Forensic Linguistics: Fields and Approaches

Dr. Saidalavi C

The present study intends to make an overview of the subject matter, fields and major approaches of forensic linguistics, a relatively new discipline introduced in the linguistics circle of Kerala. It evaluates the history and development of Forensic Linguistics, citing the milestones in the use of linguistic evidence in legal proceedings. The study introduces the major fields of forensic linguistic enquiry including author identification, forensic stylistics, discourse analysis, and forensic phonetics. Referring to the major legal cases across the globe, the study identifies some theoretical and methodological issues in using linguistics evidence in legal domains. Legal complications born out of the issue of morphological meaning, phonemic similarity, syntactic complexities, grammatical and lexical ambiguity, pragmatic meaning, and idiolect are discussed in detail citing the relevant cases in this field, and using the living examples in the context of Malayalam language. As an emerging discipline the academic and professional scope of forensic linguistics in Kerala is also discussed in this study.  

Keywords: Forensic linguistics, language of the law, analytical toolkit, textual analysis, forensic discourse analysis, syntactic complexities, lexical and grammatical ambiguity, author identification, plagiarism, pragmatics, idiolect, forensic phonetics, acoustic phonetics, speaker identification. 

References:

Brazil, D.C. (1985) The Communicative Value of Intonation, Birmingham: English Language Research.
Broeders, A.P.A. and  Rietveld, A.C.M. (1995) ‘Speaker identifi cation by earwitnesses’, in A. Braun and J.-P. Köster (eds) Studies in Forensic Phonetics, Trier: Wissenschaftlicher Verlag, 24–40.
French, J.P. (1994) ‘An overview of forensic phonetics’, Forensic Linguistics, 1, ii, 169–81
Grice, H.P. (1975). “Logic and Conversation,” Syntax and Semantics, vol.3 edited by P. Cole and J. Morgan, Academic Press. Reprinted as ch.2 of Grice 1989, 22–40.
Jan Svartvik. (1968). The Evans statement: a case of forensic linguistics. Gotenberg: University of Gotenberg
Kaplan, J.P., Green G.M., Cunningham, C.D. and Levi J.N. (1995) ‘Bringing linguistics into judicial decision making: semantic analysis submitted to the US Supreme Court’, Forensic Linguistics, 2, i, 81–98.
Levi, J.N. (1993) Language as evidence: the linguist as expert witness in North American Courts. Forensic Linguistics, 1, i, 1–26.
Malcom Coulthard and Alison Johnson. (2007). An Introduction to Forensic Linguistics: Language in Evidence. London: Routledge
Philbrick, F.A. (1949) Language and the Law: The semantics of forensic English, New York: Macmillan
Roy Monsefi. (2012). Language in Criminal Justice: Forensic Linguistics in Shipman trail. International Journal of Law, Language & Discourse 2 (2), 43-69
Shuy, (1993) Language Crimes: the use and abuse of language evidence in the courtroom, Cambridge, MA: Blackwell.
Dr. Saidalavi C
Asso. Professor
Malayalam University
Vakkad PO
India
Pin: 676502
Ph: +91 9895012935
Email: drsaid@temu.ac.in
ORCID: 0000-0002-8011-4803


കുറ്റാന്വേഷണഭാഷാശാസ്ത്രം: മേഖലകള്‍ സമീപനങ്ങള്‍ 

ഡോ. സെയ്തലവി സി

ഭാഷാകുരുക്കുകളൊരുക്കുന്ന നിയമപ്രശ്നങ്ങളുടെയും അവ അഴിയ്ക്കാന്‍ ഭാഷാശാസ്ത്രവൈദ്ഗധ്യം തേടുന്ന വിധിന്യായസന്ദര്‍ഭങ്ങളുടെയും ശാസ്ത്രീയചര്‍ച്ചകള്‍ക്ക് ആക്കം വര്‍ധിച്ചത് കഴിഞ്ഞ രണ്ടോ മൂന്നോ ദശകങ്ങള്‍ക്കിടെയാണ്. ഭാഷാവിശകലനത്തിലൂടെ കുറ്റം തെളിയിക്കേണ്ടി വന്ന പ്രമാദമായ ചില കേസുകളാണ് യു.കെയില്‍ ഭാഷ കേന്ദ്രീകരിച്ചുള്ള കുറ്റാന്വേഷണത്തിന് അടിസ്ഥാനമിട്ടത്.  ഭിഷഗ്വരനായിരുന്ന ഡോ. ഹാരോള്‍ഡ് ഷിപ്പ്മാന്‍റെ പേരില്‍ 2000-ത്തില്‍ ആരോപിക്കപ്പെട്ട കൊലപാതകപരമ്പരകളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ രംഗത്തെ പ്രധാനവഴിത്തിരിവ്. റോയ മോന്‍സെഫി (2002) ഈ കേസിന്‍റെ പശ്ചാത്തലം ഇനി പറയും പ്രകാരം വിശദീകരിക്കുന്നു. ഷിപ്പ്മാന്‍റെ ചികിത്സയിലിരിക്കെ മരിക്കുന്ന വയോധികരുടെ അസ്വാഭാവികമായ എണ്ണക്കൂടുതലിനെക്കുറിച്ച് പല കോണുകളില്‍ നിന്നും സംശയമുയര്‍ന്നിരുന്നുവെങ്കിലും സംശയാതീതമായ തെളിവുകളുടെ അഭാവത്തില്‍ അവയെല്ലാം സ്വാഭാവികമരണമായി കണക്കാക്കിപ്പോരുകയായിരുന്നു യു.കെയിലേ പോലീസ് വകുപ്പ്. ഇക്കൂട്ടത്തില്‍ കാഥലിന്‍ ഗ്രന്ദിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ മകള്‍ ഏയ്ഞ്ചലോ വുഡ്റഫ് ഉയര്‍ത്തിയ ആരോപണങ്ങളാണ്.  ഡോ. ഹാരോള്‍ഡ് ഷിപ്പ്മാന്‍ എന്ന കൊടുംകൊലപാതകിയെ വെളിച്ചത്തുകൊണ്ടുവരാന്‍ ഇടയാക്കിയത്. മരണശേഷം സ്വത്തിന്‍റെ വലിയൊരു ഭാഗത്തിന് ഡോ. ഷിപ്പ്മാനെ അവകാശിയാക്കുന്ന തരത്തില്‍ കാഥലിന്‍റെതായി കണ്ടെടുത്ത വില്‍പത്രം വ്യാജമാണെന്നും അത് ഡോക്ടര്‍ തന്നെ തയ്യാറാക്കിയതാണെന്നും ഏയ്ഞ്ചല ആരോപണമുന്നയിച്ചു. അമ്മ നേരത്തെ തയ്യാറാക്കിയ വില്‍പത്രത്തിലെ ഭാഷയും പുതിയ വില്‍പത്രത്തിലെ ഭാഷയും തമ്മിലുള്ള അന്തരം തെളിയിക്കാനായതിലൂടെയാണ് വയോധികരുടെ കൊലപാതകം വിനോദമാക്കിയ ഡോ. ഷിപ്പ്മാന്‍ ജയിലിലായത്. അപ്പോഴേക്കും ഇരുനൂറ്റി പതിനഞ്ചോളം വയോധികള്‍ ആ ഡോക്ടറുടെ കൈകളാല്‍ കൊല്ലപ്പെട്ടിരുന്നു. ജയിലില്‍ വച്ച് ഡോക്ടര്‍ പിന്നീട് ആത്മഹത്യചെയ്യുകയാണുണ്ടായത്. കുറ്റാന്വേഷണഭാഷാശാസ്ത്രമെന്ന വിജ്ഞാനശാഖയുടെ അസ്ഥിവാരമുറപ്പിച്ച കേസ് എന്ന നിലയ്ക്കാണ് ഈ സംഭവം ഇവിടെ വിശദീകരിച്ചത്. കുറ്റാന്വേഷണരേഖാപരിശോധകര്‍ എന്ന നിലയില്‍ ഭാഷാശാസ്ത്രജ്ഞരുടെ സേവനം നിയമമേഖലയില്‍ അനുപേക്ഷണീയമാക്കിയതില്‍ ഡോ. ഷിപ്പ്മാന്‍ കേസും അതിന് മുമ്പും പിമ്പും വന്ന ചില കേസുകളും നിര്‍ണായകമായിതീര്‍ന്നു. 

ഡോ.ഷിപ്പ്മാന്‍ കേസിനു വളരെ മുമ്പുതന്നെ ഭാഷയെ ബന്ധിപ്പിച്ച് ഫോറന്‍സിക് അഥവാ കുറ്റാന്വേഷണം എന്ന പദം മറ്റു പലരും ഉപയോഗിച്ചിരുന്നു. ഫില്‍ബ്രിക്കിനെയാണ് (1949) ആണ് ഇക്കൂട്ടത്തില്‍ അമരക്കാരനായി കോല്‍ഥാഡും ജോണ്‍സനും (2007:5) കണക്കാക്കുന്നത്. ഫ്രില്‍ബ്രിക്കിന്‍റെ ലീഗല്‍ ഇംഗ്ലീഷ്, ലാംഗ്വേജ് ആന്‍റ് ലോ: ദി സെമാന്‍റിക്സ് ഓഫ് ഫോറന്‍സിക് ഇംഗ്ലീഷ് എന്ന പുസ്തകശീര്‍ഷകത്തിലാണ് ഫോറന്‍സികിനെ ഭാഷയുമായി ബന്ധിപ്പിക്കുന്ന പദസംഹിത ആദ്യം ഉപയോഗിച്ചതെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ നിയമരംഗത്ത് കുറ്റാന്വേഷണ ഭാഷാവൈദഗ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ആദ്യം ചൂണ്ടിക്കാട്ടിയവരില്‍ പ്രധാനി ജാന്‍സ്വാര്‍ത്വിക് (1968) ആണ്. അദ്ദേഹത്തിന്‍റെ 'ഇവാന്‍സിന്‍റെ മൊഴികള്‍: കുറ്റാന്വേഷണ ഭാഷാശാസ്ത്ര കേസ്' എന്ന ഗ്രന്ഥമാണ് കുറ്റാന്വേഷണഭാഷാശാസ്ത്രത്തിന്‍റെ രീതിശാസ്ത്രം നിര്‍ണയിക്കുന്നതില്‍ സുപ്രധാന നാഴികക്കല്ലായി മാറിയത്. 

50കളും 60കളും കുറ്റാന്വേഷണഭാഷാശാസ്ത്രത്തിന്‍റെ ബീജാങ്കുരകാലം മാത്രമായിരുന്നു. കുറ്റാന്വേഷണത്തില്‍ ഭാഷാവൈദഗ്ധ്യത്തിന്‍റെ പങ്ക് നിയമവൃത്തങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും ജ്ഞാനധാരയെന്ന നിലയില്‍ അതിന്‍റെ പുരോഗതി മന്ദഗതിയിലായിരുന്നു. തര്‍ക്കവിഷയമാകാറുള്ള മൊഴികളിലെയും കുറ്റസമ്മതങ്ങളിലെയും ഭാഷാപരമായ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒറ്റപ്പെട്ട ചില ലേഖനങ്ങളില്‍ മാത്രമായി അവ ഒതുങ്ങുകയാണുണ്ടായത്.  ഭാഷാജ്ഞാനത്തിലൂന്നിയ വൈയക്തികമായ ധിഷണാപ്രയോഗങ്ങള്‍ക്കപ്പുറം നെല്ലും പതിരും തിരിച്ചറിയുവാനുതകുന്ന വിശകലനരീതിശാസ്ത്രം വികസിപ്പിക്കാന്‍ ഇക്കാലത്ത് കാര്യമായ ശ്രമങ്ങളുണ്ടായില്ല. ഇക്കഴിഞ്ഞ വെറും നാല് ദശകങ്ങള്‍ക്കിടെയാണ് കുറ്റാന്വേഷണഭാഷാശാസ്ത്രം  അഭൂതപൂര്‍വമായ വികാസം കൈവരിച്ചതെന്ന് കൊല്‍ഥാഡും ജോണ്‍സനും (2007) ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ വിവിധ രാജ്യങ്ങളിലെ കോടതികള്‍ നിരവധി പ്രമാദമായ കേസുകളിലെ വിധിതീര്‍പ്പിന് ഭാഷാവിദഗ്ധരെ ആശ്രയിച്ചതായി നിരവധി കേസുകള്‍ ഉദ്ധരിച്ച് റോയ മോന്‍സെഫി (2020) തെളിയിക്കുന്നു. ഏറ്റവുമൊടുവില്‍, 'ഹിജാബി'നെതിരായ കര്‍ണാടക ഹൈക്കോടതിവിധി പ്രധാനമായി ഒരു കോശിമത്തെയും അതിന്‍റെ ആര്‍ഥികസന്ദര്‍ഭത്തെയും ആശ്രയിച്ചുള്ളതായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ഒരു ദശകത്തിനിടെ കുറ്റാന്വേഷണഭാഷാശാസ്ത്രത്തിന്‍റെ രീതിശാസ്ത്രം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഏറെക്കുറെ വ്യക്തതവന്നുതുടങ്ങിയിട്ടുണ്ട്. പലരാജ്യങ്ങളിലും കോടതികള്‍ മുഴുവന്‍സമയകുറ്റാന്വേഷണഭാഷാശാസ്ത്രജ്ഞരെ നിയോഗിച്ച് തുടങ്ങിയിട്ടുമുണ്ട്. ഐ. എ. എഫ്. എല്‍ (ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫോറന്‍സിക് ലിംഗ്വിസ്റ്റ്സ്), ഐ. എ. എഫ്. പി. എ (ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഫോറന്‍സിക് ഫൊനറ്റിക്സ് ആന്‍റ് അക്വസ്റ്റിക്സ്) എന്നീ രണ്ട് പ്രൊഫഷണല്‍ സംഘടനകളുടെ പങ്ക് ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. 1994-ല്‍ ഫോറന്‍സിക് ലിംഗ്വിസ്റ്റിക്സ് എന്ന പേരില്‍ ആരംഭിക്കുകകയും 2003-ല്‍ ഇന്‍റര്‍നാഷണല്‍ ജേണല്‍ ഓഫ് സ്പീച്ച്, ലാംഗ്വേജ് ആന്‍റ് ദി ലോ എന്ന പേര് മാറ്റുകയും ചെയ്ത ജേണലിലൂടെയാണ് കുറ്റാന്വേഷണഭാഷാശാസ്ത്രരംഗത്തെ നൂതനപ്രവണതകള്‍ക്ക് പ്രചാരം സിദ്ധിക്കുന്നത്.

മക്ഡൊണാള്‍ഡ്, ഗൂഗിള്‍ തുടങ്ങിയ വ്യാപാരനാമങ്ങള്‍ സംബന്ധിച്ച തര്‍ക്കത്തില്‍ ഒറ്റയൊറ്റ രൂപിമങ്ങളുടെ നിഷ്പത്തിയും ആര്‍ഥികസന്ദര്‍ഭവും സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതവരുത്തുവാനും കോടതി ഭാഷാശാസ്ത്രജ്ഞരുടെ സേവനം സ്വീകരിച്ചിരുന്നു. സാഹിത്യചോരണം സംബന്ധിച്ച കേസുകള്‍ ഭാഷാശാസ്ത്രജ്ഞരോട് സുദീര്‍ഘമായ പദസംഹിതകളുടെയും വാക്യങ്ങളുടെയും ശാസ്ത്രീയവിശകലനവും ആധികാരിത സംബന്ധിച്ച തെളിവുകളും ആവശ്യപ്പെടാറുണ്ട്.  കൊലപാതകം പോലുള്ള ഗുരുതരകുറ്റകൃത്യങ്ങളിലാകട്ടെ വ്യാജരേഖയെന്ന ആരോപണം നേരിടുന്ന കനപ്പെട്ട പാഠം (text) ആധാകാരികതയുറപ്പിക്കുവാനായി മൊത്തമായി വിശകലനവിധേയമാക്കേണ്ടിവരും. ഇന്ന് കുറ്റാന്വേഷണഭാഷാശാസ്ത്രത്തില്‍ മാനകമായ വിശകലനോപാധികള്‍ വികസിച്ചിട്ടുണ്ട്. പൊതുസ്വഭാവമുള്ള പല കേസുകള്‍ക്കും ഒരേ വിശകലനോപകരണസഞ്ചയം (Anlytical Toolkit)  തന്നെയാണ് ഉപയോഗിച്ചുവരുന്നത്. വിവരണാത്മകഭാഷാശാസ്ത്രത്തിലെ സങ്കല്പനങ്ങള്‍ക്കും രീതികള്‍ക്കുമാണ് മിക്ക കേസുകളുടെ വിശകലനത്തിലും പ്രാമുഖ്യം ലഭിക്കാറുള്ളത്. എന്നാല്‍ വൈയക്തികഭാഷാപ്രയോഗങ്ങളിലും വാമൊഴിരൂപങ്ങളിലും പൂണ്ടുകിടക്കുന്ന അപൂര്‍വമായ തെളിവുകള്‍ വെളിച്ചത്തെത്തിക്കാന്‍ വ്യതിരിക്തവും അനന്യവുമായ രീതിശാസ്ത്രവും സ്വീകരിക്കേണ്ടിവരാറുണ്ട്. കുറ്റാന്വേഷണത്തിന്‍റെ സ്വഭാവമനുസരിച്ച് സമൂഹശാസ്ത്രം, നരവംശശാസ്ത്രം, മനഃശാസ്ത്രം, നിയമം തുടങ്ങിയ വിവിധ വിജ്ഞാനധാരകളെ ഉള്‍ക്കൊള്ളുന്ന അന്തര്‍-ബഹുവൈജ്ഞാനിക സമീപനമാണ് കുറ്റാന്വേഷണഭാഷാശാസ്ത്രത്തില്‍ ഇന്ന് പ്രാമുഖ്യം കൈവരിക്കുന്നത്. എഴുപതുകളില്‍ ഭാഷാശാസ്ത്രരംഗത്ത് വ്യവഹാരാപഗ്രഥനത്തിന് കൈവന്ന സമ്മതിയുടെ അനുരണനങ്ങള്‍ കുറ്റാന്വേഷണഭാഷാശാസ്ത്രത്തിലും കാണാനാകും. കുറ്റാന്വേഷണഭാഷാശാസ്ത്രത്തിനകത്ത് കുറ്റാന്വേഷണവ്യവഹാരാപഗ്രഥനം (Forensic Discourse Analysis)  എന്ന പുതിയ ധാര തന്നെ ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. 

സ്വനം, സ്വനിമം, രൂപിമം, വാക്യം, കോശിമം, വ്യവഹാരം, പാഠം, പ്രകരണം തുടങ്ങിയ ഭാഷാപഗ്രഥനത്തിന്‍റെ സമസ്തതലങ്ങളെയും സ്പര്‍ശിക്കുന്നവിധം വിശകലനോപകരണസഞ്ചയങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ കുറ്റാന്വേഷണഭാഷാശാസ്ത്രത്തില്‍ സജീവമാണ്. കൊല്‍ഥാര്‍ഡും ജോണ്‍സനും (2007) അവതരിപ്പിക്കുന്ന ഏതാനും മാതൃകകള്‍ ഇനി ചര്‍ച്ചചെയ്യുന്നു.

രൂപിമാര്‍ഥവും സ്വനസാരൂപ്യവും കുറ്റാന്വേഷണത്തില്‍

ലോകപ്രശസ്തമായ പല വ്യാപാരനാമങ്ങളുടെയും രൂപിമാര്‍ഥവ്യം സ്വനസാരൂപ്യവും സംബന്ധിച്ച കേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ ഭാഷാശാസ്ത്രവിശകലനം നിര്‍ണായകമായിരുന്നുവെന്ന് കാണാം. മക്ഡൊണാള്‍ഡ് കോര്‍പ്പറേഷനും ക്വാളിറ്റി ഇന്‍ ഇന്‍റര്‍നാഷണലും തമ്മില്‍ "Mc' എന്ന രൂപിമത്തെ ചൊല്ലി നടന്ന തര്‍ക്കം ഇതിന് ഉത്തമോദാഹരണമാണ്. 'McDonald' എന്ന പേരിന്‍റെ മാത്രമല്ല അതിലെ 'Mc' എന്ന രൂപിമത്തിന്‍റെയും ഉടമസ്ഥാവകാശം തങ്ങള്‍ക്ക് മാത്രമാണെന്നും വ്യാപാരനാമമായി ഇത് മറ്റാര്‍ക്കും ഉപയോഗിക്കാനാവില്ലെന്നുമായിരുന്നു 'McDonald' കമ്പനിയുടെ വാദം. Mcsleep'  എന്ന പേരില്‍ ക്വാളിറ്റി ഇന്‍സ് ഹോട്ടല്‍ ശൃംഖലയ്ക്ക് തുടക്കമിട്ടതാണ് തര്‍ക്കത്തിന് വഴിവച്ചത്. 'Mc' എന്നത് സ്കോട്ടിഷ് ഭാഷയിലെ സവിശേഷ രൂപിമമാണ് എന്നും അത് "McDonald'ന് സ്വകാര്യസ്വത്താക്കാനാവില്ല എന്നുമായിരുന്നു ക്വാളിറ്റി ഇന്‍സിന്‍റെ മറുവാദം. McFries, McFish, McShakes  തുടങ്ങിയ 'Mc' പുരഃപ്രത്യയമായി തങ്ങള്‍ നിര്‍മിച്ച മക്ഭാഷയിലെ (McLanguage)  നിരവധിപദങ്ങള്‍ നിരത്തിയാണ് മക്ഡൊണാള്‍ഡ് കമ്പനി ഈ വാദത്തെ ഖണ്ഡിച്ചത്. 'Mc' ചേര്‍ന്ന ഉല്‍പ്പന്നങ്ങള്‍ കാലങ്ങളായി കൈവരിച്ച പ്രശസ്തിമൂല്യം കവരാനാണ് ക്വാളിറ്റി ഇന്‍സ് കമ്പനിയുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു. Son of എന്ന അര്‍ഥത്തില്‍ സ്കോട്ട്ലാന്‍റ്കാരും അയര്‍ലാന്‍റ്കാരും നൂറ്റാണ്ടുകളായി ഉപയോഗിച്ചുപോരുന്ന Mc എന്ന രൂപിമം ഒരു സ്വകാര്യകമ്പനി സ്വന്തമാക്കുന്നത് ഭാഷാസാമ്രാജ്യത്വമായിപ്പോലും അക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടു.

ഈ കേസില്‍ തെളിവുനല്‍കേണ്ടിയിരുന്ന ഭാഷാശാസ്ത്രജ്ഞന്‍ ഷുയ് കോര്‍പ്പസ് ഭാഷാശാസ്ത്രത്തെയാണ് കാര്യമായി ഉപജീവിച്ചത്. മാക്രൂപിമങ്ങളുടെ (McMorphemes)  നീണ്ടനിരയുള്‍ക്കൊള്ളുന്ന കോര്‍പ്പസ് കോടതിയ്ക്ക് മുമ്പില്‍ ഹാജരാക്കി കോര്‍പ്പസ് വിശകലനത്തിലൂടെ തനത് അര്‍ഥമുള്ള സ്വതന്ത്രകോശിമമാണ് Mc എന്നും "മൗലികമായ, സൗകര്യപ്രദമായ, ആദായകരമായ, ഗുണനിലവാരമുള്ള" എന്നീ വിശേഷണാര്‍ഥത്തില്‍ പൊതുവ്യവഹാരത്തില്‍ ഈ പദം ഉപയോഗിച്ച് പോരുന്നുണ്ടെന്നും ഷുയ് വാദിച്ചു. കോര്‍പ്പസില്‍ നിന്നുള്ള ഭാഷാശാസ്ത്രപരമായ ഈ തെളിവിനെ ഖണ്ഡിക്കാനായി കമ്പോളഗവേഷകരെയാണ് മക്ഡൊണാള്‍ഡ് കമ്പനി ആശ്രയിച്ചത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലികളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ ശേഖരിച്ച ങര എന്ന രൂപിമത്തെക്കുറിച്ചുള്ള പൊതുജനാവബോധമാണ് അവര്‍ കോടതിയ്ക്കുമുമ്പില്‍ തെളിവായി നിരത്തിയത്. Mc എന്നത് മാക്ഡൊണാള്‍ഡ് ഉല്‍പ്പന്നങ്ങളോട് ബന്ധപ്പെടുത്തിയാണ് പൊതുജനങ്ങള്‍ ഉള്‍ക്കൊള്ളുന്നതെന്ന് കോടതിയ്ക്കുമുമ്പില്‍ സ്ഥാപിക്കുന്നതില്‍ അവര്‍ വിജയിക്കുകയും വിധി മാക്ഡൊണാള്‍ഡിന് അനുകൂലമാകുകയും ചെയ്തു.  വ്യാപാരനാമതര്‍ക്കത്തില്‍ ഭാഷാവിദഗ്ധരെ ആശ്രയിക്കാന്‍ കോടതി നിര്‍ബന്ധിതമായി എന്നതാണ് കുറ്റാന്വേഷണഭാഷാശാസ്ത്രത്തില്‍ ഈ കേസിനുള്ള പ്രസക്തി.

വിവിധവ്യാപാരമുദ്രകളിലെ സ്വനസാരൂപ്യവും ഇത്തരത്തില്‍ തര്‍ക്കവിഷയമാകാറുണ്ട്. ആസ്ത്രേലിയയില്‍ Alkeran, Arclan എന്നീ മരുന്നുകളുടെ പേരിലുണ്ടായ തര്‍ക്കവും യൂറോപ്പില്‍ Guk, GAK എന്നീ കളിപ്പാട്ട ലേബലുകളെച്ചൊല്ലിയുള്ള തര്‍ക്കവും ഈ ഗണത്തില്‍പ്പെട്ടവയാണ്. ഈ ജോഡികളെല്ലാം ഉച്ചാരണപരമായി ഒന്നുതന്നെയാണോ എന്ന തീര്‍പ്പിലെത്താന്‍ കോടതികള്‍ക്ക് ഭാഷാശാസ്ത്രജ്ഞരെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ.

വാക്യഘടനാസങ്കീര്‍ണതകള്‍

വാക്യഘടനാസങ്കീര്‍ണതയുമായി ബന്ധപ്പെട്ട് വിദഗ്ധയെന്ന നിലയില്‍ കോടതിയില്‍ നല്‍കിയ ഒരു മൊഴിയെക്കുറിച്ച് ലെവി (1993) എഴുതിയിട്ടുണ്ട്. സാമ്പത്തികാനുകൂല്യത്തിനുള്ള അവകാശമുന്നയിക്കുന്നതിനായി ഒരു കമ്പനി ഗുണഭോക്താക്കള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും സംബന്ധിച്ചായിരുന്നു കേസ്. പരാതിക്കാര്‍ക്ക് ലഭിച്ച നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും ഭാഷാപരമായി ക്ലിഷ്ഠവും പരാതിക്കാരെ അവരുടെ അവകാശങ്ങള്‍ ബോധ്യപ്പെടുത്തുവാന്‍ അപര്യാപ്തവുമായിരുന്നു എന്നതായിരുന്നു വാദത്തിന്‍റെ കാതല്‍. നിര്‍ദ്ദേശങ്ങളും വ്യവസ്ഥകളും സംബന്ധിച്ച 'പാഠം' ഭാഷാവിദഗ്ധയെന്ന നിലയില്‍ ലെവി അപഗ്രഥിക്കുകയും കോടതിക്കു മുമ്പാകെ തെളിവുകള്‍ നല്‍കുകയും ചെയ്തു. സങ്കീര്‍ണമായ വാക്യഘടന 'പാഠ'ത്തിന്‍റെ യഥാര്‍ഥ സത്തയുള്‍ക്കൊള്ളുന്നത് തടസ്സപ്പെടുത്തുംവിധമാണെന്ന് അവര്‍ വാദിച്ചു. നിഷേധക്രിയകളുടെ ഇരട്ടിപ്പ്, നിഗൂഢപദയോഗങ്ങള്‍, വിചിത്രനാമീകരണം, കര്‍ത്താവില്ലാത്ത കര്‍മണിപ്രയോഗങ്ങള്‍, അയുക്തികമായ രീതിയിലുള്ള ഗതികളുടെയും ഉപാധിസൂചകങ്ങളുടെയും ചേരുവകള്‍ (eg. and or, if and unless), അര്‍ഥസന്ദിഗ്ധതയുണ്ടാക്കുന്ന സങ്കീര്‍ണസമാസങ്ങള്‍ എന്നിവ നിരത്തിയാണ് വിശകലനവിധേയമാക്കിയ പാഠം ഗ്രഹണയോഗ്യമല്ലെന്നും അയുക്തികമാണെന്നും സ്ഥാപിക്കാന്‍ അവര്‍ ശ്രമിച്ചത് (കൊല്‍ഥാര്‍ഡ് & ജോണ്‍സന്‍ 2007: 123-124). വാക്യഘടനാതലത്തിലൂന്നിയും കുറ്റാന്വേഷണഭാഷാശാസ്ത്രജ്ഞര്‍ക്ക് കോടതിയില്‍ വിദഗ്ധമൊഴി നല്‍കേണ്ടി വരുമെന്നതിനുള്ള ഉദാഹരണമാണ് മുകളില്‍ സൂചിപ്പിച്ചത്.

കോശീയ-വ്യാകരണിക സന്ദിഗ്ധതകള്‍

കോശീയവും വ്യാകരണികവുമായ സവിശേഷതകള്‍ ഉണ്ടാക്കുന്ന അര്‍ഥസന്ദേഹങ്ങള്‍ പലപ്പോഴും തര്‍ക്കവിഷയമാകാറുണ്ട്. അത്തരമൊരു അര്‍ഥസന്ദേഹത്തെക്കുറിച്ച് കപ്ലാനും കൂട്ടരും (1995) തയ്യാറാക്കിയ റിപ്പോര്‍ട്ട് കോടതിവിധിയെ സ്വാധീനിച്ചതായി കൊല്‍ഥാഡും ജോണ്‍സനും (2007) ഉദ്ധരിച്ചിട്ടുണ്ട്. 

തപാല്‍ വിതരണക്കാരനായ ഗ്രാന്‍റേഴ്സണ്‍ എന്നയാള്‍ ഒരു കത്ത് നശിപ്പിച്ചു എന്നതായിരുന്നു കുറ്റം. നിയമപ്രകാരം ഗ്രാന്‍റേഴ്സണ് ആറുമാസത്തെ തടവോ പിഴയോടുകൂടിയ നല്ലനടപ്പോ (ജൃീയമശേീി) ആയിരുന്നു ശിക്ഷയായി നല്‍കേണ്ടിയിരുന്നത്. തടവിന് പകരം പിഴയൊടുക്കിക്കൊണ്ടുള്ള അഞ്ചുവര്‍ഷത്തെ (60 മാസം) നല്ലനടപ്പാണ് ജഡ്ജ് ശിക്ഷയായി നല്‍കിയത്. നല്ലനടപ്പുകാലയളവില്‍ കൊകെയ്ന്‍ കൈവശം വച്ചതിന് ഗ്രാന്‍റേഴ്സണ്‍ പിടിക്കപ്പെട്ടു. അത് നല്ലനടപ്പിന്‍റെ ലംഘനമായി കോടതി കണക്കാക്കി. ഇത്തരം സാഹചര്യത്തില്‍ നല്ലനടപ്പ് റദ്ദ് ചെയ്യണമെന്നും പ്രതിയ്ക്ക് യഥാര്‍ഥ ശിക്ഷയുടെ മൂന്നിലൊരുഭാഗം ശിക്ഷ നല്‍കണമെന്നുമാണ് വ്യവസ്ഥ. പ്രസ്തുതവ്യവസ്ഥയുടെ ഇംഗ്ലീഷ് ഇപ്രകാരമാണ്. 

"revoke the sentence of probation and sentence the defendant do not less than one third of the original sentence"

ഈ വ്യവസ്ഥയുടെ വ്യാഖ്യാനം കോടതിയില്‍ ഏറെ പ്രയാസം സൃഷ്ടിച്ചു. നല്ലനടപ്പുകാലയളവായ 60 മാസത്തെ 'യഥാര്‍ഥശിക്ഷ'യായി പരിഗണിക്കുമ്പോള്‍ അതിന്‍റെ മൂന്നിലൊരുഭാഗം എന്നത് 20 മാസമേ ആകുകയുള്ളൂ.

വിധിപ്രസ്താവനസമയത്ത് ഗ്രാന്‍റേഴ്സണ്‍ നല്ലനടപ്പിന്‍റെ 40 മാസങ്ങള്‍പോലും തികയ്ക്കാത്തതിനാല്‍ കൂടുതലായി ലഭിക്കുന്ന 20 മാസത്തെ ശിക്ഷ അദ്ദേഹത്തിന് ആദ്യം ലഭിച്ച 60 മാസത്തെക്കാള്‍ അധികമാകില്ല. അങ്ങനെ വരുമ്പോള്‍ കൊകെയ്ന്‍ കൈവശം വച്ചതിന് ശിക്ഷയൊന്നും നല്‍കാത്ത അവസ്ഥയുണ്ടാകും. ഇത് മറികടക്കാന്‍ കോടതി ഗ്രാന്‍റേഴ്സണ് 20 മാസത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. 20 മാസം എന്നത് വിധിച്ച നല്ലനടപ്പ് കാലയളവിന്‍റെ മൂന്നിലൊന്ന് ആകുമെങ്കിലും പരമാവധി ജയില്‍വാസമായ 6 മാസത്തിന്‍റെ മൂന്ന് മടങ്ങ് അധികശിക്ഷ അനുഭവിക്കാന്‍ അത് ഇടവരുത്തും.

ഇത് നേരത്തെ ഉദ്ധരിച്ച വ്യവസ്ഥയുടെ ദുര്‍വ്യാഖ്യാനമാണെന്നും ഭാഷാശാസ്ത്രദൃഷ്ട്യാ ഇത് വകവയ്ക്കാനാവില്ലെന്നും കപ്ലാനും കൂട്ടരും (1995) ഒരു ലേഖനത്തിലൂടെ വാദിച്ചു. കോടതിയില്‍ നേരിട്ട് ഹാജരായി തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ കപ്ലാനും സംഘത്തിനും അവസരം ലഭിച്ചിരുന്നില്ല. 'യഥാര്‍ഥ ശിക്ഷ'യ്ക്ക് തടവ് എന്ന വ്യവസ്ഥയും 'ശിക്ഷാകാലയളവിന്' നല്ലനടപ്പ് എന്ന വ്യവസ്ഥയും സ്വീകരിച്ച കോടതി, വ്യവസ്ഥയിലെ അര്‍ഥസന്ദേഹത്തെ ഒട്ടും പരിഗണിച്ചില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത് സ്ഥാപിക്കുന്ന അക്കാദമികലേഖനം അവര്‍ ഗ്രാന്‍റേഴ്സന്‍റെ അപ്പീല്‍ പരിഗണിക്കുന്ന സുപ്രീംകോടതി ജഡ്ജുമാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ലേഖനത്തിലൂടെ കപ്ലാനും കൂട്ടരും മുന്നോട്ടുവച്ച ഭാഷാശാസ്ത്രാധിഷ്ഠിത വാദമുഖങ്ങള്‍ അംഗീകരിച്ച കോടതി ഗ്രാന്‍റേഴ്സന്‍റെ ശിക്ഷാകാലാവധി 2 മാസമായി (6 മാസത്തിന്‍റെ മൂന്നിലൊന്ന്) ചുരുക്കി. ഇതിനകം 11 മാസം ജയിലില്‍ കിടന്ന ഗ്രാന്‍റേഴ്സനെ ഉടന്‍ മോചിപ്പിക്കുകയും ചെയ്തു. വ്യാകരണികവും കോശീയവുമായ അര്‍ഥസന്ദേഹങ്ങള്‍ കോടതയില്‍ സൃഷ്ടിക്കുന്ന നൂലാമാലകളില്‍ ഭാഷാവിദഗ്ധരുടെ സേവനം അത്യാവശ്യമാണെന്ന് ഈ കേസ് തെളിയിക്കുന്നു.

കോശീയാര്‍ഥം

ഒറ്റയൊറ്റ വാക്കുകളുടെ അഭിധാര്‍ഥം സംബന്ധിച്ച സന്ദേഹങ്ങളിലും കോടതിയ്ക്ക് ഭാഷാശാസ്ത്രജ്ഞരെ ആശ്രയിക്കേണ്ടിവരും. ടോറിസ് ഉള്‍ക്കടലിലെ ദ്വീപുനിവാസികള്‍ ഉപയോഗിക്കുന്ന Killem എന്ന വാക്കുള്‍പ്പെട്ട ഒരു കേസ് ഇത്തരത്തിലുള്ളതാണ്. മാനക ഇംഗ്ലീഷിലെ സശഹഹKill ന് തുല്യമാണ് killem എന്ന് ആളുകള്‍ ഊഹിക്കാനിടയുണ്ട്. യഥാര്‍ഥത്തില്‍ ആ വാക്കിന്‍റെ അനേകാര്‍ഥങ്ങളിലൊന്ന് മുട്ടുക (tohit) എന്നാണ്. കുറ്റവാളിയായ ഒരാള്‍ താന്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ ഉപയോഗിച്ച killem എന്ന പദത്തിന്‍റെ അര്‍ഥവ്യാപ്തിപരിഗണിച്ചില്ലെങ്കില്‍ അയാളെ കൊലയാളിയാക്കാന്‍ എളുപ്പമാണ്.

കൊല്‍ഥാഡും ജോണ്‍സനും (2007) മറ്റൊരു സംഭവം വിവരിക്കുന്നു. യു. എസിലെ പാകിസ്ഥാന്‍ അംബാസഡറെ വധിക്കുവാനുള്ള ആയുധശേഖരണത്തിനായി കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റം ആരോപിച്ച് 2004-ല്‍ അമേരിക്കയിലെ ഒരു ഇറാഖി-കുര്‍ദിഷ് അഭയാര്‍ഥിയെ അറസ്റ്റുചെയ്യുകയുണ്ടായി. കുറ്റാരോപിതന്‍റെ പേര് വടക്കന്‍ ഇറാഖിലെ തീവ്രവാദപരിശീലനകേന്ദ്രത്തില്‍ നിന്ന് കണ്ടെടുത്ത പട്ടികയില്‍ ഉണ്ടായിരുന്നുവെന്നതും ആ പേരിന് മുമ്പ് കമാന്‍റര്‍ എന്ന അര്‍ഥം വരുന്ന അറബിപദം ഉണ്ടായിരുന്നുവെന്നതുമായിരുന്നു അയാള്‍ക്കെതിരെയുണ്ടായിരുന്ന മുഖ്യതെളിവ്. പിന്നീട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തിയ ഭാഷാപരിശോധനയില്‍ അറബിലിപിയിലെഴുതിയ പ്രസ്തുതപദം കുര്‍ദിഷ് ഭാഷയിലേതായിരുന്നുവെന്നും  അത് ആദരസൂചകമായ നിര്‍ദോഷപദമാണെന്നും തെളിഞ്ഞു. സന്ദര്‍ഭമനുസരിച്ച് അതിന് മിസ്റ്റര്‍, സഹോദരന്‍ തുടങ്ങിയ അര്‍ഥമാണ് ലഭിക്കുക എന്നുകൂടി തെളിയിക്കപ്പെട്ടു. ഇവിടെയെല്ലാം ഒറ്റയൊറ്റ കോശിമങ്ങളുടെ അര്‍ഥം സംബന്ധിച്ച ആധികാരികത ചികയാന്‍ കുറ്റാന്വേഷണ ഭാഷാശാസ്ത്രസമീപനമാണ് സഹായകമായിത്തീര്‍ന്നത്.

പ്രകരണാര്‍ഥം

സംഭാഷണത്തെ സംബന്ധിച്ച പോള്‍ഗ്രൈസിന്‍റെ (1975) തത്വങ്ങള്‍ പ്രകരണവിജ്ഞാനത്തില്‍ ഏറെ പ്രസിദ്ധമാണ്. കുറ്റാന്വേഷണത്തിന്‍റെ ഭാഗമായ സംഭാഷണവിശകലനത്തില്‍ ഏറെ പ്രസക്തമാണ് ഈ തത്ത്വങ്ങള്‍. ഈ തത്ത്വങ്ങളില്‍ സുപ്രധാനമായ പരിമാണതത്വം (quantity mxim). സ്വാഭാവികസംഭാഷണത്തില്‍ വേണ്ടത്ര വിവരമുള്‍ക്കൊള്ളിക്കണമെന്നും വേണ്ടതിലേറെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കരുതെന്നുമുള്ളതാണ് ഈ തത്ത്വം. ഏതൊരു സ്വാഭാവികസംഭാഷണവും വക്താവിനും ശ്രോതാവിനും ഇടയിലെ പൊതുധാരണയുടെ കൂടി അടിസ്ഥാനത്തിലാണ് വികസിക്കുന്നതെന്നും പൊതുധാരണയുണ്ടെന്ന് പരസ്പരമറിയുന്ന കാര്യങ്ങള്‍കൂടി സംഭാഷണത്തില്‍ പരത്തിപ്പറയുന്നത് അരോചകരവും ശ്രദ്ധാവ്യതിചലനത്തിന് കാരണമാകുമെന്നും ഗ്രെയ്സ് സ്ഥാപിക്കുന്നു. ഭാഷണത്തിലെ അതിവിവരണം അസ്വാഭാവികമാണെന്ന് ചുരുക്കം. ചില കേസുകളുമായി ബന്ധപ്പെട്ട് പ്രകരണവിജ്ഞാനത്തിലൂന്നി നടത്തിയ സംഭാഷണവിശകലനം ഇത്തരം അതിവിവരണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരികയും അവ സ്വാഭാവികമല്ലെന്നും ചമച്ചതാണെന്നും തെളിയിക്കുകയും ചെയ്തതായി  (Brazil). (1985) സ്ഥാപിച്ചിട്ടുണ്ട്. പദങ്ങളുടെയും പദസംഹിതകളുടെയും അര്‍ഥനിര്‍ണയത്തില്‍ സന്ദര്‍ഭം പരമപ്രധാനമാണെന്ന തത്വം പ്രകരണാധിഷ്ഠിത വിശകലനത്തില്‍ പ്രധാനമാണ്.

വ്യക്തിഭാഷയും മൊഴികളിലെ ആധികാരികതയും

വാമൊഴിയായാലും വരമൊഴിയായാലും ഏതൊരു ഭാഷകന്‍റെയും വൈയക്തികമായ ശൈലി അതില്‍ ഊറിക്കിടക്കുമെന്ന ഭാഷാശാസ്ത്രതത്വം കുറ്റാന്വേഷണത്തില്‍ പ്രയോജനപ്പെടുത്തിയതിന് ധാരാളം ഉദാഹരണം കാണാന്‍ സാധിക്കും. ഏതുവാക്കും ഉപയോഗിക്കുവാന്‍ സ്വതന്ത്രമുണ്ടെങ്കിലും ചില വാക്കുകളോടും പ്രയോഗങ്ങളോടുമുള്ള പ്രതിപത്തി വ്യക്തിഭാഷയില്‍ പലപ്പോഴും പ്രകടമാണ്. ഛാന്ദസികഘടകങ്ങളാണ് വ്യക്തിഭാഷയെ സവിശേഷമാക്കുന്ന മറ്റൊന്ന്. ഇവ രണ്ടും ചേര്‍ന്ന് വിരലടയാളത്തോട് സാമ്യപ്പെടുത്താവുന്ന വിധം ഓരോ വ്യക്തിയുടെയും 'ഭാഷാടയാളം' സൃഷ്ടിക്കുന്നു. ശരാശരി വാക്യദൈര്‍ഘ്യവും കോശീയസമ്പന്നതയുമാണ് ലിഖിതമായ വ്യക്തിഭാഷയുടെ ആധികാരികത തിരിച്ചറിയുവാനുള്ള അളവുകോലുകളില്‍ പ്രധാനം. വാമൊഴിയിലാവട്ടെ ഭാഷണത്തിന്‍റെ ഈണത്തില്‍ നിന്നും താളത്തില്‍നിന്നും വേഗത്തില്‍നിന്നും വ്യക്തിമുദ്ര തിരിച്ചറിയാനാകും. വ്യക്തിഭാഷയെന്ന സങ്കല്പനവുമായി ബന്ധിച്ച് പ്രമാദമായ പല കേസുകളിലെയും മൊഴികളിലെ വൈരുദ്ധ്യവും ആധികാരികതയും ലോകത്തുടനീളം തെളിയിക്കപ്പെട്ടതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. അവയില്‍ സുപ്രധാനമായ ഒന്നാണ് ഡെറെക് ബെന്‍റ്ലെയുടെ കേസ്.

വ്യക്തികേന്ദ്രീകൃതമായ കോര്‍പസ് എപ്രകാരമാണ് കുറ്റാന്വേഷണത്തെ സഹായിക്കുന്നതെന്ന് കോല്‍ഥാര്‍ഡും ജോണ്‍സനും (2007) യു.കെയിലെ പ്രമാദമായ ഈ കേസിന്‍റെ പശ്ചാത്തലത്തില്‍ തെളിയിച്ചിട്ടുണ്ട്. 1953ല്‍ ഒരു പോലീസുകാരന്‍റെ മരണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ഡെറെക് ബെന്‍റ്ലേ എന്ന പത്തൊമ്പതുകാരനെ വധശിക്ഷക്ക് വിധേയനാക്കിയതാണ് കേസ്. ഭവനഭേദനത്തിനിടെ കൂട്ടുപ്രതിയായ ക്രൈഗ് എന്നയാളാണ് പോലിസുകാരനെ വെടിവെച്ചതെങ്കിലും പ്രേരണാകുറ്റം ചുമത്തിയാണ് ബെന്‍റ്ലേയ്ക്ക് വധശിക്ഷ നല്‍കിയത്. പോലീസിനെ ആക്രമിച്ചു എന്നല്ല, വെടിവെക്കുന്നതിന് മുമ്പ് ക്രൈഗിനോട് 'ഘലേ വശാ വമ്ല ശ'േ എന്ന് പറഞ്ഞ് കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു മുഖ്യ ആരോപണം. 

വധശിക്ഷ നടപ്പാക്കിയെങ്കിലും ബെന്‍റ്ലേക്ക് നീതി കിട്ടാനായി അദ്ദേഹത്തിന്‍റെ സഹോദരി ഐറിസും സഹോദരീപുത്രി മരിയയും നീണ്ട നിയമപോരാട്ടം നടത്തി. മരണാനന്തരം നിരപരാധിത്വം തെളിഞ്ഞതിനാല്‍  അദ്ദേഹത്തിന് മാപ്പ് നല്‍കുകയെന്ന വിചിത്രനടപടിയിലേക്ക് കോടതിയെ നയിച്ചത് കുറ്റാന്വേഷണ ഭാഷാശാസ്ത്രത്തിന്‍റെ കുറ്റമറ്റരീതിയായിരുന്നു.

ബെന്‍റ്ലെ നല്‍കിയതെന്ന് പറഞ്ഞ് പോലീസ് വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റസമ്മതമൊഴി വ്യാജമായിരുന്നുവെന്ന് ബെന്‍റ്ലെയുടെ വ്യക്തിഗതഭാഷോപയോഗത്തിലൂന്നിയ കോര്‍പസുമായി തട്ടിച്ചുനോക്കി തെളിയിക്കാന്‍ ഭാഷാശാസ്ത്രജ്ഞനായ മാല്‍ക്കം കൊല്‍ഥാഡിനായി. കൊല്‍ഥാഡായിരുന്നു കോടതി നിശ്ചയിച്ച ഭാഷാവിദഗ്ധന്‍. കുറ്റസമ്മതമൊഴിയിലെ ചില ഭാഷാരൂപങ്ങള്‍, പ്രത്യേകിച്ച് 'വേലി' എന്ന പദത്തിന്‍റെ അസ്വാഭാവികമായ ആവൃത്തി, ബെന്‍റ്ലെയുടെതല്ല ആ മൊഴിയെന്നും പോലീസ് ഭാഷയിലാണ് 'വേലി' കൂടുതലായി കാണാനാകുക എന്നും ചൂണ്ടിക്കാണിച്ചതാണ് കേസിന്‍റെ വിധി പുന:പരിശോധിക്കുന്നതിലേക്ക് നയിച്ചത്. ബെന്‍റ്ലെയുടെ വ്യക്തിഭാഷയും (idiolect) പോലീസ് ഭാഷയും ഉള്‍ക്കൊള്ളുന്ന കോര്‍പസാണ് ഇതിന് സഹായിച്ചത്. വധശിക്ഷ ഏറ്റുവാങ്ങി മരിച്ച ബെന്‍റ്ലെയെ 1998ല്‍ കുറ്റവിമുക്തനാക്കി. 

കോടതിവിധി വന്നപ്പോഴേക്കും ദശാബ്ദങ്ങള്‍  നിയമപോരാട്ടം നടത്തിയ സഹോദരി ഐറിസ് കാന്‍സര്‍ ബാധിതയായി മരണത്തിന് കീഴടങ്ങിയിരുന്നു. വ്യക്തിഭാഷാധിഷ്ഠിതകോര്‍പസ് എങ്ങനെയാണ് കുറ്റാന്വേഷണത്തിന് സഹായിക്കുന്നത് എന്നതിന് ഇതുപോലെ ധാരാളം കേസുകള്‍ ചൂണ്ടിക്കാണിക്കാനാകും.

കുറ്റാന്വേഷണത്തില്‍ സ്വനവിജ്ഞാനികളുടെ പങ്ക്  

ഭാഷണത്തിന്‍റെ സര്‍വതലസ്പര്‍ശിയായ വിശകലനമാണ് കുറ്റാന്വേഷണസ്വനവിജ്ഞാനി നടത്തുന്നത്. ഭാഷണത്തിന്‍റെ കൃത്യമായ സ്വനലിപ്യങ്കനം മുതല്‍ ഖണ്ഡാതീത സവിശേഷതയുടെ അടിസ്ഥാനത്തിന്‍റെ ഭാഷകന്‍റെ സാമൂഹികവും പ്രാദേശികവുമായ സ്വത്വം തിരിച്ചറിയുന്നതിലേക്ക് വരെ അത് നീളുന്നു. തെളിവായി ഹാജരാക്കുന്ന ഭാഷണമാതൃകകള്‍ യഥാര്‍ഥമാണോ കെട്ടിച്ചമച്ചതാണോ എന്നുറപ്പിക്കാനും സ്വനവിജ്ഞാനികളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. സ്വനഭൗതികതത്വങ്ങള്‍ക്ക് (അരീൗശെേര ജവീിലശേര) കുറ്റാന്വേഷണത്തില്‍ സുപ്രധാന പങ്കുണ്ട്. സ്പെക്ട്രോഗ്രാമുകളുടെ സഹായത്തോടെ ഫോര്‍മന്‍റുകളുടെ വിശകലനവും താനസവിശേഷതകള്‍ തിരിച്ചറിയലുമാണ് സ്വനഭൗതികവിശകലനത്തില്‍ പ്രധാനമായി ചെയ്യുന്നത്. ഭാഷണശബ്ദത്തിന്‍റെ ശാസ്ത്രീയവിശകലനത്തിലൂടെ ലഭ്യമായ ശബ്ദത്തിലെ ഖണ്ഡാതീതസവിശേഷതകള്‍ തിരിച്ചറിയുവാനും അത് ഏതേത് പ്രദേശവുമായും ഭാഷാഭേദവുമായും ബന്ധപ്പെട്ടതാണെന്ന് പ്രവചിക്കുവാനും സാധിക്കും. ഭാഷകരെ തിരിച്ചറിയല്‍ (Speaker Identification) ആണ് കുറ്റാന്വേഷണസ്വനവിജ്ഞാനികള്‍ ഏറ്റെടുക്കുന്ന പ്രധാന കര്‍ത്തവ്യം.

കുറ്റാന്വേഷണഭാഷാശാസ്ത്രത്തിന്‍റെ പശ്ചാത്തലം വിവരിക്കുവാനും സമീപനങ്ങള്‍ സാമാന്യമായി പരിചയപ്പെടുത്തുവാനുമാണ് ഈ ലേഖനം ശ്രമിച്ചത്. ഭാഷാശാസ്ത്രത്തിന്‍റെ നിരവധി പ്രയുക്തമേഖലകളിലൊന്നായ കുറ്റാന്വേഷണഭാഷാശാസ്ത്രം പാശ്ചാത്യലോകത്ത് ത്വരിതഗതിയില്‍ വികാസം പ്രാപിക്കുന്ന വിജ്ഞാനശാഖയാണ്. ഇന്ത്യയില്‍ ഫോറന്‍സിക് സയന്‍സ് അക്കാദമികമായി ഏറെ പ്രാധാന്യം കൈവരിച്ചിട്ടുണ്ടെങ്കിലും അതിന് ഭാഷാശാസ്ത്രസാധ്യതകള്‍ വേണ്ടത്ര ഉള്‍ക്കൊള്ളാനായിട്ടില്ല. കുറ്റാന്വേഷണരംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായ കേരളത്തിലും ഇതിന്‍റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് വരുന്നതേയുള്ളൂ. സൈബറിടങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും സൃഷ്ടിച്ച വിപ്ലവങ്ങള്‍ക്കൊപ്പം അവ മുന്നോട്ടവയ്ക്കുന്ന സാധ്യതകള്‍ ചൂഷണം ചെയ്ത് കുറ്റകൃത്യങ്ങളും പെരുകുന്നുണ്ട്. ഭാഷ നിര്‍ണായാകമായ ഇത്തരം ഇടങ്ങളിലെ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പലപ്പോഴും ഭാഷാവിശകലനത്തെക്കൂടി ആശ്രയിക്കേണ്ടിവരും. കുറ്റാന്വേഷണഭാഷാശാസ്ത്രം അതിനുള്ള സാധ്യത തുറന്നുവയ്ക്കുന്നു. 

സഹായകഗ്രന്ഥങ്ങള്‍

Brazil, D.C. (1985) The Communicative Value of Intonation, Birmingham: English Language Research.
Broeders, A.P.A. and  Rietveld, A.C.M. (1995) ‘Speaker identifi cation by earwitnesses’, in A. Braun and J.-P. Köster (eds) Studies in Forensic Phonetics, Trier: Wissenschaftlicher Verlag, 24–40.
French, J.P. (1994) ‘An overview of forensic phonetics’, Forensic Linguistics, 1, ii, 169–81
Grice, H.P. (1975). “Logic and Conversation,” Syntax and Semantics, vol.3 edited by P. Cole and J. Morgan, Academic Press. Reprinted as ch.2 of Grice 1989, 22–40.
Jan Svartvik. (1968). The Evans statement: a case of forensic linguistics. Gotenberg: University of Gotenberg
Kaplan, J.P., Green G.M., Cunningham, C.D. and Levi J.N. (1995) ‘Bringing linguistics into judicial decision making: semantic analysis submitted to the US Supreme Court’, Forensic Linguistics, 2, i, 81–98.
Levi, J.N. (1993) Language as evidence: the linguist as expert witness in North American Courts. Forensic Linguistics, 1, i, 1–26.
Malcom Coulthard and Alison Johnson. (2007). An Introduction to Forensic Linguistics: Language in Evidence. London: Routledge
Philbrick, F.A. (1949) Language and the Law: The semantics of forensic English, New York: Macmillan
Roy Monsefi. (2012). Language in Criminal Justice: Forensic Linguistics in Shipman trail. International Journal of Law, Language & Discourse 2 (2), 43-69
Shuy, (1993) Language Crimes: the use and abuse of language evidence in the courtroom, Cambridge, MA: Blackwell.

Dr. Saidalavi C
Asso. Professor
Malayalam University
Vakkad PO
India
Pin: 676502
Ph: +91 9895012935
Email: drsaid@temu.ac.in
ORCID: 0000-0002-8011-4803