Parallel paths of modernity:  Readings on George Onakkoor’s Short stories

Dr.Stalin Das Padinhare Purakkal

(Article No: 228, issue No: 29, June 2022, Page no: 155-164)

An author  better renowned  as a novelist than  a short story writer , Sri George Onakkoor’s  parlance on the shorter version of diction is distinctive  in a number of ways.  He commenced his strides in story telling  when  Modernist  movement  dawned upon  in  the historic crossroads, restructuring  Malayalam Literature. Even then,  his stories stand aloof, disinclining to the Life- Loathing  predispositions of  Modernism.Thus, his  anecdotes, impassive to the narrative styles  proposed  by the Modernist  course,  tread  parallel to the flow  with their attributes so genuine in content, context, style and language. Onakkoor tales  reflect  honest  depictions of life and experiences  without  experimenting  on the complexities of narrative styles or  craft- convolutions. This Paper ventures to identify the signes and singularities  left over by Onakkoor Stories, how they took the road less travelled from the busy lane  laid down by modernity.

Keywords: Modernity,Short Story, Narration, Romanticism, Nostalgia

Reference:
George Onakkoor, Kadhakal, Sahithya Pravarthaka Sahakarana Sangam, Kottayam, 2010
George Onakkoor, Hridaya Ragangal, DC Books, Kottayam, 2018
Ravi Kumar K S ,Kadhayum Bavukathwa parinamavum, Sahithya Pravarthaka Sahakarana Sangam , Kottayam ,1999
Ravikumar K S , Cherukadha Vakum Vazhiyum  , Sahitaya Pravarthaka Sahakarana Sangam, Kottayam , 2009
Raveendran P P ,Aadhunikathayade pinnampuram, Sahithya Pravarthaka Sahakarana Sangam, Kottayam, 2017
Dr.Stalin Das Padinhare Purakkal
Associate Professor
Dept. of Malayalam
Govt. Arts & Science College
Kozhikode 
India
Pin: 673018
Mob: +91 9447926575
email: stalindas77@gmail.com


ആധുനികതയുടെ സമാന്തരപാതകള്‍: 
ജോര്‍ജ് ഓണക്കൂര്‍ കഥകളുടെ വായനകള്‍

ഡോ. സ്റ്റാലിന്‍ദാസ്  പടിഞ്ഞാറെ പുരക്കല്‍

ചെറുകഥാകൃത്ത് എന്നതിനേക്കാള്‍ നോവലിസ്റ്റ് എന്ന നിലയില്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ് ജോര്‍ജ് ഓണക്കൂര്‍. അപൂര്‍വ്വമായി മാത്രം കഥാരചനയുടെ ലോകത്ത് പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന ഓണക്കൂറിന്‍റെ കഥാലോകം വലിയ സവിശേഷതകളുള്ളതാണ്. ആധുനികതാപ്രസ്ഥാനം മലയാള കഥയേയും നോവലിനേയും അഴിച്ചുപണിയുന്ന ചരിത്രഘട്ടത്തിലാണ് ഓണക്കൂര്‍ കഥകളെഴുതിത്തുടങ്ങുന്നതെങ്കിലും ജീവിതാഭിമുഖമല്ലാത്ത ആധുനിക പ്രവണതകളോട് അകന്നാണ് ആ കഥകളുടെ നില്‍പ്പ്. സാഹിത്യാധുനികതയുടെ മുദ്രകള്‍ നിറഞ്ഞ ആഖ്യാന പ്രവണതകളെ അവഗണിച്ച് പ്രമേയം, ഭാഷ, ശൈലി എന്നിവയിലെല്ലാം മൗലികമായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ആധുനികതയുടെ മഹാപ്രവാഹത്തിന് സമാന്തരമായി നീങ്ങുകയാണ് ഓണക്കൂര്‍ കഥകള്‍. ആഖ്യാനത്തിന്‍റെ സങ്കീര്‍ണ്ണതകളിലോ പരീക്ഷണ പ്രവണതകളിലോ അഭിരമിക്കാതെ ജീവിതത്തോടും ജീവിതാനുഭവങ്ങളോടും സത്യസന്ധമായി പ്രതികരിക്കുന്നു ആ കഥകള്‍ ആധുനികത സ്ഥാപിച്ചെടുത്ത രചനാപരിസരത്തുനിന്നും ഓണക്കൂര്‍ കഥകള്‍ വഴി മാറി നടന്നതിന്‍റെ അടയാളങ്ങളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് പ്രബന്ധം ചെയ്യുന്നത്.
താക്കോല്‍ വാക്കുകള്‍: ആധുനികത, ചെറുകഥ, ആഖ്യാനം, കാല്പനികത, ഗൃഹാതുരത 
മലയാള നോവലിലും, കഥയിലും ആധുനികത ഒരു സാഹിത്യപ്രസ്ഥാനമെന്ന നിലയില്‍ സജീവമായിത്തീരുന്നത് തൊള്ളായിരത്തി എഴുപതുകളിലാണ്. സാമ്പ്രദായികപ്രമേയങ്ങളേയും ആഖ്യാനരീതികളെയും അട്ടിമറിക്കുകയും അനുവാചകരുടെ ഭാവുകത്വപരിണാമത്തിന് കളമൊരുക്കുകയും ചെയ്തു മലയാളത്തിലെ സാഹിത്യാധുനികത. ആധുനികതാപ്രസ്ഥാനം മുന്നോട്ടുവെച്ച പ്രമേയപരവും രൂപപരവുമായ സവിശേഷതകള്‍ ആഴത്തില്‍ പ്രകടമായ രൂപം ചെറുകഥയായിരുന്നു. അക്കാലത്ത് മലയാളനോവലില്‍ സംഭവിച്ച പരിണാമങ്ങളേക്കാള്‍ വേഗതയിലും സാന്ദ്രതയിലും ആധുനികതാവ്യവഹാരങ്ങളെ മലയാള കഥകള്‍ സ്വാംശീകരിക്കുകയുണ്ടായി. കാക്കനാടനും ഒ.വി.വിജയനും മുകന്ദനും ആനന്ദും വി.കെ. എന്നും നാരായണപ്പിള്ളയും സക്കറിയയും മറ്റും ആധുനികത രൂപപ്പെടുത്തിയെടുത്ത ഭാവുകത്വധാരയിലേക്ക് വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ വഴികള്‍ നല്‍കി. 
മലയാളകഥയിലും നോവലിലും കവിതയിലും പ്രതിഷ്ഠാഭഞ്ജനങ്ങള്‍ സംഭവിച്ച അക്കാലത്തിന്‍റെ ദാര്‍ശനികവും രാഷ്ട്രീയപരവും സാംസ്കാരികവുമായ സ്വാധീനങ്ങളെക്കുറിച്ച് വിലയിരുത്തലുകള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. സാഹിത്യാധുനികത മലയാളനോവലിനേയും കഥയേയും കവിതയേയും അഴിച്ചുപണിയുന്ന അക്കാലത്തുതന്നെ ആധുനികതയുടെ കൂടിയ വേഗങ്ങളില്‍നിന്ന് വഴിമാറിയ സമാന്തരപാതകളും നമ്മുടെ കഥയിലും കവിതയിലും നോവലിലുമുണ്ടായി. ആധുനികരുടെ മുഖമുദ്രകളായ പ്രത്യാശാശൂന്യത, സ്വത്വ സംഘര്‍ഷങ്ങള്‍, നിഷേധാത്മകത, മൂല്യനിരാസം തുടങ്ങിയ പ്രവണതകളെ മറികടക്കുന്നതും ജീവിതാഭിമുഖവും പ്രത്യാശാനിര്‍ഭരവുമായ എഴുത്തിന്‍റെ ആ സമാന്തരപാതയിലാണ് ജോര്‍ജ് ഓണക്കൂറിന്‍റെ സ്ഥാനം. ആധുനികത പ്രസരിപ്പിക്കുകയും പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത യൂറോകേന്ദ്രിത ഇറക്കുമതിഭാവുകത്വത്തിന്‍റെ പശ്ചാത്തലത്തിലാണ് ജോര്‍ജ് ഓണക്കൂര്‍ കഥാരചനയിലേക്ക് വരുന്നത്. 
ഓണക്കൂര്‍ എഴുതിയിരുന്ന കഥകള്‍ രൂപഭാവങ്ങളിലൊന്നും തന്നെ ആധുനിക ചെറുകഥാമാതൃകകളോട് സാമ്യമുള്ളവയായിരുന്നില്ല. ആധുനികതയുടെ രീതിശാസ്ത്രങ്ങളും സൗന്ദര്യമാനദണ്ഡങ്ങളും രചനകളില്‍ പരിഗണിക്കാത്ത സ്വകീയവും മൗലികവുമായ രചനാ രീതിയാണ് ഓണക്കൂര്‍ കഥയെഴുത്തില്‍ സ്വീകരിച്ചത്. 
ദാര്‍ശനിക സ്വഭാവമുള്ള പ്രമേയങ്ങളും ആവിഷ്കാരമാതൃകകളും ഉപയോഗിച്ച് കഥകളെഴുതിയ ആധുനികരില്‍നിന്ന് വ്യത്യസ്തമായി നിത്യജീവിത യാഥാര്‍ത്ഥ്യങ്ങളുടെ തുറസ്സില്‍ നിന്ന് കഥ പറയാനാണ് ഓണക്കൂര്‍ ശ്രമിച്ചത്. "ആധുനിക കഥകള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ പരിചിതാംശത്തിന് അപരിചിതമായ ഛായ നല്‍കുകയായിരുന്നു. അത് നിത്യജീവിതത്തിന്‍റെ സാമാന്യാനുഭവങ്ങളില്‍ നിന്നാണ് ഉരുവം കൊണ്ടത്. ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്നു നിന്ന പ്രഹേളികാസ്വഭാവമായിരുന്നു ആധുനിക കഥകള്‍ക്ക്" എന്ന കെ.എസ്.രവികുമാറിന്‍റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമായിത്തീരുന്നു (രവികുമാര്‍ കെ.എസ്. 2009: 19). ജീവിതബന്ധമില്ലാത്ത രചനകളുടെ ആനുകാലിക സ്വാധീനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് വഴിമാറി നടക്കാനായത് ആധുനികകര്‍ക്കന്യമായ ജീവിതാവബോധം നിമിത്തമായിരുന്നു. ആധുനികര്‍ക്കു മുമ്പുള്ള തലമുറയിലെ എം.ടി.യും മാധവിക്കുട്ടിയും പത്മനാഭനുമടക്കമുള്ള കഥാകൃത്തുക്കള്‍ സ്ഫുടം ചെയ്തെടുത്ത ചിത്തവൃത്തി പ്രധാനമായ ഭാവാത്മക കഥകളോട് ഓണക്കൂറിന്‍റെ കഥകള്‍ക്ക് ശൈലീപരമായ ബന്ധമുണ്ട്. 
അടിസ്ഥാനപരമായി ഒരു നോവലിസ്റ്റാണ് ഓണക്കൂര്‍. തന്‍റെ സര്‍ഗ്ഗശേഷിയുടെ ഏറിയപങ്കും അദ്ദേഹം വിനിയോഗിച്ചത് നോവല്‍ രചനക്കായാണ്. അകലെ ആകാശം, ഇല്ലം, കല്‍ത്താമര, ഉള്‍ക്കടല്‍, കാമന, പര്‍വ്വതങ്ങളിലെ കാറ്റ് തുടങ്ങിയ നോവലുകള്‍ ആ സര്‍ഗ്ഗസാധനയുടെ നിസ്തുല സാക്ഷ്യങ്ങളായി മലയാളത്തിനു ലഭിച്ച കൃതികളാണ്. നോവലിനു പുറമെ സാഹിത്യ ഗവേഷണവും ജീവചരിത്രരചനയും യാത്രാവിവരണവും വൈജ്ഞാനിക മേഖലയിലെ പ്രവര്‍ത്തനങ്ങളും സാംസ്കാരിക രംഗത്തെ ഇടപെടലുകളുമെല്ലാം ഓണക്കൂറിന്‍റെ സര്‍ഗ്ഗവ്യക്തിത്വം വ്യാപരിക്കുന്ന മേഖലകളാണ്. ഇക്കൂട്ടത്തില്‍ വളരെ ചെറിയ ശ്രദ്ധയും താല്പര്യവുമേ അദ്ദേഹം ചെറുകഥാ രചനക്കു നല്‍കിയിട്ടുള്ളൂ. 
തൊള്ളായിരത്തി അറുപതുകളിലാരംഭിച്ച എഴുത്തു ജീവിതത്തില്‍ വളരെയധികം കഥകളൊന്നും അദ്ദേഹം എഴുതിയിട്ടില്ല. ആറുപതിറ്റാണ്ടിലധികം നീണ്ട രചനാജീവിതത്തില്‍ കഥയെഴുത്തില്‍ പലപ്പോഴും ദീര്‍ഘമായ മൗനം ഓണക്കൂര്‍ ദീക്ഷിച്ചതായി കാണാം. എണ്ണത്തില്‍ കറവെങ്കിലും മനുഷ്യ ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും സങ്കീര്‍ണ്ണതകളും അനുഭവിപ്പിക്കുന്ന ആവിഷ്കാരങ്ങളായിരുന്നു അവയെല്ലാം. രക്തസാക്ഷികളുടെ ഗ്രാമമെന്നറിയപ്പെട്ട കൂത്താട്ടുകുളം ഓണക്കൂറിന്‍റെ ജന്മഗ്രാമത്തിന്‍റെ സമീപസ്ഥലമാണ്. തിരു-കൊച്ചി ഭരണകൂടം കൂത്താട്ടുകുളത്തെ വിപ്ലവകാരികളായ ചെറുപ്പക്കാരെ ലക്ഷ്യമിട്ടു നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥി പാമ്പാക്കുട അയ്യപ്പന്‍റെ ഓര്‍മ്മകളാണ് ഓണക്കൂറിന്‍റെ ڇകാരാഗൃഹത്തില്‍چ എന്ന ആദ്യ കഥയ്ക്ക് പ്രേരകമാവുന്നത്. (ജോര്‍ജ് ഓണക്കൂര്‍ 2018:24) കൗമുദി ബാലപംക്തിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ ആദ്യകഥയില്‍ തന്നെ നിത്യജീവിതത്തിലെ ദാരുണ യാഥാര്‍ത്ഥ്യങ്ങളെ വൈകാരിക ഭാഷയില്‍ ആവിഷ്കരിക്കാനുദ്യമിക്കുന്ന എഴുത്തുകാരന്‍റെ തുടക്കം കാണാം. 
വൈകാരികതയെ കുടഞ്ഞെറിഞ്ഞു കളഞ്ഞ് സവിശേഷമായ ദാര്‍ശനിക പരിസരത്തെ എഴുത്തില്‍ ആവാഹിച്ച ആധുനികരായ സമകാലികരില്‍നിന്നു ഭിന്നമായി കാല്പനികത നിറഞ്ഞ വിഷാദ ഭാവനയുടെ സാന്നിധ്യം ഓണക്കൂറിന്‍റെ മിക്ക കഥകളിലും കാണാം. കാല്പനിക യാഥാര്‍ത്ഥ്യത്തിന്‍റെ ആവിഷ്കാരങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ കാല്പനികാന്തരീക്ഷത്തെ ചൂഷണം ചെയ്യുന്ന ജനപ്രിയരചനയുടെ പക്ഷത്തല്ല ആ കഥകള്‍ നിലനില്‍ക്കുന്നതെന്ന് എടുത്തുപറയേണ്ട സവിശേഷതയാണ്. 
ജനിച്ചു വളര്‍ന്ന ഗ്രാമത്തോടുള്ള അടക്കാനാവാത്ത അഭിനിവേശം പില്‍ക്കാലത്ത് നഗരത്തിലേക്ക് ഉപജീവനാര്‍ത്ഥം കുടിയേറേണ്ടി വന്നപ്പോള്‍ ഗൃഹാതുര സ്മൃതികളായി ഓണക്കൂറിന്‍റെ കഥകളില്‍ തെളിഞ്ഞു വരുന്നതു കാണാം. നാട്ടിന്‍പുറത്തെ അമൂല്യങ്ങളായ മനുഷ്യബന്ധങ്ങളെ വികാരതീവ്രതയോടെ അനുസ്മരിക്കുന്ന ആ കഥകളില്‍ ജീവിതത്തിന്‍റെ സ്വാഭാവിക സ്ഥാനങ്ങളില്‍നിന്നും ഗത്യന്തരമില്ലാതെ പലായനം ചെയ്യേണ്ടി വരുന്നവരുടെ ദുഃഖസ്മരണകള്‍ നിറയുന്നു. കുടിയേറിയ നഗരജീവിതത്തോട് ഒരിക്കലും പൊരുത്തപ്പെടാനാവാത്ത ഒരാളുടെ അതിജീവനത്തിനായുള്ള പിടച്ചിലുകള്‍ പല കഥകളിലുമുണ്ട്. 'ജന്മാന്തരം' അക്കൂട്ടത്തില്‍പ്പെട്ട ഒരു കഥയാണ്. നീലമലകളുടെ താഴ്വാരത്തില്‍, കൊച്ചരുവികളുടെ സംഗീതവും കുളിര്‍ക്കാറ്റിന്‍റെ തലോടലും നിറഞ്ഞു നിന്നിരുന്ന ഗ്രാമത്തിലായിരുന്നു വീട് എന്ന് തന്‍റെ ജന്മഗ്രാമത്തിനെ ജന്‍മാന്തരത്തിലെ കഥാപാത്രം ഓര്‍ത്തെടുക്കുന്നതു കാണാം. അയാള്‍ ജീവിതത്തിന്‍റെ വിപരീതഗതിയില്‍ നഗരകാന്താരത്തില്‍ എത്തിപ്പെട്ടു. ഒന്നിലും തൃപ്തി തോന്നാതെ എന്തിനോ വേണ്ടി തിരക്കിട്ടു പായുന്ന ലോകത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനാവാത്ത വിധം നഗരത്തില്‍ ബന്ധിതനായിപ്പോകുന്ന ഒരാളെയാണ് ഈ കഥ അവതരിപ്പിക്കുന്നത്. ഗ്രാമ-നഗര സംഘര്‍ഷങ്ങളുടെ അടയാളങ്ങള്‍ പതിഞ്ഞ മറ്റൊരു രചനയാണ് 'മൂവാറ്റുപുഴക്കാരന്‍റെ മനോഗതങ്ങള്‍'.
ഗൃഹാതുരമായ പല അനുഭവങ്ങളിലും പ്രണയവും പ്രണയഭംഗവും പ്രണയനഷ്ടവിഷാദവും വിഷയമാവുന്നു. പലപ്പോഴും അവക്കുള്ള നിമിത്തമായിത്തീരുന്നത്. അലോസരപ്പെടുത്തുന്ന നാഗരിക ജീവിതാനുഭവങ്ങളാണ്. സ്വസ്ഥതയും സമാധാനവുമില്ലാത്ത, പകയും മത്സരവും വഞ്ചനയും നിറഞ്ഞ നഗരജീവിതത്തിന്‍റെ കാനല്‍ നിലങ്ങളില്‍ പഴയ പ്രണയസ്മരണകള്‍ ജീവിത സങ്കീര്‍ണ്ണതകളില്‍ നിന്നുള്ള പലായനമായി മാറുന്നു. ഇരുപതു വര്‍ഷത്തിനു ശേഷം, ഒരു പ്രണയ വിചാരം, സ്നേഹത്തിന്‍റെ അനന്ത രഹസ്യങ്ങള്‍, ഒരേ തൂവലുള്ള പക്ഷികള്‍ തുടങ്ങിയ കഥകളിലൊക്കെ പൂര്‍വാനുരാഗത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടുമുണരുന്നതിന്‍റെ പശ്ചാത്തലം സൃഷ്ടിക്കുന്നത് നഗര-ഗ്രാമജീവിത വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷവും പഴയ സുവര്‍ണകാലത്തെക്കുറിച്ചുള്ള തീരാത്ത നഷ്ടബോധവുമാണ്. കാല്പനികാംശം മുറ്റി നില്‍ക്കുന്ന ഈ പ്രണയകഥകളില്‍ ഒരിടത്തും സഫലമായ പ്രണയം ആവിഷ്കരിക്കപ്പെടുന്നില്ല. പ്രണയ പരാജയത്തിന്‍റെയും പ്രണയനൈരാശ്യത്തിന്‍റെയും അനുഭവങ്ങള്‍ മാത്രമാണ് ഓണക്കൂര്‍ ആവിഷ്ക്കരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 
നഗര-ഗ്രാമ മൂല്യ സംഘര്‍ഷങ്ങളുടെ സൃഷ്ടി തന്നെയാണ് ഓണക്കൂറിന്‍റെ കഥകളില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന അസ്വസ്ഥമായ ദാമ്പത്യബന്ധങ്ങള്‍. നഗരം ഗ്രാമീണനു നല്‍കുന്ന വീര്‍പ്പുമുട്ടലിനെ ഇരട്ടിപ്പിക്കുന്ന അനുഭവമായി ദാമ്പത്യത്തെ സ്ഥാനപ്പെടുത്തുന്ന കഥകളില്‍ നാഗരികയായ, പ്രകടനാത്മകതയുള്ള പരിഷ്കാരിയായ ഭാര്യയുമായി ഒത്തു പോകാനാവാതെ പരാജയപ്പെട്ടു പിന്‍വാങ്ങുന്ന ഗ്രാമീണ പശ്ചാത്തലമുള്ള നിസ്സഹായനായ ഒരുവന്‍റെ ആവര്‍ത്തിച്ചുള്ള ചിത്രങ്ങള്‍ കാണാം. പരിണാമരഹസ്യം, സൂര്യന്‍ പടിഞ്ഞാറു ചായുന്നു, അനന്തരം എന്തു സംഭവിക്കും, നാലു പൂച്ചക്കുട്ടികള്‍, അധികാരം എന്നീ കഥകളിലൊക്കെ ഇപ്രകാരം പരാജിതനായി പിന്തിരിയുകയും നിസ്സഹായത സൃഷ്ടിക്കുന്ന മരവിപ്പിലേക്കു വീണുപോവുകയും ചെയ്യുന്ന ഒരാളാണ് കേന്ദ്രസ്ഥാനത്തുള്ളത്. 
നാഗരിക ദാമ്പത്യത്തിന്‍റെ പ്രകടനപരതയും ആത്മാര്‍ത്ഥതാരാഹിത്യവും സ്നേഹ നിരാസവും വ്യക്തമാവുന്ന കറുത്തകോട്ട് എന്ന കഥ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ദാമ്പത്യത്തില്‍ ക്രമേണ സംഭവിക്കുന്ന അകല്‍ച്ചകളും ദാമ്പത്യേതരബന്ധങ്ങളുടെ സാന്നിധ്യവും അസന്തുഷ്ടിയും ഒക്കെച്ചേര്‍ന്ന് ഈ കഥ തീവ്രമായ ഒരനുഭവമായി മാറുന്നു. ഭര്‍ത്താവു മരിച്ചു കിടക്കുമ്പോള്‍ ദുഃഖസൂചകമായി അണിയേണ്ട കറുത്ത ബോര്‍ഡറുള്ള സാരിക്കു വേണ്ടി ഉത്കണ്ഠപ്പെടുന്ന ഷേര്‍ലി വര്‍ഗീസെന്ന നഗരഭാര്യ മാറി വരുന്ന ജീവിതമൂല്യങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയായി ڇ'കറുത്തകോട്ടി' ല്‍ മാറുന്നു. 
ജീവിതായോധനത്തിനു വേണ്ടി സ്വീകരിക്കേണ്ടി വന്ന ജോലി സൃഷ്ടിക്കുന്ന സംഘര്‍ഷം പല കഥകളുടെയും പ്രമേയമാകുന്നുണ്ട്. ആദര്‍ശവാനായ ഒരാള്‍ കാപട്യം മാത്രം കൈമുതലാക്കിയവരുടെ ഒരു ലോകത്തില്‍ ഒറ്റപ്പെടുന്നതിന്‍റെയും പൊതുമാനദണ്ഡങ്ങളുടെ പരിസരത്ത് അപഹാസ്യനാവുന്നതിന്‍റെയും ചിത്രങ്ങള്‍ കൊച്ചു കൃഷ്ണായ നമഃ, അധികാരം എന്നീ കഥകളില്‍ കാണാം. 'കൊച്ചു കൃഷ്ണായ നമഃ' യില്‍ ഉദ്യോഗസ്ഥനായിരിക്കെ അലസനും ഉത്തരവാദിത്തരഹിതനുമായിരുന്ന കൊച്ചു കൃഷ്ണന്‍ രാഷ്ട്രീയ സ്വാധീനത്താല്‍ പടിപടിയായുയര്‍ന്ന് പി.എസ്.സി.മെമ്പറായി മാറുന്നതും ആദര്‍ശവാനായ അയാളുടെ മേലുദ്യോഗസ്ഥന്‍ നിവൃത്തികേടുകൊണ്ട് ശുപാര്‍ശക്കു വേണ്ടി അയാളെ സമീപിക്കുന്നതുമാണു കഥ. നമ്മുടെ നാട്ടില്‍ പുലരുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ നഗ്നത വെളിപ്പെടുത്തുന്നു ഈ കഥ. രാഷ്ട്രീയ രംഗത്തും സാഹിത്യ-സാംസ്കാരിക മേഖലയിലും അലഞ്ഞു തിരിയുന്ന മൂന്നാംകിടക്കാരായ ഉല്‍ക്കര്‍ഷേച്ഛുക്കളെ നിശിതമായി പരിഹസിക്കുന്ന കഥകളാണ് മെഗലോമാനിയ, മന്ത്രി കൊച്ചുമത്തായി, മണ്ടന്‍ കിട്ടുണ്ണി എന്നിവ. മനുഷ്യരുടെ സ്വഭാവ വൈകൃതങ്ങളെയും പെരുമാറ്റ വൈകല്യങ്ങളെയും വക്രീകരിച്ചവതരിപ്പിക്കുന്ന ഇത്തരം ചെറുകഥകളെ കാരിക്കേച്ചറിനു സമാനമായാണ് ചെറുകഥാ പഠിതാവായ 
കെ.എസ്. രവികുമാര്‍ വിലയിരുത്തുന്നത് (2010: 11).
മന്ദബുദ്ധിയായ കൊച്ചുമത്തായി മന്ത്രിയാവുന്നതും അല്പനായ കിട്ടുണ്ണി ബുദ്ധിജീവിയായി ചമയുന്നതും നമ്മുടേതുപോലുള്ള കള്ളനാണയങ്ങളുടെ സമൂഹത്തില്‍ അസംഭവ്യമല്ല. കവിതാരചനയില്‍ കമ്പം കയറി കവിയായി പേരെടുക്കാന്‍ വേണ്ടി ആനുകാലിക സംഭവങ്ങളൊന്നും വിടാതെ കവിതക്കു വിഷയമാക്കി സാഹിത്യ ജീര്‍ണത സൃഷ്ടിക്കുന്ന 'മെഗലോമാനിയ' യിലെ നാണുപിള്ളയും കണ്ടുമുട്ടുന്നവര്‍ തന്നെ. 
നിരന്തര യാത്രികനായ ജോര്‍ജ് ഓണക്കൂര്‍ മലയാളത്തില്‍ മികച്ച യാത്രാനുഭവങ്ങള്‍ രചിച്ചിട്ടുണ്ട്. സ്വാഭാവികമായിത്തന്നെ അദ്ദേഹത്തിന്‍റെ കഥകളില്‍ ചിലതെങ്കിലും യാത്രാനുഭവങ്ങളില്‍നിന്ന് രൂപപ്പെട്ടവയാണ്. അവയില്‍ മിക്കതിലും ക്രൈസ്തവ മിത്തോളജിയുടെ ആഴത്തിലുള്ള സ്വാധീനം കാണാം. 
വിദേശയാത്രകളുടെയും ആഭ്യന്തര യാത്രകളുടെയും ഓര്‍മ്മകളും അനുഭവങ്ങളും ചേര്‍ന്നു സൃഷ്ടിച്ച കഥകളാണ് നക്ഷത്ര പഥവും കാത്ത്, നീര്‍ക്കുരുവിയുടെ ജന്മം, പ്രണയത്തിന്‍റെ  വീണ്ടെടുപ്പുകള്‍, സാറ, മൂന്നു യാത്രക്കാര്‍ തുടങ്ങിയ കഥകള്‍. യാത്രകളില്‍ ഉണ്ടാകുന്ന സാംസ്കാരിക വിനിമയങ്ങള്‍ക്കപ്പുറം ഏതു ലോകത്തേയും മനുഷ്യര്‍ തമ്മില്‍ സംഭവിക്കുന്ന ദേശാതിര്‍ത്തികള്‍ കൊണ്ടു തടയാനാവാത്ത സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും നിത്യമായ അടയാളങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ കഥകള്‍ക്കു കഴിയുന്നുണ്ട്. 
ക്രിസ്തീയ വേദപുസ്തകം ജോര്‍ജ് ഓണക്കൂറിന്‍റെ സര്‍ഗ വ്യക്തിത്വത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതിന് നോവലിലും കഥകളിലും പലയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ബൈബിളിലെ ഇതിവൃത്തങ്ങളുടെ സ്വകീയ ശൈലിയിലുള്ള പുനരാവിഷ്കാരങ്ങള്‍ സാക്ഷ്യങ്ങളാണ്. വേദപുസ്തക സംസ്കാരം ഭാഷാ തലത്തിലും പ്രമേയതലത്തിലും ആഖ്യാനതലത്തിലും പ്രകടമായ സ്വാധീനമായി കടന്നു വരുന്ന ചില കഥകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 'കായേന്‍' അവയില്‍ പ്രധാനപ്പെട്ട ഒരു കഥയാണ്. ബൈബിളിലെ കായേന്‍റെയും ഹാബേലിന്‍റെയും പ്രസിദ്ധ കഥയെ സവിശേഷ ശൈലിയിലുള്ള പുനരാഖ്യാനത്താലും അലംകൃതമായ ഭാഷയാലും എഴുത്തുകാരന്‍ ആവിഷ്ക്കരിക്കുന്നു. ബൈബിളില്‍ നിന്നുള്ള കഥാസൂചനകള്‍ ഉപയോഗിച്ചെഴുതിയ സീനായ് മലയിലേക്ക് എത്ര ദൂരം, ഊറിയാവിന്‍റെ കത്ത്, മറിയത്തിന്‍റെ മകള്‍ എന്നീ കഥകളിലൊക്കെ വിഖ്യാതമായ ഇതിവൃത്താംശങ്ങള്‍ വ്യത്യസ്തമായ വീക്ഷണകോണുകളിലൂടെയും വ്യാഖ്യാന സാധ്യതകള്‍ വഴിയും ആഖ്യാനം ചെയ്യപ്പെടുന്നതു കാണാം. ദാവീദ് രാജാവിന് ഊറിയാവിന്‍റെ ഭാര്യയായ ബത്ശേബയില്‍ ജനിച്ച കാമംമൂലം കൊലക്കളത്തിലേക്കു വലിച്ചെറിയപ്പെട്ട നിസ്സഹായനായ ഊറിയാവിന്‍റെ ആത്മഗതമെന്ന നിലയില്‍ ആവിഷ്കരിക്കപ്പെടുന്ന 'ഊറിയാവിന്‍റെ കത്ത്' എഴുത്തുകാരന്‍ പ്രയോഗിക്കുന്ന സവിശേഷതയാര്‍ന്ന ബൈബിള്‍ ഭാഷയുടെയും ബിംബകല്പനകളുടെയും മികച്ച ഉദാഹരണമാണ്. 
ബൈബിള്‍ സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ സ്പഷ്ടമായി തെളിയുന്ന മറ്റു ചില കഥകളും ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശയോഗ്യമാണ്. 'സാറാ' ആ വിധമുള്ള ഒരു കഥയാണ്. ബൈബിളില്‍ പരാമര്‍ശിക്കപ്പെടുന്ന വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സങ്കല്പനത്തെ ആധുനിക ജീവിതസന്ദര്‍ഭങ്ങളുമായി ചേര്‍ത്തുവയ്ക്കുകയാണ്. ഈ കഥ. നക്ഷത്രപഥങ്ങളും കാത്ത്, സൂര്യന്‍ പടിഞ്ഞാറു ചായുന്നു തുടങ്ങിയ കഥകളിലും പ്രമേയത്തിന്‍റെ ആധാരശ്രുതിയായി ബൈബിള്‍ സ്വാധീനം കണ്ടെത്താവുന്നതാണ്. വീണ്ടും ശൈശവം, യാത്രയുടെ സമയം, മരണപത്രം, അനന്തരം എന്തു സംഭവിക്കും. സൂര്യന്‍ പടിഞ്ഞാറു ചായുന്നു, പരേതാത്മാവിന്‍റെ വ്യാകുലചിന്തകള്‍ എന്നീ കഥകളൊക്കെ വാര്‍ദ്ധക്യത്തെയും മരണത്തെയും പ്രമേയമാക്കുന്നവയാണ്. അറുപതുകളില്‍ ആധുനികതയുടെ കുത്തൊഴുക്കില്‍ സമകാലികരായ എഴുത്തുകാര്‍ സമാനമായ സന്ദര്‍ഭങ്ങളുടെ ആഖ്യാനത്തിനു സ്വീകരിച്ച കടംകൊണ്ട പടിഞ്ഞാറന്‍ ദര്‍ശനങ്ങളെ പിന്തുടരുന്നില്ല ഓണക്കൂര്‍. വാര്‍ദ്ധക്യവും മരണവുമൊക്കെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്വാഭാവികമായി പുനരാവിഷ്കരിക്കപ്പെടുകയാണ് ഈ കഥകളില്‍. ഒറ്റപ്പെടലും നിസ്സഹായതയും നിരാശ്രയത്വവും സൃഷ്ടിക്കുന്ന ദയനീയമായ അനിവാര്യതകളായാണ് വാര്‍ദ്ധക്യവും മരണവും മിക്ക കഥകളിലും കടന്നു വരുന്നത്. യാത്രയുടെ സമയം, സൂര്യന്‍ പടിഞ്ഞാറു ചായുന്നു എന്നീ കഥകളില്‍ വര്‍ദ്ധക്യത്തിലെ ഏകാന്തതയുടെയും അവഗണനയുടെയും അടയാളങ്ങള്‍ ആഴത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നിസ്സംഗമായി ജീവിതാസക്തികള്‍ ഒന്നുമില്ലാതെയാണ് ഈ കഥകളിലെ പ്രധാന കഥാപാത്രങ്ങള്‍ മരണത്തിലേക്കു നടന്നുപോവുന്നത്. 
നഷ്ടസ്മൃതികളുടെയും വിഷാദത്തിന്‍റെയും നിസ്സംഗതയുടെയും ഭാവതലമാണ് ഓണക്കൂറിന്‍റെ മിക്ക കഥകളിലും കാണുന്നതെങ്കിലും ആക്ഷേപഹാസ്യവും നര്‍മ്മവും കൊണ്ട് ആഖ്യാനത്തെ വ്യതിരിക്തമാക്കാന്‍ ചില കഥകള്‍ക്കു കഴിയുന്നുണ്ട്. കോണ്‍ഫറന്‍സ് എന്ന കഥയില്‍ ഉത്തരേന്ത്യക്കാര്‍ക്ക് പൊതുവില്‍ ഹിന്ദി സംസാരിക്കാത്ത അഹിന്ദി സംസ്ഥാനക്കാരോടുള്ള പുച്ഛവും പരിഹാസവും ആക്ഷേപഹാസ്യത്തിനുള്ള വകയായി മാറുന്നു. പത്രോസിന്‍റെ അമ്മായി മരുമകന്‍റെ മരണം പോലും ആഘോഷമാക്കാന്‍ ശ്രമിക്കുന്ന അമ്മായി അമ്മയെയും 'മേരിക്കുട്ടിയുടെ പ്രണയം' ദൂരെയുള്ള ജോലി സ്ഥലത്തേക്ക് നിത്യേന കഷ്ടപ്പെട്ടു പോയി വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ അനുഭവങ്ങളെയും  ലഘു നര്‍മ്മത്തിന്‍റെ സ്പര്‍ശത്താല്‍ കഥാകൃത്ത് ആവിഷ്കരിക്കുന്നു. മണ്ടന്‍ കിട്ടുണ്ണി, മന്ത്രി കൊച്ചു മത്തായി, മെഗലോമാനിയ തുടങ്ങിയ കഥകളില്‍ ഭാഷയിലും ഭാവത്തിലും ആക്ഷേപഹാസ്യത്തിന്‍റെ കീറി മുറിക്കുന്ന ചീളുകളെ സമര്‍ത്ഥമായി എഴുത്തുകാരന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നു. 
ഓണക്കൂര്‍ കഥകളെ പൊതുവെ പരിശോധിക്കുമ്പോള്‍ മനുഷ്യജീവിതാനുഭവങ്ങളുടെ ആവിഷ്കാരങ്ങള്‍ കഴിഞ്ഞാല്‍ അദ്ദേഹം കഥാവിഷയമായി സ്വീകരിച്ചിരിക്കുന്ന ഒരു ജീവി കാക്കയാണെന്നു കാണാം. 'ചീത്തകള്‍ കൊത്തി വലിക്കുകിലും ഏറെയും വൃത്തി  വെടിപ്പെഴുന്ന' ഈ പക്ഷിയോടുള്ള ഗൂഢമായ താല്പര്യത്തിന്‍റെ പ്രകടനമായി ഒട്ടേറെ കഥകളുണ്ട്. അവയില്‍ കാക്ക പ്രധാനപ്പെട്ട കഥാപാത്രമായോ പരാമര്‍ശ രൂപത്തിലോ ബിംബകല്പനയായോ കടന്നുവരുന്നതു കാണാം. കാക്കകള്‍, കാക്കകളുടെ ആകാശം, കാക്ക കരയുന്നു തുടങ്ങിയ കഥകളുടെ തലക്കെട്ടുകള്‍ തന്നെ പ്രമേയ സൂചന നല്കുന്നുണ്ട്. ഈ കഥകളിലൊക്കെ കാക്കകളുമായുള്ള തന്‍റെ അസാധാരണമായ അടുപ്പത്തെയും കാക്കകളുടെ ജീവിതത്തെക്കുറിച്ചുള്ള മതിപ്പിനെയും വായനക്കാര്‍ക്ക് കൗതുകം ജനിപ്പിക്കുന്ന മട്ടില്‍ കഥാകൃത്ത് ആവിഷ്കരിക്കുന്നതു കാണാം. 
മലയാള ചെറുകഥാരംഗത്ത് സമകാലികരായ ചെറുകഥാകൃത്തുക്കളെപ്പോലെ ഒരിക്കലും സജീവമായിരുന്നില്ല ജോര്‍ജ് ഓണക്കൂര്‍. കഥയെഴുത്തില്‍ പിന്നിട്ട വര്‍ഷങ്ങളിലൊരിക്കലും കഥാരചനയെ അദ്ദേഹം പ്രധാന ആവിഷ്കരണ മാര്‍ഗമായി കണ്ടിട്ടില്ല. എങ്കിലും വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന ആ കഥകള്‍ നിലനിന്നിരുന്ന ആഖ്യാന പ്രവണതകളെയും പ്രസ്ഥാനങ്ങളുടെ അതിരുകളെയും അതിലംഘിച്ച് മൗലികമായ രചനയുടെ സ്വത്വമുദ്ര നേടുകയും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. മനുഷ്യനന്മയിലും മാനവികബോധത്തിലും ഇളകാതെ ഉറച്ചുനില്‍ക്കുന്ന നിലപാടുകളാണ് എഴുത്തിലും നിത്യേന വ്യാപരിക്കുന്ന സാംസ്കാരിക ജീവിതത്തിലും അദ്ദേഹം പുലര്‍ത്തിപ്പോരുന്നത്. കഥാരചനയുടെ ഘടനാപരമായ സങ്കീര്‍ണ്ണതലങ്ങളിലോ ആഖ്യാന വൈചിത്ര്യങ്ങളുടെ വിഭ്രാമകമായ അവസ്ഥകളിലോ അദ്ദേഹം ഒരിക്കലും ഭ്രമിച്ചിട്ടില്ല. ജീവിതത്തോടും ജീവിതാനുഭവങ്ങളോടും സത്യസന്ധത പുലര്‍ത്തുന്ന സര്‍ഗാത്മക ഏകാഗ്രതയുടെ നിത്യസാക്ഷ്യങ്ങളായി മാറുന്നു ആ കഥകള്‍. അക്കാരണത്താല്‍ തന്നെ ആധുനികതയുടെ ഘട്ടത്തില്‍ കഥയെഴുതാനാരംഭിച്ചവരുടെ കൂട്ടത്തില്‍ വ്യതിരിക്തവും ശ്രദ്ധേയവുമായ സ്വരം കേള്‍പ്പിക്കാന്‍ ജോര്‍ജ് ഓണക്കൂറിന്‍റെ കഥാലോകത്തിനാവുന്നുണ്ട്. 
ആധുനികതാ പ്രസ്ഥാനത്തിന്‍റെയും ഉത്തരാധുനിക പ്രവണതകളുടെയും കാലഘട്ടത്തില്‍ എഴുതിത്തുടങ്ങുന്നവരെല്ലാം പ്രമേയം കൊണ്ടും ഭാഷകൊണ്ടും ശൈലികൊണ്ടും നിലനില്‍ക്കുന്ന എഴുത്തിന്‍റെ ഒഴുക്കുകള്‍ക്കൊപ്പം നീന്താന്‍ ശ്രമിച്ചപ്പോള്‍ ഒഴുക്കിനൊപ്പം നീങ്ങാതെ കഥയെഴുത്തില്‍ ആഖ്യാനത്തിന്‍റെ സമാന്തരപാത വെട്ടിത്തെളിച്ചെടുക്കാനും ആ വഴിയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു ഓണക്കൂറിലെ ചെറുകഥാകൃത്തിനെന്ന് ആ കഥകള്‍ സാക്ഷ്യം പറയുന്നു. 
റഫറന്‍സ്

ജോര്‍ജ് ഓണക്കൂര്‍, കഥകള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2010. 
ജോര്‍ജ് ഓണക്കൂര്‍, ഹൃദയരാഗങ്ങള്‍, ഡി.സി.ബുക്സ്, കോട്ടയം, 2018.
രവികുമാര്‍ കെ.എസ്., കഥയും ഭാവുകത്വ പരിണാമവും, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 1999. 
രവികുമാര്‍ കെ.എസ്., ചെറുകഥ വാക്കും വഴിയും, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2009.  
രവീന്ദ്രന്‍ പി.പി., ആധുനികതയുടെ പിന്നാമ്പുറം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2017.

Dr. Stalin Das Padinhare Purakkal 
Associate Professor, Dept. of Malayalam 
Govt. Arts & Science College
Kozhikode
PIN : 673018
India 
Mob: +91 944792575
email: stalindas77@gmail.com