Morphological Features in the Thottam Songs of Kaliyattakkavu

Deepthi K V 
Dr Saidalavi Cheerangote

Indigenous traditions have received academic attention since linguistics, history and cultural studies started deviating from the classic ways of enquiry and exploring new fields of mass culture.  Scholars like Robert Redfield tried to explain traditions in terms of the little and great dichotomy.  Even before nineteenth century, several studies attested that the oral tradition is not far behind the written tradition in terms of intellectual richness, and the ability to preserve and conserve knowledge. The folklore, as a field of enquiry, was born as a result of research in this direction. Folk traditions, especially folk songs, can serve as a source of information that expands into many fields such as Linguistic, History, Cultural Studies, Sociology, Anthropology and even semiotics. There have been many areas where linguistics has gone hand in hand with folklore. Studies on orally transmitted folk songs are the most among them. In Malayalam thottam pattukal is considered as one of major genre of folk songs. This paper investigates the morphological features of the thottam songs of Kaliyattakkavu. The study demonstrates that each song is an inexhaustible mine of knowledge of the linguistic tradition of the region where it was emerged. The study comes to the conclusion that the linguistic features of regional dialect are dominant in the surface structure of each folk song in Malayalam. 

Keywords: Kaliyattakkavu, tottam songs, morphological analysis, little tradition, great tradition, folklore, pronoun, number, tense, aspect,, mood, post-position 

References: 

Achyuthamenon Chelanaattu. (2015). Keralatthile kaaleeseva. Kottayam : Saahithya Pravartthaka Sahakarana Samgham. National Book Stall.
Aju, k. Narayanan. (2014). Keralatthile buddhamathapaaramparyam naattarivukaliloote. Kottayam: Saahithya Pravartthaka Sahakarana Samgham. National Book Stall
Anupama, M. (2011). Bhaashaabhedam. Kannoor: Samayam Publications.
Aboobakkar, P. A. (2015). Vatakkan Malayaalam. Thiruvananthapuram : Kerala Bhasha Institute.
Kalachandran. 2014. Kaavum kaliyaattavum. Trissur : Kerala Saahithya Academy
Prabodhachandran Nair, V, R (2012). Bhashashasthranighandu. Thiruvananthapuram : Kerala Bhasha Institute 
Raajaraajavarmma, A,R. (2011). Keralapaanineeyam. Kottayam: Saahithya Pravartthaka Sahakarana Samgham. National Book Stall
Vishnunampoothiri, M.V. (2010). Nammute pandatthe paattukal. Kottayam : D C Books
Sreenathan, M. (Ed). (2015). Bhaashaabhedapadtanam Malappuram. Tirur: Thunchath Ezhuthachan Malayalam University 
Sanoju, V.K, (2017). Kaarikkurukkal thottampaattu oru bhashashasthra vishakalanam, Unpublished MA dissertation. Tirur: Thunchath Ezhuthachan Malayalam University 
Krishnamurti, B. H. (2003). The Dravidian Languages. New York : Cambridge University.
Saidalavi, C. (2014). A Sociolinguistic Evaluation of ArabiMalayalam. Unpublished Phd Thesis, Mysore: Mysore University.
Deepthi KV
Research Scholar
Thunchath Ezhuthachan Malayalam University
Pin: 676502
India
Ph: +91 8943309865
deepthikv93@gmail.com
ORCID: 0000-0003-0852-2770
&
Dr. Saidalavi Cheerangote
Associate Professor of Linguistics
Thunchath Ezhuthachan Malayalam University
Tirur, Kerala
Pin: 676502
Ph: +91 9895012935
saidmuty@gmail.com
ORCID: 0000-0002-8011-4803


രൂപിമസവിശേഷതകള്‍ കളിയാട്ടക്കാവിലെ തോറ്റംപാട്ടുകളില്‍

ദീപ്തി കെ വി 
ഡോ. സെയ്തലവി സി

ഭാഷാപഠനവും ചരിത്ര-സംസ്കാരപഠനവും ക്ലാസിക് വഴികള്‍ വിട്ട് പുതിയ രീതിയും മേഖലയും കണ്ടെത്താന്‍ തുടങ്ങിയതുമുതലാണ് ആഗോളതലത്തില്‍തന്നെ നാട്ടുപാരമ്പര്യങ്ങള്‍ അക്കാദമിക ശ്രദ്ധയാര്‍ജിക്കുന്നത്. പാരമ്പര്യത്തെ ലഘു, ബൃഹത് എന്നീ ദ്വന്ദ്വങ്ങളിലൂന്നി വിശദീകരിക്കാന്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡിനെ പോലുള്ളവര്‍ ശ്രമിച്ചു. വൈജ്ഞാനിക സമ്പത്തിന്‍റെ കാര്യത്തില്‍ എഴുതപ്പെട്ട ബൃഹത് പാരമ്പര്യത്തേക്കാള്‍ വാമൊഴി വഴി പിന്‍തുടരുന്ന ബൃഹദ്പാരമ്പര്യവും ഒട്ടും പിറകിലല്ലെന്ന് പത്തൊമ്പതാം നൂറ്റാണ്ടിനു മുന്‍പുണ്ടായ പഠനങ്ങള്‍ തെളിയിച്ചു. ഫോക്ലോര്‍ എന്ന വിജ്ഞാനശാഖതന്നെ പിറവിയെടുത്തത് ഈ ദിശയിലുള്ള അന്വേഷണത്തിന്‍റെ ഫലമായാണ്. ഭാഷാചരിത്രം, സംസ്കാരം, സമൂഹപഠനം, നരവംശശാസ്ത്രം തുടങ്ങി ചിഹ്നവിജ്ഞാനീയംവരെയുള്ള നിരവധി മേഖലകളിലേക്ക് വികസിപ്പിക്കുന്ന വിവരസ്രോതസായി വര്‍ത്തിക്കാന്‍ ഫോക്കുകള്‍ക്ക് സാധിക്കുന്നു. പ്രത്യേകിച്ച് നാടന്‍ പാട്ടുകള്‍ക്ക്. ഭാഷാശാസ്ത്രം ഫോക്ലോറുമായി കൈകോര്‍ക്കുന്ന നിരവധി മേഖലകള്‍ ഉണ്ടായിക്കഴിഞ്ഞു. അവയില്‍ പ്രധാനമാണ്  വാമൊഴി പ്രധാനമായ നാടന്‍പാട്ടുപഠനങ്ങള്‍. മലയാളത്തിലെ നാടന്‍പാട്ടുകളിലെ പ്രധാനവീഭാഗമാണ് തോറ്റം പാട്ടുകള്‍. കളിയാട്ടക്കാവിലെ തോറ്റം പാട്ടുകളിലെ രൂപിമസവീശേഷതയാണ് ഈ പ്രബന്ധം അന്വേഷിക്കുന്നത്. ഓരോ തോറ്റംപാട്ടും അതു പിറവിയെടുത്ത ഭൂമികയുടെയും കാലത്തിന്‍റെയും ഭാഷാശീലങ്ങളുടെ അറിവുനല്കുന്ന അക്ഷയഖനിയാണെന്ന് ഈ പഠനം തെളിയിക്കുന്നു. അതാതിടങ്ങളിലെ ഭാഷാസവിശേഷതതന്നെയാണ് ഓരോ തോറ്റംപാട്ടിന്‍റെയും ഉപരിതലത്തില്‍ നില്‍ക്കുന്നതെന്ന നിഗമനത്തിലാണ് പഠനം എത്തിച്ചേരുന്നത്. 
താക്കോല്‍ വാക്കുകള്‍: കളിയാട്ടക്കാവ്, തോറ്റം പാട്ടുകള്‍, രൂപിമവിശകലനം, ലഘുപാരമ്പര്യം, ബൃഹത് പാരമ്പര്യം, നാടോടിവിജ്ഞാനം, സര്‍വനാമം, വചനം, കാലം, പക്ഷം, പ്രകാരം, അനുപ്രയോഗം.


വാമൊഴിസാഹിത്യത്തിന്‍റെ ഭാഷയില്‍ മേല്‍ക്കൈനേടുന്നത് അത് പിറവിയെടുത്ത പ്രദേശത്തെ ഭാഷാഭേദമായിരിക്കും. ഉക്തിവൈചിത്ര്യത്തിനുവേണ്ടി ചില മാനകരൂപങ്ങള്‍ ഉപയോഗിച്ചേക്കാമെങ്കിലും ഇവയുടെ അടിപ്പടവായിവര്‍ത്തിക്കുന്നത് നാട്ടുമൊഴിതന്നെയാണ്. അതുകൊണ്ടുതന്നെ ഭാഷാഭേദചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ് നാടന്‍പാട്ടുകള്‍ ഉള്‍പ്പെട്ട വാമൊഴിസാഹിത്യപ്രപഞ്ചം. ഭാഷാഭേദങ്ങള്‍ക്ക് തനതുസാഹിത്യരൂപങ്ങളില്ല എന്ന പരമ്പരാഗത ധാരണയെ നാടന്‍പാട്ടുകളും അനുഷ്ഠാനഗാനങ്ങളും തിരുത്തുന്നു. ഭാഷാഭേദപഠനത്തില്‍ വാമൊഴിസാഹിത്യത്തിന്‍റെ സ്ഥാനംകൂടി തിരിച്ചറിയേണ്ടതുണ്ട്. 
വാമൊഴിസാഹിത്യത്തിന്‍റെ ഭാഷ ലളിതവും മാനകേതരപ്രയോഗങ്ങള്‍ക്കൊണ്ട് സവിശേഷഭാവപ്രപഞ്ചം സൃഷ്ടിക്കുന്നവയുമാണ്. സാമൂഹികഭാഷാശാസ്ത്രത്തിനും ഭാഷാഭേദപഠനങ്ങള്‍ക്കും പ്രാധാന്യം ലഭിക്കുന്നതുവരെ വാമൊഴിസാഹിത്യത്തില്‍ ഒളിഞ്ഞുകിടന്ന ഭാഷാസമ്പത്തിലേക്ക് പണ്ഡിതരുടെ കണ്ണെത്തിയിരുന്നില്ല. പഴയ ഫിലോളജിക്കല്‍ പഠനങ്ങള്‍ പ്രമാണിവര്‍ഗത്തിന്‍റെ ക്ലാസിക് ഭാഷാശീലങ്ങള്‍ അടയാളപ്പെടുത്തുന്നതില്‍ ഒതുങ്ങിനിന്നു. അക്ഷരബാഹ്യപാരമ്പര്യത്തെ ഒന്നാകെ അവഗണിക്കുന്ന രീതിയാണ് അവര്‍ സ്വീകരിച്ചത്. പില്‍ക്കാലത്ത് നരവംശശാസ്ത്രത്തിനും നാടോടിവിജ്ഞാനീയത്തിനും ഫീല്‍ഡുഭാഷാശാസ്ത്രത്തിനും കൈവന്ന പ്രാധാന്യമാണ് വാമൊഴിസാഹിത്യത്തിലേക്കുകൂടി ഗവേഷകരുടെ ശ്രദ്ധയെത്തിച്ചത്. 
തനത് ചുറ്റുപാടില്‍ ഉയിര്‍കൊണ്ട നാടന്‍പാട്ടുകളില്‍, പ്രത്യേകിച്ച് അനുഷ്ഠാനഗാനങ്ങളിലാണ് ഭാഷാഭേദങ്ങളുടെ ഏറ്റവും പഴക്കംചെന്ന രൂപങ്ങള്‍ നിലനില്‍ക്കുന്നത്. പല പ്രാക്രൂപങ്ങളും പുതുതലമുറയ്ക്ക് അന്യമാകുമ്പോഴും പാട്ടുശീലത്തിന്‍റെ ഭാഗമായി അര്‍ഥഗ്രഹണമില്ലാതെപോലും അവ ചൊല്ലി സംരക്ഷിക്കപ്പെടുന്നു. ചൊല്ലുകളുടെ മനോഗതമനുസരിച്ച് അവയില്‍ ഒട്ടൊക്കെ മാറ്റം സംഭവിച്ചാലും കാതലായവ മാറ്റമില്ലാതെ നിലനില്ക്കും. അതുകൊണ്ടുതന്നെ ഭാഷാചരിത്രാന്വേഷികള്‍ക്കുള്ള അക്ഷയഖനിയായി മാറാന്‍ നാടന്‍പാട്ടുകള്‍ക്ക് സാധിക്കുന്നു. ഈ അന്വേഷണ സാധ്യതയാണ് ഭാഷാശാസ്ത്രത്തെ നാടോടിവിജ്ഞാനീയത്തോട് അടുപ്പിക്കുന്നത്. ഈ പഠനം ആശ്രയിക്കുന്ന  വാമൊഴി ആഖ്യാനം മലപ്പുറം ജില്ലയിലെ കളിയാട്ടക്കാവുത്സത്തിന്‍റെ ഭാഗമായ തോറ്റംപാട്ടാണ്. ഈ പഠനം ആശ്രയിക്കുന്ന  വാമൊഴി ആഖ്യാനം മലപ്പുറം ജില്ലയിലെ കളിയാട്ടക്കാവുത്സത്തിന്‍റെ ഭാഗമായ തോറ്റംപാട്ടാണ്. മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്ത് മൂന്നിയൂര്‍ ദേശത്ത് കളിയാട്ടമുക്കിലാണ് കളിയാട്ടക്കാവ് സ്ഥിതിചെയ്യുന്നത്. തോറ്റംപാട്ടിനെ കൊട്ടിപ്പാട്ട് എന്നും മലപ്പുറത്തുകാര്‍ക്കിടയില്‍ പറഞ്ഞുവരുന്നു. ചിരട്ടയും ചെണ്ടയുമാണ് കൊട്ടാനുപയോഗിക്കുന്നത്. രണ്ട് ചിരട്ടകള്‍ കൂട്ടിമുട്ടിച്ച് ഒച്ചയുണ്ടാക്കി താളംപിടിക്കുന്നു. അതിനനുസൃതമായി പാട്ടുംപാടുന്നു. ഇവരണ്ടും ഒരുമിച്ചുനടക്കുന്നതുകൊണ്ടാകും കൊട്ടിപ്പാട്ട് എന്ന പേരുവന്നിരിക്കുന്നത്. കളിയാട്ടക്കാവുത്സവത്തിലെ പാട്ടിനെ വിശേഷിച്ച് څതോറ്റംچ എന്ന പദത്തേക്കാള്‍ കൊട്ടിപ്പാട്ട് എന്ന പദമാണ് സാധാരണക്കാര്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.
തോറ്റംപാട്ടില്‍ പ്രധാനമായും ദേവീവര്‍ണനകളാണ് വരുന്നത്. ദേവിയുമായി ബന്ധപ്പെട്ട  ഐതീഹ്യങ്ങളും ശക്തിയുമാണ് ഇതില്‍ പാടുന്നത്. ദേവി ജനിക്കുന്നത് മുതല്‍ കളിയാട്ടക്കാവില്‍ ഇരുന്നതുവരെയുള്ളവ വ്യക്തമായി പാടിവരുന്നു. 
വിഭിന്ന മതവിശ്വാസികളുടെ കൈക്കോര്‍ക്കലാണ് ഈ ഉത്സവത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. വിശ്വാസം ആളുകളെ കൂടുതല്‍ കലുഷിതമാക്കുന്ന കാലത്തും സ്വന്തം വിശ്വാസത്വം കൈവെടിയാതെതന്നെ എത്രത്തോളം പരസ്പരം കൈകോര്‍ത്ത് ഇണങ്ങാമെന്ന് ഈ ഉത്സവം കാണിച്ചുതരുന്നു. ജാതിമതഭേദമന്യേ പ്രദേശത്തെ സര്‍വരും ഏതെങ്കിലുംതരത്തില്‍ ഈ ഉത്സവത്തിന്‍റെ ഭാഗമാകുന്നു. ഉത്സവത്തിന്‍റെ ആത്മാവായ ഹിന്ദു-മുസ്ലീം കൈകോര്‍ക്കലിനുപിന്നിലുള്ള ഐതീഹ്യം തോറ്റംപാട്ടില്‍ വ്യക്തമാണ്. 
പഠനവിധേയമാക്കുന്ന തോറ്റം പാട്ടിലെ രൂപിമ-പദതല സവിശേഷതകളെ മാനകമലയാളവുമായും കളിയാട്ടക്കാവ് പ്രദേശത്തെ ഭാഷാഭേദവുമായും താരതമ്യം ചെയ്ത് തനതുസവിശേഷതകള്‍ കണ്ടെത്തൊനാണ് ഈ പഠനം ശ്രമിക്കുന്നത്.

രൂപിമ സവിശേഷതകള്‍
സര്‍വനാമങ്ങള്‍

മാനകമലയാളം തോറ്റംപാട്ട്
ഞാന്‍         ഞമ്മള്‍
ഞങ്ങള്‍         ഞമ്മള്‍/ഞമ്മള
നിങ്ങള്‍         യിങ്ങള്
അവന്‍         ഓര്‍
അവര്‍         ഓല്
വിഭക്തികുറിചേര്‍ന്ന സര്‍വനാമങ്ങള്‍
മാനകമലയാളം തോറ്റംപാട്ട്
ഞങ്ങളെ         എങ്ങളെ
നമുക്ക്         ഞമ്മക്ക്
ഞങ്ങള്‍ക്ക് ഞങ്ങക്ക്
അവര്‍ക്ക്         ഓല്ക്ക്
നിന്‍റെ         അന്‍റ
എന്‍റെ         യെന്‍റെ
ഉത്തമപുരുഷന്‍ ഏകവചനത്തെയും ബഹുവചനത്തെയും കുറിക്കുവാന്‍ ഞമ്മള്‍ എന്ന ഒരേ രൂപംതന്നെ ഈ തോറ്റംപാട്ടില്‍ ഉപയോഗിച്ചുകാണുന്നു. ഞാന്‍ എന്ന രൂപം ഒരിടത്തുപോലും കാണുന്നില്ല എന്നത് ശ്രദ്ധേയമാണ്. വ്യക്തിസത്തയ്ക്കുപകരം സാമൂഹ്യസത്തയ്ക്കു പ്രാധാന്യം നല്‍കിയ നാട്ടുവഴക്കങ്ങളായിരിക്കും സര്‍വനാമ ഉപയോഗത്തില്‍ ഇത്തരമൊരു വ്യതിരിക്തതയ്ക്ക് പ്രേരകമായത്.  
ഞമ്മള്‍ എന്ന സര്‍വനാമത്തോട് ഉദ്ദേശികാവിഭക്തിയും പ്രതിഗ്രാഹിക വിഭക്തിയും ചേരുമ്പോള്‍ ഉള്ള രൂപമാറ്റവും പ്രത്യേകതയുള്ളതാണ്.
ഉദാ-   ഞമ്മള്‍ + ക്ക് = ഞമ്മക്ക്
ഞമ്മള്‍ + എ = ഞമ്മളെ
സംബന്ധിക വിഭക്തിപ്രത്യയമായ ഉടെ ക്ക് പകരവും എ എന്ന പ്രതിഗ്രാഹിക വിഭക്തിപ്രത്യയം ഉപയോഗിച്ച് കാണുന്നുണ്ട്.
ഉദാ- ഞമ്മളെ (ഞമ്മളുടെ)
ഞങ്ങളെ > എങ്ങളെ
ഞങ്ങളെ എന്നതിന് പ്രതിഗ്രാഹിക വിഭക്തിചേര്‍ന്ന എങ്ങളെ എന്നൊരു രൂപംകൂടി ഈ തോറ്റംപാട്ടില്‍ കാണുന്നുണ്ട്. ഈ പ്രയോഗത്തിന് ഒരു സവിശേഷ സന്ദര്‍ഭവും പാട്ടില്‍ കാണുന്നുണ്ട്. സഹോദരിമാര്‍ (പെങ്ങമ്മാര്‍) സഹോദരډാരെ (ആങ്ങളമാര്‍) സംബോധന ചെയ്യുമ്പോഴാണ് ഈ എങ്ങള്‍ എന്ന് ഞങ്ങള്‍ എന്നതിനുപകരം ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ബന്ധുത്വം ഉള്‍ചേര്‍ന്ന സര്‍വനാമരൂപമായി കണക്കാക്കാം.
യെന്‍റെ, യിങ്ങള്‍
എ, ഇ എന്ന താലവ്യസ്വരങ്ങള്‍ സ്വരാംശം നഷ്ടപ്പെട്ട് താലവ്യപ്രവാഹിയായി മാറുന്ന സ്വനവിശേഷമാണ് യെന്‍റെ, യിങ്ങള്‍ എന്നീ രൂപങ്ങള്‍ ഉണ്ടാവാന്‍ കാരണം. ഈ തോറ്റംപാട്ടിലെ സ്വനസവിശേഷതകളില്‍ പ്രധാനം താലവ്യീകരണമാണ്. മേല്‍സൂചിപ്പിച്ച സര്‍വനാമങ്ങളുടെ രൂപത്തിനും ആവിര്‍ഭാവത്തിനും കാരണം താലവ്യീകരണമാണ്.
അവര്‍ > ഓല്
അവര്‍ എന്നതിന് വടക്കുളള പല ഭാഷാഭേദങ്ങളിലും ഓറ് (കടത്തനാട്ട്) ഓര് (കോഴിക്കോട്, മലപ്പുറം) തുടങ്ങിയ പ്രയോഗങ്ങളുണ്ട്. വ കാരത്തിന്‍റെ ഓഷ്ഠ്യഛായ അകാരത്തില്‍ വ്യാപിച്ച് ഒ ആകുന്നതാണെന്ന് കരുതാം. എന്നാല്‍ റ്/ര് എന്നതിന് څലچകാരാദേശം ഇതരഭാഷാഭേദങ്ങളില്‍ കാണുന്നില്ല. മലപ്പുറം ഭാഷാഭേദത്തിന്‍റെ ഒരു പ്രത്യേകതയായി തിരിച്ചറിഞ്ഞ ഈ സവിശേഷത (ശ്രീനാഥന്‍, എം. 2015) കളിയാട്ടക്കാവ് തോറ്റംപാട്ടിലും കാണാം. മലപ്പുറത്തിനുപുറമെ മലപ്പുറം, കോഴിക്കോട് അതിര്‍ത്തിപ്രദേശങ്ങളിലും ഇതേ പ്രയോഗം നിലനില്ക്കുന്നതായി ഗവേഷണമധ്യേ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ, ഇവിടങ്ങളിലെ പാട്ടുരൂപങ്ങളില്‍ ഈ പ്രയോഗം ഉണ്ടോ എന്നത് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്.
നിന്‍റെ > അന്‍റ
പദാദിയിലെ നകാരം താലവ്യീകരണംവഴി څഞچ കാരമാകുന്നതിനു പുറമെ പദാദിയിലെ നകാര ലോപവും ഈ പാട്ടിലെ പല പദങ്ങളിലും കാണുന്നുണ്ട്. څനിന്‍റെچയില്‍ ആദ്യസ്വനലോപം സംഭവിക്കുന്നതോടൊപ്പംതന്നെ ഇ കാരം അ കാരമായും മാറുന്നു.

വചനം

ബഹുവചനകുറിയില്‍ വ്യതിയാനങ്ങള്‍ കാണുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ മാത്രം ഏകവചനരൂപം ഉപയോഗിക്കേണ്ടിടത്തും ബഹുവചനം ഉപയോഗിച്ചുകാണുന്നു.
ഉദാ- ''കാതിനൊരു കാതൊടങ്ങള്‍ ഞങ്ങക്കങ്ങനെവേണോ
നെഞ്ഞിനൊരു നേര്‍മാലകള്‍ ഞങ്ങക്കങ്ങനെവേണോ''
ഇവിടെ, ഒരു എന്ന ക്രമവാചി (ordinal) യോടുചേര്‍ന്ന് ബഹുവചനകുറി സാധാരണ നടപ്പില്ലാത്തതാണ്. ഇത് പാട്ടിലെ താളമൊപ്പിക്കുവാന്‍ വേണ്ടിയുള്ള സങ്കേതമാണോ അതോ മുമ്പ് മലപ്പുറം ഭാഷാഭേദത്തില്‍ ഇത്തരം പ്രയോഗം നിലനിന്നിരുന്നോ എന്ന് വ്യക്തമല്ല. നിലവില്‍ ഈ പ്രയോഗം കളിയാട്ടക്കാവ് മേഖലയിലെ ഭാഷാഭേദത്തില്‍ കാണുന്നില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഈ സവിശേഷതയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.
ഈ ബഹുവചനക്കുറിക്കുള്ള മറ്റൊരു കാരണം വാക്യഘടനാടിസ്ഥാനത്തിലും വിശദീകരിക്കാവുന്നതാണ്.
നെഞ്ഞിനൊരുനേര്‍മാലകളെ ഞങ്ങക്കനെവേണോٹٹ
അരക്കൊരരഞ്ഞാണങ്ങള്‍ ഞങ്ങക്കങ്ങനെവേണോٹٹ..
ഈ വരികളില്‍ നേര്‍മാലകളും അരഞ്ഞാണങ്ങളും ഞങ്ങള്‍ എന്ന കര്‍ത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ മാലയും അരഞ്ഞാണവുമാണ് വേണ്ടതെന്ന് പ്രകരണനിഷ്ഠമായി അര്‍ത്ഥം ലഭിക്കും. ഓരോരുത്തരുടെയും മാലകളും അരഞ്ഞാണങ്ങളും ചേര്‍ക്കുമ്പോള്‍ അവ ബഹുവചനംതന്നെ. എന്നാല്‍ ഒരു എന്ന സംഖ്യാവിശേഷണത്തോട് ചേര്‍ത്ത് കള്‍ പ്രയോഗിക്കുന്നത് മലയാളത്തില്‍ പതിവില്ലാത്തതാണ്. 
മേയനാമങ്ങളുടെ കൂടെ ബഹുവജനകുറി സാധാരണ ഉപയോഗിക്കാത്ത സന്ദര്‍ഭത്തിലും കളിയാട്ടക്കാവിലെ തോറ്റംപാട്ടില്‍ അത് ഉപയോഗിച്ചുകാണുന്നു.
ചെറ്യേചെറ്യേ മയകളതാകൂടാലുപെജ്ജ്ണ് (മഴ പെയ്യുന്നു).
കുറഞ്ഞൊരുകഞ്ഞികളാണെനിക്കല്ലങ്ങനെവേണോ (കുറച്ച് കഞ്ഞിവേണം).

അനുപ്രയോഗം

മറ്റു ധാതുക്കളെ സഹായിപ്പാനായി അതിനടുത്തുപരമായി പ്രയോഗിക്കുന്ന ധാതുവാണ് അനുപ്രയോഗം. അനുപ്രയോഗങ്ങളെ സഹായകക്രിയകള്‍ എന്നാണ് ഗുണ്ടര്‍ട്ട് വിളിക്കുന്നത്. (രാജരാജവര്‍മ്മ, എ. ആര്‍. 2011 (267)). മലയാളത്തില്‍ കാല-പക്ഷ-പ്രകാരസൂചകങ്ങള്‍ എന്ന ധര്‍മ്മവും അനുപ്രയോഗങ്ങള്‍ക്കുണ്ട്. മലയാളത്തിലെ അനുപ്രയോഗവൈവിധ്യം പരമ്പരാഗത വൈയാകരണډാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവയില്‍പ്പെടാത്ത അനുപ്രയോഗങ്ങളും ഭാഷയില്‍ നടപ്പുണ്ട് എന്നുള്ളതിന് ഈ തോറ്റംപാട്ടിലെ ഭാഷ തെളിവാണ്.
ഈ അനുപ്രയോഗങ്ങളില്‍ ആഞ്ഞേ, കാഞ്ഞ് എന്നീ രൂപങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധമല്ല.
ഈ പാട്ടില്‍കാണുന്ന കാഞ്ഞ്, ആഞ്ഞ് രൂപങ്ങള്‍ പാട്ടുപ്രചാരത്തിലുള്ള കളിയാട്ടക്കാവ് മേഖലയിലെ വാമൊഴിയില്‍ ഇപ്പോഴും പ്രയോഗത്തിലുണ്ടെന്ന് ഈ ഗവേഷണത്തിന്‍റെ ഭാഗമായി കണ്ടെത്താനായിട്ടുണ്ട്. ഇട് എന്ന അനുപ്രയോഗത്തിന് പകരം നില്ക്കുന്നതാണ് കാഞ്ഞ്/ആഞ്ഞ് എന്നീ രൂപങ്ങള്‍. 
ഉദാഹരണം- കുടിയിരുന്നാഞ്ഞ് - കുടിയിരുന്നിട്ട്
മുറുക്കിക്കാഞ്ഞ് - മുറുക്കിയിട്ട്
തുപ്പിക്കാഞ്ഞ് - തുപ്പിയിട്ട്
പിടിച്ചാഞ്ഞ് - പിടിച്ചിട്ട്
ഇരുന്നാഞ്ഞ് - ഇരുന്നിട്ട്
ഈ ഉദാഹരണങ്ങളിലെല്ലാം ആഞ്ഞ് എന്ന അനുപ്രയോഗം ഇട് എന്ന അനുപ്രയോഗത്തിന് തുല്യമാണെന്ന് കാണാം. കാഞ്ഞ് എന്നതിലെ څകچ ഇടനിലയായി വരുന്നതാണ്. 'ആഞ്ഞ്' നു മുന്‍പ്വരുന്ന വ്യഞ്ജനം ഇരട്ടിപ്പുള്ളതാകുമ്പോള്‍ മാത്രമാണ് 'ക' എന്ന ഇടനില കാണുന്നത്.
ആഞ്ഞ്, കാഞ്ഞ് എന്നിവ കള + ഞ്ഞ് = കളഞ്ഞ് എന്നതിന് വന്ന രൂപമാറ്റവുമാകാം.
ഉദാ- മുറുക്കിക്കാഞ്ഞ് - മുറുക്കിക്കളഞ്ഞ് ڊ മുറുക്കിയതിനുശേഷം (അര്‍ത്ഥം).
പക്ഷേ, കളഞ്ഞു എന്ന അനുപ്രയോഗത്തിന്‍റെ അര്‍ത്ഥസന്ദര്‍ഭവുമായി കേരളപാണിനി ചൂണ്ടിക്കാണിച്ചിട്ടുള്ളത് നിശ്ശേഷത, സാഹസം, അനാസ്ഥ, അനായാസം എന്നിവയാണ്. കളഞ്ഞു എന്നു വരുമ്പോഴാണ് ഈ അര്‍ത്ഥങ്ങളെല്ലാം ലഭിക്കുന്നത്. (തോല്‍പിച്ചുകളഞ്ഞു, ചാടിക്കളഞ്ഞു, ഓടിക്കളഞ്ഞു, പറഞ്ഞുകളഞ്ഞു.) (കേരളപാണിനീയം. 272).
തോറ്റംപാട്ടില്‍ കളഞ്ഞു എന്നതിനുപകരം കളഞ്ഞ് എന്നാണ് പ്രയോഗം. ഉകാരം വിവൃതല്ല സംവൃതമാണ്. അര്‍ത്ഥസന്ദര്‍ഭമാകട്ടെ ചെയ്തതിനുശേഷം എന്നുമാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ആഞ്ഞ്, കാഞ്ഞ് എന്നീ അനുപ്രയോഗങ്ങള്‍ തോറ്റംപാട്ടിലെയും അത് പ്രതിനിധാനംചെയ്യുന്ന ഭാഷാഭേദത്തെയും വേറിട്ടുനിര്‍ത്തുന്നു. വൈയാകരണډാര്‍ കല്പിച്ച അനുപ്രയോഗധാതുക്കളെക്കാള്‍ എത്രയോ വൈവിധ്യമുള്ള അനുപ്രയോഗങ്ങള്‍ ഭാഷയുടെ പരോള്‍തലമായ ഭാഷാഭേദങ്ങളില്‍ ഉണ്ടാവാന്‍ ഇടയുണ്ട് എന്ന് ഈ പഠനം തെളിയിക്കുന്നു. ഇക്കാര്യത്തിലും ആഴമേറിയ ഗവേഷണത്തിന്‍റെ സാധ്യതയിലേക്ക് ഈ പാട്ട്ഭാഷാവിശകലനം വിരല്‍ച്ചൂണ്ടുന്നു. 

വര്‍ത്തമാനകാല പ്രത്യയത്തിലുള്ള മാറ്റം

കാലപ്രത്യയങ്ങളിലും തെളിഞ്ഞുകാണുന്നത് ഭാഷാഭേദസവിശേഷതകള്‍ തന്നെയാണ്. കാരിക്കുരിക്കള്‍ പാട്ടില്‍ (സനോജ്, വി. കെ. 2016.) വര്‍ത്തമാനകാലപ്രത്യയമായ څഉന്നുچ വിനുപകരമായി څഉന്ന്چ എന്ന വടക്കന്‍മലയാളത്തിലെ പ്രത്യയം വരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കളിയാട്ടക്കാവിലെ തോറ്റംപാട്ടില്‍ ഉന്നുچ വിനു പകരം വരുന്ന വര്‍ത്തമാനകാലപ്രത്യയം താഴെ വിശകലനം ചെയ്യുന്നു.
മാനകമലയാളം തോറ്റംപാട്ട്
എടുക്കുന്നു എടുക്ക്ണ്
പറയുന്നു         പറയ്ണ്
കളിച്ചിരിക്കുന്നു കളിച്ചിരിക്ക്ണ്
വഴിനടക്കുന്നു വഴിനടക്ക്ണ്
വഴിനടക്കുന്നു വയിനടക്കൊള്ള്ണ്
ഇരിക്കുന്നു ഇരിക്ക്ണ്
ഇറക്കുന്നു         ഇറക്ക്ണ്
തിരിയുന്നു തിരിയണേ
കരകയറുന്നു കരകയറ്ണേ
പോകുന്നു         പോണേ
കഴിയുന്നു         കഴിയിണ്
വരുത്തുന്നു വര്ത്ത്ണ്ട്
പണിയുന്നു പണിയ്ണ്
നടക്കുന്നു         നടക്ക്ണേ
ചെയ്യുന്നു         ചെയ്യ്ണ്
കഴിക്കുന്നു കയിക്ക്ണ്
'ഉന്നു' എന്ന വര്‍ത്തമാനകാലപ്രത്യയത്തിനുപകരം ഉ്ണ്, ഉ്ണേ എന്നീ പ്രത്യയങ്ങളാണുപയോഗിക്കുന്നത്. ഇതില്‍ 'ഉ്ണ്' എന്ന പ്രത്യയരൂപം ഇപ്പോഴും മലപ്പുറം ഭാഷാഭേദത്തില്‍ നടപ്പുള്ളതാണ്. 'ഉ്ണേ' എന്നതിലെ ദീര്‍ഘമായ എകാരം പാട്ടിന്‍റെ ഈണത്തിനും താളത്തിനുംവേണ്ടി ഉപയോഗിക്കുന്നതാവാനാണ് സാധ്യത. 'ഉ്ണേ' എന്ന പ്രത്യയം കളിയാട്ടക്കാവ് പ്രദേശത്തോ മലപ്പുറം ജില്ലയിലെ ഇതരപ്രദേശങ്ങളിലോ ഇല്ലെന്നാണ്  സാമാന്യമായ ഫീല്‍ഡന്വേഷണത്തില്‍ അറിഞ്ഞത്. വിപുലമായ ഭാഷാഭേദ ദത്തങ്ങളുടെ സഹായത്തോടെമാത്രമേ ഇത് ഉറപ്പിക്കാനാകൂ.

സമാനാര്‍ഥപദങ്ങളുടെ ആവര്‍ത്തനം.

വാക്ക് ഘടകങ്ങളുടെ അര്‍ത്ഥം
മണ്ട്യോടി മണ്ടി + ഓടി (മണ്ടി = ഓടി, ഓടി = ഓടി) 
പറഞ്ഞതുംച്ചൊല്യതും പറഞ്ഞത് + ചൊല്ലിയത് 
(പറഞ്ഞത് = പറഞ്ഞത്, 
ചൊല്ലിയത് = പറഞ്ഞത്)
പേറുപെറപ്പത് പേറ് + പെറപ്പത് (പേറ് = പ്രസവം, 
പെറപ്പത് = പ്രസവം)
വെട്ടമില്ലാവെളിച്ചോമില്ല വെട്ടം + ഇല്ല + വെളിച്ചം + ഇല്ല 
(വെട്ടം = പ്രകാശം, വെളിച്ചം = പ്രകാശം) 
ഒരേ അര്‍ത്ഥമുള്ള പദങ്ങളുടെ ആവര്‍ത്തനം ദ്വിഗുണീകരണം എന്ന സാങ്കേതികപദങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. എന്നാല്‍ അര്‍ത്ഥത്തിലൂന്നി ചിന്തിക്കുമ്പോള്‍ അവയെയും ദ്വിഗുണീകരണത്തിന്‍റെ ഒരു വകഭേദമായി കണക്കാക്കാം. അര്‍ത്ഥതലത്തില്‍ ദ്വിഗുണീകരിക്കപ്പെടുന്ന വാക്കുകള്‍ കളിയാട്ടക്കാവിലെ തോറ്റംപാട്ടില്‍ കാണാം. ഒരേ അര്‍ത്ഥംവരുന്ന പദങ്ങളുടെ ആവര്‍ത്തനം മറ്റു  തോറ്റംപാട്ടുകളിലും കണ്ടെത്തിയിട്ടുണ്ട് (വിഷ്ണു നമ്പൂതിരി, എം. വി, സനോജ്, വി. കെ). ഇവ ഉത്തരകേരളത്തിലെ തോറ്റംപാട്ടുകളുടെ പൊതുസവിശേഷതയാകാം. കൂടുതല്‍ തോറ്റംപാട്ടുപഠനങ്ങള്‍ നടന്നാല്‍മാത്രമേ ഇത്തരം പൊതുസവിശേഷതകള്‍ വ്യക്തമായി തെളിയിക്കാനാകൂ.

സമാനാര്‍ത്ഥപദങ്ങളുടെ ആവര്‍ത്തനംവരുന്ന വരികള്‍

1. പിള്ളുംപിറാവുംകൂടിയിണടിച്ചോരുനേരം. 
2. മണ്ട്യോട്യങ്ങനെപ്പോക്ണ്ത്ണ്ണ്ടേ കാരിയക്കാരെല്ലാണേٹ..
3. മണ്ട്യോട്യങ്ങനെപ്പോക്ണ്ത്ണ്ടേ ദേയത്തുപെരുന്നാത്തി
4. അന്നേരംപ്പറയ്ണ്ത്ണ്ടേ പെറ്റമ്മമാതാവേٹٹ
5. നാടുതെണ്ടിദേയംതെണ്ടി കുഞ്ഞാഞ്ചീരുവളമ്മാٹ..
6. പലവരുചെലവരു നടക്കുന്നപെരുവയീٹ..
7. വെട്ടമില്ലാവെളിച്ചോമില്ലാ തിരുമാനോംകുന്നത്ത്ٹ..
8. ആളുമില്ലടിയരില്യാ തിരുമാനോംകുന്നത്ത്ٹ..
ശൈലീസവിശേഷതകള്‍ പദതലത്തില്‍
മാനകമലയാളത്തില്‍നിന്നും മലബാറിലെ ഇതരഭാഷാഭേദങ്ങളില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടേറെ പദങ്ങള്‍ ഈ തോറ്റംപാട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. പദതലത്തിലെ വേറിട്ടസ്വഭാവം നിര്‍ണയിക്കുന്നതില്‍ രൂപസ്വനിമിക (morpho-phonemics) ഘടകങ്ങള്‍ക്കും പങ്കുള്ളതായി കാണുന്നു. ആര്‍ഥികവും രൂപപരവുമായി വ്യതിരിക്തതപുലര്‍ത്തുന്ന പദങ്ങളാണ് ഈ ഭാഗത്ത് വിശകലനം ചെയ്യുന്നത്. പൊതുമലയാളത്തിലെ പദങ്ങള്‍ക്ക് രൂപപരിണാമം വരുത്തിയതില്‍ ചില സ്വനിമ പ്രക്രിയകള്‍ക്ക് പങ്കുണ്ട്. വര്‍ണലോപവും വര്‍ണാദേശവുമാണ് അവയില്‍പ്രധാനം. ആദി-മധ്യ-അന്ത്യസ്വനലോപങ്ങള്‍ പദരൂപങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്.

അന്ത്യസ്വനാഗമം വന്നപദം

പദങ്ങളുടെ അവസാനഭാഗത്ത് ഒരു സ്വനം വന്നുചേരുന്നതാണിത്.
ഉദാ-സങ്കല്പം>സങ്കല്പന

ലോപത്തിന്‍റെ വകഭേദങ്ങള്‍

ഭാഷണത്തിന്‍റെ വേഗം വര്‍ധിക്കുമ്പോഴോ പല കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴോ പദത്തിന് രൂപഭേദം വരത്തക്കവണ്ണം ചില സ്വനങ്ങള്‍ എല്ലാ ഭാഷകളിലും ലോപിക്കാറുണ്ട്. പദങ്ങളുടെ ആദി-മധ്യ-അന്ത്യങ്ങളിലാണ് ലോപം സംഭവിക്കുന്നത്. 

ആദിസ്വനലോപം

സ്ഥലം > തലം

പദമധ്യലോപം

നല്ലഅങ്ങാടി < നല്ലങ്ങാടി
കേള്‍ക്ക < കേക്ക

അന്ത്യസ്വനലോപം

പാണ്ടികശാല > പാണ്ട്യാല > പാണ്ട്യ
അഴക് > അഴ
കാല്‍ക്കൊട > കാക്കൊട (കാലുള്ളകുട)

കളിയാട്ടക്കാവിലെ തോറ്റംപാട്ടിലെ സവിശേഷപദങ്ങള്‍
സംഖ്യാപദങ്ങള്‍

പദം         അര്‍ത്ഥം
അമ്പനങ്കോടി അമ്പതുകോടി
ഏയാറോ         ആറും ഏഴും പ്രാവശ്യം
നാമത്തിരണ്ട് നാല്പത്തിരണ്ട്
നാല്പെനകോടി നാല്പതുകോടി
പയിനാല്         പതിനാല്
പയിമൂന്ന്         പതിമൂന്ന്

ജാതിസൂചകപദങ്ങള്‍

പദം                 അര്‍ത്ഥം
കണക്കന്‍         ദലിതരില്‍ ഒരു വിഭാഗം
കണിയാര്         ജ്യോതിഷം വശമുള്ളയാള്‍
ചേകോന്‍         കള്ള് ചെത്തുന്നവന്‍
ചേമ്പട്ടിനായര്‍         നായര്‍
പാണ്ടിയത്തട്ടാന്‍         സ്വര്‍ണാഭരണം ഉണ്ടാക്കുന്നവര്‍
പെര്ന്നാത്തി         പെരുവണ്ണാത്തി
പൊലയന്‍         പുലയവിഭാഗം
വെളുവെള്ളിനായര്‍ നായരിലെ ഒരു വിഭാഗം
വേലന്‍         വൈദ്യം തൊഴിലാക്കിയവര്‍
മണ്ണുത്തിക്കൊയപ്പന്‍ കൊശവന്‍മാര്‍ എന്ന് ഇപ്പോള്‍ അറിയപ്പെടുന്നു. മണ്ണുകൊണ്ട് കുഴച്ച് സാധനങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ടാകാം മണ്ണുത്തിക്കൊയപ്പന്‍ എന്ന് വന്നത്. 

മറ്റുപദങ്ങള്‍

പദം വിവരണം
അനുസന്‍=അനുജന്‍
അമ്മിക്കുട്ടി = അരയ്ക്കാന്‍ ഉപയോഗിക്കുന്നത്. (തെക്കന്‍കേരളത്തില്‍ കൊഴവി എന്നാണ് അറിയപ്പെടുന്നത്).
അഴ = അഴക്
ആണടിയാര് = താണവിഭാഗത്തിലെ   ആണുങ്ങള്‍
ഉടുവാട = ഉടുപുടവ
ഏറ്റത്തി = ഏറ്റുകത്തി  
കണല്  = കനല്‍
കണ്ടണ്‍താലി = കണ്ഠതാലി  
കരി = കരി എന്നതിന് പാട്ടിലെ സന്ദര്‍ഭത്തില്‍ മൂന്ന് അര്‍ത്ഥം കാണുന്നു.(ഒന്ന് 
കലപ്പ, രണ്‍് ഉറവ/വെള്ളം,  മൂന്ന് കറുപ്പ്)
കാക്കൊട = കാലിനു  നീളമുള്ള ഓലക്കജെ
കാതൊട = കാതിലണിയുന്ന തോട
കാത്തണ്‍ണ്ട  = പാദസരം
കുഞ്ഞിക്കുതിര  = ഉത്സവത്തിന്‍റെ ഭാഗമായി ദേശക്കാര്‍ കുരുത്തോലയും തുണിയുമെല്ലാം ഉപയോഗിച്ച് വെച്ച് ഉണ്ടാക്കുന്ന നേര്‍ച്ചക്കുതിര.
കുതുമ പുതു
കേക്ക = കേള്‍ക്ക
കേള =  പറയുക
കൈകോല്  =  കഴുക്കോല്‍/കഴുക്കോല്
കോയി  = കോഴി
കൗത്ത്  =  കഴുത്ത്
ക്ലാരി =  കളരി
ചേകകോയി =  പൂവന്‍കോഴി
ജുമായ =  വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള നിസ്കാരം
ഞമ്മക്ക് =  നമുക്ക്
തങ്ങള്‍ =  മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം
തച്ചോത്തുപ്പെണ്ണാടി തച്ചന്‍റെ ഭാര്യ
തങ്കായം =  സങ്കേതം, സ്ഥലം
തറ്റ്മാറ്റ് =  ഞൊറിഞ്ഞുടുപ്പ്
നാക്കാലി =  നാല് കാലുള്ള ഇരിപ്പിടം
നാട്ടകം =  പ്രദേശം
നായി =  നായ
പകവതി =  ഭഗവതി
പടിവാകം  = പടിക്കല്‍
പയിങ്ങ =  മൂക്കാത്ത അടക്ക 
പയ്യി =  പശു
പാണ്ട്യ =  പാണ്ടികശാല
പിള്ള് =  പ്രാവ്
പെണ്ണടിയാര് =  താണവിഭാഗത്തിലെ പെണ്ണുങ്ങള്‍
പേരാറ്റുംവെഞ്ചാല്  =  പേരാറ്റിന്‍റെ വെണ്‍ചാല്, പേരാറ്റിലേക്കൊഴുകുന്ന തോട്.
പേറ് =  പ്രസവം
പൊല =  പുലര്‍ച്ച
പൊലക്കോയി =  പുലര്‍ച്ചയ്ക്ക് കൂവുന്ന പൂവന്‍കോഴി
ബെളക്ക്  = വിളക്ക്
മഗ്/മഗ്ഗ്/മഗു =  മഴു
മണ്‍ണ്ടി =  ഓടി
മുറിച്ചോപ്പ്  = പട്ടു കൊടുക്കുക എന്ന ചടങ്ങിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്.
മൊകം = മുഖം 
വട്ടക്കെട്ട് =  മുസ്ലീങ്ങളുടെ തലകെട്ട്
യിടിയവില്       =   നാട്ടില്‍ ഇടിച്ചുണ്‍ണ്ടാക്കുന്ന അവില്‍
ഭാഷാചരിത്രത്തിലേക്കും ഭാഷയുടെ തനതുസ്വത്വത്തിലേക്കും വെളിച്ചംവീശാനുതകുന്ന ധാരാളം സൂചകങ്ങള്‍ നൂറ്റാണ്ടുകളിലൂടെ കൈമാറിവാരുന്ന തോറ്റംപാട്ടിലെ ഗ്രാമ്യപദാവലിയിലും പ്രത്യയഘടനയിലും ഒളിഞ്ഞിരിപ്പുണ്ട് എന്ന് കളിയാട്ടക്കാവിലെ തോറ്റംപാട്ടുപഠനം തെളിയിക്കുന്നു. ഈ പഠനത്തിന്‍റെ ഭാഗമായി കണ്ടെത്തിയ പല ഭാഷാംശങ്ങളും പ്രകൃതി - പ്രത്യയ സവിശേഷതകളും ആഴത്തില്‍ നടത്തേണ്ട തുടര്‍ഗവേഷണങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. 

നിഗമനങ്ങള്‍

ഓരോ തോറ്റംപാട്ടും അതു പിറവിയെടുത്ത ഭൂമികയുടെയും കാലത്തിന്‍റെയും ഭാഷാശീലങ്ങളുടെ അറിവുനല്കുന്ന അക്ഷയഖനിയാണെന്ന് ഈ പഠനം തെളിയിക്കുന്നു. അതാതിടങ്ങളിലെ ഭാഷാസവിശേഷതതന്നെയാണ് ഓരോ തോറ്റംപാട്ടിന്‍റെയും ഉപരിതലത്തില്‍ നില്‍ക്കുന്നത്. കാരിക്കുരുക്കള്‍ തോറ്റംപാട്ടില്‍ വടക്കന്‍മൊഴിയാണെങ്കില്‍ മലപ്പുറം മൊഴിയാണ് കളിയാട്ടക്കാവ് തോറ്റംപാട്ടില്‍ കാണുന്നത്.
കണ്ടെത്തിയ പ്രധാനഭാഷാസവിശേഷതകള്‍
1. കളിയാട്ടക്കാവ് തോറ്റംപാട്ടിന്‍റെ മുഖ്യസവിശേഷത അതിന് മലപ്പുറം ഭാഷാഭേദത്തോടുള്ള ചായ്വാണ്. വര്‍ണപരമായി ദ്രാവിഡസ്വഭാവം നിലനിര്‍ത്താന്‍ ഈ തോറ്റംപാട്ട് ശ്രമിക്കുന്നു. അതേസമയം വിദ്യാസമ്പന്നരായ ആളുകള്‍ ചൊല്ലുമ്പോള്‍ ചിലയിടങ്ങളിലെങ്കിലും മാനകമലയാളത്തിന്‍റെ ഉച്ചാരണരീതിയോട് ചായ്വ് പുലര്‍ത്തുന്നതായും കാണുന്നുണ്ട്.

2. രൂപിമതലത്തില്‍ സര്‍വനാമം, വചനം, അനുപ്രയോഗം,  വര്‍ത്തമാനകാലപ്രത്യയം എന്നിവയിലാണ് മാനകമലയാളത്തില്‍ നിന്നുള്ള വ്യതിയാനം കാണുന്നത്. അവ ഇനി പറയുന്നവയാണ്.വര്‍ത്തമാനകാലപ്രത്യയമായ ഉന്നു വിനു പകരം ഉ്ണ്, ഉ്ണേ എന്നീരൂപങ്ങള്‍ കാണുന്നു.ഒരു എന്ന സംഖ്യാവിശേഷണത്തോട് ചേര്‍ത്ത് കള്‍ പ്രയോഗിക്കുന്നത് മലയാളത്തില്‍ പതിവില്ലാത്തതാണ്. എന്നാല്‍ തോറ്റംപാട്ടില്‍ ഇത് കാണുന്നു. ഇട് എന്ന അനുപ്രയോഗത്തിന് പകരം കാഞ്ഞ്/ആഞ്ഞ് എന്നീ രൂപങ്ങളാണ് ഇതില്‍ കാണുന്നത്. 

3. ഒരേ പദങ്ങളുടെ ആവര്‍ത്തനം തോറ്റംപാട്ടുകളുടെ പൊതുസവിശേഷതയാണെന്ന് പറയാം.

4 ദ്വിഗുണീകരണം താളം ഒപ്പിക്കാന്‍വേണ്ടി പലയിടത്തും ഉള്‍ച്ചേര്‍ക്കുന്നു.

5. പദാദിയിലും പദമധ്യത്തിലും പദാന്ത്യത്തിലും ലോപങ്ങള്‍ വിവിധ പദങ്ങള്‍ക്ക് പുതുരൂപങ്ങള്‍ നല്കുന്നു. 

മലപ്പുറത്തിന്‍റെ തനിമൊഴിയാണ് ഈ പാട്ടില്‍ മുഖ്യ ഭാഷാഭാവം. ആദിദ്രാവിഡസ്വഭാവം ചിലയിടങ്ങളില്‍ കണ്ടെത്താനായി. കളിയാട്ടക്കാവുമായി ബന്ധപ്പെട്ട മുഴുവന്‍ സമുദായങ്ങളുടെയും പാട്ടിനെ ആസ്പദമാക്കിയുള്ള പഠനത്തില്‍കൂടി ഈ തോറ്റംപാട്ടിലെ ഭാഷാസവിശേഷതകള്‍ സൂക്ഷമമായി അടയാളപ്പെടുത്താനാകൂ. ഈ പഠനം അതിനുള്ള പ്രാഥമികാന്വേഷണമാണ്. വിപുലമായ തുടര്‍ഗവേഷണസാധ്യത ഈ പഠനം മുന്നോട്ടുവെക്കുന്നു.

ഗ്രന്ഥസൂചി

Achyuthamenon Chelanaattu. (2015). Keralatthile kaaleeseva. Kottayam : Saahithya Pravartthaka Sahakarana Samgham. National Book Stall.
Aju, k. Narayanan. (2014). Keralatthile buddhamathapaaramparyam naattarivukaliloote. Kottayam: Saahithya Pravartthaka Sahakarana Samgham. National Book Stall
Anupama, M. (2011). Bhaashaabhedam. Kannoor: Samayam Publications.
Aboobakkar, P. A. (2015). Vatakkan Malayaalam. Thiruvananthapuram : Kerala Bhasha Institute.
Kalachandran. 2014. Kaavum kaliyaattavum. Trissur : Kerala Saahithya Academy
Prabodhachandran Nair, V, R (2012). Bhashashasthranighandu. Thiruvananthapuram : Kerala Bhasha Institute 
Raajaraajavarmma, A,R. (2011). Keralapaanineeyam. Kottayam: Saahithya Pravartthaka Sahakarana Samgham. National Book Stall
Vishnunampoothiri, M.V. (2010). Nammute pandatthe paattukal. Kottayam : D C Books
Sreenathan, M. (Ed). (2015). Bhaashaabhedapadtanam Malappuram. Tirur: Thunchath Ezhuthachan Malayalam University 
Sanoju, V.K, (2017). Kaarikkurukkal thottampaattu oru bhashashasthra vishakalanam, Unpublished MA dissertation. Tirur: Thunchath Ezhuthachan Malayalam University 
Krishnamurti, B. H. (2003). The Dravidian Languages. New York : Cambridge University.
Saidalavi, C. (2014). A Sociolinguistic Evaluation of ArabiMalayalam. Unpublished Phd Thesis. Mysore University.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം. നാഷണല്‍ ബുക്ക്സ്റ്റാള്‍.
അജു, കെ. നാരായണന്‍. (2014). കേരളത്തിലെ ബുദ്ധമതപാരമ്പര്യം നാട്ടറിവുകളിലൂടെ. കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം. നാഷണല്‍ ബുക്ക്സ്റ്റാള്‍.
അനുപമ, എം. (2011). ഭാഷാഭേദം. കണ്ണൂര്‍: സമയം പബ്ലിക്കേഷന്‍സ്.
അബൂബക്കര്‍, പി. എ. (2015). വടക്കന്‍ മലയാളം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
പ്രബോധചന്ദ്രന്‍ നായര്‍, വി. ആര്‍. (2012). ഭാഷാശാസ്ത്രനിഘണ്ടു. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
വിഷ്ണുനമ്പൂതിരി, എം. വി. (2010). നമ്മുടെ പണ്ടത്തെപാട്ടുകള്‍. കോട്ടയം: ഡി. സി. ബുക്സ്.
ശ്രീനാഥന്‍, എം. (എഡി). (2015). ഭാഷാഭേദപഠനം മലപ്പുറം. തിരൂര്‍: തുഞ്ചത്തെഴുത്തച്ചന്‍ മലയാളസര്‍വകലാശാല.
സനോജ്, വി. കെ. (2017). കാരിക്കുരുക്കള്‍ തോറ്റംപാട്ട് ഒരു ഭാഷാശാസ്ത്രവിശകലനം. അപ്രകാശിത എം എ പ്രബന്ധം. തിരൂര്‍: തുഞ്ചത്തെഴുത്തച്ചന്‍ മലയാളസര്‍വകലാശാല.
Krishnamurti, B. H. (2003). The Dravidian Languages. New York : Cambridge University.
Saidalavi, C. (2014). A Sociolinguistic Evaluation of ArabiMalayalam. Unpublished Phd Thesis. Mysore University.
Deepthi KV
Research Scholar
Thunchath Ezhuthachan Malayalam University
Pin: 676502
India
Ph: +91 8943309865
deepthikv93@gmail.com
ORCID: 0000-0003-0852-2770
&
Dr. Saidalavi Cheerangote
Associate Professor of Linguistics
Thunchath Ezhuthachan Malayalam University
Tirur, Kerala
Pin: 676502
Ph: +91 9895012935
saidmuty@gmail.com
ORCID: 0000-0002-8011-4803