Space of writing and space in writing
Dr. Swapna Antony
Literary works often function as narratives and retellings of cultural heritage. This paper examines how culture shapes a writer and how literary work marks a land. ‘Space in Writing’ is what shapes a writer. Place, nature, and social and cultural systems in which he lives influence the writing and the writer both externally and internally. His ability to creatively communicate that influence is what determines his space in literature, and makes him the writer of his land. By infusing his land, language, and biosphere, the writer also marks his space in writing. In the nineties, when globalization became a reality in Kerala, the writers responded to it in many ways. N. Prabhakaran is a writer among them who created his own space in the Malayalam short story world, with the subtlety of both writing and political conviction. The ‘space of writing’ is the land that is communicated through writing to the reader. Going through the stories of N. Prabhakaran, we will understand that there is a space for writing and that space is not just a physical land. It is a cultural space that comprises people living in Kerala, their thoughts, culture, nature and environment. ‘Space in writing’ refers to the land to which the writer takes the reader. N. Prabhakaran is a writer who manages such a land in his works, with political and cultural subtlety.
Keywords: Modernism, Consumer culture, Space, Indigenism, Textuality, Localism, Worldview, Aesthetics, Postmodernism, Globalization
Reference:
Prabhakaran, N., Thiranjedutha kadhakal, D. C. Books, Kottayam, 2007
Madhusoodanan. G., Kadhayum Paristhithiyum, Current Books, Trissur, 2011
Rajagopalan, E. P., Swapnavum Charithravum, Ithal Publications, Kannur, 1995
Latheesh Babu, V., Gothra nagara samskaravairudhyam N. Prabhakarante Kadhakalil, Soman Kadaloor& Latheesh Babu, N. Prabhakaran Kadha kalam darshanam, Kairali Books, Kannur, 2015
Sasidharan, N., Kadha kalam pole, kalakshethram, Kasargode, 1992.
Sunil, P., Ilayidam, Ottayakatha Oral, Soman Kadaloor& Latheesh Babu.V., N.Prabhakaran Kadha kalam darshanam, Kairali Books, Kannur, 2015
Lewis Mumford, Technics and Human Development: The Myth of the Machine, Harcourt, Houghton Mifflin, South Wales, 1971.
Theodore Roszak, The Voice of the Earth: An Exploration of Ecopsychology, Phanes Press,US,2001.
എഴുത്തിന്‍റെ ഇടവും എഴുത്തിലെ ഇടവും
ഡോ.സ്വപ്ന ആന്‍റണി
സംസ്കാരപൈതൃകങ്ങളുടെ ആഖ്യാനവും പുനരാഖ്യാനവും ആയി സാഹിത്യകൃതികള്‍ പലപ്പോഴും മാറാറുണ്ട്. ദേശവും സംസ്ക്കാരവും ഒരെഴുത്തുകാരനെ രൂപപ്പെടുത്തുന്നതെങ്ങനെയെന്നും സാഹിത്യ കൃതികള്‍ ദേശത്തെ അടയാളപ്പെടുത്തുന്നതെങ്ങനെയെന്നും എന്‍.പ്രഭാകരന്‍റെ ചെറുകഥകളെ അടിസ്ഥാനമാക്കി പരിശോധിക്കുകയാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്.
താക്കോല്‍ വാക്കുകള്‍: ആധുനികത, ഉപഭോഗസംസ്ക്കാരം, ഇടം, തദ്ദേശീയത, പാഠം, പ്രാദേശികത, ലോകവീക്ഷണം, സൗന്ദര്യാത്മകത, ഉത്തരാധുനികത, ആഗോളവല്‍ക്കരണം.
സാഹിത്യം എല്ലാക്കാലത്തും ജീവിതത്തിന്‍റെ വിഭിന്നഭാവങ്ങളെ പ്രകാശിപ്പിച്ചിട്ടുണ്ട്. ഓരോ ചരിത്രഘട്ടത്തിലും അതിന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങളുണ്ടാകുന്നുവെന്നു മാത്രം. 1990-കളോടെയാണ് കേരളത്തില്‍ ആഗോളവല്‍ക്കരണം ഒരു തീവ്രയാഥാര്‍ത്ഥ്യമായി അനുഭവപ്പെടാന്‍ തുടങ്ങിയത്. ഇതിനോട് നമ്മുടെ എഴുത്തുകാര്‍ പലമട്ടില്‍ പ്രതികരിച്ചുപോന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എഴുത്തിന്‍റെയും രാഷ്ട്രീയ ബോധത്തിന്‍റെയും സൂക്ഷ്മതകൊണ്ട് മലയാള ചെറുകഥയില്‍ പുതിയഭൂപടം സൃഷ്ടിച്ച എഴുത്തുകാരനാണ് എന്‍.പ്രഭാകരന്‍. ആഗോളവല്‍ക്കരണകാലത്തിന്‍റെ ദേശസംസ്കൃതിയെയും അധികാര രാഷ്ട്രീയ ബന്ധങ്ങളെയും മുന്‍നിര്‍ത്തി തന്‍റേതായൊരു എഴുത്തിടം പ്രഭാകരന്‍ അടയാളപ്പെടുത്തുന്നുമുണ്ട്. സാഹിത്യത്തിന്‍റെ സാമ്പ്രദായിക കല്പിതരൂപങ്ങളെ തകിടം മറിച്ചുകൊണ്ടാണ് ഈ എഴുത്തുകാരന്‍ ഇതു സാധ്യമാക്കുന്നത്.
എഴുത്തിന്‍റെ ഇടം
എഴുത്തിന്‍റെ ഇടമെന്നത് ഒരെഴുത്തുകാരന്‍റെ രചനയ്ക്ക് ആധാരമായി നില്ക്കുന്ന ദേശമാണ്. വായനക്കാരനിലേക്ക് എഴുത്തിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഇടമാണത്. എന്‍.പ്രഭാകരനില്‍ ആ ഇടം മലയാളമെന്ന ദേശമാണ്. കേരളമെന്ന ദേശമാണ്. ഇതാവട്ടെ കേരളമെന്ന് നാം ഇന്നീകാണുന്ന ഭൗതികദേശമല്ല, മറിച്ച് വായനക്കാരുടെ സാംസ്കാരിക ദേശമാണ്. വായനക്കാരന്‍റെ ഭാവനയും കൃതിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനത്തിലൂടെ നിര്‍മ്മിക്കപ്പെടുന്നതാണ് സാംസ്കാരികദേശം. ആ മട്ടില്‍ മലയാളത്തില്‍ അതിശക്തമായ വര്‍ത്തമാനകാല ദേശനിര്‍മ്മിതി പ്രഭാകരന്‍റെ രചനകളിലൂടെ സംഭവിക്കുന്നുണ്ട്. ഇങ്ങനെ നിര്‍മ്മിക്കപ്പെടുന്ന ദേശത്തിന് പല അടരുകളുണ്ട്. അത് എരിപുരമെന്ന ഗ്രാമമാകാം, കണ്ണൂരാകാം, തലശ്ശേരി ആകാം, മലബാറാകാം. ചിലപ്പോള്‍ കേരളം മൊത്തമായും ആകാം. ഈ കേരളം തന്നെ ഇന്ത്യയുടെ ഭാഗമായ കേരളമാകാം. ലോകത്തിന്‍റെ ഭാഗമായ കേരളമാകാം. ആ മട്ടില്‍ പല അതിരുകളോടുകൂടിയ സാംസ്കാരിക ദേശനിര്‍മ്മിതിയാണ് അദ്ദേഹത്തിന്‍റെ രചനകളില്‍ കാണുന്നത്.
ഇങ്ങനെയുള്ള ഒരു ദേശനിര്‍മ്മിതി പ്രഭാകരന്‍റെ രചനകളില്‍ സാധ്യമാകുന്നതെങ്ങനെ എന്ന അന്വേഷണമാണ് ദേശത്തിന്‍റെ എഴുത്താണ് പ്രഭാകരന്‍ രചനകളുടെ ഏറ്റവും വലിയ സവിശേഷത എന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്നത്. എഴുത്തിനാധാരമായ ദേശത്തെ പല സാംസ്കാരിക സൂചനകളില്‍നിന്ന്, ഭാഷയില്‍നിന്ന്, സംഭവങ്ങളില്‍നിന്ന് ഒക്കെ നമുക്ക് കണ്ടെത്താന്‍ കഴിയും. ഇത്തരം സൂചനകളിലൂടെ ദേശത്തെ നിര്‍മ്മിച്ചെടുക്കാനുള്ള പ്രഭാകരന്‍റെ സര്‍ഗ്ഗവൈഭവത്തെ അന്വേഷിക്കുമ്പോഴാണ് ദേശത്തിന്‍റേതായ വിസ്മയാവഹമായ വരികള്‍ നമുക്കുമുന്നില്‍ തെളിയുന്നത്. ദേശത്തെക്കുറിച്ച് സൂക്ഷ്മവും രാഷ്ട്രീയവുമായ തിരിച്ചറിവുകള്‍ സൂക്ഷിക്കുന്ന എഴുത്തുകാരനാണ് ഇദ്ദേഹം. ഈ തിരിച്ചറിവുകള്‍ പല കൃതികളിലും നമുക്കു കാണുവാന്‍ കഴിയും. നാഗരികതയുടെ ഓരോ അടരിനോടും കലഹിക്കുന്ന, ജീവിതത്തിന്‍റെ ഏതുക്രമത്തെയും സംശയിക്കുന്ന, അഭിജ്ഞാനത്തിന്‍റെ ഏതു ചട്ടക്കൂടിലും ഒതുങ്ങാത്ത എതിരിടലിന്‍റെ നൈരന്തര്യം (സുനില്‍.പി.ഇളയിടം, 2015, 70) ആ എഴുത്തിടം അടയാളപ്പെടുത്തുന്നു.
ആഗോളവല്‍ക്കരണവും പ്രാദേശികതയും
ആഗോളവല്‍ക്കരണകാലം വര്‍ത്തമാനകാല ജീവിതത്തെ നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന 90-കളില്‍ പ്രാദേശികചരിത്രം, പ്രാദേശികസംസ്കൃതി, നര്‍മ്മം തുടങ്ങിയവ സമൃദ്ധമായുപയോഗിച്ച് ആഗോളവല്‍ക്കരണത്തിന്‍റെ രാഷ്ട്രീയസാംസ്കാരികയുക്തികളെ വിമര്‍ശനത്തിന് വിധേയനാക്കിയ എഴുത്തുകാരനാണ് എന്‍.പ്രഭാകരന്‍. സാമൂഹ്യജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മ രാഷ്ട്രീയത്തെ ജൈവികമായി അടയാളപ്പെടുത്താന്‍ ഇദ്ദേഹത്തിന്‍റെ കഥകള്‍ ശ്രമിക്കുന്നുണ്ട്. കഥകളുടെ ഇതിവൃത്തഘടനയില്‍ മാത്രമല്ല, രചനാകൗശലത്തില്‍പ്പോലും ആഗോളവല്‍ക്കരണത്തിന്‍റെ സൈദ്ധാന്തികപരിസരത്തുനിന്നുള്ള ആശയങ്ങളുടെ പ്രയോഗം കാണാന്‍ കഴിയും.
ഉദാഹരണത്തിന് 'ആവേദകന്‍' എന്ന കഥ ആധുനികസമൂഹത്തില്‍ എല്ലാം കമ്പോളവല്‍ക്കരിക്കപ്പെട്ട ദുര്യോഗത്തെയാണ് ആവിഷ്കരിക്കുന്നത്. വടക്കന്‍കേരളത്തിലെ ഒരുള്‍നാടന്‍ ഗ്രാമമായ കാലിച്ചാന്‍കടവില്‍ കൃഷിപ്പാട്ടുകളെക്കുറിച്ചുള്ള ഗവേഷണത്തോടനുബന്ധിച്ചെത്തിച്ചേര്‍ന്ന ഒരാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളാണിതില്‍ വിവരിക്കുന്നത്. ഈ കുഗ്രാമത്തില്‍ ദേശസംസ്കൃതിയെക്കുറിച്ച് അറിയാന്‍ വിദേശികളടക്കം എത്താറുണ്ടത്രേ. കൃഷിപ്പാട്ടുവിദഗ്ദ്ധനായ കാട്ടമ്പ്വേട്ടന്‍റെ വീട്ടിലേക്ക് അയാള്‍ നയിക്കപ്പെടുന്നു. മുറ്റത്തുവലിയ ഡിഷ് ആന്‍റീന കാണാം. ജീന്‍സും സ്റ്റോണ്‍വാഷ് ഷര്‍ട്ടും ഇട്ടിരിക്കുന്ന വൃദ്ധന്‍, പാട്ടൊന്നിന് അമ്പതുരൂപയാണ് ചാര്‍ജ്ജ് എന്നുപറയുന്നു. വിത്തുപാട്ടും കൃഷിപ്പാട്ടുമായി വൃദ്ധന്‍ പാട്ടുതുടരുന്നതിനിടയില്‍ ഗവേഷകന്‍ ഈ പാട്ടുകള്‍ക്കൊക്കെ സുമാറ് എത്രപഴക്കം ഉണ്ടാവും എന്ന് അന്വേഷിക്കുന്നു. അഞ്ചാറുകൊല്ലത്തെ പഴക്കം എന്നാണയാള്‍ക്കു കിട്ടുന്ന മറുപടി. 'അഞ്ചാറു കൊല്ലോ' എന്നത്ഭുതപ്പെടുന്ന ഗവേഷകനോട് 'അതെ അയിലപ്പുറം പോവൂല ഞാനീ വിസിനസ് തൊടങ്ങീറ്റ് അത്രല്ലേ ആയിറ്റ്ള്ളു കുഞ്ഞ്യേ' എന്നാണ് കാട്ടമ്പ്വേട്ടന്‍ പറയുന്നത്. അധീശസംസ്കാരത്തിന്‍റെ കയ്യേറ്റത്തെ തുടര്‍ന്ന് ഗ്രാമസംസ്കൃതി നശിക്കുകയും സംസ്കാരം വാണിജ്യോല്‍പ്പന്നമായി, വില്‍പ്പനച്ചരക്കായി മാറുകയും ചെയ്യുകയാണിവിടെ. ആഗോളവല്‍കൃത സമ്പദ്ഘടനയും ടൂറിസവും പ്രമേയമാകുന്ന ഈ കഥയില്‍ നവകോളനിവല്‍ക്കരണത്തിന്‍റെ വാണിജ്യചിഹ്നങ്ങളായി ഡിഷ്ആന്‍റീനയും ജീന്‍സും സ്റ്റോണ്‍വാഷ് ഷര്‍ട്ടും മാറുന്നു. ഉത്തരാധുനികതയുടെ സാംസ്കാരിക സന്ദര്‍ഭത്തില്‍ പ്രാദേശികസംസ്കാരം നേരിടുന്ന വെല്ലുവിളികളെയും അവ നടത്തുന്ന അതിജീവനശ്രമങ്ങളെയും എന്‍.പ്രഭാകരന്‍റെ കഥകള്‍ അടയാളപ്പെടുത്തുന്നുണ്ട്. ആഗോളീകരണ കാലത്ത് പ്രാദേശിക സംസ്കൃതികള്‍ ഏകീകരിക്കപ്പെടുകയോ വിശാലസംസ്കൃതിയില്‍ അലിഞ്ഞുപോവുകയോ ചെയ്യുമ്പോള്‍ സാഹിത്യവും പ്രാദേശികസംസ്കാരവും തമ്മിലുള്ള ബന്ധത്തെ അന്വേഷിക്കുന്നതിന് രാഷ്ട്രീയമായ പ്രാധാന്യം കൂടിയുണ്ട്.
പ്രാദേശികതയും നാഗരികതയും തമ്മിലുളള സംഘര്‍ഷം പ്രഭാകരന്‍റെ രചനാലോകത്തില്‍ ധാരാളമായി കാണാം. നാഗരികതയുടെ ആന്തരസംഘര്‍ഷങ്ങളെ നാടോടിഭാഷകൊണ്ടും മിത്തുകള്‍ കൊണ്ടും പ്രാദേശിക ജീവിതരീതികൊണ്ടും ഈ എഴുത്തുകാരന്‍ സമീകരിക്കുന്നുമുണ്ട്. പാരിസ്ഥിതിക ബന്ധങ്ങളില്‍ ഉണ്ടാകുന്ന മൂല്യങ്ങളിലെ മാറ്റങ്ങള്‍ ആവിഷ്ക്കരിക്കുന്ന ഒരു കഥയാണ് 'കാളപ്പാറ'. വടക്കന്‍ കേരളത്തിന്‍റെ ദേശസംസ്ക്കാരത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം തന്നെ അതു മനുഷ്യന്‍റെ കാമനകളെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്നും ബോധ്യപ്പെടുത്തുന്നു. വര്‍ത്തമാനകാലത്ത് കാളപ്പാറയെന്ന മിത്തിനെ പുനര്‍നിര്‍മ്മിക്കുമ്പോള്‍ത്തന്നെ പഴയകാലത്തെ ഒരു ഫോക്ലോറിനെ ഫാന്‍റസി ചേര്‍ത്ത് അവതരിപ്പിക്കുകയും ചെയ്യുകയാണിവിടെ. ഈ എഴുത്തിടത്തിനാധാരമായി നില്‍ക്കുന്നതാവട്ടെ വടക്കന്‍കേരളത്തിലെ സാംസ്ക്കാരികലോകമാണ്. വര്‍ത്തമാനകാലത്തു നിന്നുകൊണ്ട്, പഴയകാലത്തിന്‍റെ ബോധത്തെ കൊണ്ടുവന്ന് എഴുത്തിന്‍റെ പുതിയൊരു ദേശത്തെ സൃഷ്ടിക്കുകയാണ് കഥാകൃത്തു ചെയ്യുന്നത്. കാളപ്പാറ എന്ന മിത്ത് ഗോത്രസംസ്ക്കാരത്തെ അനുസ്മരിപ്പിക്കുമ്പോള്‍ 'അതിനെ പൊളിച്ചുമാറ്റാനുളള തീരുമാനം നഗരസംസ്ക്കാരത്തിന്‍റേതാണ്. പഴയമൂല്യങ്ങളെ തകര്‍ത്തെറിഞ്ഞ് അവയുടെ സ്ഥാനത്ത് പുതിയ മൂല്യങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചുളള സൂചനയും' (ലതീഷ് ബാബു,വി.,2015,149) ഈ കഥ തരുന്നുണ്ട്.
എഴുത്തിലെ പാരിസ്ഥിതികചിന്തകള്‍
പ്രകൃതിയോടുള്ള ജൈവബന്ധം മനുഷ്യന് നഷ്ടമാവുകയും ഉപകരണയുക്തി വൈകാരികതയ്ക്കും സൗന്ദര്യാത്മകതയ്ക്കുമെതിരെ ശക്തിപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഉല്ക്കണ്ഠയും ഇതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളും എന്‍.പ്രഭാകരന്‍റെ പല കഥകളിലും കാണാം. ഉപഭോഗത്വരയും ആഗോളവല്‍കൃത ലോകത്തിന്‍റെ ആസക്തികളും ഒരു ഭാഗത്ത് ചിത്രീകരിക്കപ്പെടുമ്പോള്‍ത്തന്നെ, അതിനെ ചെറുത്തുനില്‍ക്കുന്ന പ്രാദേശികചരിത്രവും ദേശസംസ്കൃതിയുടെ നന്മകളും മറ്റൊരു ഭാഗത്ത് ചിത്രീകരിക്കപ്പെടുന്നുമുണ്ട്. ഇത്തരം ദ്വന്ദ്വാത്മകതകളില്‍ മുന്നേറുന്നതോടൊപ്പം ലളിതസമവാക്യങ്ങളിലും ഘടനകളിലും ഒതുക്കാന്‍ കഴിയാത്തമട്ടില്‍ സങ്കീര്‍ണ്ണമായിത്തീരുന്ന ആഗോളീകൃതകാലത്തെ അവസ്ഥാന്തരങ്ങളെക്കുറിച്ചും ഈ കഥകള്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ എന്‍.പ്രഭാകരന്‍റെ കഥാലോകം തുറന്നുവെക്കുന്ന ആഗോളവല്‍ക്കൃതലോകത്തിനു നേര്‍ക്കുള്ള പ്രതികരണങ്ങളെ സാമൂഹിക- രാഷ്ട്രീയ-സാംസ്കാരിക ദേശത്തിന്‍റെ പ്രതിനിധാനങ്ങളായി വായിച്ചെടുക്കാം.
പ്രാചീനമായ ദേശത്തെയും സംസ്കാരത്തെയും പുതിയ കാലത്ത് പാരിസ്ഥിതികമായി പുനര്‍നിര്‍മ്മിക്കുന്ന രീതിയിലുള്ള പല സൂചനകളും അദ്ദേഹത്തിന്‍റെ കഥകളിലുണ്ട്. നഷ്ടപ്രകൃതിയെ കുറിച്ച് ഗൃഹാതുരമായ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന കഥാപാത്രങ്ങളെയും പച്ചപ്പ് ഒരു ഒബ്സഷനായി കൊണ്ടുനടക്കുന്ന കഥാകാരനെയും അവിടെ കാണാം. ആധുനിക ഹരിതദര്‍ശനത്തിന്‍റെ വക്താവായ ലൂയിസ് മംഫോര്‍ഡ് തന്‍റെ ടെക്നിക്സ് ഓഫ് ഹ്യുമന്‍ ഡവലപ്പ്മെന്‍റ് എന്ന ലേഖനത്തില്‍ ഭൂതകാലത്തെ തിരിച്ചറിയാന്‍ കഴിയാത്തവന് വര്‍ത്തമാനത്തെ മനസ്സിലാക്കാനോ ഭാവിയെ രൂപപ്പെടുത്താനോ കഴിയില്ലെന്നു പറയുന്നുണ്ട്. (Luwis Mumford,1971,52) ആധുനികതയുടെ പാരുഷ്യങ്ങളോട് പ്രതികരിക്കുന്ന ഒരെഴുത്തുകാരന് പഴയമൂല്യങ്ങളിലേക്കും പരമ്പരാഗത നന്മകളിലേക്കും തിരിഞ്ഞുനോക്കാതെ വയ്യ. അത്തരത്തിലൊരു പിന്മടക്കം പ്രഭാകരന്‍റെ മിക്ക കഥകളിലുമുണ്ട്.
സ്നേഹത്തിന്‍റെ പച്ചപ്പുകള്‍ക്ക് ഈ ലോകമാകെ പടരാന്‍ കഴിയണമെന്നു ചിന്തിക്കുന്ന ഡോ.ജോസഫ് ലോറന്‍സാണ് 'സ്നേഹം സംസാരിക്കുന്നു' എന്ന കഥയിലെ കേന്ദ്രകഥാപാത്രം. 'സാന്താക്ലോസ്' എന്ന കഥയിലെ റിട്ടേര്‍ഡ് ഉദ്യോഗസ്ഥനാവട്ടെ തന്‍റെ നഷ്ടപ്രകൃതിയെ/ഗൃഹാതുരതയെ ആര്‍ദ്രമായ സ്വന്തം പ്രവൃത്തികളിലൂടെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്. നഗരത്തിന്‍റെ ഏകാന്തതയിലിരുന്ന് ഗ്രാമത്തെ സ്വപ്നം കാണുന്ന, അനുഭവിക്കുന്ന ഒരാള് കൂടിയാണയാള്‍. ആഗോളവല്‍ക്കരണകാലത്ത് മനുഷ്യന് പ്രകൃതിയോടൊപ്പം സംസ്ക്കാരം കൂടി നഷ്ടപ്പെടുമ്പോള്‍ ഇങ്ങനെ മനസ്സില്‍ നാം സൂക്ഷിക്കുന്ന നിരവധി കഥാപാത്രങ്ങളെ എന്‍.പ്രഭാകരന്‍റെ കഥാലോകത്ത് കാണാം. അഴലിന്‍റെ കൊടും വേനലുകള്‍ക്കിടയിലും നന്മയുടെ കുളിര്‍മഴകള്‍ സ്വപ്നം കാണുന്ന ഒരു ഗ്രാമീണ കര്‍ഷകമനസ്സ് പ്രത്യക്ഷത്തില്‍ ക്രൂരവും വന്യവുമായ പ്രഭാകരന്‍റെ സര്‍ഗ്ഗാത്മകതയുടെ അടരുകളിലെവിടെയോ ഒളിഞ്ഞിരിപ്പു ണ്ടാവണം എന്ന് എന്‍.ശശിധരന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. (ശശിധരന്‍.എന്‍., 1992,14)
കേരളത്തില്‍ പ്രബലമായ മതമൗലികവാദവുമായി ബന്ധിപ്പിച്ച് എന്നതിനേക്കാള്‍ പ്രകൃതിയുമായി കൂട്ടിച്ചേര്‍ത്തു വായിക്കേണ്ട കഥയാണ് 'രാമന്‍'. അയോധ്യ സംഭവത്തെത്തുടര്‍ന്ന് പന്ത്രണ്ടു വയസ്സുകാരനായ രാമന്‍ നേരിടേണ്ടിവന്ന അനുഭവങ്ങളാണിതിലെ പ്രമേയം. കുടകുവനത്തിനടുത്ത ചിറ്റാരിഗ്രാമത്തില്‍ നിന്ന് ഓടിപ്പോന്ന് തീയൂരങ്ങാടിയിലെത്തിയ രാമന്‍ പഴയ നാടിന്‍റെയും കാടിന്‍റെയും പുഴയുടെയും ഓര്‍മ്മകളിലാണ് ജീവിക്കുന്നത്. എന്നും ഉറങ്ങാന്‍ നേരം അവന്‍ ഉടുമ്പപ്പുഴയെ ഓര്‍ക്കും. പുഴയ്ക്കപ്പുറമുള്ള കാടിനെ ഓര്‍ക്കും. കണ്ണുകളില്‍ ഉറക്കം കൂടുകൂട്ടുമ്പോള്‍ രാമന്‍ പുഴകടന്നു കാട്ടിലെത്തും. അവിടെ ഓടിച്ചാടി നടക്കും. പ്രകൃതിയിലേക്കും ദേശത്തിലേക്കും തുറന്നുവെച്ച ഒരു ഇടം ഈ കഥയിലും കാണാം. അതാവട്ടെ ഭൗതികമായൊരു ലോകമായല്ല. മറിച്ച് നിലനില്‍പ്പിന്‍റെ ആധാരമായാണ് പ്രത്യക്ഷപ്പെടുന്നത്. രാമന്‍ തന്‍റെ ബോധതലത്തില്‍ സൂക്ഷിക്കുന്ന ദേശവും പ്രകൃതിയും കഥാകൃത്തിന്‍റെ തന്നെ പ്രകൃതിബോധമാണ്. പാരിസ്ഥിതിക മന:ശാസ്ത്രത്തിന്‍റെ വക്താവായ തിയോഡര്‍ റസ്സാക്ക് 'അബോധമനസ്സിന്‍റെ വേരുകളിലൂടെ ഭൂമിയുടെ പൊക്കിള്‍കൊടിയുമായി നാം ബന്ധപ്പെട്ടിരിക്കുന്നു' എന്നു പറയുന്നുണ്ട് (Theodore Roszak, 2001, 171). പ്രകൃതിയുടെ നാശം ഭൗതികമായ നാശമായല്ല, ആത്മനാശമായാണ് പ്രഭാകരന്‍ കാണുന്നത്. അതോടൊപ്പം തന്നെ സമകാലിക കേരളത്തില്‍ മാറിവരുന്ന മാനവികബന്ധങ്ങളെ ആവിഷ്കരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയും ആ കഥാലോകത്തു കണ്ടുമുട്ടുന്നുണ്ട്. തുരുത്ത്, മായാമയന്‍, പിഗ്മാന്‍ തുടങ്ങിയ കഥകള്‍ ഉദാഹരണം. സൂക്ഷ്മമായ രാഷ്ട്രീയസൂചനകള്‍കൊണ്ട് കാലത്തെ അനാവരണം ചെയ്യുന്ന ഇത്തരം കഥകള്‍ നവകോളനീകരണത്തിന്‍റെ വാണിജ്യ താല്‍പ്പര്യങ്ങള്‍ കൂടി രേഖപ്പെടുത്തുന്നു. രേഖാരഹസ്യം, ബി.എം.പി, വെള്ളരിക്കാപ്പട്ടണം മുതലായവ ആധുനികാനന്തര കാലത്തെ രാഷ്ട്രീയബോധത്തെ വെളിപ്പെടുത്തുന്നു. രേഖാരഹസ്യത്തിലെ കൈനോട്ടക്കാരന്‍ തന്‍റെ ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവനാണ്. കഥാകൃത്തിന്‍റെ നിലപാടുകളുടെ പ്രതിനിധിയും കൂടിയാണയാള്‍. അയാളുടെ കണ്ണിലൂടെയാണ് സമകാലികലോകത്തെ എഴുത്തുകാരന്‍ അനാവരണം ചെയ്യുന്നത്.
സാറിനെപ്പോലൊരു മനുഷ്യന്‍റെ മുഖത്ത് നോക്കി മനോഹരമായ എന്തെങ്കിലുമൊക്കെ പറയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു എന്നു പറയുന്ന കൈനോട്ടക്കാരന്‍, നാനാതരം രേഖകളും ചിഹ്നങ്ങളും തിങ്ങിനിറഞ്ഞ് ജീര്‍ണ്ണിച്ച കപ്പല്‍പ്പായ പോലെ വികൃതവും ലക്ഷണം കെട്ടതുമായ കൈയാണ് കാലമെന്ന്, യാതനകളുടെയും സങ്കടങ്ങളുടെയും ആകെത്തുകയായ ആധുനികാനന്തരജീവിതത്തെ നോക്കിക്കാണുന്നു. അധീശസംസ്കാരത്തിന്‍റെ കയ്യേറ്റത്തില്‍ തനതുസംസ്കാരം വാണിജ്യവല്‍ക്കരിക്കപ്പെടുന്നതിന്‍റെ ചിത്രമാണ് ബി.എം.പിയിലുള്ളത്. വെള്ളരിക്കാപ്പട്ടണമാകട്ടെ നവകൊളോണിയല്‍ അധിനിവേശത്തില്‍ നാട്ടുസംസ്കൃതിക്കുവന്ന ദുരന്തത്തെ ചിത്രീകരിക്കുന്നു. ഒരു പ്രദേശത്തിന്‍റെ പൊതുബോധത്തെ അധിനിവേശസംസ്കാരം സ്വാധീനിക്കുന്നതെങ്ങനെയെന്ന മട്ടിലുള്ള വായന ഈ കഥകളിലൊക്കെ സാധ്യമാണ്.
എഴുത്തിലെ ഇടം
എഴുത്തിലെ ഇടമാണ് ഒരെഴുത്തുകാരനെ രൂപപ്പെടുത്തുന്നത്. അയാള്‍ ജീവിക്കുന്ന ദേശവും പ്രകൃതിയും സാമൂഹിക സാംസ്ക്കാരിക വ്യവസ്ഥിതിയും എഴുത്തുകാരനെയും എഴുത്തിനെയും ബാഹ്യമായും ആഭ്യന്തരമായും സ്വാധീനിക്കുന്നുണ്ട്. ആ സ്വാധീനത്തെ സര്‍ഗ്ഗാത്മകമായി വിനിമയം ചെയ്യാനുളള ശേഷിയാണ് അയാളുടെ എഴുത്തിലെ ഇടത്തെ നിര്‍ണ്ണയിക്കുന്നതും അയാളെ ദേശത്തിന്‍റെ എഴുത്തുകാരനാക്കുന്നതും. അതുകൊണ്ടുതന്നെ ദേശത്തില്‍നിന്ന് വിഭിന്നനായി എഴുത്തുകാരന് നിലനില്‍പ്പില്ല. തന്‍റെ ദേശത്തിന്‍റെ, ഭാഷയുടെ, ജൈവപരിസരത്തിന്‍റെ സന്നിവേശനത്തിലൂടെ എഴുത്തുകാരന്‍ ചെയ്യുന്നത് തന്‍റെ എഴുത്തിടം അടയാളപ്പെടുത്തുകകൂടിയാണ്.
എന്‍. പ്രഭാകരന്‍റെ കഥകളിലൂടെ കടന്നുപോകുമ്പോള്‍ എഴുത്തിനൊരു ദേശമുണ്ടെന്നും ആ ദേശമെന്നു പറയുന്നത് ഭൗതികമായൊരു ദേശം മാത്രമല്ല എന്നും കാണാം. അവിടെ ജീവിക്കുന്ന ജനങ്ങള്‍, അവരുടെ ചിന്തകള്‍, സംസ്കാരം, പ്രകൃതി, പരിസ്ഥിതി ഇതെല്ലാം കൂടിച്ചേര്‍ന്നൊരു സംസ്കാരസ്ഥലിയാണത്. അങ്ങനെയൊരു വര്‍ത്തമാനകാലദേശം എഴുത്തിലൂടെ പുനര്‍നിര്‍മ്മിക്കുമ്പോള്‍ പ്രഭാകരന്‍ പണിത്തരമായി ഉപയോഗിക്കുന്നത് തന്‍റെ മനസ്സിലുള്ള ഒരു ദേശസങ്കല്‍പ്പമാണ്. ഉറച്ച രാഷ്ട്രീയ-സാംസ്കാരിക അവബോധമുള്ള ദേശസങ്കല്‍പ്പമാണത്. എഴുത്തുകാരന്‍റെ മനസ്സിലുള്ള പ്രാദേശികബോധ്യം കൂടിയാണത്. അത്തരത്തിലുള്ളൊരു വായനയില്‍ എഴുത്തിനൊരു ദേശമുണ്ടെന്നും ആ ഇടമാണ് എഴുത്തുകാരനും വായനക്കാരനുമിടയില്‍ വിനിമയം ചെയ്യപ്പെടുന്നതെന്നും അതുണ്ടാകുന്നത് സൂക്ഷ്മമായ രാഷ്ട്രീയ സാംസ്കാരിക ബോധ്യത്തില്‍ നിന്നാണെന്നും കാണാം. ഇങ്ങനെ ആവിഷ്കരിക്കപ്പെടുന്ന ദേശമാണ്, വായനക്കാരനെ എഴുത്തുകാരന്‍ കൂട്ടിക്കൊണ്ടുപോകുന്ന ദേശമാണ് എഴുത്തിലെ ഇടമെന്നത് കൊണ്ടുദ്ദേശിക്കുന്നത്. രാഷ്ട്രീയവും സാംസ്കാരികവുമായ കൃത്യതയോടെ ഇത്തരമൊരു ദേശനിര്‍മ്മിതി നടത്തുന്ന എഴുത്തുകാരനാണ് എന്‍.പ്രഭാകരന്‍.
ഗ്രന്ഥസൂചി:
പ്രഭാകരന്‍, എന്‍., തിരഞ്ഞെടുത്ത കഥകള്‍, ഡി.സി.ബുക്സ്, കോട്ടയം, 2007.
മധുസൂദനന്‍, ജി., കഥയും പരിസ്ഥിതിയും, കറന്‍റ് ബുക്സ്, തൃശൂര്‍, 2011.
രാജഗോപാലന്‍, ഇ.പി., സ്വപ്നവും ചരിത്രവും, ഇതള്‍ പബ്ലിക്കേഷന്‍സ്, കണ്ണൂര്‍, 1995.
ലതീഷ്ബാബു, വി., ഗോത്ര-നഗരസംസ്ക്കാര വൈരുദ്ധ്യം എന്‍.പ്രഭാകരന്‍റെ കഥകളില്‍, സോമന്‍ കടലൂര്‍ ലതീഷ് ബാബു.വി., എന്‍.പ്രഭാകരന്‍ കഥ കാലം ദര്‍ശനം, കൈരളി ബുക്സ്, കണ്ണൂര്‍, 2015.
ശശിധരന്‍, എന്‍., കഥ കാലം പോലെ, കലാക്ഷേത്രം, കാസര്‍ഗോഡ്,1992.
സുനില്‍, പി., ഇളയിടം, ഒറ്റയാകാത്ത ഒരാള്‍, സോമന്‍ കടലൂര്‍ & ലതീഷ് ബാബു, വി., എന്‍. പ്രഭാകരന്‍ കഥ കാലം ദര്‍ശനം, കൈരളി ബുക്സ്, കണ്ണൂര്‍, 2015.
Lewis Mumford, Technics and Human Development: The Myth of the Machine, Harcourt, Houghton Mifflin, South Wales, 1971.
Theodore Roszak, The Voice of the Earth: An Exploration of Ecopsychology, Phanes Press,US,2001.