Making a local history in the novel ‘Vilapurangal’

Manju K.R

Changes in the concept of the novel occur in each period. Marking  It has been subject to change over time, incorporating changes in both narrative and background.  Concepts of place and territory share new ideas in postmodernism where space is conceptualized as land-regions, where space in the novel makes some logic-centric interactions.  The background of history and geography along with female self-expression is perfect for the novel ‘Vilappurangal’ by Lisy.  The novelist tries to express some of his own points of view in depicting the place and the culture of the country.  The land in the novel is a unique construct.  This paper tries to find out the unique structure in the novel ‘Vilapurangal’.

Keywords: Local history, The making of history, Narrative, Area, Mythology, Place, Locality

References:

Jobin Chamakkala Dr. (Ed.), 2020, Novelum Pradesikathayum, Aathma Books, Kozhikode.
Lissy, Vilappurangal,2017,  Mathrubhumi Books, Kozhikode.
Ramakrishnan E.V., 2017, Malayala Novelinte Desakalangal, Mathrubhumi Books, Kozhikode. 
Sivadas K.K. Dr.,  2014, Novel : Vyavaharangalude Algorithm, Sivadas K.K. Dr., (Ed.) Malayala Novel Randayirathinu Sesham, Papyrus Books, 2014.
Sudheesh S., 2018, Charithravum Bhavanayum Novel Kalayil, Kerala Bhasha Institute.
Shaji Jacob Dr., 2013, Malayala Novel Bhavanayude Rashtreeyam, Kerala Bhasha Institute.
Shaji Jacob Dr., 2018, Adhunikananthara Malayala Novel Vipani, Kala, Prathyayasasthram, Kerala Bhasha Institute.
Manju K R
Assistant Professor
Govt College for Women
Thiruvananthapuram
Ph: +91 8547886114
India
Pin: 695014 
Email: manjukjaison@gmail.com
ORCID: 0009-0002-7722-5032


പ്രാദേശിക ചരിത്രനിര്‍മ്മിതി വിലാപ്പുറങ്ങള്‍ എന്ന നോവലില്‍

മഞ്ജു കെ.ആര്‍

നോവലിനെക്കുറിച്ചുള്ള സങ്കല്പങ്ങളില്‍ ഉണ്ടായിക്കൊണ്ടി രിക്കുന്ന മാറ്റങ്ങളാണ് ഓരോ കാലത്തും പ്രദേശത്തെ അടയാളപ്പെടുത്തുന്നത്.  ആഖ്യാനത്തിലും പശ്ചാത്തലത്തിലും എല്ലാം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പല കാലങ്ങളിലും അത് മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നു. സ്ഥലം, പ്രദേശം എന്നിവയെ കുറിച്ചുള്ള സങ്കല്പങ്ങള്‍ ഉത്തരാധുനികതയില്‍ പുതിയ ആശയങ്ങളാണ് പങ്കുവയ്ക്കുന്നത്. സ്ഥലത്തെ ദേശ - പ്രദേശങ്ങളായി സങ്കല്‍പ്പിക്കുന്നിടത്ത് നോവലിലെ സ്ഥലം യുക്തി കേന്ദ്രീകൃതമായ ചില ഇടപെടലുകള്‍ നടത്തുന്നു. സ്ത്രീ സ്വത്വാവിഷ്കാരത്തോ ടൊപ്പം ചരിത്രത്തിന്‍റെയും ഭൂമിശാസ്ത്രത്തിന്‍റെയും പശ്ചാത്തലം ലിസിയുടെ 'വിലാപ്പുറങ്ങള്‍' എന്ന നോവലിന് മികവേകുന്നു. സ്ഥലകാല ചിത്രീകരണത്തിലും ദേശസംസ്കാരത്തിന്‍റെ വെളിപ്പെടുത്തലിലും നോവലിസ്റ്റ് തന്‍റേതായ ചില വീക്ഷണഗതികള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നു. നോവലിലെ ദേശം സവിശേഷനിര്‍ മ്മിതിയാണ്. 'വിലാപ്പുറങ്ങള്‍' എന്ന നോവലിലെ സവിശേഷനിര്‍മ്മിതിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് ഈ പ്രബന്ധം.

താക്കോല്‍ വാക്കുകള്‍: പ്രാദേശികചരിത്രം, ചരിത്രനിര്‍മ്മിതി, ആഖ്യാനം, പ്രദേശം, പുരാവൃത്തം, സ്ഥലം, പ്രാദേശികത.

ഒരു ഭരണവ്യവസ്ഥ എന്നതിനപ്പുറം സാംസ്കാരികമോ ആചാരബദ്ധമോ പുതിയ വിവക്ഷയില്‍ അവഗണിതമോ ആയ അസ്തിത്വമാണ് ഓരോ പ്രദേശത്തിനുമുളളത്. പ്രദേശം എന്ന പരികല്പനയെ രാഷ്ട്രീയ അതിര്‍ത്തിയുടെ അതിരുകള്‍ക്കുളളില്‍ തളച്ചിടാനാവില്ല. ദേശീയതയ്ക്കുളളില്‍ നില്‍ക്കുന്നതും അതിന്‍റെ പൂരകമായതുമായ ഉപദേശീയതയായി പ്രാദേശികതയെ കരുതാം. ഭാഷ, മതം, സമുദായം, വര്‍ഗ്ഗം തുടങ്ങി നിരവധി മുഖ്യധാരകള്‍ അതിനെ രൂപപ്പെടുത്തുന്നു. പ്രദേശം, പ്രാദേശികത എന്നീ പദങ്ങള്‍ ഏതെങ്കിലും ഒരു സ്ഥലത്തേക്കാളധികം സാംസ്കാരികധാരയുമായാണ് കൂടുതല്‍ ബന്ധപ്പെടുന്നത്.

ചരിത്രപാഠങ്ങള്‍ മിക്കപ്പോഴും മുകളില്‍ നിന്ന് രൂപപ്പെടുന്നവയും സാമൂഹികവ്യവസ്ഥയില്‍ പൊന്തി നില്‍ക്കുന്നവയെ മാത്രം പരിഗണിക്കുന്നവയും ഏകപക്ഷീയവുമാണ്. സൂക്ഷ്മചരിത്രം, പ്രാദേശികചരിത്രം, നിമ്നതയില്‍ നിന്നുളള ചരിത്രവായന തുടങ്ങിയവയ്ക്കൊക്കെ ഇന്ന് വലിയ പ്രാധാന്യമുണ്ട്. നിരന്തരം മാറ്റങ്ങള്‍ സംഭവിക്കുകയും ഘടനാപരമായ പുനസ്സംഘാടനത്തിന് വിധേയമാവുകയും ചുറ്റുപാടുകളെ പരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക സ്ഥാനം എന്ന നിലയില്‍ പ്രദേശത്തെ ഇന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.

ഓരോ പ്രദേശത്തെയും മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കുന്നത് ഭൂതകാല അനുഭവങ്ങളുടെ വ്യത്യാസമാണ്. ഭൂതകാലത്തെക്കുറിച്ചുളള ഓര്‍മ്മകളും അവബോധവും ഓരോ സമൂഹത്തിനും വ്യത്യസ്തമായിരിക്കും. ഐതിഹ്യങ്ങള്‍, പാട്ടുകള്‍, പുരാവൃത്തങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയ സകല സാംസ്കാരിക വഴക്കങ്ങളിലും പ്രതിഫലിക്കുന്ന ലോകബോധം സമൂഹത്തെയും അതിന്‍റെ സൂക്ഷ്മതയില്‍ നോക്കിക്കാണാവുന്ന സമീപനം മുഖ്യധാരാ ചരിത്രം വിട്ടുകളഞ്ഞ ഇടങ്ങളെ പൂരിപ്പിക്കുന്നു.

സാഹിത്യവും ചരിത്രവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ചരിത്രത്തിന്‍റെ പാഠപരതയും പാഠത്തിന്‍റെ ചരിത്രപരതയും തിരിച്ചറിയപ്പെട്ടതോടെ ചരിത്രത്തെയും സാഹിത്യത്തെയും കുറിച്ചുളള സാമ്പ്രദായിക വീക്ഷണഗതികള്‍ അപ്രത്യക്ഷമായി. ചരിത്രവും സാഹിത്യവും ആഖ്യാനം ചെയ്യുന്നത് സംഭവങ്ങളെയും സന്ദര്‍ഭങ്ങളെയും ആണ്. ചരിത്രം നടന്ന സംഭവങ്ങളെ ഭൂതകാലത്ത് നിന്ന് വീണ്ടെടുക്കുമ്പോള്‍, സാഹിത്യം നടന്നതോ നടക്കാനിടയുളളതോ ആയ സംഭവങ്ങളെ ഭാവനാത്മകമായി പുന:സൃഷ്ടിക്കുന്നു. വര്‍ത്തമാനകാലത്തുനിന്നും ചരിത്രകാരന്‍ തനിക്ക് ലഭിച്ച ആകരങ്ങളെ യുക്തിഭദ്രമായി ശ്രേണികരിക്കുകയാണ് ചെയ്യുന്നത്. സാഹിത്യകാരനാകട്ടെ ലഭ്യമായ ആകരങ്ങള്‍ക്കൊപ്പം ഓര്‍മ്മയെയും ഭാവനയെയും ഇടകലര്‍ത്തുന്നു.

രൂപസംവിധാനത്തിലും ആഖ്യാനഘടനയിലും ചരിത്രത്തോട് ഏറ്റവും സമീപസ്ഥമായ സാഹിത്യ രൂപമാണ് നോവല്‍. അവ എഴുതപ്പെട്ട ചരിത്രത്തിന് അനുബന്ധങ്ങളും പാഠഭേദങ്ങളും ചമയ്ക്കുന്നു. മുഖ്യധാരാചരിത്രം അവശേഷിപ്പിച്ച വിടവുകളെ അവ ഭാവനാത്മകമായി പൂരിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ ഒരു ജനസമൂഹത്തിന്‍റെ ഓര്‍മ്മകളുടെയും ഭാവനയുടെയും പ്രതീക്ഷകളുടെയും ചരിത്രമാണ്.

'പ്രാദേശികത' എന്ന സങ്കല്പം സ്ഥലപരവും സാംസ്കാരികവുമായ ഉപദേശീയതകളെ ഉന്നയിക്കുന്നുണ്ട്. പരിസരത്തിന്‍റെ പരിചിതഘടകങ്ങളെ കാര്യമായി ഉള്‍ച്ചേര്‍ക്കുന്നതിന്‍റെ സാഹചര്യം ഇന്നത്തെ നോവലുകളില്‍ കാണുന്നുണ്ട്. ആഗോളീകരണത്തിന്‍റെ നവാധിനിവേശയുക്തികള്‍ സമസ്ത ഈടുവയ്പ്പുകളെയും ആക്രമിക്കുകയും 'തനത്' എന്ന പദത്തിന്‍റെപോലും അര്‍ത്ഥത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥാന്തരമാണത്. പ്രാദേശികതയുടെ തിരിച്ചുവരവില്‍ സൂക്ഷ്മമായ ഒരു രാഷ്ട്രീയബോധം പ്രവര്‍ത്തിക്കുന്നുണ്ട്. പാരമ്പര്യവും ആധുനികതയും പഴമയും ശാസ്ത്രയുക്തിയും മെട്രോ നഗരവും കുഗ്രാമവും തമ്മിലുളള നിതാന്തമായ കലഹത്തിന്‍റെ തിരുശേഷിപ്പുകളാണവ. അധിനിവേശത്തിന്‍റെ സൂക്ഷ്മ സാന്നിധ്യങ്ങളെയും അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധികാരബന്ധങ്ങളെയും അവ ലക്ഷ്യം വയ്ക്കുന്നു. അധികാരരാഷ്ട്രീയത്തിന്‍റെയും മൂലധനനിക്ഷപകരുടെയും താല്‍പര്യങ്ങളെ തുറന്നു കാണിക്കുവാനും ചെറുക്കുവാനുമുളള ശ്രമങ്ങളും അവ നടത്തുന്നുണ്ട്. നോവലുകളിലെ പ്രദേശം കേവലം സ്ഥലം വിവരണങ്ങളില്‍ മാത്രം ഒതുങ്ങാതെ പുതിയ അതിജീവനരാഷ്ട്രീയത്തെ കൂടി ഉള്‍ക്കൊളളുന്നുണ്ട്. ആധികാരികചരിത്രങ്ങളെ ഉടച്ചുവാര്‍ത്തും അഴിച്ചുപണിതും നിര്‍മ്മിക്കുന്ന സമാന്തര ജനകീയ ചരിത്രങ്ങളായി മാറുന്നവയാണ് ഈ രചനകളോരോന്നും. പരാജിതരുടെയും പുറമ്പോക്കുകളുടെയും ചരിത്രം താഴെനിന്ന് എഴുതുന്നതിന്‍റെ രാഷ്ട്രീയമാണ് ഇവയില്‍ ചില കൃതികള്‍ക്കുളളതെങ്കില്‍ മുഖ്യധാരാചരിത്രങ്ങള്‍ തമസ്കരിച്ച പാര്‍ശ്വധാരകളുടെയും കീഴാളരുടെയും ചരിത്രമാണ് മറ്റു ചിലതിലുളളത്. ആധുനികത ചരിത്രരചനയ്ക്ക് സ്വീകരിച്ച രീതിശാസ്ത്രങ്ങളുടെ വിമര്‍ശനമാണ് ചില കൃതികളുടെ വിഷയമെങ്കില്‍ ദേശീയതയുടെയും സവര്‍ണതയുടെയും നിരാകരണമാണ് ഇനിയും ചില കൃതികളുടെ സ്വഭാവം. ചരിത്രത്തില്‍ നിശബ്ദരാക്കപ്പെട്ടവരും നിര്‍വീര്യരാക്കപ്പെട്ടവരും ചില കൃതികളില്‍ ഉയര്‍ന്നുവരുമ്പോള്‍ ഇത്തരം ചരിത്രരചനാപദ്ധതികള്‍ കാണാതെ പോകുന്ന ഭാവനയുടെ തമോഗര്‍ത്തങ്ങള്‍ മറ്റു ചില കൃതികള്‍ മറനീക്കിക്കാണിക്കുന്നു. ഏതര്‍ത്ഥത്തിലും ചരിത്രവിജ്ഞാനീയത്തിന്‍റെ ആധുനികതാപദ്ധതികളെയും അധീശപ്രത്യയശാസ്ത്രങ്ങളെയും വെല്ലുവിളിക്കുന്ന ആധുനികാനന്തരപാഠങ്ങളായി അവ മാറുന്നു.

അതികഥ മുതല്‍ പാസ്റ്റിഷ് വരെയും പാഠാന്തരത മുതല്‍ പാരനോയിയ വരെയുമുളള ആഖ്യാന സങ്കേതങ്ങള്‍ ഈ നോവലുകള്‍ ഏറ്റെടുക്കുന്നതും ഭാഷയിലും രൂപത്തിലുമുള്‍പ്പെടെ ആധുനികതയില്‍ നിന്നും കുതറി മാറുന്നതുമൊക്കെ ചരിത്രത്തോട് സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണ്. സ്ഥലം, കാലം, പ്രകൃതി എന്നിവയ്ക്കൊപ്പം ചരിത്രം, ഭാഷ, ശാസ്ത്രം, തത്വചിന്ത, കല, രാഷ്ട്രീയം, മതം എന്നിങ്ങനെ സംസ്കാരത്തിന്‍റെ ആര്‍ജ്ജിത മണ്ഡലങ്ങള്‍ മനുഷ്യന്‍റെ ബുദ്ധിയിലും ഭാവനയിലും ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ പ്രശ്നവല്‍ക്കരണം എന്ന നിലയിലാണ് ആധുനികാനന്തര നോവല്‍ അതിന്‍റെ രാഷ്ട്രീയം രൂപപ്പെടുത്തുന്നത്. പെണ്‍ഭാവനകളുടെ മുന്നേറ്റം  സ്ത്രൈണമായ അനുഭവലോകങ്ങളിലൂടെ, ലോകബോധങ്ങളിലൂടെ അവയെ മാറ്റി എഴുതാനുളള ശ്രമങ്ങളുണ്ടാക്കി. സ്ഥലഭാവനയുടെ സൂക്ഷ്മവും പ്രാന്തീകൃതവുമായ ആഖ്യാനരൂപങ്ങളായി പുതുകാലത്ത് നോവല്‍ എന്ന രൂപം തന്നെ പുതുക്കിയെഴുതപ്പെടുന്നതിന് ഏറെക്കുറെ സമാന്തരമായാണ് ഈ പെണ്ണുയിര്‍പ്പും സംഭവിക്കുന്നത്. ചെറിയ ലോകങ്ങളുടെ ഉളളില്‍ നിന്ന് പൊട്ടിപ്പുറപ്പെടുന്ന ശിഥിലമെങ്കിലും തീഷ്ണമായ സ്വരങ്ങളായാണവ ആഖ്യാനം ചെയ്യപ്പെട്ടത്. സ്ഥൂലവും ഏകശിലാത്മകവുമായ ദേശീയതാപരമായ സ്ഥലരാശിക്കു നേരെ പിടിച്ച വിമര്‍ശനാത്മകദര്‍പ്പണങ്ങളായി പ്രാദേശികമായ ഇടങ്ങളെ നോവലുകള്‍ ആവിഷ്കരിച്ചു തുടങ്ങി.

ലന്തന്‍ ബത്തേരിയിലെ ലുത്തിയിനകള്‍, ആലാഹയുടെ പെണ്‍മക്കള്‍, തീയ്യൂര്‍ രേഖകള്‍, മരക്കാപ്പിലെ തെയ്യങ്ങള്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, കരിക്കോട്ടക്കരി തുടങ്ങി അനേകം നോവലുകള്‍ പ്രാദേശികതയുടെ രാഷ്ട്രീയത്തെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് അതിന്‍റെ ആഖ്യാനത്തിന്‍റെ പ്രത്യയശാസ്ത്രമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ദേശീയതയെക്കുറിച്ചുളള പുനര്‍വായനകളോ പുനരാഖ്യാനങ്ങളോ ആയി നിലനില്‍ക്കാനുളള സാധ്യതകളെ തളളിക്കൊണ്ട് പ്രാദേശികതയുടെ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് പ്രതിരോധത്തിന്‍റെ പാഠങ്ങളായി ഇത്തരം നോവലുകള്‍ നിലകൊളളുന്നു. ലിസിയുടെ വിലാപ്പുറങ്ങളിലേക്ക് വരുമ്പോള്‍ ഈ വിച്ഛേദം പാഠപരമെന്നതിലും ഏറെയാണ്. പ്രാദേശികതയുടെ ചരിത്രപാഠങ്ങളില്‍ പെണ്ണനുഭവങ്ങളുടെ പെണ്‍കാമനകളുടെ ആളിപ്പടരല്‍ നീറി പിടിക്കുന്നു എന്നതാണതില്‍ മുഖ്യം. തൃശ്ശൂരിന്‍റെ പ്രാദേശിക സ്ഥലികളെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യധാരാ ആഖ്യാനശൈലികളെ കയ്യൊഴിഞ്ഞ് അതിനെ സവിശേഷമായ ഒരു ലിംഗപരിപ്രേക്ഷ്യത്തിലൂടെ വരച്ചു കാട്ടുവാന്‍ നോവലിസ്റ്റ് ലിസി ശ്രമിച്ചിട്ടുണ്ട്. (നോവലും പ്രാദേശികതയും, 2020, പുറം 147)

നോവല്‍ പറയുന്ന കഥയിലെ സ്ഥലകാലങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ പ്രതീതി ജനിപ്പിക്കുമെങ്കിലും അവ പ്രത്യക്ഷയാഥാര്‍ത്ഥ്യങ്ങള്‍ അല്ല. ആശയലോകങ്ങളും വൈകാരികബന്ധങ്ങളും സമകാലികസമൂഹത്തെക്കുറിച്ചുളള ഉത്കണ്ഠകളും അതിജീവനത്തിനുവേണ്ടിയുളള ഇച്ഛാശക്തിയും എല്ലാം ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന സവിശേഷദര്‍ശനത്തിലൂടെയാണ് സ്ഥലം ആഖ്യാനത്തില്‍ ദൃശ്യമാകുന്നത്. അത് കേവലമായ സ്ഥലമായി നിലനില്‍ക്കുന്നില്ല. നോവലിസ്റ്റ് മെനയുന്ന അനന്തമായ സൂചകങ്ങളുടെ ചങ്ങലയില്‍ ബാഹ്യമായത് പലതും ആന്തരികമായ അര്‍ത്ഥപരിണാമത്തിന് വിധേയമാകുന്നു. അതിലളിതമായി തോന്നുന്ന പലതും നോവലിന്‍റെ ആഖ്യാനഘടനയില്‍ സങ്കീര്‍ണമായ ഗഹനത കൈവരിക്കുന്നു. ആഖ്യാനത്തിന് പുറകില്‍ പ്രവര്‍ത്തിക്കുന്ന സമഗ്രമായ ഒരു ദാര്‍ശനിക വീക്ഷണമാണ് ലൗകികലോകത്തെ അതിഭൗതികം എന്ന് തോന്നിക്കുന്ന മറ്റൊരു തലത്തിലേക്ക് വിമോചിപ്പിക്കുന്നത്. നോവലും ചരിത്രവും തമ്മിലുളള അഭേദ്യബന്ധത്തെ പഠനവിഷയമാക്കിയ ചരിത്രകാരനായ ഹൈഡന്‍ വൈറ്റ് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. എല്ലാ നോവലിനുമുളളില്‍ എഴുതപ്പെട്ട ചരിത്രവും എഴുതപ്പെടാത്ത ചരിത്രവും കുടിയിരിക്കുന്നുണ്ട്. പലപ്പോഴും അവയുടെ അടുപ്പവും അകല്‍ച്ചയും സംഭവങ്ങളെ അവയുടെ കാലാതിവര്‍ത്തിത്വത്തില്‍നിന്നും വിമോചിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്. സംഭവങ്ങള്‍ എല്ലാം കാലത്തെ ആശ്രയിച്ചാണ് നിലകൊളളുന്നത് എങ്കിലും അവയില്‍ ചിലത് മാത്രമേ ചരിത്രസംഭവങ്ങളായി ഗണിക്കാറുളളൂ. അത്തരമൊരു അവസ്ഥയില്‍ മറ്റു പല സംഭവങ്ങളും അവയ്ക്ക് നിദാനമായ കാരണങ്ങളുമെല്ലാം ചരിത്രത്തിന് വെളിയില്‍ ആവുക എന്നത് സ്വാഭാവികവുമാണ്. ഈ പശ്ചാത്തലത്തിലാണ് നോവലിസ്റ്റ് ചരിത്രവുമായി ഇടപെടുന്നത്. സംഭവങ്ങളെ അതേപടി സ്വാംശീകരിക്കാതെ അവയ്ക്ക് വാചികവും അനുഭവേതരവുമായ അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കുകയെന്നതും ആഖ്യായികയുടെ കഴിവാണ്. ഒരു ചരിത്രകാരന്‍ പോലും ഉണ്ടായ സംഭവങ്ങള്‍ അതേപടി ഒരിടത്തെഴുതി വെച്ചിട്ടില്ല. അതുപോലെ ഒരു ചരിത്ര പുസ്തകവും നടന്നിട്ടുളള ഒരു സംഭവത്തിന്‍റെയും ആകെത്തുകയല്ല. അതിനാല്‍ ഭാവനയുടെയും, ഓര്‍മ്മകളുടെയും, ഓര്‍മ്മകള്‍ക്ക് ബദലായി പ്രവര്‍ത്തിക്കുന്ന ഇംഗിതങ്ങളുടെയുമെല്ലാം ചേര്‍ത്തൊരുക്കല്‍ തന്നെയാകുന്നു ചരിത്രനിര്‍മ്മിതിയും.

തൊണ്ണൂറുകളിലെ നോവലുകളില്‍ പ്രാദേശികതയുടെ ആഖ്യാന രാഷ്ട്രീയം രൂപപ്പെട്ടു തുടങ്ങി. അവിടെ നാടെന്നാല്‍ വെറും ജീവിതസ്ഥലം മാത്രമല്ല; മറിച്ച് ചെറുതും വലുതുമായ ജൈവചരിത്രങ്ങളുടെ സഞ്ചയമാണ്. മനുഷ്യാനുഭവങ്ങളുടെയും ചരിത്രത്തിന്‍റെയും കുത്തൊഴുക്കില്‍ വാക്കടര്‍ന്നും തൊലിപൊളിഞ്ഞും വേരറ്റും നിലനിന്ന ഒരു മരമാണ്. കുളിരും കണ്ണീരും കിതപ്പും വിയര്‍പ്പും ഉളള ഒരുപാട് ജീവിതങ്ങള്‍ തന്നെയാണ്. ദേശം എന്ന ബൃഹത് വ്യവഹാരത്തിന്‍റെ എതിര്‍ലോകങ്ങളായി നില്‍ക്കുന്ന ഉള്‍നാടുകള്‍ എങ്ങനെ അധികാരത്തിന്‍റെ കേന്ദ്രങ്ങളാകുന്നു എന്ന് ഈ കാലഘട്ടങ്ങളിലെ നോവലുകളില്‍ കാണാവുന്നതാണ്. എന്നാല്‍ മുമ്പ് സൂചിപ്പച്ചതുപോലെ വിലാപ്പുറങ്ങള്‍ അതിനപ്പുറവും പോകുന്നുണ്ട്. മേല്‍പ്പറഞ്ഞ ദേശ രാഷ്ട്രഘടനക്കപ്പുറം ചലനാത്മകവും ബഹുസ്വരവും വൈവിധ്യവുമായ ഒരു ലോകം ഈ നോവലിന്‍റെ പ്രതലമായി സ്വീകരിക്കുന്നു. ഒപ്പം അവയെ കവിഞ്ഞു നില്‍ക്കുന്ന പുരുഷാധിപത്യത്തിന്‍റെ അതീശയോക്തികളോട് കലഹിക്കുവാന്‍ പാകത്തില്‍ ആ ഇടത്തെ കൈയാളുവാന്‍ അനുഭവകേന്ദ്രത്തില്‍ ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുന്നു എന്നതാണ് ഈ നോവലിന്‍റെ ആഖ്യാനത്തിന്‍റെ സവിശേഷത. വിലക്കുകള്‍ക്കകത്തും പുറത്തുമായി മറിയം എന്ന പെണ്ണിന്‍റെ സഞ്ചാരദൂരങ്ങളായി, വിധ്വംസകമായ ക്രിയാപഥങ്ങളായി ഈ ആഖ്യാനത്തെ നോക്കിക്കാണുകയാണിവിടെ. അതിലൂടെ തന്‍റെ ഇടമായി തൃശ്ശൂരെ ദേശത്തെ പൊളിച്ചെഴുതി, 'തന്‍റേടിയായി' ജീവിച്ച മറിയം തന്‍റെ ഉടലിന്‍റെയും കാമനകളുടെയും സര്‍വ്വാധിപത്യം സ്വയം സ്ഥാപിക്കുന്നതിന്‍റെ കൂടി ആഖ്യാനമായി നോവല്‍ പരിണമിക്കുന്നു.

തൃശ്ശൂരിന്‍റെ എഴുപതോളം വര്‍ഷത്തെ സാമൂഹികപരിണാമത്തിലൂടെയാണ് മറിയം കടന്നുപോകുന്നത്. തുടക്കം മുതല്‍ അവസാനം വരെയും തന്‍റെ വാര്‍ദ്ധക്യകാലത്തും മറിയ ഉണര്‍ന്നിരിക്കുന്നു. നോവലിലെ ആഖ്യാനം തൃശ്ശൂരിലെ പുരാവൃത്തങ്ങളിലൂടെയാണ്. തൃശ്ശൂര്‍ പൂരം, വെടിക്കെട്ട്, ഇറച്ചി വില്പ്പന എന്നിവയേയും കരുണാകരന്‍, മുണ്ടശ്ശേരി തുടങ്ങിയ രാഷ്ട്രീയനേതാക്കളെയും നോവലില്‍ വിവരിക്കുന്നുണ്ട്. അഴീക്കോടന്‍ രാഘവന്‍ കൊലപാതകം, വിമോചനസമരം തുടങ്ങി നഗരത്തെ ഇളക്കി മറിച്ച ചരിത്രസംഭവങ്ങള്‍ നോവലില്‍ നിരവധിയുണ്ട്. എല്ലാറ്റിനുമുപരി തൃശ്ശൂര്‍ ഗഡ്ഡികളുടെ ഭാഷയും. നോവലിലെ ഒരു അധ്യായംപോലും മറിയയെക്കുറിച്ചുളള പരാമര്‍ശം ഇല്ലാതെ കടന്നുപോകുന്നില്ല. യാഥാര്‍ത്ഥത്തില്‍ പനങ്കേറി മറിയത്തിന്‍റെ സുവിശേഷമാണ് വിലാപ്പുറങ്ങള്‍. കഠിനമായ ജീവിതാനുഭവങ്ങളുടെ കുത്തേറ്റ് അവളുടെ വിലാപ്പുറത്തുനിന്നും കിനിയുന്നത് സഹനങ്ങളുടെ തീയാണ്. നഗരത്തില്‍ കാറും വീടും ഉളള അന്തോണീസ് എന്ന പ്രതാപിയുടെ മകളെ ഇറച്ചി വില്പനക്കാരിയും മദ്യപയും താന്തോന്നിയും ആക്കിയത് പീറ്റര്‍ ആണ്. അയാളുമായുളള കൗമാരപ്രണയം മറിയയുടെ ജീവിതത്തെ ആകെ ഉഴുതുമറിച്ചു. അവളെ പാപിയായി എഴുതിതളളിയവര്‍ ഒരിക്കല്‍പോലും അവളുടെ മനസ്സ് കാണാന്‍ ശ്രമിച്ചില്ല. അവളുടെ സൗന്ദര്യത്തിന്‍റെ തീച്ചൂടില്‍ വെന്തുരികിയവരോ ഓടിയകന്നവരോ ആണ് ബഹുഭൂരിപക്ഷവും.

കാലത്തിന്‍റെ പാതയിലൂടെ നീണ്ടുനിവര്‍ന്ന് ചവിട്ടിമറിച്ചും കുതിച്ചും അലഞ്ഞ പെണ്‍ദാഹത്തിന്‍റെ കഥയാണ് വിലാപ്പുറങ്ങള്‍. ഈ നോവലിലെ കഥാപാത്രങ്ങളുടെ അനുഭൂതിക്കനുസൃതമായി ചലിച്ച അനുഭവസ്ഥലമായാണ് തൃശ്ശൂരിനെ നോവലില്‍ അടയാളപ്പെടുത്തുന്നത്. ദേഹത്തെയാണ് അതിന്‍റെ ഉപാധിയായി സ്വീകരിച്ചിരിക്കുന്നത്. മറിയയ്ക്ക് ദേഹം ആലയവും സ്ഥലവും പ്രപഞ്ചവും ആണ്. അതിന്‍റെ വാക്കുകള്‍ അവള്‍ക്ക് പുതിയ വഴികള്‍ നിര്‍മ്മിച്ചുകൊടുക്കുകയും ദിക്കറിയാതെ പാഞ്ഞുപോകുന്ന കാമനങ്ങളുടെ കുതിരപ്പുറത്തേറി എവിടേക്കെന്നില്ലാതെ അവള്‍ ചെന്നുപെടുകയും ചെയ്യുന്നു. അനിശ്ചിതത്വവും വിധ്വംസകതയും നിറഞ്ഞ ആ പ്രയാണത്തിന്‍റെ പഥങ്ങള്‍ കൂട്ടിച്ചേര്‍ത്തു വരച്ച ഭൂപടമാണ് അവളെ അവളാക്കിയ തൃശ്ശൂരെന്ന അവളുടെ നാട്. കൗമാരത്തിലേ ഗര്‍ഭിണിയായ മറിയയെ പീറ്റര്‍ കൈവിട്ടതോടെയാണ് അവളില്‍ നാട് നേരിട്ട് ഇടപെട്ട് തുടങ്ങിയത്. ആദ്യമാദ്യം പിറുപിറുക്കലും കുശുകുശുപ്പുകളുമായി പിന്നീട് അപവാദങ്ങളിലൂടെ ആയിരുന്നു അത്. എല്ലായ്പ്പോഴും അതിന്‍റെ അപമാനം അവള്‍ ഏറ്റുവാങ്ങി. പക്ഷേ പിന്നെപ്പിന്നെ മറിയ അവയുടെ നേരെ പടപൊരുതി സ്വയം വെട്ടിയുണ്ടാക്കിയ വഴികളിലൂടെ മുന്നേറി. മറിയയെ നാട് അറിഞ്ഞു. അവള്‍ പലിശ  മറിയവും പനങ്കേറി മറിയവും ആയി രൂപാന്തരപ്പെട്ടു. ഒരു ദേശത്തിന്‍റെയും കാലത്തിന്‍റെയും ഭ്രമണം മറിയയ്ക്ക് ചുറ്റുമായിരുന്നു. ഒരു നാടും നാട്ടാരും അവളുടെ ഭാവമാറ്റങ്ങള്‍ക്ക് അനുസരിച്ച് അവരുടെ ജീവിതങ്ങളെയും മാറ്റിമറിച്ചു. പ്രത്യക്ഷമായോ പരോക്ഷമായോ അവരെല്ലാം അവളുടെ ചിരിയുടെയും ഗര്‍വ്വിന്‍റേയും ഭാഗധേയം ഏറ്റെടുത്തു.

1930-കള്‍ തൊട്ടുളള നാലുപതിറ്റാണ്ടാണ് വിലാപ്പുറങ്ങളിലെ പ്രത്യക്ഷകാലം. ഏഴു പതിറ്റാണ്ട് പരോക്ഷകാലവും. തൃശ്ശൂര്‍ നഗരത്തിന്‍റെ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ കഥയാണ് ഈ നോവല്‍ പറയുന്നത്. ഒറ്റയ്ക്കും തെറ്റയ്ക്കും പെരുമാറുന്ന ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളിലൂടെ രേഖപ്പെടുത്തുന്ന ഒരു ഭാവിതചരിത്രമാണ് വിലാപ്പുറങ്ങളിലുളളത്. ശക്തന്‍ തമ്പുരാന്‍ ചുറ്റുവഴി നിര്‍മ്മിച്ച കാലം മുതല്‍ തേക്കിന്‍കാടാണ് തൃശ്ശൂരിന്‍റെ അച്ചുതണ്ട്. കിഴക്കേകോട്ടയ്ക്കും പടിഞ്ഞാറേകോട്ടയ്ക്കുമിടയിലെ ഇടവഴികളും നടവഴികളും നാട്ടുപാതകളും രാജപാതകളും നിര്‍മ്മിച്ച നഗരത്തിന്‍റെ ഹസ്തരേഖാശാസ്ത്രം വിലാപ്പുറങ്ങളുടെ സാംസ്കാരിക ഭൂമിശാസ്ത്രം ആകുന്നു.

വിലാപ്പുറങ്ങളിലെ ആഖ്യാനം ചരിത്രത്തെ കഥയ്ക്ക് പുറത്തേക്ക് ചലിപ്പിച്ചെടുത്തുകൊണ്ടാണ് നീങ്ങുന്നത.് അതുകൊണ്ടുതന്നെ ദേശത്തിന്‍റെ കഥനം ചരിത്രവിവരണവും ഫോക്ലോറും ആയി ഇഴചേര്‍ന്നു പോകുന്നു. ശക്തന്‍ തമ്പുരാന്‍റെ കാലവും പൂരവും വെടിക്കെട്ടും മുതല്‍ കരുണാകരന്‍റെ രാഷ്ട്രീയ ജീവിതവും മുണ്ടശ്ശേരി മാഷും തീറ്റ റപ്പായിയും വിമോചനസമരവുംവരെ സംഭവബഹുലമായ ദേശചരിത്രങ്ങളെ പ്രാദേശീയമായ ഭാഷയിലാണ് നോവലില്‍ ആവിഷ്കരിക്കുന്നത്. സാമൂതിരിയുടെ ആക്രമണം ടിപ്പുവിന്‍റെ പടയോട്ടം ഒക്കെ വിസ്തരിക്കുന്ന നാട്ടുവാമൊഴികള്‍ നാടിന്‍റെ പ്രദേശിക പഴമകളെ നോവലില്‍ പലപ്പോഴായി സൂചിപ്പിക്കുന്നുണ്ട്. പഴയ കാലത്തിന്‍റെ ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടുകാലത്തെ ചരിത്രസ്മരണകളെ സ്പര്‍ശിച്ചുകൊണ്ടാണ് നോവലില്‍ ആഖ്യാനം നീങ്ങുന്നത്. ആക്രമണകാലത്ത് ശക്തന്‍ തമ്പുരാന്‍ അരണനാട്ടുകരയില്‍ തരകന്‍റെ വീട്ടില്‍ ചെന്ന് ഒളിവില്‍ പാര്‍ത്തതും പാണ്ടികശാലകള്‍ പണിതതും കച്ചവടത്തിലൂടെ പതുക്കെപ്പതുക്കെ നാടിനെ സാമ്പത്തികമായി ഉയര്‍ത്തിക്കൊണ്ടുവന്നതുമായ കഥകള്‍ ഔറാമാപ്പിള വെടിക്കട്ട് പണികള്‍ക്കിടയില്‍ കൊച്ചുമാത്തൂനോട് പറയുന്നുണ്ട്.

"കറുത്തപൊന്നായ കുരുമുളകിലാണ് തമ്പുരാന്‍ ആദ്യം കൈവച്ചത്. പ്രവര്‍ത്തിയാന്മാര് കുരുമുളക് ശേഖരിച്ചുണക്കി സര്‍ക്കാര്‍ വക പാണ്ടികശാലകളില്‍ ശേഖരിക്കും. വിദേശികള്‍ക്ക് വേണ്ടത് പാണ്ടിക ശാലകളില്‍ നിന്ന് വാങ്ങണം. ചുമ്മാ നാട്ടാരെ പറ്റിച്ചു വാങ്ങണത് പോല്യല്ല. നല്ല വില കിട്ടണം. നല്ല വെല വാങ്ങിത്തൊടങ്ങീപ്പോ കൃഷിക്കാര്‍ക്കും വെല കൂടുതല്‍ കിട്ടിത്തൊടങ്ങി ചുരുക്കത്തി ആളോടെ കയ്യില് കാശ് വന്നു. കാശ് വരുമ്പോ കച്ചോടം കൂടും നാട് തനിയെ സമ്പന്നമാകും" (വിലാപ്പുറങ്ങള്‍, 2017, പുറം 118). തമ്പുരാന്‍ കച്ചവടത്തിന് ഇറങ്ങിയതോടെ അതിനൊരു തറവാടിത്തം വന്നതായി ഔറാ മാപ്പിള പറയുന്നു. പുകയിലയും കുരുമുളകും മറ്റു മലഞ്ചരക്കുകളുമായി കച്ചവടങ്ങള്‍ പൊടിപൊടിക്കുന്ന സ്ഥലമായി പാണ്ടികശാലകള്‍. തുണിക്കച്ചവടത്തിന് തമിഴ്നാട്ടില്‍ നിന്ന് വന്ന പട്ടന്മാര്‍ പഴയ നടക്കാവില്‍ കച്ചവടം തുടങ്ങിയ കഥ സരസമായി ഔറാമാപ്പിള പറയുന്നു. ഉമ്മറക്കോലായകളില്‍ കോലങ്ങളും നിറയെ ഉണക്കാനിട്ട കോണകങ്ങളുമായിരുന്നത്രേ. അമ്പലവഴികളിലും നടവഴികളിലും കാറ്റത്താടിക്കളിക്കുന്ന കോണകങ്ങളുടെ വാര്‍ത്ത തമ്പുരാന്‍റെ ചെവിയിലും എത്തി. കോണകം കത്തിച്ച് അതിന്‍റെ ചാരം കലക്കി ഉടമസ്ഥരെ കുടിപ്പിക്കാന്‍ കല്‍പ്പനയുമായത്രേ. കച്ചവടം വികസിപ്പിച്ചതോടെ പീടിക മുറികളും അവയ്ക്ക് പിന്നില്‍ താമസസ്ഥലങ്ങളുമുണ്ടായി. ക്രിസ്ത്യാനികള്‍ വന്ന് കുടിയേറി പാര്‍ത്തതോടെ ആട്, പോര്‍ക്ക്, പോത്ത് ഒക്കെ വില്‍പ്പനച്ചരക്കുകളായി. അതോടൊപ്പം നായരങ്ങാടിയില്‍ പട്ടന്മാര്‍ക്ക് പച്ചക്കറിച്ചന്തകളും തുടങ്ങി. കാളവണ്ടികള്‍ക്കായി വഴികള്‍ വെട്ടിയുണ്ടാക്കി വീതികൂട്ടി. വണ്ടികളിടാന്‍ വണ്ടിപ്പേട്ടകളുണ്ടായി. വടക്കുന്നാഥന്‍ ക്ഷേത്രത്തിന് ചുറ്റുമുളള കാടുവെട്ടിത്തെളിക്കാന്‍ സമ്മതിക്കാതിരുന്ന വെളിച്ചപ്പാടിനെ വകവരുത്തി തമ്പുരാന്‍ വടക്കേച്ചിറയ്ക്കടുത്തുളള കൊട്ടാരത്തില്‍ താമസിച്ചു നാടും ഭരിക്കാന്‍ തുടങ്ങിയതോടെ ബ്രാഹ്മണര്‍ കൂട്ടത്തോടെ തൃശ്ശൂര്‍ നഗരം ഒഴിയാനാരംഭിച്ചു. വെട്ടി വൃത്തിയാക്കപ്പെട്ട തേക്കിന്‍കാടിനെ ചുറ്റും വൃത്താകൃതിയില്‍ റോഡ് നിര്‍മ്മിച്ചു തമ്പുരാന്‍ രൂപകല്പന ചെയ്ത നാടിന് പൂരം സംഭാവന ചെയ്തതും അദ്ദേഹം തന്നെയെന്ന് വാമൊഴി ചരിത്രം.

പൂരത്തിന്‍റെ കഥയിലും കേട്ടുകേള്‍വികളാണ്. പണ്ടു മുതല്‍ക്കേ എല്ലാ ദേശങ്ങളിലും എഴുന്നള്ളിപ്പുകളും ഒത്തുചേര്‍ന്നിരുന്നത് ആറാട്ട്പുഴയിലാണ്. ഒരു മഴക്കാലത്ത് വെളളം പൊങ്ങിയതുകൊണ്ട് തൃശ്ശൂരെ ചെറുപൂരങ്ങള്‍ക്ക് സമയത്തിന് എത്തിച്ചേരാന്‍ ആയില്ല. സമയം തെറ്റിയെത്തിയ പൂരങ്ങളെ ചേര്‍ക്കാതെ തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച ജനത്തിനായി ശക്തന്‍തമ്പുരാന്‍ മേടമാസത്തില്‍ തൃശ്ശൂരിന് പൂരം ആരംഭിക്കാന്‍ കല്‍പ്പനയായി. തിരുവാമ്പാടിക്കാരും പാറമേക്കാവും മറ്റ് എട്ട് ദേശക്കാരും ചേര്‍ന്ന പൂരം ഉണ്ടായത് അങ്ങനെയാണത്രേ. ദേശത്തിന്‍റെ തനതു മുദ്രയെന്നവണ്ണം പൂരത്തിന്‍റെ വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആദ്യഭാഗത്ത് തന്നെ ഉത്സവങ്ങളിലെ ആണത്തഘോഷം പ്രകടമാകുന്നുണ്ട്. തൃശ്ശൂര്‍ പൂരത്തിലെ പ്രധാന വെടിക്കെട്ടിന്‍റെ കാര്‍മ്മികന്‍ ചാക്കോരുവിന്‍റെ മകന്‍ കൊച്ചുമാത്തു പൂരപ്പറമ്പിലൂടെ ഒഴുകി നടക്കുകയാണ്. കൂടെ കൂട്ടുകാരനായ എസ്തപ്പാനുമുണ്ട്. വിശപ്പും ദാഹവും ചൂടും മറന്നു തിരക്കിലൂടെ അവര്‍ ഊളിയിട്ടു. വെടിക്കെട്ട് വിസ്മയങ്ങള്‍, അമിട്ടുകള്‍, ആനമൂളി, യന്ത്ര ഊഞ്ഞാല്‍, കരിമ്പിന്‍ കച്ചവടം, ബലൂണുകള്‍, സര്‍ബത്ത് വില്‍പ്പന, ഇലഞ്ഞിത്തറമേളം ഇങ്ങനെയെല്ലാം കണ്ടും കേട്ടും അവര്‍ നീങ്ങി. തൃശ്ശൂര്‍പൂരത്തിലെ ആഘോഷങ്ങളിലും ജനപ്രിയതയിലും പതിഞ്ഞ ആ സ്വഭാവങ്ങളെ നോവലിസ്റ്റ് വരച്ചു കാട്ടുന്നു. പൂരത്തിന്‍റെ അവിഭാജ്യഘടകമായ വെടിക്കെട്ട് സ്ത്രീവിരുദ്ധതയുടെ അനുഭവം തന്നെയാണ് പ്രക്ഷേപണം ചെയ്യുന്നത്. ചില വെടിമരുന്നിന്‍റെ പേര് തന്നെ ഗര്‍ഭം കലക്കിയെന്നാണ്. ഒച്ചയുടെ പെരുക്കം കൊണ്ടുണ്ടാകുന്ന ഞെട്ടലും ഭീതിയുമാണ് അതിന്‍റെ മുഖമുദ്ര. വെടിമരുന്നിന്‍റെ പ്രയോഗം കൊണ്ടാണ് ചാക്കോരു ചരിത്രത്തിന്‍റെ ഭാഗമാകുന്നത്. കേരളക്കരയില്‍ ആദ്യമായി അമിട്ട് വിരിയിച്ച പ്രതിഭ വെടിമരുന്നിന്‍റെ നിര്‍മ്മാണക്കൂട്ടുകളും രസവിദ്യകളും ചേര്‍ന്ന നാട്ടറിവ് ഈ നോവലിന്‍റെ മറ്റൊരു സവിശേഷതയാണ്. അതുപോലെതന്നെ ഇറച്ചിക്കച്ചവടവും, ഗോരോചനം, കൃഷ്ണണ്ടി തുടങ്ങിയ ഇറച്ചിത്തരങ്ങളും ചേര്‍ന്ന മറ്റൊരു അങ്ങാടി ഫോക്ലോര്‍ കൂടിയുണ്ട്.

പുലികളിയുടെ നാട്ടുകഥകളും നോവലില്‍ സൂചിപ്പിച്ചിട്ടുണ്ട്. പണ്ട് ശക്തന്‍ തമ്പുരാന്‍റെ കാലത്ത് പട്ടാളം നേരം പോക്കിനായി ഓണക്കാലത്ത് തുടങ്ങിയതാണ് പുലികളി. ഒരാള്‍ തോക്ക് പിടിച്ച് കടുവകളെ വെടിവെച്ചിടാന്‍ നടക്കും. കടുവകള്‍ അയാളെ വെട്ടിച്ചു കളിക്കും. പിന്നെ ബ്രിട്ടീഷ് പട്ടാളം ക്യാമ്പടിച്ചപ്പോള്‍ പഴയ കടുവാകളി ഇപ്പോഴത്തെ രൂപത്തിലേക്ക് അവിടവിടെ ചായം വാരിത്തേച്ച് ക്യാമ്പില്‍ നിന്നും തേക്കിന്‍കാടിന് ചുറ്റും നഗരത്തിലേക്ക് ഇറങ്ങി. കാണാന്‍ നാട്ടുകാരും. പട്ടാളം നാടുവിട്ടിട്ടും ഓണക്കാലത്ത് ദേശക്കാര്‍ കളി ഏറ്റെടുത്തു. പുലികളി കളിക്കുന്നത് ആണുങ്ങളെങ്കിലും പെണ്‍പുലിവേഷം കെട്ടുന്ന രീതിയും ഉണ്ട്.

ദു:ഖവെളളിയാഴ്ചകളില്‍ പളളിയള്‍ത്താരകളില്‍ നാടകീയമായ പ്രാര്‍ത്ഥനകളുടെ അരങ്ങേറുന്ന ചടങ്ങുകളിലും തൃശ്ശൂര്‍ ക്രിസ്ത്യാനികള്‍ ഭക്തിപൂര്‍വ്വം ദൈവത്തെ സ്മരിച്ചു. എന്നാല്‍ മറിയ കാത്തിരുന്നത് വെളളിയാഴ്ചകളെ അല്ല ഉയിര്‍പ്പിന്‍റെ ഞായറാഴ്ചകളെയാണ്. ചമ്മട്ടികൊണ്ടുളള അടികളെയും പരിഹാസങ്ങളെയും ഭേദിച്ച് ഇരുളിന്‍റെ കല്ലറയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ആഹ്ലാദത്തിനാണ് മറിയ കാത്തു കാത്തിരുന്നത്. അമ്മ കന്യാമറിയത്തില്‍ നിന്ന് വ്യത്യസ്തയായ പരിത്യക്തതയില്‍ നിന്ന് ഉയര്‍ത്തപ്പെട്ട മഗ്ദലനയിലെ മറിയത്തോടാണ് അവള്‍ സ്വയം ഐക്യപ്പെട്ടത.് ത്യാഗത്തിന്‍റെ, പീഡാനുഭവത്തിന്‍റെ ദിനങ്ങളെക്കാള്‍ ഉയര്‍പ്പിന്‍റെ ദിനങ്ങളെ കാത്തിരിക്കുന്നവള്‍. ക്രിസ്തുവാകാനല്ല മറിച്ച്, കാമനകളുടെ സാക്ഷാത്കാരത്തിലൂടെ സഫലമായ വഴികളിലൂടെ ഒരു പെണ്‍ദൈവമായി മാറിത്തീരാനാണ് ആഗ്രഹിച്ചത്. തന്‍റെ വിധിയെ താന്‍ തന്നെ സൃഷ്ടിക്കുന്ന ദൈവം. പതിനാലാം വയസ്സില്‍ നഷ്ടപ്പെട്ട പ്രണയത്തെ അറിയലും വിവേചനപൂര്‍വ്വം മനസ്സിലാക്കലും അതിനെ വീണ്ടെടുക്കലും ആയിരുന്നു അവളുടെ ആത്മീയത. ആനന്ദകാമനകളിലൂടെയുളള പ്രാര്‍ത്ഥനകള്‍ ഒക്കെയും അവള്‍ക്ക് അതില്‍ എത്തിച്ചേരാനുള്ള ഉപാധിയായിരുന്നു. പീറ്ററിനു വേണ്ടിയുളള കാത്തിരിപ്പ് വെറുതെയാണെന്ന് അറിഞ്ഞപ്പോള്‍ മറിയ കരഞ്ഞില്ല. അവനെ നേരിട്ട് കണ്ട ദിവസം അവന്‍ അവളോട് മിണ്ടാതെയും ചിരിക്കാതെയും അപരിചിതനെ പോലെ കടന്നുപോയപ്പോള്‍ സ്വയം തകര്‍ന്നുപോകാതെ അവള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. മതിയാവോളം മധുരക്കളളും ചാരായവും കൊഞ്ചുകറിയും ചെലുത്തി അവള്‍ ആഘോഷിച്ചു. ഒരു പൊട്ടിപ്പെണ്ണ് ചത്ത് തുലഞ്ഞദിവസം, സ്വതന്ത്രയും തന്‍റേടിയുമായ പെണ്ണ് ഉയിര്‍കൊണ്ട ദിവസം കൂടിയായി മാറിയത്. തന്‍റെ ശരീരവും മനസ്സും ഒരുത്തന് മാത്രമായി കാത്തുവെക്കേണ്ടതില്ല. അവളുടെ രക്തവും മാംസവും മനുഷ്യസ്ത്രീയുടെ എന്നപോലെ ഏതെങ്കിലും ഒരാള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതല്ല. ഉടലിലൂടെയുളള വിമോചനം ക്രിസ്തുവിനെപോലെ അവളും സാക്ഷാത്കരിക്കുകയാണ്. തന്‍റെ നീതി നിയമങ്ങളെ, പാപപുണ്യങ്ങളെ താന്‍ തന്നെ നിര്‍മ്മിച്ചു. താന്‍ തന്നെ നിയന്ത്രിക്കുന്ന ദൈവം തന്നെയായി അവള്‍. അവളുടെമേല്‍ ഒരാള്‍ക്കും അധികാരമുണ്ടായിരുന്നില്ല. ക്രിസ്തീയമായ പാപസങ്കല്‍പ്പങ്ങളോട് ഇടഞ്ഞും കയര്‍ത്തുമാണ് മറിയ തന്‍റെ പാപവിമുക്തി കൈവരിക്കുന്നത്. അത്തരം ആനന്ദനിഷ്ടമായ ആത്മീയത അന്യമായ സാംസ്കാരികതയ്ക്കകത്ത് ഈ നോവല്‍ സൃഷ്ടിച്ചെടുക്കുന്ന വിച്ഛേദം അതിനാല്‍ തന്നെ പ്രധാനമാണ്.

ശിവപാര്‍വതി പുരാവൃത്തത്തിലൂടെ ദേശത്തിന്‍റെ പ്രാദേശികചരിത്രത്തെയും വാമൊഴി വഴക്കങ്ങളെയും തൊട്ടുകൊണ്ട് മതപരമായ ആത്മീയതയുടെ മറ്റൊരാഖ്യാനം കൂടെ ഈ നോവലില്‍ കാണാം. തൃശ്ശൂരിന് ആ പേര് വന്ന കഥയാണത്. ദേശനാമത്തിനപ്പുറം ദൈവത്തിന്‍റെ സഞ്ചാരപഥങ്ങളെ കഥ തൊട്ടുനില്‍ക്കുന്നു. ശിവപാര്‍വതിമാര്‍ വൈകുണ്ഠയാത്ര കഴിഞ്ഞ് നന്ദികേശ്വരന്‍റെ പുറത്തേറി കൈലാസത്തിലേക്ക് മടങ്ങുമ്പോള്‍ ക്ഷീണം മൂലം വിശ്രമിക്കാനായി നന്ദികേശ്വരന്‍ ഇടയ്ക്ക് നിന്നുവത്രേ. ശിവനും പാര്‍വ്വതിക്കും  ആ വനഭൂമി  ഏറെ ഇഷ്ടമായി. "ശിവന്‍റെ കാലിടം പതിഞ്ഞു ഭൂമി കോരിത്തരിച്ചു. ആ വനവും ചുറ്റുമുള്ള ദേശവും കോള്‍മയിര്‍ കൊണ്ടു.  പുണ്യഭൂമിയില്‍ വടക്ക് പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്ന ഊരിന്‍റെ നാഥനെ പൂജാരി സ്വപ്നത്തില്‍ ദര്‍ശിക്കുന്നു. വടക്കുംനാഥന്‍! ത്രിമൂര്‍ത്തികളില്‍ ഒരുവനായ ശിവന്‍റെ പേരിലാണ് ഇനി ഈ ദേശം അറിയപ്പെടുക. 'ശിവപേരൂര്‍! "തൃശ്ശിവപേരൂര്‍!"

മതബോധവും കുടുംബപുരാണവും മുതല്‍ ദേശചരിത്രവും സ്ഥലകഥകളും വരെയുള്ളവ ഭാവനയില്‍ ചെയ്യുന്നത് ഒറ്റപ്പെട്ട മനുഷ്യരിലൂടെയൊണ.്  ഇരട്ടപ്പേരുകളുടെ നീണ്ട പട്ടികയാണ് വിലാപ്പുറങ്ങളിലുടനീളം. പനംകേറി മറിയ, വെടിക്കെട്ട് ചാക്കോ, കൂറ്റന്‍ജോസ്, കുറുക്കനന്ദു, ചാപ്ലി ജോണി, റിക്ഷ ജോര്‍ജ്, കുരുമ്പുലി വാസു, വിക്കന്‍ വാസു, കല്യാണമാത്തിരി, വഴുതനങ്ങാരമണി, കൂറ്റന്‍ ജോസ്, കാട്ടാളന്‍ പൊറിഞ്ചു, എല്ലുംതോമ എന്നിങ്ങനെയുള്ള പേരുകളിലൂടെ പ്രാദേശികതയുടെ ജനപ്രീയ കൗതുകങ്ങള്‍ വാരി നിറക്കുകയല്ല നോവലിസ്റ്റ.് ഇവരെല്ലാം തൃശ്ശൂരിന്‍റെ ഭൂതകാലത്തിന്‍റെ ഉടമകളാണ്. സ്ഥലകാലങ്ങളില്‍ നിന്ന് വിത്തും വേരുമായി ആ പേരിനോട്  ചേര്‍ത്തുളള സന്ദര്‍ഭങ്ങള്‍ കൂടി നോവലില്‍ കടന്നുവരുന്നുണ്ട്. ദേശത്തിന്‍റെ സവിശേഷമായ ഒരു കാരിക്കേച്ചറിംഗ് തന്നെയാണത്. ചില സന്ദര്‍ഭങ്ങളില്‍ അത് അധികാരത്തിന്‍റെ സൂക്ഷമമായ മേല്‍/കീഴുകളെക്കൂടി വെളിപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് ജോര്‍ജ്ജൂട്ടി പഠിച്ച സ്കൂളിന്‍റെ പേര് പാലു മെമ്മോറിയല്‍ എന്നാണ്. എങ്കിലും ആളുകള്‍ക്കിടയില്‍ അത് പൊതുവില്‍ അറിയപ്പെടുന്നത് തീട്ടം കോരി സ്കൂള്‍ എന്നാണ്. കാരണം തോട്ടികളുടെ മക്കള്‍ ഏറെയും പഠിക്കുന്ന സ്കൂള്‍ ആയിരുന്നു അത്. ജാതിപരമായ അധികാരത്തിന്‍റെ ദ്യശ്യങ്ങളെ വെളിപ്പെടുത്തുന്ന വിധം പ്രായോഗികമായാണ് ഭാഷയുടെ നില. ഒരു കേവലാദര്‍ശത്തിനും വഴങ്ങുന്നതല്ല അവിടെ ഭാഷ. ഭാഷണങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം ഈ പരുക്കന്‍ സ്വഭാവത്തിന് ആക്കം കൂട്ടുന്നു. ഭാഷണരീതിയിലുള്ള മറ്റൊരു സവിശേഷത അത് തൃശ്ശൂരിന്‍റെ തനത് വാമൊഴി ഭാഷയെ പതിവ് രീതിയില്‍നിന്ന് ഏറെക്കൂറെ മാനകീകരിക്കുന്നുണ്ട്.

ചരിത്രത്തിന്‍റെ അടിയൊഴുക്കുകളും മേലടരകളുംകൊണ്ട് ഭാവന സൃഷ്ടിച്ചു കൊടുക്കുന്ന വിശ്വാസ്യതയിലും ആധികാരികതയിലും വിലാപ്പുറങ്ങള്‍ തനതായ ഒരു ആഖ്യാന ശൈലി രൂപപ്പെടുത്തുന്നുണ്ട്. കാളവണ്ടികളും റിക്ഷാ വണ്ടികളും എണ്ണ വിളക്കുകളും മണ്‍പാതകളും നിറഞ്ഞ നഗരഭൂപടം മാത്രമല്ല ഇതിന് തെളിവ്. കെ. കരുണാകരന്‍റെ രാഷ്ട്രീയ വളര്‍ച്ചയും തളര്‍ച്ചയുമാണ് വിലാപ്പുറങ്ങളിലെ ചരിത്രധാരയുടെ നട്ടെല്ല്. 1940-ല്‍ തൃശ്ശുരില്‍ തൊഴിലാളി സംഘടന പ്രവര്‍ത്തകനായെത്തിയ കരുണാകരന്‍ 1957 മുതല്‍ പാര്‍ലമെന്‍ററിരംഗത്ത് സജീവമായി. അഴിക്കോടന്‍ വധം, അടിയന്തരാവസ്ഥ, നക്സലൈറ്റ് മുന്നേറ്റം തുടങ്ങിയ ഘട്ടങ്ങളിലെ രാഷ്ട്രീയ നെറികേടുകള്‍ എന്നിവയുള്‍പ്പെടെയുള്ള കരുണാകരന്‍റെ രാഷ്ട്രീയജീവിതം വിലാപ്പുറങ്ങളുടെ ഭാവനാലോകങ്ങള്‍ക്കടിവരയിടുന്നു. ഒപ്പം വിമോചനസമരവും മുണ്ടശ്ശേരിയും തീറ്റ റപ്പായിയും നവാബ് രാജേന്ദ്രനും ഒക്കെ കടന്നുവരുന്ന രണ്ട് ദശകത്തിന്‍റെ രാഷ്ട്രീയ ജീവചരിത്രവും നമുക്ക് നോവലില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

 തൃശ്ശൂര്‍ നഗരത്തിന്‍റെ  ചരിത്രവും ഐതിഹ്യങ്ങളും മുമ്പും നോവലുകള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും ഇത് ആദ്യമായി നഗരത്തിലെ തെരുവുകളുടെയും രാത്രികളുടെയും ചുമട്ടുതൊഴിലാളികളുടെയും  ഇറച്ചി വെട്ടുകാരും മോഷ്ടാക്കളും ഗുണ്ടകളും വേശ്യകളും ഉള്‍പ്പെട്ട മുഖ്യധാരയ്ക്ക് പുറത്തുള്ളവരുടെയും ജീവിതം ഭാഷയില്‍ പ്രകാശിതം ആകുന്നത് എന്ന പ്രത്യേകത 'വിലാപ്പുറങ്ങള്‍' എന്ന ഈ നോവലിനുണ്ട്. പൂരവും വെടിക്കെട്ടും പാറമേക്കാവ് തിരുവമ്പാടി വിഭാഗക്കാരുടെ മത്സരവും ഒല്ലൂര്‍ തിരുനാളും തട്ടില്‍ കൊലക്കേസും ലീഡര്‍ കരുണാകരന്‍റെ രാഷ്ട്രീയ ബില്ലും അഴിക്കോടന്‍ രാഘന്‍റെ കൊലപാതകവും ഗുണ്ടകളുടെ കുടിപ്പകയും മിഴിവോടെ അതീവ ഹൃദ്യമായി ലിസി ഈ നോവലില്‍ ആവിഷ്കരിച്ചിരിക്കുന്നു.

ഗ്രന്ഥസൂചി:

ജോബിന്‍ ചാമക്കാല ഡോ.(എഡി)., 2020, നോവലും പ്രാദേശികതയും, ആത്മബുക്സ്, കോഴിക്കോട്. 
ലിസി, 2017, വിലാപ്പുറങ്ങള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്. 
രാമകൃഷ്ണന്‍ ഇ.വി., 2017, മലയാള നോവലിന്‍റെ ദേശകാലങ്ങള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
ശിവദാസ് കെ.കെ.ഡോ., 2014, നോവല്‍ : വ്യവഹാരങ്ങളുടെ ആല്‍ഗൊരിതം, ശിവദാസ് കെ.കെ.ഡോ. (എഡി), മലയാള നോവല്‍ രണ്ടായിരത്തിനുശേഷം, പാപ്പിറസ് ബുക്സ്.
സുധീഷ് എസ്, 2018, ചരിത്രവും ഭാവനയും നോവല്‍ കലയില്‍, കേരള ഭാഷാ ഇന്‍സ്ററിറ്റ്യൂട്ട്.
ഷാജി ജേക്കബ് ഡോ., 2013, മലയാള നോവല്‍ ഭാവനയുടെ രാഷ്ട്രീയം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഷാജി ജേക്കബ് ഡോ., 2018, ആധുനികാനന്തര മലയാള നോവല്‍ വിപണി, കല, പ്രത്യയശാസ്ത്രം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
മഞ്ജു കെ.ആര്‍ 
അസിസ്റ്റന്‍റ് പ്രൊഫസര്‍
ഗവമെന്‍റ് വിമന്‍സ് കോളേജ്
തിരുവനന്തപുരം
Ph: +91 8547886114
India
Pin: 695014
Email: manjukjaison@gmail.com
ORCID: 0009-0002-7722-5032