Nisaul Islam  Arab-malayalam women’s Magazine and the construct of Muslim women identity

Dr.Muhamed Basheer K K

(Article No: 219, issue No: 29, June 2022, Page no: 34-48)

Abstract

This study tries to make inferences about the Muslim Women’s identity aimed by the publishers and writers of Nisaul Islam women’s Magazine by analysing its content of  all the issues. The construct of Muslim women's identity as envisioned in the twelve issues of Nisaul Islam Magazine can be summarised as thus : Having a high religious education a muslim woman should model her life on the Qur'an and the Sunnah and may obtain a little secular education in native language and English. But she should be well trained in grooming, babysitting, cooking, housekeeping, laundry, initiation and tailoring.  A Muslim woman should also be a virtuous woman who submits to her husband, earns the favor of her husband's parents, and does all she can to help her husband have time to do worldly and community affairs. She must be a more religious model woman who persuades her husband to marry more than once. A Muslim woman should also be virtuous and do all she can to help make time for it. She should also instill courage  in her husband and children and persuade them to volunteer their lives to sacrifice their souls at a critical time when the country and the community are in crisis. She should find satisfaction in performing asceticism as much as possible and should not even look at other men's face but must wear the hijab if  at all steps out of the house . She is a woman who is willing to move away from the urban arts of drama, film and dance, endure even  torture to make her husband lead a religious life,  be content with giving half of her father's property to his sons, and to stand in favor of child marriage.

Key words: Muslim women’s identity- religious life- polygamy-purdah-women education- power position- subject position- harem stay

Reference:
Abdurahman, Mangaad., (compilation), 2021, Nisaul Islam, Grace Educational Association, Malappuram

Dr. Muhamed Basheer K K
Assistant Professor
Department of Malayalam
KKTM Govt. College, Pullut,Thrissur
Pin: 680663
India
Ph: +91 9946764768
Email id: muhamedbasheerkk@yahoo.co.in

നിസാഉല്‍ ഇസ്ലാം: അറബിമലയാള വനിതാമാസികയും മുസ്ലിം സ്ത്രീസ്വത്വ നിര്‍മ്മിതിയും

മുഹമ്മദ് ബഷീര്‍ കെ.കെ

(Article No: xx, issue No: 28, June 2022, Page no: xx-yy)

താക്കോല്‍ വാക്കുകള്‍: മുസ്ലിംസ്ത്രീ സ്വത്വം, മതാത്മകജീവിതം, ബഹുഭാര്യത്വം, അന്തഃപുരജീവിതം, പര്‍ദ്ദ, സ്ത്രീവിദ്യാഭ്യാസം, അധികാരസ്ഥാനം, കര്‍ത്തൃത്വ പദവി
നിസാഉല്‍ ഇസ്ലാം അറബിമലയാള വനിതാമാസികയുടെ പ്രസിദ്ധീകരിച്ച മുഴുവന്‍ ലക്കങ്ങളുടെയും ഉള്ളടക്കം വിശകലനം ചെയ്തുകൊണ്ട് അവര്‍ ലക്ഷ്യം വെച്ച മുസ്ലിംസ്ത്രീ സ്വത്വനിര്‍മ്മിതിയെ സംബന്ധിച്ച നിഗമനങ്ങള്‍ രൂപപ്പെടുത്താനാണ് ഈ പഠനം ശ്രമിക്കുന്നത്. 
ഉല്‍പതിഷ്ണുക്കളായ മുസ്ലിം മതപണ്ഡിതരുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പുളിക്കലില്‍നിന്നും പ്രസിദ്ധീകരിച്ച അറബി മലയാളത്തിലുള്ള വനിതാമാസികയാണ് നിസാഉല്‍ ഇസ്ലാം അഥവാ മുസ്ലിം സ്ത്രീ. കെ. സി. കോമുക്കുട്ടി മൗലവി 1929-30 കാലഘട്ടത്തിലാണ് നിസാഉല്‍ ഇസ്ലാം പ്രസിദ്ധീകരിച്ചത്. ഒന്നാം വാല്യം 8 ലക്കവും രണ്ടാം വാല്യം 4 ലക്കവുമായി ആകെ 12 ലക്കങ്ങളാണ് പുറത്തിറങ്ങിയത്. മിക്കലേഖനങ്ങളും ഖണ്ഡശ്ശ:യായാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഈ വനിതാമാസികയില്‍ എഴുതിയിരുന്ന 19 പേരില്‍ രണ്ടുപേര്‍ മാത്രമാണ് വനിതകള്‍. 19 എഴുത്തുകാരുടെ 61 രചനകളാണ് ഇതില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതില്‍ വനിതകളുടേതായി നാല് രചനകളാണ് ഉള്ളത്. 
ഇസ്ലാംമത വിശ്വാസാനുഷ്ഠാനങ്ങള്‍ക്കനുസൃതമായി ഒരു മുസ്ലിംസ്ത്രീ എങ്ങനെ ജീവിക്കണം എന്ന് അവരെ പഠിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടുകൂടി പ്രസിദ്ധീകരണമാരംഭിച്ച വനിതാമാസികയായതിനാലാണ് അതിന്‍റെ ഭാഷ അറബിമലയാളമായത്. ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസത്തോട് അജ്ഞതയാല്‍ പുറംതിരിഞ്ഞുനിന്ന മുസ്ലിം സമുദായത്തിലെ സ്ത്രീകളില്‍ മഹാഭൂരിപക്ഷത്തിനും മലയാളം എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. അതേസമയം അറബിമലയാളത്തില്‍ എഴുത്തും വായനയും അവര്‍ മതപാഠശാലകളിലൂടെ ആര്‍ജ്ജിക്കുകയും ഒരു ബദല്‍ സാക്ഷരസമൂഹമായി നിലകൊള്ളുകയും ചെയ്തിരുന്നു. അറബിമലയാള സാക്ഷരതയുടെ ഈ സാധ്യതയെ പ്രയോജനപ്പെടുത്തുകയാണ് നിസാഉല്‍ ഇസ്ലാം ചെയ്തത്.
അതേസമയം ഈ പണ്ഡിതര്‍ ആധുനിക മലയാളഗദ്യത്തിന്‍റെ വ്യവഹാരഭൂമികയിലേക്ക് മുസ്ലിം സ്ത്രീകളെ എത്തിക്കണമെന്ന നിഷ്കര്‍ഷ ഉള്ളവരായിരുന്നു. അതിനവര്‍ സ്വീകരിച്ച തന്ത്രം പഴയ അറബിമലയാള ലിപിയെ പരിഷ്കരിച്ച ആധുനിക മലയാളലിപിക്ക് സമാനമാക്കുക എന്നതായിരുന്നു.1 ഇതിനു കണ്ടെത്തിയ മാധ്യമം നിസാഉല്‍ ഇസ്ലാം എന്ന വനിതാമാസിക തന്നെയായിരുന്നു. പരിഷ്കരിച്ച അറബി മലയാളലിപിയുള്ള നിസാഉല്‍ ഇസ്ലാമിലൂടെ മുസ്ലിം സ്ത്രീകളെ ആധുനിക മലയാളഗദ്യത്തിന്‍റെ വ്യവഹാരഭൂമികയിലേക്ക് അഥവാ മണ്ഡലത്തിലേക്കെത്തിക്കുകയെന്നത് കേവലമായ ഭാഷാദൗത്യം എന്നതിലുപരി വലിയ സാംസ്കാരികദൗത്യം തന്നെയായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാനാകും. ഇന്നെഴുതിയ ലേഖനങ്ങളെന്ന് തോന്നിക്കുംവിധം ആധുനിക മലയാളഗദ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന വ്യവഹാരഭാഷ ഒമ്പത് പതിറ്റാണ്ട് മുമ്പ് മുസ്ലിം സമുദായത്തിലെ സ്ത്രീപുരുഷന്മാര്‍ സ്വായത്തമാക്കിയിരുന്നുവെന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. 
ഭൗതികവും ആത്മീയവുമായ പ്രഖ്യാപിത ലക്ഷ്യങ്ങളോടൊപ്പം മാസിക ഉയര്‍ത്തിപ്പിടിച്ച ഭാഷാപരമായ ഉത്തരവാദിത്തങ്ങള്‍ ചിന്തനീയമാണ.് മുസ്ലിം സ്ത്രീകളെ മാനകമലയാളത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് അവര്‍ സ്വീകരിച്ച രീതി അക്കാലത്തെ മുസ്ലിംസ്ത്രീകള്‍ക്ക് അപരിചിതമായിരുന്ന വാക്കുകളുടെ അര്‍ത്ഥം ബ്രാക്കറ്റില്‍ കൊടുത്തുകൊണ്ടുള്ളതായിരുന്നു. വായനസമൂഹത്തില്‍നിന്ന് പ്രസാധകര്‍ക്ക് കത്തുകള്‍ മുഖേന ഫീഡ്ബാക്കുകള്‍ ലഭിക്കാറുണ്ടായിരുന്നു.3 അതു ഗൗരവമായി പരിഗണിച്ചുകൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും തിരഞ്ഞെടുത്ത കത്തുകള്‍ മാസികയില്‍ പ്രസിദ്ധീകരിക്കാനും പ്രസാധകര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു.4
മുസ്ലിംസ്ത്രീകളുടെ ഉന്നമനത്തില്‍ കൂടിയുള്ള സാമുദായിക പരിഷ്കരണം ലക്ഷ്യമാക്കിയതുകൊണ്ട് സാഹിത്യരചനകള്‍ക്ക് മാസിക ഊന്നല്‍ നല്‍കിയിട്ടില്ല. എങ്കിലും പ്രഖ്യാപിത ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഖദീജക്കുട്ടി എന്ന നോവല്‍ ഏഴ് ലക്കങ്ങളിലായി ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചിരുന്നു. ദളിത് സാഹിത്യത്തില്‍ പോത്തേരി കുഞ്ഞമ്പുവിന്‍റെ സരസ്വതീവിജയത്തിനുള്ള സ്ഥാനം മുസ്ലിം സാമുദായികതയുടെ പശ്ചാത്തലത്തില്‍ ഈ നോവലിനു കൊടുക്കാവുന്നതാണ്. പ്രമേയപരമായ സമാനതയും അതായത് - വിദ്യാഭ്യാസത്തിലൂടെയുള്ള അതിജീവനം ശ്രദ്ധേയമാണ്. മറ്റൊരു രചന 'എന്‍റെ ഓമന' എന്ന താരാട്ട് പാട്ടാണ്. പറവൂര്‍ ടി.എ. റാബിഅ ആണ് രചയിതാവ്.5 മാപ്പിളപ്പാട്ട് എന്ന പേരിലാണ് പരിചയപ്പെടുത്തുന്നതെങ്കിലും ഇതൊരു മാപ്പിളപ്പാട്ടല്ല, സംസ്കൃതപദങ്ങള്‍ നിറഞ്ഞ മാനകമലയാളത്തിലെഴുതിയ താരാട്ടുപാട്ടാണ്. റാബിഅയുടെ താരാട്ടുപാട്ടു മാറ്റിനിര്‍ത്തിയാല്‍ ഈ വനിതാമാസികയിലെ ഏക സ്ത്രീശബ്ദം ടി.കെ.പാത്താവു സ്വാഹിബയുടേതാണ.് 1,3,6 ലക്കങ്ങളിലാണ് അവരെഴുതിയിട്ടുള്ളത്.6 മുസ്ലീം സ്ത്രീകള്‍ എന്ന ആദ്യലക്കത്തിലെ ലേഖനത്തില്‍തന്നെ സമുദായത്തിലെ മുസ്ലിം പുരുഷന്മാരുടെ അജ്ഞതയെ തുറന്നുകാണിക്കുകയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. അവരെഴുതുന്നു,
'സ്ത്രീകള്‍ കുട്ടികള്‍ ജനിപ്പിക്കുന്ന ഒരു യന്ത്രമായും പാചകവേലക്കായുള്ള ഒരു ജീവിയായും സൃഷ്ടിക്കപ്പെട്ടവരാണ് എന്ന് മനുഷ്യര്‍ ധരിച്ചുകളയുന്നതില്‍പരം വ്യസനം മറ്റെന്താണുള്ളത്?' (2021:40).
എട്ടുവയസ്സിനുശേഷം പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ല, സ്ത്രീകള്‍ പുറത്തിറങ്ങിക്കൂടാ തുടങ്ങിയ സമുദായവിശ്വാസങ്ങള്‍ എത്രമാത്രം അബദ്ധം നിറഞ്ഞതാണെന്ന് ഇസ്ലാംമതത്തിലെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആന്‍ സൂക്തങ്ങളെ കൊണ്ടും ഹദീസു (നബിചര്യ) കൊണ്ടും സ്ഥാപിക്കാനും അവര്‍ക്കു കഴിയുന്നു. 'നമ്മുടെ മുസ്ലിം സഹോദരന്മാര്‍ സ്ത്രീകളെ നികൃഷ്ടരായി ഗണിച്ചുകളയുന്നത് അത്ഭുതകരമല്ലയോ!' എന്നും 'സ്ത്രീകളെ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിക്കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ രോഷം പ്രകടിപ്പിക്കുന്നത് കാണാം.

നിസാഉല്‍ ഇസ്ലാം വനിതാ മാസികയുടെ ലക്ഷ്യങ്ങള്‍

ഇസ്ലാംമതത്തിലെ അടിസ്ഥാനപ്രമാണങ്ങളായ ഖുര്‍ആനേയും ഹദീസിനേയും ആധാരമാക്കി മുസ്ലിം സ്ത്രീജീവിതത്തെ നിര്‍വചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുക എന്ന പ്രത്യക്ഷവും സമീപസ്ഥവുമായ ഉദ്ദേശ്യത്തോടൊപ്പം മുസ്ലിംസ്ത്രീയെ പരിഷ്കരിക്കുന്നതിലൂടെ മുസ്ലിംപുരുഷനേയും മുസ്ലിംകുടുംബത്തെയും അതുവഴി മുസ്ലിംസമുദായത്തെ ഒന്നാകെത്തന്നെയും പരിഷ്കരിക്കുക എന്നതും മാസികയുടെ ലക്ഷ്യമാവുന്നുണ്ട്.7 സാമാന്യമായ ഭൗതിക വിദ്യാഭ്യാസവും ഉയര്‍ന്ന മതബോധവും മതവിദ്യാഭ്യാസവും എന്നതാണ് മാസിക ലക്ഷ്യംവയ്ക്കുന്ന മുസ്ലിം സ്ത്രീ ജീവിതം. അത്തരമൊരു സ്ത്രീസ്വത്വ നിര്‍മ്മിതിക്കാവശ്യമായ വിഭവങ്ങള്‍ ആണ് അവര്‍ പ്രസിദ്ധീകരിച്ചിരുന്നത്.

ജനനം മുതല്‍ മരണം വരെ നീണ്ടുനില്‍ക്കുന്ന മുസ്ലിം സ്ത്രീജീവിതത്തെ വിവിധ ഘട്ടങ്ങളായി തിരിച്ച് ആ ഓരോ ഘട്ടത്തിലേയും മതപരമായ കര്‍മ്മങ്ങളെയും കടമകളെയും വിധിവിലക്കുകളെയും പറഞ്ഞു കൊടുക്കുന്നതോടൊപ്പം ഭൗതികവിജ്ഞാനത്തയും അതോടൊപ്പം സമന്വയിപ്പിക്കുന്ന പഠന രചനാരീതിയാണ് ലേഖകര്‍ പൊതുവേ സ്വീകരിച്ചിട്ടുള്ളത്. ലളിതമായ വിഷയങ്ങള്‍ മുതല്‍ ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട ഗഹനവും സങ്കീര്‍ണവുമായ ദര്‍ശനങ്ങള്‍ വരെ മാസിക അവതരിപ്പിക്കുന്നുണ്ട്. 

ഗൃഹഭരണം, ശിശുപരിപാലനം, ഭര്‍ത്തൃശുശ്രൂഷ എന്നിവ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണെന്ന ബോധത്തെ ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട് മാസിക. (2021:34, 39). കുട്ടികളുടെ ജീവിതത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും ഉമ്മമാര്‍ക്കാണെന്ന് പാത്താവു സ്വാഹിബ ഹദീസ് ഉദ്ധരിച്ച് സ്ഥാപിച്ചുകൊണ്ട് ആ ഉത്തരവാദിത്വം ഫലപ്രദമായി നിര്‍വഹിക്കാന്‍ കുടുംബത്തിലെ പരിഗണനയും മത-ഭൗതിക വിദ്യാഭ്യാസവും അവള്‍ക്കാവശ്യം ഇല്ലയോ എന്നാണ് ചോദിക്കുന്നത്.

ഒന്നാംലക്കത്തിലെ 'ഗൃഹഭരണം' എന്ന കെ.എം. മൗലവിയുടെ ആദ്യലേഖനത്തില്‍ പുരുഷന് നാട്ടിലെ രാജാവിന്‍റെയും സ്ത്രീക്ക് ഉള്‍ദേശ (ആഭ്യന്തര ) മന്ത്രിയുടെയും സ്ഥാനമാണ് കല്‍പിച്ചിരിക്കുന്നത്. തെളിവായി ഉദ്ധരിച്ച ഹദീസില്‍ അങ്ങനെയൊരു വ്യത്യാസമില്ലെങ്കിലും വ്യാഖ്യാനം ആ രീതിയിലാണ്. 

'കേരള മുസ്ലിം സ്ത്രീകള്‍ക്ക് യാതൊരുവിധത്തിലുമുള്ള അറിവുമില്ല. അതിന് അവരോ ഉത്തരവാദപ്പെട്ടവരോ വേണ്ടതുപോലെ ശ്രമിക്കുന്നുമില്ല.' (2021:35)എന്ന് ഒരിടത്ത് ഉറപ്പിച്ചു പറയുകയും മറ്റൊരിടത്ത്;

'....എന്നാല്‍ മുസ്ലിമീങ്ങള്‍ ഭൂരിഭാഗവും അറബിമലയാള ലിപിയില്‍ എഴുതുവാനും വായിപ്പാനും  അറിയുന്നവരാണ്. സ്ത്രീകള്‍ ഈ വിഷയത്തില്‍ ഒന്നാം കിടയിലാണ്' (2021:37) എന് തുറന്നു സമ്മതിക്കുന്നുമുണ്ട്.

നികാഹ് അഥവാ വിവാഹം എന്ന ലേഖനത്തിലൂടെ വിവാഹത്തിന്‍റെ ശ്രേഷ്ഠതയേയും ഗുണങ്ങളേയും എടുത്തുകാണിച്ചുകൊണ്ട് വൈവാഹിക ജീവിതത്തിന്‍റെ അനിവാര്യതയെ ബോദ്ധ്യപ്പെടുത്തുന്നു. 'ഇന്ദ്രിയത്തെ ശരീരത്തില്‍ ബന്ധിപ്പിക്കുന്നതിനാല്‍ ഉളവാകുന്ന ദോഷം' ഇല്ലാതാക്കാനുള്ള മാര്‍ഗമായി വിവാഹത്തെ അവതരിപ്പിക്കുന്നതിലൂടെ വൈവാഹികജീവിതത്തിന്‍റെ പ്രധാനലക്ഷ്യം ലൈംഗികതയാണെന്ന് വരുന്നു. മറ്റൊരു ലക്ഷ്യം 'മുസ്ലിം പുരുഷന് വിദ്യ സമ്പാദിക്കാനും സമുദായവിഷയങ്ങളില്‍ ഏര്‍പ്പെടാനും സമയം കിട്ടുകയാണ്' വീട്ടുജോലികളെയെല്ലാം ഭാര്യയുടെ മാത്രം ഉത്തരവാദിത്വം ആക്കിക്കൊണ്ടും പൊതു പ്രവര്‍ത്തനത്തില്‍നിന്നും വിദ്യാഭ്യാസം നേടുന്നതില്‍നിന്നും അവളെ മാറ്റി നിര്‍ത്തിക്കൊണ്ടും ഉള്ള മുസ്ലിം സ്ത്രീസ്വത്വനിര്‍മ്മിതിയെ ലേഖനം സാധൂകരിക്കാന്‍ ശ്രമിക്കുന്നു. 'ഭര്‍ത്താവ് ഭരണകര്‍ത്താവാണ്, തന്‍റെ പ്രജകളായ പുത്ര, കളത്രാദികളെ സ്നേഹത്തോടും സന്തോഷത്തോടുംകൂടി ഭരിക്കുക എന്നുള്ളത് ഏറ്റവും മഹത്തായ ഒരു മൂല്യമാണ്' (2021:52). ഭര്‍ത്താവിനാല്‍ ഭരിക്കപ്പെടുന്നതും ഭര്‍ത്താവിന് വിധേയപ്പെടുന്നതും ഉയര്‍ന്നമൂല്യമായും മതപരമായ പുണ്യകര്‍മ്മമായും സ്ഥാപിക്കുക വഴി സ്ത്രീ-പുരുഷ തുല്യതയെയല്ല പുരുഷന് പൂര്‍ണമായും കീഴ്പ്പെട്ട സ്ത്രീസ്വത്വത്തെ രൂപീകരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. വിവിധ ലക്കങ്ങളിലെ വിവിധലേഖനങ്ങളില്‍ ഇത് നിരന്തരം ഓര്‍മ്മപ്പെടുത്തുന്നത് കാണാം. 'പുരുഷന്‍മാര്‍ സ്ത്രീകള്‍ സംബന്ധിച്ച് അധികാരസ്ഥമാരാണ്' എന്ന ഖുര്‍ആന്‍ വചനം ഉദ്ധരിച്ചുകൊണ്ട്,

'സ്ത്രീകളുടെ അധികാരം മിക്കവാറും പുരുഷന്മാരില്‍ ഇരിക്കുന്നുവെന്നും അവര്‍ വകവെച്ചുകൊടുക്കുന്ന സ്വാതന്ത്ര്യം മാത്രമാണ് സ്ത്രീകള്‍ക്ക് ഉള്ളതെന്നും തീര്‍ച്ചതന്നെ' (2021:69) എന്ന് പ്രസ്താവിക്കുന്നതിലൂടെ സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ദാതാവും പരിധിനിര്‍ണയിക്കുന്നവനും ആയി പുരുഷനെ ഉറപ്പിച്ചെടുക്കുന്നു. അതുവഴി പുരുഷകോയ്മയെ മതശാസനമെന്ന നിലയില്‍ സ്വീകരിക്കാന്‍ സ്ത്രീമനസ്സിനെ പരുവപ്പെടുത്തുന്നു.

'വീട്ഭരണത്തില്‍ സ്ത്രീകളുടെ മുറകള്‍' എന്ന കെ.എം. മൗലവിയുടെ ലേഖനത്തില്‍ വിവാഹിതയായ മുസ്ലിംസ്ത്രീയുടെ പ്രവൃത്തികളെ അക്കമിട്ടു നിരത്തുന്നുണ്ട്. പാചകം. വീട്ടുസാധനങ്ങള്‍ ക്രമീകരിക്കല്‍. ശുചിയായി സൂക്ഷിക്കല്‍, വരവ് നോക്കി ചെലവ് ചെയ്യല്‍ എന്നിവയാണവ. സ്വാര്‍ത്ഥപരമായ പുരുഷന്‍റെ കോയ്മയെ സ്വാഭാവികമായും മതാത്മകമായും ഉറപ്പിച്ചെടുക്കാന്‍ പ്രസാധകര്‍ക്ക് സാധിക്കുന്നുണ്ട്.

റാബിഅത്തു ശ്ശാമിയ്യ എന്ന മാന്യമഹതിയുടെ ചരിത്രം (2021:97) മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടുദ്ദേശ്യങ്ങള്‍ക്ക് സവിശേഷമായ പ്രാധാന്യം കൊടുത്തുകൊണ്ട് മാതൃകാസ്ത്രീ എന്നനിലയിലാണ് ഇവരെ പരിചയപ്പെടുത്തുന്നതന്ന് ഉള്ളടക്ക വിശകലനത്തില്‍നിന്ന് കണ്ടെത്താനാകും. ഒന്നാമത്തേത് അവരുടെ ഭര്‍ത്തൃശുശ്രൂഷയിലെ ശ്രദ്ധയും സൂക്ഷ്മതയുമാണ്. രണ്ടാമത്തേത് ഭര്‍ത്താവിനെക്കൊണ്ട് വീണ്ടും വീണ്ടും വിവാഹം ചെയ്യാന്‍ പ്രേരണ ചെലുത്തിയതുമാണ്. ത്യാഗസന്നദ്ധതയും സ്വഭാവമഹിമയുമുള്ള സ്ത്രീയുടെ ദൃഷ്ടാന്തം എന്നനിലയില്‍ അവതരിപ്പിക്കുന്ന ഈ ചരിത്രസംഭവം അതിന്‍റെ തുടര്‍ച്ച മുസ്ലിം സ്ത്രീജീവിതത്തില്‍ സമകാലത്ത് സാധ്യമാക്കാന്‍ യത്നിക്കുന്നു. ഭര്‍ത്താവിന്‍റെ ബഹുഭാര്യത്വമെന്നത് ഭാര്യയാല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഉദാത്തമായ കര്‍മ്മമാണ്.

ഖദീജക്കുട്ടി എന്ന നോവല്‍

മാടായപ്പുറത്ത് തറവാട്ടിലെ അഹ്മദ് ഹാജിയുടെ പഠിക്കാന്‍ മിടുക്കിയായ മകള്‍ ഖദീജക്കുട്ടിയുടെ കഥപറയുന്ന നോവലാണിത്. നാലാംലക്കം മുതല്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച നോവലിന്‍റെ രചയിതാവ് ആരെന്ന് വ്യക്തമല്ല. ഒട്ടുമിക്ക രചനകളിലും എഴുത്തുകാരുടെ പേര് കൊടുക്കാറുണ്ട് എന്നിരിക്കെ ഈ നോവലില്‍ അതെന്തുകൊണ്ട് നല്‍കിയില്ലെന്നതും വ്യക്തമല്ല. അന്നത്തെ യാഥാസ്ഥിതിക സമൂഹത്തെ പ്രകോപിപ്പിക്കുന്ന നോവലിന്‍റെ ഇതിവൃത്തം എഴുത്തുകാരന്‍റെ സുരക്ഷിതത്വത്തിന് ഭീഷണിയാകാതിരിക്കാന്‍ സ്വീകരിച്ച മുന്‍കരുതലായിരിക്കാനുള്ള സാധ്യതയുണ്ട്. മുസ്ലിംസമുദായം സാമാന്യമായും മുസ്ലിം പെണ്‍കുട്ടികള്‍ സവിശേഷമായും ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് പ്രതികൂല സാഹചര്യങ്ങളോട് സ്വന്തം ഇച്ഛാശക്തിയും പഠിക്കാനുള്ള മിടുക്കും കൈമുതലാക്കി പോരാടിയ ഖദീജക്കുട്ടി എന്ന പെണ്‍കുട്ടി അവസാനം മെഡിക്കല്‍ വിദ്യാഭ്യാസം നേടി ഡോക്ടറാവുന്നു. സ്വസമുദായത്തോടും മതത്തോടും സ്വാനുഭവത്തിന്‍റെ വെളിച്ചത്തില്‍ വെറുപ്പും അവിശ്വാസവുമുണ്ടായിരുന്ന ഖദീജക്കുട്ടിയുടെ സാഹചര്യം മുതലെടുത്ത് ആര്യസമാജം പ്രവര്‍ത്തകര്‍ അവളെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിക്കാന്‍ ആസൂത്രിതമായി കരുക്കള്‍ നീക്കുന്നു. ഈ വിവരം അവളുടെ പിതാവ് വഴിയറിഞ്ഞ ഖാലിദ് എന്ന അനാഥയുവാവ് അവളുമായി സംവാദത്തിലേര്‍പ്പെടുന്നു. അവളുടെ മനസ്സിലെ തെറ്റിദ്ധാരണകള്‍ നീങ്ങാനും ഇസ്ലാംമതത്തിലെ വിശ്വാസാനുഷ്ഠാനങ്ങളെ സംബന്ധിച്ച ആശയവ്യക്തതയുണ്ടാക്കാനും സംവാദം സഹായകമാവുന്നു. നോവലിന്‍റെ തുടര്‍ഭാഗങ്ങള്‍ മാസികയുടെ പ്രസിദ്ധീകരണം നിലച്ചതിനാല്‍ വെളിച്ചം കണ്ടില്ല. ആ ഭാഗങ്ങളെ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഈ നോവല്‍ അപൂര്‍ണ്ണമായിത്തന്നെ നിലകൊള്ളുന്നു. ഈ നോവലിന്‍റെ പ്രമേയവും ഇതിവൃത്തവും വിശകലനം ചെയ്യുമ്പോള്‍ നോവല്‍രചനയിലൂടെ എഴുത്തുകാരനും പ്രസിദ്ധീകരണത്തിലൂടെ  പ്രസാധകനും ലക്ഷ്യം വയ്ക്കുന്നതെന്തൊക്കെയാണെന്ന് തിരിച്ചറിയാനാകും.

ഔപചാരികവിദ്യാഭ്യാസം നേടാനും തൊഴില്‍നേടാനും മുസ്ലിം സ്ത്രീകളെ  പ്രചോദിപ്പിക്കുക, പെണ്‍കുട്ടികളുടെ മാതാപിതാക്കളെ അവരുടെ വിദ്യാഭ്യാസത്തിലും തൊഴിലിലും അനുകൂലമായി ഇടപെടാനുള്ള മാനസിക പരിവര്‍ത്തനം സാധ്യമാക്കുക, പെണ്‍കുട്ടികളും സ്ത്രീകളും വിദ്യാഭ്യാസം, തൊഴില്‍ എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പൊതുവിടങ്ങളിലും ഇതര മതസ്ഥരുടെ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു മതങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതകള്‍ക്ക് തടയിടുക, ഇസ്ലാംമതത്തിന്‍റെ വിശ്വാസപ്രമാണങ്ങള്‍ക്കു നേരേ ഇതരമതസ്ഥരില്‍നിന്ന് ഉണ്ടാകുന്ന വിമര്‍ശനങ്ങളിലും ആരോപണങ്ങളിലും വഞ്ചിതരാകാതിരിക്കുക, ഏതു പ്രതികൂല സാഹചര്യങ്ങളിലും ഇളക്കം തട്ടാത്ത വിധത്തില്‍ ഇസ്ലാംമതത്തിന്‍റെ ആശയാദര്‍ശങ്ങളെ ഉറപ്പിച്ചെടുക്കുക എന്നീ താല്‍പ്പര്യങ്ങളെ നോവല്‍ സാക്ഷാത്കരിക്കുന്നുണ്ടെന്ന് കാണാം. പഠനത്തിനായി വീട്ടില്‍നിന്ന് പുറത്തിറങ്ങേണ്ടി വരുന്ന മുസ്ലിംസ്ത്രീകളുടെ മതബോധത്തെയും മത ജീവിതചര്യയെയും കോട്ടംതട്ടാതെ സംരക്ഷിക്കാനുള്ള കരുതലില്‍നിന്ന് ഉരുവംകൊണ്ട നോവലാണിത്. 

ഹിജാബ് അഥവാ ഘോഷാസമ്പ്രദായമെന്ന സി. എ. മുഹമ്മദ് മൗലവിയുടെ ലേഖനത്തില്‍ (2021:121) നാഗരികജീവിതത്തിന്‍റെ സുഖഭോഗ പ്രലോഭനങ്ങളില്‍നിന്ന് മുസ്ലിംസ്ത്രീയെ മതാത്മക ജീവിതത്തില്‍ സംരക്ഷിച്ചു നിര്‍ത്താനുള്ള ശ്രമമാണ് ഉള്ളത്. നാടകം, സിനിമ തുടങ്ങിയ കലകളുടെ ആസ്വാദനം, പുരുഷന്മാരോടൊത്തുള്ള സഞ്ചാരം, അവരുടെ കൈകോര്‍ത്തുപിടിക്കല്‍, മതത്തിന്‍റെ അനുശാസനങ്ങള്‍ക്ക് വിരുദ്ധമായ വസ്ത്രധാരണരീതി എന്നിവയെല്ലാം വിമര്‍ശന വിധേയമാക്കുകയും വിലക്കുകയും ചെയ്യുന്നു. പുരുഷന്മാരുടെ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നുകൊണ്ടാണെങ്കിലും അവരെ മതാത്മകജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കല്‍ മുസ്ലിംസ്ത്രീകള്‍ക്ക് മതം അനുശാസിക്കുന്നതാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു.8

ഒരു മാതൃകാപെണ്‍പള്ളിക്കൂടത്തിന്‍റെ ആവശ്യകത എന്ന ലേഖനത്തിന് ലേഖകന്‍ പേരുവെച്ചിട്ടില്ല, അന്നത്തെ യാഥാസ്ഥിതിക മുസ്ലിം സമുദായത്തിന്‍റെയും പുരോഹിതരുടെയും എതിര്‍പ്പിനെ ഭയന്നാകാം.9 വളരെ പുരോഗമനപരവും ശാസ്ത്രീയവുമായ ആശയങ്ങളും നിരീക്ഷണങ്ങളാണ് എഴുത്തുകാരന്‍ ഇതില്‍ മുന്നോട്ടുവയ്ക്കുന്നത്. 'മുസ്ലിം സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായി നാം ചെയ്യേണ്ട ഒന്നാമത്തെ കൃത്യം അവരെ വിദ്യ അഭ്യസിപ്പിക്കുകയാണ്. വിദ്യ അഭ്യസിപ്പിക്കേണ്ടതിന്ന് വേണ്ടുന്നപാഠശാലകള്‍ തുറക്കുകയും അവയില്‍ പഠിപ്പിക്കാന്‍ അധ്യാപകമാരെ സമ്പാദിക്കുകയും കേരള മുസ്ലിം സ്ത്രീകള്‍ക്ക് ഉതകുന്ന പാഠ്യപദ്ധതിയും പാഠകിതാബുകളും നിര്‍മ്മിക്കുകയും വേണം..... പട്ടണങ്ങളില്‍ ഗവര്‍മ്മെണ്ട് തുടങ്ങിയ മുസ്ലിം പെണ്‍പള്ളിക്കൂടങ്ങളില്‍ ഒന്നുപോലും ഉപകാരപ്രദമായിരുന്നിട്ടില്ല.... ചില പെണ്‍പള്ളിക്കൂടങ്ങള്‍ സമുദായത്തിന്‍റെ ശക്തിമത്തായ പ്രതിഷേധത്താല്‍ തീരെ പുട്ടിക്കളയേണ്ടിവന്ന വസ്തുതയും ഇവിടെ പ്രസ്താവ്യമാണ്.'(2021:149,150). ഈ പ്രതിസന്ധി മറികടക്കാന്‍ ലേഖകന്‍ മുന്നോട്ടുവെക്കുന്ന പ്രായോഗികവും ശാസ്ത്രീയവുമായ നിര്‍ദ്ദേശങ്ങളെ ചുവടെ കോഡീകരിച്ച് നല്‍കുന്നു. (2021:151). 

  • നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓത്ത്പള്ളികളെത്തന്നെ പെണ്‍പള്ളിക്കൂടങ്ങളാക്കി മാറ്റുക.
  • മതവിദ്യാഭ്യാസത്തിന് പ്രഥമ സ്ഥാനം നല്‍കി ഭൗതിക വിദ്യാഭ്യാസവും നല്‍കുക.
  • അറബിയില്‍നിന്ന് ഖുര്‍ആനിലേക്ക് എന്ന രീതിക്ക് പകരം അറബി മലയാളത്തില്‍നിന്ന് ഖുര്‍ആനിലേക്ക് എന്ന രീതി അവലംബിക്കുക.
  • അറബിമലയാളത്തില്‍ മതവിദ്യാഭ്യാസവും ഭൗതികവിദ്യാഭ്യാസവും നല്‍കുക.അതിനായി ശാസ്ത്രീയമായ പാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുക.
  • പ്രാഥമികവിദ്യാഭ്യാസം അവസാനിക്കുന്നതിനുമുമ്പ് മലയാളലിപിയും പരിശീലിപ്പിക്കുക.
  • സ്വന്തം ചെലവില്‍ ഒരു മാതൃകാപെണ്‍പള്ളിക്കൂടം നടത്തി വിജയിപ്പിച്ചതിനുശേഷം ഗവര്‍മ്മെണ്ടിനെ കൊണ്ട് അതംഗീകരിപ്പിക്കുകയും, ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഗവണ്‍മെന്‍റിനെ പ്രേരിപ്പിക്കുകയും ചെയ്യുക.

മുസ്ലിംസ്ത്രീ വിദ്യാഭ്യാസത്തിനെതിരില്‍  നിലനിന്ന പ്രതിഷേധങ്ങളെയും എതിര്‍പ്പുകളെയും നയപരമായും തന്ത്രപരമായും പ്രായോഗികമായും മറികടക്കാനുള്ള ഉല്‍പതിഷ്ണുക്കളായ പണ്ഡിതന്മാരുടെ ഇത്തരം പരിശ്രമങ്ങള്‍ അക്കാലത്ത് അനിവാര്യമായിരുന്നുവെന്ന് നമുക്കിന്ന് തിരിച്ചറിയാനാവും. പ്രാഥമികവിദ്യാഭ്യാസംപോലും നിഷിദ്ധമായിരുന്ന ഒരു ഘട്ടത്തില്‍ മുസ്ലിം സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി പരിശ്രമിച്ചവര്‍പോലും ലക്ഷ്യംവെച്ചിരുന്നത് പ്രാഥമികവിദ്യാഭ്യാസം സാധ്യമാക്കുന്നതിനായിരുന്നു. ഉന്നതവിദ്യാഭ്യാസമോ തൊഴിലോ മുസ്ലിംസ്ത്രീക്ക് നേടിക്കൊടുക്കുക എന്നത് അവരുടെ ഭാവനപോലും ആയിരുന്നില്ലെന്ന് ഈ വനിതാമാസികയിലെ എഴുത്തുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ഇതിനൊരപവാദം ഖദീജക്കുട്ടി എന്ന നോവല്‍ മാത്രമാണ്. അഥവാ അതൊരു സാഹിത്യഭാവന മാത്രമായിരുന്നു. ഉന്നതവിദ്യാഭ്യാസവും തൊഴിലും സ്ത്രീകളുടെപോലും സങ്കല്‍പങ്ങളില്‍ ഉണ്ടായിരുന്നില്ലെന്നത് ഇന്ന് ആശ്ചര്യകരമായി തോന്നാം.10 

ഇ. ഇബ്രാഹിം എഴുതിയ 'മുസ്ലിം സ്ത്രീവിദ്യാഭ്യാസവും പര്‍ദ്ദാ സമ്പ്രദായവും' എന്ന ലേഖനത്തില്‍ ഇതുവളരെ സ്പഷ്ടമാണ് അദ്ദേഹം എഴുതുന്നു, '...സഹോദരി കളയും പുത്രികളെയും വിദ്യഅഭ്യസിപ്പിക്കേണമെന്ന് ഞാന്‍ പറയുന്നത് സ്ത്രീകളെ ബി.എ. മുതലായ ഉന്നത പരീക്ഷാവിജയികള്‍ ആക്കി ഉദ്യോഗത്തിന് അയക്കണമെന്നോ മതസംബന്ധമായ അറിവ് കൂടാതെ വേറൊരു വിദ്യ അഭ്യസിപ്പിക്കണമെന്നോ ഉള്ള ആശയത്തോട് കൂടിയാണെന്ന് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. അവരെ മത നിര്‍ബന്ധമായ വിഷയങ്ങള്‍ക്ക് (ഫര്‍ളുകള്‍കള്‍ക്ക്) പുറമേ കുറച്ചു മാതൃഭാഷയും ഇപ്പോള്‍ ലോകമൊട്ടുക്ക് പ്രചാരത്തിലിരിക്കുന്ന ഇംഗ്ലീഷ് ഭാഷയും അഭ്യസിപ്പിക്കുന്നതിനെ തുടര്‍ന്നു പാചക വൃത്തിയും തുന്നലും ശിശുപരിപാലനവും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്' (2021:178,179). മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിന്‍റെമറ്റൊരുലക്ഷ്യം സ്ത്രീകളെ പുരുഷന്മാര്‍ക്ക് കൂടുതല്‍ പ്രയോജനകരമുള്ളവര്‍ ആക്കിത്തീര്‍ക്കുക എന്നതാണ്.11

1930 ഏപ്രിലില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ശാരദാ നിയമം അഥവാ ശൈശവവിവാഹ നിരോധനനിയമത്തോടുള്ള മാസികയുടെ നിലപാട് കെ.സി.കെ. എഴുതിയ ശൈശവവിവാഹം എന്ന ലേഖനത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. നബിചര്യയെ മുന്‍നിര്‍ത്തി ശൈശവവിവാഹം ഇസ്ലാംമതത്തില്‍ അനുവദനീയമാണെന്നും അതിനാല്‍ ഈ നിയമത്തിന്‍റെ പരിധിയില്‍നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കണമെന്നും ലേഖനത്തില്‍ ശക്തിയായി വാദിക്കുന്നു. ഇതിനെതിരെ പ്രതികരിക്കാത്ത കേരളത്തിലെ മതപണ്ഡിതന്മാരെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് (2021:186,189).

ഇന്ത്യന്‍ മുസ്ലിംകളുടെ അക്കാലത്തെ നേതാക്കന്മാരായ അലീസഹോദരന്മാരുടെ വന്ദ്യമാതാവായ ഉമ്മുല്‍ അഹ്റാര്‍ ബീ അമ്മാന്‍ സിലോണില്‍വെച്ചു ചെയ്ത പ്രസംഗത്തിലെ പ്രധാന ഭാഗങ്ങള്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചതിലൂടെ പ്രസാധകര്‍ മുസ്ലിംസ്ത്രീകളില്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന മൂല്യങ്ങള്‍ വളരെ വ്യക്തമാണ്. ദൈവമാര്‍ഗത്തില്‍ സമരംചെയ്യുന്ന പുരുഷന്മാര്‍ക്ക് അതിനാവശ്യമായ ധൈര്യവും സ്ഥൈര്യവും കൊടുക്കേണ്ടത് സ്ത്രീകളാണെന്നും അത്തരം സദ്പ്രവൃത്തികളില്‍ ആത്മാക്കളെ ബലി കഴിക്കുവാനായി അവരെ പ്രേരിപ്പിക്കേണ്ടതും അങ്ങനെ അവരെ ധീരയോദ്ധാക്കളാക്കിത്തീര്‍ക്കേണ്ടതും മുസ്ലിം സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു (2021:190). 

 ഈ മാസിക രണ്ടാം വാല്യത്തിലേക്ക് എത്തുമ്പോള്‍ നിലപാടിലും വലിയ മാറ്റം ഉണ്ടാകുന്നതായി രണ്ടാം വാല്യം ഒന്നാം ലക്കത്തിലെ പത്രാധിപരുടെ പ്രസ്താവനയില്‍നിന്നു മനസ്സിലാക്കാം.

"....കുറച്ചുമുമ്പ് അടുക്കളാതൃത്തിക്കുള്ളില്‍ മാത്രം സ്ഥിതിചെയ്തിരുന്ന സ്ത്രീകളുടെ അധികാരമിതാ വളരെ വിസ്തൃതമായി കൊണ്ടിരിക്കുന്നു. വോട്ടവകാശം, ഉദ്യോഗസ്വാതന്ത്ര്യം, നിയമസഭകളിലും മറ്റും പ്രാതിനിധ്യം മുതലായ അനേകം അധികാരങ്ങള്‍ ഇന്ത്യയിലെ നമ്മുടെ സഹോദരിമാര്‍ നേടിക്കഴിഞ്ഞു" (2021:203). 

 ഉന്നതവിദ്യാഭ്യാസം, തൊഴില്‍, ഭരണസംവിധാനങ്ങളിലെ പ്രാതിനിധ്യം എന്നിവയിലെ സ്ത്രീ-പുരുഷ തുല്യതയെ മാനിക്കുമ്പോഴും പിന്തുടര്‍ച്ചാവകാശത്തില്‍ സ്ത്രീ-പുരുഷ തുല്യതയെന്നത് വീരവാദവും അന്യായവുമായാണ് അവര്‍ കണ്ടത്.12

'മുസ്ലിം സ്ത്രീസമാജത്തില്‍ വച്ച് ഒരു സ്ത്രീ ചെയ്ത പ്രസംഗം' ഏഴാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വിദ്യഅഭ്യസിക്കല്‍ എല്ലാ സ്ത്രീ പുരുഷന്മാര്‍ക്കും നിര്‍ബന്ധമാണെന്ന നബിവചനം ഉയര്‍ത്തിക്കാട്ടി വിദ്യാഭ്യാസം നേടുന്നതില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല എന്ന് അവര്‍ പറയുന്നുണ്ട് (2021:162). എങ്കിലും ഉന്നതവിദ്യാഭ്യാസവും തൊഴിലും അമിതമായ അവകാശവാദമാണെന്ന് അവര്‍ കരുതുന്നു.13 ഭര്‍തൃശുശ്രൂഷ, ഗൃഹഭരണം, ശിശുപരിപാലനം, പാചകം എന്നിവ നാം തന്നെ നിര്‍വഹിക്കേണ്ടതാണെന്ന് ഉദ്ബോധിപ്പിക്കുന്നു (2021:162). പര്‍ദ്ദ ഒരിക്കലും നമ്മുടെ അഭിവൃദ്ധിക്ക് തടസ്സമല്ലെന്ന് കന്യാസ്ത്രീകളുടെ വേഷത്തെ മുന്‍നിര്‍ത്തി സ്ഥാപിക്കുകയും ചെയ്യുന്നു (2021:163).

അല്‍ ഇസ്ലാമില്‍ നിന്നെടുത്ത് പ്രസിദ്ധീകരിച്ച ഇസ്ലാംമതവും സ്ത്രീകളും എന്ന ശീര്‍ഷകത്തിന്‍റെ ഭാഗമായി സ്ത്രീകളുടെ അന്തപുരവാസത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. പുരാതന ഗ്രീസിലും റോമിലും പേര്‍ഷ്യയിലും ഇംഗ്ലണ്ടിലുമൊക്കെ നിലനിന്നിട്ടുള്ളതാണതെന്നും ഇസ്ലാംമതത്തിന്‍റെ ആവിര്‍ഭാവത്തിനു മുമ്പേ പരിഷ്കൃതസമൂഹത്തിലെല്ലാം ഉള്ളതാണെന്നും അത് കുലമഹിമയുടെയും മര്യാദയുടെയും അടയാളമാണെന്നും ലേഖനം സമര്‍ത്ഥിക്കുന്നു (2021:218-221). 'ഏറ്റവും താഴ്ന്നസ്ഥിതിയിലുള്ള സ്ത്രീയേ തെരുവില്‍ കാണപ്പെടുകയുള്ളൂ' - എന്നും ലേഖനം പറഞ്ഞു വെക്കുന്നതില്‍നിന്നും മുസ്ലിംസ്ത്രീകള്‍ക്കുള്ള സന്ദേശം വളരെ വ്യക്തമാവുന്നു.

ടി.കെ. മുഹമ്മദ് 'തഅദ്ദുദു സ്സൗജാതി'- എന്ന ലേഖനത്തില്‍ ഇസ്ലാംമതത്തിലെ ബഹുഭാര്യത്വത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. വിവാഹം കൂടാതുള്ള ലൈംഗികജീവിതം പാപവും അതിനീചവുമാണ്. പുരുഷന്‍റെ എല്ലാ ആവശ്യങ്ങളും ഒരു ഭാര്യക്ക് മാത്രം സാധിച്ചുകൊടുക്കാന്‍ കഴിയില്ല. ആര്‍ത്തവം, പ്രസവം, ഗര്‍ഭം എന്നീ സാഹചര്യങ്ങളില്‍ പുരുഷന് സംയോഗം സാധ്യമല്ലാത്തതിനാല്‍ മറ്റൊരു ഭാര്യയുടെ ആവശ്യം ഉണ്ടാവുന്നു. ഭാര്യയുടെ വന്ധ്യത ബഹുഭാര്യത്വം അനിവാര്യമാക്കുന്ന മറ്റൊരു സാഹചര്യമാണ്. ലോക ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ് എന്നതും മറ്റൊരു അനിവാര്യതയാണ്. ഖുര്‍ആന്‍ അനുശാസിക്കുന്നതും പ്രവാചകന്മാര്‍ അനുഷ്ഠിച്ചതുമായ ബഹുഭാര്യത്വത്തെ സ്നേഹപൂര്‍വ്വം സ്വീകരിക്കാന്‍ ഉപദേശിക്കുകയും അങ്ങനെ ചെയ്ത റാബിഅതുല്‍ അദവിയ്യയുടെ ചരിത്രം ദൃഷ്ടാന്തമായി പരാമര്‍ശിക്കുകയും ചെയ്യുന്നു (2021:249-252).

ടി. കെ. മുഹമ്മദ് മയ്അലവിയ്യ പര്‍ദ്ദയെ കുറിച്ച് എഴുതിയ ലേഖനത്തില്‍ (2021:268) അന്യസ്ത്രീപുരുഷന്മാര്‍ പരസ്പരം കാണുന്നതിനെ മുഹമ്മദ് നബി വിലക്കിയിട്ടുള്ളതായി ഉമ്മുസല്‍മ ബീവിയെ ഉദ്ധരിച്ചുകൊണ്ട് സമര്‍ത്ഥിക്കുന്നു. മുഖം മറച്ച പര്‍ദ്ധ ഉപയോഗിക്കുക വഴി പരപുരുഷ നോട്ടത്തെ തടയാമെന്നും ഇത്തരം വസ്ത്രം ധരിച്ച് നബിയുടെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ സംബന്ധിക്കാറുണ്ടായിരുന്നുവെന്നും എഴുതുന്നു. പര്‍ദ്ദയില്ലാതെ പുറത്ത് സഞ്ചരിക്കുകയും അന്യരോടൊപ്പം ഒറ്റയ്ക്കാവുകയും ചെയ്താല്‍ മാനവും പാതിവ്രത്യവും നശിക്കുമെന്നും തുടര്‍ന്ന് എഴുതുന്നുണ്ട്. 

ടി.കെ. മുഹമ്മദ് വിവാഹമോചനത്തെക്കുറിച്ചെഴുതിയ ലേഖനത്തില്‍ (2021:169) ഭര്‍ത്താവിന്‍റെ മാതാപിതാക്കന്മാര്‍ മത്സരരൂപേണയല്ലാതെ ഭാര്യയെ വിവാഹമോചനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് നിര്‍വ്വഹിക്കണമെന്ന് രേഖപ്പെടുത്തുന്നു. തെളിവായി പ്രവാചകന്‍റെ വാക്കുകള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു.

നിസാ ഉല്‍ ഇസ്ലാം മാസിക 12 രണ്ട് ലക്കങ്ങളിലൂടെ വിഭാവനം ചെയ്ത മുസ്ലിം സ്ത്രീ സ്വത്വനിര്‍മ്മിതിയെ ഇങ്ങനെ ഉപസംഹരിക്കാം. ഉന്നത മതവിദ്യാഭ്യാസം നേടി ഖുര്‍ആനും സുന്നത്തും (നബിചര്യ) മാതൃകയാക്കി തന്‍റെ ജീവിതം ചിട്ടപ്പെടുത്തുകയും അത്യാവശ്യം മാതൃഭാഷയും ഇംഗ്ലീഷും അടക്കമുള്ള ലൗകികവിദ്യാഭ്യാസം നേടി ഭര്‍തൃശുശ്രൂഷ, ശിശുപരിപാലനം, പാചകം, ഗൃഹഭരണം, അലക്കല്‍, തുടക്കല്‍, വീടും പരിസരവും ശുചിയും വൃത്തിയുമായി സൂക്ഷിക്കല്‍, തുന്നല്‍, വരവിനനുസരിച്ച് ചെലവ് ചെയ്യല്‍ എന്നിവയെല്ലാം യഥാവിധി ചെയ്യുന്നതില്‍ സമര്‍ത്ഥയും നിപുണയുമായ ഗൃഹനാഥയാവേണ്ടതുണ്ട് മുസ്ലിംസ്ത്രീ. ഭര്‍ത്താവിനു കീഴ്പ്പെട്ട്, ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ പ്രീതി സമ്പാദിച്ച്, ഭര്‍ത്താവിന് ലോകകാര്യങ്ങളും സമുദായകാര്യങ്ങളും ചെയ്യാന്‍ സമയം കിട്ടത്തക്ക വിധത്തില്‍ എല്ലാ സഹായങ്ങളും ചെയ്യുന്ന സദ്ഗുണ സമ്പന്ന കൂടിയായിരിക്കണം മുസ്ലിം സ്ത്രീ. അവള്‍ക്ക് ഭര്‍ത്താവിനെ ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യാന്‍ പ്രേരിപ്പിക്കുക വഴി കൂടുതല്‍ മതബോധമുള്ള മാതൃകാ സ്ത്രീയാവാന്‍ കഴിയും. ഭര്‍ത്താവിലും കുട്ടികളിലും ധൈര്യം, സ്ഥൈര്യം എന്നിവ വളര്‍ത്തി രാജ്യവും സമുദായവും പ്രതിസന്ധിയിലാകുന്ന നിര്‍ണായകഘട്ടത്തില്‍ അവരുടെ ആത്മാവിനെ ബലികഴിക്കാന്‍ സന്നദ്ധരായി സമരമുഖത്തേക്കിറങ്ങാന്‍ പ്രേരിപ്പേക്കണ്ടവള്‍കൂടിയാണ് അവള്‍. കഴിയുന്നതും അന്ത:പുരവാസം അനുഷ്ഠിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തേണ്ടവളും അന്യപുരുഷന്മാരെ നോക്കുകപോലും ചെയ്യാത്തവളും പുറത്തിറങ്ങുന്നെങ്കില്‍ അത് പര്‍ദ്ദ ധരിച്ച് മാത്രമാവുകയും ചെയ്യേണ്ടതുണ്ട്. നാടകം സിനിമ, നൃത്തം തുടങ്ങിയ നാഗരിക കലകളില്‍നിന്ന് വിട്ടുനിന്ന് ഭര്‍ത്താവിനെ മതജീവിതം നയിപ്പിക്കാന്‍ ദേഹോപദ്രവം വരെ സഹിക്കാന്‍ തയ്യാറുള്ളവളും പിതാവിന്‍റെ സ്വത്തില്‍ ആണ്‍മക്കള്‍ക്ക് കൊടുക്കുന്നതിന്‍റെ പാതികൊണ്ട് തൃപ്തിപ്പെടേണ്ടവളും ശൈശവവിവാഹത്തിന് അനുകൂലമായി നിലകൊള്ളേണ്ടവളുമാണ് അവള്‍.

(അവലംബം: അബ്ദുര്‍റഹ്മാന്‍ മങ്ങാട് സമാഹരിച്ച്, പി. കെ. അബ്ദുള്ള മലയാളത്തിലേക്ക് ലിപ്യന്തരം ചെയ്ത,് ഗ്രേസ് ബുക്സ് പ്രസിദ്ധീകരിച്ച നിസാഉല്‍ ഇസ്ലാം മാസികയുടെ പുസ്തകരൂപത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)

കുറിപ്പുകള്‍

1. 2. 'പുതിയ അറബിമലയാളം നാം നടപ്പില്‍ വരുത്തണം. ആ ഭാരം നിസാഉല്‍ ഇസ്ലാം ഏറ്റെടുക്കുകയും വേണം..... പുതിയ എഴുത്ത് എല്ലാ സ്ത്രീകളും പഠിക്കണം. അവരെ പഠിപ്പിക്കുകയും വേണം..... നിസാഉല്‍ ഇസ്ലാം വഴിയായി തന്നെ അവരെ പഠിപ്പിക്കുവാന്‍ കഴിയും എന്നാണ് എന്‍റെ അഭിപ്രായം'. 
'നമ്മുടെ ഭാഷ ചീത്തയാവാനും മാപ്പിളമലയാളം എന്ന് പറഞ്ഞു നമ്മുടെ   ഭാഷയെ മറ്റുള്ളവര്‍ പരിഹസിക്കാനും കാരണമായത് പഴയ അറബിമലയാളമാണ്. ഭാഗം എന്നത് പാകം എന്നും വഴി എന്നത് വശി എന്നും എഴുതിയാല്‍ ഭാഷ ചീത്തയാകാതിരിക്കുമോ?' (കെ. സി. കെ.., അറബിമലയാളം, പുസ്തകം 1, ലക്കം 3. നവംബര്‍ 2, 1929.)
3.,4. '..... നിങ്ങള്‍ എഴുതുന്ന ലേഖനങ്ങള്‍ വിദ്യയില്ലാത്ത ഞങ്ങള്‍ക്ക് മനസ്സിലാകാത്തക്ക ഭാഷയിലായിരിക്കേണ്ടതാണ്. താഴെ കാണിക്കും പ്രകാരമുള്ള പ്രയാസമുള്ള പലവാക്കുകളും ഒന്നാംലക്കത്തില്‍ ഉപയോഗിച്ചുകാണുന്നു. ഇത്തരം വാക്കുകള്‍ മേലില്‍ ഉപയോഗിക്കരുത് എന്നാണ് എന്‍റെ താഴ്മയോട് കൂടിയ അപേക്ഷ. അഥവാ വല്ല വാക്കും എഴുതുകയാണെങ്കില്‍ അതിന്‍റെ അര്‍ത്ഥംകൂടി എഴുതാതിരിക്കരുത്. കഴിഞ്ഞ ലക്കത്തിലെ പ്രയാസമേറിയ വാക്കുകളില്‍ ചിലത് മാത്രം താഴെ ചേര്‍ക്കുന്നു. 1. അജ്ഞത 2. മഹാജനസമക്ഷം 3. സമര്‍പ്പിച്ചു 4.വ്യഭിചരിക്കുക 5. വിശ്രമിക്കുന്ന 6. തകര്‍ത്തവന്‍ 7. സ്വാതന്ത്ര്യം ...' (ഒരു മുസ്ലിം സ്ത്രീ, ഒളവട്ടൂര്‍, ഒരു കത്ത്, പുസ്തകം1, ലക്കം 3, നവംബര്‍ 2,  1929.)
5. റാബിഅ ടി.എ., പറവൂര്‍, എന്‍റെ ഓമന - മാപ്പിളപ്പാട്ട്, പുസ്തകം 1, ലക്കം 6. ഫെബ്രുവരി, 1930. 
6. പാത്താവു സാഹിബ ടി.കെ., മുസ്ലിംസ്ത്രീകള്‍ പുസ്തകം 1, ലക്കം 1, സെപ്റ്റംബര്‍ 1929.
----- നാവിനെ സൂക്ഷിക്കുക, പുസ്തകം 1 ലക്കം 3 നവംബര്‍ 1929.
---- റമളാനുല്‍ മുബാറക് പുസ്തകം 1, ലക്കം 6, ഫെബ്രുവരി 1930.
7. 'നിസാഉല്‍ ഇസ്ലാം വഴിയായി അവരെ സമുദായോദ്ധാരണത്തിന് ശക്തകളും ഉത്സുകരും ആക്കിത്തീര്‍ക്കുവാന്‍' (എം.സി.സി. അബ്ദുറഹ്മാന്‍ അല്‍ മൗലവി, സ്വഭാവസംസ്കരണം). 
'എട്ട് ലക്ഷത്തോളമുള്ള മലയാളമുസ്ലിം സ്ത്രീകള്‍ക്കും ഏകദേശം അവരെപോലെത്തന്നെ മലയാളം വായിക്കുവാന്‍ പോലുമറിയാതെ ഉഴലുന്ന പുരുഷന്മാര്‍ക്കും ദീനിയും ദുനിയാവിയുമായി കൂടാതെകഴിയാത്ത അറിവെങ്കിലും പഠിപ്പിക്കണമെന്നാണ് ഈ നിസാഉല്‍ ഇസ്ലാം മാസികകൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.' (പത്രാധിപര്‍, പ്രസ്താവന, പുസ്തകം 1, ലക്കം 1, സെപ്റ്റംബര്‍ 1929.)
'അഖീദ:, ഫിഖ്ഹ്, അഖ് ലാഖ് മുതലായ വിഷയങ്ങളെയും ഗൃഹഭരണം, ശിശു പരിപാലനം തുടങ്ങി സ്ത്രീകള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങളേയും ഇതില്‍ പ്രധാനമായി പ്രതിപാദിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഒരു സ്ത്രീ ഗര്‍ഭം ധരിച്ച മുതല്‍ പ്രസവിച്ച് കുട്ടി വളര്‍ന്ന് പ്രായപൂര്‍ത്തിവരുന്നതുവരെ ആ കുട്ടിയുടെ ശാരീരാരോഗ്യസംബന്ധമായും ആത്മീയമായും ഉള്ള എല്ലാ കാര്യങ്ങളും രക്ഷിച്ചു പോരുന്നതിലുള്ള ചുമതലകളില്‍ മിക്കവാറും ആ സ്ത്രീയിലാണിരിക്കുന്നത്.' (ഇ.കെ.മൗലവി, ശിശുപരിപാലനം, പുസ്തകം 1, ലക്കം 1, സെപ്റ്റംബര്‍ 1929.)
8. 'സ്ത്രീകള്‍ മനസ്സുവെക്കുന്ന പക്ഷം പുരുഷന്മാര്‍ നോമ്പുപേക്ഷിക്കുന്ന സമ്പ്രദായം ഒട്ടു മുക്കാലും നിറുത്തല്‍ ചെയ്വാന്‍ സാധിക്കുന്നതാണ്. ഭക്ഷണം ഉണ്ടാക്കിക്കൊടുക്കരുത്. മതത്തിനു വേണ്ടി പുരുഷന്മാരുടെ മര്‍ദ്ദനം അനുഭവിക്കാന്‍ സ്ത്രീകള്‍ തയ്യാറാവേണ്ട അവസരം ഇതാണ്.' (പാത്താവു സ്വാഹിബ ടി.കെ., റമളാനുല്‍ മുബാറക്, പുസ്തകം 1, ലക്കം 6, ഫിബ്രവരി 4, 1930.)
9. 'മതപണ്ഡിതന്മാരായി അറിയപ്പെടുന്ന മുസ്ലിയാന്മാരാവട്ടെ തങ്ങളുടെ സകല ശക്തികളും ഉപയോഗിച്ച് അവയെ പൊളിച്ചുകളയാന്‍ ശ്രമിക്കുന്നതാണ്. സ്ത്രീവിദ്യാഭ്യാസത്തില്‍ ഉത്സുകരായി ഇപ്പോള്‍ ഏതാനും ഉല്‍പതിഷ്ണുക്കള്‍മാത്ര മാണ് ഇപ്പോള്‍ കേരള മുസ്ലിംകളില്‍ ഉള്ളത്. അവര്‍തന്നെ ധൈര്യത്തോട് കൂടി ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. മേല്‍പ്പറഞ്ഞ മുസ്ലിയാന്മാരോട് മല്ലിട്ടു നില്‍ക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.' (ഒരു മുസ്ലിം, ഒരു മാതൃകാ പെണ്‍പള്ളിക്കൂടത്തിന്‍റെ ആവശ്യകത, പുസ്തകം 1, ലക്കം 6, ഫിബ്രവരി 4, 1930.)
10. 'സഹോദരിമാരെ! നമുക്ക് ബി. എ., എന്നോ എം. എ. എന്നോ ഉള്ള ബിരുദിന്ന് ആവശ്യമില്ല. വകീലോ ജഡ്ജിയോ ആവേണ്ടതില്ല.' (മുസ്ലിം സ്ത്രീ സമാജത്തില്‍ വെച്ച് ഒരു സ്ത്രീ ചെയ്ത പ്രസംഗം, പുസ്തകം 1, ലക്കം 7, മാര്‍ച്ച് 4,1930.)
11. 'പുരുഷന്മാരുടെ സര്‍വവിധ ഐശ്വര്യങ്ങള്‍ക്കും സൗഭാഗ്യജീവിതങ്ങള്‍ക്കും കാരണക്കാരായിരിക്കുന്ന സ്ത്രീകളെ മനപരിഷ്ക്കാരിണികളായി പുരുഷന്മാര്‍ക്ക് കൂടുതല്‍ പ്രയോജനം ഉള്ളവരാക്കിത്തീര്‍ക്കേണ്ട കടമ നമ്മില്‍ ഓരോരുത്തരിലും സ്ഥിതിചെയ്യുന്നു.'(ഇബ്രാഹിം ഇ., മുസ്ലിം സ്ത്രീ വിദ്യാഭ്യാസവും, ഫര്‍ദാ സമ്പ്രദായവും പുസ്തകം 1,ലക്കം 8, ഏപ്രില്‍, 1930.)
12. 'പാശ്ചാത്യരാജ്യങ്ങളിലും ചുരുക്കം ചില പൗരസ്ത്യപ്രദേശങ്ങളിലും അവരുടെ അവകാശവാദവും അധികാരത്തിന്നായുള്ള പോരാട്ടവും ഭയങ്കരമായിത്തീര്‍ന്നിരിക്കുന്നു. അനന്തരാവകാശത്തില്‍ പുരുഷന്മാരുടെ അവകാശം തന്നെ തങ്ങള്‍ക്കും വേണ്ടതാണെന്ന് ആ രാജ്യങ്ങളില്‍ ഉള്ള സ്ത്രീകള്‍ വീരവാദം ചെയ്യുന്നു ഇങ്ങിനെയുള്ള അന്യായമായ വാദങ്ങള്‍ പോലും അവര്‍ പുറപ്പെടുവിച്ച് തുടങ്ങിയ സ്ഥിതിക്ക് അവരുടെ ന്യായമായ അവകാശങ്ങളെങ്കിലും സമ്മതിച്ചു കൊടുക്കാതിരിക്കുവാന്‍ പുരുഷന്മാര്‍ക്ക് ഇനി സാധിക്കയില്ല.' (പ്രസ്താവന, പുസ്തകം 2, ലക്കം 1, ആഗസ്റ്റ് 25, 1930.) 
13. കുറിപ്പ് 10 നോക്കുക

ഗ്രന്ഥസൂചി

അബ്ദുറഹ്മാന്‍ മങ്ങാട്,(സമാഹരണം), 2021, നിസാഉല്‍ ഇസ്ലാം, ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷന്‍, മലപ്പുറം.

മുഹമ്മദ് ബഷീര്‍ കെ.കെ
അസിസ്റ്റന്‍റ് പ്രൊഫസര്‍
കെ കെ ടി എം ഗവണ്‍മെന്‍റ് കോളേജ്
പുല്ലൂറ്റ്