Migrant Experience through the Journeys of Govardhan

Dr  A.S. Pratheesh

The stark realities of life have been revealed through the novel, Journeys of Govardhan. Aanand’s Goverdhan can be taken as a record of history and politicising the injustice that is happening in the society. This could be taken as one of the best models of contemporary writing. Thoughts are liberated from time and space and the novelist is trying to prove that there is injustice everywhere. The migration of the Immigrants from the place of historicity underlines this factor. The novelist has digressed from the traditional mode of writing and had criticised injustice using strong words. The content of this novel tries to delineate characters through different forms of writing techniques used by the author.

Dr. A S Pratheesh
Asst. Professor
Department of Malayalam
Sree Sankaracharya University of Sanskrit
Kalady
India
Pin: 673574
Ph: +91 9446271911

പ്രവാസാനുഭവം ഗോവര്‍ദ്ധന്‍റെ യാത്രകളില്‍

ഡോ.എ.എസ്.പ്രതീഷ്

തൊഴില്‍പരമോ വിദ്യാഭ്യാസപരമോ രാഷ്ട്രീയമോ ആയ കാരണങ്ങളാല്‍ ജന്മനാട്ടില്‍ നിന്നും മറ്റൊരിടത്തെത്തുന്നവരുടെ അനുഭവാവിഷ്കരണമാണ് പ്രവാസസാഹിത്യം (Diaspora Literature).. പ്രവാസം അഥവാ Diaspora എന്നതിന് അന്യദേശത്തുള്ള പാര്‍പ്പ് എന്നാണര്‍ത്ഥം. ഇപ്രകാരം പ്രവാസം അനുഭവിക്കുന്ന ആള്‍ എന്ന നിലയില്‍ വ്യക്തി പ്രവാസിയായി മാറുന്നു. പ്രകര്‍ഷേണയുള്ള 'വാസം'  എന്നാണ് പ്രവാസം എന്ന സംസ്കൃതപദത്തിന്‍റെ വിഗ്രഹരൂപം. 'പ്ര' പൂര്‍വകമായ 'കൃഷ്'  ധാതുവില്‍ നിന്നും നിഷ്പന്നമാണ് പ്രകര്‍ഷം. കൃഷ് ധാതുവിന് അടുപ്പിക്കല്‍, ആകര്‍ഷണം തുടങ്ങിയ അര്‍ത്ഥങ്ങളുണ്ട്. ആയതിനാല്‍ അന്യദേശ ത്തോടുള്ള ആകര്‍ഷണം നിമിത്തം പുറപ്പെട്ടുപോയവരുടെ അനുഭവങ്ങള്‍ കൂടിയാകുന്നു പ്രവാസം. ഇത് വിവിധ തരത്തില്‍ സംഭവിക്കാം. ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് പിന്നെ മഹാനഗരങ്ങളിലേക്ക്, സ്വന്തം രാജ്യത്തിന്‍റെ ഇതരപ്രദേശങ്ങളി ലേക്ക് വിദേശങ്ങളിലേക്ക്. പ്രകൃതി വിധിയിലൂടെയും മനുഷ്യവിധി യിലൂടെയും പ്രവാസം സംഭവിക്കാം. വിവിധങ്ങളായ പ്രകൃതി ക്ഷോഭങ്ങള്‍ കാരണം  ഒരു പ്രദേശത്തെ ജനങ്ങള്‍ക്ക് മറ്റൊരു ദേശത്ത് പോകേണ്ടി വരും. മനുഷ്യവിധി വ്യക്തിയെയും സമൂഹ ത്തെയും ഒരു പോലെ പ്രവാസത്തിലേക്ക് നയിക്കും. തൊഴില്‍, വിദ്യാഭ്യാസം എന്നീ കാരണങ്ങളാല്‍ വ്യക്തികളെയും യുദ്ധം, ഭക്ഷ്യക്ഷാമം എന്നീ കാരണങ്ങളാല്‍ സമൂഹത്തെയും മറ്റൊരു പ്രദേശത്ത് എത്തിക്കും. അന്യനാട്ടില്‍ ജീവിക്കുകയും എന്നാല്‍ മനസ്സികൊണ്ട് സ്വന്തം നാട്ടില്‍ പോകാന്‍ ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നവരുടെ ജീവിതത്തെ ഡയസ്പൊറ ലിറ്ററേച്ചറില്‍ അടയാളപ്പെടുത്തുമ്പോള്‍ പല കാരണങ്ങളാല്‍ ഒരിക്കലും ജന്മനാട്ടില്‍ പോകാന്‍ കഴിയാത്തവരുടെ ജീവിതമാണ് എമിഗ്രന്‍റ്െ ലിറ്ററേച്ചറില്‍ പറയുന്നത്. വിശാലാര്‍ത്ഥത്തില്‍ ഇവ രണ്ടും പ്രവാസസാഹിത്യത്തിന്‍റെ പരിധിയില്‍ വരും.

പ്രവാസത്തിന് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. ആദിമമനുഷ്യന്‍റെ ജീവിതം തേടിയുള്ള യാത്രകളെല്ലാം തന്നെ പ്രവാസങ്ങളായിരുന്നു. ഈ യാത്രകളെല്ലാം സമൂഹമായിട്ടായിരുന്നു. സമൂഹമായി നടത്തിയിരുന്ന യാത്രകള്‍ വ്യക്തിയിലേക്ക് ചുരുങ്ങിയപ്പോള്‍ പ്രവാസത്തിന് പുതിയ ലോകം തുറക്കുകയായി. മനുഷ്യസംസ്കാരത്തിന്‍റെ പിറവിക്കും വളര്‍ച്ചക്കും കാരണം ഇത്തരത്തിലുള്ള പ്രവാസങ്ങളാണ്.

ബി.സി.മൂന്നാംനൂറ്റാണ്ടില്‍ ഗ്രീക്കുകാരും റോമാക്കാരും അറബികളും കച്ചവടത്തിനുവേണ്ടി കേരളത്തില്‍ എത്തിയിരുന്നു. എ.ഡി പത്തൊന്‍പതാംനൂറ്റാണ്ടില്‍ ക്രിസ്ത്യന്‍മിഷണറിമാരുടെ സഹായത്തോടെ കേരളീയര്‍ മറ്റ് വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയിരുന്നു. ശ്രീലങ്കയില്‍ തൊഴില്‍ തേടി എത്തിയവരില്‍ പത്തുശതമാനം കേരളീയരാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ, സിങ്കപ്പൂര്‍, മലയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് വന്‍തോതിലുള്ള കുടിയേറ്റം നടക്കുകയുണ്ടായി. ഈ കാലയളവില്‍ ഇന്‍ഡ്യയിലെ തന്നെ പ്രധാനനഗരങ്ങളായ ബാംഗ്ലൂര്‍, ബോംബേ, കല്‍ക്കട്ട, മദ്രാസ് എന്നീ നഗരങ്ങളിലേക്കും ഗള്‍ഫ്രാജ്യങ്ങളിലേയ്ക്കും വ്യാപനമു ണ്ടായി. ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനം ഗള്‍ഫ്-കുടിയേറ്റ ക്കാരില്‍ മിക്കവരും കേരളത്തില്‍ നിന്നുള്ളവരാണ്. കോളോണിയലി സത്തിന്‍റെ ഫലമായി ബ്രിട്ടന്‍, ഫ്രാന്‍സ്, ആഫ്രിക്ക എന്നിവിടങ്ങളി ലേക്കും മലയാളിയെയെത്തിച്ചു. ഈ കാലയളവില്‍ അഭ്യസ്ത വിദ്യരായ കേരളീയര്‍ യൂറോപ്പ്യന്‍ രാജ്യങ്ങളിലും അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും എത്തപ്പെട്ടു. വിദ്യാഭ്യാസാവശ്യ ങ്ങള്‍ക്കായുള്ള കുടിയേറ്റം വന്‍തോതില്‍ നടക്കുന്നതും ഈ കാലയളവിലാണ്. കേരളത്തില്‍ ആഭ്യന്തരകുടിയേറ്റചരിത്രത്തിലെ സുപ്രധാന അധ്യായം മലബാര്‍ കുടിയേറ്റത്തിന് അവകാശപ്പെട്ടതാണ്.

ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മകളില്‍ കഴിയുന്നവരാണ് പ്രവാസികള്‍. സ്വന്തം നാട്ടില്‍ നിന്നും പരദേശത്തേക്ക് പോകുമ്പോഴും മടങ്ങിവരാനുള്ള ത്വര അവരില്‍ കാണും. ഇത് ചിലപ്പോള്‍ ശക്തമായിത്തീരാറുണ്ട്. സിനിമകള്‍ കാണുമ്പോഴും ചലച്ചിത്രഗാനങ്ങള്‍ ആസ്വാദിക്കുമ്പോഴും പുസ്തകങ്ങള്‍ വായിക്കുമ്പോഴും ടെലിവിഷന്‍ ചാനലുകളിലൂടെ കണ്ണോടിക്കു മ്പോഴും നാടിനെക്കുറിച്ചുള്ള ചിന്ത അവരെ മദിച്ചുകെണ്ടേയിരിക്കും. ജീവിതം പ്രശ്നസങ്കീര്‍ണ്ണമാവുകയും ഗൃഹാതുരത്വം വേട്ടയാടു കയും ചെയ്യുമ്പോള്‍ അവരില്‍ നിന്നും അനുഭവങ്ങളുടെ ആവിഷ്കാരങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അനുഭവാവിഷ്കാ രമാണ് പ്രവാസസാഹിത്യം. എന്നാല്‍ എല്ലാ അനുഭവാവിഷ്കാരങ്ങ ളേയും പ്രവാസസാഹിത്യമായിട്ട് പരിഗണിക്കാനും കഴിയില്ല.

പ്രവാസം അനസൂതം തുടരുന്ന ജീവിതപ്രക്രിയയാണ്. അര്‍ത്ഥപരിവര്‍ത്തനം സാധ്യമായ ജീവിതാവസ്ഥകൂടിയാണത്. പ്രവാസത്തിന് പ്രയാണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നിങ്ങനെ യുള്ള അവസ്ഥകളുണ്ട്. സ്വന്തം ദേശം വിട്ട് മറ്റൊരു സ്ഥലത്ത് എത്തുന്നതാണ് പ്രയാണം. എത്തപ്പെട്ട സ്ഥലത്ത് ജീവിതം മെച്ചപ്പെടുത്താന്‍ അയാള്‍ ചെയ്യുന്ന അധ്വാനമാണ് പ്രവര്‍ത്തനം. ആ പ്രവര്‍ത്തനത്തിലൂടെ അയാള്‍ക്കും ചുറ്റുപാടുകള്‍ക്കുമുണ്ടാ കുന്ന മാറ്റമാണ് പരിവര്‍ത്തനം. പ്രവാസിയുടെ ഇത്തരം അവസ്ഥകള്‍ സാഹിത്യരചനകള്‍ക്ക് കാരണമായിത്തീരാറുണ്ട്. 

പ്രവാസത്തിന് അഭയം, അന്നം, മെച്ചപ്പെട്ടമേച്ചില്‍പ്പുറം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളാണ് ഉള്ളത്. അഭയം ആഗ്രഹിക്കുന്ന വര്‍ക്ക് പ്രവാസം അത്യാവശ്യവും അന്നം ലക്ഷ്യമാക്കുന്നവര്‍ക്ക് പ്രവാസം അവശ്യഘടകവും മെച്ചപ്പെട്ട മേച്ചില്‍പ്പുറം വേണ്ടവര്‍ക്ക് അതൊരു അലങ്കാരവുമാണ്. അഭയം തേടുന്നതിന് രാഷ്ട്രീയ വംശീയ കാരണങ്ങളാണുള്ളത്. അന്നത്തിനു വേണ്ടിയുള്ള പ്രവാസങ്ങള്‍ താല്കാലികമായോ സ്ഥിരമായോ ആണ് തൊഴില്‍ ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് ചെന്നെത്തുക. മെച്ചമായ മേച്ചില്‍പ്പുറം തേടി പോകുന്നവര്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നിരന്തരമായി യാത്രചെയ്തുകൊണ്ടേയിരിക്കും.

ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്ത് എത്തുന്നവന്‍റെ ഗൃഹാതുരമായ സ്വത്വനൈരാശ്യങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആവിഷ് കാരമാണ് പ്രവാസസാഹിത്യം. തങ്ങള്‍ക്ക് നഷ്ടമായ ഭാഷ, ആചാരം, മതം, കാലാവസ്ഥ, ഭക്ഷണം എന്നിവയില്‍ അന്തര്‍ലീന മായിക്കിടക്കുന്ന ഗൃഹാതുരമായ വൈകാരികത്വത്തിന്‍റെ സാംസ്കാരികാംശങ്ങളാണ് പ്രവാസസാഹിത്യത്തിന്‍റെ ഊര്‍ജ്ജം. വാണിജ്യത്തിനും തൊഴിലിനും വേണ്ടി മറ്റൊരു ദേശത്ത് എത്തിയവരും രാഷ്ട്രീയ കാരണങ്ങളാല്‍ സ്വന്തം നാട് നഷ്ടപ്പെട്ടവരുമെല്ലാം പ്രവാസത്തിന്‍റെ അര്‍ത്ഥപരിധിയില്‍ വരും. നാടുകടത്തപ്പെട്ടവര്‍, കുടിയേറ്റത്തൊഴിലാളികള്‍, പലകാരണങ്ങ ളാല്‍ പലായനം ചെയ്തവര്‍, രാഷ്ട്രീയ അഭയാര്‍ത്ഥികള്‍, വംശീയന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരും പ്രവാസികളാണ്. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്ക പോലുള്ള സമ്പന്നരാജ്യങ്ങളിലും എത്തപ്പെട്ട തൊഴിലാളികള്‍ വരെയുള്ളവര്‍ പ്രവാസത്തിന്‍റെ വിശാലമായ കാഴ്ചപ്പാടില്‍ വരും.

മലയാളസാഹിത്യത്തില്‍ വ്യത്യസ്ത രൂപത്തില്‍ നിരവധി കൃതികളിലായി പ്രവാസജീവിതത്തെ ആവിഷ്ക്കരിച്ചിട്ടുണ്ട്. ആദ്യകാല നോവലുകളില്‍ തുടങ്ങി ഉത്തരാധുനിക നോവലുകളില്‍ വരെ ഈ വിഷയം കൈകാര്യം ചെയ്യുന്നു. എന്നാല്‍ ഇവയ്ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. മുഖ്യകഥാപാത്രത്തിന്‍റെ പ്രവാസവും അതിജീവനരീതിയും പൂര്‍വ്വകാല സ്മരണകളുമായി പ്രവാസത്തെ അടയാളപ്പെടുത്തുകയാണ് ഈ രീതി. വീടുവിട്ടുള്ള പാര്‍പ്പ്, അതിലൂടെയുണ്ടാകുന്ന വിരഹം, സ്വയമേവ വിദേശത്തു പോയി പാര്‍ക്കല്‍ എന്നെല്ലാം പ്രവാസാനുഭവത്തെ നിര്‍വചിക്കുമ്പോള്‍ കേവലം ഒരു കഥാപാത്രത്തില്‍ നിന്നു മാറി സ്വദേശവും വിദേശവുമായ രണ്ട് ഭൂമികകളെ ആവിഷ്ക്കരിക്കുവാന്‍ കഴിയുന്നതായി പ്രവാസരചനകള്‍ മാറുന്നു. എന്നാല്‍ പ്രമേയപരവും ആഖ്യാനപരമായും പ്രവാസത്തെ മറ്റൊരു തലത്തില്‍ അവിഷ്ക്കരിക്കുന്നു. ഗോവര്‍ദ്ധന്‍റെ യാത്രകളില്‍ ആനന്ദ.് അത് കേവലം ഗോവര്‍ദ്ധന്‍റെ യാത്രയല്ലാതാകുന്നു. ചരിത്രത്തിന്‍റെ വ്യത്യസ്തകാലങ്ങളില്‍ നീതിനിഷേധിക്കപ്പെട്ട ഗോവര്‍ദ്ധന്മാരുടെ യാത്രയായി ആനന്ദിന്‍റെ രചന മാറുന്നു. രാജഭരണം മുതല്‍ ജനാധിപത്യം വരെ, ശാസ്ത്രം മുതല്‍ സാഹിത്യം വരെ, അധികാരം മുതല്‍ അടിമത്തം വരെ ഈ യാത്രയില്‍ ആവിഷ്ക്കരിക്കപ്പെടുന്നു. ഭക്ഷണത്തിനോ, പാര്‍പ്പിടത്തിനോ വേണ്ടി മാത്രമായിരുന്നു പ്രവാസമെന്നും അടിസ്ഥാനപരമായി അവയെല്ലാം നിഷേധിക്കപ്പെട്ട നീതി തേടിയാണെന്നും ആനന്ദ് നോവലിലൂടെ അവതരിപ്പിക്കുന്നു. ഈ പ്രബന്ധത്തിലും നോവലില്‍ എങ്ങനെ പ്രവാസത്തെ ആവിഷ്ക്കരിച്ചിരിക്കുന്നു എന്നും അതിനുപയോഗിച്ചിരിക്കുന്ന സവിശേഷ ആഖ്യാനരീതിയെക്കുറിച്ചും അന്വേഷിക്കുന്നു.

യാത്രയുടെ സ്വഭാവം എന്നത് അതിന് തുടക്കവും ഒടുക്കവും ഒരു ലക്ഷ്യവും ഉണ്ടാകും എന്നതാണ്. ڇസ്ഥലം ചരിത്രത്തെയും ചരിത്രം സ്ഥലത്തെയും പൂരിപ്പിക്കുന്ന ഘടകങ്ങളാകുന്നത് മധ്യകാലം തൊട്ടാണ്.1 എന്നും യാത്രകളിലൂടെയാണ് രാഷ്ട്രീയാധിനിവേശങ്ങളും മതസാമ്രാജ്യങ്ങളും യാഥാര്‍ത്ഥ്യമാകുന്നത്.

ഇന്ദ്രിയഗോചരമായ സ്ഥലം (Perciened space),, ഭാവനാസ്ഥലം (Imagined space) എന്നിങ്ങനെ രണ്ടു സ്ഥലസങ്കലപങ്ങള്‍ ലെവ്റെ (Henry Lifebrre) രൂപപ്പെടുത്തുകയും ഇവിടെ സ്ഥലമെന്നത് സാംസ്കാരിക പ്രയോഗങ്ങളുടെ ഒരു പ്രദേശമാണ്.2 ഇതില്‍ ഭാവനാസ്ഥലത്താണ്, സ്ഥലകാല നിബന്ധനകളില്ലാതെ ഗോവര്‍ദ്ധന്‍റെ യാത്രകളില്‍ കഥാപാത്രങ്ങള്‍ കണ്ടുമുട്ടുന്നത്. 

പ്രഹസനം രചിച്ച ഭാരതേന്ദു ഹരിശ്ചന്ദ്രയും കഥാപാത്രം ഗോവര്‍ദ്ധനും, ഇബന്‍ബത്തൂത്തയും മുഗള്‍ചക്രവര്‍ത്തി ഹൂമയൂണും, നര്‍ത്തകി ഉമ്റാവ്ളാനും മൂന്നാം നൂറ്റാണ്ടിലെ കാളിദാസനും, 8-ാം നൂറ്റാണ്ടിലെ ശങ്കരാചാര്യരും നചികേതസ്സും, കെപ്ളറും ഗലീലിയോയുമെല്ലാം ഒരേ കാലത്ത് പ്രത്യക്ഷപ്പെടുന്നത് ഈ ഭാവനാ സ്ഥലത്താണ്. മനുഷ്യന്‍റെ സ്ഥലകാലാതീതമായ യാത്രകളില്‍ നിന്ന് ചരിത്രം രൂപപ്പെടുത്തുന്ന ആഖ്യാനതന്ത്രമാണ് ഗോവര്‍ദ്ധന്‍റെ യാത്രകളില്‍ ആനന്ദ് സ്വീകരിക്കുന്നത്. ചരിത്രവും ഇതിഹാസവും പുരാണവും ശാസ്ത്രവും കലയും തത്വചിന്തയും കടന്നെത്തിയ രാമചന്ദ്രന്‍, കമ്രാന്‍ തുടങ്ങിയ മറ്റ് ഗോവര്‍ദ്ധന്മാരുടെയും യാത്രകളിലൂടെ കാലത്തെ നിഷേധിച്ചു കൊണ്ട് നൈതികതയെക്കുറിച്ച് പ്രശ്നമുന്നയിക്കുന്നു.

ഉത്തരഭാരതത്തിലെ മുഫസ്സല്‍ പട്ടണത്തിലെ കച്ചേരി വളപ്പുകളില്‍ ദൂരങ്ങള്‍ താണ്ടി നീതിപീഠത്തിന്‍റെ കാരുണ്യം കൊണ്ട് കാത്ത് തമ്പടിച്ചിരിക്കുന്ന നിര്‍ധനരായ ഗ്രാമീണരുടെ ദൃശ്യങ്ങളില്‍ നിന്നാണ് ആനന്ദ് ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ പ്രഹസനത്തില്‍ കഥാപാത്രത്തിന്‍റെ പുനഃസൃഷ്ടിയിലേക്ക് മാറുന്നത്. അംധേര്‍ നഗരി ചൗപട് രാജാ എന്ന പ്രവാസത്തെ ആധാരമാക്കിയാണ് നോവല്‍ എഴുതിയിരിക്കുന്നത്. കുടുക്കിന് പറ്റിയ കഴുത്തുണ്ട് എന്ന ഒറ്റകാരണത്താലാണ് ഗോവര്‍ദ്ധന്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെടുന്നത്. കല്ലുവിന്‍റെ മതില്‍ വീണ് പരാതിക്കാരന്‍റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലുപണിത ആശാരിയേയും കുമ്മായം കൂട്ടിയ കുമ്മായക്കാരനേയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ദിശക്തിയെയും അയാള്‍ക്ക് വലിയ മസ്ക് ഉണ്ടാക്കി കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയനേയും വില്‍ക്കുന്ന സമയത്ത് ഇടയന്‍റെ ശ്രദ്ധ തെറ്റി കോത്വാലിനേയും ഒടുവില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചു. എന്നാല്‍ പിന്നീട് തൂക്കുകയറിന്‍റെ കുടുക്ക് കോത്വാലിന്‍റെ കഴുത്തില്‍ കടക്കുന്നില്ല എന്നതിനാല്‍ കുടുക്കിനിണങ്ങിയ കഴുത്തുള്ള ഗോവര്‍ദ്ധനെ കഴുവേറ്റാന്‍ വിധിക്കുകയാണ് ചെയ്യുന്നത്. കറുത്ത ഫലിതമാണ് ഇതെങ്കിലും എന്നും അധികാരത്തിന്‍റെയും പദവിയുടേയും പണത്തിന്‍റെയും തടിച്ച കഴുത്ത് കടക്കാത്തതാണ് നിയമത്തിന്‍റെ ചെറിയ വായുള്ള കുടുക്ക് എന്ന കാലാതീത യാഥാര്‍ത്ഥ്യത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ജയിലിലായ ഗോവര്‍ദ്ധനെ എഴുത്തുക്കാരന്‍ തുറന്നു വിടുന്നതായാണ് നോവലിന്‍റെ ആരംഭം. സ്വാതന്ത്ര്യത്തിലേക്കുള്ള മോചനം ഇരകള്‍ക്ക് മിഥ്യയാണെന്നും വിധിയിലേക്കുള്ള ദൂരം കൂട്ടുക മാത്രം ചെയ്യുന്നത് സാധിക്കുന്നതെന്നും നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു. യാത്രയുടെ പൊതു സ്വഭാവമായ തുടക്കം ഗോവര്‍ദ്ധന്‍റെ യാത്രകളിലുണ്ടെങ്കിലും ഒടുക്കം ഇതിലില്ല. നോവലവസാനിക്കുമ്പോഴും കഥാപാത്രങ്ങളുടെ പ്രയാണം അവസാനിക്കുന്നില്ല. 

ജയിലറയില്‍ നിന്നും പുസ്തകരചനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാമചന്ദ്രന്‍റെയടുത്താണ് നീതിനിഷേധകരെക്കുറിച്ച് ചോദിച്ചറിയാന്‍ ഗോവര്‍ദ്ധന്‍ ആദ്യം ചെല്ലുന്നത്. ആരാണ്? എന്താണ്? എന്ന് മറുചോദ്യം ചോദിക്കുന്നു. ڇഇതുതന്നെയാണ് ഞാനും കരുതിയത്. നിങ്ങള്‍ പഠിപ്പുള്ളവര്‍ക്ക് ഒരു കാര്യം നേരെ ചോദിച്ചാല്‍ മനസ്സിലാകുകയില്ല. അല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടോ മനസ്സിലാകുന്നു.3 നോവലിലുടനീളം ചോദിച്ചും ചോദിക്കാതെയും കഥാപാത്രങ്ങള്‍ വായനക്കാരോട് ചോദിക്കുന്ന ചോദ്യവും ഇതാണ്. ڇഗോവര്‍ദ്ധനെ സൃഷ്ടിച്ച ഭാരതേന്ദു പ്രവാസത്തിന്‍റെ മൂന്നാമനാകുന്നു. ഗോവര്‍ദ്ധന് കഷ്ടപ്പാട് വരുമ്പോള്‍ സഹായിക്കാന്‍ എത്താം എന്ന വാഗ്ദാനത്തിലാണ് മഹത് എന്ന് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നോവലില്‍ കരച്ചില്‍ കേട്ടെത്തിയ മഹംതിനോട് ഭാരതേന്ദു പറയുന്നു ഗുരുജി, ഗോവര്‍ദ്ധനെ എന്‍റെ പേനയില്‍ നിന്ന് ഞാന്‍ ഇറക്കി വിട്ടു, എന്‍റെ പേനയുടെ മഷിയില്‍ നിന്നെന്ന പോലെ, സ്ഥലകാലങ്ങളുടെ കുറികളില്‍ നിന്നും അവന്‍ വേര്‍പ്പെട്ടുപോയി. എവിടെത്തേയും എക്കാലത്തേയും ഗോവര്‍ദ്ധനാണ് ഇന്ന് അവന്‍. അവന്‍ നിങ്ങളുടെ സഹായം ചേദിച്ച് രക്ഷിക്കുവാനായി പിടഞ്ഞുകൊണ്ടേയിരിക്കും. പക്ഷേ നിങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുകയില്ല.4 ഗോവര്‍ദ്ധനെ നേരിടുന്നത് അനീതിയാണെന്ന് തിരിച്ചറിയുമ്പോഴും നിസ്സഹായരായത് ഇത്തരത്തില്‍ വിധി നടപ്പിലാക്കാന്‍ അനുവദിക്കുന്നവരാണ് നോവലിലെ മറ്റു ചില കഥാപാത്രങ്ങള്‍. ഈസ്റ്റിന്ത്യാകമ്പനി ഉദ്യോഗസ്ഥരായ റസിഡന്‍റ് പൊന്‍റി വില്യംസും ജയിലര്‍ ഡേവിഡ് ബട്ലറും ഇതില്‍പ്പെടുന്നു. ഭാരതേന്ദു, ഇബ്നുബത്തൂത്തയും ശങ്കരാചാര്യരും ഗലീലിയോയും ഗോവര്‍ദ്ധന്‍റെ ചേദ്യങ്ങളുടെ യാത്രയില്‍ ഉത്തരത്തിനുളള മാര്‍ഗദര്‍ശികളായ് വരുന്നു. യമനും ചിത്രഗുപ്തനും, നചികേതസ്സും, സത്യകാലനും, കാളിദാസനും, ഹുമയൂണും, ഉമ്രാവ്ജനും, ത്യാഗരാജനും സ്ഥല-കാലങ്ങള്‍ക്ക് അപ്പുറം സമാന്തരപാതയില്‍ അതേ ചോദ്യങ്ങളുയര്‍ത്തി യാത്രയില്‍ പങ്കാളികളാവുന്നു. അധികാരം, അനീതി, നിയമം, നീതിശാസ്ത്രം, ആധിപത്യം, അടിമത്തം, വിശപ്പ്, വേദന, ഏകാന്തത തുടങ്ങിയ താക്കോല്‍ പദങ്ങളിലൂടെ കഥാപാത്രങ്ങളുടെ കഥാഭൂമിക ഒന്നാവുകയാണ്. പ്രവാസലക്ഷ്യം നീതിയാണ്. പ്രവാസകാരണം നീതിനിഷേധവും. മറ്റെല്ലാ ഘടകങ്ങളും ഇതിന് പൂരകമായാണ് ആവിര്‍ഭവിക്കുന്നത്.

നോവലില്‍ കഥാപാത്രങ്ങളൊന്നിക്കുന്ന ഭൂമികയ്ക്കുമുണ്ട് സവിശേഷത. ഗോവര്‍ദ്ധന്‍റെ യാത്രകളില്‍ കാലം സ്ഥലത്തിലൂടെ കടന്നു പോവുകയാണ് ചെയ്യുന്നത്.5 മുന്‍പു സൂചിപ്പിച്ചതുപോലെ കഥാപാത്രങ്ങള്‍ കാലനിയമങ്ങള്‍ക്ക് വിധേയമാകാതെയാണ് നോവലില്‍ കണ്ടുമുട്ടുന്നത്. പല കാലഘട്ടത്തില്‍ പല ഇടങ്ങളില്‍ ജനിച്ച് ജീവിച്ചവര്‍ നോവല്‍ ഭൂമികയില്‍ തികച്ചും സ്വാഭാവികമെന്നപോലെ ഒന്നിയ്ക്കുന്നു. ആ കണ്ടുമുട്ടലുകള്‍ക്കും കാലത്തിന്‍റെ കണിശ്ത്വങ്ങളൊന്നുമില്ല. അതില്‍ തിരിച്ചറിവുകളുടെ ചരിത്രത്തിന്‍റെ നീതിനിഷേധത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ അവതരിപ്പിച്ച് നോവല്‍ പുരോഗമിക്കുന്നു. ഉദാഹരണമായി ഗലീലിയോയുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ڇഞങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ ദൂരെ ആകാശത്തിലെ ഗോളങ്ങളില്‍ നോക്കിയിരുന്നത് ഭൂമികയില്‍ കഷ്ടപ്പാടുകള്‍ ഇല്ലെന്ന് കരുതിയിട്ടല്ല. ഞങ്ങള്‍ വിശ്വസിച്ചത് യുക്തിയില്‍ നിന്നുവേണം എല്ലാത്തിന്‍റെയും മുക്തി എന്നാണ്. ശാസ്ത്രം അന്ധതയെ അകറ്റുമെന്നും, അങ്ങനെ അനീതിയെ ഇല്ലാതാക്കുമെന്നും ആണ് ഞങ്ങള്‍ ധരിച്ചത്. പക്ഷേ ഭൂമികയിലെ നിയമം അതല്ലായിരുന്നു.6

മറ്റു പ്രവാസസാഹിത്യ കൃതികളെപ്പോലെ സുന്ദരമായ ഭൂതകാലസ്മൃതികളോ ഭൂതകാല സ്വപ്നങ്ങളോ കൊണ്ട് നോവലിലെ കഥാപാത്രങ്ങള്‍ ആഹ്ലാദിക്കുന്നില്ല. മറിച്ച് നീതിനിഷേധത്തോടുള്ള പ്രതിഷേധമാണ് കഥാപാത്രങ്ങളുടെ സ്ഥായീഭാവം. അതും ഒരു പ്രവാസിയല്ല. നോവലിലെ എല്ലാ കഥാപാത്രങ്ങളും സ്വന്തം തട്ടകം വിട്ട് നീതിതേടിയുളള യാത്രയില്‍ നോവലിസ്റ്റിനോടൊപ്പം അലയുന്നു. നീതിക്കുവേണ്ടിയുള്ള തീരാത്ത കാത്തിരിപ്പാണ് കഥാപാത്രങ്ങളെ അക്ഷമരാക്കി ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ജനാധിപത്യസമൂഹത്തിലും അധികാരകോയ്മയുടെ ഉപകരണം മാത്രമാണ് സുന്ദര വാഗ്ദാനങ്ങള്‍ തന്ന് ജനങ്ങളെ കാത്തിരിപ്പെന്ന അതിര്‍ത്തിക്കുള്ളില്‍ അഴിമതികള്‍ സഹിച്ച് ഭരണകൂട പ്രതിപത്തി ഉള്ളവരായി തുടരാന്‍ കാരണമാക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങള്‍ പാലിക്കാതെ സൂക്ഷിക്കുന്നതും മറ്റൊരു തിരഞ്ഞെടുപ്പില്‍ ചാട്ടവാറാക്കാനാണ്. ڇമസ്ജിദു കാണുമ്പോള്‍ പഴയ രാമക്ഷേത്രത്തിന്‍റെ അടയാളങ്ങള്‍ നോവലില്‍ ഓര്‍മ്മിപ്പിക്കുന്നത് മനപൂര്‍വ്വമല്ലാതെ ഇവിടെ ചേര്‍ക്കുന്നില്ല.7 ചരിത്രവും ചരിത്രാനുഭവങ്ങളും ഇന്ദ്രീയാനുഭൂതിയുടെ ഭാഗമായ ചലനമാണെന്നും എല്ലാ അറിവും ചരിത്രമാണെന്നതിനാല്‍ ചരിത്രം ചലനമാണെന്ന് പഠനത്തില്‍ അപഗ്രഥിക്കുമ്പോള്‍ ഇതേ അറിവാണ് ഗോവര്‍ദ്ധന്‍റെയും മറ്റ് കഥാപാത്രങ്ങളുടെയും പലായാനയാത്രകള്‍ക്ക് കാരണമാകുന്നത്. കാത്തിരിപ്പില്‍ മടുത്ത്, ചരിത്രത്തില്‍ നിന്ന് കഥാപാത്രങ്ങള്‍ വന്ന് തുടര്‍ന്നു കൊണ്ടിരിക്കുന്നു. നീതിനിഷേധത്തിന്‍റെ ഒഴിക്കിനെതിരെ ചലിച്ച് ചരിത്രത്തെ മാറ്റിയെഴുതാന്‍ ശ്രമിക്കുന്നു എന്നാല്‍ നോവലവസാനിക്കുമ്പോഴും ലക്ഷ്യമെത്താതെ യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഈ യാത്ര കേവലം കാലത്തെ മാത്രമല്ല പ്രശ്നവത്ക്കരിക്കുന്നത് മറിച്ച.് നോവലിന്‍റെ ഏകാന്തതയെ, പ്രാദേശിക-ദേശീയ അതിര്‍ത്തികളെ, കീഴാള-വരേണ്യതയെ, സാര്‍വ്വലൗകികതയെ അങ്ങനെ പാരമ്പര്യത്തിന്‍റേയും എല്ലാ ഘടകങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് കഥാപാത്രങ്ങളുടെ പ്രവാസം മുന്നേറുന്നത്. ചരിത്രം, സംസ്കാരം തുടങ്ങിയ ലിഖിതനിയമങ്ങളുടെ അതിരുകള്‍ നോവലില്‍ അപ്രസക്തമാവുന്നു.

നോവലിന്‍റെ അവസാന ഭാഗത്ത് ഉറുമ്പുകള്‍ ഗോവര്‍ദ്ധ നോട് പറയുന്നത് നടന്നുവന്ന വഴികള്‍ പലതും ഇനിയും നടക്കാനിരിക്കുന്നതേയുളളൂ എന്നാണ്. ചരിത്രത്തെയും കാലത്തെയും സ്ഥലത്തെയും അവഗണിച്ച് ഗോവര്‍ദ്ധന്മാരുടെ നീതിതേടിയുളള യാത്ര അവസാനമില്ലാത്തതാണ് എന്ന തിരിച്ചറിവാണിത്. 

ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴി തുറക്കുന്ന യാത്രയാണ് ഗോവര്‍ദ്ധന്‍റെ യാത്രകളില്‍ അവതരിപ്പിക്കുന്നത്. യാത്രയെ ചരിത്രവത്ക്കരിക്കുന്നതിന്‍റെയും നീതിനിഷേധത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിന്‍റെയും ഏറ്റവും മികച്ച മാതൃകകളിലെന്നായി ആനന്ദിന്‍റെ ഗോവര്‍ദ്ധന്‍റെ യാത്രകളെ വിലയിരുത്താം. സ്ഥലകാലവര്‍ഗ്ഗബോധങ്ങളില്‍ നിന്ന് ചിന്തകളെ മുക്തമാക്കി എല്ലായിടത്തും നീതിനിഷേധമാണ് സംഭവിക്കുന്നതെന്ന് നോവലിസ്റ്റ് വ്യക്തമാക്കുന്നു. ചരിത്രകഥാഭൂമികയില്‍ നിന്നും കഥാപാത്രങ്ങളുടെ പ്രവാസം ഈ നീതിനിഷേധത്തെ അടയാളപ്പെടുത്തുന്നു. പാരമ്പര്യരചനാരീതികളെ മറികടന്ന് ഏറ്റവും രൂക്ഷമായ രീതിയില്‍ ഈ അധികാര അനീതിയെ ആഖ്യാതാവ് വെളിപ്പെടുത്തുന്നു. ഇങ്ങനെ വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രവാസത്തെ വിവിധ ആഖ്യാനരീതി കൊണ്ട് നോവലിസ്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നു. ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതയെ അടയാളപ്പെടുത്താന്‍ ഈ ആഖ്യാനരീതി സഹായകമാകുന്നു.

കുറിപ്പുകള്‍

1. ആനന്ദ്, ജീവിതം, സംഭാഷണം, പഠനം, ഡോ.കെ.ബി.ശെല്‍വമണി (എഡി), ഒലിവ്, കോഴിക്കോട് 2017,  പുറം-75.
2. മലയാള നോവല്‍, നഗരഭാവനയുടെ ഒരു നൂറ്റാണ്ട്, ഡോ.ജോബിന്‍ ചാമക്കാല, (എഡി), പേപ്പറസ് ബുക്സ്, കോട്ടയം, 2012, പുറം-76.
3. പുറം-മറുപുറം, എന്‍.എസ്.മാധവന്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011, പുറം-19.
4. തെരഞ്ഞെടുത്ത നോവല്‍ വായനകള്‍, ഡോ.അംബിക.എ.നായര്‍ (എഡി), കുരുക്ഷേത്രപ്രകാശന്‍,  കൊച്ചി, 2013, പുറം-22.
5. അതിജീവിക്കുന്ന വാക്ക്, കെ.ബി.പ്രസന്നകുമാര്‍, എന്‍.ബി.എസ്, കോട്ടയം, 2011, പുറം-62.
6. അജന്തയിലെ സുന്ദരി, ഷീജ മുരളി, പാം പബ്ലിക്കേഷന്‍സ്, കൊല്ലം, 2011, പുറം-192.
7. ഉത്തരാധുനിക ചര്‍ച്ചകള്‍, പ്രസന്നരാജന്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, 2011, പുറം-30.
ഡോ.എ.എസ്.പ്രതീഷ്
അസി.പ്രൊഫസര്‍
മലയാളവിഭാഗം
ശ്രീശങ്കാരാചാര്യ സംസ്കൃത സര്‍വകാലാശാല