Malayalam Novel and Diaspora Lives

Dr. Ashok  A. D’cruz

Though the people of Kerala has a long history of migration to and settlements in the places far away from their native land, the diverse facets of its literary depiction has not been much explored. The present study attempts to analyze the diasporic elements in the Malayalam novels with special reference to Vishakanyaka and Krushitharude Prarthana Chakram penned by S. K. Pottakkadu and A. P. Jyotirmayi respectively. The impact of diasporic experiences over the ages in forming migrant identities has been analysed based on the portrayal of both internal and external migrants’ life. The question of demarcating the diaspora literature from exile literature is also coming under the purview of the present study. Based on the descriptive analysis the study identifies the distinctive features of the diasporic life of Malayali with regards to the elements including the sense of alienation, rootlessness, quest for new identity, and cultural shocks.

Key Words: Malayalam Novel, Diaspora, Diasporic Aesthetics, Diasporic Literature, Exile Literature.

Reference:

Benyamin. Gulf Malayaliyum Diaspora Sahithyavum. Manalezhuth. 10 March 2007.

Fumanti, Mattia. (2016). The Politics of Distinction: African Elites from Colonialism to Liberation in a Namibian Frontier Town. UK: Sean Kingston Publishing.

Jyothirmayi, A. P. (2012). Krushitharude Prarthanachakram. Thiruvananthapuram: Chintha Publications. 

Kumar, J. & Shiju, K. (Ed.). (2018). Adhunikananthara Malayala Novel. Thiruvananthapuram, Maluben Publications.

Mukherjee, Meenakshi. (2001). The Perishable Empire or The Perishable Empire: Essays on Indian Writing in English. UK:  Oxford University Press.

Parish, Jean Deborah. (2016). Walk with Me. South Carolina: Createspace Independent Publishing Platform.

Pottekkatt, S. K. (2008). Vishakanyaka. Kottayam: D. C. Books.

Sivadas, K. K. (2019). Pravasam: Prathinithanavum Sargathmakathayum. Kozhikkode: Insight Publica.

Sivadas, K. K. (2018). “Vivarthanavum Diasporayude Jeevithavum”. Vivarthana Tharathamya Padanathile Noothana Pravanathakal. Ed. Muhammed Rafi, N. V. Tirur: Thunchath Ezhuthachan Malayalam University.

Ulakamthara, Mathew. (1984). Sahithyapeedika. Kottayam: D. C. Books.

Dr. Ashok A. D’cruz

Assistant Professor

School of Creative Writing

Thunchath Ezhuthachan Malayalam University

Tirur, Malappuaram

Pin: 676502

India

Ph: +91 9447060757

Email: drashok@temu.ac.in

ORCID: 0009-0005-4065-330X


മലയാളനോവലും ഡയസ്പൊറ ജീവിതങ്ങളും

ഡോ. അശോക് ഡിക്രൂസ്

മലയാളനോവലിലെ ഡയസ്പൊറ ജീവിതങ്ങളെ സാമാന്യമായി പരിചയപ്പെടുത്തുകയും പ്രവാസസാഹിത്യത്തില്‍നിന്ന് അവ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അടയാളപ്പെടുത്തുകയുമാണ് ഈ പ്രബന്ധത്തിന്‍റെ പ്രധാനലക്ഷ്യം. അതോടൊപ്പം ഡയസ്പൊറയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും അന്വേഷണവിധേയമാക്കുന്നുമുണ്ട്.

താക്കോല്‍ വാക്കുകള്‍: മലയാളനോവല്‍, ഡയസ്പൊറ, ഡയസ്പൊറിക് സൗന്ദര്യശാസ്ത്രം, പ്രവാസസാഹിത്യം 

ആമുഖം

ഹീബ്രുവിലുളള ബൈബിള്‍ പഴയനിയമം ഈജിപ്തിലെ അലക്സാണ്‍ഡ്രിയയിലുളള ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതസമൂഹത്തിനായി വിവര്‍ത്തനം ചെയ്തപ്പോള്‍ ഉടലെടുത്ത പദമാണ് ഡയസ്പൊറ.  ഒരിടത്ത് കഴിയുകയും മറ്റൊരിടത്തെക്കുറിച്ച് ഓര്‍മയാല്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്നവരാണ് ഡയസ്പൊറ. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അപരിചിതമായ ഏതോ ദേശത്തേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നവരാണ് ഡയസ്പൊറകള്‍. അതുകൊണ്ടുതന്നെ, ഡയസ്പൊറയുടെ ജീവിതത്തില്‍ വിവര്‍ത്തനം ഒരു ദൈനംദിനപ്രക്രിയയാണ്. മാത്രമല്ല, വിവര്‍ത്തനം എന്നത് അവരെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനുളള പോരാട്ടം കൂടിയാണ്. സ്വന്തം ദേശത്തിന്‍റെ ഭൂപടം നെഞ്ചിലൊളിപ്പിക്കുകയും അതിനെ അത്യന്തം നിഗൂഢമായി താലോലിച്ചുകൊണ്ട്, എത്തപ്പെടുന്ന ഇടങ്ങളിലെല്ലാം സ്വന്തം ദേശഭൂപടത്തിന് അനുരൂപമായ ഇടങ്ങളുണ്ടോയെന്ന് ഓരോ നിമിഷവും  അത്യാര്‍ത്തിയോടെ പരതിക്കൊണ്ടിരിക്കുകയും ചെയ്യുകയെന്നതാണ് ഓരോ ഡയസ്പൊറകളും ചെയ്യുന്നത്. 

സാമാന്യമായി പറഞ്ഞാല്‍, ദേശവും ഭാഷയും സംസ്കാരവും പലമട്ടില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടതാണ് സ്വദേശത്തുനിന്ന് മാറേണ്ടിവന്നവരുടെ സ്ഥലകാലങ്ങള്‍. അവരനുഭവിക്കുന്ന സ്വത്വബോധത്തില്‍ ക്രമേണ ഈ അപരദേശബോധം തെളിഞ്ഞുവരും. പിന്നീട്, അഹ (self)  ത്തിന്‍റെ സ്പഷ്ടതയ്ക്ക് പുതിയ വാതായനങ്ങള്‍ തുറന്നിടാന്‍ അതൊരു കാരണമാകും. പുതിയ സാഹചര്യത്തോടും സംസ്കാരത്തോടും അനുശീലനം നേടാനും പുതുഭാഷ, പുതുക്രമം, പുതിയ മനുഷ്യര്‍, പുതിയ കാലാവസ്ഥ, വ്യത്യസ്ത സ്വഭാവമുള്ള തൊഴിലിടങ്ങള്‍, തികച്ചും അപരിചിതമായ അന്തരീക്ഷം, അഭിരുചികള്‍, ഭക്ഷണം എന്നിവയോട് പൊരുത്തപ്പെടാനുമുള്ള മനുഷ്യന്‍റെ അഭിവാഞ്ഛയാണ് ഇവിടെ പ്രകടമാകുന്നത്. അതുകൊണ്ടുതന്നെ, ഡയസ്പൊറയുടെ സ്വത്വത്തെ വിവരിക്കാന്‍ ഉപയുക്തമായ ഡയസ്പൊറിക് ശീലങ്ങളും പ്രയോഗങ്ങളും പലതരം ചര്‍ച്ചകളെ അഭിമുഖീകരിക്കുന്നു.

ഡയസ്പൊറ- വാക്കിന്‍റെ ചരിത്രം

ബി. സി. ഇ. ആറാം നൂറ്റാണ്ടില്‍ (ബി. സി. 598-587) പാലസ്തീനിന്‍റെ തെക്കന്‍ മേഖല ബാബിലോണിയന്‍ ചക്രവര്‍ത്തി പിടിച്ചടക്കി. അതിനെത്തുടര്‍ന്ന് തെക്കന്‍ മേഖലയിലെ യഹൂദരും വിദൂരദേശങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കുവാന്‍ നിര്‍ബന്ധിതരായി ത്തീര്‍ന്നു. അക്കാലത്ത് യഹൂദര്‍ നാടുകടത്തപ്പെട്ടത് ബാബിലോണി യയിലേക്കായിരുന്നു. നാടുകടത്തപ്പെട്ടവരായിരുന്നെങ്കിലും ബാബി ലോണിയയിലെ യഹൂദര്‍ തങ്ങളുടെ വംശീയ ഏകത നിലനിര്‍ത്തി പ്പോന്നു. 

പാലസ്തീന്‍ പ്രദേശത്തുനിന്ന് വിദേശങ്ങളിലേക്ക് യഹൂദര്‍ നടത്തിയ കുടിയേറ്റങ്ങളെയാണ് ഡയസ്പൊറ (ഡയസ്പെറെ) എന്ന പദം കൊണ്ടര്‍ത്ഥമാക്കുന്നത്. ചിതറിപ്പോകല്‍ (Dispersion) എന്നര്‍ഥം വരുന്ന ഡയസ്പൊറ (Diaspora)  എന്ന ഗ്രീക്കു പദത്തില്‍ നിന്നാണ് ഈ പദം രൂപം കൊണ്ടിട്ടുള്ളത്. ഇസ്രായേല്‍ രാജ്യസ്ഥാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ യഹൂദര്‍ തങ്ങളുടെ വംശീയ ഏകത (Ethnical Unity) നിലനിര്‍ത്തിക്കൊണ്ട് പാലസ്തീനിന്‍റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രമാണ് കഴിഞ്ഞിരുന്നത്.

വികിരണപ്രവാസം, ചിതറിപ്പോകല്‍ തുടങ്ങിയ പല അര്‍ത്ഥങ്ങളില്‍ ഈ വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. അന്യദേശ ങ്ങളിലേക്ക് തൊഴിലിനുവേണ്ടി നടത്തുന്ന കുടിയേറ്റങ്ങളെയും څപ്രവാസം' എന്ന പദംകൊണ്ടാണ് മലയാളത്തില്‍ കുറിക്കുന്നത്. ജന്മദേശത്തേക്ക് തിരിച്ചുവരുന്ന താല്‍ക്കാലിക കുടിയേറ്റക്കാരാണ് ഇത്തരം പ്രവാസികള്‍. ഇതില്‍നിന്ന് വ്യത്യസ്തമാണ് ഡയസ്പൊറ എന്ന അര്‍ഥത്തിലുള്ള പ്രവാസം. ഒരു ദേശത്തില്‍ ഉള്‍പ്പെടുന്നവരോ ഒരു പൊതുസംസ്കാരം പങ്കുവെക്കുന്നവരോ ആയ ഒരു ജനത പലകാരണങ്ങള്‍ കൊണ്ട് പല ദേശങ്ങളിലായി ചിതറിപ്പോയി അവിടങ്ങളില്‍ അധിവസിക്കുന്നവരായിത്തീരുന്ന അവസ്ഥയാണിത്. ജൂതരുടെ പ്രവാസമാണ് ഡയസ്പൊറക്ക് മാതൃകയായി എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജൂതര്‍ക്ക് മാത്രമല്ല, അറബികള്‍ക്കും സ്പാനിയാര്‍ഡുകള്‍ക്കും ആഫ്രിക്കക്കാര്‍ക്കുമെല്ലാമുണ്ട് ചിതറിപ്പോകലിന്‍റെ നീണ്ട ചരിത്രങ്ങള്‍.

യഹൂദരുടെ ഡയസ്പൊറ

റോമാക്കര്‍ പാലസ്തീന്‍ എന്ന പുനര്‍നാമകരണം നടത്തിയ ജൂദായില്‍ വളരെ കുറച്ച് ജൂതര്‍ മാത്രമാണ് അവശേഷിച്ചത്. കുറേ പേര്‍ പീഡനം സഹിക്കാനാവാതെ പലായനം ചെയ്തു. കുറേപേരെ അടിമകളാക്കി വില്‍ക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ജൂയിഷ് ഡയസ്പെറ അവര്‍ അനുഭവിച്ചത് ഭൗതികമായിട്ടായിരുന്നില്ല, ആത്മീയമായിട്ടായിരുന്നു. ജന്മദേശമില്ലായ്മയെക്കുറിച്ചുള്ള ബോധം അവരുടെ വിശ്വാസത്തിന്‍റെ ഭാഗം കൂടിയായിരുന്നു. പ്രാചീന ഇസ്രായേല്‍ വിട്ട് ദൂരദേശങ്ങളില്‍ താമസിക്കേണ്ടിവന്ന ജൂത സമൂഹങ്ങളെയാണ് ഡയസ്പൊറ എന്ന വാക്കുകൊണ്ട് വിവക്ഷിക്കു ന്നത്. വിശാലമായ അര്‍ഥങ്ങളുള്ള ഡയസ്പൊറ ഒരേസമയം ജീവിതരീതിയും ധൈഷണികമായ ആശയവും ആസ്തിക്യസ്ഥിതി യും മനോനിലയുമാണ്. ആ ജീവിത വിശ്വാസ-പദ്ധതിയിലൂടെ യാണ് നൂറ്റാണ്ടുകള്‍ നീണ്ട പ്രവാസത്തെ ഇസ്രായേല്‍ ജനത അതിജീവിച്ചത്.

അധ്വാനശീലരായ യഹൂദ കുടിയേറ്റക്കാര്‍ കോളനി സ്ഥാപിച്ചിടത്തെല്ലാം ശക്തരും സമ്പന്നരുമായി മാറി. പാലസ്തീനി ലെ യഹൂദര്‍ യാഥാസ്ഥിതികരായി തുടര്‍ന്നപ്പോള്‍ ഡയസ്പൊറക്കാ രായ യഹൂദര്‍ കുറേക്കൂടി ഉത്പതിഷ്ണമന സ്ഥിതിയോടെ മറ്റു ജനവിഭാഗങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. ഡയസ്പൊറക്കാര്‍ അധികവും ഗ്രീക്കുഭാഷയാണു സംസാരിച്ചിരുന്നത്. ഗ്രീക്കുപേരു കള്‍ സ്വീകരിച്ച അവരില്‍ മിക്കവരും വാണിജ്യ പ്രവര്‍ത്തനങ്ങളി ലാണേര്‍പ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അവര്‍ പലസ്തീനിലെ യഹൂദരെക്കാള്‍ സമ്പന്നരായി. ഡയസ്പൊറ യഹൂദര്‍ സമ്പത്തിന്‍റെ പിന്‍ബലം കൊണ്ട് അവര്‍ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലെ ഭരണാധി കാരികളുമായി സൗഹൃദത്തിലായി. അലക്സാന്‍ഡ്രിയയി  ലാണെങ്കില്‍ സ്വദേശികളെക്കാള്‍ കൂടുതല്‍ പ്രാമാണ്യം വാണിജ്യ രംഗത്തും ഭരണരംഗത്തും ഡയസ്പൊറക്കാര്‍ നേടി. എന്നാല്‍ സൈനികസേവനത്തില്‍ നിന്ന് യഹൂദരെ മാറ്റി നിര്‍ത്തുവാന്‍ റോമന്‍ ഭരണാധികാരികള്‍ ശ്രദ്ധിച്ചു. റോമാക്കാരുടെ സൈനിക ചിഹ്നത്തെ വിഗ്രഹങ്ങളായി യഹൂദര്‍ വ്യാഖാനിച്ചതാണ് ഇതിനു കാരണം. ആദ്യകാലങ്ങളില്‍ യഹൂദര്‍ക്ക് റോമാസാമ്രാജ്യ ത്തിലെ പൗരത്വവും നല്‍കിയിരുന്നില്ല. എന്നാല്‍ ഏ.ഡി. ഒന്നാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ ഡയസ്പൊറ യഹൂദര്‍ക്ക് റോമന്‍ പൗരത്വം ലഭിച്ചു.

യവനസംസ്കാരവുമായി ഇണങ്ങിച്ചേര്‍ന്നുവെങ്കിലും തങ്ങളുടെ ആധ്യാത്മിക നേതൃത്വമായി ഡയസ്പൊറ യഹൂദര്‍ കണ്ടത് പലസ്തീനിലുള്ള യഹൂദരെയായിരുന്നു. അതിനാല്‍, മതപരമായ കാര്യങ്ങളില്‍ അവര്‍ എല്ലായ്പ്പോഴും ജെറുസലേമുമായി അടുത്തബന്ധം പുലര്‍ത്തി. പലസ്തീനിയന്‍ എന്നോ ഡയസ്പൊറ എന്നോ ഉള്ള വ്യത്യാസം കൂടാതെ, യഹൂദരെല്ലാം ഒന്നാണെന്ന ചിന്ത വളര്‍ത്തുവാന്‍ ഈ നിലപാട് സഹായിച്ചു. ബലിയര്‍പ്പണമെന്ന പരിപാവനമായ മതാനുഷ്ഠാനം ജെറുസലേം ദേവാലയത്തില്‍ മാത്രമേ സാധ്യമാകൂ എന്നയഹൂദ വിശ്വാസം ഡയസ്പൊറയെ ജെറുസലേമുമായി നിരന്തരബന്ധം പുലര്‍ത്തുവാന്‍ പ്രേരിപ്പിച്ചു. ഡയസ്പൊറയില്‍ സ്ഥാപിക്കപ്പെട്ട ജൂതദേവാലയങ്ങളെ (ട്യിമഴീഴൗല) സാധാരണ പ്രാര്‍ഥനകള്‍ക്കുവേണ്ടി മാത്രമേ ഉപയോഗിച്ചി രുന്നുള്ളൂ. റോമന്‍ ആക്രമണത്തിന്‍റെ ഫലമായി ജെറുസലേം തകര്‍ന്നതിനു ശേഷവും യഹൂദമതത്തെ നിലനിര്‍ത്തുന്ന കാര്യത്തി ല്‍ ഡയസ്പൊറ സിനഗോഗുകള്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.

ഡയസ്പൊറ പ്രദേശങ്ങളില്‍ യഹൂദവിരുദ്ധ മനോഭാവം വളര്‍ന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്. യഹൂദകോളനികളില്‍ നിലനിന്ന ഒത്തൊരുമയും അവരുടെ സമ്പല്‍സമൃദ്ധിയും തദ്ദേശവാസികളുടെ മനസ്സില്‍ വിദേശികളോടുള്ള ഒരുതരം ഭയം (Xenophobia)  വളര്‍ത്തി. യഹൂദര്‍ തങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തിയേക്കുമോ എന്ന ഭയം തദ്ദേശീയര്‍ക്കുണ്ടായി. അതിന്‍റെ ഫലമായി അന്ത്യോഖ്യ. അലക്സാന്‍ഡ്രിയ, കേസറിയ തുടങ്ങിയ നഗരങ്ങളില്‍ യഹൂദവിരുദ്ധ ലഹളകള്‍ ഉണ്ടാവുക പതിവായിരുന്നു.

ഡയസ്പൊറിക് സൗന്ദര്യശാസ്ത്രം

അധിവസിക്കുന്ന ദേശം പ്രദാനം ചെയ്യുന്ന അവകാശങ്ങളെ ക്കുറിച്ച് ആലോചിക്കുമ്പോള്‍ തോന്നുന്ന സ്വാതന്ത്ര്യം പ്രയോഗത്തി ലെത്തിക്കാന്‍ പ്രകടനാത്മകമായ മാധ്യമങ്ങളിലൂടെ ഡയസ്പോറ ജീവിതങ്ങള്‍ നടത്തുന്ന അതിജീവനകലയെ മുന്‍നിര്‍ത്തിയാണ് സൗന്ദര്യശാസ്ത്ര ചര്‍ച്ച തുടങ്ങുന്നത്. ബഹുസ്വരതയുടെ സൗന്ദര്യ ശാസ്ത്രം നിര്‍മ്മിക്കുന്ന സാംസ്കാരിക സൃഷ്ടികള്‍ ഡയസ്പൊറ കളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതാന്‍ ഉപകരിക്കും. കലാകാരന്മാരും സംഗീതജ്ഞന്മാരും സാഹിത്യകാരന്മാരും പ്രതിനിധീകരിക്കുന്ന ഡയസ്പൊറകളില്‍ തീര്‍ച്ചയായും അവര്‍ ഒരു മൂന്നാമിടം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, സങ്കരസംസ്കൃതിയും പ്രത്യക്ഷപാഠങ്ങളില്‍ നിന്നു വേറിട്ട, ജനപ്രിയ സംസ്കാരത്തിന്‍റെ ഉള്ളടക്കവും കലര്‍ന്നതായിരിക്കും ഡയസ്പൊറയുടെ സൗന്ദര്യശാസ്ത്രം.

രാഷ്ട്രത്തിനുള്ളില്‍ സംസ്കാരത്തിന്‍റെ ബദല്‍ ലോകങ്ങള്‍ നിര്‍മ്മിക്കുകയാണ് കുടിയേറ്റക്കാര്‍ ചെയ്യുന്നത്. എന്നാല്‍, സക്രിയമായി തങ്ങളുടെ ലോകത്തെ/ലോകങ്ങളെ പുനഃസൃഷ്ടിക്കു ന്ന പ്രക്രിയ, നഷ്ടപ്പെട്ട അന്തരീക്ഷത്തെ പുനര്‍നിര്‍മ്മിക്കാനോ പകര്‍ത്താനോ ഉള്ള ഗൃഹാതുരമായ കേവലകാമനയില്‍ നിന്നല്ല രൂപപ്പെടുന്നത്. രാഷ്ട്രത്തിനുള്ളില്‍ ബദല്‍ സാംസ്കാരികത രൂപപ്പെടുന്നതിന് ഉദാഹരണമായി ന്യൂയോര്‍ക്ക് നഗരത്തിലെ ഘാനക്കാരുടെ ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്ന കെന്‍റി തുണിയുടെ പുനര്‍രൂപമാര്‍ജിക്കലിനെക്കുറിച്ച് ഡെബോറ ജീന്‍ പാരിഷിന്‍റെ څവാക്ക് വിത്ത് മീ' എന്ന കൃതിയുടെ ആമുഖത്തില്‍ വിശദമാക്കുന്നുണ്ട്. ഘാനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങളില്‍ ചിത്രത്തുന്നലിലൂടെ ചേര്‍ത്ത സെലിബ്രിറ്റികളുടെ രൂപങ്ങള്‍ മാന്ത്രികശക്തി നേടുന്ന പ്രക്രിയയുടെ ഭാഗമായി അവര്‍ പരുവപ്പെടുത്തുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തന്നെ സെലിബ്രിറ്റികളുടെ പ്രതികരണമെന്ന നിലയിലുള്ള പരിവര്‍ത്തനം കൂടിയാണ് ആ പുനര്‍രൂപമാര്‍ജിക്കല്‍. ഇത് ന്യൂയോര്‍ക്കിനും ഘാനയ്ക്കുമിടയില്‍ ഒരു മൂന്നാമിടം സൃഷ്ടിക്കുന്നു. ലണ്ടനില്‍ പ്രവാസികളായി ജീവിക്കുന്ന ഘാനക്കാരുടെ ഇടയിലും സമാനമായ ചില കാര്യങ്ങള്‍ കാണാന്‍ കഴിയുമെന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയ മറ്റിയ ഫുമാന്‍റി څദ പൊളിറ്റിക്സ് ഓഫ് ഡിസ്റ്റിംഗ്ഷന്‍: ആഫ്രിക്കന്‍ എലൈറ്റ്സ് ഫ്രം കൊളോണിയലിസം ടു ലിബറേഷന്‍ ഇന്‍ എ നമീബിയന്‍ ഫ്രോണ്ടിയര്‍ ടൗണ്' എന്ന പുസ്തകത്തില്‍ പറയുന്നു. ആഘോഷ ദിവസങ്ങളില്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ ആഭിജാത്യവും അന്തസ്സും പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടി വ്യത്യസ്തവും മനോഹരവുമായ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഘാനക്കാര്‍ ശ്രദ്ധിക്കാറുണ്ട്. 

ബ്രിട്ടനിലെ നോട്ടിംഗ്ഹാം ഹില്‍ കാര്‍ണിവല്‍ എന്നത് വെസ്റ്റിന്‍ഡീസുകാര്‍ക്ക് വര്‍ഷം മുഴുവന്‍ നീളുന്ന കലാപ്രകടനങ്ങ ളുടെയും കലാവസ്തു വിപണനത്തിന്‍റെയും ഫണ്ട് ശേഖരണത്തി ന്‍റെയും വിപുലമായ നെറ്റ്വര്‍ക്കിംഗുകളുടെയും പൂര്‍ത്തീകരണമാണ്. കാര്‍ണിവലുകളില്‍ വെസ്റ്റിന്ത്യന്‍ സങ്കരസമൂഹത്തിന്‍റെ കുത്തൊഴു ക്കാണ് കാണാന്‍ കഴിയുന്നത്. കമ്മ്യൂണിറ്റിഹാളുകള്‍ സൗന്ദര്യാത്മ കമായ ഡയസ്പൊറ ഇടങ്ങളായി പരിവര്‍ത്തിക്കപ്പെടും. 

ടെല്‍ അവീവിന്‍റെ സമീപപ്രദേശങ്ങളില്‍ അലങ്കരിച്ച മാമാ മേരി (മേരി മാതാവ്) യുടെ രൂപം എഴുന്നള്ളിച്ചു കൊണ്ടു പോകുന്ന ഫിലിപ്പൈനികളെ കാണാം. സാമൂഹികവും സാമ്പത്തികവുമായ പാര്‍ശ്വവല്‍കൃത ഇടങ്ങളിലായിരിക്കും ഇത് ഉണ്ടാവുക. റാമല്ല എന്ന ഇസ്രയേലി നഗരവും ടെല്‍ അവീവിലെ സെന്‍ട്രല്‍ ബസ് സ്റ്റേഷനുമെല്ലാം അവര്‍ക്ക് സന്തോഷം പകരുന്ന ഗൃഹസമാനമായ ഇടങ്ങളായി അങ്ങനെ പരിവര്‍ത്തിക്കപ്പെടുന്നു. ഒരു ജീവിതകാലം മുഴുവന്‍ മനസ്സില്‍ പേറിനടക്കുന്ന ദേശഭൂപടത്തെ മറ്റൊരിടത്ത് സജീവമായി പുനര്‍നിര്‍മ്മിക്കുന്ന അവസ്ഥാവിശേഷമാണ് ഇത്. മാമാ മേരിയുടെ തിരുസ്വരൂപം എഴുന്നള്ളിക്കുന്ന ചടങ്ങിനോടനുബ ന്ധിച്ച് ഫിലിപ്പൈനികളായ പ്രവാസികള്‍ മറ്റുള്ളവര്‍ക്ക് സമ്മാനമാ യി നല്‍കുന്നതിനുവേണ്ടി ഒറിഗാമികള്‍ നിര്‍മ്മിക്കുന്നതിലുള്ള വൈദഗ്ധ്യം എടുത്തുപറയേണ്ട ഒന്നാണ്. മാതാവിന്‍റെ തിരുസ്വരൂപം ഭംഗിയായി അലങ്കരിച്ച ഗാര്‍ഹിക അള്‍ത്താരകള്‍ അവരുടേത് മാത്രമായ വിശുദ്ധ ഇടം സൃഷ്ടിക്കുന്നു. അങ്ങനെ, പാപവും പ്രലോഭനവും വിവേചനവുംകൊണ്ട് മലിനമായ നഗരസ്ഥലികളെ കൂട്ടായ യത്നത്തിലൂടെ പ്രവാസികള്‍ പവിത്രീകരിക്കുന്നു. മാമാ മേരിയിലൂടെയും ഒറിഗാമി ഹംസങ്ങളിലൂടെയും  കനിവ്, അഭയം, സുരക്ഷ എന്നീ പ്രതിരോധ ചിഹ്നങ്ങളെ കുടിയേറ്റക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. സാംസ്കാരികമായ അവകാശവാദം തന്നെയാണ് ഇത്. 

ഇസ്രായേലിലെ ഇന്ത്യന്‍ ജൂതന്മാര്‍ (Bene Yisrayel) ബോളിവുഡിനെ സാംസ്കാരികമായി അനുവര്‍ത്തിക്കുന്നതിനെ ക്കുറിച്ച് ഗബ്രിയേല്‍ ഷെനര്‍ പറയുന്നത് ഇങ്ങനെയാണ്: ഒന്നും രണ്ടും തലമുറയില്‍ മാത്രമല്ല മൂന്നാം തലമുറയിലും ബെനെ ഇസ്രയേലിന് ബോളിവുഡ് ഇഷ്ടപ്പെട്ട ഒരു ഉപഭോഗവസ്തുവായി നിലനില്‍ക്കുന്നു. സിനിമ അവര്‍ക്ക് കാണാനുള്ളത് മാത്രമല്ല പാട്ട്, സംഗീതം എന്നിവയിലൂടെ സ്വയം പ്രകാശിപ്പിക്കാനും ഉത്സവാ ഘോഷങ്ങളില്‍ സജീവമാകാനും അവര്‍ ശ്രമിക്കുന്നു. അങ്ങനെ, ഇന്ത്യയുമായി വൈകാരികവും സ്പര്‍ശനീയവുമായ ഒരു ബന്ധം സൃഷ്ടിക്കുന്നു. 

ഡയസ്പൊറയും പ്രവാസസാഹിത്യവും

രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍പെട്ട് സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ടുപോകുന്നവന്‍റെ ആകുലതകളും വേദനകളുമാണ് ഡയസ്പോറ സാഹിത്യത്തിന്‍റെ ചാലകശക്തി. അതുകൊണ്ടുതന്നെ കുടിയേറ്റത്തില്‍ നേരിട്ട് പങ്കാളികളാകുന്ന തലമുറയില്‍ നിന്നാണ് ഡയസ്പോറ സാഹിത്യം ഉരുത്തിരിഞ്ഞുവരുന്നത്. എന്തുകൊണ്ടെന്നാല്‍, ആ തലമുറ അവരുടെ ബാല്യവും കൗമാരവും പിന്നിട്ടത് മാതൃദേശത്തായതിനാല്‍ അവരുടെ ഓര്‍മ്മകളും സ്വപ്നങ്ങളും അറിവുകളും ജീവിതരീതി യുമെല്ലാം സ്വദേശവുമായി ബന്ധപ്പെട്ടു കിടക്കുന്നതായിരിക്കും. പിന്നിലാക്കിപ്പോന്ന സ്വന്തം നാടിന്‍റെയും ജീവിതം നല്‍കുന്ന ആതിഥേയദേശത്തിന്‍റെയും ഇടയില്‍പെട്ട് അവര്‍ ദ്വന്ദമനസ്സുള്ളവരായി തീരുന്നു. അങ്ങനെ സ്വന്തം ദേശമെവിടെ യെന്നും, താന്‍ ഏതു ദേശക്കാരനാണെന്നും, തന്‍റെ രാഷ്ട്രീയമെ ന്തെന്നും, തന്‍റെ സംസ്കാരം ഏതെന്നുമുള്ള നിരവധി സംശയങ്ങ ളില്‍ നിന്നാണ് ഡയസ്പൊറ സാഹിത്യം ഉണ്ടാവുന്നത്

'ആധുനികകാലത്ത് മൂലധനത്തിന്‍റെ സഞ്ചാരത്തിന് അനസൃതമായി തൊഴില്‍തേടി ലോകത്തെല്ലായിടത്തുമുള്ള ജനത വിവിധ ഭൂപ്രദേശങ്ങളിലേക്ക് നീങ്ങിയതിന്‍റെ തുടര്‍ച്ചയായിട്ടാണ്മലയാളിയും ഗള്‍ഫിലേക്ക് കുടിയേറുന്നത്.. ഇങ്ങനെ വിവിധ ദേശങ്ങളില്‍ രൂപപ്പെട്ട പുതിയ 'വംശീയ ഭൂപ്രദേശങ്ങളെ' ഡയസ്പൊറ എന്ന വാക്കുകൊണ്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ ഡയസ്പൊറകളില്‍ ഒന്നാവാം ഇരുപതുലക്ഷത്തോളം അംഗസംഖ്യയുള്ള ഗള്‍ഫ് മലയാളി സമൂഹം എന്നു തോന്നുന്നു. മുന്‍കാലങ്ങളില്‍ രാഷ്ട്രീയ പ്രവാസവുമായി ബന്ധപ്പെട്ടാണ് ഡയസ്പൊറ പരാമര്‍ശിക്ക പ്പെടാറുണ്ടായിരുന്നതെങ്കില്‍ ഇന്നത് എല്ലാത്തരം പ്രവാസത്തെയും കുറിക്കാനുപയോഗിക്കുന്ന പദമായിക്കഴിഞ്ഞു. ഏതര്‍ത്ഥത്തിലും മലയാളിയുടേത്, പ്രവാസത്തിനു തുല്യമായ കുടിയേറ്റമാണെന്ന വിവക്ഷയില്‍ ഗള്‍ഫ് മലയാളി സമൂഹത്തെയും ഒരു ഡയസ്പൊറയായി എണ്ണാം' എന്ന ബെന്യാമിന്‍റെ അഭിപ്രായത്തോടു (മണലെഴുത്ത്, ആഗസ്റ്റ് 2019) യോജിക്കാന്‍ കഴിയില്ല. കാരണം, മലയാളിയുടെ കുടിയേറ്റചരിത്രത്തിന് കേരളത്തേക്കാള്‍ പ്രായമുണ്ടെങ്കിലും  ഇനിയൊരിക്കലും നാട്ടിലെത്താന്‍ കഴിയില്ലെന്ന ബോധം ഗള്‍ഫ് മലയാളിക്കില്ല. നാടുകടത്തപ്പെട്ടവനെന്ന മുദ്രയും അവനില്ല. ഒരു ഡയസ്പൊറയുണ്ടാവുന്നത് ദേശനഷ്ടത്തി ലൂടെയാണ്. അതിന്‍റെ ആകുലതകളും സ്വത്വപ്രതിസന്ധികളും മലയാളിയില്‍ എങ്ങനെയാണ് സംഭവിക്കുന്നത്. കൊച്ചുബാവയും ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവും സിത്താരയും പലപ്പോഴായി പങ്കുവച്ചത് പൊതുമലയാളി സോഷ്യോകള്‍ച്ചറല്‍ ബോധത്തെ തന്നെയാണ്, പ്രവാസത്തെയല്ല.

ഡയസ്പൊറ സാഹിത്യത്തില്‍ നിന്നു വ്യത്യസ്തമാണ് പ്രവാസസാഹിത്യം. പ്രവാസസാഹിത്യത്തില്‍ ദേശനഷ്ടം വിഷയമായിക്കൊള്ളണമെന്നില്ല. രണ്ടാം തലമുറയിലെത്തുന്നതോടെ പ്രവാസികള്‍ക്ക് മാതൃദേശമെന്നത് സ്വപ്നം മാത്രമായിത്തീരും. ഒരുപക്ഷേ, ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരിടം. അല്ലെങ്കില്‍ വല്ലപ്പോഴുമൊരിക്കല്‍ പോയിവരാനുള്ള ഇടത്താവളം. അത്തരം സന്ദര്‍ഭങ്ങളില്‍ മാതൃദേശത്തെ പുനര്‍നിര്‍മ്മിക്കുന്നത് കേട്ടുകേള്‍വികളിലൂടെയോ കെട്ടുകഥകളിലൂടെയോ ആയിരിക്കും. അത് ഒന്നാം തലമുറയില്‍പ്പെട്ട കുടിയേറ്റക്കാരുടെ അനുഭവകഥകളില്‍നിന്നു വ്യത്യസ്തവുമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയില്‍നിന്ന് കുടിയേറി യൂറോപ്പിലും അമേരിക്കയിലും എത്തപ്പെട്ടവരുടെ രണ്ടാംതലമുറയില്‍പ്പെട്ട ഝുംപാ ലാഹിരി, ചിത്രാ ദിവാകരി, ശശി ദേശ്പാണ്ഡേ, മീന അലക്സാണ്ടര്‍, കാവ്യാ വിശ്വനാഥന്‍ എന്നിവരുടെയൊന്നും രചനകളെ ഡയസ്പൊറ സാഹിത്യമായി വിലയിരുത്താനാവാത്തതും, അതേസമയം അത് മികച്ചപ്രവാസ സാഹിത്യമായി മാറുകയും ചെയ്യുന്നത്. വിദേശനാടുകളിലേക്ക് ചേക്കേറി അന്യഭാഷകല്‍ എഴുതുന്ന അനിതാ ദേശായ്, വിക്രം സേത്ത്, ഭാരതി മുഖര്‍ജി, ശശി തരൂര്‍, സല്‍മാന്‍ റുഷ്ദി, വി. എസ്. നെയ്പോള്‍ തുടങ്ങിയവര്‍ പ്രവാസദുരിതങ്ങളോ ദേശനഷ്ടമോ ഏറെയൊന്നും രചനകള്‍ക്ക് വിഷയമാക്കുന്നില്ല. ഇന്ത്യയില്‍ നിന്നെഴുതപ്പെട്ട ആനന്ദിന്‍റെ 'ആള്‍ക്കൂട്ടങ്ങള്‍', കോവിലന്‍റെ 'ഭരതന്‍', വിജയന്‍റെ 'പ്രവാചന്‍റെ വഴി', 'ഗുരുസാഗരം' തുടങ്ങിയവയില്‍ സ്വന്തം നാട്ടില്‍നിന്ന് ബഹിഷകൃതനാക്കപ്പെട്ടവനും ദേശനഷ്ടത്തിന്‍റെ വിഹ്വലതകളും വരുന്നുണ്ട് എന്നുമാത്രം.

ജന്മദേശംവിട്ടു മറ്റൊരു ദേശത്ത് പല കാരണങ്ങളാല്‍ എത്തപ്പെടുകയും അവിടെത്തന്നെ ജീവിതം തുടരാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നവരൊക്കെ ഏതെങ്കിലുമൊക്കെ വിധത്തില്‍ പ്രവാസത്തിന്‍റെ നൊമ്പരങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ടവരാ യിരിക്കും. ആനന്ദിന്‍റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ (2001), എം. മുകുന്ദന്‍റെ പ്രവാസം (2008) എന്നിവ പ്രവാസജീവിതം നയിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മലയാളത്തിന് പരിചയപ്പെടുത്തിയ നോവലുകളാണ്. തൊഴില്‍ തേടിയുള്ള മലയാളിയുടെ അലച്ചിലുകളും അതിനിടയില്‍ അവന്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് അപഹരിക്കപ്പെട്ട ദൈവങ്ങള്‍ പ്രമേയമാക്കിയിരിക്കുന്നത്. പ്രവാസത്തെ ഒരു നാഗരിക യാഥാര്‍ത്ഥ്യമായി ചിത്രീകരിക്കാനാണ് പ്രവാസം എന്ന നോവല്‍ ശ്രമിക്കുന്നത്. ആനന്ദിനും മുകുന്ദനും മുമ്പ്  പ്രവാസത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഒ. വി. വിജയന്‍, വി. കെ. എന്‍., കാക്കനാടന്‍ എന്നിവരുടെ രചനകളായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള രചനകളായിരുന്നു അവരുടേത്. പിന്നീട് രാജ്യത്തിനകത്തും പുറത്തുമായി മലയാളികള്‍ ഒട്ടേറെ സഞ്ചാരങ്ങളും കുടിയേറ്റങ്ങളും നടത്തി. അക്കൂട്ടത്തില്‍ ഗള്‍ഫ് ആയിരുന്നു മലയാളികളുടെ പ്രധാനപ്പെട്ട പ്രവാസഭൂമി.

ദശാബ്ദങ്ങള്‍ക്കുമുമ്പ്തന്നെ മലയാളത്തില്‍ പ്രവാസ സാഹിത്യം ചുവടുറപ്പിച്ചെങ്കിലും 2008 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ആടുജീവിതം പ്രവാസനോവല്‍സാഹിത്യത്തില്‍ പുതുഭാവുകത്വ ത്തിന് വഴിതെളിച്ചു. നൂറു പതിപ്പുകള്‍ പിന്നിട്ട ബന്യാമിന്‍റെ പ്രസ്തുത നോവല്‍ മലയാളിയുടെ വായനാഭിരുചികളെത്തന്നെ മാറ്റിമറിച്ചു. മുല്ലപ്പൂ നിറമുള്ള പകലുകള്‍ (2014), അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി (2014) എന്നീ ഇരട്ട നോവലുകളും അറേബ്യന്‍ പശ്ചാത്തലമുള്ള ബെന്യാമിന്‍റെ നോവലുകളാണ്. അറേബ്യന്‍ പെണ്‍ജീവിതത്തെ അതിന്‍റെ എല്ലാ തീവ്രതയോടുംകൂടി അവതരിപ്പിക്കുന്ന നോവലാണ് ഖദീജ മുംതാസിന്‍റ ബര്‍സ. ഇസ്ലാമിക വിശ്വാസങ്ങളുടെ ഒരു തുറന്ന സംവാദം എന്ന നിലയിലും ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശ ഇന്ത്യക്കാരായ ദമ്പതികളുടെ കുട്ടി മാതൃദേശത്തെത്തുമ്പോള്‍, നഷ്ടമായിപ്പോയ പ്രകൃതിയെ തിരിച്ചു പിടിക്കുന്നതാണ് സോണിയ റഫീഖ് എഴുതിയ ഹെര്‍ബേറിയം എന്ന നോവലിന്‍റെ ഇതിവൃത്തം. പ്രവാസി മലയാളികളുടെ അരക്ഷിതമായ ജീവിതാവസ്ഥകള്‍ ചിത്രീകരി ക്കുന്ന കൃതികളാണ് സാദിഖ് കാവിലിന്‍റെ ഔട്ട്പാസ് (2014), ഷാര്‍ലി ബഞ്ചമിന്‍റെ ലാബ്രിന്ത് (2017) എന്നിവ.

ആഫ്രിക്കന്‍ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി ജുനൈദ് അബൂബക്കര്‍ രചിച്ച നോവലാണ് പൊനോന്‍ ഗോംബെ (2017). സാന്‍സിബാറില്‍ നിന്നും സൊമാലിയയിലേക്ക് ജോലി തേടിയെത്തുന്ന സുലൈമാന്‍ ആണ് ഇതിലെ കേന്ദ്രകഥാപാത്രം. സോമാലിയയിലെ മനുഷ്യരുടെ ജീവിതാവസ്ഥകളാണ് ഈ നോവലില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. പ്രവാസത്തിന്‍റെ ആഫ്രിക്കന്‍ അനുഭവങ്ങളാണ് പൊനോന്‍ ഗോംബെയിലൂടെ ജുനൈദ് അബൂബക്കര്‍ അവതരിപ്പിക്കുന്നത്.

പ്രവാസത്തിന്‍റെ അമേരിക്കന്‍ മുഖം കാണാന്‍ കഴിയുന്നത് അമേരിക്കയില്‍ താമസമാക്കിയ മലയാളികളായ നീനാ പനയ്ക്കല്‍, നിര്‍മ്മല, റിനി മമ്പലം എന്നീ നോവലിസ്റ്റുകളിലൂടെയാണ്. അമേരിക്കന്‍ ജീവിതവും കേരളീയ ജീവിതവും ഒരുപോലെ കഥാപരിസരമാക്കുന്ന എഴുത്തുകാരിയാണ് നീനാ പനയ്ക്കല്‍. സ്വപ്നാടനം, മല്ലിക, നിറമിഴികള്‍ നീലമിഴികള്‍ എന്നീ നോവലുകളുടെയും പ്രമേയപരിസരം അമേരിക്കയാണ്. കേരളസംസ്കാരത്തിലും അമേരിക്കന്‍ സംസ്കാരത്തിലും വളരുന്ന ഇരട്ടക്കുട്ടികളുടെ കഥയാണ് സ്വപ്നാടനം. ബീന അമേരിക്കന്‍ സംസ്കാരത്തിലും ബിന്ദു കേരളസംസ്കാരത്തിലും വളരുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുതുതലമുറയുടെ പ്രതീകങ്ങളാണ് ഈ രണ്ടു കഥാപാത്രങ്ങളും. 

അമേരിക്കന്‍ ജീവിതത്തിന്‍റെ വൈവിധ്യവും സങ്കീര്‍ണ്ണ വുമായ ലോകമാണ് നിര്‍മ്മല പാമ്പും കോണിയും എന്ന നോവലി ലൂടെ പരിചയപ്പെടുത്തുന്നത്. ഹാസ്യത്തിന്‍റെ അടിയൊഴുക്ക് നിര്‍മലയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സാന്‍ഡ്വിച്ച് തലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന രണ്ടാം തലമുറയുടെ അവസ്ഥയാണ് നോവലിന്‍റെ പശ്ചാത്തലം. സ്വന്തം അസ്ഥിത്വം എന്താണെന്നറി യാതെ കുട്ടികള്‍ പാമ്പിന്‍റെ വായിലകപ്പെട്ട കുട്ടികള്‍ ഒരിക്കലും കോണിച്ചുവട്ടില്‍എത്തിച്ചേരാനാവാതെ വിഷമിക്കുന്നു. പാമ്പും കോണിയും എന്ന നോവലിലെ തെയ്യാമ്മ എന്ന കഥാപാത്രം ഭര്‍ത്താവ് ഈപ്പനോടൊപ്പം കാനഡയിലെ ഹോട്ടലില്‍ കുടുംബവുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടയില്‍ വായിലേക്കുവച്ച ഭക്ഷണത്തില്‍നിന്ന് എന്തെങ്കിലുമൊക്കെ നാക്കുകൊണ്ട് ചികഞ്ഞെടുത്ത് രണ്ടു പല്ലുകള്‍ക്കിടയില്‍ വെച്ച് കടിച്ചു കാണിക്കുകയും അത് ഉഴുന്നാണെന്ന് തോന്നുന്നുവെന്നും ഭര്‍ത്താവിനോട് പറയുന്നു. ഭര്‍ത്താവ് ഒന്നും മിണ്ടാതിരിക്കുമ്പോള്‍ 'ഉഴുന്നല്ലിയോ' എന്ന് അവര്‍ വീണ്ടും ചോദിക്കുന്നു. പ്രവാസികള്‍ വ്യക്തികളെന്ന നിലയിലും കൂട്ടമെന്നനിലയിലും സ്വയം വിവര്‍ത്തനം ചെയ്യപ്പെടുന്ന അവസ്ഥകളിലൊന്നാണ് ഇത്. മൂന്നു കുടുംബങ്ങളുടെ കഥ പറഞ്ഞുകൊണ്ട് അമേരിക്കന്‍ ജീവിതത്തിന്‍റെ സങ്കീര്‍ണതകള്‍ അവതരിപ്പിക്കുക യാണ് അവിചാരിതം എന്ന നോവലിലൂടെ റിനി മമ്പലം. മലയാളിയുടെ ദുരഭിമാനത്തെയും പൊങ്ങച്ചത്തെയും അതേപടി പകര്‍ത്തുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ കാണാം.

ഡയസ്പൊറയും മലയാളനോവലും

'യഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള മനുഷ്യസങ്കല്പത്തെ അഴിച്ചുപണിത സാഹിത്യരൂപമാണ് നോവല്‍' എന്നാണ് ദ പെരിഷബിള്‍ എംപയര്‍: എസ്സേസ് ഓണ്‍ ഇന്ത്യന്‍ റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് എന്ന പുസ്തകത്തില്‍ മീനാക്ഷി മുഖര്‍ജി നോവലിനെക്കുറിച്ച് പറയുന്നത്. ഒരുകാലത്തും പുതുമ നഷ്ടപ്പെടാത്ത സാഹിത്യരൂപവും നോവല്‍ തന്നെ. പ്രമേയത്തിലെ പുതുമകളും അത് പങ്കുവഹിക്കുന്ന സാര്‍വലൗകികതയുമാണ് നോവലിനെ ഇത്രമാത്രം ജനപ്രിയമാക്കു ന്നത്. തിരസ്കൃതരുടെ കഥകള്‍ എല്ലാകാലത്തും നോവലിസ്റ്റു കള്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണ്. എസ്. കെ. പൊറ്റെക്കാട്ടിന്‍റെ വിഷകന്യക, എ. പി. ജ്യോതിര്‍മയിയുടെ ക്രൂശിതരുടെ പ്രാര്‍ത്ഥനാചക്രം എന്നീ നോവലുകളിലെ ഡയസ്പൊറ ജീവിതങ്ങളെ അടുത്തറിയാനാണ് ഈ ഭാഗത്ത് ശ്രമിക്കുന്നത്. മലയാളനോവലിലെ ഡയസ്പൊറ ജീവിതങ്ങളെ തിരയുമ്പോള്‍ ആദ്യം ചെന്നെത്തുന്നത് 1948 ഡിസംബറില്‍ പുറത്തിറങ്ങിയ വിഷകന്യകയിലായിരിക്കും.

പൊറ്റക്കാടിന്‍റെ വിഷകന്യക, മരം കോച്ചുന്ന തണുപ്പി നോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് മലബാറിലെ കൃഷിഭൂമികള്‍ കൃഷിത്തോപ്പുകളാക്കി മാറ്റിയെടുത്ത തിരുവിതാംകൂര്‍ ക്രിസ്ത്യാനികളുടെ ഐതിഹാസികമായ കഥയാണ്. ആധുനിക ഗവണ്‍മെന്‍റുകള്‍ രംഗത്തിറങ്ങുന്നതിനുമുമ്പേ തന്നെ ഹരിതവിപ്ലവ ത്തിന്‍റെ ബലിവേദിയില്‍ ആത്മാഹുതി ചെയ്ത രക്തസാക്ഷികള്‍. അനുപമമായ കാവ്യഭംഗിയോടെ അവരുടെ കഥ പറയുന്ന നോവലാണ് വിഷകന്യക. മണ്ണിന്‍റെ കാവ്യം എന്നു വാഴ്ത്തപ്പെട്ടി രിക്കുന്ന കൃതിയാണിത്, പ്രത്യേകിച്ചൊരു നായകനില്ല ഈ നോവലില്‍. നായികയാകട്ടെ - തന്‍റെ മാസ്മരമായ ആകര്‍ഷണ ശക്തികൊണ്ട് കര്‍ഷകയുവാക്കളെ ആകര്‍ഷിച്ചടുപ്പിച്ച് അവരുടെ രക്തമൂറ്റിക്കുടിക്കുന്ന വിഷകന്യകയായ വയനാടന്‍ വനഭൂമിയാണ്. പ്രകൃതിയും മനുഷ്യനുമായുള്ള ഏറ്റുമുട്ടല്‍ ഇത്ര ആവേശജനകമായി വര്‍ണിക്കുന്ന മറ്റൊരു നോവലും ഇന്ത്യന്‍ഭാഷകളിലുണ്ടെന്നു തോന്നുന്നില്ല. ആ ക്രൂരപ്രകൃതിയുടെ പ്രതീകമായി മാധവി എന്നൊരുവള്‍ കര്‍ഷകസംഘങ്ങളുടെ പ്രതിനിധിയായി അവശേഷി  ക്കുന്ന അന്തോണി എന്ന യുവാവിന്‍റെ പരിശുദ്ധിക്ക് കളങ്കമേല്‍പ്പി ക്കുന്ന സംഭവത്തോടെ നോവല്‍ അന്ത്യഘട്ടത്തിലെത്തുന്നു. സര്‍വസ്വവും നഷ്ടപ്പെട്ട അന്തോണി ആ വിഷകന്യകയെ ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവളുടെ ആശ്ലേഷം കൊതിച്ചു പുതിയ കര്‍ഷകസംഘങ്ങള്‍ വയനാടന്‍ ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതായി പ്രസ്താവിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്. പ്രകൃതിക്കു മുന്‍പില്‍ തലകുനിക്കാത്ത മനുഷ്യപ്രയത്നത്തിന്‍റെ ഇതിഹാസമാണത്. ഒരു തലമുറ പരാജയപ്പെടുമ്പോള്‍ പ്രവൃദ്ധവീര്യത്തോടെ അടുത്ത തലമുറ സമരം ഏറ്റെടുക്കാന്‍ രംഗത്തേക്ക് വരുന്നു എന്ന മാത്യു ഉലകംതറയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.

കേരളത്തിന്‍റെ തെക്കുനിന്നും വടക്കുഭാഗത്തേക്ക് പ്രതീക്ഷകളുടെ ഭാണ്ഡവുംപേറി കടന്നുപോകുന്ന ഒരുപറ്റം മനുഷ്യരാണ് വിഷകന്യകയിലെ പ്രധാന കഥാപാത്രങ്ങള്‍. വാഗ്ദത്തഭൂമിതേടി മലബാറിലേക്ക് ഇറങ്ങിത്തിരിച്ച നിരവധിയാളുകളെ ഈ കൃതിയില്‍ കാണാം. ഉള്ളതെല്ലാം വിറ്റുകിട്ടിയ വകയുമായി പുറപ്പെടുന്നവരാണ് അവര്‍. ഇനിയൊരു തിരിച്ചുവരവില്ല എന്ന കണക്കുകൂട്ടലിലാണ് അവരുടെ യാത്ര.

തന്‍റെ വസ്തുവഹകളെല്ലാം വിറ്റുമാറിയ വകയില്‍ മത്തായിക്ക് എണ്ണൂറ്റിയെഴുപതു ബ്രിട്ടീഷ് രൂപ കൈയില്‍ കിട്ടിയിട്ടുണ്ടായി രുന്നു. അഞ്ചു പെട്ടികള്‍ നിറയെ സാമാനങ്ങളും നാലു പിള്ളരും വില്ക്കാതെ ബാക്കി നിര്‍ത്തിയിട്ടുണ്ട്. അവയെയുംകൊണ്ട് നാലു കൂട്ടുകാരോടൊപ്പം അവന്‍ പുറപ്പെട്ടുനില്ക്കുകയാണ്. പരസ്പരബന്ധം വിട്ടുപോയ കമ്പികളും നരച്ചു പിഞ്ഞിയ ശീലയും ചൂടിക്കയര്‍കൊണ്ടു കൂട്ടിക്കെട്ടിയ ഒരു ശീലക്കുടയും കക്ഷത്തിലിറുക്കി ചില്ലുടഞ്ഞ് പല്ലിളിച്ചുകാട്ടുന്ന ഒരു പഴയ കമ്പിറാന്തല്‍ കൈയില്‍ തൂക്കി മത്തായി അധോമുഖനായി പടിയിറങ്ങി - പിന്നാലെ പട്ടിക്കുട്ടികളെപ്പോലെ പിള്ളരും. പെറ്റുപിറന്ന പറമ്പിനോടും നട്ടുവളര്‍ത്തിയ മരങ്ങളോടും നനച്ചു ശുശ്രൂഷിച്ചുപോന്ന ചെടികളോടും കെട്ടിയുണ്ടാക്കിയ കുടിലിനോടും ഗ്രാമീണമട്ടില്‍ ഇണങ്ങിയും പിണങ്ങിയും സഹവസിച്ചുപോന്ന കൃഷിക്കാരായ അയല്‍ക്കാരോടും നിശ്ശബ്ദം യാത്ര പറഞ്ഞ്, തിരിഞ്ഞുനോക്കാതെ അവന്‍ ബദ്ധപ്പെട്ടു നടന്നു. 

മത്തായിയും കൂട്ടരും മലബാറിലേക്ക് യാത്രതിരിക്കുന്ന സന്ദര്‍ഭമാണിത്. ഏതാണ്ടെല്ലാവരും ഇങ്ങനെയൊക്കെത്ത ന്നെയാണ് പുറപ്പെടുന്നത്. അവര്‍ പുറപ്പെട്ടുപോകാനുള്ള കാരണത്തെ നോവലിസ്റ്റ് അവതരിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്:

അവിടെ മതപരമായ മര്‍ദ്ദനമില്ല. സാമുദായിക സംഘടനകളില്ല. രാജകീയ ദുഷ്പ്രഭുത്വത്തിന്‍റെ ചെരിപ്പുനക്കി ശംഖമുദ്രയുടെ മുമ്പില്‍ പഞ്ചപുച്ഛമടക്കി ആശങ്കാകുലമായ നാളുകള്‍ കഴിക്കേണ്ട. പ്രകൃതിയുമായി ഒത്തിണങ്ങി സ്വാതന്ത്ര്യത്തോടെ ജീവിക്കാം.

തിരുവിതാംകൂറില്‍ അനുഭവിക്കേണ്ടിവന്ന യാതനകളില്‍ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു അവരെ സംബന്ധിച്ചിട ത്തോളം അന്നോളം കണ്ടിട്ടില്ലാത്ത മലബാറിലേ ക്കുള്ള യാത്ര. കൃഷിഭൂമിക്കുവേണ്ടിയുള്ള കുടിയേറ്റം മാത്രമായിരു ന്നില്ല അവരുടെ ലക്ഷ്യമെന്നു വ്യക്തമാണ്. എന്നിട്ടും, വിഷകന്യ കയ്ക്ക് കുടിയേറ്റം പ്രമേയമാക്കിയ നോവല്‍ എന്ന വിശേഷണം കൊണ്ടു തൃപ്തിപ്പെടേ ണ്ടിവന്നു. വാസ്തവത്തില്‍, മലയാളത്തിലെ ഡയസ്പൊറ ജീവിതത്തിന്‍റെ ആരംഭം വിഷകന്യകയില്‍ കാണാം.

ജനിച്ചുവളര്‍ന്ന ദേശത്തിന്‍റെ അടയാളങ്ങളും പേറിയാണ് അവരുടെ യാത്ര. ഇനിയൊരു മടക്കമില്ലെന്ന് മനസ്സിലുറപ്പിച്ചു കൊണ്ടാണ് ഓരോരുത്തരും ഇറങ്ങിത്തിരിക്കുന്നത്.

മലബാറിലെ നാട്ടുമ്പുറങ്ങള്‍ ഇങ്ങനെതന്നെ കുന്നും വയലും ഇടകലര്‍ന്നു കിടക്കുന്നതായിരിക്കുമോ? അവിടത്തെ ഭാഷ നമുക്കു മനസ്സിലാകുമോ? മലയാളം തന്നെയാണോ അവിടെ സംസാരിക്കുന്നത്. പെരുച്ചാഴികളുടെയും പോലീസണ്ണന്മാരു ടെയും ഉപദ്രവം അവിടെയുണ്ടാകുമോ? എന്തായാലും ഒരു കാര്യം തീര്‍ച്ചയാണ്. സ്വാമിയുടെ ബാധ അവിടെയുണ്ടാവുകയില്ല.

എന്ന പ്രത്യാശയോടെയാണ് തിരുവിതാംകൂറിലെ ഓരോ ക്രിസ്ത്യാനിയും അക്കാലത്ത് മലബാറിലേക്ക് പുറപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് തിരുവിതാംകൂറില്‍നിന്ന് മലബാറിലേ ക്കുള്ള കുടിയേറ്റത്തിന്‍റെ അനൗപചാരിക ചരിത്രം കൂടിയായി ഈ കൃതി മാറുന്നത്. മണ്ണിനോട് പൊരുതുന്ന മനുഷ്യര്‍ക്ക് എസ്. കെ. പൊറ്റെക്കാട്ട് തീര്‍ത്ത സ്മാരകമാണ് ഈ കൃതി എന്നാണ് വിഷകന്യകയുടെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ പ്രസാധകനായ ഡി. സി. കിഴക്കേമുറി പറഞ്ഞത്.

മലബാറില്‍ അവരെ കാത്തിരുന്നത് ഉഴുതുമറിക്കാനുള്ള മണ്ണ് മാത്രമായിരുന്നില്ല. മലമ്പനിയും മലമ്പാമ്പും അവര്‍ക്ക് താരതമ്യേന പുതിയ അനുഭവങ്ങളായിരുന്നു. എല്ലാ ദുര്‍ഘടങ്ങളോടും പൊരുതാനുള്ള ത്രാണിയില്ലാത്തവര്‍ വേഗം കീഴടങ്ങി. കണ്ണീരും വേദനയും വഞ്ചനയും നിരാശയും കാമവും കൂട്ടിക്കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്ന ഈ കൃതി ഒരു കാലഘട്ടത്തെ അതീവഹൃദ്യമായി അവതരിപ്പിക്കുന്നുണ്ട്. മണ്ണിനോടും മലമ്പാമ്പിനോടും മലമ്പനിയോടും പൊരുതിത്തോറ്റുപോയ മനുഷ്യരുടെ കഥകൂടിയാണ് വിഷകന്യക.

ഡയസ്പൊറ ജീവിതങ്ങള്‍ക്ക് ഒരു മടക്കയാത്ര സാധ്യമല്ല. അതേസമയം, സ്വന്തം ദേശത്ത് അവര്‍ അനുഭവിച്ചിരുന്ന / അനുഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന പലതും അവരോടൊപ്പം അന്യദേശത്തും പിന്തുടരുന്നുണ്ടാവും. അത്തരമൊരു വിശേഷത്തെ വിഷകന്യകയും ചിത്രീകരിക്കുന്നുണ്ട്. മലബാറിലേക്ക് കയറിപ്പോയ ക്രിസ്ത്യാനികളെ അന്വേഷിച്ച് ചില പാതിരിമാര്‍ മലകയറി വരുന്നതാണ് അതിന്‍റെ ദൃഷ്ടാന്തം. മലബാറിലേക്കുവന്ന ക്രിസ്ത്യാനികള്‍ തെറ്റിലേക്ക് വഴിതെറ്റിപ്പോകാതിരിക്കാനാണ് പാതിരിമാര്‍ മലകയറി എത്തുന്നത്. അവര്‍ ആരാധനയ്ക്കുവേണ്ടി സ്ഥാപിച്ച താല്‍ക്കാലിക ഷെഡ് ക്രമേണ പള്ളിയായി മാറുകയും അവിടെ പെരുന്നാള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഡയസ്പൊറ ജീവിതത്തിന്‍റെ സവിശേഷമായ ഒരു ലക്ഷണമാണത്.

എത്രമാത്രം തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഡയസ്പൊറകള്‍ക്ക് സ്വദേശത്തേക്ക് സ്വച്ഛമായ ഒരു മടക്കയാത്ര തരപ്പെടുകയില്ല. അഥവാ, അത്തരം ഒരു യാത്ര തരപ്പെട്ടാല്‍ അവര്‍ അതീവ സന്തുഷ്ടരായിരിക്കും. എന്നാല്‍, വിഷകന്യകയിലെ ഡയസ്പൊറകള്‍ക്കുമുന്നില്‍ അത്തരമൊരു സാധ്യത തുറന്നു കിട്ടുന്നുണ്ട്. പക്ഷേ, അതീവ ദുഃഖിതരായിട്ടാണ് അവര്‍ മടക്കയാത്രയ്ക്ക് ഒരുങ്ങുന്നത്.

ചെകുത്താന്‍പാറക്കുന്നില്‍ പാര്‍ക്കുന്ന കുഴിമാടത്തില്‍ ഔസേപ്പ് തിരികെ പോകുമ്പോള്‍ ചെറിയൊരു കടലാസുപൊ തിയില്‍ കരുതുന്ന ഒരു നാഴി ചുവന്ന മണ്ണ് ഒരു പ്രതീകമാണ്. അതിനെക്കുറിച്ച് അയാള്‍ വലിയകുറുപ്പിന്‍റെ മുമ്പില്‍ പറയുന്നത് ഇപ്രകാരമാണ്:

"ഞങ്ങള്‍ തിരുവിതാംകൂറില്‍ നിന്ന് രണ്ടു പകാരങ്ങളെ പേടിച്ചിട്ടാണ് മലബാറിലേക്കു പോന്നത് - പട്ടിണിയും ഒരു പട്ടരും. അങ്ങനെ രണ്ടു പകാരങ്ങള്‍ ഇവിടെ രക്ഷ പ്രാപിച്ച ഞങ്ങളെ നശിപ്പിക്കാന്‍ മൂന്നു പകാരങ്ങള്‍ ഒരുങ്ങിനില്‍ക്കുന്നുണ്ടായിരുന്നു - പുല്ല്, പന്നി, പനി, പോരേ പൂരം? പട്ടരെപ്പേടിച്ചു പാഞ്ഞു പോന്ന കൂട്ടരെ പുല്ലും പന്നിയും പനിയും നശിപ്പിച്ചു. ഞാനിതാ മടങ്ങിപ്പോവുകയായി.'

തൊണ്ടിയന്‍മലയില്‍ നിന്നുള്ള അവരുടെ മടക്കവും ദുഷ്കരമായിരുന്നു. ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ല എന്ന വിശ്വാസത്തിന്മേലായിരുന്നു അവര്‍ അവിടേക്ക് എത്തിയത്. അങ്ങനെ, കുടിയേറ്റമോ ഡയസ്പൊറയോ തുടരാന്‍ കഴിയാത്ത ഒരു ജനതയുടെ കഥയാണ് വിഷകന്യക എന്നു വ്യക്തമാകുന്നു.

വിഷകന്യക ഒരു വ്യക്തിയുടെ കഥയല്ല, മറിച്ച് ഒരു സമൂഹത്തിന്‍റെ കഥയാണ്. ജീവിക്കാന്‍ ത്രാണിയില്ലാതെ സ്വപ്നങ്ങള്‍ മെനഞ്ഞ് മലബാറിലേക്ക് യാത്ര തിരിക്കുന്ന ഒരു സമൂഹമാണ് ഇതിലെ നായകന്‍. നായകനെ മാടിവിളിക്കുന്ന വിഷകന്യകയായ് ദുരിതം നിറഞ്ഞ ഒരു ജീവിതത്തിലേക്ക് തന്‍റെ ആശ്രിതരെ തള്ളിവിടുന്ന വിഷഭൂമി നായികയുടെ റോള്‍ കൈകാര്യം ചെയ്യുന്നു. മലയാളത്തിലെ ആദ്യ കുടിയേറ്റ നോവല്‍ എന്ന വിശേഷണത്തോടൊപ്പം മലയാളത്തലെ ആദ്യ ഡയസ്പൊറ ജീവിതചിത്രീകരണം നടത്തുന്ന നോവല്‍ എന്ന വിശേഷണവും വിഷകന്യകയ്ക്കു ചേരും.

 കര്‍ണാടകയിലെ കുശാല്‍നഗര്‍ എന്ന ടിബറ്റന്‍ പുനരധിവാസകേന്ദ്രത്തിന്‍റെ പശ്ചാത്തലത്തില്‍ എ. പി. ജ്യോതിര്‍മ യി എഴുതിയ നോവലാണ് ക്രൂശിതരുടെ പ്രാര്‍ത്ഥനാ ചക്രം. 2012ലാണ് ഈ പുസ്തകം പ്രസിദ്ധീകൃതമാകുന്നത്. സ്വദേശം നഷ്ടപ്പെട്ട് ഇന്ത്യയില്‍ അഭയംതേടിയ ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ ജീവിതവും അവര്‍ അനുഭവിക്കുന്ന അനാഥത്വവും ആണ് നോവലിന്‍റെ മുഖ്യവിഷയമെങ്കിലും അവര്‍ക്കിടയില്‍ എത്തിപ്പെട്ട അഖില എന്ന അനാഥയാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. കുശാല്‍നഗറില്‍ അഖില പരിചയപ്പെടുന്ന അഭയാര്‍ത്ഥികളും അവരുടെ ജീവിതങ്ങളും സ്വപ്നങ്ങളും കൂടിച്ചേര്‍ന്നതാണ് ക്രൂശിതരുടെ പ്രാര്‍ത്ഥനാചക്രം. 

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അഖിലയ്ക്ക് വിവാഹജീവിതവും വിജയകരമായിരുന്നില്ല. ബുദ്ധിമാന്ദ്യവും വൈരൂപ്യവുമുള്ള ഒരു കുട്ടി ജനിക്കുന്നതോടെ ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കും അവള്‍ അനഭിമതയാ കുന്നു. ആദ്യം അഖില കടുത്ത ആശയക്കുഴപ്പത്തിലേക്ക് തെന്നിനീങ്ങുന്നു. കുഞ്ഞിനെ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ കൊന്നുകളയാന്‍ സാധ്യതയുണ്ട് എന്ന ആശങ്കയാണ് അവളെ കുശാല്‍ നഗറിലെ സ്കൂളിലേക്ക് കൊണ്ടെത്തിച്ചത്. സ്കൂളിലെ ജോലിയും ക്വാര്‍ട്ടേഴ്സ് ജീവിതവും അവള്‍ക്ക് സുരക്ഷിതമായ അഭയസ്ഥാനമൊരുക്കുന്നു. അതിനിടയിലാണ് അനാഥകളും ദേശഭ്രഷ്ടരുമായ ഒരുകൂട്ടം സ്ത്രീകളുടെ ജീവിതംകൂടി ഈ നോവല്‍ വരച്ചുകാട്ടുന്നത്. സ്വദേശത്തേക്ക് ഇനിയൊരു മടക്കമില്ല എന്ന യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോഴും ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടുന്ന ടിബറ്റന്‍ സ്ത്രീകളെ ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്.

കുശാല്‍നഗര്‍ എന്ന ടിബറ്റന്‍ പുനരുധിവാസകേന്ദ്രത്തിന്‍റെ പശ്ചാത്തലത്തിലാണ് നോവല്‍ ചുരുളഴിയുന്നതെങ്കിലും എന്നോ ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും മടങ്ങിച്ചെല്ലാന്‍ കഴിയാത്ത ടിബറ്റ് എന്ന സ്വപ്നഭൂമികയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നോവലില്‍ ഉടനീളം കാണാം. ഇന്ത്യയിലെ ജീവിതത്തില്‍ ആ മനുഷ്യര്‍ക്ക് അതൃപ്തിയൊന്നുമില്ല. എങ്കിലും, സ്വന്തം ദേശം കാണാനുള്ള അദമ്യമായ ആഗ്രഹം എല്ലാവരിലും ഒരുപോലെയുണ്ട്. ടിബറ്റിലേക്കു ചെന്നാല്‍ അവിടെ പരിചയക്കാര്‍ ആരെങ്കിലുമുണ്ടാ കുമോ? എന്ന പഞ്ചയുടെ കുസൃതിച്ചോദ്യത്തിന് പരിചയക്കാരുണ്ടാ യിട്ടാണോ മനുഷ്യര്‍ സ്വന്തം നാട്ടിലേക്കു പോകുന്നത്? എന്ന മറുചോദ്യംകൊണ്ട് തോഷ നേരിടുന്നുണ്ട്.

കുശാല്‍ നഗറിലെ പുനരധിവാസകേന്ദ്രം ടിബറ്റിന്‍റെ ഒരു ചെറുപതിപ്പാണ്. വേഷത്തിലും ഭാവത്തിലും ഭാഷയിലും ആചാരങ്ങളിലുമെല്ലാം സ്വന്തം ദേശത്തിന്‍റെ മുദ്രകള്‍ ഉണ്ടാവണമെന്നു കരുതുന്നവരുടെ താവളം കൂടിയാണ് അവിടം. സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെയും ദുരിതപൂര്‍ണമായ ജീവിതത്തെയും തീവ്രമായി ആവിഷ്കരിക്കാനും ജ്യോതിര്‍മയിക്കു കഴിഞ്ഞിട്ടുണ്ട്.

ടിബറ്റന്‍ കോളനിയിലെ അന്തേവാസികള്‍ക്കിടയില്‍ കിടമത്സരങ്ങള്‍ പ്രകടമാണെങ്കിലും അവരെ ചേര്‍ത്തുനിര്‍ത്തുന്ന ഒരേയൊരു വികാരം ടിബറ്റ് എന്ന ദേശത്തിന്‍റെ മനസ്സില്‍ മാത്രമുള്ള രേഖാചിത്രമാണ്. 

ദേശഭ്രഷ്ടരാക്കപ്പെട്ടവരുടെ ജീവിതാവസ്ഥ ഇത്രമാത്രം വൈകാരികതീവ്രതയോടെ അവതരിപ്പിച്ച മറ്റൊരു നോവല്‍ മലയാളത്തിലില്ല. യഹൂദരെ പോലെ തന്നെ ദേശനഷ്ടം സംഭവിച്ച ഒരു ജനതയാണ് ടിബറ്റന്‍ സമൂഹം. അതുകൊണ്ടുതന്നെ, ഡയസ്പോറ പഠനത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്ന ഒരു മലയാളനോവലാണ് എ. പി. ജ്യോതിര്‍മയി രചിച്ച ക്രൂശിതരുടെ പ്രാര്‍ത്ഥനാചക്രം. ചുങ്ങായി, തോഷ, ചെദന്‍, പഞ്ച എന്നിങ്ങനെ കുറേ സ്ത്രീകളുടെ ഏകാന്തത വരച്ചുകാട്ടുന്ന ഒരു കൃതി കൂടിയാണിത്. 'ഒരു മോഹവും പ്രതീക്ഷയുമില്ലാതെ ജീവിക്കുന്നതും ഒരു സുഖമല്ലേ?' എന്ന അഖിലയുടെ ചോദ്യത്തോടെയാണ് നോവല്‍ അവസാനിക്കുന്നത്.

ഇവടെ പരാമര്‍ശിക്കാതെപോയ ചില നോവലുകള്‍ കൂടിയുണ്ട്. പി. കേശവദേവിന്‍റെ ഭ്രാന്താലയവും കാക്കനാടന്‍റെ ഒറോതയും ജുനൈദ് അബുബക്കറിന്‍റെ സഹറാവീയവും ഡയസ്പൊറ സാഹിത്യത്തില്‍ പെടുത്താവുന്ന മലയാളനോവലുകളാണ്. ചില ഡയസ്പോറകള്‍ ഭൂപടത്തില്‍ മാത്രമല്ല, മനസ്സിലും കുറിക്കാമെന്നു കാഫ്ക, കമ്യൂ, ജയിംസ് ജോയ്സ്, ഗുന്ദര്‍ഗ്രാസ്സ്, മിലന്‍ കുന്ദേര, നബക്കോവ് എന്നിവര്‍ തങ്ങളുടെ രചനകളിലൂടെ കാട്ടിത്തന്നിട്ടുണ്ട് എന്ന കാര്യവും വിസ്മരിക്കാനാവില്ല. സാമ്രാജ്യത്വ ഇടപെടലുക ളുടെ പരിസരങ്ങളില്‍ ദേശം നഷ്ടമായ എത്രയോ കഥാപാത്രങ്ങള്‍ മലയാളനോവലുകളിലും മിന്നിമറഞ്ഞിട്ടുണ്ട്. ഏതായാലും, മലയാളത്തിലെ ഡയസ്പൊറ സാഹിത്യം പഠനവിഷയമാക്കുമ്പോള്‍, കേരളത്തിന്‍റെ സവിശേഷ സാംസ്കാരിക പ്രാധാന്യം കണക്കിലെടുത്ത്, കുടിയേറ്റ സാഹിത്യത്തെ പ്രത്യേകം പരിഗണിക്കുന്നതാണ് നല്ലത്. കുടിയേറ്റ സാഹിത്യം, പ്രവാസ സാഹിത്യം, ഡയസ്പൊറ സാഹിത്യം എന്നിവയെല്ലാം സവിശേഷപഠനം അര്‍ഹിക്കുന്ന മേഖലകളുമാണ്.

ഗ്രന്ഥസൂചി

കുമാര്‍, ജെ. & ഷിജു, കെ. (എഡി.) (2018), ആധുനികാനന്തര മലയാള നോവല്‍, തിരുവനന്തപുരം: മാലുബന്‍ പബ്ലിക്കേഷന്‍സ്.
ജ്യോതിര്‍മയി, എ. പി. (2012), ക്രൂശിതരുടെ പ്രാര്‍ത്ഥനാചക്രം. തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്.
പൊറ്റെക്കാട്ട്, എസ്. കെ. (2008), വിഷകന്യക. കോട്ടയം: ഡി. സി. ബുക്സ്.
മാത്യു ഉലകംതറ. (1984), സാഹിത്യപീഠിക. കോട്ടയം: ഡി. സി. ബുക്സ്.
ശിവദാസ്, കെ. കെ. (2019), പ്രവാസം: പ്രതിനിധാനവും സര്‍ഗ്ഗാത്മകതയും. കോഴിക്കോട്: ഇന്‍സൈറ്റ് പബ്ലിക്ക.
ശിവദാസ്, കെ. കെ. (2018), ڇവിവര്‍ത്തനവും ഡയസ്പൊറയുടെ ജീവിതവുംڈ. വിവര്‍ത്തന താരതമ്യപഠനത്തിലെ നൂതന പ്രവണതകള്‍. എഡി. മുഹമ്മദ് റാഫി, എന്‍. വി. തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല.
ബെന്യാമിന്‍. ഗള്‍ഫ് മലയാളിയും ഡയസ്പോറ സാഹിത്യവും. മണലെഴുത്ത്. 10 മാര്‍ച്ച് 2007. 7
Fumanti, Mattia. (2016) The Politics of Distinction: African Elites from Colonialism to Liberation in a Namibian Frontier Town. UK: Sean Kingston Publishing.
Mukherjee, Meenakshi. (2001) The Perishable Empire or The Perishable Empire: Essays on Indian Writing in English. UK:  Oxford University Press.
Parish, Jean Deborah.  Walk with Me. South Carolina: Createspace Independent Publishing Platform, 2016. August 2019. <http.//manalezhuthu.blogspot.com>.
Dr. Ashok A. D’cruz
Assistant Professor
School of Creative Writing
Thunchath Ezhuthachan Malayalam University
Tirur, Malappuaram
Pin: 676502
India
Ph: +91 9447060757
Email: drashok@temu.ac.in
ORCID: 0009-0005-4065-330X