Cultural Exchange of Mappilappurattu

Shilpa N P

Purattu' is a celebrated form of dramatic satire. It portraits the life of common people and critically depicts the issues of power, inequality and oppression in the system. Art always breaks the block of cast and feudal system. In this backdrop 'Mappilappurattu' plays vital role in kerala's mindset of secularity. It expands the vernacular identity of the plays along with the lives of commoner. 'Mappilappurattu' is capable of existing in its own stand and can be tied with other cultural expressions like 'Theyya Purattu','Padayani Purattu' and 'Kanyarkali Purattu'. It is an exchange of different cultures within a society. More than being a satirical form it enhances equal opportunity. In  all time  'Purattu' is treated as inferior comic figure, but in the contemporary scenario, study of 'Mappilappurattu' is essential for social secularism.

Keywords:  Cultural Exchange, Society, Equality, Purapattu

Works cited:

Bagavan Pillai, G. (2008). Porattunatakavum mattum. Kottayam: National Book Stall.
Jan Harold Brunvand. (1998). The Study of American folklore. W. W. Norton& Company.
Karippath, R.C. (2014). Malabarile mappilatheyyangal. Kannur: New books.
Narayana Panikkar Kavalam. " Porattusangalpam". Keraleeyathayude Nattarivu. book2(8).
Nayar, S.K. (1962). Keralathile natotinatakangal. Madras: University of Madras.
Ramesh. " Folklore vynjanika megalakalil".  Polika-4. Kannur: Folklore Academy.
Shilpa N P
Research Scholar
Central University of Kerala
Kasaragod
Pin 671320
India
Ph: +91 81290 86538
Email: snp50455@gmail.com

മാപ്പിളപ്പുറാട്ടുകളുടെ സാംസ്കാരിക വിനിമയം

ശില്‍പ എന്‍ പി

ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ കഴിയുന്ന മാധ്യമമായ നാടകം ലോകസാഹിത്യത്തിലെതന്നെ ഏറ്റവും പഴക്കമുളള കലകളിലൊന്നാണ്. അടിസ്ഥാനസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ കാലാന്തരത്തില്‍ നാടകത്തിന് വിഭിന്നങ്ങളായ ഭാവ-രൂപതലങ്ങള്‍ കൈവന്നു. ദേശത്തിന്‍റെയും കാലത്തിന്‍റെയും സ്വഭാവം നാടകത്തെ പല മട്ടില്‍ സ്വാധീനിക്കുന്നു. ആത്യന്തികമായി മനുഷ്യന്‍റെ ബൗദ്ധികവും വൈകാരികവുമായ വിചാരങ്ങളുടെ ആവിഷ്കാരങ്ങള്‍ എന്ന നിലയിലും നാടകം അടയാളപ്പെട്ടിരിക്കുന്നു. ജീവിതപ്രതിസന്ധികള്‍ക്കിടയില്‍ പ്രശ്നവല്‍ക്കരിക്കപ്പെട്ട മനുഷ്യന്‍റെ ദു:ഖാകുലമായ മനോനിലയെ ലഘൂകരിക്കുന്നതില്‍ ഹാസ്യത്തിനുളള പങ്ക് വലുതാണ്. എല്ലാക്കാലത്തും മനുഷ്യനെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന രസമായ ഹാസ്യത്തിന് മറ്റു രസങ്ങളോടൊത്ത് സഞ്ചരിക്കാനാകുമെന്ന വലിയൊരു പ്രത്യേകതയുമുണ്ട്. കേവലഹാസ്യവും സാമൂഹ്യവിമര്‍ശനസ്വഭാവമുളള ആക്ഷേപഹാസ്യവും ജനപ്രിയമാകുന്നതിനുളള കാരണവും ഇതുതന്നെ. ഗ്രീക്ക് നാടകചരിത്രത്തില്‍ ദുരന്തനാടകങ്ങള്‍ക്ക് സമാന്തരമായ അംഗീകാരം കോമഡികള്‍ എന്ന ഹാസ്യനാടകങ്ങള്‍ക്കും ലഭിച്ചിട്ടുളളത് ഇവിടെ ഉദാഹരണമാക്കാം. ഭാരതീയനാടകചരിത്രത്തിലും ഹാസ്യനാടകങ്ങളുടെ സ്ഥാനം ഇതുതന്നെ. കേരളീയഹാസ്യനാടകവഴക്കത്തിന്‍റെ ചരിത്രം അന്വേഷിക്കുമ്പോള്‍ ആദ്യം സ്മരിക്കേണ്ടത് കൂടിയാട്ടത്തിനിടയില്‍ ഇടംകിട്ടിയ څവാക്ക്چ എന്ന വിദൂഷകപ്രകടനത്തെയാണ്. സംസ്കൃതനാടകാഭിനയമായ കൂടിയാട്ടത്തിനിടയില്‍ മലയാളഭാഷയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് څവാക്ക്چ എന്ന രംഗം. സാമൂഹികമനശ്ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോള്‍ മലയാളിയുടെ പൊതുബോധത്തില്‍ ശക്തമായി പ്രകടമായിരുന്ന ഹാസ്യത്തോടുളള ആഭിമുഖ്യത്തിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു ഇത്. ഈ പൊതുബോധം അടിസ്ഥാന ജനവിഭാഗങ്ങളുടെ ആത്മാവിഷ്കാരങ്ങളായി പ്രതിഫലിക്കുന്നവയാണ് കേരളത്തിലെ പുറാട്ടുകള്‍. അതുകൊണ്ടുതന്നെ പുറാട്ടുകള്‍ക്ക് കേരളീയപരിസരങ്ങളില്‍ ജനകീയസ്വഭാവം കൂടും. 

വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ പുറാട്ട് എന്ന കലയെ പരിഹസിച്ചുകൊണ്ടുളള സംഭാഷണങ്ങള്‍ ജീവിതത്തിലും സാഹിത്യവ്യവഹാരങ്ങളിലും സിനിമകളിലുമെല്ലാം പ്രയോഗിച്ചുകാണാറുണ്ട്. ഇതെന്തൊരു പുറാട്ടുനാടകമാണ്, അയാള്‍ പുറാട്ടുനാടകം കളിക്കുകയാണ്, പുറാട്ടുനാടകം കളിക്കല്ലേ തുടങ്ങി പുറാട്ടുകളെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും നാം പ്രടിപ്പിക്കാറുണ്ട്. ഒരു വ്യക്തി താന്‍ നേരിടുന്ന ചില പ്രശ്നങ്ങളില്‍ നിന്ന് രക്ഷനേടി മറ്റുളളവരെ കബളിപ്പിക്കാന്‍ സ്വീകരിക്കുന്ന തന്ത്രപരമായ നീക്കങ്ങളെയാണ് ഇത്തരം പരാമര്‍ശങ്ങള്‍കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുറാട്ടിനെക്കുറിച്ചു അപ്രസക്തവും ബുദ്ധിശൂന്യവുമായ കല എന്ന കാഴ്ചപ്പാട് സമൂഹത്തിന്‍റെ പൊതുബോധത്തില്‍ പ്രത്യക്ഷമായും പരോക്ഷമായും നിലനില്‍ക്കുന്നുവെന്ന സൂചന ഇത്തരം പ്രയോഗങ്ങളില്‍ പ്രകടമാകുന്നുണ്ട്. അതിനാല്‍ത്തന്നെ അക്കാദമിക് തലങ്ങളില്‍ പുറാട്ടുകളുടെ പ്രയോഗക്ഷമത ഏറെയൊന്നും വിശകലനം ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പുതിയകാല ജ്ഞാനമേഖലകള്‍ സമൂഹത്തിന്‍റെ ഗതിവിഗതികളെ സസൂക്ഷ്മം നിരീക്ഷണവിധേയമാക്കുന്ന രീതി ഇന്ന് അവലംബിക്കുന്നു. ഇത് പുറാട്ടുകളെക്കുറിച്ചുളള പഠനത്തിന്‍റെ പ്രസക്തിയും വര്‍ദ്ധിപ്പിച്ചു. ഇന്ന് പുറാട്ടിനെപ്പറ്റി ഗൗരവമേറിയ അക്കാദമികപഠനങ്ങള്‍ നടക്കുന്നുണ്ട്. കേരളനാടന്‍കലാ   അക്കാദമിയുടെ മുഖപത്രമായ څപൊലിچയിലും കേരളസംഗീതനാടക അക്കാദമിയുടെ പ്രസിദ്ധീകരണമായ څകേളിچയിലും പുറാട്ടിനെ കുറിച്ചുളള സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ വന്നിട്ടുണ്ട്. കേരളത്തിലെ സര്‍വകലാശാലകളിലെ ചില ഗവേഷണപ്രബന്ധങ്ങളില്‍ ആനുഷംഗികമായി പുറാട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. കലാരൂപം എന്ന നിലയില്‍ പുറാട്ടിന്‍റെ പ്രസക്തി തിരിച്ചറിയുകയും അവ നിലനില്‍ക്കുന്നസാമൂഹികസംഘങ്ങള്‍ അവയെ എല്ലാക്കാലത്തും അംഗീകരിക്കുകയും നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പുറാട്ടുകളില്‍തന്നെ സവിശേഷമായ മാപ്പിളപ്പുറാട്ടുകളെക്കുറിച്ചുളള പഠനം പ്രസക്തമാണ്. 

ആക്ഷേപഹാസ്യങ്ങളെന്ന നിലയില്‍ പുറാട്ടുകള്‍ക്കുളള സാമൂഹികപ്രാധാന്യം വലുതാണ്. അധികാരബോധം, സാമൂഹികാസമത്വം, അടിച്ചമര്‍ത്തലുകള്‍ തുടങ്ങി എല്ലാക്കാലത്തും നിലനിന്നുപോരുന്നവ്യവസ്ഥാപരമായ ന്യൂനതകളെ ഹാസ്യാത്മകമായി വിമര്‍ശിക്കുകയും പരിഷ്കാരസൂചനകള്‍ നല്‍കുകയും ചെയ്യുന്ന നാടകബോധം പുറാട്ടുകള്‍ക്കുണ്ട്. പുറാട്ടിലെ ഹാസ്യം സാമൂഹികമായ ബോധ്യങ്ങളെ പലപ്പോഴും നിരാകരിക്കുന്നതും പ്രത്യക്ഷമാണ്. ڇഈ സങ്കല്പം വ്യവസ്ഥാപിത വിശ്വാസങ്ങള്‍ക്കു പുറത്തുളളതാണ്. പലപ്പോഴും അവയെ നിഷേധിച്ചെന്നിരിക്കും.1 എന്ന കാവാലം നാരായണപ്പണിക്കരുടെ പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. അവതരണകാര്യത്തില്‍ കേരളത്തിലെ വ്യത്യസ്തങ്ങളായ അനുഷ്ഠാനകലാരൂപങ്ങളുടെ ഭാഗമായും സ്വതന്ത്രമായുമുളള നില പുറാട്ടുകള്‍ക്കുണ്ട്. കേരളീയമായ നാടോടിവഴക്കങ്ങളിലെ ഹാസ്യാവതരണങ്ങളില്‍ പലതുകൊണ്ടും പ്രത്യേകതയുളള   ഒന്നായി മാപ്പിളപ്പുറാട്ടിനെ പരിഗണിക്കണം. ചില പുറാട്ടുകള്‍ വംശീയപ്രാധാന്യത്തോടുകൂടി അവതരിപ്പിച്ചുവരുന്നു. അത്തരം പുറാട്ടുകളുടെ ശീര്‍ഷകങ്ങളില്‍ വംശീയപരാമര്‍ശം പ്രകടമാകുന്നുണ്ടെങ്കിലും അവതാരകര്‍ അതേ വംശത്തില്‍പ്പെട്ടവരാകണമെന്നില്ല. പാണപ്പുറാട്ട്, ശാലിയപ്പുറാട്ട്, കാക്കാരിശ്ശിനാടകം തുടങ്ങി പലതും ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഇതിനനുബന്ധമായ ഒന്നാണ് മാപ്പിളപ്പുറാട്ട്. മറ്റു ചില പുറാട്ടുകള്‍ക്കുളളിലും വംശീയ സൂചകമായിട്ടുളള അനുബന്ധങ്ങളുണ്ടാകാറുണ്ട്. തിരുവന്തപുരം ജില്ലയിലെ ശാര്‍ക്കരക്ഷേത്രത്തില്‍ അവതരിപ്പിക്കുന്ന അനുഷ്ഠാനമായ ശാര്‍ക്കരക്കാളിയൂട്ടിനോടനുബന്ധിച്ചുളള വിഡംബനങ്ങളിലെ കാവിലുട നായര്‍ പുറപ്പാട്, പുലയന്‍ പുറപ്പാട്, കണിയാര് കുറുപ്പ്, പടയണിയിലെ തോണിക്കാരന്‍ അന്തോണി, തങ്ങളും പടയും, പുലയന്‍ പുറപ്പാട്, മുടിയേറ്റിലെ കോയിമ്പിട നായര്‍ തുടങ്ങിയവയും ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം സ്മരിക്കേണ്ടവതന്നെ. ഇതെല്ലാം പുറാട്ടുകളുടെ സാമൂഹികവും ജനകീയവുമായ പ്രാധാന്യം വ്യക്തമാക്കുന്നു. കേരളീയരുടെ സാമൂഹികബോധത്തിലെ മതേതരനില വ്യക്തമാക്കുന്നതില്‍ മാപ്പിളപ്പുറാട്ടുകള്‍ക്ക് സവിശേഷ പ്രാധാന്യമുണ്ട്. സമൂഹത്തില്‍ എല്ലാക്കാലത്തും ജാതിബോധവും മതബോധവും ലിംഗബോധവുമെല്ലാം നിലനില്‍ക്കുന്നു. ജാതി, മതം, ലിംഗം എന്നിവയുടെ സ്വത്വത്തെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സമത്വത്തെ അംഗീകരിക്കുകയും മറ്റുളളവയെ സ്വീകരിക്കുകയും യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് സമൂഹത്തിന്‍റെ ആശ്വാസ്യമായ നിലനില്‍പ് സാധ്യമാകുന്നത്. മാപ്പിളപ്പുറാട്ടുകളെക്കുറിച്ചുളള സൂക്ഷ്മാവലോകനത്തിലൂടെ അവതരണത്തിലെ മതേതരവും ജനകീയവുമായ പൊതുബോധനിര്‍മിതിയുടെ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയും. വിവിധ സംസ്കാരങ്ങളുടെ ഗുണപരമായ കൊടുക്കല്‍വാങ്ങലുകളുടെയും കൂടിച്ചേരലിന്‍റെയും വേദിയായി മാപ്പിളപ്പുറാട്ടിനെക്കുറിച്ചുളള പഠനം പൊതുബോധത്തില്‍ മാപ്പിളപ്പുറാട്ടുകളുടെ സാസ്കാരിക വിനിമയത്തെപ്പറ്റിയുളള അന്വേഷണമാകുന്നു. നിലവിലെ ലോക-ഇന്ത്യന്‍സാഹചര്യത്തില്‍നിന്നും കേരളീയപരിസരം കൂടുതല്‍ ബഹുസ്വരമാക്കുന്നതില്‍ കേരളീയസാംസ്കാരിക കലാപരിസരങ്ങളുടെ പങ്ക് വലുതാണ്. അവ മതപാരസ്പര്യത്തിന്‍റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ വിനിമയം ചെയ്യുന്നു. അത്തരം സാധ്യതകളെ വിശദീകരിക്കാനും മാപ്പിളപ്പുറാട്ടുകള്‍ക്ക് കഴിയുന്നുണ്ട്.

അവതരണപരിസരം

കേരളത്തില്‍ വ്യത്യസ്തകലാരൂപങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന പുറാട്ടുകളിലെ പ്രധാനപ്പെട്ട അവതരണമാണ് മാപ്പിളപ്പുറാട്ടുകള്‍. പാലക്കാട് ജില്ലയില്‍ അവതരിപ്പിക്കപ്പെടുന്ന പുറാട്ടുനാടകത്തിലും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അവതരിപ്പിക്കപ്പെടുന്ന ശാലിയപ്പുറാട്ടിലും തെയ്യപ്പുറാട്ടുകളിലും പത്തനംതിട്ടയില്‍ അവതരിപ്പിച്ചുവരുന്ന പടയണിയിലെ തങ്ങളും പടയും എന്ന ഭാഗത്തും പ്രധാനവേഷങ്ങളായി മാപ്പിളപ്പുറാട്ടുകള്‍ അരങ്ങിലെത്തുന്നു. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നതാണ് കേരളത്തിലെ പ്രാദേശികമായ കൂട്ടങ്ങള്‍. വ്യത്യസ്തമായ പ്രാദേശികക്കൂട്ടങ്ങള്‍ ഒരുമിച്ചുചേരുമ്പോള്‍ വിശാലമായ സാംസ്കാരികഭൂപടം രൂപപ്പെടുന്നു. പ്രാദേശികമായ സംഘങ്ങളിലൂടെയാകും സമൂഹം പുലര്‍ന്നുപോരുന്നത്. ڇസമൂഹമാണ് ഫോക്കിനെ എന്നും നിലനിര്‍ത്തുന്നത്. സമൂഹമില്ലാത്ത ഒരു കാലഘട്ടത്തില്‍ ഫോക്ലോറും അപ്രത്യക്ഷമായെന്നു വരാം.2 സാമൂഹികമായ പൊതുബോധം പ്രകടമാക്കുന്ന കൂട്ടങ്ങളുടെ ആത്മാവിഷ്കാരങ്ങളായ കലാരൂപങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ദൃശ്യാവിഷ്കാരങ്ങള്‍ക്കുമെല്ലാം പ്രാദേശികഭേദം ഉണ്ടാവുകയും ചെയ്യും. ഇത് ഫോക്ലോറിന്‍റെ പ്രധാന സവിശേഷതയുമാണ്. പ്രാദേശികസ്വത്വം നിലനിര്‍ത്തിക്കൊണ്ട് വിശാലമായ മനുഷ്യജീവിതപരിസരങ്ങളെ പുറാട്ട് വിഷയീകരിക്കുന്നു. ഒപ്പം കലയുടെ പൊതുവായ സവിശേഷതകള്‍ പ്രാദേശികമായ അതിരുകള്‍ക്കപ്പുറം എല്ലാ അവതരണങ്ങളിലും കാണാന്‍ സാധിക്കും. ഈ രണ്ട് സവിശേഷതകളും മാപ്പിളപ്പുറാട്ടുകളിലുമുണ്ട്. അവതരണസന്ദര്‍ഭത്തില്‍ പ്രാദേശികക്കൂട്ടത്തില്‍ മുസ്ലീം വിഭാഗത്തിന്‍റെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണിവിടെ. മലബാറിലെ സാധാരണ മുസ്ലീം സമുദായത്തിന്‍റെ വേഷം, ഭാഷ, ജീവിതരീതി തുടങ്ങി എല്ലാ വംശീയഘടകങ്ങളെയും അംഗീകരിക്കുകയും പ്രാദേശികവും ജനകീയവുമായ കൂട്ടത്തിലേക്ക് സമന്വയിപ്പിക്കുകയും ചെയ്യുന്നു. കാസര്‍കോട്ജില്ലയിലെ തെയ്യങ്ങളുടെ ആഹാര്യ സ്വഭാവത്തോടുകൂടിയാണ് മാപ്പിളപ്പുറാട്ടുകളും അരങ്ങിലെത്തുന്നത്. ചെറിയ വ്യത്യാസങ്ങള്‍ മാത്രമേ വേഷത്തില്‍ പ്രകടമാകാറുളളൂ. ബഹുഭാഷാസാംസ്കാരികപരിസരങ്ങളെ ഉള്‍ക്കൊളളുന്ന കാസര്‍കോടിന്‍റെ പൊതുബോധം മാപ്പിളപ്പുറാട്ടുകളുടെ സാമൂഹികസ്വത്വം ഇപ്രകാരം കൃത്യമായും ഉള്‍ക്കൊളളുന്നുണ്ട്. 

വംശീയ സ്വത്വാവിഷ്കാരം

ജാന്‍ ഹാരോള്‍ഡ് ബ്രുവാന്‍ഡ് ഫോക്ലോറിന്‍റെ പ്രത്യേകതകളെ വിശദമാക്കുന്ന സന്ദര്‍ഭത്തില്‍ It exists in different versions എന്ന് പ്രാധാന്യത്തോടെ സൂചിപ്പിക്കുന്നുണ്ട്.3 ഈ വ്യത്യസ്തതകള്‍ വംശീയഭേദം, പ്രാദേശികഭേദം, പാഠഭേദം എന്നീ മൂന്നുതലങ്ങളെയും ഉള്‍ക്കൊളളുന്നുവെന്ന വസ്തുതയും മനസ്സിലാക്കണം. വൈവിധ്യപൂര്‍ണമായ ഈ നില നാടോടിവഴക്കങ്ങളെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. മാപ്പിളപ്പുറാട്ടുകള്‍ മുസ്ലീംവംശീയതയുടെ നേരര്‍ത്ഥങ്ങളെ പലനിലയിലും പ്രതിനിധാനം ചെയ്യുന്നു. കളളിമുണ്ട്, ജുബ്ബ, ജുബ്ബയുടെ മുകളിലായി ചെറിയ കോട്ട് എന്നിങ്ങനെയാണ് പാലക്കാട് ജില്ലയിലെ മാപ്പിളപ്പുറാട്ടിലെ അവതാരകന്‍റെ വേഷം. കയ്യില്‍ നീളന്‍ തൂവാല, അധികം വലിപ്പമില്ലാത്ത കോല്‍ എന്നിവയുമുണ്ടാകും. അരങ്ങില്‍ എത്തിയതിനുശേഷം പാട്ടുപാടി ചെറിയ ചുവടുകളോടെ നൃത്തം ചെയ്യുന്നു. പിന്നീട് അരങ്ങിലുളള ആശാന്‍, ഹാസ്യനടന്‍ എന്നിവരുമായുളള സംഭാഷണങ്ങളിലൂടെയാണ് മാപ്പിളപ്പുറാട്ടിന്‍റെ അവതരണം നടക്കുന്നത്. വേഷത്തിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം കലര്‍പ്പ് സംഭവിച്ച സാമൂഹ്യക്രമം ഇതിലൂടെ അവതരിപ്പിക്കുന്നു. അവതരണത്തില്‍ തനതുവേഷം പിന്തുടരുന്നതിലും വംശീയപ്രാധാന്യം ഏറെയുണ്ട്. 

മുസ്ലീംസമുദായത്തില്‍ സഹോദരന്‍, ഭര്‍ത്താവ്, അമ്മാവന്‍ എന്നീ ബന്ധങ്ങളെ സംബോധന ചെയ്യാനായി മാപ്പിളപ്പുറാട്ടുകളിലെ വാചികാഭിനയത്തില്‍ സ്വീകരിച്ചിട്ടുളള പദങ്ങള്‍ വംശീയമായ തനതുനില കാക്കുന്നവയാണ്. ഇക്ക, കാക്ക, ഇച്ച തുടങ്ങിയ സംബോധനകള്‍ ഇപ്രകാരം ഇവയില്‍ കാണാവുന്നതാണ്. മുതിര്‍ന്ന പുരുഷന്മാരെയും മറ്റും څകാക്കچ എന്നാണ്  പൊതുവായി സംബോധന ചെയ്യുന്നത്.  പാലക്കാടിലെ പുറാട്ടുകളില്‍ മുസ്ലീംസമുദായ പ്രതിനിധിയായി څകാക്കچഎന്ന കഥാപാത്രം അരങ്ങിലെത്തുന്നു. കാക്ക എന്ന വിളി ചിരിയുണര്‍ത്തുന്നുവെങ്കിലും ഈ പദം കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും മലബാറിലാകെ പ്രയോഗമുണ്ടെന്ന കാര്യവും പ്രാധാന്യമര്‍ഹിക്കുന്നു. ഞമ്മള്, ഇബിടെ, ബസൂലാക്കല്‍ തുടങ്ങി പ്രാദേശികമായ മുസ്ലീംപദ പ്രയോഗങ്ങളാണ് പുറാട്ടിലെ മാപ്പിളവേഷം ഉപയോഗിക്കുന്നത്. മാപ്പിളവേഷക്കാരന്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍, പ്രയോഗങ്ങള്‍ എന്നിവ ഹാസ്യനടന്‍റെ സംഭാഷണത്തിലും ആവര്‍ത്തിക്കും. ഇതുപോലെ ഹാസ്യനടന്‍റെ സംഭാഷണത്തിലെ പ്രയോഗങ്ങള്‍ തിരിച്ച് മാപ്പിളവേഷക്കാരും പ്രയോഗിക്കാറുണ്ട്. തുളുഭാഷയും കാസര്‍കോട് ജില്ലയിലെ മാപ്പിളപ്പുറാട്ടുകളില്‍ ഉപയോഗിക്കും.4 തെയ്യപ്പുറാട്ടുകള്‍ക്കൊപ്പമുളള മാപ്പിളപ്പുറാട്ടിന്‍റെ തോറ്റം തുളുഭാഷയിലാണ്. അവതരിപ്പിച്ചുവരുന്നത്.

ബളിമ ബളിമ ബളിമ സോളങ്ക
ബളിമ ണമ്മണാ ഉദറ് പണ്ണക 

തുടങ്ങിയ ഉദാഹരണങ്ങള്‍ ഇവിടെ നല്‍കാനുണ്ട്. ഭാഷാപരമായ സമന്വയമാണിവിടെ സംഭവിക്കുന്നത്.

മാപ്പിളപ്പുറാട്ടിന്‍റെ സാമൂഹികപ്രസക്തി

ഒരു ഫോക്സമൂഹത്തിന്‍റെ കൂടി ഭാഗമായാണ് പുറാട്ടുകള്‍ നിലനില്‍ക്കുന്നത്. രാത്രി മുതല്‍ രാവിലെ പുലരുംവരെ അരങ്ങേറുന്ന പുറാട്ടുകളുടെ നിലനില്പ് പ്രശ്നവത്കരിക്കേണ്ടതുണ്ട്. പുറാട്ടുകള്‍ പോലുളള കലാരൂപങ്ങള്‍ നിലനില്‍ക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. ഏതുകാലത്തുനിന്നുകൊണ്ടും സാമൂഹികജീവിതത്തിന്‍റെ ചരിത്രപരമായ അന്വേഷണങ്ങളാണവ. പാട്ടിലൂടെയും സംഭാഷണങ്ങളിലൂടെയും മാറിവരുന്ന സാഹചര്യങ്ങളോടുളള പ്രതികരണം പുറാട്ടുകളില്‍ അവതരിപ്പിക്കുന്നുണ്ട്. 

പണ്ടത്തെ പഠിപ്പിന്‍റെ നൂറിരട്ടി പോയി
പലവിധ പരിഹാസം പതിവായിപ്പോയി

ഈ നാടിന്‍റെ മാതൃഭാഷ മതിയായിപ്പോയി. (മണ്ണൂര്‍ ചന്ദ്രനാശാനും സംഘവും അവതരിപ്പിച്ച മാപ്പിളപ്പുറാട്ടിലെ വരികള്‍). എന്ന വരികള്‍ എല്ലാക്കാലത്തും പ്രസക്തമാണ്. കൂട്ടായ്മയുടെയും പരസ്പരസൗഹാര്‍ദ്ദത്തിന്‍റെയും വിനിമയത്തിന്‍റെയും ബോധവല്‍ക്കരണം ഇപ്രകാരം മാപ്പിളപ്പുറാട്ടുകള്‍ നല്‍കുന്നുണ്ട്.

വിദ്യപെരുത്തൊരു കേരളനാട്ടില്‍
വിവിധ മതക്കാരുടെ തറവാട്ടില്‍
തലമുറയായി പഠിപ്പും പലമട്ടില്‍
മത്തായി ഞാനുമെന്നൊരച്ചരനാമമുണ്ടോ
മറ്റുളള മതക്കാരും ഹരിശ്രീയെന്നോ5 
(മാപ്പിളപ്പുറാട്ട്, പൊറാട്ടുനാടകം)

എന്ന അവതരണം പൊതുസമൂഹത്തില്‍ എല്ലാമതവിഭാഗങ്ങളെയും അംഗീകരിക്കേണ്ടുന്നതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു. സംസ്കാരികസമന്വയത്തെയും മതസമന്വയത്തെയും നിലനിര്‍ത്തിപ്പോരുന്നതില്‍ മാപ്പിളതെയ്യങ്ങളും മാപ്പിളപ്പുറാട്ടുകളും പല നിലയിലും പങ്ക് വഹിക്കുന്നുണ്ട്. ഹിന്ദുമുസ്ലീം ഐക്യത്തെ ഓര്‍മ്മപ്പെടുത്തുന്ന കഥകളും പുരാവൃത്തങ്ങളും മാപ്പിളപ്പുറാട്ടുകളുടെ ഭാഗമാണ്. ആര്യപ്പൂങ്കന്നി എന്ന ദേവതയെ ബപ്പിരിയന്‍ എന്ന കപ്പിത്താന്‍ സഹായിച്ച കഥയ്ക്ക് ഈ രൂപത്തിലുളള പ്രസക്തിയുണ്ട്. പരസ്പര സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയേണ്ടുന്നതിന്‍റെ ആവശ്യകത മാപ്പിളപ്പുറാട്ട് എന്ന ഹാസ്യാവതരണത്തിലൂടെ അവതരിപ്പിച്ചുവരുന്നു. മറ്റുതെയ്യങ്ങള്‍ക്കൊപ്പം മാപ്പിളപ്പുറാട്ടുകളും കാവുകളില്‍ അവതരിപ്പിക്കപ്പെടുന്നതിലൂടെ ഐക്യത്തിന്‍റെ മറ്റൊരു തലം കൂടി രൂപപ്പെടുന്നുണ്ട്. വര്‍ത്തമാനകാല സാമൂഹികപരിസരങ്ങളില്‍ മാപ്പിളപ്പുറാട്ടിന്‍റെ ഇത്തരം അവതരണങ്ങള്‍ക്ക് പ്രസക്തിയേറെയുണ്ടെന്ന് പറയേണ്ടതില്ലല്ലോ. പാരമ്പര്യം വര്‍ത്തമനകാലത്തിന്‍റെയും ഭാവികാലത്തിന്‍റെയും ക്രിയാത്മകമായ അവതരണപാഠങ്ങളായിത്തീരുന്നതിന് മാപ്പിളപ്പുറാട്ടുകള്‍ ഇപ്രകാരം സാക്ഷ്യം വഹിക്കുന്നു.

ഫോക്ലോറിന്‍റെ സാധ്യതകളെല്ലാംതന്നെ പ്രകടമാക്കുന്ന അവതരണകലയെന്ന നിലയില്‍ മാപ്പിളപ്പുറാട്ടുകളെ തിരിച്ചറിയേണ്ടതുണ്ട്. സംസ്കൃതിയുടെ പ്രാദേശികസ്വത്വങ്ങളെ നിലനിര്‍ത്തുന്നതോടൊപ്പം ഐക്യത്തിന്‍റെ അവബോധം കാത്തുസൂക്ഷിക്കാനും ഈ കലാരൂപത്തിന് കഴിയുന്നുണ്ട്. കേവലമൊരു  ഹാസ്യാവതരണമെന്നതിനേക്കാള്‍ അനീതികളെ പ്രതിരോധിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ നിസ്തുലമായ സാമൂഹിക കര്‍ത്തവ്യം അനുഷ്ഠിക്കുകയെന്ന ധര്‍മ്മപരത മാപ്പിളപ്പുറാട്ടുകള്‍ പുലര്‍ത്തുന്നുണ്ട്. കേരളത്തിന്‍റെ സാമൂഹികനവോത്ഥാനചരിത്രവഴികളെ അടയാളപ്പെടുത്തുമ്പോള്‍ മാപ്പിളപ്പുറാട്ടുകളുടെ സാധ്യതകളെ നാം അവഗണിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ജനബോധ്യത്തിന്‍റെ പൊതുനില കാലങ്ങള്‍ക്കിപ്പുറവും കാക്കുന്ന ദൃശ്യാവിഷ്കാരങ്ങളായ മാപ്പിളപ്പുറാട്ടുകള്‍ക്ക് വര്‍ത്തമാനകാല കേരളീയസാമൂഹികപരിസരങ്ങളില്‍ ഏറെ പ്രസക്തിയുണ്ടെന്ന കാര്യം വിസ്മരിക്കരുത്.

കുറിപ്പുകള്‍

1. കാവാലം നാരായണപ്പണിക്കര്‍, 1997, പൊറാട്ടു സങ്കല്പം, കേരളീയതയുടെ നാട്ടറിവ്, പുസ്തകം 2, ലക്കം 8.
2. രമേശ്, 2006, ഫോക്ലോര്‍ ഇതര വൈജ്ഞാനിക മേഖലകളില്‍, പൊലിക-4.
3. Jan Harold Brunvand, The study of American folklore an introduction, p.4.
4. കുഞ്ഞികൃഷ്ണന്‍, ആവേദകന്‍, തെയ്യം കലാകാരന്‍, കാസര്‍കോട്.
5. Anamika Edathara (2020, October 31). Porattu nadakam(Mappila Porattu),[video].Youtube.https://www.youtube.com/watch?v=pYpYN5prhM.

ഗ്രന്ഥസൂചി

കരിപ്പത്ത് ആര്‍.സി., 2014, മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍, ന്യൂ ബുക്സ്, കണ്ണൂര്‍.
നായര്‍ എസ്.കെ., 1962, കേരളത്തിലെ നാടോടി നാടകങ്ങള്‍, മദ്രാസ് യൂണിവേഴ്സിറ്റി.
ഭാര്‍ഗവന്‍പിളള ജി., 2008, പൊറാട്ടുനാടകവും മറ്റും, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം.
ശില്‍പ എന്‍ പി
ഗവേഷക, മലയാള വിഭാഗം
കേരള കേന്ദ്രസര്‍വകലാശാല
കാസര്‍കോട്