The imagined nation – concepts of nationality in the stories of E. Santhosh Kumar : A study based on two short stories

Dr. Liji N

(Article No: 225, issue No: 29, June 2022, Page no: 114-136)

Abstract

This paper examines the concepts of nation and nationality in the story narratives of contemporary Malayalam through a close reading of two short stories (Pavakalude Veedu, Oozhom) of E. Santhosh Kumar. These stories can be seen as literary responses to the idea of nationality projected by those who wield power. E. Santhosh Kumar is a writer who powerfully narrates socio- political themes in Malayalam short stories. His vision is essentially that of a writer who derives his political vision from the fundamental realities of life, rejecting what has come to be defined as politically correct. The concept of nationality that comes alive in these stories essentially draws its substance from humanity. The writer projects a nationality that is essentially a negation of the power nexus between religion and politics. These stories take their side with those who are marginalised and victimised by cultural nationalism. They imagine a universal nationality and plurality that transcends boundaries and creates an anti – consciousness in the context of contemporary politics.  

Keywords: Nation, Nation State, Nationality, Cultural Nationalism

Reference:

Aravindakshan K, 2017, Deseeyatha Nayattiniranjhumpol, DC Books, Kottayam
Gireesh Kumar S, 2016, Post Colononial Sahithyam Oramukham, Chinda Publisher, Thiruvananthapuram
Narayanan M.G.S, 2017, Deseeyathaude Samskarika manangal, H&C Books, Thrissur
Panikkar  K.N, 2002, Samskaravum Deseeyathaum, Current Books, Thrissur
Panikkar K .N, 2006, Colonialism Samskaram Parambarya Buddhigeevikal, Chinda Publishers, Thiruvananthapuram
Mahesh M.R, 2012, Malayala Novelum Deseeyathayum, Kerala Sarvakalasala
Venugopalan K.A, 2019 Samskarika Deseeyatha, Chinda Publishers, Thiruvananthapuram
Sasi  K.V,( Ed), 2019, Post Colonial Vimar sanam Malayalavazhikal, Chinda Publishers, Thiruvananthapuram -
Romila Thaper (viv), 2020, Bijeesh Balakrishnan, Deseeyavadavum vimathaswarangalum, DC Books Kottayam 
Journals 
Santhosh kumar E, Pavakaludeveedu, Mathrubhoomi weekily, 2020 Februvary 09
Santhosh kumar E, Oozham, https//true copythink.media May 1 2020
Dr. Liji N
Associate professor Malayalam
Govt. Brennen College Thalassery
Pin: 670106
India
Mob: +91 9446312793
email: niranjanaliji@gmail.com


ദേശവും ദേശഭാവനയും: ഇ.സന്തോഷ് കുമാറിന്‍റെ കഥകളിലെ ദേശീയതാസങ്കല്പനങ്ങള്‍ (പാവകളുടെ വീട്, ഊഴം എന്നീ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനം)

ഡോ. ലിജി എന്‍

സംഗ്രഹം

ദേശീയതാപഠനങ്ങളുടെ അടിസ്ഥാനസങ്കല്പങ്ങള്‍ സ്വീകരിച്ചുകൊണ്ട് സമകാലികമലയാള ചെറുകഥാഖ്യാനത്തിലെ ദേശഭാവനകളെയും ദേശീയതാസങ്കല്പനങ്ങളെയും ഇ.സന്തോഷ് കുമാറിന്‍റെ പാവകളുടെവീട്, ഊഴം എന്നീ കഥകളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തില്‍. ഇന്ത്യന്‍ ദേശീയതയുടെ യുക്തികളില്‍ പ്രവര്‍ത്തിക്കുന്ന മതാധികാരരാഷ്ട്രീയത്തെ തിരസ്കരിക്കുന്ന ദേശഭാവനകളായാണ് ഈ കഥാഖ്യാനങ്ങള്‍ അവയുടെ രാഷ്ട്രീയഭാവുകത്വത്തെ അടയാളപ്പെടുത്തുന്നത്. സാംസ്കാരികദേശീയതയില്‍ പുറന്തള്ളപ്പെട്ടുപോകുന്നവരും ഇരകളാക്കപ്പെടുന്നവരുമായ മനുഷ്യരോടൊപ്പം നില്‍ക്കുന്ന രാഷ്ട്രീയാഖ്യാനങ്ങളായി ഈ കഥകള്‍ മാറുന്നുണ്ട്. അതിര്‍ത്തികള്‍ക്ക് അതീതമായ സാര്‍വദേശീയസംസ്കാരങ്ങളുടെ പലമകളും തുടര്‍ച്ചകളുമായി ദേശചരിത്രങ്ങളെയും ദേശനിര്‍മ്മിതികളെയും വിഭാവനം ചെയ്യുന്ന ഈ കഥകള്‍ ഇന്ത്യന്‍ദേശീയതയുടെ വര്‍ത്തമാനരാഷ്ട്രീയത്തില്‍ ഒരു പ്രതി ആഖ്യാനമായി മാറുന്നുണ്ട് എന്ന നിരീക്ഷണം അവതരിപ്പിക്കുന്നു.

താക്കോല്‍ വാക്കുകള്‍: ദേശം, ദേശരാഷ്ട്രം, ദേശീയത, സാംസ്കാരികദേശീയത.

ആമുഖം

ഭൂമിശാസ്ത്രപരമായും സാമൂഹിക- സാംസ്കാരികരാഷ്ട്രീയമായും നിര്‍വചിക്കപ്പെടുന്ന ഒന്നാണ് ദേശം. ദേശം, ദേശീയത തുടങ്ങിയവ ഏറെ പരിഗണനാവിഷയങ്ങളായി ചര്‍ച്ച ചെയ്യുന്ന കാലഘട്ടമാണിത്. സമകാലികമായ ആഖ്യാനങ്ങളില്‍ ഈ വിഷയങ്ങള്‍ ഗൗരവമായി കടന്നു വന്നിട്ടുണ്ട്. ദേശ - ഉപദേശീയതകളായും പ്രാദേശികതയുടെ വിവിധ രൂപങ്ങളായും കൂടുതല്‍ സൂക്ഷ്മമായി കഥാഖ്യാനങ്ങളില്‍ കടന്നുവന്ന ഇത്തരം പ്രമേയങ്ങള്‍ വര്‍ത്തമാന സാമൂഹ്യരാഷ്ട്രീയാവസ്ഥയോടുള്ള പ്രതികരണങ്ങളായും വിമര്‍ശനങ്ങളായും അവയുടെ രാഷ്ട്രീയം വെളിപ്പെടുത്തുന്നുമുണ്ട്. ആനന്ദിന്‍റെ ലാഹോര്‍ 1928, പി.ജെ. ജെ. ആന്‍റണിയുടെ റിപ്പബ്ലിക്, പി.വി.ഷാജികുമാറിന്‍റെ സ്ഥലം, ഇ.സന്തോഷ് കുമാറിന്‍റെ പാവകളുടെ വീട്, ഊഴം എന്നീ കഥകളെല്ലാം മേല്‍പ്പറഞ്ഞ രീതിയില്‍ ശക്തമായ രാഷ്ട്രീയകഥകളാണ്.

സമകാലിക ഇന്ത്യന്‍ദേശീയതയുടെ വിഷയങ്ങളെ പ്രതീകാത്മകമായി അഭിസംബോധന ചെയ്യുന്ന ശക്തമായ രണ്ട് കഥകളാണ് ഇ.സന്തോഷ് കുമാറിന്‍റെ പാവകളുടെ വീട്, ഊഴം എന്നിവ. മാനവികതയ്ക്ക് അതിരുകള്‍ നിര്‍മിക്കുന്ന ദേശരാഷ്ട്രീയത്തിന്‍റെ പ്രത്യയശാസ്ത്രത്തെ പാവകള്‍ എന്ന പ്രതീകത്തിലൂടെ വിചാരണചെയ്യുകയാണ് പാവകളുടെ വീട് എന്ന കഥയില്‍. സാംസ്കാരിക ദേശീയതയില്‍ ഇരകളാക്കപ്പെടുന്ന മുസ്ലീംമതന്യൂനപക്ഷങ്ങളുടെ നിസ്സഹായാവസ്ഥയെ ഇറച്ചിക്കോഴി എന്ന പ്രതിരൂപത്തിലുടെ അനാവരണം ചെയ്യുകയാണ് څഊഴംچ എന്ന കഥ. ഭരണകൂടത്തിന്‍റെയും അധികാരരാഷ്ട്രീയത്തിന്‍റെയും പ്രത്യയശാസ്ത്രങ്ങളിലൂടെ വിഭാവനം ചെയ്യുന്ന ദേശസങ്കല്പങ്ങള്‍ക്ക് അതീതമായി സാര്‍വദേശീയമാനവികത എന്ന ആശയം കഥാഖ്യാനം മുന്നോട്ട് വെയ്ക്കുന്നതിന്‍റെ രാഷ്ട്രീയം വിശകലനം ചെയ്യുകയാണ് പ്രബന്ധത്തില്‍.

ദേശം, ദേശീയത : സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും

ആധുനികതയുടെ സൃഷ്ടിയായാണ് ദേശത്തേയും ദേശീയതാസങ്കല്പങ്ങളെയും കരുതുന്നത്. അതിരുകളുള്ളതും സവിശേഷമായ സാമൂഹികരാഷ്ട്രീയമാനങ്ങളുള്ളതുമായ ഒരു പൊതുസമൂഹത്തിന്‍റെ ഇടം എന്ന നിലയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതാണ് ദേശം. ഒരു  ജനസമൂഹം വൈകാരികമായി തങ്ങളുടെ സ്വന്തം എന്ന് കരുതുന്ന ഇടം കൂടിയാണ് ഓരോ ദേശവും. ചരിത്രപരമായി ഒരു പാരമ്പര്യസമൂഹത്തിന്‍റെ ഭാഗമാണ് തങ്ങള്‍ എന്ന വിശ്വാസംകൂടി ആ ഇടത്തെ കുറിച്ചുള്ള ചിന്തയില്‍ ഉള്‍ച്ചേരുന്നുണ്ട്.

'ദേശം എന്നാല്‍ ഒരു സാങ്കല്പികരാഷ്ട്രീയ സമൂഹമാണ്' എന്നാണ് ബെനഡിക്ട് ആന്‍ഡേഴ്സന്‍ നിര്‍വചിച്ചിട്ടുള്ളത് (1983:6). രാഷ്ട്രത്തിലെ ജനങ്ങളുടെയിടയില്‍ രൂപപ്പെടുന്ന രാജ്യത്തോടുള്ള കൂറ്, ഐകമത്യബോധം എന്നീ സ്വഭാവഗുണങ്ങള്‍ ഒരുമിച്ചു ചേരുന്ന വൈകാരിക അവസ്ഥയാണ് ദേശീയത അഥവാ ദേശീയബോധം. ഭാഷ, വംശം, മതം, രാഷ്ട്രീയം, ഭൂമിശാസ്ത്രം തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ ദേശീയബോധത്തിന് ഉപോദ്ബലകമായി വര്‍ത്തിക്കുന്നു. ദേശീയബോധത്താല്‍ സംയോജിപ്പിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ ദേശരാഷ്ട്രം (Nation State) എന്നു വിളിക്കുന്നു (ഡോ. എസ്. ഗിരീഷ് കുമാര്‍, 2016 :40-41). ദേശങ്ങളുടെയും ദേശീയതാസങ്കല്പങ്ങളുടെയും ഏറ്റവും അടിസ്ഥാനവസ്തുതകളാണ് ഇവിടെ സൂചിപ്പിച്ചത്. ഈ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആധുനികോത്തര പഠനങ്ങള്‍ പല തലത്തില്‍ സമകാല ദേശരാഷ്ട്രസങ്കല്പങ്ങളെ വിലയിരുത്തുന്നുണ്ട്. ദേശത്തിന്‍റെ അതിരുകള്‍, ദേശീയതാവിചാരങ്ങള്‍, ദേശം ഉള്‍ക്കൊള്ളുകയും പുറന്തള്ളുകയും ചെയ്യുന്ന വ്യത്യസ്ത മനുഷ്യവിഭാഗങ്ങള്‍ എന്നിങ്ങനെ ദേശം എന്ന രാഷട്രീയവ്യവഹാരത്തിനകത്ത് ഉള്‍പ്പെടുന്ന നിരവധിയായ ഘടകങ്ങളുടെ പ്രശ്നവല്‍ക്കരണമാണ് ആധുനികോത്തരകാലഘട്ടത്തിലെ ദേശീയതാപഠനങ്ങള്‍ നിര്‍വഹിക്കുന്നത്.

സാംസ്കാരികദേശീയതയും ദേശരാഷ്ട്രസങ്കല്പങ്ങളും:

സമകാലിക ഇന്ത്യന്‍ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന സാംസ്കാരികദേശീയത മതപരമായി നിര്‍വചിക്കപ്പെടുന്ന ഒന്നാണ്. "ഹിന്ദുസ്ഥാന്‍ എന്ന ഈ രാജ്യത്ത് രാഷ്ട്രം എന്ന സങ്കല്പത്തില്‍ വരുന്നത് ഹിന്ദുവംശവും അതിന്‍റെ മതവും ഹിന്ദുസംസ്കാരവും ഹിന്ദുഭാഷയുമാണ്. (സംസ്കൃതത്തിന്‍റെ സ്വാഭാവികകുടുംബവും അവരുടെ സന്തതി പരമ്പരകളും) ഹിന്ദുസ്ഥാനില്‍ നിലകൊള്ളേണ്ടതും പരമ്പരാഗതമായ ഹിന്ദുരാഷ്ട്രവും ഹിന്ദുരാഷ്ട്രം ഒഴികെ മറ്റൊന്നല്ലാത്തതുമാണ്. ദേശീയതയില്‍ ഉള്‍ക്കൊള്ളുന്നതൊന്നും അതായത് ഹിന്ദുവംശവും സംസ്കാരവും ഭാഷയും ഒഴികെ എല്ലാം സ്വാഭാവികമായ യഥാര്‍ത്ഥ ദേശീയത ജീവിതത്തില്‍ വിവര്‍ണ്ണമായി പൊഴിഞ്ഞു പോകുന്നതാണ്" (വേണുഗോപാലന്‍ കെ. എ. 2019: 11). ഗോള്‍വാള്‍ക്കറുടെ ഈ ആശയമാണ് സമകാല ഇന്ത്യന്‍ ഭരണവര്‍ഗ്ഗം മുന്നോട്ടു വെയ്ക്കുന്ന സാംസ്കാരികദേശീയതയില്‍ ഉള്ളടങ്ങിയിരിക്കുന്നത്. ഹിന്ദുമതത്തിലെ സവര്‍ണസംസ്കാരം  സവിശേഷമായി ഉയര്‍ത്തപ്പെടുകയും ദളിതരും മറ്റ് മതന്യൂനപക്ഷങ്ങളും അതില്‍നിന്നും പുറംതള്ളപ്പെട്ടുപോവുകയും ചെയ്യുന്നു. രാഷ്ട്രത്തിന്‍റെയാകെ സംസ്കാരമായി സവര്‍ണസംസ്കാരത്തെ മാറ്റുന്ന ഏകദേശീയതാവാദത്തിന്‍റെ പ്രത്യക്ഷീകരണങ്ങള്‍ പലരൂപത്തില്‍ സംഭവിച്ചുകൊണ്ടിരിക്കയാണ്. യഥാര്‍ത്ഥഇന്ത്യന്‍പൗരന്‍, പൗരത്വം, പൗരത്വരേഖ എന്നിവകൊണ്ട് വലിയ വിഭാഗം മനുഷ്യര്‍ ഇരകളാക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യവും ദേശരാഷ്ട്രനിര്‍മ്മിതിയുടെ പിറകില്‍ നടക്കുന്നുണ്ട്. ഇത്തരമൊരു സാമൂഹ്യാവസ്ഥയുടെ സമകാലികസന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളുന്ന കഥാഖ്യാനമാണ് ഇ. സന്തോഷ് കുമാറിന്‍റെ പാവകളുടെ വീട്, ഊഴം എന്നിവ.

ഹിന്ദുദേശരാഷ്ട്രഭാവനയില്‍ ഇരകളാക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യവര്‍ഗങ്ങളുടെ കഥയാണ് ഊഴം. ദേശം, ദേശീയത എന്നിവയുടെ രാഷട്രീയങ്ങള്‍ക്കപ്പുറം സാര്‍വദേശീയമായ മാനവികതയെയും അതിരുകളില്ലാത്ത ദേശബന്ധങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെയും വിഭാവന ചെയ്തെടുക്കുന്നുണ്ട് പാവകളുടെ വീട് എന്ന കഥയില്‍. ഒരു ദേശവും സുസ്ഥിരമല്ല. നിരന്തരം പരിണമിക്കുന്നതും സൃഷ്ടിക്കപ്പെടുന്നതുമാണ്. അതിര്‍ത്തികള്‍ മാഞ്ഞുപോവുന്നതിനും പുതിയ അതിരുകള്‍ രൂപപ്പെടുന്നതിനുമനുസരിച്ച് മനുഷ്യര്‍ ദേശങ്ങളില്‍നിന്നും ദേശങ്ങളിലേക്ക് പലായനം ചെയ്യുന്നവരാണെന്ന യാഥാര്‍ത്ഥ്യത്തെ പാവകളുടെ വീട് എന്ന രൂപകത്തിലൂടെ അവതരിപ്പിക്കുകയാണ് കഥാകാരന്‍.

കഥയിലെ ദേശം, ദേശ സൂചനകള്‍:

പാവകളുടെ വീട്, ഊഴം എന്നിവ പാന്‍ ഇന്ത്യന്‍ കഥകള്‍ എന്ന് വിളിക്കാവുന്ന കഥകളാണ്. കഥ നടക്കുന്ന സ്ഥലം, കഥയിലെ സൂചനകളിലൂടെ വരയ്ക്കാവുന്ന ദേശഭൂപടം, കഥാപാത്രങ്ങള്‍ പ്രതിനിധീകരിക്കുന്ന ദേശങ്ങള്‍, പരസ്പരം വിനിമയം ചെയ്യപ്പെടുന്ന ദേശസ്വത്വങ്ങള്‍ എന്നിവയാണ് ഈ രണ്ട് കഥകളിലും ദേശത്തേയും ദേശീയതാസങ്കല്പങ്ങളേയും വ്യാഖ്യാനിക്കാനുള്ള സാധുത നല്‍കുന്നത്. ഇന്ത്യന്‍ ദേശീയതയുടെ സിരാകേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട കല്‍ക്കത്തയിലെ ലേക്ക്ഗാര്‍ഡന്‍ എന്ന പ്രദേശത്തെ ഒരു വീടാണ് څപാവകളുടെ വീടിچലെ കഥാപരിസരം. കാളിചരണ്‍ മുഖര്‍ജി എന്ന തൊണ്ണൂറുവയസ്സുകാരനും  അദ്ദേഹത്തിന്‍റെ ഭാര്യയും കഴിയുന്ന വീടാണത്. ആ വീട്ടിലേയ്ക്ക് എത്തിച്ചേരുന്നത് ആഖ്യാതാവായ കഥാകാരന്‍ മലയാളിയാണ്. കല്‍ക്കട്ടയില്‍ തൊഴില്‍ പ്രവാസിയായി കഴിയുന്ന എഴുത്തുകാരനെ മുഖര്‍ജിയുടെ അടുക്കലെത്തിക്കുന്നത് ബോംബെക്കാരനായ ഒരു സൊറാബ്ജിയാണ്. അയാളുടെ പൂര്‍വ്വികരുടെ ഇന്‍ഷുറന്‍സ് കമ്പനിയുടെ ചരിത്രം എഴുതാന്‍ ആ കമ്പനിയുടെ തലവനായിരുന്ന മുഖര്‍ജിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് ആഖ്യാതാവിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മലയാളി, ബംഗാളി, പാഴ്സി എന്നിങ്ങനെ ഇന്ത്യയ്ക്കകത്തെ വ്യത്യസ്ത ദേശസ്വത്വങ്ങള്‍ എന്ന നിലയിലാണ് കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത്. څനിങ്ങള്‍ മലയാളിയാണ് അല്ലേ?چ എന്ന ചോദ്യവും ഏത് ദേശക്കാരനും അന്യദേശത്തുള്ളവരോട് വെച്ചു പുലര്‍ത്തുന്ന അപരമനോഭാവവും ചോദ്യത്തിലുണ്ട്. ബോംബെക്കാരന്‍ സൊറാബ്ജി ഇപ്പോള്‍ അമേരിക്കന്‍ പൗരനാണ്. ലാഹോറുകാരനായിരുന്ന മുഖര്‍ജി ദേശവിഭജനാനന്തരം കല്‍ക്കട്ടക്കാരനായി ജീവിക്കുന്നു. അമ്പത്തിയഞ്ച് രാജ്യങ്ങള്‍ സഞ്ചരിച്ച അദ്ദേഹത്തിന്‍റെ വീടിനകത്ത് ആ രാജ്യങ്ങളിലെ പൗരന്മാരുടെ പ്രതീകങ്ങളായ പാവകളിരിക്കുന്നു. ഇന്‍ഷുറന്‍സ് കമ്പനിയുടെ ചരിത്രവും ലോകരാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാമ്പത്തിക വിനിമയത്തിന്‍റെ സൂചനകളും കഥയില്‍ ആഗോളഭൂപടത്തെ സൃഷ്ടിക്കുന്നുണ്ട്. വ്യത്യസ്ത ദേശസ്വത്വങ്ങള്‍ അപരസ്വത്വങ്ങളുമായി കണ്ണിചേര്‍ന്ന് ഇന്ത്യ എന്നതില്‍ നിന്നും ആഗോളം എന്നതിലേക്ക് വിസ്തൃതമാവുന്ന സ്ഥലമാനം കഥയിലുണ്ട്. ഇന്ത്യയ്ക്കകത്തെ വ്യത്യസ്ത ദേശങ്ങളില്‍നിന്നും തൊഴില്‍പ്രവാസികളായി പൂനെയില്‍ എത്തിച്ചേര്‍ന്ന കഥാപാത്രങ്ങളും അവരുടെ ഭാഷണങ്ങളും നല്‍കുന്ന സൂചനകളാണ് ഊഴം എന്ന കഥയിലെ ഇന്ത്യന്‍ ദേശീയതാസങ്കല്പങ്ങള്‍ക്ക് ആധാരം. രണ്ട് കഥകളിലും ദേശസൂചകങ്ങളായി പ്രതീകാത്മകമായ സ്ഥലരൂപകങ്ങളും കഥാകാരന്‍ ഉപാധിയാക്കിയിരിക്കുന്നു. പാവകളുടെ വീടും കോഴിക്കൂടും അത്തരം പ്രതീകങ്ങളാണ്.

പാവകളുടെ വീട്: ദേശരൂപകം

പാവകളുടെ വീട് എന്ന സ്ഥലരൂപകത്തിലൂടെയാണ് കഥ വിഭാവനം ചെയ്യുന്ന ദേശനിര്‍മ്മിതി കഥാകൃത്ത് നടത്തുന്നത്. കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ് - "കാളീചരണ്‍ മുഖര്‍ജിയുടെ വീട്ടിലെ സ്വീകരണമുറിയില്‍ അമ്പത്തിയഞ്ച് ജോഡി പാവകളുണ്ടായിരുന്നു. അമ്പത്തിയഞ്ച് ആണ്‍പാവകള്‍. അത്രതന്നെ പെണ്‍പാവകളും. ഒരു വലിയ ഷോകേസില്‍ നാല് തട്ടുകളിലായി അവ നിരത്തിവെച്ചിരിക്കുന്നു.

"ഈ പാവകളെല്ലാം ഞാന്‍ പോയ രാജ്യങ്ങളില്‍നിന്നും ശേഖരിച്ചിട്ടുള്ളതാണ്. മുഖര്‍ജി തെല്ലൊരു അഭിമാനത്തോടെ പറഞ്ഞു.

തന്‍റെ തൊണ്ണൂറുവര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹം ലോകത്തിലെ അമ്പത്തിയഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങള്‍, അമ്പത്തിയഞ്ച് രാജ്യങ്ങള്‍ അങ്ങനെയാണ് അതിന്‍റെ കണക്ക്.

പോയതിനുള്ള തെളിവായിട്ടല്ല കേട്ടോ".

"പല പല രാജ്യങ്ങള്‍ യാത്ര ചെയ്യും. അവിടുത്തെ തെരുവുകളില്‍ നടക്കും. ഭക്ഷണം കഴിക്കും. വസ്ത്രം ധരിക്കും. ഒടുവില്‍ മടങ്ങിപ്പോരുമ്പോള്‍ ഒരുജോഡി പാവകളെ വാങ്ങിക്കും"(ഇ.സന്തോഷ് കുമാര്‍, 2020, പുറം 12)

അമ്പത്തിയഞ്ചുരാജ്യങ്ങള്‍ യാത്ര ചെയ്തിട്ടുള്ള കാളീചരണ്‍മുഖര്‍ജി ഓരോ ദേശത്തില്‍നിന്നും അവിടങ്ങളിലെ മനുഷ്യരുടെ പ്രതീകങ്ങളായി ഓരോ ജോഡി പാവകളെ സ്വീകരിക്കുന്നു. വിവിധ ദേശങ്ങളിലെ മനുഷ്യരുടെ പ്രതീകമായ പാവകള്‍ നിറഞ്ഞിരിക്കുന്ന  വീട് എന്ന സവിശേഷ അര്‍ഥത്തിലാണ് പാവകളുടെ വീട് ദേശരൂപകമായി നില്‍ക്കുന്നത്. ഈ വീട് സ്ഥിതിചെയ്യുന്നത് കല്‍ക്കട്ടയിലാണെന്നത് കഥ വിഭാവനം ചെയ്യുന്ന ദേശനിര്‍മ്മിതിയില്‍ പ്രധാനമാണ്. ഇന്ത്യന്‍ദേശീയതയുടെ പ്രഥമകേന്ദ്രമായിരുന്നു കല്‍ക്കത്ത എന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്.

വീട് എന്നത് ഒരു സ്ഥലരൂപകമാണ്. മനുഷ്യബന്ധങ്ങളും ജീവിതാനുഭവങ്ങളും വൈകാരികതകളും ഇഴുകിച്ചേര്‍ന്ന് വീട് എന്ന സ്ഥലരൂപകം നമ്മുടെ സ്വത്വത്തിന്‍റെ ഭാഗമായി മാറുന്നു. പാവകളുടെ വീട് എന്നത് സവിശേഷമായ സ്ഥലരൂപകമായിത്തീരുന്നത് അവിടെ നിറഞ്ഞിരിക്കുന്ന പാവകളിലൂടെയും ആ പാവകളുമായി കുടുംബത്തിനുള്ള ബന്ധത്തിലൂടെയുമാണ്. വ്യത്യസ്തമായ അതിരുകളും, സംസ്കാരങ്ങളും സൂചിപ്പിക്കുന്ന പാവകളുടെ രൂപങ്ങള്‍ ഭിന്നദേശങ്ങളുടെ സൂചകങ്ങളാണ്. 'ഓരോ ദേശങ്ങളിലെയും തനത് വേഷങ്ങളിലാണ് ഈ പാവദമ്പതികള്' (ibid പുറം. 13) എന്നതിലെ തനത് പ്രയോഗം ശറലിശേ്യേയെ സൂചിപ്പിക്കുന്നു. ദേശസ്വത്വങ്ങളുടെ സൂചകമായി വേഷം അടയാളപ്പെടുകയാണ്.

ഭാഷ, വേഷം, ഭക്ഷണം തുടങ്ങി നാനാവിധ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന ഓരോ സംസ്കാരവും അവ നിലനില്‍ക്കുന്ന ദേശത്തിന്‍റെ څപൊതുچവായി മാറുമ്പോള്‍ അത് ദേശത്തിന്‍റെ തനത് എന്നനിലയിലേക്ക് പരിണമിക്കുന്നു. വിവിധ ദേശങ്ങളുടെ സംസ്കാരചിഹ്നങ്ങളായി മാറുന്ന പാവകളുടെ ശേഖരത്തെ സ്വന്തം ജീവിതത്തിന്‍റെ ഭാഗമായി കാണുന്നുണ്ട് മുഖര്‍ജിദമ്പതിമാര്‍. കാലദേശങ്ങള്‍ക്ക് അനുസൃതമായി അതിരുകള്‍കൊണ്ട് വേര്‍തിരിക്കപ്പെട്ട മനുഷ്യസമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാവകള്‍ കാലക്രമേണ ആ അതിരുകള്‍ ഭേദിക്കുകയും പുതിയ ജോഡികളായി മാറുകയും ചെയ്യുന്നു. അതിരുകള്‍ക്ക് അപ്പുറമുള്ള മനുഷ്യബന്ധവും സ്വാതന്ത്ര്യവും വിഭാവനം ചെയ്യുകയാണ് ഈ ആഖ്യാനം.

"മുഖര്‍ജി പറഞ്ഞു. ഇപ്പോള്‍ നോക്കൂ. പാവകള്‍ക്കായി മുമ്പു ഞാനെഴുതി വച്ച പല രാജ്യങ്ങളും ഭൂപടത്തില്‍നിന്നും പലതും മാഞ്ഞുപോയിരിക്കുന്നു. അല്ലെങ്കില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ആ നിലയിക്ക് അവിടുത്തെ പാവകളുടെ ചിന്താക്കുഴപ്പം എനിക്ക് മനസിലാവും" (ibid , പുറം 22). രാജ്യങ്ങള്‍ ഭൂപടത്തില്‍നിന്ന് മാഞ്ഞു പോവുകയും പുതിയവ കൂട്ടിച്ചേര്‍ക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയ ചരിത്രത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന സൂചനകളാണ് ഈ ആഖ്യാനം. അതോടൊപ്പം പാവകളില്‍ കാണുന്ന ചിന്താക്കുഴപ്പം തിരിച്ചറിയാന്‍ തനിക്ക് പറ്റുമെന്ന് മുഖര്‍ജി പറയുന്നതിന്‍റെ പൊരുള്‍ സ്വന്തം ദേശം, ദേശസ്വത്വം എന്ന പ്രശ്നത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

മുഖര്‍ജി ഇന്ത്യ- പാക് വിഭജനകാലത്ത് ലാഹോറില്‍നിന്നും പലായനം ചെയ്യേണ്ടി വന്ന മനുഷ്യനാണ്. ദേശവിഭജനങ്ങള്‍ ദേശങ്ങളെ പലകാലത്തും പലതായി ഭാഗിക്കുന്നു. പുതിയ അതിരുകളോട്കൂടി പുതുദേശങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. അത്തരം ദേശങ്ങളിലെ  മനുഷ്യന് സ്വന്തം ദേശം എന്നത് ഏറ്റവും ഗൃഹാതുരവും സ്മരണീയവുമായ ഓര്‍മ്മകള്‍ മാത്രമായിത്തീരുന്നു. ദേശങ്ങളില്‍നിന്നും ദേശങ്ങളിലേക്ക് പലായനം ചെയ്യുന്ന മനുഷ്യസമൂഹത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ചരിത്രത്തില്‍ കാലാകാലങ്ങളായി കാണുന്നത്. പാവകളുടെ വീടിലെ മുഖര്‍ജിയുടെ ദേശസ്വത്വാനുഭവങ്ങളും ഈ ഓര്‍മകളോട് ചേര്‍ന്നുനില്‍ക്കുന്നതാണ്.

"ഞങ്ങള്‍ വളരുമ്പോഴും അങ്ങനായിരുന്നു. ഞൊടിയിടയില്‍ അതിര്‍ത്തികള്‍ രണ്ടായി. ആളുകള്‍ വേര്‍പിരിഞ്ഞു. മുഖര്‍ജി പറഞ്ഞു"

"ഞങ്ങളുടെ വീട് ലാഹോറിലായിരുന്നു. ഞാന്‍ ജനിച്ചു വളര്‍ന്നത് ആ നഗരത്തിലാണ്. എന്‍റെ അച്ഛന്‍ അവിടെ വടക്കുപടിഞ്ഞാറന്‍ റെയില്‍വേയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. എല്ലാം വിട്ടിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ടു പോരുന്നത് നാല്പത്തിയേഴില്‍. അന്നെനിക്ക് പതിനെട്ട് വയസ്സോ മറ്റോ ആണ്. മുഖര്‍ജി ഓര്‍ക്കാന്‍ ശ്രമിച്ചു" (ibid  പുറം 17).

ലാഹോര്‍വിട്ട് പശ്ചിമബംഗാളിലേക്ക് പലായനംചെയ്ത കുടുംബമാണ് മുഖര്‍ജിയുടേത്. പിന്നീട് താന്‍ ജോലി ചെയ്ത കമ്പനിയുടെ ആവശ്യത്തിലേക്കായാണ് പാക്കിസ്ഥാന്‍റെ ഭാഗമായിത്തീര്‍ന്ന ലാഹോറിലേക്ക് അയാള്‍ പോകുന്നത്. ലോകരാജ്യങ്ങള്‍ മുഴുവന്‍യാത്ര ചെയ്ത അദ്ദേഹത്തിന്‍റെ ഓര്‍മ്മയിലെ ഏറ്റവും സുന്ദരമായ ചിത്രം ലാഹോറിലേക്കുള്ള ആ തിരിച്ചു പോക്കാണ്. ലാഹോറിലെത്തിയ ആ ദിവസങ്ങളിലെ അനുഭവം ഏറ്റവും വൈകാരികവും ഗൃഹാതുരവുമായ ഓര്‍മ്മകളുടെ ആഖ്യാനമായാണ് കഥയില്‍ നില്‍ക്കുന്നത്. ജനിച്ചു വളര്‍ന്ന വീട്, നഗരം, തെരുവുകള്‍ എല്ലാം വൈകാരികമായി അയാള്‍ അനുഭവിക്കുന്നു. സ്വന്തം വീട്ടില്‍ അതിഥിയായിത്തീരുന്നു. അതിരുകളുടെ ഭിന്നതയോ, മതസ്പര്‍ധയുടെ അസഹിഷ്ണുതയോ അന്ന് അയാള്‍ക്ക് അനുഭവിക്കേണ്ടിവരുന്നില്ല. പക്ഷേ സ്വന്തമെന്ന് അവകാശപ്പെട്ടിരുന്ന ഇടത്തില്‍ ഒരതിഥിയായി അന്യത്വം അനുഭവിക്കുമ്പോഴുള്ള വേദന അയാളില്‍ പ്രകടമാവുന്നുണ്ട്.

"ഞാന്‍... ഞാന്‍... വാക്കുകള്‍ മറന്നു പോയതുപോലെ ഞാന്‍ വിക്കി ഞാന്‍ ആരുമല്ല... പക്ഷേ ഇവിടെ ജനിച്ചു വളര്‍ന്ന ആളാണ്. ഈ വീട് സത്യത്തില്‍ ഇത്... ഇതെന്‍റെ വീടായിരുന്നു".

"പെട്ടെന്ന് എല്ലാ ശബ്ദങ്ങളും നിലച്ചു. ഞാന്‍ അവിടെത്തന്നെ ഉള്ളിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു. അങ്ങനെ എത്രനേരം നിന്നു എന്നറിഞ്ഞുകൂടാ. സ്വന്തം വീട്ടില്‍ ഒരു കടന്നു കയറ്റക്കാരനെപ്പോലെ നില്‍ക്കേണ്ടിവരുന്നതിന്‍റെ വേദന അനുഭവിച്ചറിയണം. ഏത് നിമിഷത്തിലാണ് ഹോട്ടലില്‍ നിന്ന് ഇങ്ങോട്ടു നടക്കാന്‍ തോന്നിയതെന്ന് ഞാന്‍ സ്വയം ശപിച്ചു".

"അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം, അന്നു രാത്രി ഞാന്‍ ആ വീട്ടില്‍ എന്‍റെ പഴയ മുറിയില്‍ താമസിച്ചു. ഒരു അതിഥിയായിട്ട്. രാത്രിയില്‍ ആതിഥേയനുമായി കുറേനേരം സംസാരിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ സംസാരിച്ചു പിരിയുമ്പോള്‍ വളരെ വൈകിയിരുന്നു. അതിനു ശേഷവും ഉറങ്ങാന്‍ കഴിയാതെ ഞാന്‍ വിഷമിച്ചു. ഓര്‍മ്മകള്‍ എന്നെ വല്ലാതെ ഉലച്ചിരുന്നു. തലയണയില്‍ മുഖമമര്‍ത്തി ഞാന്‍ കരഞ്ഞു" (ibid പുറം 17-18).

മുഖര്‍ജിയുടെ ഈ ഓര്‍മ്മകളുടെ ആഖ്യാനം ദേശസ്വത്വം എന്ന പ്രശ്നത്തിന്‍റെ സങ്കീര്‍ണ്ണതയിലേക്കാണ് നമ്മുടെ ചിന്തയെ നയിക്കുന്നത്. സ്വന്തം ദേശം എന്നതിന് അര്‍ഥമില്ലാതാവുകയും വൈകാരികമായ ഗൃഹാതുരത മാത്രമായി ആ പ്രയോഗം മാറുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളേണ്ടിവരുന്നു. രാഷ്ട്രവും ഭരണകൂടവും അധികാരവും നിര്‍ണയിക്കുന്ന ദേശാതിര്‍ത്തികള്‍ക്ക് അപ്പുറം മാനവികതയുടെ മൂല്യം പ്രധാനമാകുന്നു എന്ന വീക്ഷണത്തിലാണ് ലാഹോറിലെ മനുഷ്യരുടെ ആതിഥേയത്വം ആഖ്യാനത്തില്‍ നില്‍ക്കുന്നത്. ലാഹോറിലെ തെരുവുകളും വീടുകളും മനുഷ്യരും ഒരുപോലെ മുഖര്‍ജിയെ വരവേല്‍ക്കുന്നു. സ്വന്തം ദേശത്തിന്‍റെയും വീടിന്‍റെയും രുചി ഒരിക്കല്‍കൂടി അയാള്‍ അനുഭവിച്ചറിയുന്നു. ഇപ്പോള്‍ ആ വീട്ടില്‍ താമസിക്കുന്ന ബാബ അങ്ങേയറ്റം സ്നേഹത്തോടെ മുഖര്‍ജിയെ ആലിംഗനം ചെയ്യുന്നു. പണ്ട് വീട്വിട്ടുപോരുമ്പോള്‍ മറന്നുവെച്ചുപോയ ചിത്രങ്ങള്‍ അയാള്‍ക്ക് തിരികെ നല്‍കുന്നു. പിറ്റേ ദിവസം അവിടുന്ന് തിരിച്ചുപോരുമ്പോള്‍ പഞ്ചാബി വേഷത്തിലുള്ള ഒരുജോഡിപാവകളെയും സമ്മാനിക്കുന്നു. മുഖര്‍ജിയുടെ വീട്ടിലെത്തിയ ആദ്യത്തെ പാവകള്‍ അതാണ്. തന്‍റെ സ്വന്തം ദേശമായിരുന്ന ലാഹോറിന്‍റെ ഇന്നത്തെ അതിരുകളോ രാഷട്രീയമോ അദ്ദേഹത്തിന് വിഷയമാകുന്നില്ല. നിയമത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും അതിരുകള്‍ക്കുള്ളില്‍ യഥാര്‍ത്ഥത്തില്‍ ദേശം അന്യമാണെങ്കിലും ആ അന്യത്വത്തെ മനുഷ്യര്‍ മറികടക്കുന്നത് മാനവികതയിലൂടെയാണെന്ന് ആഖ്യാനം ഓര്‍മ്മിപ്പിക്കുന്നു.

അതിരുകള്‍ ഭേദിക്കുന്ന സാര്‍വദേശീയ മാനവികത

അതിരുകള്‍ക്കുള്ളിലും അതിരുകളില്ലാത്ത സാര്‍വദേശീയമാനവികത എന്ന ദേശീയതാ സങ്കല്പത്തെ പാവകളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിലൂടെ കഥാകൃത്ത് ആവിഷ്ക്കരിക്കുന്നുണ്ട്.

"ഞാന്‍ പറഞ്ഞില്ലേ, പാവകള്‍തന്നെ എല്ലാം സ്വയം തീരുമാനിക്കുന്നു. നമ്മള്‍ ഒതുക്കി വെച്ചാലും സകലതും മാറ്റിമറിക്കുന്നു".

പ്രശ്നങ്ങള്‍ കൂടുകയാണ്. കുറച്ചു നേരത്തിനു ശേഷം ശബ്ദം തീരെ കുറച്ച് കൊണ്ട് മുഖര്‍ജി പറഞ്ഞു. ഇപ്പോള്‍ ചില്ലുകൂട്ടില്‍ നിന്നൊക്കെ അവയ്ക്ക് സ്വയം ഇറങ്ങി നടക്കാമെന്നായിട്ടുണ്ട്. ഈ വീട്ടില്‍ എവിടെയും ഇപ്പോള്‍ അവരെ കാണാം. മുകളിലെ മുറികളില്‍പ്പോലും ഒറ്റയ്ക്കും കൂട്ട് കൂടിയും ബഹളം വെച്ചും അവ വീടാകെ നിറഞ്ഞിരിക്കുന്നു. എല്ലാ അതിര്‍ത്തികളും മായ്ച്ചുകളഞ്ഞതുപോലെ. പക്ഷേ ഈ വയസ്സുകാലത്ത് ഞങ്ങള്‍ക്കെന്തുചെയ്യാന്‍ കഴിയും. ഒന്നാലോചിച്ചാല്‍ അവര്‍ക്കിടയില്‍ ക്രമം തെറ്റിയ രണ്ടു പാവകളായി ഞങ്ങളും മാറി (ibid  പുറം 21).

കഥയില്‍ ഇതുവരെ തുടര്‍ന്നുവന്ന സംഭാഷണ ആഖ്യാനങ്ങളെ യാഥാര്‍ത്ഥ്യത്തിന്‍റെ തലത്തില്‍നിന്നും വ്യതിചലിപ്പിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഈ ആഖ്യാനം പാവകളുടെ ആഖ്യാനം കഥയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു. പേരക്കുട്ടികളുടെ കുസൃതികള്‍ എന്ന നിലയില്‍നിന്നും മാറി കുട്ടികള്‍ സൃഷ്ടിക്കുന്ന നിശബ്ദവിപ്ലവങ്ങളാണ് പാവകളെ അതിരുകളില്‍ നിന്ന് മോചിപ്പിക്കുന്നത് എന്നതിലാണ് ആഖ്യാനം ഊന്നുന്നത്. രാജ്യങ്ങളെക്കുറിച്ചോ അതിര്‍ത്തികളെക്കുറിച്ചോ വലിയ ബോധ്യമില്ലാത്തവരാണ് കുട്ടികള്‍. അവരുടെ ഭാവനയ്ക്കനുസൃതമായി പാവകളെ കൂട്ടിക്കുഴച്ചുവെയ്ക്കുന്നു. അവരുടെ കാലമാകുമ്പോഴേയ്ക്കും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഇന്നു കാണുന്നതില്‍നിന്ന് ഭിന്നമായി"കുഴമറിഞ്ഞ് പോകാം" എന്നും ഞങ്ങളുടെ കുട്ടിക്കാലത്തും ഇതുതന്നെയാണ് സംഭവിച്ചതെന്നും "നൊടിയിടയില്‍ അതിര്‍ത്തികള്‍ രണ്ടായി ആളുകള്‍ വേര്‍പിരിഞ്ഞെന്നും" മുഖര്‍ജി പറയുന്നുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം രാജ്യാതിര്‍ത്തികള്‍, ആണ്‍ പെണ്‍ വ്യതിരിക്തതകള്‍ എല്ലാം നിസ്സാരങ്ങളാണ്. അവരുടെ ഭാവനയ്ക്കനുസൃതമായി അവര്‍ ചെയ്യുന്ന ഈ പ്രവൃത്തി കാലങ്ങള്‍ക്ക്ശേഷം യാഥാര്‍ത്ഥ്യമായിത്തീരുന്ന ഒന്നാണ്. അത്തരം ഒരു തിരിച്ചറിവില്‍നിന്നാണ് പാവകളുടെ ഇടയില്‍ ക്രമം തെറ്റിയ രണ്ട് പാവകളായി തീര്‍ന്നവരാണ് ഞങ്ങള്‍ എന്ന് മുഖര്‍ജി പറയുന്നത്. കഥയുടെ അവസാന ഭാഗത്ത് പാവകള്‍ വീടിനകത്ത് സ്വതന്ത്രമായി സഞ്ചരിക്കുന്നു എന്ന ഭ്രമാത്മകമായ ആഖ്യാനം സംഭാവ്യതകളെ കഥയുടെ സൗന്ദര്യാത്മകതയിലേക്ക് മാറ്റുന്നു. അതിരുകളില്‍നിന്നും പാവകള്‍ സ്വതന്ത്രരാക്കപ്പെടുന്നതായി കഥാഖ്യാനം പൂര്‍ണമാവുമ്പോള്‍ ആ സ്വാതന്ത്ര്യത്തിന്‍റെ സൂചന വായനക്കാരില്‍ ദേശീയതയിലെ സാര്‍വദേശീയമാനത്തെ ഓര്‍മ്മിപ്പിക്കുന്നു.

ദേശത്തെ നിര്‍ണയിക്കുന്ന അതിരുകളും പൗരത്വവും അധികാരത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നിരന്തരം മാറുന്നു. ആഗോളമുതലാളിത്തം ലോകത്തെ മുഴുവന്‍ ഒറ്റവലക്കണ്ണികളാക്കി മാറ്റിയ ഈ കാലത്ത് അതിരുകള്‍ എന്ന സങ്കല്പം തന്നെ അസ്ഥാനത്താണ്. സമകാലികമായ ഈ യാഥാര്‍ത്ഥ്യത്തില്‍നിന്നുകൊണ്ടാണ് എഴുത്തുകാരനില്‍ അതിരുകളില്ലാത്ത ദേശഭാവന രൂപപ്പെടുന്നത്. ഒരു ദേശവും ഒറ്റപ്പെട്ട ദേശമല്ല; ചരിത്രപരമായും സാമൂഹ്യപരമായും ഓരോദേശവും അനേകദേശങ്ങളുടെ സഞ്ചയത്തില്‍നിന്നും രൂപംകൊള്ളുന്നതാണ്. വൈവിധ്യമാര്‍ന്ന മനുഷ്യസമൂഹങ്ങളുടെ ജീവിതവും സംസ്കാരവുമാണ് ഓരോ ദേശത്തെയും സമ്പന്നമാക്കുന്നത്. സാര്‍വ്വദേശീയമായ സംസ്കാരചരിത്രമാണ് ഇന്ത്യ എന്ന ദേശത്തെ രൂപപ്പെടുത്തിയത്. ദേശരാഷട്രം എന്നത് ചരിത്രപരമായി രൂപംകൊണ്ട ഒരസ്തിത്വമാണ്. പൊതുസംസ്കാരവും പാരമ്പര്യവും ഭാഷയുമുള്ള ഒരു ഏകശിലാരാഷ്ട്രമായിരുന്നില്ല ഇന്ത്യ. ലോകത്തിലെ വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും സ്വാംശീകരണത്തിന്‍റെ ചരിത്രം ഇന്ത്യന്‍ സാംസ്കാരികതയില്‍ ലയിച്ചു ചേര്‍ന്നിട്ടുണ്ട്. വിവിധങ്ങളായ ജീവിതങ്ങളെയും സാമൂഹ്യസംസ്കാരങ്ങളെയും അനുഭവിച്ചറിഞ്ഞ എഴുത്തുകാരനില്‍ രൂപംകൊള്ളുന്ന ദേശഭാവനയുടെ സ്വാതന്ത്ര്യമാണ് പാവകളുടെവീടിലൂടെ കഥാകാരന്‍ ആവിഷ്ക്കരിക്കുന്നത്. ഇന്ത്യന്‍ഭരണകൂടരാഷട്രീയം മുന്നോട്ടുവയ്ക്കുന്ന പൗരത്വനിയമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ദേശീയതയുടെ ശക്തികേന്ദ്രമായ കല്‍ക്കത്ത പശ്ചാത്തലമായി അതിരുകള്‍ക്കതീതമായ ദേശീയതയേയും സാര്‍വദേശീയമാനവികതയെയും ഉയര്‍ത്തിക്കാണിക്കുന്നു എന്നതാണ് പാവകളുടെ വീട് എന്ന കഥയുടെ പ്രസക്തി.

ദേശരാഷ്ട്രത്തിലെ ഇരകളും വേട്ടക്കാരും

ഓരോ ദേശത്തു അധീശത്വം വഹിക്കുന്നത് ഭരണവര്‍ഗത്തിന്‍റെ ആശയങ്ങള്‍ ആയിരിക്കും. ഏകദേശീയതയില്‍ അടിയുറച്ച സങ്കല്പങ്ങളാണ് ഇന്ത്യന്‍ഭരണകൂടദേശീയത ഇന്ന് മുറുകെ പിടിക്കുന്നത്. സാംസ്കാരികദേശീയത എന്ന് അറിയപ്പെടുന്ന ഏകദേശീയതയില്‍ ഉള്‍ച്ചേരുന്നത് ഹിന്ദുയിസവും ഇരകളാക്കപ്പെടുന്നത് മതന്യൂനപക്ഷങ്ങളും ദളിതരും ആണ്. ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥയാണ് څഊഴംچ എന്ന കഥ. ഇറച്ചിവെട്ടുകാരന്‍റെ കത്തിക്ക് ഇരയാകുന്ന കോഴികളിലൂടെയാണ് കഥാഖ്യാനത്തില്‍ സമകാലികമായ ഈ സന്ദര്‍ഭം പ്രതീകവല്‍ക്കരിക്കപ്പെടുന്നത്. ദേശീയത എന്ന അജണ്ടയിലൂടെ ഹിന്ദുരാഷ്ട്രം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടം ഉത്പാദിപ്പിക്കുന്ന ഹിന്ദു /മുസ്ലീം വര്‍ഗീയത സമൂഹമനസില്‍ പടരുന്നതിന്‍റെ പ്രത്യക്ഷ പ്രഖ്യാപനമാണ് څഊഴچത്തില്‍ നാം വായിക്കുന്നത്. സമകാലിക ഇന്ത്യന്‍ ഭരണകൂടരാഷ്ട്രീയത്തോടുള്ള ശക്തമായ പ്രതികരണമാണ് ഊഴം. ദേശം, ദേശീയത, മതരാഷ്ട്രീയം തുടങ്ങിയ ആശയങ്ങളിലൂടെ അധികാരരാഷ്ട്രീയത്തെ ആഴത്തില്‍ വായിക്കുന്ന ഈ കഥ, ദേശരാഷ്ട്രം എന്ന സങ്കല്പനത്തിന്‍റെ ഭീതിദമായ വശം എടുത്തുകാണിക്കുന്ന സ്ഥലരൂപകങ്ങളിലൂടെ, മുസ്ലീംമതവിരുദ്ധതയും ഹിന്ദുയിസവും വേരുകളാഴ്ത്തിയിരിക്കുന്ന ഇന്ത്യന്‍ സമൂഹമനസിനെ അടയാളപ്പെടുത്തുന്നു.

തൊഴില്‍ പ്രവാസികളായി വിവിധ ദേശങ്ങളില്‍നിന്ന് പൂനെയില്‍ എത്തിയിരിക്കുന്ന സുഹൃത്തുക്കളുടെ സൗഹൃദസംഭാഷണത്തിലൂടെയാണ് ഈ കഥ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. അജ്മല്‍, ആഖ്യാതാവ്, സന്ദീപ് വൈഷ്ണവ് എന്നീ സുഹൃത്തുക്കള്‍ തങ്ങളുടെ കൂടെ ജോലിചെയ്ത അഭയ്കുമാര്‍ പട്നായിക്കിന്‍റെ ഫ്ലാറ്റില്‍ ഒത്തുചേരുകയാണ്. അവര്‍ വ്യത്യസ്ത ദേശങ്ങളില്‍നിന്നുള്ളവരാണ്. നാല് പേരില്‍ അജ്മല്‍ മാത്രമാണ് മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്നത്. ഇവര്‍ നാലുപേര്‍ ചേര്‍ന്നിരിക്കുന്ന ഇടം പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തെയാണ്. ഇവരുടെ സൗഹൃദ സംഭാഷണങ്ങളില്‍ ഇന്ത്യന്‍ സമൂഹമനസ്സില്‍ രൂപപ്പെട്ടുവരുന്ന മതസ്പര്‍ധയുടെ സ്ഫുരണങ്ങള്‍ കാണാം. അഭയ്കുമാര്‍ പട്നായിക് അജ്മലിനെക്കുറിച്ചും മുസ്ലീം സമുദായത്തെക്കുറിച്ചും ഏറ്റവും സ്വാഭാവികമെന്നോണം ചോദിക്കുന്ന ചോദ്യങ്ങളും അയാള്‍ പുലര്‍ത്തുന്ന ധാരണകളും ഹിന്ദു- മുസ്ലീം സമുദായങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഉത്തമ /അധമബോധത്തെ എടുത്തുകാണിക്കുന്നുണ്ട്.

"മാഡത്തിന്‍റെ ഗുരു വലിയൊരാളല്ലേ?" അക്വാഗാഡില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കുന്നതിനിടയില്‍ അജ്മല്‍ ചോദിച്ചു. ലൈബ്രറിയില്‍ അദ്ദേഹത്തെപ്പറ്റി ഒരു പുസ്തകമുണ്ട്. പട്നായിക് അത് കേട്ടില്ലെന്നു നടിച്ചു.

അല്പം കഴിഞ്ഞപ്പോള്‍ അജ്മല്‍ ടോയ്ലറ്റിലേക്കു പോയി. പട്നായിക് എന്തോ ഉറപ്പുവരുത്താനെന്നോണം വിളിച്ചു ചോദിച്ചു. .... പട്നായിക് പറഞ്ഞു. "അവന്‍ പറഞ്ഞതു കേട്ടില്ലേ? ഒരു വലിയ ഗുരു പോലും! ഏതോ മൊല്ലാക്കയാണ്. സൂഫിയോ സിദ്ധനോ എന്തോ. അയാള്‍ ഏതോ ദിവ്യനായിരുന്നുവെന്ന മട്ടിലാ ഇവന്മാരുടെ സംസാരം. ജപിച്ചുകെട്ടി പേടി മാറ്റുമെന്നോ, പ്രാര്‍ത്ഥിച്ചു രോഗം മാറ്റുമെന്നോ ഒക്കെ എന്‍റെ ഭാര്യയും ഓരോ വിടുവായത്തം പറയുന്നതു കേള്‍ക്കാം" (സന്തോഷ് കുമാര്‍ ഇ., ഊഴം, https//truethink.media may 1 2020).).

കഥയിലെ പരാമര്‍ശിതഭാഗം പട്നായികിന്‍റെ ഭാര്യയുടെ സംഗീതത്തെക്കുറിച്ചു ഏറ്റവും നിന്ദാപൂര്‍വ്വം അയാള്‍ പറയുന്നതാണ്. മുസ്ലിംസുദായത്തോടുള്ള അരോചകത്വം മുഴുവന്‍ ആ ഭാഷണത്തില്‍ ഉണ്ട്. ഏതോ മൊല്ലാക്ക സംഗീതം പഠിപ്പിച്ചതിന്‍റെ കുഴപ്പമാണ് അവളുടെ സംഗീതത്തില്‍ കാണുന്നത് എന്ന വിലയിരുത്തലാണ് അയാള്‍ നടത്തുന്നത്. മുസ്ലിം സമുദായത്തിനു നേരെ ഇന്ത്യന്‍ സമൂഹത്തില്‍ ഉയരുന്ന വെറുപ്പും വര്‍ഗീയമനോഭാവവും ഏറ്റവും സ്വാഭാവികമെന്നോണം പട്നായിക് ചോദിക്കുന്ന ചോദ്യങ്ങളിലും അയാള്‍ പുലര്‍ത്തുന്ന ധാരണകളിലും ഉറഞ്ഞുനില്‍ക്കുന്നുണ്ട്. സവര്‍ണ ഹിന്ദുത്വത്തെ സ്ഥാപിക്കാന്‍ നടത്തുന്ന രാഷ്ട്രീയ അജണ്ടകള്‍ ഒരു ജനതയില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്നതിന് ഉദാഹരണമാണ് അഭയകുമാര്‍ പട്നായിക്കിന്‍റെ ഭാഷണങ്ങള്‍. സംസ്കൃതം കൈവിട്ടു കളഞ്ഞതാണ് നമുക്കു പറ്റിയ പിഴവ് എന്നാണ് പട്നായിക്കിന്‍റെ അഭിപ്രായം. څഞാന്‍ പ്ലസ്ടു വരെ സംസ്കൃതം പഠിച്ചിട്ടുണ്ട്چ എന്ന് സന്ദീപ് വൈഷ്ണവിന്‍റെ വാക്കുകള്‍ക്ക് അയാളുടെ മറുപടി څനിനക്ക് അതിന്‍റെ സംസ്കാരവും കാണും്چ എന്നാണ്. സംസ്കൃതം പഠിക്കുന്നവനും, പഠിപ്പിക്കുന്നവനും സംസ്കാരസമ്പന്നന്‍ എന്നതാണ് അയാളുടെ നിഗമനം. സംസ്കൃതം ഒരു ഭാഷ എന്നതില്‍ നിന്നും മതത്തിന്‍റെയും ശ്രേഷ്ഠസംസ്കാരത്തിന്‍റെയും ചിഹ്നമായി മാറുന്നത് കാണുന്നു. സംഗീതം പ്രാര്‍ത്ഥനയാവണമെന്നും സംസ്കൃതജ്ഞാനികളാണ് യഥാര്‍ത്ഥ പണ്ഡിതശ്രേഷ്ഠര്‍ എന്നതും മേല്‍പ്പറഞ്ഞ രാഷ്ട്രീയത്തിന്‍റെ പൊതുബോധനിര്‍മ്മിതിയാണ്. സാഹിത്യത്തെയും ഇതര കലകളെയും സംസ്കാരത്തിന്‍റെ വരേണ്യതയായി, ശ്രേഷ്ഠതയായി രേഖപ്പെടുത്തുന്നു. അത്തരം സംസ്കാരചരിത്രം ഹിന്ദുയിസത്തിന്‍റെ മുഖമുദ്രയാണ്. അതാണ് പട്നായികിനെ പോലുള്ളവരുടെ ഭാഷണങ്ങള്‍ വ്യക്തമാക്കുന്നത്.

വ്യവഹാരങ്ങളും ആഖ്യാനങ്ങളും പൊതുബോധ നിര്‍മ്മിതിയുടെ സൂചകങ്ങള്‍

ഊഴം എന്ന കഥയില്‍ സംഭാഷണങ്ങളില്‍ കടന്നുവരുന്ന വ്യവഹാരങ്ങളുടെ അപഗ്രഥനത്തിലൂടെയാണ് കഥയിലൂടെ ഉരുത്തിരിയുന്ന രാഷ്ട്രീയം വ്യക്തമാക്കപ്പെടുന്നത്. സംഗീതം, ഭാഷ, തൊഴില്‍, ഭക്ഷണം, സംസ്കാരം ഇവയെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ എല്ലാം സവര്‍ണഹിന്ദുമതത്തെ ശ്രേഷ്ഠമായി ഉറപ്പിക്കുന്നതും മുസ്ലീം മതത്തെ ഇകഴ്ത്തുന്നതുമാണെന്ന് കാണാം. അജ്മലിനെക്കുറിച്ച് അയാളുടെ അസാന്നിധ്യത്തില്‍ പട്നായിക് പറയുന്നത് - "പൊണ്ണനെപ്പോലെ വലുതായി എന്നേയുള്ളൂ. വിവരമില്ല. പട്നായിക് അയാള്‍ പോകുന്നതു നോക്കിക്കൊണ്ടു പറഞ്ഞു. മൊത്തത്തില്‍ ഇവന്മാരുടെ പ്രശ്നം അതാണ്".

"എഡ്യുക്കേഷന്‍റെ പ്രശ്നമാണ്". വിഷയം ഒന്നു തണുപ്പിക്കാനെന്നോണം സന്ദീപ് പറഞ്ഞു

"എന്താ എഡ്യുക്കേഷന്‍റെ പ്രശ്നം? ആരെങ്കിലും പഠിക്കണ്ടാ എന്നു തടയുന്നുണ്ടോ?" അഭയ് പട്നായിക് ചോദിച്ചു.

"എല്ലാവരും മുഖ്യധാരയിലേക്ക് വരണം" സന്ദീപ് പുറത്തേക്കുനോക്കിക്കൊണ്ടു കുറഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

എന്നു പറഞ്ഞാല്‍ എന്താ, ആരെങ്കിലും പോയി കൊണ്ടുവരണോ? അഭയ് ചിരിച്ചു.

"കേരളത്തിലൊക്കെ എല്ലാവര്‍ക്കും വിദ്യാഭ്യാസമുണ്ട്". ഞാന്‍ പറഞ്ഞു.

"ഹോ! കേരളം" അയാള്‍ ചിരിച്ചു. മല്ലു ഹെല്‍! എ ഹൊറബിള്‍ പ്ലേസ്! ഗോഡ്സ് ഓണ്‍ കണ്ട്രിയെക്കുറിച്ചാണ് അഭയ് സാര്‍ ഇങ്ങനെ പറയുന്നത്! സന്ദീപ് ചിരിച്ചു.

"എന്തു ഗോഡ്സ് ഓണ്‍ കണ്ട്രി? നോണ്‍സെന്‍സ്! പാക്കിസ്ഥാന്‍ കളി ജയിച്ചാല്‍ മലയാളികള്‍ പടക്കം പൊട്ടിക്കും എന്നു ഞാന്‍ കേട്ടിട്ടുണ്ട്. ശരിയല്ലേ?"

"ശരിയല്ല. ഞാന്‍ പറഞ്ഞു".

"... വന്നു വന്ന് പപ്പുമോനും പച്ചക്കൊടിയും മാത്രമായി. ഡോഗ്സ് ഓണ്‍കണ്ട്രി". എന്ന് അവസാനിക്കുന്ന സംഭാഷണങ്ങളില്‍ പട്നായിക്കിന്‍റെ ധാരണകളും പൊതുബോധവുമാണ് ഉയര്‍ന്നു നില്‍ക്കുന്നത്. അയാളുടെ ഭാഷണങ്ങളില്‍ തെളിയുന്ന പുച്ഛവും പരിഹാസവും നിന്ദയും മുസ്ലിം മതത്തോടുള്ള അന്യത്വവും മതന്യൂനപക്ഷം മുഖ്യധാരയോട് അടുത്തുനില്‍ക്കുന്നതിലെ അസഹിഷ്ണുതയും വെളിപ്പെടുന്നുണ്ട്. വിവരമില്ലാത്ത വര്‍ഗമാണ് മുസ്ലിം സമുദായമെന്നും കുടുംബാസൂത്രണമില്ലാതെ രാജ്യത്തെ ജനസംഖ്യാവര്‍ദ്ധനവിന് കാരണക്കാരാകുന്നതും സംസ്കാരശൂന്യരെന്നുമുള്ള മതവിദ്വേഷത്തിന്‍റെ യുക്തികള്‍ സവര്‍ണഹിന്ദുയിസത്തിന്‍റെ വ്യവഹാരമായി ഭാഷണങ്ങളില്‍ സ്ഥാനം പിടിക്കുന്നു.

അജ്മലിന്‍റെ സാന്നിധ്യത്തില്‍ പട്നായിക് നടത്തുന്ന മറ്റൊരു ഭാഷണം നോക്കുക:

"ഈ അജ്മല്‍ ഇല്ലേ, അവന്‍ കൊള്ളാം കേട്ടോ. അറിഞ്ഞു പെരുമാറാനറിയാം, നല്ല ബുദ്ധി, വിവരം ഒക്കെയുണ്ട്". കള്‍ച്ചേഡ് അയാള്‍ പറഞ്ഞു അജ്മല്‍ ചിരിയോടെ സോഫയില്‍ ഇരുന്നു. 

"ഞാനെന്താ അവനെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കാതിരുന്നത്? ഹീ യിസ് ഏന്‍ എക്സ്പഷന്‍. ഏന്‍ ഓണറബിള്‍ എക്സ്പഷന്‍. മുമ്പൊരിക്കല്‍ അവന്‍ വീട്ടില്‍ വന്നിരുന്നു. ഞാന്‍ ക്യാമ്പസിനടുത്തു താമസിക്കുന്ന സമയത്താണ്. എന്‍റെ ഭാര്യക്ക് ഏതോ സംഗീതപുസ്തകം കൊണ്ടു കൊടുക്കാന്‍ വന്നതാണ്. നീ ഓര്‍ക്കുന്നില്ലേ, അജ്മല്‍?"

അജ്മല്‍ തലയാട്ടി.

"ങാ, അന്ന് എന്‍റെ അമ്മ വീട്ടിലുണ്ട്. ഇവന്‍ പോയപ്പോ അമ്മ എന്നോടു ചോദിക്കുകയാ, ഏതാ ആ പയ്യന്‍? ബ്രാഹ്മണനാണോ എന്ന്?" എന്താ കാരണം?

എന്താണ് കാരണം എന്നു ഞങ്ങള്‍ക്കാര്‍ക്കും - അജ്മലിനും മനസ്സിലായില്ല.

"അവനെ കണ്ടാലറിയാം. അതാണ് ആ എക്സപ്ഷന്‍. ചിക്കന്‍ വറുത്തുകൊടുത്തിട്ടും തൊട്ടില്ല. നിങ്ങള്‍ക്കറിയാമോ, ഹീയീസ് എ സ്ട്രിക്റ്റ് വെജിറ്റേറിയന്‍. ക്യാന്‍ യു ബിലീവിറ്റ്? സംശയമുണ്ടെങ്കില്‍ ചോദിച്ചു നോക്ക്".

"നോണ്‍ കഴിച്ചാല്‍ ചെറിയൊരു അലര്‍ജിയുണ്ട്. അതുകൊണ്ടാ.." അജ്മല്‍ പറഞ്ഞു.

സസ്യാഹാരിയായ, സാത്വികനായ ബ്രാഹ്മണനെ പോലെ തോന്നിക്കുന്ന അജ്മല്‍ എന്നതാണ് ഈ ആഖ്യാനത്തില്‍ പട്നായിക് ഊന്നുന്നത്. മറ്റുള്ളവരില്‍നിന്നും അജ്മലിനെ വ്യത്യസ്തനാക്കുന്നതും അയാള്‍ څകള്‍ച്ചേഡچ് ആകുന്നതും ഈ കാരണം കൊണ്ടാണ്. ഇന്ത്യന്‍ സാംസ്കാരികദേശീയതയുടെ കണ്ണില്‍ മനുഷ്യനെ ഇത്തരമൊരു സാമൂഹ്യനിര്‍മ്മിതിയായി കാണാനാണ് അഭയ്കുമാര്‍ പട്നായിക് പ്രതിനിധീകരിക്കുന്ന സവര്‍ണബോധം ശ്രമിക്കുന്നത്. ആഹാരം, വസ്ത്രം, ശീലം, എല്ലാറ്റിലും സവര്‍ണഹിന്ദുവായിരിക്കുക എന്ന നയം പ്രാവര്‍ത്തികമാകുന്ന ഒരു സംസ്കാരത്തിന് രൂപം കൊടുക്കുക എന്നതാണ്. വെജിറ്റേറിയന്‍ ആവുക, ബ്രാഹ്മണനെപ്പോലെ തോന്നുക എന്നീ രണ്ട് പ്രയോഗങ്ങളിലാണ് ആഖ്യാനത്തിന്‍റെ ഊന്നല്‍.

അജ്മലിന്‍റെ ജോലി സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് ജോലിയില്ലാതാകുന്നതിന്‍റെ കാരണങ്ങളിലും അയാള്‍ കണ്ടെത്തുന്നത് മുസ്ലിം വിഭാഗത്തില്‍ ആരോപിക്കപ്പെടുന്ന ജനനനിയന്ത്രണ സംരഭങ്ങളോടുള്ള വിമുഖതയാണ്. സൗഹൃദ സംഭാഷണത്തിന്‍റെ രൂപത്തിലാണ് കഥയില്‍ ഭാഷണങ്ങള്‍ നില്‍ക്കുന്നതെങ്കിലും അധികാര വ്യവസ്ഥിതിയുടെ രാഷട്രീയശരികളുടെ പ്രഖ്യാപനമാണ് മേല്‍പ്പറഞ്ഞ ഭാഷണങ്ങളെല്ലാം. സംഭാഷണത്തില്‍ പങ്കുകൊള്ളുന്നവരും സംഭാഷണവിഷയവും വിഷയത്തിന്‍റെ സ്വഭാവവും വിഷയത്തോടുള്ള പ്രതികരണവും വിശകലനവിധേയമാക്കുമ്പോള്‍ ആ ഭാഷണങ്ങളുടെ രാഷട്രീയം വ്യക്തമാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഓരോ വ്യക്തിയില്‍നിന്നും പുറപ്പെടുന്ന വാക്കുകള്‍, ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ അവരുടെ നിലപാടുകളിലെ രാഷട്രീയത്തെയും വെളിപ്പെടുത്തുന്നു. സൗഹൃദസംഭാഷണവേളയിലും സ്കൂളില്‍നിന്ന് ദേശീയഗാനം ആലപിക്കുന്നത് കേള്‍ക്കുമ്പോള്‍ അറ്റന്‍ഷനായി നിന്ന് ജനഗണമന ഉരുവിടുന്ന അജ്മലിനെ കാണുമ്പോള്‍ അയാള്‍ എന്തോ ഒരു ഭാരം ചുമക്കുന്നതുപോലെ ആഖ്യാതാവിന് തോന്നുന്നു. ദേശീയത ഭാരമായി തീരുന്ന അജ്മലിനെപ്പോലുള്ളവര്‍ക്ക് അതിജീവിക്കാന്‍ ഭരണകൂടം അനുശാസിക്കുന്നതെന്തും നിര്‍ബന്ധിതമായി അനുസരിക്കേണ്ടിവരുന്നു. കഥയിലെ മുക്കാല്‍ ഭാഗത്തെ ആഖ്യാനവും ഹിന്ദുയിസത്തിന്‍റെ മഹത്വവല്‍ക്കരണവും മതവിരുദ്ധതയും പ്രകടമാക്കുന്ന സംഭാഷണങ്ങളിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്. ഭാഷണങ്ങള്‍ രാഷ്ട്രീയ വ്യവഹാരങ്ങളായിട്ടാണ് കഥയില്‍ നില്‍ക്കുന്നത്. ദേശം, ദേശീയത, മതം, ഭാഷ, സംസ്കാരം എന്നിവയുടെ അധികാരപക്ഷത്തുള്ള രാഷട്രീയശരികളെ നിര്‍മ്മിക്കുകയാണ് സംഭാഷണത്തിലൂടെ. സവര്‍ണഹിന്ദുയിസത്തിന്‍റെ രാഷട്രീയം ഭാഷണത്തില്‍ ശക്തിപ്പെടുന്നു. സംസ്കൃതത്തിന്‍റെ ശ്രേഷ്ഠതയും, ഉത്തമസംസ്കാരത്തിന്‍റെ സൃഷ്ടിയും ദേശരാഷ്ട്രസങ്കല്പങ്ങളിലെ പ്രധാനവികാരമായിത്തീരുന്നു. ഗാന്ധിയെയും രബീന്ദ്രനാഥടാഗോറിനെയും വെറുക്കുന്ന, ബങ്കിംചന്ദ്രചാറ്റര്‍ജിയെയും, സഞ്ജയ്ഗാന്ധിയെയും ഇഷ്ടപ്പെടുന്ന 'ഭാരത് മാത' മത രാഷ്ട്രീയം സംഭാഷണത്തിലൂടെ ഉരുത്തിരിയുന്നു.

അപകര്‍ഷതയും നിന്ദയും ഭയവും വേട്ടയാടുന്ന ഇരകളായിത്തീരുന്നു മുസ്ലീം ജനത.  ഇറച്ചിക്കടയിലെ ജീവിതാനുഭവത്തിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ഭീതിയും ഭയവും അജ്മലിലൂടെ നാം മനസിലാക്കുന്നു. ഇറച്ചിക്കടയില്‍ വെട്ടുകാരന്‍റെ കത്തിക്ക് ഇരയാകുന്ന കോഴിയുടെ കണ്ണില്‍ നിഴലിക്കുന്ന ഭയം- അതേ ഭയമാണ് ഇമ്രാന്‍ അജ്മലിന്‍റെ കണ്ണുകളിലും നിഴലിക്കുന്നത്. വെട്ടുകത്തിയുമായി കോഴിക്കൂടിനടുത്തേക്ക് വരുന്ന വെട്ടുകാരനെകാണുമ്പോള്‍ ഒച്ചയില്ലാതെ പതുങ്ങിയിരിക്കുന്ന കോഴികള്‍ അടുത്ത ഊഴം തന്‍റേതായിരിക്കുമോയെന്ന് ഭയന്നിരിക്കുന്നു. കഴുത്തിനു മേല്‍ വീഴാനിരിക്കുന്ന കത്തിയുടെ ഊഴം വേഗം വിളിച്ചുവരുത്തേണ്ടല്ലോ എന്ന് കരുതി ശബ്ദമില്ലാതെ ഒതുങ്ങിയിരിക്കുന്നു. ദയനീയമായ ആ നോട്ടമാണ് ഓരോ കോഴിയിറച്ചിയിലും താന്‍ കാണുന്നതെന്നും ഇറച്ചി കഴിക്കാതിരിക്കാനുള്ള കാരണം ഇതാണ് എന്ന അജ്മലിന്‍റെ പറച്ചിലും കേവലം കോഴിയിറച്ചിയുടെ കഥയല്ലാതാവുന്നു. സമകാലിക ഇന്ത്യന്‍ രാഷട്രീയപശ്ചാത്തലത്തില്‍ അജ്മലിനെ പോലുള്ള ഇരകളുടെ കഥകൂടിയാകുന്നു അത്.

ഹിംസയുടെ രാഷട്രീയത്തെ ഏറ്റവും പ്രതീകാത്മകമായി ഈ ആഖ്യാനം ഒളിപ്പിക്കന്നുണ്ട്. ദേശം സമം കോഴിക്കൂട് എന്ന സമവാക്യം രൂപപ്പെടുന്നു. അവിടെ ഹിംസയ്ക്ക് ഇരകളായി തീരുന്ന, അരക്ഷിതരായിത്തീരുന്ന ന്യൂനപക്ഷസമുദായങ്ങളുടെ അവസ്ഥ ഈ ആഖ്യാനം സൂചിപ്പിക്കുന്നുമുണ്ട്. ജീവിതം നീട്ടിക്കിട്ടുന്ന ഔദാര്യം മാത്രമാണ് എന്ന ബോധ്യമുള്ള നിസ്സഹായരായ മനുഷ്യരുടെ പ്രതിനിധിയാകുന്നു ഇമ്രാന്‍അജ്മല്‍. ഭരണകൂടത്തിന്‍റെ ഏകദേശീയതാവിഭാവനത്തില്‍ പുറന്തള്ളപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന ജനസമൂഹം അപരരായിത്തീരുന്നു. വെട്ടുകാരനെ ഉറ്റുനോക്കുന്ന കോഴിയുടെ കണ്ണില്‍ നിഴലിക്കുന്ന ഭീതിയും ഭയവും അജ്മലിന്‍റെ കണ്ണുകളിലും കാണുന്നു എന്ന അവസാന വാക്യത്തില്‍ കോഴിയും കോഴിക്കൂടും എന്ന പ്രതീകാത്മക ചിഹ്നങ്ങള്‍ അപ്രത്യക്ഷമാവുകയും ഇരകളാക്കപ്പെടുന്ന അരക്ഷിത ജനസമുദായത്തിന്‍റെ നിസ്സാഹായാവസ്ഥ പ്രത്യക്ഷമാവുകയും ചെയ്യുന്നു.

നിഗമനങ്ങള്‍

സമകാലിക മലയാളകഥാഖ്യാനങ്ങളുടെ ഭൂമിക ഇന്ത്യന്‍ സമൂഹമനസ്സിന്‍റെ ചരിത്രവര്‍ത്തമാനത്തിലേക്ക് രാഷ്ട്രീയ ഭാവുകത്വത്തോടെ അടയാളപ്പെടുന്നതിന്‍റെ സാക്ഷ്യങ്ങളാണ് ഇ. സന്തോഷ് കുമാറിന്‍റെ പാവകളുടെ വീട്, ഊഴം എന്ന രണ്ട് കഥകളും. ദേശം ദേശീയത എന്നീ ആശയങ്ങളെ വിശാലമായ പരിപ്രേക്ഷ്യത്തില്‍ കാണുന്ന ഈ ആഖ്യാനങ്ങള്‍ പ്രതീകപരതയിലൂടെ കൂടുതല്‍ കഥാത്മകമാവുകയും സൂക്ഷ്മമാവുകയും ചെയ്യുന്നു. കഥ വിനിമയം ചെയ്യുന്ന രാഷ്ട്രീയത്തെ ഒട്ടും വാചാലമാവാതെ കഥയ്ക്കുള്ളില്‍ നിന്നും ഖനനം ചെയ്യാനുള്ള സാധ്യത ഈ ആഖ്യാനം നല്‍കുന്നു. അതിരുകള്‍ക്കുള്ളില്‍ മനുഷ്യനെ തളച്ചിടുന്ന അധികാരരാഷട്രീയത്തെ ഇന്ത്യന്‍ദേശീയതയുടെ ചരിത്രമണ്ഡലത്തില്‍നിന്നുകൊണ്ട് സാര്‍വദേശീയമായ മാനവികതയിലൂടെ ശക്തമായി നിരാകരിക്കുകയാണ് കഥാകാരന്‍. ഇന്ത്യന്‍ദേശീയതയുടെ സിരാകേന്ദ്രമായ കല്‍ക്കത്തയും, രബീന്ദ്രനാഥടാഗോറും ഗാന്ധിയും നെഹ്റുവും വിഭാവനംചെയ്ത ദേശഭാവനയുടെ ചരിത്രമണ്ഡലത്തെ സമകാലിക ഇന്ത്യന്‍ദേശീയത മുന്നോട്ടുവെയ്ക്കുന്ന ദേശസ്വത്വങ്ങളുടെയും അപരത്വത്തിന്‍റെയും മറുപുറത്തില്‍ നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയമായി പ്രതികരിക്കുകയാണ് ഈ ആഖ്യാനങ്ങള്‍.

സഹായക ഗ്രന്ഥങ്ങള്‍

അരവിന്ദാക്ഷന്‍ കെ., 2017, ദേശീയത നായാട്ടിനിറങ്ങുമ്പോള്‍, ഡി സി ബുക്സ്, കോട്ടയം
ഗിരീഷ് കുമാര്‍ എസ്, 2016, പോസ്റ്റ് കൊളോണിയല്‍ സാഹിത്യം ഒരാമുഖം, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
നാരായണന്‍ എം.ജി.എസ്, 2017, ദേശീയതയുടെ സാംസ്കാരിക മാനങ്ങള്‍, എച്ച് & സി ബുക്സ്, തൃശൂര്‍
പണിക്കര്‍ കെ.എന്‍., 2002, സംസ്കാരവും ദേശീയതയും, കറന്‍റ് ബുക്സ്, തൃശൂര്‍
പണിക്കര്‍ കെ.എന്‍., 2006, കൊളോണിയലിസം സംസ്കാരം പാരമ്പര്യ ബുദ്ധിജീവികള്‍, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
മഹേഷ് എം.ആര്‍., 2012, മലയാള നോവലും ദേശീയതയും, കേരള സര്‍വ്വകലാശാല, തിരുവനന്തപുരം
വേണുഗോപാലന്‍ കെ.എ., 2019, സാംസ്കാരിക ദേശീയത, ചിന്ത പബ്ലിഷേഴ്സ്, തിരുവന്തപുരം
ശശി കെ.വി. (എഡി.), 2019, പോസ്റ്റ് കൊളോണിയല്‍ വിമര്‍ശനം മലയാള വഴികള്‍, ചിന്ത പബ്ലിഷേഴ്സ്, തിരുവന്തപുരം
റൊമില ഥാപ്പര്‍ (വിവ.), 2020, ബിജീഷ് ബാലകൃഷ്ണന്‍, ദേശീയവാദവും വിമത സ്വരങ്ങളും, ഡി സി ബുക്സ്, കോട്ടയം

ആനുകാലികങ്ങള്‍

സന്തോഷ് കുമാര്‍ ഇ., പാവകളുടെ വീട്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2020, ഫെബ്രവരി 09
സന്തോഷ് കുമാര്‍ ഇ., ഊഴം, https//truethink.media May 1 2020.
Dr. Liji N
Associate professor Malayalam
Govt. Brennen College Thalassery
niranjanaliji@gmail.com
Mob: +91 9446312793