Reconstruction of the Myth in Sara Joseph’s Ramayana Stories
Dr Sheeba Divakaran
(Article No: 226, issue No: 29, June 2022, Page no: 136-145)
Abstract
Myth is a symbolic narrative, generally of unknown origin and at least partly traditional, that supposedly relates actual events and is particularly associated with religious believes. Modern day literature, especially written by women deconstructs these myths and tries to unearth their inner contradictions. Sara Joseph’s Ramayana Stories critique the anti-feministic myths by analyzing selected mythological characters with antagonistic buildups. They revolve around these characters and give them voice to tell their own tales. Through her stories, characters like Mandhara and Surpanakha get to express themselves probably for the first time ever in history. As the myths falloff, novel and unique women’s voices hitherto unheard presents themselves through her characters.
Key Words: Myth, Ramayana Stories, Reconstruction, Feminism
Reference:
Noushad, S. 2017. Veerapurushanum Visudhhasthreeyum. Kochi: Patasala Publications.
Raghava Varrier, Rajan Gurukkal. 2012. Mythum Samoohavum. Kottayam: NBS.
Rajan Gurukkal. 2013. Myth Charithram Samooham. Kottayam: NBS.
Sara Joseph, 2017. Puthu Ramayanam. Thrissur: Current Books.
Sara Joseph, 2015. Sara Josephinte Sampoorna Kathakal. Thrissur: Current Books.
മിത്തിന്‍റെ പുനര്‍നിര്‍മിതി: സാറാജോസഫിന്‍റെ രാമായണകഥകളില്‍
ഡോ. ഷീബാദിവാകരന്‍
സംഗ്രഹം
മനുഷ്യസമൂഹത്തിന്‍റെ സാംസ്കാരിക-രാഷ്ട്രീയപരിവര്‍ത്തനത്തിന്‍റെ സംഘര്‍ഷസ്ഥലങ്ങളെ അടയാളപ്പെടുത്തുന്നതും വിശ്വാസബന്ധിതവുമായ ആഖ്യാനരൂപങ്ങളാണ് മിത്തുകള്‍. ഇവ പൊളിച്ചുകൊണ്ട് മിത്തിലെ വിപരീതാര്‍ഥത്തെ കണ്ടെത്തുക എന്ന ദൗത്യമാണ് പൊതുവില്‍ സ്ത്രീരചനകള്‍ നിര്‍വഹിക്കുന്നത്.. സ്ത്രീവിരുദ്ധങ്ങളായ, നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന, മിത്തുകളെ അപഗ്രഥിക്കുകയും അവയ്ക്കുള്ളിലെ സ്ത്രീവിമോചനസാധ്യതകളെ കണ്ടെത്തുകയും ചെയ്യുന്ന എഴുത്തുകാരിയാണ് സാറാജോസഫ്. രാമായണത്തിലെ നായക-പ്രതിനായികാസ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ ആഖ്യാനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് സാറാജോസഫ് രാമായണത്തിന്‍റെ പുനര്‍വായന നിര്‍വഹിക്കുന്നത്. മന്ഥര, ശൂര്‍പ്പണഖ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് ആദ്യമായി സ്വരംകിട്ടുന്നു. അവര്‍ ഇതുവരെ ആരും പറയാത്ത, അവരുടെ കഥപറയുകയാണ്.
താക്കോല്‍പ്പദങ്ങള്‍: മിത്ത്, രാമായണകഥകള്‍, പുനര്‍നിര്‍മിതി, സ്ത്രീവാദം
അചരിത്രഭാഷണങ്ങളാണ് മിത്തുകള്‍. മനുഷ്യസമൂഹത്തിന്‍റെ സാംസ്കാരിക-രാഷ്ട്രീയപരിവര്‍ത്തനത്തിന്‍റെ സംഘര്‍ഷസ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ആഖ്യാനരൂപങ്ങള്‍. ദത്തമായ ജീവിതത്തില്‍നിന്നും നിര്‍മാണാത്മകമായ ജീവിതത്തിലേക്കുള്ള പ്രയാണത്തില്‍ രൂപപ്പെട്ടുവരുന്ന എല്ലാ സാംസ്കാരികചിഹ്നങ്ങളും മിത്തുകളായാണ് ആവിഷ്കൃതമാകുന്നത്. ഗാര്‍ഹികജീവിതത്തെ സംബന്ധിക്കുന്ന (ഉദാ: കല്യാണസൗഗന്ധികം- പ്രണയസമ്മാനങ്ങള്‍ കൊടുക്കുന്ന څഭര്‍ത്താവും ആവശ്യപ്പെടുന്ന څഭാര്യയും), അധ:സ്ഥിതവര്‍ഗജനതയുടെ അതിജീവനത്തെ സംബന്ധിക്കുന്ന (ഉദാ: ഘടോല്‍ക്കചന്‍. ജനിച്ചയുടന്‍ വളരുന്നു എന്ന മിത്ത്), രാഷ്ട്രീയാധികാരത്തെ സംബന്ധിക്കുന്ന (മാവേലിമിത്ത്)തുടങ്ങി എത്രയെങ്കിലും ഉദാഹരണങ്ങള്‍ മനുഷ്യജീവിതസംബന്ധമിത്തുകളായി നിലവില്‍ വ്യവഹരിക്കപ്പെടുന്നുണ്ട്. മിത്തില്‍ ഒരേസമയം ആധിപത്യവ്യവസ്ഥയുടെ പ്രത്യാക്ഷാര്‍ഥവും ആ വ്യവസ്ഥയെ പ്രതിരോധിക്കുന്ന അര്‍ഥവും ഉണ്ട് എന്നതാണ് വസ്തുത. മിത്തിന്‍റെ ശരിയായ വായന സാധ്യമാകുന്നത് അതിനെ എതിര്‍ദിശയില്‍നിന്ന് വിശകലനം ചെയ്യുമ്പോഴാണെന്ന് ഫ്രോയിഡ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഘടോല്‍ക്കചമിത്തില്‍ അധ:സ്ഥിതജനതയുടെ അതിജീവനചരിത്രം മറച്ചുവെക്കപ്പെട്ടിരിക്കുന്നു.
കല്യാണസൗഗന്ധികം ഒരു പ്രണയസമ്മാനമല്ല എന്നും കുബേരവനങ്ങളോടുള്ള മനുഷ്യാസക്തിയുടെ ആദര്‍ശവത്കൃതരൂപമാണത് എന്നും ഇന്ന് നമുക്കറിയാം. പുരാണങ്ങളിലും മിത്തുകളിലും ഉള്ളടക്കംചെയ്തിട്ടുള്ള സ്ത്രീവിരുദ്ധാവസ്ഥകളെ പുനര്‍വായിച്ചുകൊണ്ട് അവ പ്രതിനിധാനംചെയ്യുന്ന കാലത്തിന്‍റെ സ്ത്രീവിരുദ്ധതയെ വെളിപ്പെടുത്തുന്ന കൃതിയാണ് കെയ്റ്റ് മില്ലറ്റിന്‍റെ ടലഃൗമഹ ുീഹശശേരെ. ٹ ഏദന്‍തോട്ടത്തിലെ വിലക്കപ്പെട്ട കനിതിന്നാന്‍ ആദാമിനെ പ്രേരിപ്പിക്കുന്ന ഹവ്വയുടെയും എപ്പിമന്യൂസിനെ പെട്ടിതുറന്ന് കാട്ടിക്കൊടുക്കാന്‍ പ്രേരിപ്പിക്കുന്ന പന്‍ഡോറയുടെയും മിത്തുകള്‍ സ്ത്രീവര്‍ഗത്തെ അവഹേളിതരാക്കിത്തീര്‍ക്കുന്നതെങ്ങനെയെന്ന് മില്ലറ്റ് വിവരിക്കുന്നുണ്ട്. അവിശുദ്ധവും കര്‍മശേഷിയെ കെടുത്തുന്നതുമായ എല്ലാറ്റിനെയും സ്ത്രീയുമായി ബന്ധിപ്പിക്കുന്ന മിത്തുകളാണ് എല്ലാ ജനസംസ്കാരങ്ങളിലും വ്യാപകമായിരിക്കുന്നതെന്ന് മില്ലറ്റ് പറയുന്നു. അതേസമയം ലൈംഗികതയെ ശ്രേഷ്ഠവും പാവനവുമായി ചിത്രീകരിക്കുന്ന എല്ലാ മിത്തുകളുടെയും കേന്ദ്രം പുരുഷനാണ്. പുരുഷനെ അപനയിക്കുന്നവള്‍, അതിമോഹംകൊണ്ട് ഉന്മത്തയാകുന്നവള്‍, (ഹവ്വ, ദ്രൗപദി) മണ്ടിപ്പെണ്ണ് (സീത) തുടങ്ങിയ എത്രയെങ്കിലും ആദിരൂപങ്ങള്‍ പൗരാണികമിത്തുകള്‍ സംവഹിക്കുന്നുണ്ട്.എല്ലാ മിത്തുകളിലും ഒരു വിരുദ്ധദ്വന്ദ്വം ദൃശ്യമാകുന്നുണ്ട്. ആ വിരുദ്ധ ദ്വന്ദ്വങ്ങളെ അധികാരവ്യവസ്ഥക്കു സ്വീകാര്യമാകുന്നത്/ അധികാരവ്യവസ്ഥ പുറംതള്ളുന്നത്, എന്നരീതിയില്‍ പരിഗണിക്കാവുന്നതാണ്. പതിവ്രത അധികാരവ്യവസ്ഥ സ്വീകരിക്കുന്ന ആശയമാണെങ്കില്‍, വേശ്യ വ്യവസ്ഥയുടെ പുറംതള്ളലില്‍നിന്ന് നിര്‍മിതമാകുന്നതാണ്. ഒരുമ്പെട്ടവള്‍/ സദാചാരനിരത, വായാടി/മിതഭാഷിണി, നുണച്ചി/സൗമ്യവതി തുടങ്ങിയ ദ്വന്ദ്വങ്ങളൊക്കെ സ്ത്രീസംബന്ധമിത്തുകളില്‍ ദര്‍ശിക്കാവുന്ന വിരുദ്ധദ്വന്ദ്വങ്ങളാണ്. വാസ്തവത്തില്‍ ഈ ദ്വന്ദ്വങ്ങളൊക്കെത്തന്നെയും പുരുഷാധികാരവ്യവസ്ഥയുടെ ഉല്പന്നങ്ങളാണ് എന്നതാണ് വസ്തുത. ഈ ദ്വന്ദ്വങ്ങളെ ആതേപടിയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് വ്യവസ്ഥയുടെ പുനരുല്‍പാദനമായിമാറുമെന്നും മനസ്സിലാക്കേണ്ടതുണ്ട്. വ്യവസ്ഥതന്നെ പുറംതള്ളുന്ന ആശയങ്ങളെ (ാ്യവേലാല)ٹഅപഗ്രഥിച്ചുകൊണ്ടുമാത്രമേ വ്യവസ്ഥയുടെ വൈകല്യങ്ങളെയും വൈകൃതങ്ങളെയും വെളിപ്പെടുത്താനാവൂ. ഒരു മിത്തില്‍ എപ്പോഴും രണ്ടര്‍ഥങ്ങള്‍ സംവഹിക്കപ്പെടുമെന്ന് ഫ്രോയ്ഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. (വിലക്കുകളും കുലചിഹ്നങ്ങളും) ഒന്ന് വ്യവസ്ഥയുടെ അര്‍ഥം; മറ്റൊന്ന്, വ്യവസ്ഥയെ നിഷേധിക്കുന്ന അര്‍ഥം. വ്യവസ്ഥാപിത അര്‍ഥമാണ് മിത്തിന്‍റെ ഉപരിതലത്തില്‍ പ്രകടമാകുന്നത്. പക്ഷേ, മിത്തിനെ പൊളിച്ചുകൊണ്ട് മിത്തിലെ വിപരീതാര്‍ഥത്തെ കണ്ടെത്തുക എന്നതാണ് സാഹിത്യരചനകള്‍ നിര്‍വഹിക്കേണ്ട ദൗത്യം. സ്ത്രീവിരുദ്ധങ്ങളായ, നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന, മിത്തുകളെ അപഗ്രഥിക്കുകയും അവയ്ക്കുള്ളിലെ സ്ത്രീവിമോചനസാധ്യതകളെ കണ്ടെത്തുകയും ചെയ്യുന്ന എഴുത്തുകാരിയാണ് സാറാജോസഫ്. രാമായണത്തിലെ പ്രതിനായികാസ്വഭാവമുള്ള പല കഥാപാത്രങ്ങളും പലതരം മിത്തുകളുടെ പ്രതിനിധാനങ്ങളാണ്. അത്തരം കഥാപാത്രങ്ങളെ ആഖ്യാനത്തിന്‍റെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ്, സാറാജോസഫ് രാമായണത്തിന്‍റെ പുനര്‍വായന നിര്‍വഹിക്കുന്നത്.
മന്ഥര:
'കറുത്ത തുളകള്‍' എന്ന കഥ രാമന്‍റെ കിരീടധാരണദിവസം രാത്രി മന്ഥര ആയോധ്യയില്‍നിന്ന് പലായനം ചെയ്യുന്നസന്ദര്‍ഭത്തെ അടയാളപ്പെടുത്തുന്നു. ഈ മന്ഥര നാം മുമ്പേ കേട്ടുപരിചയിച്ച മന്ഥരയെന്ന പരദൂഷണക്കാരിയല്ല. മന്ഥരയെന്ന മിത്തില്‍ പെണ്ണ് നുണയുണ്ടാക്കുന്നവളാണ്, ഏഷണികൂട്ടുന്നവളാണ് എന്നൊക്കെയുള്ള അര്‍ഥങ്ങളാണ് പ്രത്യക്ഷത്തില്‍ ഉള്ളത്. അയോധ്യയിലെ ദുഷിച്ച അധികാരപ്രയോഗത്തെ, യുക്തിയേതുമില്ലാത്ത ഏകാധിപത്യപ്രവണതകളെ, തിന്മയ്ക്കു സ്തുതിപാടുന്ന വ്യവസ്ഥിതിയെ, എല്ലാംകണ്ട് മനംമടുത്താണ് കഥയിലെ മന്ഥര ചാരവൃത്തിക്കാരിയായത്. രാമനുവേണ്ടി എന്തുകൊണ്ട് ഭരതനെ നിഷേധിക്കുന്നുവെന്നത് അവളുടെ ഉള്ളിലെ ഒരു ചോദ്യമാണ്. കൈകേയിയെ പറഞ്ഞുപറ്റിക്കുക എന്ന ചതിക്കെതിരെ മന്ഥര ചിന്തിക്കുന്നു. തന്ത്രപൂര്‍വം അവരവരുടെ ഇംഗിതങ്ങളെ നടപ്പാക്കുന്ന പുരുഷാധാപത്യവ്യവസ്ഥക്കെതിരെ പ്രതികരിക്കുന്നവളായതിനാല്‍ ആ വ്യവസ്ഥയ്ക്കകത്ത് അവള്‍ മോശപ്പെട്ടവളോ ആട്ടിപ്പായിക്കപ്പെടുന്നവളോ ആകുന്നു. അവിടെ ഏറ്റവും വിശ്വസ്തരെന്ന് ഭാവിക്കുന്നവര്‍പോലും തിരിച്ചാണ് പ്രതികരിക്കുക എന്ന് അവള്‍ക്ക് കരുതാനാകുന്നുണ്ട്. കാളവണ്ടിയുമായി വലാകന്‍ എത്താമെന്നുപറഞ്ഞിടത്ത് അവനെ കാണാതിരുന്നപ്പോള്‍ത്തന്നെ മന്ഥര അപകടം മണത്തറിഞ്ഞത് അതുകൊണ്ടാണ്. സഹായിക്കാമെന്നു പറഞ്ഞ വലാകന്‍ ഒരുപക്ഷേ ഒറ്റിക്കൊടുത്തേക്കാം. കോസലത്ത് ആരുടെ ചിരിയിലാണ് നേരുള്ളത്? എന്നാണവള്‍ ചിന്തിക്കുന്നത്. അവന്‍ നിര്‍ദ്ദേശിച്ചിടത്തുനില്‍ക്കാതെ, അവന്‍പറഞ്ഞവഴിയിലൂടെ വരാതെ കുതിരപ്പന്തിചുറ്റി കച്ചിക്കൂനകളുടെ മറവില്‍ അവള്‍ പതുങ്ങിയിരുന്നത് അവള്‍ക്ക് അവിടെ ആരെയും വിശ്വാസമില്ലാത്തതുകൊണ്ടുതന്നെയാണ്. അയോധ്യയുടെ കള്ളമുഖപടങ്ങള്‍ മാലോകര്‍ക്കുമുമ്പില്‍ വലിച്ചുകീറുക എന്നതുതന്നെയാണ് അവളുടെ ഉദ്ദേശം. രഘുവംശം രാമനാല്‍ നിലനിര്‍ത്തപ്പെടണമെന്നാഗ്രഹിക്കുന്ന ദശരഥന്‍, അയോധ്യയെ മകള്‍ക്കായി പുരുഷധനമായാവശ്യപ്പെടണമെന്നും ഭരതന്‍ രാജാവാകണമെന്നുമാഗ്രഹിക്കുന്ന അശ്വപതി, അയോധ്യയുടെ രക്ഷകനായി നടിക്കുന്ന വസിഷ്ഠന്‍, എല്ലാ കപടനാട്യക്കാരുടെയും തനിനിറം വെളിച്ചത്താക്കുകയയെന്നതാണ് മന്ഥരയുടെ തീരുമാനം. അവള്‍ക്കുമാത്രമേ അതിനുകഴിയൂ എന്നറിയുന്നതിനാല്‍ ഒറ്റയാള്‍പ്പട്ടാളമായി ചിരിച്ചുകൊണ്ട് കളരിയിലേക്കിറങ്ങിയവള്‍. ജന്മനാ കിട്ടിയ കൂന് അവളെ കൂടുതല്‍ മോശക്കാരിയാക്കുന്നു. അവളുടെ ശരീരത്തെ തെറിവിളിക്കാനുള്ള പദമായിത്തന്നെ ഈ അവസ്ഥാവിശേഷം മാറുന്നു- അവളുടെ സ്വഭാവവുമായി യാതൊരുവിധത്തിലും ഇത് ബന്ധപ്പെടുന്നില്ലെങ്കിലും.
ശൂര്‍പ്പണഖ:
ശൂര്‍പ്പണഖ എന്ന മിത്ത് രാക്ഷസിയെന്നത് പുരുഷനെ വഴിതെറ്റിക്കുന്നവളാണ് എന്ന പ്രത്യക്ഷാര്‍ഥം ആവഹിക്കുന്നു. തായ്കുലത്തിലെ ശൂര്‍പ്പണഖ രാമനോടുതോന്നിയ കാമം തുറന്നു പ്രകടിപ്പിക്കുന്നു. വെളുത്തസുന്ദരിയുടെ പ്രണയംപോലെ സ്വീകാര്യമല്ല, കറുത്തവളുടെ കാമം. കാടിനെ സ്നേഹിക്കുന്ന ആദിവാസിപ്പെണ്ണാണ്, ഈ കഥയിലെ ശൂര്‍പ്പണഖ. അവളുടെ അഭ്യര്‍ഥനക്കുമുന്നില്‍ രാമന്‍ ബലഹീനനാവുന്നു. ആവതില്ല എന്നുതിരിച്ചയച്ചാല്‍ രാമന്‍ ദുര്‍ബലനാണെന്ന് ബോധ്യപ്പെടും. പെണ്ണിന്‍റെ കാമത്തിന്‍റെ ചിഹ്നങ്ങള്‍വെട്ടുക എന്നതാണ് പോംവഴി. അതാണ് സംഭവിച്ചതും. 'അവര് ഇന്‍റെ മൊലപ്പാലിന്‍റെ വേര്കളാ അറ്ത്തിട്ടത്. ഇന്‍റെ കുലത്തിന്‍റേം നിണത്തിന്‍റേംവേരുകള്' എന്ന് അവള്‍ വിലപിക്കുന്നുണ്ട്. 'മയന്‍ കൊത്ത്യകരിങ്കാളീടെ തിറത്തോടെ ഉര്ണ്ട്ട്ടും കറ്ത്ത്ട്ടും തെകഞ്ഞ മൊലകളാര്ന്നു ഇനിക്ക്. മൂന്നും നാലും തലമുറക്കാ ഏന്‍ പാലൂട്ടിയത്. എന്ന്ട്ട് മനക്കാതല്‍കൊണ്ട് മൊലകള് പൂത്തുലഞ്ഞ് മുന്നില് ചെന്നപ്പൊ ചതീലവര് വാളൂരി! പെണ്ണ് കാമംകൊണ്ടുലര്‍ന്ന്വരുമ്പൊ ആവതില്ലെങ്കില് ഒടപ്പെറന്നോള്‍ക്ക് ചേര്‍ന്നവാക്കുപറഞ്ഞ്, വേറൊരിടം ചൂണ്ടിവിടും. തായ്മേനി തരിശാക്കാന്‍ രാവണപ്പെര്മാള് വാളെട്ത്ത്ട്ടില്യാ. പെണ്ണിന്‍റെ വടിവും കോലോം കെട്ത്തി ഇന്‍റെ കുലത്തിലാരും വീരനായിട്ടില്യ'- കറുത്തവള്‍ കാമംകൊണ്ടുലയുന്നവളാണ്. വെളുത്തവള്‍ പ്രണയനിധിയും. കാമംകൊണ്ടുലയുന്ന കറുത്തപെണ്ണിനെ ഷണ്ഡീകരിക്കുന്ന വ്യവസ്ഥയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പ്രാകൃതത്വം എന്നത് ചവിട്ടിമാറ്റപ്പെടേണ്ടതാണ് എന്നതാണ് വ്യവസ്ഥാപിതാര്‍ഥം. അവിടെ തുറന്നുപ്രകടിപ്പിക്കല്‍ ഇല്ല. ഇതിനുവിപരീതമായി ശൂര്‍പ്പണഖയാകട്ടെ, മനസ്സുതുറന്ന് സംവദിക്കുന്നു. പരിഷ്കൃതസ്ത്രീയായ സീതയും അപരിഷ്കൃതയായ ശൂര്‍പ്പണഖയും തമ്മില്‍ വ്യത്യാസമില്ലെന്ന് ഈ കഥയിലെ ശൂര്‍പ്പണഖ തെളിയിക്കുന്നു. പതിവ്രതയും വേശ്യയും രണ്ടും രണ്ടല്ല, ഒരു വ്യവസ്ഥയുടെ നിര്‍മിതിയത്രേ. യഥാര്‍ഥത്തില്‍ വ്യാജനിര്‍മിതിയാണിത്. ഇവ പരസ്പരപൂരകങ്ങളുമാണ്.
സീത:
കാന്താരതാരകം എന്നകഥയില്‍ രാക്ഷസി സീതയെ ഉപദ്രവിക്കുമെന്ന് ഭയന്ന് ലക്ഷ്മണന്‍ വാളെടുത്തുവെട്ടി എന്നുപറയുന്നു. അതിലെ നീതിയെപ്പറ്റി ലക്ഷ്മണന് സംശയമേതുമില്ല. രാക്ഷസന്‍മാര്‍ വധിക്കപ്പെടേണ്ടവരാണ് എന്നാണ് അയാളുടെ ബോധ്യം.
ദണ്ഡകാരണ്യത്തില്‍ രാക്ഷസന്മാരെ കൊന്നൊടുക്കാന്‍ രാമനേറ്റ ദൗത്യം സീതയെ വേദനിപ്പിക്കുന്നുണ്ട്. ഒരുകാരണവുംകൂടാതെ രാക്ഷസന്മാരുടെ വാസസ്ഥാനങ്ങളില്‍കടന്നുചെന്ന് അവരെ കൊന്നൊടുക്കുന്നതിലെ നീതിയെന്താണ് എന്നവള്‍ ചോദിക്കുന്നുണ്ട്. തപസ്സുചെയ്യുന്ന ബ്രാഹ്മണര്‍ക്ക് ശല്യമുണ്ടാക്കാതെ പരിപാലിക്കണമെന്ന് സനാതനധര്‍മം അനുശാസിക്കുന്നു. രാക്ഷസന്മാര്‍ അതിനുതടസ്സമാണ് എന്നായിڋരുന്നു, അവള്‍ക്കുകിട്ടിയ മറുപടി!
'അശോക'യിലെ സീതയെ ശൂര്‍പ്പണഖ നന്നേ വേട്ടയാടുന്നുണ്ട്. രാമന്‍ ലങ്കയെ കീഴടക്കിയതിനേത്തുടര്‍ന്ന് വിഭീഷണന്‍ സിംഹാസനത്തിനൊരുങ്ങുന്ന ലങ്കയാണ് കഥയുടെ പശ്ചാത്തലം. അവിടെ വാവിട്ടുകരയുന്ന സ്ത്രീകളും കുഞ്ഞുങ്ങളും സീതയുടെ മനസ്സിനെ മഥിക്കുന്നു. തന്‍റെ ഭര്‍ത്താവും സഹോദരനും വിരൂപയാക്കിയ ശൂര്‍പ്പണഖയും രാവണസഹോദരിയായ മണ്ഡോദരിയും അവളെ വിഷമിപ്പിക്കുന്നു. നാം ഭാവനയില്‍ കണ്ടുപരിചയിച്ച സീത എന്ന മിത്ത് ജീവിതനദിയിലൂടെ കുത്തിയൊഴുകി ഒരധ:കൃതപ്പെണ്ണിന്‍റെ ഛായയിലായിരിക്കുന്നു. യാതനയുടെ ഒരു നീണ്ടവര്‍ഷത്തിനുശേഷം സീത മിഴിതാഴ്ത്തി സ്വന്തം ശരീരം നോക്കിക്കണ്ടത് ഇങ്ങനെ:
'ശരീരം! മഞ്ഞും മഴയും വെയിലും ആര്‍ത്തിപൂണ്ടനോട്ടങ്ങളും നശിപ്പിക്കുന്ന കണ്ണേറുകളും മേല്‍ക്കുമേല്‍വന്നുവീണ് തകര്‍ന്ന മണ്ണ് ! മുഖം, കഴുത്ത്, കൈകള്‍, മാറിടം, നാഭി, അരക്കെട്ട്, കാലുകള്‍, പാദങ്ങള്‍, കഠിനപീഡയുടെ വടുക്കള്‍. കണ്ണീരിന്‍റെ പൊറ്റ. അപമാനത്തിന്‍റെ വ്രണങ്ങള്‍. മണ്ണിലും പൊടിയിലുമിഴഞ്ഞ് വേറിടീക്കാനാവാത്തവിധം കെട്ടിപ്പിണഞ്ഞുപോയ മുടി. നീണ്ടുവളര്‍ന്ന് പിരിഞ്ഞുകിടക്കുന്ന നഖങ്ങള്‍. മൊരിയടര്‍ന്നുവീഴുന്ന ചര്‍മം.'
കഥയിലെ സീത ശരിക്കും മണ്ണിന്‍റെ പുത്രി തന്നെ. കൃത്യമായ രക്ഷിതാക്കളില്ലാതെ മണ്ണിലുപേക്ഷിക്കപ്പെട്ട സീതയുടെ അധ:കൃതാവസ്ഥ ഇവിടെ അടയാളപ്പെടുന്നു. സീതയുടെ ബാഹ്യചിത്രീകരണവും ശൂര്‍പ്പണഖയുടെ ആന്തരികചിത്രീകരണവും അവ വിരുദ്ധദ്വന്ദ്വങ്ങളേയല്ലെന്ന് ഉറപ്പിക്കുന്നു. ഇങ്ങനെ, വ്യവസ്ഥചാര്‍ത്തിക്കൊടുത്ത അടയാളങ്ങളൊക്കെ അതിലംഘിച്ച് പുതിയ സാധ്യതകളിലേക്ക് വഴുതുകയും വളരുകയും ചെയ്യുന്നു, സാറാജോസഫിന്‍റെ കഥകളില്‍ പെണ്‍മിത്തുകള്‍.
ഗ്രന്ഥസൂചി
രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍. 2012. മിത്തും സമൂഹവും. കോട്ടയം: എന്‍ ബി എസ്.
രാജന്‍ ഗുരുക്കള്‍. 2013. മിത്ത് ചരിത്രം സമൂഹം. കോട്ടയം: എന്‍ ബി എസ്.
സാറാ ജോസഫ്. 2017. പുതുരാമായണം. തൃശൂര്‍: കറന്‍റ് ബുക്സ്
------2015. സാറാജോസഫിന്‍റെ സമ്പൂര്‍ണകഥകള്‍. തൃശൂര്‍: കറന്‍റ് ബുക്സ്.
Kate Millet. 2016. Sexual Politics. Columbia University Press.