Power Politics in M. Sukumaran’s Short Stories

Haritha K Prasad

The 1960s marked a phase of modernity in Malayalam literature, where the short story genre embarked on a quest for novel expressions. Malayalam authors embraced modern culture in their works, acknowledging the influence of Western literature's evolution. However, this era was also characterized by turmoil, as numerous social and political transformations unfolded. The Communist Party's split, widespread disillusionment with the government, the emergence of Naxalism, and the imposition of the Emergency were the key issues that sparked social movements during that time. Within this modern context, stories intertwined with contemporary politics gradually took shape. This study aims to explore how power, politics, and governance are reflected in the selected stories of M. Sukumaran.

Keywords: Allegory, Modernism, Political Modernism, Magical Realism, Politics

Reference

Ajayakumar N. (2013). Adunikatha Malayala Kavithayil. Kottayam: Literary Writers Co-operative Society. 
Narendra Prasad. (1999). Ente Sahitya Nirupanangal. Kottayam: DC Books.
Mukundan M.(2015). Enthanu Adhunikatha. Kozhikode: Purna Publications.
Ravikumar K. S.(2012). Kathayum and Bhavukatvaparinamavum. Thiruvananthapuram: National Bookstall.
Rajeev B. (2014). Vakkukalum Vasthuthakalum. Kottayam: DC Books.
Ramavarma Vayalar. (2013). Vayalar Krithikal.  Kottayam: DC Books.
Vijayan M. N.(2000). Nammude Sahityam Nammude Samooham. Thrissur: Kerala Sahitya Academy.
Sukumaran M.(2014). M. Sukumarante Kathakal Samboornam. Kottayam: DC Books. 
Haritha K Prasad
Research Scholar
SNGS Pattambi
Pin: 676504
India
Email: harithakprasad@gmail.com
Ph: +91 9605517669
ORCID: 0009-0003-3753-9026

അധികാരം; എം. സുകുമാരന്‍റെ കഥകളില്‍

ഹരിത. കെ. പ്രസാദ്

1960-കള്‍ മലയാളസാഹിത്യത്തെ സംബന്ധിച്ച് ആധുനികതയുടെ കാലഘട്ടമാണ്. ചെറുകഥ പുതിയ രൂപഭാവങ്ങളെ തേടുന്നത് ഈ ഘട്ടത്തിലാണ്. പാശ്ചാത്യസാഹിത്യത്തില്‍ രൂപപ്പെട്ട പരിണാമങ്ങളെ തിരിച്ചറിഞ്ഞ് തങ്ങളുടെ കൃതികളില്‍ ആധുനിക സംസ്കാരത്തെ സാക്ഷാത്കരിക്കുകയായിരുന്നു മലയാള സാഹിത്യകാരന്മാര്‍. എന്നാല്‍ 1960കള്‍ സാമൂഹികവും രാഷ്ട്രീയവുമായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായ പ്രക്ഷുബ്ധതയുടെ കാലഘട്ടം കൂടിയായിരുന്നു. കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ്, ജനങ്ങള്‍ക്ക് ഭരണത്തിലുണ്ടായ വിശ്വാസത്തകര്‍ച്ച, നക്സലിസം, അടിയന്തരാവസ്ഥ എന്നിവ അക്കാലത്ത് സാമൂഹിക ചലനങ്ങള്‍ സൃഷ്ടിച്ച വിഷയങ്ങളായിരുന്നു. ആധുനികതക്കുള്ളില്‍ തന്നെ രൂപപ്പെട്ട രാഷ്രീയാധുനികതയുടെ ഭാഗമായ കഥകള്‍ രാഷ്രീട്രീയ വിഷയങ്ങളെ മുന്‍നിര്‍ത്തി ഇക്കാലഘട്ടത്തില്‍ രൂപപ്പെടുകയുണ്ടായി. രാഷ്ട്രീയാധുനികതയുടെ ഭാഗമായ രചനകളില്‍ എം സുകുമാരന്‍റെ രചനകള്‍ പ്രധാനമാണ്.എം സുകുമാരന്‍റെ തിരഞ്ഞെടുത്ത കഥകളില്‍ അധികാരം, രാഷ്ട്രീയം, ഭരണകൂടം എന്നിവ എങ്ങനെ കടന്നു വരുന്നു എന്ന് കണ്ടെത്തുവാനുള്ള ശ്രമമാണ് ഈ പഠനം

താക്കോല്‍ വാക്കുകള്‍: അന്യാപദേശം, ആധുനികത, രാഷ്ട്രീയാധുനികത, മാജിക്കല്‍ റിയലിസം, രാഷ്ട്രീയം

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ് മലയാളസാഹിത്യത്തില്‍ ആധുനികത കടന്നുവരുന്നത്. ഒ. വി. വിജയന്‍, ആനന്ദ്, കാക്കനാടന്‍, മുകുന്ദന്‍, വി. കെ. എന്‍, മാധവിക്കുട്ടി, എം. പി. നാരായണപിള്ള തുടങ്ങിയവരാണ് മലയാളത്തിലെ ആധുനികതയുടെ മുഖ്യപ്രയോക്താക്കള്‍. പാശ്ചാത്യ സാഹിത്യത്തിലെ രൂപഭാവ പരിണാമങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് തങ്ങളുടെ കൃതികളില്‍ ആധുനിക സംസ്കാരത്തെ അവര്‍ സാക്ഷാത്കരിച്ചു. ഗൃഹാതുരതയും കാല്പനിക വിഷാദവും റിയലിസ്റ്റിക് അനുഭവങ്ങളും ഉപേക്ഷിച്ച് അസ്തിത്വവാദ പ്രശ്നങ്ങള്‍, ശൂന്യതാവാദം, അസംബന്ധവാദം എന്നിവ ആധുനിക സാഹിത്യത്തിന്‍റെ പ്രമേയങ്ങളായിത്തീര്‍ന്നു. എന്നാല്‍ അറുപതുകള്‍ സാമൂഹികവും രാഷ്ട്രീയവുമായ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായ കാലഘട്ടം കൂടിയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് നാളുകള്‍ക്ക് ശേഷവും  പ്രതീക്ഷിച്ച വാഗ്ദത്തഭൂമി  ലഭിക്കാത്തതിലുള്ള അമര്‍ഷവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പും അതിനെ തുടര്‍ന്നുണ്ടായ നക്സലൈറ്റുകളും 1975 ലെ അടിയന്തരാവസ്ഥയും പ്രക്ഷുബ്ധമായ ഒരു ഘട്ടത്തിലേക്ക് നയിച്ചു. ആധുനിക കാലഘട്ടത്തിലെ രചനകള്‍  സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്നില്ല എന്ന വിമര്‍ശനം ആധുനികതയില്‍ തന്നെ രൂപപ്പെടുകയുണ്ടായി.  നവോത്ഥാന കാലഘട്ടത്തിലുണ്ടായിരുന്ന റിയലിസ്റ്റിക് പ്രമേയങ്ങളെ  തമസ്കരിക്കുക കൂടിയായിരുന്നു ആധുനികത ചെയ്തത്. ഈ വിമര്‍ശനങ്ങളുടെ ഭാഗമായി ആധുനികത ഉപേക്ഷിച്ച രാഷ്ട്രീയ വിഷയങ്ങളെ മുന്‍നിര്‍ത്തിയുള്ള രചനകള്‍ മലയാളത്തില്‍ രൂപപ്പെടുകയുണ്ടായി. അക്കാലത്തെ രാഷ്ട്രീയ സ്ഥിതിഗതികളോടുള്ള പ്രതികരണവും പ്രതിരോധവുമായി ഈ രചനകള്‍ നിലകൊണ്ടു. ആധുനികതയില്‍ രൂപപ്പെട്ട ഈ രാഷ്ട്രീയ രചനകളെ രാഷ്ട്രീയാധുനികതയുടെ ഭാഗമായ രചനകളായാണ് വിവക്ഷിച്ചു പോരുന്നത്. ആധുനികതയുടെ ഭാഗമായ രചനകള്‍ സ്വീകരിച്ചുപോന്ന കാല്പനിക രചനാസമ്പ്രദായത്തോടുള്ള എതിര്‍പ്പ് കൂടിയാണ് രാഷ്ട്രീയാധുനികത. കഥ സ്വത്വാവിഷ്കാരത്തില്‍ നിന്നും വാസ്തവികതയിലേക്ക് പരിണമിച്ച ഘട്ടമാണിത്. എം. സുകുമാരന്‍, യു. പി. ജയരാജന്‍, പി.കെ. നാണു,  പട്ടത്തുവിള കരുണാകരന്‍ എന്നിവര്‍ ഈ കാലഘട്ടത്തിലെ സ്ഥിതിഗതികളോട് തങ്ങളുടെ ചെറുകഥകളിലൂടെ പ്രതികരിച്ചു. ഭരണം, അധികാരം, സ്വാതന്ത്ര്യം, രാഷ്ട്രീയം, ചരിത്രം എന്നീ വിഷയങ്ങളോടുള്ള പ്രതികരണങ്ങളായിരുന്നു ഇവരുടെ രചനകള്‍.

മലയാള ചെറുകഥയുടെ അരാഷ്ട്രീയമായ കാല്പനിക ദര്‍ശനങ്ങളില്‍ നിന്ന് എം. സുകുമാരന്‍റെ രചനകള്‍ മൗലികമായ രാഷ്ട്രീയ ദര്‍ശനങ്ങളോടെ വേറിട്ട് നില്‍ക്കുന്നതായി കാണാന്‍ സാധിക്കും. നിലനില്‍ക്കുന്ന സാമൂഹികാവസ്ഥകളോട് പ്രതികരിക്കുന്നതിനോടൊപ്പം തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള ഒരുപകരണമായും സുകുമാരന്‍ കഥകളെ ഉപയോഗിക്കുന്നുണ്ട്. സുകുമാരന്‍റെ ചരിത്രഗാഥ, ഭരണകൂടം, സംഘഗാനം, സിംഹാസനങ്ങളില്‍ തുരുമ്പ്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, അയല്‍രാജാവ് എന്നീ കഥകളില്‍ അധികാരം, രാഷ്ട്രീയം, പ്രമേയം എന്നിവ എങ്ങനെ കടന്നുവരുന്നു എന്ന് പഠിക്കുകയാണ് ഈ ലേഖനത്തില്‍.

സമതുല്യരായ മനുഷ്യവംശത്തില്‍ വര്‍ഗ്ഗപരമായ വ്യത്യാസം എങ്ങനെ രൂപപ്പെട്ടുവെന്നതിനെ പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടോടെ നോക്കിക്കാണുവാനുള്ള ശ്രമമാണ് എം. സുകുമാരന്‍ 'ചരിത്രഗാഥ' എന്ന കഥയിലൂടെ നടത്തുന്നത്.സുകുമാരന്‍റെ കഥകളിലെ വിമോചനത്തിന്‍റെ ദര്‍ശനം വിപ്ലവാത്മകമാണ്. രണ്ടു മനുഷ്യര്‍ പരസ്പരം കണ്ടുമുട്ടുന്നതും തുടര്‍ന്നുള്ള അവരുടെ ജീവിതവും മനുഷ്യവംശത്തിന്‍റെ ഇന്നോളമുള്ള ചരിത്രവുമായി കൂട്ടിയിണക്കുകയാണ് കഥാകൃത്ത് 'ചരിത്രഗാഥ' എന്ന കഥയിലൂടെ. വിശ്വരൂപനും പ്രിയഗുപ്തനുമാണ് ചരിത്രഗാഥയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നാമരൂപങ്ങളിലും സ്ഥലനാമങ്ങളിലും കഥാകൃത്ത് ബോധപൂര്‍വ്വമായ ശ്രദ്ധ ചെലുത്തുന്നുണ്ട്.

വിശ്വരൂപനെ മുതലാളിത്ത ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ പ്രതിനിധിയായും പ്രിയഗുപ്തനെ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായുമാണ് ആവിഷ്കരിച്ചിരിക്കുന്നത്. കഥാരംഭത്തില്‍ വിശപ്പും ദാഹവും കൊണ്ട് അലയുന്ന വിശ്വരൂപന്‍ സ്വന്തമായി അധ്വാനിക്കാന്‍ പോലും കൂട്ടാക്കാതെ അധ്വാനഭാരം കുറയ്ക്കുവാനുള്ള മാര്‍ഗ്ഗമാണ് അന്വേഷിക്കുന്നത്. കഥയിലുടനീളം അദ്ധ്വാനഭാരം ലഘൂകരിക്കാനുള്ള ശ്രമങ്ങളാണ് വിശ്വരൂപനില്‍ നിന്ന് തുടര്‍ന്നും ഉണ്ടാകുന്നത്. അതിനായി അയാള്‍ കണ്ടെത്തുന്ന മാര്‍ഗം തൊഴില്‍ വിഭജനമാണ്. തൊഴില്‍ വിഭജനം എങ്ങനെയാണ് മുതലാളിയെയും തൊഴിലാളിയെയും സൃഷ്ടിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് കഥാകൃത്ത്. കഥയില്‍ തൊഴില്‍ വിഭജിക്കപ്പെട്ടു എന്ന ഒരൊറ്റ പരാമര്‍ശത്തില്‍ ഒരു വാക്യം സുകുമാരന്‍ അവസാനിപ്പിക്കുന്നുണ്ട്. അസംഗതമായി ജാതി രൂപപ്പെട്ടുവെന്ന് കഥാകാരന് പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. കഥയുടെ ഇതിവൃത്തവും അതിന്‍റെ സവിശേഷമായ ആശയ ബീജവും അതല്ല. കഥയില്‍ രണ്ട് ജാതി മാത്രമേ ഉള്ളൂ. മര്‍ദ്ദകനും മര്‍ദ്ദിതനും. തന്‍റെ ദൗത്യം കഥയില്‍ പറഞ്ഞു തീര്‍ക്കുക മാത്രമാണെന്നും തൊഴിലാളിയുടെ സമഗ്രമായ കാഴ്ചപ്പാട് അതിനെ ആസ്പദമാക്കിത്തന്നെ  വേണമെന്നും കഥാകൃത്തിന് നിര്‍ബന്ധമുണ്ട്. വിളയും വിളയുടെ കേന്ദ്രീകരണത്തിലെ ചതിയും എങ്ങനെ നടപ്പിലാകുന്നുവെന്ന് വിശ്വരൂപനെ ഉദാഹരണമാക്കി കഥാകൃത്ത് വിശദീകരിക്കുന്നുണ്ട്.

കഥാരംഭത്തില്‍ തന്നെ അധ്വാനിക്കുന്ന വ്യക്തിയായാണ് പ്രിയഗുപ്തന്‍ പ്രത്യക്ഷപ്പെടുന്നത്. നീണ്ടു കൂര്‍ത്ത കല്ലുകള്‍ കൊണ്ട് പാറയിളക്കി മാറ്റുവാന്‍ ശ്രമിക്കുന്ന പ്രിയഗുപ്തന്‍റെ ചിന്തകളില്‍ കഥയിലുടനീളം വേവലാതിപ്പെടുത്തുന്ന പ്രതീകമായി പാറ കടന്നുവരുന്നുണ്ട്. വ്യവസ്ഥിതിയുടെ പ്രതീകമായാണ് പാറ ഇവിടെ പ്രത്യക്ഷപ്പെടുന്നത്.

രാജാധികാരത്തെ പ്രത്യക്ഷീകരിക്കുന്ന രാഷ്ട്രീയത്തിലെ സംജ്ഞകള്‍ തുടര്‍ച്ചയായി എം. സുകുമാരന്‍റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്നതായി കാണാം. മറ്റുള്ളവരുടെ അധ്വാനത്തിന്‍റെ ചെലവില്‍ ഉത്പ്പാദന ബന്ധങ്ങള്‍ ഒരു വ്യക്തിയുടെ പാരമ്പര്യത്തിലേക്ക് എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് കഥയില്‍ വിശ്വരൂപനിലൂടെ പറഞ്ഞു പോകുന്നുണ്ട്. കൃഷിയുടെ ആരംഭവും ഗോത്രങ്ങളുടെ ആവിര്‍ഭാവവും ഇവയുടെ അടിത്തറയായി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും കഥ വ്യക്തമാക്കുന്നു.

കീഴടക്കിയവന്‍റെ പരമ്പരയില്‍ ആദ്യം പരോക്ഷമായും പിന്നീട് പ്രത്യക്ഷമായും ഉണ്ടാകുന്ന സംഘര്‍ഷത്തെ മനുഷ്യചരിത്രത്തിന്‍റെ നേര്‍ചിത്രമായി കാണേണ്ടതുണ്ട്. ഇവിടെയാണ് വിശ്വരൂപന്‍റെ തകര്‍ച്ച വ്യക്തിപരമായി കാണാതെ അടക്കിഭരിച്ചവന്‍റെ വംശത്തിന്‍റെ നാശമായി കഥയില്‍ പ്രത്യക്ഷപ്പെടുന്നത്.

പഞ്ചതന്ത്രം കഥയുടെ ഭാഷയിലാണ് ചരിത്രഗാഥ രചിക്കപ്പെട്ടിട്ടുള്ളത്. വിശ്വസിച്ച ചങ്ങാതി ബന്ധുവിന്‍റെയും ചൂഷകന്‍റെയും  വേഷം പ്രാപിക്കുമ്പോള്‍ അമ്പരന്നു പോകുന്ന പ്രിയഗുപ്തന്‍ വിശ്വരൂപനോടുള്ള പോരാട്ടം തുടങ്ങുന്നത് താനുള്‍പ്പെടുന്ന സമൂഹത്തോട് കൂട്ടുകൂടിയാണ്. വര്‍ഗ്ഗ ബോധത്തിന്‍റേയും ഐക്യത്തിന്‍റേയും പ്രാധാന്യത്തെ കഥാകാരന്‍ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്. തൊഴിലൊന്നും ചെയ്യാതെ ഒരു വ്യക്തിയുടെ നെല്ലറയിലേക്ക് ധാന്യങ്ങള്‍ എത്തപ്പെടുന്നതിനെതിരെ അധ്വാനിക്കുന്നവരുടെ സംഘശക്തി പ്രതിരോധം ആരംഭിക്കുന്നുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ ശക്തിയില്‍ കഥാകൃത്ത് പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തിന്‍റെ തെളിവാണിത്.

ജാതി ഉത്ഭവം പോലെ അസംഗതമായി  മുതലാളിത്തത്തിന് സ്ത്രീയുടെ മേലുള്ള അധീശത്വം ഇക്കഥയിലുണ്ട്. പിറന്നാള്‍ വിശ്വരൂപന് ആഘോഷവും  ഭാര്യയായ വിശ്വേശരിക്ക് തടവുമാണ് സമ്മാനിക്കുന്നത്. 'ദുര്‍ഗന്ധം വമിക്കുന്ന മഞ്ഞനിറമുള്ള തുണികള്‍ അവളുടെ സ്വപ്നങ്ങള്‍ പോലെ അയയില്‍ തൂങ്ങിയാടി.' (എം. സുകുമാരന്‍;2014;138) എന്ന പരാമര്‍ശവും 'വിശ്വേശ്വരി പ്രസവമുറിയില്‍ നിന്ന് എഴുന്നേല്‍ക്കാതെയായി. അവരുടെ പുറംലോകം ഒരു കിളിവാതില്‍ മാത്രമായി അവശേഷിച്ചു'(എം. സുകുമാരന്‍ ;2014;138) എന്ന പരാമര്‍ശവും ഇതിനുദാഹരണങ്ങളാണ്. തൊഴിലാളികളുടെ കഷ്ടതകള്‍ക്കൊപ്പം സ്ത്രീകളുടെ ദൈന്യതയും കഥാകൃത്ത് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.

കാലവര്‍ഷക്കെടുതികളോ വിളവുനാശങ്ങളോ വിശ്വരൂപനെ അലട്ടുന്നില്ല. എന്നാല്‍ തൊഴിലാളി നേതാവായ പ്രിയഗുപ്തന്‍റെ ശബ്ദം അയാളെ ഭയപ്പെടുത്തുന്നുണ്ട്. പ്രിയഗുപ്തന്‍ വിശ്വരൂപന്‍റെയല്ല പകരം തൊഴിലാളികളുടെ പ്രിയനാണ്. വിശ്വരൂപന്‍റെ പ്രതിരൂപമാണ് പുത്രന്‍ വിശ്വനാഥനുമുള്ളത്. കൗടില്യത്തിന്‍റേതല്ലാതെ ആര്‍ദ്രതയുടെ ഭാഷയും സമീപനവും അവന്‍ കണ്ടിട്ടില്ല. അച്ഛനും മകനും ഇവിടെ അധികാരത്തിന്‍റെ ചരടുവലിയിലെ മുതലാളിത്ത മാത്സര്യത്തിന്‍റെ വിരുദ്ധ കോണിലെ ശക്തികളാണ്. മണിമാളികയുടെ താക്കോല്‍ വിശ്വഗുപ്തന്‍ വിശ്വനാഥന്  ഏല്‍പ്പിക്കുന്നതോടെയാണ് ആ സംഘര്‍ഷം തുടങ്ങുന്നതെങ്കിലും വിശ്വരൂപന്‍ വയസ്സനായിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യവും ഈ പോരിനെ പ്രത്യക്ഷീകരിക്കുന്നുണ്ട്. ആയുധധാരികളായ പിതാവും പുത്രനും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോളാണ് തൊഴിലാളികളുടെ ആസന്നമായ ഐക്യശക്തിയുടെ ആക്രമണം വിജയിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ പുതിയ മുന്നേറ്റത്തിന് അധികാര പ്രമത്തതയുടെ പാറ ഇളക്കുവാനും മുതലാളിക്ക് സ്വച്ഛന്ദമായി വിഹരിക്കുവാന്‍ അനുഗ്രഹം നല്‍കിയ വിഗ്രഹമുടയ്ക്കുവാനും പ്രിയഗുപ്തന്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്യുന്നുണ്ട്.

മനുഷ്യന്‍റെ സ്വാഭാവികമായ ഇതര തൃഷ്ണകളെ പരിഗണിക്കാതെയാണ് എം. സുകുമാരന്‍ കഥ രചിച്ചതെന്നും, കലയുടെ കാല്പനികാംശത്തിനപ്പുറം അതിനു മറ്റൊരു ലക്ഷ്യവും ഇല്ലെന്നും വാദിച്ച് അരാഷ്ട്രീയവാദികള്‍ക്ക് അദ്ദേഹത്തെ പോലെയുള്ളവരുടെ രചനകളെ അസംബന്ധമെന്ന് പറഞ്ഞ് പരിഹസിച്ച് തള്ളാം. എന്നാല്‍ റിയലിസം ഭൂതകാല രാഷ്ട്രീയത്തിന്‍റെ പകര്‍പ്പാണെന്നും അതിന്‍റെ പ്രവചന മാറ്റങ്ങള്‍ക്ക് ചരിത്രം സാക്ഷിയായി നിന്നിരുന്നു എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഔപചാരിക വിദ്യാഭ്യാസത്തിന്‍റെ സാക്ഷ്യപത്രങ്ങളും കരസ്ഥമാക്കി ഗോഡ്സെ മെമ്മോറിയല്‍ വായനശാലയിലും യൂദാസ് മെമ്മോറിയല്‍ ടൗണ്‍ഹാളിലും പരിശീലനം നേടിയവന് തിരിച്ചറിവ് നേടാനോ അഹിംസയുടെ പരമാവതാരത്തെ കണ്ടെത്തുവാനോ കഴിയില്ലെന്ന് 'സംഘഗാനം' പറയുന്നു. എം. സുകുമാരന്‍റെ രാഷ്ട്രീയ പക്ഷത്തിന്‍റെ കൃത്യമായ വെളിപ്പെടുത്തലും ഇക്കഥ സൂചിപ്പിക്കുന്നുണ്ട്. ഗൗതമനെ കണ്ടെത്താനുള്ള ശ്രമത്തിലേര്‍പ്പെട്ട ചെറുപ്പക്കാരനിലൂടെയാണ് 'സംഘഗാനം' എന്ന കഥ സഞ്ചരിക്കുന്നത്. ചെറുപ്പക്കാരന്‍റെ കഥാപാത്രത്തിന് പേരോ വിലാസമോ കഥാകൃത്ത് നല്‍കുന്നില്ല. പകരം അയാളുടെ ജീവിതോദ്ദേശ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മാത്രമല്ല കഥയിലെ ചെറുപ്പക്കാരന്‍ ഒരു വ്യക്തി മാത്രമല്ല നിരവധി ഇടത്തരക്കാരുടെ പ്രതിനിധിയാണ്. വിരസവും ദുരിതപൂര്‍ണ്ണവുമായ തന്‍റെ ജീവിതത്തിന് ഒരു വ്യതിയാനമുണ്ടാക്കുവാന്‍ ഗൗതമന് മാത്രമേ കഴിയൂ എന്നൊരു വിശ്വാസം അയാളെ ശക്തമായി സ്വാധീനിച്ചിരുന്നു. ഗൗതമന്‍ ഒരു പൗരാണിക സ്മൃതിയും പ്രതീകവുമായി കഥയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇടത്തരക്കാരന്‍റെ അന്വേഷണത്തെക്കാള്‍ വിഹ്വലതകള്‍ക്കാണ് കഥാകൃത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഈ വിഹ്വലതകളെ അയാള്‍ അലഞ്ഞുതിരിയുന്ന നഗരത്തിലേക്കും സംക്രമിപ്പിച്ചിട്ടുണ്ട്. എന്നെങ്കിലുമൊരിക്കല്‍ ആരെങ്കിലും നശിപ്പിച്ചേക്കാം എന്ന ധാരണയില്‍ പുതുക്കി പണിയാനോ അറ്റകുറ്റപ്പണികള്‍ക്ക് മെനക്കെടാനോ ആരും ശ്രമിക്കാത്ത ഒരു നഗരമാണത്. അദൃശ്യമായ ഒരു പട്ടാളഭരണത്തിന്‍റെ ഭീതിദമായ അന്തരീക്ഷത്തിലാണ് കഥാനായകന്‍ അലയുന്നത്.

ഗൗതമനെ തേടിയുള്ള ഇടത്തരക്കാരന്‍ ചെറുപ്പക്കാരന്‍റെ ആദ്യ യാത്ര കാറിന് പിറകില്‍ ഇരുന്നുകൊണ്ടാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന ഡ്രൈവറുടെ ചോദ്യത്തിന് ഒട്ടും ഗൗരവം വിടാതെ 'ഗൗതമന്‍റെ ബംഗ്ലാവിലേക്ക്' എന്ന മറുപടിയാണ് അന്വേഷകന്‍  നല്‍കുന്നത്. അയാള്‍ ആഗ്രഹിച്ചതുപോലെ ഗൗതമന്‍ നഗരത്തിലെ അതിപ്രശസ്തനായ ഒരു കോടീശ്വരനാണ്. അസാധാരണമാംവിധം ധനസമ്പാദനം നടത്തിയ കോടീശ്വരനായതു കൊണ്ടാവാം അയാളെത്തന്നെ കാണാന്‍ അന്വേഷകന് പ്രേരണ ഉണ്ടാകുന്നത്. ഇടത്തരക്കാരന്‍റെ സുഖതൃഷ്ണകളുടെ പരക്കംപാച്ചിലിലും ഒരാക്ഷേപഹാസ്യത്തിന്‍റെ ധ്വനി ഉയര്‍ത്തുന്നുണ്ട് കഥാകൃത്ത്. ഗൗതമന്‍റെ സ്വീകരണമുറിയില്‍ ഇരുന്ന് അധികനേരമാകുന്നതിനുമുമ്പ് പിന്‍വാതില്‍ തുറന്നു ഗൗതമന്‍റെ ഭാര്യ അയാളെ സ്വീകരിക്കുന്നുണ്ട്. സ്വാഗത വചനങ്ങളുടെ ദൂതുകാരിയുടെ സല്‍ക്കാര പ്രിയത്തിന്‍റെ ആതിഥേയ മര്യാദകള്‍ അയാള്‍ മുഖവിലയ്ക്കെടുക്കുന്നുണ്ട്. എന്നാല്‍ പൊടുന്നനെയുള്ള അവരുടെ സംഭാഷണങ്ങള്‍ അയാളെ വിഭ്രമിപ്പിക്കുന്നു. സ്ത്രീത്വത്തിന്‍റെ തേങ്ങലും  നിസ്സഹായതയയും അമര്‍ഷവും ഇക്കഥയിലും സുകുമാരന്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ പിന്നീട് വന്ന ഗൗതമന്‍ മുതലാളി ഒരു പൂച്ചക്കുട്ടിയെപ്പോലെ അയാളെ പൊക്കിയെടുത്ത് എറിയുകയാണുണ്ടായത്. ഒന്നാം ഗൗതമന് ഒരു പൂച്ചക്കുട്ടിയെപ്പോലെ എടുത്തെറിയാന്‍ മാത്രം നിസ്സാരനാണ് ഇടത്തട്ടുകാരനായ ഈ അന്വേഷകന്‍. ഒന്നാം ഗൗതമന്‍ അയാളുടെ വര്‍ഗ്ഗ ശത്രുവിനെ സംഹരിക്കാതെ  വെറുതെ വിടുന്നത് തന്നെ അന്വേഷകന്‍ തനിക്കൊരു ഭീഷണിയാവില്ലെന്ന ഉറച്ച ബോധ്യത്തിലാണ്. എന്നാല്‍ ദയയുടെ ഒരംശവും പിടിച്ചു പുറത്താക്കലില്‍ ഇല്ലതാനും. ഒരു പക്ഷേ അതില്‍ അന്വേഷകന്‍ കൊല്ലപ്പെട്ടാലും ഒന്നാം ഗൗതമന് ഒട്ടും പരിഭ്രമിക്കേണ്ടതില്ല. കാരണം കാവല്‍ക്കാരന്‍റെ തൊപ്പിയും വടിയും പ്രതീകങ്ങളായി അയാളെ സഹായിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്നുണ്ട്. അതിന്‍റെയുള്ളിലുണ്ടായിരുന്ന മനുഷ്യരൂപം എങ്ങനെ അപ്രത്യക്ഷനായി എന്നത്  വായനക്കാര്‍ക്ക് വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ കഥാകൃത്ത് നല്‍കുന്നുണ്ട്. കാവല്‍ക്കാരനെ കുറഞ്ഞപക്ഷം പിരിച്ചുവിട്ടേക്കാനും പരമാവധിയില്‍ കൊന്നുകളയാനും സാധ്യത കഥ അവശേഷിപ്പിക്കുന്നുണ്ട്. സംസാരിക്കുവാനുള്ള കഴിവ് ജന്മനാ നഷ്ടമായ കാവല്‍ക്കാരന് വായനക്കാരനോട് ഒന്നും സംവദിക്കാനും ഇല്ലല്ലോ.

ഒന്നാം ഗൗതമനില്‍ നിന്ന് ഏറ്റ അപമാനഭാരവും ദുഃഖവും അന്വേഷകനെ തളര്‍ത്തുന്നുണ്ട്. അയാള്‍ക്ക് വിശപ്പും ദാഹവും നഷ്ടപ്പെട്ടു. സമചിത്തത കൈവന്നപ്പോള്‍ കഴിഞ്ഞ സംഭവങ്ങള്‍ അയാള്‍ വസ്തുനിഷ്ഠമായി വിലയിരുത്തി. 'ഇടത്തരക്കാരനായ എന്നെ സ്വീകരിക്കാനും സംരക്ഷിക്കുവാനും മറ്റൊരു ഇടത്തരക്കാരന് മാത്രമേ കഴിയൂ എന്ന ചിന്ത എന്തുകൊണ്ട് എന്‍റെ മനസ്സില്‍ നേരത്തെ ഉദിച്ചില്ല?' (എം. സുകുമാരന്‍; 2014;147) രണ്ടാം ഗൗതമന്‍ അയാളില്‍ത്തന്നെ പെട്ടവന്‍ ആയതിനാല്‍ അന്വേഷകനെ ചതിക്കാന്‍ മടിയില്ലാത്തവനും കള്ളം പറയാന്‍ ലജ്ജയില്ലാത്തവനുമാണ്. സ്വാഭാവികമായി അന്വേഷകനെ നിയമപാലകരില്‍ ഏല്‍പ്പിച്ച് കള്ളന്മാരില്‍ നിന്ന് തന്‍റെ നഗരത്തെ രക്ഷിച്ചതിന് സാഫല്യമടയുന്നവനാണ്. ഈ രണ്ടുപേരും തന്നോട് കാട്ടിയ കൊടിയ പീഡനാനുഭവങ്ങളില്‍നിന്ന് അന്വേഷകന്‍ ഒരു പാഠവും പഠിക്കാത്തതെന്തെന്ന ചോദ്യം ഇടത്തരക്കാരന്‍റെ ജീവിതസാഹചര്യത്തെ ആസ്പദമാക്കി അപഗ്രഥിക്കുക തന്നെ വേണം. ഒരേ പേരിലെ ഭിന്നതയില്‍ അയാള്‍ക്ക് സംഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ അനുഭവങ്ങളുടെ പോരാട്ടമായി അയാളെ പീഡിപ്പിക്കുന്നുണ്ട്. വ്യവസ്ഥ സംഭാവന ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ സഹായത്താല്‍ അയാള്‍ നിയമപാലകരില്‍ നിന്ന് രക്ഷപെടുന്നുണ്ടെങ്കിലും ഒരു കൊടിയ മര്‍ദ്ദനത്തിന് സാക്ഷിയാകേണ്ടി വരുന്നുണ്ട്. മര്‍ദ്ദനത്തിന് ഇരയാകുന്നവനെ ദയാപൂര്‍വ്വം താങ്ങാനുള്ള  മനസ്സലിവ് അന്വേഷകന്‍  കാട്ടുന്നുണ്ടെങ്കിലും, അയാള്‍ നല്‍കിയ ദാഹനീര് അന്വേഷകന്‍റെ ശരീരത്തെ രക്ഷിക്കുന്നുണ്ടെങ്കിലും തന്‍റെ സ്വത്വം അയാള്‍ വെളിപ്പെടുത്തുന്നതിലൂടെ അയാളെ വെറുക്കുവാനും അപഹസിക്കാനുമാണ് അന്വേഷകന്‍ തയ്യാറാക്കുന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയും സമരസഖാവുമായ 'യഥാര്‍ത്ഥ ഗൗതമന്‍' തന്നെക്കാള്‍ തരംതാണവനാണെന്ന ധാരണയാണ് അയാളെ അസ്വസ്ഥനാക്കുന്നത്. കമ്പനിക്കെതിരെ സമരം ചെയ്തതിനാലാണ് അയാളെ നിയമപാലകര്‍ തല്ലിച്ചതച്ചതെന്ന് മനസ്സിലാക്കാന്‍ തക്കവണ്ണം വളര്‍ന്ന ബോധം അന്വേഷകന്‍ നേടിയിരുന്നില്ലല്ലോ. അയാള്‍ രണ്ടാമത് നീട്ടിയ കരിമ്പുനീര് ദാഹമുണ്ടായിട്ടും അന്വേഷകന്‍ തിരസ്കരിക്കുന്നുണ്ട്. ഇടത്തരക്കാരന്‍റെ ചാഞ്ചല്യമുള്ള മനസ്സ് എപ്പോഴും ഏതു ദിശയിലേക്കാണ് പോകുന്നതെന്ന കൃത്യമായ സൂചന ഈ കഥ പറയുന്നു. അയാള്‍ ജീവിതത്തെ വൃഥാ സ്നേഹിക്കുന്നവനും എന്നാലാകട്ടെ അഭയം നഷ്ടപ്പെട്ടവനുമാണ്. എന്നാലും തന്നിലുള്ള വരേണ്യ മൂല്യങ്ങളാണ് അന്വേഷകനെ എല്ലാം നഷ്ടപ്പെട്ടവരുടെ ജാഥയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. കഥ നാടകീയമായ മുഹൂര്‍ത്തത്തെ ഉദ്ധരിച്ച് പരിസമാപ്തി നേടുമ്പോള്‍ നാലു രക്തസാക്ഷികളുടെ ശവങ്ങളുടെ ഇടയില്‍ നിന്ന് താന്‍  തെറ്റിദ്ധരിച്ചവന്‍ താന്‍ തേടുന്ന ഗൗതമന്‍ തന്നെയാണെന്ന തിരിച്ചറിവ് അയാള്‍ക്ക് ഉണ്ടാകുന്നത്. സുരക്ഷിതത്വത്തിന്‍റെ ഇടവഴിയിലായിരുന്നു അയാള്‍ ഇതുവരെ ഗൗതമനെ അന്വേഷിച്ചത്. അതുകൊണ്ടുതന്നെ അന്വേഷകന്‍ പശ്ചാത്താപവിവശനാകുന്നുണ്ട്. അതിനാലാണ് ശ്മശാനഭൂമിയില്‍ ഒന്ന് ഒറ്റക്കിരിക്കുവാനും വൈകിയാണെങ്കിലും തൊഴിലാളികള്‍ക്കൊപ്പം അണിചേരുവാനും ആ സംഘത്തില്‍ അഭയം തേടാനും അന്വേഷകന്‍ തീരുമാനിക്കുന്നത്. ആരെയാണ് വിശ്വസിക്കേണ്ടത്,ആരെയാണ് അഭയം പ്രാപിക്കേണ്ടത് എന്നീ ചോദ്യങ്ങള്‍ എന്നും ഇടത്തരക്കാരുടെ മനസ്സിലുള്ളതാണ്. ഈ സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് 'സംഘഗാനം'. 

നിരപരാധി ശിക്ഷിക്കപ്പെടുകയും പ്രതികള്‍ സാക്ഷികളാവുകയും ചെയ്യുന്ന രാജഭരണകാലത്തെ പ്രാകൃത വൈരുദ്ധ്യങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നീതിപീഠത്തിന്‍റെ വിചാരണയെ ദീര്‍ഘദര്‍ശിത്വത്തോടെ വിമര്‍ശിക്കുകയാണ് 'വിചാരണയ്ക്കുമുമ്പ്' എന്ന കഥയിലൂടെ എം. സുകുമാരന്‍. ദാരിദ്ര്യവും പട്ടിണിയും കാരണം അന്നം അന്വേഷിച്ച് ഇറങ്ങിയ ധര്‍മപാലനിലൂടെയും അദ്ദേഹത്തിന്‍റെ മക്കളിലൂടെയുമാണ് കഥ സഞ്ചരിക്കുന്നത്. സ്വന്തം ഗ്രാമത്തിലേക്ക് പോകുവാന്‍ തോണിക്കായി കാത്തിരിക്കുന്ന ധര്‍മപാലന്‍ തന്‍റെ മക്കള്‍ തനിക്കു മുമ്പേ ഗ്രാമത്തില്‍ എത്തിയിട്ടുണ്ടാകും എന്ന പ്രതീക്ഷയിലാണ്.അതേ സമയം അവിടെയെത്തിയ രണ്ടുപേര്‍ നടത്തുന്ന കൊലപാതക വര്‍ണനയ്ക്ക് ധര്‍മപാലന്‍ സാക്ഷിയാകുമ്പോഴാണ് കഥ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നത്.

ഹിന്ദുത്വ വര്‍ഗീയവാദികള്‍ ആത്മീയ മൂല്യങ്ങളെ കപടമായി ഉദ്ഘോഷിക്കുകയും താലിബാന്‍ രാഷ്ട്രീയം മനുഷ്യപക്ഷത്ത് സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വം സ്വാതന്ത്ര്യഭൂമിയായി  സ്വയം അവരോധിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തില്‍ യാഥാര്‍ഥ്യത്തിന്‍റെ ആത്മാവ്  നഷ്ടമാകുന്നത് എങ്ങനെയാണെന്നന്വേഷിക്കുകയാണ് ഈ കഥ. ഭീകരമായ വൈപരീത്യമാണ് കാതലായി, മരവിപ്പായി ധര്‍മപാലന്‍ അനുഭവിക്കുന്നത്. തന്‍റെ അടുത്തുനില്‍ക്കുന്ന ദയാവര്‍മ്മന്‍ കൊലപാതകിയും സത്യദേവന്‍ ധാന്യശേഖരം അപഹരിച്ചവനുമാണ്. കഥാപാത്രങ്ങള്‍ക്ക് സുകുമാരന്‍ നല്‍കിയ പേരില്‍ പോലുമുള്ള ആക്ഷേപഹാസ്യം ശ്രദ്ധേയമാണ്.

കൊലപാതകിക്കും തസ്കരനുമിടയില്‍ നില്‍ക്കുമ്പോഴും ധര്‍മപാലനെ വിഷമിപ്പിക്കുന്നത് തന്‍റെ പിടിയരി മോഷണം പോയാലോ എന്നതാണ്. കുറച്ചുനേരത്തിന് ശേഷം അവിടെ പ്രത്യക്ഷപ്പെട്ട രാജാവിന്‍റെ കാവല്‍ഭടന്മാരിലാണ് ധര്‍മപാലന്‍ അഭയം കണ്ടെത്തുന്നത്. എന്നാല്‍ അവിടെ നടക്കുന്ന വിചാരണ കേവല പ്രഹസനം മാത്രമായി മാറുകയാണ്. പ്രതികള്‍ സാക്ഷികളും ധര്‍മപാലന്‍ പ്രതിയുമായി മാറുന്ന അവസ്ഥയില്‍ കഥ അതിന്‍റെ യഥാര്‍ത്ഥ ധര്‍മ്മത്തെ പുല്‍കുകയാണ്. കാരണം കൊലപാതകി കാലാള്‍പ്പടക്കാവശ്യമായ ആയുധസാമഗ്രികള്‍  പണിഞ്ഞുണ്ടാക്കി എത്തിച്ചുകൊടുക്കുന്നവനാണ്. തസ്കരനാകട്ടെ കൊട്ടാരത്തിലേക്ക് വേണ്ട നവധാന്യങ്ങള്‍ വിതരണം ചെയ്യുന്നവനാണ്. ഹീനമായ കൊലപാതകവും കളവും ചെയ്തവരെങ്കിലും  പ്രതികള്‍ക്ക് കൂലി കൊടുക്കാതെ അക്കരെ കടക്കാന്‍ അനുവാദമുണ്ട്. അപ്പവും വീഞ്ഞും അവരെ കാത്തിരിക്കുന്നുണ്ട്. കണ്ഠമിടറി സത്യം പറയുവാനുള്ള ധര്‍മ്മപാലന്‍റെ ശ്രമങ്ങളെ ശിക്ഷ വിധിച്ചവര്‍ ക്രൂരമായി അവഗണിക്കുകയാണ് ചെയ്യുന്നത്. ശിക്ഷക്ക് ഇരയായി കഴിഞ്ഞ മക്കളുടെ മാംസം തൂങ്ങിക്കിടക്കുന്ന ഭയാനകമായ കാഴ്ചയില്‍ ധര്‍മപാലന്‍റെ ചലനശേഷി നഷ്ടപ്പെടുന്നുണ്ട്. ഇവിടെയാണ് പങ്കാളിത്തത്തിന്‍റെ മുഖം വികൃതമാകുന്ന അലകളെ അയാള്‍ ആത്മഗതമായി നിന്ദിക്കുന്നത്. ഭാഷ നിഷ്പ്രയോജനമാകുന്ന ഇത്തരം സന്ദര്‍ഭത്തില്‍ സത്യസനാതന മൂല്യങ്ങള്‍ അട്ടിമറിക്കുന്ന നീതിന്യായ ഭരണകൂട നീതികളെ അങ്ങേയറ്റം ഹൃദയസ്പൃക്കായി കഥയില്‍ വിവരിക്കുന്നുണ്ട്. എം സുകുമാരന്‍റെ കഥകളില്‍ കുറ്റം, ശിക്ഷ, നീതി,ന്യായം ധാര്‍മിക മര്യാദകള്‍ എന്നിവയെക്കുറിച്ചുള്ള വിമര്‍ശനം നിര്‍ഭയമായി മാറുന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിന്‍റെ സത്യസന്ധത നിലനില്‍പ്പിന് ആധാരമാകുന്ന പുനരാഖ്യാനങ്ങള്‍ അനവധി ഉദാഹരണങ്ങളോടെ അനാവരണം ചെയ്യുന്ന പ്രവണത തുടരുന്നത് വായനക്കാരനെ ആത്മ സന്ദേഹത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

അധികാരം ജന്മാധികാരമാണെന്നും അത് പില്‍കാല തലമുറകള്‍ക്കു കൂടി അനുഭവിക്കാനുള്ളതുമാണെന്ന ഭരണകൂടത്തിന്‍റെ വിശ്വാസത്തിന്‍റെ തകര്‍ച്ചയിലാണ് 'ഭരണകൂടം' എന്ന കഥയുടെ അസ്തിവാരം രൂപം കൊള്ളുന്നത്. ഇവിടുത്തെ പ്രജാപതിയെ 'അച്ഛന്‍' എന്ന പേരിടുകയല്ലാതെ പേരില്‍ വലിയ മാനങ്ങളില്ലെന്നും വരുന്നു. മകന്‍ ശശാങ്കനിലേക്കും അവന്‍റെ മകനിലേക്കും തലമുറകളിലേക്കും അധികാരം പകര്‍ന്നു നല്‍കേണ്ട കടമ അയാള്‍ക്കുണ്ട്. എന്നാല്‍ മകന്‍ ശശാങ്കന്‍ അച്ഛന്‍റെ അധികാരത്തിന്‍റെ ഇച്ഛക്കൊപ്പമല്ല. തോക്കുകള്‍ അധികാരം സംരക്ഷിച്ചുകൊള്ളുമെന്ന മൗഢ്യത്തിനൊപ്പവുമല്ല. ഗോകുലന്‍റെ ഓടക്കുഴല്‍ വായനയിലാണ് അവന്‍ സായൂജ്യം കണ്ടെത്തുന്നത്. തോക്കും ഓടക്കുഴലും അധികാരത്തിന്‍റെ വ്യത്യസ്ത തലങ്ങളില്‍ പരസ്പര വൈരുധ്യത്തോടെ നില്‍ക്കുന്നവയാണ്. കലയുടെ സര്‍ഗ്ഗപരമായ ധന്യതയ്ക്ക് തോക്കിന്‍റെ സംഹാര ശക്തിയേക്കാള്‍ തീക്ഷ്ണതയുണ്ടെന്നും അതില്‍ ഏത് അധികാരത്തേയും പിടിച്ചുലക്കാമെന്നും ചരിത്രം തെളിയിക്കുന്നുണ്ട്. എന്നാല്‍ കഥയിലെ ഗോകുലനും കൂട്ടരും ഈ തത്ത്വത്തില്‍ വിശ്വസിക്കുന്നില്ല. ഓടക്കുഴല്‍ അയാള്‍ക്ക് സമയം പോകുവാനുള്ള ഉപാധി മാത്രമാണ്. എന്‍റെ എന്ത് സഹായമാണ് ഗോകുലന് ഉപകാരപ്പെടുക എന്ന ചോദ്യത്തിന് ശശാങ്കന്‍റെ കയ്യിലെ തോക്കാണ് ഗോകുലന്‍ ആവശ്യപ്പെടുന്നത്. കാട്ടുമൃഗങ്ങളില്‍ നിന്ന് തങ്ങളുടെ കന്നുകാലികളെ രക്ഷിക്കുവാന്‍ തോക്ക് സഹായിക്കും. പകരം തന്‍റെ ഓടക്കുഴല്‍ സമ്മാനിക്കാം എന്നും അയാള്‍ പറയുന്നു.  'മറ്റു ദുഃഖങ്ങള്‍ ഇല്ലാത്തവര്‍ക്ക് ഇതൊരു സഹായമാണ്. ഇതിന്‍റെ ശബ്ദത്തിലൂടെ വേരുകളില്ലാത്ത പുതിയ ദുഃഖങ്ങള്‍ കണ്ടെത്താം' (എം. സുകുമാരന്‍,2014,169).

'വാളല്ലെന്‍ സമരായുധം, ഝണഝണ 
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെന്‍ കരവാളു വിറ്റൊരു മണി-
പ്പൊന്‍ വീണ വാങ്ങിച്ചു ഞാന്‍!'
(വയലാര്‍,2013,372)

എന്ന് വയലാര്‍ സര്‍ഗ്ഗസംഗീതത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സുകുമാരന് വാള് തന്നെയാണ് സമരായുധം. ആയുധമേന്തിയുള്ള വിപ്ലവങ്ങളെ തെറ്റായി അദ്ദേഹം കാണുന്നില്ല. കാരണം എതിര്‍ ഭാഗത്തുള്ള അധികാരവര്‍ഗ്ഗം കാലങ്ങളായി അധികാരം സ്ഥാപിക്കുന്നത് ആയുധങ്ങള്‍ കൊണ്ടുകൂടിയാണ്.

ശശാങ്കനെപ്പോലെ അയത്നലളിതനല്ല അച്ഛന്‍ പ്രജാപതി. അയാള്‍ പ്രായംകൊണ്ട് അവശനെങ്കിലും കൊട്ടാരത്തിന്‍റെ സുരക്ഷിതത്വത്തില്‍ അതീവ ഉത്കണ്ഠാകുലനാണ്. തോക്കുകള്‍ മാത്രമാണ് കൊട്ടാരത്തിന്‍റെ അധികാര സിംഹാസനങ്ങളെ സംരക്ഷിക്കാനുള്ള ഒരേയൊരു പോംവഴി എന്നും ആ കുശാഗ്രബുദ്ധി തിരിച്ചറിയുന്നു. ശൂന്യതയിലേക്ക് നിറയൊഴിച്ചാല്‍ പോലും പറവകളുടെ മൃതദേഹങ്ങള്‍ വീഴുന്നത്ര സംഹാര ശക്തി തന്‍റെ ആയുധങ്ങള്‍ക്കുണ്ടെന്ന് അയാളറിയുന്നു. ഇത് കലാസപര്യയില്‍ വിലയിച്ച മകന്‍ ശശാങ്കനെ അസ്വസ്ഥനുമാക്കുന്നു. ഇത്തരമൊരാര്‍ദ്ര ചിന്തയാകാം തോക്കുകളിലൊന്ന് ഗോകുലന് നല്‍കി ഓടക്കുഴല്‍ വാങ്ങുവാന്‍ അയാളെ പ്രേരിപ്പിക്കുന്നത്. തോക്ക് നഷ്ടപ്പെടുത്തി വന്ന  മകനോടുള്ള അച്ഛന്‍റെ പെരുമാറ്റം അധികാരിക്ക് സമാനമാണ്.

കഥയുടെ രണ്ടാംഘട്ടത്തില്‍ അധികാരം ഏതെല്ലാം വിധത്തില്‍ ജനങ്ങള്‍ക്കുമേല്‍ പിടിമുറുക്കുന്നു എന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. പുഴയിലെ പുല്ലും വെള്ളവും യഥേഷ്ടം ഉപയോഗിക്കുവാന്‍ ആദ്യം അച്ഛന്‍ പ്രജാപതി അനുവാദം നല്‍കുന്നു. അനുവാദം ആവശ്യമില്ലാത്തിടത്താണ് ഈ അനുവാദം നല്‍കലിന് പ്രസക്തി. പിന്നീട് അതിന് തന്‍റെ അനുവാദം വാങ്ങണമെന്നും അയാള്‍ പറയുന്നു. വെറുതേ ലഭിച്ചിരുന്ന ഒരു വസ്തുവിന് മേല്‍ അധികാരിവര്‍ഗ്ഗം അധികാരം സ്ഥാപിക്കുന്നതും സ്വന്തമാക്കുന്നതും എപ്രകാരമാണെന്ന് കഥ വ്യക്തമാക്കുന്നു.

പൂജാരിയെ ന്യായാധിപനാക്കിക്കൊണ്ട് അച്ഛന്‍ പ്രജാപതി അധികാരം പിടിമുറുക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ സമകാലിക ഇന്ത്യന്‍ പശ്ചാത്തലവുമായി കൂട്ടി വായിക്കാവുന്നതാണ്. ഈ ഘട്ടത്തിലും ആകാശം ചുവക്കുമ്പോള്‍  മകന്‍ ശശാങ്കന്‍ ഓര്‍ക്കുന്നത് ഗോകുലനെയാണ് 'അവന്‍ മരിച്ചു കാണുമോ? കാട്ടിലെ ഏതെങ്കിലും പുലിയുടെ വയറ്റില്‍ മാംസാഹാരമായി, രക്തമായി, ഊര്‍ജ്ജമായി അവന്‍ മാറിയിട്ടുണ്ടാകുമോ?അവന്‍റെ മുഖം പോലും ഓര്‍മ്മയില്‍ മങ്ങി' (എം.സുകുമാരന്‍ :2014 : 173). ശശാങ്കനില്‍ അധികാരത്തിന്‍റെ ആസക്തി കുറവാണ് എന്നതിന്‍റെ തെളിവുകളാണിവ.

കൊട്ടാരവും കൊട്ടാരത്തളങ്ങളും ഏതുസമയത്തും തകര്‍ന്നുവീണേക്കാമെന്ന അധികാരത്തിന്‍റെ ആശങ്കയിലാണ് അച്ഛന്‍ പ്രജാപതി പ്രജകളെ കൊട്ടാരം സംരക്ഷകരാക്കുന്നത്. എന്നാല്‍ ഗോകുലന്‍റെ നേതൃത്വത്തെ അനുസരിക്കുന്നവര്‍ അതിനു തയ്യാറാകാതെ വരുന്നു. അവരെ തടവുപുള്ളികളാക്കിക്കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തെ ഗോകുലന്‍റെ പക്ഷക്കാര്‍ സംഘടിതരായി വന്ന് വിമോചിപ്പിച്ച് അധികാരത്തെ കൂടുതല്‍ ദുര്‍ബലമാക്കി മാറ്റുന്നു. സംഘടിത ശക്തിയുടെ ബലത്തെക്കുറിച്ച് കഥാകൃത്തിനുണ്ടായിരുന്ന ആത്മവിശ്വാസം അദ്ദേഹത്തിന്‍റെ കഥകളിലും പ്രതിഫലിക്കുന്നതായി കാണാന്‍ സാധിക്കും.

കഥയുടെ അന്ത്യത്തില്‍ കൊട്ടാരം വളയുന്ന തൊഴിലാളിവര്‍ഗ്ഗത്തിന് തോക്കെറിഞ്ഞുകൊടുത്ത് അവര്‍ക്കൊപ്പം നില്‍ക്കുന്നത് ശശാങ്കനാണ്. ജന്മാധികാരം തലമുറയായി കിട്ടിയിട്ടും അത് തകര്‍ക്കപ്പെടേണ്ടതാണെന്ന ഉല്‍പതിഷ്ണത്വത്തിന്‍റ പേരാകുന്നു ശശാങ്കന്‍. ശങ്കരനും ശശാങ്കനും ഒരു പേരിന്‍റെ ദ്വന്ദ്വ സമാസത്തെ അന്വര്‍ത്ഥമാക്കുന്നത് യാദൃച്ഛികമാകാനിടയില്ല. കഥാകാരന്‍ ഇ.എം. എസ്സിന്‍റെ പരിത്യാഗ ചരിത്രത്തെ ഓര്‍ത്തിട്ടുണ്ടാകാം.

അധികാരക്കൈമാറ്റങ്ങള്‍ക്കൊണ്ട് വ്യവസ്ഥക്ക് മാറ്റമുണ്ടാകുന്നില്ലെന്നും അധികാരം തച്ചുടയ്ക്കാതെ മര്‍ദ്ദിത പീഡിതര്‍ക്ക് മോചനം ലഭിക്കുന്നില്ലെന്നും പ്രഖ്യാപിക്കുന്ന, തൊഴിലാളി വര്‍ഗ്ഗ രാഷ്രീയസമീപനം ഉദാത്തീകരിക്കുന്ന കഥയാണ് 'സിംഹസനങ്ങളില്‍ തുരുമ്പ്'. മനുഷ്യവാസത്തിന്‍റെ ആധുനിക കാലത്തെ ചരിത്രം അടിമയുടെയും തൊഴിലാളിയുടെയും കഥ കൂടിയാണ്. മനുഷ്യസ്വാതന്ത്ര്യത്തിന്‍റെ ഈ ഇതിഹാസത്തെ ചരിത്രത്തില്‍ നിന്ന് വേറിട്ട് നിര്‍ത്തി അപഗ്രഥിക്കുന്നത് അപക്വമായിരിക്കും. ഒരു പ്രദേശത്തിന്‍റെ ചരിത്രം 'സിംഹാസനങ്ങളില്‍ തുരുമ്പ്' എന്ന കഥയിലെ  തൂപ്പുകാരന്‍റെ കാഴ്ചയിലൂടെ പുനരാവിഷ്കരിക്കുകയാണ് സുകുമാരന്‍ ചെയ്യുന്നത്. ഈ പ്രദേശം നമ്മുടെ ഇന്ത്യ തന്നെയാണെന്ന സൂചന ഒരു 'പനിനീര്‍പ്പൂ' എന്ന പരാമര്‍ശത്തിലൂടെ കഥാകാരന്‍ വ്യക്തമാക്കുന്നുണ്ട്. സുകുമാരന്‍റെ ചരിത്രഗാഥ, ഭരണകൂടം, വിചാരണക്ക് മുന്‍പ്, സംഘഗാനം, അയല്‍രാജാവ് എന്നീ കഥകളെല്ലാം അന്യാപദേശ സ്വഭാവം പുലര്‍ത്തുന്നവായാണ്.

സ്വാതന്ത്ര്യസമരത്തിന്‍റെ നെടുനാളത്തെ കാലത്തില്‍നിന്ന് രാജ്യത്തിന്‍റെ പരമാധികാരം ജവഹര്‍ലാലിലേക്ക്  കൈമാറ്റം ചെയ്യുമ്പോള്‍ പ്രതീക്ഷകളാവോളം സ്വപ്നം കണ്ട ജനതയുടെ ഇച്ഛാഭംഗങ്ങളുടേയും ധര്‍മസങ്കടങ്ങളുടെയും യാഥാര്‍ത്ഥ്യം ചരിത്രവസ്തുതയാണ്. അധികാരം കൂടുതല്‍ സങ്കീര്‍ണമാകുകയും  വ്യക്ത്യധിഷ്ഠിതമാവുകയും ചെയ്തു. ക്രൂരനായ മേയറുടെ ഭരണത്തില്‍ കഷ്ടതകള്‍ അനുഭവിച്ചിരുന്ന ജനങ്ങളും അയാള്‍ക്കുശേഷം വരുന്ന പുതിയ മേയറിലൂടെയുമാണ് 'സിംഹാസനങ്ങളില്‍ തുരുമ്പ്' എന്ന കഥ പുരോഗമിക്കുന്നത്. കഠിനജോലികള്‍ ചെയ്തിട്ടും ക്ഷീണിതരാകാതെ തങ്ങളുടെ തൊഴിലില്‍ വ്യാപൃതരാണ് കോര്‍പ്പറേഷന്‍ തൂപ്പുകാര്‍. തൂപ്പുകാരന് കൃത്യമായൊരു നാമവും നല്‍കിയിട്ടില്ല കഥാകൃത്ത്. കാരണം അയാള്‍ ഒരു വ്യക്തിയല്ല, നിരവധിപേരുടെ പ്രതിനിധിയാണ്. ഒരു രാത്രിയെങ്കിലും ഒന്നിച്ചുറങ്ങണമെന്ന ആഗ്രഹം മാത്രമാണ് തൂപ്പുകാരന്‍റെ കാമുകി അരുന്ധതിക്കുള്ളത്. ഭക്ഷണമോ വസ്ത്രമോ പാര്‍പ്പിടമോ അവര്‍ക്കില്ല. 'ജീവിതം നമുക്കുള്ളതല്ല. അതൊക്കെ നമുക്ക് മുന്‍പേ വന്നു കയ്യടക്കി,കൈമാറി, ഇപ്പോഴും കൈവശം വച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വര്‍ഗ്ഗത്തിനാണ്' (എം. സുകുമാരന്‍: 2014:177) എന്നാണ് തൂപ്പുകാരന്‍ പറയുന്നത്. ക്രൂരനായ മേയറെ എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് തങ്ങളുടെ വര്‍ഗ്ഗത്തിന്‍റെ ചരിത്രപരമായ ഉത്തരവാദിത്വമായി മാറിയപ്പോള്‍ അവര്‍ അയാളെ രഹസ്യമായി വിമര്‍ശിക്കുവാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം അവരില്‍ പലരും അപ്രത്യക്ഷരാകുവാന്‍ തുടങ്ങി. 1975-കളിലെ ഇന്ത്യന്‍ പശ്ചാത്തലത്തെ ഈ ഘട്ടത്തില്‍ ഓര്‍മ വരികയാണെങ്കില്‍ അത് നിഷ്കളങ്കമാകുവാന്‍ സാധ്യതയില്ല. എന്നാല്‍ മേയറെ തോല്‍പ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. ആത്മരക്ഷയ്ക്ക് വേണ്ടി പലര്‍ക്കും മാപ്പിരക്കേണ്ടതായി വന്നു. ഒടുവില്‍ മേയറെ ഇല്ലാതാക്കുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമായി കണ്ടത് പ്രാര്‍ത്ഥന മാത്രമാണ്. പ്രാര്‍ത്ഥന ഫലിച്ചപ്പോള്‍ തൂപ്പുകാര്‍ സന്തോഷിച്ചു. നഗരത്തിന് പുതിയ മേയര്‍ വരുന്നു എന്ന വാര്‍ത്ത തൂപ്പുകാര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി.എന്നാല്‍ പുതിയ മേയറും ജനതയെ അടക്കിയിരുത്തുന്നവന്‍റെ പഴയ പ്രത്യയശാസ്ത്രം തന്നെയാണെന്ന് തൂപ്പുകാരന് തിരിച്ചറിവുണ്ടാകുന്നു.ഇവിടെ  വ്യക്തിയില്‍ നിന്ന് സമൂഹത്തിലേക്കുള്ള കാഴ്ച വിപുലപ്പെടുത്തേണ്ടത് വായനക്കാരുടെ ബാധ്യതയാണ്.

പുതിയ മേയറുടെ ആവശ്യപ്രകാരം അയാളുടെ മാളികയിലേക്ക് ജോലിക്കാരനായി തൂപ്പുകാരനെ മേയറുടെ അംഗരക്ഷകര്‍ കൊണ്ടുപോകുന്നുണ്ട്. കയ്യില്‍ ചൂരവടി ഉണ്ടായിട്ടും കൈകള്‍ കൊണ്ട് തലോടിയാണ് അവര്‍ തൂപ്പുകാരനെ ഉണര്‍ത്തുന്നത് എന്ന പരാമര്‍ശം കേവലമൊരു വാക്യമായി കരുതേണ്ടതില്ല. അംഗരക്ഷകര്‍ക്കൊപ്പം നടക്കുമ്പോള്‍ സ്വന്തം കൊട്ടാരം പോലും വൃത്തിയാക്കാത്ത പഴയ മേയറുടെ  കുറ്റങ്ങള്‍ അവര്‍ പറയുകയുണ്ടായി. കൊട്ടാരം വൃത്തിയാക്കുവാന്‍ നഗരത്തിലെ ഏറ്റവും നല്ല തൂപ്പുകാരനെ നിയമിക്കുവാന്‍ ഉത്തരവായതായും അവര്‍ പറയുകയുണ്ടായി. തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് ഒരു പ്രതിനിധിയെ തെരഞ്ഞെടുത്ത് പുതിയ വ്യവസ്ഥയുടെ സ്തുതിപാഠകനാക്കാന്‍ ഭരണകൂടം അനുഷ്ഠിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണിത്. സവിശേഷമായ ഒരു പ്രണയം ഇവിടുത്തെ തൂപ്പുകാരനില്‍ അന്തര്‍ധാരയായി കുടികൊള്ളുന്നതിനാല്‍ കൊട്ടാരത്തിലെ ഭൗതിക സൗജന്യങ്ങള്‍ അയാളെ മേയറുടെ ആശ്രിതനാക്കി മാറ്റുന്നില്ല. താനുള്‍പ്പെടുന്ന മഹാസമൂഹത്തിന്‍റെ ജീവിതം അതീവ ദയനീയമാണെന്ന് അയാള്‍ കാമുകി അരുന്ധതിയുടെ ഭാവനാസദൃശമായ രൂപമാറ്റം കൊണ്ട് കണ്ടെത്തുന്നുണ്ട്. ഇതോടെ ദയാലുവായ മേയറെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുവാന്‍ അയാള്‍ നിര്‍ബന്ധിതനാകുന്നുണ്ട്. എന്നാല്‍ ശ്രമിക്കുന്തോറും അകലം സൂക്ഷിച്ച് മേയറെ മറച്ചുവെക്കാനാണ് വ്യവസ്ഥ പരിശ്രമിക്കുന്നത്. അധികാരത്തിന്‍റെ ഇരുട്ടറകളും അംഗരക്ഷകരുടെ  പീഡനങ്ങളും വ്യവസ്ഥയുടെ ക്രൂരതകള്‍ അയാളെ ബോധ്യപ്പെടുത്തുന്നു. എത്ര കൊടിയ പീഡനങ്ങള്‍ തടവറയില്‍ അനുഭവിച്ചാലും തലച്ചോറിനെ ബന്ധിക്കുവാന്‍ അധികാരി സമൂഹത്തിന് കഴിയില്ലെന്ന നടകീയതയിലാണ് ഇക്കഥ അവസാനിക്കുന്നത്. എല്ലാ തടവറകളും എക്കാലത്തേക്കുമുള്ള മനുഷ്യന്‍റെ തടവറയല്ലെന്ന മാര്‍ക്സിയന്‍ കാഴ്ചപ്പാട് കഥയെ പ്രത്യാശാഭരിതമാക്കുന്നുണ്ട്. അധികാരം ഒരാസക്തിയാണെന്നും തടവറയുടെ കനം ശക്തിപ്പെടുത്തുകയല്ലാതെ അതിനെ ദുര്‍ബലമാക്കാന്‍ വ്യക്തികള്‍ക്ക് കഴിയില്ലെന്നുമുള്ള സന്ദേശം ഇന്ത്യന്‍ രാഷ്ട്രീയ സമര ചരിത്രത്തെ പ്രതീകമാക്കി ഇവിടെ പറയുകയാണ്.

വര്‍ഗ്ഗശത്രുക്കളുടെ വ്യക്തിപരമായ പരസ്പരാഭിമുഖ്യത്തെ രൂക്ഷമായി അപഹസിക്കുന്ന കഥയാണ് 'അയല്‍രാജാവ്'. സ്വപ്നസമാനമായ വാഗ്ദത്തഭൂമിയേക്കുറിച്ചുള്ള അതിരറ്റ സങ്കല്‍പ്പങ്ങള്‍ ഒരു ഭൗതികനുണയാണെന്നും, ഇവരുടെ ശത്രുപ്രഖ്യാപനം പോലും കേവലനാട്യമാണെന്നും, ഇതെത്രമാത്രം സ്വന്തം പ്രജകളില്‍ നിന്ന് മറച്ചുവെക്കാന്‍ കഴിയുന്നുവോ അവര്‍ അത്രമാത്രം സംരക്ഷിക്കപ്പെടുമെന്നും ഈ കഥ താക്കീത് നല്‍കുന്നു. 

ഉമാപതി കരിങ്കല്ലില്‍ ശില്പം കൊത്തി കവിത രചിക്കുന്നവനാണ്. അയാളേയും കുടുംബത്തേയും വിചാരണ ചെയ്യുന്നത് സ്വന്തം രാജ്യത്തെ പ്രജകള്‍ അംഗീകരിച്ച ഭരണഘടന മുന്‍നിര്‍ത്തിയാണ്. ഉമാപതിയുടെ തെറ്റ് അയാള്‍ കൊത്തിയുണ്ടാക്കുന്ന ശില്പങ്ങളിലെല്ലാം അയല്‍രാജാവിന്‍റെ മുഖച്ഛായ ഉണ്ടെന്നതാണ്. അയാളുടെ മനോഘടന അയല്‍ രാജാവിനെ കുറിച്ചുള്ള അതിരറ്റ സ്നേഹാദരവുകള്‍ കൊണ്ട് നിറഞ്ഞതാണ്. ഉമാപതിക്ക് സംസാരസ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ പോലും അയാള്‍ അതിനെ നിഷേധിക്കുമെന്നും തോന്നുന്നില്ല. അയാള്‍ മാത്രമല്ല ഭാര്യയും മകനും മകളും ശിക്ഷാര്‍ഹരാണ്. ഭരണഘടനാവ്യവസ്ഥ  വിഭാവനം ചെയ്തതും അംഗീകരിക്കപ്പെട്ടതുമായ നിയമങ്ങളാണ് അവരും ലംഘിച്ചിട്ടുള്ളത്. ശിക്ഷയായി  ഉമാപതിയേയും കുടുംബത്തെയും നാടുകടത്തുന്നു. എന്നാല്‍ വാഗ്ദത്തഭൂമിയിലേക്കുള്ള വഴി അയാള്‍ക്ക് നിശ്ചയമില്ല. ലക്ഷ്യം നിറവേറ്റുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കുവാനും അതിനുശേഷം വിമോചനം സാധ്യമാണെന്നുമുള്ള ദര്‍ശനം സ്വീകരിക്കുന്ന ഉമാപതിയേയും കുടുംബത്തേയും ഒരു രാജ്യമോ ജനതയോ സമീപനരീതിയോ ആയി കല്‍പ്പിച്ചാല്‍ മാത്രമേ ഈ കഥ സാര്‍ത്ഥകമാവുകയുള്ളൂ. പ്രത്യയശാസ്ത്രത്തിന്‍റെ പ്രയോഗവത്ക്കരണത്തില്‍ ഏതു വലതു പിന്തിരിപ്പന്‍ ആശയത്തേയും ആശ്രയിക്കാവുന്നതാണെന്ന പുത്തന്‍ മാര്‍ക്സിയന്‍ നീതിശാസ്ത്രം രാജ്യങ്ങളെയും പ്രസ്ഥാനങ്ങളെയും അപകടത്തിലാക്കിയതിന്‍റെ അര്‍ത്ഥസൂചനകളിലേക്ക് കഥയുടെ വ്യാപ്തി പടരുന്നുണ്ട്.

ധര്‍മ്മനീതിയുടെ സംരക്ഷകനായ ഉമാപതി സ്വാര്‍ത്ഥിയായി പരിണമിക്കുന്ന വിചിത്രമായ കാഴ്ച കഥയില്‍ കാണാനാകും. ലക്ഷ്യം കണ്ടെത്തുവാന്‍ അയാള്‍ എതിര്‍ത്തുപോന്ന വ്യവസ്ഥയുടെ ദുര്‍മുഖത്തെ ആശ്രയിക്കാന്‍ അയാള്‍ക്ക് മടിയില്ലാതെ വരുന്നു. കാട്ടുരാജാവിന്‍റെ അടിമയായി സ്വന്തം പുത്രനേയും പ്രഭുവിന്‍റെ വെപ്പാട്ടിയായി പുത്രിയെയും യന്ത്രവല്‍ക്കരണത്തിനായി ഭാര്യയേയും അയാള്‍ വിട്ടു കൊടുക്കുന്നു. ഏതേതു ദുരാചാരങ്ങള്‍ക്കെതിരെ പോരാടിയോ അതേ ദുരാചാരങ്ങള്‍ വാഗ്ദത്തഭൂമിക്കായി സ്വീകരിക്കുവാന്‍ ഉമാപതിക്കോ കുടുംബത്തിനോ മടിയുണ്ടായിരുന്നില്ല. പിന്നീട് ലക്ഷ്യത്തിലെത്തിയ ഉമാപതി ഹതാശനാകുംവിധം രൂക്ഷമാണ് തന്‍റെ വാഗ്ദത്തസുന്ദരഭൂമിയുടെ യാഥാര്‍ത്ഥ്യം  എന്ന തിരിച്ചറിവില്‍ ബോധക്ഷയം സംഭവിക്കുന്നു. അവിടെ കഥാകൃത്ത് 'ഞാനിവിടെ തളര്‍ന്നുവീണാല്‍ എനിക്ക് പരിക്കുകള്‍ പറ്റില്ല. കാരണം പതുപതുത്ത കട്ടിയുള്ള ചുവന്ന കംബളം നിലത്തു വിരിച്ചിരുന്നു'(എം.സുകുമാരന്‍ : 2014:197) എന്ന ഭാഷാപ്രയോഗത്തില്‍ ഉമാപതിയെ ആക്ഷേപഹാസ്യം കൊണ്ട് നേരിടുന്നു.

വര്‍ഗ്ഗവിമോചനത്തിന്‍റെ ലക്ഷ്യം മുന്‍നിര്‍ത്തിയാണെങ്കില്‍പ്പോലും മാര്‍ഗ്ഗം സുതാര്യവും പ്രത്യയശാസ്ത്രപരവുമാകണമെന്ന ശാഠ്യം കഥാകൃത്തിനുണ്ട്. അയല്‍രാജ്യം റഷ്യയോ ചൈനയോ നമ്മുടെ വിപ്ലവപ്രസ്ഥാനങ്ങളോ എന്ന് അന്വേഷിക്കേണ്ടതുമില്ല. ഒരര്‍ത്ഥത്തില്‍ അനുഭവാധിഷ്ഠിതമായി വികസിച്ചുവന്ന സുകുമാരന്‍റെ രാഷ്ട്രീയമായ പക്വതയുടെ നിദര്‍ശനമായി 'അയല്‍രാജാവിനെ' വിശേഷിപ്പിക്കേണ്ടതുണ്ട്.

അധികാരത്തോടും അതിന്‍റെ രാഷ്ട്രീയ കാപട്യത്തോടും ധിഷണാപരമായും കലാത്മകമായും പ്രതികരിക്കുന്നത് എം സുകുമാരന്‍റെ കഥകളുടെ അന്തര്യാമിയായ സ്വഭാവരീതിയാകുന്നു. അധികം അകലയല്ലാത്ത ഒരു കാലഘട്ടത്തിലാണ് ഈ രചനാരീതി പക്വതയോടെ വികാസം പ്രാപിച്ചത്. സ്വാഭാവികാഖ്യാനങ്ങളെ ഉപേക്ഷിച്ച് മാജിക്കല്‍ റിയലിസത്തിന്‍റെ കേവലാംശങ്ങളെ സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം രചനകള്‍ നിര്‍വ്വഹിച്ചത്. അധികാരത്തോടും അധികാരത്തോട് ബന്ധപ്പെട്ടവരുടേയും മനോഘടനയെ സൂക്ഷ്മമായി അപഗ്രഥിക്കുവാനുള്ള ശ്രമങ്ങളാണ് ചരിത്രഗാഥ, ഭരണകൂടം, സിംഹാസനങ്ങളില്‍ തുരുമ്പ്, അയല്‍രാജാവ്, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍, സംഘഗാനം, വിചാരണയ്ക്ക് മുമ്പ് എന്നീ കഥകളിലൂടെ നടത്തുന്നത്. തന്‍റെ കഥകള്‍ രാഷ്ട്രീയപരമാകുമ്പോഴും അതിന്‍റെ കലാമൂല്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് സുകുമാരന്‍. അന്യാപദേശ സ്വഭാവം കഥകള്‍ക്ക് നല്കിയതിനെ അക്കാലത്തെ രാഷ്ട്രീയ- സാമൂഹിക പശ്ചാത്തലങ്ങളോട് കൂടി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. പ്രതീക്ഷയും പ്രതീക്ഷകള്‍ നഷ്ടപ്പെട്ടതിന്‍റെ വേദനയും സുകുമാരന്‍റെ കഥകളില്‍ കാണാന്‍ സാധിക്കും. ചരിത്രഗാഥ, സംഘഗാനം, ഭരണകൂടം, സിംഹാസനങ്ങളില്‍ തുരുമ്പ് എന്നീ കഥകള്‍ അവസാനിക്കുന്നത് സമത്വസുന്ദരമായ ഒരു ലോകം ഉണ്ടാകുമെന്നും തൊഴിലാളി വര്‍ഗ്ഗത്തിന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ്. എന്നാല്‍ വിചാരണയ്ക്കുമുമ്പ്, അയല്‍രാജാവ് എന്നീ കഥകള്‍ പ്രതീക്ഷാനഷ്ടങ്ങളിലാണ് അവസാനിക്കുന്നത്. തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും  ഏറെ പ്രാധാന്യം നല്‍കുന്ന എഴുത്തുകാരനാണ് സുകുമാരന്‍. അതിനാല്‍ തന്നെയും കഥകളില്‍ ഇവ ആവര്‍ത്തിച്ചുവരുന്നുണ്ട്.

സഹായകഗ്രന്ഥങ്ങള്‍

അജയകുമാര്‍ എന്‍. (2013). ആധുനികത മലയാളകവിതയില്‍. കോട്ടയം: സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം. 
നരേന്ദ്രപ്രസാദ്. (1999). എന്‍റെ സാഹിത്യനിരൂപണങ്ങള്‍. കോട്ടയം: ഡി സി ബുക്സ്.
മുകുന്ദന്‍ എം.(2015). എന്താണ് ആധുനികത. കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്‍സ്.
രവികുമാര്‍ കെ. എസ്. (2012). കഥയും ഭാവുകത്വപരിണാമവും. തിരുവനന്തപുരം: നാഷണല്‍ ബുക്ക്സ്റ്റാള്‍. 
രാജീവന്‍ ബി.(2014). വാക്കുകളും വസ്തുതകളും. കോട്ടയം: ഡി സി ബുക്സ്.
രാമവര്‍മ്മ വയലാര്‍. (2013). വയലാര്‍ കൃതികള്‍. കോട്ടയം: ഡി സി ബുക്സ്.
വിജയന്‍ എം. എന്‍.(2000). നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം. തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി.
സുകുമാരന്‍ എം.(2014). എം. സുകുമാരന്‍റെ കഥകള്‍ സമ്പൂര്‍ണം. കോട്ടയം: ഡി സി ബുക്സ്.
Haritha K Prasad
Sreeharitham
Kodur West, Kodur PO
Malappuram
Kerala, India
Pin: 676504
Ph: +91 9605517669
Email:harithakprasad@gmail.com
ORCID:0009-0003-3753-9026