Mappilappattu Ishals by Moinkutty Vaidyar Used in Malayalam cinema

Muhammad Rafi N.V

(Article No: 224, issue No: 29, June 2022, Page no: 100-104)

Abstract

There is a lot of Mappilappattu literature and its Ishals that have been taken out of Malayalam cinema and written for the cinema. This essay seeks to analyze the hints of the Renaissance conceptions of Muslim life in Kerala nationalism and the Malayalam film songs composed by Moinkutty Vaidyar. Moinkutty Vaidyar is the poet who has contributed the most to the Mappilapattu genre. Vaidyar lived to be only forty years old. Malayalam received many works of art by Vaidyar. This essay seeks to explain the early history of Mappilappattu and Muslim life in Malayalam cinema and the analysis of the use of Ishals by the great poet Moinkutty Vaidyar in Malayalam cinema in general.

Keywords: Mappilappattu Moyinkuttivaidhyar Malayalam film Songs Kerala Muslim Life Badarul Muneer Husunul Jamal

Referance

Keralathinte samskarika charithram Gopalakrishnan PK Kerala Basha Institute 1974 page 490
Madhuramee Jeevitham Ragavan K  DC Books 2003
 Aathmakatha  Baskaran P Mathrubhoomi Books Kozhikode 2015
Yathrakkarute Knnile Malabar Prof. Shooranad Kunjanpillai Kerala Bhasha Institute 1940 page 300
Chalachithra Sangeethathinte 50 Varsham Chithraganasmaranika Malayala Film Association
T Ubaid Rachanakal Padanangal Ormakal Mahakavi Moyinkutti Vaidhyar Mappila Kala Acadami Kondotty page No 200. https://www.manoramaonline.com/music/columns/karalil-virinja-pookkal/2017/11/07/kayalarikathu-valakilukkiya-sundari-song-article.html
Malayala sangeetha Vinjana Kosham. http://malayalasangeetham.blogspot.com/2015/12/blog-post.html

Dr Muhammad Rafi NV
Assistant Professor
School of Literature Studies
Thunchath Ezhuthachan Malayalam University 
Thirur
Pin: 676502
India
Ph: +91 9447275854
email: rafinaduvannoor@gmail.com 


മലയാളസിനിമയിലെ മോയിന്‍കുട്ടിവൈദ്യരുടെ മാപ്പിളപ്പാട്ട് ഇശലുകള്‍

മുഹമ്മദ്റാഫി എന്‍ വി

മലയാള സിനിമയില്‍ എടുത്തുചേര്‍ത്തതും സിനിമക്കുവേ ണ്ടി എഴുതപ്പെട്ടതുമായ മാപ്പിളപ്പാട്ടുസാഹിത്യവും അതിന്‍റെ ഇശലു കളും കുറെ അധികമുണ്ട്. കേരളദേശീയതയിലെ നവോത്ഥാനസങ്ക ല്‍പ്പങ്ങള്‍ മുസ്ലിം ജീവിതത്തെ ഉള്‍കൊണ്ടതിന്‍റെ സൂചനകളും മോ യിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ വന്ന മലയാള ചലച്ചിത്രഗാന ങ്ങളും വിശകലനം ചെയ്യാനാണ് ഈ പ്രബന്ധത്തില്‍ ശ്രമിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തില്‍ മാപ്പിളപ്പാട്ട് ജനുസി ലുള്ള ഒരു പക്ഷെ ആദ്യത്തെ ചലച്ചിത്രഗാനം നീലക്കുയില്‍ എന്ന സിനിമയില്‍ ആയിരിക്കണം വന്നത്. പി ഭാസ്കരന്‍ എഴുതി കെ രാഘവന്‍ ഈണമിട്ട് പാടിയ ڇകായലരികത്ത് വലയെറിഞ്ഞപ്പോള്‍/വള കിലുക്കിയ സുന്ദരീ എന്ന പാട്ട് പൂര്‍ണമായ അര്‍ത്ഥത്തില്‍ ലക്ഷണമൊത്ത ഒരു മാപ്പിളപ്പാട്ടൊന്നുമല്ലെങ്കിലും 1954-ല്‍ പുറത്തുവന്ന നീലക്കുയില്‍ ഒരു പക്ഷെ ആദിമധ്യാന്തപ്പൊരുത്തവും ആധുനികമായ ഫിക്ഷന്‍ ഫീച്ചര്‍സ്വഭാവവും ഒക്കെ പുലര്‍ത്തുന്ന ആദ്യ മലയാളസിനിമയാണ്. അത് കൊണ്ട്തന്നെ അതില്‍ വന്ന മുസ്ലിം ജീവിതവും ആ പരിസരത്തെ സംഗീതവും അനുഭൂതി ജീവിതത്തിന്‍റെ ഭാഗമായ സിനിമയിലും കുടിയേറി എന്ന കാര്യത്തിന് പ്രസക്തിയേറെയാണ്. 

ഏതാണ്ട് മുസ്ലിം ജനസംഖ്യയോടടുത്തു തന്നെ ഉള്ള കൃസ്ത്യന്‍ ജീവിതപരിസരത്തെയും ജീവിതത്തെയും മലയാള സിനിമ ഇതുംകഴിഞ്ഞ് വളരെ പില്‍ക്കാലത്താണ് അഭിമുഖീ കരിക്കാന്‍ തയ്യാറായത് എന്നും ഓര്‍ക്കുക. ഖല്‍ബ,് ഹൂറി തുടങ്ങി ഇതിലേക്ക് പ്രവേശം കിട്ടിയ പല പദങ്ങളും അറബിമലയാളത്തിലും മുസ്ലിംജീവിതപരിസരങ്ങളിലും ഉപയോഗിച്ചിരുന്നവയായിരുന്നു. അതുവരെയും അതിനുശേഷവും ഒട്ടൊക്കെ സംസ്കൃതീകൃതവും സവര്‍ണജീവിതപരിസരത്ത് ചുറ്റിക്കറങ്ങിയതുമായ ഏട്ടിലെ പശുവായിരുന്ന മലയാള കാവ്യ-സംഗീത ഭാഷാപരിസരത്ത് പ്രവേശം കിട്ടാതിരുന്ന നാടന്‍ശീലുകളും ദ്രാവിഡമായത് എന്ന് തന്നെ വിലയിരുത്താവുന്ന സംഗീതസംസ്കാരത്തിന്‍റെയും അനുഷ്ടാനപരിസരത്തിലെയും ഈണവും പ്രയോഗങ്ങളും 'എരിയുംവെയിലത്ത് കൈലും കുത്തിനടക്കുക' തുടങ്ങിയ ശൈലികളും നമുക്കീ പാട്ടില്‍ കാണാം. 

1954-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നീലക്കുയില്‍. പി. ഭാസ്കരനും രാമുകാര്യാട്ടും ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിച്ചത് ഉറൂബ് എഴുതിയ ഒരു കഥയെ ആസ്പദമാക്കി അദ്ദേഹം തന്നെയായിരുന്നു. ഒരു നവ-റിയലിസ്റ്റിക് മെലോഡ്രാമയായിരുന്ന നീലക്കുയില്‍ ദലിത്പെണ്‍കുട്ടിയും വിദ്യാസസമ്പന്നനും ഉയര്‍ന്ന ജാതിയിലുള്ളയാളും തമ്മിലുള്ള ശാരീരികബന്ധവും മറ്റും കേരളീയ ജീവിതപരിസരത്തു നിന്ന് ആദ്യമായി ഭാവനചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു. അത് വരെ ഹിന്ദിസിനിമയെ പല വിധത്തില്‍ അനുകരിച്ച സിനിമാഭാവനയിലെ സ്കെച്ചും ഡിസൈനും സ്ഥലവും ജീവിതഭാവനയും മറ്റും മലയാളിക്ക് അപരിചിതമോ തനിമാ ബോധത്തെ സ്പര്‍ശിക്കാത്ത വിധം കൃത്രിമത്വം നിറഞ്ഞതോ ആയിരുന്നു എന്നും പറയാം. ഭാഗികമായെങ്കിലും മലയാളസിനി മയില്‍ ഔട്ട്ഡോര്‍ രംഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും കേരളീയമായ കായലുകളും മറ്റു പ്രകൃതിസാന്നിധ്യവും പ്രേക്ഷകന് ഈ സിനിമ വഴി അനുഭവപ്പെടുകയും ചെയ്തു.

മലയാള സിനിമയുടെ 1938-54 കാലത്തിറങ്ങിയ ബാലന്‍ മുതല്‍ നീലക്കുയില്‍ വരെയുള്ള 38 സിനിമകളിലെ 468 പാട്ടുകള്‍ ക്കുശേഷമാണ് നാട്ടുമൊഴികളുടെ ഈണപ്പെരുക്കത്തിനൊപ്പം പാട്ടിന്‍റെ ലോകത്തിലെ ആദ്യ മാപ്പിളപ്പാട്ടെത്തിയത്. നീലക്കുയില്‍ എന്ന സിനിമയില്‍ കോഴിക്കോട്ടെ നാടകനടന്‍ ബാലകൃഷ്ണ മേനോന്‍ അവതരിപ്പിച്ച, ചായക്കട ബഞ്ചിലിരുന്നു മീന്‍വല തുന്നുന്ന അബ്ദു എന്ന സൈഡ് കഥാപാത്രമാണ് ഈ പാട്ട് പാടുന്നത്. പാട്ടില്‍ അയാളുടെ സാമൂഹിക ചുറ്റുപാടിനു പറ്റിയ പദങ്ങളും ഉപമകളും നാടന്‍ശീലുകളും ഉണ്ടായിരുന്നു. നീലക്കുയില്‍ മലയാളിയുടെ നവോത്ഥാനപരിസരത്തെ രൂപപ്പെടുത്താന്‍ നിര്‍മിച്ച സോദ്ദേശ്യ സിനിമകൂടിയായിരുന്നു എന്നും പറയാം. ശ്രീധരന്‍ നീലി എന്നീ മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം മുസ്ലിമിനെ ബോധപൂര്‍വം ഈ പ്രക്രിയയുടെ ഭാഗമാക്കാന്‍ കൂടിയായിരിക്കണം പി ഭാസ്കരനും ഉറൂബും ചേര്‍ന്ന് ശ്രമിച്ചത്. കേരളീയജാതിഘടന പ്രതിനിധാനം ചെയ്ത അസമത്വം  ആണധികാരഘടന, ബഹിഷ്കരണം  തുടങ്ങിയവക്കെതിരായ പ്രതിരോധം കൂടിയായിരുന്നു നീലക്കുയി ലിലെ പ്രണയമെങ്കില്‍ ഈ ഗാനം ആ സമരത്തിന്‍റെ പ്രഖ്യാപന ത്തോടൊപ്പംതന്നെ ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ഈ നവോത്ഥാന പോരാട്ടത്തില്‍ മുസ്ലിമിനെയും ഉള്‍പ്പെടുത്തിയ നവോത്ഥാന പ്രണയത്തിന്‍റെ ഈ ഇന്‍ക്ലൂസിവ്നെസില്‍ അസഹിഷ്ണുത അരങ്ങുവാഴുന്ന വര്‍ത്തമാനകാലത്ത് പുതിയ വായന തേടുന്ന ആഴങ്ങളുണ്ട്. പൊതുവെ മുസ്ലിമിന്‍റെ ജീവിതം പ്രാദേശികമായ കൊണ്ടുകൊടുക്കലുകളുടെയും അയല്‍പക്കബന്ധങ്ങളുടെയും കച്ചവടബന്ധങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ മതേതരമായ സഹവര്‍ത്തിത്തം പുലര്‍ത്തിയായിരുന്നല്ലോ രൂപീകരിക്കപ്പെട്ടത്. മലബാറില്‍ സവിശേഷമായി ഇത് പ്രത്യക്ഷത്തില്‍ തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ട്. കുടിയേറ്റ വിഭാഗമായാണ് മലബാറിലേക്ക് കൃസ്ത്യാനികളുടെ വരവുണ്ടായത് എന്നതിനാലോ മറ്റോ അത്തരം ഘട്ടോകള്‍ ഇവിടെ അധികമില്ല എന്നും പറയാം. എന്തായാലും കേരളനവോത്ഥാന ദേശീയതാഭാവനയില്‍ മുസ്ലിമിനെ മാറ്റിനിര്‍ത്താന്‍ സാധ്യമല്ല എന്ന സങ്കല്പം തന്നെയാണ് ഈ സിനിമയില്‍ ബോധപൂര്‍വം കൊണ്ട് വരുന്ന ആ കഥാപാത്രവും ആ വിഭാഗത്തിന്‍റെ സംഗീതകലാവിഷ്കാരവും എന്ന് പറയാം. ഈ പാട്ട് നീലക്കുയില്‍ വിളിച്ചോതിയ നവോത്ഥാന രാഷ്ട്രീയത്തിന്‍റെ അവതരണഗാനം കൂടിയായിരുന്നു. ആലുവാപ്പുഴയോരത്തെ വാടകവീട്ടില്‍ പാട്ടുപിറന്ന കഥ അപ്പടി കെ.രാഘവന്‍റെ 'മധുരമീ ജീവിത'ത്തിലും പി. ഭാസ്കരന്‍റെ ആത്മകഥയിലുമുണ്ട്. ഹാജി എന്നു വിളിക്കുന്ന കൊച്ചിയിലെ അബ്ദുല്‍ഖാദര്‍ പാടാന്‍ നിശ്ചയിച്ചിരുന്ന പാട്ട്  പിന്നീട് വാഹിനി സ്റ്റുഡിയോയില്‍ റെക്കാര്‍ഡിങ്ങിനായി ഹാജി പാടിക്കൊണ്ടിരിക്കുമ്പോള്‍ നിര്‍മാതാവ് പരീക്കുട്ടിയുടെ നിര്‍ബന്ധത്തിനുവഴങ്ങി കെ.രാഘവന്‍ പാടുകയായിരുന്നു. സുന്ദരിയുടെ കണ്ണേറ്, കരളിനുരുളിയില്‍ എണ്ണകാച്ചിയ നൊമ്പരം, കയറുപൊട്ടിയ പമ്പരമാകുന്ന കാമുകന്‍, അവളുടെ പുരികം വളച്ചുള്ള നോട്ടം ഏറ്റപ്പോള്‍ കമ്പൊടിഞ്ഞ ശീലക്കുടയുടെ വളഞ്ഞ കമ്പിപോലെ വളയുന്നവന്‍, കുടവുമായ് പുഴക്കടവില്‍വന്ന് തടവിലാക്കിയവള്‍,  സങ്കടപ്പുഴയുടെ തടവിലാക്കുമോ എന്ന ഭയം, ഒടുവില്‍ വേറെയാണ് വിചാരമെങ്കില്‍ അതു പറയാന്‍ നേരമായി എന്ന പറച്ചില്‍,... അതുവരെ കേള്‍ക്കാത്ത വടക്കേ മലബാറിലെ നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ  വാക്കും ഭാഷണവും ഈണവും സിനിമാപ്പാട്ടിലേക്കു വന്നപ്പോള്‍ അടിസ്ഥാന സ്വത്വ മുള്ള സംഗീതസംസ്കാരത്തെ മലയാളി തിരിച്ചറിയാനാരംഭിച്ച തിന്‍റെ കൊടിയടയാളം കൂടിയായി കായലരികത്ത് അടക്കമുള്ള ഗാനങ്ങള്‍.  പാട്ടിനുള്ളിലെ മാപ്പിളസ്വത്വത്തിന്‍റെ ഭാഷ, നൊമ്പരവും പമ്പരവും ചേറും ഹൂറിയും നെയ്ച്ചോറും കമ്പും കമ്പിയും വെയിലും കയിലും അടങ്ങുന്ന സംസ്കാരചിഹ്നങ്ങള്‍ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇക്കാര്യം എളുപ്പം ബോധ്യപ്പെടും.

മാപ്പിളപാട്ട് ഗാനശാഖയ്ക്ക് ഏറ്റവും അധികം സംഭാവനകള്‍ നല്‍കിയ കവിയാണ് മോയിന്‍കുട്ടിവൈദ്യര്‍. നാല്‍പ്പത് വയസ്സുവരെ മാത്രമാണ് വൈദ്യര്‍ ജിവിച്ചത്. ധാരാളം കലാസൃഷ്ടികള്‍ വൈദ്യരുടെതായി മലയാളത്തിനു ലഭിച്ചു. എന്നാല്‍ അറബിമലയാള ലിപിയിലും അതിന്‍റെ പരിസരത്തിലും പിറന്നതുകൊണ്ടും ചരിത്രപരമായ നിരവധി കാരണങ്ങളാലും മലയാള മുഖ്യധാരാ സാഹിത്യചരിത്രവിജ്ഞാനീയത്തിലും അക്കാദമിക് വ്യവഹാരങ്ങ ളിലും ഈ മഹാകവി ഇനിയും വേണ്ടത്ര വിലയിരുത്തപ്പെടുകയും ഉള്‍ക്കൊള്ളിക്കുകയും ചെയ്യപ്പെട്ടിട്ടില്ല എന്നത് വാസ്തവമാണ്. മാപ്പിളപ്പാട്ടുമഹാകവിയായിരുന്ന വൈദ്യര്‍  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് ഓട്ടുപാറ വീട്ടില്‍ ഉണ്ണിമമ്മദ് വൈദ്യര്‍-കുഞ്ഞാ മിന ദമ്പതികളുടെ മകനായി 1852-ലാണ് ജനിച്ചത്. അറബി, ഇംഗ്ലീഷ്, പാര്‍സി, തമിഴ്, സംസ്കൃതം, കന്നഡ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകളില്‍ ചെറുപ്രായത്തില്‍ തന്നെ പിടിപാടുണ്ടാക്കുകയും പ്രാവിണ്യവും സര്‍ഗവൈഭവവും കൊണ്ട് സങ്കരപദപ്രയോഗങ്ങള്‍ അണിയിച്ചൊരുക്കി ഇശലുകളുടെ ബൃഹത്തായ ലോകം   സൃഷ്ടിക്കുകയും ചെയ്തു. ബദര്‍പടപ്പാട്ട്, ബദറുല്‍മുനീര്‍ഹുസ്നു ല്‍ജമാല്‍, എലിപ്പട, ഒട്ടകത്തിന്‍റെയും മാനിന്‍റെയും കഥ, സലാശീല്‍, ബെത്തിലപ്പാട്ട്,, ഹിജ്റ, കിളത്തിമാല, സ്വലീഖാ, ഉഹദ് പടപ്പാട്ട്, മുല്ലപ്പുഞ്ചോലയില്‍, തീവണ്ടിച്ചിന്ത്, കറാമത്ത്മാല എന്നിവയാണ് പ്രധാന കൃതികള്‍. 

മോയിന്‍കുട്ടിവൈദ്യര്‍ അറബിമലയാളത്തില്‍ എഴുതിയ ഈ പാട്ടുകാവ്യത്തിന്‍റെ ശീലുകളില്‍ പലതും പിന്നീട് മധുരമൂറുന്ന ഗാനങ്ങളായി മാറിയിട്ടുണ്ട്. മലയാളസിനിമയിലും ഇത്തരം ഗാനങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനങ്ങളില്‍ പലതും പിന്നീട് ഒപ്പനപ്പാട്ടുകളായും ഉപയോഗിക്കപ്പെട്ടു. പിന്നീടുവന്ന മാപ്പിളപ്പാട്ടുകളില്‍ പലതും ഈ പാട്ടുകാവ്യത്തിന്‍റെ ചുവടുപിടിച്ച് എഴുതപ്പെട്ടവയാണ്. മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യത്തി ന്‍റെ നാലാം ഇശല്‍ ڇപൂമകളാണെ ഹുസുനുല്‍ ജമാല്‍ പുന്നാരത്താ ളം മികന്തബീവി എന്നു തുടങ്ങുന്ന ഗാനം ഇക്കൂട്ടത്തില്‍ വളരെ പ്രശ്സതമാണ്. ആയിഷ (1964), ഓളവും തീരവും (1970), മരം (1973),1 921 (1988), വീരപുത്രന്‍ (2011), സലാല മൊബൈല്‍സ് (2014) തുടങ്ങി പല മലയാളസിനിമകളും വൈദ്യരുടെ ഗാനങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

തന്‍റെ ഇരുപതാമത്തെ വയസിലാണ് അദ്ദേഹം അതി പ്രശസ്തമായ ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എഴുതിയത്. പ്രണയം പ്രമേയമായി മാപ്പിളപ്പാട്ടുകള്‍ വന്നുതുടങ്ങിയത് ഈ കൃതിയോടെയാണ്. ഒരു പേര്‍ഷ്യന്‍ പ്രണയകഥയാണ് ഈ കാവ്യത്തിന് അവലംബം. പിതാവിനെ ധിക്കരിച്ച് കാമുകനെ വരിക്കാന്‍ ധൈര്യപ്പെടുന്ന കാമുകിയുടെ കഥയാണിത്. ഹിന്ദ് രാജ്യത്തെ മഹാസീന്‍ രാജാവിന്‍റെ മകളായ ഹുസ്നുല്‍ജമാലും മന്ത്രിയായ മസാമീരിന്‍റെ മകന്‍ ബദറുല്‍മുനീറും തമ്മില്‍ ബദ്ധാനുരാഗത്തിലാകുന്നു. ഇതില്‍ അസൂയാലുക്കളായ ജിന്നുകളും മനുഷ്യരുമായ കഥാപാത്രങ്ങള്‍ ഇവരുടെ പ്രണയത്തിന് വിലങ്ങുതടികള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കുന്ന കമിതാക്കള്‍ ഒടുവില്‍ നല്ലവരായ ചില ജിന്നുകളുടെ സഹായത്തോടെ ഒന്നാവുന്നതാണ് ഈ കാവ്യത്തിന്‍റെ ഇതിവൃത്തം. മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ട മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകളാണ്  ഇനി വിശകലനം ചെയ്യുന്നത്.

1964ല്‍ വന്ന ആയിഷ എന്ന സിനിമയിലായിരിക്കണം  വൈദ്യരുടെ പ്രശസ്തമായ പൂമകളാണേ ഹുസുനുല്‍ ജമാല്‍ എന്ന പാട്ട് ആദ്യമായി ഉപയോഗിക്കുന്നത്.

പൂമകളാണേ ഹുസ്നുല്‍ ജമാല്‍
പുന്നാരത്താളം മികന്ദെ ബീവി....

(പാട്ടിന്‍റെ സാരം: ഹുസുനുല്‍ ജമാല്‍ എന്ന നായികയെ മഹാകവി വൈദ്യര്‍ വര്‍ണിക്കുകയാണ്. പുന്നാരിച്ചു വളര്‍ത്തപ്പെട്ട ഹുസ്നുല്‍ ജമാല്‍ മികച്ച ചിത്രപണിത്തരമുള്ള ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അവളുടെ നടത്തത്തിനു പോലും പുന്നാരത്താളമുണ്ട്. മരതകമണി ഞ്ഞ വസ്ത്രം ഞ്ഞെറിഞ്ഞുടുത്ത ബീവി പുരികക്കൊടി കൊണ്ട് മദാനാര്‍ത്തമായ നോട്ടമാണ് നോക്കുന്നത്. പവിഴപുഞ്ചിരി ഉതിരുന്ന അവളുടെ ചുണ്ടും അന്നനടയും ഒക്കെ കണ്ടാല്‍ ജിന്നുകള്‍ക്ക് പോലും സ്വബോധം നഷ്ടപ്പെടും. എന്നിട്ടല്ലേ മനുഷ്യര്‍!)

വൈദ്യര്‍ ഇതെഴുതുന്ന കാലം 1872 ആണ്. മലയാളഭാഷയും കവിതയും മണിപ്രവാള പാരമ്പര്യത്തിന്‍റെ പിടിയില്‍ നിന്ന് പൂര്‍ണമായി വിട്ടിട്ടില്ല എന്നോര്‍ക്കണം. ഒരു പക്ഷെ മലയാളത്തിലെ ആധുനികതയുടെ ലക്ഷണമായ കാല്പനികതയൊക്കെ  പ്രത്യക്ഷ പ്പെടുന്ന ആദ്യകാവ്യം സി എസ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഒരുവിലാപം (1903) ആയിരിക്കും. മണിപ്രവാളകവികള്‍ സ്ത്രീശരീരവര്‍ണനയുടെ കാര്യത്തില്‍ സകല പരിധിയും കടന്ന് ലൈംഗികാവയവങ്ങള്‍ വരെ വര്‍ണിച്ചു സ്ത്രീയെ അതിനുള്ള ഉപകരണം മാത്രമായി കണ്ട ഘട്ടത്തിലാണ് വൈദ്യര്‍ തന്‍റെ നായികയെ സമചിത്തത കൈവെടിയാത്ത ശാക്തീകരിക്കപ്പെട്ട  സ്ത്രീയായി വര്‍ണിക്കുന്നത്. ഇത് തിരിച്ചറിയണമെങ്കില്‍ അതേ കാലത്ത് ഭാഷയില്‍ പിറന്ന സന്ദേശകാവ്യങ്ങളിലെയും ചമ്പുക്കളി ലെയും മറ്റും വര്‍ണന വായിക്കണം. ബദറുല്‍ മുനീര്‍ കാവ്യത്തിന്‍റെ ഈണം വടക്കേ മലബാറിലെ നാടന്‍ കലാരൂപമായ കോതാമൂരിപ്പാ ട്ടില്‍ കാണാം

ആര്യാര് നാട്ടില്‍ പിറന്നോരമ്മാ
കോലത്ത് നാട് കിനാ കണ്ടിന്
കോലത്ത് നാട് കിനാകാണുമ്പം
കൊലമുടിമന്നനെ കാണാകുന്നു..

ഈ ഇശലിനോട് സാമ്യമുള്ള ഒരു തിരുവാതിരപ്പാട്ടും ഉണ്ട്..

ചെന്തമാരപ്പൂവില്‍ പള്ളി കൊള്ളും
വെളുവെളെ മേനി വെളുത്ത പെണ്ണെ
വെണ്‍ചന്ദനം കൊണ്ട് പൂശുന്നോളേ
വെള്ളപ്പട്ടാടയുടുക്കുന്നോളേ

ഈ ഇശലിനോട് സാമ്യമുള്ള ഒരു നാടന്‍ പാട്ട് കൂടി കാണുക.

മോകപ്പെണ്ണൊന്നു തെരണ്ട കാലം
തൊട്ടു കുളിക്കാനൊട്ടെണ്ണയില്ല
പത്തു പണം കൊടുത്തെള്ള് വാങ്ങി
വെയിലത്തിട്ടഞ്ചാറ് വയ്ലടി കൊണ്ടേ...

ഹുസ്നുല്‍ ജമാലിന്‍റെ രചനയ്ക്ക് എത്രയോ വര്‍ഷം മുമ്പ് പ്രചാരത്തിലിരുന്ന പാട്ട് കൃതി രാമചരിതത്തില്‍ 66 ആം വൃത്തത്തിലുള്ള വരികളും ആരംഭ എന്ന ഇശലുമായി സാദൃശ്യം ഉണ്ട്.

മറൈന്തിതു വാനവുമാഴ് കടലും
മരങ്കളുമൂഴിയും മാമലൈയും
മുറിന്തു ചന്ദ്രങ്കല്‍ പൊഴിന്തുലകം
മുറങ്കിലാര്‍ വാനങ്കള്‍ തിഴ്ങ്കി വിണ്ണോര്‍.

ഈ രീതിയില്‍ സൂക്ഷ്മമായി നോക്കിയാല്‍ ഇവയുടെ താളവും ഈണവുമൊക്കെ കേരളീയ പ്രാദേശികത്വത്തില്‍ തന്നെ വേരുറപ്പിക്കുന്നത് കാണാം.

ചീളുന്നോന്‍ ഞാനല്ല മാനാരോ  
ജീവ് - നിക്കുകില്‍ വന്നീടും തേനാരോ,
കോളിവചൊല്ലിപ്പിരിന്താരോ - കൂടെ -
തേരകത്തേറി പറന്താരോ
ഇന്ദിരക്കന്നി അളുതാരോ
ഇന വന്നീടുമോ നാളെമുത്താരോ
ചിന്തിക്കേണ്ട എന്‍റെ ചന്നാരോ
ചിന്ത കീറിക്കരയണ്ട കണ്ണാരോ
നാളെ ഇന്നെരത്തു തന്നാരോ
ഞാനും എത്തിടും ഇത്താനം പുന്നാരോ

ആയിഷ എന്ന സിനിമയില്‍ ഉപയോഗിച്ച മോയിന്‍ കുട്ടി വൈദ്യരുടെ മറ്റൊരു കാവ്യശകലമാണിത്. മലയാളം, തമിഴ്, സംസ്കൃതം, അറബി, പേര്‍ഷ്യന്‍, തുടങ്ങിയ  ഭാഷകളെ കോര്‍ത്തിണക്കിയാണ് വൈദ്യര്‍ മാപ്പിളപ്പാട്ട് സാഹിത്യസൃഷ്ടിക്ക് രൂപംനല്‍കിയത്. മാപ്പിളപ്പാട്ടുകളില്‍ നൂറോളം ഇശലുകളുണ്ട്. തൊങ്കല്‍, കപ്പപ്പാട്ട്, മിറാജ്, കൊമ്പ്  പുകയിനാര്‍, ഒപ്പന തുടങ്ങി ഒരു കാവ്യത്തില്‍ തന്നെ പല ഇശലുകളും കണ്ടേക്കും. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടില്‍ 102ഉം ഉഹദു പടപ്പാട്ടില്‍ 109ഉം ബദറുല്‍മുനീര്‍ ഹുസ്നുല്‍ ജമാലില്‍ 85ഉം മലപ്പുറം പടപ്പാട്ടില്‍ 70ഉം ഇശലുകള്‍ ഉപയോഗിച്ചു. പൂമകളാണെ ഹുസ്നുല്‍ ജമാല്‍ എന്ന ഗാനം ചങ്ങമ്പുഴയുടെ രമണനിലെ മലരണിക്കാടുകള്‍ തിങ്ങി വിങ്ങി എന്ന കവിതയുടെ രീതിയിലും പാടാന്‍ കഴിയും.

മാപ്പിളക്കവിത താരും തളിരുമണിഞ്ഞ് വികസിതമായത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ കൈരളിയെ സേവിച്ച മോയിന്‍കുട്ടി വൈദ്യരുടെ തൂലികാ ചലനത്തോ ടുകൂടിയായിരുന്നു. വൈദ്യരുടെ ബദര്‍, ഉഹ്ദ്, സലീഖത്ത്, മലപ്പുറം എന്നീ സമരകാവ്യങ്ങളും ഹിജ്റ: ചരിത്രകാവ്യവും ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ എന്ന പ്രണയകാവ്യവും അദ്ദേഹത്തെ മലയാള സാഹിത്യത്തിലെ ഉന്നതമായ മഹാകവികളുടെ ശ്രേണിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.ڈ(പി.കെ. ഗോപാലകൃഷ്ണന്‍ 1974). മാപ്പിള സാഹിത്യത്തിനും അതുവഴി മലയാള സാഹിത്യത്തിനും അത്ഭുതകരമായ സംഭാവന നല്‍കിയ കവി എന്ന നിലക്ക് മോയിന്‍കുട്ടി വൈദ്യര്‍ നമ്മുടെ സാഹിത്യ ചരിത്രത്തില്‍ അത്യുന്നത സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ശബ്ദപ്രയോഗചാതുരിയിലും രസാവിഷ്കരണത്തിലും കവി അത്ഭുതവിദ്യ പ്രകാശിപ്പിച്ചുകൊണ്ട് ആദ്യന്തം അനുവാചകനെ ആനന്ദനൃത്തം ചെയ്യിക്കുന്നു. ശൃംഗാരരസം വര്‍ണിക്കുന്നതില്‍ ചെറുശ്ശേരിക്കുണ്ടായിരുന്ന വൈദഗ്ധ്യം വൈദ്യര്‍ക്കുമുണ്ട്. ശൃംഗാരം, വീരം, അത്ഭുതം, ഹാസ്യാദി എല്ലാ രസങ്ങളും നല്ല വിരുതോടെ കൈകാര്യം ചെയ്യുന്നതില്‍ വൈദ്യര്‍ പ്രകടിപ്പിച്ചിട്ടുള്ള സാമര്‍ത്ഥ്യം രസിക ജനങ്ങളെ അത്ഭുതപ്പെടുത്തുന്നു എന്ന് ശൂരനാട് കുഞ്ഞന്‍പിള്ള സാക്ഷ്യപ്പെടുത്തുന്നു. 

മലയാളത്തില്‍ കാല്‍പനികത ആരംഭിച്ചത് കുമാരനാശാ നിലും സുബ്രഹ്മണ്യന്‍ പോറ്റിയിലും ഒക്കെയാണെന്നാണ് സാഹിത്യചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പക്ഷെ, കാല്‍പനികതയുടെ ആരംഭം മോയിന്‍കുട്ടി വൈദ്യരില്‍ നിന്നാണ്. അതുവരെയുള്ള മാപ്പിള പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു വൈദ്യരുടെ രീതി. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ മാപ്പിളപ്പാട്ട് രംഗത്ത് നൂതന ചിന്താപ്രകാശം പ്രസരിപ്പിച്ച വ്യക്തിയായിരുന്നു മഹാകവി മോയിന്‍കുട്ടി വൈദ്യര്‍. ബദ്ര്‍, ഉഹ്ദ്, മലപ്പുറം, എന്നീ സമരകാവ്യങ്ങളും ഒരു പ്രണയകഥയെ അധികരിച്ചുള്ള ബദ്റുല്‍ മുനീറും ഹിജ്റത്തുന്നബി എന്ന ചരിത്രകൃതിയും വൈദ്യരില്‍ നിന്ന് ഭാഷാ സാഹിത്യത്തിനു ലഭിച്ച അനര്‍ഘ സംഭാവനകളാണ്. എണ്ണത്തിലും മൂല്യത്തിലും അത്തരം സംഭാവനകള്‍ ചെയ്യാനോ കവനകലയില്‍ അദ്ദേഹം ആരോഹണം ചെയ്ത ഉന്നത ശിഖരത്തിന്‍റെ താഴ്വാരത്തില്‍ പോലും എത്താനോ മറ്റൊരു മാപ്പിളക്കവിക്കും സാധിച്ചിട്ടില്ല എന്ന് ടി ഉബൈദ് അഭിപ്രായപ്പെട്ടിട്ടുണ്ട്. 

പൂക്കളില്‍ റാണിയായി പൂത്തുനില്‍ക്കുന്നോളേ
കാത്തിരുന്ന് കാത്തിരുന്ന് കാല്‍ തരിച്ചുപോയി
കണ്മണിയെ കാണുവാനായി കണ്‍ കൊതിച്ചുപോയി
കണ്ണുകളാല്‍ ഖല്‍ബുകളില്‍ കല്ലെറിയുന്നോളേ
അന്നൊരുനാളമ്പിളി മാന്‍ വമ്പനായി വന്നു
വന്നുനിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
കണ്ണുകളാല്‍ ഖല്‍ബുകളില്‍ കല്ലെറിയുന്നോളെ (ബാല്യകാലസഖി)

ചന്ദ്രന്‍ അഹങ്കാരത്തോടെ മാനത്ത് പ്രത്യക്ഷപ്പെട്ട് നിന്നെ കണ്ടപ്പോള്‍ ഹോ ഇനി ഞാനാര് എന്ന അമ്പരപ്പോടെ നിന്നു എന്നാണ്  ഈ ശീലില്‍ വര്‍ണിക്കുന്നത്'. ഈ പാട്ടില്‍ മോയിന്‍കുട്ടി വൈദ്യരുടെ കാവ്യശൈലിയുടെ സ്വാധീനം കാണാം. ഇക്കാര്യം ഭാഷാശാസ്ത്രകാരരും വൈയാകരണന്മാരും കൂടുതല്‍ അന്വേഷണ ങ്ങള്‍ക്കും ഗവേഷണത്തിനും വിധേയമാക്കേണ്ട കാര്യമാണ് എന്നുമാത്രം ഈ പ്രബന്ധത്തില്‍ സൂചിപ്പിക്കുന്നു.1973 ഇല്‍ ഇറങ്ങിയ മരം എന്ന സിനിമയിലെ,

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂ വിരിഞ്ഞത്

മുറ്റത്തോ - കണ്ണാടി കവിളത്തോ  എന്ന പാട്ടിലും മൊഞ്ച ത്തിപ്പെണ്ണേ നിന്‍ ചുണ്ട് എന്ന് തുടങ്ങുന്ന പാട്ടുകളും മറ്റും യൂസഫലി കേച്ചേരി മോയിന്‍കുട്ടി വൈദ്യരുടെ ഇശലുകള്‍ പരിഷ്കരിച്ചാ തണോ എന്നുപോലും തോന്നും. വൈക്കം മുഹമ്മദ് ബഷീര്‍ ബാല്യകാല സഖി എന്ന നോവലിലും ഇതേ ഛായയില്‍ ഉള്ള ഒരു ഇശല്‍ കാണാം.

1970 ഇല്‍ വന്ന മലയാളസിനിമയിലെ ഒരു ബൈനറി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ആദ്യത്തെ മുഴുനീള ഔട്ഡോര്‍ സിനിമയായ ഓളവും തീരവും മുഖ്യപ്രേമേയമാക്കിയത് കേരളീയ മുസ്ലിം ജീവിത പരിസരമായിരുന്നു. അതില്‍ ഉപയോഗിക്കപ്പെട്ട വൈദ്യരുടെ കാവ്യശകലങ്ങളാണ് ഈ ഭാഗത്ത് വിശദീകരിക്കുന്നത്.

ഒയ്യെ എനിക്കുണ്ട് പയ്യല് പിറായത്തില്‍
ഒത്തൊരുമിത്തു കളിത്തും കൊണ്ട് - ഒരുവന്‍
ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ
അയ്യവന്‍ നാമത്തെ മൊയ്യും സൈനുത്തുജാര്‍
ആമെ യെന്‍ നാമം നജീമത്തെന്നും - ഞങ്ങള്‍-
ക്കാശയും വന്‍ വിശുവാസം തന്നില്‍

ഒയ്യേ എനിക്കുമുണ്ടായിരുന്നു പൈതല്‍ കാലത്ത് ബാല്യകാലസഖിയുമായി കളിച്ചു നടന്നിരുന്ന ഒരുകാലം! അവനെ സ്നേഹിച്ചും അവന്‍ പറയുന്ന ഒരുവാക്ക് പോലും തെറ്റിക്കാതെയും കഴിഞ്ഞ കാലം! ബദറുല്‍മുനീറും നജീമത്തും കണ്ടുമുട്ടുകയും അവര്‍ തങ്ങളുടെ ബാല്യകാലവും പ്രിയപ്പെട്ട സഖികളെയും പരസ്പരം പരിചയപ്പെടുത്തുകയും ചെയ്യുന്ന വൈദ്യരുടെ കാവ്യത്തിലെ സന്ദര്‍ഭം സിനിമയിലേക്ക് എടുത്തു ചേര്‍ക്കുകയായിരുന്നു. ഓളവും തീരവും എന്ന എം ടി വാസുദേവന്‍ നായര്‍ എഴുതിയ കഥ അദ്ദേഹം തന്നെ സിനിമക്ക് വേണ്ടി എഴുതി. 1970 ഫെബ്രുവരി 27-നാണ്  ഈ സിനിമ റിലീസായത്. എം.ടി., പി.എന്‍. മേനോന്‍, പി.എ. ബക്കര്‍ തുടങ്ങിയവരായിരുന്നു പിന്നില്‍. പി ഭാസ്കരന്‍ എഴുതിയ നാലു ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് ബാബുരാജ് ആണ്. യേശുദാസ്, പി ലീല, മച്ചാട്ട് വാസന്തി, സി എ അബുബക്കര്‍ , എസ് ജാനകി എന്നിവരായിരുന്നു പിന്നണിഗായകര്‍. മരിച്ചു പോയ ചങ്ങാതി അബ്ദുവിന്‍റെ മയ്യത്ത് ഏല്പിക്കാനായി വാഴക്കടവത്ത് എത്തുന്ന ബാപ്പുട്ടി ബീവാത്തുമ്മയുടെ മകള്‍ നബീസുവിനെ നിക്കാഹ് ചെയ്യാനുള്ള പണം സമ്പാദിക്കാനായി പോയപ്പോള്‍ പുതുപ്പണ ക്കാരന്‍ കുഞ്ഞാലിയുടെ വരവും അയാള്‍ നബീസുവിനെ ലൈംഗി കാതിക്രമം ചെയ്യന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പൂര്‍ണ്ണമായും സ്റ്റുഡിയോയ്ക്കു പുറത്ത്  (ഔട്ട്ഡോറില്‍) ചിത്രീക രിച്ച ആദ്യ മലയാളചിത്രമെന്നനിലയ്ക്ക് മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് ഓളവും തീരവും എന്ന ചിത്രം. ലഭ്യമായ വെളിച്ചം ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലും കിട്ടാവുന്ന എല്ലാ ടോണുകളും ഉള്‍ക്കൊള്ളിച്ചായിരുന്നു ഈ ചിത്രത്തിലെ ഫ്രെയിമുകള്‍ രൂപകല്പന ചെയ്തതും ചിത്രീകരിച്ചതും. ഈ സിനിമയില്‍ വൈദ്യരുടെ ഇശലിന് ബാബുരാജ് ഈണം നല്‍കിയിട്ടുണ്ട്. 

കണ്ടാറക്കട്ടുമ്മേല്‍ ബെണ്ടരുള
തഖ്ത്തൊണ്ടതിലുണ്ടാനെ - ഒരുത്തി
കഹനിലുദിച്ച ഖമര്‍ പോല്‍ മുഖം കത്തി
ലെങ്കി മറിന്താനേ
കിണ്ടി കിലശം ഇരിപ്പോ നല്‍ ചെപ്പോ
മതിപ്പോ ഉറപ്പാനേ - നല്‍ കുഞ്ഞി
കിണ്ണമോ കണ്ണാടി കട്ടി മശിയിട്ട
ബട്ട മുലയാണേ ബട്ട മുലയാണേ

ബദറുല്‍മുനീര്‍ ഹുസ്നുല്‍ ജമാലിലെ തന്നെ മറ്റൊരു ഭാഗവും ഇതേ സിനിമയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

തടകി മണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജ മുത്തേ മധുരത്തേന്‍
ഹുസനുള്‍ ജമാലാ 

ബദറുല്‍മുനീര്‍ ഹുസ്നുല്‍ജമാല്‍ കാവ്യത്തിലെ ഇശലുകളാണിവ. കാമിനികളായിരുന്ന ബദറുല്‍മുനീറിനും ഹുസുനുല്‍ജമാലിനും സന്ദര്‍ഭവശാല്‍ വേര്‍പെടേണ്ടി വരുന്നു. ഹുസ്നുല്‍ ജമാല്‍ പുറപ്പെട്ടുപോയതിനു പിറ്റേന്നാള്‍ ബദറുല്‍മുനീര്‍ മോചിതനായി. അവന്‍ തന്‍റെ പ്രിയതമയെ അന്വേഷിച്ചു പുറപ്പെട്ടു. പല പല ദേശങ്ങള്‍ താണ്ടി മലമുകളിലുള്ള ഒരു മാളികയില്‍ എത്തുകയും അവിടെ ശദ്ദാദ് എന്ന ഭൂതത്തിന്‍റെ പിടിയിലക പ്പെടുകയും ചെയ്തു. സ്വന്തം കാമുകനെക്കുറിച്ചോര്‍ത്ത് വ്യസനിച്ചു കഴിയുന്ന നജീമത്ത് എന്ന മനുഷ്യയുവതിയെ കണ്ടു. ശദ്ദാദ് 39 യുവതികളെക്കൂടി അവിടെ അവളെ പാര്‍പ്പിച്ചിട്ടുണ്ടായിരുന്നു. നജീമത്തിനെ കണ്ടും അവളുടെ വര്‍ത്തമാനം കേട്ടും ബദറുല്‍മുനീര്‍ മയങ്ങിപ്പോയി. അപ്പോള്‍ ശദ്ദാദ് അവിടെയെത്തി. ഉറങ്ങിക്കിടക്കുന്ന മുനീറിനെ കണ്ടു. അവന്‍ ഇവിടെ എങ്ങനെയെത്തി എന്ന് ആശ്ചര്യപ്പെട്ടു മുനീറിനെ തൂക്കിയെടുത്ത് പുറത്തേക്കെറിഞ്ഞു. ഈ ഇശലില്‍ ബദറുല്‍ മുനീറും നജീമത്തും കാണുന്ന സന്ദര്‍ഭമാണ് മോയിന്‍കുട്ടി വൈദ്യര്‍ വര്‍ണ്ണിക്കുന്നത്.

ആ കട്ടിലില്‍ അവന്‍ കണ്ടു. വെണ്മുത്തുകൊണ്ടുണ്ടാക്കിയ കട്ടിലില്‍ ആകാശത്തുദിച്ച ചന്ദ്രനെപോലെ മുഖം കത്തി ലെങ്കിമറിയുന്ന ഒരു സുന്ദരി! വണ്ടിന്‍റെ നിറമൊത്ത കറുപ്പ്  മുടിക്കെട്ടും വില്ലുകുലക്കുന്ന പുരികങ്ങളും പവിഴച്ചുണ്ടും മൂക്കും വൃത്താകൃതിയില്‍ ഉള്ള ചെപ്പ് പോലുള്ള മുലകളും്! പൊന്നിന്‍റെ കിണ്ടിയോ ചെപ്പോ എന്നുറപ്പിക്കാന്‍ വയ്യ. മുലകളുടെ അടിഭാഗത്തില്‍ കട്ടികണ്മഷികൊണ്ടുരുട്ടിയ പോലെ മുലക്കണ്ണുകള്‍! ഈ സുന്ദരി മാത്രമല്ല! നാല്പതോളം പെണ്ണുങ്ങള്‍ ഇവള്‍ക്ക് ചുറ്റുമുണ്ട്! ചെങ്കതിര്‍ പോലുള്ള മോതിരമുള്ള കൈവിരല്‍! മലര്‍ന്നുകിടക്കുന്ന അവളുടെ കൈ വെച്ചിരിക്കുന്നത് ഒന്ന് വയറിന്‍മേലും രണ്ടാമത്തേത് രണ്ടുകാലുകള്‍ക്കിടയിലും! അത് കണ്ട് അവന്‍റെ ഉള്ളില്‍ മദനക്കടല്‍ തിളച്ചുമറിഞ്ഞു. ബദറുല്‍ മുനീര്‍ അകപ്പെട്ടത് ഹുസ്നുല്‍ ജമാലിനെ ഒക്കെ മറന്നുപോകുന്ന അവസ്ഥയിലാണ്. അവന്‍ ആ സൗന്ദര്യധാമത്തിന്‍റെ മുലകളും മാറും തടവി മണത്ത് അറിയാതെ ഉടലില്‍ മുഴുവന്‍ മുത്തം വെച്ച് മയങ്ങി പോയത്രേ! ഈ പാട്ടിനു പുറമെ വൈദ്യരുടെ തന്നെ ചിത്തിരത്താ ലെ എന്നൊരു കാവ്യശകലവും ബിറ്റ് ആയി ഈ സിനിമയില്‍ ഉപയോഗിച്ചിരുന്നു.

1988 ഇല്‍ പുറത്തിറങ്ങിയ മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട് വന്ന പ്രശസ്തമായ സിനിമയായ 1921 ഇല്‍ ഉള്ള,

മുത്തു നവരത്ന മുഖം കത്തിടും മയിലാളേ
മൊഞ്ചൊളിവില് തഞ്ചമേറും കഞ്ചകപ്പൂമോളേ
ചിത്തിരം കൊത്തി മറിയും ചെമ്പകച്ചുണ്ടും ചിരിയും
ഉത്തമ മലര്‍ചിരിയും സൂക്ഷ്മമില്‍ പലേക്കുറിയും
കണ്ട് മോഹിച്ച് സംഗതി കൊണ്ടു ദാഹിച്ച്
എന്‍ മലരേ നമ്മളെല്ലാം രാജിയക്കാരല്ലേ
എന്നൊരു വിചാരവും സന്തോഷവും നിക്കില്ലേ  
ഇമ്മധുര തേന്‍ കുടിപ്പാന്‍ ഒത്തവന്‍ ഞാനല്ലേ
ഏറിയ നാളായി പൂതി വെച്ചിടുന്നു മുല്ലേ .....

എന്ന പാട്ടിലൂടെ മലയാളക്കര മുഴുവന്‍ മോയിന്‍കുട്ടി വൈദ്യരെ കേട്ടു എന്ന് തന്നെ പറയാം. സിനിമയില്‍ ഈ ഇശല്‍ ഉപയോഗിച്ചപ്പോള്‍ വളരെ നേരിയ ചില വ്യത്യാസങ്ങള്‍ വരുത്തിയായിരിക്കും ഉപയോഗിച്ചത്. ഉദാഹരണത്തിന് സൂക്ഷ്മം എന്ന് വൈദ്യര്‍ എഴുതില്ല. അദ്ദേഹം ദ്രാവിഡമായ പ്രയോഗങ്ങള്‍ ആണ് എഴുതുക. ഉദാ: തൂച്മം. മൊഞ്ചൊളിവില്‍ സൗന്ദര്യം കൊണ്ട് കാര്യം കൈക്കലാക്കുന്ന ഹൂറിയെ ആണ് ഇവിടെ വര്‍ണിക്കുന്നത്. കഞ്ചകം (തൃത്തപ്പൂവ്), തഞ്ചം തുടങ്ങിയപ്രാസം ഒപ്പിക്കാന്‍ വേണ്ടി സ്വീകരിച്ച കോശിമങ്ങള്‍ വ്യാകരണ-ഭാഷാശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ഒറ്റയൊറ്റ കെസ്സ് പാട്ടുകളുടെ ഗണത്തില്‍ ആണ് ഈ പാട്ട്  പെടുത്താനാവുക. ഹുസുനുല്‍ജമാല്‍കാവ്യം പോലെ ഒരു മുഴുകാവ്യരചനയുടെ ഭാഗമായി വന്നതല്ല ഈ ഇശല്‍ എന്ന് ചുരുക്കം. ഇതേപോലുള്ള കെസ്സുപാട്ടുകള്‍ വേറെയും വൈദ്യരുടെതായിട്ടുണ്ട്. പൊതുവെ മാപ്പിളപ്പാട്ടുകള്‍ സ്ത്രീവര്‍ണ നയുടെ കാര്യത്തില്‍ അതിര്‍ത്തികള്‍ ലംഘിക്കുന്നു എന്നത് ആധുനികമായ ഫെമിനിസ്റ്റ് യുക്തികള്‍ ആലോചിക്കുമ്പോള്‍ തോന്നാം. എന്നാല്‍ നേരത്തെ സൂചിപ്പിച്ച വിധം മണിപ്രവാളകാ ലത്തെ ഭാവുകത്വം പരിഗണിച്ചു മാത്രമേ നമുക്ക് മോയിന്‍ കുട്ടിവൈദ്യരെ വിലയിരുത്താന്‍ പറ്റു. മാപ്പിളപ്പാട്ടുകള്‍ ആദ്യകാലം മുതല്‍ തന്നെ പ്രണയം ശരീരകമാനകള്‍ ആണ്‍പെണ്‍ബന്ധം തുടങ്ങിയവയെ തുറന്ന മനസോടെയാണ് അഭിമുഖീകരിച്ചത്. ഇവിടെ എടുത്തുചേര്‍ക്കുന്ന ഇതേ സിനിമയിലെ ഈ പാട്ടു കൂടി ശ്രദ്ധിക്കുക.

മണത്ത് മാരന്‍ അണയുങ്കളെ
ഹുസുനുല്‍ ജമാല്‍ വൊളുകൈ....

വീരപുത്രന്‍ എന്ന സിനിമയിലാണ് (പി ടി കുഞ്ഞുമുഹമ്മദ് ) വൈദ്യരുടെ ബദര്‍പടപ്പാട്ടിലെ ഈ വരികള്‍ ചേര്‍ത്തത്. ഇസ്ലാമിലെ ആദ്യയുദ്ധമായ ഖുറൈശികളുമായുള്ള ബദര്‍യുദ്ധത്തിനു വേണ്ടി പ്രവാചകന്‍ മുഹമ്മദിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഒരുങ്ങിപ്പുറപ്പാ ടാണ് വൈദ്യര്‍ തന്‍റെ കൃതിയില്‍ വര്‍ണിക്കുന്ന രംഗമാണ് വീരപുത്രനില്‍ എടുത്ത് ചേര്‍ത്തത്.

തുടരെ മദ്ദളവും മുരശൊട്
മരുവ ഒറ്റകളും ബജയൊട്
ദുടികള്‍ ദഫുകളും കൈമണി
ദുനികള്‍ താശകളാല്‍...

മലയാളസിനിമയില്‍ മാപ്പിളപ്പാട്ടും മുസ്ലിംജീവിതവും അടയാളപ്പെട്ടതിന്‍റെ ആരംഭകാലചരിത്രവും മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ ഇശലുകള്‍ മലയാളസിനിമയില്‍ എത്രത്തോളം ഉപയോഗപ്പെടുത്തി എന്നതും സാമാന്യമായി വിശദീകരിക്കാനാണ് ശ്രമിച്ചത്. ആദ്യത്തെ ലക്ഷണമൊത്ത മലയാളസിനിമ എന്ന് വിശേഷിപ്പിക്കാവുന്ന നീലക്കുയില്‍ തൊട്ടു തന്നെ മാപ്പിളപ്പാട്ടുകള്‍ ബോധപൂര്‍വം തന്നെ മലയാളസിനിമയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെങ്കിലും മലയാളചലച്ചിത്രഗാന ചരിത്രമെഴുത്തു കളിലും മറ്റും ഇക്കാര്യം അധികം പരാമര്‍ശിച്ചു കണ്ടിട്ടില്ല. മോയിന്‍കുട്ടി വൈദ്യര്‍ തന്‍റെ ജീവിതകാലത്ത് നിലനിന്നിരുന്ന മലയാളഭാഷയിലും അറബിമലയാളത്തില്‍  നിലനിന്ന ഒരു തരം സങ്കരഭാഷാരീതിയിലും രാമചരിതം പോലെയുള്ള പഴയപാട്ടുകൃ തികളോട് ചായ്വുള്ള ഭാഷയിലും കാവ്യം രചിച്ചിരുന്നു. എന്നാല്‍ ലിപി അറബിമലയാളമായതിനാലോ പേര്‍ഷ്യന്‍ മുതലായ ഭാഷകളിലെ പദങ്ങളും മറ്റും ഉപയോഗിച്ചതിനാലോ മുഖ്യധാരാസാ ഹിത്യ ചരിത്രവിജ്ഞാനീയങ്ങള്‍ അവയ്ക്ക് വേണ്ടത്ര പരിഗണന നല്‍കുകയുണ്ടായില്ല എന്ന് വേണം പറയാന്‍.

റഫറന്‍സ്

ഉബൈദ് ടി. കവിസാമ്രാട്ട് മോയിന്‍ കുട്ടി വൈദ്യര്‍. ടി ഉബൈദ് രചനകള്‍ പ0നങ്ങള്‍ ഓര്‍മ്മകള്‍.  കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി.
ഗോപാലകൃഷ്ണന്‍. പി.കെ.1974. കേരളത്തിന്‍റെ സാംസ്കാരികചരിത്രം. തിരുവനന്തപൂരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഭാസ്കരന്‍ പി. 2015. കോഴിക്കോട:് ആത്മകഥ മാതൃഭൂമി ബുക്സ് .
രാഘവന്‍. കെ. 2003.  മധുരമീ ജീവിതം. കോട്ടയം: ഡി.സി ബുക്സ്.
ശൂരനാട് കുഞ്ഞന്‍പിള്ള. 1940. യാത്രക്കാരുടെ കണ്ണിലെ മലബാര്‍. തിരുവനന്തപൂരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1940 പേജ്: 300
ചലച്ചിത്ര സംഗീതത്തിന്‍റെ 50 വര്‍ഷം. 1994. ചിത്രഗാനസ്മരണിക, മലയാള ഫീലീം മ്യൂസിക് അസോസിയേഷന്‍.
https://www.manoramaonline.com/music/columns/karalil-virinja-pookkal/2017/11/07/kayalarikathu-valakilukkiya-sundari-song-article.html.
മലയാളസംഗീത വിജ്ഞാനകോശം. http://malayalasangeetham.blogspot.com/2015/12/blog-post.html.
മുഹമ്മദ്റാഫി എന്‍.വി
അസി. പ്രൊഫസര്‍
സാഹിത്യപഠനസ്കൂള്‍
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല
വാക്കാട് പി.ഒ
പിന്‍: 676502 
ഫോണ്‍: +91 9447275854
email: rafinaduvannoor@gmail.com