Research: Form and Historical Connections

Dr. Somalal TM 

No concept is timeless. The word research and its translation 'gaveshanam', have existed in different eras with distinct forms. But  now these have become synonyms. Here, this article tries to find out the historical relationships and distinctions of the concepts of research and 'gaveshanam' and to analyse the power relations of the approach that sees the concepts as absolute and timeless. Research definitions are also those that create an absolute impression. This article attempts to understand them as constructs and to find indications of power biases.

Keywords: Research, gaveshanam, ahistoricism,historicization, modern epistemology, objectivism,  literary research, aesthetics and objectivism , hierarchy and dominance of disciplines , distinctiveness of Indian epistemological approach

References:

Abhijith Kundu et. al, (2009), The Humanities :Methodology and Perspectives, New Delhi: Pearson.
Achyuthanunni Chathanath, (2006), Sahithya gaveshanam :Prabandharachanayuye thathwangal, Sukapuram: Vallathol Vidyapeedham.
Balakrishnapanicker K. K (Interpreter), (2005), Amarakosham, Thrissur: H&C.
Benjamin D, (2012), Sahityagaveshanathinte reethisasthram, Thiruvananthapuram: Maluben.
Damodaran Nair P, (1984), Lakhusabdatharavali, Kottayam: Sahithya Pravarthaka Co-Operative Society Ltd.
Gopalakrishnan Naduvattom, 2002,Gaveshanareethisasthram, Thiruvananthapuram: Kerala Bhasha Institute. 
Gopinathapillai N. R, (2002), ‘Amukham’, Gaveshanareethisasthram,, Gopalakrishnan Naduvattom, Thiruvananthapuram: Kerala Bhasha Institute. 
Gupthan Nair S, (1976), ‘gaveshanavum vimarsanavum’, Gaveshanathinte Prasnangal, Ramachandran Nair K(Ed.), Thiruvananthapuram: University of Kerala.
Herman Gundert, (1995), Gundert Nighandu, Kottayam: D. C. Books.
Muraleedharan Nellickel, (2011), Viswasahithya darsanangal, Kottayam: D. C. Books.
Prabhakaravarier K. M, (1982), Gaveshanapadhathi, Sukapuram: Vallathol Vidyapeedham.
Prabhakaravarier K. M, (1994). ’Sahithyagaveshanam chila prasnangal’, Gaveshanaprathibha, Ayyappapanicker K et. Al (Ed.), Kottayam: D.C. Books.
Prabodhachandran V. R, (1990), ‘Gaveshanam’, Sarvavijnanakosham(Vol 9),Ramachandran Nair C. G. (Ed.), Thiruvananthapuram: Sarva vijnanakosha Institute.
Ramachandran Nair K(Ed.), (1976), Gaveshanathinte Prasnangal, Thiruvananthapuram: University of Kerala.
Vaman Shivram Apte, (1890), The Practical Sanskrit English Dictionary, Pune: Prasad Prakasan.
Dr. Somalal TM 
Assistant Professor, Malayalam 
Panampilly Memorial Government College
Chalakudy
India
Pin: 680722
Ph: +91 8075430023
Email :tmsomalal@gmail.com
ORCID: 0009-0008-9748-0122


ഗവേഷണം: സ്വരൂപവും ചരിത്രബന്ധങ്ങളും

ഡോ.സോമലാല്‍ ടി.എം

ഒരു സങ്കല്പനവും കാലനിരപേക്ഷമല്ല. റിസര്‍ച്ച് എന്ന പദവും അതിന്‍റെ തര്‍ജ്ജമയായി ഉപയോഗിക്കുന്ന ഗവേഷണം എന്ന പദവും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യതിരിക്ത സ്വരൂപങ്ങളോടു കൂടി നിലനിന്നു വന്നവയാണ്. എന്നാലിന്നവ പര്യായമായി മാറിയിരിക്കുന്നു.ഗവേഷണം, റിസര്‍ച്ച് എന്നീ സങ്കല്പനങ്ങളുടെ ചരിത്രബന്ധങ്ങളും വ്യതിരിക്തതകളും കണ്ടെടുക്കാനും സങ്കല്പനങ്ങളെ കേവലവും കാലനിരപേക്ഷവു മായി കാണുന്ന സമീപനത്തിന്‍റെ അധികാരബന്ധങ്ങള്‍ കണ്ടെടുക്കാനും ഇവിടെ ശ്രമിക്കുന്നു. ഇതുപോലെ കേവലപ്രതീതി സൃഷ്ടിച്ചുനിലകൊള്ളുന്നവയാണ് ഗവേഷണ നിര്‍വചനങ്ങളും. അവയേയും നിര്‍മ്മിതികളായി മനസ്സിലാക്കാനും അധികാരപക്ഷപാതങ്ങളുടെ സൂചനകള്‍ കണ്ടെടുക്കാനും  ശ്രമിക്കുന്നു.

താക്കോല്‍ വാക്കുകള്‍: ഗവേഷണം, ചരിത്രനിരപേക്ഷത, ചരിത്ര വല്കരണം, ആധുനിക അറിവുല്പാദനക്രമം, വസ്തുനിഷ്ഠതാ വാദം, വ്യാഖ്യാനാത്മകത, ആഖ്യാനാത്മകത, സാഹിത്യഗവേഷണം, സൗന്ദര്യാത്മകത, വിഷയങ്ങളുടെ ശ്രേണീകരണവും മേല്‍കോയ് മയും, ഇന്ത്യന്‍ ജ്ഞാനോല്പാദന സമീപനത്തിലെ വ്യതിരിക്ത തകള്‍, അറിവ്, ജ്ഞാനം.

ആമുഖം

എന്താണ് ഗവേഷണം? അതിന് കാലാതിവര്‍ത്തിയായ ഒറ്റ ഉള്ളടക്കമാണോ ഉള്ളത്? അല്ലെന്ന് വ്യക്തമാണ്. എന്നാല്‍ research എന്ന ആംഗലപദം പ്രതിനിധാനം ചെയ്യുന്ന ആധുനികജ്ഞാനസ്വരൂപത്തിന്‍റെ അഭേദമായാണ് ഈ പദം ഇന്നുപയോഗിക്കപ്പെടുന്നത്. research എന്ന പദത്തിന്‍റെ തര്‍ജ്ജമയായി നാം ഗവേഷണം എന്ന് ഉപയോഗിക്കുന്നതുപോലെ മറ്റു ഭാഷകളിലും സമാനസാഹചര്യത്തില്‍ സദൃശപദങ്ങള്‍ ഉപയോഗത്തിലിരിക്കുന്നു. ഇത്തരം പദങ്ങളുടെ ചരിത്രജീവിതമെവിടെ എന്ന ചോദ്യം പ്രധാനമായി വരുന്നു. അതാകട്ടെ research എന്ന പദത്തെയും ഗവേഷണം എന്നതടക്കമുള്ള അതിന്‍റെ തര്‍ജ്ജമരൂപങ്ങളെയും ചരിത്രവല്‍ക്കരിച്ചു സ്ഥാനപ്പെടുത്തേണ്ടതുണ്ട് എന്ന ബോധ്യം ഉണര്‍ത്തുന്നു. റിസര്‍ച്ച് അഥവാ ഗവേഷണം എന്ത് എന്നുള്ള പല നിര്‍വചനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവയും കേവലമല്ല; ചരിത്രത്തിന്‍റെയും അധികാരത്തിന്‍റെയും മുദ്രകള്‍ പേറുന്നവയാണ്. ഓരോ നിര്‍വചനവും അതിന്‍റെ വാച്യാര്‍ത്ഥത്തിനുപരിയായി പ്രസ്തുത ജ്ഞാനരൂപത്തെ സംബന്ധിച്ച സവിശേഷമായ ഒരാദര്‍ശം കൂടി മുന്നോട്ടുവയ്ക്കുന്നു എന്നു കാണാനാവും. അതാകട്ടെ അതിന്‍റെ പക്ഷപാതങ്ങളിലേക്കുള്ള ജാലകമാണ്. ഇത്തരം പ്രമേയങ്ങളുടെ അവതരണമാണ് ഈ പഠനം.

Research - പദനിരുക്തിയും പരിഭാഷകളും

ഗവേഷണം എന്നു തര്‍ജ്ജമ ചെയ്തുപയോഗിക്കുന്ന research എന്ന പദം ഫ്രഞ്ച് തത്ഭവമാണ്. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ചു ശബ്ദങ്ങളായre, cerchier എന്നിവ ചേര്‍ന്നുണ്ടായതാണ്. Re തീവ്രമായ ശക്തിയെ (intensive force) കാണിക്കുന്ന ഉപസര്‍ഗ്ഗവും അന്വേഷിക്കുക (search) എന്നര്‍ത്ഥമുള്ള cerchier  എന്ന പദവും ചേര്‍ന്ന് recerche എന്ന നാമവും recercher എന്ന ക്രിയയും രൂപപ്പെട്ടു (https://www.merriam-webster.com/dictionary/research).  സൂക്ഷ്മമായി അന്വേഷിക്കുക എന്ന ഈ ആദ്യകാലാര്‍ത്ഥത്തിന് 1630 കളിലാണ് ശാസ്ത്രീയാന്വേഷണം  (scientific enquiry) എന്ന അര്‍ത്ഥത്തിലുള്ള പ്രയോഗം ആരംഭിക്കുന്നത്. സൂക്ഷ്മാന്വേഷണമെന്നോ പുനരന്വേഷണമെന്നോ ഉള്ള അര്‍ത്ഥം ഇന്നത്തെ research എന്ന പദത്തിന് ഉണ്ടെന്നത് സത്യമെങ്കിലും ആ പദമിന്ന് അര്‍ത്ഥവികാസം വന്ന് മറ്റൊന്നായിരിക്കുന്നു. ആധുനികഘട്ടത്തിലെ ശാസ്ത്രീയ അറിവന്വേഷണത്തിന്‍റെ ആദര്‍ശാത്മകരൂപമെന്ന നിലയിലാണ് ഈ മാറ്റം. ഇന്ത്യന്‍ ജ്ഞാനാന്വേഷണത്തിന്‍റെ സൂചകമായ ഗവേഷണമെന്ന പദത്തിനും തര്‍ജ്ജമയിലൂടെ ഈ അര്‍ത്ഥപരിസരം വന്നുചേര്‍ന്നിരിക്കുന്നു.

മലയാളത്തില്‍ മാത്രമല്ല ലോകഭാഷകളിലാകെത്തന്നെയും ഉള്ള പ്രവണതയാണിത്. pesquisar  പോര്‍ച്ചുഗീസ്, erevna ഗ്രീക്ക്, ricerca  ഇറ്റാലിയന്‍, issledovat   റഷ്യന്‍, yanjiu -  ചൈനീസ് എന്നിവ research എന്ന പദത്തിന്‍റെ പരിഭാഷയായി പ്രസ്തുത ഭാഷകള്‍ ഉപയോഗിക്കുന്ന പദങ്ങളാണ്.1 ഭാരതീയ ഭാഷകളില്‍ research ന് പകരമായി ഗവേഷണം എന്ന് എല്ലാ ഭാഷകളും പ്രയോഗിക്കുന്നില്ല. മലയാളം കൂടാതെ ബംഗാളിയാണ് ഇതിന് സദൃശമായ പദം പ്രയോഗത്തിലുള്ള ഒരു ഭാഷ. Gabesana എന്ന് ആ ഭാഷയില്‍ റിസര്‍ച്ചിനെ പരിഭാഷപ്പെടുത്തുന്നു.2 ഹിന്ദിയില്‍ ഇതിനു സമാനമായ പദപ്രയോഗമുണ്ടെങ്കിലും shodh, anusandhan എന്നീ പദങ്ങള്‍ സജീവമാണ്. തെലുങ്കില്‍ parisodhana എന്നും കന്നടത്തിലും മറാത്തിയിലും sansodhana എന്നുമുള്ള പദങ്ങള്‍ നിലവിലുണ്ട്.3  തീര്‍ത്തും വ്യത്യസ്തവും എന്നാല്‍ പരിചിതവുമായ ആരായ്ചി4 എന്ന പദമാണ് research  എന്നതിന് തര്‍ജ്ജമയായി തമിഴ് ഉപയോഗിക്കുന്നത്. ആരായുക എന്ന ക്രിയാപദം നമുക്കും സുപരിചിതമായ ഒന്നാണ്. Research  എന്ന പദത്തിന്‍റെ സമാനാര്‍ത്ഥകമായി സംസ്കൃതനിഘണ്ടു ചൂണ്ടിക്കാട്ടുന്നത് പരീഷ്ടിഃ എന്ന പദമാണ് (Apte vaman Shivram, 1890:483) Shodh, anusandhanam എന്നീ പദങ്ങളും സജീവമാണ്. research ന് പര്യായമായി വിപുലമായ പദസഞ്ചയങ്ങള്‍ തന്നെയുണ്ട് എല്ലാ ഭാഷകളിലും. അമൂര്‍ത്തവും അത്യന്തവിപുലവുമായ അര്‍ത്ഥത്തിലാണ് ഈ യോജിപ്പ്. പഠനം (study), അന്വേഷണം (probe), പര്യവേക്ഷണം(exploration), പരിശോധന (examination), അപഗ്രഥനം (anyalysis), പുനരവലോകനം (review). ഭാഷകളില്‍ ഇങ്ങനെ പര്യായസഞ്ചികകള്‍ തന്നെയുണ്ടായിരുന്നിട്ടും Research എന്ന പദം എങ്ങനെ ആധുനിക വൈജ്ഞാനികാന്വേഷണത്തിന്‍റെ നാമമായി ലോകമാകെ അംഗീകരിക്കപ്പെട്ടു എന്ന് ചിന്തിക്കാവുന്നതാണ്. 

ഫ്രഞ്ചു തത്ഭവമായ research ഒരു ഇംഗ്ലീഷ് പദമാണ് എന്നു കാണേണ്ടതാണ്. നവീനശാസ്ത്രീയപദ്ധതിയും വ്യവസായവിപ്ലവവും കൊളോണിയലിസവും കേന്ദ്രസ്ഥമായിരുന്നത് ഈ ജനതയിലാണ്. പുതുമയും ഉടമസ്ഥതയും അവകാശപ്പെട്ട് ഒരറിവുപദ്ധതി അവതരിപ്പിക്കുമ്പോള്‍ വൈവിധ്യമാര്‍ന്ന ചരിത്രജീവിതമുള്ള ഇതരപദങ്ങളെക്കാള്‍ പുതിയ പദമാണ് യോജ്യം. ഈ പദത്തിലൂടെ ശാസ്ത്രീയമായ അറിവന്വേഷണം എന്നത്  research എന്ന പ്രക്രിയയാണെന്ന് അതിന്‍റെ അവകാശികള്‍ സ്ഥാപിക്കുന്നു. ഈ ലോകാധിപത്യത്തില്‍ നാനാഭാഷകള്‍ അതതു ഭാഷകളിലെ പദങ്ങളിലൂടെ ഈ പുതിയ ഉള്ളടക്കത്തിന്‍റെ പേരായി നില്‍ക്കുന്നു. അഥവാ, യൂറോകേന്ദ്രിതാധുനികതയില്‍ എല്ലാ വിധേയഭാഷകളും research എന്ന ഉള്ളടക്കത്തെ ആത്മം നീക്കിയ പുറന്തോടുകള്‍ക്കകത്തേക്ക് ആനയിക്കുന്നു. ൃലലെമൃരവ ഗവേഷണം എന്നത് ഒരുദാഹരണം മാത്രം.

മറ്റൊന്നുകൂടി research എന്ന പദത്തിന്‍റെ ഈ ഭാവവിരാജിത്വത്തിന് സഹായകമായിട്ടുണ്ട്. അത്യന്തം അമൂര്‍ത്തവും സാമാന്യവുമായി research എന്നതിനെ മനസ്സിലാക്കുമ്പോഴാണത് സംഭവിക്കുന്നത്. അപ്പോഴാകട്ടെ, വിജ്ഞാനോത്പാദനവുമായി ബന്ധപ്പെട്ട ഏതര്‍ത്ഥവും നിറയ്ക്കാന്‍ മട്ടില്‍ research എന്ന രൂപം സജ്ജമാകുന്നു. സ്ഥലകാല മൂര്‍ത്തതയില്ലാത്ത സാമാന്യപ്രസ്താവങ്ങള്‍ നിര്‍മ്മിക്കുന്ന വലിയൊരധികാരപ്രയോഗമാണിത്. സകല അറിവന്വേഷണങ്ങളെയും research എന്ന് പറയാം എന്ന രീതി. മറ്റേതെങ്കിലുമൊരു ഭാഷാപദത്തെ ഈയര്‍ത്ഥത്തില്‍ പ്രയോഗിച്ചാലും (ഉദാ: ഗവേഷണം എന്ന ഇന്ത്യന്‍ പദം research എന്ന പദത്തിനും സകല അറിവുരീതികള്‍ക്കും പേരായി സ്വീകരിക്കുകയും ലോകഭാഷകള്‍ ഈ പദത്തെ തര്‍ജ്ജമ ചെയ്യുകയും ചെയ്യുക) ഇതേ ഫലം തന്നെ. അതിനാല്‍, കരണീയമായിട്ടുള്ളത് research എന്ന പദത്തെ (ഇതുപോലെ മറ്റു പദങ്ങളെയും) കാലാപേക്ഷമായും വിശേഷമായും സ്വീകരിക്കുക എന്നതാണ്. രൂപവൈവിധ്യം ഭാവവൈവിധ്യമായി വികസിപ്പിക്കുന്നതിനുള്ള വഴിയും ഇതുതന്നെ. 

ഗവേഷണം - പദനിരുക്തി

ഗവേഷണം എന്ന വാക്കിന് ഒരു ഋഗ്വേദകഥയുമായി ബന്ധാരോപം നല്‍കിവരുന്നുണ്ട്. "അപഹരിച്ച് ഗുഹയിലാക്കിയ ഗോക്കളെ ഇന്ദ്രനോ ബൃഹസ്പതിയോ അന്വേഷിച്ച് കണ്ടെത്തുന്ന കഥ ഋഗ്വേദത്തിലുണ്ട്. പ്രാചീനമായ ഈയര്‍ത്ഥത്തിന്‍റെ കൂടുതല്‍ വികസിതവും വിശദവുമായ രൂപമാണ് ഗവേഷണം എന്ന പദം ഇന്ന് ഉള്‍ക്കൊള്ളുന്നത്" (പ്രബോധചന്ദ്രന്‍ വി.ആര്‍.,1990:783). മൂന്നു വിധത്തിലുള്ള നിരുക്തി ഗവേഷണം എന്ന പദത്തിന് നല്‍കിക്കാണുന്നുണ്ട്. ഗോ+ഏഷണം, ഗവ+ഏഷണം, ഗവേഷ+അനം (ഗോപിനാഥപിള്ള എന്‍.ആര്‍, 2002:vii) ഗോ എന്നതിന് ഗോവ് എന്നുതന്നെയും ഗവേഷ എന്നതിന് അന്വേഷണം എന്നുമാണര്‍ത്ഥം. അഷ്ടാധ്യായിയില്‍ ഗവേഷണമെന്ന പദത്തിന്‍റെ സന്ധി നിര്‍ദ്ദേശത്തിനുമാത്രമായി സൂത്രം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ക്രിസ്തുവിന് ഏറേ നൂറ്റാണ്ടുകള്‍ മുന്‍പേതന്നെ ഗവേഷണം എന്ന പദം സുപരിചിതമായിരുന്നു എന്നും ഗോപിനാഥപിള്ള നിരീക്ഷിക്കുന്നു (മേല്‍ പുസ്തകം, അതേ പുറം). "ഗവേഷണം എന്ന സംസ്കൃതപദത്തിന് ആദ്യകാലത്ത് പശുവിനെത്തിരയല്‍ എന്നേ അര്‍ത്ഥമുണ്ടായിരുന്നുള്ളൂ. പക്ഷേ ഗോ ശബ്ദത്തിന് സംസ്കൃതത്തില്‍ പശു എന്ന അര്‍ത്ഥത്തിനു പുറമേ വാക്ക്, പ്രകാശരശ്മി മുതലായ അര്‍ത്ഥങ്ങളും ഉണ്ട്. അങ്ങനെയെങ്കില്‍ ഗവേഷണം എന്ന പദത്തെ പശുവിനെത്തിരയല്‍ എന്ന അര്‍ത്ഥവുമായി ബന്ധിപ്പിക്കാതെ തന്നെ ഗോശബ്ദത്തിന്‍റെ വാക്ക് എന്ന അര്‍ത്ഥത്തില്‍ നിന്ന് ഗവേഷണശബ്ദത്തിന് വൈജ്ഞാനികാന്വേഷണമെന്ന വിവക്ഷ കിട്ടു"മെന്ന് പ്രഭാകരവാരിയര്‍ (1982:2) അഭിപ്രായപ്പെടുന്നു. അമരകോശം ബ്രഹ്മവര്‍ഗ്ഗത്തില്‍ 34-ാമത് സൂത്രത്തില്‍ "പര്യേഷണാ പരീഷ്ടിശ്ചാന്വേഷണാ ച ഗവേഷണാ സനിസ്ത്വധ്യേഷണാ യാച്ഞാഭിശശ്തിര്യാചനാര്‍ത്ഥനാ" എന്ന് ഗവേഷണപദത്തെ ഉള്‍പ്പെടുത്തുന്നു. പര്യേഷണാ, അന്വേഷണാ, ഗവേഷണാ, പരീഷ്ടി: എന്നിവയ്ക്ക് ധര്‍മ്മാദികളുടെ അന്വേഷണത്തിന്‍റെ പേര്‍ എന്നാണര്‍ത്ഥം പറയുന്നത് (ബാലകൃഷ്ണപ്പണിക്കര്‍ കെ.കെ., (വ്യാഖ്യാ.), 2006:185).

ഗവേഷണം: സൂചകവും സൂചിതവും!

ഇന്ത്യന്‍ സന്ദര്‍ഭത്തിലെ അറിവന്വേഷണമാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ഇന്ത്യന്‍ ജ്ഞാനശാസ്ത്രപാരമ്പര്യത്തിലേക്കുള്ള സൂചകമാണ് ഗവേഷണം എന്ന വാക്ക്. ഇന്ത്യന്‍ ജ്ഞാനപദ്ധതികള്‍ ആധുനികജ്ഞാനപദ്ധതിയുമായി സാദൃശ്യം പുലര്‍ത്തുന്ന സന്ദര്‍ഭങ്ങള്‍പോലെ തന്നെ വിയോജിക്കുന്ന സന്ദര്‍ഭങ്ങളും ധാരാളമുണ്ട്. ഇന്ത്യന്‍ സങ്കല്പനമായ ജ്ഞാനവും പാശ്ചാത്യ സങ്കല്പനമായ knowledge ഉം ഒന്നല്ല. ജ്ഞാനം എല്ലാവിധ സംവേദനങ്ങളെയും കുറിക്കുന്നു. അതില്‍ യഥാര്‍ത്ഥ അറിവും (valid knowledge-prama)  അയഥാര്‍ത്ഥ/യഥാര്‍ത്ഥേതര അറിവും (invalid/non-valid knowledge) ഉള്‍പ്പെടുന്നു. പാശ്ചാത്യജ്ഞാനശാസ്ത്രം യഥാര്‍ത്ഥജ്ഞാനത്തെ മാത്രമേ അംഗീകരിക്കുന്നുള്ളു. വ്യത്യസ്ത ചിന്താസരണികള്‍ വ്യത്യസ്തതകളോടെയാണ് അറിവിനെയും അതിന്‍റെ സ്രോതസ്സ്, സാധുത തുടങ്ങിയവയെയും നിര്‍വചിച്ചത്. 

ചാര്‍വാകം, ജൈനം, ബൗദ്ധം, ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെ ഇന്ത്യന്‍ ജ്ഞാനപാരമ്പര്യങ്ങളോരോന്നും വ്യതിരിക്തമായ രീതികളിലൂടെയാണ് ജ്ഞാനത്തെ നിര്‍വ്വചിച്ചത്. ചാര്‍വാകര്‍ ഭൗതികവാദപരമായി ജ്ഞാനത്തെ കണ്ടു. പ്രത്യക്ഷത്തെ (perception) മാത്രമേ  അവര്‍ ജ്ഞാനപ്രമാണമായി അംഗീകരിച്ചുള്ളൂ. ജൈനജ്ഞാനപദ്ധതിയില്‍ പ്രത്യക്ഷം മാത്രമല്ല അനുമാനം (inference), ശബ്ദം testimony എന്നിവയും കടന്നുവരുന്നു. അവര്‍ സ്യാദവാദികളായിരുന്നു. അറിവിന്‍റെ ആപേക്ഷികതയാണ് സ്യാദവാദം മുന്നോട്ടുവച്ചത്. സ്യാദ്  (syat) എന്ന  വാക്കിനര്‍ത്ഥം ആപേക്ഷികമായി പറയുകയാണെങ്കില്‍ (relatively speaking)  എന്നതാണ്. എല്ലാ വിധിപ്രസ്താവങ്ങളും സോപാധിക(conditional)മാണ്. യാഥാര്‍ത്ഥ്യത്തിന് അനന്തമായ ഭാവങ്ങള്‍ സാധ്യമാണ്. ജൈനചിന്ത ഏഴുവിധത്തിലുള്ള വിധിപ്രസ്താവങ്ങളെ അംഗീകരിച്ചു. ബൗദ്ധജ്ഞാനദര്‍ശനം പ്രത്യക്ഷത്തെയും അനുമാനത്തെയും മാത്രമേ അംഗീകരിച്ചുള്ളൂ. വൈശേഷികവും അങ്ങനെത്തന്നെ. സാംഖ്യദര്‍ശനം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം തുടങ്ങിയവ പ്രമാണങ്ങളായി അംഗീകരിച്ചു. വേദാന്തികള്‍ക്കാകട്ടെ പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം, അര്‍ത്ഥാപത്തി, അനുപലബ്ധി എന്നിവയെല്ലാം പ്രമാണമാണ് (Kundu Abhijith, et. al, 2009:69-74)..  ഇങ്ങനെ വൈവിധ്യപൂര്‍ണമായ ജ്ഞാനദര്‍ശനങ്ങളിലേക്കുള്ള സൂചകമാകേണ്ട ഗവേഷണം എന്ന പദത്തെ ആധുനികജ്ഞാനാന്വേഷണ സ്വരൂപം എന്ന അര്‍ത്ഥത്തിലേക്ക് നാമിന്ന് ചുരുക്കിയിരിക്കുന്നു.

ആധുനികവിജ്ഞാനക്രമവും ഇന്ത്യന്‍ വിജ്ഞാനക്രമവുമായുള്ള വ്യത്യാസങ്ങള്‍ വിപുലമാണ്. ഇതില്‍ പ്രധാനമായ ഒന്ന് ആധുനികവിജ്ഞാനക്രമത്തിലെ  ശ്രേണീകരണമാണ്. സാഹിത്യാദി മാനവിക വിഷയങ്ങളെ സ്വാഭാവികമായി ഉള്‍ക്കൊള്ളാന്‍ ആധുനിക വിജ്ഞാനദര്‍ശനത്തിനു കഴിയുന്നില്ല. ശാസ്ത്രത്തിന്‍റെ ആദര്‍ശത്തിലാണ് ഈ ക്രമം വാര്‍ക്കപ്പെട്ടിരിക്കുന്നത്. വിഷയങ്ങള്‍ തമ്മില്‍ ശ്രേണീകരണം നിലനില്‍ക്കുന്നു. മുകളറ്റത്ത് ശുദ്ധശാസ്ത്രങ്ങളും ഏറ്റവും താഴെ മാനവികവിഷയങ്ങളുമാണ്. അഗസ്തെ കോംതെ(Auguste Comte).യേപ്പോലുള്ളവര്‍ ശാസ്ത്രീയരീതിശാസ്ത്രം സാമൂഹിക-മാനവിക വിഷയങ്ങളിലും സന്നിവേശിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും അത് സാര്‍വദേശീയമായി ഏറ്റെടുക്കപ്പെടുകയും ചെയ്തെങ്കിലും വസ്തുനിഷ്ഠതയില്‍ പിന്നിലായ ഇത്തരം വിഷയങ്ങള്‍ പിന്നോട്ടു തള്ളപ്പെട്ടു. ആഖ്യാനാത്മകതയും വ്യാഖ്യാനാത്മകതയുമൊക്കെ പ്രാധാന്യത്തില്‍ വരുന്ന ഇത്തരം വിഷയങ്ങളെ വസ്തുനിഷ്ഠതയുടെ മാനദണ്ഡങ്ങളില്‍ നിര്‍വചിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് സംഭവിച്ചത്. ശാസ്ത്രേതര മേഖലകളെ ഉള്‍ക്കൊള്ളാന്‍ ആധുനിക ജ്ഞാനപദ്ധതിയ്ക്കുള്ള പരിമിതി സ്വന്തം പരിമിതിയായല്ല, അത്തരം വിഷയങ്ങളുടെ പരിമിതിയായാണ് ആധുനിക വിജ്ഞാനോല്പാദനക്രമം കണ്ടത്.

ഗവേഷണനിര്‍വ്വചനങ്ങള്‍ : കേവലതയില്‍ നിന്ന് പക്ഷങ്ങളിലേക്ക്

research അഥവാ ഗവേഷണത്തിന് നല്കപ്പെട്ടിരിക്കുന്ന നിര്‍വ്വചനങ്ങളെ ഇവിടെ നാലായി തിരിച്ച് മനസ്സിലാക്കുന്നു. 1. സാമാന്യം, 2. സാങ്കേതികം, 3. വ്യാവര്‍ത്തിതം, 4. മൂല്യനിഷ്ഠം.

1. സാമാന്യം - പൊതുനിഘണ്ടുക്കളും വ്യവഹാരവും നല്കുന്ന അര്‍ത്ഥപരിസരം, പ്രധാനമായും ആദ്യത്തേതാണ്. പൊതുബോധത്തിനുപയുക്തമായവ എന്നും പറയാം. സാങ്കേതികതയില്‍നിന്ന് ഇവ ഒഴിഞ്ഞുനില്‍ക്കുന്നു. സാമാന്യവശങ്ങള്‍ മാത്രം പ്രതിപാദിക്കുന്നു. "വസ്തുതകള്‍ സ്ഥാപിക്കുന്നതിനും പുതിയ നിഗമനങ്ങള്‍ രൂപീകരിക്കുന്നതിനുമായി ദത്തങ്ങളേയും സ്രോതസ്സുകളെയും ക്രമബദ്ധമായ അന്വേഷണത്തിനു വിധേയമാക്കുന്ന പ്രക്രിയ"5 (www.google.co.in/define research).. "അന്വേഷണം, ശാസ്ത്രീയപരിക്ഷണം" (ദാമോദരന്‍നായര്‍ പി., 1984:455). "വിവരങ്ങള്‍, വ്യാഖ്യാനിക്കുക, പുതിയ വിവരങ്ങളുടെ വെളിച്ചത്തില്‍ സ്വീകരിക്കപ്പെട്ട സിദ്ധാന്തങ്ങളും നിയമങ്ങളും പുനരന്വേഷണങ്ങളുമടങ്ങിയ ഗൗരവാവഹമായ (studious) അന്വേഷണം"6 (merriam-webster.com/research) തുടങ്ങിയവ ഇതിന്‍റെ മാതൃകകളാണ്. തന്‍റെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവില്‍ ബഞ്ചമിന്‍ ബെയ്ലി ഗവേഷണമെന്ന പദം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. "ഗവേഷണത്തിന്‍റെ  Reseach, inquiry after anything (Physical or philosophical); അന്വേഷണം, ഗവേഷണം ചെയ്യുന്നു To seek, search or look for”.7

ഇത്തരം സാമാന്യനിര്‍വചനങ്ങള്‍ക്ക് മറ്റു വിവക്ഷകള്‍ നേരിട്ടല്ലെങ്കില്‍പ്പോലും വന്നുകൂടുന്നുണ്ടെന്ന് മുമ്പ് സൂചിപ്പിച്ചുകഴിഞ്ഞു. ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുവരെ ഉല്പത്തി നീണ്ടേക്കാവുന്ന ഗവേഷണം എന്ന പദം research   എന്ന, പ്രാഗ്രൂപമായിപ്പോലും പതിനാറാം നൂറ്റാണ്ടിനുമുമ്പ് അസ്തിത്വമില്ലാത്ത ഒരു പദത്തിന്‍റെ തര്‍ജ്ജമയായി വന്നിരിക്കുന്നു. റിസര്‍ച്ചിന് അനാദിയായ അര്‍ത്ഥം നല്കുമ്പോള്‍ അറിവിന്‍റെ അനാദിയായ ചരിത്രം എന്നല്ല, ഒരാധുനിക അറിവുരൂപത്തിന് അനാദിയും കേവലവുമായ ചരിത്രം നിര്‍മ്മിച്ചെടുക്കുക എന്നാണര്‍ത്ഥം. നിഘണ്ടുക്കളുടെ കാര്യത്തില്‍ ഇവിടെ കാണേണ്ടുന്ന ഒരു കാര്യമുണ്ട്. ബെയ്ലി നിഘണ്ടുവിന്‍റെ ക്രമമല്ല ഇക്കാര്യത്തില്‍ ഗുണ്ടര്‍ട്ട് നിഘണ്ടു സ്വീകരിച്ചിരിക്കുന്നത്. ബെയ്ലി നിഘണ്ടുവിന് കാല്‍നൂറ്റാണ്ടിനുശേഷം (1872) പുറത്തുവന്ന ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ ഗവേഷണം എന്ന പദത്തിന് research  എന്ന ഇംഗ്ലീഷ് പദം പകരം വച്ചുകാണുന്നില്ല. ബെയ്ലി നിഘണ്ടു ഗുണ്ടര്‍ട്ടിന്‍റെ പരിശോധനയ്ക്കു വിധേയമായിരിക്കാമെന്നതിനാല്‍ ഇവിടെ ഗുണ്ടര്‍ട്ട് research  എന്ന പദം തര്‍ജ്ജമയായി നല്കാതിരുന്നത് പിഴവാകാന്‍ ഇടയില്ല. ഗവേഷണം എന്നതിന് seeking earnestly  എന്നാണ് പ്രസ്തുത നിഘണ്ടുവിന്‍റെ തര്‍ജ്ജമ (ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്, 1995:331). ഗുണ്ടര്‍ട്ട് നിഘണ്ടു പുറത്തിറങ്ങുമ്പോഴേക്ക് ആധുനികവും വ്യവസ്ഥാപിത ഉള്ളടക്കത്തോടുകൂടിയതുമായ അറിവന്വേഷണത്തിന്‍റെ പേരായി research നെ ഉറപ്പിക്കുന്ന സര്‍വ്വകലാശാലകള്‍ വിപുലമായിരുന്നു. 1857-ല്‍ ഇന്ത്യന്‍ സാഹചര്യത്തിലും ഇത് യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങി. ഗുണ്ടര്‍ട്ട് ഒരു ഡോക്ടര്‍ ബിരുദധാരിയായിരുന്നു. ഇങ്ങനെ, തീര്‍ത്തും വ്യതിരിക്തവും വിശേഷവുമായ അറിവുല്പാദനക്രമത്തെ ഭാരതത്തില്‍ തുടര്‍ന്നുവരുന്ന അറിവന്വേഷണാദികളെ സൂചിപ്പിക്കാനുപയോഗിക്കുന്ന ഗവേഷണം എന്ന പദം കൊണ്ട് സൂചിപ്പിക്കുമ്പോള്‍ അവയുടെ ഉള്ളടക്ക വ്യതിരിക്തത സംബന്ധിച്ച സംഘര്‍ഷം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. പിന്നീടുള്ള ചരിത്രത്തില്‍ റിസര്‍ച്ചിന്‍റെ തര്‍ജ്ജമയായി ഉപയോഗിക്കാനാകും മട്ടില്‍ സര്‍വ്വകലാശാലാതലത്തില്‍ അക്കാദമികവും ഔപചാരികവുമായി നടത്തുന്ന വിജ്ഞാനോല്പാദനങ്ങളെ വിളിക്കാനുള്ള പേരായി ഗവേഷണം എന്നത് സ്ഥിരപ്പെടുകയും ചരിത്രബന്ധങ്ങള്‍ ഇല്ലാതാകുകകയും ചെയ്തിരിക്കാം. തുടര്‍ന്നുള്ള നിഘണ്ടുക്കള്‍ ബെയ്ലിയുടെ ക്രമം പാലിച്ചുകാണുന്നു.

പൊതുവില്‍ സാമാന്യനിര്‍വചനങ്ങള്‍ നോക്കിയാല്‍ എല്ലാ വിജ്ഞാനോല്പാദനമാര്‍ഗ്ഗങ്ങളേയും മേല്‍പ്പറഞ്ഞ നിര്‍വചനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത് കാണാം. നിര്‍വചനങ്ങളെ അത്യന്തം അമൂര്‍ത്തമാക്കുന്നതിലൂടെയാണിത് സാധിക്കുന്നത്. വൈജ്ഞാനികാന്വേഷണത്തിന്‍റെയും ഉല്പാദനത്തിന്‍റെയും പൊതു പശ്ചാത്തലത്തില്‍ ഇവയെ ഒരുമിപ്പിക്കുന്നതില്‍ യുക്തിയുണ്ട്. എന്നാല്‍ മുന്‍പു സൂചിപ്പിച്ചതുപോലെ, ഓരോ അറിവുല്പാദനത്തിന്‍റെയും അന്വേഷണവഴിയും ഉള്ളടക്കവും വ്യത്യസ്തമാണ്. അതിലേക്കുള്ള സൂചനകള്‍ ഈ നിര്‍വചനങ്ങളില്‍ നിന്നു ലഭിക്കുന്നില്ല. കാലനിരപേക്ഷതയാണ് മറ്റൊരു പ്രത്യേകത.

2. സാങ്കേതികം : "ഗവേഷണം ഒരക്കാദമിക പ്രവൃത്തിയായതിനാല്‍ സാങ്കേതികാര്‍ത്ഥത്തിലായിരിക്കണം ആ പദം പ്രയോഗിക്കേണ്ടത്" (ഗോപാലകൃഷ്ണന്‍ നടുവട്ടം, 2002:1) എന്നി നിലയിലുള്ള ഉള്‍ക്കാഴ്ചയോടെയുള്ള നിര്‍വ്വചനങ്ങളാണിവ. മലയാളസര്‍വ്വവിജ്ഞാനകോശത്തില്‍ ഗവേഷണത്തെ ഇങ്ങനെ നിര്‍വ്വചിക്കുന്നു - "വസ്തുക്കള്‍ തമ്മിലുള്ള ബന്ധങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ അറിവുകള്‍ വര്‍ദ്ധിപ്പിക്കുകയും വസ്തുനിഷ്ഠ തെളിവുകള്‍ മുന്‍നിര്‍ത്തിയുള്ള വാദഗതി മുഖേന നിശ്ചിതമായ ഒരു പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഗവേഷണം" (പ്രബോധചന്ദ്രന്‍ വി.ആര്‍., 1990:783). ഇവിടെ, വസ്തുനിഷ്ഠ വാദഗതി ഗവേഷണത്തിന്‍റെ സവിശേഷതയായി എടുത്തുകാട്ടുന്നുണ്ട്. ഇതാകട്ടെ, യൂറോപ്യന്‍ നവോത്ഥാനചിന്തയുടെ യുക്തി - അനുഭവനിഷ്ഠമായ അറിവുപദ്ധതിയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ഇത്തരം സൂചനകള്‍, കേവലമായി നില്‍ക്കുന്ന നിര്‍വ്വചനങ്ങളെ ചരിത്രബന്ധങ്ങളിലേക്ക് നയിക്കുന്നു. തന്‍റെ സാഹിത്യഗവേഷണ രീതിശാസ്ത്രഗ്രന്ഥത്തില്‍ ഡോ.ചാത്തനാത്ത് അച്യുതനുണ്ണി ഗവേഷണത്തിന്‍റെ വ്യതിരിക്ത സ്വഭാവങ്ങളെ നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇങ്ങനെ ക്രോഡീകരിക്കാം:

1. ഒരു പ്രശ്നത്തിന്‍റെ പരിഹാരം ലക്ഷ്യമാക്കുന്നതാണ് ഗവേഷണം. 2. സാമാന്യതത്വങ്ങളും സിദ്ധാന്തങ്ങളും ആവിഷ്കരിക്കുന്നതിലാണ് ഗവേഷണം ഊന്നുന്നത്. 3. നിരീക്ഷണയോഗ്യമായ അനുഭവങ്ങളെയോ പരീക്ഷണസിദ്ധമായ തെളിവുകളെയോ ആസ്പദിച്ചാണ് ഗവേഷണം. 4. കൃത്യമായ നിരീക്ഷണവും വിവരണവും ഗവേഷണത്തിന് ആവശ്യമാകുന്നു. 5. പുതുതായി കണ്ടെത്തിയ പ്രഭവസാമഗ്രികളില്‍ നിന്നു തെളിവുകള്‍ ശേഖരിക്കുകയോ നിലവിലുള്ള സാമഗ്രികളില്‍ നിന്ന് പുതിയ തെളിവുകള്‍ കണ്ടെത്തുകയോ ചെയ്യണം. 6. നിഷ്കൃഷ്ടമായ അപഗ്രഥനത്തിന് വിധേയമാക്കി ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത നടപടിക്രമം ഗവേഷണത്തിനുണ്ടായിരിക്കണം. 7. വസ്തുനിഷ്ഠവും യുക്തിഭദ്രവുമാണ് ഗവേഷണത്തിന്‍റെ മാര്‍ഗ്ഗം. ഗവേഷകന്‍ താന്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങളിലൂടെയും ശേഖരിച്ച പ്രഭവസാമഗ്രികളിലൂടെയും ചെന്നെത്തുന്ന നിഗമനങ്ങളുടെ മൂല്യം ആവുന്നത്രവിധത്തിലെല്ലാം പരീക്ഷിച്ചു ബോധ്യപ്പെട്ടിരിക്കണം. 9. പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള യത്നത്തിലേര്‍പ്പെട്ട ഗവേഷകന് ക്ഷമയും ധൈര്യവും അവധാനതയും ആവശ്യമാണ്. 10. ഗവേഷകന്‍ നിഗമനങ്ങള്‍ മാത്രം രേഖപ്പെടുത്തി വച്ചാല്‍ പോര. നിഗമനങ്ങളിലേക്കു തന്നെ നയിച്ച പ്രഭവങ്ങളുടെ സവിശേഷസ്വഭാവം മുതല്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ വസ്തുനിഷ്ഠമായും യുക്തിഭദ്രമായും കടന്നുപോകുന്ന ഓരോ ഘട്ടവും വരെ സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കണം. ഇത് നിഗമനങ്ങളുടെ മൂല്യം തെളിയിക്കാന്‍ ആവശ്യമാണ്" (അച്യുതനുണ്ണി ചാത്തനാത്ത്, 2006:19-20).

ഇവ സംഗ്രഹിച്ചാല്‍ ഇവ നിര്‍വ്വചിക്കുന്ന ഗവേഷണം എന്ന അറിവുരൂപത്തിന് താഴെപ്പറയുന്ന സവിശേഷതകള്‍ കാണാം. 

1. വിജ്ഞാനോല്പാദനം, പ്രശ്നപരിഹാരം, വിജ്ഞാനവിപുലനം ഇവ ഗവേഷണത്തിന്‍റെ താല്പര്യമേഖലയില്‍പ്പെടുന്നു.

2. കൃത്യമായ ആസൂത്രണത്തോടെ നിര്‍വഹിക്കുന്ന അറിവന്വേഷണമാണിത്.

3. വസ്തുനിഷ്ഠത, യുക്തിഭദ്രത എന്നിവയാണിതിന്‍റെ പ്രമാണങ്ങള്‍. അതിലേക്കായി പരീക്ഷണങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവയാല്‍ വിലയിരുത്തലുകള്‍ നടത്തുന്നു.

4. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് യോഗ്യമല്ലാത്ത സ്വരൂപങ്ങളില്‍ ഗവേഷണം ഉപയുക്തമല്ല.

5. പ്രശ്നം മുതല്‍ പരിഹാരം വരെയുള്ള മാര്‍ഗ്ഗങ്ങള്‍ സുതാര്യമായിരിക്കണം.

ചുരുക്കത്തില്‍, ശാസ്ത്രീയമായ അന്വേഷണമാര്‍ഗ്ഗമാണ് ഗവേഷണത്തിന്‍റേത്. അത് പരീക്ഷണങ്ങള്‍ വഴി തെളിയിക്കപ്പെടുകയും നിരീക്ഷണങ്ങള്‍ വഴി സത്യമായിരിക്കുകയും വേണം. യുക്തിയേയും അനുഭവത്തേയും സംയോജിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയരീതിശാസ്ത്രം (Scientific method)  തന്നെയാണിത്.

2.1 സാഹിത്യഗവേഷണവും സാങ്കേതികതയും

മാനവികവിഷയങ്ങളില്‍ പൊതുവിലും സാഹിത്യത്തില്‍ വിശേഷിച്ചും 'അളവും' 'യുക്തിയും' 'കൃത്യത'യില്‍ പിറകിലാണ്. അപ്പോള്‍ സാഹിത്യഗവേഷണം മേല്‍നിര്‍വചനത്തോട് സമ്യക്കായി ചേര്‍ന്നുനില്‍ക്കുന്നില്ല എന്നുകാണാം. ചില ഘടകങ്ങള്‍ കൊണ്ട്  അതിന്‍റെ എതിര്‍ദിശയിലേക്ക് നീങ്ങുന്നുണ്ടുതാനും. അങ്ങനെ നോക്കുമ്പോള്‍ സാഹിത്യഗവേഷണത്തെ എങ്ങനെ സാങ്കേതികമായി നിര്‍വചിക്കാം? വിജ്ഞാനകോശം പറയുന്നു:

"കലാമൂല്യം, ശില്പസംവിധാനം, സൗന്ദര്യാത്മകത ഇവയെക്കുറിച്ചുള്ള അന്വേഷണമാണ് സാഹിത്യഗവേഷണം. വ്യക്തിനിഷ്ഠമോ, അനുഭൂതിപരമോ ആയ സമീപനത്തോടെയാണ് സൗന്ദര്യാത്മകപഠനം തുടങ്ങുക. ഇത് ശുദ്ധമേ ശാസ്ത്രീയമാവുക വയ്യ. സൗന്ദര്യശാസ്ത്രം എന്നു പറയാവുന്ന പൊതുതത്വങ്ങളെ ചിലപ്പോള്‍ ആശ്രയിക്കാമെങ്കിലും നിരൂപകന്‍റെ ഉള്‍ക്കാഴ്ചയാണ് ഇവിടെ പ്രധാനം" (പ്രബോധചന്ദ്രന്‍ വി.ആര്‍., 1970:786). ഇവിടെ ശാസ്ത്രീയതയുടെ നേര്‍വിപരീതദിശയിലാണ് സാഹിത്യഗവേഷണത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവേഷണനിര്‍വചനങ്ങള്‍ സാഹിത്യഗവേഷണത്തെ ഔപചാരികമായി മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. ശുദ്ധം/അപഭ്രംശം എന്ന മട്ടില്‍. അളവുപരവും (quantitative) ഗുണപരവും  (qualitative) ആയ അന്വേഷണരീതികള്‍ തമ്മിലുള്ള നിരന്തരസംഘര്‍ഷം ഇതിന്‍റെ തെളിവാണ്.

ഇതിന് രണ്ടുതരത്തിലുള്ള പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടു കാണാറുണ്ട്. ഒന്ന് അതിനെ ശാസ്ത്രീയതയുടെ അപരമായി കാണുക എന്നതാണ്. രണ്ടാമത്തേത് ശാസ്ത്രീയതയെ രൂപത്തിന്‍റെ ജൈവികതയ്ക്കുതകുംവണ്ണം പ്രയോഗിക്കുക എന്നതാണ്. "വസ്തുനിഷ്ഠതയ്ക്കും ക്രമബദ്ധതയ്ക്കും സാഹിത്യഗവേഷണത്തില്‍  ആപേക്ഷികമായ അര്‍ത്ഥമാണുള്ളത് എന്നു കരുതിയാല്‍ പ്രശ്നം തീര്‍ന്നു" (ബഞ്ചമിന്‍ ഡി., 2012:10). "മാനവികഗവേഷണം വസ്തുനിഷ്ഠസത്യത്തിലല്ല ഊന്നുന്നത്. അത് അര്‍ത്ഥത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് അന്വേഷിക്കുന്നത്. സംഭവങ്ങളുടെ കാരണം കണ്ടെത്തുകയല്ല, വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുകയാണ്. ആഖ്യാനാത്മകഭാവന (narrative imagination) ആണ് ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയുമെല്ലാം പ്രധാന സമീപനം" (Kundu Abhijith et.al, 2009:17)  എന്നീ നിര്‍വചനങ്ങള്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് പിന്‍തുടരുന്നതെന്ന് കാണാം. 

3. വ്യാവര്‍ത്തിതം - സമാനതകള്‍ പ്രദര്‍ശിപ്പിക്കുന്ന അറിവുരൂപങ്ങളില്‍ നിന്ന് ഒന്നൊന്നിനെ വ്യാവര്‍ത്തിപ്പിച്ച് സ്ഥാനപ്പെടുത്തുക എന്നതാണിതിന്‍റെ താല്പര്യം. സാഹിത്യഗവേഷണത്തെ ആസ്പദമാക്കി ഈ വ്യാവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നിരൂപണവും ഗവേഷണവുമായുള്ള വ്യാവര്‍ത്തനം ഇതിന് ഉദാഹരണമാണ്. "പാശ്ചാത്യഗവേഷണം നിരൂപണത്തിന്‍റെ ഉപവിഭാഗമായിരുന്നു" (പ്രബോധചന്ദ്രന്‍ വി.ആര്‍., 1990:786) എന്നിരിക്കെ ഈ വ്യാവര്‍ത്തനത്തിന് പ്രസക്തിയുണ്ട്. വാറന്‍, വെല്ലക് എന്നിവരെ ഉദ്ധരിച്ചുകൊണ്ട് എസ്.ഗുപ്തന്‍നായര്‍ ഗവേഷണത്തിന്‍റെയും നിരൂപണത്തിന്‍റെയും രീതികളെ വ്യാവര്‍ത്തിപ്പിക്കുന്നു. "ഒന്ന് ബാഹ്യനിഷ്ഠവും മറ്റേത് അന്തര്‍നിഷ്ഠവുമാണ്. ബാഹ്യനിഷ്ഠസമീപനത്തില്‍ ജീവചരിത്രം, മനഃശാസ്ത്രം, സമൂഹം, ഇതര കലാസംബന്ധം എന്നിവയ്ക്കാണ് പ്രാധാന്യം. അന്തര്‍നിഷ്ഠസമീപനത്തില്‍ വൃത്തം, ശൈലി, അലങ്കാരം, സാഹിത്യരൂപം, മൂല്യനിര്‍ണയം എന്നിവയ്ക്കും. ഗവേഷകനിരൂപകന്‍ ആദ്യത്തെ ശാഖയില്‍ അധികം ശ്രദ്ധിക്കുമ്പോള്‍ ശുദ്ധനിരൂപകന്‍ രണ്ടാമത്തെ ശാഖയില്‍ ശ്രദ്ധിക്കുന്നു" (ഗുപ്തന്‍നായര്‍ എസ്., 1976:2010-211). ഇങ്ങനെ പറയുമ്പോള്‍ സൗന്ദര്യവാദപരമായ നിരൂപണത്തെ ഗവേഷണത്തില്‍ നിന്ന് വ്യതിരിക്തമാക്കി നിര്‍ത്തുന്നു. സാമൂഹ്യശാസ്ത്രാധിഷ്ഠിതനിരൂപണം നിര്‍വഹിക്കുന്നയാളെ ഗവേഷണാത്മകനിരൂപകന്‍ എന്നും വിളിക്കുന്നു. മാര്‍ഗ്ഗവ്യതിയാനത്തിലാണ് ഊന്നല്‍. പ്രമാണബദ്ധമായി ശാസ്ത്രീയവിശകലനരീതി താരതമ്യേന ആദ്യത്തെയാളാണ് ദീക്ഷിക്കുന്നത്. ആ പ്രത്യേക വീക്ഷണത്തിനകത്ത് നിരീക്ഷണം സാധുവാകുന്നു.

സാഹിത്യചരിത്രം, സാഹിത്യവിമര്‍ശനം, സാഹിത്യസിദ്ധാന്തം എന്നിങ്ങനെ മൂന്നു മേഖലകളെ ആസ്പദമാക്കിയാണ് കെ.എം.പ്രഭാകരവാര്യര്‍ ഗവേഷണത്തിന്‍റെ വ്യതിരിക്തത സൂചിപ്പിക്കുന്നത്. "സിദ്ധാന്തം, ചരിത്രം, വിമര്‍ശനം എന്നിവയേക്കാള്‍ നിഷ്കൃഷ്ടവും വസ്തുനിഷ്ഠവുമായ രചനാതന്ത്രങ്ങളാണ് ഗവേഷണത്തിനുള്ളത്" (പ്രഭാകരവാര്യര്‍ കെ.എം., 1994:90).

ഗവേഷണവും വിമര്‍ശനവും പാടേ വ്യത്യസ്തങ്ങളായ രണ്ടു ശിക്ഷണങ്ങളാണോ? വ്യത്യസ്തങ്ങള്‍ തന്നെ. പക്ഷേ പരസ്പരപൂരകങ്ങള്‍. എന്നാല്‍ പരസ്പര ബന്ധമില്ലാത്ത മട്ടിലാണ് മലയാളത്തില്‍ ഈ രണ്ടു ശിക്ഷണങ്ങളും പുരോഗമിച്ചത് (1976:209) എന്ന എസ്.ഗുപ്തന്‍നായരുടെ പ്രസ്താവന ഒരു വശത്തുള്ളപ്പോള്‍ മേല്‍പ്പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി നിരൂപണവും ഗവേഷണവും തമ്മില്‍ അതിര്‍വരമ്പു സൂക്ഷിക്കാത്തതാണ് ഗവേഷണമേഖലയിലെ ഒരു പ്രധാന പ്രശ്നമെന്നു വിശ്വസിക്കുന്നവരും ഉണ്ട്.

"നിരൂപകന്‍റെ ലക്ഷ്യം മൂല്യനിര്‍ണ്ണയമാണ്, മാര്‍ഗ്ഗം പ്രതീതിനിഷ്ഠവും. വിമര്‍ശനവിധേയമാകുന്ന കൃതി തന്‍റെ അന്തര്‍മണ്ഡലത്തെ എങ്ങനെ സ്പര്‍ശിക്കുന്നു, അതെങ്ങനെ തന്‍റെ അനുഭൂതി സാകല്യത്തെ സമ്പന്നമാക്കുന്നു ഇങ്ങനെ പലതുമാണ് നിരൂപകന്‍റെ അന്വേഷണവിഷയം. പ്രതീതിനിഷ്ഠമായ ഈ വ്യാപാരത്തിലൂടെ അയാള്‍ ആത്യന്തികമായി മൂല്യനിര്‍ണയത്തിലെത്തിച്ചേരുന്നു. എന്നാല്‍ യുക്തിക്കും കാര്യകാരണബന്ധത്തിനും വിധേയമാകാത്ത പ്രതീതികളൊന്നും ഗവേഷകന്‍റെ വഴിമുടക്കിക്കൂടാ. ഉപാദാനങ്ങളില്‍ തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടതു കൊള്ളുകയും ചെയ്തശേഷം അയാള്‍ അവയെ നിഗമനരൂപീകരണക്ഷമമാംവിധം ക്രോഡീകരിക്കുന്നു" (രാമചന്ദ്രന്‍നായര്‍ കെ.,1993:26).

ഈ തര്‍ക്കത്തില്‍ തീര്‍പ്പല്ല പ്രധാനം. വസ്തുനിഷ്ഠമായ ജ്ഞാനം സാധ്യമാണെന്നും അത് സാര്‍വ്വലൗകികമായ ഒരു സാധ്യതയാണെന്നും അതിന്‍റെ ഉന്നതരൂപമാണ് ഗവേഷണം എന്നുമുള്ള ജ്ഞാനദര്‍ശനം വസ്തുനിഷ്ഠവാദത്തിന്‍റെ അടിത്തറയാണ്. ആധുനികതയുടെ സ്വഭാവവും. ഇവിടെ അപരവല്‍ക്കരിക്കപ്പെട്ടവയുടെ സംഘര്‍ഷങ്ങളുടെ ശബ്ദമുണ്ട്. സമ്പൂര്‍ണ്ണ വസ്തുനിഷ്ഠത സാധ്യമാണോ? അഥവാ അല്ലെങ്കില്‍ അത് അനുഭൂതിനിഷ്ഠതയിലേക്കുള്ള തിരികെ യാത്രയാണോ? എന്നിങ്ങനെ ഈ സംവാദത്തെ ചോദ്യങ്ങളാക്കുന്ന പ്രക്രിയ തുടങ്ങിവയ്ക്കാനാകും. വ്യാവര്‍ത്തനം കേവലമല്ല എന്നും നിയതമായ വീക്ഷണങ്ങള്‍ക്കകത്താണ് വ്യാവര്‍ത്തനവും സംയോജനവുമൊക്കെ നടക്കുന്നത് എന്നും വ്യക്തം.

മൂല്യനിഷ്ഠം - ചില മൂല്യമാനദണ്ഡങ്ങള്‍ വച്ച് ഗവേഷണം എന്ന അറിവുരൂപത്തെയും ഗവേഷകരെയും നിര്‍വ്വചിക്കുക എന്നതാണിതിന്‍റെ സ്വഭാവം. കവി, കാവ്യം, കാവ്യഹേതു എന്ന മട്ടിലുള്ള കാവ്യമീമാംസയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇവ, ചിലര്‍ക്ക് ഗവേഷണം ഒരു അധ്യാത്മകവൃത്തിയും ഗവേഷകര്‍ 'ഉപനയനം' കഴിഞ്ഞ് അതിലേക്ക് പ്രവേശിക്കുന്ന ജ്ഞാനഭിക്ഷുക്കളുമാണ്. ഇത്തരം ചര്‍ച്ചകളുയര്‍ത്തുന്ന പഠനങ്ങളുടെ സമഗ്രമായ സ്വഭാവമിതാണ് എന്നര്‍ത്ഥമില്ല. ഇതിരിക്കിലും ഈ അറിവുരൂപത്തിന്‍റെ നിഗൂഢവല്‍ക്കരണത്തിനും ഗവേഷകരുടെ പ്രതിഭാശക്തിയെ ആരാധിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നതിലേക്കും ഇവ ചെന്നെത്താറുണ്ട്.

ഗവേഷണത്തെ വൈജ്ഞാനികതയുടെ ഉന്നതഫലമായി കാണുന്നതാണ് മറ്റൊരു സമീപനം. അവരുടെ അഭിപ്രായത്തില്‍ എല്ലാവരും ഗവേഷണത്തിന് യോഗ്യരല്ല. എന്നുമല്ല, യോഗ്യരല്ലാത്തവര്‍ തള്ളിക്കയറുന്നതാണ് ഗവേഷണരംഗത്തെ മലീമസമാക്കുന്നത്. ഇവിടെയും ഗവേഷകര്‍ ഉന്നതരും ഗവേഷണം ഉന്നതഫലവുമാണ്. സാമാന്യജീവിതത്തില്‍ നിന്ന് അതിന് അകലമുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത് ആദ്യ സമീപനത്തിന്‍റെ തുടര്‍ച്ചതന്നെ. ആദ്യത്തേതിലെ ജ്ഞാനയോഗികള്‍ ഇന്ന് സാങ്കേതിക/വിഷയവിദഗ്ദ്ധര്‍ ആകുന്നു. സാമാന്യജീവിതത്തില്‍ നിന്നുള്ള അകലവും ഔന്നിത്യവും ഇവര്‍ക്ക് കല്പിച്ചുകൊടുക്കുന്നു. ഇങ്ങനെ പദവിപരമായ ഒരധികാരസ്ഥാനം ഗവേഷകര്‍ക്ക് കല്പിച്ചുകൊടുക്കുന്നതിലേക്ക് ഈ മൂല്യവിചാരം അധികാരപ്രയോഗമായി വളരുന്നു. ലിംഗപദവീതലത്തിലുള്ള അധികാരപ്രയോഗങ്ങളും പൊതുവില്‍ കാണാം. researcher എന്ന അലിംഗ ഏകവചനം മലയാളത്തിലില്ല. ഇതിനു പകരം ഉപയോഗിക്കുന്നത് ഗവേഷകന്‍ എന്ന പുല്ലിംഗനാമമാണ്. ഈ പഠനത്തില്‍ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികള്‍ പരിശോധിച്ചാല്‍ തന്നെ ഇത് എളുപ്പം ബോധ്യപ്പെടുന്നതാണ്. സാമൂഹ്യബലതന്ത്രങ്ങളിലേക്ക് വൈജ്ഞാനിക പ്രയോഗം പ്രവേശിക്കുന്ന നിരവധിയായ ബിന്ദുക്കളില്‍ ചിലതാണ് ഇവയെല്ലാം. ആധുനികവും ആധുനികപൂര്‍വവുമായ സമൂഹങ്ങളില്‍ അതിന്‍റേതായ ആദര്‍ശവര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. ആധുനികഘട്ടത്തില്‍ വൈജ്ഞാനികവിദ്യാഭ്യാസ പ്രാപ്തി ഈ ആദര്‍ശജീവിതത്തിലേക്കുള്ള പടിയാണ്. സര്‍വ്വകലാശാലകള്‍, അവയിലെ വിഭാഗങ്ങള്‍, അവ കൈകാര്യം ചെയ്യുന്ന വിജ്ഞാനവിഭാഗങ്ങള്‍, അവയ്ക്ക് സാമാന്യ ജീവിതത്തിനുമേല്‍ വന്ന ആധിപത്യം - ഇവ ആധുനികകാലഘട്ടത്തില്‍ അറിവും അധികാരവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ വിശാല മേഖലകളിലേക്കുള്ള സൂചകങ്ങളില്‍ ചിലതാണ്. 

കുറിപ്പുകള്‍

1. google translator  നല്കുന്ന പരിഭാഷ
2. google translator  നല്കുന്ന പരിഭാഷ
4. google translator  നല്കുന്ന പരിഭാഷ
5. “The systematic investigation into study materials and sources inorder to establish facts and reach new conclusions”.
6. “Studious enquiry or examination: especially investigation experimentation aimed at the discovery and interpretation of facts, revision of accepted theories or laws in the light of new facts, or practical application of such new or revised theories or laws.
7. http://commons.m.wikipedia.org/wikifile:Benjamin_Bailey_ Malayalam_ English_Dictionary_1846.pdf.

ഗ്രന്ഥസൂചി

അച്യുതനുണ്ണി ചാത്തനാത്ത്, (2006), സാഹിത്യഗവേഷണം: പ്രബന്ധരചനയുടെ തത്വങ്ങള്‍, തിരുവനന്തപുരം: വള്ളത്തോള്‍ വിദ്യാപീഠം.
ഗുപ്തന്‍നായര്‍ എസ്., (1976), 'ഗവേഷണവും വിമര്‍ശനവും' ഗവേഷണത്തിന്‍റെ പ്രശ്നങ്ങള്‍, രാമചന്ദ്രന്‍നായര്‍ കെ. (എഡി.), തിരുവനന്തപുരം: കേരള സര്‍വ്വകലാശാല.
ഗോപാലകൃഷ്ണന്‍ നടുവട്ടം, (2002,) ഗവേഷണരീതിശാസ്ത്രം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഗോപിനാഥപിള്ള എന്‍.ആര്‍., (2002), 'ആമുഖം', ഗവേഷണരീതിശാസ്ത്രം, ഗോപാലകൃഷ്ണന്‍ നടുവട്ടം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,.
ദാമോദരന്‍നായര്‍ പി., (1984), ലഘുശബ്ദതാരാവലി, കോട്ടയം.: എസ്.പി.സി.എസ്.
പ്രബോധചന്ദ്രന്‍ വി.ആര്‍., (1990), 'ഗവേഷണം' സര്‍വവിജ്ഞാനകോശം (വാള്യം 9), രാമചന്ദ്രന്‍നായര്‍ സി.ജി. (എഡി.), തിരുവനന്തപുരം: സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്,
പ്രഭാകരവാര്യര്‍ കെ.എം., (1982), ഗവേഷണപദ്ധതി, തിരുവനന്തപുരം: വള്ളത്തോള്‍ വിദ്യാപീഠം.
പ്രഭാകരവാര്യര്‍ കെ.എം., (1994). 'സാഹിത്യഗവേഷണം ചില പ്രശ്നങ്ങള്‍', ഗവേഷണപ്രതിഭ, അയ്യപ്പപ്പണിക്കര്‍ കെ., മു.പേര്‍ (എഡി.), കോട്ടയം.: ഡി.സി.ബുക്സ്.
ബഞ്ചമിന്‍ ഡി., (2012), സാഹിത്യഗവേഷണത്തിന്‍റെ രീതിശാസ്ത്രം, തിരുവനന്തപുരം: മാളുബന്‍.
ബാലകൃഷ്ണപ്പണിക്കര്‍ കെ.കെ. (വ്യാഖ്യാ.), (2005), അമരകോശം, തൃശ്ശൂര്‍.: എച്ച്.ആന്‍റ് സി പബ്ലിഷിംഗ് ഹൗസ്.
മുരളീധരന്‍ നെല്ലിക്കല്‍, 2011, വിശ്വസാഹിത്യദര്‍ശനങ്ങള്‍, കോട്ടയം: ഡി.സി.ബുക്സ്.
രാമചന്ദ്രന്‍നായര്‍ കെ. (എഡി,), (1976), ഗവേഷണത്തിന്‍റെ പ്രശ്നങ്ങള്‍, തിരുവനന്തപുരം: കേരള സര്‍വ്വകലാശാല.
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, (1995), ഗുണ്ടര്‍ട്ട് നിഘണ്ടു, കോട്ടയം: ഡി.സി.ബുക്സ്.
Apte Vaman Shivram, (1890), The Practical Sanskrit English Dictionary, Pune: Prasad Prakasan.
Kundu Abhijith et. al., (2009), The Humanities: Methodology and Perspectives, New Delhi: Pearson.
ഡോ.സോമലാല്‍ ടി.എം
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാളവിഭാഗം
പി.എം.ഗവ. കോളേജ്
ചാലക്കുടി
India
Pin: 680722
Ph: +91 8075430023
Email :tmsomalal@gmail.com
ORCID: 0009-0008-9748-0122