Micropolitics in Flash Fiction Stories: A study based on the stories of P.K.Parakkadav

Sarath B.S

Literature is redefining all its forms of discourse. As new insights emerge from knowledge and experience, changes are also taking place in literature. Flash  fiction stories are formative and figurative experiments with subtle politics within the sound short stories themselves. It can generally be said that within any story there is a small form that maintains its essence. P.K.Parakkadav is a writer who adopted such short narratives as his main writing method. His short stories, like other stories, problematize many issues. He presents the views and perspectives of the new age. It is an attempt to conceptually redefine contemporary living conditions. Through this dissertation, Micropolitics in Flash Fiction Stories : A study based on the stories of P.K.Parakkadav, is an attempt to analysis the micro-politics of P.K.Parakkadav’s Flash Fiction stories by relating them to the ideologies they contain.

Keywords: Flash Fiction stories, Ideology, Micropolitics, Narrative tools, Social system.

Reference:

Abdul Raheem, M.K., (2015), Ottathuruthile Pachappukal, Kozhikode: Deshabhimani Issue 10.
Achuthan, M., (2009), Cherukatha Innale, Innu,  Kottayam: DC Books.
Appan, K.P., (1999), Katha Agyanavum Anubhavasathyavum, Kottayam: DC Books.
Madhusoodhanan, G., (2006), Kathayum Paristhithiyum, Kottayam: DC Books.
Mohan Das, Vallikavu, 2015,  Lakhukathaviplavam: Parakadavinte Thiranjedutha Kathakal, Kottayam: DC Books.
Parakadavu, P.K., (2006), P.K.Parakadavinte Kathakal, Kozhikode: Poorna Publications. 
Ramanunni, K.P., (2015), Kurumkathakal, Kozhikode: Bhashaposhini, Issue: 7.
Thilak, P.K., (2006), Kathapadanangal, Mathrubhasha Malayalam, Kozhikode: Mathrubhoomi Books.
Sarath B.S
Research Scholar
Department of Malayalam
Maharaja’s College  Ernakulam
Pin: 682011
Ph: +91 9895646513
Email: sarathsebastian28@gmail.com
ORCID: 0009-0002-6029-8470

കുറുങ്കഥകളിലെ സൂക്ഷ്മരാഷ്ട്രീയം: പി.കെ.പാറക്കടവിന്‍റെ കഥകളെ മുന്‍നിര്‍ത്തിയുള്ള വായന

ശരത് ബി.എസ്

സാഹിത്യം അതിന്‍റെ എല്ലാ വ്യവഹാരരൂപങ്ങളേയും പുനര്‍നിര്‍വചിച്ചുകൊണ്ടിരിക്കുകയാണ്. ധ്വനിപൂര്‍ണ്ണമായ ചെറുകഥകളില്‍തന്നെ സൂക്ഷ്മമായ രാഷ്ട്രീയത്തോടെയുള്ള രൂപപരവും ഭാവപരവുമായ പരീക്ഷണമാണ് കുറുങ്കഥകള്‍. ഏതൊരു കഥയ്ക്കുള്ളിലും അതിന്‍റെ ആത്മാംശം നിലനിര്‍ത്തുന്ന ചെറിയ രൂപമുണ്ടെന്ന് സാമാന്യമായി  പറയാം. അത്തരം ചെറിയ ആഖ്യാനങ്ങളെ മുഖ്യരചനാമാര്‍ഗ്ഗമായി സ്വീകരിച്ച എഴുത്തുകാരനാണ് പി.കെ.പാറക്കടവ്. അദ്ദേഹത്തിന്‍റെ കുറുങ്കഥകള്‍ മറ്റു കഥകള്‍ പോലെ തന്നെ അനേകം വിഷയങ്ങളെ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. പി.കെ.പാറക്കടവിന്‍റെ കഥകളെ അവ ഉള്‍ക്കൊള്ളുന്ന പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെടുത്തി അവയിലെ സൂക്ഷ്മ  രാഷ്ട്രീയത്തെ വിലയിരുത്തുവാനാണ്, കുറുങ്കഥകളിലെ സൂക്ഷ്മരാഷ്ട്രീയം : പി.കെ.പാറക്കടവിന്‍റെ കഥകളെ മുന്‍നിര്‍ത്തിയുള്ള വായന എന്ന ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്.

താക്കോല്‍ വാക്കുകള്‍: കുറുങ്കഥകള്‍, പ്രത്യയശാസ്ത്രം, സൂക്ഷ്മരാഷ്ട്രീയം, ആഖ്യാനസങ്കേതങ്ങള്‍, സാമൂഹിക വ്യവസ്ഥിതി.

കുറുങ്കഥകളുടെ ദര്‍ശനവും പ്രമേയപരിസരങ്ങളും 

അറിവുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പുതിയ തിരിച്ചറിവുകള്‍ ഉണ്ടാകുന്നതിനുസരിച്ച് സാഹിത്യത്തിലും മാറ്റങ്ങള്‍ അനുക്ഷണം സംഭവിക്കുന്നുണ്ട്. സാമൂഹിക സാമ്പത്തികാവസ്ഥകളിലെ പുതുപ്രവണതകള്‍ക്കനുസരിച്ച് പുതിയ വ്യവഹാരരൂപങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നു. കൂടിച്ചേരലുകളും വിട്ടുപോകലുകളും കൊണ്ടുണ്ടാകുന്ന ചലനങ്ങള്‍ പ്രമേയങ്ങളില്‍ വ്യത്യസ്തവും പരീക്ഷണാത്മകവുമായ രീതിയില്‍ ഉയിര്‍കൊള്ളാന്‍ കാരണമാകുന്നു. നിലവിലുള്ളവയെ പിന്തുടരാനുള്ള തോന്നല്‍ നിലനില്‍ക്കുമ്പോഴും ബദല്‍സൃഷ്ടി എന്ന ആശയത്തിലാണ് നവീനപ്രതിപാദനങ്ങള്‍ ഉണ്ടാകുന്നത്. അവ പാഠങ്ങളെ പുനര്‍നിര്‍മ്മിക്കുന്നു. സാഹിത്യകാരന്‍ കൊണ്ടുവരുന്ന ആന്തരികവും ബാഹ്യവുമായ പരിവര്‍ത്തനങ്ങള്‍ ആവിഷ്കാരത്തിന്‍റെ രൂപഭാവസങ്കല്പങ്ങളിലും മാറ്റം വരുത്തുന്നു. ചെറുകഥകളില്‍ തന്നെ ചെറുതായി നിലകൊള്ളുന്ന കുറുങ്കഥകളെയും അവയുടെ രൂപപ്രമേയസവിശേഷതകളേയും മലയാളത്തിലെ കഥകളെ മുന്‍നിര്‍ത്തി പഠിക്കുകയാണീ പ്രബന്ധത്തിലൂടെ.

കഥ ജീവിതത്തിന്‍റെ ചെറിയ ലോകചിത്രമാണ് അഥവാ, അനുഭവലോകമാണ്. ഓരോ കാലത്തിന്‍റേയും പ്രത്യയശാസ്ത്രങ്ങള്‍, സൗന്ദര്യബോധം സാംസ്കാരികനിമിഷങ്ങള്‍ എന്നിവയെല്ലാം അനുഭവചിത്രങ്ങളായി ആദ്യം പ്രത്യക്ഷപ്പെടുന്നത് കഥയിലാണ്.  (കെ.പി.അപ്പന്‍, 1999:30) മലയാളകഥയുടെ ആഖ്യാനപരിസരങ്ങളെ പ്രത്യയശാസ്ത്രപരമായി വിലയിരുത്തുന്ന വാക്കുകളാണിവ. സൂക്ഷ്മമായ അവസ്ഥകളെയാണ് കഥ അടയാളപ്പെടുത്തുന്നത്. അത് ധ്വനിപൂര്‍ണ്ണമാണ്. കഥയുടെ ചരിത്രം എവിടെ തുടങ്ങുന്നുവെന്ന് കൃത്യമായി പറയാനാവില്ല. ആദ്യരൂപങ്ങളെന്നു വിളിക്കുന്നവയ്ക്ക് മുമ്പേ കഥയുണ്ട്.

മലയാളത്തിലെ കഥകള്‍ പരിശോധിച്ചാല്‍ അവയെല്ലാം കഥ പറയുന്നതില്‍ അനുഷ്ഠിച്ച രൂപശില്പമാതൃകകള്‍ വ്യക്തമാകും. പുതിയകാലത്ത് കഥപറച്ചിലിന്‍റെ ശൈലി തിരുത്തപ്പെടുന്നുണ്ട്. കഥനശൈലിതന്നെ കഥയായി മാറുകയാണ്. ഇതു സവിശേഷരീതിയുടെ ജന്മമെടുക്കലാണ്. ആധുനികത മുന്നോട്ടു വച്ച സംഘര്‍ഷങ്ങളുടെയും പ്രതിസന്ധികളുടെയും ആശയലോകങ്ങളെ അവതരിപ്പിക്കുന്നതില്‍ നിന്ന് മാറി യാഥാര്‍ത്ഥ്യങ്ങളേയും അനുഭവങ്ങളേയും പകര്‍ത്താനുള്ള ഇടമായി കഥ മാറുന്നുണ്ട്. സംഘര്‍ഷാത്മകതയ്ക്കു കനം നല്‍കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കും സ്ഥാനം ലഭിക്കുന്നു.

കുറുങ്കഥകളുടെ സൂക്ഷമ രാഷ്ട്രീയം

ചെറുകഥയിലെ ചെറുസംഗ്രഹത്തെക്കുറിക്കുന്ന രീതിയാണ് കുറുങ്കഥകള്‍ക്കുള്ളത്. ചെറുതില്‍ ചെറുതായി അവ നിലകൊള്ളുന്നു. മൂന്നോ നാലോ വാക്യങ്ങളില്‍ കഥ രൂപപ്പെടുമ്പോഴും അവയുടെ മികവ് അത്ഭുതപ്പെടുത്തുംവിധമാണുള്ളത്. കുറുക്കിപറയുക എന്ന ശൈലി വളരെ പണ്ടുമുതലേ ഉള്ളതാണ്. മുനവച്ച സൂക്ഷ്മത്തെ അതു തീവ്രമായി പ്രകാശിപ്പിക്കുന്നു. കഥയുടെയും കവിതയുടെയും  ഭാവവും രൂപവും അതില്‍ ചേര്‍ന്നുവരുന്നുമുണ്ട്. നിരന്തരം പുതുക്കി പണിയുന്ന ഈ ഹ്രസ്വത്തെ ഫ്ളാഷ് ഫിക്ഷന്‍ (എഹമവെ എശരശേീി) എന്നു ഇംഗ്ലീഷില്‍ വിളിക്കുന്നു. ടൗററലി എശരശേീി, ങശരൃീ എശരശേീി, ്ലൃ്യ ്ലൃ്യ വെീൃേ ീൃ്യെേ എന്നീ പേരുകളിലെല്ലാം വിളിക്കപ്പെടുന്ന ഈ രൂപത്തെ കുറുങ്കഥകള്‍ എന്ന് മലയാളത്തില്‍ വിളിക്കാം.

എല്ലാ വലിയരൂപത്തിലും അതിന്‍റെ സത്തയുള്‍ക്കൊള്ളുന്ന ഒരു ചെറുരൂപമുണ്ടാകും. ചെറുകഥകള്‍ക്കുള്ളിലെ കഥ; അതാണ് കുറുങ്കഥ. രൂപത്തില്‍ അവ ഒതുങ്ങി നില്‍ക്കുമ്പോഴും ഭാവത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. വലിച്ചുനീട്ടലുകളെ നിരാകരിച്ച് ആശയങ്ങളെ ഒതുക്കി പറയുന്നതിലേക്ക് കൃതികള്‍ മാറികൊണ്ടിരിക്കുന്നതായി കാണുന്നു. നോവലിലും, നോവലെറ്റിലും, കവിതയിലും, നാടകത്തിലുമെല്ലാം ഒരു കഥയുണ്ട്. കുറുങ്കഥകളായി അവ നിലകൊള്ളുന്നു. കുറുങ്കഥകള്‍ പുതിയ സാഹിത്യരൂപമല്ല. പണ്ടുമുതല്‍ക്കുള്ള കഥാരൂപമായി അതുണ്ട്. ലിറ്റില്‍ മാഗസിനുകളുടെ ചരിത്രം പരിശോധിച്ചാല്‍ കുറുങ്കഥകളുടെ വ്യാപനം മനസ്സിലാക്കാനാകും. പുതിയ കാലത്തിന്‍റെ സമയക്കുറവും സമൂഹമാധ്യമങ്ങളിലൂടെയുള്ള പുതിയ എഴുത്തുക്രമങ്ങളും ഇത്തരം കൃതികളുടെ നിര്‍മ്മാണത്തിനും പ്രചരണത്തിനും കാരണമാകുന്നുണ്ട്.

പി.കെ.പാറക്കടവിന്‍റെ കഥകളുടെ വായന 

കഥയ്ക്കും കവിതയ്ക്കും ഇടയില്‍ നിന്നുകൊണ്ട് ആശയങ്ങളെ പുത്തന്‍രീതിയില്‍ ആവിഷ്കരിക്കുന്ന കുറുങ്കഥകളുടെ രചയിതാവാണ് പി.കെ.പാറക്കടവ്. നീണ്ട കഥനങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന സാഹിത്യമണ്ഡലത്തെ കാച്ചിക്കുറുക്കിയ തന്‍റെ അത്ഭുതവിദ്യ കൊണ്ട് അമ്പരപ്പിക്കുകയാണീ സാഹിത്യകാരന്‍. ആഖ്യാനത്തിന്‍റെ സവിശേഷതയാണ് ഇത്തരം കൃതികളിലേക്ക് വായനക്കാരനെ അടുപ്പിച്ചു നിറുത്തുന്നത്. നിരവധി സാഹിത്യരൂപങ്ങളാല്‍ സമ്പന്നമായ നമ്മുടെ സര്‍ഗലോകത്തില്‍ ചുരുക്കിയെഴുത്തിന്‍റെയും ക്രോഡീകരണത്തിന്‍റെയും വിദ്യ സൃഷ്ടിച്ചുകൊണ്ടാണ് ഓരോ കൃതിയും പാറക്കടവ് നിര്‍മ്മിക്കുന്നത്. കഥയുടെ ധ്വന്യാത്മകതയും, കവിതയുടെ ഭാവസാന്ദ്രതയും അദ്ദേഹത്തിന്‍റെ കഥകളില്‍ നിറയുന്നുണ്ട്. ബൃഹദാഖ്യാനങ്ങളില്‍ നിന്നുണ്ടായ വിപ്ലവകരമായ മാറ്റമാണ് കുറുംകൃതി. ഈ മാറ്റത്തിന് മുന്‍പന്തിയില്‍ നിന്ന് വഴിവെട്ടിയ പി.കെ.പാറക്കടവിന്‍റെ കഥകള്‍ ഉത്തരാധുനികതയുടെ കാലത്തില്‍ നിന്ന് നമ്മോടു സംസാരിക്കുകയാണ്. ആഴത്തിലാണ് അവയുടെ വേരുകള്‍. څകാടും പടലുമെല്ലാം വെട്ടിമാറ്റി സംവേദനത്തിന്‍റെ ടെസ്റ്റിനെ ജ്വലിപ്പിക്കുന്ന ബിന്ദുക്കള്‍ മാത്രം അടക്കിയൊതുക്കുന്നത് കൊണ്ടായിരിക്കണം ആ കഥകള്‍ ഇത്ര ആകര്‍ഷകമായിരിക്കുന്നത്' എന്ന് രാമനുണ്ണി കെ.പി. അഭിപ്രായപ്പെടുന്നു.  (2015 : 39)

പി.കെ.പാറക്കടവിന്‍റെ കഥകളോരോന്നും ഓരോ സമസ്യയാണ്. അനേകം പൊരുളുകളെ ഒളിപ്പിച്ചു വയ്ക്കുന്നവ. കാല്പനികതയുടെ അടയാളങ്ങളെ സൂക്ഷിച്ചു വയ്ക്കുന്നുണ്ടെങ്കിലും ഇവ സമൂഹത്തിലെ മൂല്യത്തകര്‍ച്ചയോട് നിരന്തരം കലഹിക്കുന്നവയാണ്. പുതിയ ലോകത്തിന്‍റെ കാഴ്ച്ചപ്പാടുകളെ ഇവ വിമര്‍ശിക്കുന്നുണ്ട്. പഠന സൗകര്യങ്ങള്‍ക്കായി പാറക്കടവിന്‍റെ കഥാപ്രപഞ്ചത്തെ ഉപഭോഗസംസ്കാരം, മാധ്യമസ്വാധീനം, രാഷ്ട്രീയ വ്യവസ്ഥിതി, പ്രണയം, സ്ത്രീ, പരിസ്ഥിതി, മാനുഷികത എന്നീ വിഷയമണ്ഡലങ്ങളായി പരിശോധിക്കാവുന്നതാണ്.

ഉപഭോഗസംസ്കാരം

പുതിയ ലോകത്തിന്‍റെ കാപട്യസംസ്കാരങ്ങളെ, രാഷ്ട്രീയമാനങ്ങളെ ചോദ്യം ചെയ്യുകയും അവയോടു തര്‍ക്കിക്കുകയും ചെയ്യുന്നുണ്ട് പാറക്കടവിന്‍റെ കഥകള്‍. അടിമയാക്കപ്പെട്ടവന്‍റെ പക്ഷം ചേര്‍ന്ന് അടിമയാക്കിയവനെതിരെ വാളെടുക്കുന്നു ഇവ.

ആശയങ്ങള്‍ ഓരോന്നും ക്രൂരഫലിതങ്ങളായിട്ടാണ് എഴുത്തില്‍ അവതരിപ്പിക്കുന്നത്. സാംസ്കാരികചിഹ്നങ്ങളിലൂടെ സംസാരിക്കുമ്പോള്‍ കഥയും കഥപറച്ചിലും വ്യത്യസ്തമാകുന്നു. അലങ്കാരങ്ങള്‍ക്ക് ശക്തി കുറയുന്നു. സാമാന്യമായി പറഞ്ഞുവയ്ക്കപ്പെട്ടവയ്ക്ക് സവിശേഷമായ പ്രാധാന്യം കൈവരുന്നുണ്ട്. 'വരദാനം' എന്ന കഥ ശ്രദ്ധിക്കുക. നാം ശ്വസിക്കുന്ന വായുവിന്‍റെ ബില്ലുമായി വാതില്‍ക്കല്‍ മുട്ടി വിളിക്കുന്ന വര്‍ത്തമാനകാലത്തിന്‍റെ വരദാനം പുതിയ കാലത്തിന്‍റെ څഭീകരത വെളിവാക്കും വിധമുള്ളതാണ്. നമുക്ക് അനുഭവിക്കേണ്ടി വന്നേക്കാവുന്ന ഒരവസ്ഥയെ കഥാകൃത്ത് മുന്‍കൂട്ടി കാണുന്നു.

കാര്‍ഷികസമൃദ്ധിയുടെ നാടായ കേരളത്തിന് 'കേരളം' എന്ന കഥയിലൂടെ പുതിയൊരു മുഖമാണ് കഥാകാരന്‍ നല്‍കുന്നത്. കച്ചവടകാലത്തില്‍ തെങ്ങുകയറ്റം തൊഴിലായവര്‍ തെങ്ങില്‍ നിന്ന് കൊടുക്കാന്‍ നാളികേരമില്ലാത്ത അവസ്ഥയില്‍ അതിനു പകരം പെപ്സിയും കോളയും താഴേക്കിടുകയാണ് ചെയ്യുന്നത്. 'അമേരിക്ക' എന്ന കഥയെടുത്താല്‍ ചോരകുടിച്ചു പോകും നേരം കൊതുകു മൂളിയ പാട്ടിന്‍റെ വില ഡോളറില്‍ ആവശ്യപ്പെടുന്നുമുണ്ട്. ഇത്തരം ചിത്രീകരണങ്ങളെല്ലാം തന്നെ സാമ്രാജ്യത്വ ചൂഷണത്തിന്‍റെയും അധിനിവേശത്തിന്‍റെയും സ്വഭാവം വെളിവാക്കുന്നു. വിപണിമൂല്യമാണ് ഏതൊന്നിന്‍റെയും മൂല്യം നിര്‍ണയിക്കുന്നതെന്ന പാഠം നിരന്തരകാഴ്ച്ചകളിലൂടെ കഥാകൃത്ത് നിര്‍മ്മിക്കുന്നു. മനുഷ്യബന്ധങ്ങള്‍ പോലും വസ്തുവല്‍ക്കരിക്കപ്പെടുന്നു. څപ്രതിഫലംچ എന്ന കഥയില്‍ കുഞ്ഞിനു മുലയൂട്ടി നിര്‍വൃതി കൊള്ളുന്ന അമ്മയാണുള്ളത്. കുഞ്ഞിന്‍റെ ചുരുട്ടിപിടിച്ച കൈ സ്നേഹത്തോടെ വിടര്‍ത്തി തുറന്നുനോക്കി അമ്മ അത്ഭുതം കൊണ്ടു. ചുരുട്ടി പിടിച്ച കൈയില്‍ ഒരു ചെക്ക്, മുലപ്പാലിന്‍റെ വില.

പുഴയും മഴയും അക്ഷരവും വില്‍പ്പനച്ചരക്കാകുന്ന 'വില്‍പ്പന' എന്ന രചനയും പുതിയ സംസ്കാരത്തിന്‍റെ കപടതകളെ തരിപ്പണമാക്കുന്ന 'അഗ്നി' എന്ന കഥയും ശ്രദ്ധേയമാണ്. അക്ഷരം അഗ്നിയാണ്. പക്ഷേ അതുകൊണ്ട് കത്തിക്കാനാവശ്യപ്പെടുന്നത് കേവലം ബീഡി മാത്രമാണ്. സാംസ്കാരികപൊള്ളത്തരങ്ങളും തകര്‍ക്കപ്പെടുന്നുണ്ടിവിടെയെന്നു കാണാനാകും.

څڅവാസ്കോഡ ഗാമ തിരിച്ചു പോകുന്നുچവെന്ന കഥ അധിനിവേശചിഹ്നങ്ങള്‍ക്കെതിരെ സ്വത്വബോധം കൊണ്ട് ആയുധീകരണം നടത്തുകയാണ്. സാംസ്കാരിക മണ്ഡലങ്ങളുടെ രൂപപ്പെടുത്തലും അതില്‍ സ്വയം അടയാളപ്പെടുത്തലുമായി കഥ പോകുന്നു. അന്ധമായി വിദേശസംസ്കാരത്തെ അനുകരിക്കുന്നവരുടെ ഇടയില്‍ വ്യത്യസ്തനാകുകയാണ് കഥയിലെ ചരിത്രകാരന്‍. ടി.വി.യില്‍ നിന്ന് സ്വീകരണമുറിയിലേക്കിറങ്ങി പെപ്സിയും ഫ്രൈഡ് ചിക്കനും ആവശ്യപ്പെടുന്ന വാസ്കോഡ ഗാമയ്ക്ക് അയാള്‍ തിരിച്ചു നല്‍കുന്നത് മോര്, കഞ്ഞി, പുഴുക്ക് എന്നിവയാണ്. നിവൃത്തിയില്ലാതെ തിരിച്ചുപോകുന്ന ഗാമയെ കാണിച്ച് ഭാര്യയുടെ നേരെ കണ്ണിറുക്കുന്ന ചരിത്രകാരന്‍ സ്വന്തം സ്വത്വം നഷ്ടപ്പെടുത്തുന്നവരുടെ നേര്‍ക്കു വിരല്‍ ചൂണ്ടുന്നുണ്ട്.

രാഷ്ട്രീയ വ്യവസ്ഥിതി

സാമൂഹികജീവിതത്തിന്‍റെ പൊരുത്തക്കേടുകളും സങ്കീര്‍ണ്ണതകളും പാറക്കടവിന്‍റെ രചനകളില്‍ തെളിയുന്നുണ്ട്. സമൂഹത്തിന്‍റെ മൂല്യത്തകര്‍ച്ച അതില്‍ പ്രധാനമാണ്. കീറത്തുണി, ഗാന്ധിജി ഇപ്പോള്‍ ചിരിക്കുന്നില്ല. പ്രതിമകള്‍, സ്വാതന്ത്ര്യത്തിന്‍റെ തല കുനിയുന്നു, ചോര തുടങ്ങിയവ ഉദാഹരണങ്ങള്‍.

നിരത്തുവക്കില്‍ ചായംതേച്ച കീറത്തുണിക്കെതിരെ ഇരിക്കുന്ന യാചകനേയും, അര്‍ത്ഥമില്ലാത്ത മുദ്രാവാക്യം വിളിച്ച് ചായംതേച്ച കീറത്തുണിയുമായി നീങ്ങുന്ന നേതാവിനെയും, ചായംതേച്ച കീറത്തുണി കാറിനു മുന്നില്‍ കെട്ടിയ മന്ത്രിയേയും څڅകീറത്തുണിچ എന്ന കഥയില്‍ കാണാം. ജീവിതത്തിന്‍റെ പരിണാമഘട്ടങ്ങളില്‍ മാറ്റം കൂടാതെ പിന്തുടരുന്ന കീറത്തുണി ഒടുവില്‍ പട്ടടയായിത്തീരുന്നു. അഴുക്കു നിറഞ്ഞ കര്‍മ്മപരമ്പരയുടെ പ്രതീകമായി കീറത്തുണി നിലകൊള്ളുന്നു. യാചകനും നേതാവും മന്ത്രിയും മലിനമായതിനെ പ്രതിനിധാനം ചെയ്യുന്നു. ലൗകികജീവിതത്തിലെ വിജയമന്ത്രങ്ങള്‍ മാലിന്യജടിലമാണെന്ന നിരീക്ഷണം ഈ കഥയിലുണ്ട്.

'ഗാന്ധിജി ഇപ്പോള്‍ ചിരിക്കുന്നില്ല' എന്ന കഥയില്‍ രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ ഗാന്ധിപ്രതിമയ്ക്കു പിന്നില്‍ കത്തിയുമായി നില്‍ക്കുന്നവനെ പ്രതിമ കയ്യിലെ വടികൊണ്ട് അടിച്ചു വീഴ്ത്തുന്നതായി കാണാം. നാട്ടില്‍ നടമാടുന്ന ക്രൂരതകള്‍ക്കെതിരെയുള്ള അമര്‍ഷമാണിവിടെ തെളിയുന്നത്. നെറികെട്ട രാഷ്ട്രീയനീതികള്‍ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരെ  നിലകൊണ്ട അഹിംസാവാദി ഹിംസിക്കുന്ന കാഴ്ച്ചയാണതില്‍. കൃത്യമായ രാഷ്ട്രീയബോധം സൂക്ഷിക്കുന്ന കഥകള്‍ ജീവിതത്തിന്‍റെ ചലനാത്മക സമീപനങ്ങള്‍ക്കനുസരിച്ചു രൂപമാര്‍ജ്ജിക്കുകയാണ് ചെയ്യുന്നത്. പരിത്യജിക്കപ്പെട്ടവരുടെ രാഷ്ട്രീയമാണ് കഥാകൃത്തിന്‍റേത്.

സമകാലിക രാഷ്ട്രീയകാലാവസ്ഥയിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് څഹിറ്റ്ലര്‍ ഒരു സസ്യഭുക്കാണ്چچഎന്ന കഥ. ഹിറ്റ്ലറുടെ മുമ്പിലെ ഇലയില്‍ തുമ്പപ്പൂച്ചോറ്, എരിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, തോരന്‍, പുളിയിഞ്ചി... ഇലയുടെ മൂലയില്‍ ഒരു ജൂതനെ പൊരിച്ചു വച്ചിരിക്കുന്നത് ആരും കാണില്ല.കീഴ്പ്പെടുത്തലിന്‍റെയും ചൂഷണത്തിന്‍റെയും ഭയാനകമായ അവസ്ഥയെ എഴുത്തുകാരന്‍ വാക്കുകളിലൂടെ തീക്ഷ്ണമായി അവതരിപ്പിക്കുന്നു.  മനുഷ്യവിലാപങ്ങളെ കാണാന്‍ കഴിയാത്ത സമകാലികലോകത്തെ കഥ കുറ്റവിചാരണ നടത്തുന്നുമുണ്ട്.

'ചോര' എന്ന കഥയ്ക്ക് തീവ്രഭാവമാണ്. ജീവന്‍ രക്ഷിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ചോര തേടി വരുന്നവര്‍ കാണുന്നത് മറ്റുള്ളവര്‍ ചോരകൊണ്ട് ഹോളി ആഘോഷിക്കുന്നതാണ്. മറ്റുള്ളവന്‍റെയെല്ലാം ഊറ്റിയെടുത്ത്, സ്വാര്‍ത്ഥതയ്ക്ക് വശംകെട്ടു പോയവരെയും, സമൂഹത്തെ വേട്ടയാടി ചൂഷണം ചെയ്യുന്നവരെയും കഥ വിമര്‍ശിക്കുന്നു. ഇത്തവണ അവര്‍ക്ക് ചുവന്ന ചായം കിട്ടാത്തതിന് അവരെന്ത് പിഴച്ചു എന്ന സാന്ത്വനിക്കലില്‍ ആത്മനിന്ദയാണ് വെളിവാകുന്നത്.

മാധ്യമ സ്വാധീനം

ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് മുതലായവ ചേര്‍ന്നൊരുക്കുന്ന പുതിയ സംസ്കാരത്തെ പി.കെ.പാറക്കടവ് തന്‍റെ നിരവധി കഥകള്‍ക്ക് വിഷയമാക്കുന്നുണ്ട്. വലിയ സമൂഹത്തിന്‍റെ സാമൂഹികബോധത്തെ കഥകള്‍ ആവിഷ്കരിക്കുന്നതായി കാണാനാകും. څഅടിപൊളിچയെന്ന കഥയെടുക്കാം. മരണക്കിടക്കയിലായ മുത്തശ്ശിയുടെ മരണം സീരിയല്‍ കഴിഞ്ഞിട്ടായാല്‍ മതിയായിരുന്നു എന്നാഗ്രഹിക്കുന്ന പേരക്കുട്ടി അവസാനമായി മുത്തശ്ശിയുടെ നാവില്‍ ഇറ്റിച്ചു കൊടുക്കുന്നത് ഗംഗാജലമല്ല, ഫ്രിഡ്ജിലെ പെപ്സിയാണ്. സാമൂഹികക്രമത്തിലെ മാറ്റമാണത്.യാന്ത്രികതയുടെയും പുത്തന്‍ വിപണിസംസ്കാരത്തിന്‍റെയും കെട്ടുകാഴ്ചകളുടെയും കഥ പ്രതിനിധീകരിക്കുന്നു.

മഴയെ വിറ്റു കാശാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന മന്ത്രി പ്രതിവിധിയായും, ജലക്ഷാമത്തിന് പരിഹാരമായും ജനങ്ങളോട് പറയുന്നത് സീരിയലുകള്‍ കണ്ടു കരഞ്ഞ കണ്ണീര്‍, പാത്രങ്ങളില്‍ ശേഖരിക്കാനാണ്. റിയാലിറ്റി ഷോകളുടെ മാസ്മരികലോകം കുട്ടികളെ അത്തരം ഭ്രമാത്മകതയിലേക്ക് കൊണ്ടുപോകുന്നു എന്ന കാഴ്ചയുമുണ്ട്. എണ്ണ തേച്ചു കുളിപ്പിക്കാന്‍ നിര്‍ത്തിയ കുഞ്ഞിനെ വീണ്ടും കാണുന്നത് മ്യൂസിക് ചാനലില്‍ കൂട്ടുകാരിയോടൊപ്പം ഉറഞ്ഞുതുള്ളുന്നതാണ്. കുട്ടിയെ നഷ്ടപ്പെട്ട വീടിന്‍റെ താളത്തിലാണ് ഉറഞ്ഞു തുള്ളലുകള്‍ക്ക് കനംവയ്ക്കുന്നത്.

മണ്ണ് തിന്ന മകന്‍റെ വായില്‍ പുതിയകാലത്തെ അമ്മ ഇന്നു കാണുന്നത് ദൂരദര്‍ശനും ഏഷ്യാനെറ്റുമാണ്. പതിനാലിലേറെ ലോകങ്ങള്‍ കാഴ്ചയാകുന്നു. രാവിലെ മുതല്‍ രാത്രി വരെ ടി.വി.കാണുന്ന വീടിനു മുന്നില്‍ മകന്‍ എഴുതി വയ്ക്കുന്നു ശ്രീലക്ഷ്മി ടാക്കീസ് എന്ന്. څവീടുവില്പനچയെന്ന ഈ കഥയില്‍ വര്‍ത്തമാനകാലത്തിലെ വര്‍ത്തമാനചുരുളുകളെ പാറക്കടവ് അഴിച്ചു വയ്ക്കുകയാണ്.കമ്പ്യൂട്ടറിനെ കേന്ദ്രീകരിച്ച് കൊണ്ടെഴുതിയ കഥകളാണ് 'കേരളം 2002', 'ഭാഷാവിശപ്പ്' എന്നിവ. കമ്പ്യൂട്ടറിനെ മണ്ണില്‍ കുഴിച്ചിടുന്ന കുട്ടി വിവരസാങ്കേതികവിദ്യ വിളഞ്ഞാല്‍ കഷ്ടപ്പാട് മാറുമെന്ന് വിശ്വസിക്കുന്നു.

കമ്പ്യൂട്ടറിന്‍റെ ഭാഷ മാത്രം മനസിലാകുന്ന മകനിലേക്ക് വളരാന്‍ ശ്രമിക്കുന്ന അച്ഛനാണ് څഭാഷാവിശപ്പിچലുള്ളത്. യാന്ത്രികതയില്‍ നഷ്ടപ്പെട്ട് പോകുന്ന മാനുഷികതയെപ്പറ്റിയുള്ള വിചാരം ഈ കഥകളുടെ സത്തയാണ്.

പുതിയ കാലത്തിന്‍റെ കാഴ്ച്ചകളെയും കാഴ്ച്ചപ്പാടുകളെയുമാണ് പി.കെ.പാറക്കടവ് തുറന്നു കാട്ടുന്നത്. ക്രൂരഫലിതങ്ങളാണിവയെല്ലാം. സമൂഹത്തോട് കലഹിച്ചുകൊണ്ട് പ്രതിരൂപം സൃഷ്ടിച്ചു മുന്നേറുന്നു.

സ്ത്രീ

പെണ്‍പക്ഷരചനകള്‍ കൊണ്ട് നിറഞ്ഞതാണ് പാറക്കടവിന്‍റെ കഥാലോകം. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ചിത്രമാണ് കഥകളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. പുരുഷാധിപത്യലോകത്തെ കഥാകാരന്‍ അംഗീകരിക്കുന്നില്ല. സ്ത്രീ ശരീരം മാത്രമല്ല, മനസ്സുമുള്ളവളാണ്. അത് തൊടാന്‍ സ്നേഹത്തിന്‍റെ വിരലുകള്‍ വേണമെന്നാണ് കഥാകൃത്തിന്‍റെ അഭിപ്രായം.

സ്ത്രൈണതയുടെ രാഷ്ട്രീയമാണ് പാറക്കടവിന്‍റെ പല കഥകളുടെയും ആഖ്യാനത്തെ നിര്‍വചിക്കുന്നത്. വസ്തുവല്‍ക്കരിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീത്വം പലമട്ടില്‍ ആവിഷ്കരിക്കപ്പെടുന്നു. സ്ത്രീപക്ഷത്ത് നില്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കഥകളിലെല്ലാം വ്യക്തമാണ്.പ്രണയത്തിലും ജീവിതത്തിലും സ്ത്രീ കേവലം ഉപകരണമായി പോവുന്നതിന്‍റെ ദൈന്യത പല കഥകളിലും നിറയുന്നുണ്ട്.

സമൂഹം സ്ത്രീയെ സ്നേഹപൂര്‍വ്വം തടവില്‍ പാര്‍പ്പിക്കുന്നതിന്‍റെ കഥയാണ് څപാദസരംچ. കഥയിങ്ങനെ, വിവാഹസമയത്ത് രക്ഷിതാക്കള്‍ കൊടുത്ത നൂറ് പവന്‍ കൊണ്ട് കഴുത്തും കാതും അരയും നിറഞ്ഞു. അവര്‍ നിറയ്ക്കാന്‍ മറന്ന കാലില്‍ നോക്കി വരന്‍ അവള്‍ക്കു സമ്മാനിച്ചത് ചങ്ങലയെന്ന പാദസരമാണ്. പെണ്ണായാല്‍ സര്‍വ്വാഭരണ വിഭൂഷിത ആയിരിക്കണമല്ലോ എന്ന ന്യായീകരണവും കഥയ്ക്കൊടുവില്‍ ഉണ്ട്.

പീഡിതമായ സ്ത്രീത്വത്തെ കുറിച്ചാണ് കഥകളധികവും സംസാരിക്കുന്നത്. څജ്വാലچ എന്ന കഥയിങ്ങനെ. ആദ്യം കണ്ടപ്പോള്‍ തന്നെ തോന്നി ഏഴുതിരിയിട്ട വിളക്കുപോലെ ജ്വലിക്കുന്ന സൗന്ദര്യമാണവളുടേതെന്ന്. മനുഷ്യകച്ചവടത്തിനു ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയപ്പോള്‍ അവളുടേത് കത്തി ജ്വലിക്കുന്ന സൗന്ദര്യമാണെന്നയാള്‍ ഉറപ്പിച്ചു.

വീടിനകത്ത് സ്ത്രീ ബന്ധിതയാണെങ്കില്‍ വീടിനുപുറത്ത് അവള്‍ അരക്ഷിതയുമാണെന്ന് വ്യക്തമാക്കുന്നതാണ് څയാത്രچ എന്ന കഥ. വീട്ടില്‍ വന്നു കയറിയപ്പോള്‍ അവള്‍ക്ക് കൈകളില്ല. കാലുകളും കണ്ണും മൂക്കും ഉടലുമൊന്നുമില്ല. അവള്‍ പറഞ്ഞു യാത്രയിലായിരുന്നു.

څതത്തچ എന്ന കഥ കൂട്ടിലടയ്ക്കപ്പെടുന്ന സ്ത്രീസ്വത്വത്തിന്‍റെ ആവിഷ്ക്കരണമാണ്. തത്ത അവളോട് പറഞ്ഞു; നീയും എന്നെപ്പോലെ തന്നെ. അപ്പോള്‍ പാലും പഴവുമായി ഭര്‍ത്താവെത്തി. څആരാണിവിടെ നിന്ന് സംസാരിച്ചത്. അയാള്‍ ചോദിച്ചു? തത്ത. അവള്‍ പറഞ്ഞു. അന്നു രാത്രി അവള്‍ തത്തയ്ക്ക് ചിറകുകള്‍ നല്‍കി മറ്റേതോ ലോകത്തിലേക്ക് പറത്തിവിട്ടു. ഇപ്പോള്‍ തത്തക്കൂട്ടിലവളാണ്. കഥയവസാനിക്കുമ്പോള്‍ സ്ത്രീ-പുരുഷ -ബന്ധങ്ങളില്‍ മധുരം പൊതിഞ്ഞ് നിലനില്‍ക്കുന്ന എല്ലാ പൊള്ളത്തരങ്ങള്‍ക്കെതിരെയും നിറഞ്ഞ പരിഹാസം കഥ നല്‍കുന്നുണ്ട്. സ്നേഹകാപട്യത്തില്‍ പെണ്ണിനെ അടിമയാക്കാന്‍ ശ്രമിക്കുന്ന പുരുഷനും അതില്‍ നിന്നു കുതറിമാറാന്‍ ആഗ്രഹിക്കുന്ന സ്ത്രീയും നേര്‍ക്കുനേര്‍ നില്‍ക്കുന്നു.

പുതിയ വീട്ടിലേക്ക് താമസം മാറിയെത്തുന്നവരുടെ കഥയാണ് څയന്ത്രംچ. ലോറിയില്‍ നിന്ന് അലക്കുയന്ത്രം, ഫ്രിഡ്ജ് മുതലായവ ഇറക്കി. ഒടുവില്‍ ഒരു പെണ്ണിനെയും. യന്ത്രങ്ങളെ പ്രവര്‍ത്തിപ്പിക്കാനുള്ള യന്ത്രത്തെ അടുക്കളയുടെ മൂലയിലാണ് കൊണ്ടുചെന്നു വയ്ക്കുന്നത്. സ്ത്രീയെ വസ്തുവല്‍ക്കരിക്കുകയും ഉപഭോഗസംസ്കാരത്തിനുള്ളില്‍ മാത്രം സ്ത്രീയെ ഒതുക്കുകയും ചെയ്യുന്ന പുരുഷവ്യവസ്ഥിതിയ്ക്കെതിരെ ഈ കഥ കലാപം സൃഷ്ടിക്കുന്നു.

ആദ്യരാത്രിയില്‍ സിനിമയില്‍ കാണുന്നതു പോലെ മണിയറയൊരുക്കി അവിടെയുള്ള പ്രിയതമയുടെ മനസ്സില്‍ തൊടുന്ന വരന്‍റെ വിരലുകളും ദേഹമാസകലവും പൊള്ളി അയാള്‍ ആശുപത്രിയില്‍ അത്യാസന്നനിലയില്‍ കിടക്കുന്നതിനെ څആദ്യരാത്രിچ എന്ന കഥയില്‍ വിവരിക്കുന്നു. സ്ത്രീയുടെ തീവ്രതയ്ക്ക് മുന്നില്‍ അടിതെറ്റുന്ന പുരുഷന്‍റെ അവസ്ഥയാണ് കഥയിലുള്ളത്. സ്ത്രീമനസ്സ് അറിയുന്ന പക്ഷം അവന്‍ ചുട്ടു പൊള്ളുമെന്നുമാണ് കഥാകൃത്ത് കഥയിലൂടെ ബോധ്യപ്പെടുത്തുന്നത്.

ഉപേക്ഷിക്കപ്പെട്ട യശോധരയോടൊപ്പം ബുദ്ധന്‍റെ എതിര്‍വശത്താണ് കഥാകൃത്തിന്‍റെ നില്‍പ്. പ്രണയം തിരസ്കരിക്കപ്പെട്ട സ്ത്രീയുടെ ദു:ഖത്തെ കഥാകൃത്ത് പ്രാധാന്യത്തോടെ കാണിക്കുന്നു.

څഅടുക്കളچയെന്ന മറ്റൊരു കഥ. തീന്‍മേശയില്‍ ഭര്‍ത്താവും മക്കളും കാത്തുകാത്തിരിക്കുന്നുണ്ട്. അവര്‍ക്ക് വിശക്കുന്നുണ്ട്. ഓഫീസ്, സ്കൂള്‍, കോളേജ് ഇതാ ഇതാ ആയിപ്പോയി. അടുപ്പില്‍ ആളിക്കത്തുന്ന തീ ജ്വാലകള്‍ക്കു മീതെ അവള്‍ പാകമാകുന്നുണ്ട്. തീക്ഷ്ണമായ സ്ത്രീപക്ഷ രചനയില്‍ ചെറുത് എത്ര മൂര്‍ച്ചയുള്ളതാണെന്ന് ബോധ്യമാകും.

څഅടുപ്പിലെ വേവുന്ന ചെമ്പില്‍ കിടന്ന് അവള്‍ വിളിച്ച് പറയുന്നു. ഞാന്‍ കഥയെഴുതുകയാണچ. څപെണ്ണെഴുത്ത്چ എന്ന കഥ ഇങ്ങനെയാണ്. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സംസ്കാരം څനഗരം്چ എന്ന കഥയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യം പ്ലാസ്റ്റിക് ഗ്ലാസ് ആയിരുന്നു. പിന്നീട് അത് ശീലമായി. ഒടുവില്‍ വലിച്ചെറിഞ്ഞത് ഒരു പെണ്‍കുട്ടിയുടെ ജീവിതമായിരുന്നു. ആദ്യത്തെ രാത്രി, പെണ്ണെഴുത്ത്, അവള്‍ ഒരു ബദാം മരമല്ല, അടുക്കള തിരിച്ച് പിടിക്കുക തുടങ്ങിയ കുറേയെറെ കഥകള്‍ സ്ത്രീചിന്തകള്‍ അവതരിപ്പിച്ച് കൊണ്ട് മികച്ചു നില്‍ക്കുന്നു.

പാറക്കടവിന്‍റെ കുറുങ്കഥകളിലെ സ്ത്രീപ്രമേയങ്ങളുടെ ആവിഷ്കാരം പുരുഷലോകത്തിന്‍റെ കുറ്റവിചാരണയാണ്. ചെറുതെങ്കിലും മൂര്‍ച്ചയേറിയിട്ടാണ് അവ അവതരിക്കുക. വേദനകളും വിഷമതകളും എന്ന കാഴ്ച്ചയ്ക്കപ്പുറം അവ ദുരീകരിക്കാനുള്ള സാധ്യത തേടുന്നവയാണീ ചെറുകൃതികള്‍. 

മാനുഷികത

സാധാരണമായ ഒരവസ്ഥയെ അസാധാരണമായ ഒരനുഭവവ്യവസ്ഥയാക്കി വികസിപ്പിക്കുകയാണ് പി.കെ.പാറക്കടവിന്‍റെ ഓരോ കഥയും ചെയ്യുന്നതെന്നു കാണാം. കാഴ്ച്ചകളുടെ ഇത്തിരി വട്ടങ്ങളില്‍ ചുറ്റിക്കറങ്ങാതെ നിലനില്‍ക്കുന്ന കാഴ്ച്ചപ്പാടുകളില്‍ പലതിനെയും അപനിര്‍മിക്കുന്നതിലാണ് അവ ആഹ്ലാദം കൊള്ളുന്നത്. മനുഷ്യപ്രകൃതിയുടെ ദുര്‍ബലതകളേയും, പരിമിതികളെയും തിരിച്ചറിഞ്ഞുകൊണ്ട് അതിനെ ആത്മബലത്തോടും ഫലിതത്തോടും കൂടി തന്‍റെ കൃതികളിലൂടെ നേരിടുകയാണ് പാറക്കടവ്.

'പ്രത്യാശ'യെന്ന കഥയെടുക്കാം.

അവള്‍ പറഞ്ഞു,څതല നിറയെ മുല്ലപ്പൂക്കള്‍ വിരിഞ്ഞല്ലോ, സാരല്യാട്ടോ, ഞാന്‍ ചായം തേച്ചു തരാം. കവിളൊട്ടി കണ്ണുകളൂന്നി പേക്കോലമായല്ലോ. സാരല്യാട്ടോ ഞാന്‍ ജീവിപ്പിച്ചു തരാം.

ഹ്രസ്വമായ മനുഷ്യായുസിലും  മരണത്തെ അംഗീകരിക്കണമെന്ന ബോധ്യത്തിലും പുനര്‍ജനിക്കാനുള്ള ആഗ്രഹമാണ് കഥാകാരന്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനുള്ള ഉപാധിയാണ് പ്രണയിനിയുടെ സ്നേഹം.

ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹം വെളിവാക്കുന്ന കൃതിയാണ് 'വിസ'. ഗള്‍ഫുകാരുടെ ഗ്രാമത്തിലെ ഒരു മരണവീട്. ഖബറിലേക്ക് മൃതദേഹം എടുത്തു വയ്ക്കുന്നതിനിടയില്‍ പോസ്റ്റ്മാന്‍ അവിടെയെത്തുന്നു. ഉടന്‍ മയ്യത്തായി കിടക്കുന്നയാള്‍ എന്‍റെ വിസയെത്തിയോ എന്നു ചോദിച്ചുകൊണ്ട് പിടഞ്ഞെഴുന്നേല്‍ക്കുന്നു.മരിച്ചാലും തീരാത്ത ജീവിതാസക്തി ദയനീയമായ കാഴ്ച്ചയാണ്. മരണത്തിന്‍റെ പിടിയില്‍ നിന്നുവരെ കുതറിപ്പോരുന്നുവെന്ന് സൂചിപ്പിക്കുമ്പോള്‍ മനുഷ്യാവസ്ഥയുടെ സഹതാപര്‍ഹമായ ചിത്രീകരണത്തെ ഹാസ്യത്തോടെ ആവിഷ്ക്കരിക്കുന്നു.

പാറക്കടവിന്‍റെ 'സദ്യ' എന്ന കഥ ശ്രദ്ധേയമാണ്. കുറ്റവിചാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയില്‍ നൊമ്പരങ്ങളെ പാറക്കടവ് കഥയിലേക്ക് ആവാഹിക്കുന്നതിനുദാഹരണമാണിത്. മഴവില്ല് കാണാതെ പോയ ഒരു പാവം കുട്ടിയുടെ പട്ടിണിയുടെ പശ്ചാത്തലമാണ് കഥയ്ക്കുള്ളത്. ഉപ്പ മരിച്ച കുട്ടിക്ക് അതെന്തെന്ന് തിരിച്ചറിയാന്‍  ആവുന്നില്ല. എന്നാല്‍ ഉപ്പയുടെ മരണാനന്തരം മൂന്നാംനാള്‍ നല്ലൊരു സദ്യ അവനും കിട്ടി. ആദ്യമായി രുചിയറിഞ്ഞ് 'ഭക്ഷിക്കുന്ന കുട്ടി ഉമ്മയുടെ മടിയില്‍ കയറിയിരുന്ന് ചോദിക്കുന്നു. 'ഉമ്മാ ങ്ങള് ഇനി എന്നാ മരിക്യാ'. ഒരു മരണസദ്യയുടെ നിര്‍വൃതി മറ്റൊരു മരണത്തെ സ്വപ്നം കാണുകയാണ്. ജീവന്‍റെ ജീവനായ ഉമ്മ മരിക്കാനാഗ്രഹിക്കുന്ന കുട്ടിയല്ല ഇവിടെ. വിശന്നു മരിക്കുന്ന കുഞ്ഞിന്‍റെ നിസ്സഹായതയാണ്. തത്ത്വശാസ്ത്രങ്ങളെല്ലാം ഈ ചോദ്യത്തില്‍ മൂടോടെ പിഴുതെറിയപ്പെടുന്നു. ആ ചോദ്യത്തിന്‍റെ ചൂടേറ്റ് വ്യവസ്ഥിതികള്‍ അട്ടിമറിക്കപ്പെടുന്നു.

അസ്തിത്വത്തിന്‍റെ ചില വിഷമതകളെ നിരാശയിലേക്കു വീഴാതെ യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിക്കുന്നു څഅഹംچ എന്ന കഥയില്‍. നടക്കുമ്പോഴും നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും നിഴല്‍ മുന്‍പില്‍ അല്ലെങ്കില്‍ പിന്‍പില്‍. അയാള്‍ നിഴലിനോട് പറഞ്ഞു. څഒറ്റയ്ക്കാവുന്നതാണെനിക്കിഷ്ടം. ഒരു നിഴല്‍ പോലുമില്ലാതെچ. നിഴല്‍ പറഞ്ഞു. څനിന്‍റെയൊക്കെ നിഴലായ എന്നെ പറയണംچ. വലിയൊരു കലഹത്തിനൊടുവില്‍ അയാള്‍ക്ക് മോചനം കിട്ടി. നോക്കൂ ഇപ്പോള്‍ നിഴലില്ല, അയാളുമില്ല.

څകൈയേറ്റംچ എന്ന കഥ - അവന്‍ ഒടുവില്‍ കൈയേറിയത് ആറടി ഭൂമി. څഭൂമിക്കടിയില്‍ ഒളിച്ചിട്ടും പുഴുക്കള്‍ അവനോട് പകരം വീട്ടി. ഭൂമി പുഴുക്കള്‍ക്കും പാറ്റകള്‍ക്കും അവകാശപ്പെട്ടതാണ്, അവനേക്കാള്‍. ജീവിതനശ്വരതയെ അടയാളപ്പെടുത്തുന്നതിനൊപ്പം ദാര്‍ശനികതയുടെ അംശങ്ങളെ കഥാകൃത്ത് കഥയില്‍ സൂക്ഷ്മമായി ഉള്‍ച്ചേര്‍ക്കുന്നു.

څതടവറچ എന്ന കൃതി മനുഷ്യാവസ്ഥയോടുള്ള ദാര്‍ശനികപ്രതികരണമാണ്. അസ്തിത്വസങ്കടത്തിനു പകരം ഇവിടെയും യാഥാര്‍ത്ഥ്യബോധത്തിലേക്ക് കഥാകൃത്ത് വഴിതിരിയുന്നുണ്ട്. ശരീരം ഒരു തടവറയാണ്. പെരുവിരല്‍ മുതല്‍ തലയോട്ടി വരെ നീണ്ടു നില്‍ക്കുന്ന ചലിക്കുന്ന തടവറ. ശരീരത്തിലെ രോമകൂപങ്ങളിലെ ചെറുസുഷിരങ്ങളിലൂടെ ഞാന്‍ തടവറ ഭേദിച്ച് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നു.പൊക്കിള്‍കൊടി മുതല്‍ പള്ളിക്കാട് വരെ നീളുന്ന യാത്രയില്‍ തടവറയോടൊപ്പം ഞാനും സഞ്ചരിക്കുന്നു. ഏതൊരു തടവുകാരന്‍റേയും സ്വപ്നം തടവറ തകര്‍ക്കുക എന്നാണല്ലോ എന്ന് വിളംബരം ചെയ്യുന്ന കുറുങ്കഥ ശരീരത്തിന്‍റെ പരിമിതികളോട് കലഹിക്കുന്ന മനുഷ്യസത്തയുടെ വിമോചനസ്വപ്നത്തെ വരച്ചു കാട്ടുന്നു.

പാറക്കടവ് സൃഷ്ടിക്കുന്ന അനുഭൂതി മണ്ഡലം വിശാലമാണ്. ഓരോ കൃതി വായിക്കുമ്പോഴും അത് ചെറുതില്‍ നിന്ന് വലുതിലേക്ക് വളരുകയാണ്. പാറക്കടവ് കൃതികള്‍ വായിച്ചു വിലയിരുത്തിയ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ വാക്കുകള്‍ കടമെടുത്താല്‍ څഇതൊക്കെയാണ് കഥ എന്തിനു മഹാഭാരതം എഴുതി കാണിക്കണംچ. ഈ കഥകളില്‍ ജീവിതമുണ്ട്, തീവ്രമായ അനുഭവങ്ങളുണ്ട്. ചിന്തകളും നിരീക്ഷണങ്ങളുണ്ട്. അതുകൊണ്ട് തന്നെ അവ മികച്ചു നില്‍ക്കുന്നു.

ഉപസംഹാരം

ചെറുത് എന്ന വിശേഷണത്തെ അതിശയിക്കുന്ന വിധം ചെറുതാണ് പി.കെ. പാറക്കടവിന്‍റെ കഥകള്‍. ആഖ്യാനത്തിലെ സവിശേഷതകള്‍ കൊണ്ട് പാറക്കടവിന്‍റെ കുറുങ്കഥകള്‍ വായനക്കാരനെ ആകര്‍ഷിക്കുന്നു. ദര്‍ശനങ്ങള്‍ കുറയുന്ന കാലത്ത് തന്‍റെ കുഞ്ഞുകഥകളെ തത്ത്വചിന്തകളാക്കി മാറ്റുകയാണ് പാറക്കടവ്. ഭാവനാത്മകമായ നിര്‍വഹണം ആശയതലത്തില്‍ മാത്രമല്ല വാക്കുതന്നെ څഭാവനയായി മാറുകയാണ്.ചുരുക്കെഴുത്തിന്‍റെയും ക്രോഡീകരണത്തിന്‍റെയും വിദ്യകൊണ്ടാണ് ഈ കഥകള്‍ രചിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളേയും കുറുങ്കഥകള്‍ അനാവരണം ചെയ്യുന്നു. വസ്തുതകളെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് വരികളിലെ അടയാളങ്ങളിലൂടെ അദ്ദേഹം കഥ പറയുന്നു.വ്യവസ്ഥിതിയെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിനിടയിലും അവയെ വാക്കുകളുടെ മൂര്‍ച്ചകൊണ്ട് വിമര്‍ശനവിധേയമാക്കുന്നുണ്ട്. ഒപ്പം സംഗീതം, ചിത്രകല, കവിത എന്നിവയുടെ സവിശേഷതകള്‍ പാറക്കടവിന്‍റെ കഥകളില്‍ അങ്ങിങ്ങ് തെളിഞ്ഞുകാണുന്നു.

കവിതയുടെ ശബ്ദഭംഗിയും വസ്തുക്കളെ ചിത്രീകരിക്കുന്നതിനപ്പുറം സൃഷ്ടിക്കുന്ന ബിംബങ്ങളുടെ സൗന്ദര്യവും ഈ കൃതികളുടെ പ്രത്യേകതയായി നിലകൊള്ളുന്നു.വിവിധ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി പി.കെ.പാറക്കടവിന്‍റെ കൃതികളെ പഠിക്കുമ്പോള്‍ അവ വിശാലമായ അനുഭൂതിമണ്ഡലങ്ങളെ അനാവരണം ചെയ്യുന്നതായി കാണാനാകും.വ്യവസ്ഥിതിയുടെ കാപട്യത്തോടും സംസ്കാരിക-രാഷ്ട്രീയമൂല്യച്യുതികളോടും പാറക്കടവിന്‍റെ കൃതികള്‍ പ്രതികരിക്കുന്നു.മാധ്യമസംസ്കാരം ദൈനംദിന ജീവിതത്തില്‍ ചെലുത്തുന്ന അപകടകരമായ സ്വാധീനത്തെ ചൂണ്ടിക്കാട്ടുന്ന കഥകള്‍ ശ്രദ്ധേയമാണ്. കാഴ്ചകളേയും കാഴ്ചപ്പാടുകളേയും അവ പ്രതിഫലിപ്പിക്കുന്നു.

പുരുഷാധിപത്യാധിഷ്ഠിതമായ ലോകത്തില്‍ പ്രണയവും സ്ത്രീയും എപ്രകാരം മാറുന്നുവെന്നതിന് വര്‍ത്തമാനകാലത്തില്‍ നിന്ന് ഉദാഹരണങ്ങളെ കഥയാക്കി കഥാകൃത്ത് അവതരിപ്പിക്കുന്നുണ്ട്. ജൈവവൈവിധ്യങ്ങളിലെ സങ്കീര്‍ണതകള്‍ക്ക് വ്യവസ്ഥ സൃഷ്ടിച്ച് പാരിസ്ഥിതികബോധം നല്‍കുന്ന കുറുങ്കഥകളുമുണ്ട്.ചെറുതില്‍ നിന്ന് കഥകളെല്ലാം വലുതിലേക്ക് വളരുകയാണ്. പ്രത്യയശാസ്ത്രസങ്കല്പങ്ങള്‍ക്കനുസരിച്ച്  ആശയങ്ങള്‍ അഴിച്ചുപണിയുകയാണ് കഥാകാരന്‍.

വായനയ്ക്ക് ഏകാഗ്രതയും ചിന്തയ്ക്ക് ആഴവും ഈ കൃതികള്‍ നല്‍കുന്നുണ്ട്. പഴഞ്ചൊല്ലുകളുടെ څഭംഗിയോടെ തത്ത്വചിന്താപരമായും څഭാവതീവ്രമായും നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അവ നിലകൊള്ളുന്നു. അവയെ പി.കെ.പാറക്കടവ് ചിന്തകളും അന്വേഷണങ്ങളും കൊണ്ട് കൂടുതല്‍ തീവ്രമാക്കി. മലയാളകവിതയിലെ കുഞ്ഞുണ്ണിക്കവിതകള്‍ നല്‍കുന്ന ആശയസമ്പന്നത പി.കെ.പാറക്കടവ് തന്‍റെ കഥകളിലൂടെ വായനക്കാരന് നല്‍കുന്നു.

ഗ്രന്ഥസൂചി:

അച്യുതന്‍ എം. (2009) ചെറുകഥ ഇന്നലെ, ഇന്ന്, കോട്ടയം: ഡിസി ബുക്സ്.
അപ്പന്‍, കെ.പി. (1999) കഥ ആഖ്യാനവും അനുഭവസത്തയും. കോട്ടയം: ഡിസി ബുക്സ്.
അബ്ദുള്‍ റഹീം, (2015), എം.കെ. ഒറ്റത്തുരുത്തിലെ പച്ചപ്പുകള്‍. ദേശാഭിമാനി, കോഴിക്കോട്
തിലക്, പി.കെ. (2013), കഥാപഠനങ്ങള്‍ മാതൃഭാഷ മലയാളം. കോഴിക്കോട്: മാതൃഭൂമി ബുക്സ്.
പാറക്കടവ് പി.കെ., (2006) പി.കെ.പാറക്കടവിന്‍റെ കഥകള്‍. കോഴിക്കോട്: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്.
മധുസൂദനന്‍ ജി, (2006), കഥയും പരിസ്ഥിതിയും, കോട്ടയം: ഡിസി ബുക്സ്.
മോഹന്‍ദാസ്, (2015), വള്ളിക്കാവ് ലഘുകഥാവിപ്ലവം പാറക്കടവിന്‍റെ തിരഞ്ഞെടുത്ത കഥകള്‍,  കോട്ടയം: ഡിസി ബുക്സ്.
രാമനുണ്ണി കെ.പി, (2015), കുറുങ്കഥകള്‍, ഭാഷാപോഷിണി കോട്ടയം: പുസ്തകം 39. ലക്കം 7.
ശരത് ബി.എസ്
ഗവേഷകന്‍
മലയാളവിഭാഗം
മഹാരാജാസ് കോളേജ്
എറണാകുളം
Pin: 682011
Ph: +91 9895646513
Email: sarathsebastian28@gmail.com
ORCID: 0009-0002-6029-8470