The Folklore Elements in the Narrative Strategies: A study with Special Reference to the Short stories of U.A.Khadar

Dr. Priya. V

U.A. Khadar is a writer who created a literary space of his own with his unique themes and narrative technique. The fictional setting of most of his stories is Northern Malabar which consists of the locale of Thrikkottoor and Pandalayani. His stories are centred on the customs, traditions, beliefs, folk lores,ballads and adages of the inhabitants of Thrikkottoor. U.A. Khadar makes his stories remarkable with his language that swings to the tune of Vadakkan pattu and his narrative style that synthesise both facts and fantasies. 

Key words: Streams of narratology, fantasy, irrationality, glorification of the locale, use of allusions, employment of myths and legends, influence of ballads and hero worship

Reference:

Appan, K.P., Kadha : Aakhyanavum Anubhavasathayum, D.C.Books, Kottayam, January, 1999.
Ayyappa Panicker, K. Dr., Aakhyanakala Siddhanthavum Prayogavidhikalum (Ed.), Dr.V.S.Sarma, University of Kerala, August 1993.
Khader, U.A., Adiyadharam, Mathrubhumi Printing & Publishing Company Ltd., Kozhikode, 1986.
Khader, U.A., Khaderinte Pennungal, Mathrubhumi Books, Kozhikode, 2005.
Khader, U.A., Thrikkottur Kadhakal, D.C.Books, Kottayam, April 2010.
Khader, U.A., Pennudal Churayalukal, D.C.Books, Kottayam, October 2008.
Khader, U.A., Malayalathinte Suvarna Kadhakal, Green Books, Thrissur, August 2007.
Khader, U.A., U.A.Khader Kadhakal, Sahithya Pravarthaka Sahakarana Sangham, Kottayam, 1997.
Jithesh, T. Dr., Aakhyanasasthram, Olive Publications, Kozhikode, January 2017.
Dr. Priya. V
Associate Professor
Department of Malayalam
University College
Thiruvananthapuram
Pin: 695034
Kerala, India
Ph:  9495458225
Email: priyavsamata@gmail.com
ORCID: 0000-0003-2343-3880

ആഖ്യാന തന്ത്രങ്ങളിലെ ഫോക്ലോര്‍
ഘടകങ്ങള്‍ യു.എ.ഖാദറിന്‍റെ ചെറുകഥകളെ ആസ്പദമാക്കി ഒരു പഠനം

ഡോ. പ്രിയ വി

പ്രമേയസ്വീകരണം, പ്രതിപാദനശൈലി എന്നിവയില്‍ സമകാലികരായ എഴുത്തുകാരില്‍ നിന്നു തികച്ചും വ്യത്യസ്തമായ രീതി സ്വീകരിച്ച് തന്‍റേതായ തട്ടകം തീര്‍ത്ത എഴുത്തുകാരനാണ് യു.എ.ഖാദര്‍.  അദ്ദേഹത്തിന്‍റെ മുഖ്യകഥാഗ്രാമം തൃക്കോട്ടൂരംശവും പന്തലായിനി അംശവുമുള്‍പ്പെട്ട വടക്കേമലബാറാണ്.  തൃക്കോട്ടൂരിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനവിശ്വാസങ്ങള്‍, ജനങ്ങള്‍ കാലാകാലങ്ങളായി കൈമാറി വരുന്ന നാടോടിക്കഥകള്‍, പാട്ടുകള്‍, ചൊല്ലുകള്‍ ഇവയെല്ലാം ചെറുകഥകള്‍ക്കു വിഷയങ്ങളാകുന്നു.വടക്കന്‍പാട്ടുകളുടെ ഈണം ത്രസിക്കുന്ന ഭാഷ, സങ്കല്പവും യാഥാര്‍ത്ഥ്യവും കൈകോര്‍ക്കുന്ന അവതരണശൈലി എന്നിവ ഖാദറിന്‍റെ കഥകളെ അനന്യമാക്കുന്നു. 

താക്കോല്‍ വാക്കുകള്‍: ആഖ്യാനധാരകള്‍, ഭ്രമാത്മക അവതരണം, യുക്തിരാഹിത്യം, നാട്ടുപെരുമ അവതരിപ്പിക്കല്‍, പുരാവൃത്തങ്ങളുടെ പ്രയോഗം, ഐതിഹ്യങ്ങളുടെ വിന്യാസം, വടക്കന്‍പാട്ടുകളുടെ സ്വാധീനത, വീരാപദാനത.

ആശയവിനിമയത്തിനായുള്ള അവതരണമാണ് ആഖ്യാനം. ആഖ്യാതാവ് തനിക്കു പറയാനുള്ള ആശയം അനുവാചകനോടു പറയുമ്പോള്‍ ആഖ്യാനം സംഭവിക്കുന്നു. തന്‍റെ ഉള്ളിലെ വികാരവിചാരങ്ങളും അനുഭൂതികളും എന്നു മുതല്‍ മനുഷ്യന്‍ വിനിമയം ചെയ്യാനാരംഭിച്ചുവോ അന്നു മുതല്‍ ആഖ്യാനവും ഉണ്ടായി. ഒരു തരത്തില്‍ ഒരു പ്രമേയത്തെ അവതരിപ്പിക്കുന്ന രീതിയാണ് ആഖ്യാനമെന്നു പറയാം. ഇന്നു നിലവിലുള്ള ആഖ്യാനകലയുടെ പ്രാഗ്രൂപമാണ് ചരിത്രാതീതമായ വാമൊഴി ആഖ്യാനം. ആഖ്യാനകലയുടെ ഭാരതീയമാതൃകകളാണ് രാമായണ മഹാഭാരതാദികളും വേദോപനിഷത്തുക്കളും ഭഗവദ്ഗീതയുമെല്ലാം. ഇതില്‍ മഹാഭാരതമാകട്ടെ ڇആഖ്യാനങ്ങളുടെ ആഖ്യാനംچ എന്ന വിശേഷണം പേറുന്നതും. ഭാരതീയമായ ആഖ്യാനത്തിന്‍റെ നിസ്തുലമാതൃകകളായി ചൂണ്ടിക്കാട്ടാവുന്നവയാണ് ജാതകകഥകള്‍, കഥാസരിത്സാഗരം, പഞ്ചതന്ത്രം, ബൃഹത്കഥകള്‍, വിക്രമാദിത്യന്‍ കഥകള്‍ തുടങ്ങിയവ. കഥ പറഞ്ഞുവരുന്നതിനിടയില്‍ എടുത്തു കാട്ടാനുള്ള ആശയം വ്യക്തമാക്കാന്‍ മറ്റൊരു കഥ പറയുക, മുഖ്യകഥ ആഖ്യാനം ചെയ്തു മുന്നേറുമ്പോള്‍ ഒരു കഥാപാത്രം തന്‍റെ വാദമുഖം ഉറപ്പിക്കുക, ഒരു തത്ത്വത്തെ ഉദാഹരിക്കുന്നതിനായി മറ്റൊരു കഥ പറയുക, പറയപ്പെടുന്ന കഥകള്‍ക്കുള്ളിലെ മറ്റൊരു കഥാപാത്രം മറ്റൊരു കഥ പറയുക, ഇത്തരത്തില്‍ മുഖ്യകഥയിലേക്ക് എത്രകഥകള്‍ വേണമെങ്കിലും ഇണക്കിച്ചേര്‍ക്കാവുന്ന പഞ്ചതന്ത്രകഥകളില്‍ തുടരുന്ന രൂപഘടന ഇന്നും കഥാകാരന്മാര്‍ പിന്‍തുടര്‍ന്നു പോരുന്നു.

ആഖ്യാനങ്ങളുടെ സിദ്ധാന്തത്തെ ആഖ്യാനശാസ്ത്രമെന്നു വിളിക്കാം. ആഖ്യാനത്തിനുപയോഗിക്കുന്ന രൂപങ്ങളുടെ ഏറ്റവും ചെറിയ ഘടകങ്ങളാണ് ആഖ്യാനകങ്ങള്‍. ഒന്നോ അതിലധികമോ സംഭവങ്ങളെ പ്രതിനിധീകരിക്കുന്ന വ്യവഹാരമാണവ.ڈ"ആഖ്യാനകങ്ങള്‍ അവയോടു ചേര്‍ന്നു നില്‍ക്കുന്ന സംഭവങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്"(ഡോ. ടി. ജിതേഷ്, ആഖ്യാനശാസ്ത്രം, പുറം 77).

ആഖ്യാനമെന്നാല്‍ പറച്ചില്‍. ആ പറച്ചില്‍ കലാപരമാകുമ്പോള്‍ അത് കഥയായി മാറുന്നു. സംഭവവിവരണമായാല്‍പ്പോലും പറയുന്നതിലെ കലാബോധം അതിനെ കഥപോലെ കൗതുകകരമാക്കി മാറ്റുന്നു. സംഭാഷണം, ഗീതം, പ്രാര്‍ത്ഥന, ആത്മഗതം ഇവയെല്ലാം സംഭവവിവരണത്തിനിടയില്‍ കടന്നുകയറിയെന്നു വരാം. കഥയോടു ചേര്‍ന്നുവരുന്ന ആവിഷ്കാരപരമായ എല്ലാ ഘടകങ്ങളും ചേര്‍ന്നു വരുമ്പോഴാണ് അത് ആഖ്യാനമാകുന്നത്. "ഭാഷകനും ശ്രോതാവിനും ഇടയ്ക്കു നിലനില്‍ക്കുന്ന സംവേദന മണ്ഡലത്തെ ആഖ്യാനം എന്നു വിളിക്കാം.چچ(ഡോ. ടി. ജിതേഷ്, ആഖ്യാനശാസ്ത്രം, പുറം 15).ڈ 

കഥ പറയുന്ന കലയാണ് കഥാഖ്യാനകല. മനുഷ്യന്‍റെ ഭാഷാ പ്രയോഗത്തിന്‍റെ വികസിത ദശകളിലെപ്പോഴോ കഥാകഥനതന്ത്രങ്ങള്‍ രൂപമെടുത്തു. ചെറുകഥയെപ്പറ്റി പറയുമ്പോള്‍ ആഖ്യാനം കഥാഗാത്രത്തിലുള്‍ക്കൊള്ളുന്നതും ഉള്‍ക്കൊള്ളാത്തതുമായ കാര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നവയുമാണ്. കുറഞ്ഞപക്ഷം ഒരാഖ്യാതാവ് ആഖ്യാനവസ്തു അതിന്‍റെ സ്വീകര്‍ത്താവ് എന്നിവ ആഖ്യാനപ്രക്രിയയ്ക്ക് അത്യന്താപേക്ഷിതമാണ്. ഏവന്‍/ഏവള്‍, എപ്പോള്‍, എവിടെ, എന്ത്, എങ്ങനെ, എന്തിന്, ഇത്യാദി ആറ് 'എ' കാരങ്ങള്‍ ഒരു ആഖ്യാനപ്രക്രിയയിലുള്‍പ്പെടുന്നു. പലപ്പോഴും ഔചിത്യബോധമനുസരിച്ച് ഈ 'എ'കാരങ്ങളില്‍ ചിലത് മാറ്റി വയ്ക്കപ്പെടുകയും മറയ്ക്കപ്പെടുകയും ചെയ്യാറുണ്ട്. 

കാലഗതിയെ പിന്‍തുടരുന്ന ആഖ്യാനം, സ്ഥലവിസ്താരത്തെക്കുറിക്കുന്ന ആഖ്യാനം, അനുകരണാധിഷ്ഠിതമായ ആഖ്യാനം, അന്വാഖ്യാനാധിഷ്ഠിതമായ ആഖ്യാനം, ഉപര്യാഖ്യാനം, നാട്യാഖ്യാനം, പുനരാഖ്യാനം, വക്രോക്തീചാതുര്യം, പുരാണകഥ ഓര്‍മ്മിക്കത്തക്ക ഭാഷയില്‍ പ്രാദേശികമായ തന്മയത്വം കൊടുത്ത് പുനരാവിഷ്ക്കരിക്കല്‍, സമകാല സംഭവങ്ങള്‍ക്ക് ചരിത്രപ്രാധാന്യം നല്‍കല്‍, ഗതകാലചരിത്രത്തിന് സമകാലിക പ്രസക്തി നല്‍കല്‍, സ്വഭാവോക്തിപ്രധാനമായ ആഖ്യാനം എന്നിങ്ങനെ ചെറുകഥയില്‍ നിരവധി ആഖ്യാനതന്ത്രങ്ങള്‍ കണ്ടു വരുന്നു. 

ആദിമമനുഷ്യന്‍റെ ആചാരാനുഷ്ഠാനവിശ്വാസങ്ങളിലധിഷ്ഠിതമായ ജീവിതരീതികളുടെ ആഖ്യാനരൂപങ്ങളാണ് ഫോക്ലോറുകള്‍. മാനവസ്മൃതിയാല്‍ സംരക്ഷിതങ്ങളും വിനിമയം ചെയ്യപ്പെട്ടവയുമാണവ. പോയകാലപ്രതിധ്വനികളും വര്‍ത്തമാനകാലധ്വനികളും കൊണ്ട് ശാക്തീകരിക്കപ്പെട്ടവ. കൂട്ടായ്മയുടെ څഭൗതികവും ആത്മീയവുമായ ജീവിതത്തെ പ്രദാനം ചെയ്യുന്നവയാണ് ഫോക്ലോര്‍ ആഖ്യാനങ്ങള്‍.

ആഖ്യാനവ്യതിയാനത്തിന്‍റെ കാരണങ്ങള്‍ പലതാണ്.  'കഥാകാരന്‍ വിഷയത്തിന്‍റെ നേരെയുള്ള തന്‍റെ ആത്മാര്‍ത്ഥതയെ നവീകരിക്കുമ്പോഴാണ് ആഖ്യാനത്തില്‍ വ്യതിയാനം സംഭവിക്കുന്നത്'چഎന്ന കെ.പി. അപ്പന്‍റെ നിരീക്ഷണം ആഖ്യാനത്തിന്‍റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ലിഖിതരൂപത്തില്‍ ആഖ്യാനത്തിന്‍റെ ആരംഭം അഭിവ്യക്തമായിരിക്കുന്നത് വേദങ്ങളിലാണ്. ഓരോ കഥയും ഓരോ ആഖ്യാനം ആവശ്യപ്പെടുന്നവയാണ്. സംസ്കാരവും എഴുത്തുകാരന്‍റെ മാനസികവ്യാപാരങ്ങളുമാണ് ആഖ്യാനത്തിന്‍റെ ഉല്പത്തിക്ക് അടിസ്ഥാനം. 

യു.എ.ഖാദറിന്‍റെ ആഖ്യാനധാരകള്‍

വൈവിധ്യമാര്‍ന്ന നിരവധി ഫോക്ഘടകങ്ങളെ യു. എ. ഖാദര്‍ ആഖ്യാനത്തില്‍ ഉപയോഗിച്ചിരിക്കുന്നു. നാടോടി ആഖ്യാനപാരമ്പര്യത്തിലെ ഒരു രീതിയാണ് ആഖ്യാതാവിന്‍റെ ഇടപെടല്‍ കൂടിച്ചേര്‍ന്ന് ആഖ്യാനക്രിയ പൂര്‍ണ്ണമാവുക എന്നത്.ڈ"കാവിലെ ഒറ്റക്കാഞ്ഞിരത്തിന്‍റെ ചുവട്ടില്‍ ഒത്തുകൂടുന്ന തൃക്കോട്ടൂരുകാര്‍ അടിയോടിക്കല്ലിനു മുമ്പില്‍ ശൂലം കുത്തുകയും പന്തം തെളിക്കുകയും ചെയ്തുകൊണ്ട് മിഥുനത്തിലെ കുളിര്‍ത്ത മഴയേറ്റ് ആടിത്തിമിര്‍ക്കുന്നു. കൈക്കോട്ടും പടന്നയുമൊക്കെയായി പറമ്പായ പറമ്പുകള്‍ പൊത്തനയും കൊത്തിക്കിളയ്ക്കുകയും ഉഴുതു മറിക്കുകയും ചെയ്യുന്നു. ഈ യു.എ. ഖാദര്‍ അക്കഥയുര ചെയ്തും പാടിയും കാലക്ഷേപം നടത്തുന്നു"(ഒറ്റക്കാഞ്ഞിരം).

ഖാദറിന്‍റെ ചെറുകഥകളില്‍ ആഖ്യാനക്രിയ പൂര്‍ണ്ണമാക്കാന്‍ ആഖ്യാതാവ് ഇടപെടുമ്പോള്‍ ڇഖാദര്‍ എന്ന ഞാന്‍, ڇതൃക്കോട്ടൂരുകാരായ ഞങ്ങള്‍چ എന്നൊക്കെ പേരെടുത്തു പറയുന്നു. "പെണ്ണിന്‍റെ മേനിപ്പുതുമകള്‍ കണ്ടു കണ്ണഞ്ചി നില്‍ക്കുന്നവര്‍ പൂവെടിയും തീര്‍ന്നു തിരിച്ചുപോകുമ്പോള്‍ പറയുന്നു. ഇനി അടുത്ത വിളക്കിനു കാണാം. വരും കുംഭങ്ങളുടെ ഉത്സവത്തിമര്‍പ്പുകള്‍ ചെറുപ്പം പൂശിയെഴുന്നള്ളിക്കുന്ന പെണ്ണും മുച്ചിലോട്ടമ്മയും, കാഞ്ഞിരത്തറക്കല്‍ ഒന്നിക്കുമ്പോള്‍ ചെണ്ടക്കാര്‍ തടിമറന്ന് കൊട്ടുന്നു. കോലക്കാര്‍ തടിയിളക്കിക്കളിക്കുന്നു. ഞങ്ങള്‍ ഉറക്കെയുറക്കെ വിളിക്കുന്നു. മഠപ്പുരയ്ക്കലെ ദേവീ കാര്‍ത്ത്യായനീ... ഹൊയ്... ഹൊയ്... ഹൊയ്... കഥയെഴുതും ഖാദറും ഏറ്റുവിളിക്കുന്നു: "അമ്മെ കാര്‍ത്ത്യായനീ... ഹൊയ്... ഹൊയ്..."ڇ(അമ്മത്തെയ്യത്തിന്‍റെ വരവ്) ആണ്‍കരുത്തുള്ള പെണ്ണ്, ڇചാര്‍ത്തോത്തു നാണിയമ്മ, ڇപാലോറക്കാവിലെ ഉച്ചനേരം, ڇനെച്ചിക്കുന്നത്തെ സ്ഥാനിയും നെല്ലിക്കുന്നത്തമ്മയും, ڇഒരു പരശുരാമകഥ, ڇഅലവിക്കുട്ടി ഹാജിയുടെ ദണ്ണം, ڇറങ്കൂണ്‍ മമ്മ്യാജി, ڇവീണ്ടും തൃക്കോട്ടൂരില്‍چ ഇത്യാദി ഒട്ടനവധി കഥകളില്‍ ഖാദര്‍ ഈ ആഖ്യാനതന്ത്രം പ്രയോഗിച്ചു കാണുന്നു.

ആഖ്യാതാവ് കഥയുമായി ഇഴുകിച്ചേരുക എന്നത് നാടന്‍ ആഖ്യാനപാരമ്പര്യത്തിന്‍റെ തുടര്‍ച്ചയാണ്. കഥയിലെ സംഭവങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കൈവരുത്താന്‍ കഴിയുന്നുവെന്നതാണ് ഈ രീതിയുടെ സവിശേഷത. "തൃക്കോട്ടൂരിലെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലാകാത്ത ഭാഷ അവര്‍ ചെറിയകംതൊടി തറവാട്ടിലെ മുറികളില്‍ അന്തി പാര്‍ത്തു. നാട്ടുകാരായ ഞങ്ങള്‍ക്ക് അവിടെ കയറി ചെന്നാല്‍ തിന്നാനും കുടിക്കാനും കിട്ടും. കൈനിറയെ പണം കിട്ടും. അത്രമാത്രം. ആ വീടുമായി പതുക്കെപ്പതുക്കെ തൃക്കോട്ടൂരുകാര്‍ അകലാന്‍ തുടങ്ങി. എങ്കിലും തൃക്കോട്ടൂരിലെ ചിലര്‍ അന്തിക്കും പകലും അവിടെ കയറിയിറങ്ങും...... അത്രയധികം കത്തുകള്‍ തൃക്കോട്ടൂരിലാദ്യമായി ഒരാള്‍ക്ക് തന്നെ വരാന്‍ തുടങ്ങിയതും ഞങ്ങള്‍ക്കതിശയമായിരുന്നു....... ആ കഥ പെരുകി. ആ കഥ ഞങ്ങള്‍ തൃക്കോട്ടൂരുകാരുടെ മനസ്സില്‍ വേരോടി. ഇതിനിടയില്‍ മമ്മിഹാജി വരികയും ഒച്ചപ്പാടുണ്ടാക്കുകയും പോവുകയും ചെയ്തു" (റങ്കൂണ്‍ മമ്മ്യാജി). 

യു.എ. ഖാദറിന്‍റെ ചെറുകഥകളില്‍ പലപ്പോഴും 'തൃക്കോട്ടൂരുകാരായ ഞങ്ങളാണ്'چആഖ്യാനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത്. "ഞങ്ങള്‍ തൃക്കോട്ടൂരുകാര്‍ അങ്ങനെയാണ്. കാര്യങ്ങളുടെ കുറ്റിയും കൊളുത്തും ഞങ്ങള്‍ക്കറിയണമെന്നില്ല. കണ്ടുപിടിക്കണമെന്നുമില്ല. ചത്താലും കെട്ടാലും ഞങ്ങള്‍ക്കറിയാം. കഥകളോര്‍ത്ത് മനസ്സിലെ സംശയങ്ങളുടെ തിരി കെടുത്താന്‍ ഞങ്ങള്‍ക്കറിയാം. എന്തിന്; പെണ്ണായിപ്പിറന്നവള്‍, അവള്‍ പത്തും തികഞ്ഞവളാണെങ്കില്‍, ഒറ്റയ്ക്ക് പാലോറക്കാവിന്‍റെ മുറ്റത്തെ പാലച്ചുവട്ടില്‍ വന്നുനിന്നു? അതും പകലുച്ചനേരത്ത്, അമ്മയും കൂളിയും തെയ്യാന്‍ ഒഴിച്ച കള്ളും മോന്തി മയങ്ങുന്ന ഉച്ചനേരത്ത് വന്നുനിന്ന് വായിട്ടലറിയാലും  പൂ പറിച്ചെറിഞ്ഞാലും തൃക്കോട്ടൂരില്‍ പെണ്ണിന്‍റെ കഥ തീരുമെന്ന് ഞങ്ങള്‍ക്കറിയാമല്ലോ." (പാലോറക്കാവിലെ ഉച്ചനേരം). നാട്ടുയക്ഷി, ചാര്‍ത്തോത്തു നാണിയമ്മ, ഒരു പരശുരാമകഥ, നെച്ചിക്കുന്നത്തെ സ്ഥാനിയും നെല്ലിക്കുന്നത്തമ്മയും, ആണ്‍കരുത്തുള്ള പെണ്ണ് എന്നീ കഥകളില്‍ ഈ രീതി പ്രയോഗിച്ചു കാണുന്നു. ചിലപ്പോള്‍ തൃക്കോട്ടൂര്‍ ദേശക്കാരുടെ കൂട്ടത്തിലലിഞ്ഞവനായും മറ്റുചിലപ്പോള്‍ തന്‍റെ ദേശമായ തൃക്കോട്ടൂരിനെ എഴുതുന്നവനായും ഖാദര്‍ തന്‍റെ അസ്തിത്വം ചെറുകഥകളില്‍ രേഖപ്പെടുത്തുന്നു.

നാടോടിക്കഥകളെല്ലാം തന്നെ വാമൊഴിയായി വിനിമയം ചെയ്യപ്പെട്ടവയായിരുന്നു. കേള്‍വിക്കാരോട് ആഖ്യാതാവ് നേരിട്ടു നടത്തിയിരുന്ന സംവേദനമായിരുന്നു കഥപറച്ചില്‍. "പ്രിയ ചങ്ങാതിമാരേ; നമ്മുടെയൊക്കെ നാടുകളില്‍ വന്നുഭവിക്കുന്ന ഭൗതികമായ മാറ്റങ്ങളെപ്പറ്റിയാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്." എന്നു തുടങ്ങുന്ന 'ശക്തിക്ഷയം' എന്ന കഥയില്‍ ശ്രോതാവിനെ മുന്നില്‍ കണ്ടുകൊണ്ട് ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നു. "പറഞ്ഞുറപ്പിച്ച പ്രകാരം അന്ന് പ്രഭാതത്തില്‍ തന്നെ പുറപ്പെടാനായി. അന്തിയിരുട്ടുന്നതിനല്പം മുമ്പ് എത്തേണ്ടിടത്ത് എത്തി" (വിശ്രമസംഗീതാംശങ്ങള്‍- ڇപെണ്ണുടല്‍ ചുറയലുകള്‍) എന്ന തരത്തില്‍ നാടോടി ആഖ്യാനത്തിന്‍റെ തെഴുപ്പ് യു.എ. ഖാദറിന്‍റെ ചെറുകഥകളില്‍ പ്രത്യക്ഷപ്പെടുന്നു.

ആഖ്യാനത്തില്‍ ഒരു നാടിന്‍റെ മൊഴിവഴക്കം നിലനിര്‍ത്തുക എന്നത് നാടോടി രീതിശാസ്ത്രത്തിന്‍റെ څഭാഗമാണ്. തന്‍റെ ചെറുകഥകളില്‍ മൊഴിവഴക്കം ദീക്ഷിക്കുന്നതില്‍ യു.എ. ഖാദര്‍ ബദ്ധശ്രദ്ധനായിരുന്നു. അതിന് തെളിവാണ്: ഓര്‍ക്കാട്ടേരിയിലേക്ക് കൊണ്ടുപോയ മൂത്ത മകളുടെ അടുത്തേക്ക് വിരുന്ന് പുറപ്പെട്ട മഠത്തില്‍ കുഞ്ഞിലക്ഷ്മിയമ്മ തീയ്യത്തിയോട് പറയുന്ന വാക്കുകള്‍ - "ഞ്ഞിയും വിളിച്ചോ- വിളിച്ചാല്‍ കേള്‍ക്കുന്ന ഈശ്വരന്മാരെ പൊത്തനയും വിളിച്ചോ-നമ്മള്‍ പോകുന്നത് വടകരയ്ക്കാ. കോട്ടപ്പറമ്പില്‍ പൊത്തനയും കുട്ടിരാമന്‍നാരുടെ കസര്‍ത്താ-പേടിക്കാതെ കയ്യൂലാ-ഓരെ എടയിന്നു വേണം എനക്കും നിനിക്കും ഒപ്പരം ബസ്സില്‍ കേറാന്‍-കുട്ടിരാമന്മാരുടെ കണ്ണുപൊട്ടാന്‍ നേര്‍ന്നോ-സകല ദൈവങ്ങളേയും വിളിച്ചോ-'-(ഓര്‍ക്കാട്ടേരിയിലേക്ക്). 'അമ്മത്തെയ്യത്തിന്‍റെ വരവ്' എന്ന കഥയില്‍ കാര്‍ത്ത്യായനിയുടെ വരവും കാത്തുനില്‍ക്കുന്ന നാട്ടുകാരെക്കുറിച്ച് പറയുന്നിടത്ത് നാട്ടുവഴക്കത്തിന്‍റെ ചേല് പ്രകടമാക്കുന്നുണ്ട്. "പത്താം പക്കം പെണ്ണിലും പെണ്ണായവള്‍ ഉടുത്തൊരുങ്ങി പത്തരമാറ്റ് പൊത്തനയും കാണിച്ച് പെണ്ണിലും പെണ്ണായിവരും."

ഭ്രമാത്മക അവതരണം

എഴുത്തിലെ സങ്കീര്‍ണ്ണതകളെ ഭാഷയിലൂടെ ആവിഷ്കരിക്കാന്‍ പ്രയാസം നേരിടുമ്പോള്‍ അത് മറികടക്കുന്നതിനായി എഴുത്തുകാര്‍ ഭ്രമാത്മകതയെ ആശ്രയിക്കുക പതിവാണ്. യാഥാര്‍ത്ഥ്യവും ഭ്രമാത്മകതയും തമ്മില്‍ വേര്‍തിരിച്ചെടുക്കാനാവാത്തവിധം ഇഴചേര്‍ന്നിരിക്കുന്ന നിരവധി കഥകള്‍ ഖാദറിന്‍റേതായിട്ടുണ്ട്. നാടോടി പാരമ്പര്യമുള്ള ആഖ്യാനഘടനയാണ് ഇത്തരത്തിലുള്ള കഥകള്‍ക്ക് സ്വീകരിച്ചിരിക്കുന്നത്.  ഭ്രമാത്മകത അടിമുടി നിറഞ്ഞുനില്‍ക്കുന്ന ഒരു കഥയാണ് ڇവണ്ണാര്‍തൊടിക്കല്‍ വൈദ്യന്മാര്‍. അത്ഭുതസിദ്ധികളുള്ള സദാ നൂറു നൊട്ടിനുണയ്ക്കുന്ന നൊസ്സനായ നാണുവൈദ്യരുടെ എല്ലാ ചെയ്തികളും നിഗൂഢതയാര്‍ന്നതാണ്. അദ്ദേഹമാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. തൃക്കോട്ടൂരിലെ പല മനുഷ്യരുടെ കണ്ണിലൂടെയും നാവിലൂടെയും അനാവൃതമാകുന്ന നാണുവൈദ്യരുടെ കഥയാണ് ഇക്കഥയുടെ ഇതിവൃത്തം. പഴംകഥകളുടെ ഉസ്താദായ പാലയ്ക്കല്‍ത്തൊടിപ്പാച്ചറും അമ്പാടി മരക്കാരുമാണ് വണ്ണാര്‍തൊടിയിലെ നിഗൂഢവിസ്മയങ്ങളുടെ കഥകള്‍ പൊലിപ്പിച്ചും പെരുപ്പിച്ചും നാട്ടുകാര്‍ക്കിടയില്‍ വിളമ്പുന്നവരില്‍ പ്രമുഖന്‍. മണ്ഡപത്തറയില്‍ കുടികൊള്ളുന്ന മരുന്നിങ്കലമ്മ തറവാതില്‍ തള്ളിത്തുറന്ന് നാണുവൈദ്യരെ മടിയില്‍ കിടത്തി താരാട്ടു പാടാറുണ്ടത്രേ. കാര്‍ക്കോടകനെ പിടിച്ച് കൈവെള്ളയിലിട്ട് കാരയുരുട്ടിയ വിഷഹാരിയാണ് വൈദ്യരുടെ അമ്മാവന്‍ ശങ്കരന്‍ വൈദ്യന്‍. കാലില്‍ ചുറയുന്ന പാമ്പിനെപ്പിടിച്ച് ദൂരെ എറിയുന്നവനും കൈയില്‍ ചുറയുന്ന കരിനാഗത്തിന്‍റെ പത്തി കടിച്ചു പറിച്ചെറിയുന്നവനും വിഷപ്പല്ല് തോണ്ടി എടുക്കുന്നവനുമാണീ ശങ്കരന്‍ വൈദ്യന്‍. കൂട്ടുറങ്ങാറുണ്ടായിരുന്ന സകല നാഗന്മാരെയും അവരുടെ പൊത്തുകളില്‍ പാലും മുട്ടയും നൂറും മഞ്ഞളും നല്കി നല്ലവാക്കോതി അയാള്‍ പറഞ്ഞയയ്ക്കാറുണ്ടത്രേ. വിഷം വലിച്ചൂതിയെടുത്ത് വിഴുങ്ങുന്ന ആളാണയാള്‍. മരുമകന്‍ നാണു വൈദ്യരാകട്ടെ ആഹാരം നൂറാക്കിയവന്‍. പല്ലുകള്‍ ചോരയിറ്റുറ്റു വീഴുന്ന തേറ്റകളായി പുറത്തേക്കുന്തി നിര്‍ത്താന്‍ കഴിവുള്ളവന്‍. വായ്ക്കുള്ളില്‍ തീയാളി കത്തിക്കുന്നവന്‍. മുറ്റത്തേക്ക് നീട്ടിത്തുപ്പുമ്പോള്‍ മുറ്റത്തെ മണലില്‍ തീക്കട്ടകള്‍ തെറിപ്പിക്കാന്‍ കഴിവുള്ളവന്‍. മണലില്‍ ഇഴയുന്ന നാഗങ്ങള്‍ക്ക് മുട്ടയും പാലും നല്കി തന്‍റെ പെരുവിരലിലെടുത്ത ചുണ്ണാമ്പ് തീറ്റിക്കുന്നവന്‍.

"അന്ന് മണലില്‍ പാലും മുട്ടയും നൂറും സേവിച്ച് ഇഴഞ്ഞു പുളച്ച് കളിച്ച കരിനാഗങ്ങള്‍ നാണുവൈദ്യരുടെ കാല്പാദത്തിലേക്ക് ഇഴഞ്ഞടുക്കുന്നതാണത്രേ പിന്നെ കണ്ടത്. ഇഴഞ്ഞ് കാലില്‍ കയറിയ നാഗങ്ങള്‍ ഓരോന്നോരോന്നായി പതുക്കെ പതുക്കെ വൈദ്യരുടെ ശരീരത്തില്‍ പുറത്തു കയറുന്നതുകണ്ടു. അപ്പോഴും നൂറ്റളുക്കില്‍ നിന്നും ചുണ്ണാമ്പ് തോണ്ടിയെടുത്ത് ചവക്കുകയായിരുന്നു നാണുവൈദ്യര്‍. ഇഴഞ്ഞു കയറിയ കരിനാഗങ്ങള്‍ സ്വന്തം മാളത്തിലേക്കെന്നപോലെ തീയാളുന്ന വൈദ്യരുടെ വായിലേക്ക് നുഴഞ്ഞുകയറുന്നതു കണ്ട് പാച്ചറുടെ ശരീരം അപ്പാടെ വിറച്ചു. എല്ലാ കരിനാഗങ്ങളും ഇഴഞ്ഞു കയറി. വൈദ്യരുടെ വായ്ക്കകത്തേക്കാണ് ഊളിയിട്ടിറങ്ങിയത്. പിന്നെയും നാണുവൈദ്യര്‍ നൂറ് തോണ്ടിയെടുത്ത് നാക്കില്‍ തേയ്ക്കുന്നതുകണ്ടു. വായ പൂട്ടുന്നതും കണ്ടു. കരിനാഗങ്ങള്‍ വായ്ക്കകത്തേക്കായപ്പോള്‍ വൈദ്യര്‍ ഉറക്കെയൊന്ന് ചിരിച്ചുവത്രെ. പിന്നെ പുറത്തേക്ക് കാര്‍ക്കിച്ചു നീട്ടിത്തുപ്പിയത്രേ. തീക്കട്ടകള്‍ തട്ടിത്തെറിപ്പിച്ചും പൊട്ടിച്ചിരിച്ചും നാണുവൈദ്യര്‍ മണ്ഡപപ്പുരയ്ക്കടുത്തേക്ക് നടന്നു നീങ്ങുന്നത്" താന്‍ കണ്ടുവെന്നതാണ് നാണുവൈദ്യരെക്കുറിച്ചുള്ള പാച്ചറുടെ അനുഭവസാക്ഷ്യങ്ങളിലൊന്ന്.

അമ്പാടി മരയ്ക്കാര്‍ക്ക് നൊസ്സന്‍ നാണുവൈദ്യരുടെ അമ്മാവന്‍ ശങ്കരന്‍വൈദ്യരെക്കുറിച്ച് പറയാനുണ്ടായിരുന്ന അനുഭവസാക്ഷ്യത്തിലൊന്ന് ഇങ്ങനെ : "പാമ്പിനെ പിണക്കുന്നതിലും പിണങ്ങിയ പാമ്പിന്‍റെ പത്തി മന്ത്രം ജപിച്ച് വെറ്റില കീറുന്നതുപോലെ കീറുന്നതിലും ശങ്കരന്‍ വൈദ്യര്‍ക്ക് രസമേറെയായിരുന്നുവത്രേ..................... എട്ടടി മൂര്‍ഖന്‍ പത്തി ചീറ്റി പറന്ന് മൂര്‍ദ്ധാവില്‍ കൊത്തുമെന്നായപ്പോള്‍ ജപിച്ച വെറ്റില പെട്ടെന്ന് കീറി അന്നേരം ശിഷ്യന്മാര്‍ ഒന്നടങ്കം ആര്‍ത്തുവിളിച്ചു പോയത്രേ. കീറിപ്പിളര്‍ന്ന പാമ്പിന്‍പത്തികള്‍ വായുവില്‍ പറക്കുന്നു. വായുവില്‍ പറക്കുന്ന പാമ്പിന്‍ പത്തികള്‍ പ്രാണവേദനയോടെ"ڈവണ്ണാര്‍ത്തൊടിക്കലെ വൈദ്യന്മാരെ ശപിക്കുന്നത് താന്‍ കേട്ടുവെന്നാണ് അമ്പാടി മരയ്ക്കാര്‍ പറയുന്നത്. ഇത്തരത്തില്‍ ഭ്രമാത്മകതയുടെ അതിതീവ്രമായ അന്തരീക്ഷമാണ് ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നത്. മഠത്തില്‍ തറവാട്ടിന്‍റെ ഇരുണ്ട ആകാശത്ത് ഇപ്പോഴും പറന്നെത്തുന്നു എന്ന പകയുടെ പത്തികളെക്കുറിച്ചുള്ള സുന്ദരമായ ഭ്രമകല്പനയിലാണീ കഥയുടെ പരിസമാപ്തി. "മനുഷ്യന്‍റെയും മനുഷ്യാതീതത്വത്തിന്‍റെയും വ്യാപാരമേഖലകള്‍ തമ്മില്‍ കൂട്ടിക്കൊളുത്തുന്ന നൂല്‍പ്പാലം നേര്‍ത്തു നേര്‍ത്ത് ഇല്ലാതെയാകുന്നു. ഇതാണ് ഖാദറിന്‍റെ കഥനകൗശലത്തിന്‍റെ ഘടകങ്ങളിലൊന്ന്"ڈ(എം.ആര്‍. രാഘവവാരിയര്‍, അടിയാധാരം, അവതാരിക). ഭ്രമാത്മകതയുടെ ഒരു ലോകം തന്നെ തുറന്നിടുന്ന മറ്റൊരുകഥയാണ് ڇപന്തലായനിയിലേക്കൊരു യാത്ര.چ വരോളിക്കാവിലെ ഓലച്ചൂട്ടുതെറ, പൊന്നുരുളി, കുരിക്കളം തറവാട് എന്നു തുടങ്ങി ഖാദറിന്‍റെ അനവധി രചനകളെ ഭ്രമാത്മകതയ്ക്ക് ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാം. തന്‍റെ സവിശേഷമായ ഭാഷാപ്രയോഗപാടവത്തെ തന്നെയാണ് ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിക്കാനും ഖാദര്‍ ഉപയുക്തമാക്കിയിരിക്കുന്നത്.

യുക്തിരാഹിത്യം

നാടോടിസാഹിത്യത്തിന്‍റെ സവിശേഷതകളിലൊന്ന്, അവ യുക്തിരാഹിത്യത്തിന്‍റെ ഒരു തലം സൂക്ഷിക്കുന്നു എന്നതാണ്. അത്തരം ഒരു കഥയാണ് ڇഅമ്മത്തെയ്യത്തിന്‍റെ വരവ്.چമഠപ്പുരയ്ക്കലെ വിളക്കിന് അണിഞ്ഞൊരുങ്ങിയെത്തുന്ന കാര്‍ത്ത്യായനിയാണ് കഥയിലെ നായിക. വിളക്കിന് ആറാട്ടിനെയും ആര്‍ഭാടത്തെയും നിഷ്പ്രഭമാക്കുന്ന പൊലിമ പകരുന്ന പെണ്ണാണവള്‍. മുച്ചിലോട്ടമ്മത്തെയ്യം കെട്ടിയാടുന്ന മുന്നൂറ്റാന്‍ നാണുക്കുട്ടിയും ചെണ്ടക്കാരും പാണന്മാരും ചെറുമക്കളുമടക്കം സകല പുരുഷന്മാരുടെയും നോട്ടം പെണ്ണിന്‍റെ നേരെയാണത്രേ. പന്തയ്ക്കലെ ഉത്സവപ്പറമ്പില്‍ നിന്ന് അധികാരി കൂട്ടിക്കൊണ്ടുപോയി സകല പ്രതാപങ്ങളോടും പാര്‍പ്പിച്ച അവള്‍ കീഴൂരമ്പലത്തിലെ ആറാട്ടിന് ചാത്തുച്ചെട്ടിയാരോടൊപ്പം ഒളിച്ചോടി. ഇപ്പോള്‍ അയാളുടെ അനുവാദത്തോടെയാണ് മഠപ്പുരയ്ക്കലെ വിളക്കിന് അവള്‍ ഉടുത്തൊരുങ്ങി ചമഞ്ഞെത്തുന്നത്. എല്ലാക്കൊല്ലവും മുച്ചിലോട്ടമ്മത്തെയ്യത്തെയെന്നപോലെ കാര്‍ത്ത്യായനി വരുന്നു. തെയ്യം കെട്ടിയാല്‍ മുന്നൂറ്റാന്‍ നാണൂട്ടിക്ക് പ്രായം ഇല്ലാത്തതുപോലെ കാര്‍ത്ത്യായനിക്കും പ്രായമില്ല എന്നീ പ്രസ്താവനകള്‍ കഥയിലെ യുക്തി രാഹിത്യം വെളിപ്പെടുത്തുന്നു. വരും കുംഭങ്ങളുടെ ഉത്സവത്തിമിര്‍പ്പുകള്‍ ചെറുപ്പം പൂശി എഴുന്നള്ളിക്കുന്ന പെണ്ണും മുച്ചിലോട്ടമ്മയും കാഞ്ഞിരത്തറയ്ക്കല്‍ ഒന്നിക്കുമ്പോള്‍ ചെണ്ടക്കാര്‍ തടി മറന്ന് കൊട്ടുന്നു. കോലക്കാര്‍ തടിയിളക്കി കളിക്കുന്നു ഞങ്ങള്‍ ഉറക്കെ ഉറക്കെ വിളിക്കുന്നു. മഠപ്പുരയ്ക്കലെ ദേവീ കാര്‍ത്ത്യായനി ഹൊയ് ഹൊയ് ഹൊയ് ഹൊയ് എന്ന കഥാന്ത്യത്തിലെ പ്രസ്താവന ഈ യുക്തി രാഹിത്യത്തിന്‍റെ ആക്കം കൂട്ടുന്നു.

നാട്ടുപെരുമ അവതരിപ്പിക്കല്‍

നാടോടിസംസ്കാരത്തിന്‍റെ ഭാഗമാണ് നാട്ടുപെരുമ അവതരിപ്പിക്കല്‍. ഒരു ദേശത്തിന്‍റെ പ്രശസ്തിയാണ് നാട്ടുപ്പെരുമ. "ഒരു സ്ഥലത്തിന്‍റെ മാഹാത്മ്യം, നിര്‍മ്മാണപരമായ കേള്‍വി, ഉല്പാദനക്ഷമത തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നിനെ സൂചിപ്പിക്കുന്നതാണ് നാട്ടുപെരുമ" (എം.വി. വിഷ്ണുനമ്പൂതിരി, വടക്കന്‍ പാട്ടുകഥ ഒരു പഠനം, പുറം 378,379). ഖാദറിലൂടെ പെരുമയാര്‍ജ്ജിച്ച ദേശമാണ് തൃക്കോട്ടൂര്‍.ڈ"തൃക്കോട്ടൂരെന്ന കഥാഗ്രാമം വടക്കേ മലബാറിലെ എല്ലാ ഗ്രാമങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു സങ്കല്പലോകമാണ്" (അക്ബര്‍ കക്കട്ടില്‍, എഴുത്തിന്‍റെ പെരുമ - സംവാദം-മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2003 മാര്‍ച്ച് 30, ഏപ്രില്‍ 5.) എന്ന് ഖാദര്‍ തന്നെ പറയുന്നു. "ഞങ്ങളുടെ തൃക്കോട്ടൂരിലും ആ വക ആള്‍ക്കാര്‍ ഇപ്പോള്‍ നന്നേ കുറവാണ്. തൃക്കോട്ടൂരില്‍ ആ പഴയ തറവാടും കെട്ടും പഴയപ്രൗഢിയില്‍ തന്നെ നിലനിന്നു." (നെച്ചിക്കുന്നത്തെ സ്ഥാനിയും നെല്ലിക്കുന്നത്തമ്മയും) ഇത്തരത്തില്‍ തൃക്കോട്ടൂരിന്‍റെ പെരുമ തന്‍റെ കഥകളിലൂടെ ഖാദര്‍ അടയാളപ്പെടുത്തുന്നു. പാലോറക്കാവും ചിങ്ങപ്പുരത്തമ്പലവും മേടവിളക്കും പന്തലായനിയും വണ്ണാര്‍തൊടിക്കല്‍ കുരിക്കളം തറവാടുമൊക്കെ അങ്ങനെ തൃക്കോട്ടൂരിന്‍റെ പെരുമയായിത്തീരുന്നു.

പുരാവൃത്തങ്ങളുടെ പ്രയോഗം

സംസ്കാരത്തിന്‍റെ ഉപലബ്ധികളാണ് പുരാവൃത്തങ്ങള്‍. പ്രാക്തനമായ നന്മകള്‍ പ്രദാനം ചെയ്യുന്നവയാണവ. വിശകലനാത്മകമോ ഋജുവോ പ്രസ്താവനാരൂപത്തിലോ അല്ലാത്ത ആഖ്യാനരൂപം. മാനവസംസ്കാരചരിത്രത്തിന്‍റെ ഒരു രേഖ എന്ന നിലയില്‍ മൂല്യമാര്‍ന്നവയാണ് മിത്തുകള്‍.  അതിനാലവയെ പവിത്രാഖ്യാനങ്ങളെന്ന് കരുതിപ്പോരുന്നു. ഭാവനാപൂര്‍ണ്ണമായ ആദിമജനുസ്സിനെയും ജനസംസ്കാരത്തിന്‍റെ ആത്മീയസ്വഭാവത്തെയും മനസ്സിലാക്കാന്‍ മിത്തുകള്‍ സഹായിക്കുന്നു. മിത്തുകളില്ലാത്ത സമൂഹം സങ്കല്പാതീതമാണ്. മനുഷ്യനുള്ളിടത്തെല്ലാം അവന്‍റെ നിഴലുണ്ടെന്നപോലെ ഒരു ജനതയുണ്ടെങ്കില്‍ അവിടെ അവര്‍ക്ക് സ്വന്തമായ ചില മിത്തുകളുമുണ്ടാകും. തന്‍റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താന്‍  ശാസ്ത്രീയമായ ചിന്താധാരകളൊന്നും ഉരുത്തിരിയാതിരുന്നതുകൊണ്ട് മനുഷ്യന്‍ കല്പനകളിലൂടെ തന്‍റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഉല്പന്നമായി മിത്തുകളെ കണക്കാക്കാം.

വരോളിക്കാവിലെ മീനക്കളിയാട്ടത്തിന്‍റെയന്ന് അരിങ്ങാട്ട് കാണാന്‍ ഒരിക്കല്‍ രാരുചെട്ടിയാര്‍ ഇറങ്ങിത്തിരിച്ചു. ഒടുവില്‍ മാക്കൂട്ടത്തറവാഴും പനയാന്‍കോട്ടയിലെ കരിമുത്തി അയാളുടെ ചോര കുടിച്ചു. അങ്ങനെ രാരുചെട്ടിയാരുടെ കഥ കഴിഞ്ഞു. വരോളിക്കാവിലെ അന്തിപ്പാതിരാവില്‍ വടക്കേ കോട്ടയിലെ ഭൂതങ്ങളോട് ഒരു ചീള് വെറ്റില വാങ്ങി മൂന്നും കൂട്ടി മുറുക്കാന്‍ അവരോടൊപ്പം കാവും മുറ്റത്ത് തിമിര്‍ത്തു മദിച്ചു രസിക്കാന്‍, ഒരന്തി څഭൂതങ്ങള്‍ക്കൊപ്പം കൂത്താടാന്‍, അരയും തലയും മുറുക്കി തേച്ചുകുളിച്ച് ചമഞ്ഞൊരുങ്ങി പാലപ്പൂക്കള്‍ ചൂടി, മാക്കൂട്ടത്തറവാഴും പനയാന്‍ കോട്ടയിലെ കരിമുത്തിവരും. മേഘത്തില്‍ തൊട്ടിരമ്പുന്ന തലമുടി അഴിച്ചിട്ടാല്‍ നട്ടപ്പാതിര. മണ്ണില്‍ തൊടാത്ത കാലില്‍ വെള്ളി നാഗങ്ങളിഴയും പാദസരം. ഒരിക്കല്‍ കണ്ടാല്‍ കരിമുത്തിക്ക് ആശ തീരില്ല. പിന്നെയും കരിമുത്തി എത്തും. കരിമുത്തിയെക്കുറിച്ചുള്ള ഈ പുരാവൃത്തമാണ് 'വരോളിക്കാവില്‍ ഓലച്ചൂട്ട് തെറ' എന്ന കഥയില്‍ ഖാദര്‍ അവതരിപ്പിച്ചിരിക്കുന്നത്. കരിമുത്തി വീണ്ടും എത്തിയ മട്ടില്‍ കോമരം അലറിപ്പാഞ്ഞു വന്ന് ഭൂതത്താന്‍ കോട്ടയിലേക്കു പാഞ്ഞു പോകുന്നതും മറ്റും ഈ പുരാവൃത്തത്തെ കൂടുതല്‍ സ്പഷ്ടീകരിക്കുന്നു. ഓരോ പ്രാന്തപ്രദേശത്തെ ജനതയുടെയും ജീവിതരീതി, വിശ്വാസം, ആചാരം, സാമൂഹ്യനില എന്നിവയെ അടിസ്ഥാനമാക്കി ഖാദര്‍ നിര്‍മ്മിക്കുന്ന ഈ കല്പനകള്‍ തൃക്കോട്ടൂരിനെ മിത്തുകള്‍ നിറഞ്ഞു നില്‍ക്കുന്ന, അവയുടെ വ്യാഖ്യാനങ്ങളായ കഥകള്‍ കൊണ്ട് സമൃദ്ധമായ ഒരു വ്യതിരിക്തദേശമാക്കി മാറ്റുന്നു.

ദേശീയവും പ്രാദേശികവുമായ മിത്തുകളെ യു.എ. ഖാദര്‍ തന്‍റെ ചെറുകഥകളിലേക്ക് ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ തൃക്കോട്ടൂര്‍ കഥകള്‍ പൊതുവേ മിത്തിന്‍റെ സ്വഭാവം ആവാഹിക്കുന്നവയാണ്. ഏതു നിസ്സാര സംഭവവും പറഞ്ഞും പാടിയും പെരുക്കങ്ങളില്‍ ചെന്നെത്തുന്ന കഥകളാക്കി മാറ്റുക തൃക്കോട്ടൂരിന്‍റെ പതിവാണ്. നാട്ടിന്‍പുറക്കാരന്‍റെ പഴയ വിശ്വാസങ്ങളും അതിഭാവനകളും ഊതി വീര്‍പ്പിച്ച പുരാവൃത്തങ്ങള്‍ ഖാദര്‍ക്കഥകളില്‍ പതിവാണ്. "നെച്ചിക്കുളാംകണ്ടികുളങ്ങര കൈതക്കാട്ടില്‍ മുലയലക്കുന്ന ഒറ്റമുലച്ചി." കൈതക്കാട്ടില്‍മറഞ്ഞിരുന്ന് കുളക്കോഴികളെപ്പിടിച്ച് ജീവനോടെ വിഴുങ്ങി പകലുറങ്ങിയും നെച്ചിക്കുളത്തില്‍ മുങ്ങിത്തോര്‍ത്തി ആമ്പലുകളിറുത്ത് തലയില്‍ ചൂടി രാവില്‍ ഉണര്‍ന്നലഞ്ഞും കഴിഞ്ഞുവരുന്ന ഒറ്റമുലച്ചി. പടിഞ്ഞാറെയതിരിലൂടെ തിരിഞ്ഞ് വടക്കോട്ടു പോകുന്ന നിരത്തിലൂടെ നാലാലൊരുജാതി സൂര്യനസ്തമിച്ച ശേഷം വഴി നടക്കുകയില്ല. നടന്നാല്‍ കഥകെട്ടവന്‍റെ നീലിച്ച ശരീരം നെച്ചിക്കുളക്കരയിലെ കുളച്ചമ്മികള്‍ക്കിടയില്‍ കുരുങ്ങിക്കിടക്കും (ചന്തപ്പന്‍ ഗ്രേഡ് വണ്‍). ഇപ്രകാരം 'അപമൃത്യുവിന് ഇരകള്‍' എന്ന കഥയിലും പ്രാദേശിക മിത്തുകള്‍ ഇഴപിരിച്ചെടുക്കാനാവാതെ ഇഴുകിച്ചേര്‍ന്നിരിക്കുന്നത് കാണാന്‍ സാധിക്കും. ഇങ്ങനെ പുരാവൃത്ത പരിവേഷം ലഭിച്ചിട്ടുള്ള നാറാണേട്ടനെ സംബന്ധിക്കുന്നതാണ് ഈ കഥയില്‍ നിലനില്‍ക്കുന്ന പ്രാദേശിക മിത്തുകള്‍. കഥസൃഷ്ടിക്കുകയും ആ കഥയില്‍ ജീവിക്കുകയും ചെയ്തുകൊണ്ട് 'ഒറ്റക്കാഞ്ഞിരം'  എന്ന കഥയിലെ മിത്ത് ആത്മകഥാപരമാണെന്ന് ഖാദര്‍ വ്യക്തമാക്കുന്നു. 

ഐതിഹ്യങ്ങളുടെ വിന്യാസം

നാടോടിക്കഥയുടെ ഒരു സവിശേഷതയാണ് അവയുള്‍ക്കൊള്ളുന്ന ഐതിഹ്യങ്ങള്‍. ഖാദറിന്‍റെ കഥാഖ്യാനത്തില്‍ പലപ്പോഴും ഈ നാടോടി ഘടകം പ്രമേയമായും പശ്ചാത്തലമായും ആഖ്യാനം ചെയ്തു കാണുന്നു. ڇവരോളിക്കാവില്‍ ഓലച്ചൂട്ടുതെറچ എന്ന കഥയില്‍ തൃശൂര്‍ വടക്കുംനാഥക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യത്തെ ഖാദര്‍ തന്‍റെ കഥയുടെ കേന്ദ്രബിന്ദുവായി ആഖ്യാനം ചെയ്തിരിക്കുന്നു. 

കേരളത്തിലെ ആദ്യക്ഷേത്രമെന്നും പരശുരാമന്‍ കേരളത്തില്‍ സ്ഥാപിച്ച ആദ്യക്ഷേത്രമെന്നും കരുതപ്പെടുന്നതാണ് വടക്കുംനാഥക്ഷേത്രം. ഈ ക്ഷേത്രത്തില്‍ കാലാകാലങ്ങളായി ആചരിച്ചു വരുന്ന ഒന്നാണ് തൃപ്പുകതൊഴല്‍ എന്ന ചടങ്ങ്. രാത്രിയില്‍ അത്താഴപൂജ കഴിഞ്ഞുള്ള അവസാനത്തെ പൂജയാണ് തൃപ്പുക. ആ സമയത്ത് അടുത്തുള്ള ക്ഷേത്രങ്ങളിലെ എല്ലാ ദേവന്മാരും വടക്കുംനാഥനു മുന്നില്‍ സന്നിഹിതരാവുന്നതാണ്. ഗന്ധര്‍വ്വന്മാര്‍, യക്ഷന്മാര്‍, പിതൃക്കള്‍, സപ്തര്‍ഷിമാര്‍ ഇവരുടെയൊക്കെ സംഗമമാണ് ആ സമയം. അന്നേരം തൊഴാന്‍ വരുന്നവരുടെ കൂട്ടത്തില്‍ അപരിചിതരെ കണ്ടാല്‍ ആരാണെന്ന് ചോദിക്കാന്‍ പാടില്ല. കാരണം, അന്നേരം ദേവന്മാരോ സപ്തര്‍ഷികളോ പോലും വേഷം മാറി വന്നേക്കാം. ഇതാണ് വടക്കുംനാഥക്ഷേത്രത്തിലെ തൃപ്പുക തൊഴലുമായിബന്ധപ്പെട്ട ഐതിഹ്യം. "ഞങ്ങള്‍ക്ക് വന്നവരോടും നിന്നവരോടും നാടും നാളും ചോദിച്ചറിയേണ്ട കാര്യമില്ലല്ലോ....."چതൃക്കോട്ടൂര്‍ക്കാര്‍ ഉള്ളുനിറഞ്ഞാരാധിക്കുന്ന അമ്മയുടെ തട്ടകമായ വരോളിക്കാവുമായി ബന്ധപ്പെട്ട ഐതിഹ്യം ഇപ്രകാരം ഖാദര്‍ ڇവരോളിക്കാവില്‍ ഓലച്ചൂട്ടു തെറچ എന്ന കഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. വരോളിക്കാവില്‍ കളിയാട്ടത്തിനെത്തുന്ന അപരിചിതരുടെ പേരോ ഊരോ ചോദിക്കരുതെന്നത് വരോളിക്കാവിലമ്മ നല്കിയ അലിഖിതവും അനിഷേധ്യവുമായ നിയമമായാണ് ഖാദര്‍ തന്‍റെ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

څഭാവനയെക്കാള്‍ ചരിത്രാംശത്തിന് പ്രാധാന്യം നല്കി അവതരിപ്പിക്കുന്ന ഐതിഹ്യങ്ങളുമുണ്ട്. അത്തരത്തില്‍പ്പെട്ട ഒരു ഐതിഹ്യം തന്‍റെ 'വംശാവലിയുടെ ചോര'چഎന്ന കഥയില്‍ ഖാദര്‍ വിഷയമാക്കിയിരിക്കുന്നു. ചരിത്രാംശത്തിന് പ്രാധാന്യം നല്കി അവതരിപ്പിച്ചിരിക്കുന്ന ഐതിഹ്യത്തെ 'ഒരു പരശുരാമകഥ' എന്ന കഥയുടെ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നു. പുരാണപ്രസിദ്ധമായ പരുശുരാമകഥയാണ് ഇവിടുത്തെ ഐതിഹ്യം. ഇത്തരത്തില്‍ ഐതിഹ്യത്തെ സമര്‍ത്ഥമായി ഖാദര്‍ കഥകളില്‍ കൈകാര്യം ചെയ്തിരിക്കുന്നു. 

വടക്കന്‍പാട്ടുകളുടെ സ്വാധീനത

ആഖ്യാനത്തില്‍, വടക്കന്‍ പാട്ടുകളുടെയും കടത്തനാടന്‍ വാമൊഴി വഴക്കത്തിന്‍റെയും വാങ്മയലോകത്ത് വേരുകളുള്ള ഭാഷ ഖാദര്‍ സ്വീകരിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്‍റെ ചെറുകഥാഖ്യാനത്തിന് ഒരു ഫോക്ലോറിക് പരിവേഷം നല്‍കുന്നു. "പണ്ട് തച്ചോളിമേപ്പയില്‍ തേനക്കുറുപ്പിനെ കാണ്മാന്‍ പുറപ്പെട്ട പൊന്മാടത്തറയമ്പി മാറ്റാനായിട്ടും  മടിയില്‍ ചുറവാളും ചെരുതിയല്ല മാണിക്കോത്ത് തറവാട്ടില്‍ കയറിച്ചെന്നത്. പത്തുപണം വെള്ളിക്കിഴി മടിയില്‍ക്കിടന്നു കിലുങ്ങിയതിന്‍റെ മണിയൊച്ച പടിപ്പുരയ്ക്കലും കേട്ടുവെന്നാണ് പാട്ട്. കാണിക്കയുമായി നടുമുറ്റത്ത് വന്നു നിന്നവനെ കയ്യും മെയ്യും മറന്ന്, തന്‍നിലയെല്ലാം മറന്ന്, സല്‍ക്കരിച്ചിരുത്തിയെന്നാണ് പഴങ്കഥ. പാല്‍ക്കിണ്ടി മതിയാവോളം ചെരിച്ച് പൈദാഹം പൊത്തനയും തീര്‍ത്തശേഷമാണ് അങ്കച്ചേകവന്‍, മാറ്റാന്‍ അമ്പിയോട് വന്ന കാര്യം ചോദിച്ചതും നിന്ന ന്യായം കൂറിയതും. അതങ്ങനെയാണ് അതാണ് അതിന്‍റെ മട്ടും മാതിരിയും പാങ്ങും പൊരുത്തവും." 'ഓര്‍ക്കാട്ടേരിയിലേക്ക്'چഎന്ന കഥയില്‍ കോരപ്പുഴയ്ക്ക് വടക്ക് കുടി വാഴുന്ന ജനങ്ങളുടെ കീഴ്വഴക്കങ്ങളുടെ മഹത്വം പറയുന്നതാണ് സന്ദര്‍ഭം. പാലയ്ക്കല്‍തൊടി പിലാവുള്ള കുനിയില്‍ പാര്‍ക്കും മഠത്തില്‍ കുഞ്ഞുലക്ഷ്മിയമ്മ ചെക്കിനിയുടെ തീയത്തിയെ തുണകൂട്ടി ഓര്‍ക്കാട്ടേരിയില്‍ കൊണ്ടുപോയ മൂത്ത മകളുടെ വിശേഷങ്ങള്‍ അന്വേഷിച്ച് പുറപ്പെടുന്നു. ഈ യാത്ര ചിത്രീകരിക്കുന്ന വേളയിലാണ് ഇത്തരത്തില്‍ വടക്കന്‍ പാട്ടുകളുടെ വീരലാവണ്യം പുനരവതരിപ്പിക്കുന്ന മട്ടിലുള്ള څഭാഷ പ്രയോഗിച്ചിരിക്കുന്നത്.

വീരാപദാനത

നാടോടിസാഹിത്യം ഒട്ടുമുക്കാലും വീരാപദാനപ്രധാനമാണ്. ഖാദറിന്‍റെ ചെറുകഥകള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ പലതും നാടോടിസാഹിത്യത്തിന്‍റെ ഭാഗമായ വീരാപദാനം നിര്‍വഹിക്കുന്നതായി കാണുന്നു. ڇറങ്കൂണ്‍ മമ്മ്യാജിچ എന്ന കഥയിലെ ചിങ്ങം തൊടി മമ്മുഹാജി നാട്ടിന്‍പുറത്തെ ഒരു കഥാപാത്രമാണ്.  അയാള്‍ റങ്കൂണില്‍ പോയി മടങ്ങിവരുന്നത് തൃക്കോട്ടൂരുകാര്‍ ഒന്നടങ്കം നോക്കി നില്‍ക്കുന്ന ഒരു വീരപരിവേഷത്തോടെയാണ്. തീവണ്ടിയില്‍ നിന്ന് ഹാജിയുടെ കെട്ടും പെട്ടിയുമൊക്കെ എടുത്ത് പോര്‍ട്ടര്‍മാര്‍ പുറത്തേക്കിടുമ്പോള്‍ അവ മുഴുവന്‍ ഇറക്കിത്തീരുന്നതുവരെ തീവണ്ടി നില്ക്കുന്നത്. റങ്കൂണ്‍ മമ്മ്യാജിയുടെ അവസ്ഥ അറിയുന്നതുകൊണ്ടാണെന്നാണ് കഥാകൃത്ത് പറയുന്നത്. വിസിലൂതുന്ന ഗാര്‍ഡിനും കൊടിവീശുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ക്കും ഹാജിയുടെ മഹത്വമറിയാം. ഇങ്ങനെ തന്‍റെ ചുറ്റുവട്ടത്ത് നിന്നുള്ള കഥാപാത്രങ്ങളെ സ്വീകരിച്ച് അവര്‍ക്ക് വീരപരിവേഷം ചാര്‍ത്തിക്കൊടുക്കുക ഖാദറിന്‍റെ കഥകളില്‍ പതിവാണ്. കുഞ്ഞിരാമന്‍ അടിയോടി (ഒറ്റക്കാഞ്ഞിരം), പാലയ്ക്കല്‍ തൊടി പാച്ചര്‍ (കിഴക്കേ അതിരിലെ ദേവി), വണ്ണാര്‍തൊടിക്കലെ നാണുവൈദ്യര്‍ (വണ്ണാര്‍തൊടിക്കല്‍ വൈദ്യന്മാര്‍), ചൂട്ടുചാത്തു (വരോളിക്കാവില്‍ ഓലച്ചൂട്ട് തെറ), പക്രാന്‍ മാപ്പിള (പൊന്നുരുളി) തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് വീരപരിവേഷം നല്‍കിയും അവതരിപ്പിച്ചിരിക്കുന്നു. ഖാദര്‍ വീരപരിവേഷം നല്കി അവതരിപ്പിച്ചിരിക്കുന്ന ഒരു സ്ത്രീ കഥാപാത്രമാണ് ജാവ മറിയം. പൂക്കോട്ടുകുനിയില്‍ പാര്‍ക്കും പൂച്ചാര്‍ത്തില്‍ ആലിക്കുട്ടിക്കയുടെയും കതീശുമ്മയുടെയും മകളാണ് മറിയം. ആലിക്കുട്ടിമാപ്പിള മദിരാശിയില്‍ നിന്ന് കപ്പല്‍കയറി ജാവയിലെത്തിയതോടെയാണ് അവള്‍ ജാവമറിയമായി മാറുന്നത്.  തൃക്കോട്ടൂരുകാര്‍ ഭയന്നാദരിച്ച ജാവമറിയം അവര്‍ക്ക് വടക്കന്‍പാട്ടിലെ മാണിക്കപ്പൊയില്‍ മാധവിയെപ്പോലെയാണ്. എന്തിനുംപോന്ന അവളോട് വകതിരിവില്ലാതെ വര്‍ത്തമാനം പറഞ്ഞ ഹൈദര്‍ മാപ്പിള പാതിരാത്രിയില്‍ പൂഴിയില്‍ കിടന്നുഴച്ചതോടെ അവള്‍ കരുത്തും കോപ്പും നിറഞ്ഞ പെണ്ണായി. അവള്‍ ഏതെങ്കിലുമൊരു പുരയില്‍ കയറിച്ചെല്ലുന്നത് പുരക്കാരാകെ മുട്ടിത്തുലഞ്ഞു നില്ക്കുമ്പോഴോ സങ്കടപ്പെട്ടു നില്ക്കുമ്പോഴോ ആണ്. അവളെത്തിയാല്‍ എല്ലാവര്‍ക്കും ആശ്വാസമാണ്. എന്തെന്നാല്‍, ആരും പറയാതെ തന്നെ വേണ്ടത് വേണ്ടപ്പോള്‍ വേണ്ടമട്ടില്‍ ചെയ്തുകൊള്ളും. മംഗലപ്പുരയായാലും പേറ്റുപുരയായാലും മറിയത്തിന് ഒരു പോലെയാണ്. വിധിയാംവണ്ണം ചിട്ടയോടെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യും അവള്‍. ചെറുപ്പക്കാരിയായ മറിയത്തെ ശരിയല്ലാത്ത വിധത്തില്‍ ഒന്നു നോക്കുവാന്‍ പോലും യുവാക്കള്‍ څഭയപ്പെട്ടു. എന്തിനും പോന്ന ആണ്‍കരുത്തുള്ള ഒരു വീരവനിതയായാണ് കഥയില്‍ (ആണ്‍കരുത്തുള്ള പെണ്ണ്) അവളെ അവതരിപ്പിച്ചിരിക്കുന്നത്. പൈതല്‍നായരുടെ അനന്തിരവള്‍ നാണുക്കുട്ടിയമ്മ (ചെറിയകം ചാര്‍ത്തോത്തെ റാണി), അലീമയുമ്മ (അലീമയുമ്മയുടെ നാവ്), കാര്‍ത്ത്യായനി (കാര്‍ത്ത്യായനീയൂറ്റം) മുതലായവരെ വീരവനിതകളാക്കി അവരുടെ അപദാനങ്ങളെ ഖാദര്‍ തന്‍റെ ചെറുകഥകളിലൂടെ വാഴ്ത്തുന്നു. 

ആഖ്യാനത്തിന്‍റെ വ്യത്യസ്ത ധാരകള്‍ ഉപയോഗിക്കുകവഴി കേള്‍ക്കുന്നത് പൊരുള്‍നിറഞ്ഞ സംഭവങ്ങളാണ് എന്ന തോന്നല്‍ വായനക്കാരനില്‍ ജനിപ്പിക്കാനാവുന്നു. കഥാകൃത്ത് കഥയുമായി ഇഴുകിച്ചേരുന്നത് കഥയിലെ സംഭവങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വേര്‍തിരിക്കാനാവാത്ത വിധത്തില്‍ ഖാദറിന്‍റെ കഥകളില്‍ ഭ്രമാത്മകത ഇഴചേര്‍ത്തിരിക്കുന്നു. ഭാഷയിലൂടെ ഭ്രമാത്മകമായ അന്തരീക്ഷസൃഷ്ടി നടത്തുന്നതില്‍ സവിശേഷമായ പാടവം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. സമകാലികസംഭവങ്ങള്‍ കഥകളില്‍ ആവിഷ്കൃതമാകുമ്പോള്‍ അതിന് ശക്തിയും ചൈതന്യവും പകരുന്നതിന് കഥാകാരന്മാര്‍ പുരാവൃത്തങ്ങളെ ഉപയോഗപ്പെടുത്തുന്നു. ഭാവനയില്‍ തെളിയുന്ന കഥാസന്ദര്‍ഭങ്ങളില്‍ മൈത്തികാംശങ്ങള്‍ കലര്‍ത്തി പുനരെഴുത്തു നടത്തി കഥാകൃത്തുക്കള്‍ കഥയെ ശക്തിപ്പെടുത്തുന്നു. വിഗ്രഹഭഞ്ജനത്തിനും വിഗ്രഹപ്രതിഷ്ഠാപനത്തിനും ഒരുപോലെ സഹായകമാണ് മിത്തുകള്‍. അവ വായനക്കാരനെ എഴുത്തുകാരന്‍റെ  ആശയലോകത്തിലേക്കെത്തിക്കുന്നു.  മനുഷ്യന് സമൂഹം, പ്രപഞ്ചം, തന്‍റെ കൂട്ടായ്മ എന്നിവയോടുള്ള വൈകാരികമായ ബന്ധം, അവയോടുള്ള പ്രതികരണം എന്നിവ പ്രകടിപ്പിക്കാന്‍ ഇവ പ്രയോജനപ്പെടുന്നു.  ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയിലൂടെയോ സ്വന്തം സമുദായത്തില്‍ നിന്നോ മനുഷ്യന്‍ പുരാവൃത്തജ്ഞാനങ്ങള്‍ നേടിയെടുക്കാറുണ്ട്. അത് അവന്‍റെ ഉപബോധമനസ്സിന്‍റെ അടിത്തട്ടായി പ്രവര്‍ത്തിക്കുന്നു. ഭാഷ സൂചിപ്പിക്കുന്ന തലത്തിനപ്പുറമുള്ള ഒന്നിനെ ആവിഷ്കരിക്കാനുള്ള കഴിവ് പുരാവൃത്തങ്ങള്‍ക്കുണ്ട്.  അതിനാല്‍ കഥാകൃത്ത് തന്‍റെ ചെറുകഥകളില്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ ഇവയെ പ്രയോജനപ്പെടുത്തുന്നു. അബോധാത്മകമായ ചോദനകളുടെയും ആഗ്രഹങ്ങളുടെയും ആവിഷ്ക്കാരരീതി എന്ന നിലയില്‍ കഥകളില്‍ പുരാവൃത്തങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

ആഖ്യാനകല കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. കഥയെ څഭാവനാനുഭവമാക്കുന്ന ആഖ്യാനസമ്പ്രദായമാണ് യു.എ. ഖാദര്‍ പൊതുവെ പിന്‍തുടര്‍ന്നു പോരുന്നത്. ആഖ്യാനത്തിന്‍റെ വ്യത്യസ്ത ധാരകള്‍, ഭ്രമാത്മകാവതരണം, യുക്തിരാഹിത്യം, നാട്ടുപെരുമ അവതരിപ്പിക്കല്‍, പുരാവൃത്തങ്ങളുടെ പ്രയോഗം, ഐതിഹ്യങ്ങളുടെ വിന്യാസം, വടക്കന്‍പാട്ടുകളുടെ സ്വാധീനത, വീരാപദാനത എന്നിങ്ങനെ നാടോടിക്കഥാകഥനരീതികളില്‍ പലതിനെയും യു. എ. ഖാദര്‍ തന്‍റെ ആഖ്യാനതന്ത്രങ്ങളായി കഥകളില്‍ സ്വീകരിച്ചിരിക്കുന്നു. അങ്ങനെ കൂട്ടായ്മകളിലെ മണ്‍മറഞ്ഞതും നിലനില്‍ക്കുന്നതുമായ ഫോക്ലോര്‍ ഘടകങ്ങളെ തന്‍റെ കഥകളിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഫോക്ലോര്‍ ഘടകങ്ങള്‍ മുഖ്യചാലകശക്തിയായിരിക്കുന്ന കഥകള്‍ രചിക്കുകവഴി അനുവാചകരില്‍ സ്വത്വാവബോധമുണര്‍ത്തുന്നതിനും അദ്ദേഹം  ബദ്ധശ്രദ്ധനായിട്ടുണ്ട്. ഇത്തരത്തില്‍ നാടോടി അംശങ്ങള്‍ സ്വന്തം കഥകളില്‍ സന്നിവേശിപ്പിക്കുകവഴി യു.എ. ഖാദര്‍ ഫോക്ലോറിന്‍റെ പ്രചാരകനാവുകയും കൂട്ടായ്മയുടെ ഭൗതികവും ആത്മീയവുമായ ജീവിതത്തെക്കുറിച്ചുള്ള അറിവുകള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. 

ഗ്രന്ഥസൂചി:

അപ്പന്‍, കെ.പി.,(1999) കഥ: ആഖ്യാനവും അനുഭവസത്തയും, ഡി.സി.ബുക്സ്, കോട്ടയം.
അയ്യപ്പപണിക്കര്‍,(1993) കെ. ഡോ., ആഖ്യാനകല സിദ്ധാന്തവും പ്രയോഗവിധികളും, (എഡി.) ഡോ.വി.എസ്.ശര്‍മ്മ, കേരള സര്‍വ്വകലാശാല.
ഖാദര്‍, യു.എ.,(1986) അടിയാധാരം, മാതൃഭൂമി പ്രിന്‍റിംഗ് & പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്.
ഖാദര്‍, യു.എ.,(2005) ഖാദറിന്‍റെ പെണ്ണുങ്ങള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
ഖാദര്‍, യു.എ.,(2010) തൃക്കോട്ടൂര്‍ കഥകള്‍, ഡി.സി.ബുക്സ്, കോട്ടയം.
ഖാദര്‍, യു.എ.,(2008) പെണ്ണുടല്‍ ചുറയലുകള്‍, ഡി.സി.ബുക്സ്, കോട്ടയം.
ഖാദര്‍, യു.എ.,(2007) മലയാളത്തിന്‍റെ സുവര്‍ണ്ണകഥകള്‍,  ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍.
ഖാദര്‍, യു.എ.,(1997) യു. എ. ഖാദര്‍ കഥകള്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
ജിതേഷ്, ടി. ഡോ.(2017) ആഖ്യാനശാസ്ത്രം, ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്.
ഡോ.പ്രിയ. വി
അസ്സോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
Pin: 695034
Email: priyavsamata@gmail.com
Ph: +91 9495458225
ORCID: 0000-0003-2343-3880