എഡിറ്റോറിയല്‍
ക്യൂര്‍ കാമ്പസ്
ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി
ഇന്ത്യന്‍ സ്റ്റേറ്റുകളെപോലെതന്നെ ഇന്ത്യന്‍ യൂണിവേഴ്സിറ്റി കളും ട്രാന്‍സെന്‍ഡ് പോളിസി നടപ്പിലാക്കാന്‍ തുടങ്ങിയത് നമുക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇത് നടപ്പിലാക്കി കഴിഞ്ഞു. കഴിഞ്ഞ് സിന്‍ഡിക്കേറ്റ് മീറ്റിംഗ് അത് അംഗീകരിച്ച് നിലവില്‍വന്നത്. സിന്‍ഡിക്കേറ്റിലേക്ക് അജണ്ട തയ്യാറാക്കുന്ന സമയത്ത് ബന്ധപ്പെട്ട സെഷനില്‍നിന്ന് വിളിച്ച് ഒരു സംശയം ചോദിച്ചിരുന്നു. ഈ പോളിസിയുടെ ഗുണഭോക്താക്കള്‍ (benificiary) ആരാണ് എന്ന്. ഒറ്റ നോട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണ്. അവര്‍ ക്യാമ്പസില്‍ ഇല്ലെങ്കിലോ? എന്ന ചോദ്യമുണ്ട്. കേരളത്തിലേതല്ല ലോകമെമ്പാടുമുള്ള ട്രാന്‍സ്ജെന്‍ഡര്‍ സമൂഹമാണ് എന്ന് ഉത്തരം പറയാവുന്നതാണ്. ഇത് എന്നെ വളരെയധികം ചിന്തിപ്പിച്ച ചോദ്യം തന്നെയായി മാറി. യൂണിവേഴ്സിറ്റിയില്‍ ഒരുപക്ഷേ ഇതുവരെ വിസിബിള്‍ അല്ലാത്ത ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി തന്നെയാണ് ഈ പോളിസി എന്ന ചോദ്യം ചോദിച്ചാല്‍ തീര്‍ച്ചയായും അതെ എന്ന് തന്നെ പറയണം. ക്യാമ്പസിലെ അവരുടെ അഡ്മിഷന്‍ മുതലുള്ള കാര്യങ്ങള്‍ അതില്‍ പരാമര്‍ശിക്കുന്നുണ്ട്. ക്യാമ്പസിലെ അധികാരിക രേഖകളില്‍ ഉപയോഗിക്കുന്ന ഭാഷ വരെ ജെന്‍ഡര്‍ സെന്‍സിറ്റീവായ ഉപയോഗിക്കണമെന്നും ഈ പോളിസി നിഷ്കര്‍ഷിക്കുന്നുണ്ട്. സ്വാഭാവികമായും ട്രാന്‍സ്ജെന്‍ഡര്‍ എന്നതില്‍ ഇന്‍റ് സൈക്സും ജെന്‍ഡര്‍ തിട്ടപെടാത്തവരും എല്ലാം ഉള്‍പ്പെടുന്നുണ്ട്.
ഒരു യൂണിവേഴ്സിറ്റിയില്‍ ഈ പോളിസി നിലവില്‍ വരുമ്പോള്‍ അതിന്‍റെ പ്രയോജനം അനുഭവിക്കുന്നവരാരാണ്, അതിനുത്തരം എനിക്ക് തോന്നുന്നത് യൂണിവേഴ്സിറ്റി സമൂഹം ഒന്നാകെ ആണ് എന്നാണ്. കാരണം, എത്രയോ കാലമായി Queer ഇവിടെയുണ്ട്. ബൗദ്ധികമായും സര്‍ഗാത്മകമായും പ്രതിഷേധങ്ങളിലൂടെ സാന്നിധ്യം അറിയിച്ചുകൊണ്ട്. യൂണിവേഴ്സിറ്റിയുടെ ഒരു പോളിസി ലെവലിലേക്ക് വരുമ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗീകരിക്കപ്പെടുകയല്ല ചെയ്യുന്നത് മറിച്ച് നമ്മള്‍ തിരുത്തുകയാണ്. ആണ്ണും പെണ്ണുമായി മാത്രം ലോകത്തെ കണ്ട പൊതുസമൂഹം ഇനിമേലില്‍ ആണു പെണ്ണും മാത്രമായല്ലാതെ ലോകത്തെ കാണാന്‍ പഠിക്കുകയാണ്. നമ്മള്‍ സ്വയം തിരുത്തി പുതിയ ഒരു ജെന്‍ഡര്‍ അവബോധത്തിലേക്ക് വളരുകയാണെങ്കില്‍ നമ്മളല്ലേ അതിന്‍റെ ഗുണഭോക്താക്കള്‍. സെപ്റ്റംബര്‍ 18 19 തിയതികളിലാണ് Queer Pride March (ലൈംഗിക സ്വാഭിമാന റാലി) വരുന്നത്. അതിന്‍റെ പോസ്റ്ററുകളാണ് ഇതെല്ലാം ഓര്‍മ്മിപ്പിച്ചത് എന്‍റെ ധാരണകളില്‍ പലതരത്തില്‍ കേരളത്തിലെ Queer പ്രസ്ഥാനവും വ്യക്തികളും ഇടപെട്ടിട്ടുണ്ട്. ആണ്‍/പെണ്‍ സ്വവര്‍ഗ്ഗലൈംഗിക/ഭിന്നലൈംഗികത എന്നീ വിരുദ്ധ ദ്വന്ദ്വങ്ങളെ തിരുത്തുന്നതില്‍ മാത്രമല്ല എന്‍റെ സ്ത്രീ പക്ഷ നിലപാടുകള്‍ തന്നെ ഇത് പലപാട് പുനര്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്.
സ്ത്രീപക്ഷം എന്നതിലെ സ്ത്രീ ആരാണെന്ന ചോദ്യം തൊണ്ണൂറുകളില്‍ തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം സ്ത്രീയെന്ന സംവര്‍ഗ്ഗത്തിലടങ്ങിയ പ്രതിനിധാനത്തിന്‍റെ പ്രശ്നങ്ങളാണ് ചര്‍ച്ചചെയ്യുന്നതെങ്കില്‍ ആരാണ് സ്ത്രീ/പുരുഷന്‍ എന്ന ചോദ്യം തന്നെ Queer സിദ്ധാന്തങ്ങള്‍ ഉന്നയിച്ചു. സ്ത്രീകളുടെ 'താല്‍പര്യങ്ങള്‍' 'അവകാശങ്ങള്' ഇവയെസംബന്ധിച്ചെല്ലാമുള്ള സാമാന്യ ധാരണകളില്‍ ആശങ്കാകുലമായി. പലവിധത്തിലുള്ള അധികാരകേന്ദ്രങ്ങള്‍ എങ്ങനെ സ്ത്രീയുടെ സാമൂഹ്യനിലയെ നിര്‍ണയിക്കുന്നു എന്ന തരത്തില്‍ സ്ത്രീപക്ഷ ചിന്തകള്‍ തന്നെ അട്ടിമറിക്കപ്പെടുന്നതു കാണാം.
സ്വവര്‍ഗാനുരാഗത്തെ കണ്ണുംപൂട്ടി എതിര്‍ത്ത മത കേന്ദ്രിത നിലപാടുകളില്‍ പോലും Queer നിലപാടുകള്‍ ചലനങ്ങളുണ്ടാക്കി. ചില പുരോഹിതര്‍ തന്നെ ഇതിനെ പിന്തുണച്ചതായി കാണാം. മതഗ്രന്ഥങ്ങളുടെ sexualy sesitive ആയ പുനര്‍വായനകളും സൈദ്ധാന്തിക മേഖലയില്‍ പ്രബലസ്ഥാനം നേടിയെടുത്തിരുന്നു. ഇങ്ങനെ ശാസ്ത്രീയതയെ കുറിച്ചുള്ള നമ്മുടെ ധാരണകള്‍ മുതല്‍ വിശ്വാസങ്ങള്‍ അടക്കം മാറ്റിമറിച്ചു കൊണ്ടാണ് Queer പൊതുസമൂഹത്തില്‍ ഇടപെട്ടത്. പുതിയ സ്വത്വങ്ങള്‍ (identity) മാത്രമല്ല അറിവിന്‍റെ മേഖലയിലും ഇത്തരം ഇടപെടലുകളും മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. അത്തരത്തിലുള്ള പുതിയ കാഴ്ചപ്പാടുകളുടെ തിരിച്ചറിവുകളുടെ വേദിയാകാന്‍ ആണ് ഞങ്ങള്‍ ശ്രമിക്കുന്നത്. വിമര്‍ശനാത്മക വായനക്കായി ഇവ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.