The Private Spaces Offered to Women by Modernity and Cyberspaces: A Comparative Analysis

Muhammad Rafi N.V

Humanism, a product of modernity, promised that each individual could rewrite his/ her own destiny and realize his/ her identity as he/she wished, but that promise stopped short of interviewing the white European, the ideal man of modernity.  The modern concept of humanity is based on patriarchy, where their women, children, heterosexuals, lower castes, nature etc. are governed and such power relations are maintained with them.  A system that placed public spaces in the domain of the elder man and relegated women and children to the sentimentality of the private spaces of the home and family considered the home a safe place for women.  The connection between home and security is that the primary unit of the family receives the sanctity conferred upon it by its physical form, the house.  The cyberspaces possible in the post Human phase are a more private way for those constrained by such power relations. 

Key Words: Partiarchy, Father’s authority (patria portesta), Humanism, Post Humanism, Cyborg, Bio Centric environmentalism, Feminism .

References:

Allen-Taylor, J. Douglas. (2017). Black Lives Matter: Opening a Second Front. Race, Poverty & the Environment, 21(2), 22-27. JSTOR, www.jstor.org/stable/44687753. Accessed 25 Aug. 2020.
Drake, Bruce. (September 6, 2013).  Incarceration gap widen between whites and blacks. Pew Research Centre. pewresearch.org. Accessed 24 August, 2020.
Gilmore, Kim. (2000). Slavery and Prison-Understanding the Connections. Social Justice, vol. 27(3, 81), 195-205. JSTOR, www.jstor.org/stable/29767242. Accessed 24 Aug. 2020. 
Reilly, John. (1982).  M. Richard Wright Preaches the Nation: 12 Million Black Voices. Black American Literature Forum, 16(3), 116-119. JSTOR, www.jstor.org/stable/2904349. Accessed 24 Aug. 2020.
Shiffman, Dan. (2007). Richard Wright’s 12 Million Black Voices and World War II-Era Civic Nationalism. African American Review, 41(3), 443-458. JSTOR, www.jstor.org/stable/40027406. Accessed 24 Aug. 2020.
Walvin, James. (2005). Atlas of Slavery. Taylor & Francis Group. ProQuest Ebook Central, https://ebookcentral.proquest.com/lib/inflibnet-ebooks/detail.action?docID=1710653
Winch, Julie. (2014). Between Slavery and Freedom: Free People of Color in America From Settlement to the Civil War. Rowman & Littlefield Publisher. ProQuest Ebook Central, https://ebookcentral.proquest.com/lib/inflibnet-ebooks/detail.action?docID=1672946
Wright, Richard. (1988). 12 Million Black Voices. New York. Thunder’s Mouth P.
Wright, Richard. (1995) White Man, Listen! 1957.  New York: Harper Perennial.
Dr. Muhammad Rafi N. V
Asst. Professor
School of Literature Studies
Thuncheth Ezhuthachan Malayalam University
Vakkad, Thirur
Pin: 676502
Email: drrafi@temu.ac.in
Ph: +91 9447275854
ORCID: 0009-0009-8511-427X


ആധുനികതയും സൈബര്‍സ്ഥലങ്ങളും സ്ത്രീയ്ക്കു വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ഇടങ്ങള്‍: ഒരു താരതമ്യവിശകലനം

മുഹമ്മദ് റാഫി എന്‍.വി

ആധുനികതയുടെ ഉല്‍പ്പന്നമായ മാനവികതാവാദം ഓരോ വ്യക്തിക്കും തന്‍റെ വിധിയെ തിരുത്തിയെഴുതുവാനും തന്‍റെ സ്വത്വത്തെ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്കരിക്കാനും കഴിയുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വാഗ്ദാനം ആധുനികതയുടെ സങ്കല്പപുരുഷന്‍ ആയ വെള്ളക്കാരന്‍ യൂറോപ്യനെ മാത്രമാണ് അഭിമുഖം നിര്‍ത്തിയത്. ഇതരരായ പെണ്ണുങ്ങള്‍, കുട്ടികള്‍, ഭിന്നലിംഗക്കാര്‍ ജാതിശ്രേണിയില്‍ താഴ്ന്നവര്‍ പ്രകൃതി തുടങ്ങിയതൊക്കെ ഭരിക്കപ്പെടുന്നവരും അവരുമായി ഇവ്വിധമായ അധികാരബന്ധം സംരക്ഷിക്കപ്പെടുന്ന പാട്രിയാര്‍ക്കിയില്‍ അധിഷ്ഠിതവുമായാണ് മാനവികതാമനുഷ്യ സങ്കല്പം ആധുനികതയെ പുല്‍കിയത്.  പൊതുവിടങ്ങള്‍ മുതിര്‍ന്ന പുരുഷന്‍റേതായി സ്ഥാപിക്കുകയും സ്ത്രീകളെയും കുട്ടികളെയും വീട്, കുടുംബം എന്നീ സ്വകാര്യയിടങ്ങളുടെ വൈകാരികതയിലേക്ക് ഒതുക്കിക്കളയുന്നതുമായ വ്യവസ്ഥിതി, വീടിനെ സ്ത്രീക്ക് സുരക്ഷിതമായ ഇടമായി കണക്കാക്കി.  കുടുംബം എന്ന പ്രാഥമിക യൂണിറ്റിന്  അതില്‍ക്കവിഞ്ഞു നല്‍കിയിട്ടുള്ള വിശുദ്ധപരിവേഷം അതിന്‍റെ ഭൗതികരൂപമായ വീടിനും ലഭിക്കുന്നു എന്നതാണ് വീടിനെ സുരക്ഷിതത്വവുമായി കൂട്ടിക്കെട്ടുന്നത്. മാനവികാനന്തരഘട്ടത്തില്‍ സാധ്യമായ സൈബര്‍ ഇടങ്ങള്‍ ഇവ്വിധം അധികാരബന്ധങ്ങളാല്‍ തളച്ചിടപ്പെട്ടവര്‍ക്ക് കുറേക്കൂടി സ്വകാര്യമായ സംവേദനത്തിന്‍റെ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു. സ്ത്രീകള്‍ക്ക് അവരുടെ ഉടലിനെപ്പറ്റിയും വിചാരവികാരങ്ങളെപ്പറ്റിയും തുറന്നുപ്രസ്താവിക്കാനുള്ള ഇടം കൂടിയായി മാനവികാനന്തര സൈബര്‍ ഇടം മാറിക്കൊണ്ടിരിക്കുന്നുണ്ട്.

താക്കോല്‍ വാക്കുകള്‍: പാട്രിയാര്‍ക്കി, അച്ഛന്‍റെ അധികാരം (പാട്രിയ പൊട്ടെസ്റ്റസ്), മാനവികതാവാദം, പോസ്റ്റ് ഹ്യുമനിസം, സൈബോര്‍ഗ്, ജൈവകേന്ദ്രിത പരിസ്ഥിതിവാദം, ഫെമിനിസം.

മാനവികതാവാദം/മാനവവാദം (Humanism) എന്ന സങ്കല്‍പ്പത്തിലെ വ്യക്തിസ്വാതന്ത്ര്യത്തെയും സ്വത്വത്തെയും വിശകലനത്തിനെടുത്താല്‍ മാത്രമേ, സൈബോര്‍ഗ് കാലത്തെ സ്വാതന്ത്ര്യ സങ്കല്പം, വ്യക്തിയുടെ സ്വകാര്യ ഇടം തുടങ്ങിയവയെ അതുമായി തട്ടിച്ചുനോക്കാനും താരതമ്യവിശകലനം നടത്താനും സാധിക്കുകയുള്ളൂ. ഹ്യുമനിസം ആധുനികതയുടെ ഒരു ഉല്‍പ്പന്നം ആയതുകൊണ്ടുതന്നെ ആധുനികതാവിമര്‍ശത്തിലെ പലവസ്തുതകളും ഇതിനും ബാധകമാണ്. സ്വാതന്ത്ര്യം എന്ന സങ്കല്പം തന്നെ ആപേക്ഷികമായ ഒന്നാണ്.  ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്‍റെ ജീവിതദര്‍ശനം, വിശ്വാസം, ആചാരം എന്നുവേണ്ട ശരീരം, ലിംഗസമത്വം തുടങ്ങിയവയിലെല്ലാം പരമാധികാരമാണ് ഹ്യൂമനിസം വിഭാവനം ചെയ്തത്.  ഓരോ വ്യക്തിക്കും തന്‍റെ വിധിയെ തിരുത്തിയെഴുതാനും തന്‍റെ സ്വത്വത്തെ താനാഗ്രഹിക്കുന്ന രീതിയില്‍ സാക്ഷാത്ക്കരിക്കാനും കഴിയുമെന്നും മാനവികതാവാദം ഉദ്ഘോഷിച്ചു.  തന്‍റേതായ 'ഇടം'  സൃഷ്ടിക്കാനും അവിടെ ആത്യന്തികമായ സ്വാതന്ത്ര്യം അനുഭവിക്കാനും ഹ്യുമനിസത്തില്‍ സാധ്യതയുണ്ട്.  എന്നാല്‍ ആധുനികത ശരിക്കും ചെയ്തത് ഈ ഇടമുള്ള പ്രിവിലേജ്ഡ് വ്യക്തിയുടെ സ്ഥാനത്ത് പാട്രിയാര്‍ക്കല്‍ ആയ പുരുഷനെ പ്രതിഷ്ഠിക്കുകയാണ്. ഈ പുരുഷന്‍ പലവിധത്തിലുള്ള അധികാരബന്ധങ്ങള്‍ സാമൂഹിക സ്ഥാപനങ്ങളിലെ വ്യക്തികളുമായി സൂക്ഷിച്ചുപോന്നു.  ജാതിയുടെയും ലിംഗപരതയുടെയും വര്‍ണത്തിന്‍റെയും മറ്റും പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഈ പുരുഷനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിക്കൂടിയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ബ്ലാക്ക് ലിറ്ററേച്ചറും ദളിത് സാഹിത്യവും പരിസ്ഥിതി സൗന്ദര്യശാസ്ത്രവുമെല്ലാം ആധുനികതയുടെ കാലത്ത് ലോകമെമ്പാടും ഉയിര്‍ത്തെഴുന്നേറ്റത് എന്നും പറയാം.  സ്വന്തമായി ഒരു മുറി എന്ന ആശയത്തെ നോക്കുക.  'ഒരു സ്ത്രീക്ക് ഫിക്ഷന്‍ എഴുതണമെങ്കില്‍ പണവും സ്വന്തമായി ഒരു മുറിയും' (Woolf Virginia : 1935, 5). ഉണ്ടായിരിക്കണം. സ്ത്രീ ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങുമ്പോള്‍, ഒരു ഗാര്‍ഡ് സ്ത്രീകള്‍ക്കു പുല്ലില്‍ നടക്കാന്‍ പാടില്ല എന്ന നിയമം നടപ്പിലാക്കുന്നു. നിയമം അനുസരിക്കുന്ന സ്ത്രീക്ക് അവളുടെ ആശയം നഷ്ടപ്പെടുന്നു.  സ്ത്രീകളുടെ സാമൂഹികപ്രതീക്ഷകളുടെ സ്വാധീനത്തെ വൂള്‍ഫ് വിവരിക്കുന്നത് കേവലം ഗാര്‍ഹികമായി കുട്ടികളെ പ്രസവിക്കുന്നവരും അജ്ഞരും നിര്‍മലരും ആയിട്ടാണ്. ആധുനികതയില്‍ നേരത്തെ സൂചിപ്പിച്ചവിധം പ്രിവിലേജ്ഡ് ആയ പുരുഷന്‍ എന്ന വിഭാഗത്തിന്‍റെ നിര്‍മ്മിതിക്കുശേഷം സംഭവിച്ച മറ്റൊരു കാര്യം ഇയാളില്‍നിന്ന് പാട്രിയാര്‍ക്കി പെണ്ണുങ്ങളിലേക്കും പടര്‍ന്നു എന്നതാണ്. ആധുനികതയുടെ നിര്‍മ്മിതിയായ മാനവികതാസങ്കല്‍പ്പത്തിലെ പിതൃഅധികാരബോധം സൂക്ഷിക്കുന്ന പെണ്ണിനെയും അതു തന്ത്രപരമായി നിര്‍മിച്ചെടുത്തു.

ഭൗതികവും ബൗദ്ധികവും ശാരീരികവും വൈകാരികവുമായ സങ്കല്‍പ്പമാണ് സ്വാതന്ത്ര്യം എന്നത്. ഓരോ വ്യക്തിയും പ്രതിജനഭിന്നമായ രീതിയില്‍തന്നെ തന്‍റേതായ ഇടങ്ങള്‍ സ്വപ്നം കാണുകയും തടസ്സങ്ങളില്ലാതെ ചിന്തിക്കാനും ആശയങ്ങള്‍ രൂപപ്പെടുത്താനും മറ്റുള്ളവരോട് സംവദിക്കാനും ഇടപെടാനും ആഗ്രഹിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരു വ്യക്തി ആത്യന്തികമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത് തന്‍റേതായ ഇടങ്ങളിലൂടെയാണെന്നു പറയാം.  ഇത്തരത്തില്‍ സ്വന്തം ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഒക്കെ മുകളില്‍ പരമാധികാരമുള്ള ഒന്നാണ് ഇവിടെ വിവക്ഷിക്കുന്ന സ്വാതന്ത്ര്യം.  ഹ്യൂമനിസം വിഭാവനം ചെയ്ത 'സ്വതന്ത്രനായ വ്യക്തി' ഇത്തരത്തില്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയാധികാരങ്ങളും ഇടങ്ങളുമൊക്കെ ഉള്ള വ്യക്തിയാണ്. എന്നാല്‍ നേരത്തേ സൂചിപ്പിച്ചവിധം അത് പാട്രിയാര്‍ക്കി സൂക്ഷിക്കുന്ന അധികാരബന്ധങ്ങളില്‍ അധിഷ്ഠിതമായാണു പ്രാവര്‍ത്തികമായതെന്നുമാത്രം.  ഇവിടെ സംഭവിച്ചത് സ്വാതന്ത്ര്യത്തിന്‍റെ ലിംഗപരമായി അസന്തുലിതമായ വിതരണം കൂടിയായിരുന്നു. ഒന്നുകൂടി വിശദീകരിച്ചാല്‍, ആധുനികതാവാദത്തിന്‍റെയും അതിന്‍റെ സൃഷ്ടിയായിരുന്ന മാനവികതാവാദത്തിന്‍റെയും 'സ്വതന്ത്രവ്യക്തി' എന്ന ആശയം ജാതി, മത, ലിംഗ, വര്‍ഗപരമായ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഒരു വിഭാഗത്തെ മാത്രമേ ഉള്‍ക്കൊണ്ടുള്ളൂ.  ഹ്യുമനിസം വിഭാവനം ചെയ്ത 'സ്വതന്ത്രവ്യക്തി' ജാതിയുടെയും മതത്തിന്‍റെയും ലിംഗഭേദത്തിന്‍റെയും പ്രിവിലേജ് അനുഭവിക്കുന്ന ഒരു പുരുഷന്‍ മാത്രമായിത്തീര്‍ന്നു.  അവനു ലഭിച്ച ഇടങ്ങള്‍ പെണ്ണിനോ ഭിന്നലിംഗക്കാര്‍ക്കോ ലഭിച്ചിരുന്നില്ല എന്നതും വാസ്തവമായിരുന്നു. സൗഹൃദങ്ങളും കാമനകളും യാത്രകളും മറ്റുള്ള ആഘോഷ ഇടങ്ങളും വേണ്ടത്ര ഈ പുരുഷന് ലഭ്യമായപ്പോള്‍ പെണ്ണുങ്ങള്‍ക്കിടയില്‍ സമതുലിതമായതോ ഭാഗികമായതോ ആയ വിതരണം പോലും നടന്നില്ല. പെണ്ണുങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നുപറയാനും ഭര്‍ത്താക്കന്മാരല്ലാത്ത പുരുഷന്മാരുമായി സംവേദനം സാധ്യമാവാനും ഉള്ള സാധ്യതകള്‍ വളരെ പരിമിതമായിരുന്നു എന്നു ചുരുക്കം.  

സ്വതന്ത്രനായ പുരുഷന്‍ കേന്ദ്രമായുള്ള സമൂഹം സ്ത്രീക്ക് നല്‍കുന്ന രണ്ടാംതരം ലിംഗപദവിയാണ് സ്ത്രീയുടെ അസ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുന്നത്. മുന്‍പു സൂചിപ്പിച്ചതുപോലെ, ഇവിടെ സ്വാതന്ത്ര്യം എന്ന ആശയം ചേര്‍ന്നുനില്‍ക്കുന്നത് വ്യക്തിയെ പരിധികള്‍ക്കപ്പുറം ചിന്തിക്കാനും വളരാനും അനുവദിക്കുന്ന ഇടങ്ങളുമായാണ്.  പുരുഷാധിപത്യം സമൂഹത്തിന്‍റെ ഇടങ്ങളെ സ്ത്രീക്കും പുരുഷനുമായി വിഭജിച്ചുനല്‍കുന്നുണ്ട്.  പൊതുവിടങ്ങള്‍ പുരുഷന്‍റേതായി സ്ഥാപിക്കുന്നതും, സ്ത്രീയെ, വീട്, കുടുംബം, ഹോസ്റ്റല്‍ തുടങ്ങിയ സ്വകാര്യയിടങ്ങളുടെ വൈകാരികതയിലേക്ക് ഒതുക്കിക്കളയുന്നതുമായ വ്യവസ്ഥിതി, വീടിനെ സ്ത്രീക്ക് സുരക്ഷിതമായ ഇടമായാണ് പൊതുവേ കണക്കാക്കുന്നത്. കുടുംബം എന്ന പ്രാഥമികയൂണിറ്റിന് അതില്‍ക്കവിഞ്ഞു നല്‍കിയിട്ടുള്ള വിശുദ്ധപരിവേഷം അതിന്‍റെ ഭൗതികരൂപമായ വീടിനും ലഭിക്കുന്നു എന്നതാണ് വീടിനെ സുരക്ഷിതത്വവുമായി കൂട്ടിക്കെട്ടുന്നത്. സില്‍വിയ വാള്‍ബി എന്ന ഫെമിനിസ്റ്റ് ചിന്തകയുടെ അഭിപ്രായത്തില്‍ വീട്/ കുടുംബം എന്നത് അതിശക്തമായ ഒരു ലിംഗവിവേചന ഭൂമികയാണ് (Kamala Bhasin : 2017)... അത് നിലനില്‍ക്കുന്നത് സ്ത്രീയുടെ ഉത്പാദന-പ്രത്യുത്പാദന ഊര്‍ജത്തെയും അധ്വാനത്തെയും ചൂഷണം ചെയ്താണെന്നും വാല്‍ബി പറയുന്നുണ്ട്.  ഇത് സാധ്യമാവുന്നത് സ്ത്രീക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ഇടങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടാണ്.  പ്രസ്തുതപഠനത്തില്‍ ദൈനംദിനജീവിതത്തില്‍ സ്ത്രീകള്‍ ഇത് തിരിച്ചറിയാന്‍ സഹായിക്കുന്ന വിധം അവര്‍ ഫീല്‍ഡ് സംഭാഷണങ്ങള്‍ എടുത്തെഴുതുന്നു. അവ ഇതാണ്: “I have to help my mother with the household work, my brothers don’t.” (Burden of household work on women and young girls).  It was a struggle to go to school.  My father thought it was not necessary for us girls to study.”  (Lack of educational opportunities for) “I could not go out to meet friends or to play”. “My brothers can come back at any time but I have to be back before dark.” (Lack of freedom and mobility for girls)  “My father used to often beat my mother.”  (Wife-battering) “My brothers are worse than my father.  They don’t want  me to talk to any boys.”  (Male control over women and girls)  “Because I was not willing to give in to the demands of my boss I was thrown out of my job.”  (Sexual harassment at work) 

“I have no share in my father’s property.  My husband’s property is also not mine.  Actually there is no home I can call my own.”  (Lack of inheritance or property rights for women.

“I have to submit my body to my husband whenever he wants it.  I have no say. I fear sex.  Don’t enjoy it”  (Male control over women’s bodies and sexuality).

ആധുനികത രൂപീകരിച്ച അണുകുടുംബം അധിവസിക്കുന്ന വീട് എന്ന ഭൗതികയിടം സൂക്ഷിക്കുകയും പാരമ്പര്യമായി പരിപാലിക്കുകയും ചെയ്തുപോരുന്ന അധികാരബന്ധങ്ങളും സാമൂഹികവ്യവസ്ഥയും അതിനുള്ളിലെ സാമ്പത്തികവ്യവസ്ഥയും പുരുഷാധിപത്യമൂല്യബോധത്തെ പുനരുത്പാദിപ്പിക്കുന്ന ഒരു കോര്‍പറേറ്റ് യൂണിറ്റ് ആയാണ് പ്രവര്‍ത്തിച്ചത്. അത് നടത്തുന്ന വൈകാരിക വിലപേശലുകള്‍ കാരണം പലപ്പോഴും സ്വന്തം ഇടങ്ങള്‍ നഷ്ടപ്പെടുന്നത് സ്ത്രീകള്‍ അറിയുന്നില്ല. നിറയെ മുറികളുള്ള വീടുകളില്‍പോലും സ്ത്രീകള്‍ക്ക് മാത്രമായൊരു മുറി ഉണ്ടാവാനുള്ള സാധ്യത കുറവാണ്.  പലപ്പോഴും സ്ത്രീകളുടെ മുറികള്‍ പൊതുവിടങ്ങള്‍ എന്ന രീതിയില്‍ ആര്‍ക്കും കയറിയിറങ്ങാവുന്ന തരത്തിലായിരിക്കും. അല്ലെങ്കില്‍ സ്വന്തമായുള്ള മുറിയില്‍ ഉറങ്ങാനുള്ള സമയമൊഴികെ വാതില്‍ അടച്ചിരിക്കാനുള്ള സ്വാതന്ത്ര്യം എത്ര സ്ത്രീകള്‍ക്കായിരിക്കും ഉണ്ടാവുക?  

സൈബറോഗ്, പോസ്റ്റ് ഹ്യുമന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മാനവികതാനന്തരഘട്ടം പെണ്ണുങ്ങള്‍ക്ക് പുതിയ ഇടങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതു തന്നെയാണ് പ്രധാനം. അതോടൊപ്പം അവര്‍ പരിമിതമായ തോതില്‍ എങ്കിലും അനുഭവിച്ചിരുന്ന സ്വകാര്യ ഇടത്തെ റദ്ദുചെയ്യുന്നവിധം കിടപ്പുമുറിയിലേക്കുള്ള വഴികളില്‍പോലും സര്‍വയലന്‍സും സൈബറോഗ് ഘട്ടത്തില്‍ അവളെ പിന്തുടരുന്നു. സോഷ്യല്‍ മീഡിയ തുറന്നുപറച്ചിലുകള്‍ക്കുള്ള ഇടമൊരുക്കുന്നതതിലുപരി സ്വകാര്യഇടം എന്ന നിലയില്‍ വികസിപ്പിച്ചുവന്ന സംവേദന ഇടങ്ങള്‍ തന്നെയാണ് പ്രധാനം. അതൊരുക്കിയ വോയിസ് ചാറ്റും ടെക്സ്റ്റ് ചാറ്റും ഒക്കെ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യേണ്ടാത്ത പ്ലെഷര്‍ സ്പെയ്സ് (ആനന്ദാന്തരീക്ഷങ്ങള്‍) നിര്‍മിക്കുന്നു. ഇത് കൂടുതല്‍ സമയവും വീടിനകത്ത് ചെലവഴിക്കേണ്ടിവരുന്ന പെണ്ണിനാണ് താരതമ്യേന സ്വകാര്യവും സുരക്ഷിതവുമായ ഇടം ഒരുക്കിക്കൊടുക്കുന്നത്. പുതുതായി രൂപപ്പെട്ടുവന്ന ഈ സൈബര്‍ സ്പെയിസ് പെണ്ണുങ്ങള്‍ പൊതുഇടമായിക്കണ്ട് ആഘോഷിക്കുന്നതിനുദാഹരണമാണ് ആര്‍ത്തവരക്തം പുരണ്ട തുണിയും മെന്‍സ്ട്രുവല്‍ കപ്പും ഒക്കെ അവര്‍ പ്രൊഫയില്‍ പിക്ചര്‍ ആക്കിമാറ്റുന്നത്.  സ്ത്രീകള്‍ അവരുടെ ഉടലിനെപ്പറ്റി അതിന്‍റെ ജൈവികമായ പ്രശ്നങ്ങളും സാധ്യതകളും ഒക്കെ തുറന്നു പ്രഖ്യാപിക്കുന്നു. ഒരുപക്ഷേ, സൈബറിടം എന്ന ഈ പുതുസ്ഥലം രൂപപ്പെട്ടുവന്നപ്പോള്‍ പെണ്ണുടല്‍ മുമ്പില്ലാത്തവിധം ആണുങ്ങളെ എഡ്യൂക്കേറ്റു ചെയ്തു എന്നുതന്നെ പറയാം.

സിമോണ്‍ ദ ബുവ്വെ 1943 ല്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്:  'നിങ്ങള്‍ ആണുങ്ങള്‍ കാണുകയും നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്ത ശരീരമല്ല ഞങ്ങള്‍ പെണ്ണുങ്ങളുടേത്. നിങ്ങള്‍ കാണുന്ന അവയവമല്ല ഞങ്ങള്‍;  നിങ്ങള്‍ നിര്‍ദ്ദേശിച്ച ധര്‍മങ്ങള്‍ അല്ല ഞങ്ങളുടെ അവയവങ്ങള്‍ക്ക്.  നിങ്ങള്‍ കരുതുന്ന വേദനയോ ആനന്ദമോ മൂര്‍ച്ഛയോ അല്ല ഞങ്ങള്‍ അനുഭവിക്കുന്നത്. അവിടെയല്ല ഞങ്ങള്‍ക്ക് എത്തേണ്ടതും' (Dr. Geetha P. : 2017, 133).

ചുരുക്കത്തില്‍ മാനവികതാധുനികതയിലെ മനുഷ്യന്‍ എന്ന സങ്കല്പം യൂറോപ്യനായ വെളുത്ത പുരുഷന്‍ ആയിരുന്നു. ലോകത്തെല്ലായിടത്തുമുണ്ടായിരുന്ന കറുത്തവര്‍ഗക്കാരും ഭിന്നലിംഗജാതിക്കാരും ഒക്കെയായ ജനത ഈ 'വെള്ളക്കാരനാല്‍' ഭരിക്കപ്പെടുന്ന അധിനിവേശസാമ്രാജ്യത്തിലെ പൗരന്മാരായിത്തീരുകയാണുണ്ടായത്. സാമൂഹികസ്ഥാപനങ്ങളുടെ രൂപത്തില്‍ നിലനില്‍ക്കുന്ന കുടുംബമടക്കമുള്ള മൈക്രോ സാമ്രാജ്യങ്ങളില്‍ വരെ അധികാരബന്ധത്തിന്‍റെ രൂപത്തില്‍ പാട്രിയാര്‍ക്കി പ്രവര്‍ത്തിക്കുകയും മേല്പറഞ്ഞ ഇതരര്‍ ഈ സ്ഥാപനങ്ങളില്‍ ഒരുതരത്തിലുള്ള ആന്തരികകോളനിവല്‍ക്കരണത്തിന്  വിധേയരായിത്തീരുകയും ചെയ്തു. കുടുംബത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ഈ അധികാരത്തെപ്പറ്റി ജൂഡിത് ബട്ലര്‍ ഇങ്ങനെ പറയുന്നുണ്ട്:  

څഅച്ഛന്‍റെ അധികാരം (patria potestas) അഥവാ പിതൃ അധികാരം എന്നത് റോമന്‍ നിയമ സങ്കല്‍പ്പമാണ്. പാട്രിയാര്‍ക്കല്‍ കുടുംബത്തിന്‍റെ വേരുകള്‍ സ്ഥിതിചെയ്യുന്നത് അവിടെയാണ്.  ആ നിയമപ്രകാരം കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷന്‍ സമ്പൂര്‍ണ അധികാരിയായിരിക്കും. പുരുഷന്മാരും ബാക്കിയുള്ള മുഴുവന്‍ സ്ത്രീകളും കുട്ടികളും ജോലിക്കാരും ഒക്കെ അടങ്ങുന്നവരുടെ മേല്‍ കുടുംബനാഥനുള്ള അധികാരം നിരുപാധികം ആയിരിക്കും.    (Kurup R.S. : 2018). ജൂഡിത് ബെറ്റ്ലറിന്‍റെ ഈ നിരീക്ഷണത്തില്‍ സൂചിപ്പിക്കുന്ന സംഗതി കുടുംബം എന്ന സാമൂഹികസ്ഥാപനം അതിലെ അംഗങ്ങളെ അഭ്യസിപ്പിക്കുന്ന പിതൃഅധികാരസംബന്ധിയായ തെറ്റായ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. കുടുംബം ഒരു സാമൂഹികസ്ഥാപനം ആയതുകൊണ്ടുതന്നെ അത് ചെറുപ്പത്തിലേ അതിലെ അംഗങ്ങള്‍ക്ക് ഇമ്മട്ടിലുള്ള സ്ത്രീവിരുദ്ധമായ അബോധം നല്‍കുകയും പിന്നീട് ഈ അബോധം പുരുഷന്മാരും സ്ത്രീകളും സമൂഹത്തില്‍ നിര്‍മ്മിക്കുകയും അവര്‍ മറ്റു സാമൂഹികസ്ഥാപനങ്ങളിലും പൊതുബോധത്തിലും ഇതു പടര്‍ത്തുകയും ചെയ്യുന്നു. മാനവികവാദപരമായ സംഗതികള്‍ ഇവിടെ നിലനിന്ന കാലം ഇത്തരത്തില്‍ അധികാരബന്ധം സൂക്ഷിക്കുന്ന പുരുഷനെ നിര്‍മ്മിക്കുകയും പെണ്ണും ദളിതും ഭിന്ന ലൈംഗികവും ഒക്കെയായ മനുഷ്യസംവര്‍ഗ്ഗം സ്വതന്ത്ര അസ്തിത്വത്തിന് പര്യാപ്തരല്ലെന്ന അബോധം സൂക്ഷിക്കുകയുമാണ് ചെയ്തത്.  പറഞ്ഞുവന്നത് മാനവികതാവാദത്തിന്‍റെ പരിസരത്ത് സ്ത്രീക്കും പരിസ്ഥിതിക്കും മറ്റു ദുര്‍ബലമായ അസ്തിത്വം ഉള്ളവര്‍ക്കും കാര്യമായ അസ്തിത്വമോ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമോ അതു കല്‍പ്പിച്ചുനല്‍കിയില്ല എന്നാണ്.  പരിസ്ഥിതിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍, പ്രകൃതിചിന്തയുടെ രണ്ടാംഘട്ടത്തിലാണ് മനുഷ്യനുവേണ്ടിയല്ലാതെ മനഷ്യേതരുടെ സ്വയത്തിനു വേണ്ടിയുള്ള നിലനില്‍പ്പുചിന്ത എന്ന ആശയം അഥവാ ജൈവകേന്ദ്രിത പാരിസ്ഥിതികതാവാദം കടന്നുവന്നത്. 

'പ്രപഞ്ചത്തിലെ ചരാചരങ്ങളെല്ലാം അവയുടെ ഉണ്മയെ പരിരക്ഷിക്കാനും വികസിപ്പിക്കാനും ശ്രമിക്കുന്നു എന്ന ആശയം സ്പിനോസന്‍ ചിന്തയിലെ കേന്ദ്രപ്രമേയമാണ്.  ഇത്തരമൊരു ശേഷി മനുഷ്യപ്രകൃതത്തിന്‍റെയും ഭാഗമാണ്. ഈ ശേഷിയെയാണ് സ്പിനോസ ڇകോണാറ്റസ്ڈ എന്ന ലാറ്റിന്‍പദംകൊണ്ട് സൂചിപ്പിക്കുന്നത്.' (Negri Antonio: 1991, 167-168). ഈ പ്രപഞ്ചം ഒരു സമഗ്രസംവര്‍ഗം എന്ന നിലയില്‍ വികസിച്ചുവരേണ്ടതിന്‍റെ സൂക്ഷ്മരാഷ്ട്രീയത്തില്‍ പ്രകൃതിയും പെണ്ണും കുട്ടികളും ദളിതും കറുമ്പരും മുഖ്യധാരയില്‍ ഇല്ലാത്ത, ഇതരലൈംഗികപ്രതിനിധാനങ്ങളും എല്ലാം അവരവരുടേതായ ഇടവും സ്വാതന്ത്ര്യവും അസ്തിത്വവും തിരിച്ചുപിടിക്കുന്നത് ആധുനികതാവാദത്തെയും അതിന്‍റെ സംഭാവനയായ മാനവികതയെയും ചോദ്യം ചെയ്തുകൊണ്ടുതന്നെയായിരിക്കും.  മനുഷ്യേതര മാനവികത എന്ന സൈബോര്‍ഗിയന്‍ യന്ത്രക്കിടാവിന്‍റെ അവതാരപ്പിറവി കുറേക്കൂടി സ്വതന്ത്രമായ അസ്തിത്വവും ഇടവും നേരത്തേ സൂചിപ്പിച്ച വെള്ളക്കാരനാല്‍ ഭരിക്കപ്പെടുകയും ദമിതമാക്കപ്പെടുകയും ചെയ്ത വിഭാഗങ്ങള്‍ക്കെല്ലാം വാഗ്ദാനം ചെയ്യുന്നു എന്നതാണു കാര്യം. തുറന്നുപറച്ചിലുകള്‍ക്കു മാത്രമല്ല, സ്വകാര്യസംഭാഷണങ്ങള്‍ക്കും ഉതകുന്ന ഈ സൈബോര്‍ഗിയന്‍ സ്വകാര്യത, ഷെയര്‍ ചെയ്യപ്പെടേണ്ടാത്ത ഒന്നും അത് മൂന്നാമതൊരാള്‍ ആവശ്യപ്പെടുന്നത് അശ്ലീലമായി നിര്‍വ്വചിക്കപ്പെടുന്നതും കൂടിയായ ഇടമായി രൂപപ്പെടുന്നു. അവിടെ മനുഷ്യന്‍ എന്ന സമഗ്ര സംവര്‍ഗത്തിനകത്തെ എല്ലാത്തരം ഭിന്നവിചാരങ്ങള്‍ക്കും ലിംഗങ്ങള്‍ക്കും വസ്തുതകള്‍ക്കും ഇതരജീവിവര്‍ഗ്ഗങ്ങള്‍ക്കും യന്ത്രങ്ങള്‍ക്കും ഇടമുണ്ടാവേണ്ടതുണ്ട്.  മാനാവികതാവാദത്തിന്‍റെ പുതുക്കിപ്പണിയലും നവജനാധിപത്യവും സാധ്യമാവുക അങ്ങനെയാണ്.  മാനവികചിന്ത മരിച്ചെങ്കില്‍ അതു ചീഞ്ഞ് വളമായി പോസ്റ്റ് ഹ്യുമനിസം വളര്‍ന്നേക്കും.

റഫറന്‍സ്: 

Woolf Virginia: (1935) A Room of One’s own, London: Hogorth Press. 
Kamla Bhasin. (1993) What is Patriarchy?, New Delhi: Kali for Women. (Posted on August 30, 2017 by dullb online)
ഗീത. പി. ഡോ., (2017), ഇടം, കെ അജു. നാരായണന്‍. താക്കോല്‍ വാക്കുകള്‍ വിചാര മാത്യകകള്‍, (പേ.133) ആലുവ: ഡ.ഇ. കോളജ്.
കുറുപ്പ് ആര്‍.എസ്., (2019) സമകാലിക മലയാളം വാരിക Laingigathayute rashtreeyam RS Kurupp Samakalika Malayalam Weekly Published:  04th November 2018 എന്ന ലേഖനത്തില്‍    Judith butler, Gender Trouble; Feminism and the subversion of identity, Routlege, New York, 1999 എടുത്തുചേര്‍ത്തത്.
Negri, Marx Beyond Marx 167-168 Translated by Harry Cleaver Michel Ryam and Maurizio Viano Edited By Jim Fleming Pluto Press London England.
Dr. Muhammad Rafi N. V
Asst. Professor
School of Literature Studies
Thuncheth Ezhuthachan Malayalam University
Vakkad, Thirur
Pin: 676502
Email: drrafi@temu.ac.in
Ph: +91 9447275854
ORCID: 0009-0009-8511-427X