Onakodi: An Expression of Selfless and Innocent Love

Dr. Selin S.L

The relationship between humans and animals starts from prehistoric times. This has been expressed in many ways in literature as well. N. P. Chellappan Nair’s story, Onakodi, is a portrayal of a unique relationship between an ox and its owner’s daughter. This article tries to find out how the selfless and innocent relationship between man and animal is presented in the story.

Key words: Sounding Plow, Ponkunnam Varki, Manikkan, Lalithambika Antharjanam, N. P. Chellappan Nair, Onakodi

Reference

Achyuthan.M, 1994, Cherukadha_ Innale,Innu , Kottayam, NBS
Chellappan Nair. N.P, 1970, Theranjedutha Kadhakal, Kottayam, NBS
Ramakrishnan.V, 1999, Cherukadhayude Chandass, Kottayam, DC Books.
Dr. Selin S.L
Department of Malayalam
Govt.College Kottayam
Pin: 686013
Kerala,India
Email:slselinsajan@gmail.com
Ph: +91 9495349470

ഓണക്കോടി-നിസ്വാര്‍ത്ഥവും നിഷ്ക്കളങ്കവുമായ സ്നേഹബന്ധത്തിന്‍റെ ആവിഷ്കാരം

ഡോ. സെലിന്‍ എസ്.എല്‍

ചരിത്രാതീതകാലം മുതലേ തുടങ്ങുന്നതാണ് മനുഷ്യനും മൃഗങ്ങളുമായുള്ള ബന്ധം.  സാഹിത്യത്തിലും ഈ ബന്ധം പല പ്രകാരത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഒരു വണ്ടിക്കാളയും അതിന്‍റെ ഉടമസ്ഥന്‍റെ മകളും തമ്മിലുള്ള സവിശേഷമായ ഹൃദയബന്ധത്തിന്‍റെ  അവതരണമാണ് എന്‍.പി.ചെല്ലപ്പന്‍നായരുടെ  ഓണക്കോടി എന്ന കഥ. മനുഷ്യനും മൃഗവും തമ്മിലുള്ള നിസ്വാര്‍ത്ഥവും നിഷ്കളങ്കവുമായ സ്നേഹബന്ധം കഥയിലവതരിപ്പിച്ചിരിക്കുന്നത് എങ്ങനെ എന്നു കണ്ടെത്താനാണ് ഈ പ്രബന്ധത്തില്‍ ശ്രമിച്ചിരിക്കുന്നത്.

താക്കോല്‍ വാക്കുകള്‍: ശബ്ദിക്കുന്ന കലപ്പ, മാണിക്കന്‍, എന്‍.പി.ചെല്ലപ്പന്‍ നായര്‍, ഓണക്കോടി.

മൃഗങ്ങളെ വേട്ടയാടിയും കായ്കനികള്‍ ഭക്ഷിച്ചും പ്രാകൃതജീവിതം നയിച്ചിരുന്ന ആദിമമനുഷ്യന്‍ കൃഷി ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുന്നതിനെ സാമൂഹികജീവിതത്തിലേക്കു കടക്കുന്നതിന്‍റെ ആദ്യഘട്ടമായി കണക്കാക്കാം. ഒറ്റപ്പെട്ട ജീവിതത്തില്‍നിന്ന് കുടുംബവ്യവസ്ഥയിലേയ്ക്ക് സ്ഥിരജീവിതം ആരംഭിച്ചപ്പോഴാണ് ഭാരം ചുമക്കല്‍, നിലം ഉഴല്‍, വീട്ടുകാവല്‍ തുടങ്ങിയ പല സന്ദര്‍ഭങ്ങളിലും അവന് മൃഗങ്ങളുടെ സഹായം തേടേണ്ടി വന്നത്. അതോടൊപ്പം അവയെ പരിപാലിക്കുന്ന ചുമതല കൂടി ഏറ്റെടുക്കേണ്ടി വന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുന്നത് അപ്പോഴാണ്.1 അതിപ്രാചീനകാലം മുതല്‍ തുടങ്ങുന്ന ഈ ബന്ധം ഇന്നത്തെ യാന്ത്രികയുഗത്തിലും നിലനില്‍ക്കുന്നുണ്ട് .

കല, സാഹിത്യം തുടങ്ങിയ മേഖലകളിലെ ആദ്യകാലസൃഷ്ടികളില്‍ പലതും മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിമശിലായുഗത്തിലെ ഗുഹാചിത്രങ്ങളിലും മൃഗങ്ങളുടെ സാന്നിധ്യമുണ്ട്.2 നാടോടിക്കഥകളില്‍ രക്ഷകരായും  ശിക്ഷകരായും പ്രകൃത്യതീതമായ ശക്തികളുടെ അവതാരമായും മൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈസോപ്പ് കഥകളിലും പഞ്ചതന്ത്രം കഥകളിലും മൃഗങ്ങളാണ് പ്രധാന കഥാപാത്രങ്ങള്‍. "സഹജീവികളില്‍ നിന്ന് കിട്ടാത്ത സ്നേഹം തേടി മൃഗങ്ങളുടെ നേര്‍ക്കു തിരിയുന്ന ഒറ്റപ്പെട്ടവരും ഇത്തിരി 'നൊസ്സു'ള്ളവരുമായ വ്യക്തികളുടെ സവിശേഷാനുഭവങ്ങള്‍ പകര്‍ത്തുന്ന കഥകളുടെ ഒരു നീണ്ട പരമ്പര തന്നെ യൂറോപ്യന്‍ സാഹിത്യത്തില്‍ കണ്ടെത്താന്‍ കഴിയും."3 എന്ന വി. രാജകൃഷ്ണന്‍റെ വാക്കുകള്‍ വിശ്വസാഹിത്യത്തില്‍ മനുഷ്യനും തിര്യക്കും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നു. 

മലയാളസാഹിത്യത്തില്‍ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളില്‍  പ്രകടമായിത്തുടങ്ങിയ  നവോത്ഥാനത്തെ തുടര്‍ന്ന് നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ സ്വീകരിക്കാന്‍ ചെറുകഥാകൃത്തുക്കള്‍ തയ്യാറായി. വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തിന്‍റെ ആവിഷ്കാരമായ സാഹിത്യം ജീവിതത്തിന്‍റെ സമസ്തമേഖലകളെയും തുറന്നുകാട്ടുന്നതായി മാറി. പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ കാലമായപ്പോഴേക്കും പ്രകൃതിയും അധ്വാനിക്കുന്ന മനുഷ്യനും കഥയിലേക്കു കടന്നുവന്നു. അവയില്‍ കാര്‍ഷികജീവിതം പ്രമേയമാകുന്ന കഥകളിലാണ് മനുഷ്യനും മൃഗവുമായുള്ള ബന്ധം കൂടുതലായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

കാളകള്‍ കേന്ദ്രകഥാപാത്രമാകുന്ന രചനകള്‍

കൃഷിയുമായി ബന്ധപ്പെട്ട കഥകളിലാണ് കൂടുതലായും കാളകള്‍ കേന്ദ്രകഥാപാത്രമായി കടന്നു വരുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ, ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ മാണിക്കന്‍, എന്‍.പി.ചെല്ലപ്പന്‍ നായരുടെ ഓണക്കോടി എന്നീ കഥകള്‍ ഈ രീതിയില്‍ രചിച്ചിട്ടുള്ളവയാണ്. വള്ളത്തോളിന്‍റെ നിത്യകന്യക എന്ന കവിതയിലും സമാനമായ ഇതിവൃത്തമാണ് സ്വീകരിച്ചിട്ടുള്ളത്. കാളയും അതിന്‍റെ  ഉടമസ്ഥരും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ഹൃദയബന്ധത്തിന്‍റെ അവതരണമാണ് ഇവയിലെല്ലാം പൊതുവെ കാണുന്നത്. 

"മനുഷ്യനും മണ്ണും തമ്മിലും  മനുഷ്യനും മൃഗവും തമ്മിലുമുള്ള ബന്ധവും ധനകേന്ദ്രിതമായ ആധുനികജീവിതത്തിലെ പുതുമൂല്യങ്ങള്‍ക്കും കര്‍ഷകജീവിതത്തിലെ സനാതന മൂല്യങ്ങള്‍ക്കും തമ്മിലുള്ള വൈരുദ്ധ്യവും മനോഹരമായി നിഴലിക്കുന്ന ഉല്‍കൃഷ്ട കഥ"4 എന്ന് എന്‍. വി കൃഷ്ണവാര്യര്‍ വിശേഷിപ്പിക്കുന്ന  ശബ്ദിക്കുന്ന കലപ്പ  കൃഷിക്കാരനായ അവുസേപ്പു ചേട്ടന്‍റെയും അയാള്‍ മകനെപ്പോലെ സ്നേഹിക്കുന്ന കണ്ണന്‍ എന്ന കാളയുടെയും  അപൂര്‍വ്വമായ ഹൃദയബന്ധത്തിന്‍റെ കഥയാണ്.  കാളയോടുള്ള  അമിതസ്നേഹം കാരണം 'കാളപ്രാന്തന്‍' എന്നാണ് അയാള്‍ അറിയപ്പെട്ടിരുന്നത്. കൃഷിയില്‍ സംഭവിച്ച നഷ്ടത്തെത്തുടര്‍ന്ന് താന്‍ ജീവനുതുല്യം സ്നേഹിച്ചിരുന്ന കാളയെ അയാള്‍ക്ക് വില്ക്കേണ്ടി വരുന്നു. ദിവസങ്ങള്‍ക്കുശേഷം നഗരത്തിലെ മുന്‍സിപ്പാലിറ്റിയുടെ  കശാപ്പുശാലയില്‍ കണ്ണനെ കണ്ടെത്തിയ അവുസേപ്പു ചേട്ടന്‍ ഭാര്യയ്ക്കും മക്കള്‍ക്കും പുതുവസ്ത്രം വാങ്ങാനായി കൊണ്ടുവന്ന പണം കശാപ്പുകാരന് നല്‍കി പ്രിയപ്പെട്ട കാളയെ വീണ്ടെടുക്കുന്നെങ്കിലും പിറ്റേന്നു രാവിലെ അതിന്‍റെ മൃതദേഹമാണ് അയാള്‍ക്ക് കാണാനാവുന്നത്.

കര്‍ഷകനായ അഴകന്‍റേയും അയാള്‍ ഓമനിച്ചു വളര്‍ത്തുന്ന കാളയുടെയും സ്നേഹബന്ധമാണ് ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ  മാണിക്കന്‍ എന്ന കഥ. തമ്പ്രാന്‍റെ കൈയ്യില്‍നിന്നും വളര്‍ത്താന്‍ കിട്ടിയ കാളക്കുട്ടിയെ  മാണിക്കന്‍ എന്നുപേരിട്ട് അഴകന്‍  വളര്‍ത്തി വലുതാക്കുന്നു. സുന്ദരനും ശക്തനുമായ മാണിക്കന്‍ അകാരണമായി തന്നെ തല്ലിയ  ചോതിയെ ആക്രമിക്കാനൊരുങ്ങിയതിനെത്തുടര്‍ന്ന് തമ്പ്രാന്‍റെ ആള്‍ക്കാര്‍ അവനെ തിരിച്ചുകൊണ്ടുപോയി പട്ടിണിക്കിട്ടു. അവശനായപ്പോള്‍ വണ്ടിക്കാര്‍ക്ക് വില്‍ക്കുന്നു. കിഴക്കന്‍  മലയിലേക്ക്  ജോലി തേടിപ്പോയ അഴകന്‍  ദയനീയാവസ്ഥയിലായ വണ്ടിക്കാളയുടെ രൂപത്തില്‍ മാണിക്കനെ കണ്ടുമുട്ടുന്നു. അവനെ അറവുകാര്‍ക്ക് വില്ക്കാന്‍ പോവുകയാണെന്ന് പറഞ്ഞ ഉടമസ്ഥന് കയ്യിലവശേഷിച്ചിരുന്ന അവസാനകാശും കൊടുത്ത്  മാണിക്കനെ വീണ്ടെടുക്കുന്നു.

കാര്‍ഷികജീവിതപശ്ചാത്തലത്തില്‍ കാളകളെ കേന്ദ്രകഥാപാത്രമാക്കി രചിച്ചിട്ടുള്ള കഥകള്‍  എന്ന്  ശബ്ദിക്കുന്ന കലപ്പയെയും  മാണിക്കനെയും  പൊതുവായി  വിശേഷിപ്പിക്കാം.  കര്‍ഷകര്‍ ഓമനിച്ച് വളര്‍ത്തുന്ന, നല്ല ശക്തിയും ആരോഗ്യവുമുള്ള കാളകളെയാണ്  കഥയുടെ ആദ്യഭാഗത്ത് കാണാനാവുക. പിന്നീട് തീര്‍ത്തും വ്യത്യസ്തമായ  കാരണങ്ങളാല്‍ ഉടമസ്ഥരില്‍  നിന്ന് വേര്‍പിരിയേണ്ടി വരുന്ന അവ ഇറച്ചിയ്ക്കു മാത്രം കൊള്ളാവുന്ന  അവസ്ഥയിലേയ്ക്ക് മാറുന്നു. ഒരു  കാലത്ത് തങ്ങള്‍ക്ക് താങ്ങും തണലുമായി നിന്ന കാളകളെ അങ്ങനെയൊരവസ്ഥയില്‍ കാണുന്ന  ഉടമസ്ഥരാകട്ടെ, പില്‍ക്കാലത്ത്  അവയെക്കൊണ്ട് തങ്ങള്‍ക്കോ കുടുംബത്തിനോ യാതൊരുപയോഗവുമില്ല എന്നറിയാമെങ്കിലും  അപ്പോഴും മനസ്സില്‍ നിലനിന്ന സ്നേഹത്തിന്‍റെ പേരില്‍  കയ്യിലവശേഷിച്ച അവസാനത്തെ അധ്വാനഫലവുമുപയോഗിച്ച് അവയെ വീണ്ടെടുക്കുന്നു. ഇതില്‍നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ഓണക്കോടിയില്‍ എന്‍.പി ചെല്ലപ്പന്‍നായര്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഓണക്കോടി- കഥാസംഗ്രഹം

മലയാളചെറുകഥാരംഗത്ത് ചരിത്രകഥകളുടെയും ഫലിതകഥകളുടെയും രചനയിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് എന്‍.പി.ചെല്ലപ്പന്‍ നായര്‍. അതോടൊപ്പം  നിത്യജീവിതത്തില്‍ നിന്നും ചുറ്റുപാടുകളില്‍നിന്നും സ്വീകരിച്ച സംഭവങ്ങളും  അദ്ദേഹത്തിന്‍റെ  കഥാലോകത്ത് കണ്ടെത്താം. മനുഷ്യനും മൃഗങ്ങളും പ്രകൃതിയും തുല്യപ്രാധാന്യത്തോടെ   കടന്നുവരുന്നു എന്നതാണ് അവയുടെ പ്രധാന സവിശേഷത.

അത്യന്തം ഹൃദയസ്പര്‍ശിയായ ചെറുകഥയാണ്   ഓണക്കോടി. വേലൂച്ചാരുടെയും  മകളായ കല്യാണിക്കുട്ടിയുടെയും ഏക ആശ്രയമാണ് കൊച്ചുനീലാണ്ടന്‍ എന്ന കാള. അവന്‍ ഭാരം  വഹിച്ചു കിട്ടുന്ന കൂലിയിലാണ് ആ കുടുംബം സന്തോഷത്തോടെ, ഒരല്ലലുമില്ലാതെ കഴിഞ്ഞിരുന്നത്. അതിനിടയില്‍ കൊച്ചുനീലാണ്ടനു പറ്റിയ ഒരപകടം അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്നു. ഒരു മോട്ടോര്‍കാറിനു മുന്നില്‍ ചാടിയ വൃദ്ധനെ രക്ഷിക്കാനായി ഡ്രൈവര്‍ കാര്‍ വെട്ടിത്തിരിച്ചപ്പോള്‍  അത് ചെന്നിടിച്ചത്  കാളവണ്ടിയിലായിരുന്നു. വണ്ടി പുറത്തേയ്ക്ക് മറിഞ്ഞു വീണ് കൊച്ചുനീലാണ്ടന്‍റെ ഇടതുകൈ കുളമ്പിനു മുകളില്‍ വച്ച് ഒടിഞ്ഞുപോയി.  കയ്യിലുണ്ടായിരുന്ന കാശെല്ലാ  മെടുത്ത് വേലൂച്ചാര്‍ കൊച്ചു നീലാണ്ടന്‍റെ ചികിത്സ നടത്തുന്നു. ഇതിനിടയിലാണ് ഓണം എത്തുന്നത്.  ഓണത്തലേന്ന്  തന്‍റെ കൂട്ടുകാര്‍ക്കെല്ലാം ഓണക്കോടി വാങ്ങിയതറിഞ്ഞ കല്യാണിക്കുട്ടി തനിക്കും പുതിയ വസ്ത്രം വേണമെന്ന് വാശിപിടിക്കുന്നു.  ഗത്യന്തരമില്ലാതെ  വേലൂച്ചാര്‍ കല്യാണിക്കുട്ടിയറിയാതെ  നീലാണ്ടനെ അറവുകാരനു വില്‍ക്കുന്നു.  കല്യാണിക്കുട്ടിയെ  വീട്ടില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടാണ് അയാള്‍ കച്ചവടം  നടത്തിയതെങ്കിലും നീലാണ്ടന്‍ കല്യാണിക്കുട്ടിയോട് യാത്രപറയാനെന്നപോലെ കശാപ്പുകാരനില്‍ നിന്നും കുതറിയോടി തിരികെ വീട്ടിലെത്തുന്നു. ഒടിഞ്ഞ കാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ വേണ്ടിയാണ് അവനെ കൊണ്ടുപോകുന്നതെന്ന് വേലൂച്ചാര്‍ കളവു പറഞ്ഞപ്പോള്‍ അതു വിശ്വസിച്ച കല്യാണിക്കുട്ടി സന്തോഷത്തോടെ കൊച്ചുനീലാണ്ടനെ യാത്രയാക്കുകയും കശാപ്പുകാരന് കൈമാറുകയും ചെയ്യുന്നു.

കൊച്ചുനീലാണ്ടനെ വിറ്റുകിട്ടിയ കാശുപയോഗിച്ച് വേലൂച്ചാര്‍ വാങ്ങി നല്‍കിയ ഓണക്കോടിയുമണിഞ്ഞ്  കൂട്ടുകാരിക്കൊപ്പം  കടല്‍ കാണാന്‍ പോകുന്ന കല്യാണിക്കുട്ടി അറവുശാലയ്ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു കാളയുടെ  തല കാണുന്നു. അതിന്‍റെ കൊമ്പില്‍ ഓണത്തലേന്ന് താന്‍ അണിയിച്ച പൂമാല കണ്ട് അത് കൊച്ചുനീലാണ്ടനാണെന്ന്  അവള്‍ തിരിച്ചറിയുന്നു.  ആ കാഴ്ച കല്യാണിക്കുട്ടിയിലുണ്ടാക്കിയ ആഘാതത്തെത്തുടര്‍ന്ന് അസുഖബാധിതയായ അവള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുന്നു. ഇതാണ് ഓണക്കോടിയുടെ പ്രമേയം.

സ്നേഹബന്ധങ്ങളിലെ ഊഷ്മളത

വേലൂച്ചാരും മകളായ കല്യാണിക്കുട്ടിയും അവരുടെ വണ്ടിക്കാളയായ കൊച്ചുനീലാണ്ടനും തമ്മിലുള്ള പരസ്പരസ്നേഹത്തിന്‍റെ  കഥയാണ് ഓണക്കോടി. അതില്‍ കൊച്ചുനീലാണ്ടനും കല്യാണിക്കുട്ടിയുമായുള്ള സ്നേഹബന്ധമാണ്  കുറേക്കൂടി ദൃഢമായിട്ടുള്ളത്. കല്യാണിക്കുട്ടി മുട്ടിലിഴയുന്ന പ്രായം മുതല്‍ തുടങ്ങിയ സ്നേഹബന്ധം  പിന്നീട് അവളുടെ കളിത്തോഴന്‍, അംഗരക്ഷകന്‍, സുഹൃത്ത് തുടങ്ങിയ  നിലകളില്‍ ഒട്ടും ചോര്‍ന്നു പോകാതെ അവന്‍ മുന്നോട്ടു കൊണ്ടുപോകുന്നു. "അവള്‍ക്ക് അറിവായതില്‍പ്പിന്നെ കൊച്ചുനീലാണ്ടനെ അവര്‍ കെട്ടിയിട്ടില്ല. ഒഴിവുസമയങ്ങളിലെല്ലാം അവന്‍ അവളുടെ അടുത്തായിരിക്കും. അവള്‍ നടക്കുമ്പോള്‍ ചേര്‍ന്നു നടക്കും.  അവള്‍ എവിടെയെങ്കിലും ഇരുന്നാല്‍ അടുത്തുചെന്നു കിടക്കും. അവളോട് ആരെങ്കിലും കലഹത്തിനു ചെല്ലുന്നു എന്ന് അവനു തോന്നിയാല്‍ മതി കൊമ്പും കുലുക്കി അവന്‍റെ നേര്‍ക്കു പാഞ്ഞടുക്കുകയായി."5 എന്നാണ് കഥാകൃത്ത് അതിനെ വിവരിക്കുന്നത്. അവന്‍റെ  കൊമ്പിലും കഴുത്തിലും പിടിച്ച് തൂങ്ങിക്കിടക്കുക, നെറ്റിയില്‍ ഇലക്കുറിയിടുക, ചരടുകെട്ടി അവനെ കോണകം ഉടുപ്പിക്കുക തുടങ്ങിയ അവളുടെ പ്രവൃത്തികള്‍ അവനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. 

ഓണക്കോടിയായി മഞ്ഞമുണ്ടും ഓണപ്പുടവയും വാങ്ങി നല്‍കാമെന്ന് വേലൂച്ചാര്‍ വാക്കു കൊടുക്കുമ്പോള്‍ മനസ്സില്‍  നിറഞ്ഞു തിങ്ങുന്ന ആനന്ദം കല്യാണിക്കുട്ടി  പ്രകടിപ്പിക്കുന്നത് കൊച്ചുനീലാണ്ടന്‍റെ കവിളില്‍ ഉമ്മ വയ്ക്കുന്നതിലൂടെയാണ്.  മിഠായി വാങ്ങാന്‍ അച്ഛന്‍ കൊടുത്ത അരയണ ഉപയോഗിച്ച് കൊച്ചുനീലാണ്ടനെ അണിയിച്ചൊരുക്കാനുള്ള രണ്ടു നൂല്‍പ്പൂക്കള്‍ വാങ്ങുന്നതു അവനോടുള്ള സ്നേഹാധിക്യത്തെയാണ് വെളിവാക്കുന്നത്.  

താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന  കൊച്ചുനീലാണ്ടന് അപകടം സംഭവിച്ചതറിഞ്ഞ കല്യാണിക്കുട്ടി നിറുത്താതെ കരയുന്നു. ഒടിഞ്ഞ കാലുമായി  കിടക്കുന്ന അവന്‍റെ തലയെടുത്തു മടിയില്‍ വച്ച് തലോടി, ചൊറിഞ്ഞ്, വ്രണമുള്ള  കാലില്‍ ഊതി  തന്നാലാവും വിധം  അവനെ ആശ്വസിപ്പിക്കാന്‍ അവള്‍ ശ്രമിക്കുന്നു. ഒടിഞ്ഞ കൈ ഭേദമായില്ലെങ്കില്‍ കൂട്ടുകാരെല്ലാം അവനെ 'ഞൊണ്ടി' എന്നു വിളിക്കുമെന്നും അതു തനിക്ക് സങ്കടമുണ്ടാക്കുമെന്നും പറയുന്നത് അവനോടുള്ള സ്നേഹബന്ധത്തെ ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട്. കൊച്ചുനീലാണ്ടനെ വാങ്ങിയ കശാപ്പുകാരന്‍ അവനെ തിരികെ കൊണ്ടുപോകാന്‍ വരുമ്പോള്‍  'ചികിത്സിക്കാനല്ലേ വൈദ്യാ?' എന്ന അവളുടെ ചോദ്യം ആരിലും സങ്കടമുണര്‍ത്തുന്നതാണ്. അവന്‍ അടുത്തില്ലാതെ ഓണം ആഘോഷിക്കാന്‍ അവള്‍ക്കാവുന്നുമില്ല. കൊച്ചുനീലാണ്ടനെ അണിയിച്ചൊരുക്കുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന കല്യാണിക്കുട്ടി കശാപ്പുശാലയില്‍ കണ്ട കാളയുടെ തല കൊച്ചുനീലാണ്ടന്‍റേതാണ് എന്ന് തിരിച്ചറിയുന്നതും അതേ അലങ്കാരവസ്തുക്കള്‍ കണ്ടിട്ടാണ്. ഓണത്തലേന്ന് അവള്‍ അണിയിച്ച നൂല്‍പ്പൂക്കള്‍ ആണ് അവ എന്ന് മനസ്സിലാക്കുമ്പോള്‍ ആകെ തകര്‍ന്നുപോകുന്ന അവള്‍ക്ക് ആ മാനസികാഘാതത്തില്‍ നിന്നു കരകയറാനാവുന്നുമില്ല. അത്രത്തോളം ദൃഢമായിരുന്നു കൊച്ചുനീലാണ്ടനോടുള്ള അവളുടെ സ്നേഹബന്ധം.

ജീവത്യാഗത്തോളമെത്തുന്ന ഹൃദയബന്ധങ്ങള്‍

കേവലം ഒരു വണ്ടിക്കാള എന്നതിലുപരി വേലൂച്ചാരുടെയും മകളുടെയും സുഖദുഃഖങ്ങളില്‍ പങ്കാളിയാകുന്ന  ഒരു കുടുംബാംഗത്തെ പോലെയായിരുന്നു കൊച്ചുനീലാണ്ടന്‍. തന്‍റെ യജമാനകുടുംബത്തിന്‍റെ  ഉല്‍ക്കര്‍ഷത്തിനായി എന്തു ത്യാഗവും സഹിക്കാന്‍ അവന്‍ തയ്യാറായിരുന്നു. തന്‍റെ അധ്വാനഫലം കൊണ്ടാണ് അവര്‍ ജീവിച്ചിരുന്നത് എന്ന് മനസ്സിലാക്കിയ കൊച്ചുനീലാണ്ടന്‍ അതിനനുസരിച്ച് പ്രവര്‍ത്തിച്ചിരുന്നു. കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ സമര്‍ത്ഥനായിരുന്ന  അവന്‍ പ്രഭാതഭക്ഷണം കഴിഞ്ഞാലുടന്‍ സ്വയം വണ്ടിയുടെ നുകത്തിനടിയില്‍ പോയി നില്‍ക്കും. അച്ഛനും മകളും വണ്ടിയില്‍ കയറിയാല്‍ ആദ്യം കല്യാണിക്കുട്ടിയെ സ്കൂളിനു  മുന്നില്‍ ഇറക്കും. അതുകഴിഞ്ഞ് പിന്നീട് നില്‍ക്കുന്നത് ചന്തയിലായിരുന്നു. എത്ര ചുമടുകയറ്റിയാലും യാതൊരു പരാതിയുമില്ലാതെ കിലോമീറ്ററുകളോളം അവന്‍ നടന്നിരുന്നു. വണ്ടിയുമായി പോകുമ്പോഴെല്ലാം നില്ക്കേണ്ടിടത്ത് നില്ക്കാനും ഓടേണ്ടിടത്ത് ഓടാനും കുണ്ടിലും കുഴിയിലും വീഴാതെ സൂക്ഷിച്ച് നടക്കാനും കൊച്ചുനീലാണ്ടന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്രയൊക്കെ സൂക്ഷ്മതയോടെ പ്രവര്‍ത്തിച്ചിട്ടും ഒരു അത്തംനാളില്‍ പറ്റിയ അപകടമാണ് ആ കുടുംബത്തിന്‍റെ പിന്നീടുള്ള മുഴുവന്‍ ദൗര്‍ഭാഗ്യങ്ങള്‍ക്കും കാരണമാകുന്നത്. കാലൊടിഞ്ഞ വേദനയില്‍ കണ്ണീരൊഴുക്കി നില്ക്കുന്ന സമയത്ത് കല്യാണിക്കുട്ടിയുടെ ശുശ്രൂഷ ഒരു കൊച്ചുമകള്‍ പിതാമഹനെ ശുശ്രൂഷിക്കുന്ന രീതിയിലാണ് അവന്‍ ഏറ്റുവാങ്ങിയിരുന്നതെന്ന് കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. 

യജമാനോടും മകളോടുമുള്ള സ്നേഹം തുറന്നു പ്രകടിപ്പിക്കുന്ന പ്രകൃതക്കാരനായിരുന്നു കൊച്ചുനീലാണ്ടന്‍. വേലൂച്ചാരെ കാണുമ്പോള്‍ തുടകളില്‍ കൊമ്പുകള്‍ മന്ദമായി ഉരസിയും കാലില്‍ പൊടിഞ്ഞിരിക്കുന്ന വിയര്‍പ്പു തുള്ളികള്‍ സാവധാനം നക്കിത്തോര്‍ത്തിയും അവന്‍ സ്നേഹം പ്രകടിപ്പിച്ചിരുന്നു. കാലൊടിഞ്ഞു കിടക്കുന്ന അവസ്ഥയിലും വേലൂച്ചാരെ കാണുമ്പോള്‍ അവന്‍ ബദ്ധപ്പെട്ടെഴുന്നേല്‍ക്കുന്നതും അതു വ്യക്തമാക്കുന്നു. ഓണക്കോടി കിട്ടാത്ത സങ്കടത്തില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന കല്യാണിക്കുട്ടിയുടെ നിരാശയും കോപവും മനസ്സിലാക്കി അവളുടെ ദുഃഖത്തില്‍ കണ്ണീരൊഴുക്കി, വാലാട്ടാതെ, തികട്ടി ചവയ്ക്കാതെ, പറന്നു ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിക്കാതെ അനങ്ങാതെ നില്‍ക്കുമ്പോള്‍ "ശോകത്തിന്‍റെ ഉഗ്രമായ അലകള്‍ ഉയര്‍ന്നു താഴുന്നുണ്ട്, ആ തോല്‍ക്കൂടിനുള്ളില്‍ "6 എന്ന് കഥാകൃത്ത് പറയുന്നത് ശ്രദ്ധേയമാണ്.

യജമാനന്‍റെ മനസ്സിലെ വിചാരങ്ങള്‍ ഗ്രഹിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കൊച്ചുനീലാണ്ടന് കഴിഞ്ഞിരുന്നു. തന്‍റെ കൂട്ടുകാരെല്ലാം ഓണക്കോടി വാങ്ങിയെന്നും തനിക്കും അതുപോലൊരെണ്ണം വാങ്ങണമെന്നും കല്യാണിക്കുട്ടി അച്ഛനോട്      പറയുന്നത് അവന്‍ കേള്‍ക്കുന്നുണ്ട്. ഏതുവിധേനയും അത് വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത വേലൂച്ചാര്‍  പുറത്തിറങ്ങുമ്പോള്‍ കാണുന്നത് തന്നെത്തന്നെ നോക്കി നില്‍ക്കുന്ന നീലാണ്ടനെയാണ്. "ചിന്താക്രാന്തി കലര്‍ന്ന മുഖത്തോടെ അയാള്‍ കൊച്ചുനീലാണ്ടനെ ഒന്നുനോക്കി. കാള അയാളേയും നോക്കി. രണ്ടുപേര്‍ക്കും ഏതാണ്ടെല്ലാം മനസ്സിലായി. അറിയാതെ ഒരു നെടുവീര്‍പ്പുയര്‍ന്നു. കാള തല താഴ്ത്തി"7. സ്വജീവന്‍ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും  യജമാനന്‍റെ  മകളുടെ ആഗ്രഹം സഫലമാക്കാനുളള ഒരു മൗനസമ്മതമായിക്കൂടെ അതിനെ കണക്കാക്കാം. അതിനാലാണ് ഓണക്കോടി കിട്ടുമെന്നറിഞ്ഞപ്പോഴുണ്ടായ ആനന്ദം നീലാണ്ടന്‍റെ കവിളില്‍ ഒരുമ്മ നല്കി കല്യാണിക്കുട്ടി പ്രകടിപ്പിക്കുമ്പോഴും അവന്‍ ആ നിലയില്‍ത്തന്നെ നിര്‍ന്നിമേഷനായും നിശ്ചേഷ്ടനായും തുടരുന്നത്.

കോളു തിങ്ങി നില്ക്കുന്ന വേലൂച്ചാരുടെ മുഖഭാവത്തില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കിയ കൊച്ചു നീലാണ്ടന്‍ തന്നെ വാങ്ങിയ ആളോടൊപ്പം യാത്രയാകുന്നുണ്ടെങ്കിലും പിന്നെയും ആരോടോ യാത്ര ചോദിക്കാനെന്നപോലെ  തിരിഞ്ഞുനില്ക്കുന്നുമുണ്ട്. "അവിടം വിട്ട് എന്നെന്നേക്കുമായി പോകുന്നതിന് അവന് ആരോടോ അനുവാദം വാങ്ങണം. അവന്‍റെ  കളിത്തോഴിയോട്, നര്‍മ്മസഖിയോട്, സ്വാമിനിയോട്"8  എന്ന വരികള്‍ ആരിലും സങ്കടം ജനിപ്പിക്കുന്നതാണ്. തന്‍റെ  കളിക്കൂട്ടുകാരിയോട് യാത്ര ചോദിക്കാനായി, തിരികെ വീട്ടില്‍ എത്തുന്ന അവനെ ചികിത്സയ്ക്ക് വൈദ്യന്‍ വന്നു കൊണ്ടുപോകുന്നതാണെന്ന ധാരണയില്‍ കല്യാണിക്കുട്ടി തന്നെ കയര്‍ കൈമാറി  പറഞ്ഞയ്ക്കുന്നു. യാതൊരു പ്രതിഷേധവും കാണിക്കാതെ അവളെ ഒന്നുകൂടി നോക്കി കൃതാര്‍ത്ഥതയോടെ പോകുന്ന  കൊച്ചുനീലാണ്ടന്‍റെ അവസാനദൃശ്യം വിവരിക്കുമ്പോഴും അതേ കൃതാര്‍ത്ഥത നിറഞ്ഞ മുഖഭാവം കടന്നുവരുന്നു." ധ്യാനനിരതനായ യോഗിയെപ്പോലെ ശാന്തത കലര്‍ന്ന മുഖഭാവത്തോടെ കണ്ണുകള്‍ ചേര്‍ത്തടച്ചിരിക്കുകയാണ്. ആ കവിളുകളിലെ കണ്ണുനീര്‍ച്ചാലുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. എങ്കിലും ഒരു കര്‍മ്മധീരന്‍റെ  കൃതാര്‍ത്ഥതയുണ്ട് ആ മുഖത്ത്"9 തന്‍റെ യജമാനന്‍റെ മകളുടെ ആഗ്രഹനിവൃത്തിക്കായി സ്വജീവന്‍പോലും നല്കുന്ന കൊച്ചുനീലാണ്ടന് ഏറ്റവും ഉചിതമായ വിശേഷണമാണ് 'കര്‍മ്മധീരന്‍' എന്ന പ്രയോഗത്തിലൂടെ കഥാകൃത്ത് നല്‍കിയിരിക്കുന്നത്.

ഉപസംഹാരം

മലയാളത്തിലുണ്ടായിട്ടുള്ള മൃഗകഥകളില്‍ ശ്രദ്ധേയമാണ് എന്‍.പി ചെല്ലപ്പന്‍നായരുടെ ഓണക്കോടി. മകള്‍ക്ക് ഓണക്കോടി വാങ്ങുവാന്‍ കാളയെ അറവുകാരന് വില്‍ക്കുന്ന വേലൂച്ചാരുടെ പ്രവൃത്തിയെ എല്ലാ വായനക്കാര്‍ക്കും അംഗീകരിക്കാന്‍ പറ്റിയെന്നു വരില്ല. കൊച്ചുനീലാണ്ടനോടുള്ള സ്നേഹബന്ധം ദൃഢമായിരുന്നെങ്കില്‍ അയാളത്  ചെയ്യില്ലായിരുന്നു എന്ന വാദവുമുയരാം. പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നിമിത്തമാണ് അയാള്‍  അങ്ങനെ ചെയ്യാന്‍  നിര്‍ബന്ധിതനായിത്തീരുന്നത്.  കാളയെ കച്ചവടം ചെയ്യേണ്ടി വന്നപ്പോള്‍ സ്വന്തം ജീവന്‍ ശരീരത്തില്‍ നിന്നും പറിച്ചെടുക്കുന്ന തീവ്രവേദനയാണ് വേലൂച്ചാര്‍ അനുഭവിക്കുന്നത്. അവനെക്കൊണ്ട് ഇനി പണിയെടുപ്പിക്കാന്‍ കഴിയില്ലെന്നു വന്നപ്പോള്‍ അവന്‍റെ ജീവരക്തം കുടിച്ചു തടിച്ച നിര്‍ഘൃണനായ  താന്‍ അവനെ കാലന്‍റെ കൊലയറയിലേക്ക് അയയ്ക്കുകയാണെന്ന തോന്നല്‍  അയാളിലുളവാകുന്നു. ഏതാനും വെള്ളിക്കാശിനുവേണ്ടി അവന്‍ അന്ത്യനിമിഷത്തിലനുഭവിക്കേണ്ടിവന്ന വേദനയെപ്പറ്റി  പരിഗണിക്കാത്ത കൃതഘ്നനായ മനുഷ്യന്‍ എന്ന് വേലൂച്ചാര്‍ സ്വയം വിലയിരുത്തുകയും കുറ്റബോധത്തില്‍ നീറുകയും ചെയ്യുന്നു. ഒരച്ഛന് മകളോടുള്ള സ്നേഹം എത്രത്തോളം വിലപ്പെട്ടതാണെന്ന വാസ്തവം മനസ്സിലാക്കിത്തരുന്നതോടൊപ്പം നിസ്സഹായരും ദരിദ്രരുമായ ഗ്രാമീണരുടെ ജീവിതങ്ങളിലെ ഇരുളടഞ്ഞ വശങ്ങളിലേക്ക്  വായനക്കാരുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ടു പോകാനും കഥാകൃത്തിന് ഓണക്കോടി യിലൂടെ കഴിഞ്ഞിട്ടുണ്ട്.

പ്രമേയത്തിലെ വ്യത്യസ്തതയാണ് ഓണക്കോടി എന്ന കഥയെ ശ്രദ്ധേയമാക്കുന്നത്. കൃഷിപ്പണിയില്‍ സഹായിക്കുന്ന കാളയെ കര്‍ഷകന്‍ സ്നേഹിക്കുന്നതു പോലെയോ ഭാരം ചുമക്കുന്ന കാളയെ വണ്ടിക്കാരന്‍  സ്നേഹിക്കുന്നതുപോലെയോ ആയിരുന്നില്ല കല്യാണിക്കുട്ടിക്ക് കൊച്ചുനീലാണ്ടനോടുള്ള സ്നേഹം. മനുഷ്യനും മൃഗവും തമ്മിലുള്ള, ഉപാധികളില്ലാത്ത, ആ സ്നേഹബന്ധം നിസ്വാര്‍ത്ഥവും നിഷ്കളങ്കവും കൂടിയാവുന്നത് അങ്ങനെയാണ്.

കുറിപ്പുകള്‍

1. 'ക്രിസ്തുവിനു മുന്‍പ് ഉദ്ദേശ്യം 15000-മാണ്ടിനോടോ 12000 - മാണ്ടിനോടോ അടുത്ത് അസീലിയക്കാര്‍ സ്പെയിനിന്‍റെ തെക്കുഭാഗത്ത് താമസിച്ചിരുന്ന കാലത്ത് ആദിമവേടന്മാരില്‍ ബാക്കിയുണ്ടായിരുന്നവര്‍ വടക്കോട്ടും കിഴക്കോട്ടും കടന്ന് ഉത്തരാഫ്രിക്കയിലോ പശ്ചിമേഷ്യയിലോ ഇന്നു മധ്യധരണ്യാഴിയുടെ ജലത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന വിശാലമായ തീരത്തിലോ ചില ദിക്കില്‍ കുടിയേറിപ്പാര്‍ത്തിരുന്ന കാലത്ത് യുഗം യുഗങ്ങളായി അതിപ്രധാനങ്ങളായ രണ്ടു സംഗതികള്‍ അഭിവൃദ്ധിപ്പെടുത്തിയിരുന്ന  ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ കൃഷിയും കന്നുകാലികളെ ഇണക്കലും തുടങ്ങി., എച്ച്.ജി. വെത്സ്, ലോകചരിത്രസംഗ്രഹം, വിവ : സി.അച്യുതമേനോന്‍, എസ്.പി.സി.എസ്, ജനുവരി 1972.
2. The Book of Art Vol.10-se 41,42,43  എന്നീ പുറങ്ങളില്‍ കൊടുത്തിട്ടുള്ള ചിത്രങ്ങള്‍ കാണുക, Bennard Myers Grolien publications, Sixth Impression 1971
3. ചെറുകഥയുടെ ഛന്ദസ്സ്, വി രാജകൃഷ്ണന്‍, പേജ്-33
4. തെരഞ്ഞെടുത്ത കഥകള്‍, പൊന്‍കുന്നം വര്‍ക്കി -അവതാരിക, എന്‍.വി.കൃഷ്ണ വാര്യര്‍, പേജ്-19.
5. തെരഞ്ഞെടുത്ത കഥകള്‍, എന്‍.പി.ചെല്ലപ്പന്‍നായര്‍-ഓണക്കോടി, പേജ്-211
6. അതേ പുസ്തകം, പേജ്- 210
7. അതേ പുസ്തകം, പേജ്- 212
8. അതേ പുസ്തകം, പേജ്- 214
9.  അതേ പുസ്തകം, പേജ്- 218

സഹായകഗ്രന്ഥങ്ങള്‍

അച്യൂതന്‍.എം, ചെറുകഥ-ഇന്നലെ, ഇന്ന്, എന്‍.ബി.എസ് കോട്ടയം, 1994
ചെല്ലപ്പന്‍നായര്‍, എന്‍.പി, തെരഞ്ഞെടുത്ത കഥകള്‍, എന്‍.ബി.എസ്.കോട്ടയം, 1970
രാജകൃഷ്ണന്‍ വി., ചെറുകഥയുടെ ഛന്ദസ്സ്, ഡി.സി.ബുക്സ്, കോട്ടയം, 1999
ഡോ.സെലിന്‍ എസ്.എല്‍
അസ്സോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം
ഗവ.കോളേജ്, കോട്ടയം