Aspects of Resistance: On Randu Matsyangal 

Vishnu. P.A
Dr. Bennichen Scaria

Ambikasuthan Mangad  is a short story writer who opposes the central position  of man in a place where nature and all things meet with strong enviormental images.  Ambikasuthan Mangad’s story ‘Randu Matysangal’   is analyzed in this essay‘ Aspects of Resistance: On  Randu Matsyangal’.  Randu Matsyangal is a story that accurately observes the ravags caused by human encroachment on nature.  The story explores the ecological  relevance of Buddhist Visions.  discusses the contemporary relevance of Buddhist principles and finds that the identitfy of the marginialized  people is evident in the  story. The presence of  Ezhuthachans’ Kilippattu works comes into the story.  It tries to evaluate the way of life amnd culture of the people of  north Kerala by integrating the local lore and locality in the story.  The story writer says that strengthening love relationships in the necessity of the times.  The message of the story is that the concept of sustainable development, which is suitable for all living things on earth, is the basis for the existence of living things including humans.  This  story putsforth ecological   thought that the power to survive is to survive itself.  The essay evaluates the story in general and the characters in particular.

Key words: Survival, ecosystem, nature-human identity, Buddha vision, Ezhuthchan’s Kilippattu , regional knowledge, locality, concept of family, marginalized society, sustainable development, globalization.

References:-

Kadaloor Soman (Editor) (2019)  Athmabhodhathinte Uriyattam,  Kairali  Books,Kannur
Thilak. P.K (April 10   2016)  Ambikasuthan Mangadinte Prapancha Kathakal Mathruboomy weekly Kozhikode
Mangadu Ambikasudhan  (2017) Ente Priyapetta Kathakal, D.C. Books, Kottayam
Mangadu Ambikasudhan (Editor) (2016) Malayalathile Paristhithi Kathakal, Mathrubhoomi Books, Kozhikode
Rahul Radhakrishnan (September 2018) Aavasavyavastha thakarumbol Vinjanakairali,  Thriuvananthapuram
Sachidanandan (2013) Theranjedutha Kavithakal, current Books,  Thrissur  
Vishnu. P.A
Research Scholar, Department of Malalayam 
Government College , Kattappana
Pin: 685 08
Mob. +91 7736988711
Mail: vishnuajayakumar05@gmail.com
ORCID: 0000-0002-5670-124X
&
Dr. Bennichen Scaria
Associate Professor & Research Guide
Department of Malayalam
Govt. College
Kattappana
Pin: 685508
Mob: +91 9447916868
Mail: frbennop@gmail.com
ORCID: 0000-0003-2756-1652

പ്രതിരോധത്തിന്‍റെ ഭിന്നമുഖങ്ങള്‍: രണ്ടു മത്സ്യങ്ങളില്‍

വിഷ്ണു. പി. എ,
ഡോ. ബെന്നിച്ചന്‍ സ്കറിയ

പ്രകൃതിയും സര്‍വ്വചരാചരങ്ങളും ചേരുന്നൊരാവാസത്തില്‍ മനുഷ്യന്‍ മാത്രം കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുന്നതിനെ അതിശക്തമായ പാരിസ്ഥിതിക ബിംബങ്ങള്‍ക്കൊണ്ട് എതിര്‍ക്കുന്ന കഥാകൃത്താണ് അംബികാസുതന്‍ മാങ്ങാട്. അദ്ദേഹത്തിന്‍റെ ڇരണ്ടു മത്സ്യങ്ങള്‍چ എന്ന കഥയെ പ്രതിരോധത്തിന്‍റെ ഭിന്നമുഖങ്ങള്‍: രണ്ടു മത്സ്യങ്ങളില്‍ എന്ന ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നു. പ്രകൃതിയിലെ ജീവജാലങ്ങളുടേമേലുള്ള മനുഷ്യന്‍റെ കടന്നുകയറ്റം സൃഷ്ടിക്കുന്ന വിനാശങ്ങളെ കൃത്യമായി നിരീക്ഷിക്കുന്ന കഥയാണ്ڇരണ്ടു മത്സ്യങ്ങള്‍. ബുദ്ധദര്‍ശനങ്ങളിലൂന്നിയ പാരിസ്ഥിതിക പ്രസക്തി ഈ കഥ അന്വേഷിക്കുന്നു. ബൗദ്ധതത്വങ്ങളുടെ കാലിക പ്രസക്തി ചര്‍ച്ചചെയ്യുന്നതിനോടൊപ്പം അരികുവത്കരിക്കപ്പെട്ട ജനതയുടെ സ്വത്വം കഥയില്‍ പ്രകടമാണെന്ന് കണ്ടെത്തുന്നു. എഴുത്തച്ഛന്‍റെ കിളിപ്പാട്ട് കൃതികളുടെ സാന്നിദ്ധ്യം കഥയില്‍ കടന്നുവരുന്നു. നാട്ടറിവുകളും പ്രാദേശികതയും സമന്വയിക്കുന്നതിലൂടെ അത്യുത്തര കേരളത്തിലെ ജനതയുടെ ജീവിതരീതിയും സംസ്കാരവും ڇരണ്ടു മത്സ്യങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്ന് വിലയിരുത്താന്‍ കഴിയുന്നു. സ്നേഹ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയായി കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നു. ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ഉതകുന്ന സുസ്ഥിരവികസനം എന്ന ആശയമാണ് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിന്‍റെ ആധാരശിലയെന്ന സന്ദേശമാണ് കഥയില്‍ ദൃശ്യമാകുന്നത്. അതിജീവനത്തിന് കരുത്ത് പകരേണ്ടത് സ്വയം അതിജീവിച്ചുകൊണ്ടാണ് എന്ന പാരിസ്ഥിതികമായ ചിന്ത ഈ കഥ മുന്നോട്ടുവെയ്ക്കുന്നു. കഥയെ സാമാന്യമായും കഥാപാത്രങ്ങളെ സവിശേഷമായും ലേഖനത്തില്‍ വിലയിരുത്തുന്നു.

താക്കോല്‍ വാക്കുകള്‍: അതിജീവനം, ആവാസവ്യവസ്ഥ, പ്രകൃതി-മനുഷ്യസ്വത്വം, ബുദ്ധദര്‍ശനം, എഴുത്തച്ഛന്‍റെ കിളിപ്പാട്ട്, നാട്ടറിവുകള്‍, പ്രാദേശികത, കുടുംബസങ്കല്പം, അരികുവത്കൃത സമൂഹം, സുസ്ഥിര വികസനം, ആഗോളീകരണം.

സമകാലിക മനുഷ്യാവസ്ഥകളെ പ്രതിബദ്ധമായും പ്രതിഷേധാത്മകമായും നിരീക്ഷിച്ച മികച്ച കഥകള്‍കൊണ്ട് മലയാള ഭാവനയെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് അംബികാസുതന്‍ മാങ്ങാട്. കണക്ക് തെറ്റിത്തുടങ്ങിയ കാലത്തെ സമയം തെറ്റിയ ഒരു നാഴികമണിയായി ദര്‍ശിച്ച അദ്ദേഹത്തിന്‍റെ കഥകള്‍ പാരമ്പര്യത്തിന്‍റെയും മൂല്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും നിരാസത്തിലൂടെ മനുഷ്യന്‍ ഉപേക്ഷിക്കുന്ന ലോകത്തെ വരച്ചിടുന്നു. ആധുനിക സമൂഹം മൂലധന കേന്ദ്രീകൃതമാകുമ്പോള്‍ പാരിസ്ഥിതിക ചിന്തകള്‍ ഉപരിപ്ലവമായി മാറുന്ന കാഴ്ചയെ വേദനയോടെയാണ് അംബികാസുതന്‍ മാങ്ങാട് അവതരിപ്പിക്കുന്നത്. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളുടെ അസാധാരണമായ നിശബ്ദതയില്‍ മനംനൊന്ത കഥാകാരന്‍റെ ആകുലതകളെ അദ്ദേഹത്തിന്‍റെ പരിസ്ഥിതി കഥകള്‍ അടയാളപ്പെടുത്തുന്നു. മുതലാളിത്ത വികസന സങ്കല്പങ്ങളെ പുല്‍കാന്‍ ഭരണാധികാരികള്‍ തയ്യാറാകുമ്പോള്‍ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും ഇല്ലാതാകുന്ന കാഴ്ചയെ രണ്ടു മത്സ്യങ്ങളില്‍ തുറന്നു കാണിക്കുന്നു. പാരിസ്ഥിതിക ചിന്താപദ്ധതികള്‍ക്ക് സൈദ്ധാന്തിക അടിത്തറയുണ്ടാകുന്നതിന് മുമ്പു തന്നെ പ്രകൃതിയെ മാനവലോകം സ്വീകരിച്ചത് എങ്ങനെയെന്ന് ഈ കഥയില്‍ വ്യക്തമാകുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന ഒരു കാലത്തെ കഥാകൃത്ത് ഓര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്. ജീവിത സാധാരണീകരണത്തിന്‍റെ പൊള്ളുന്ന വാസ്തവികത കേരളീയ ജനതയെ നിരന്തരം അലട്ടിക്കൊണ്ടിരുന്ന പ്രശ്നഭൂമികയാണെന്നുള്ള തിരിച്ചറിവാണ് രണ്ടു മത്സ്യങ്ങള്‍ എന്ന കഥ മുറുകെപ്പിടിക്കുന്നത്.

പാരിസ്ഥിതിക ചൂഷണത്തിന്‍റെ ഇരുവശങ്ങളെയാണ് കഥയിലെ രണ്ട് മത്സ്യങ്ങളായ അഴകനും പൂവാലിയും പ്രതിനിധീകരിക്കുന്നത്. ഇരയാകുന്നവര്‍, ഇരയാക്കുന്നവര്‍ എന്നിങ്ങനെ രണ്ട് പ്രതിച്ഛായകള്‍ കഥാകൃത്ത് എടുത്തുകാട്ടുന്നു. ഇരയാകുന്നവരുടെ ദുഃഖത്തെ അടുത്തറിഞ്ഞ കഥാകൃത്താണ് അംബികാസുതന്‍ മാങ്ങാട്. അന്യഗ്രഹ ജീവികളെപ്പോലെ വിചിത്രമായ ഉടലുകളുമായി പിറന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും വേദനയുള്‍ക്കൊള്ളുന്ന څഎന്‍മകജെچ അദ്ദേഹത്തിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവലാണ്. കഥാകൃത്ത് ഒരു അഭിമുഖത്തില്‍ എന്‍മകജെയുടെ ദുഃഖം നിലവിലുള്ള ഒരു ഭാഷയിലും വിവരിക്കാനാവില്ല. ഒരു നോവലും അതിന് മതിയാവുകയില്ല. ആ ദുഃഖത്തിന് പകരംവയ്ക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. വര്‍ത്തമാന കാലഘട്ടത്തില്‍ പാരിസ്ഥിതികമായ അതിജീവനത്തിന്‍റെ പാഠങ്ങളാണ് നാം ഉള്‍ക്കൊള്ളുന്നതെന്ന് ഇതിലൂടെ ബോധ്യപ്പെടുന്നു.

രണ്ടു മത്സ്യങ്ങളിچലെ അഴകനും പൂവാലിയും പ്രതീക്ഷാജനകമായി നിര്‍മ്മിക്കപ്പെട്ടതാണ്. കാരണം മരണത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്നും അടുത്ത തലമുറയിലൂടെ ഓരോ ജീവിവര്‍ക്ഷവും പുതിയ തലമുറയുടെ ജീവിതം തേടുകയാണെന്നും അഴകനും പൂവാലിയും ഓര്‍മ്മപ്പെടുത്തുന്നു. സന്തതി പരമ്പരകളിലൂടെ അതിജീവിക്കണമെന്ന ആഗ്രഹമാണ് അഴകനിലും പൂവാലിയിലും സകല ജീവജാലങ്ങളിലും കാണുന്നത്. ഉദാഹരണമായി കേരളത്തിലെ പ്രളയാനന്തര സാമൂഹിക-പാരിസ്ഥിതിക സ്ഥിതിവിശേഷങ്ങളെ പരിശോധിക്കാവുന്നതാണ്. വീണ്ടെടുപ്പുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് പ്രളയാനന്തര കേരളം നല്‍കുന്നത്. ഇത്തരത്തിലുള്ള നാശോന്മുഖമായ അവസ്ഥകളെക്കുറിച്ച് അംബികാസുതന്‍ മാങ്ങാടിനെപ്പോലെയുള്ള എഴുത്തുകാര്‍ കൃത്യമായ ദിശാബോധം നല്‍കിയിരുന്നുവെങ്കിലും മനുഷ്യന്‍റെ സ്വാര്‍ത്ഥചിന്തകള്‍ക്ക് അറുതിവരുന്നില്ല എന്നതാണ് വാസ്തവം. പ്രകൃതിയുടെ അന്ത:സംഘര്‍ഷത്തിന് മനുഷ്യന്‍ സാക്ഷിയാകുന്നത് ഏറെ വേദനാജനകമാണ്. അംബികാസുതന്‍ മാങ്ങാട് തുടങ്ങിയ എഴുത്തുകാര്‍ക്ക് സാഹിത്യ മേഖലയില്‍ തന്‍റേതായ ഒരിടമുണ്ടായത് പ്രകൃതിയുടെ കാണാപ്പുറങ്ങളെ അടുത്തറിഞ്ഞതുകൊണ്ടാണ്. പരിസ്ഥിതി ചൂഷണത്തിന്‍റെ പുത്തന്‍ അധിനിവേശ കാലത്ത് ജീവജാലങ്ങളുടെ അതിജീവനശ്രമത്തെ മനുഷ്യന്‍റെ പൊള്ളയായ ഉപഭോഗസംസ്കാരം കാര്‍ന്നുതിന്നുന്നതിനെയാണ് 

രണ്ടു മത്സ്യങ്ങള്‍چ നാണയപ്പെടുത്തുന്നത്.  څڅപുഴയുടെ ചോര കത്തിയ ജഡംപോലെ അവിടവിടെ കലക്കവെള്ളം തങ്ങിനില്‍ക്കുന്നുچچ (അംബികാസുതന്‍ മാങ്ങാട്, 2017:138) എന്ന കഥാവാക്യം മനുഷ്യന്‍റെ ജീവിതരീതി പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താളംതെറ്റിക്കുന്നുവെന്നാണ് പറയുന്നത്. ജലക്ഷാമത്തിന്‍റെ സൂചനയെ ഈ വാക്കുകളിലൂടെ വ്യക്തമാക്കാന്‍ കഥാകൃത്തിന് കഴിയുന്നു. څڅഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീര്‍ച്ചാലിലൂടെ തവളയുടെ പിന്നാലെ മീനുകള്‍ കാവിനു മുന്നിലെത്തിچچ (അംബികാസുതന്‍ മാങ്ങാട്, 2017:139) എന്ന വാക്യത്തില്‍ ഭൂമിയുടെ ആസന്നമരണത്തെയാണ് സൂചിപ്പിക്കുന്നത്.

ആവാസവ്യവസ്ഥയെ പരസ്പരം ബന്ധിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ജീവദായകമായ ജലത്തില്‍ അഴകനും പൂവാലിയും അതിജീവനത്തിനായി നടത്തുന്ന ശ്രമങ്ങള്‍ ശക്തമായ പാരിസ്ഥിതിക പ്രതിസന്ധിയെയാണ് തുറന്നുകാണിക്കുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കാം അഴകാ നമുക്കുവേണ്ടി മാത്രമല്ല ഭൂമിയിലെ സര്‍വ്വചരാചരങ്ങള്‍ക്കും മഴകിട്ടാന്‍ڈ (അംബികാസുതന്‍ മാങ്ങാട്, 2017:132) എന്നു പൂവാലി പറയുന്നത് മഹത്തായ ഒരു സന്ദേശത്തിന്‍റെ ഈടുവെയ്പ്പാണ്. മഴയില്ലാതെ വലയുന്ന ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ള പൂവാലിയുടെ പ്രാര്‍ത്ഥന സ്വാര്‍ത്ഥതയ്ക്കു വേണ്ടി പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യന് നല്‍കുന്ന പ്രഹരമാണ്. ജൈവവൈവിധ്യത്തിന്‍റെ ഭാഗമായി സകല ജീവജാലങ്ങളും നിലകൊള്ളുന്നു. മനുഷ്യന്‍ അതിന്‍റെ ഭാഗമാണ്. പക്ഷേ ആവാസ വ്യവസ്ഥയുടെ കേന്ദ്രബിന്ദു ഒരു കാലത്തും മനുഷ്യനാകുന്നില്ല എന്ന പൊതുബോധം ആധുനികസമൂഹം അംഗീകരിക്കുന്നില്ലെന്നുള്ള ആശങ്ക കഥാകൃത്തിനുണ്ട്. څڅവാളുകളും കുന്തങ്ങളും കുതിച്ചുവരുന്നത് കണ്ടപ്പോള്‍ അഴകനും പൂവാലിയും സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞു ചാടിچچ (അംബികാസുതന്‍ മാങ്ങാട്, 2017:135) എന്ന് കഥയില്‍ പറയുമ്പോള്‍ ഏകാധിപത്യ സ്വഭാവമുള്ള മനുഷ്യന്‍റെ ക്രൂരമനോഭാവമാണ് വെളിപ്പെടുന്നത്. എന്നാല്‍ പാരിസ്ഥിതികമായ മനുഷ്യചെയ്തികളുടെ തിക്താനുڅവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മനുഷ്യസമൂഹത്തിന് തന്നെ പല തട്ടുകളുണ്ട്. പലപ്പോഴും താഴേത്തട്ടിലുള്ളവരുടെ ജീവിതപ്രശ്നം മാത്രമായി മുഖ്യധാര പാരിസ്ഥിതിക പ്രശ്നങ്ങള്‍ മാറുകയും ചെയ്യുന്നു. 

വിസ്മൃതികളുടെയും നഷ്ടങ്ങളുടെയും ശക്തമായ മെറ്റഫറുകളിലൂടെ പാരിസ്ഥിതിക സമസ്യകളുടെ വൈവിധ്യത്തെ കഥകളില്‍ ആവിഷ്കരിച്ച അംബികാസുതന്‍ മാങ്ങാട് കഥാതന്തുവില്‍ തത്വചിന്തയുടെ സാരാംശം കൂട്ടിച്ചേര്‍ക്കുകയാണ് ڇരണ്ടു മത്സ്യങ്ങളില്‍. പ്രകൃതിയില്‍നിന്ന് വേറിട്ടൊരു നിലനില്‍പ്പ് മനുഷ്യനില്ലെന്നുള്ള യാഥാര്‍ത്ഥ്യബോധത്തെ അഴകനും പൂവാലിയും തന്മയീഭാവത്തോടെ കൈകാര്യം ചെയ്യുന്നു. ആഗോളസമൂഹത്തിന്‍റെ വികസന തന്ത്രങ്ങളില്‍ ചുറ്റിവലിയുമ്പോള്‍ മനുഷ്യന്‍ മാത്രമല്ല സകല ജീവജാലങ്ങളും നിലനില്‍പ്പിനായി പൊരുതേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യത്തെ രണ്ടു മത്സ്യങ്ങള്‍ തുറന്നുപറയുന്നു. പ്രകൃതി ബിംബമെന്നതിനപ്പുറം കഥയിലെ കവ്വായിക്കായലും ശൂലാപ്പുദേവിയും ആകാശദേവനും വ്യക്തിജീവിതത്തിന്‍റെ നശ്വരതയെ ബോധ്യപ്പെടുത്തുന്ന ഉപാദാനങ്ങളാണ്.

ബുദ്ധദര്‍ശനത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം

ലോകത്തിന് അഹിംസയുടെയും നിസ്വാര്‍ത്ഥമായ കാരുണ്യത്തിന്‍റെയും ജ്ഞാനമാര്‍ഗ്ഗം ഉപദേശിച്ചുതന്ന ശ്രീബുദ്ധന്‍റെ ജീവിതസന്ദേശത്തെ കഥയില്‍ അവതരിപ്പിക്കുമ്പോള്‍ പരിഷ്കൃത സമൂഹത്തിന് ബോധ്യപ്പെടുന്ന ചില സത്യങ്ങള്‍ക്ക് ഉള്‍ക്കാമ്പുണ്ടെന്ന തിരിച്ചറിവാണ് ڇരണ്ടു മത്സ്യങ്ങള്‍چ എന്ന കഥയുടെ അന്തര്‍ധാര. ഗാന്ധിയന്‍ അഹിംസാവാദത്തിന്‍റെ അടിത്തറയും ബുദ്ധദര്‍ശനങ്ങളിലൂന്നിയതാണ്. പാരിസ്ഥിതിക പ്രശ്നങ്ങളോടൊപ്പം തത്വജ്ഞാനപരമായ ഒരന്വേഷണമായി കഥമാറുന്നു. കഥയിലെ ബുദ്ധസ്പര്‍ശനമേറ്റ് ചിരഞ്ജീവിയായ തവള അഹിംസ സിദ്ധാന്തത്തിന്‍റെ പ്രതിരൂപമാണ്. څബുദ്ധ സ്പര്‍ശനംچ എന്ന പ്രയോഗത്തിന് സവിശേഷ സ്ഥാനം കൈവരുന്നു. സര്‍വ്വജീവജാലങ്ങളുടെയും കൂടിച്ചേരലാണ് ഭൂമിയുടെ നിലനില്‍പ്പിന് ആധാരമെന്ന ബുദ്ധന്‍റെ അഭിപ്രായമാണ് തവളയിലൂടെ പ്രകടമാകുന്നത്. അതിജീവനത്തിനായി പൊരുതുന്ന മത്സ്യങ്ങള്‍ക്കും കിളിമകള്‍ക്കും തവള ഊര്‍ജവും ദിശാബോധവും നല്‍കുന്നു. ബുദ്ധന്‍റെ നിര്‍വാണദര്‍ശനത്തെ ഇന്ദ്രിയാനുഭവങ്ങളിലൂടെ സന്നിവേശിപ്പിക്കാന്‍ തവളയ്ക്ക് സാധിച്ചിട്ടുണ്ട്. ഒരു സന്യാസിയുടെ പരിപ്രേക്ഷ്യത്തിലൂടെ ശ്രീബുദ്ധന്‍റെ പ്രതിരൂപമായി മാറുന്ന തവള യഥാര്‍ത്ഥ അറിവിന്‍റെ പ്രതിനിധി കൂടിയാകുന്നു. തന്‍റെ ജീവിത സന്ദേശം അഴകനും പൂവാലിക്കും പകര്‍ന്നു നല്‍കുന്നിടത്ത് കഥയിലെ തവള ഔന്നിത്യത്തിലെത്തുന്നു. നിഷ്കളങ്കതയുടെ വിവേകമാണ് ഇവിടെ പ്രതിബിംബമാകുന്നത്. അംബികാസുതന്‍ മാങ്ങാടിന്‍റെ څമണ്ഡുകോപനിഷത്ത്چ എന്ന കഥയിലും ബുദ്ധദര്‍ശനം അന്തര്‍څവിച്ചിട്ടുണ്ട്. കഥാകാരന് സമൂഹത്തോട് സംവദിക്കാനായി മഹാന്മാരെ രംഗത്ത് അവതരിപ്പിക്കുന്ന രീതി രണ്ടു മത്സ്യങ്ങള്‍ എന്ന കഥയെ സവിശേഷ സ്ഥാനത്ത് നിലയുറപ്പിക്കാന്‍ പര്യാപ്തമാണ്.

അരികുവത്കൃതസമൂഹം തിരസ്കരിക്കപ്പെടുമ്പോള്‍

പാരിസ്ഥിതിക പ്രതിസന്ധികളെ അവതരിപ്പിക്കുമ്പോഴും ڇരണ്ടു മത്സ്യങ്ങള്‍چ എന്ന കഥയില്‍ ഒരു ദളിതനുഭവമുണ്ട ്. അഴകന്‍റെയും പൂവാലിയുടെയും കഥയാണ് പറയുന്നതെങ്കിലും മനുഷ്യജീവിതത്തിന്‍റെ ദയനീയതയാണ് കഥയില്‍ പ്രകടമാകുന്നത്. അഴകനും പൂവാലിയും മനുഷ്യപരിവേഷം സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ്. ദളിത് സ്വത്വത്തിന്‍റെ ആത്മസംഘര്‍ഷം മത്സ്യങ്ങളുടെ ജീവിത പരിസരങ്ങളില്‍ കടന്നുവരുന്നു. ഉദാഹരണമായി څڅക്ഷമിക്കണം പ്രഭോچچ (അംബികാസുതന്‍ മാങ്ങാട്, 2017:136) എന്ന് തവളയെ അഭിസംബോധന ചെയ്തു മത്സ്യങ്ങള്‍ സംസാരിക്കുമ്പോള്‍ വിധേയത്വത്തിന്‍റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. څڅഞാനിനി കരയില്ല പ്രഭോچچ (അംബികാസുതന്‍ മാങ്ങാട്, 2017:140) എന്ന കഥയിലെ കിളിമകളുടെ സംഭാഷണവും കീഴടങ്ങലിന്‍റെ പ്രതിധ്വനിയാണ് മുഴക്കുന്നത്. ദളിത് ജീവിതം അനുഭവിക്കുന്ന അവശതകളെ അഴകന്‍റെയും പൂവാലിയുടെയും കിളിമകളുടെയും ജീവിതത്തിലൂടെ പുനര്‍നിര്‍മ്മിക്കുന്നു. څڅകള്ളത്തിരുമാലികള്‍ രണ്ടും ഒളിച്ചിരുപ്പിണ്ട്چچ (അംബികാസുതന്‍ മാങ്ങാട്, 2017:135) എന്ന സംഭാ ഷണത്തെ څമനുഷ്യന്‍റെ അലര്‍ച്ച മുഴക്കിچ എന്ന പ്രയോഗത്താലാണ് കഥയില്‍ സമന്വയപ്പെടുത്തുന്നത്. വരേണ്യജനത അധികാരകേന്ദ്രത്തില്‍ സ്ഥാനമുറപ്പിക്കുമ്പോള്‍ മുഖ്യധാരാ സമൂഹത്തില്‍ നിന്നകന്നു ജീവിക്കേണ്ടിവരുന്നവരുടെ നിസ്സഹായകതയാണ് ഇവിടെ തെളിയുന്നത്.

ജന്തുപാത്രങ്ങളുടെ ബിംബസാന്നിധ്യം

നാഗരിക ലോകത്തിന്‍റെ പുത്തന്‍ പ്രവണതകള്‍ സാംശീകരിച്ച മനുഷ്യകുലം തന്‍റെ ചുറ്റുപാടുകളെ ദുരിതപൂര്‍ണ്ണമാക്കുന്ന കാഴ്ചയില്‍ നിന്നാണ് അംബികാസുതന്‍ മാങ്ങാടിന്‍റെ ഭാവനാലോകം വികസിച്ചത്.  രണ്ടു മത്സ്യങ്ങള്‍, നീരാളിയന്‍, പുഴജീവി, മണ്ഡുകോപനിഷത്ത്, ആനത്താര തുടങ്ങിയ കഥകളില്‍ അദ്ദേഹം പാരിസ്ഥിതിക വിനാശം സംഭവിക്കുന്ന ജന്തുവര്‍ക്ഷങ്ങളെ കഥാപാത്രമായി കൊണ്ടുവരുന്നു. څആമയും ആനയും ഒരു നാടോടിക്കഥയല്ലچ എന്ന ഡോ. ദീപേഷ് കരിമ്പുങ്കരയുടെ ലേഖനത്തില്‍ څڅനാടോടികഥകളുടെ കേവലകഥാപാത്രങ്ങള്‍ എന്ന സങ്കല്പങ്ങളില്‍ നിന്ന് ഭിന്നമായി സമകാലിക കാലത്തിന്‍റെ ഇരയായി മാറേണ്ടിവരുന്ന ജന്തുവര്‍ക്ഷങ്ങളെ നിരീക്ഷിക്കുകയാണ് അംബികാസുതന്‍ മാങ്ങാട് ചെയ്യുന്നത്چچ (ഡോ. സോമന്‍ കടലൂര്‍ 219:188) എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കോളജിയന്‍ സങ്കല്പത്തില്‍ ഊന്നിനിന്നുകൊണ്ട് ജന്തു കഥാപാത്രങ്ങളെ തുടര്‍ച്ചയായി രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ആധുനിക മനുഷ്യരിലുള്ള എഴുത്തുകാരന്‍റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടുന്നു. പല കഥകളിലും ജന്തുക്കള്‍ കടന്നുവരുന്നുണ്ട്.ڈരണ്ടു മത്സ്യങ്ങളിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ ജീവികളാണെന്നുള്ളത് ഇവിടെ എടുത്തുപറയേണ്ടതാണ്. പ്രകൃതി നശീകരണം, പരിസ്ഥിതി പ്രശ്നങ്ങള്‍ തുടങ്ങിയ വിലാപ ലിഖിതങ്ങള്‍ക്കപ്പുറത്ത് പ്രകൃതി സ്വത്വവും മനുഷ്യസ്വത്വവും ഒന്നാണെന്ന് സ്ഥാപിക്കാനുള്ള യത്നമാണ് അംബികാസുതന്‍ മാങ്ങാടിന്‍റെ കഥകളില്‍ കാണുന്നത്. 

നാട്ടറിവുകളും പ്രാദേശിക സ്വത്വവും

ഗ്രാമീണ ജനതയുടെ സ്പന്ദനം രണ്ടു മത്സ്യങ്ങളില്‍ പ്രകടമാണ്. പ്രാദേശികമായ ആചാരാനുഷ്ഠാനങ്ങളെയും മിത്തുകളെയും സന്നിവേശിപ്പിക്കാന്‍ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.  മൂകാസുരനെ വധിച്ചശേഷം ദേവി ചുറ്റിയെറിഞ്ഞ ശൂലം വന്ന് വീണ ഇടമാണ് കഥയിലെ ശൂലാപ്പ് കാവ് എന്ന് പ്രാദേശികമായ ഒരു ഐതിഹ്യമുണ്ട്. അത്യുത്തര കേരളത്തിലെ നാട്ടു പ്രദേശങ്ങളുടെ വിശ്വാസങ്ങളും ആരാധന സങ്കല്പങ്ങളും കഥാകൃത്ത് ഒപ്പിയെടുക്കാന്‍ ശ്രമിക്കുന്നു. ശൂലാപ്പ് കാവ് ഉപേക്ഷിച്ചുപോകാന്‍ അഴകനോടും പൂവാലിയോടും തവള പറയുന്നത്,  കഥയിലെ സംഭവ ഗതിവികാസങ്ങള്‍ക്കപ്പുറം ശുലാപ്പ് കാവുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന വിശ്വാസത്തിന്‍റെ ഭാഗമായിട്ടാണ്. څനാടിന്‍റെ ദൈവങ്ങള്‍چ എന്ന ലേഖനത്തില്‍ څڅകേരളത്തില്‍ ജീവിച്ചുകൊണ്ടും അനൗപചാരിക ചരിത്രങ്ങള്‍ക്കൂടി അറിഞ്ഞുകൊണ്ടും സാധാരണ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടും നേടുന്ന അനുഭവജ്ഞാനം കൂടിയായാലെ ഒരാള്‍ക്ക് ഈ ചെറുകഥകള്‍ വായിക്കാനുള്ള ഉപകരണങ്ങള്‍ നേടിയെന്ന് പറയാനുകയുള്ളു. ഇങ്ങനെയൊരു ജ്ഞാനോപകരണം സ്വന്തമാക്കണമെന്ന മുന്നറിയിപ്പുകൂടി തരുന്നതാണ് ഈ കഥാകാരന്‍ സര്‍ക്ഷാത്മകമായ വിവേചനത്തോടെ നിര്‍വ്വഹിക്കുന്ന പ്രാദേശികതയുടെ വിന്യാസങ്ങള്‍چچ (ഡോ. സോമന്‍ കടലൂര്‍, 2019:58) എന്ന് ഇ.പി. രാജഗേപാലന്‍ അംബികാസുതന്‍ മാങ്ങാടിനെക്കുറിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. കഥാകാരന്‍റെ ഗൃഹാതുരത്വ വാസനയും വര്‍ത്തമാനകാല ജീവിതാവസ്ഥയും എഴുത്തില്‍ പ്രകടമാണെങ്കിലും ഭാവിയുടെ സൂചനകളെയാണ് അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത്.

എഴുത്തച്ഛന്‍ കൃതികളുടെ ചിന്താധാര

മലയാള ഭാഷയുടെ അനുക്രമമായ വികാസത്തില്‍ നവീനമായ ഒരു രീതിയ്ക്ക് നാന്ദികുറിച്ചത് എഴുത്തച്ഛന്‍ കൃതികളാണ്. സാഹിത്യഭാഷയ്ക്കും സംസാരഭാഷയ്ക്കും തമ്മിലുണ്ടായിരുന്ന അന്തരം കുറച്ചുകൊണ്ടുവരുന്നതില്‍ എഴുത്തച്ഛന്‍റെ കിളിപ്പാട്ട് കൃതികള്‍ക്കുള്ള പങ്ക് വലുതാണ്. കേരളീയരെ ആദ്ധ്യാത്മികമായും സാമൂഹികമായും ഉണര്‍ത്താന്‍ എഴുത്തച്ഛന് സാധിച്ചു. ആ പാരമ്പര്യം പിന്‍തുടര്‍ന്ന് പാരിസ്ഥിതികമായ ഉയര്‍ത്തെഴുന്നേല്‍പ്പിനുവേണ്ടി പരിശ്രമിക്കണം എന്ന ഉപദേശമാണ് രണ്ടു മത്സ്യങ്ങള്‍ എന്ന കഥയിലെ തവള നല്‍കുന്നത്. കിളിമകള്‍ എന്ന കഥാപാത്രം ബോധപൂര്‍വ്വം കടന്നുവരുന്നുതാണ്. സ്വന്തം ദുഃഖത്തിനുമേല്‍ അടയിരുന്നാല്‍ പരിഹാരമാകില്ല എന്ന് പാരിസ്ഥിതിക ചൂഷണത്തിനിരയായ കിളിമകളെ തവള ബോധ്യപ്പെടുത്തുന്നുണ്ട് . ദുഃഖത്തിന്‍റെ കാരണം തിരിച്ചറിഞ്ഞ് അവ പരിഹരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ സകല ജീവജാലങ്ങളെയും ഉണര്‍ത്തുക എന്നതാണ് കിളിമകളുടെ നിയോഗം. സാമൂഹിക നവോത്ഥാനത്തിലൂടെ എഴുത്തച്ഛന്‍ തന്‍റെ കൃതികളില്‍ ആവിഷ്കരിച്ച അടിസ്ഥാന തത്വങ്ങളെ പ്രകൃതിയോടിണക്കി അവതരിപ്പിക്കുന്ന കഥയാണ് രണ്ടു മത്സ്യങ്ങള്‍.

സ്നേഹത്തിന്‍റെ ആത്മപ്രവാഹമായി അഴകനും പൂവാലിയും

സംഘര്‍ഷങ്ങളുടെ ചുറ്റുപാടുകളിലൂടെയാണ് കഥാലോകം വികസിക്കുന്നത്. അഴകനും പൂവാലിയും പ്രകൃതിയുടെ താളം തെറ്റലിനെ പ്രതിനിധീകരിക്കുന്നു. പാരിസ്ഥിതികമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചില സാമൂഹിക മൂല്യത്തെ മുറുകെപ്പിടിച്ച് ചെറുത്തുനില്‍ക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്ന ഉള്‍ക്കാഴ്ച്ചയാണ് അഴകന്‍റെയും പൂവാലിയുടെയും സംഭാഷണങ്ങളിലൂടെ വ്യക്തമാകുന്നത്. ഏകത്വമനോഭാവമാണ് ഇവരില്‍ പ്രകടമാകുന്നത്. ദാമ്പത്യജീവിതത്തിന്‍റെ കെട്ടുറപ്പും കുടുംബജീവിതത്തിന്‍റെ മനോഹാരിതയും ഉപാധികളില്ലാത്ത സ്നേഹത്തിലൂടെ മാത്രമാണ് നിലനില്‍ക്കുന്നത്. അഴകന്‍റെയും പൂവാലിയുടെയും സംഭാഷണങ്ങളില്‍ പരസ്പരാശ്രയത്വവും സഹജീവികളോടുള്ള സ്നേഹവും കാണുന്നു. ''നാം കണ്ടുമുട്ടിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുകയാണ്'' (അംബികാസുതന്‍ മാങ്ങാട്, 2017:133) എന്ന അഴകന്‍റെ സംഭാഷണവും ''ഇല്ലഴകാ നീയില്ലാതെ ഈ ഭൂമിയില്‍ ഞാന്‍ ജീവിക്കുകയില്ല'' (അംബികാസുതന്‍ മാങ്ങാട ്, 2017:133) എന്ന പൂവാലിയുടെ സംഭാഷണവും സ്നേഹത്തിന്‍റെ  മുന്നില്‍ ചെറുത്തുനില്‍പ്പുകളും അതിജീവനവും ആയാസരഹിതമാണെന്ന് ബോധ്യപ്പെടുത്തുന്നു. അഴകന്‍റെയും പൂവാലിയുടെയും ദുരിതപൂര്‍ണ്ണമായ അവസ്ഥയ്ക്ക് കാരണം പരിസ്ഥിതിയുടെമേല്‍ മനുഷ്യനുള്ള സ്വാധീനമാണ്.     

വാസ്തവത്തില്‍ രണ്ടു മത്സ്യങ്ങളിലെ എല്ലാ കഥാപാത്രങ്ങളുടെയും ഏകപ്രശ്നം മനുഷ്യനാണ്. മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള അന്തരമില്ലാതാകുകയും ഭൂമി സകല ജീവജാലങ്ങളുടെതും ആണെന്നുള്ള യാഥാര്‍ത്ഥ്യത്തെ അഴകന്‍റെയും പൂവാലിയുടെയും സംഭാഷണങ്ങളിലൂടെ കഥാകൃത്ത് ഓര്‍ത്തെടുക്കുന്നു. മനുഷ്യനിലും സ്നേഹത്തിന്‍റെ ആത്മപ്രവാഹം ഉണ്ടാകുമെന്ന പ്രത്യാശ ഇപ്പോഴും കഥാകാരനുണ്ട്.

വികസനം മണ്ണിനും മനുഷ്യനും

''മനുഷ്യനെത്തിച്ചേരാത്ത ഒരു പറുദീസ എവിടെയങ്കിലും കാത്തിരിപ്പുണ്ടാകും'' (അംബികാ സുതന്‍ മാങ്ങാട്, 2017:140) എന്ന് അഴകനോടും പൂവാലിയോടും തവള പറയുന്നുണ്ട്. ''അതിജീവനത്തിന് കരുത്തേകാന്‍ നമ്മുടെ മരണശേഷവും നമ്മുക്കീകായലില്‍ ജീവിക്കണം. നമ്മുടെ കുഞ്ഞുങ്ങളിലൂടെ, അവരുടെകുഞ്ഞുങ്ങളിലൂടെ...'' (അംബികാസുതന്‍ മാങ്ങാട്, 2017:134) എന്ന് പൂവാലി അഴകനോട് പറയുന്നു. ജീവിതത്തിന്‍റെ നൈരന്തര്യത്തെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. പക്ഷേ വികസനത്തിന്‍റെ പേരില്‍ മനുഷ്യന്‍ പ്രകൃതിയുടെ അടിത്തട്ടില്‍ ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍ വര്‍ത്തമാന കാല മനുഷ്യന്‍റെ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നു. څڅമനുഷ്യന്‍റെ എല്ലാ അധാര്‍മ്മികതയ്ക്കുമുള്ള ഒറ്റവാക്കാണ് വികസനം. മനുഷ്യന്‍ മാത്രം ബാക്കിയാകുന്ന ഒരു സങ്കല്പത്തെയാണോ വികസനം എന്ന് വിളിക്കുന്നത്چچ (അംബികാസുതന്‍ മാങ്ങാട്, 2017:139) തവളയുടെ ഈ വാക്കുകള്‍ ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. വികസനവാദികള്‍ ജൈവികതയുടെ ഉറവിടങ്ങള്‍ കൊള്ളയടിക്കാന്‍ തുനിഞ്ഞിറങ്ങുന്നതായി څവിലങ്ങനില്‍چഎന്ന കവിതയില്‍ സച്ചിദാനന്ദന്‍ എഴുതുന്നു.

അവരേ വന്നെത്തുന്നു കീശതന്‍ കിലുക്കത്തില്‍
നിളയെത്തളയ്ക്കുവാന്‍, പെരിയാര്‍ ലേലം കൊള്ളാന്‍
അവരേ വിലപറയുന്നു സഹ്യന്, കാട്ടി-
ലലയും മദംപൂണ്ട പൂമണത്തിന്, കാറ്റി-
ന്നലിവാല്‍ വാക്കാകുന്നൊരോ
ലിലകള്‍ക്കും, കായ്ക്കും
മഴവില്ലിനും അവരടിയായളക്കുന്നു.

എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. (സച്ചിദാനന്ദന്‍, 2013:216) പുഴയെ കുപ്പിയിലാക്കുന്ന വെള്ളത്തിന്‍റെ ശേഖരം മാത്രമായും മലയെ മണ്ണിന്‍റെ സംഭരണകേന്ദ്രമായും മാത്രം വസ്തുവത്കരിച്ചുകാണുന്ന ദര്‍ശനത്തിന് പ്രകൃതി-മനുഷ്യ പാരസ്പര്യത്തിന്‍റെ മൂല്യം തിരിച്ചറിയണമെന്നില്ലെന്ന് സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു. 

മനുഷ്യന് മാത്രമല്ല വൃക്ഷങ്ങള്‍ക്കും ജന്തുജാലങ്ങള്‍ക്കും അവരുടേതായ നിയമസംഹിതകള്‍ ഉണ്ടെന്നും അതിനെ പൊളിച്ചെഴുതാനാണ് മനുഷ്യന്‍റെ ഹീനശ്രമമെന്നുമാണ് അംബികാസുതന്‍ മാങ്ങാട് പലപ്പോഴും ചിന്തിക്കുന്നത്. ബദല്‍ ജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ അറിയുന്ന മറ്റൊരു കണ്ണ് കഥാകൃത്ത് സൂക്ഷിക്കുന്നു. څڅനമ്മള്‍ മീനുകള്‍ക്ക് നാലുചുറ്റിലും കണ്ണുവേണംچچ (അംബികാസുതന്‍ മാങ്ങാട്, 2017:130) എന്ന് അഴകന്‍ പൂവാലിയോട് പറയുന്നതുപോലെ കഥാകൃത്തും തന്‍റെ മൂന്നാം കണ്ണ് തുറന്നുവെച്ചിട്ടുണ്ട്. അതുകൊണ്ടാണ് സ്പര്‍ശിച്ച് ആസ്വദിക്കാവുന്ന കഥകളെഴുതാന്‍ അംബികാസുതന്‍ മാങ്ങാടിന് സാധിക്കുന്നത്. 

മണ്ണിനും മനുഷ്യനും ഉതകുന്ന വികസന തന്ത്രമാണ് പുതിയ കാലത്ത് ആവിഷ്കരിക്കേണ്ടത്. ആഗോളീകരണ വിപണന തന്ത്രങ്ങളുടെ പിടിയിലമരുമ്പോള്‍ പ്രകൃതിയിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിനുണ്ടാകുന്ന പ്രത്യാഘാതത്തെയാണ് അഴകനും പൂവാലിയും പ്രതിനിധീകരിക്കുന്നത്. ആകാശത്തിന്‍റെ കണ്ണീരാണ് മഴ എന്ന് കഥയില്‍ പറയുമ്പോള്‍ കാരുണ്യത്തിന്‍റെ ഉറവ വറ്റിയ മനുഷ്യന്‍ സ്വാര്‍ത്ഥനാകുന്നതിനെക്കുറിച്ചാണ് എഴുത്തുകാരന്‍ ധ്വനിപ്പിക്കുന്നത്. ഭൂമിയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവര്‍ക്ഷങ്ങളുടെ പ്രതീകമാണ് കഥയിലെ മണ്ണന്‍ മുതലയും നീര്‍നായ്കളും. ഇന്ന് ജീവജാലങ്ങള്‍ നേരിടുന്ന ഏകഭീഷണി മനുഷ്യന്‍ മാത്രമാണ്. കഥയിലെ അഴകന് മനുഷ്യന്‍റെ ഉപഭോഗ സംസ്കാരത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ട്. ഏറ്റവും അപകടകാരി മനുഷ്യനാണെന്ന അഴകന്‍റെ മുന്നറിയിപ്പ് ഇന്നത്തെ സാമൂഹികാവസ്ഥയെ തകിടംമറിച്ച, സ്വാര്‍ത്ഥത വിളനിലമാക്കിയ മനുഷ്യന്‍റെ ക്രൂരതയായി കാണുന്നു. നെടുംചൂരി മത്സ്യങ്ങള്‍ക്ക് മനുഷ്യരില്‍ നിന്ന് രക്ഷപ്പെടാന്‍ എപ്പോഴും തുറന്നുവെച്ച കണ്ണ് ഇരു പുറവും വേണം. ഈ ജാഗ്രതയാണ് ശൂലാപ്പ് കാവിലേയ്ക്കുള്ള യാത്രയില്‍ അഴകനെയും പൂവാലിയെയും നയിക്കുന്നത്. 

നമ്മള്‍ ലോകത്തിലെ വനങ്ങളോട് ചെയ്യുന്നത് നമ്മോടും പരസ്പരം ചെയ്യുന്നതിന്‍റെ പ്രതിഫലനമാണ് എന്ന ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് പരിസ്ഥിതിദിനം കേവലം ദിനാചരണങ്ങളില്‍ ഒതുങ്ങിപ്പോകുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്. സുസ്ഥിര വികസനത്തിന്‍റെ സാധത്യകളാണ് ഗാന്ധിജിയുടെ ആശയങ്ങളില്‍ തെളിയുന്നത്. പ്രകൃതിയിലെ സകല ജീവജാലങ്ങള്‍ക്കും അനുയോജ്യമാകുന്നതായിരിക്കണം നമ്മുടെ വികസന തന്ത്രങ്ങള്‍. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യത്തിന് ഉപയോഗിക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ മറ്റുജീവജാലങ്ങള്‍ക്ക് ഭീഷണിയാകുമ്പോള്‍ മനുഷ്യന് മാത്രമായി ഭൂമിയില്‍ നിലനില്‍ക്കാനാകില്ല എന്ന വസ്തുതയാണ് നാം അറിയാതെപോകുന്നത്. څആവാസവ്യവസ്ഥ പുന:സ്ഥാപിക്കല്‍چ എന്നതായിരുന്നു 2021-ലെ പരിസ്ഥിതിദിന സന്ദേശം.ആവാസവ്യവസ്ഥയുടെ പുനസ്ഥാപനവും പാരിസ്ഥിതിക ഉത്കണ്ഠകളും 

വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകളും സമാന്തര പാതയായി പോകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇതിനെക്കുറിച്ച് മുഖ്യധാര മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. വിവര സമൃദ്ധികള്‍ക്കിടയിലും അനുഭവങ്ങളുടെ ആഴമില്ലായ്മ നമ്മുടെ പാരിസ്ഥിതിക ചിന്താരീതികളെയും വിവേകബുദ്ധിയേയും പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ ജി. മധുസൂദന്‍ എഴുതിയ څമുതലാളിത്ത വളര്‍ച്ച: സര്‍വ്വനാശത്തിന്‍റെ വഴിچ എന്ന പുസ്തകം വളരെ പ്രസക്തമാകുന്നത്. കേരളത്തില്‍ ഇനിയും വേണ്ടവിധത്തില്‍ വേരുപിടിക്കാത്ത പാരിസ്ഥിതിക സോഷ്യലിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏറെ സഹായകരമായ ഒരു പ്രവേശികയാണ് ഈ പുസ്തകം. 

ആഗോളീകരണത്തിന്‍റെ വലയങ്ങളെ വാര്‍ത്തെടുക്കാന്‍ അംബികാസുതന്‍ മാങ്ങാടിന്‍റെ കഥകള്‍ക്ക് സാധ്യമാകുന്നു. നാട്ടിന്‍പുറങ്ങളിലെ കഥാപാത്രങ്ങളുടെ വിഹ്വലതകള്‍ ദേശകാലങ്ങള്‍ക്കതീതമായി ലോകജനതയുടെ പ്രശ്നങ്ങളും പ്രതിസന്ധികളുമായി മാറുന്നത് അദ്ദേഹത്തിന്‍റെ കഥകളുടെ പ്രത്യേകതകളാണ്. വംശനാശം നേരിടേണ്ടിവരുന്ന മനുഷ്യവര്‍ഗ്ഗത്തെക്കുറിച്ചും ജൈവവൈവിധ്യത്തിന്‍റെ സാംസ്കാരിക തലത്തെക്കുറിച്ചും സ്മൃതിയിലൂടെയുള്ള ജൈവവൈവിധ്യത്തിന്‍റെ പുനരുദ്ധാരണവും സാഹിത്യത്തില്‍ വിഷയമാകുമ്പോള്‍ ഭൗമപൂര്‍ണ്ണതയുടെ അടയാളമായും പ്രതിരോധത്തിന്‍റെ കരുത്തായും സാഹിത്യം മാറുന്നു.

രണ്ടു മത്സ്യങ്ങള്‍ എന്ന കഥയിലെ ശില്പഘടന ഗൗരവമേറിയതാണ്. കഥയിലെ അഴകനും പൂവാലിയും കിളിമകളും തവളയും പ്രതിരോധത്തിന്‍റെ ത്രാസില്‍ ഇടം പിടിക്കുമ്പോള്‍ പുതിയ കാലത്തിലെ മനുഷ്യന്‍ ത്രാസിന്‍റെ മറുവശത്ത് നിലയുറപ്പിക്കുന്നു. ഒന്നാമത്തെ തട്ട് അവകാശങ്ങളുടേതാണെങ്കില്‍ രണ്ടാമത്തെതട്ട് അടിച്ചമര്‍ത്തലിന്‍റേതാണ്. അടിച്ചമര്‍ത്തലില്‍ നിന്നും അവകാശങ്ങളിലേയ്ക്കുള്ള പ്രതിരോധത്തില്‍ ത്രാസ്സിന്‍റെ ഇരുതട്ടും ചലനമില്ലാതെയിരിക്കുന്നു. പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥ്യങ്ങളെ രണ്ടു മത്സ്യങ്ങള്‍ പങ്കുവെയ്ക്കുന്നു. കാലംതെറ്റി പെയ്യുന്ന മഴ, മുതലകളുടെയും നീര്‍നായ്കളുടെയും അസാന്നിധ്യം, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം തുടങ്ങി പ്രകൃതിയുടെ സ്വാഭാവിക ജൈവികതാളം ശിഥിലമാകുന്നതിന്‍റെ നിരവധി സൂചനകള്‍ ഈ കഥയിലുണ്ട്. ധാര്‍മ്മികമായ പ്രതിരോധം തീര്‍ക്കുന്ന തവളയും പ്രതിരോധത്തിന്‍റെ കാവ്യവഴിയൊരുക്കാന്‍ നിയോഗിക്കപ്പെടുന്ന കഥാപാത്രമായി കിളിമകളും അതിജീവനം തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച മത്സ്യങ്ങളും തങ്ങളുടെ നിലനില്‍പ്പിനായി പ്രതിഷേധങ്ങള്‍ ഇന്നും മുഴക്കുന്നു. രണ്ടു മത്സ്യങ്ങളുടെ തുടര്‍ച്ചയായി വീണ്ടും രണ്ടു മത്സ്യങ്ങള്‍ എന്ന കഥയെഴുതാന്‍ കഥാകാരനെ പ്രേരിപ്പിച്ചത് അതുകൊണ്ടാണ്. അഴകനും പൂവാലിയും സൃഷ്ടിച്ച ദൂരവ്യാപകമായ ചിന്തകള്‍ക്ക് ഭൂത-വര്‍ത്തമാന-ഭാവികാലങ്ങളുടെ ഉള്‍ക്കരുത്തുള്ളതിനാലാണ് വീണ്ടും രണ്ടു മത്സ്യങ്ങള്‍ പ്രതിരോധത്തിന്‍റെ അനുസ്യൂത പ്രവാഹമായി ഒഴുകുന്നത്.

സഹായക ഗ്രന്ഥങ്ങള്‍:

കടലൂര്‍ സോമന്‍ (എഡിറ്റര്‍) (2019) ആത്മബോധത്തിന്‍റെ ഉരിയാട്ടം,  കൈരളി ബുക്സ്,കണ്ണൂര്‍ 
തിലക്. പി.കെ (2016 ഏപ്രില്‍10) അംബികാസുതന്‍ മങ്ങാടിന്‍റെ പ്രപഞ്ചകഥകള്‍ മാതൃഭൂമി ആഴ്ച്ചപതിപ്പ് കോഴിക്കോട്
മാങ്ങാട് അംബികാസുതന്‍, (2017) എന്‍റെ പ്രിയപ്പെട്ട കഥകള്‍,  ഡി.സി. ബുക്സ്, കോട്ടയം 
മാങ്ങാട് അംബികാസുതന്‍ (എഡിറ്റര്‍) (2016)  മലയാളത്തിലെ പരിസ്ഥിതി കഥകള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്
രാഹൂല്‍ രാധാകൃഷ്ണന്‍, (സെപ്റ്റംബര്‍ 2018) ആവാസവ്യവസ്ഥ തകരുമ്പോള്‍ വിജ്ഞാനകൈരളി, തിരുവനന്തപുരം
സച്ചിദാനന്ദന്‍, (2013) തെരഞ്ഞെടുത്ത കവിതകള്‍, കറന്‍റ ് ബുക്സ്, തൃശ്ശൂര്‍.
Vishnu. P.A
Research Scholar
Department of Malalayam  
Government College , Kattappana
Pin: 685508
India
Ph. +91 7736988711
email: vishnuajayakumar05@gmail.com
ORCID:.0000-0002-5670-124X
&
Dr. Bennichen Scaria
Associate Professor & Research Guide
Department of Malayalam
Govt. College
Kattappana
Pin: 685508
India
Ph: +91 9447916868
email: frbennop@gmail.com
ORCID: 0000-0003-2756-1652