The Singer V. M Kutty: An All Rounder without Comparison

Basheer Chungathara

Music composer, lyricist, orator, researcher, author,organiser, actor, painter, teacher- V. M. Kutti who departed us, was a prodigy excelled in various intellectual activities. He was instrumental  in popularising Mappilla songs through his presentation of it in orchestra and other stage programmes. His rendition through all India Radio also made Mappilla songs popular among public.  The  visual media  had it's share in the popularity. V. M. Kutti's presence is visible in the programme called 'Patturumal' broadcasted through Kairali Channel. The article is about the role of VM. Kutti in popularising Mappilla songs.

Keywords: Mappila Songs, Arabi-Malayalam, Oppana Songs, Warsongs, Mappila Culture

Reference:

Kutty, V. M. (2018). Mappilapattu charitravum varthamanavum. Thiruvanathapuram: Kerala Bhasha Institute.
Kutty, V. M. (2011). Oppana enna Vattapatt. Thiruvanathapuram: Kerala Bhasha Institute.
Kutty, V. M. (2014). Mahakavi Mohinkutty Vaidyarudea Kavya Prabhancham. Calicut: Lipi Publications.
Kutty, V. M. (2018). Mappila pattintea Charitra Snacharangal. Calicut: Lipi Publications.
Kutty, V. M. (2012). Ishal nilavu. Calicut: Lipi Publications.
Kutty, V. M. (2010). Vaikam Muhammed Basheer malappattu. Calicut: Lipi Publications.
Kutty, V. M. (2012). Mappila Pattintea Gadi Mattam.  Calicut: Lipi Publications.
Kutty, V. M. (2010). Mappila Pattintea  Logam.  Calicut: Lipi Publications.
Basheer Chungathara
Secretary
Mahakavi Mohinkutty Vaidyar Mappila kala Academy
Kondotty
Pin: 673638
India
Ph: +91 9447171566
Email: basheerchungathara@gmail.com



വി.എം. കുട്ടി: മാപ്പിളപ്പാട്ടിലെ പകരക്കാരനില്ലാത്ത ആള്‍റൗണ്ടര്‍

ബഷീര്‍ ചുങ്കത്തറ

ഗാനരചയിതാവ്, സംഗീത സംവിധായകന്‍, പ്രഭാഷകന്‍, ഗവേഷകന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍, അഭിനേതാവ്, ചിത്രകാരന്‍, അദ്ധ്യാപകന്‍ എന്നീ വ്യത്യസ്ത മേഖലകളില്‍ ഒരേ സമയം നിറഞ്ഞു നിന്നിരുന്ന പ്രതിഭയായിരുന്നു വിടവാങ്ങിയ വി. എം. കുട്ടി.  

കേരളവുമായുള്ള അറബികളുടെ ബന്ധത്തിന് സഹസ്രാ ബ്ദങ്ങളുടെ പഴക്കമുണ്ട്.  അറേബ്യയില്‍ ഇസ്ലാം മതം ആവിര്‍ഭവിക്ക ന്നതിനും മുമ്പ് തന്നെ അവരുടെ പത്തേമാരികള്‍ ഇവിടെയെത്തി യിരുന്നു.  ഈ ബന്ധം കാരണം അറേബ്യയില്‍ ഇസ്ലാം മതം അവതരിപ്പിക്കപ്പെട്ടതിന് ശേഷം അധികം താമസിയാതെ അത് ഇങ്ങോട്ടുമെത്തി. വ്യാപാരാവശ്യാര്‍ത്ഥം കേരളത്തിലെത്തിയിരുന്ന അറബികളില്‍ പലര്‍ക്കും ഇവിടെ മാസങ്ങളോളമോ ചിലപ്പോള്‍ വര്‍ഷങ്ങളോളമോ തങ്ങേണ്ടി വന്നിരുന്നു.  അങ്ങിനെയുള്ളവരില്‍ പലരും ഇവിടെ നിന്നും വിവാഹം കഴിച്ച് ഇവിടുത്തുകാരായി കൂടി.  അവരെയാണ് മാപ്പിളമാര്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. കാലക്രമത്തില്‍ അവര്‍ ഇവിടെ ഒരു പ്രത്യേക സമൂഹമായി വളര്‍ന്നു.

കേരളമടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും എത്തിയിരുന്ന അറബികള്‍ ഇസ്ലാം മതത്തിന്‍റെ ആവിഭാവത്തിന് ശേഷം വ്യാപാരാവശ്യങ്ങ ളോടൊപ്പം മതപ്രചരണവും അവരുടെ ജീവിത ദൗത്യമായി ഏറ്റെടുത്തു.  കേരളത്തിലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും ഇസ്ലാം മതത്തിലേക്ക് ആദ്യം ആകര്‍ഷിക്കപ്പെട്ടത് അധസ്ഥിതരാണ്. അവരെ സംബന്ധിച്ചിടത്തോളം ജാതിവിവേചനത്തില്‍ നിന്നുള്ള ഒരു വിമോചനമാര്‍ഗ്ഗമായിരുന്നു മതപരിവര്‍ത്തനം.  ജാതിവ്യവസ്ഥിതിയു ടെ ക്രൂരതയില്‍ അറിവ് നിഷേധിക്കപ്പെട്ടിരുന്ന അവര്‍ക്ക് മാതൃഭാഷ പോലും സംസാരിക്കാമെന്നല്ലാതെ എഴുതാനും വായിക്കാനും വശമുണ്ടായിരുന്നില്ല.

ഈ പ്രതികൂല സാഹചര്യം കാരണം ഇസ്ലാംമതത്തിലേക്ക് വന്നവര്‍ക്ക് മതപരമായ കാര്യങ്ങള്‍ പാട്ടുരൂപത്തിലായിരുന്നു പഠിപ്പിച്ചു കൊടുത്തിരുന്നത്. മനപ്പാഠമാക്കാനുള്ള ഒരു എളുപ്പ മാര്‍ഗ്ഗം എന്ന നിലയിലായിരുന്നു ആ പാട്ടുകള്‍ ഉണ്ടാക്കിയിരുന്നത്.  അതായിരുന്നു മാപ്പിളപ്പാട്ടുകളുടെ തുടക്കം.  ക്രമേണ ആ പാട്ടുകള്‍ അവരുടെ ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളുടെയും ആവിഷ് കാരരൂപമായി.  അധസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തി ല്‍ ഉണ്ടായിരുന്ന നാടന്‍ പാട്ടുകളുടെ ഈണങ്ങളും അറബി ബെയ്ത്തുകളുടെ രീതികളും കൂടിച്ചേര്‍ന്ന് മാപ്പിളപ്പാട്ടുകളുടെ ഇശലുകള്‍ രൂപം കൊണ്ടു.  സഹസ്രാബ്ദങ്ങളായി രണ്ടു ജനതകള്‍ തമ്മില്‍ നിലനിന്നു പോന്ന സുഹൃദ്ബന്ധത്തിന്‍റെ ഫലമായി ഉരുത്തിരിഞ്ഞു വന്ന ഒരു സാംസ്കാരിക സമന്വയത്തിന്‍റെ ഉല്‍പ്പന്നമായി മാപ്പിളപ്പാട്ടുകളും കലകളും വളര്‍ന്നുവന്നു.  

പുതുതായി ഇസ്ലാം മതത്തിലേക്ക് വന്നവര്‍ക്ക് ഖുര്‍ആന്‍ വായിക്കുന്നതിന് വേണ്ടി അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നു.  തങ്ങള്‍ക്ക് സംവേദിക്കാനുള്ള കാര്യങ്ങളെ ലിഖിത രൂപത്തിലും കൂടി ജനങ്ങളിലെത്തിക്കാനുള്ള ഇസ്ലാം മത പ്രവര്‍ത്തകരുടെ ശ്രമത്തിന്‍റെ ഫലമായിരുന്നു അറബി മലയാളത്തിന്‍റെ തുടക്കം.  ആളുകളെ മലയാളം അക്ഷരങ്ങള്‍ പഠിപ്പിച്ച് എഴുത്തും വായനയും പരിശീലിപ്പിക്കുന്നതിനേക്കാള്‍ മികച്ച ഒരു എളുപ്പവഴി അവര്‍ കണ്ടെത്തുകയായിരുന്നു.  ഖുര്‍ആന്‍ വായിക്കുന്നതിന് വേണ്ടി അവര്‍ പഠിച്ചിട്ടുള്ള അറബി അക്ഷരങ്ങള്‍ക്ക്  ആവശ്യമുള്ളിടത്ത് ചെറിയ ഭേദഗതികള്‍ വരുത്തി മലയാളത്തിലെ എല്ലാ അക്ഷരങ്ങള്‍ക്കും അവര്‍ പകരം അക്ഷരങ്ങള്‍ ഉണ്ടാക്കി.  അക്ഷരങ്ങള്‍ എല്ലാം അറബിയാണെങ്കിലും തനി മലയാളത്തില്‍ വായിക്കാവുന്ന ഒരു ഭാഷ അതാണ് അറബി മലയാളം.

വളരെ വേഗം തന്നെ മലയാളത്തന്‍റെ ഈ കൈവഴിയില്‍ ഗ്രന്ഥങ്ങള്‍ പുറത്ത് വന്നു. മതഗ്രന്ഥങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടാ യിരുന്നുവെങ്കിലും ചരിത്രം, ശാസ്ത്രം, കഥകള്‍, നോവല്‍, ചികിത്സ ഗ്രന്ഥങ്ങള്‍ എന്നിവയടക്കം എല്ലാതരം വിഷയങ്ങളും പ്രതിപാദിക്കു ന്ന അറബി മലായാള കൃതികള്‍ ഉണ്ടായി.  ആദ്യഘട്ടത്തില്‍ എല്ലാ വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടത് കാവ്യഗ്രന്ഥങ്ങളായിട്ടാ യിരുന്നു.  മലയാളത്തിന്‍റെ കരുത്തുറ്റ ഒരു ശാഖയായി വികസിച്ച അറബി മലയാളത്തോടൊപ്പം അതിന്‍റെ സാഹിത്യവും കലയും വളര്‍ന്നു.  

ആദ്യകാല മുസ്ലിം പണ്ഡിതന്‍മാരില്‍ മഹാഭൂരിപക്ഷവും സാമ്രാജ്യത്വ അധിനിവേശത്തിനും ജന്മത്വ ചൂഷണത്തിനും എതിര് നിന്നവരായിരുന്നു.  അവരുടെ സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്വ വിരുദ്ധവുമായ ആശയങ്ങള്‍ പില്‍ക്കാലത്ത് വികലമായ വ്യാഖ്യാന ങ്ങള്‍ക്ക് വിധേയമായി.  ബ്രിട്ടീഷുകാരുടെ ഭാഷയായ ഇംഗ്ലീഷും അവരെ സഹായിക്കുന്ന ജന്മിമാരുടെ ഭാഷയായ മലയാളവും പഠിക്കുന്നതില്‍ നിന്നും മുസ്ലിംകളെ നിരുത്സാഹപ്പെടുത്തുന്ന ഒരു സമീപനത്തിലേക്ക് അവരില്‍ പലരും മാറി. അതിനാല്‍ മാപ്പിളമാര്‍ എന്ന് വിളിക്കപ്പെട്ട് പോന്ന കേരളത്തിലെ ഒരു വലിയ ജനവിഭാഗ ത്തിന് അനേകം നൂറ്റാണ്ടുകള്‍ തങ്ങളുടെ ആവിഷ്കാരങ്ങള്‍ നടത്താന്‍ കഴിഞ്ഞത് അറബി മലയാളത്തില്‍ മാത്രമായിരുന്നു എന്നൊരു അവസ്ഥയിതുണ്ടാക്കി.

തങ്ങള്‍ക്ക് സംവേദിക്കാനുള്ള സമൂഹത്തിന് അറിയാവുന്ന ഒരേ ഒരു ഭാഷ എന്ന നിലക്ക് മോയീന്‍കുട്ടി വൈദ്യര്‍ അടക്കമുള്ള ആദ്യകാല മാപ്പിളപ്പാട്ടു കവികളെല്ലാം രചന നടത്തിയത് അറബി മലയാളത്തിലായിരുന്നു.  മാപ്പിളപ്പാട്ടിനെയും മാപ്പിള കലകളേയും മലയാളി പൊതുസമൂഹത്തിന്‍റെ ഭാഗമാക്കുന്നതിന് ഇത് ഒരു വലിയ തടസ്സമായി.  ഏതാണ്ട്  തൊള്ളായിരത്തി അമ്പതുകള്‍വരെ ഈ അവസ്ഥ തുടര്‍ന്നു.

അമുസ്ലിംകളായ കമ്പളത്ത് ഗോവിന്ദന്‍ നായര്‍, പി. ഭാസ്കരന്‍ എന്നിവര്‍ 1944-ല്‍ മലബാര്‍ കലാപം സംബന്ധിച്ച് എഴുതിയ ബ്രിട്ടീഷ് വിരുദ്ധ മാപ്പിളപ്പാട്ടുകള്‍ നിരോധിക്കപ്പെടുകയും എഴുത്തുകാര്‍ക്കെതിരെ അധികാരികളുടെ നടപടികള്‍ ഉണ്ടാകു കയും ചെയ്തത് പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ വസ്തുതയാ ണെങ്കിലും മാപ്പിളപ്പാട്ടുകള്‍ ബഹുഭൂരിപക്ഷവും എഴുതപ്പെട്ടിരി രുന്നത് അറബി മലയാളത്തില്‍ തന്നെയായിരുന്നു.  മോയിന്‍കുട്ടി വൈദ്യരുടെതടക്കമുള്ള അതിപ്രശസ്ത കാവ്യകൃതികള്‍ പോലും മലയാളം ലിപിയില്‍ ലഭ്യമായിരുന്നില്ല.  

ഇന്നിപ്പോള്‍ മാപ്പിളപ്പാട്ടും കലകളും മലയാളികളുടെ പൊതുസ്വത്താണ്.  ഈ അവസ്ഥ സംജാതമാക്കുന്നതിന്, മാപ്പിളപ്പാ ട്ടിന്‍റെ ജനകീയവല്‍ക്കരണത്തിനും മതേതരവല്‍ക്കരണത്തിനും വേണ്ടി പരിശ്രമിച്ചവരില്‍ മുന്‍നിരയിലാണ് വി. എം. കുട്ടിയുടെ സ്ഥാനം.  

മുസ്ലിംകള്‍ക്കിടയില്‍ മാത്രമായി ഒതുങ്ങി നിന്നിരുന്ന മാപ്പിളപ്പാട്ടിനെ പൊതുസമൂഹത്തിന്‍റെതാക്കി മാറ്റിയെടുത്തതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ളത് അഞ്ച് ഘടകങ്ങളാണ് എന്ന് നിരീക്ഷിക്കാവുന്നതാണ്.  അതില്‍ ഒന്നാമത്തേത് മാപ്പിളപ്പാട്ടിന്‍റെ നാടകത്തിലേക്കുള്ള വരവാണ്.  കെ.ടി. മുഹമ്മദ്, ഇ. കെ. അയമു, ചെറുകാട്, എന്നിവര്‍ തങ്ങളുടെ സാമൂഹ്യ പ്രസക്തിയുള്ളതും അതി പ്രശസ്തി നേടിയിട്ടുള്ളതുമായ നാടകങ്ങളില്‍ ഉള്‍പ്പെടുത്തിയ മാപ്പിളപ്പാട്ടുകള്‍ക്ക് വലിയ പൊതു സ്വീകര്യത കിട്ടി.  നാടകത്തിലേക്കുള്ള പ്രവേശനത്തിന് സമാന്തരമായി തന്നെ സംഭവിച്ച ഒന്നായിരുന്നു മാപ്പിളപ്പാട്ടുകളുടെ സിനിമയിലേക്കുള്ള പ്രവേശനം. ഇതായിരുന്നു രണ്ടാമത്തെ ഘടകം. څനീലക്കുയിലിچല്‍ പി. ഭാസ്കരന്‍ രചിച്ച് കെ.രാഘവന്‍ മാസ്റ്റര്‍ സംഗീതം കൊടുത്ത് അദ്ദേഹം തന്നെ ആലപിച്ച 'കായലരികത്ത്چഎന്ന ഗാനവും څകുട്ടിക്കുപ്പായംچ പോലുള്ള സിനിമകളിലൂടെ പെരുമഴയായി പെയ്തിറങ്ങിയ മാപ്പിളപ്പാട്ടുകളും മലയാളികളുടെ മനം കവര്‍ന്നു.  മാപ്പിളപ്പാട്ടിന്‍റെ മതേതരവല്‍ക്കരണത്തെ ശക്തിപ്പെടുത്തിയ ഒന്നായിരുന്നു സിനിമയിലേക്കുള്ള അതിന്‍റെ പ്രവേശനം. സിനിമയിലൂടെ വന്ന മാപ്പിളപ്പാട്ടുകളില്‍ യേശുദാസ്, ചിത്ര, മാര്‍ക്കോസ് എന്നിവര്‍ പാടിയ പാട്ടുകള്‍ക്ക് ഈണം പകര്‍ന്ന സംഗീത സംവിധായകന്‍ കൂടിയായിരുന്നു വി. എം. കുട്ടി.

മാപ്പിളപ്പാട്ടിന്‍റെ ജനകീയവല്‍ക്കരണത്തില്‍ വലിയ പങ്ക് വഹിച്ച മൂന്നാമത്തെ ഘടകമായിരുന്നു ഗാനമേളകള്‍.  സ്വന്തമായി ഒരു ട്രൂപ്പ് സംഘടിപ്പിച്ച് ആധുനിക സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ വി. എം. കുട്ടിയും സംഘവും നടത്തിയ ജൈത്രയാത്ര മാപ്പിളപ്പാട്ടിന്‍റെ ആധുനികവല്‍ക്കരണത്തെയും ശക്തിപ്പെടുത്തി.  പിന്നെയും ഒട്ടേറെ ഗായകസംഘങ്ങള്‍ അതിന്‍റെ തുടര്‍ച്ചയായി രംഗത്ത് വന്നിരുന്നുവെങ്കിലും അതിന്‍റെ തുടക്കക്കാരന്‍ അദ്ദേഹമായിരുന്നു.  മാപ്പിളപ്പാട്ടുകളെകൊണ്ട് മാത്രമായി ഗാനമേളകള്‍ നടത്താന്‍ ആദ്യം മുന്നോട്ട് വന്നത് വി. എം. കുട്ടിയാണ്.  ഈ ഗാനമേളകളില്‍ ആയിരക്കണക്കിനാളുകള്‍ ജാതിമത വ്യത്യാസമില്ലാതെ പങ്കെടുത്തു. 1957 ല്‍ തന്‍റെ ഇരുപത്തിരണ്ടാം വയസ്സില്‍ സ്വന്തമായി ഒരു ട്രൂപ്പ് സംഘടിപ്പിച്ച് ഗാനമേള അവതരിപ്പിച്ചു തുടങ്ങിയ ആ യുവാവ് മാപ്പിളപ്പാട്ടിന്‍റെ ഒരു മുഖം തന്നെയായി വളരെ വേഗം മാറി.  ഈ രംഗത്ത് ഏറ്റവും ദീര്‍ഘിച്ച കാലം തുടരാന്‍ കഴിഞ്ഞ കലാകാരനും വി. എം. കുട്ടി തന്നെയായിരിക്കും.

മാപ്പിളപ്പാട്ടിന്‍റെ പൊതുസ്വീകാര്യത ഉയര്‍ത്തിയതില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള നാലാമത്തെ ഘടകം ആകാശവാണി ഈ കലക്ക് നല്‍കിയിരുന്ന പ്രോത്സാഹനമാണ്.  1935 ല്‍ ജനിച്ച വി. എം. കുട്ടി ഏഴാമത്തെ വയസ്സുമുതല്‍ വേദികളില്‍ പാടാന്‍ തുടങ്ങിയിരുന്നു.  1955 ല്‍ ഇരുപതാം വയസ്സില്‍ ആകാശവാണിയില്‍ ആദ്യമായി ഗായകനായെത്തിയ വി.എം. കുട്ടിയുടെ മാപ്പിളപ്പാട്ടുകള്‍ പിന്നീട് തുടര്‍ച്ചയായി മലയാളികള്‍ റേഡിയോ വഴി കേട്ടു തുടങ്ങി.  റിക്കാര്‍ഡ് ചെയ്യപ്പെട്ട ഗാനങ്ങള്‍ വഴി അത് ഇപ്പോഴും തുടരുന്നു. അഞ്ചാമത്തെ ഘടകം എന്ന് പറയാവുന്നത് ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍, കേസറ്റുകള്‍, സി.ഡി എന്നിവയുടെ ഒരു തുടര്‍ച്ച എന്ന നിലയില്‍ ഇപ്പോള്‍ സജീവമായിട്ടുള്ള സമൂഹമാധ്യമങ്ങള്‍ എന്നിവയിലൂടെ മാപ്പിളപ്പാട്ടുകള്‍ക്കും ഇതര കലകള്‍ക്കും വലിയ പ്രചാരം കിട്ടിയതാണ്. ഈ രംഗത്തും ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ കലാകാരനാണ് വി.എം കുട്ടി.

മാപ്പിളപ്പാട്ടിന്‍റെ ജനകീയവല്‍ക്കരണത്തെ ശക്തിപ്പെടു ത്തിയ ഘടകങ്ങളില്‍ ഏറ്റവും ഒടുവില്‍ വന്നത് ദൃശ്യമാധ്യമങ്ങളുടെ ഇടപെടലായിരുന്നു.  കൈരളി ടി.വി. തുടങ്ങിയ ڇപട്ടുറുമാല്‍ڈ എന്ന റിയാലിറ്റി ഷോ പരിപാടിക്ക് കിട്ടിയ സ്വീകാര്യത എല്ലാ ചാനലുകളും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പ്രേരണയായി.  പുതിയ തലമുറയില്‍ പെട്ട അനേകം മാപ്പിളപ്പാട്ടു ഗായകര്‍ക്ക് അവസരം തുറന്നു കിട്ടിയ ഒരു പ്രവര്‍ത്തനം കൂടിയായി അത് മാറി.  പല ചാനലുകളുടെയും മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ പരിപാടികളില്‍ അതിഥിയായും വിധികര്‍ത്താവായും രംഗത്തെത്തിയിരുന്ന വി. എം. കുട്ടി ഇവിടെയും തന്‍റെതായ പങ്ക് വഹിച്ചു.

മാപ്പിളപ്പാട്ടിന്‍റെ നവോത്ഥാനത്തിന് ചൈതന്യം പകര്‍ന്നവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നയാളെന്ന് സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ച വി.എം. കുട്ടിയെ സുഹൃത്തും ഗായകനു മായ വി.ടി.മുരളി വിളിച്ചത് ആധുനിക മാപ്പിളപ്പാട്ട് ശാഖയുടെ പിതാവ് എന്നാണ്.  ആധുനിക കാലത്തിന്‍റെ കമ്പനങ്ങളില്‍ പെട്ട് മുങ്ങിത്താണുപ്പോകാതെ മാപ്പിളപ്പാട്ട് എന്ന ഗാന സാഹിതീശാഖ യെ നിലനിര്‍ത്തുകയും അതിന്‍റെ ആസ്വാദനത്തിന് മതേതരവും ജനകീയവുമായ മുഖം നല്‍കുകയും ചെയ്തവരില്‍ ഒന്നാമനാണ് വി.എം. കുട്ടി എന്നാണ് എം.എന്‍.കാരശ്ശേരി വിശേഷിപ്പിച്ചത്.  ആധുനിക കേരളത്തിലെ മാപ്പിളപ്പാട്ടിന്‍റെ പര്യായ പദം എന്ന ആലങ്കോട് ലീലാകൃഷ്ണന്‍ വിശേഷിപ്പിച്ച വി.എം. കുട്ടി ആ രംഗത്ത് പകരക്കാരില്ലാത്ത ഒരു ആള്‍റൗണ്ടര്‍ തന്നെയായിരുന്നു.

ഈ നിരീക്ഷണം ഒട്ടും തന്നെ അതിശയോക്തിപരമല്ല.  മാപ്പിളപ്പാട്ടു കവികളും ഗാനരചയിതാക്കളുമായവരുടെ ഒരു നീണ്ട നിര നമുക്കുണ്ട്.  അവരില്‍ ഒരാളായി നമുക്ക് വി. എം. കുട്ടിയെ കാണാം.  എന്നാല്‍ നൂറുകണക്കിന് പാട്ടുകളുടെ രചയിതാവായിരി ക്കെതന്നെ ഒരു ഗായകന്‍ എന്ന നിലയില്‍ വി.എം. കുട്ടിയോളം അംഗീകാരം നേടിയ വേറെ ആരെങ്കിലും ഉണ്ടാവാന്‍ ഇടയില്ല.  പ്രശസ്തനായ ഗാനരചയിതാവും ഗായകനും ആയിരിക്കെ തന്നെ മാപ്പിളപ്പാട്ട് ശാഖയെക്കുറിച്ച് പഠനങ്ങള്‍ നടത്തുകയും വിലപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ മലയാളത്തിന് നല്‍കുകയും ചെയ്ത മറ്റൊരാളും നമുക്കില്ല.  അതിനാല്‍ അദ്ദേഹം ഈ രംഗത്ത് പകരക്കാരനില്ലാത്ത ഒരു ആള്‍ റൗണ്ടര്‍ തന്നെയായിരുന്നു.  

വി.എം. കുട്ടിയുടെ കൃതികളുടെ പേരുകളില്‍ നിന്ന് തന്നെ അദ്ദേഹം മാപ്പിളകലകള്‍ക്ക് വേണ്ടി നടത്തിയിട്ടുള്ള അന്വേഷണങ്ങ ളുടെയും പഠനങ്ങളുടേയും സ്വഭാവം വ്യക്തമാകും. മാപ്പിളപ്പാട്ടിന്‍റെ ലോകം, മാപ്പിളപ്പാട്ടിന്‍റെ ചരിത്രവും വര്‍ത്തമാനവും, മാപ്പിളപ്പാട്ടിന്‍റെ ചരിത്രസഞ്ചാരങ്ങള്‍,ڇമാപ്പിളപ്പാട്ടിന്‍റെ തായ് വേരുകള്‍, മാപ്പിളപ്പാട്ടി ന്‍റെ  ഗതിമാറ്റം (എല്ലാം പഠനങ്ങള്‍), മഹിമ(നാടകം), ഖുറൈശി കന്യക (നോവല്‍ പരിഭാഷ), കിടപ്പറകള്‍ (നോവല്‍), കുരുവിക്കു ഞ്ഞ് (ബാലസാഹിത്യം),  വട്ടപ്പാട്ട് എന്ന ഒപ്പന (പഠനം), മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ (ജീവചരിത്രം), മോയിന്‍കുട്ടി വൈദ്യരുടെ കാവ്യപ്രപഞ്ചം, ഭക്തിഗീതങ്ങള്‍, മൈത്രീഗാനങ്ങള്‍, ഇശല്‍ നിലാവ് (തെരഞ്ഞെടു സ്വന്തം രചനകള്‍), കനിവും നിനവും (ഓര്‍മ്മക്കുറി പ്പുകള്‍) ഇത്രയും കൃതികള്‍ ഈ ലേഖകന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള താണ്.  അതില്‍ ഉള്‍പ്പെടാത്തവ വേറെയും ഉണ്ടാവും.

പതിനായിരക്കണക്കിന് ഗാനങ്ങളും നൂറ് കണക്കിന് കാവ്യ ഗ്രന്ഥങ്ങളും കൊണ്ട് സമ്പന്നമായ മാപ്പിളപ്പാട്ടിന്‍റെ ഒരു പരിമിതി അവയില്‍ മഹാഭൂരിപക്ഷവും ഊന്നുന്നത് ഭക്തി, പ്രണയം എന്നീ വിഷയങ്ങള്‍ മാത്രമാണ് എന്നതാണ്.  അത്കൊണ്ട് തന്നെ ആ വിഷയങ്ങളിലുള്ള രചനകളില്‍ ഒരു ആവര്‍ത്തനത്തിന്‍റെയോ വ്യത്യസ്തതയില്ലായ്മയുടെയോ ഒരു വിരസത പലപ്പോഴും അനുഭവപ്പെടാറുണ്ട്. വി.എം. കുട്ടിയുടെ രചനകളിലും നല്ലൊരു പങ്ക് ഭക്തി ഗാനങ്ങളാണ്.  അവയെല്ലാം ഉന്നത നിലവാരം പുലര്‍ ത്തുന്ന വ്യത്യസ്ത രചനകളാണ് എന്ന അഭിപ്രായമില്ല. പക്ഷേ څഹജ്ജിന്‍റെ രാവില്‍ ഞാന്‍ ഖഅബം കിനാവ് കണ്ടുچഎന്ന് തുടങ്ങുന്ന ഗാനം പോലുള്ള നല്ല ഭാവനയും കലാപരതയുമുള്ള രചനകള്‍ അവയിലുണ്ട്.  

ഭക്തി, പ്രണയം എന്നിവയല്ലാത്ത മറ്റു വിഷയങ്ങള്‍ കൂടി തന്‍റെ ഗാനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്ന മാപ്പിളപ്പാട്ടു രചയിതാവായിരുന്നു അദ്ദേഹം. തന്‍റെ തിരഞ്ഞെടുക്ക പ്പെട്ട രചനകളുടെ സമാഹാരമായ ഇശല്‍ നിലാവില്‍, വീരഗാഥകള്‍, മൈത്രീഗാനങ്ങള്‍, കത്ത് പാട്ടുകള്‍, സമൂഹഗാനങ്ങള്‍ എന്നവക്ക് വേണ്ടി പ്രേത്യേകം വിഭാഗങ്ങള്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ചരിത്രപുരുഷന്‍മാരായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ആലി മുസ്ലിയാര്‍, കുഞ്ഞാലി മരക്കാര്‍, പൂക്കോട്ടൂര്‍ രക്തസാക്ഷികള്‍, ഉണ്ണിമൂസ്സ മൂപ്പന്‍ എന്നിവരെ കുറിച്ചെല്ലാം വി. എം. കുട്ടി മാപ്പിളപ്പാ ട്ടെഴുതിയിട്ടുണ്ട്.  അബ്ദുറഹ്മാന്‍ സാഹിബിനെ കുറിച്ച് മാത്രം നാല് പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.  

വി. എം. കുട്ടിയുടെ മൈത്രീഗാനങ്ങളില്‍ ഉള്‍പ്പെടുന്ന 

മനസ്സുകള്‍ തമ്മിലിടഞ്ഞോരെ
മാനവമൈത്രി തകര്‍ത്തോരെ
മതിലുകള്‍ കെട്ടി മനുഷ്യരെ തമ്മില്‍
അകറ്റണതെന്തിനുടയോരേ

എന്ന് തുടങ്ങുന്ന ഗാനം വര്‍ത്തമാനകാല ഇന്ത്യയില്‍ കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കയാണ്.

څഇശല്‍ നിലാവിچല്‍ സാമൂഹ്യഗാനങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗം തന്നെ നീക്കിവെച്ചിട്ടുണ്ട്. പണക്കാരായ വൃദ്ധന്‍മാര്‍ക്ക് ബാലികമാരെ വിവാഹം കഴിച്ചു കൊടുക്കുന്ന ശീലം ഒരു കാലത്ത് മുസ്ലിംകള്‍ക്കിടയില്‍ സാധാരണയായിരുന്നു.  അതിനെതിരെ മൂര്‍ച്ചയുള്ള വിമര്‍ശനം ഉയര്‍ത്തുന്ന ഒരു ഗാനം വി. എം. കുട്ടിയെഴുതിയത് അക്കാലത്തെ ഹിറ്റായിരുന്നു.

പൂരം കാണ്ണ ചേല്ക്ക് ഞമ്മളെ 
തുറിച്ച് നോക്കണ കാക്കാ നിങ്ങളെ
സ്വര്‍ണ്ണം പൂശിയ പല്ലുകള്‍ കണ്ട് മയങ്ങൂലാ..
പടച്ചോനാണേ വണ്ടീ ഞമ്മള് കേറൂല...  

ഏറനാടന്‍ ഭാഷയിലുള്ള അതിലെ വരികള്‍ക്ക് വലിയ പ്രശസ്തികിട്ടിയിരുന്നു.

വിരഹദുഖം എല്ലാ കാലത്തും കവികളുടെ ഇഷ്ട വിഷയമാണ്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ ദുഖം മനസ്സുല ക്കുന്ന ഭാഷയില്‍ ആവിഷ്കരിച്ചിട്ടുള്ള വൈലോപ്പിള്ളിയുടെ മാമ്പഴം മലയാളത്തിന്‍റെ നിത്യ നൂതനമായ കവിതകളില്‍ ഒന്നാണ് അതോടൊപ്പം ചേര്‍ത്ത പറയാവുന്ന ഒരു വിരഹഗാനം വി.എം. കുട്ടിയുടെ തൂലികയില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്.  മാതാപിതാ ക്കള്‍ മരിച്ചുപോയ ഒരു അനാഥ ബാലിക തന്‍റെ വീടിന്‍റെ സമീപത്തെ പള്ളിയുടെ മിനാരത്തിന് മുകളില്‍ ചുറ്റിപ്പറന്നു കൊണ്ടിരുന്ന കിളിയോട് തന്‍റെ ദുഖങ്ങള്‍ പങ്ക് വെക്കുന്ന വി. എം. കുട്ടിയുടെ ആ ഗാനത്തോളം ഹൃദയസ്പര്‍ശിയായി ഒരു അനാഥയുടെ ദുഖം ആവിഷ്കരിക്കുന്ന വേറെ ഒരു രചന മലയാളത്തിലുണ്ടെന്ന് തോന്നുന്നില്ല.

സുബഹിക്ക് മിനാരത്തെ വലംവെച്ച് പറക്കുന്ന
ദിക്ര്‍ പാടിക്കിളിയെ നീ ചൊല്ല്
നീല മേലാപ്പിട്ടോരാകാശത്തിന്നതൃപ്പങ്ങള്‍
കാണുന്നുണ്ടോ ചൊല്ല്

എന്ന് തുടങ്ങുന്ന ആ ഗാനത്തില്‍ വളരെ ഉയരത്തില്‍ നിന്ന് നോക്കുമ്പോള്‍ കിളിക്ക്  തന്‍റെ ഉപ്പയും ഉമ്മയും പോയതായി ഇത്താത്തയും ഓത്തുപള്ളി മൊല്ലാക്കയും പറഞ്ഞു തന്നിട്ടുള്ള സ്വര്‍ഗ്ഗം കാണാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിക്കുന്ന കുട്ടി തുടര്‍ന്നു പാടുന്നു.

കണ്ണന്‍ ചിരട്ടയില്‍ ഞാന്‍ ചോറ് വെച്ച് കളിക്കുമ്പം
കൂട്ടുകാരോടൊപ്പം കൂടി കണ്ണ് പൊത്തിക്കളിക്കുമ്പം
ബാപ്പയത് കാണാറുണ്ടോ
മേലെ നിന്നെന്നുമ്മച്ചി ചിരിക്കാറുണ്ടോ

തുടര്‍ന്നു തന്‍റെ ബാപ്പയും ഉമ്മച്ചിയും പോയ സ്വര്‍ഗ്ഗത്തിലേക്ക് തന്നെ കൂടി കൊണ്ടു പോകാന്‍ കുട്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഗാനം അവസാനിപ്പിക്കുന്നത്.  ഓരോ തവണ കേള്‍ക്കുമ്പോഴും വിതുമ്പിപ്പോയിരുന്ന ഒരു ബാല്യകാല സ്മരണയാണ് ഈ ലേഖകന് ആ ഗാനം.  അന്ന് അത് ആരുടെ രചനയാണെന്നൊന്നും അറിയുമായിരുന്നില്ല.

വി.എം. കുട്ടി മാപ്പിളപ്പാട്ടിനും മാപ്പിളകലകള്‍ക്കും വേണ്ടി ചെയ്തിട്ടുള്ള വിലപ്പെട്ട മറ്റൊരു സംഭാവന കേരളത്തിനകത്തും പുറത്തുമായി അദ്ദേഹം നടത്തിയിട്ടുള്ള ആയിരക്കണക്കിന് പ്രഭാഷണങ്ങളാണ്. സദസ്സില്‍ കേള്‍വിക്കാരനായി ഇരുന്നും വേദിയില്‍ ഒപ്പമിരുന്നും ആ പ്രഭാഷണങ്ങള്‍ പല തവണ കേള്‍ക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. തന്‍റെ പ്രഭാഷണങ്ങളില്‍ അദ്ദേഹം ഊന്നാന്‍ ശ്രമിച്ചിരുന്ന ഒരു കാര്യം മാപ്പിളകലകളുടെ മതേതര പാരമ്പര്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ്. വേദി മാപ്പിളപ്പാട്ടു മായി ബന്ധപ്പെട്ട ഒന്നല്ലാത്ത സന്ദര്‍ഭങ്ങളില്‍ പോലും തന്‍റെ പ്രഭാഷണത്തെ അതിലേക്ക് ബോധപൂര്‍വ്വം അദ്ദേഹം വഴിതിരിച്ചു വിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

പ്രൊഫഷണല്‍ കലാകൃത്തുക്കള്‍ക്കിടയില്‍ പൊതുവില്‍ ഉള്ള ഒരു സമീപനം പ്രത്യക്ഷമായി തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാതിരിക്കുക എന്നതാണ്. തങ്ങളുടെ കലാവൈഭവം മാര്‍ക്കറ്റ് ചെയ്യുന്നതിന് അത് ദോഷകരമായിരിക്കും എന്ന തോന്നലിന്‍റെ ഭാഗമായുള്ള ഒരു കരുതലാണത്.  എന്നാല്‍ ഇക്കാര്യത്തിലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ ആര്‍ജ്ജവം കാണിച്ച കലാകാരനായിരുന്നു അദ്ദേഹം.  ഇടത്പക്ഷത്തോടും സി.പി.ഐ.(എം) പാര്‍ട്ടിയോടും അനുഭാവ മുണ്ടായിരുന്ന അദ്ദേഹം അത് വ്യക്തമാക്കാന്‍ മടിച്ചിരുന്നില്ല.  മാപ്പിളപ്പാട്ടു പോലുള്ള ഒരു കലയില്‍ പ്രൊഫഷണല്‍ കലാകാരനാ യിരിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയാണെന്ന റിയുന്നത് ദോഷകരമാവും എന്ന ന്യായമായ ഒരു സംശയം പോലും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല.  സൗകര്യപ്പെടമ്പോഴൊക്കെ പാര്‍ടി വേദികളില്‍ അദ്ദേഹം പരസ്യമായി രംഗത്ത് വന്നു.  യുവാവയിരി ക്കുമ്പോള്‍ പാര്‍ട്ടിയുടെ കൊണ്ടോട്ടി ഏരിയയിലെ പെരിയമ്പലം ബ്രാഞ്ച് കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് തിരക്കുള്ള ഗായകനായി മാറിയപ്പോള്‍ അത് നിലനിര്‍ത്താനായില്ല.  എന്നാല്‍ അവസാന വര്‍ഷങ്ങളില്‍ സ്വന്തം ട്രൂപ്പുമായി ഓടി നടന്നു പരിപാടികള്‍ അവതരിപ്പിക്കുന്ന തരത്തിലുള്ള കലാപ്രവര്‍ത്തന ങ്ങള്‍ അവസാനിപ്പിക്കുകയും ഒരു പ്രഭാഷകനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനം തുടരുകയും ചെയ്തുകൊണ്ടിരുന്ന അവസ്ഥയായപ്പോള്‍ തന്‍റെ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ അദ്ദേഹം മടികാണിച്ചതുമില്ല.  മോയീന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി യില്‍ ആ കലാകാരന്‍റെ മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചിരുന്നത് രക്തപതാക പുതപ്പിച്ചായിരുന്നു.

പുരോഗമന കലാ സാഹിത്യ സംഘത്തിന്‍റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടായി അദ്ദേഹം രണ്ട് സമ്മേളന കാലയളവില്‍ ഉണ്ടായിരുന്നു.  ആ സമയത്ത് ഈ ലേഖകനായിരുന്നു പു.ക.സ യുടെ മലപ്പുറം ജില്ലാ സെക്രട്ടറി. മരിക്കുമ്പോഴും അദ്ദേഹം കമ്മിറ്റിയുടെ രക്ഷാധികാരികളില്‍ ഒരാളായിരുന്നു.

കലാപരിപാടികള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമായി കേരളത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്തുകൊ ണ്ടിരുന്ന തിരക്കുള്ള ഒരു പ്രൊഫഷണല്‍ കലാകാരനായിരുന്ന വി. എം. കുട്ടിയെ ജില്ലാ കമ്മറ്റി അംഗമായി എടുക്കുന്നതിനുള്ള തീരുമാനം വന്നപ്പോള്‍ ഞാനടക്കമുള്ളവര്‍ പ്രതീക്ഷിച്ചത് നാട്ടിലുള്ളപ്പോള്‍ ഏതെങ്കിലും ക്യാമ്പയിന്‍ പരിപാടികളില്‍ അദ്ദേഹത്തെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് മാത്രമായിരുന്നു. എന്നാല്‍ അദ്ദേഹം അങ്ങിനെയല്ല അതിനെ കണ്ടത്. കഴിയുന്നത്ര കമ്മിറ്റികളില്‍ സമയം കണ്ടെത്തി അദ്ദേഹം പങ്കെടുത്തു.  കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ തന്‍റെതായ പങ്കാളിത്തം ഉണ്ടാക്കാന്‍ ആ വലിയ കലാകാരന്‍ കാണിച്ചിരുന്ന ആത്മാര്‍ത്ഥത പലപ്പോഴും വിസ്മയിപ്പിച്ചിരുന്നു.  

ജില്ലയിലെ സാംസ്കാരിക വിശേഷങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സുവനീര്‍ പ്രസിദ്ധീകരിക്കാനുള്ള കമ്മറ്റി തീരുമാനം ഉണ്ടായപ്പോള്‍ അദ്ദേഹത്തില്‍ നിന്നും ഉണ്ടായ പ്രതികരണം ഓര്‍ക്കുന്നു.  ജില്ലാ കമ്മിറ്റിക്ക് ഉണ്ടായിരുന്ന ചില കടങ്ങള്‍ വീട്ടാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയില്‍ പരസ്യങ്ങള്‍ വഴി ഒരു തുക സമാഹരിക്കാനും ആ  സുവനീര്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നു.  പരസ്യം ശേഖരിക്കുന്നതിനുള്ള താരിഫ് ഫോമുകള്‍ വിതരണം ചെയ്ത കമ്മറ്റി യോഗം പിരിഞ്ഞപ്പോള്‍ സെക്രട്ടറിയായിരുന്ന എന്നെ അദ്ദേഹം അരികിലേക്ക് വിളിച്ച് ഒരു താരിഫ് ഫോം ആവശ്യപ്പെട്ടു.  ഫോമിലെ ഏറ്റവും കുറഞ്ഞ പരസ്യ തുകയായിരുന്ന 600/- രൂപയുടെ കോളത്തില്‍ ശരിയടയാളപ്പെടുത്തിയിട്ട് ഒപ്പിട്ട് അത് അദ്ദേഹം തിരിച്ചുതന്നു.  ഞാന്‍ ചോദിച്ചു. 

പരസ്യത്തിന്‍റെ മാറ്റര്‍.....?
ഉടന്‍ തന്നെ ഫോം തിരിച്ചു വാങ്ങി മറുപുറത്ത് എഴുതിതന്നു.

ആശംസകളോടെ..... 

ചെന്താര തിയേറ്റേഴ്സ് 
പുളിക്കല്‍- കൊണ്ടോട്ടി.

കുറച്ച് മുമ്പ്വരെ അദ്ദേഹം നേതൃത്വം കൊടുത്തിരുന്ന കലാ ട്രൂപ്പിന്‍റെ പേരായിരുന്നു അത്.  എന്നാല്‍ ആ സമയത്ത് ആ സംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.  മറ്റു ജില്ലാ കമ്മറ്റി അംഗങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും ബന്ധപ്പെട്ട് പരസ്യങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനം നടത്തുമ്പോള്‍ അതില്‍ ഭാഗഭാക്കാവാന്‍ തനിക്ക് സമയം കിട്ടാനിടയില്ലാത്തത് കൊണ്ട് അദ്ദേഹം കണ്ട ഒരു പരിഹാര മാര്‍ഗ്ഗമായിരുന്നു ആ സ്വന്തം പരസ്യം. വി.എം. കുട്ടി പ്രതിഭാശാലിയായ ഒരു കലാകാരന്‍ മാത്രമല്ല ആത്മാര്‍ത്ഥതയുള്ള  ഒരു സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു എന്ന് ബോധ്യപ്പെടു ത്തിയ ഒരു അനുഭവമായിരുന്നു അത്.

ബഷീര്‍ ചുങ്കത്തറ
സെക്രട്ടറി
മഹാകവി മോയീന്‍കുട്ടി വൈദ്യര്‍
മാപ്പിള കലാ അക്കാദമി
കൊണ്ടോട്ടി