Theyyam: The Performing Art of Organic Perception

Roopa Sasidharan. A

Theyyam is a ritualistic art form of Northern Kerala. This art is related to the worship of Mother Goddess and fertility, which is connected with the agrarian culture of Northen Kerala. It has close relation with nature in its four aspects-Satvika, Angika , Aharya and Vachika. The aim of this dissertation is to examine the ecological awareness of the performing art Theyyam, which perceives spirituality in every living being of the earth, in the context of Deep Ecology.

Key words: Theyyam, ecology, performing art, audience, rites and rituals, Thina, Deep Ecology.

Reference:

Anilkumar, V.K. (2021). Ekarnna malapole padarnna vallipole. Thiruvananthapuram: Chintha Publishers.
Kannan Y.V. (2011). Theyyagalum Anustanagalum Oru padanam. Thiruvananthapuram: Kerala Bhasha Institute.
Karippath, R.C. (2014). Theyyaprapacham. Kannur: Kairali Books.
Govindavarmaraja, Balan, K. (Edi). (2004). Folklore Padanam: Sindhathathalam. Kottayam: current Books.
Chandera, C.M.S. (2004). Thayyathinte Aadioopam. Kottayam: DC Books.
Jayachandran Keezhoth (Edi). (2018). Kerala Folklore Desom Kalam Samuham Reethisastraparinathikal. Thiruvananthapuram: Kerala Bhasha Institute.
Goerge Alex K. (2003). Haritharastriyam Charitram Sindhatham Prayogam. Kottyam: DC Books.
Madhusoodanan G. (2000). Kadhayum Parisdhithiyum. Kottayam: Current Books.
Ramachandrannair Panmana (Edi). (2010). Parisdhithipadanagal. Kottayam: Current Books.
Vishnu Namboodiri, M.V. (1996). Nadodi Vijnjaniyam. Kottayam: DC Books.
Sreedharan Achumoorthi. (2010). Thinasidhantham Charitram Varthamanam. Thathwa Publishers House.
Sreedharan A.M. (2009). Folklore sameepanagalum sadhyathakalum. Thrissur: Malayalapadanakendram.
Arne Naess.  (1989). Ecology, Community and  life style outline of an ecosophy. Cambridge: University Press.
George Sessions. (1995). Deep Ecology for the Twenty first Century, Boston: Shambhala Publications.
Roopa Sasidharan. A
Research Scholar
Department of Malayalam
Vimala college (Autonomous)
Thrissur
Pin:-680009
India
Email: roopavinesh358@gmail.com
ORCID: 0000-0001-8937-8162



തെയ്യം: ജൈവാവബോധത്തിന്‍റെ പ്രകടനകല

രൂപ ശശിധരന്‍ എ

ഉത്തരകേരളത്തിലെ അനുഷ്ഠാനകലയാണ് തെയ്യം. അമ്മദൈവവിശ്വാസവുമായും ഉര്‍വ്വരതാസങ്കല്പവുമായി ബന്ധപ്പെട്ട ഈ പ്രകടനകല അവിടത്തെ കാര്‍ഷികജീവിത സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. സാത്വികം, ആംഗികം, ആഹാര്യം, വാചികം എന്നീ നാലുതലങ്ങളിലും അതിന് പ്രകൃതിയുമായി അഭേദ്യബന്ധമുണ്ട്. ഭൂമിയിലെ സമസ്ത ജീവജാലങ്ങളിലും ചൈതന്യം കണ്ടെത്തുന്ന തെയ്യമെന്ന പ്രകടനകലയിലെ പാരിസ്ഥിതികാവബോധം ഗഹനപരിസ്ഥിതിവാദത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണവിധേയമാക്കുകയാണ് ഈ പ്രബന്ധത്തിന്‍റെ ലക്ഷ്യം.

താക്കോല്‍വാക്കുകള്‍: തെയ്യം, പരിസ്ഥിതി, പ്രകടനകല, പ്രേക്ഷകന്‍, ആചാരാനുഷ്ഠാനങ്ങള്‍, തിണ, ഗഹനപരിസ്ഥിതിവാദം

നാടോടിവിജ്ഞാനീയത്തിന്‍റെ മുഖ്യഘടകമാണ് നാടന്‍ പ്രകടനകലകള്‍ (എീഹസ ുലൃളീൃാശഴ അൃേെ). ഒരു ജനതയുടെ മതബോധവും സാമൂഹികബോധവും കൂടിച്ചേരുന്ന സാഹചര്യങ്ങളില്‍ നിന്നാണ് വ്യത്യസ്തമായ നാടന്‍കലകള്‍ രൂപപ്പെടുന്നത്. അവ, നിലനിന്നുപോരുന്ന കൂട്ടായ്മയുടെ സംസ്കാരത്തെയും വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നു. കേവലമായ വിനോദത്തേക്കാള്‍ ആരാധനയിലൂടെ കൈവരുന്ന നന്മകളാണ് ഇവയുടെ ലക്ഷ്യം. ഇഷ്ടദേവതാപ്രീണനം, കാര്‍ഷികാഭിവൃദ്ധി, രോഗനിവാരണം, കന്നുകാലികളുടെ സംരക്ഷണം, പ്രകൃതിക്ഷോഭങ്ങളില്‍ നിന്നുള്ള രക്ഷപ്പെടല്‍ തുടങ്ങിയവയായിരുന്നു പ്രധാന ഉദ്ദേശങ്ങള്‍. മറ്റു ഫോക്ലോര്‍ രൂപങ്ങളെപ്പോലെത്തന്നെ നാടന്‍കലകള്‍ക്കും പാരമ്പര്യം ഒരു ഘടകമായി വര്‍ത്തിക്കുന്നു. ദേശം, വംശം, ഭാഷ എന്നിങ്ങനെയുള്ള പാരമ്പര്യഘടകങ്ങള്‍ക്കനുസൃതമായി കലകള്‍ രൂപപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. പിന്നീട് മതപരമായ അനുഷ്ഠാനങ്ങളോട് കൂടിച്ചേര്‍ന്ന് അവ ആചാരങ്ങളായി മാറുന്നു. കലകളെ ദൃശ്യകലകള്‍ എന്നും പ്രകടനകലകള്‍ എന്നും രണ്ടായി തിരിക്കുന്നു. കൂത്ത്, കൂടിയാട്ടം, പടയണി, മുടിയേറ്റ്, തെയ്യം തുടങ്ങിയവയാണ് കേരളത്തിലെ അനുഷ്ഠാനപരമായ പ്രധാന പ്രകടനകലകള്‍. "പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുനന കലാരൂപങ്ങള്‍ എന്നതില്‍നിന്ന് പ്രകടനകല എന്ന ആശയത്തിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മനുഷ്യന്‍റെ ബോധാബോധമണ്ഡലങ്ങളുടെ സക്രിയത പ്രകടനകലകളെല്ലാം ആവശ്യപ്പെടുന്നുണ്ട്."1

നമ്മുടെ ആചാരാനുഷ്ഠാനങ്ങളില്‍ മിക്കതും ഉര്‍വ്വരതാസങ്കല്പവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിലനില്‍പ്പിനാധാരമായ ഭൂമിയെ അഭയകേന്ദ്രമായി പൂജിക്കുന്നതില്‍ വികാരത്തേക്കാള്‍ വിചാരമാണ് മുന്നിട്ടുനില്‍ക്കുന്നത്. കാര്‍ഷികസംസ്കാരത്തിലും അമ്മദൈവരാധാനനയിലും വീരാരാധനയിലും അധിഷ്ഠിതമായ ദ്രാവിഡസംസ്കാരത്തിന്‍റെ അനുഷ്ഠാനപരമായ നാടന്‍പ്രകടനകലയാണ് തെയ്യം. ദൈവം എന്ന പദത്തിന്‍റെ ഗ്രാമ്യരൂപമായ തെയ്യം ഉത്തരകേരളത്തിന്‍റെ ജീവിതസംസ്കാരങ്ങളെ രൂപപ്പെടുത്തിയ ജൈവികകലയാണ്. തുലാംമാസം പത്താം തിയ്യതി മുതല്‍ ഏകദേശം ഇടവപ്പാതിവരെ നീളുന്ന തെയ്യക്കാലത്ത് ദ്രാവിഡപ്പഴമയുടെ പ്രതിനിധികളായി അമ്മദൈവങ്ങളും വീരന്‍മാരായ തെയ്യങ്ങളും ആട്ടമാടുന്നു. വൃക്ഷരാധന, പര്‍വ്വതാരാധന, അമ്മ ദൈവാരാധന തുടങ്ങിയവയെല്ലാം ഈ അനുഷ്ഠാനത്തിന്‍റെ ഭാഗമാണ്. വെറ്റിലയും അടക്കയും ദക്ഷിണയും കൊടുത്ത് കോലക്കാരനോട് നിശ്ചിതദിവസം തെയ്യം കെട്ടിയാടാന്‍ പറയുന്ന അടയാളം കൊടുക്കലോടെയാണ് തെയ്യത്തിന്‍റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പിന്നീടുള്ള ദിവസങ്ങള്‍ കോലക്കാരന്‍ കഠിനവ്രതത്തിലായിരിക്കും. തെയ്യാട്ടത്തിന് രണ്ടുദിവസം മുന്‍പ് നടക്കുന്ന പൂജ, കുരുതി എന്നിവയാണ് നട്ടത്തിറ. തെയ്യാട്ടത്തിന് തലേനാള്‍ കോലക്കാരനും വാദ്യക്കാരും തെയ്യസ്ഥാനത്ത് വന്ന് കൊട്ടി അറിയിക്കുന്നതാണ് തെയ്യം കൂടല്‍. പിന്നീട്, കോലധാരിയുടെ ശരീരത്തില്‍ ദേവതയെ വരുത്തുന്ന ചടങ്ങായ തോറ്റവും വെള്ളാട്ടവുമാണ്. വരവിളി തോറ്റങ്ങള്‍ പാടുന്നതോടെ തെയ്യക്കാരന്‍റെ ശരീരത്തില്‍ ദേവത ആവേശിച്ച് ഉറഞ്ഞു തുള്ളാനാരംഭിക്കും. വേഷമണിഞ്ഞ അദ്ദേഹം കണ്ണാടിയില്‍ നോക്കുന്ന ചടങ്ങാണ് മുകുരദര്‍ശനം. മദ്യം നിറച്ച മണ്‍കലങ്ങള്‍ തങ്ങളുടെ പൂര്‍വ്വികര്‍ക്കു സമര്‍പ്പിക്കുന്ന കലശവും ബീത്തുമാണ് അടുത്തത്. തുടര്‍ന്ന് സങ്കീര്‍ണ്ണമായ നൃത്തപ്രകടനങ്ങളാണ്. അതിനുശേഷം കോലക്കാര്‍ കനല്‍ക്കൂമ്പാരത്തിലേക്കു പ്രവേശിക്കുന്നതാണ് മേലേരി. അവസാനം ദേവതയുടെ പ്രത്യക്ഷരൂപമായ തെയ്യത്തിന് നേര്‍ച്ചകള്‍ സമര്‍പ്പിക്കുകയും രോഗശാന്തിക്കും ജീവിതസമൃദ്ധിക്കുമായി അനുഗ്രഹങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. മഞ്ഞള്‍ക്കുറി, ഭസ്മം, ഉണക്കലരി എന്നിവയാണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നത്. ദേവതയെ സ്വസ്ഥാനത്തേക്ക് തിരിച്ചയക്കുന്ന ആത്മം കൊടുക്കലോടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഐശ്വര്യവും സമാധാനവും വാഗ്ദാനം ചെയ്ത് തെയ്യം സമാപിക്കുന്നു. വണ്ണാന്‍, മലയന്‍, മാവിലന്‍, വേലന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയര്‍, കോപ്പാളര്‍ തുടങ്ങിയവരാണ് തെയ്യക്കോലങ്ങള്‍ കെട്ടുന്നത്. ഓരോ വിഭാഗക്കാര്‍ക്കും നിശ്ചിത തെയ്യങ്ങളുണ്ട്. ഉത്തരമലബാറുകാരുടെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ച ഈ അനുഷ്ഠാനകല തികച്ചും പ്രകൃത്യാനുസാരിയാണ്. പരിസ്ഥിതിദര്‍ശനങ്ങള്‍ സിദ്ധാന്തങ്ങളായി രൂപംകൊള്ളുന്നതിന്‍റെ നിരവധി വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ പാരിസ്ഥിതികമായ ആന്തരികമൂല്യങ്ങളെ അവ ജീവിതവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പ്രകൃതിയിലെ ഇതരചരാചരങ്ങളെപ്പോലെ വിപുലമായ ജീവലോകത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യനെന്നു പറഞ്ഞുവയ്ക്കുന്ന ഗഹനപരിസ്ഥിതിവാദത്തിന്‍റെ അടിസ്ഥാനത്തില്‍ തെയ്യത്തിന്‍റെ ഹരിതാവബോധം അന്വേഷിക്കുകയാണ് ഈ പ്രബന്ധത്തിന്‍റെ ലക്ഷ്യം.

തെയ്യക്കാവുകള്‍ ജൈവൈവിധ്യത്തിന്‍റെ ഹരിതഭൂമിക

കാവ്, കോട്ടം, താനം, അറ, പള്ളിയറ മുണ്ട്യ, കഴകം എന്നിവിടങ്ങളിലാണ് തെയ്യാട്ടം നടക്കുന്നത്. വൃക്ഷസങ്കേതങ്ങളായ ആരാധനാകേന്ദ്രങ്ങളാണ് കാവുകള്‍. തീയര്‍, മണിയാണി തുടങ്ങിയ സമുദായങ്ങളുടെ തെയ്യം കെട്ടിയാടുന്ന സ്ഥാനങ്ങളാണ് കോട്ടങ്ങള്‍. ഇവിടങ്ങളില്‍ ഒരു വര്‍ഷത്തില്‍ ഒന്ന് വീതം  അടിയന്തരം എന്ന പേരില്‍ തെയ്യാട്ടം നടക്കാറുണ്ട്. സമുദായങ്ങളുടെ ഭരണകേന്ദ്രങ്ങളാണ് കഴകങ്ങള്‍.  ഒരു കഴകത്തിനു കീഴില്‍ പല തെയ്യസ്ഥാനങ്ങളുണ്ടാകും. മറ്റു തെയ്യാട്ടകേന്ദ്രങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഭരണസിരാകേന്ദ്രങ്ങള്‍ കൂടിയാണ് കഴകങ്ങള്‍. നായാട്ടു സങ്കേതങ്ങളായ തെയ്യാട്ടസ്ഥാനങ്ങളാണ് മുണ്ട്യ. വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, വയനാട്ടു കുലവന്‍ദൈവം എന്നിവരുടെ തെയ്യാട്ടം മുണ്ട്യകളില്‍ നടക്കുന്നു. മുത്തപ്പന്‍റെ ആരാധനാകേന്ദ്രമാണ് മടപ്പുര. പറശ്ശിനിക്കടവ്, കണ്ണപുരം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവയില്‍ കാവുകള്‍ തന്നെയാണ് പ്രധാന കളിയാട്ടസ്ഥാനങ്ങള്‍.

ഋതുഭേദങ്ങള്‍ക്കനുസരിച്ച് പ്രകൃതിയെ ആരാധിച്ച് പരസ്പരാശ്രയത്തോടെ സഹവസിച്ച വിശാലമായ ജൈവ ആവാസവ്യവസ്ഥയാണ് തെയ്യക്കാവുകള്‍. വേദകേന്ദ്രിതമായ പൗരോഹിത്യവര്‍ണ്ണ വ്യവസ്ഥ സമൂഹത്തെ എല്ലാ തലങ്ങളിലും വേര്‍തിരിക്കുമ്പോള്‍ തെയ്യമെന്ന ദ്രാവിഡകലാരൂപം പ്രകൃതിയിലെ വിവിധഘടകങ്ങളെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനു മാധ്യമമാകുന്നത് ജൈവവൈവിധ്യത്തിന്‍റെ കേന്ദ്രമായ കാവുകളാണ്. കാടിനെ ജീവാഭയവ്യവസ്ഥയായി കാത്ത് പരിപാലിച്ചുപോരുന്ന ജീവിതക്രമം ആദികാലം മുതല്‍ക്കേ നിലവിലുള്ളതാണ്. മനുഷ്യനെന്നത് ഒരൊറ്റ ജീവജാതിയല്ലെന്നും പ്രകൃതിയിലെ നിരവധി ജീവല്‍സമൂഹത്തിന്‍റെ തുടര്‍ച്ച മാത്രമാണെന്നും ഓര്‍മിപ്പിക്കുന്ന ഹരിതഭൂമികയാണവ. ഓരോ കാവിനും അതിന്‍റേതായ ജൈവനീതികളുണ്ട്. കാവിന്‍റെ അലിഖിതമായ വിലക്കുകളാണ് എല്ലാത്തരത്തിലുമുള്ള കൈയ്യേറ്റങ്ങളെയും ചെറുത്തിരുന്നത്. അച്ചി, കമ്മാടത്തമ്മ, മുതലാള്‍, നീലിയാര്‍കോട്ടത്തമ്മ തുടങ്ങിയ പരദേവതകള്‍ ഈ ആവാസവ്യവസ്ഥയുടെ കാവല്‍ക്കാരായും പ്രവര്‍ത്തിച്ചു. അപൂര്‍വ്വമായ സസ്യജാലങ്ങളും, വംശനാശഭീഷണി നേരിടുന്ന പല പക്ഷിമൃഗാദികളും ഈ കാവുകളുടെ സവിശേഷതയാണ്. കമ്മാടം, തെയ്യോട്ട്, തവിശ്ശേരി, ഇടയിലെക്കാട്ട് തുടങ്ങിയ വലിയ കാവുകള്‍ നവീകരണത്തിനു വിധേയമായില്ലെങ്കിലും ചെറുതും വലുതുമായ മറ്റ് പല കാവുകളും വിഗ്രഹപ്രതിഷ്ഠയുടെയും മേല്‍ക്കൂര മേയുന്നതിന്‍റെയും പിടിയിലകപ്പെട്ട് പാരിസ്ഥിതികമായ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടവയാണ്.

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും കൈകാര്യം ചെയ്യുന്നത് പിഴയ്ക്കുമ്പോഴുണ്ടാകുന്ന ദുരന്തമാണ് കുറ്റിക്കോലിനടുത്ത് മാടകത്തെ കാവില്‍ കെട്ടുന്ന ചൈമര്‍ തെയ്യം പറയുന്നത്. ചൈമറെ തോറ്റം  ചൊല്ലി ഉണര്‍ത്തുമ്പോള്‍ കരയിലെയും, വെള്ളത്തിലെയും ജീവജാതികളെ ശുദ്ധമായി നിലനിര്‍ത്തേണ്ട ശാസ്ത്രം കൂടിയാണ് കൂട്ടായ്മയ്ക്കു പകര്‍ന്നുനല്‍കുന്നത്. പ്രകൃതിയിലെ സൂക്ഷ്മസ്ഥൂലജീവികളോടുള്ള കാരുണ്യം ഇതില്‍ കാണാം. "ബയോഫീലിയ എന്നും ബയോഡൈവേഴ്സിറ്റി എന്നും ശാസ്ത്രലോകം വാചാലമാകുന്നതിനുമുമ്പ്, നട്ട് നനച്ചേടത്തും കരിച്ച് വാളിയേടത്തും ചാലിടുമ്പോള്‍ ചൂളിപ്പോകാത്ത മിത്തുകളില്‍നിന്നും വിളഞ്ഞും പൊലിഞ്ഞ തെയ്യങ്ങള്‍ തങ്ങളുടെ  കാവകത്ത് സസ്യശാസ്ത്രനിഘണ്ടുവില്‍ അതിന്‍റെ അര്‍ത്ഥങ്ങളെ വ്യാഖ്യാനിച്ച് രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. തെയ്യങ്ങളുടെ പാരിസ്ഥിതികസഞ്ചാരങ്ങളിലൂടെയാണ് കാവെന്ന പച്ചത്തഴപ്പുകള്‍ തുളുനാട്ടിലാകെ പടര്‍ന്ന് പന്തലിച്ചിട്ടുള്ളത്."2 'കാവു തീണ്ടിയാല്‍ കുളം വറ്റു'മെന്ന പഴമൊഴി വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം പരിസ്ഥിതിയെ സംരക്ഷിക്കുന്ന ജൈവമാതൃകകളെ നിലനിര്‍ത്താനുള്ള ആഹ്വാനമാണ്. പ്രകൃതിദത്തമായ ഈ ആവാസവ്യവസ്ഥയുടെ നേര്‍ക്കുള്ള കരുതല്‍ തെയ്യത്തിന്‍റെ മുഖത്തെഴുത്തിലും മേക്കെഴുത്തിലും പ്രകടമാണ്.

തെയ്യച്ചമയങ്ങളിലെ പ്രകൃതിസ്വത്വം

ആകര്‍ഷകമായ വേഷഭൂഷകളാണ് തെയ്യങ്ങള്‍ക്ക് കല്‍പിച്ചിട്ടുള്ളത്. കൈകാലുകളിലും അരയിലും മാറത്തും മുഖത്തും തലയിലുമെല്ലാം ദേവമുദ്രകളായി രൂപകല്പന ചെയ്ത അനേകം അണിയലങ്ങളും ഉടയാടകളും മുഖത്തെഴുത്തുകളും മേക്കെഴുത്തുകളും തിരുമുടികളും അണിഞ്ഞാണ് തെയ്യങ്ങള്‍ കാവുകളില്‍ ചുവടു വയ്ക്കുന്നത്. ചമയങ്ങളുടെ മുഖ്യനിറം ചുവപ്പാണ്. മഞ്ഞള്‍പ്പൊടിയും നൂറും (ചുണ്ണാമ്പ്) ചേര്‍ത്താണ് ചായക്കൂട്ടുകള്‍ ഉണ്ടാക്കുന്നത്. ചായില്യവും മനയോലയും ഉപയോഗിക്കാറുണ്ട്. ഓരോ തെയ്യത്തിനും പ്രത്യേകം മുഖത്തെഴുത്തുകളുണ്ട്. കണ്‍തടങ്ങളെയും കവിളിണകളെയും താടിയെയും മറ്റും അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട ഓരോ എഴുത്തിനും ഓരോ പേരുകളുണ്ട്. മാന്‍കണ്ണ്, പ്രാക്കെഴുത്ത്, കോഴിപുഷ്പദളം, തേള്‍വാല്, അഞ്ചുപുള്ളി, ആനക്കാല് തുടങ്ങി നാല്പതിലേറെ മുഖത്തെഴുത്തുകള്‍ പ്രചാരത്തിലുണ്ട്. ബാലിത്തെയ്യത്തിനുള്ള ബാലിക്കണ്ണ് മുഖത്തെഴുതിയാല്‍ യഥാര്‍ത്ഥ വാനരമുഖമായി മാറുന്നതു കാണാം. പുലിദൈവങ്ങളായ പുലിയൂര്‍ കാളിക്കും പുലികണ്ടനമുള്ള നരിക്കുറിച്ചെഴുത്ത് പുലിയുടെ ക്രൗര്യം പ്രകടമാക്കുന്ന മുഖത്തെഴുത്താണ്.

"ആഭരണങ്ങള്‍കൊണ്ട് മറയ്ക്കപ്പെടാത്ത ശരീരഭാഗങ്ങള്‍ നിറങ്ങള്‍കൊണ്ട് ചിത്രപ്പണി ചെയ്യുന്നതാണ് മേക്കെഴുത്ത്. മേനിയില്‍ എഴുതുന്നത് എന്നര്‍ത്ഥം. കല്ലുമനയോലയും നീലവും ചേര്‍ത്തുണ്ടാക്കിയ പച്ചനിറം, പച്ചരി പൊടിച്ചുണ്ടാക്കുന്ന അരിച്ചാന്തിന്‍റെ വെള്ളനിറം, മഞ്ഞള്‍പ്പൊടി, മനയോല എന്നിവ കൊണ്ടുള്ള മഞ്ഞനിറം, ചായില്യം കൊണ്ടുള്ള ചുവപ്പുനിറം എന്നിവകൊണ്ടാണ് തെയ്യങ്ങള്‍ക്ക് മേക്കെഴുതുന്നത്."3 ഇവയ്ക്ക് രൂപവൈവിധ്യമുണ്ടാക്കുന്നത് വ്യത്യസ്തതയാര്‍ന്ന തിരുമുടികളാണ്. പാളമുടി, ഓലമുടി, പച്ചിലമുടി എന്നിങ്ങനെ പലതരം മുടികളുണ്ട്. ഇങ്ങനെ പ്രകൃതിയിലെ പക്ഷികളെയും മൃഗങ്ങളെയും പുഷ്പങ്ങളെയുമൊക്കെയാണ് തെയ്യം ആഭരണങ്ങളായി സ്വീകരിച്ചിട്ടുള്ളത്. ഋതുഭേദാനുസരിയായ ഒരു ജീവിതക്രമത്തെ സമന്വയിപ്പിക്കുന്ന വിശുദ്ധവനങ്ങളാണ് ഓരോ തെയ്യത്തിന്‍റെയും ആഹാര്യദര്‍ശനം. അനുദിന ജീവിതവ്യവഹാരങ്ങളില്‍ എങ്ങനെയാണ് പാരിസ്ഥിതികമൂല്യബോധത്തിന്‍റെ അടിത്തറ തീര്‍ക്കുന്നതെന്നും പ്രകൃതിസ്വത്വം (ലരീഹീഴശരമഹ ലെഹള) രൂപപ്പെടുത്തുന്നതെന്നും വിനിമയം ചെയ്യുന്ന പരിസ്ഥിതിവിജ്ഞാനീയത്തിന്‍റെ മികച്ച മാതൃകകളാണവ. ആവിഷ്കാര പ്രധാനമായ ഈ ഉള്‍ക്കാഴ്ചയ്ക്ക് തിണസിദ്ധാന്തവുമായും ബന്ധമുണ്ട്.

തെയ്യത്തിന്‍റെ തിണസഞ്ചാരങ്ങള്‍

പരിസ്ഥിതിയോടിണങ്ങിയ ജീവിതരീതിയാണ് തിണസങ്കല്പത്തിന്‍റെ അടിസ്ഥാനം. കേവലമായ ഭൂമിശാസ്ത്രാനുഭവത്തേക്കാള്‍ പാരിസ്ഥിതികമായ തലം ഐന്തിണകള്‍ക്കുണ്ട്. "തിണസിദ്ധാന്തത്തിലെ കരുപ്പെരുള്‍ ദൈവം കൂടി ഉള്‍പ്പെട്ടതാണ്. മായോന്‍, മുരുകന്‍, കൊറ്റവൈ, ഇന്ദ്രന്‍, വരുണന്‍ എന്നിങ്ങനെയാണ് ഐന്തിണയിലെ ദൈവതങ്ങള്‍. ഇത് വ്യവസ്ഥാപിത മത-ദൈവസങ്കല്പമായിരുന്നില്ല. വൃക്ഷാരാധന, മൃഗരാധന എന്നിവയില്‍ നിന്നാണ് ഈ സങ്കല്പം ഉണ്ടാവുന്നത്. തിണകളിലെ മനുഷ്യര്‍ സര്‍വ്വജീവവാദികളായിരുന്നു, ചരാചരങ്ങളിലൊക്കെ അവര്‍ ദൈവികത ദര്‍ശിച്ചു. പഞ്ചഭൂതങ്ങളെയും അവര്‍ ആരാധിച്ചു."4 ഓരോ തിണകള്‍ക്കും അനുരൂപമായ തെയ്യങ്ങളുണ്ട്. കടലോരപ്രദേശമായ നെയ്തലിലെ മത്സ്യഗന്ധിയായ തെയ്യമാണ് ദേവകന്യാവ്. തെയ്യങ്ങളില്‍ മരക്കലദേവതമാര്‍ എന്ന വിഭാഗത്തില്‍ പെടുന്ന പടക്കെത്തി ഭഗവതി എന്നുകൂടി പേരുള്ള മൂര്‍ത്തിയാണിത്. മരക്കലം എന്നാല്‍ കപ്പല്‍ എന്നാണര്‍ത്ഥം. മറ്റു നാടുകളില്‍നിന്ന് മരക്കലമേറി മലനാട്ടില്‍ വന്ന ദേവത എന്നതാണ് സൂചന. മരുതത്തിണയുടെ കാവല്‍ക്കാരന്‍ പുലയനാണ്. കള്ളും മീനും കഴിച്ചുല്ലസിക്കുന്ന പുലയനായ പൊട്ടന്‍ തെയ്യം ഈ തിണയുമായി ബന്ധപ്പെട്ടിരിക്കുന്നു. തോടുകളും പുഴകളും നീര്‍ത്തടങ്ങളും പാടശേഖരങ്ങളും നിറഞ്ഞ സമൃദ്ധമായ ഭൂമിയാണ് മരുതം. സവര്‍ണ്ണാധികാരത്തിന്‍റെ പീഢകളനുഭവിക്കുന്ന പുലയര്‍ പൊട്ടന്‍തെയ്യത്തിലൂടെ തങ്ങളുടെ ജീവിതാവസത്ഥയെ ചോദ്യംചെയ്യുന്നു. വിശാലമായ പുല്‍മേടുകളും കൃഷിയിടങ്ങളും ഇടകലര്‍ന്ന പ്രദേശമാണ് മുല്ലൈത്തിണ. കാര്‍ഷികസംസ്കൃതിയുടെ അതിദേവതയായ മുച്ചിലോട്ടുപോതിയാണ് മുല്ലൈത്തിണയുടെ പരദേവത. ഒരു നാടിനെ കാര്‍ഷികസമൃദ്ധിയിലേക്കു നയിച്ച പെണ്ണിന്‍റെ ജീവിതമാണ് തെയ്യമായി മുച്ചിലോട്ടു ഭഗവതി ആടിപ്പാടുന്നത്. വരണ്ട പാറപ്രദേശങ്ങളായ പാലൈത്തിണയ്ക്ക് യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രമാണുള്ളത്. മദ്യവും മാംസവും വച്ചാരാധിക്കുന്ന കൊറ്റവൈ എന്ന രണദേവതയാണ് മൂര്‍ത്തി. കതിവന്നൂര്‍ വീരന്‍, വയനാട്ട് കുലവന്‍, മാടായിക്കാരി തുടങ്ങിയ ധീരന്മാരായ തെയ്യങ്ങള്‍ ഈ തിണയുമായി ബന്ധപ്പെട്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളാണ് കുറിഞ്ഞിത്തിണ. നദികളുടെയും സംസ്കാരത്തിന്‍റെയും ഉത്ഭവകേന്ദ്രമായ ഈ പ്രദേശത്തുനിന്നാണ് മലങ്കുറത്തി, കാപ്പാളത്തി, ചൈമര്‍ തുടങ്ങിയ തെയ്യങ്ങള്‍ വരുന്നത്.

ചില പ്രത്യേക കളിയാട്ടങ്ങളില്‍ അഞ്ച് തിണകളിലെയും കാവല്‍ത്തെയ്യങ്ങള്‍ ഒരേ തിണയില്‍ വച്ച് തന്നെ കണ്ട് കൂടിപ്പിരിയും. ഉല്പന്നങ്ങള്‍ പരസ്പരം കൈമാറുന്നതിനുള്ള വിപണനകേന്ദ്രങ്ങള്‍ കൂടിയാണ് കളിയാട്ടക്കാവുകള്‍. ഇങ്ങനെ സഹജീവിപരമായ, പാരിസ്ഥിതികസമീപനമാണ് തെയ്യത്തിലെ തിണസങ്കല്പം. ഐന്തിണകളുടെ സംഘകാലസംസ്കാരത്തില്‍നിന്നും ബ്രാഹ്മണകേന്ദ്രിതമായ ആചാരങ്ങളിലേയ്ക്ക് തെയ്യത്തിനെയും രൂപമാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ വിഗ്രഹാധിഷ്ഠിത ദൈവസങ്കല്പം പോലെ സ്ഥിരരാശിയില്‍ അനങ്ങാതിരിക്കുന്നതല്ല, തിണകളില്‍നിന്നും തിണകളിലേക്കു സഞ്ചരിക്കുന്ന ചലനമാണ് തെയ്യത്തിന്‍റെ കാതല്‍. വാചികമായ തെയ്യത്തോറ്റങ്ങളും ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നു.

തെയ്യസാഹിത്യത്തിലെ പ്രകൃതിപാഠങ്ങള്‍

"സാത്വികം, ആംഗികം, ആഹാര്യം, വാചികം എന്നിങ്ങനെ നിര്‍വചിക്കാവുന്ന ചതുര്‍വിധമായ അഭിനയങ്ങളും തെയ്യം കലയിലുണ്ട്. വാചികാഭിനയ വിഭാഗത്തില്‍പെടുന്ന തോറ്റം, വാചാല്, മുമ്പുസ്ഥാനം, വരവിളി തുടങ്ങിയ പദ്യഗദ്യസഞ്ചയത്തെ പൊതുവില്‍ തെയ്യസാഹിത്യമെന്നു പറയാം. തെയ്യസാഹിത്യത്തിലെ വിപുലമായ ഒരു ശാഖയാണ് തോറ്റംപാട്ടുകള്‍. തോറ്റുക എന്ന ക്രിയ നിര്‍വഹിക്കപ്പെടുന്ന സ്തുതിഗീതമാണിത്. നിരൂപിച്ചുണ്ടാക്കുക, ധ്യാനിച്ച് സൃഷ്ടിക്കുക എന്നൊക്കെയാണ് തോറ്റംപാട്ടിനര്‍ത്ഥം. നൂറ്റാണ്ടുകളായി തെയ്യക്കാരും തെയ്യക്കാവുകാരും സമൂഹവും സ്വരൂപിച്ച് പരിരക്ഷിച്ചുപോരുന്ന സവിശേഷമായ ഒരു നാട്ടുഭാഷാസാഹിത്യസഞ്ചയമാണ് തെയ്യസാഹിത്യം. ഈ ഭാഷാസാഹിത്യത്തിലെ മിക്ക പദാവലികളും ആധുനിക തലമുറയ്ക്ക് തീര്‍ത്തും അപരിചിതമാണ്."5

ഗ്രാമീണ കാര്‍ഷികജീവിതമാണ് തെയ്യാനുഷ്ഠാനത്തിന്‍റെ അടിത്തറ. കാര്‍ഷികസമൃദ്ധിയും ഗ്രാമത്തിന്‍റെ ഐശ്വര്യവുമാണ് തെയ്യങ്ങളുടെ മുഖ്യലക്ഷ്യം.

"നട്ടുനനച്ചേടത്തും കരിച്ചുവാളിയേടത്തും
ഒന്നിന് പതിനാറായി പൊലിപ്പിച്ചോളാം"
എന്നാണ് തെയ്യത്തിന്‍റെ അനുഗ്രഹവാക്യം.
"നീങ്കളെ കൊത്ത്യാലും ചോര്യല്ലേ ചൊവ്വറ്
നാങ്കള കൊത്ത്യാലും ചോരെ ല്ലേ ചൊവ്വറേ"

പ്രകൃതിയിലെ സര്‍വ്വചരാചാരങ്ങളിലുമടങ്ങിയ ജീവചൈതന്യത്തെ മുന്‍നിര്‍ത്തി ജാതിവ്യവസ്ഥയ്ക്കെതിരെയും അയിത്തത്തിനെതിരെയും വിരല്‍ചൂണ്ടുകയാണ് ഇതിലൂടെ പൊട്ടന്‍തെയ്യം ചെയ്യുന്നത്.

"വാഴുകെന്‍റെ നാടേഴും പന്തിരുകാതം വീടേഴും പന്തിരു
കാതം അകമല പന്ത്രണ്ടുകാതം പുറമല പതിനെട്ടുകാതം"

എന്ന വയനാട്ടുകുലവന്‍റെ മുന്‍പുസ്ഥാനം നിശ്ചയിക്കുന്നിടത്ത് തെയ്യാട്ടത്തിന്‍റെ വിശാലഭൂമിക പ്രകടമാണ്.

"താണോരൊടയില്ല, എകര്‍ന്നോരു മുടിയില്ല; കണ്ടാല്‍ കണ്ണിനിമ്പവും കേട്ടാല്‍ കര്‍ണ്ണത്തിന് പൊരുത്തവും കുറയും. എന്നെ കണ്ടാലാരും കൊള്ളൂല, കൊണ്ടവരോ മടങ്ങൂലാ. വന്നവരെ മടക്കേണ്ട, പോന്നവരെ വിളിക്കണ്ട, പോന്നുപോരാത്ത കാര്യം മനോദയം കൊണ്ടു ഞാന്‍ മുകളേററം വാങ്ങിത്തരാം"- എന്നതാണ് മുത്തപ്പന്‍റെ അനുഗ്രഹവാക്യം. തെയ്യത്തോറ്റങ്ങളുടെ ജീവകേന്ദ്രിതമായ ലോകവീക്ഷണമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. മനുഷ്യന്‍റെ സങ്കീര്‍ണവും അപകടകരവുമായ ഇടപെടലുകളാല്‍ പ്രകൃതിയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ ഈ തോറ്റങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

ഉപസംഹാരം

ജൈവവൈവിധ്യത്തിന്‍റെ സമൃദ്ധിയെ ഉള്‍ക്കൊള്ളുന്ന നാടന്‍ പ്രകടനകലയാണ് തെയ്യം. ഉത്തരമലബാറിലെ കര്‍ഷകജീവിതവുമായി അഭേദ്യബന്ധമുള്ള ഈ അനുഷ്ഠാനം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യനെപ്പോലെത്തന്നെ പ്രകൃതിയിലെ എല്ലാ സത്തകള്‍ക്കും തനതായ മൂല്യമുണ്ടെന്ന ഗഹനപരിസ്ഥിതി വാദചിന്തയിലധിഷ്ഠിതമാണത്. പരിസ്ഥിതിദര്‍ശനങ്ങള്‍ ആധുനിക സിദ്ധാന്തമായി രൂപപ്പെടുന്നതിനു മുന്‍പെത്തന്നെ അവ ഉരിയാടലുകളായി കൈമാറി വന്ന ചരിത്രമാണ് തെയ്യത്തിനുള്ളത്. 

ഗഹന പരിസ്ഥിതിവാദത്തിന്‍റെ ദാര്‍ശനിക അടിത്തറ നിലകൊള്ളുന്നത് അനുഭവം, അവബോധം, ആവിഷ്കാരം എന്നീ ഘടകങ്ങളിലാണ്. പ്രകൃതിയുമായുള്ള നിരന്തരസംവാദത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത അനുഭവവും പാരിസ്ഥിതികസ്വത്വവും ആവിഷ്കാരപ്രധാനമായ ഉള്‍ക്കാഴ്ചയുമാണ് ഇവയുടെ അടിസ്ഥാനം. ഗഹനപരിസ്ഥിതിവാദത്തിന്‍റെ എട്ടു മര്‍മ്മങ്ങള്‍ അര്‍നെനെസ്സ് അവതരിപ്പിക്കുന്നുണ്ട്.

1. മനുഷ്യേതര ജീവജാലങ്ങളുടെ ആന്തരികമൂല്യം
2. മനുഷ്യമനുഷ്യേതര ജീവജാലങ്ങള്‍ക്ക് വികസിക്കാനുള്ള സാധ്യത
3. ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം
4. ഭൂമിയിലെ മനുഷ്യന്‍റെ ഇടപെടലുകളിലെ സങ്കീര്‍ണ്ണത
5. ജനസംഖ്യാവര്‍ദ്ധനവ് കുറയ്ക്കല്‍
6. സാമ്പത്തിക-സാങ്കേതിക മേഖലകളിലെ പരിവര്‍ത്തനം
7. ആന്തരികമൂല്യം നിലനിര്‍ത്തിയുള്ള ജീവിതം
8. പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രവര്‍ത്തനങ്ങള്‍.6

ഈ എട്ടുമര്‍മ്മങ്ങളില്‍ ആന്തിരകമൂല്യത്തെയാണ് അദ്ദേഹം മറ്റുള്ളവയുടെ അടിസ്ഥാനമായി കാണുന്നത്. ഈ ഹരിതബോധ്യങ്ങള്‍ തന്നെയാണ് തെയ്യമെന്ന പ്രകടനകലയും പകര്‍ന്നുനല്‍കുന്നത്. മനുഷ്യനെയും ഇതര സസ്യജന്തുജാലങ്ങളെയും കാവകത്തും പുറത്തും ഉള്‍ക്കൊള്ളുന്ന പാരിസ്ഥിതിക വിശാലതയാണത്. ഗഹനപരിസ്ഥിതിവാദികള്‍ മുന്നോട്ടു വയ്ക്കുന്ന ഘടകങ്ങളെല്ലാം പ്രാവര്‍ത്തികമാക്കുന്ന പ്രകൃത്യാനുസരിയായ ജീവിതവീക്ഷണമാണ് തെയ്യത്തിന്‍റെ പൊരുള്‍.

ഭാരതീയ-സെന്‍-ബൗദ്ധദര്‍ശനങ്ങളുടെ പശ്ചാത്തലമുള്ള ഗഹനപരിസ്ഥിതിവാദത്തിലെ മുഖ്യഘടകമായ 'ശമനം' തെയ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിങ്ങനെയാണ്-

-"തൊണ്ണൂറാറ്, മഹാവ്യാധിക്ക് നൂറ്റെട്ടൗഷധമായിട്ടും ധന്വന്തരിയായിട്ടും നിലനിന്നുകൊള്ളാം. ഉരഗാധിപനോടു ഗരുഡനെന്ന പ്രകാരത്തില്‍ മറുതലയൂനം വരുത്തുന്നുണ്ട് ഞാന്‍" - രോഗാതുരമായ മനസ്സിനെയും ശരീരത്തെയും ശാന്തമാക്കുന്ന പ്രകൃതിയുടെ തനതായ ശക്തിയും സൗന്ദര്യവുമടങ്ങിയ വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്‍റെ അടയാളവാക്യമാണിത്.

വ്യക്തിജീവിതത്തെ പ്രകൃതിയുടെ ധര്‍മ്മശാസ്ത്രത്തിനനുസരിച്ച് രൂപീകരിക്കണമെന്ന് ഉദ്ഘോഷിക്കുന്ന ജൈവകേന്ദ്രങ്ങളാണ് കളിയാട്ടക്കാവുകള്‍. അനുദിനജീവിത വ്യവഹാരങ്ങളില്‍ പുലര്‍ത്തേണ്ട പാരിസ്ഥിതിക മൂല്യബോധത്തിന്‍റെ അടിത്തറയാണത്. അരങ്ങിലും അണിയറയിലും ഭൗമസദാചാരം പാലിക്കുന്ന ഈ ഉര്‍വരതാനുഷ്ഠാനകല, കര്‍മ്മരഥ്യയിലുടനീളം പരിസ്ഥിതി ജീവിതദര്‍ശനം പ്രതിഫലിക്കണമെന്ന ഗഹനപരിസ്ഥിതിവാദചിന്തയുടെ ഉപജ്ഞാവായ അര്‍നെനെസ്സിന്‍റെ നിരീക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. തെയ്യാട്ടക്കാവുകളിലും തോറ്റങ്ങളിലും ചമയങ്ങളിലും അണിയലങ്ങളിലും പ്രതിബിംബിക്കുന്ന ജൈവസാന്നിധ്യങ്ങള്‍ അതിനു തെളിവാണ്. തെയ്യം അനുഷ്ഠാനത്തിലെ അവിഭാജ്യഘടകമായ വാല്‍ക്കണ്ണാടിയില്‍ പ്രതിഫലിക്കുന്നത് ഹരിത ആത്മീയതയുടെ ഉത്കൃഷ്ടതലമാണ്. മീനമാസത്തില്‍ ശരീരം കണ്ണാടിയ്ക്കു സമമായി ദൈവത്തെ പ്രതിഫലിക്കാനൊരുങ്ങുന്ന തെയ്യക്കാരന്‍റെ ആവിഷ്കാര പ്രധാനമായ ഉള്‍ക്കാഴ്ചയുടെ സൂചനയാണത്. പാരിസ്ഥിതികമൂല്യങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന ഇന്നത്തെ ജീവിതസാഹചര്യങ്ങളില്‍ തെയ്യവും തെയ്യക്കാവുകളും സംരക്ഷിക്കപ്പെടേണ്ടത് കേവലം പരിസ്ഥിതിപ്രവര്‍ത്തകരുടെ മാത്രം ഉത്തരവാദിത്തമല്ല. അത്യപൂര്‍വ്വങ്ങളായ ജൈവവൈവിധ്യങ്ങളുടെ കലവറയായ തെയ്യക്കാവുകള്‍ മനുഷ്യനുള്‍പ്പെടെയുള്ള സൂക്ഷ്മസ്ഥൂലങ്ങളായ പലതരം ജീവരാശികളുടെ അഭയസങ്കേതമാണ്. കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമായെങ്കിലും പ്രകൃതിദത്തമായ ആഹാര്യശോഭയില്‍ വിളങ്ങി നില്‍ക്കുന്ന ഈ പ്രകടനകല പ്രകൃതിജീവനകല തന്നെയാണ്.

കുറിപ്പുകള്‍

1. ഫോക്ലോര്‍ സമീപനങ്ങളും സാധ്യതകളും, പുറം 45-46.
2. എകര്‍ന്ന മല പോലെ പടര്‍ന്ന വള്ളി പോലെ, പുറം 17.
3. തെയ്യപ്രപഞ്ചം, പുറം 164-165.
4. തിണസിദ്ധാന്തം ചരിത്രവും വര്‍ത്തമാനവും, പുറം 43.
5. തെയ്യപ്രപഞ്ചം, പുറം 220.
6. Ecology, Community and life style ouline of an ecosophy, Page 29

ഗ്രന്ഥസൂചി

അനില്‍കുമാര്‍, വി.കെ., 2021, എകര്‍ന്ന മലപോലെ പടര്‍ന്ന വള്ളിപോലെ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.
കണ്ണന്‍ വൈ.വി., 2011, തെയ്യങ്ങളും അനുഷ്ഠാനങ്ങളും ഒരു പഠനം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
കരിപ്പത്ത്, ആര്‍.സി., 2014, തെയ്യപ്രപഞ്ചം, കൈരളി ബുക്സ്, കണ്ണൂര്‍.
ഗോവിന്ദവര്‍മ്മരാജ, ബാലന്‍, കെ. (എഡി.), 2004, ഫോക്ലോര്‍ പഠനം: സിദ്ധാന്തതലം, കറന്‍റ് ബുക്സ്, കോട്ടയം.
ചന്തേര, സി.എം.എസ്, 2004, തെയ്യത്തിന്‍റെ ആദിരൂപം, ഡി.സി.ബുക്സ്, കോട്ടയം.
ജയചന്ദ്രന്‍ കീഴോത്ത് (എഡി.), 2018, കേരള ഫോക്ലോര്‍ ദേശം കാലം സമൂഹം രീതിശാസ്ത്രപരിണതികള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ജോര്‍ജ്ജ് അലക്സ് കെ., 2003, ഹരിതരാഷ്ട്രീയം ചരിത്രം സിദ്ധാന്തം പ്രയോഗം, ഡി.സി.ബുക്സ്, കോട്ടയം.
മധുസൂദനന്‍. ജി, 2000, കഥയും പരിസ്ഥിതിയും, കറന്‍റ് ബുക്സ്, കോട്ടയം.
രാമചന്ദ്രന്‍നായര്‍ പന്മന (എഡി.), 2010, പരിസ്ഥിതിപഠനങ്ങള്‍, കറന്‍റ് ബുക്സ്, കോട്ടയം.
വിഷ്ണുനമ്പൂതിരി, എം.വി., 1996, നാടോടി വിജ്ഞാനീയം, ഡി.സി.ബുക്സ്, കോട്ടയം
ശ്രീധരന്‍ അഞ്ചുമൂര്‍ത്തി, 2010, തിണസിദ്ധാന്തം ചരിത്രവും വര്‍ത്തമാനവും, തത്ത്വ പബ്ലിഷിംഗ് ഹൗസ്
ശ്രീധരന്‍ എ.എം., 2009, ഫോക്ലോര്‍ സമീപനങ്ങളും സാധ്യതകളും, മലയാളപഠനഗവേഷണകേന്ദ്രം, തൃശൂര്‍
Arne Naess, 1989, Ecology, Community and  life style outline of an ecosophy, University Press, Cambridge.
George Sessions, 1995, Deep Ecology for the Twenty first Century, Shambhala Publications, Boston.
രൂപ ശശിധരന്‍. എ
ഗവേഷക
മലയാളവിഭാഗം
വിമലകോളേജ്, തൃശൂര്‍
Pin: 680009
Email: roopavinesh358@gmail.com
Ph: +91 8086776743
ORCID: 0000-0001-8937-8162