശകലനവും ഉദാഹരണമാണ്.  "നമുക്കൊരു ഷേക്സ്പിയര്‍ ഇല്ലെങ്കില്‍ ഇംഗ്ലണ്ടിന് ഒരു കുഞ്ചന്‍നമ്പ്യാരുമില്ലെന്ന് ഈ അവസരത്തില്‍ ഓര്‍മിക്കാവുന്നതാണ്".(1979:പു:28) എന്ന് ഇത്തരം സമീകരണങ്ങള്‍ സ്ഥാനപ്പെടുന്നു.  മൂലകൃതിയേയും  പരിഭാഷയേയും താരതമ്യം ചെയ്തുകൊണ്ട് മലയാളപരിഭാഷകളുടെ  മൗലികതയും അനന്യതയും ഉറപ്പിക്കുന്ന സമീപനവും പൊതുവെ കാണുന്നുണ്ട്. ശിവരാത്രിമാഹാത്മ്യത്തിന്‍റെ വിശകലനസന്ദര്‍ഭം ഉദാഹരണമാണ്. 

പ്രരോദനത്തെക്കുറിച്ചുള്ള എഴുത്ത് മൂന്നുതരത്തിലുള്ള വിലാപകാവ്യങ്ങളെ വര്‍ഗീകരിച്ച്, അതിലെ ആംഗല-സംസ്കൃതരീതികളെ വിവരിച്ച്, ആശാനില്‍ കാണുന്ന വിലാപകാവ്യവികാസങ്ങള്‍ രേഖപ്പെടുത്തുന്നു. സംബോധനകളെയും തത്വചിന്തയേയും മുന്‍നിര്‍ത്തി  നടത്തുന്ന ശിവരാത്രിമാഹാത്മ്യത്തിലെ ഭക്തിയുടെ ഘടനാപരമായ വിശകലനവും  അഭിരുചികളുടെയും സാഹിത്യമെഴുത്തിന്‍റെയും കാര്യത്തില്‍ വന്നുചേര്‍ന്ന സൂക്ഷ്മവ്യത്യാസങ്ങളെ അനാവരണം ചെയ്യുന്ന 'രണ്ടു ദണ്ഡകരത്നങ്ങള്‍ 'എന്ന പഠനത്തിലെ സമീപനവും സാഹിത്യവിശകലനത്തിന്‍റെ അര്‍ത്ഥവത്തായ ഫലശ്രുതികളാവുന്നു.  മൂല്യവിചാരത്തില്‍ പുലര്‍ത്തുന്ന കണിശമായ ഔചിത്യബോധമാണ്   അഗ്രപൂജയെ തുറന്ന വിതാനങ്ങളിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം.  വള്ളത്തോള്‍ കവിതകളില്‍ ഗുണംകൊണ്ട് പിന്നില്‍നില്‍ക്കുന്ന രചനകളെ കുറിച്ചുള്ള പ്രസ്താവം 'വള്ളത്തോള്‍ പ്രതിഭയ്ക്കു മുന്‍പില്‍' എന്ന പ്രബന്ധത്തില്‍ കാണാം.

സാഹിത്യചരിത്രത്തെയും സാഹിത്യമൂല്യത്തെയും  വേര്‍തിരിച്ചുകൊണ്ട് വിശകലനം നടത്താന്‍  അഗ്രപൂജയെ പ്രേരിപ്പിക്കുന്നത് ആധുനികമായ അബോധമാണ്. കൃതികളുടെ ആഭ്യന്തരവും ബാഹ്യവുമായ വസ്തുതകളെ ഈ വിശകലനം പരിഗണിക്കുന്നു. ഘടനാപരവും  സൗന്ദര്യാത്മകവുമായ നോട്ടങ്ങള്‍ സാഹിത്യവിശകലനത്തിന്‍റെ  അടിസ്ഥാനങ്ങളായിത്തീരുന്നു.    കൃതികളുടെ കാലം, പ്രകാശനചരിത്രം, പാത്രസൃഷ്ടി തുടങ്ങിയ കാര്യങ്ങളില്‍  മുന്‍കാല സാഹിത്യചരിത്രങ്ങള്‍ നടത്തിയ ചര്‍ച്ചകളില്‍ ഔചിത്യബോധത്തോടെയും വസ്തുനിഷ്ഠതയോടെയും  ഇടപ്പെട്ടും രസം, രീതി, ഔചിത്യം, അലങ്കാരം, വൃത്തം എന്നിവ സംബന്ധിച്ച അന്വേഷണങ്ങളിലേക്ക് സൗന്ദര്യാത്മകമായ ഒരു വ്യവഹാരത്തെ ചേര്‍ത്തുവെച്ചുമാണ് അഗ്രപൂജ അതിന്‍റെ അനന്യത നിലനിര്‍ത്തുന്നത്.   നിയോക്ലാസിക്കലും കാല്പനികവുമാണ് സാഹിത്യവിചാരമാതൃക എന്നു പറയാം. 

മാപ്പിളപാട്ട്, മഹാകാവ്യം, വിലാപകാവ്യം, ഹാസസാഹിത്യം എന്നിങ്ങനെ പ്രസ്ഥാനാത്മകമായ സമീപനങ്ങളും വിവരണങ്ങളും  അഗ്രപൂജയില്‍ കാണാം. പ്രസ്ഥാനങ്ങളുടെ വര്‍ത്തമാനസ്ഥിതിവരെ ഉള്‍ക്കൊണ്ട് സമകാലികമായ വിവരണങ്ങള്‍ ആവാന്‍ ആണ് അവയുടെ ശ്രമം. രാമചന്ദ്രവിലാസത്തെ പൂര്‍ണലക്ഷണയുക്തമായ ആദ്യത്തെ മലയാളമഹാകാവ്യമായി അവതരിപ്പിക്കുന്നു. ശ്രീകൃഷ്ണചരിതത്തിന്‍റെ അവകാശത്തെ നിഷേധിക്കാതെതന്നെ ഇത് പറയാം എന്ന് ശൂരനാട്ട് കരുതുന്നു. യമകചിത്രസര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള രചനയാണ് രാമചന്ദ്രവിലാസത്തിന്‍റെ പ്രധാന കാല്‍വെയ്പ്പ്. രാമചന്ദ്രവിലാസം സംബന്ധിച്ച് കേരളസാഹിത്യചരിത്രത്തിലുള്ള വസ്തുതാപരമായ തെറ്റും ശൂരനാട്ട് ചൂണ്ടിക്കാണിക്കുന്നു.

ഉത്തമ കവിത  

എഴുത്തച്ഛനെയും ആശാനെയും സംബന്ധിച്ച വിശകലനങ്ങളില്‍ ഉത്തമകവിതയെ സംബന്ധിച്ച അഗ്രപൂജയുടെ വീക്ഷണം   കാണാം. എഴുത്തച്ഛനില്‍ ആനന്ദവും മഹത്വവും സമ്മേളിക്കുന്നു, സമുന്നതലക്ഷ്യങ്ങള്‍ക്ക് കോട്ടം തട്ടാതെ രസാവിഷ്കരണപദ്ധതിയില്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ എഴുത്തച്ഛന് കഴിഞ്ഞു.  സമുത്കൃഷ്ടഭാവങ്ങള്‍ക്കനുസരിച്ച രചനാരീതിയാണ് എഴുത്തച്ഛനില്‍ കാണുന്നത്.  ആശാന്‍റെ നളിനിയാകട്ടെ വൈകാരികതയുടെ പാരമ്യ  ത്തില്‍ചെന്ന് അതിനുശേഷം വികാരങ്ങള്‍ക്കപ്പുറമുള്ള ആത്മോല്‍ക്കര്‍ഷപദവിയിലേക്ക് ഒരു വിദൂരവീക്ഷണം നടത്താന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു. ആനന്ദവും മഹത്വവും സമ്മേളിക്കുന്ന ഉത്തമകാവ്യാദര്‍ശത്തെ പിന്‍പറ്റുന്ന നോട്ടങ്ങളും വ്യവസ്ഥീകരണവുമാണിത്. മധ്യകാല- ആധുനികകാവ്യസന്ദര്‍ഭങ്ങളില്‍ ഭേദമില്ലാതെ ഈ കാവ്യാദര്‍ശം പുലരുകയും കാവ്യമഹത്വത്തിന്‍റെ ആധാരങ്ങളെ അത് സ്ഥിതമായി നിര്‍വചിക്കുകയും ചെയ്യുന്നു. 

ഭാഷാചരിത്രം

സാഹിത്യവിശകലനം കേന്ദ്രത്തിലുണ്ടാവുമ്പോഴും ആധുനികമാനങ്ങളിലുള്ള ഭാഷാവിശകലനവും ഭാഷാചരിത്രവും  അഗ്രപൂജയില്‍ കാണാം. മലയാളഭാഷയുടെ വേരുകളെയും  ഉല്‍പ്പത്തിസങ്കല്‍പ്പങ്ങളെയും കുറേക്കൂടി ബഹുസ്വരമാനങ്ങളിലേക്ക് ചേര്‍ത്തുവെയ്ക്കാന്‍  അഗ്രപൂജയ്ക്ക് കഴിയുന്നു.  മോയിന്‍കുട്ടിവൈദ്യരെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഉള്ള  ഈ ലിപി ചര്‍ച്ച ശ്രദ്ധിക്കുക. "അറബിമലയാളമെന്നോ മാപ്പിളമലയാളമെന്നോ ഒക്കെ അത്തരം പല പാട്ടുകളുടെയും ഭാഷാംശത്തെ വിശേഷിപ്പിക്കാമെങ്കിലും അതും  മലയാളം തന്നെ, മലയാളികളുടെ സമ്പത്തുതന്നെ. സംസ്കൃതം ചേര്‍ന്ന മണിപ്രവാളം സംസ്കൃതമല്ല മലയാളമാണ്. അതുപോലെതന്നെ അറബിപദങ്ങള്‍ ചേര്‍ന്ന ഈ സാഹിത്യവും അറബികളുടേതല്ല; മലയാളികളുടേതാണ്, മലയാളമാണ്. അതിനാല്‍ അത് അഭ്യസിക്കേണ്ടത് നമ്മുടെ കടമയാണ്. അത് ആസ്വദിക്കേണ്ടത് നമ്മുടെ അവകാശവുമാണ്"(1979:പു:190) മൗലികവാദങ്ങള്‍ക്കപ്പുറം ഭാഷയുടെ സങ്കരസ്വഭാവത്തെ പരിഗണിച്ചുകൊണ്ട് മലയാളഭാഷ എന്ന വിഭാവനം വിപുലപ്പെടുകയാണിവിടെ.  ലിപിയും സാഹിത്യവും സാങ്കേതിക ധര്‍മങ്ങള്‍ക്കപ്പുറം സംസ്കാരത്തിന്‍റെ പ്രത്യക്ഷീകരണമായി മനസ്സിലാക്കുന്ന പരിപ്രേക്ഷ്യം കൂടിയാണിത്. രൂപങ്ങള്‍, പദങ്ങള്‍, വിശേഷണങ്ങള്‍  തുടങ്ങിയ  സംവര്‍ഗങ്ങളെ ആധാരമാക്കി മുന്നേറുന്ന  ഭാഷാവിശകലനങ്ങള്‍ക്ക്  സാമ്പ്രദായികവ്യാകരണയുക്തികളില്‍ നിന്ന് പുറത്തുകടന്ന് ഭാഷാചര്‍ച്ചകളെ ആധുനികവിതാനങ്ങളിലേക്ക് വിമോചിപ്പിക്കാനും  ഭാഷാചരിത്രത്തെ പുനര്‍വിഭാവനം ചെയ്യാനും  കഴിയുന്നു.  

ഭാഷയുടെ രൂപത്തിന് ആദ്യമായി വലിയ പരിവര്‍ത്തനം വരുത്തിയത് ഭാഷാഭഗവത്ഗീതാകാരനും മറ്റ് നിരണം കവികളുമാണ്. ആധുനികഭാഷയുടെ രൂപം അവര്‍ ഉറപ്പിച്ചു. സംസ്കൃതരൂപങ്ങള്‍ ഉപേക്ഷിച്ചാല്‍ പിന്നെ കിട്ടുന്ന മണിപ്രവാളസ്വരൂപമാണ് അവര്‍ ഭാഷയ്ക്ക് നല്‍കിയത്. ഇതാണ് നിരണം കവികളുടെ ഏറ്റവും വലിയ സംഭാവന.

എഴുത്തച്ഛന്‍റെ കാവ്യഭാഷ

എഴുത്തച്ഛന്‍ രൂപപ്പെടുത്തിയ ഭാഷാസ്വരൂപത്തെ ശൂരനാട്ട് ഇങ്ങനെ വിവരിക്കുന്നു. "മണിപ്രവാളത്തിന്‍റെ നല്ല അംശങ്ങള്‍ എല്ലാം സ്വീകരിച്ചും അതില്‍ മലയാളത്തിന് ഇണങ്ങാത്ത ഭാവങ്ങള്‍ കഴിയും മട്ട് ഒഴിവാക്കിയും ഭാഷയ്ക്കു സിദ്ധിച്ചിരുന്ന ശബ്ദസമ്പത്തും വളര്‍ച്ചയും വേണ്ടപോലെ കണക്കിലെടുത്തുകൊണ്ടും ആയിരുന്നു ആ മഹാന്‍ തന്‍റെ കൃതികളിലൂടെ ഭാഷാസംസ്കരണപരിപാടി നടപ്പിലാക്കിയത്. മലയാളപദങ്ങളുടെ അഴകും മിഴിവും യുക്തിപൂര്‍വം ഗ്രഹിച്ചും ഭാഷയ്ക്ക് ഓജസ്സും നൈപുണ്യവും സമ്പാദിക്കത്തക്കവണ്ണം സംസ്കൃതശബ്ദങ്ങളെ കലര്‍ത്തിയും ശബ്ദസമ്മേളനവിഷയത്തില്‍ അകൃത്രിമചാരുത്വം സ്വീകരിച്ചും ആണ് അദ്ദേഹം ഭാഷയ്ക്ക് രൂപം നല്‍കിയത്."(1979:പു:135)കവിതയുടെ ഉല്‍ക്കര്‍ഷവും വിനിമയക്ഷമതയും  പരിഗണിച്ചുകൊണ്ടാണ് എഴുത്തച്ഛന്‍റെ കാവ്യഭാഷ രൂപപ്പെട്ടുവന്നത്. എഴുത്തച്ഛന്‍റെ ഭാഷയില്‍ പ്രാദേശികതയില്ല. ഉത്കൃഷ്ടസാഹിത്യരചനയ്ക്ക് പാമരന്‍മാരുടെ ഭാഷ പോരാ എന്ന് അദ്ദേഹം കരുതിയിരുന്നു. എന്നാല്‍ സാഹിത്യനിര്‍മിതിയാകട്ടെ പണ്ഡിതന്‍മാരെ മാത്രം ഉദ്ദേശിച്ചായിക്കൂടാ എന്നും അദ്ദേഹം ധരിച്ചു. ഈ രണ്ടു വീക്ഷണങ്ങളും മനസ്സില്‍ ഉറപ്പിച്ചുകൊണ്ടുള്ള രചനയാണ് എഴുത്തച്ഛന്‍ നിര്‍വഹിച്ചത്. ഭാഷയുടെ ജനപ്രിയതയെയും വിനിമയക്ഷമതയെയും മുന്‍നിര്‍ത്തുന്ന ഈ ഭാഷാദര്‍ശനം തന്നെയാണ് ഗദ്യഭാഷയെയും ഭാഷയുടെ ആധുനികസന്ദര്‍ഭങ്ങളെയും സംബന്ധിച്ച അഗ്രപൂജയുടെ നോട്ടങ്ങളെയും നിര്‍ണയിക്കുന്നത്.

ഇടറുന്ന പൈതൃകങ്ങള്‍

സവിശേഷമായ പൈതൃകത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും   നിര്‍മിതികൂടിയാണ് സാഹിത്യചരിത്രം.  പാരമ്പര്യം എന്ന കല്‍പ്പിക്കപ്പെട്ട ഘടകങ്ങളിലെ അയുക്തികളെ നിര്‍ദ്ദേശിച്ചും ശാസ്ത്രീയമാനങ്ങളിലേക്ക് വികസിച്ചുമാണ് ഈ  പാരമ്പര്യനിര്‍മിതി. അയുക്തികളും ഐതിഹ്യയുക്തികളും അരങ്ങുവാഴുന്ന പ്രാചീന-മധ്യകാലത്തിന്‍റെയും സാഹിത്യത്തിന്‍റെയും വിശകലനത്തിന് ശാസ്ത്രീയ വിശകലനമാതൃക പര്യാപ്തമാണെന്ന് കരുതപ്പെടുന്നു.  ഏഴുത്തച്ഛനും മോയിന്‍കുട്ടിവൈദ്യരും തെക്കന്‍പാട്ടുകളും എല്ലാം ചേര്‍ന്ന് പ്രത്യക്ഷത്തില്‍ ബഹുസ്വരമായ കേരളപാരമ്പര്യത്തെ വിഭാവനം ചെയ്യുമ്പോഴും സൂക്ഷ്മാര്‍ത്ഥത്തില്‍  ഏകശിലാമുഖമായ ഒരു സംസ്കാരനിര്‍മിതി അഗ്രപൂജയിലും  കാണാം. എഴുത്തച്ഛന്‍റെ ഭക്തിയെ അദ്വൈതദര്‍ശനവുമായി ബന്ധപ്പെടുത്തുന്ന  ശൂരനാട്ടിന്‍റെ  വീക്ഷണം ഇതിലേക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്. "അദ്വൈതചിന്താപദ്ധതിയില്‍ സഞ്ചരിച്ച്, സമദര്‍ശനശക്തി സമ്പാദിച്ച്, സമസ്തലോകത്തെയും ഒരേ ശക്തിയുടെ പ്രതിഭാസങ്ങളായി കണ്ട്, ഒന്നിനെയും വെറുക്കാതെ എല്ലാറ്റിനെയും സ്നേഹിച്ച്, ലോകാനുഗ്രഹവ്രതം ദീക്ഷിക്കുന്ന ഭാരതീയപാരമ്പര്യത്തിന്‍റെ അഭിനവവക്താവായി ഉയര്‍ച്ചനേടിയ ആ മഹാന്‍ സഹജീവികളെ സമുദ്ധരിക്കണമെന്ന് ദൃഢവ്രതം കൈക്കൊണ്ടു."(1979:പു:144) വ്യവസ്ഥാപിതമായ ഭാരതീയപാരമ്പര്യത്തിന്‍റെയും അദ്വൈതദര്‍ശനത്തിന്‍റെയും അടയാളം തന്നെയാണ് ഇവിടെ എഴുത്തച്ഛന്‍. ഇങ്ങനെയാവുമ്പോഴും കൃഷ്ണപ്പാട്ടിലെ വടക്കന്‍പ്പാട്ടിന്‍റെ പ്രേരണകള്‍ വിശദീകരിച്ചും ചമ്പുക്കളിലെ ഗദ്യമാണ് തുള്ളലായി പരിണമിച്ചത് എന്ന് നിരീക്ഷിച്ചും  ഭക്തിപ്രസ്ഥാനത്തിന്‍റെ ആരംഭം നിരണംകൃതികളില്‍നിന്ന് കണ്ടെടുത്തും   ശൂരനാട്ടിന്‍റെ  അന്വേഷണങ്ങള്‍ വ്യവസ്ഥാപിതധാരണകളെ തിരുത്തുന്നുമുണ്ട്.      

ആധുനികതയുടെ സന്ദര്‍ഭത്തില്‍ ആധിപത്യം ചെലുത്തിയ മധ്യവര്‍ഗയുക്തികളുടെ തുടര്‍ച്ചകള്‍ സവിശേഷമായ രീതിയില്‍ നിര്‍മിച്ചെടുക്കുന്ന പാരമ്പര്യസങ്കല്‍പ്പങ്ങളും ദേശീയതാസങ്കല്‍പ്പങ്ങളുമാണ് അഗ്രപൂജയുടെ ആധാരം. അഗ്രപൂജയുടെ ചരിത്രനിര്‍മാണവും അതിന് പിന്തുണയേകുന്ന ഗവേഷണാദര്‍ശവും  അന്വേഷണരീതികളുമെല്ലാം ഈ ധര്‍മത്തിന് പിന്തുണ നല്‍കി പുലരുന്നു.  ചരിത്രം, സമൂഹം, സംസ്കാരം എന്നിവയെ കുറിച്ചെല്ലാം കൃതി പുലര്‍ത്തുന്ന അബോധങ്ങളും ഇതിന് അനുഗുണമാവുന്നു.

ഗോവിന്ദപ്പിള്ള, നാരായണപ്പണിക്കര്‍, ഉള്ളൂര്‍ തുടങ്ങിയവരുടെ  സാഹിത്യചരിത്രങ്ങളിലെ ക്ലാസിക്കലായ ഭാവുകത്വത്തെ ഉപജീവിച്ചും തിരുത്തിക്കൊണ്ടുമാണ് അഗ്രപൂജ അതിന്‍റെ വീക്ഷണം  ഉറപ്പിക്കുന്നത്. അഗ്രപൂജയുടെ രചനാകാലംവരെയുണ്ടായ മറ്റു പല സാഹിത്യചരിത്രകൃതികളെയും ശൂരനാട്ട്  ഉപജീവിച്ചു കാണുന്നില്ല. ക്ലാസിക്കല്‍ സാഹിത്യചരിത്രഭാവുകത്വത്തോടുള്ള സംവാദവും  തുടര്‍ന്നുള്ള പരിഷ്കരണവുമായി രൂപപ്പെട്ടുവന്നതാണ് അഗ്രപൂജയുടെ വൈജ്ഞാനികത. ശൂരനാട്ടിന്‍റെ ഇതര വൈജ്ഞാനികപ്രവര്‍ത്തനങ്ങളോട് ബന്ധപ്പെട്ടും അതിലെ യുക്തികളെ സ്വാംശീകരിച്ചും അത് നിലകൊള്ളുന്നു.2 ക്ലാസിക്കലായ സാഹിത്യചരിത്രങ്ങള്‍ സാഹിത്യത്തിന്‍റെ ആധുനികസന്ദര്‍ഭത്തെ പരിചരിക്കുമ്പോള്‍ വന്ന ഭാവുകത്വപരിമിതിയില്‍നിന്ന് ഒരുപരിധിവരെ പുറത്തുകടക്കാനും ഒപ്പം പ്രാചീന-മധ്യകാലസാഹിത്യത്തെ ആധുനികയുക്തികളില്‍ സമീപിക്കാനുമെല്ലാം ഈ വൈജ്ഞാനികതയ്ക്കാവുന്നു.  

അഗ്രപൂജയിലെ ചരിത്രനിര്‍മിതി ഒരുപോലെ രീതിശാസ്ത്രപരവും ആശയപരവുമായ പ്രശ്നങ്ങളെ തുറന്നിടുന്നു. ചരിത്രം എന്നത് കേവലം കാലപരിഗണനകള്‍ക്കകത്ത് വരുന്നു എന്ന് കരുതുന്നതുകൊണ്ടാണ്, വടക്കന്‍/തെക്കന്‍പാട്ടുകളെകുറിച്ച് പറയുമ്പോള്‍ ഇവയോരോന്നിന്‍റെയും കാലത്തെപറ്റി നിശ്ചിതമായ തെളിവ് ഇല്ലാത്തതുകൊണ്ട് ചരിത്രപഠനത്തിന് ഇവകൊണ്ടുള്ള പ്രയോജനം പരിമിതമാണ് എന്ന പ്രസ്താവന. സാഹിത്യചരിത്രങ്ങള്‍ പുലര്‍ത്തിപോന്ന അയുക്തികമായ ഐതിഹ്യസ്വീകാരത്തിന്‍റെ തലം കുചേലവൃത്തത്തിന്‍റെയും  ശിവരാത്രി മാഹാത്മ്യത്തിന്‍റെയും  വിശകലനങ്ങളില്‍ തുടരുന്നത് കാണാം. ദാത്യൂഹസന്ദേശത്തിലെ പ്രമേയത്തെയും ചാലിയപ്രതിനിധാനങ്ങളെയും മറ്റൊരുതരത്തില്‍ കാണുമ്പോഴും കൃതിയിലെ പരിഹാസതലത്തിന്‍റെ പാരമ്യം ശീവൊള്ളിയുടെ മേധാശക്തിയുടെ തെളിവായി അവതരിപ്പിക്കുന്നു.  വള്ളത്തോളിന്‍റെ നായികമാരില്‍ കാണുന്നത് മാദകശൃംഗാരമാണ് എന്ന സാമാന്യധാരണയെ തിരുത്താന്‍ ശ്രമിക്കുന്ന 'വള്ളത്തോള്‍കവിതകളിലെ സ്ത്രീ' എന്ന പ്രബന്ധം സതി ആചാരത്തെകുറിച്ച് പറയുമ്പോള്‍ പ്രണയവതികളെ സംബന്ധിച്ച് ഇത് ശാപമായിരുന്നില്ല, ധര്‍മം മാത്രമാണ് എന്ന് അഭിപ്രായപ്പെടുന്നു.  ചാരിത്ര്യം പരമശോഭയോടെ കാണുന്ന സന്ദര്‍ഭമാണ് ഇത് എന്ന് ശൂരനാട്ട് എഴുതുന്നു. 

വസ്തുനിഷ്ഠചരിത്രം സാഹിത്യത്തെ പരിചരിക്കുമ്പോള്‍

സാഹിത്യചരിത്രപാഠത്തിലെ സങ്കല്‍പ്പനങ്ങള്‍, വിചാരമാതൃകകള്‍, വിശകലനസമ്പ്രദായങ്ങള്‍, അറിവുക്രമീകരണങ്ങള്‍ എന്നിവയോടു ബന്ധപ്പെട്ടും അവയിലൂടെ പ്രത്യക്ഷീകരിക്കപ്പെട്ടും നിലകൊളളുന്ന സംഘര്‍ഷങ്ങള്‍ കൂടിയാണിവ. സാഹിത്യചരിത്രത്തിന് ഇതരവിജ്ഞാനങ്ങളോടും രീതികളോടുമുള്ള സമീപനവും ഇതിനെ നിര്‍ണയിക്കുന്നു.  വിജ്ഞാനപദ്ധതികളും അതിന്‍റെ അന്വേഷണരീതികളും കേവലമാനങ്ങള്‍ക്കപ്പുറം അധികാരതാതല്‍പ്പര്യങ്ങള്‍കൂടി ഉള്‍ക്കൊണ്ട് രൂപപ്പെടുന്നവയാണ്. ആധുനികസന്ദര്‍ഭത്തില്‍ സവിശേഷ വിജ്ഞാനപദ്ധതികളും മേഖലകളും രൂപപ്പെട്ടുവരുന്നതിന്‍റെ താല്‍പര്യത്തെ  ലൂക്കാച്ച്  ഇങ്ങനെ വിവരിക്കുന്നു.3 "സാമ്പത്തികരൂപങ്ങളുടെ ചരക്കുവല്‍ക്കരണം, ഇതിനനുസരിച്ച് മനുഷ്യബന്ധങ്ങളുടെ പുനര്‍നിര്‍മാണം, തൊഴില്‍വിഭജനത്തിന്‍റെ നിരന്തരമായ വിപുലീകരണം  എന്നിവയെല്ലാം ഉല്‍പാദനപ്രക്രിയയെ  മൂര്‍ത്തവും യുക്തിസഹവുമായ വിശകലനത്തിന് വിധേയമാക്കുന്നു. ഉല്‍പ്പാദനവ്യവസ്ഥയെയും സാമൂഹികപ്രതിഭാസങ്ങളെതന്നെയും ഇവയെല്ലാം മാറ്റിമറിക്കുന്നു, ഉല്‍പ്പാദനപ്രക്രിയയെയും സമൂഹത്തെയും മനസ്സിലാക്കുന്ന രീതി മാറിമറിയുന്നു. ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ വിശകലനരീതികള്‍ക്കായി  ഒറ്റപ്പെട്ട വസ്തുതകള്‍, പ്രത്യേക സ്പെഷ്യലിസ്റ്റ് വിഭാഗങ്ങള്‍ (സാമ്പത്തികശാസ്ത്രം, നിയമം മുതലായവ) ഉയര്‍ന്നുവരുന്നു."(1968:പു:6)4  ചരിത്രം  എന്ന ജ്ഞാനപദ്ധതിയുടെ ആദര്‍ശലക്ഷ്യങ്ങളും നിയതത്വവും വസ്തുനിഷ്ഠതയും ഗവേഷണത്തിന്‍റെ പാരമ്യത്തിലേക്ക് ഉയരുന്നതില്‍ സാഹിത്യചരിത്രങ്ങളെ തടസ്സപ്പെടുത്തി.  വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ ചരിത്രസങ്കല്‍പ്പത്താല്‍  നിയതത്വം കൈവരിച്ചും ഗവേഷണം പോലുള്ള ഇതരപാഠസാധ്യതകളെ ക്രമീകരിച്ചുമാണ് ഈ  സംഘര്‍ഷങ്ങള്‍ സാഹിത്യചരിത്രപാഠത്തില്‍ നിലകൊളളുന്നത്.

വസ്തുനിഷ്ഠചരിത്രം സാഹിത്യത്തെ പരിചരിക്കുമ്പോള്‍ ഉടലെടുക്കുന്ന വിശകലന-ക്രമീകരണയുക്തികള്‍   സാഹിത്യത്തിന്‍റെ ബഹുസ്വരതയെയും ഗവേഷണത്തിനും അറിവുല്‍പ്പാദനത്തിനുള്ള പ്രാപ്തിയെയും ലഘൂകരിക്കുന്നുണ്ട്. സാഹിത്യം അതിന്‍റെ ബഹുസ്വരതയിലോ അനന്യതയിലോ പരിഗണിക്കപ്പെടുന്നതിന് പകരം  ഏകമുഖമായ രീതിയില്‍  അവിടെ പ്രതിഷ്ഠിക്കപ്പെടുന്നു. അറിവിന്‍റെ മണ്ഡലമോ അറിവായിത്തന്നെയോ മാറാനുള്ള സാഹിത്യമൂലധനത്തിന്‍റെ സാധ്യതയെ നിജപ്പെടുത്തുകയോ ന്യൂനീകരിക്കപ്പെടുകയോ ആണ് ഇവിടെ.   സാഹിത്യം വസ്തുനിഷ്ഠചരിത്രമാവുമ്പോള്‍ സാര്‍വദേശീയയുക്തിയില്‍ നിര്‍ണയിക്കപ്പെട്ട പുരോഗതിസങ്കല്‍പ്പവും മനുഷ്യകേന്ദ്രീകരണവും അതിന്‍റെ അടിപ്പടവായിത്തീരുന്നു. സാഹിത്യം പുലര്‍ത്തുന്ന വൈരുധ്യാത്മകസ്വഭാവും അത് മുന്‍നിര്‍ത്തി നടത്താവുന്ന വിശകലനസാധ്യതകളും അടയുന്നു.  സാഹിത്യം ഉള്‍വഹിക്കുന്ന അധികാരവിമര്‍ശനം  പ്രാന്തവല്‍ക്കരിക്കപ്പെടുകയും നേരെതിരിച്ച് അധികാരത്തെ സാധൂകരിക്കുന്ന ഉപാധിയായി സാഹിത്യം മാറിത്തീരുകയും ചെയ്യുന്നു. വസ്തുനിഷ്ഠവും ശാസ്ത്രീയവമായ സാഹിത്യചരിത്രനിര്‍മാണശ്രമങ്ങള്‍ക്ക് സാഹിത്യത്തെ വൈരുധ്യാത്മകമായി പരിഗണിക്കാന്‍ കഴിയാതെ പോയതിന്‍റെയും വര്‍ഗപരമായ താല്‍പ്പര്യങ്ങളാല്‍ സമകാല അഭിരുചികളിലേക്ക് വികസിക്കാന്‍ കഴിയാതെപോയതിന്‍റെയും  ഇടര്‍ച്ചകള്‍ കൂടിയാണ് അഗ്രപൂജ വെളിപ്പെടുത്തുന്നത്. വൈജ്ഞാനികവും അക്കാദമികവും കൂടിയാണ് ഈ പരിമിതി.

സാഹിത്യചരിത്രപാഠം എന്ന വര്‍ത്തമാനം

വൈരുധ്യാത്മകവും വര്‍ഗപരവുമായ  സാഹിത്യചരിത്രപാഠത്തിന്‍റെ  സവിശേഷതകള്‍ എന്തെല്ലാമായിരിക്കാം? ശുദ്ധശാസ്ത്രീയരീതിയിലുള്ള സങ്കല്‍പ്പങ്ങളെ സംശയിക്കാന്‍ പര്യാപ്തമാണ് വൈരുധ്യാത്മക രീതിശാസ്ത്രം. സാമാന്യവിമര്‍ശനം, ആപേക്ഷികവാദം ഇവയില്‍നിന്നെല്ലാം വ്യത്യസ്തമാണത്. വസ്തുക്കളുടെ മാത്രമല്ല രീതികളുടെകൂടി സങ്കീര്‍ണതകള്‍ അത് പരിഗണിക്കുന്നു. വിഷയി/വിഷയം പോലുള്ള ആധുനികദ്വന്ദ്വങ്ങളെ വൈരുധ്യാത്മകമായി  തിരിച്ചറിഞ്ഞ് അതിന് പിന്നിലുള്ള മുതലാളിത്തത്തിന്‍റെ പ്രത്യയശാസ്ത്രവിവക്ഷകള്‍ മനസ്സിലാക്കുന്നു. മുതാലാളിത്തവ്യവസ്ഥയുടെ വിധിനിര്‍ണയം അതിന്‍റെ പ്രാഥമികധര്‍മമാണ്. മുതലാളിത്തം നിര്‍മിച്ച ശകലീകൃതമായ നോട്ടങ്ങളുടെയും വിജ്ഞാനപരമായ വേര്‍തിരിവുകളുടെയും സ്ഥാനത്ത് സാകല്യസ്വഭാവത്തിലുള്ള നോട്ടവും ലോകവീക്ഷണവും അത് സാധ്യമാക്കുന്നു. സാമൂഹികപരിണാമം സംബന്ധിച്ച് സാകല്യസ്വഭാവത്തിലുള്ള ഒരു വിജ്ഞാനപദ്ധതിയുടെ  വിഭാവനം കൂടിയാണത്. വൈയക്തികത പലപ്പോഴും ഈ വിഭാവനത്തിന് വിഘാതമായിത്തീരുന്നു.

വര്‍ഗത്തിന് മാത്രം പ്രതിനിധാനം ചെയ്യാവുന്നതാണ് ഈ സമീപനം.  കൃത്യമായ വര്‍ഗാവബോധത്തില്‍മാത്രം പരിഹരിക്കപ്പെടുന്നവയാണ് പ്രശ്നങ്ങള്‍.  അല്ലാത്തപക്ഷം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വൈരുധ്യത്മകരീതി പ്രശ്നങ്ങളില്‍ പുതിയ വെളിച്ചം നല്‍കുന്നു.  മതപരവും സദാചരപരവുമായ അബോധങ്ങളില്‍നിന്ന് പുറത്തുകടക്കാനും എന്താണ് സമൂഹത്തില്‍ സംഭവിക്കുന്നത് എന്നതിന്‍റെ നേര്‍ച്ചിത്രം ലഭിക്കാനും അത് കാരണമാവുന്നു.  വൈരുധ്യാത്മകരീതിയുടെ ചരിത്രത്തെ അറിഞ്ഞുകൊണ്ട് അടിയന്തിരമായ പ്രയാഗമായും  ജീവിതപ്രശ്നമായും അതിനെ വിപുലപ്പെടുത്തേണ്ടതുണ്ട്. 

മറ്റ് വിജ്ഞാനപദ്ധതികളും മേഖലുകളുമായി പുലര്‍ത്തുന്ന സംവാദത്മകബന്ധത്തില്‍നിന്നു കൂടിയാണ് ഈ വൈരുധ്യാത്മകസ്വഭാവം സാഹിത്യചരിത്രപാഠത്തിന് കൈവരുന്നത്. ആധുനികതയുടെ താല്‍പ്പര്യങ്ങളെ തിരിച്ചറിഞ്ഞും വര്‍ത്തമാനത്തിലേക്ക് വിമോചിക്കപ്പെട്ടും ആണ് ഇതരമേഖലകളും വിജ്ഞാനങ്ങളും വൈരുധ്യാത്മകചരിത്രത്തോട് കണ്ണിച്ചേരേണ്ടത്. അന്തര്‍വൈജ്ഞാനികതയുമായി ബന്ധപ്പെട്ട വിശകലനത്തില്‍ ജോ മോറന്‍ വിജ്ഞാനപദ്ധതികളെ  സാമൂഹികനിര്‍മിതിയായി പരിഗണിക്കുന്നുണ്ട്.  വിജ്ഞാനപദ്ധതികളുടെ രൂപീകരണത്തില്‍ പ്രവര്‍ത്തിച്ച സര്‍വകലാശാലയടക്കമുള്ള സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളും അത്  സാധ്യമാക്കിയ അധികാരഘടനയുടെ സാധൂകരണവും അദ്ദേഹം ചൂണ്ടികാണിക്കുന്നു. 

ഒരു ജ്ഞാനപദ്ധതി എന്നനിലയില്‍ സാഹിത്യപഠനത്തെ  മോറന്‍റെ അന്വേഷണം  കേന്ദ്രത്തില്‍ നിര്‍ത്തുന്നു.    ആധുനികതയുടെ ശാസ്ത്രീയയുക്തികളിലേക്ക് കടന്നുവന്നതോടെയാണ് സാഹിത്യപഠനത്തിന് വൈജ്ഞാനികപദവി ലഭിച്ചത്. സാഹിത്യം വിജ്ഞാനനിര്‍മാണത്തിനുള്ള ഉപാധിയായി അതോടെ മാറി. പത്തൊന്‍പതാംനൂറ്റാണ്ടില്‍ സാഹിത്യപഠനം പ്രകടിപ്പിച്ച ഭാഷാപരമായ ആഭിമുഖ്യത്തെയും ഇരുപതാം നൂറ്റാണ്ടില്‍ അതിന് കൈവന്ന പ്രൊഫഷണല്‍ പദവിയെയും മോറന്‍ ചൂണ്ടികാണിക്കുന്നു.  ദേശീയതയുടെ താല്‍പ്പര്യങ്ങളില്‍ രൂപപ്പെട്ട സര്‍വകലാശാലയടക്കമുള്ള ആധുനിക സ്ഥാപനങ്ങള്‍ വര്‍ത്തമാനകാലത്തില്‍ ആഗോള മുതലാളിത്ത താല്‍പ്പര്യങ്ങളിലേക്ക് പരിവര്‍ത്തിച്ചിരിക്കുന്നു. എന്താണ് സാഹിത്യം എന്ന് സ്ഥാപനം നിര്‍ണയിക്കുന്നതോടെ അത് സവിശേഷവിഭാഗത്തിന്‍റേതായിത്തീരുന്നു.  

സൗന്ദര്യശാസ്ത്രപരവും സൈദ്ധാന്തികവും ശാസ്ത്രീയവുമായ വ്യവഹാരങ്ങളോട് ബന്ധമുള്ള അന്തര്‍വൈജ്ഞാനികപദ്ധതിയായി സാഹിത്യപഠനത്തെ തിരിച്ചറിയേണ്ടതുണ്ടെന്ന് മോറന്‍ കരുതുന്നു.    വിജ്ഞാനപദ്ധതികളെ  ശരിയും ആധികാരികവുമായ വിജ്ഞാനനിര്‍മാണത്തിനുള്ള ഉപാധിയായി പരിഗണിക്കുന്നതിനു പകരം  പാഠങ്ങളും ആഖ്യാനങ്ങളുമായാണ് പരിഗണിക്കേണ്ടത്. ഒരു വിജ്ഞാനപദ്ധതിയും പാഠപരതയില്‍നിന്ന് മുക്തമല്ല.  ഭിന്ന പാഠങ്ങളുടെ കലര്‍പ്പുകളില്‍ നിന്നുണ്ടാകുന്നത് 'ശരിയായ ജ്ഞാന'മല്ല മറിച്ച്, വ്യാവഹാരികജ്ഞാനങ്ങളും വ്യാഖ്യാനങ്ങളുമാണ്.

അന്തര്‍വൈജ്ഞാനികതയോടുള്ള വിമര്‍ശനാത്മകനിലയില്‍ അതിന് സാമാന്യജനതയുടെ താല്‍പ്പര്യങ്ങളെ ചേര്‍ത്തുവെയ്ക്കാനും  രാഷ്ട്രീയമാനങ്ങളിലേക്ക് വികസിക്കാനും  സ്ഥാപനവല്‍ക്കരണത്തിന് പുറത്താകാനും കഴിയേണ്ടതുണ്ട് എന്നും മോറന്‍ കൂട്ടിച്ചേര്‍ക്കുന്നു.5  അറിവുപദ്ധതികളുടെ രൂപികരണം സവിശേഷശിക്ഷണക്രമമായി മാറിത്തീരൂന്നത് എങ്ങനെയെന്നും അറിവിന്‍റെ വംശാവലിയില്‍ പുറത്താക്കപ്പെട്ട ജനതയുടെ താല്‍പ്പര്യങ്ങള്‍ എന്തായിരുന്നെന്നും ഉള്ള ഫൂക്കോയുടെ നിരീക്ഷണങ്ങളും ഇതിനോട് ചേര്‍ത്ത് വെയ്ക്കാവുന്നതാണ്. എത് അറിവും വ്യവഹാരികമാണെന്ന്  ഫൂക്കോ ഉറപ്പിക്കുന്നു. ശാസ്ത്രീയമായി കണ്ടുപിടിക്കേണ്ടതല്ല; വ്യവഹാരികമായി വ്യാഖ്യാനിക്കപ്പെടേണ്ടതാണ് അറിവ്. 

ഈ കാഴ്ചയില്‍ അഴിച്ചുപണിയപ്പെടേണ്ടതാണ് സാഹിത്യചരിത്രവും. ആധുനികവും ശാസ്ത്രീയവുമായ ചരിത്രാത്മകഗവേഷണരീതിയേക്കാള്‍ വൈരുധ്യാത്മകരീതി ചരിത്രഗവേഷണത്തിനും ചരിത്രവിജ്ഞാനീയത്തിനും സഹായകമാവുന്നു. സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും പുനര്‍നിര്‍മാണത്തിനുള്ള ഉപാധിയായി അത് മാറിത്തീരുന്നു. വൈരുധ്യാത്മകചരിത്രപാഠം ചരിത്രനിര്‍മാണസങ്കേതങ്ങളെ ചരിത്രപരമായി തന്നെ തിരിച്ചറിയുന്നു.  സമകാലികമായ വര്‍ഗസങ്കല്‍പങ്ങളെയും വര്‍ഗബന്ധങ്ങളെയും അഭിമുഖീകരിച്ച് സാഹിത്യചരിത്രനിര്‍മാണത്തെ വിമോചനോപാധിയായി പരിഗണിക്കുന്നു.

നിരന്തരം നവീകരിക്കപ്പെട്ടും   പരസ്പരപൂരകമായും    നിലകൊള്ളുന്ന രണ്ടു മണ്ഡലങ്ങളായി  സാഹിത്യചരിത്രത്തെയയും സാഹിത്യഗവേഷണത്തെയും  പരിഗണിക്കേണ്ടതുണ്ട്. സാഹിത്യഗവേഷണത്തിന്‍റെ സുപ്രധാന ഫീല്‍ഡും  പ്രാഥമികഉപാദാനങ്ങളിലൊന്നുമാണ് സാഹിത്യചരിത്രങ്ങള്‍. ഗവേഷണത്തെ ചരിത്രോന്മുഖമാക്കാന്‍  സാഹിത്യചരിത്രങ്ങള്‍ സഹായകമാവുന്നു. സാഹിത്യചരിത്രത്തിന് ഉണ്ടാകേണ്ടുന്ന വൈജ്ഞാനികസ്വഭാവവും  തിരിച്ച് ഗവേഷണത്തിന് കൈവരേണ്ടുന്ന ചരിത്രോന്മുഖതയും പരസ്പരബന്ധിതവും പ്രസക്തവുമായി നിലകൊള്ളുന്നു.'ജീവിക്കുന്ന വൈരുധ്യം'(ഘശ്ശിഴ ഉശമഹലരേ)6 എന്ന നിലയിലുള്ള സാഹിത്യത്തിന്‍റെ നിലയും വര്‍ഗോന്മുഖമായ ചരിത്രം എന്ന ചരിത്രപദവിയും അര്‍ത്ഥപൂര്‍ണമാകുന്നത് ഇങ്ങനെയാണ്. 

കുറിപ്പുകൾ

1. സാഹിത്യവിമര്‍ശനവും സാഹിത്യപഠനവുമായെല്ലാമാണ് അഗ്രപൂജ പരിഗണിക്കപ്പെട്ടുപോന്നത്.
2. ലീലാതിലകം, ഉണ്ണുനീലിസന്ദേശം തുടങ്ങിയ കൃതികള്‍ക്കുള്ള ശൂരനാട്ടിന്‍റെ വ്യാഖ്യാനങ്ങള്‍ ശുദ്ധപാഠത്തെ കണ്ടെടുക്കുക, ആധുനികവും ശാസ്ത്രീയവുമായ മാനങ്ങളില്‍ ശരിയായ അര്‍ത്ഥത്തെ വിവരിക്കുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തുന്നു. ലിപി പരിഷ്കരണം, സര്‍വവിജ്ഞാനകോശനിര്‍മാണം തുടങ്ങിയ വൈജ്ഞാനികപ്രവര്‍ത്തനങ്ങളുടെയും ആധാരം ഈ ശാസ്ത്രീയത തന്നെ.
3. മാര്‍ക്സിന്‍റെയും ഹെഗലിന്‍റെയും  രീതിശാസ്ത്രപരവും സാഹിത്യപരവുമായ പാരമ്പര്യങ്ങളെ പരിഷ്കരിക്കുമ്പോള്‍ ലെനിന്‍ പ്രശ്നങ്ങളെ പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ വിപ്ലവങ്ങളുടെ ആഭ്യന്തരചരിത്രവുമായി ബന്ധപ്പെടുത്തുന്നുണ്ട്.  റോസാ ലക്സംബര്‍ഗിന്‍റെ സാഹിത്യചരിത്രപരമായ സമീപനങ്ങളിലാവട്ടെ,  മുതലാളിത്തത്തിനെതിരെയുള്ള സമരത്തോടും അതിജീവനത്തോടും ബന്ധപ്പെടുത്തി ഇത് വിപുലപ്പെടുത്തുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ലൂക്കാച്ചിന്‍റെ നിരീക്ഷണങ്ങള്‍.   
4. "The fetishistic character of economic forms, the reification of all human relations, the constant expansion and extension of the division of labour which subjects the process of production to an abstract,rational analysis, without regard to the human potentialities and abilities of the immediate producers, all these things transform the phenomena of society and with them the way in which they are perceived. In this way arise the isolated facts,isolated complexes of facts,seperate, specialist disciplines( Economics, Law etc) whose very appearence seems to have done much to pave the way for such scientific methods''(1968:P.6) 
5. Joe Moran, Interdisciplinarity
മാര്‍ക്സിസ്റ്റ് ആലോചനകളില്‍ അന്തര്‍വൈജ്ഞാനികത എന്നതിന് സാമാന്യമായി രണ്ട് അര്‍ത്ഥങ്ങള്‍ കൈവരുന്നുതായി മോറന്‍ സൂചിപ്പിക്കുന്നു. സാഹിത്യം, സംസ്കാരം, ചരിത്രം എന്നിവയുമായുള്ള പരസ്പരബന്ധമാണ് ഒന്നാമത്തേത്. രണ്ടാമതാകട്ടെ, മാര്‍ക്സിയന്‍ ദര്‍ശനത്തില്‍നിന്നുകൊണ്ട് വ്യത്യസ്ത ജ്ഞാനപദ്ധതികളെ വിളക്കിച്ചേര്‍ക്കുക എന്നതാണ്. ഒരു വായനയ്ക്ക് കൈവരാവുന്ന പരമാവധി വിപുലനമാണത്.
6. ജെ. റാന്‍സിയറുടെ നിരീക്ഷണം.

ഗ്രന്ഥസൂചി
കുഞ്ഞന്‍പിള്ള ശൂരനാട്ട്, 1979, അഗ്രപൂജ, ശ്രീവരാഹം ഭാസ്കരന്‍നായര്‍(പ്രസാ.),തിരുവനന്തപുരം.
കുഞ്ഞന്‍പിള്ള ശൂരനാട്ട്, 1955, ഉണ്ണുനീലിസന്ദേശം പഠനവും വ്യാഖാനവും,
പി. ഗോവിന്ദപിള്ള, വി.വി.ബുക്ക് ഡിപ്പോ, ചാല, തിരുവനന്തപുരം.
പരമേശ്വരയ്യര്‍എസ്.ഉള്ളൂര്‍,2015,കേരളസാഹിത്യചരിത്രം,കേരളസര്‍വകലാശാല.
Joe Moran,2007, Interdisciplinarity,Routledge, London.
Lukacs,1968,History and class consciousness studies in marxian dialectics,Rodney Living stone(Trans.),Merlin Press, London.

രാധാകൃഷ്ണന്‍ ഇളയിടത്ത് 

അസോസിയേറ്റ് പ്രൊഫസര്‍
സാഹിത്യപഠനസ്കൂള്‍
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 
മൊബൈല്‍: 9633165507