Women’s lives silenced in the depths of Grief-Signs of Patriarchy:  A study based on the selected poems of Vijayalakshmi

Dr. Deepa B.S

The aim of the thesis is to find out how Vijayalakshmi has expressed the status of women, the power structures and life environments that control women through her poems through the thoughts of women. Feminist theorists explained the patriarchal society as a systemic bias against woman .Through the special language of femininity, the poet has tried to bring the symbols of male power in the poem and bring them to the depths of the society. The methodology of feminist studies has been adopted in this study. The depth and breadth of experiences are presented with intense care. Vijayalakshmi's poems are a hopeful presentation of the material aspects of life.Vijayalakshmi expressed different roles of women like mother,daughter.sister,wife,lover in her poetry.Vijayalakshm’s poems are tempered by different  models of femininity that sometimes speak in a tone of consensus while simmering in identity conflict in the furnace of patriarchy.Women in the poem hope to love each other  and be loved,not within the constraints of power.The poet believes  that women can be freed only by  achieving gender equality.The poet dreams of a fearless world where men and women  can take their own stand, express their opinions and prove their abilities in all areas of life.Vijayalekshmi looks with hope at woman who are accepted in the society ,responsive  and free from gender discrimination  and their  independent life through her poems .Vijayalakshmi's poems are more accepted because of the poetic culture that is the progress of human life.

Key words: Femininity, Feminism, Patriarchy, Gender Equality, Identity Conflict

Bibliography:

Devika. J. (2000). New Theories.Feminism, DC Books Kottayam.
Gita .P. (2002). Feminist Approaches in Modern Malayalam Poetry, Lipi, Kozhikode.
Jayakrishnan.N(2017).Pennezhuthu,The State Institute of Languages,Kerala, Thiruvananthapuram.
Leelavati M. A (2000). Historical Inquiry into Feminism, Prabhat, Thiruvananthapuram.
Prof. N. Gopinathan Nair, (2001). Manusmriti (Bhrigu Samhita) Sara Bodhi Nee Sahitham 4th ed, Vidyarambam Publishers.
Ramakrishnan (1994). Desamangalam - Women's World Poetry, Popular Publishing Centre, Kozhikode.
Vijayalakshmi (1991). Mazhathanmatateto Mukham, Current Books, Thrissur.
Vijayalakshmi (1992). Mrigsishakan, Mulberry Books, Kozhikode.
Vijayalakshmi (1994). Thachante Makal, DC Books, Kottayam.
Vijayalakshmi, (2001). Himasamadhi, DC Books, Kottayam.
Vijayalakshmi, () Otta Manalthari, DC Books, Kottayam.
Vijayalakshmi, (2022) Vijayalakshmiyude kavithakal, DC Books, Kottayam.
Vijayalakshmi (2018). Vijayalekshmiyude Pranayakavithal DC Books, kottayam.
Dr. Deepa B.S
Assistant Professor
Department of Malayalam
Govt. College for Women
Thiruvananthapuram
Pin: 695014
Mobile No +91 9446222190
Email: drdeepabs2020@gmail.com
ORCID: 0000-0003-3962-2440


അഴലിന്‍റെ ആഴങ്ങളില്‍ നിശബ്ദമാക്കപ്പെട്ട സ്ത്രീജീവിതങ്ങള്‍ ആണധികാരത്തിന്‍റെ അടയാളങ്ങള്‍: വിജയലക്ഷ്മിയുടെ തെരെഞ്ഞെടുത്തകവിതകളെ മുന്‍നിര്‍ത്തിയുള്ള പഠനം

ഡോ. ദീപ ബി.എസ്

സ്ത്രീയുടെചിന്തകളിലൂടെ സ്ത്രീയവസ്ഥകളെയും  സ്ത്രീയെ നിയന്ത്രിക്കുന്ന അധികാരഘടന കളെയും ജീവിതപരിസ രങ്ങളെയും വിജയലക്ഷ്മി തന്‍റെ കവിതകളിലൂടെ ആവിഷ്കരിച്ചിരി ക്കുന്ന തെങ്ങനെയെന്നതാണ് കണ്ടെത്തുകയാണ് പ്രബന്ധത്തിന്‍റെ ലക്ഷ്യം.സ്ത്രീത്വത്തിന്‍റെ സവിശേഷമായ ഭാഷയിലൂടെ വികാര സാന്ദ്രമായി അധികാരത്തിന്‍റെ ചിഹ്നങ്ങള്‍ കവിതയില്‍ കൊണ്ടുവരാ നും അവയെ സമൂഹത്തിന്‍റെ ആഴപ്പരപ്പുകളിലേക്ക് എത്തിക്കാനും കവയിത്രി ശ്രമിച്ചിരിക്കുന്നു. സ്ത്രീത്വത്തിന്‍റെ സവിശേഷഗുണ ങ്ങളെ - മാതാവ്, ഭാര്യ, മകള്‍, സഹോദരി, പ്രണയിനി തുടങ്ങിയ വ്യത്യസ്തമായ സ്ത്രീ ജീവിതാവസ്ഥകളെ -വിജയലക്ഷ്മി തന്‍റെ കവിതകളിലൂടെ ആവിഷ്കരിക്കുന്നു. സ്ത്രീവാദ പഠനങ്ങളുടെ രീതിശാസ്ത്രമാണ് ഈ പഠനത്തിന് അവലംബമായി സ്വീകരിച്ചിരി ക്കുന്നത്. മുന്‍കാല കവയിത്രികളുടെ കവിതകളുടെ വാര്‍പ്പുമാതൃകക ളാകാതെ തന്‍റേതായ അനുഭവങ്ങളുടെ ആഴവും പരപ്പും അതിതീവ്ര മായി ശ്രദ്ധയോടെ അവതരിപ്പിരിച്ചിരിക്കുന്നു. ജീവിതത്തിന്‍റ ധനാ ത്മകമായ വശങ്ങളെ പ്രതീക്ഷാനിര്‍ഭരമായി അവതരിപ്പിക്കുന്ന കവിതകളാണ് വിജയലക്ഷ്മിയുടേത്. മനുഷ്യജീവിതത്തിന്‍റെ പുരോഗതിയിലൂന്നിയുളള കാവ്യസംസ്കാരമാണ് വിജയലക്ഷ്മി യുടെ കവിതകള്‍ക്ക് കൂടുതല്‍ സ്വീകാര്യതനല്‍കുന്നത്.

താക്കോല്‍ വാക്കുകള്‍: സ്ത്രീത്വം, സ്ത്രീവാദം, ആണധികാരം, ലിംഗ സമത്വം, സ്വത്വ സംഘര്‍ഷം.

സ്ത്രീവാദവും സാഹിത്യവും

പുരുഷന്‍റെ അധികാര പരിധിയ്ക്കു ള്ളില്‍ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീ തന്‍റേതായ ഒരു സ്വത്വത്തെ കണ്ടെത്താന്‍ ശ്രമിച്ചതില്‍ നിന്നുമാണ് സ്ത്രീവാദ ചിന്തകള്‍ രൂപപ്പെട്ടത്.  ഈ സ്വത്വബോധം സ്ത്രീ ജീവിതാവസ്ഥകള്‍ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമാക്കി യാണ് സ്ത്രീവാദചിന്തകള്‍ രൂപപ്പെട്ടത്. സി.എച്ച് ലോറന്‍സ്, വെര്‍ജിനിയ വുള്‍ഫ് എന്നിവര്‍ ഇത്തരം ചിന്തകളെ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ലിംഗസമത്വം കുടുംബത്തിലും സമൂഹത്തിലും നേടുന്നതിന് വേണ്ടി സ്ത്രീവിമോചന പ്രസ്ഥാന ങ്ങള്‍ രൂപംകൊണ്ടു. സമൂഹത്തില്‍ ദുര്‍ബലയും നിഷ്ക്രിയയും ക്ഷമാശീലയും ആശ്രിതയുമായി നില കൊള്ളുന്ന സ്ത്രീയെ ശാക്തീ കരിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സ്ത്രീവാദത്തിന്‍റെ ലക്ഷ്യം. വീടിനുള്ളിലെ മാലാഖയുടെ ചിറകുകള റുത്ത് ഭൂമിയുടെ വിശാലതയിലേക്ക് പറത്തിവിടണമെന്ന് ആഹ്വാനം ചെയ്ത വെര്‍ജിനിയവുള്‍ഫിന്‍റെ 'സ്വന്തമായൊരു മുറി' എന്ന ഗ്രന്ഥം സ്ത്രീവിമോചന ചിന്തകള്‍ക്ക് ഏറെ ശക്തിപകര്‍ന്നു. കുടുംബം ഉള്‍ പ്പെടുന്ന സാമൂഹിക സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ത്രീയനുഭവിക്കുന്ന ചൂഷണത്തില്‍ നിന്നും ലിംഗപരമായ അസമത്വത്തില്‍ നിന്നുമുള്ള മോചനമാണ് സ്ത്രീവാദം ലക്ഷ്യം വെയ്ക്കുന്നത്.

'അസമത്വം നിറഞ്ഞതും പീഡനാത്മകവുമായ സ്ത്രീ പുരുഷ ബന്ധങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന മൗനത്തിന്‍റെ ഗൂഢാലോച നയെ പൊളിക്കാന്‍ ധൈര്യപ്പെടുകയും അവയെ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് സ്ത്രീ വാദികള്‍'. (Patriarchy and Accumulation on a World Scale: 1986). സമൂഹം സ്ത്രീയ്ക്ക് കല്പിച്ചു നല്‍കിയിട്ടുള്ള രണ്ടാം സ്ഥാനത്തോടുള്ള പ്രതിരോധമായി ഈ ചിന്താപദ്ധതിയെ കാണാം.

സ്ത്രീകളെ സമൂഹത്തിന്‍റെയും സാഹിത്യത്തിന്‍റെയും മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്ന ഒരു സാഹചര്യ മായിരുന്നു ഭാരതീയവും കേരളീയവുമായ അന്തരീക്ഷത്തില്‍ നിലനി ന്നിരുന്നത്. നവോത്ഥാന കാലത്തിന്ശേഷം സാമൂഹികവ്യവസ്ഥി തിയില്‍ ഉണ്ടായമാറ്റങ്ങള്‍ സ്ത്രീജീവിതത്തിലും പ്രതിഫലിച്ചു. സാഹിത്യം ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയാകുകയും കാലാനു സൃതമായ ചലനങ്ങള്‍ അവയില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.

ശാരീരികമായ ദൗര്‍ബല്യവും പ്രത്യുല്പാദനപരമായ ധര്‍മ്മങ്ങളും സ്ത്രീയെ കുടുംബത്തിനുളളില്‍ ഒതുക്കി നിര്‍ത്താന്‍ ആണധികാരസമൂഹത്തെ ഏറെ സഹായിച്ചു. ശിശു സംരക്ഷണവും മറ്റൊരു പ്രധാന കാരണമാണ്. കുടുംബത്തിനുള്ളിലെ ഉത്തരവാദി ത്തങ്ങളില്‍ മുഴുകിപ്പോയ സ്ത്രീയ്ക്ക് സാമൂഹിക ജീവിതവും തൊഴിലും നിഷേധിക്കപ്പെട്ടു. ഉത്തമ ഭാര്യാത്വവും മാതൃത്വവും മതങ്ങളും സ്ത്രീയ്ക്ക് കല്പിച്ചു നല്‍കി. പുരുഷന്‍റെ താല്പര്യ ങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഒരു യന്ത്രമായി മാത്രം സ്ത്രീയെ ആണധികാര സമൂഹം മാറ്റിയെടുത്തു.

വേദകാലം മുതല്‍ തന്നെ സ്ത്രീത്വത്തിന്‍റെ വിവിധ ധര്‍മ്മങ്ങളെ മുന്‍നിര്‍ത്തിയുള്ള പരാമര്‍ശങ്ങള്‍ ഭാരതീയ സാഹിത്യ സാഹിത്യേതര കൃതികളില്‍ പരാമര്‍ശിതമായിട്ടുണ്ട്. നീതിസാര ത്തിലെ ധര്‍മ്മപത്നീ ലക്ഷണം ഇതിനുദാഹരണമാണ്. എന്നാല്‍ മനുസ്മൃതി പോലെയുള്ള ഗ്രന്ഥങ്ങള്‍ 

'യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാം'
(മനുസ്മൃതി മൂന്നാം അദ്ധ്യായം സൂത്രം 56)

എന്ന് പറഞ്ഞിരിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ യും പോയിട്ടുണ്ട്. സ്ത്രീയുടെ ധര്‍മ്മം പ്രധാനമായും കുടുംബപരി പാലനം മാത്രമാണെന്ന ഒരു വീക്ഷണത്തിലേക്ക് വളര്‍ന്നു. കുടും ബത്തിന്‍റെ അടിസ്ഥാനശില സ്ത്രീയാണ് എന്ന അലിഖിത നിയമം സ്ത്രീയില്‍ അടിച്ചേല്‍പ്പിച്ചു. ഇതിഹാസ കൃതികളിലെ സ്ത്രീയവ സ്ഥകളും സ്വത്വം നഷ്ടപ്പെട്ടവ തന്നെയായിരുന്നു. പഴഞ്ചൊല്ലുകളും മിത്തുകളും സ്ത്രീയുടെ പാതിവ്രത്യത്തെയും ചാരിത്ര്യത്തെയും സംബന്ധിക്കുന്ന കഥകള്‍ മെനയുകയും അതുവഴി സ്ത്രീയെ പുരുഷന്‍റെ അടിമയാക്കി മാറ്റുന്ന കാലത്തിലേക്ക് നയിക്കുകയും ചെയ്തു. പിന്നീട് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ സ്ത്രീ അറിവ് നേടുകയും ദേശീയ പ്രസ്ഥാനങ്ങളില്‍ പങ്കാളികളാവു കയും തൊഴിലിന്‍റെ മഹത്വം മനസ്സിലാക്കുകയും അങ്ങനെ സമൂഹത്തിന്‍റെ മുഖ്യധാര യിലേക്ക് എത്തുകയും ചെയ്തു.

ആധുനിക മലയാള കവിതയില്‍ ഫെമിനിസത്തിന് തുടക്കം കുറിച്ചത് കുമാരനാശാനാണ്. സ്ത്രീയുടെ സ്വാതന്ത്ര്യ ബോധത്തെ യും ആണധികാരവ്യവസ്ഥയില്‍നിന്നുള്ള മോചനത്തെയും അദ്ദേഹം കവിതകളിലൂടെ ആവിഷ്കരിച്ചു. ലീല, ചിന്താവിഷ്ടയായ സീത എന്നീ കൃതികള്‍ ഉദാഹരണം. ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്ന് കാമുകനെ അന്വേഷിച്ച് ഇറങ്ങുന്ന ലീല സ്വയം സ്വാതന്ത്ര്യംപ്രഖ്യാപിയ്ക്കുകയാണ്. ചിന്താവിഷ്ടയായ സീതയിലെ നായിക ആധുനികസ്ത്രീയുടെ പ്രതിനിധിയാണ്. ഭര്‍ത്താവിനെ അതിലുപരി അയോദ്ധ്യാപതിയായ രാജാവിനെ ചോദ്യം ചെയ്യാനുള്ള ധൈര്യം സീത കാണിയ്ക്കുന്നു. പതിവ്രതാ രത്നമായ സീതയെ കൊണ്ടു തന്നെ ആശാന്‍ ഭര്‍ത്തൃ വിമര്‍ശനം നടത്തുന്നു.

ആശാന്‍റെ നായികമാരായ നളിനി, ലീല, സാവിത്രി, മാതംഗി, സീത, വാസവദത്ത തുടങ്ങിയവരെല്ലാം മലയാള കവിതയിലെയും കേരളീയ സമൂഹത്തിലെയും സ്ത്രീവിമോചനത്തിന്‍റെ  ശംഖൊലിക ളാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം കല്പിച്ചു നല്‍കിയിരുന്ന വിലക്കുകളെ തൂത്തെറിയുകയായിരുന്നു ആശാന്‍റെ കവിതകള്‍.

എന്നാല്‍ പിന്നീടുവന്ന കാല്പനിക കവികളിലേറെയും സ്ത്രീയുടെ ശരീരസൗന്ദര്യവും മാതൃ ഭാവവുമാണ് രേഖപ്പെടുത്തി യത്. ആധുനിക-ആധുനികോത്തര മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്തിന്‍റെ നവഭാവുകത്വം രൂപപ്പെട്ടു. സ്ത്രീപക്ഷ രചനകളും സ്ത്രീരചനകളും തമ്മില്‍ ഏറെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു എന്ന് ഈ കവിതകളിലൂടെ നമുക്ക് തിരിച്ചറിയാന്‍ കഴിയും. ആണ്‍ കാഴ്ച കളില്‍ നിന്നും വ്യത്യസ്തമായ പെണ്‍ കാഴ്ചകളില്‍ സ്ത്രീയുടെ അനുഭവ ലോകം ഏറെ ശക്തമായിരുന്നു. സമൂഹത്തില്‍ അടിയുറച്ചു നിന്ന ആണധികാര മൂല്യങ്ങളെ പൊളിച്ചെഴുതുന്നതായി മാറി മലയാളത്തിലെ സ്ത്രീവാദ സാഹിത്യം.

ആണധികാര വ്യവസ്ഥ

ലോകചരിത്രത്തെയും വിവിധ ദേശചരിത്രങ്ങളെയും ഗവേ ഷണ വിധേയമാക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്നത് പുരുഷന്‍റെ പ്രധാന ലക്ഷ്യം സ്ത്രീയെ കീഴ്പ്പെടുത്തുക എന്നതായിരുന്നു. ഈ കീഴ്പ്പെടുത്തല്‍ പ്രധാമായും രണ്ട് തരത്തിലാണ് നടന്നിട്ടുള്ള തെന്നുകാണാം. ഒന്ന് ഒരു യജമാനന്‍ എന്നനിലയില്‍ തന്‍റെ അസ്തി ത്വംസ്ത്രീയ്ക്ക്മേല്‍അടിച്ചേല്‍പ്പിക്കുന്നു. രണ്ട്  കുടുംബത്തിനുള്ളി ലുള്ള ഉത്തരവാദിത്വങ്ങള്‍  അംഗീകരിച്ചു കൊണ്ട് യജമാനനെ അനുസരിക്കുന്ന അടിമയാക്കി മാറ്റുന്നു.  ആണധികാരം ഉറപ്പിക്കുന്ന തിന് വേണ്ടി പുരുഷന്‍ നിര്‍മ്മിച്ച പുരാണങ്ങളും നിയമാവലികളും സ്ത്രീ വിരുദ്ധങ്ങളായിരുന്നു. 

അതിനാല്‍ ആണധികാരത്തെ സാമൂഹിക വിപത്തായി കാണുക മാത്രമല്ല അതിനെ സാഹിത്യ കൃതികളിലൂടെ പ്രത്യ ക്ഷീകരിക്കാനും സ്ത്രീവാദികള്‍ ശ്രമിച്ചു. 'പാട്രിയാര്‍ക്കി എന്ന പദത്തിന്‍റെ അര്‍ത്ഥം പിതൃമേധാവിത്വമെന്നാണ്.എന്നാല്‍ സ്ത്രീകളു ടെ മേല്‍ പുരുഷന്‍മാര്‍ ചെലുത്തുന്ന അധികാരത്തിന്‍റെ എല്ലാ രൂപഭേദങ്ങളെയും ധ്വനിപ്പിക്കുന്ന ഒരു പദമായാണ് സ്ത്രീവാദം ഈ പദത്തെ കാണുന്നത്.' (Sexual Politics:1971)

കവയിത്രിയായ ആന്‍ഡ്രിയ റിച്ച് പുരുഷാധികാരത്തെ ഇങ്ങനെ വിശദീകരിയ്ക്കുന്നു. 'പുരുഷാധികാരമെന്നാല്‍ പിതാക്കന്‍ മാരുടെ അധികാരമാണ്. ബലപ്രയോഗം കൊണ്ടും നേരിട്ടുള്ള സമ്മര്‍ദ്ദം കൊണ്ടും അല്ലെങ്കില്‍ അനുഷ്ഠാനം, പാരമ്പര്യം, നിയമം എന്നിവകൊണ്ടും ഒപ്പം ഭാഷ, ആചാരങ്ങള്‍, മര്യാദ, വിദ്യാഭ്യാസം, അദ്ധ്വാനവിഭജനം എന്നിവ കൊണ്ടും സ്ത്രീകളുടെ പങ്കിനെ പുരുഷന്‍മാര്‍ നിര്‍ണ്ണയിക്കുന്ന കുടുംബപരമായ സാമൂഹികമായ പ്രത്യയ ശാസ്ത്രപരമായ രാഷ്ട്രീയ വ്യവസ്ഥ. ഇതില്‍ എല്ലായിട ത്തും സ്ത്രീ പുരുഷന് കീഴ്പ്പെട്ടിരിക്കുന്നു.' (Of Woman Born: Motherhood As Experience And Institution: 1976) ആദമിന്‍റെ പങ്കാളിയായി ദൈവം സൃഷ്ടിച്ച ഹവ്വ മനുഷ്യരാശിയുടെ സകലകഷ്ടപ്പാടുകളുടെ യും  മൂലകാരണമായി സ്ത്രീയെഅടയാളപ്പെടുത്തിക്രമവും വെളിച്ച വും പുരുഷനും സൃഷ്ടിച്ച നല്ല തത്ത്വവും ക്രമരഹിതവും ഇരുട്ടും സ്ത്രീയും സൃഷ്ടിക്കുന്ന ഒരു മോശം തത്ത്വവും ഉണ്ടെന്നപൈതഗോ റസിന്‍റെ സിദ്ധാന്തത്തെ 'ഫെമിനിസ്റ്റ് ബൈബിള്‍' എന്നറിയപ്പെടുന്ന സിമോന്‍ ദ ബുവ്വയുടെ സെക്കന്‍റ്സെക്സ് എന്ന പുസ്തക ത്തില്‍ വിമര്‍ശനവിധേയ മാക്കിയിട്ടുണ്ട്. സ്ത്രീയെ ഇരുട്ടിനോട് കൂട്ടിച്ചേര്‍ത്ത് പുരുഷന്‍ സൃഷ്ടിച്ച തത്വത്തിലൂടെ അവളെ ഒരു രണ്ടാംതരക്കാരിയാക്കി മാറ്റാന്‍ പുരുഷന്കഴിഞ്ഞു  എന്നവര്‍ അഭിപ്രായപ്പെട്ടു. സമൂഹവും സാഹിത്യവും പുരാവൃത്തവും സ്ത്രീയ്ക്ക് ബോധപൂര്‍വ്വം സൃഷ്ടിച്ചു നല്‍കിയ അടിമത്തം സ്ത്രീയുടെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കി.

'പുരാവൃത്തങ്ങളിലൂടെയാണ് ആണ്‍കോയ്മ സമൂഹം അതിന്‍റെ നിയമങ്ങള്‍ വ്യക്തികളില്‍ ഫലപ്രദമായ രീതിയില്‍ അടിച്ചേല്‍പ്പിക്കുന്നത്. മതം, പാരമ്പര്യം, ഭാഷ, കഥകള്‍, പാട്ടുകള്‍, സിനിമ തുടങ്ങിയവയെ മധ്യവര്‍ത്തിയായി സ്വീകരിച്ചാണ് വ്യക്തികളുടെ ബോധതലത്തില്‍ ആണ്‍കോയ്മ മൂല്യങ്ങള്‍ പ്രക്ഷേപിക്കുന്നത് (The Second Sex : 1972)

കുടുംബം സമൂഹം എന്നീ സ്ഥാപനങ്ങളുടെ കേന്ദ്രം പുരുഷ നാണ് എന്ന പൊതുബോധം സൃഷ്ടിക്കാന്‍ പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് കഴിഞ്ഞു. പുരുഷന് താഴെയാണ് മതഗ്രന്ഥങ്ങളും സാഹിത്യകൃതികളും സ്ത്രീയെ സ്ഥാനപ്പെടുത്തിയിരുന്നത്. ഇത്തര ത്തില്‍ ആണധികാരത്തിന്‍റെ വലയത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീയുടെ പ്രശ്നങ്ങളെ തന്‍റെ കാഴ്ചപ്പാടുകളിലൂടെ കവിതയില്‍ ആവിഷ്കരിക്കാനാണ് വിജയലക്ഷ്മി ശ്രമിക്കുന്നത്. തന്‍റെ സ്വപ് നങ്ങളും പ്രത്യാശകളും പ്രതീക്ഷകളും കാമനകളും സര്‍ഗ്ഗശക്തിയി ലൂടെ ആവിഷ്കരിക്കുകയും അനുഭവിക്കുകയുമാണ് വിജയലക്ഷ്മി. സമൂഹം പരമ്പരാഗതമായ ചട്ടക്കൂടിനുള്ളില്‍ സ്ത്രീയെ ബന്ധിച്ചി ടാന്‍ ഇന്നും ശ്രമിക്കുന്നു. അതിലെ ഏറവും വലിയ ചട്ടക്കൂട് ആണ ധികാരവ്യവസ്ഥ തന്നെയാണ്. ആണധികാരത്തിന്‍റെ പ്രധാന അടിത്തറ സമ്പത്താണ്. സ്വയംപര്യാപ്തയായ സ്ത്രീയെ അധീനത യിലാക്കാന്‍ പുരുഷന്‍ ഭയക്കും. കവിതയിലൂടെ ഇത്തരം വ്യവസ്ഥി തിക്കെതിരെ പ്രതികരിച്ച കവയിത്രിയാണ്  വിജയലക്ഷ്മി. ദാമ്പത്യ ബന്ധത്തില്‍ ഭാരതീയമായ ആണധികാരവ്യവസ്ഥ ഇതിഹാസകാലം മുതല്‍ക്കേ ശക്തമായിരുന്നു. രാമായണത്തിലെ കൗസല്യയും സീതയും മഹാഭാരതത്തിലെ ദ്രൗപതിയും കുന്തിയുമെല്ലാം  ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള സാമൂഹിക വിമര്‍ശനപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എഴുത്തു കാരികളുടെ ഉത്തര വാദിത്വം വര്‍ദ്ധിക്കുന്നു. അതിനാല്‍ ആശയങ്ങളും അനുഭവങ്ങളും അതിശക്തമായ ഭാഷയിലൂടെയും ബിംബങ്ങളിലൂടെയും അവതരിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

വിജയലക്ഷ്മിയുടെ കവിതകളില്‍ പ്രമേയമാക്കപ്പെട്ട സ്ത്രീ,  കീഴ്പ്പെടുത്തലുകളോട് അവള്‍ക്കുള്ള അമര്‍ഷവും നിരാശയും പോരാട്ടവും  വിജയവും  പ്രകടമാക്കുന്നു. പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും തികച്ചും പുരോഗമനപരമായ ആശയങ്ങളും വിജയലക്ഷ്മിയുടെ കവിതകള്‍ ചിത്രീകരിക്കുന്നു. വ്യത്യ സ്തങ്ങ ളായ സ്ത്രീയവസ്ഥകളെ സമന്വയിപ്പിക്കുകയും പുനര്‍വ്യാഖ്യാനം ചെയ്യുകയുമാണ് വിജയലക്ഷ്മി ചെയ്യുന്നത്. ഭാരതീയവും കേരളീയവുമായ സമൂഹത്തില്‍ സ്ത്രീസ്വത്വത്തിന്‍റെ വികാസത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതായിരുന്നു അവരുടെകവിതകള്‍. പുരുഷന്‍റെ രചനകളിലെ സ്ത്രീ സ്വത്വം നഷ്ടപ്പെട്ടവള്‍ തന്നെയായിരുന്നു. പിതുരാധിപത്യവ്യവസ്ഥയില്‍ അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്, മകന്‍ ഇവരാല്‍ നിയന്ത്രിക്കപ്പെടുന്നവളാണ് സ്ത്രീ. എന്നാല്‍ ഇവരുടെ യെല്ലാം താങ്ങും തണലും ആഗ്രഹിക്കുന്ന അഥവാ  ആവശ്യപ്പെ ടുന്ന സ്ത്രീയെയും അതുപോലെ ഇവരെ നിരാകരിക്കുന്ന സ്ത്രീ യെയും വിജയലക്ഷ്മിയുടെ കവിതയില്‍ കാണാം. സ്ത്രീയുടെ ജിവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ബാല്യം, കൗമാരം, വിവാഹം, ഗര്‍ഭം, ദാമ്പത്യം, വിവാഹമോചനം, രോഗം, മരണം തുടങ്ങിയ വിവിധഘട്ടങ്ങളില്‍ സ്ത്രീ സ്വയംഅവളുടെ സാംസ്കാരത്തെയും സ്വത്വത്തെയും വെളിപ്പെടുത്തുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ താന്‍ സ്വയം അനുഭവിച്ചതും തനിക്ക്ചുറ്റുമുളളവര്‍ അനുഭവിച്ചതുമായ വികാരവിചാരങ്ങളെ കവയിത്രി ആവിഷ്കരി ച്ചിരിക്കുന്നു. സ്ത്രീയുടെ സ്വത്വത്തെ ആണധികാരം എങ്ങനെയാണ് നിര്‍ണ്ണയിയിച്ചിരിക്കുന്നത് എന്ന് വിജയലക്ഷ്മിയുടെ കവിതയെ മുന്‍ നിര്‍ത്തി പഠിക്കുകയയെന്നതാണ് പ്രബന്ധലക്ഷ്യം. ചരിത്രാതീത കാലം മുതല്‍ക്കേ സ്ത്രീയുടെ സ്വപ്നങ്ങും സങ്കല്പങ്ങളും പുരുഷ നിര്‍മ്മിതമായിരുന്നു. ഈ കാഴ്ചപാടില്‍ മാറ്റം വന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തോടെയാണ്. ചരിത്രത്തില്‍നിന്നും സ്ത്രീപിന്‍ തളളപ്പെട്ടതും അതുകൊണ്ടാണ്.ആശയപരമായ ഈ തിരിച്ചറിവാണ് സ്ത്രീയുടെ വ്യക്തിസത്തയെ ആഴത്തിലും പരപ്പിലും ആവിഷ്കരി ക്കാന്‍ കവയിത്രിയെ പ്രേരിപ്പിക്കുന്നത്. ഇനി വരുന്ന തലമുറയെ ങ്കിലും ഇതില്‍നിന്നും മുക്തമാകണം എന്ന ആഗ്രഹം കവയിത്രിക്ക്  ഉണ്ട്. മാനവികതയിലൂന്നി നിന്നുകൊണ്ടുള്ള സര്‍ഗ്ഗാത്മ രചനയില്‍ സ്ത്രീയുടെ സ്ഥാനം വളരെ വലുതാണ് എന്ന ബോധ്യം വിജയല ക്ഷ്മിയ്ക്കുണ്ട്. നൂറ്റാണ്ടുകളായി ഓരോ സ്ത്രീയും അനുഭവിക്കുന്ന തിരസ്കാരം അതില്‍ നിന്നും മോചനം നേടാനുള്ള ആഗ്രഹം എന്നിവ അവരുടെ കവിതകളില്‍ മുഴങ്ങി കേള്‍ക്കാം. ആണധികാര ത്തോടുളള നിഷേധത്തെക്കാള്‍ സ്ത്രീത്വത്തിന്‍റെ ആത്മസത്തയെ യാണ് അവര്‍ ഉയര്‍ത്തി പിടിക്കുന്നത്. സ്ത്രീയുടെ ദൗര്‍ബല്യമായി പുരുഷന്‍ കരുതുന്ന സ്നേഹം, സഹനം, ക്ഷമ തുടങ്ങിയവയെ ശക്തിയുടെ ചിഹ്നങ്ങളായാണ് വിജയലക്ഷ്മി ആവിഷ്കരിക്കുന്നത്.  മകള്‍, അമ്മ സഹോദരി, ഭാര്യ, പ്രണയിനി, തുടങ്ങിയ സ്ത്രീ ജീവിതത്തിലെ ജൈവഭാവങ്ങളെ  വിജയലക്ഷ്മിയുടെ കവിതകളി ലൂടെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണിവിടെ.

സ്ത്രീയവസ്ഥകള്‍ വിജയലക്ഷ്മി  കവിതകളില്‍ നിശബ്ദമാക്കപ്പെട്ട പെണ്‍ജീവിതങ്ങള്‍

ഭര്‍ത്താവിന്‍റെ താല്പര്യങ്ങള്‍ക്കനുസരിച്ച് സ്വന്തം താല്പര്യ ങ്ങളെ മാറ്റിവച്ച് ജീവിക്കുന്ന സ്ത്രീ. കാലാകാലങ്ങളായി പെണ്‍കു ഞ്ഞ് ജനിക്കുമ്പോള്‍മുതല്‍ പാതിവ്രത്യത്തെക്കുറിച്ചും ഭാര്യാധര്‍മ്മ ത്തെക്കുറിച്ചും ഭര്‍ത്താവിന്‍റെ  വീട്ടിലെ പെരുമാറ്റത്തെക്കുറിച്ചുമുളള ഉപദേശങ്ങള്‍ തുടങ്ങുന്നു. ഇതിനു സരിച്ച് മെരുങ്ങിയ മനസ്സുമായി ഭര്‍ത്തൃഗൃഹത്തിലെത്തുന്ന സ്ത്രീ നിരവധി പരീക്ഷണഘട്ടങ്ങളിലൂ ടെ കടന്നുപോകുന്നു. സ്വത്വത്തെ ത്യജിച്ച് ഭര്‍ത്താവിന്‍റെ സ്നേഹ വിശ്വാസത്തിന് പാത്രമാകുക എന്നതാണ് അവളുടെ ആദ്യത്തെ കടമ്പ. ദാമ്പത്യത്തില്‍ ത്യാഗവും വിശ്വാസവും സഹനവും ദയയും ഭാര്യയുടെ മാത്രം ബാദ്ധ്യതയായി മാറുന്നു.ഇത്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീയവസ്ഥകളെ വിജയ ലക്ഷ്മിയുടെ കവിതയില്‍ കാണാം

'ഇരയെക്കാല്‍ച്ചോട്ടിലമര്‍ത്തി, പ്പല്ലുകോര്‍-
ത്തടക്കുമ്പോഴകം നിറയും സംതൃപ്തി.'
(മൃഗശിക്ഷകന്‍:1992)

ശിക്ഷകനെ അനുസരിക്കുന്ന വിനീത ശിഷ്യയാണ് ഇതിലെ സ്ത്രീ. ഇരയുടെ മേല്‍ ചാടി വീഴുവാനുള്ള മൃഗത്തിന്‍റെ ശൗര്യമാണ് കവയിത്രി ഭര്‍ത്താവില്‍ ആരോപിക്കുന്നത്. കീഴടക്കലിന്‍റെ സംതൃപ്തി-അത് ഹരം പിടിപ്പിക്കുന്നതാണ്. ആ ഹരത്തില്‍ മുങ്ങി നില്‍ക്കുന്നയാള്‍ ചുറ്റുപാടിനെയും സഹജീവിയെയും മറന്ന് അതിലു പരി സ്വയം മറന്നു ചെയ്യുന്ന പ്രവൃത്തികള്‍  വേട്ടമൃഗത്തില്‍നിന്നു ണ്ടാകുന്ന അനുഭവത്തെക്കാള്‍  ഭീതിയേറിയതായിരിക്കും.

'പറയൂ, പാവയോ മൃഗം? മെരുങ്ങിയാ -
ലടിമയെക്കണ ക്കൊതുങ്ങുമെങ്കിലും
ഇടയ്ക്കിടയ്ക്കെന്‍റെ വനചേതസ്സിലാ -
മൃഗപൗരാണികന്‍ കുടഞ്ഞെണീക്കുന്നു.'
(മൃഗശിക്ഷകന്‍: 1992 )

അവള്‍ പാവയാണോ? ഈ ചോദ്യത്തിന് ഒരിടത്തുനിന്നും മറുപടിയില്ല. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമായി അവര്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. മനസ്സിന്‍റെ അടിത്തട്ടില്‍ എവിടെയോ ഉറങ്ങിക്കിടക്കുന്ന മൃഗപൗരാണികന്‍റെ ഊര്‍ജ്ജത്തെ ഊതിപ്പെരുപ്പിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനെ മറികടക്കുന്ന ഭയം അവളുടെ ജീവിതത്തെ അടിമയാക്കി മാറ്റുന്ന ദൃശ്യമാണ് മൃഗശിക്ഷകന്‍ എന്ന കവിതയില്‍ കാണുന്നത്. സ്ത്രീത്വത്തിന്‍റെ പര്യായമാറുന്നവിധേയത്വമാണ് ഈ കവിതയുടെ കാതല്‍.

നാം പരിചയിച്ച രാമായണത്തിലെ കൗസല്യയില്‍ നിന്നും തികച്ചും വ്യത്യസ്തയായ കൗസല്യയെയാണ് വിജയലക്ഷ്മി തന്‍റെ കൗസല്യ എന്ന കവിതയില്‍ ആവിഷ്കരിക്കുന്നത്.

'ഞാന്‍ കല്‍പ്പടവുകള്‍ 
താണ്ടിക്കരിയുമടി വേരാര്‍ - ന്നെത്രയും
മുരടിച്ചു നില്‍ക്കുന്നൊരശോകം'

മുരടിച്ച് നില്‍ക്കുന്ന അശോകം (മൃഗശിക്ഷകന്‍: 1992) എന്ന പ്രയോഗത്തിലൂടെ തരംതാഴ്ത്തപ്പെടുന്ന ഭാര്യയുടെ മാനസിക സംഘര്‍ഷത്തെയും ഭര്‍ത്തൃപ്രീതിയാല്‍ ആനന്ദത്തിലാറാടി നില്‍ക്കുന്ന രക്തപുഷ്പം (കൈകേയി) എന്ന പ്രയോഗത്തിലൂടെ ദാമ്പത്യസുഖം അനുഭവിക്കുന്ന ഭാര്യയെയും വരച്ചു കാട്ടുന്നു. സപത്നിയായ കൈകേയിയെ ദശരഥന്‍ പുകഴ്ത്തുന്നത് കേട്ടു നില്‍ക്കേണ്ടിവരുന്ന ഹതഭാഗ്യയായ ഭാര്യയാണ് കൗസല്യ. ഭാര്യയില്‍ മാതാവിനെ ദര്‍ശിക്കുന്ന പുരുഷനെ ആചാരത്തിന്‍റെയും പാതിവ്രത്യത്തിന്‍റെയും പേരില്‍ സഹിക്കേണ്ടി വരുന്ന സ്ത്രീയാണ് കൗസല്യ. ആണധികാരത്തിന്‍റെ രണ്ട് തലങ്ങളാണ് ദശരഥന്‍റെ അവഗണനയില്‍ ദൃശ്യമാകുന്നത്. രാജാവ് എന്നനിലയിലും ഭര്‍ത്താവെന്ന നിലയിലും. ഇവിടെ അടിമയാക്കപ്പെടുന്ന സ്ത്രീയുടെ മുഖം തന്നെയാണ് കൗസല്യയ്ക്കും. മാതാവ് - ഭാര്യ എന്നീ വിരുദ്ധ ദ്വന്ദങ്ങളെ കൂട്ടിയിണക്കാന്‍ ശ്രമിക്കുന്ന ദശരഥന്‍ ആണധികാര ത്തിന്‍റെ ഏറ്റവും അധമമായ തലത്തിന്‍റെ വക്താവാണ്.

ഒടുവില്‍ കൗസല്യ ഇങ്ങനെ ചിന്തിയ്ക്കുന്നു.
'മന്നവ മറന്നാലു മിത്തണല്‍' (മൃഗശിക്ഷകന്‍:1992) 

പക്ഷേ ദശരഥനെ ഉപേക്ഷിക്കാന്‍ വിധേയത്വം അവരെ അനുവദിക്കുന്നില്ല എന്ന നിലയിലാണ് കവിത അവസാനിക്കുന്നത്. 'രാമന്നമ്മയാകായല്‍' എന്ന മാതൃത്വത്തിന്‍റെ കൈവല്യത്തില്‍ തന്‍റെ സ്ത്രീത്വം നേരിട്ട അവഗണനകളെ അവര്‍ മറികടക്കുന്നു. വിനീത വിധേയയായി.

ഭാര്യാ ഭര്‍ത്തൃബന്ധത്തിന്‍റെ വേറിട്ടൊരു കാഴ്ചയാണ് ഭാഗവതം എന്ന കവിതയില്‍ കേള്‍ക്കാന്‍ കഴിയുന്നത്. ഭര്‍ത്താവ് സന്ധ്യയ്ക്ക് സ്വസ്ഥമായി ഭാഗവതം വായിക്കുന്നു. ഭാര്യയെ കേള്‍ക്കാന്‍ വിളിക്കുന്നു. ഒരു വീട്ടില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും സന്ധ്യാസമയം എങ്ങനെ ചെലവഴിക്കാന്‍ സാധിക്കുന്നു എന്ന ചോദ്യത്തിന്‍റെ മറുപടിയാണീ കവിത.  ഭര്‍ത്താവ് സ്വസ്ഥമായി ഭാഗവതം വായിക്കുന്നു. എന്നാല്‍ ഭാര്യ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ

'കരിപറ്റിയ കൈയാല്‍
മരണം വരെത്തീരാ-
മഹാഭാഗവതം ഞാന്‍
മറിച്ചു വായിക്കുന്നൂ
മടിയാതെന്നും, അങ്ങു
കേള്‍ക്കുവാന്‍ വരുന്നില്ലാ!' (മൃഗശിക്ഷകന്‍: 1992)

അടുക്കളയുടെ അകത്തളങ്ങളെ പരിചയമില്ലാത്ത പുരുഷ ലോകത്തെ കവയിത്രി പരിഹസിയ്ക്കുകയാണ്. ജീവിതമാകുന്ന മഹാഭാഗവതം സ്ത്രീ മരണം വരെ മറിച്ചു മറിച്ച് വായിച്ചു കൊണ്ടേയിരിക്കുന്നു.മരണം വരെ സ്ത്രീയുടെ കഷ്ടപ്പാട് തുടരും എന്ന സൂചനയാണ് കവിത നല്‍കുന്നത്.ദാമ്പത്യ ബന്ധത്തില്‍ തുല്യരാണ് ഭാര്യാ ഭര്‍ത്താക്കന്‍മാര്‍. എന്നാല്‍ സ്ത്രീ എപ്പോഴും ലിംഗപരമായ അസമത്വം നേരിടുകയും അവളുടെ സ്വാതന്ത്രത്തി നോ ഇഷ്ടത്തിനോ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാതെയും വരുന്നു. അടുക്കളയ്ക്കുള്ളില്‍ ദിവസത്തിന്‍റെ ഭൂരിഭാഗവും ചെലവഴിക്കേ ണ്ടിവരുന്ന അസംതൃപ്തയായ ഭാര്യയുടെ സ്വരമാണ് ഇവിടെ കേള്‍ക്കുന്നത്.

സ്ത്രീയുടെ മൂല്യങ്ങളായി വാഴ്ത്തപെടുന്ന ക്ഷമ, സഹനം തുടങ്ങിയവയെ ചൂഷണം ചെയ്യുന്ന കുടുംബമെന്ന സാമൂഹിക സ്ഥാപനം. സാമൂഹിക സാംസ്കാരിക സാമ്പത്തിക ബന്ധങ്ങളുടെ എല്ലാ ശ്രേണികളിലും ഇത്തരം ചൂഷണം ഏറ്റക്കുറച്ചിലോടെ കാണാ ന്‍ കഴിയും.

ആഗ്രഹങ്ങള്‍ക്ക് തടയിണയിടുന്ന പിതൃപ്രലോഭനങ്ങള്‍

ആണധികാര വ്യവസ്ഥയുടെ വിവിധ കണ്ണികളാണ് അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ, മകന്‍ എന്നിവര്‍. പി തുരാധിപത്യത്തിന്‍റെ സവിശേഷവും തീക്ഷ്ണവുമായ ഫലങ്ങള്‍ തിരിച്ചറിയുകയും അതിന് മുന്നില്‍ അടിയറവുപറയാതെ തന്‍റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത തച്ചന്‍റെമകളിലെ മകള്‍. അച്ഛന്‍ മകനെ തച്ചുശാസ്ത്രം പഠിപ്പിച്ചു. അച്ഛനെക്കാള്‍ മിടുക്കനായ മകന്‍ അച്ഛന്‍റെ കൈപ്പിഴയാല്‍ വീതുളി വീണ് മരിക്കുന്നു. അവഗണനയും ഏകാന്തതയും സഹിയാതെ വീടുവിട്ട്  പോകാന്‍ തീരുമാനിച്ച മകള്‍ സധൈര്യം അച്ഛനോട് യാത്ര ചോദിക്കുന്നു. സഹോദരന്‍ മരിക്കുന്നതിന് മുന്‍പ് അയാള്‍ ഉണ്ടാക്കുന്ന ബിംബങ്ങളെല്ലാം അച്ഛന്‍ ഉണ്ടാക്കുന്നതു പോലെയായിരുന്നു എന്ന് അവള്‍ കളിയാക്കി പറഞ്ഞിരുന്നു.മകനും പിതാവിന്‍റെ ആധിപത്യത്തില്‍ നിന്നും മോചിതനായിരുന്നില്ല എന്ന് മകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അച്ഛന്‍റെ തണലില്‍ വളര്‍ന്ന പുഷ്ടിയില്ലാത്തവൃക്ഷമായാണ് സഹോദരനെ അവള്‍ കാണുന്നത്.

'വന്മരച്ചോട്ടില്‍
നിന്നാല്‍ വീര്‍ച്ചയുണ്ടായിടാ.
പുഷ്ടിയുണ്ടാകുവാന്‍ വെയിലേല്‍ക്കണം
സ്വേച്ഛയാ' (തച്ചന്‍റെമകള്‍ : 1994)

മകനെക്കാളും ദിശാബോധം മകള്‍ക്കുണ്ടെന്ന് തിരിച്ചറിയാന്‍ പിതാവിന് കഴിയുന്നില്ല. സ്ത്രീയുടെ കഴിവിനെ അംഗീകരിക്കുക അത് മകളായാലും ഭാര്യയായാലും പുരുഷന് അഭിമതമല്ലെന്ന സത്യം ഇവിടെ ചുരുളഴിയുന്നു. എന്നാല്‍ മകള്‍ തന്‍റേതായ ഇടം സ്വയം കണ്ടെത്തുന്നു.ആരുടെയും തണലില്‍ നില്‍ക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരം താന്‍തന്നെ കണ്ടെത്തുമെന്നും ഉറപ്പിച്ച് പറയുന്നു.. വായ കീറിയ ദൈവം വയറിനു വക നല്‍കുമെന്ന മുത്തച്ഛന്‍റെ (വരരുചി) വാക്കുക ളാണ് അവള്‍ക്ക് പ്രചോദനം.

'നടക്കുക
ഏതു ദിക്കില്‍ നീ പോകിലും, പോകാത്ത
പേരുനിന്‍ വിരല്‍ത്തുമ്പിലെന്നോര്‍ക്കണം' 
(തച്ചന്‍റെ മകള്‍:1994)

അവിടെയും അച്ഛന്‍റെ ഉള്ളിലെ അധികാര പ്രമത്തത വെളിവാകുന്നു. പെരുന്തച്ചന്‍റെ മകളാണ്. ആ പേരിന് കളങ്കം വരുന്ന ഒന്നും നിന്‍റെ പ്രവൃത്തിയില്‍ ഉണ്ടാകാന്‍ പാടില്ല. പേരുദോഷം പെരുത്ത അച്ഛനായിട്ടും മകളോട് പറയുന്നതിങ്ങനെയാണ്. പുരഷന് പറ്റുന്ന തെറ്റുകള്‍ ന്യായീകരിക്കുകയും സ്ത്രീയുടെ നിസ്സാര തെറ്റുകള്‍ പോലും മഹാപരാധങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നു.

ആണധികാരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ചാലക ശക്തിയായി വിജയലക്ഷ്മിയുടെ കവിതകള്‍ മാറുമ്പോഴും തച്ചന്‍റെമകളില്‍ വിശ്വകര്‍മ്മ പ്രജാപതിയുടെ മകളായ സംജ്ഞയുടെ കഥ കവയിത്രി അനുസ്മരിക്കുന്നു.

'സ്നേഹ വാല്‍സല്യമേറുമീണനാം
ദേവശില്പിതന്‍ ഹസ്തം പിഴയ്ക്കുമോ?' 
(തച്ചന്‍റെ മകള്‍ : 1994) 

സൂര്യന്‍റെ ചൂട് സഹിക്കാന്‍ കഴിയാതെ സംജ്ഞ വിശ്വകര്‍ മ്മാവിന്‍റെ സമീപത്തെത്തുന്നു.മകളുടെ സങ്കടം കണ്ടറിഞ്ഞ അച്ഛനെയും കവയിത്രി കാട്ടിത്തരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് വന്ന മകളെ അച്ഛന്‍ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. പുരുഷന്‍റെ താങ്ങുംതണലും ആഗ്രഹിക്കുന്ന സ്ത്രീ യെയും  പുരുഷാധികാരത്തില്‍ നിന്നും മോചിതയാവാന്‍ ശ്രമിക്കുന്ന സ്ത്രീയെയും  വിജയലക്ഷ്മി ആവിഷ്കരിക്കുന്നുണ്ട്.

അഴലിനെ ആറ്റുന്ന സ്നേഹസ്പര്‍ശം

ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും മൂര്‍ത്തിമത്ഭാവമാ ണ് അമ്മ. മാതൃത്വത്തിന്‍റെ നിര്‍മ്മലമായ വൈകാരികതയില്‍ അഭിമാനംകൊള്ളുകയാണ് കവയിത്രി. വരവ് എന്നകവിതയില്‍ കുഞ്ഞിന് ജന്മം നല്‍കുന്ന വേളയില്‍ ഒരു മാതാവിന്‍റെ മനസ്സില്‍ ഉണ്ടാകുന്ന ചിന്തകളാണ് അവതരിപ്പിച്ചി രിക്കുന്നത്. ജനിച്ചുവീണ കുഞ്ഞിന്‍റെ ഭാവിയാണ് പ്രസവസമയത്തും അമ്മയുടെ ചിന്തകളില്‍ കടന്നുവരുന്നത്.

'ഞരമ്പുകള്‍ വലിഞ്ഞഴിയുന്നു,
മിന്നല്‍ പിണരുപോലെന്നെപ്പിളരുക,
പിന്നില്‍ വെടിഞ്ഞു പോകുക.' (മൃഗശിക്ഷകന്‍: 1992) 

സ്ത്രീയ്ക്ക്മാത്രം അനുഭവവേദ്യമായ പ്രസവസമയത്തെ ശാരീരിക വ്യതിയാനങ്ങളും വേദനകളും വളരെവൈകാരികമായി വിജലക്ഷ്മി ഈ വരികളില്‍ക്കൂടി അവതരിപ്പിച്ചിരിക്കുന്നു. ജന്മംനല്‍കിയ കുഞ്ഞിന്‍റെ ഭാവിയുടെയും പിന്നീട് സമൂഹത്തില്‍ ആകുഞ്ഞ് നേരിടേണ്ടിവരുന്ന സ്ഥിതിഗതികളുടെയും ഉത്തരവാദി ത്വം അമ്മയില്‍ മാത്രം നിക്ഷിപ്തമാകുന്നു. പെണ്‍കുഞ്ഞാണെങ്കില്‍ അമ്മയ്ക്ക് അമിത ബാദ്ധ്യതയാണ്. അവളുടെ ജീവിതത്തിലെ ഓരോഘട്ടങ്ങളിലും സമൂഹം അനുശാസിക്കുന്ന നിയമവ്യവ സ്ഥയ്ക്കുള്ളില്‍ നിന്ന് അവളെ വളര്‍ത്തണം. എന്തെങ്കിലും  പോരായ്മ വന്നാല്‍ അത് അമ്മയുടെ വളര്‍ത്തു ദോഷമായി മാത്രം കരുതുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഒരു കുഞ്ഞിന് ജന്‍മം നല്‍കിയ സന്തോഷം മനസ്സിന്‍റെ ഒരുഭാഗത്തെ സന്തോഷിപ്പിക്കു മ്പോള്‍ മറുഭാഗം അതിന്‍റെ സ്വസ്ഥമായ ഭാവിയെക്കുറിച്ചോര്‍ത്ത് വേപഥുപൂണ്ടുനീറുന്നതും അതുകൊണ്ടാണ്. ആര്‍ത്തവവും പ്രസവവും  സ്ത്രീവാദികള്‍ സ്ഥിരമായി നോക്കിക്കാണുന്നതില്‍ നിന്നും വ്യത്യസ്തമായാണ് വിജയലക്ഷ്മിയുടെ കവിതകളില്‍  കാണാന്‍ കഴിയുന്നത്.ഉര്‍വ്വരതയുടെ അടയാളമായ മാതൃത്വം സ്ത്രീയുടെ  സ്വത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹി ക്കുന്നു എന്നഭിപ്രായമാണ് കവയിത്രിയുടേത്.

മാതൃത്വത്തിന്‍റെ മറ്റൊരു മുഖമാണ് څവിട്ടുപോകൂ' എന്ന കവിതയില്‍ കാണുന്നത്. ജീവിതത്തിന്‍റെ കയ്പ്പുകളില്‍നിന്നും അമ്മയ്ക്ക് മോചനം നല്‍കുന്നത് മകന്‍റെ ക്രീഡകളാണ്. പക്ഷേ മകന്‍ വളര്‍ന്ന് വലുതാകുമ്പോള്‍ അമ്മയെ ഉപേക്ഷിച്ച് പോകും. അത് മുന്നില്‍ക്കാണുന്ന അമ്മ .

'താനറിയാതെ നീയും വെടിയുമീ
കാതലറ്റ മരത്തിന്‍ നിലാത്തറ' (മൃശിക്ഷകന്‍ : 1992)

പ്രായമാകുന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുന്ന മക്കള്‍. ഈ പോക്ക് അവര്‍ക്കു നല്‍കുന്ന വേദനയിലും മക്കളെ ശപിക്കുന്ന അമ്മയെയല്ല മറിച്ച് തീപ്പക്ഷിയെ  പോലെ വിഹായസ്സി ലേക്ക് മക്കള്‍ പറന്നുപൊങ്ങട്ടെ എന്നാണ് കവയിത്രി ആഗ്രഹിക്കു ന്നത്. പ്രകൃതിബിംബങ്ങളിലൂടെ മകന്‍റെ ഉയര്‍ച്ചയെക്കുറിച്ചുളള സ്വപ് നങ്ങള്‍ അമ്മ നെയ്യുന്നു. തന്നെ വിട്ടു പോയാലും പ്രകൃതിയെയും സഹജീവികളെയും സകലചരാചരങ്ങളെയും സ്നേഹിക്കുന്ന ഉത്തമപൗരനായി മകന്‍ മാറണമെന്നാണ് മാതാവ് ചിന്തിക്കുന്നത്. മാതൃത്വത്തിന്‍റെ വിശാലമായ പരിപ്രേക്ഷ്യം വിജയലക്ഷ്മി ഇവിടെ ആവിഷ്കരിക്കുന്നു.

മുകളില്‍ പരാമര്‍ശിച്ച വരവ്, വിട്ടുപോകൂ എന്നീ  കവിതകളി ല്‍ അമ്മ അച്ഛന്‍ എന്നീ ദ്വന്ദങ്ങളിലെ അച്ഛന്‍ എന്ന കര്‍ത്തൃത്വത്തെ പരോക്ഷപരാമര്‍ശത്തിന് മാത്രമേ കവയിത്രി വിധേയമാക്കുന്നുള്ളൂ. അമ്മ അനുഭവിക്കുന്ന മനോനൊമ്പരങ്ങള്‍ക്കു പിന്നില്‍ അച്ഛന്‍റെ (ഭര്‍ത്താവിന്‍റെ) അധികാരത്തിന്‍റെ സ്വരങ്ങ ളാണെന്ന് കവയിത്രി പറയാതെ പറഞ്ഞുപോകുന്നു. വരവില്‍

'കഥകളുണ്ട് ഏറെ പറഞ്ഞു തീര്‍ക്കുവാന്‍
കരയിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍' (മൃഗശിക്ഷകന്‍: 1992) എന്നും

'വിട്ടുപോകൂ' എന്ന കവിതയില്‍ 

പുകനീറുന്ന കണ്ണുകള്‍
ചെറ്റു പൂട്ടിക്കിടക്കണമമ്മയ്ക്ക്' (മൃഗശിക്ഷകന്‍: 1992)

തുടങ്ങിയ വരികള്‍ ശ്രദ്ധിക്കുമ്പോള്‍ കഥകള്‍ പറയാനുള്ള തിനും കണ്ണുകള്‍ പുകനീറുന്നതിനു പിന്നിലുള്ള കാരണങ്ങളും അച്ഛനിലേക്ക് വിരല്‍ചൂണ്ടുന്നവയാണ്.

പ്രിയവും അപ്രിയവും കലര്‍ന്ന പ്രണയവര്‍ണ്ണങ്ങള്‍

പരസ്പരം പ്രണയിക്കുമ്പോള്‍ അധികാരത്തിന്‍റെ ബലതന്ത്ര ങ്ങളും അടിച്ചമര്‍ത്തലുകളും സ്ത്രീയെ അധികംബാധിക്കില്ല എന്നൊരു തോന്നലുണ്ട്. പ്രണയിക്കുന്നസ്ത്രീ മറ്റുള്ളവരില്‍നിന്നും കുറച്ചുകൂടി സ്വാതന്ത്ര്യം അനുഭവിക്കുന്നവളും ആസ്വദിക്കുന്നവളു മാണ്. സ്നേഹത്തിന്‍റെ പേരില്‍ കാമിനിയായ സ്ത്രീയും ഒരുപാട്സഹിക്കുന്നു. എങ്കിലും തന്‍റെ പ്രണയസങ്കല്പങ്ങളില്‍ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന കവയിത്രിയെയാണ് പ്രണയത്തില്‍ എന്ന കവിതയില്‍ കാണുന്നത്. കൂട്ടിലടച്ചപക്ഷി ആകാനല്ല  ആകാശം മുട്ടെ പറക്കുന്ന ഗരുഡനാകാനാണ് വിജയലക്ഷ്മിക്ക് ആഗ്രഹം.

'പഞ്ജരത്തിലെ പക്ഷിയല്ല, മേഘ
മണ്ഡലത്തില്‍ ഗ്ഗരുഡനാകുന്നു ഞാന്‍' (ഹിമ സന്നിധി : 2001) 

എന്‍റെ പ്രണയസാഫല്യം ജന്‍മജന്മാന്തരങ്ങളിലല്ല ഈ ജന്മത്തില്‍ത്തന്നെ നേടുമെന്ന നിശ്ചയ ദാര്‍ഡ്യമുള്ള പെണ്‍കുട്ടിയെ ഈ കവിതയില്‍ കാണാം.പ്രണയിക്കുമ്പോള്‍ രണ്ട് വ്യക്തികളുടെ യും സ്വഭാവ ത്തിന്‍റെ ഏറ്റവും നല്ല വശംമാത്രമേ വെളിപ്പെടുകയുള്ളൂ. ഇതേ കമിതാക്കള്‍ ജീവിതത്തിന്‍റെപച്ചയായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കടന്നുവരുമ്പോള്‍ പ്രണയം നഷ്ടപ്പെടുകയും സ്വത്വം വെളിപ്പെടുക യും ചെയ്യും.

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ സ്വജീവിതാനുഭവങ്ങുടെ ആഖ്യാനമാണ് ദേവാസുരം

'ഇക്കടല്‍-ഉപ്പിന്നുമുപ്പാം കടല്‍-സഖേ
മുക്കിക്കുടിക്കാമൊടുക്കത്തെ നാള്‍വരെ'
(വിജയലക്ഷ്മിയുടെ കവിതകള്‍:2022)

ജീവിതമാകുന്ന കടലിലെ ഉപ്പ്/കയ്പ്പ് ജീവിതാവസാനം വരെ തന്‍റെ ഭര്‍ത്താവിനൊപ്പം കുടിപ്പാ നായി നില്‍ക്കുന്ന ഭാര്യയാണ്. പ്രണയത്തെയും ദാമ്പത്യത്തെയും വിജയലക്ഷ്മി ആദര്‍ശ വല്‍ക്കരിക്കു മ്പോഴും സ്നേഹത്തിനുളളില്‍ പ്രവര്‍ത്തിയ് ക്കുന്ന അധികാരത്തിന്‍റെയും ആധിപത്യത്തിന്‍റെയും സ്വരം അവര്‍ തിരിച്ചറിയുന്നു. 

'പിരിയായ്കൊരിക്കലും
പിണങ്ങി, പറയാത്ത
പ്രിയമൊക്കെയെന്‍ മൊഴി-
ക്കുള്ളിലും വഴിഞ്ഞാലോ!' 
(വിജയലക്ഷ്മിയുടെ പ്രണയ കവിതകള്‍ : 20 18)

പ്രിയം എന്ന കവിതയില്‍ ഒരിക്കലും പിണങ്ങി പിരിയരുതെ ന്ന് പറയുമ്പോഴും അങ്ങനെ സംഭവിച്ചാല്‍ പറയാത്ത അപ്രിയങ്ങള്‍ അറിയാതെ തന്‍റെ വാക്കുകളില്‍ വന്നുപെട്ടുപോകുമെന്ന് ചിന്തിക്കു ന്ന പ്രണയിനിയെ കാണാം. ആണധികാരത്തിന്‍റെ ഒച്ചകളെ പ്രണയം കൊണ്ട് പൊതിഞ്ഞ് ചവര്‍പ്പുകള്‍ കടിച്ചമര്‍ത്തി സമരസപ്പെ ടുന്ന പ്രണയിനിയെയും വിജയലക്ഷ്മിയുടെ കവിതയില്‍  കാണാം.

വ്യത്യസ്തകാമനകളുടെ നിറഭേദങ്ങള്‍

അധികാരത്തിന്‍റെ കാലുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്ന സ്ത്രീയും പ്രകൃതിയും ഉഭയലിംഗിയും സവര്‍ണ്ണമായ ആണധികാര വ്യവസ്ഥയ്ക്കെരിരെ നടത്തുന്ന ധാര്‍മ്മികമായ ചലനങ്ങളുടെ ഭാഗമായാണ് വിജയലക്ഷ്മിയുടെ കവിതകളെ വിലയിരുത്താന്‍ കഴിയുന്നത്. ഈ ഭൂമിയിലെ വേദന അനുഭവിക്കുന്ന ഏതു മനസ്സും അവരുടെ കവിതയ്ക്ക് വിഷയങ്ങളാണ്.

ഏറെ വ്യത്യസ്തമായ ഒരു കവിതയാണ് ഉഭയലിംഗി. പുരുഷാധിപത്യവ്യവസ്ഥയില്‍നിന്നും മോചിതയാവാന്‍ വേണ്ടി കവയിത്രി ഉഭയലിംഗിയാകാന്‍ ആഗ്രഹിക്കുന്നു.

'അതി വിനീതമായ്
സ്വയം മറക്കാതെ
അതിനോടാണെനിക്കസൂയയിപ്പൊഴും (ഹിമ സമാധി: 2001)

തന്‍റെ സ്ത്രീത്വത്തെ മറക്കാതെ വളരെ വിനയത്തോടെ കവയിത്രി പറയുന്നു അതിനോടാണ്-ഉഭയലിംഗിയോടാണ്- തനിക്ക് അസൂയയെന്ന്. സമത്വത്തിന് വേണ്ടി പടപൊരുതേണ്ട, മാതാവാകേണ്ട, വംശത്തിന്‍റെവിശുദ്ധി കാക്കേണ്ട, പരിണാമത്തിന്‍റെ ഏതെങ്കിലും മരക്കൊമ്പില്‍ പറ്റി കിടക്കുക മാത്രമേ വേണ്ടൂ.

കെട്ടകാലത്തിന്‍റെ കാലുഷ്യത്തിലകപ്പെട്ടു പോകുന്ന പ്രകൃതിയും ജനജീവിതവും കവിയില്‍ ഉണ്ടാക്കുന്ന നൊമ്പരങ്ങളാ ണ് പാരിസ്ഥിതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കവിതകളില്‍ കാണുന്നത്. പ്രകൃതിയ്ക്കും സ്ത്രീയ്ക്കും മേലെ പുരുഷന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് എതിരെയുള്ള പ്രതികരണമാണ് നഗരത്തിലെ നാട്ടുമാവ്.

'നാളെയീ മരം വെട്ടാന്‍
നഗരാധിപര്‍ വെച്ച -
താവണം, മരച്ചോട്ടില്‍
മഴു.....' (മഴ തന്‍ മറ്റേതോ മുഖം: 1991)

സ്ത്രീ തന്‍റെ തലമുറകള്‍ക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന തുപോലെ മരങ്ങള്‍ ഭൂമിയ്ക്കു വേണ്ടിനിലകൊള്ളുന്നവയാണ്. അവയെ നശിപ്പിക്കുകയും സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി വെട്ടിമാറ്റു കയും ചെയ്യുന്നു. മുന്നില്‍വരുന്ന തടസ്സങ്ങളെ വെട്ടിമാറ്റി മുന്നേറുവാ നുള്ള പുരുഷന്‍റെ കരുത്തും  അധികാരവും  പ്രകൃതിയ്ക്കും സ്ത്രീയ് ക്കും മേല്‍ പ്രയോഗിക്കുന്നു. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടിയു ള്ള മനുഷ്യന്‍റെ ഓട്ടം മനുഷ്യവംശത്തിന്‍റെ തന്‍റെ നാശത്തിന് തന്നെ കാരണമാകും.

'ഇനിയെന്തു വില്‍ക്കും' എന്ന കവിതയില്‍
'പുഴയെ, കാറ്റിനെ, വെയിലിനെ, വില്‍ക്കാന്‍
മഴയെ, മണ്ണിന്‍റെ തരികളെ വില്‍ക്കാന്‍...' (ഒറ്റമണല്‍ത്തരി:2003)

ഉപഭോഗസംസ് കാരത്തിന്‍റെ പിടിയിലമര്‍ന്ന ഏതിനെയും വില്പന ചരക്കായി മാത്രം കാണുന്ന മാനവികത നഷ്ടപ്പെട്ട ലോകത്തിന്‍റെ മുഖമാണ് ഇവിടെ കാണുന്നത്.

ലിംഗഭേദമെന്യേ സകലചരാചരങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും അസമത്വങ്ങള്‍ കല്പിച്ച് സഹജീവികള്‍ക്ക് നേരെ അക്രമങ്ങളും അസഹിഷ്ണുതയും പ്രകടിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നതരത്തിലുള്ള  നിലപാടാണ് വിജയലക്ഷ്മിക്കുള്ളത്.മാനവികതയുടെ ആര്‍ദ്രത അവരുടെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

സ്വാതന്ത്ര്യം എന്നത് പുരുഷന് മാത്രം അനുഭവിക്കാനുള്ള ഒരു വികാരമല്ല യെന്ന തിരിച്ചറിവ് കവയിത്രിഎന്ന നിലയില്‍ തന്നില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നുഎന്ന് വിജയലക്ഷ്മി തിരിച്ചറിയുന്നു. ഭൂമിയില്‍ സ്ത്രീയായി പിറന്നതില്‍ അവര്‍ അഭിമാനം കൊളളുന്നു. പ്രതികൂലമായ ജീവിത പരിതോവസ്ഥകളെ മറികടന്ന് മുന്നേറാനുള്ള പ്രാപ്തി സ്ത്രീക്ക് ഉണ്ടായിരിക്കണമെന്ന് അവര്‍ വിശ്വസിക്കുന്നു. മറിച്ച്പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ജീവിതപ്രാരാബ്ധങ്ങളില്‍നിന്നും വീര്‍പ്പു മുട്ടലുകളില്‍ നിന്നും സ്നേഹശൂന്യതയില്‍യില്‍നിന്നും മോചനംനേടാനും മരണത്തില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെ വിജയലക്ഷ്മിയുടെ രചനകളില്‍ കാണാന്‍ കഴിയുന്നില്ല. കായല്‍ എന്ന കവിതയിലെ വരികള്‍ ശ്രദ്ധിക്കുക.

'ഗംഭീരമായ്  ശാന്തമായ്ക്കടലോളവും
നെഞ്ചുവിരിക്കുമിക്കായലിനെക്കൂടി എന്തിന്,
കൊല്ലുന്ന പുഞ്ചിരിയാല്‍ വിഡ്ഢി-
യെന്നു ഘോഷിക്കും പരിഹസിച്ചെങ്കിലും
എന്തിനോ സ്നേഹിച്ചുപോവുകയാണ്ഞാന്‍.
കായല്‍, തിരിച്ചൊന്നുമേകിയില്ലെങ്കിലും 
നീയടുത്തുണ്ടെങ്കിലാശ്വസ്തയാണു ഞാന്‍.' 
(മൃഗശിക്ഷകന്‍: 1992 )

ആത്മഹത്യചെയ്യുന്നവള്‍ വിഡ്ഢിയാണെന്നും അവള്‍ ലോകത്തിന് മുന്നില്‍ അപഹാസ്യയായി തീരുമെന്നുമുള്ള തിരിച്ചറി വ് കവിത പകരുന്നു. വിഷമങ്ങളും ദുരിതങ്ങളും പങ്കുവയ്ക്കാന്‍ കായല്‍ അടുത്തുണ്ടായാല്‍ മതി എന്ന് ആശ്വസിക്കുന്നു. സ്ത്രീയെ തിരിച്ചറിയുന്ന ഒരുലോകം ഇവിടെ ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസം കവയിത്രിക്കുണ്ട്.

ഉപസംഹാരം:

സ്വാനുഭവങ്ങളും തനിക്ക് ചുറ്റും കാണുന്ന സ്ത്രീയുടെ അനുഭവലോകങ്ങളുമാണ് വിജയലക്ഷ്മിയുടെ കവിതകളില്‍ തെളിഞ്ഞു കാണുന്നത്. ആണധികാര വ്യവസ്ഥതിയെ മറികടന്ന് സ്ത്രീ പൊതുസമൂഹത്തിന്‍റെ മുന്‍നിരയിലേക്ക് കടന്നുവരേണ്ടവളാ ണെന്ന ബോധമാണ് കവിതകളുടെ അടിസ്ഥാനം. കുടുംബത്തിലെയും സമൂഹത്തിലെയും സ്ത്രീയവസ്ഥകളെ പ്രശ്നവല്‍ക്കരിക്കുക യാണ് കവയത്രി. ഭരണഘടന ഉറപ്പുതരുന്ന ലിംഗ സമത്വം സാമൂഹിക നീതി വ്യവസ്ഥകള്‍ സ്ത്രീയ്ക്ക് നിഷേധിക്കുമ്പോള്‍ എഴുത്തുകാരിയിലെ സ്ത്രീത്വം അവയോട് കലഹിക്കുകയാണ്. ആണധികാരത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥകളുടെ ശരി തെറ്റുകളെ  പുരാണകഥകളുടെയും ഗാര്‍ഹികാന്തരീക്ഷങ്ങളുടെയും പശ്ചാത്തലത്തില്‍ വിജയലക്ഷ്മി മറനീക്കി കാണിക്കുന്നു. 

പരമ്പരാഗതവും എന്നാല്‍ പുരോഗമനപരവുമായ ആശയ ങ്ങള്‍ പങ്കുവയ്ക്കുന്നയാണ് വിജയ ലക്ഷ്മിയുടെ കവിതകള്‍. പാരമ്പര്യവും സ്വാതന്ത്ര്യ ബോധവും  തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴും വിജയലഷ്മിയുടെ കവിതയില്‍ കാണാം.

വ്യത്യസ്തമായ സ്ത്രീയവസ്ഥകള്‍ വിജയലക്ഷ്മി തന്‍റെ കവിതയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. അമ്മ, മകള്‍, സഹോദരി, ഭാര്യ, പ്രണയിനി തുടങ്ങിയ വിവിധ വേഷങ്ങള്‍ ആടുന്നസ്ത്രീകള്‍ തന്‍റെസ്വത്വത്തെ തിരിച്ചറിയുകയും  ആത്മധൈര്യത്തോടെ പ്രതിസ ന്ധികളെനേരിടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ഈ കവിതകളില്‍ കാണാന്‍ കഴിയും. ആണധികാരത്തിന്‍റെ ചൂളയില്‍ സ്വത്വസംഘര്‍ഷ ത്തില്‍പ്പെട്ടുഴലുമ്പോള്‍ ചിലപ്പോഴെങ്കിലും സമവായത്തിന്‍റെ സ്വരത്തില്‍സംസാരിക്കുന്ന സ്ത്രീത്വത്തിന്‍റെ വ്യത്യസ്ത മാതൃകകള്‍ വിജയലക്ഷ്മിക്കവിതകളെ ആര്‍ദ്രമാക്കുന്നു. അധികാരത്തിന്‍റെ ബലതന്ത്രങ്ങള്‍ക്കുള്ളില്‍ നിന്നല്ലാതെ പരസ്പരംസ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആശ കവിതയിലെ സ്തീകള്‍ക്കുണ്ട്. ലിംഗസമത്വം നേടുന്നതിലൂടെ മാത്രമേ സ്ത്രീ സ്വതന്ത്രയാവുകയു ള്ളൂയെന്ന് കവയിത്രി വിശ്വസിക്കുന്നു. ആണ്‍ കോയ്മയ്ക്കും സാമൂഹികാസമത്വള്‍ക്കും നേരെ കര്‍മനിരതരാകാന്‍ കവയിത്രി ആഹ്വാനം ചെയ്യുന്നു. ജീവിതത്തിന്‍റെസമസ്ത മേഖലകളിലും പുരുഷനോടൊപ്പം  സ്ത്രീയ്ക്കും തന്‍റേതായ നിലപാടുകള്‍ സ്വീകരി ക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും കഴിവുകള്‍ തെളിയിക്കാനു മുള്ള ഭയരഹിതമായ ലോകമാണ് കവയിത്രി സ്വപ്നം കാണുന്നത്.           

സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നവരും, പ്രതികരണശേ ഷിയുള്ളവരും, ലിംഗവിവേചനങ്ങള്‍ ക്കതീതരുമായ സ്ത്രീകളെയും അവരുടെ സ്വതന്ത്രമായ ജീവിതത്തെയും തന്‍റെ കവിതകളിലൂടെ പ്രത്യാശാ നിര്‍ഭരമായി നോക്കിക്കാണുകയാണ് വിജയലക്ഷ്മി.

ഗ്രന്ഥസൂചി:

ഒരു സംഘം ലേഖകര്‍, (സമാഹരണം: ജയകൃഷ്ണന്‍ എന്‍)(2002). പെണ്ണെഴുത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം.
ഗീത പി., (2002). ആധുനിക മലയാള കവിതയിലെ സ്ത്രീപക്ഷ സമീപനങ്ങള്‍, ലിപി, കോഴിക്കോട്.
ദേവിക ജെ., (2000). നവ സിദ്ധാന്തങ്ങള്‍. സ്ത്രീവാദം, ഡി.സി.ബുക്സ് കോട്ടയം, 2000
പ്രൊഫ.എന്‍.ഗോപിനാഥന്‍ നായര്‍, (2001). മനുസ്മൃതി (ഭൃഗു സംഹിത) സാര ബോധി നീ സഹിതം, വിദ്യാരംഭം പബ്ലീഷേഴ്സ്, നാലാം പതിപ്പ്.
രാമകൃഷ്ണന്‍, (1994). ദേശമംഗലം-സ്ത്രീലോക കവിത, ജനകീയ പ്രസിദ്ധീകരണ കേന്ദ്രം, കോഴിക്കോട്.
ലീലാവതി എം. (2000). ഫെമിനിസം ചരിത്രപരമായ ഒരന്വേഷണം, പ്രഭാത്, തിരുവനന്തപുരം.
വിജയലക്ഷ്മി, (1991). മഴതന്‍മറ്റേതോ മുഖം, കറന്‍റ് ബുക്സ്, തൃശൂര്‍.
വിജയലക്ഷ്മി, (1992). മൃഗശിക്ഷകന്‍, മള്‍ബറി ബുക്സ്, കോഴിക്കോട്.
വിജയലക്ഷ്മി, (1994). തച്ചന്‍റെ മകള്‍, ഡി.സി.ബുക്സ്, കോട്ടയം.
വിജയലക്ഷ്മി, (2001). ഹിമസമാധി, ഡി.സി.ബുക്സ്, കോട്ടയം.
വിജയലക്ഷ്മി, (2002). ഒറ്റ മണല്‍ത്തരി, ഡി.സി.ബുക്സ്, കോട്ടയം.
വിജയലക്ഷ്മി, (2022). വിജയലക്ഷ്മിയുടെ കവിതകള്‍, ഡി.സി.ബുക്സ്.
വിജയലക്ഷ്മി, (2018). വിജയലക്ഷ്മിയുടെ പ്രണയ കവിതകള്‍, ഡി.സി. ബുക്സ്. കോട്ടയം.
Maria Mies, (1986). Patriarchy and accumulation  on a world scale: Woman in the international division of labour, Palgrave Macmillan.
Millet.K, (1969). Sexual Politics, Abacus.
Rich.A, (1976). Of Woman Born: Motherhood As Experience And Institution, Norton.
Simone De Beauvier, (1972). The Second Sex, Penguin Books,1972.
Virginia Woolf, (2017). A Room Of One’s Own, Musaicum Books, 2017.
Dr. Deepa B.S
Assistant Professor
Department of Malayalam
Govt. College for Women
Thiruvananthapuram
Pin: 695014
Mobile No +91 9446222190
Email: drdeepabs2020@gmail.com
ORCID: 0000-0003-3962-2440