Injeel Lukha: A Different Model of Bible Translation

Fathima Shahana K.

An Arabi-Malayalam Bible translation happened in 1905 which was titled Injeel Lukha. It is the trasnslation of the Gospels of Luka in the New Testament. A few details like the year of publishing, name, and place of publishers are available from the text. But, the translator,  the source of the translation, and other information are unknown. There is also a chance that it may be a transliteration. This article deals with the problem of whether it is a translation or transliteration and which Malayalam bible translation was used depending on while translating.   Therefore two Malayalam bible translations are taken to compare with Injeel Lukha. The article tries to find the source of the translation of the Injeel Lukha and discusses the chance of free translation. 

Keywords: Free Translation, transliteration, equivalence,  Arabi-Malayalam, Malayalam Bible translations

Reference:

Abu O., (1970) History of Arabi -Malayalam Literature, Kottayam. Sahithya Pravarthaka Sangam and National book stall. 
Aslam P. S., (1905) Injeel Lukha ( collected ), Madras, Hidayath press company Raipindi. 
Cheriyan Kuniyanthodath, (1997) Malayalam language and Herman Gundert, Kozhikode, P.K. Brothers.
Eugene A Nida, (1972) Book of Thousand Tongues ( Edit.), United Bible Societies, 
Thomas P. J., (1935) Malayalam Literature and Christians, Kottayam, D. C. Books. 
Prabodhachandran V. R., (1994) Translation thoughts ( Edi. ), Kottayam, D. C. Books.
Herman Gundert, (1992) The Gundert Bible, Kottayam, D. C. Books.
Benjamin Bailey, (1843) New Testament Translation, Kottayam, Church Mission Press.
Fathima Shahana K
Research Scholar
Department of Malayalam
University of Calicutt
Kerala, India
Pin: 673 635
e-mail:  shahanafathimaclt@gmail.com
Mob: +91 7025302993
ORCID:0000-0003-2196-0695

ഇഞ്ജീല്‍ ലൂഖ: ഒരു വ്യത്യസ്ത ബൈബിള്‍വിവര്‍ത്തനമാതൃക

ഫാത്തിമ ഷഹന കെ

അറബിമലയാളം അതിന്‍റെ സവിശേഷമായ ഭാഷകൊണ്ടും അതില്‍ രചിക്കപ്പെട്ട കൃതികള്‍കൊണ്ടും ഇന്നും പഠനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. മലയാളഭാഷയെ മറ്റൊരു ലിപിയില്‍ എഴുതുന്ന രീതി എന്നു പൊതുവെ അറബിമലയാളത്തെ വിലയിരുത്തുന്നുണ്ടെങ്കിലും അതിലെ മലയാളഭാഷതന്നെയും സവിശേഷമായ ഒന്നാണ്. 
മലയാളമെഴുത്തിന്‍റെ തനതുരീതിയില്‍നിന്ന് വ്യത്യസ്തമായി അറബിലിപിമാലയില്‍നിന്ന് വികസിപ്പിച്ചെടുത്ത ഒരു ലിപിമാലയാണ് അറബിമലയാളത്തിന് ആ പേരു നല്‍കുന്നതില്‍ പ്രധാനമായത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കേവലം ലിപിതലത്തില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു രീതിവിശേഷം മാത്രമായി അറബിമലയാളത്തെ കാണുന്നത് ഉചിതമാവില്ല. രചിക്കപ്പെട്ടിട്ടുള്ള കൃതികളുടെ ഭാഷയും പ്രമേയപരമായ വൈവിധ്യങ്ങളും ഇതിനു തെളിവാണ്. പാട്ടുകൃതികളാണ് അറബിമലയാളത്തിലെ പ്രസിദ്ധവും വിപുലവുമായ ഒരു ധാര. അതേസമയം അറബിമലയാളശാഖയില്‍ ധാരാളം ഗദ്യകൃതികളും ഉണ്ടായിട്ടുണ്ട്. പ്രമേയപരമായി സാഹിത്യകൃതികളോടൊപ്പംതന്നെ സാഹിത്യേതരങ്ങളായ രചനകളുമുണ്ട്. ഇസ്ലാംമതവുമായി ബന്ധപ്പെട്ട കൃതികള്‍ വൈദ്യശാസ്ത്രം ജ്യോതിശാസ്ത്രം പോലുള്ള ശാസ്ത്രകൃതികള്‍, പത്രമാസികകള്‍ എന്നിങ്ങനെ വ്യത്യസ്ത ധാരയില്‍പ്പെട്ട കൃതികള്‍ അറബിമലയാളത്തിലുണ്ടായിട്ടുണ്ട്. മത്വാലിഉന്നുജൂം അഥവാ നുജൂമിന്‍റെ കണക്ക് (പി.കെ.അബ്ദുറഹിമാന്‍ മുസ്ലിയാര്‍, 1978) (ജ്യോതിശാസ്ത്രം), മുഹ്സിനുസ്സ്വിയാന്‍ എന്ന ബാലചികിത്സ (പി.അഹമ്മദ്കുട്ടി വൈദ്യര്‍, 1938) വസൂരി ചികിത്സാ കീര്‍ത്തനം(എം.കെ.കുഞ്ഞിപോക്കര്‍, 1935)(വൈദ്യശാസ്ത്രം), കിനാവിന്‍റെ തഅ്വീര്‍ (സ്വപ്നവ്യാഖ്യാനം) ഇഅ്ലാമുന്‍ന്നിസാഅ് (ദാമ്പത്യശാസ്ത്രം), സ്വലാഹുല്‍ ഇഖ്വാന്‍, റഫീഖുല്‍ ഇസ്ലാം, അല്‍ ഇസ്ലാഹ് (പത്രമാസികകള്‍) (അബു ഒ, 1970).1 മേല്‍പ്പറഞ്ഞതില്‍നിന്നും അറബിമലയാളം ഉള്‍ക്കൊള്ളുന്ന വിഷയങ്ങളുടെ വൈവിധ്യം മനസ്സിലാക്കാവുന്നതാണ്. എങ്കിലും ഇവയ്ക്കൊന്നിനുംതന്നെ മാപ്പിളപ്പാട്ടുകളുടെ അത്ര പ്രചാരം കിട്ടിയില്ല. പഠിതാക്കളുടെ ശ്രദ്ധ അറബിമലയാളത്തിന്‍റെ വിപുലവും വിവിധവുമായ മേഖലകളിലേക്ക് വേണ്ടവിധത്തില്‍ പതിയാതെപോയതിന് ഇത് ഒരു കാരണമായിട്ടുണ്ടുതാനും. 
അറബിമലയാളത്തിലെ സാഹിത്യേതരകൃതികളുടെ ധാരയില്‍ പെടുത്താവുന്ന പ്രധാനപ്പെട്ട ഒന്നാണ് ഇഞ്ജീല്‍ ലൂഖ. ബൈബിളിലെ ലൂക്കോസിന്‍റെ സുവിശേഷത്തിന് അറബിമലയാളത്തില്‍ ഉണ്ടായിട്ടുള്ള വിവര്‍ത്തനമാണിത്. ഇവിടെ വിവര്‍ത്തനം എന്നു ഉപയോഗിച്ചതിന്‍റെ യുക്തി ബൈബിളിന്‍റെ മൂലഭാഷ മറ്റൊന്നായത് കൊണ്ടാണ്. ഏതു കൃതിയില്‍നിന്നുള്ള വിവര്‍ത്തനമാണെന്നതിന് കൃതിയുടെ ആമുഖത്തില്‍നിന്നോ കൃതിയില്‍നിന്നോ യാതൊരു സൂചനയും ലഭ്യമല്ല.  അത്തരം ഒരു സാഹചര്യത്തില്‍ മൂലകൃതി കണ്ടെത്തുക ശ്രമകരമാണ്. എന്നാല്‍ ഠവല ആീീസ ീള മ വേീൗമെിറ ീിഴേൗലെ2 എന്ന പുസ്തകത്തില്‍ ഇഞ്ജീല്‍ ലൂഖയെക്കുറിച്ച് പരാമര്‍ശമുണ്ട്. ലോകത്തിലുണ്ടായിട്ടുള്ള 1399 ബൈബിള്‍ പരിഭാഷകളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. അതില്‍ മലയാളത്തിലുണ്ടായിട്ടുള്ള വിവര്‍ത്തനങ്ങളെയും പട്ടികപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ ഉപവിഭാഗമായി അറബിക് ക്യാരക്ടറിലുള്ള മലയാളവിവര്‍ത്തനം എന്നാണ് അറബിമലയാളവിവര്‍ത്തനത്തെക്കുറിച്ച് ചേര്‍ത്തിരിക്കുന്നത്. 1903-ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി മുസ്ലീംങ്ങള്‍ക്കു വേണ്ടിയുള്ള, സത്യവേദപുസ്തകത്തിന്‍റെ ലിപ്യന്തരണമാണെന്ന വിശദീകരണവും നല്‍കിയിരിക്കുന്നു. ഈ പ്രസ്താവനയെ അടിസ്ഥാനമാക്കി ഇഞ്ജീല്‍ ലൂഖ ഒരു വിവര്‍ത്തനമാണോ ലിപ്യന്തരണം മാത്രമാണോ എന്ന് പരിശോധിക്കുകയാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്. 
1905-ല്‍ പ്രസിദ്ധീകരിച്ച കൃതിയാണ് ഇവിടെ പഠനത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ലിപ്യന്തരണം ചെയ്യപ്പെട്ട കൃതി എന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേവലം ലിപിമാറ്റം മാത്രമല്ല ഇഞ്ജീല്‍ ലൂഖ എന്നു അതിന്‍റെ ഒറ്റ വായനയില്‍ത്തന്നെ മനസ്സിലാക്കാവുന്നതാണ്. തികച്ചും വിവര്‍ത്തനത്തിന്‍റേതായ നിലയിലാണ് അതുള്ളത്. വിവര്‍ത്തകനെക്കുറിച്ചോ വിവര്‍ത്തനത്തിന് ആധാരമാക്കിയ കൃതിയേക്കുറിച്ചോ യാതൊരു പരാമര്‍ശവും കൃതിയില്‍നിന്നും ലഭിക്കാത്തതിനാല്‍ അതുവഴിയുള്ള വിലയിരുത്തലും അപ്രാപ്യമാകുന്നു. അങ്ങനെവരുമ്പോള്‍ ഇതൊരു ലിപ്യന്തരണകൃതിയാണോ വിവര്‍ത്തനമാണോ എന്ന് പരിശോധിക്കാന്‍ മറ്റു ചില വഴികള്‍ തേടേണ്ടി വരും. 
ലിപ്യന്തരണമായാലും വിവര്‍ത്തനമായാലും ഒരു കൃതിയെ ആധാരമാക്കിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ആ കൃതി ഏതാണ് എന്ന് കൃത്യമായി അറിയാന്‍ സാധിക്കാത്തതിനാല്‍ പലതരത്തിലുള്ള ആലോചനകളിലേക്ക് അത് വ്യാപരിപ്പിക്കാവുന്നതാണ്. ലിപ്യന്തരണം എന്നു പറഞ്ഞിരിക്കുന്നതിനാല്‍ മലയാളത്തില്‍ ഉണ്ടായിട്ടുള്ള ബൈബിള്‍ വിവര്‍ത്തനങ്ങളിലൊന്നിന്‍റെ അറബിലിപിയിലുള്ള ലിപ്യന്തരണമാകാം എന്നുള്ളതാണ് ഒരു സാധ്യത. മറ്റൊന്ന് ഏതോ ഒരു വിദേശഭാഷയില്‍നിന്ന് നേരിട്ട് മലയാളമൊഴിമാറ്റം വഴി ഉണ്ടായിട്ടുള്ള ലിപ്യന്തരണം. ലിപ്യന്തരണമായി പരിഗണിക്കുമ്പോള്‍ മാത്രമാണ് മേല്‍പറഞ്ഞ ആലോചനകള്‍ പ്രസക്തമാകുന്നത്. മറിച്ച്, ഇഞ്ജീല്‍ ലൂഖ ഒരു വിവര്‍ത്തിത കൃതിയായി പരിഗണിച്ചാല്‍ മൂലകൃതി ഏതെന്നുള്ള ആലോചനകള്‍ വിശാലമാകുന്നു. മലയാളമാകണമെന്ന യാതൊരു ശാഠ്യവും അവിടെ സാധ്യമല്ല. ഏതോ ഒരു ഭാഷയില്‍നിന്നുണ്ടായ വിവര്‍ത്തനം എന്നു മാത്രമെ പറയാനാവൂ. എങ്കിലും ഈ കൃതിയെ രേഖപ്പെടുത്തിവെച്ചിരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇഞ്ജീന്‍ ലൂഖ ലിപ്യന്തരണകൃതിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മേല്‍പറഞ്ഞ രണ്ടു സാധ്യതകളെയാണ് സ്വീകരിക്കേണ്ടി വരിക. ഇതില്‍ രണ്ടാമത്തെ സാധ്യതയെ സാധൂകരിക്കാവുന്ന തരത്തിലുള്ള യാതൊരു തെളിവും ലഭ്യമല്ല. ആദ്യത്തെ സാധ്യതയെ അടിസ്ഥാനമാക്കി പരിശോധിക്കുകയാണെങ്കില്‍ മലയാളത്തില്‍ അതുവരെ ഉണ്ടായിട്ടുള്ള ബൈബിള്‍വിവര്‍ത്തനങ്ങളെ ഇഞ്ജീല്‍ ലൂഖയുമായി ഒത്തുനോക്കി പരിശോധിക്കേണ്ടതായുണ്ട്. അത്തരമൊരു വിശകലനത്തിലൂടെ മാത്രമെ യുക്തിസഹമായ ഒരു അനുമാനത്തിലെത്താന്‍ സാധിക്കുകയുള്ളൂ.  
യൂജിന്‍ നിഡയുടെ പരാമര്‍ശപ്രകാരം അറബിമലയാളബൈബിളിന് ആധാരമാക്കിയ കൃതി സത്യവേദപുസ്തകമാണ്. എന്നാല്‍ പ്രസിദ്ധീകരിച്ച വര്‍ഷത്തെ അടിസ്ഥാനമാക്കി പരിശോധിക്കുകയാണെങ്കില്‍ ഈ പ്രസ്താവന തെറ്റാണെന്ന് കാണാം. മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തില്‍ പി.ജെ.തോമസ് ഇപ്രകാരം പറയുന്നുണ്ട്. ڇ"വേണ്ട പരിഷ്കാരങ്ങള്‍ വരുത്തുവാന്‍ 1880-ല്‍ രണ്ടു മിഷന്‍കാരുംകൂടി യോജിച്ച് ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തി. ബൈബിളിലെ പഴയപുതിയനിയമങ്ങളുടെ ഒരു പരിഷ്കരിച്ച തര്‍ജ്ജമ 1910-ല്‍ ഉണ്ടാക്കി. മംഗലാപുരം പ്രസ്സില്‍ അച്ചടിക്കയുണ്ടായി. അതാണ് കത്തോലിക്കരൊഴികെയുള്ള ക്രിസ്ത്യാനികളുടെ ഇടയില്‍ ഇന്നു പ്രചാരത്തിലിരിക്കുന്ന വേദപുസ്തകഗ്രന്ഥം." (1989: 213).  ഇതില്‍ പറഞ്ഞിരിക്കുന്നത് പ്രകാരം 1903-ല്‍ പ്രസിദ്ധീകൃതമായ ഒരു കൃതി 1910-ല്‍ പ്രസിദ്ധീകരിച്ച കൃതിയെ ആശ്രയിച്ചു എന്നു പറയുന്നത് യുക്തിവിരുദ്ധമാണ്. അതിനാല്‍ ആ വാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് മറ്റുള്ള ബൈബിള്‍ പരിഭാഷകളെയാണ് ഇവിടെ പരിഗണിക്കുന്നത്. 1905-ല്‍ ഇഞ്ജീല്‍ ലൂഖ പ്രസിദ്ധീകൃതമാവുന്നതിന് മുമ്പ് മലയാളത്തില്‍ ഉണ്ടായിട്ടുള്ള മൂന്നു പ്രധാന വിവര്‍ത്തനങ്ങളായ കുറിയര്‍ ബൈബിള്‍ (1811) ബെഞ്ചമിന്‍ ബെയ്ലിയുടെ ബൈബിള്‍ വിവര്‍ത്തനം (1843), ഗുണ്ടര്‍ട്ടിന്‍റെ വിവര്‍ത്തനം (1854, 1868 എന്നിങ്ങനെ പ്രസിദ്ധീകരിച്ച വര്‍ഷത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണുന്നു.) എന്നിവയെയും താരതമ്യപഠനത്തിനു വിധേയമാക്കിയാലെ പ്രസ്തുത കൃതി ലിപ്യന്തരണമാണോ എന്ന അന്വേഷണത്തിന് പൂര്‍ണ്ണത കൈവരികയുള്ളൂ. ഇതില്‍ കുറിയര്‍ ബൈബിള്‍ സുറിയാനിയില്‍നിന്നും ബെയ്ലി ബൈബിള്‍ ഇംഗ്ലീഷില്‍നിന്നും ഗുണ്ടര്‍ട്ട് ബൈബിള്‍ ബൈബിളിന്‍റെ സ്രോതഭാഷയായ ഗ്രീക്കില്‍നിന്നുമാണ് (പുതിയനിമയം ഗ്രീക്കുഭാഷയിലാണ്) വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കുറിയര്‍ ബൈബിള്‍, വായന ദുസ്സഹമാക്കുന്നതിനാലും അതിലെ ഭാഷ മലയാളഗദ്യത്തിന്‍റെ വികാസപരിണാമത്തിന്‍റെ ആദ്യ ഘട്ടത്തില്‍ ഉള്ളതായതിനാലും ഇഞ്ജീല്‍ ലൂഖയുമായി താരതമ്യപ്പെടുത്തുന്നില്ല. ശേഷം വന്ന ബെയ്ലിബൈബിളിലെയും ഗുണ്ടര്‍ട്ട്ബൈബിളിലെയും ലൂക്കയുടെ സുവിശേഷത്തിലെ ഒന്നാമത്തെ അദ്ധ്യായത്തെയാണ് ഇവിടെ ആദ്യമായി പഠനവിധേയമാക്കുന്നത്. 

ഘടനാപരം 

മൂന്നു വിവര്‍ത്തനങ്ങളിലും മുഖ്യ ശീര്‍ഷകത്തില്‍ത്തന്നെ വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. ബെയ്ലി 'ലൂക്കോസ എഴുതിയ എവര്‍ഗെലിയൊന്‍' എന്നാണ് ശീര്‍ഷകമായി നല്‍കിയിരിക്കുന്നത്. സുവിശേഷം എന്ന് അര്‍ത്ഥം വരുന്ന സുറിയാനി പദമാണ് എവന്‍ഗെലിയൊന്‍. ഗുണ്ടര്‍ട്ട് ശീര്‍ഷകമായി നല്‍കിയിരിക്കുന്നത് 'ലൂക്കാ എഴുതിയ സുവിശേഷം' എന്നാണ്. അറബിമലയാളവിവര്‍ത്തനമാകട്ടെ 'ഇഞ്ജീല്‍ ലൂഖ' എന്നും. ഇസ്ലാംമതവിശ്വാസവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ് ഇഞ്ജീല്‍ എന്ന പദം. ഇസ്ലാംമതത്തിലെയും ക്രിസ്തുമതത്തിലെയും പൊതുവിശ്വാസത്തെ കുറിക്കാന്‍ ഈ പദംകൊണ്ട് സാധിക്കുന്നുണ്ട്. ഇഞ്ജീല്‍ ഇസ്ലാംമതത്തില്‍ പ്രവാചകനായ ഈസക്ക് ദൈവത്തില്‍നിന്ന് അവതരിച്ച വേദഗ്രന്ഥമാണ്. ഇവിടെ ലൂക്കയുടെ സുവിശേഷമാണെങ്കിലും ഇഞ്ജീല്‍ എന്നു ചേര്‍ക്കുമ്പോള്‍ പ്രസ്തുത വേദത്തോട് സാമ്യപ്പെടുത്തി ഇസ്ലാമിലെ ഇഞ്ജീല്‍ തന്നെയാണിത് എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ശീര്‍ഷകത്തിലെ ഇത്തരം വൈവിദ്ധ്യങ്ങള്‍തന്നെ ഇത് കേവലൊരു ലിപ്യന്തരണമല്ല എന്ന സൂചനയാണ് നല്‍കുന്നത്. 
തുടര്‍ന്നുള്ളവയെ താരതമ്യം ചെയ്യുമ്പോള്‍ അദ്ധ്യായത്തിന്‍റെ ക്രമം, വാക്യങ്ങളുടെ നമ്പര്‍ എന്നിവ മൂന്നു വിവര്‍ത്തനങ്ങളിലും ഒരുപോലെയാണ് ചെയ്തിരിക്കുന്നത്. പക്ഷെ ഇഞ്ജീല്‍ ലൂഖയിലും ബെയ്ലിബൈബിളിലും വാക്യനമ്പര്‍ തിരശ്ചീനമായി കൊടുത്തപ്പോള്‍ ഗുണ്ടര്‍ട്ട്ബൈബിളില്‍ അത് ലംബമായിട്ടാണ് കൊടുത്തിരിക്കുന്നത്. ബെയ്ലിബൈബിളില്‍ വാക്യങ്ങളുടെ നമ്പര്‍ മലയാള അക്കങ്ങള്‍ ഉപയോഗിച്ചാണ് കൊടുത്തിരിക്കുന്നത്. ഇഞ്ജീല്‍ ലൂഖയിലേത് അറബിലിപിയായതുകൊണ്ടുതന്നെ അക്കങ്ങളും അറബിയാണ്. ഗുണ്ടര്‍ട്ടും ബെയ്ലിയും അദ്ധ്യായങ്ങള്‍ക്ക് അദ്ധ്യായം എന്നുതന്നെ ഉപയോഗിച്ചപ്പോള്‍ ഇഞ്ജീല്‍ ലൂഖയില്‍ അദ്ധ്യായം എന്നര്‍ത്ഥം വരുന്ന 'ഫസ്വ്ല്‍' എന്ന അറബിവാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാ: ഒന്നാം ഫസ്വ്ല്‍.. എന്നിങ്ങനെ. 
അദ്ധ്യായത്തിന്‍റെ ആദ്യത്തില്‍ അതില്‍ വിവരിക്കുന്ന കാര്യങ്ങളെ സംഗ്രഹിക്കുന്നുണ്ട് ഗുണ്ടര്‍ട്ട്ബൈബിളിലും ബെയ്ലിബൈബിളിലും. എന്നാല്‍ ഇഞ്ജീല്‍ ലൂഖയില്‍ ഈ രീതി കാണുന്നില്ല. 
വാക്യതലം 
വാക്യങ്ങളുടെ കാര്യത്തിലാകട്ടെ ഗുണ്ടര്‍ട്ട് ബൈബിളിലെയും ഇഞ്ജീല്‍ ലൂഖയിലെയും  വാക്യങ്ങള്‍ ഏതാണ്ട് ഒരുപോലെയാണ്. എന്നാല്‍ ബെയ്ലിബൈബിളിലെ വാക്യങ്ങള്‍ ഇതില്‍നിന്നും വിഭിന്നമാണ്. 
ഉദാ: ആദിമുതല്‍ കണ്ട ശാഹിദ്കാരും കലിമത്തിന്‍റെ ഖിദ്മത്കാരും ആയവര്‍ നമുക്ക് യേല്‍ഫിച്ചുതന്ന ഫ്രകാരം (2) നമ്മുടെ ഇടഇല്‍ നിറവടിയാഇ ഫ്രമാണിച്ചുവരുന്ന കാര്യങ്ങളേ വിവരിക്കുന്നാവൊരു ഖിസ്സ്വത് ഉണ്ടാക്കുവാന്‍ ഫലരും തുനിന്‍ചിരിക്കകൊണ്ടു (ഇഞ്ജീല്‍ ലൂഖ, 1:1,2) 
ആദി മുതല്‍ കാണികളും വചനത്തിന്‍റെ ഭൃത്യന്മാരും ആയവര്‍ നമുക്കു ഭരമേല്‍പ്പിച്ചപ്രകാരം, നമ്മില്‍ നിറവടിയായി പ്രമാണിച്ചു വരുന്ന അവസ്ഥകളെ വിവരിക്കുന്നൊരു ചരിത്രത്തെ ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കക്കൊണ്ട് (ഗുണ്ടര്‍ട്ട് ബൈബിള്‍, ലൂക്കോസ് എഴുതിയ സുവിശേഷം, 1:1,2) 
ആദിമുതല്‍ കണ്ട സാക്ഷികാരും, വചനത്തിന്‍റെ ശുശ്രൂഷക്കാരമായുള്ളവര്‍ ഞങ്ങളെ ഗ്രഹിപ്പിച്ചപ്രകാരം, അവയെ കുറിച്ച പ്രബന്ധം എഴുതിയുണ്ടാക്കുവാനായിട്ട പലരും ശ്രമിച്ചതുകൊണ്ട, (ബെയ്ലിബൈബിള്‍, ലൂക്കോസ എഴുതിയ എവന്‍ഗൊലിയന്‍, 1:1) 
ഈ ഉദാഹരണങ്ങളില്‍നിന്നും ഇഞ്ജീല്‍ ലൂഖയും ഗുണ്ടര്‍ട്ട് ബൈബിളും സമാനത പുലര്‍ത്തുമ്പോള്‍ ബെയ്ലിയുടെ വാക്യങ്ങള്‍ മറ്റുള്ളവയില്‍നിന്നും എത്രമാത്രം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാനാവും. 
മറ്റു ചില ഉദാഹരണങ്ങള്‍, 
ആ നാഴികഇല്‍ അവന്‍ വിയാധികളും ദണ്ണന്‍ങ്ങളും ദുറ്റൂഹുകളും ഫിടിച്ചിട്ടുള്ള ഫലരേയും സൗക്യമാക്കി ഫലേ കുരുടന്‍മ്മാര്‍ക്കും കാഴ്ചനല്‍കി. (ഇഞ്ജീല്‍ ലൂഖ, 7:21).
ആ നാഴികയില്‍ അവന്‍ പലര്‍ക്കും വ്യാധികളും, ദണ്ഡങ്ങളും, ദുരാത്മാക്കളെയും മാറ്റി, പല കുരുടന്മാര്‍ക്കും കാഴ്ച സമ്മാനിച്ചു.  (ഗുണ്ടര്‍ട്ട് ബൈബിള്‍, 7:21) 
ആ സമയത്തുതന്നെ അവന്‍ രോഗങ്ങളില്‍നിന്നും ദീനങ്ങളില്‍നിന്നും ദുഷ്ടാത്മാക്കളില്‍നിന്നും പലരെയും സൗഖ്യമാക്കി, അനേകം കുരുടര്‍ക്ക് കാഴ്ചയും കൊടുത്തു. (ബെയ്ലി ബൈബിള്‍, 7:21). 
ഇഞ്ജീല്‍ ലൂഖയിലെയും ഗുണ്ടര്‍ട്ട്ബൈബിളിലേയും വാക്യങ്ങള്‍ പരിശോധിച്ചാല്‍ ചില പദങ്ങളില്‍ മാത്രമാണ് അവ വ്യത്യസ്തമാകുന്നത്. എങ്കിലും അവ സമാനമല്ലതാനും ഇഞ്ജീല്‍ ലൂഖയിലെ വാക്യങ്ങളില്‍ അറബിമലയാളശൈലി പ്രകടമാണ്. നാഴികയില്‍ എന്നത് നാഴികഇല്‍ എന്നാകുന്നതും ദണ്ഡങ്ങള്‍ എന്നത് ദണ്ണങ്ങളാകുന്നതും വ്യാധികള്‍ വിയാദികള്‍ ആകുന്നതും ദുരാത്മാക്കള്‍ ദുര്‍റൂഹുകള്‍ ആകുന്നതും അറബിമലയാളഭാഷയുടെ ഭാഗമായിട്ടാണ്. വാക്യഘടന സമാനമായിരിക്കുമ്പോഴും പദതലത്തില്‍ മറ്റുള്ളവയില്‍ നിന്നും ബെയ്ലി ബൈബിള്‍ വ്യത്യസ്തമാണ്. 
കാക്കകളെ വിജാരിഫ്ഫിന്‍ അവ വിദക്കുന്നില്ല കൊയുന്നദുമില്ല അവെക്കു ഫാണ്ടിശാലയും കളഫുരയും ഇല്ല യെന്‍കിലും ഇലാഹ് അവയേ ഫുലര്‍ത്തുന്നു, ഫറവജാദികളേക്കാള്‍ നിന്‍ങ്ങള്‍ യെത്ത്ര വിശേഷദയുള്ളവര്‍ (ഇഞ്ജീല്‍ ലൂഖ,12:24).
കാക്കകളെ കൂട്ടാക്കുവിന്‍; അവ വിതെക്കുന്നില്ല, കൊയ്യുന്നതും ഇല്ല; അറയും പാണ്ടികശാലയും ഇല്ല; എന്നിട്ടും ദൈവം അവറ്റെ പുലര്‍ത്തുന്നു; പറജാതികളിലും നിങ്ങള്‍ക്ക് എത്ര വിശേഷം ഉണ്ടു! (ഗുണ്ടര്‍ട്ട് ബൈബിള്‍, 12:24) 
കഴുകകളെ വിചാരിച്ചുകൊള്‍വിന്‍; അവ വിതെക്കുന്നതുമില്ല, കൊയ്യുന്നതുമില്ല; അവെക്ക പണ്ടകശാലയും ഇല്ല കളപ്പുരയും ഇല്ല; എങ്കിലും ദൈവം അവയെ പുലര്‍ത്തുന്നു: പക്ഷികളെകാളും നിങ്ങള്‍ എത്രയും അധികം വിശെഷതപ്പെട്ടിരിക്കുന്നു? (ബെയ്ലി ബൈബിള്‍, 12:24).
ഇവിടെ ബെയ്ലിബൈബിള്‍ വാക്യഘടനയില്‍ തന്നെ വ്യത്യാസം കാണിക്കുന്നുണ്ട്. ഇഞ്ജീല്‍ ലൂഖയും ഗുണ്ടര്‍ട്ട് ബൈബിളും ഏറെക്കുറെ സമാനത  പുലര്‍ത്തുന്നുണ്ട്.  എന്നാല്‍ ഇഞ്ജീല്‍ ലൂഖയിലെയും ഗുണ്ടര്‍ട്ട്ബൈബിളിലെയും സമാനതയ്ക്ക് ചിലയിടങ്ങളില്‍ മാറ്റമുണ്ട്. വാക്യത്തിലെ വാക്കുകളുടെ ക്രമം മാറ്റിയും വാക്യഘടന ആകെ മാറ്റിയുമാണ് കാണുന്നത്. 
ഉദാ: ഇസ്രാഈലിന്‍റ്റേ റബ്ബുല്‍ഇലാഹ് ബര്‍കത് ഉള്ളവന്‍ യെന്‍ദുകോടന്നാല്‍ അവന്‍ തന്‍റ്റേ ജനത്തേ സന്‍ദൃസിച്ചു ഖലാസ്വിയത് ചെയ്കയും (69) ആദിമുദല്‍ തന്‍റ്റേ നബിഇല്‍ ഖുദ്സിമാരുടെ വാഇകൊണ്ട് അറുള്‍ചെയ്ദഫ്രകാരം (70) നമ്മുടേ ശത്രുക്കളില്‍നിന്നും നമ്മേ ഫകക്കുന്ന സകലരുടേ കയ്യില്‍നിന്നും നമ്മേ ഖലാസ്വിയത് ചെയ്വാന്‍ 971) തന്‍റ്റേ അബ്ദായ ദാവീദിന്‍റെ ഗൃഹത്തില്‍ നമുക്ക് ഖലാസ്വിയത്ന്‍റ്റേ കോംബിനേ ഉയര്‍തുകയും ചെയ്ദിരിക്കുന്നൂ (72) ആയദു നമ്മുടേ ബാഫ്ഫമാറോടു റഹ്മത് ഫ്രവര്‍ത്തിക്കേണ്ടദിന്നും (73) (ഇഞ്ജീല്‍ ലൂഖ, 1 : 68-73).
ഇസ്രയേലിന്‍റെ ദൈവമായ കര്‍ത്താവ് യുഗകാലം മുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാരുടെ വായികൊണ്ട് അരുളിചെയ്ത പ്രകാരം സ്വവംശത്തെ സന്ദര്‍ശിച്ചു വീണ്ടെടുപ്പു വരുത്തി. സ്വദാസനായ ദാവിദിന്‍ ഗൃഹത്തില്‍ നമുക്കു രക്ഷാകരകൊമ്പിനെ എഴുനീല്‍പിച്ചു. നമ്മുടെ ശത്രുക്കളില്‍നിന്നും നമ്മെ പകെക്കുന്ന സകലരുടെ കൈയില്‍നിന്നും രക്ഷ (ഉണ്ടാക്കിയതുകൊണ്ട്) അനുഗ്രഹിക്കപ്പെട്ടവനാക (ഗുണ്ടര്‍ട്ട് ബൈബിള്‍, ലൂക്കോസ് എഴുതിയ സുവിശേഷം, 1: 68-73).
ഇത്തരത്തിലുള്ള മാറ്റങ്ങള്‍ അപൂര്‍വ്വമായി ചിലയിടങ്ങളില്‍ കാണാം. മാത്രമല്ല ഗുണ്ടര്‍ട്ട്ബൈബിളിനെ അപേക്ഷിച്ച് ഇഞ്ജീല്‍ ലൂഖയിലെ വാക്യങ്ങള്‍ ഏറെക്കുറെ ലളിതവും ഋജ്ജുവുമാണ്.
പദതലം
ഗുണ്ടര്‍ട്ട് ബൈബിളിലും ഇഞ്ജീല്‍ ലൂഖയിലും ഏറെക്കുറെ ഒരുപോലെയാണെങ്കിലും പദതലത്തില്‍ വ്യത്യാസമുണ്ട്. ഇഞ്ജീല്‍ ലൂഖയില്‍ അറബിപദങ്ങള്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട് എന്നു മാത്രമല്ല ചില മലയാളപദങ്ങള്‍ തന്നെയും ഗുണ്ടര്‍ട്ടില്‍നിന്നും വ്യത്യസ്തമായാണ് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും പദങ്ങളിലെ സമാനത ധാരാളമായിട്ടുണ്ട്. ബെയ്ലി ബൈബിളിലാകട്ടെ ഇവയില്‍നിന്ന് വ്യത്യസ്തമായ പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. പദങ്ങളിലെ സമാനത താരതമ്യേന കുറവാണ്. 

ചില ഉദാഹരണങ്ങള്‍: 

ഇഞ്ജീൽ ലൂഖ

ഗുണ്ടർട്ട് ബൈബിൾ

ബെഞ്ചമിൻ ബെയ്‍ലി ബൈബിൾ

അവ്വൽതൊട്ട്

ആരംഭത്തോടെ

ആദിയിൽനിന്ന്

ശാഹിദ്കാരും

കാണികളും

സാക്ഷികാരും

കലിമത്തിന്റെ

വചനത്തിന്റെ

വചനത്തിന്റെ

ഖിദ്മത്കാരും

ഭൃത്യന്മാരും

ശുശ്രൂഷകരും

യേൽഫ്ഫിച്ചുതന്നഫ്രകാരം

ഗ്രഹിപ്പിച്ചപ്രകാരം

ഭരമേൽപിച്ചപ്രകാരം

നിറവടി

നിറവടി

പൂർണ്ണ നിശ്ചമായിരിക്കുന്ന

ഖിസ്സ്വത്

ചരിത്രം

പ്രബന്ധം

ബഹുമാനഫ്ഫെട്ട

ബഹുമാനപ്പെട്ട

മഹാശ്രേഷ്ഠനായ

പഠിപ്പിച്ച

പഠിപ്പിക്കപ്പെട്ട

ഉപദേശിക്കപ്പെട്ട

അറിയേണ്ടദിന്നു

അറിയേണ്ടതിന്നു്

അറിവാനായിട്ട്

നന്ന്‍യെന്ന്

നന്ന് എന്ന്

നന്നായി

യെനിക്കും

എനിക്കും

ഇനിക്കു

ഹെറോദാവിന്റെ

ഹെരോദാവിന്റെ

എറൊദെസിന്റെ

ഊവത്തിൽ

കൂറിന്റെ

സംപ്രദായ മുറയിൽ

സക്കരിയ്യാ

ജകര്യാ

സഖറിയ

ഫേരുള്ള

പേരുള്ള

നമമുള്ള

ഫള്ളിസ്ഥാനമൂഫ്ഫൻ

പുരോഹിതൻ

ആചാര്യൻ

ഹാറൂൻ

അഹറോൻ

അഹറോൻ

എലീസ്ബെത്ത്

എലീശബെത്ത്

എലിശാബെത്ത

ഇലാഹായ തൻഫുരാന്റെ

ദൈവത്തിൻ

കർത്താവിന്റെ

റബ്ബിന്റെ

കർത്താവിൻ

ദൈവത്തിൻ

കല്പനകളിലും ഞ്യായങ്ങളിലും

കല്പനാന്യായങ്ങളിലും

നിയമങ്ങളിലും

മച്ചിയാക

മച്ചിയാക

മച്ചിയായിരുന്ന

സന്തതി

സന്തതി

പൈതൽ

ഇല്ലാഞ്ഞ്

ഇല്ല

ഉണ്മായില്ല

ഇമാമള്ളാഹി

ദൈവസന്നിധിയിൽ

ദൈവത്തിൻമുമ്പാകെ

തൌബ

സേവിക്ക

ശുശ്രൂഷ

ബൈതിറബ്ബിൽ

കർത്താവിൻ മന്ദിരത്തിൽ

കർത്താവിൻ ആലയത്തിൽ

ചെല്ലുകഇൽ

പുക്കു

ചെന്നാറെ

ബിഖൂർ

ധൂപം

ധൂപം

നറുക്ക്

ഊഴം

ചിട്ടി

വഖ്തിൽ

നാഴികയിൽ

സമയത്ത്

സ്വലാത്

പ്രാർത്ഥന

പ്രാർത്ഥന

റബ്ബിന്റെ മലക്ക്

കർത്താവിൻ ദൂതൻ

കർത്താവിന്റെ ദൂതൻ

ബുഖൂർ ഫുകഫ്ഫിക്കുന്ന തറ

ധൂപപീഠം

ധൂപപീഠം

സ്വനാഹിറായി

കാണായ് വന്നു

പ്രത്യക്ഷനായി

ഭ്രമിച്ചു

കണ്ടു കലങ്ങി

ചഞ്ചലപ്പെട്ടു

മലകു

ദൂതൻ

ദൈവദൂതൻ

തേട്ടങ്ങൾ

യാചന

പ്രാർത്ഥന

മകനെ

പുത്രനെ

പുത്രനെ

മുൻദ്ദിരിങ്ങക്കള്ളും

വീഞ്ഞ്

വീഞ്ഞ്

ഉമ്മയുടെ

അമ്മയുടെ

അമ്മയുടെ

റൂഹുൽ ഖുദ്സ്

വിശുദ്ധാത്മാവ്

പരിശുദ്ധാത്മാവ്

ബനീ ഇസ്രയേൽ

ഇസ്രായേൽ പുത്രരിൽ

യിസ്രാഎൽ പുത്രന്മാരിൽ

റബ്ബിൽ ഇലാഹിങ്കലേക്ക്

ദൈവമായ കർത്താവിലേക്ക്

ദൈവമായ കർത്താവിലേക്ക്

ബാഫ്ഫമാരുടെ

അച്ഛന്മാരുടെ

പിതാക്കന്മാരുടെ

ഖൽബുകളെ

ഹൃദയങ്ങളെ

ഹൃദയങ്ങളെ

മക്കളിലേക്കും

മക്കളിലേക്കും

പുത്രന്മാരിലേക്കും

യെലിയാവ്

എലീലാവ്

എലീയാവ്

വഴങ്ങാത്തവരെ

വഴങ്ങാത്തവരെ

അനുസരണമില്ലാത്തവർ

യോഹന്നാൻ

യോഹന്നാൻ

യോഹന്നാൻ

റൂഹിലും ഖുവ്വത്തിലും

ആത്മാവിലും ശക്തിയിലും

ആത്മാവിലും ശക്തിയിലും

ജിബ്‍രീൽ

ഗബ്രിയേൽ

ഗബ്രിയേൽ

സുവിശേഷിഫ്ഫാൻ

സുവിശേഷിപ്പാൻ

വർത്തമാനമറിയിപ്പാനും

റസൂൽ ആക്കിരിക്കുന്നു

അയക്കപ്പെട്ടുമിരിക്കുന്നു

അയക്കപ്പെട്ടുമിരിക്കുന്നു

തൽസമയത്തു

തൽക്കാലത്തു

തൽക്കാലത്തു

സംസാരിഫ്ഫാൻ

പറവാൻ

സംസാരിപ്പാൻ

കഴിയാതെ

കഴിയാതെ

വഹിയാതെ

മൌനമാഇ

മിണ്ടാതെ

ഊമയുള്ളവനാകും

ഫള്ളി

മന്ദിരം

ദേവാലയം

ദർശനം

ദർശനം

ദർശനം


(ഇവിടെ പദങ്ങളെ അവയുടെ ശുദ്ധരൂപത്തില്‍ മാത്രമല്ല എടുത്തിരിക്കുന്നത്. പദതലത്തിലെ ഭിന്നതകളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്). ഇതില്‍ മൂന്നിലും ഭിന്നമായ പദങ്ങളും സമാനമായ പദങ്ങളുമുണ്ട്. അതുപോലെ ഇഞ്ജീല്‍ ലൂഖയുമായി സമാനത പുലര്‍ത്തുന്ന ഗുണ്ടര്‍ട്ട്ബൈബിളിലെയും ബെയ്ലിബൈബിളിലെയും പദങ്ങളുണ്ട്. ഇവയുടെ തോതനുസരിച്ച് ഇഞ്ജീല്‍ ലൂഖ കൂടുതല്‍ സാമ്യം പുലര്‍ത്തുന്നത് ഏതുമായാണെന്ന് മനസ്സിലാക്കാവുന്നതാണ്.
(ആകെ പദങ്ങള്‍-പഠനത്തിനായി എടുത്തിരിക്കുന്നവ: 152, അറബി പദങ്ങള്‍: 70, ഗുണ്ടര്‍ട്ട്ബൈബിളിലെയും ഇഞ്ജീല്‍ ലൂഖയിലെയും സമാനപദങ്ങള്‍: 32, ബെയ്ലിബൈബിളിലെയും ഇഞ്ജീല്‍ ലൂഖയിലെയും സമാനപദങ്ങള്‍: 6, മൂന്നിലും സമാനമായി വരുന്ന പദങ്ങള്‍: 10, മൂന്നിലും ഭിന്നമായി വരുന്ന പദങ്ങള്‍: 50).
(ഗുണ്ടര്‍ട്ട്ബൈബിളിലും ബെയ്ലിബൈബിളിലും സമാനമായി വരുന്ന ധാരാളം പദങ്ങളുണ്ട്. ഈ പഠനത്തില്‍ അത് പ്രസക്തമല്ലാത്തതിനാല്‍ അതേക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല).
ഒരു അധ്യായത്തിലെ പദങ്ങളുടെ കണക്കാണിത്. ഇഞ്ജീല്‍ ലൂഖക്ക് ഏതു കൃതിയുമായാണ് സാമ്യമെന്ന് മുകളില്‍ കൊടുത്തിരിക്കുന്ന പട്ടികയില്‍നിന്നും വ്യക്തമാണ്. എങ്കിലും ആകെ പദങ്ങളുടെ വളരെ കുറഞ്ഞ ശതമാനം മാത്രമെ സമാനപദങ്ങളുള്ളൂ. ലിപ്യന്തരണമായിരുന്നെങ്കില്‍ നൂറു ശതമാനവും സമാനപദങ്ങള്‍ ആകുമായിരുന്നു. ആകെ പദങ്ങളില്‍ വലിയൊരു ഭാഗം അറബിപദങ്ങളാണ്. അതുകൊണ്ടാണ് മൂന്നിലും ഭിന്നമായി വരുന്ന പദങ്ങള്‍ ഇത്രയധികമാകാന്‍ കാരണം. ഇഞ്ജീല്‍ ലൂഖ ഒരിക്കലും ഒരു മലയാളബൈബിളിന്‍റെ ലിപ്യന്തരണമല്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 
ഇതുവരെ നടത്തിയ വിശകലനങ്ങളില്‍നിന്നും ഒരു കാര്യം വ്യക്തമാണ്. ഇഞ്ജീല്‍ ലൂഖ ഒരു ലിപ്യന്തരിത കൃതിയല്ല, വിവര്‍ത്തനമാണ്. ഗുണ്ടര്‍ട്ട്ബൈബിളുമായുള്ള സാമ്യം വിവര്‍ത്തനത്തില്‍ ചിലപ്പോള്‍ അതിനെ ആശ്രയിച്ചതുകൊണ്ട് വന്നതാവാം. ചെറിയ തോതിലുള്ള സാമ്യങ്ങളെ ഉള്ളൂ എന്നതിനാല്‍ അക്കാര്യവും തീര്‍ത്തുപറയാനാവില്ല. എങ്കിലും ഇഞ്ജീല്‍ ലൂഖ ബൈബിളിന് അറബിമലയാളത്തിലുണ്ടായിട്ടുള്ള ഒരു സ്വതന്ത്രവിവര്‍ത്തനമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. 

കുറിപ്പ്

1. അഹമ്മദ് കുട്ടി വൈദ്യര്‍.പി, മുഹ്സിനു സിബിയാന്‍ ബാലചികിത്സ, മിസ്ബാഹുല്‍ഹുദ പ്രസ്സ്, തിരൂരങ്ങാടി,1938.
കുഞ്ഞിപോക്കര്‍.എം.കെ, വസൂരി ചികിത്സാ കീര്‍ത്തനം, മിസ്ബാഹുല്‍ഹുദ പ്രസ്സ്, തിരൂരങ്ങാടി,1935.
അബ്ദുറഹിമാന്‍ മുസലിയാര്‍.പി.കെ,മത്വാലിഉന്നുജും അഥവാ നുജൂമിന്‍റെ കണക്ക്, സി.എച്ച്.പ്രിന്‍റിംഗ് വര്‍ക്സ്, വെന്നിയൂര്‍, 1978.
അബു.ഒ, അറബിമലയാളസാഹിത്യചരിത്രം, സാഹിത്യ പ്രവര്‍ത്തക സംഘം നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 1970.
2. ഈ പുസ്തകത്തിന്‍റെ ഒന്നാം പതിപ്പ് 1939ല്‍ എറിക് എം.നോര്‍ത്തും 1972ല്‍ യൂജിന്‍ നിഡയുമാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. 

ഗ്രന്ഥസൂചി:

അബു.ഒ, അറബിമലയാളസാഹിത്യചരിത്രം , സാഹിത്യ പ്രവര്‍ത്തക സംഘം നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 1970
അസ്ലം പി. എസ്., ഇഞ്ജീല്‍ ലൂഖ (സമ്പാദകന്‍), ഹിദായത് പ്രസ്സ് കമ്പനി റായ്പിണ്ടി, മദ്രാസ്, 1905.
ചെറിയാന്‍ കുനിയന്തോടത്ത്, മലയാളഭാഷയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും, പി.കെ. ബ്രദേഴ്സ്, കോഴിക്കോട്, 1997.
തോമസ് പി.ജെ., മലയാളസാഹിത്യവും ക്രിസ്ത്യാനികളും, ഡി.സി.ബുക്സ്, കോട്ടയം, 1935.
പ്രബോധചന്ദ്രന്‍ വി.ആര്‍., വിവര്‍ത്തനചിന്തകള്‍ (എഡി.) ഡി.സി.ബുക്സ്, കോട്ടയം, 1994.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഗുണ്ടര്‍ട്ട് ബൈബിള്‍, ഡി.സി.ബുക്സ്, കോട്ടയം, 1992.
ബെഞ്ചമിന്‍ ബെയ്ലി, പുതിയനിയമം പരിഭാഷ, ചര്‍ച്ച് മിഷന്‍ പ്രസ്സ്, കോട്ടയം, 1843.
Eugene A Nida, Book of Thousand Tongues (Edit.), United Bible Societies, 1972.
Fathima Shahana K
Research Scholar
Department of Malayalam
University of Calicutt
Kerala, India
Pin: 673 635
e-mail:  shahanafathimaclt@gmail.com
Mob: +91 7025302993
ORCID:0000-0003-2196-0695