New Malayalam poetry A Study on Selected Female Works

Dr. Julia David

Malayalam poetry of recent times is on the path of modernization with various thematic and morphological changes. It is high time such changes as reflected in women's poetry are analysed. The women poets in Malayalam have begun to embody formidable themes like public awareness criticism. Not only do their poems document the feminist discourses on body writing but they are also brilliant illustrations of the most innovative compositions in Malayalam poetry. The women poets of the present are revolutionizing Malayalam poetry by ushering in radical innovations like colour techniques and installation possibilities. The current paper depicts a detailed analysis of the aforementioned observations.

Keyword: Recent Modern Poetry-Distinct Genre -Female Writers-Feminine Discourse-Social Criticism-Body Writing-Feminism-Innovative Narration

Reference:

Ajayakumar, N., (Dr.) 2001, Adhunikatha Malayala Kavitha-Tharathamya Patanasangam, Changanasseri.  
Anil, K.M. (Dr.), 2018, Shareeram, Jathi, Adhikaram-Asprushyathayude Prathibhasikatha, Progress Books, Kozhikode. 
Ammu Deepa. 2019, Karrinkutti, D.C. Books, Kottayam  
 Devika, J. 2015, Kulasthreeyum ChanthaPPennum Undaayathengane? Kerala Sasthra Sahithya Parishath. 
Jayakrishanan, N., 2011, Feminism, Bhasha Institute, Thiruvananthapuram.  
Mayoora, Dona. 2019, Neelamoonga, Insight Publica, Kozhikode.  
Paul, M.S.(Dr.) 2014 Utharaadhunika Kavithaapatanangal, Kerala Sahithya Academi, Thrissur. 
Prasad, C.R. 2011 Ezhuthth: Karuthum, Viswasavum, Sahithya Pravarthaka Sahakarana Sangham, Kottayam.  
Mini Alice.(Dr.) (Edi), 2014, Samakalika MalayalaKavitha-Puthumayum, Palamayum, Vidhwan P.G. Nayar Smaraka Gaveshana Kendram, U.C. College, Aluva.  
Radha P.I. (Dr.) 2018, Adhunika Malayalakavithayile bimba kalpana, National Book Stall, Kottayam. 
Ramakrishanan, M.K. Venugopalan K, 2016, Sthreevimochanam-Charithram,Sidhantham, Sameepanam, Prasakthi Books, Pathanamthitta.  
Leelaavathi, M. (Dr.) 2021,  Malayalakavitha Sahithyacharithram, Kerala Sahithya Academi, Thrissur. 
Vijayakumar Menon. 2018, Adhunika Kalaadarshanam, Sahithya Pravarthaka Sahakarana Sangham, Kottayam.  
Vijayaraja Mallika, 2018, Daivathinte Makal, Chintha Publishers, Thiruvananthapuram. 
Vijila Chirappad. 2015, Pakarthiyezhuthth, Chintha Publishers, Thiruvananthapuram. 
Vijila Chirappad. 2017, Veruthe Ennonnilla, Green Grass Publishers, Thiruvananthapuram.  
 Sindhu, K.V.  2018, Thottunokkiyittille Puzhakale, Pappaathi Pusthakangal, Idukki.
Vishnu Namboothiri, (Dr.) 2006, Theyyavum Thirayum, Antharashtra Kerala Patana Kendram, Kerala Sarvakalashala, Thiruvananthapuram. 
Yu, Timothy. 2021. (Edi), Twenty First Century American Poetry, Cambridge University Press, University of Cambrige.
Arpita Mukhopadhyay. (2018) Feminisms, Orient Black Swan Private Limited, Hyderabad.
Dr. Julia David
Assistant Professor
Department of Malayalam
Maharajas College
Ernakulam
Pin: 682011
Pho: +91 9847943694
Email: juliajoshith@gmail.com
ORCID: 0000-0002-4233-942X


മലയാളത്തിലെ പുതുകവിതകള്‍: തെരഞ്ഞെടുത്ത സ്ത്രീകവിതകളെ മുന്‍നിര്‍ത്തിയുള്ള പഠനം

ഡോ. ജൂലിയാ ഡേവിഡ് 

മലയാളകവിത സമീപപുതുകാലത്ത് പ്രമേയപരമായും രൂപപരമായും വൈവിധ്യമാര്‍ന്ന മാറ്റങ്ങള്‍ വരുത്തി നവീകരണത്തിന്‍റെ പാതയിലാണ്. അത്തരം മാറ്റങ്ങള്‍ സ്ത്രീകളുടെ കവിതകളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്ന പ്രബന്ധമാണിത്. ശക്തമായ പൊതുബോധവിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രമേയങ്ങള്‍ ഇന്ന് മലയാളത്തിലെ സ്ത്രീകവിതകളില്‍ ഉണ്ട്. ഏറ്റവും പുതുമയാര്‍ന്ന രചനാപദ്ധതികള്‍ ഇത്തരം കവിതകളുടെ സവിശേഷതയാണ്. ശരീരമെഴുത്തിലെ സ്ത്രൈണവ്യവഹാരങ്ങള്‍ ഈ കവിതകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിറ സങ്കേതങ്ങളും, ഇന്‍സ്റ്റലേഷന്‍ സാധ്യതകളും കവിതയിലേക്ക് കൊണ്ടുവരുന്നതില്‍ മലയാളത്തിലെ സ്ത്രീകവികള്‍ മുന്‍നിരയില്‍ തന്നെയുണ്ട്. മേല്പറഞ്ഞ നിരീക്ഷണങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനമാണ് ഈ പ്രബന്ധത്തിലുള്ളത്. 

താക്കോല്‍ വാക്കുകള്‍: സമീപ പുതുകാലകവിത, വ്യത്യസ്തമായ ജനുസ്സ്, സ്ത്രീ എഴുത്തുകാരികള്‍, സാമൂഹിക വിമര്‍ശനം, ശരീരമെഴുത്ത്, സ്ത്രൈണശരീരഭാവുകത്വനിര്‍മ്മതി, ആഖ്യാനം.

മലയാളകവിത സമീപപുതുകാലത്ത് വ്യത്യസ്തമായ ജനുസ്സിലേക്ക് പരിവര്‍ത്തനം ചെയ്തിരിക്കുന്നതായി കാണാം. രൂപപരമായും പ്രമേയപരമായുമുള്ള വൈവിധ്യമാണതിലുള്ളത്. ആഹ്ലാദിപ്പിക്കുന്നതാണ് കവിതയുടെ ആത്യന്തിക ലക്ഷ്യം എന്നതോ, സൗന്ദര്യമാണ് അതിന്‍റെ മുഖമുദ്ര - എന്നതോ ആയ പരമ്പരാഗത നിര്‍വചനങ്ങളില്‍ നിന്നും വ്യതിരിക്തമായി സമീപമലയാള പുതുകവിത വഴി മാറി സഞ്ചരിക്കുന്നു. വായനക്കാരെ, നിരന്തരം വേദനിപ്പിക്കുകയോ അസ്വസ്ഥ ചിത്തരാക്കുകയോ ചെയ്യുന്ന ധാരാളം ഘടകങ്ങള്‍ മലയാളത്തിലെ പുതുകവിതകളിലുണ്ട്. ഘടനാപരമായി ഗദ്യ ഭാഷയുടെ തീവ്രമായ ആവിഷ്കാരഭേദങ്ങള്‍കൊണ്ട്; പഴയകാല ഗാനസാധ്യതകളെ അത് നിരാകരിക്കുന്നു. പകരം കരച്ചലിനൊപ്പമോ, അലച്ചലിനൊപ്പമോ, ഉലച്ചലിനൊപ്പമോ മനുഷ്യരോടൊപ്പമുള്ള ഭാഷാതനിമയിലേക്ക് നാട്ടുമൊഴികളുടെ ഈണത്തിലേക്ക്- മലയാളകവിത കൂടുമാറിയിരിക്കുന്നു.

ഇതര സാഹിത്യവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി, സ്ത്രീകള്‍ ധാരാളമായി കാവ്യരചനയിലേര്‍പ്പെടുന്ന സവിശേഷതയും പുതിയകാല മലയാളകവിതയിലുണ്ട്. വര്‍ണ്ണനാംശം എന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി, വര്‍ണ്ണിക്കാന്‍ ശേഷിയുള്ളവള്‍ എന്ന അവസ്ഥയിലേക്ക് സ്ത്രീകവിത എത്തിച്ചേര്‍ന്ന ചരിത്രം മലയാളകവിതയുടെ പൊതുചരിത്രം തന്നെയാണ്. ഇന്ന് സ്ത്രീകവിതകള്‍ പ്രമേയപരമായും ആഖ്യാനപരമായും വ്യത്യസ്തതലങ്ങളിലേക്ക് മാറിയിട്ടുണ്ട്. ആഖ്യാനതലത്തില്‍ ചിത്രകലയിലേക്കും, ഇന്‍സ്റ്റലേഷനുകളിലേക്കും മാത്രമല്ല; പ്രമേയതലത്തില്‍ സ്ത്രൈണാനുഭവങ്ങളിലേയ്ക്കും പൊതുപ്രശ്നങ്ങളുടെ സംവാദങ്ങളിലേയ്ക്കുമാണ് സ്ത്രീകവിതകളുടെ പരിണാമമെന്ന് കാണാം. രണ്ടായിരത്തി പത്തിനുശേഷം ഉണ്ടായ മലയാള കവിതയിലെ സ്ത്രീപ്രാതിനിധ്യത്തെ തെരഞ്ഞെടുത്ത കവിതകളിലൂടെ നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുകയാണ് ഈ പ്രബന്ധത്തിന്‍റെ ലക്ഷ്യം.

മലയാളകവിതയുടെ പാരമ്പര്യത്തിലും തുടര്‍ച്ചയിലും തന്നെ അടയാളപ്പെടുത്തേണ്ടവയാണ് ഓരോ സ്ത്രീകവിതയും എന്ന് പറഞ്ഞുവല്ലോ? അതോടൊപ്പം തന്നെ പാരമ്പര്യനിഷേധവും വളര്‍ച്ചയും സമകാലിക സ്ത്രീകവിതകളുടെ പ്രത്യേകതയാണെന്നും കാണാം. പുരുഷാധീശ സ്ത്രൈണവ്യവഹാരനിര്‍മ്മിതികളില്‍ നിന്നും മുക്തരാവുന്നതിനുള്ള പരിശ്രമം, സമീപകാല സ്ത്രീകവിതകളിലുണ്ട്. മധ്യകാലമലയാളകവിതയില്‍ സ്ത്രീകളെ കാമികളായി കണ്ട് ശരീരമാത്ര വര്‍ണ്ണനയാണ് കവികള്‍ നടത്തിയിരുന്നത്. രാമചരിതത്തിലെ സീതാവര്‍ണ്ണന മുതല്‍ അച്ചീചരിതങ്ങളിലെയും വെണ്മണിക്കവിതകളിലെയും കാവ്യഭാഗങ്ങള്‍ തന്നെ ഉദാഹരണം. കേരളീയ ആധുനികതയുടെ കാലത്താകട്ടെ, സ്ത്രീകളെ കര്‍മ്മം, ധര്‍മ്മം തുടങ്ങിയവയാല്‍ നിര്‍മ്മിച്ചെടുത്ത് വീടിനകത്താക്കുന്ന മാതൃക തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി, ഉള്ളൂരിന്‍റെ 'ചിത്രശാല'യില്‍, ജന്മധാത്രികള്‍ സ്ത്രീകള്‍ കര്‍മ്മനേത്രികള്‍ സ്ത്രീകള്‍/ശര്‍മ്മഹേതുക്കള്‍ സ്ത്രീകള്‍/ധര്‍മ്മസേതുക്കള്‍ സ്ത്രീകള്‍ എന്നിങ്ങനെ സ്ത്രീകളെ ജന്മം-കര്‍മ്മം-ശര്‍മ്മഹേതു-ധര്‍മ്മം എന്നിവയില്‍ കള്ളിതിരിച്ചു ചേര്‍ത്തിരിക്കുന്നത് കാണാം (ലീലാവതി, 2021:217)1. ഇത്തരം സ്ത്രീ കീര്‍ത്തനങ്ങള്‍ കര്‍മ്മാധിഷ്ഠിത മേഖലകളില്‍ സ്ത്രീകളെ തളച്ചിടുകയാണുണ്ടായത്. സ്ത്രീകളുടെ സ്ഥാനനിര്‍ണ്ണയത്തില്‍ ഗാര്‍ഹികമേഖലയെ മുന്‍നിര്‍ത്തിയുള്ള അടയാളപ്പെടുത്തല്‍ മാത്രമാണ് കേരളീയ ആധുനികതയുടെ കാലത്തുണ്ടായ കവിതകളില്‍ കാണാനാവുന്നത്.

എന്നാല്‍, അതേ കാലത്ത് തന്നെ അതില്‍ നിന്നും വ്യത്യസ്തരായ സ്ത്രീകള്‍ ആശാന്‍ കവിതകളില്‍ കാണാനാവും. 'കാമുകനെ തേടി അവനുള്ളിടത്ത് തിരഞ്ഞു പോകുന്നവര്‍'- (നളിനി, ലീല), 'ഭര്‍ത്തൃവിമര്‍ശവും സാമൂഹികവിമര്‍ശവും നടത്തുന്നവര്‍ - (ചിന്താവിഷ്ടയായ സീത), 'ക്രൂരകൃത്യം ചെയ്യുന്ന സ്ത്രീകള്‍' (കരുണ)-തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. എല്ലാത്തരം നന്മതിന്മകളോടും കൂടിയ മനുഷ്യവിഭാഗം എന്ന നിലയില്‍ തന്നെയാണ് സ്ത്രീകള്‍, ആശാന്‍ കവിതകളില്‍ പൊതുവെ പ്രത്യക്ഷപ്പെടുന്നത്.2 ഭാര്യ, മാതാവ് എന്നിങ്ങനെ ഉന്നത ഗാര്‍ഹികസ്ഥാനങ്ങള്‍ അലങ്കരിക്കേണ്ടവരാണ് കേരളത്തിലെ സ്ത്രീകള്‍ എന്ന ആധുനികതയുടെ കാലത്ത് പൊതുവെ പ്രചരിച്ച ആശയങ്ങളില്‍ നിന്നും വ്യത്യസ്തരാണിവര്‍. ആശാന്‍റെ പില്‍ക്കാല രചനകളില്‍ കാണുന്ന എല്ലാത്തരം സ്ത്രീകളും സമീപകാലപുതുകവിതകളിലാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്.

സാമൂഹിക വിമര്‍ശനം

കാലങ്ങളായി  പുരുഷാധീശവ്യവസ്ഥിതി നിര്‍മ്മിച്ചെടുത്ത പൊതുസമൂഹത്തിലാണ് സ്ത്രീകവിതകള്‍ രൂപം കൊള്ളുന്നത്. നിലവിലുള്ള  വ്യവഹാരങ്ങള്‍, പൊതുബോധനിര്‍മ്മിതി, ഭാഷ, വര്‍ണ്ണനകള്‍ തുടങ്ങിയവയെല്ലാം സ്ത്രീ എഴുത്തുകാരികള്‍ പരിവര്‍ത്തനം ചെയ്യേണ്ടതുണ്ടെന്ന് ജൂഡിത്ത് ബട്ലറെ പോലുള്ള സ്ത്രീവാദികള്‍ സൂചിപ്പിക്കുന്നുണ്ട്. മിത്ത്, ഫാന്‍റസി, നശ്വര-അനശ്വരതകള്‍, ലൈംഗികതാബോധ്യങ്ങള്‍, സൗന്ദര്യസങ്കല്‍പ്പങ്ങള്‍, ദുര്‍ബലതയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള വീക്ഷണങ്ങള്‍ -എല്ലാത്തിലും സ്ത്രീയെ സമൂഹം നിര്‍മ്മിച്ചെടുത്തിരിക്കുന്നത് പാട്രിയാര്‍ക്കിയുടെ മാനദണ്ഡങ്ങളിലാണെന്ന് ജൂഡിത്ത് ബട്ലറെ മുന്‍നിര്‍ത്തി ആന്‍ വിക്കറി നിരീക്ഷിക്കുന്നു.  ഏത് ലിംഗത്തില്‍ ജനിക്കുന്നു എന്നത് ജീവശാസ്ത്രപരമായ കാരണങ്ങളാലാണ്. എന്നാല്‍, ലിംഗ വ്യത്യാസം എന്നത് സാമൂഹികമായ നിര്‍മ്മിതിയാണ്. ഏത് ലിംഗത്തില്‍ പെട്ടതായാലും ഒരാള്‍ക്ക് സ്വാഭാവികമായി ജീവിക്കാനുള്ള സാഹചര്യം നിഷേധിക്കുന്നുണ്ടെങ്കില്‍ അതിനെ  ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും അപ്രകാരം പ്രതിരോധം തീര്‍ക്കുന്നവര്‍ക്കു മാത്രമേ ജീവിക്കാനുള്ള സാദ്ധ്യതകള്‍ ലഭിക്കുകയുള്ളൂ എന്നും ജൂഡിത്ത് ബട്ലര്‍ കരുതുന്നു (2021:72)3. സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ശ്രമം സ്ത്രീകള്‍ തന്നെ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കെതിരായി രൂപംകൊണ്ടിട്ടുള്ള വിവേചനങ്ങള്‍ തിരിച്ചറിയാനുള്ള അവബോധമാണ് പ്രാഥമികമായി ഉണ്ടാവേണ്ടത്. മേല്‍പ്പറഞ്ഞ അറിവുകള്‍ എഴുത്തുകാരികള്‍ തങ്ങളുടെ ഭാഷയില്‍ കവിതയിലേക്ക് സംക്രമിപ്പിക്കുന്നു. സാമൂഹിക വിവേചനങ്ങളുടെ തിരിച്ചറിവും പ്രതിരോധശ്രമങ്ങളും; ആശയപരമായി വിശകലനം ചെയ്യുമ്പോള്‍ സമീപപുതുകാല മലയാള സ്ത്രീകവിതകളിലുണ്ടെന്ന് കാണാം. 

ഇറങ്ങി നടക്കുന്ന സ്ത്രീകള്‍, തന്‍റേടികള്‍, വില്പനക്കാരികള്‍, ട്രാന്‍സ് ജീവിതാനുഭവങ്ങള്‍-എല്ലാം പുതുകവിതകളിലെ  പ്രമേയപരമായ വ്യതിയാനത്തെയാണ് സൂചിപ്പിക്കുന്നത്. അപ്രകാരം തന്നെയാണ് മലയാളത്തിലെ സ്ത്രീകവിതകളിലെ പ്രധാന പ്രമേയങ്ങളെല്ലാം ഉരുവം കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ വിലക്കുകള്‍ ആശങ്കയോടെ കാണുന്ന ധാരാളം സ്ത്രീകവിതകളുണ്ട്. പൊതുസമൂഹം നിര്‍മ്മിച്ചിരിക്കുന്ന സ്ത്രൈണവ്യവഹാരങ്ങളെ പിന്തുടരാനാവാതെ വിഷമിക്കുന്ന സന്ദര്‍ഭങ്ങളും ഇത്തരം കവിതകളില്‍ കാണാം. എന്നാല്‍ അവയിലെല്ലാം ശക്തമായ പ്രതിരോധമുതിര്‍ക്കുന്നവരെയും കണ്ടെത്താനാകും. ഉദാഹരണമായി; ആര്‍. സംഗീതയുടെ 'ത്രേസ്യയ്ക്ക് തണുക്കുന്നു' എന്ന കവിത നോക്കുക. ത്രേസ്യ, കവിതയില്‍ പച്ചപ്പ് നിറച്ച്  ചന്ത മുക്കില്  വരുന്നത് ഇപ്രകാരമാണ്:-

പച്ച കൊണ്ട് 
ഉച്ചിവരെ 
മൂടിക്കിടക്കുന്ന 
കപ്പച്ചെടികളുടെ മണ്ടയ്ക്ക് 
വെയില് ഒരു കൊട്ടുകൊടുത്ത് 
കുലുക്കി ഉണര്‍ത്തുമ്പോഴാണ് 
ത്രേസ്യ ചന്തമുക്കില് എത്തുന്നത്. (2016:19)

സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന തന്‍റേടിയായ സ്ത്രീയുടെ അതിജീവനശ്രമങ്ങളാണ് കവിതയില്‍ നിറഞ്ഞിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ഒരാട്ടു കൊണ്ട്, ഒരു തെറി കൊണ്ട് മറികടക്കാന്‍ ശ്രമിക്കുന്ന ത്രേസ്യയെ കവിതയില്‍ കാണാം. മഞ്ഞ നൈറ്റിയിട്ട മെലിഞ്ഞ കോളാമ്പിച്ചെടിയും അതിരിലോട്ട് ചാഞ്ഞ വെളുത്ത തലയുള്ള നന്ത്യാര്‍വട്ടപ്പൂവും, താടിക്കു കൈയും കൊടുത്തിരുന്ന് കേള്‍ക്കുന്ന ശവംനാറി പൂവുകളും സദാചാരക്കണ്ണുകളോടെ അവള്‍ക്കെതിരെ അടക്കം പറയുന്ന സാമൂഹിക ചിഹ്നങ്ങളായി രൂപാന്തരപ്പെടുന്നു.

'വല്ലാത്ത ആന്തലെടുക്കുമ്പോള്‍ 
ത്രേസ്യ നല്ലോണം മുളകിട്ട് 
ഒരു മീന്‍ കറി വെക്കും. 
നീറ്റല്‍ കണ്ണിലും മൂക്കിലും 
നെഞ്ചിലും വയറിലും 

പടര്‍ന്നിറങ്ങുമ്പോള്‍ ഒരു സുഖം തോന്നും' (2016:20) -എന്നിങ്ങനെ ശരീരം കൊണ്ടും മനസ്സു കൊണ്ടും, അടക്കം പറച്ചിലുകളുടെ ലോകത്തെ മറികടന്ന് പോകാന്‍ ത്രേസ്യ ശ്രമിക്കുന്നു. സദാചാരവാദികളും രാത്രിഞ്ചരന്മാരും ഒരുപോലെ അസ്വസ്ഥയാക്കുമ്പോള്‍ പായുടെ അടിയിലെ വാക്കത്തി മൂര്‍ച്ചയും, പള്ളിക്കല്ലറയില്‍ നിന്നും സൈക്കിള്‍ ചവിട്ടി എത്തുന്ന അപ്പനും, സുരക്ഷയുടെ രാത്രി മയക്കത്തെ ത്രേസ്യയ്ക്ക് നല്‍കുന്നു. സമൂഹത്തിലെ വിവേചനങ്ങളെ പ്രതിരോധിക്കാനുള്ള ശക്തമായ ശ്രമമാണ് ത്രേസ്യ നിര്‍വ്വഹിക്കുന്നത്. എല്ലാത്തരം പ്രതിരോധങ്ങളും അവള്‍ക്ക് ജീവിക്കാനുള്ള പ്രേരണയായി മാറുന്നു. വിവേചനങ്ങളും ഒഴിവാക്കലുകളും പലപ്പോഴും സ്ത്രീകളെ, മരണത്തിലേക്ക് നയിക്കാറുണ്ട്. ജീവിക്കാനുള്ള മൗലിക അവകാശം നേടിയെടുക്കുന്ന സ്ത്രീകളെ സമൂഹം പലപ്പോഴും ഒറ്റപ്പെടുത്തുന്നതായി കാണാം. എന്നാല്‍, അത്തരം സാഹചര്യങ്ങളെ മറികടക്കുന്ന കഥാപാത്രമായി ത്രേസ്യ രൂപാന്തരപ്പെടുന്നു.  

 സിന്ധു കെ.വി.യുടെ 'സാറയുടെ ആത്മഹത്യാക്കുറിപ്പ് എന്ന കവിത'-യിലും സമൂഹത്തിനെ തൃപ്തിപ്പെടുത്താനുള്ള സ്ത്രീജീവിതക്കണക്കുകള്‍ വിമര്‍ശനരീതിയില്‍ ചേര്‍ത്തുകാണാം. സാറയുടെ ആത്മഹത്യാകുറിപ്പ്  കവിതയായിട്ടാണ്  മാറുന്നത്.  അഥവാ, ആത്മഹത്യാക്കുറിപ്പെന്നത് ഒരുവളുടെ ജീവിതം തന്നെയായി രൂപാന്തരപ്പെടാനിടയുണ്ട്. 'നെവര്‍ വയലന്‍സ് ടു എനി വണ്‍'-എന്നിങ്ങനെ ആരംഭിക്കുന്ന കവിത  സമൂഹത്തിന്‍റെ  പൊതു നിലപാടിനെ ഉദ്ധരിക്കുന്നു. 'ഒരുവള്‍ അവളുടെ ജീവിതം കെട്ടിപ്പടുക്കുന്നതു തന്നെ അരുതുകളുടെ അപരിമേയമായ അനാച്ഛാദനങ്ങളാലാണ്. അരുത്-എന്നത് സമൂഹം നിര്‍മ്മിച്ചെടുത്തിരിക്കുന്ന വിലക്കുകളാണ്. എന്നാല്‍ അവള്‍ സ്വയം വരയുന്ന വ്യക്തി ചിത്രങ്ങളില്‍ സമൂഹത്തിന്‍റെ അരുതുകളില്‍ നിന്നും വ്യത്യസ്തയായ ഒരുവളുണ്ട്. അവള്‍ക്ക് ആത്മഹത്യയും ഒരു ചലഞ്ചാണ്':- 

'ഒറ്റക്കൊരുത്തിക്ക് ഇന്നാട്ടില്‍ ചുമ്മാതങ്ങ് ചാകാനൊക്കൂലാലോ 
അവളുടെ കാമുകനാര്, ചതിച്ചതാര്, വീട്ടാരാര്, സ്വത്തുവകയെന്ത്, 
പീഡനക്കേസെത്ര, ചെലവെത്ര 
വരവെത്ര, ചൂഷകനാര്, അനാശാസ്യമെത്ര...' (2018:19)

-എന്നിങ്ങനെ ആത്മഹത്യാക്കുറിപ്പെഴുതുമ്പോഴും സാറ ചിന്തിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന സ്ത്രീ എപ്പോഴും സമൂഹത്തിന്‍റെ ക്യാമറകണ്ണുകളിലൂടെ നിരീക്ഷിക്കപെടുന്നുണ്ട്. അത്തരം നിരീക്ഷണങ്ങള്‍ക്ക് പൂട്ടിട്ടുകൊണ്ടാണ് കവിതയും ആത്മഹത്യാകുറിപ്പും അവസാനിക്കുന്നത്.

മലയാളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ കവിയായ വിജയരാജമല്ലികയുടെ 'സദാചാരപ്പനി' എന്ന കവിതയിലും, സാമൂഹികവിമര്‍ശനമുണ്ട്. ജീവിക്കാനനുവദിക്കാത്തവിധം ചുറ്റുപാടുകള്‍ അലോസരപ്പെടുത്തുന്നത് കവിത പങ്കുവെക്കുന്നു. ആചാരമെല്ലാം സദാചാരമാകുന്നതും, നിയമങ്ങള്‍ എന്നത് സമൂഹത്തിന്‍റെ നിയമങ്ങളാകുന്നതും ആശങ്കയോടെ കവി നോക്കിക്കാണുന്നു. ട്രാന്‍സ് വ്യക്തിത്വങ്ങളെ കാണുവാനോ, തിരിച്ചറിയുവാനോ, ഓര്‍ത്തിരിക്കുവാനോ ആരും സമയം കണ്ടെത്തിയില്ലെന്ന വിമര്‍ശനവും കവിതയിലുണ്ട്. തങ്ങളുടെ മാംസങ്ങള്‍ പച്ചയ്ക്കു തിന്നാന്‍ വരുന്ന കരടികളെയും' ഇതേ കവിത പ്രശ്നവല്‍ക്കരിക്കുന്നു. "കുറ്റബോധത്തിന്‍റെ കറ കഴുകീടുവാന്‍ വെള്ളമുണ്ടാവില്ല" എന്ന് പറയുമ്പോഴും 'രക്തവും മജ്ജയും ഉള്ള മനുഷ്യരാണ്'-(2020:57) എന്ന് പറയുമ്പോഴും വ്യതിരിക്തതയെ അംഗീകരിക്കാന്‍  മടിക്കുന്ന പൊതുബോധത്തെയാണ് കവി ശക്തമായി വിമര്‍ശിക്കുന്നത്.  കാലം കഴിഞ്ഞു പോകെ, മനുഷ്യാവകാശങ്ങള്‍ ഇനിയും നിഷേധിക്കുന്നതും സമൂഹത്തിന് ഭൂഷണമല്ലെന്ന സന്ദേശവും കവിത പങ്കുവെയ്ക്കുന്നു. 'പാടുകള്‍' എന്ന കവിതയിലാകട്ടെ, നിന്‍റെ കണ്ണട ഞാന്‍ ധരിച്ചിട്ടും നീ എന്നില്‍ കണ്ട ഭിന്നത ഞാന്‍ നിന്നില്‍ കണ്ടില്ലല്ലോ എന്നും കുഴപ്പം കണ്ണടയ്ക്കോ അതോ കാഴ്ചപ്പാടുകള്‍ക്കോ (2020:76) എന്നും കവി ചോദിക്കുന്നുണ്ട്. മാറേണ്ടത് കാഴ്ചപ്പാടുകള്‍ തന്നെയാണെന്ന് കവി പറഞ്ഞുവെക്കുന്നു. 

വിജിലയുടെ കവിതകളില്‍ സ്ത്രീജീവിതത്തെ ആവര്‍ത്തനവിരസതയുള്ള സാമൂഹിക ക്രമമായി രേഖപ്പെടുത്തുന്നത് കാണാം. 'പെണ്‍ക്രിയകളുടെ പ്രസാധനം' എന്ന കവിതയില്‍ ഇപ്രകാരം ചേര്‍ത്തിരിക്കുന്നു: കൗമാരം കടന്നുപോയത് ചേച്ചിയെ പകര്‍ത്തി എഴുതിക്കൊണ്ടാണ്. വിവാഹമാകട്ടെ, അവളെ അടുക്കള എന്നാണ് പരിഭാഷപ്പെടുത്തിയത്. പൊള്ളലുകളും മുറിവുകളും അവളെ ചിത്രകാരിയാക്കി മാറ്റുന്നതും, കിടപ്പുമുറിയില്‍ എഡിറ്റു ചെയ്യപ്പെടുന്നതും അങ്ങനെ ഒടുവില്‍ ജരാനരകള്‍ ബാധിച്ച് പുറം കവര്‍ പൊളിഞ്ഞ ആത്മകഥയായി മാറുന്നു. മാറ്റമില്ലാതെ തുടരുന്ന പെണ്‍ക്രിയകളെ പ്രസാധനത്തിലേക്ക് ചേര്‍ത്തുവെയ്ക്കുന്ന ഇത്തരം കല്‍പ്പനകള്‍, കാലങ്ങളായുള്ള സ്ത്രൈണജീവിത നൈരന്തര്യത്തെ രേഖപ്പെടുത്തിയിരിക്കുന്നു (2015:19). 'കല്യാണസി.ഡിയിലെ പെണ്‍സീനുകള്‍' എന്ന കവിതയിലാകട്ടെ, സാമൂഹിക നിര്‍മ്മിതിയില്‍ തകര്‍ന്നുപോയ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ കാണാം. ഒരിക്കല്‍ ഒപ്പിയെടുത്ത കല്യാണക്കാഴ്ചകളിലെ പില്‍ക്കാല വീക്ഷണങ്ങള്‍ ഇപ്രകാരമാണ് കവി ചേര്‍ത്തിരിക്കുന്നത്- "കല്യാണ സി.ഡി. കാണുവാന്‍ വയ്യ; ആഭരണങ്ങളില്‍ കടത്തിന്‍റെ ഹാള്‍മാര്‍ക്ക് മുദ്രണമാണുള്ളത്. വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചു കഴിഞ്ഞിരിക്കുന്നു. മകളുടെ സ്ത്രീധനം കൊടുക്കാനാകാതെ ഒരു കയറിലൊടുങ്ങിയ മുകുന്ദേട്ടനെ സി.ഡി.യില്‍ മാത്രമേ കാണാനാകൂ. മുഴുകുടിയനായ ഭര്‍ത്താവിനെ ഡി-അഡിക്ഷന്‍ സെന്‍ററിലെത്തിച്ച് കൂട്ടുകാരിയും മക്കളും, മുഖം ഒരു സൈഡ് പൊള്ളിയ സജിതയും കുഞ്ഞും, ഒറ്റപേറില്‍ മൂന്നു പെണ്മക്കളെ കിട്ടിയ സാജിതയും മക്കളും, സംശയ രോഗിയായ ഭര്‍ത്താവിനെ പേടിച്ച് പഴയ സാരി ചുറ്റിയ പട്ടാളക്കാരന്‍റെ ഭാര്യയും- തുടങ്ങി ഈ കടമൊക്കെ എന്നു വീട്ടുമെന്ന് ആശങ്കപ്പെടുന്നവര്‍, തേങ്ങാ ചിരകുന്നവര്‍, കറിക്കരിയുന്നവര്‍ വരെ, ഈ സി.ഡി.കാഴ്ചകളിലുണ്ട്. കല്യാണം കൊണ്ട് മാത്രം ജീവിതം ചിതറിത്തെറിച്ചവരാണ് അവര്‍. എന്നാല്‍ കവിതയുടെയും സി.ഡി.കാഴ്ചയുടെയും പ്രധാന ഫോക്കസ് ആകട്ടെ, മുല്ലപ്പൂവിലും പട്ടുസാരിയിലും പൊതിഞ്ഞ കല്യാണപ്പെണ്ണാണ്".(2015:25, 26). ഇത്രയും ദുരിതക്കാഴ്ചകളിലും കല്യാണവും ആഡംബരങ്ങളും ഒഴിവാക്കാനാവാത്തവിധം നിര്‍മ്മിച്ചെടുത്ത സാമൂഹിക ബോധ്യങ്ങളുടെ നൈരന്തര്യങ്ങളായി കവിത ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് കാണാം

പൊതുബോധത്തിന്‍റെ  നേര്‍രേഖയില്‍ വരഞ്ഞിടേണ്ടതല്ല എല്ലാത്തരം ജീവിതങ്ങളുമെന്ന് ഇത്തരം കവിതകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, സമാന്തര ലോക ബോധത്തിന്‍റെ രൂപമാതൃകകള്‍ സമീപപുതുകവികള്‍ കവിതയിലൂടെ നിര്‍മ്മിച്ചെടുക്കുന്നതും  കാണാം. ഒരു ജനാധിപത്യസമൂഹത്തില്‍ സ്ത്രീകളെ ജീവിക്കാനനുവദിക്കാത്ത വിധത്തില്‍ പൊതുബോധം രൂപപ്പെടുന്നതിലുള്ള പ്രതിഷേധം കവിതകളിലുണ്ട്. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേര്‍ത്ത കാലഘട്ടം അതിജീവിക്കാനാവാതെ സ്ത്രീകള്‍ മരണം തെരഞ്ഞെടുക്കുന്നു. എന്നാല്‍ മരണം പോലും സ്ത്രീകള്‍ക്ക് ചലഞ്ചാണെന്നത് യാഥാര്‍ഥ്യമാണ്. ജീവിതം തെരഞ്ഞെടുക്കുന്ന ത്രേസ്യയെ പോലുള്ളവരെ തന്‍റേടികളായി സമൂഹം വിലയിരുത്തുന്നു. ത്രേസ്യ സമൂഹത്തിന്‍റെ വിലക്കുകളെ അവഗണിക്കുമ്പോഴും വലിയൊരു ശതമാനം സ്ത്രീകള്‍ക്കും പൊതുബോധനിര്‍മ്മിതികളെ മറികടക്കാന്‍ സാധിക്കുന്നില്ലെന്ന് വിജിലയുടെ കവിതകള്‍ സൂചിപ്പിക്കുന്നു. ഈ പൊതുബോധത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതാണെന്ന് എല്ലാവരും ശക്തമായി വാദിക്കുന്നുമുണ്ട്.  സ്ത്രീ പദവി, തുല്യതയെ മുന്‍നിര്‍ത്തിയുള്ള ജനാധിപത്യബോധത്തിലധിഷ്ഠിതമാകണമെന്ന് സമീപ പുതുകാലകവിതകളിലൂടെ മലയാളത്തിലെ സ്ത്രീ എഴുത്തുകാരികള്‍ പറയുന്നു. ചുരുക്കത്തില്‍ ഇതുവരെയും മാറിക്കഴിഞ്ഞിട്ടില്ലാത്ത സാമൂഹിക ബോധ്യങ്ങളെ പുതുസ്ത്രീകവിതകള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതായി കാണാം. 

ശരീരം-ഒരു സ്ത്രൈണാനുഭവം

ശരീരത്തെക്കുറിച്ചുള്ള സ്ത്രൈണാനുഭവങ്ങള്‍ വ്യത്യസ്തമായ അനുഭവപരിസരത്തിലേക്കാണ് പുതുകവിത രേഖപ്പെടുത്തിയിട്ടുള്ളത്. വെണ്ണ തോല്‍ക്കുന്ന ഉടലുകളോ  ചന്ദ്രനെപോലെ തിളങ്ങുന്ന മുഖമോ  പനങ്കുല പോലെയുള്ള മുടിയോ  ചെന്തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകളോ -ഒക്കെയായി പ്രാചീന മധ്യകാല സാഹിത്യം മുതല്‍ അടയാളപ്പെടുത്തിയ സ്ത്രീശരീരനിര്‍മ്മിതി പുതിയകാല സ്ത്രീ കവിതകള്‍ നിരാകരിക്കുന്നു. ശരീരം ഒരു യഥാതഥ പ്രകൃതി അനുഭവമായി അടയാളപ്പെടുന്നു. മാസം തോറും ഉള്ള ശാരീരിക വ്യഥകള്‍ കാവ്യാനുഭവങ്ങളായി മാറുന്നു. ഗര്‍ഭകാലത്തും മറ്റുമുള്ള ശരീരവ്യതിയാനങ്ങള്‍ ആഘോഷമായല്ല, ഉത്കണ്ഠകളായി പരിണമിക്കുന്നു. യാഥാസ്ഥിതിക സമൂഹം, സ്ത്രീശരീരത്തെ നിര്‍വചിച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ശരീരം കൊണ്ട് സ്ത്രീ, സ്വയം  അടയാളപ്പെടുന്നത്  പ്രതിഷേധാത്മകമായാണെന്ന് ഡോ. സി.ആര്‍. പ്രസാദ്   നിരീക്ഷിക്കുന്നുണ്ട്.  അത്തരം ഘട്ടങ്ങളിലാണ് സ്ത്രീ രചനകള്‍ വേറിട്ടതായി  മാറുന്നത് (2011:23).4  നിലവിലുള്ള സ്ത്രൈണശരീരഭാവുകത്വനിര്‍മ്മിതിയെ പൊളിച്ചെഴുതുന്ന കാലഘട്ടമാണിത്. സ്ത്രീശരീരത്തിന്‍റെ വ്യതിരിക്തതകള്‍ സാധ്യതകളായി സമീപ പുതുകാല സ്ത്രീകവിതകളില്‍ രൂപപ്പെടുന്നു.  

അമ്മു ദീപയുടെ 'എവിടെയോ' എന്ന കവിത ഇപ്രകാരം ശരീരത്തെ മറച്ചുകളയുന്നത് ഇപ്രകാരമാണ്:-

ദേഹത്തെവിടെയോ 
ഉറുമ്പു കടിച്ചതിന്‍ നീറ്റല്‍ 
പക്ഷേ ഉറുമ്പെവിടെ?
കുറേ നേരം തപ്പിയപ്പോള്‍ 
ഉറുമ്പിനെകിട്ടി.
അപ്പോള്‍ ദേഹമെവിടെ?
വേദന മാത്രം 
അനന്തതയിലെവിടെയോ 
തങ്ങി നില്‍ക്കുന്നു (2019:58).

ശരീരത്തെ റദ്ദു ചെയ്യുകയും തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തിലൂടെ മാത്രം അനുഭവവേദ്യമാക്കുന്ന വേദനയെ നിലനിര്‍ത്തുകയും ചെയ്യുന്ന കവിതയാണിത്. അത്തരം വേദനകള്‍ അനന്തതയില്‍ അഥവാ അനന്തകാലം സ്ത്രീകളുടെ ചുറ്റും തങ്ങി നില്‍ക്കുകയും ചെയ്യും. മറ്റൊരു കവിതയായ 'മറയ്ക്കല്‍' ശരീരത്തിന്‍റെ കാമനകളെ മറച്ചുപിടിക്കാനുള്ള സാമൂഹിക നിര്‍മ്മിതിയുടെ വിവരണമാണ്.

'ഉള്ളില്‍ കത്തുന്ന കാമം 
കണ്ണിലൂടെ തൂവിത്തിളങ്ങി 
പുറത്തറിയിക്കാതിരിക്കാനത്രേ 
കള്ളി/ പെരുങ്കള്ളി/ പൂങ്കള്ളി 
കാമിനിമാരെല്ലാരും 
കണ്ണിലിങ്ങനെ കരി വാരി തേയ്ക്കുന്നത് (2019:60)'.

കേരളീയ ആധുനികതയുടെ കാലത്താണ്,  സ്ത്രീ-പുരുഷഭേദമില്ലാതെ ശരീരത്തിനും ലൈംഗികതയ്ക്കും മുകളില്‍ സമൂഹത്തിന്‍റെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാവുന്നത്. അണിഞ്ഞൊരുങ്ങി നടക്കുന്നവരെ അതികാമികളായ സ്ത്രീകളായി അശ്ലീല രൂപേണ വിലയിരുത്തുന്നത് ഇതിനു ശേഷമാണ്. അത്തരം സാമൂഹിക നിര്‍മ്മിതിയെ-മിത്തിനെ-'മറയ്ക്കല്‍' എന്ന കവിതയില്‍ കാണാം. മറ്റൊരു കവിതയായ 'താവഴി'; ശരീരമുടച്ചു കളയുന്നതിലൂടെ പരമ്പരാഗതമായി തുടരുന്ന സ്ത്രൈണ സൂചികകളെ റദ്ദു ചെയ്യാന്‍ കവി ശ്രമിക്കുകയാണ്. "എന്‍റെ അമ്മേടമ്മേടമ്മയ്ക്ക് സൊന്തായിട്ടൊരമ്മിക്കല്ലുണ്ടാര്‍ന്നു. അമ്മേടമ്മേടമ്മ അത് അമ്മയ്ക്ക് കൊടുത്തു. അമ്മ അത് എനിയ്ക്കു തന്നു. ഞാനതെടുത്ത് എന്‍റെ മകളുടെ തലയ്ക്കിട്ടു. ഞങ്ങളുടെ താവഴി അന്യം നിന്നു പോയത് അങ്ങനെയാണ്!"-  മകളുടെ തലയ്ക്ക് ഇട്ടു കൊടുക്കുന്ന അമ്മിക്കല്ല് കാലങ്ങളായി പുരുഷാധീശ വ്യവസ്ഥിതി നിര്‍മ്മിച്ചെടുത്ത താവഴി ബോധ്യങ്ങളാണ്. ഗാര്‍ഹിക-അടുക്കള വ്യാപാരങ്ങളിലൂടെ തുടരുന്ന സ്ത്രൈണതയുടെ നൈരന്തര്യം ശരീരമുടച്ചുകളയുന്ന ആഖ്യാനത്തിലൂടെ കവി മറികടക്കുന്നു. ചുരുക്കത്തില്‍; എഴുതിവെച്ച ബോധ്യങ്ങള്‍ക്കും അപ്പുറത്താണ് ശരീരത്തെ-മിത്തിനെ-പാരമ്പര്യത്തെ ഒക്കെ പുതുകാല സ്ത്രീകവിത മറിച്ചിടുന്നത്. 

ഡോണാ മയൂരയുടെ 'നീലമൂങ്ങ' എന്ന കവിതയില്‍  കാമികളെ  വ്യത്യസ്തമായ ശരീരാഖ്യാനത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തതായി കാണാം. 'മഴയത്ത് പൊട്ടാന്‍ മടിച്ചു കിടക്കുന്ന കള്ള കടുകുമണികള്‍ പോലെ നമ്മള്‍'-എന്നും 'മഴയത്ത് തിളയ്ക്കുന്ന എണ്ണയിലേക്ക് ചീന്തിയിട്ട കാന്താരി മുളകിന്‍റെ അരികള്‍ പോലെ നമ്മള്‍'- എന്നും എഴുതുമ്പോള്‍,  കാമികളുടെ ശരീരനിര്‍മ്മിതിയില്‍ പുതിയ ഉപമകള്‍ രൂപം കൊള്ളുന്നു (2019:85). രാത്രിയില്‍ മാത്രം കാഴ്ചയുള്ള, ചലനമുള്ള, നീലമൂങ്ങയായി കാമികള്‍ രൂപാന്തരപ്പെടുന്നു. "എനിക്ക് ചോളമണികളായി പൊട്ടി വിടരാന്‍ കുറച്ച് പൊരിവെയില്‍ തരൂ..." എന്ന കവിതയില്‍, നിലവിലുള്ള ശരീരനുഭവങ്ങളില്‍ നിന്നും വ്യത്യസ്തത ആഗ്രഹിക്കുന്ന കവിയെ കാണാം. "ഏറെ നാളുകളായി തുടരുന്ന/ഈ അതിശൈത്യത്തില്‍ ഞാനുറഞ്ഞു പോയിരിക്കുന്നു"/എന്നിങ്ങനെ മഞ്ഞുകൊണ്ട് ഉറഞ്ഞു പോയ ശരീരത്തിന്‍റെ അനുഭവത്തെ കൂടുതല്‍ തീക്ഷ്ണമായി കവി അവതരിപ്പിക്കുന്നു. "നാഡീ ഞരമ്പുകള്‍ക്കു പകരം ഉറഞ്ഞുപോയ പുഴകള്‍ മാത്രമാണെന്നില്‍"-എന്നിങ്ങനെ എഴുതുമ്പോള്‍ ഒഴുക്ക് നിലച്ച, ഉറഞ്ഞുപോയ, മഞ്ഞുശില്പമായ ശരീരം രൂപപ്പെടുന്നു. അനിവാര്യമായ ആ ശരീരത്തിന്‍റെ ആശ കുറച്ച് പൊരിവെയില്‍ മാത്രമാണ്. അതാണല്ലോ ചോള മണികളെ പൊട്ടിവിടരാന്‍ സഹായിക്കുക (2019:76). അങ്ങനെ ഒരു പൊട്ടിവിടരലാണ് ശരീരം ആഗ്രഹിക്കുന്നതെന്ന് കവി സൂചിപ്പിക്കുന്നു.

ശരീരത്തിന്‍റെ കാമനകളെ ദമനം ചെയ്തുകൊണ്ടുള്ള ജീവിതമാണ് സ്ത്രീകളില്‍ നിന്നും സമൂഹം ആവശ്യപ്പെടുന്നത്. അതുകൊണ്ടു തന്നെ സ്ത്രൈണതയെ ഒരു ആഘോഷമായി മാറ്റുവാനോ അതില്‍ അഭിരമിക്കുവാനോ സ്ത്രീകള്‍ക്ക് സാധിക്കുകയില്ല. പൊതുജീവിതത്തില്‍ അത്തരം അടയാളങ്ങള്‍ മായിച്ചു കളയുന്ന സ്ത്രീകളാണ്, നല്ല സ്ത്രീ ഗണത്തില്‍ പെടുന്നത്. അപ്രകാരമുള്ള പൊതുബോധ്യത്തിനെതിരെ ശബ്ദിക്കുന്നവയാണ്, പുതുകാല സ്ത്രീകവിതകളെന്ന് നിരീക്ഷിക്കാം.

ആഖ്യാനം

സമീപകാല  സ്ത്രീകവിതകളിലെ ഭാഷയും ആഖ്യാനവും പുതുസാങ്കേതിക വഴക്കങ്ങളിലേയ്ക്കു മലയാള കവിതയെ നയിച്ചതായി നിരീക്ഷിക്കാനാകും. പലതരം ആഖ്യാന മാതൃകകള്‍ പുതുകവിത പരീക്ഷണാത്മകമായി സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വ്യത്യസ്തമായ ഒരു ജനുസ്സിലേക്ക് മലയാള കവിത സമാന്തരമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നുമുണ്ട്. നാടകഭാഷണമാതൃക, ചിത്ര-ശില്പകലാസങ്കേതങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍, തിരക്കഥാ മാതൃക, തെയ്യം-തിറ പോലുള്ളവയിലെ തോറ്റംപാട്ടു മാതൃകകള്‍-എല്ലാം കവിതയുടെ ഘടനയിലും ആഖ്യാനത്തിലും സ്വീകരിച്ചതായി കാണാം. സമീപ മലയാള പുതുകവിതയില്‍ കാണുന്ന ഇത്തരം പ്രവണതകളെല്ലാം സ്ത്രീകവിതകളിലും കാണാനാകും.

സിന്ധു കെ.വിയുടെ അവള്‍ എന്ന കവിത, "അറിയുന്നില്ലല്ലോ എന്‍റെ പൈതങ്ങളേ..." എന്നിങ്ങനെ തോറ്റം പാട്ട് ശൈലിയിലാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. തോറ്റം  പാട്ടിന്‍റെ ചൊല്‍ വഴക്കം കവി ഈ കവിതയില്‍ ഉയര്‍ന്നു കേള്‍ക്കാം. 

'നേര്‍ത്തൊരിരുട്ടിന്‍റെ മറ പറ്റി 
നേര്‍ത്തൊരു മഞ്ഞിന്‍റെ മറ പറ്റി 
നേര്‍ത്തൊരു നാടിന്‍റെ 
നേര്‍ത്തു പോമോര്‍മ്മ മറ പറ്റി' -എന്നിങ്ങനെയും,
നോക്കമ്മേ കൊയ്ത്തരിവാള്‍ 
നോക്കമ്മേ ചോന്നുടുപ്പ് 
നോക്കമ്മേ നറുപുഞ്ചിരി'-(2018 :68 )

എന്നിങ്ങനെയും കവിത നാട്ടുചൊല്‍ വഴക്കത്തിലൂടെ വെളിപ്പെടുന്നു. ചോന്നുടുപ്പ്, മോന്തിക്ക്, മൂവന്തിച്ചോപ്പ്, മുന്നാഴി നെല്ല്-എന്നിങ്ങനെ നാട്ടുഭാഷാപദങ്ങള്‍ കവിതയ്ക്ക് കരുത്തുപകരുന്നു. തോറ്റംപാട്ടിലൂടെ രൂപപ്പെടുന്ന ദേവതകളുടെ സ്തുതിയോ, മഹത്വമോ, യാത്രയോ, കരുത്തോ ഒക്കെ ഈ കവിതയിലെയും ആഖ്യാന വിശേഷമായി രൂപപ്പെടുന്നു.5 ഭക്തി, ഭയം, അത്ഭുതം, ആശങ്ക, വിശ്വാസം തുടങ്ങിയ വികാരങ്ങളുടെ പ്രകടനം തോറ്റം പാട്ടുകളുടെ പ്രത്യേകതയാണ്. അത്തരത്തിലുള്ള വികാരങ്ങളുടെ അലൗകികമായ അനുഭൂതി വിശേഷം നിര്‍മ്മിച്ചെടുക്കുന്നതില്‍ 'അവള്‍' എന്ന കവിത സ്വീകരിച്ച ആഖ്യാനപദ്ധതി സവിശേഷമാണെന്ന് കാണാം. തോറ്റംപാട്ടിലൂടെ മാത്രം ഉയര്‍ന്നു വരുന്ന മാന്ത്രികലോകം ഈ കവിതയെ ചുറ്റി നില്‍ക്കുന്നത് അതുകൊണ്ടാണ്.

അമ്മു ദീപയുടെ കരിങ്കുട്ടി; കഥപറച്ചിലിന്‍റെ ആഖ്യാന വഴക്കങ്ങളിലൂടെ കവിതയെ മുന്നോട്ടു നയിക്കുന്നു. സൂക്ഷ്മനിരീക്ഷണത്തില്‍, നാടോടിക്കഥയുടെ രൂപമാതൃക പ്രമേയത്തിലും ഘടനയിലും ഒരുപോലെ ഈ കവിതയില്‍ സ്വീകരിച്ചിട്ടുണ്ട്. കരിങ്കുട്ടിയെന്ന നാട്ടു-വീട്ടു മിത്തിലേയ്ക്ക്, ആഖ്യാതാവും നാടും വീടും കവിതയും ചേര്‍ന്നിണങ്ങി നില്‍ക്കുന്നു. മറ്റൊരു കവിതയായ 'ഗന്ധരാജനും' മിഥിക്കല്‍ ആഖ്യാന മാതൃകയിലാണ് രൂപപ്പെട്ടത്. ഗാന്ധരജനിലെ വെളുത്ത, തീക്ഷ്ണ  സുഗന്ധമുള്ള പൂക്കളും ഗന്ധര്‍വ്വന്‍മാരും കഥപറയല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ചിത്രകലയുടെ സങ്കേതങ്ങള്‍ അമ്മു ദീപയുടെ കവിതകളില്‍ ധാരാളം കണ്ടെടുക്കാനാകും. ഉപമകളും മറ്റ് അലങ്കാരങ്ങളും നിറങ്ങളോടൊപ്പമാണ് കവി ചേര്‍ത്ത് കാണുന്നത്. സംഭവിച്ചതാണ് എന്ന കവിതയില്‍,- "അതിന്‍റെ കുത്തേറ്റാണ്/ എന്‍റെ ഇന്നത്തെ പ്രഭാതം/ ഇങ്ങനെ/ ചുവന്ന്/ കല്ലിച്ചു പോയത്" എന്നിങ്ങനെ ചേര്‍ത്തിരിക്കുന്നു. വേട്ടാളന്‍ചാതിയുടെ കുത്തേറ്റ് ചുവന്നു കല്ലിക്കുന്ന ശാരീരികാനുഭവം ദൃശ്യവല്‍ക്കരിക്കുന്നത് പ്രഭാതത്തെ ചേര്‍ത്താണ്. അതാകട്ടെ നിറ സങ്കേതത്തിലുമാണെന്ന് കാണാം.  

ആര്‍. സംഗീതയുടെ മിക്ക കവിതകളും ചിത്രകലാ സങ്കേതങ്ങളുപയോഗിച്ചാണ്  രൂപപ്പെട്ടിരിക്കുന്നത്. ഡെത്ത് പോര്‍ട്രെയ്റ്റ് എന്ന കവിത നോക്കുക:

തമ്മില്‍ തൊടാത്ത 
പാളങ്ങളില്‍ ആകെ പൂത്തു ചുവന്ന് 
പൂമരമായ ഒരുവള്‍ 
വേരുകളിലൂടെ 
വീടിന്‍റെ 
മുറിഞ്ഞ മൗനങ്ങളിലേക്ക് 
തിരിഞ്ഞു നടക്കുന്നത് കണ്ടോ? (2016:22) 

-എന്നിങ്ങനെ പാളങ്ങളില്‍ പൂത്തു ചുവന്ന പൂമരമായ ഒരുവളും, തമ്മില്‍ തൊടാതെ നില്‍ക്കുന്ന പാളങ്ങളും, വേരുകളിലൂടെ വീടിന്‍റെ മുറിഞ്ഞ മൗനങ്ങളിലേക്ക് തിരിച്ചു നടക്കുന്നതും കൃത്യമായ നിറ-വര സങ്കേതങ്ങളിലാണെന്ന് കാണാം. ഡെത്ത് പോര്‍ട്രെയ്റ്റ് എന്ന ശീര്‍ഷകം തന്നെ ചിത്രകലയെ മുന്‍നിര്‍ത്തിയുള്ളതാണല്ലോ. മരിച്ചുപോയ ഒരു സ്ത്രീയുടെ ചിത്രമാണ് കവിതയിലൂടെ സംഗീത വരച്ചിടുന്നത്. വാക്കുകളുടെ ഓറഞ്ചു തോട്ടത്തില്‍ കവിത ഇറ്റിക്കുന്ന കൊമ്പ്, ഞരമ്പുകളുടെ ചോര ഗോവണിയിലൂടെ ഊര്‍ന്നിറങ്ങുന്നത്, പറവച്ചിറകുകളില്‍ ഉറങ്ങിക്കിടക്കുന്ന ആകാശം, മഞ്ഞുമ്മകള്‍ കരിയിലകളായി പൊഴിഞ്ഞു കിടക്കുന്ന അമ്മയിടങ്ങള്‍ - തുടങ്ങിയ ചിത്രങ്ങള്‍ ഈ ഡെത്ത് പോര്‍ട്രെയ്റ്റിലുണ്ട്. ചിത്രകലയിലെ അമൂര്‍ത്തരചനാ (അയൃമെേരേ അൃേ) സമ്പ്രദായത്തിലാണ് ഇത്തരം ചിത്രങ്ങളുടെ അര്‍ത്ഥസൂചന വെളിപ്പെടുന്നത്. മരിച്ചുപോയ ഒരു സ്ത്രീയുടെ ജീവിതത്തിന്‍റെ ആകെത്തുക ഈ നിലയില്‍ കവിതയില്‍ നിന്നും കണ്ടെടുക്കാം. മറ്റൊരു കവിതയായ; ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു-എന്നതിലും ചിത്രകലയുടെ സ്വാധീനമുണ്ട്. ഒറ്റയ്ക്കായിപ്പോയ ഒരാള്‍ കടലിനെ വരക്കുമ്പോള്‍ സമ്പന്നമായ പ്രണയചിത്രങ്ങള്‍ രൂപംകൊള്ളുന്നു. ഒറ്റയ്ക്കായിപ്പോയതിന്‍റെ ആകുലതകള്‍ പച്ചയും ചുവപ്പും കറുപ്പുമായി വരഞ്ഞിടുന്നു. പഴുത്ത് പാകമാകുന്ന വൈകുന്നേരം, ആകാശക്കീറുകളിലെ നീല തീണ്ടിയ മേഘമുറിവുകള്‍, നിലാവിന്‍റെ തുമ്പിക്കൈ ജനാലവിരികളെ തൊട്ടുപോകുന്നത്-എല്ലാം ദൃശ്യബിംബങ്ങളാണ്. 

ഡോണ മയൂരയുടെ നീലമൂങ്ങ, ശില്പ ഭംഗിയാര്‍ന്ന ഒരു നിര്‍മ്മിതിയാണ്. അവസാന ഭാഗത്ത്, പ്രണയികളാണ് നീലമൂങ്ങയായി മാറുന്നത്. പുരാതനമായ/ഏതോ കരയില്‍ നിന്നും,/ പെരുങ്കാറ്റും താണ്ടി,/ നിലാവ് നീലിപ്പിച്ച/ വെള്ളിത്തൂവലുകളും/ വീശി വന്ന/ നീലമൂങ്ങയെ പോലെ നമ്മള്‍!- എന്നിങ്ങനെ ശില്പനിര്‍മ്മിതിയുടെ സാധ്യതകളാണ് നീലമൂങ്ങയില്‍ കണ്ടെടുക്കാനാവുന്നത് (2019:85). നിലാവ് നീലിപ്പിച്ച വെള്ളിത്തൂവലുകളുടെ ദൃശ്യഭംഗിയാണ് ഈ കവിതയെ വ്യത്യസ്തമാക്കുന്നത്. അതോടൊപ്പം ഈ കവിതയുടെ ഘടന; ഗവേഷണ പ്രബന്ധരചനാ മാതൃകയിലാണ്-എന്നതും ശ്രദ്ധേയമാണ്. അത്തരം വായനയിലൂടെ മാത്രം സംവേദനക്ഷമമാവുന്ന കവിതയാണിത്. 'ജലശില്പമായി തിരയുന്നു...' എന്ന കവിതയില്‍ കവി, ജീവിതത്തെ തിരയുന്നത് തന്നെ ജലശില്പമായിട്ടാണ്. ജീവിതത്തിലേക്കുള്ള വഴി തെറ്റി, ഭൂമിയിലേക്ക് വീണുപോയ മത്സ്യമായി ആകാശം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആ മത്സ്യത്തിന്‍റെ ചെകിള പൂക്കളില്‍ അവസാന ശ്വാസം കൊണ്ട് പണിത ജലശില്പമായി കടലും മാറുന്നു. ഭൂമിയിലേക്ക് വരാനിരിക്കുന്ന മത്സ്യരൂപത്തില്‍ ആകാശവും ഒപ്പം കടലും രണ്ടു ശില്പങ്ങളായി കവിതയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. മണല്‍ത്തരികളില്‍ ജീവിതത്തെ ആര്‍ത്തഭരിതമായി തിരഞ്ഞു മുളേളറ്റ്  മടങ്ങിയത് കടല്‍ എന്ന ജലശില്പമാണ് (2019:29). ആകാശത്തിനും കടലിനും നടുവില്‍ ജീവിതം ഇരിക്കുന്ന മണല്‍തരികളിലാണ് കടലും ഒപ്പം കവിയും ആര്‍ത്തഭരിതമായി തിരയുന്നത്. ആകാശമാകുന്ന മീനും അതിന്‍റെ മുള്ളേറ്റ് മടങ്ങുന്ന തിരകളും ആവര്‍ത്തന സാധ്യതകളുള്ള ഇന്‍സ്റ്റലേഷനായി രൂപപ്പെടുന്നു. കവിത ഓരോ ഖണ്ഡങ്ങളായി(stanza) നിലനില്‍ക്കുമ്പോള്‍ തന്നെ ഓരോ ഖണ്ഡവും കേവല ആശയമോ ദൃശ്യമോ ആയി രൂപം കൊള്ളുന്നുവെന്നും; ഈ ദൃശ്യത്തെ കൂട്ടിയിണക്കാനുള്ള കണ്ണി, ഖണ്ഡങ്ങള്‍ക്കിടയിലുള്ള ശൂന്യസ്ഥല(Blank Space))ത്തിലടങ്ങിയിരിക്കുന്നുവെന്നും മല്ലാര്‍മെയെ മുന്‍നിര്‍ത്തി വിജയകുമാര്‍ മേനോന്‍ നിരീക്ഷിക്കുന്നുണ്ട് (2018:101)6. അത്തരത്തില്‍ വിലയിരുത്തുമ്പോള്‍ മേല്പറഞ്ഞ കവിതകളുടെ അര്‍ത്ഥസാദ്ധ്യതകള്‍ ചിത്രകലാ സങ്കേതങ്ങളെ മുന്‍നിര്‍ത്തി രൂപം കൊണ്ടതാണെന്ന് കാണാം.  

ഉപസംഹാരം 

സമീപപുതുകാലമലയാള കവിതയുടെ സവിശേഷതകളെല്ലാം തന്നെ സ്ത്രീ എഴുത്തുകാരികളുടെ കാവ്യങ്ങളിലും നമുക്ക് ദര്‍ശിക്കാം. സ്ത്രീ എന്ന നിലയില്‍ സമൂഹം അടിച്ചേല്‍പ്പിക്കുന്ന വിലക്കുകളെ അവര്‍ കവിതകളിലൂടെ ചോദ്യം ചെയ്യുന്നു. ഈ സമൂഹത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ ആശങ്കകളും പ്രതിരോധശ്രമങ്ങളും എല്ലാ കവികളും കവിതകളിലൂടെ പങ്കുവെക്കുന്നുണ്ട്. ജനാധിപത്യബോധ്യത്തില്‍ ജീവിക്കുന്ന ഒരു ജനതയ്ക്ക് ഒട്ടും ഭൂഷണമല്ലാത്ത സ്ത്രീ/ട്രാന്‍സ് വിരുദ്ധ ഘടകങ്ങള്‍ ഇന്നത്തെ സമൂഹത്തിലുണ്ട്. അത്തരം ഘടകങ്ങളുടെ തുറന്നെഴുത്ത് സ്ത്രീകളുടെ കവിതകളില്‍ കാണാം. അവ മാറ്റേണ്ടതിനെക്കുറിച്ചും പ്രതിരോധിക്കേണ്ടതിനെക്കുറിച്ചും  കവിതകള്‍ ചര്‍ച്ച ചെയ്യുന്നു. ഈ പ്രബന്ധത്തിലെ മറ്റൊരു നിരീക്ഷണം, ശരീരത്തിന്‍റെ സ്ത്രൈണവ്യവഹാരങ്ങള്‍ കവിതകളില്‍ ഉള്‍പ്പെടുത്തിയതിനെ മുന്‍നിര്‍ത്തിയുള്ളതാണ്. ശരീരപഠനം സാംസ്കാരികവിശകലനത്തിന്‍റെ വിശാലമായ സാധ്യതകളിലേക്ക് മുന്നേറുന്ന കാലഘട്ടമാണിത്. ശരീരമെന്നത് മനുഷ്യരുടെ അനുഭവങ്ങളുടെയും അനുഭൂതികളുടെയും ആകെത്തുകയാണ്. സ്ത്രീപുരുഷഭേദമെന്യ; ശരീരം എക്കാലത്തും കവിതകള്‍ക്ക് വിഷയമായി ഭവിച്ചിട്ടുണ്ട്. സമീപകാല സ്ത്രീഎഴുത്തുകാരികളുടെ കവിതകളില്‍ നിലവിലുള്ള സ്ത്രൈണശരീരനിര്‍മ്മിതികള്‍ പൊളിച്ചുകളയുന്നു. വൈകാരികാനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ശരീരമെന്ന ബോധ്യത്തെ അമ്മുദീപയെ പോലുള്ളവര്‍ കാവ്യവത്കരിച്ചിരിക്കുന്നു. ശരീരത്തിന്‍റെ കാമനകളെ മറച്ചുവെക്കുന്നതിലുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു. പരമ്പരാഗതമായി തുടരുന്ന സാമൂഹിക നൈരന്തര്യങ്ങളെ ശരീരമുടച്ചുകളയുന്ന പ്രക്രീയയിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നു. അപ്രകാരം സ്ത്രൈണവ്യവഹാരങ്ങളെ മുന്‍നിര്‍ത്തി, ശരീരത്തെ വ്യത്യസ്തമായി അവതരിപ്പിക്കാന്‍ പുതുസ്ത്രീകവികള്‍ പരിശ്രമിക്കുന്നതായി കാണാം. സമീപ മലയാളകവിതയുടെ രൂപം തന്നെ മാറി വ്യത്യസ്തമായൊരു ജനുസ്സിലേക്ക് പരിവര്‍ത്തനപ്പെട്ടിരിക്കുകയാണ്. പലപ്പോഴും ആഖ്യാനത്തിന്‍റെ സൂക്ഷ്മതകള്‍ കവിതയുടെ അര്‍ത്ഥഗ്രഹണത്തെ തന്നെ സ്വാധീനിക്കുന്നതായി കാണാം. ഡോണയുടെ 'നീലമൂങ്ങ' എന്ന കവിതയില്‍ ഗവേഷണപ്രബന്ധത്തിന്‍റെ രചനാമാതൃകയാണ് ആശയഗ്രഹണത്തിലേക്ക് നയിക്കുന്നത്. നാട്ടുചൊല്‍വഴക്കങ്ങളുടെ പ്രാദേശികസൗന്ദര്യം കാവ്യാഖ്യാനത്തിലേക്ക് മുമ്പില്ലാത്തവിധം കടന്നുവരുന്നുണ്ട്. സിന്ധു കെ.വിയുടെയും അമ്മു ദീപയുടെയും കവിതകള്‍ അത്തരത്തില്‍ രൂപപ്പെട്ടിരിക്കുന്നു. പല ഘടകങ്ങള്‍ ചേരുന്ന ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും; കാഴ്ചയുടെ സാധ്യതകളിലേക്കാണ് ആസ്വാദകരെ നയിക്കാറുള്ളത്. അതേ മാതൃകയില്‍ നിറ-വര-ശില്പസങ്കേതങ്ങള്‍ പുതുകാലകവിതകള്‍ കൂടുതലായി ഉപയോഗിക്കുന്നു. ഡോണ മയൂര, അമ്മു ദീപ, ആര്‍. സംഗീത തുടങ്ങിയവരുടെ കവിതകളിലെല്ലാം മേല്പറഞ്ഞ സങ്കേതങ്ങള്‍ ധാരളമായി ഉപയോഗിച്ചു കാണുന്നു. ചുരുക്കത്തില്‍, സ്ത്രീകള്‍ എഴുതുന്ന പുതുകവിതകള്‍ ഏറ്റവും പുതുമയാര്‍ന്ന രചനാപദ്ധതികള്‍ക്ക് മാതൃകയാണ്.

സാമാന്യമായി വിലയിരുത്തുമ്പോള്‍ പൊതുബോധവിമര്‍ശനത്തോടൊപ്പം ശരീരമെഴുത്തിലെ സ്ത്രൈണവ്യവഹാരങ്ങള്‍ സത്യസന്ധമായി രേഖപ്പെടുത്തുന്നതിനും സമീപകാല സ്ത്രീ എഴുത്തുകാരികള്‍ക്ക് കവിതകളിലൂടെ സാധിക്കുന്നുണ്ട്. ആഖ്യാനത്തിലെ വൈവിധ്യങ്ങള്‍ കവിതകളെ വിശാലമായ അര്‍ത്ഥതലങ്ങളിലേക്ക് നയിക്കുന്നതായും നിരീക്ഷിക്കാം. ഇങ്ങനെ നവീന  ഭാവുകത്വത്തിലേയ്ക്കാണ് സ്ത്രീ എഴുത്തുകാരികള്‍, മലയാള കവിതയെ നയിക്കുന്നത്.

കുറിപ്പുകള്‍:

1. ഇപ്രകാരം ഉള്ളൂര്‍ ചിത്രശാലയില്‍ വരികള്‍ ചേര്‍ത്തിരിക്കുന്നത്, മിസ് മേയോ എന്ന വിദേശവനിതയുടെ പ്രസിദ്ധമായ ഭാരതവിമര്‍ശനത്തെ ചെറുക്കാനായിരുന്നുവെന്ന് എം. ലീലാവതി സൂചിപ്പിക്കുന്നു. ഭാരതസ്ത്രീകള്‍ പരാധീനകളും അടിമകളും പതിതരുമാണെന്ന വിമര്‍ശനത്തിനെതിരായ ചില ചിത്രങ്ങള്‍ നിരത്താനാണദ്ദേഹം തുനിഞ്ഞതെന്ന് അവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍, മിസ് മേയോവിന്‍റെ വിമര്‍ശനത്തെ നേരിടാന്‍ വേണ്ട യുക്തികള്‍ സഞ്ചയിക്കുവാന്‍ ഉള്ളൂരിന് കഴിയാതെപോയി എന്നും ലീലാവതി പറയുന്നു. ഇവിടെ സൂചിപ്പിച്ച വരികള്‍ ലീലാവതിയുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതായി കാണാം. മലയാള കവിതാസാഹിത്യചരിത്രം പുറം:217.
2. ആശാന്‍റെ കവിതകളെക്കുറിച്ചുള്ള ഡോ. സി.പി. ലീലയുടെ നിരീക്ഷണമാണിത്. കല്‍ക്കത്തയിലെ താമസവും ഇംഗ്ലീഷ് വിദ്യാഭ്യാസവും ദേശീയ നേതാക്കളുടെ ആഹ്വാനവും കേരളത്തില്‍ പൊതുവെ എല്ലാ മേഖലകളിലും ഉണ്ടായ നവോത്ഥാനവും ആശാന്‍റെ മനസ്സില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ചില നൂതന സങ്കല്പങ്ങള്‍ രൂപപ്പെടുത്തിയത് കൊണ്ടാവണം രണ്ടാം കിടയായി പൊതുവെ കരുതിയിരുന്ന സ്ത്രീ വര്‍ഗ്ഗത്തിന്‍റെ സ്വാതന്ത്ര്യം കൃതികളിലൂടെ പ്രഖ്യാപിക്കുവാന്‍ അദ്ദേഹം ശ്രമിച്ചതെന്നും അവര്‍ സൂചിപ്പിക്കുന്നു. സാഹിത്യത്തിലെ ഫെമിനിസ്റ്റ് ചിന്തകള്‍ (ലേഖനം) : ഡോ. സി.പി. ലീല, (ഫെമിനിസം:സമാ-എന്‍. ജയകൃഷ്ണന്‍) പുറം : 201.
3. ഇവമിഴശിഴ ഠീുീഴൃമുവശലെ, ചലം എലാശിശാെെ,മിറ ണീാലി ജീലേെ എന്ന ആന്‍ വിക്കറിയുടെ ലേഖനം.  (ഠംലി്യേ എശൃെേ ഇലിൗൃ്യേ അാലൃശരമി ജീലൃ്യേ, ഋറശ:ഠശാീവ്യേ ഥൗ) ുഴ:72 
4. ഡോ. സി.ആര്‍. പ്രസാദിന്‍റെ വര്‍ത്തമാനകാല മലയാള കവിതയിലെ സ്ത്രീയനുഭവം എന്ന ലേഖനത്തിലെ വിലയിരുത്തലാണിത്. സമൂഹത്തില്‍, വ്യക്തി നേരിട്ടും പെട്ടെന്നും അടയാളപ്പെടുന്നത് ശരീരംകൊണ്ടാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ശരീരമെന്നത്, വ്യക്തിയുടെയോ സമൂഹത്തിന്‍റെയോ വീക്ഷണഗതികളെ വെളിപ്പെടുത്തുന്നത് കൊണ്ടാണ്, ശരീരപഠനം സംസ്കാരപഠനത്തിലേക്കു കൂടി വികസിക്കുന്നത്. വര്‍ത്തമാന കവിതയില്‍ സ്ത്രീശരീരവുമായി ബന്ധപ്പെട്ട്  ലൈംഗികത, പ്രസവം, കുടുംബം, ജോലി തുടങ്ങിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഇതിന്‍റെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. എഴുത്ത്: കരുത്തും വിശ്വാസവും. പുറം:23 
5. ഡോ. എം.വി. വിഷ്ണുനമ്പൂതിരിയുടെ തെയ്യവും തിറയും എന്ന പുസ്തകത്തില്‍ തോറ്റം പാട്ടുകളെ ഇപ്രകാരമാണ് നിരീക്ഷിക്കുന്നത്-  തെയ്യം, തിറകള്‍ക്ക് പാടുന്ന തോറ്റങ്ങളെല്ലാം കേവല സ്തുതികളല്ല, ദേവതകളുടെ ഉത്ഭവം, മാഹാത്മ്യം, സഞ്ചാരം, രൂപവിശേഷം ശക്തിപ്രകടനം തുടങ്ങിയവ അതില്‍ വര്‍ണ്ണനാ വിഷയമാണ്. 
6. വിജയകുമാര്‍ മേനോന്‍റെ ആധുനിക കലാദര്‍ശനം എന്ന പുസ്തകത്തിലെ നിരീക്ഷണം. പുറം:101 

ഗ്രന്ഥസൂചി:

അജയകുമാര്‍, എന്‍. (ഡോ). 2001, ആധുനികത മലയാളകവിതയില്‍-താരതമ്യപഠനസംഘം, ചങ്ങനാശ്ശേരി.
അനില്‍, കെ.എം. (ഡോ) 2018, ശരീരം, ജാതി, അധികാരം-അസ്പൃശ്യതയുടെ പ്രാതിഭാസികത, പ്രോഗ്രസ്സ് ബുക്ക്സ്, കോഴിക്കോട്. 
അമ്മുദീപ. 2019, കരിങ്കുട്ടി, ഡി.സി.ബുക്ക്സ്, കോട്ടയം.
ദേവിക, ജെ. 2015, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? കേരളശാസ്ത്ര പരിഷത്ത്, തൃശൂര്‍.
ജയകൃഷ്ണന്‍, എന്‍. 2011, ഫെമിനിസം, ഭാഷാഇന്‍സ്റ്റിട്യൂട്ട്, തിരുവനന്തപുരം.
മയൂര, ഡോണ. 2019, നീലമൂങ്ങ, ഇന്‍സൈറ്റ് പബ്ലിക്ക, കോഴിക്കോട്
പോള്‍ എം.എസ്. (ഡോ), 2014 ഉത്തരാധുനിക കവിതാപഠനങ്ങള്‍, കേരളസാഹിത്യഅക്കാദമി, തൃശൂര്‍. 
പ്രസാദ്, സി.ആര്‍. (ഡോ), 2011 എഴുത്ത്: കരുത്തും വിശ്വാസവും, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
മിനി ആലീസ്. (ഡോ), (എഡി), 2014, സമകാലിക മലയാള കവിത-പുതുമയും പലമയും, വിദ്വാന്‍ പി.ജി. നായര്‍ സ്മാരക ഗവേഷണ കേന്ദ്രം, യു.സി. കോളേജ്, ആലുവ.
രാധ, പി.ഐ. (ഡോ), 2018, ആധുനിക മലയാള കവിതയിലെ ബിംബകല്പന, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
രാമകൃഷ്ണന്‍, എം.കെ., വേണുഗോപാലന്‍ കെ.എം., 2016 സ്ത്രീവിമോചനം, ചരിത്രം, സിദ്ധാന്തം, സമീപനം, പ്രസക്തി, പത്തനംതിട്ട.
ലീലാവതി, എം. (ഡോ) 2021, മലയാള കവിതാ സാഹിത്യചരിത്രം-കേരളം സാഹിത്യ അക്കാദമി, തൃശൂര്‍.
വിജയകുമാര്‍ മേനോന്‍. 2018, ആധുനിക കലാദര്‍ശനം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം.
വിജയരാജമല്ലിക. 2018, ദൈവത്തിന്‍റെ മകള്‍, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
വിജിലാ ചിറപ്പാട്. 2015, പകര്‍ത്തിയെഴുത്ത്, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
വിജിലാ ചിറപ്പാട്. 2017, വെറുതെ എന്നൊന്നില്ല,  ഗ്രീന്‍ ഗ്രാസ് പബ്ലിഷേഴ്സ്, തിരുവനന്തപുരം. 
സിന്ധു, കെ.വി. 2018, തൊട്ടു നോക്കിയിട്ടില്ലേ പുഴകളെ, പാപ്പാത്തി പുസ്തകങ്ങള്‍, ഇടുക്കി.  
വിഷ്ണുനമ്പൂതിരി, വി.എം., (ഡോ.) 2006, തെയ്യവും തിറയും, അന്താരാഷ്ട്ര കേരളപഠന കേന്ദ്രം, കേരളസര്‍വകലാശാല, തിരുവനന്തപുരം.
Yu, Timothy. 2021. (Edi), Twenty First Century American Poetry, Cambridge University Press, University of Cambrige.
Arpita Mukhopadhyay. (2018) Feminisms, Orient Black Swan Private Limited, Hyderabad.
ഡോ. ജൂലിയാ ഡേവിഡ്
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാളവിഭാഗം
മഹാരാജാസ് കോളേജ്
എറണാകുളം
Pincode: 682011
ഫോണ്‍ നമ്പര്‍: +91 9847943694
email: juliajoshith@gmail.com
ORCID: 0000-0002-4233-942X