ഇസ്ലാമിക വീക്ഷണത്തിലെ പിന്തുടര്‍ച്ചാവകാശ നിയമവും ലിംഗനീതി സങ്കല്പനവും
ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി
മാറാന്‍ പാടില്ലാത്തതായി ഒന്നുമില്ല. മാറ്റം മാത്രമാണ് മാറ്റമില്ലാത്തത് എന്നത് പഴമൊഴിപോല ഇന്ന് നമ്മള്‍ ഉപയോഗിച്ചുവരുന്ന വാക്യമാണ്. ഈ നൂറ്റാണ്ടിലും മാറ്റാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന ഒന്നായി വ്യക്തിനിയമം / ശരീഅത്തിന് നിലനില്‍പ്പുണ്ടോ? മതനിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടില്ലേ? ഇസ്ലാം മതനിയമങ്ങളുടെ / മതാനുഷ്ഠാനത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ഈ വാദത്തെ സാധൂകരിക്കാനാവില്ല. ഇസ്ലാം മതം എല്ലായിടത്തും ഒരേപോലെ പുലരുന്നതാണോ? ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന രാഷ്ട്രങ്ങളില്‍ തന്നെ ഈ നിയമങ്ങള്‍ ഒരേ രീതിയില്‍ നിലനില്‍ക്കുന്നുണ്ടോ? പല രാഷ്ട്രങ്ങളും, അതിലെ വിശ്വാസികളും ഇസ്ലാമിനെ കാണുന്ന രീതി വളരെ വ്യത്യസ്തമാണെന്ന് നമുക്കറിയാം. ഇസ്ലാം എന്ന നിലക്ക് പൊതുരംഗത്ത് അവകാശങ്ങളുന്നയിക്കുന്ന വ്യക്തിയുടെ വസ്ത്രധാരണത്തില്‍പോലും ഈ ഏകീകരണം നമ്മള്‍ കാണുന്നില്ല. മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ മാത്രമല്ല പുരുഷന്മാരുടെയും വസ്ത്രധാരണത്തില്‍ അവരവര്‍ ജീവിക്കുന്ന പരിസ്ഥിതിയും സംസ്കാരങ്ങളുമെല്ലാം ബന്ധപ്പെട്ടുനില്ക്കുന്ന രീതിയാണ് സ്വീകരിച്ചത് എന്നുകാണാം.
ഏകശാസനാ രൂപത്തിലല്ലാതെ മതസങ്കല്‍പവും മതഗ്രന്ഥങ്ങളുടെ വ്യാഖ്യാന സാധ്യതകളുമാണ് ഇസ്ലാമിനെ ബഹുസ്വരമാക്കിയതില്‍ വലിയ പങ്കുവഹിച്ചത്. മാറ്റമില്ലാതെ ദൈവീക നിയമം എന്നതിലപ്പുറം മതഗ്രന്ഥങ്ങള്‍ അതുണ്ടായ കാലഘട്ടത്തിലെ സവിശേഷ സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യേണ്ടതുണ്ട്. ഇസ്ലാം സ്ത്രീക്കു നല്‍കിയ അവകാശങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഖുര്‍ആനും അതിലെ പ്രബോധനങ്ങളും ഉണ്ടാകാനിടയായ ചരിത്ര സാഹചര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തില്‍ നിന്നുവേണം ഇസ്ലാമിനെ സ്ത്രീയുടെ സ്ഥാനത്തെക്കുറിച്ച് മനസ്സിലാക്കാന്‍. ചരിത്രകാരന്മാര്‍ ഇതിനെ ജാഹിലിയ്യ കാലഘട്ടം എന്നുവിളിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് ഒരു സ്ഥാനവും ഇല്ലാതിരുന്ന ജാഹിലിയ്യ കാലഘട്ടിത്തില്‍ ചില വ്യക്തികള്‍ പെണ്‍കുഞ്ഞ് പിറക്കുന്നത് തന്നെ അപമാനമായി കരുതിയിരുന്നു. അല്‍ നഹല്‍ എന്ന സൂറത്തില്‍ ഇപ്രകാരം വിമര്‍ശിക്കുന്നു - അവരില്‍ ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞ് ജനിച്ച വിവരം ലഭിച്ചാല്‍ കൊടിയ വിഷാദം മൂലം അവന്‍റെ മുഖം ഇരുളുന്നു. നാണക്കേട് മൂലം അവന്‍ ജനങ്ങളില്‍നിന്ന് ഒളിച്ചുനടക്കുന്നു. അപമാനം സഹിച്ചുകൊണ്ടതിനെ വളര്‍ത്തണോ, മണ്ണില്‍ കുഴിച്ചുമൂടണോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. നോക്കൂ എത്ര ദുഷ്കരമാണ് അവരുടെ തീരുമാനം..
ഈ സാഹചര്യത്തിലാണ് ഖുര്‍ആന്‍ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും ഒരുപോലെ പെരുമാറാന്‍ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചത്. കുട്ടികള്‍ക്കിടയില്‍ പക്ഷപാതിത്തമില്ലാതെ വളര്‍ത്തുന്നവരാണ് സ്വര്‍ഗ്ഗത്തിന് അവകാശികളായി അല്ലാഹു കല്‍പിച്ചിരിക്കുന്നത്.
ഇസ്ലാം അനുവദിച്ച ബഹുഭാര്യത്വവും വിവാഹമോചനവും സ്വത്തവകാശവും ജാഹിലിയ്യകാലത്തെ ഈ നിര്‍ദ്ദിഷ്ട സമൂഹത്തോടുള്ള ഉത്ബോധനം എന്ന നിലയ്ക്ക് കൂടി കാണേണ്ടതുണ്ട്. ഇഷ്ടംപോലെ ഭാര്യമാരെ സ്വീകരിക്കുകയും കയ്യൊഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിന് നിയന്ത്രണമേര്‍പ്പെടുത്തുകയാണ് മുഹമ്മദ് നബി ചെയ്തത്. പരസ്പരം യുദ്ധം ചെയ്തിരുന്ന ഗോത്രസമൂഹങ്ങള്‍ ആയിരുന്നു അന്നുണ്ടായിരുന്നത്. നിരന്തരമായ യുദ്ധത്തിന്‍റെ ഫലമായി വിധവകളുടെയും അനാഥകളുടെയും എണ്ണം പെരുകി. ഇവരെ സംരക്ഷിക്കുക എന്നതും നബിയുടെ ലക്ഷ്യമായിരുന്നു. അതുകൊണ്ടുതന്നെ ബഹുഭാര്യത്വം സ്വീകരിക്കുന്നവര്‍ വിധവകളെയും അനാഥകളെയുമാണ് സ്വീകരിക്കേണ്ടത് എന്നുവരുന്നു. അവര്‍ക്ക് തുല്യനീതി ഉറപ്പുവരുത്താനും അതിനു സാധ്യമല്ലെങ്കില്‍ ഒരാളെ മാത്രം സ്വീകരിക്കാനും ഉദ്ബോധിപ്പിക്കുന്നു. ഈ സൂറത്തില്‍ (അധ്യായം 4) തന്നെ മറ്റൊരിടത്ത് തുല്യനീതി ഉറപ്പുവരുത്താന്‍ ആവില്ലെന്ന് പറയുന്നുണ്ട്. (4:129) അതിനാല്‍ ബഹുഭാര്യത്വമല്ല ഏകഭാര്യത്വംതന്നെയാണ് ഇസ്ലാം നിര്‍ദ്ദേശിക്കുന്നത് എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആദ്യഭാര്യയുടെ പൂര്‍ണ്ണസമ്മതം ഇതിനാവശ്യമാണ്. ആദ്യഭാര്യക്ക് ഏകഭാര്യയായിരിക്കണമെന്ന് വിവാഹ കരാറില്‍ ഏര്‍പ്പെടാനുള്ള സ്വാതന്ത്ര്യവുമുണ്ട്.
വിവാഹമോചനം അനുവദനീയമാണെങ്കിലും അല്ലാഹുവിങ്കല്‍ ഏറ്റവും വെറുക്കപ്പെട്ട സംഗതിയായി ഇത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സഹിച്ചു ജീവിക്കുന്നതിനേക്കാള്‍ നല്ലത് പരസ്പരം ബഹുമാനത്തോടെ പിരിയുന്നതാണ് എന്നനുവദിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് അനേകം നിബന്ധകളുണ്ട്. മധ്യസ്ഥര്‍ ഇടപെട്ടു സംസാരിക്കണം. അത് പരാജയപ്പെട്ടാല്‍ മൂന്നു മാസങ്ങള്‍ കൊണ്ട് മാത്രമേ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാകൂ. ഈ കാലയളവില്‍ ദമ്പതിമാര്‍ക്ക് അവരുടെ തീരുമാനം പുനഃപരിശോധിക്കാവുന്നതാണ്.
വിവാഹമോചനം സ്ത്രീക്കും പുരുഷനും ഇസ്ലാം വിധിക്കുന്നുണ്ട് ഖുര്‍അ് , മുബാറഅത്ത്, ഫസ്ഖ് എന്നീ മൂന്നു മാര്‍ഗ്ഗങ്ങളിലൂടെ സ്ത്രീക്ക് വിവാഹ മോചനം നേടാവുന്നതാണ്. ഇതില്‍ ഖുല്‍അ്ലും മുബാറഅത്തിലും വിവാഹ മോചനം നല്‍കുന്നതിനു അധികാരം പുരുഷനാണ്. ഫസ്ഖ് സ്ത്രീക്ക് പുരുഷനെ ഒഴിവാക്കാനുള്ള അധികാരം നല്‍കുന്നതാണ്. പക്ഷേ, എല്ലാത്തിനും ഉപാധികളോടെ മാത്രമേ അനുവാദം നല്‍കിയിട്ടുള്ളൂ.
സ്വത്തവകാശത്തെ സംബന്ധിച്ചും ഇന്ന് നിലവിലുള്ള രീതിക്ക് പരിമിതിയുണ്ട് എന്ന് സമ്മതിക്കാം. അതേസമയം പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു കാലഘട്ടത്തിലാണ് കുടുംബസ്വത്തില്‍ അവര്‍ക്ക് അവകാശം നല്‍കുന്നതെന്ന് വിപ്ലവകരം തന്നെ.
സ്വത്തവകാശത്തെ സംബന്ധിച്ചും ഇന്ന് നിലനില്‍ക്കുന്ന നിയമം ഒട്ടും നീതിയുക്തമല്ല എന്ന് നമുക്കറിയാം. അതേസമയം പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാലഘട്ടത്തിലാണ് കുടുംബസ്വത്തില്‍ ഷംഷഅവര്‍ക്ക് അവകാശങ്ങള്‍ നല്‍കിയത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ പദവി നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി അന്നത്തെ നിയമങ്ങള്‍ പരിഷ്കരിക്കുകയായിരുന്നു ഇസ്ലാം എന്ന് മനസ്സിലാക്കാന്‍ ഏറെ ബദ്ധപ്പെടേണ്ടതില്ല. പക്ഷേ അതുകൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന വ്യത്യാസങ്ങളെ നീതികരിക്കാനാവില്ല. പാരമ്പര്യ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം മകനും മൂന്നില്‍ ഒരു ഭാഗം മകള്‍ക്കും എന്ന നിലയ്ക്കാണ് ഇന്ന് അനന്തരാവകാശം ലഭിക്കുന്നതിന് അര്‍ഹതയുള്ളത്. പെണ്‍കുട്ടികള്‍ മാത്രമുള്ള കുടുംബത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ മൂന്നില്‍ രണ്ടുഭാഗം മാത്രമാണ് സ്വന്തം കുടുംബത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുക. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മകന്‍ മരണപ്പെട്ടാല്‍ കുടുംബസ്വത്തില്‍ മകന്‍റെ കുട്ടികള്‍ക്ക് അവകാശമില്ല. മക്കളില്ലാതെ ഭാര്യ മരണപ്പെട്ടാല്‍ ഭാര്യയുടെ സ്വത്തിന്‍റെ പകുതി ഭര്‍ത്താവിന് അവകാശപ്പെട്ടതാണെങ്കില്‍ ഭര്‍ത്താവിന്‍റെ സ്വത്തില്‍ നാലിലൊന്നിന് മാത്രമാണ് ഭാര്യക്ക് അവകാശമുള്ളൂ. മക്കള്‍ ഉണ്ടെങ്കില്‍ ഭാര്യക്ക് എട്ടില്‍ ഒന്നിന് മാത്രമേ അവകാശമുള്ളൂ. ഭര്‍ത്താവിന് നാലിലൊന്നാണ് അപ്പോള്‍ വിഹിതം. അവിവാഹിതനായ മകന്‍ മരണപ്പെട്ടാല്‍ അവന്‍റെ സ്വത്തിന്‍റെ ആറില്‍ അഞ്ചുഭാഗം പിതാവിനും ആറില്‍ ഒരുഭാഗം മാതാവിനും അവകാശം ലഭിക്കും.
ഈ പിന്തുടര്‍ച്ചാവകാശ നിയമങ്ങളെല്ലാം ഗോത്രവര്‍ഗ്ഗ സങ്കല്‍പ്പത്തിന്‍റെ ഭാഗമാണെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ, മകന്‍ മരണപ്പെട്ടാല്‍ അവരുടെ മക്കള്‍ ഈ ഗോത്രസങ്കല്‍പ്പത്തിനകത്ത് സുരക്ഷിതരായിരിക്കുമെന്നുറപ്പാണ്. അതുപോലെ അനാഥരായിപ്പോകുന്ന പെണ്‍കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ ഈ വ്യവസ്ഥയില്‍ കഴിഞ്ഞിരിക്കാമെങ്കിലും അതേ ജീവിത വ്യവസ്ഥ വെച്ച് ഇന്നത്തെ ജീവിതരീതിയെയും മൂല്യങ്ങളെയും അളക്കാനാവില്ല. പലപ്പോഴും സ്വത്തവകാശത്തിന്‍റെ പേരില്‍ വീട്ടില്‍ നിന്നിറക്കിവിടുന്ന അവസ്ഥപോലും ഉണ്ടാവുന്നുണ്ട്. യത്തീമിന്‍റെ സംരക്ഷണം സമുദായത്തിന്‍റെ ബാധ്യതയായി നാം കണക്കാക്കുമ്പോള്‍ ഈ സമുദായ നിയമങ്ങള്‍തന്നെ യത്തീമാക്കി പലരെയും തെരുവില്‍ ഇറക്കുന്നുണ്ട്. ഈ നിയമങ്ങളില്‍ പലതും അതിന്‍റെ വിശദീകരണത്തില്‍ വ്യാഖ്യാന സാധ്യത തരുന്നതാണ് എന്നതും പ്രധാനമാണ്.
പുരുഷന് മൂന്നില്‍ രണ്ട് ഭാഗം കുടുംബസ്വത്തില്‍ അവകാശം കൊടുക്കുമ്പോള്‍ അതിനോടൊപ്പം കുടുംബത്തിന്‍റെ ഉത്തരവാദിത്വം അയാളുടെ ബാധ്യതയാണ് എന്നനുശാസിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന മൂന്നിലൊരുഭാഗം സ്വന്തം ഇഷ്ടപ്രാരം ചെലവാക്കാവുന്നതാണ്. ഇത്തരം ചുമതലകളൊന്നും സ്ത്രീകള്‍ക്ക് ഇസ്ലാം അനുശാസിക്കുന്നില്ല. ഇതനുസരിച്ച് ഏതെങ്കിലും സാഹചര്യത്തില്‍ കുടുംബ ചുമതലകള്‍ വഹിക്കുന്നത് സ്ത്രീയാണെങ്കില്‍ ഈ നിയമം എങ്ങനെ നടപ്പാക്കണമെന്നതിനെക്കുറിച്ച് പുതിയ വ്യാഖ്യാനങ്ങളാവാം. ഇസ്ലാം രൂപപ്പെട്ട അന്ന് സ്ത്രീകളുടെ മാന്യത ഉറപ്പാക്കാന്‍ വേണ്ടി ഇപെട്ട ഇസ്ലാം ഇന്ന് സത്രീകളോടുള്ള വിവേചനങ്ങള്‍ക്കെതിരെയാണ് നിലയുറപ്പിക്കേണ്ടത്. അതായത് ഇസ്ലാമിക കാഴ്ചപ്പാടില്‍ തന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഇത്തരം പക്ഷാപാതങ്ങള്‍.
ഖുര്‍ആനിലെ നിയമങ്ങളും നിലവിലുള്ള വ്യക്തിനിയമങ്ങളും തമ്മിലുള്ള വലിയ നന്തരവും ഈ അനീതിക്ക് വലിയ കാരണമാണ്. എന്തുകൊണ്ടീ വിടവ്? ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാന ഘടകങ്ങളും അതിന്‍റെ ചരിത്രവും ഇത് വ്യക്തമാക്കും.
ഖുര്‍ ആനിനു പുറമെ മറ്റ് പല ഘടകങ്ങളും ശരീഅത്ത് നിയമങ്ങള്‍ക്കടിസ്ഥാനമായി സ്വീകരിച്ചിട്ടുണ്ട്.
ഹദീസ് - പ്രവാചക ചര്യകള്‍ പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെട്ടവ.
ഇജ്മഅ്- പ്രവാചകനുശേഷം വന്ന പണ്ഡിതരുടെ കൂട്ട അഭിപ്രായം
ഖിയാസ് - കീഴ്വഴക്കങ്ങള്‍ മുന്‍ നടപ്പനുസരിച്ചുള്ള വിധി പുതിയതിനും ബാധകമാക്കുക.
ഇവയെക്കുറിച്ചൊന്നും അറിവില്ലാത്ത ബ്രിട്ടീഷുകാര്‍ മുഗളന്മാരുടെ കാലത്തെ ഫത്വകള്‍ (മതവിധികള്‍) ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഇന്നും ഇന്ത്യന്‍ ശരീഅത്തിനടിസ്ഥാനമായി നില്‍ക്കുന്ന ഒരു ഗ്രന്ഥം ഹാമില്‍ട്ടന്‍റെ ഹിദായ യാണ്. മുഗള്‍ ഭരണകാലത്ത് രാജതാല്‍പര്യങ്ങള്‍ക്കനുസൃതമായി വിര്‍ത്തനം ചെയ്ത ഗ്രന്ഥം. ഇതിന്‍റെ ഫലമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന പല ആനുകൂല്യങ്ങളും ബ്രിട്ടീഷിന്ത്യന്‍ കോടതികള്‍ നിരസിക്കുന്നു. ഇതില്‍ പ്രധാനമാണ് സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള അവകാശം. അന്ന് മതപരിവര്‍ത്തനം മാത്രമായിരുന്നു സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള ഏകമാര്‍ഗ്ഗം. 1939ല്‍ ഉശീഹൈൗശേീി ീള ങൗഹെശാ ങമൃശഴല അരേ പാസ്സാക്കിയതിലൂടെയാണ് കോടതി മുഖേനയെങ്കിലും സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള അവകാശം കൈവന്നത്. വിധവാ വിവാഹത്തിനും തടസ്സമുണ്ടായിരുന്നില്ല. എങ്കിലും ഇന്ന് നിലനില്‍ക്കുന്ന നിയമങ്ങള്‍ എത്രമാത്രം മതപരമാണെന്ന് ഇത് വ്യക്തമാക്കും. ഹാമില്‍ട്ടന്‍റെ ഹിദായക്ക് ഖുര്‍ആനുമായോ മറ്റ് മതഗ്രന്ഥങ്ങളുമായോ ഉള്ള ബന്ധം വളരെ പരിമിതമാണ്. ഇസ്ലാം അനുവദിക്കുന്ന വിധികള്‍ക്ക് ഇവിടെ നിയമ സാധുതയുമില്ല. എങ്കിലും ഇന്ത്യയിലെ മറ്റ് മതവിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നും കാണാം. സ്വത്തവകാശത്തിനും വിവാഹമോചനത്തിനും ഇവിടെ ആദ്യം അവകാശം ലഭിച്ചത് മുസ്ലീം സ്ത്രീകള്‍ക്കാണ്.
സ്ത്രീക്ക് നീതി ഉറപ്പുവരുത്താന്‍ പരിശ്രമിച്ച ഇസ്ലാമിക കാഴ്ചപ്പാടില്‍നിന്നുകൊണ്ട് ഈ വ്യക്തി നിയമത്തെ പരിഷ്കരിക്കുകയാണ് വേണ്ടത്. ഇസ്ലാം രൂപപ്പെട്ട കാലത്ത് സ്ത്രീകള്‍ക്ക് മൂന്നിലൊരുഭാഗം സ്വത്തവകാശം നല്‍കിയപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വത്തവകാശം ഇല്ലെന്നു മാത്രമല്ല, വിവാഹിതയാവുന്നതോടെ സ്ത്രീകള്‍ക്ക് സിവില്‍ മരണം സംഭവിക്കുന്നതിന് തുല്യമായിരുന്നു സ്ത്രീകളുടെ പദവി. സ്വന്തം അവകാശ പ്രമാണങ്ങളില്‍പോലും ഒപ്പുവെക്കേണ്ടത് ഭര്‍ത്താവായിരുന്നു ഇസ്ലാമിക കാഴ്ചപ്പാടാണ് ഇന്ത്യയിലെ പുതിയ വ്യക്തിനിയമ പരിഷ്കരണത്തിനും ഇന്ന് നമുക്കാവശ്യം. വ്യക്തികളെന്ന നിലയ്ക്ക് മനുഷ്യരെ പരിഗണിച്ചുകൊണ്ട് അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും കണക്കിലെടുത്തുകൊണ്ട് നിലനില്‍ക്കുന്ന പിന്തുടര്‍ച്ചാവകാശങ്ങളിലും പരിഷ്കരണമുണ്ടാവേണ്ടത് അത്യാവശ്യമാണ്. മേരി റോയ് ജീവിച്ചിരുന്നിടത്ത് ഈ അവകാശങ്ങളിലേക്കുയരാന്‍ മുസ്ലീം സ്ത്രീകള്‍ വൈകിയതെന്തുകൊണ്ടെന്ന സംശയം മാത്രമാണിന്ന് ബാക്കിയാവുന്നത്.