Social Nature of Religious Rites in Theyyam and Thira

Dr. Ragini E.V

Artistic forms of religious rites have had an vital influence on the social lives of Kerala. Theyyam and Thira are the major arts forms  that helped enrich the social and religious kinship with in Northern Kerala. This study tries to examine the relationship of Theyyam and Thira, the idols of the caste community to society and to find whether these ritual arts are capable of imparting a non caste culture.

Keywords: Social progress, Cultural collectivism, Non caste culture, caste based work group, stewordship councils.

Reference:

EMS, 1981, Kerala charithravum samskaravum oru Marxist veekshanam, Kozhikode: Chinda publishers.
Kannan peruvannan, 1997, Chilambitta ormmakal, Ernakulam: kurukshethraprakasan.
Kunjanpilla Elamkulam, 1967, Keralam anchum aarum noottandikalil, Kottayam: NBS.
DD Kosambi, mythum yadharthyavum, Thiruvanandapuram: Kosambi kruthikalude prasidheekarana samithi.
Jayarajan P, 1997, Uthara keralam Aaradhanalayangalum samakaleena pravanathakalum, Thiruvanathapuram:  Desabhimani books.
Damodaran K. 1962, Kerala charithram onnam bhagam, Thrissur: 
Balakrishnan PK, 1987, Jathivyavasthayum Kerala charithravum, Kottayam: SPSS.
Bhaskaranunni P, 1988, Pathombatham noottandile keralam, Thrissur: Kerala sahithya Accademy.
Raghava variar MR, 1997, Madhyakala keralam sambath samooham samskaram,
Raghavan Payyanadu, 1998, Folklorinu oru padana padhathi, Thrissur: Kerala sahithya Accademy.
Logan William, Logante Malabar manual, (Malayala vivarthanam TV Krishnan) Kozhikode: Mathrubhumi publishing company.
Vishnunamboothiri MV, 2000, Folklore nikhandu, Thiruvananthapuram: Kerala bhasha institute.
Velayudhan panikkasseri, 1980, Kerala charithrapadanangal, Thrissur: Current books.
C .Gopalan Nair, 1990, Thirayattavum Anjadiyum, Kottayam: NBS.
Sanjeevan Azhikode, 2007, Theyyathile Jathivazhakkam, Thrissur: Current books.
Dr. Ragini E.V
Associate Professor
Deparment of Malayalam
CHMKM Govt. Arts and Science College
Koduvally
Pin: 673572
Ph: +91 9495647097
Email: bhavyavibha@gmail.com

അനുഷ്ഠാനങ്ങളുടെ സാമൂഹ്യസ്വഭാവം തെയ്യത്തിലും തിറയിലും

ഡോ. രാഗിണി. ഇ.വി

ജീവിത സാഹചര്യത്തിന് അനുകൂലമായി ചിന്തയിലും കര്‍മ്മങ്ങളിലും പലവിധ നടപടിക്രമങ്ങളും ചര്യാവിശേഷങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതായിവരും. ജീവിത പരിചയത്തി ലൂടെ ഉരുത്തിരിഞ്ഞ് വരുന്ന അത്തരം വിധിനിയമങ്ങളും ജീവിതക്രമങ്ങളും ഏതൊരു സമൂഹത്തിലും കാണാം. ശ്രദ്ധയോടും നിഷ്ഠയോടും കൂടി ഏര്‍പ്പെടുന്ന അത്തരം നടപടി ക്രമങ്ങളാണ് അനുഷ്ഠാനങ്ങള്‍. ഓരോ സമൂഹത്തിനും അതിന്‍റേതായ വിധിനിയമങ്ങളും നാട്ടുവഴക്കങ്ങളുമുണ്ട്. അനൗപചാരികവും അലിഖിതവുമായ പൊതുരീതികളാണവ. സമൂഹം അംഗീകരിച്ച് പാലിക്കുന്ന അനുമിതികളാണവ.

സാമൂഹിക വികാരങ്ങള്‍ പങ്കുവെച്ച്കൊണ്ട് നിശ്ചിത ജീവിതമാര്‍ഗ്ഗത്തിലൂടെയുള്ള സഞ്ചാരത്തിലാണ് അനുഷ്ഠാനങ്ങള്‍ രൂപം കൊള്ളുന്നത്. ആവര്‍ത്തനത്തിലൂടെ അത് രൂഢമൂലമായിതീ രുന്നു. "ശാസ്ത്രവിഹിത പ്രകാരമോ പാരമ്പര്യ വിശ്വാസമനുസരി ച്ചോ ചെയ്തുപോരുന്ന കര്‍മ്മങ്ങളാണ് അനുഷ്ഠാനങ്ങള്‍"1 ഓരോ കൂട്ടായ്മയുടേയും സ്വഭാവമനുസരിച്ച് വ്യത്യസ്തമായ നാട്ടുവഴക്കങ്ങള്‍ ഉണ്ടാവും. അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ഇങ്ങനെ രൂപപ്പെട്ടുവരുന്ന നാട്ടുവഴക്കങ്ങളാണ്. മരണപര്യന്തമുള്ള സാമൂഹികചടങ്ങുകളിലും കളികളിലും വിനോദങ്ങളിലുമൊക്കെ അനുഷ്ഠാനാംശങ്ങള്‍ നിലീനമാണ്. "ഒരു സുസംഘടിത സമൂഹത്തില്‍ സമാനങ്ങളായ വിഭാഗങ്ങളെ വേര്‍തിരിച്ച് കാണിക്കുന്നത് അനുഷ്ഠാനങ്ങളാണെന്ന് ഡി.ഡി. കോസാംബി പറയുന്നു."2 എന്നാല്‍ വിവിധ തരക്കാരായ വ്യക്തികളെയെല്ലാം ഏകീകരിച്ച് സാമൂഹിക ക്രമീകരണമുണ്ടാക്കി നിശ്ചിത രൂപഭാവങ്ങള്‍ കൈവരുത്തുവാനും അനുഷ്ഠാനങ്ങള്‍ സഹായിക്കു ന്നുണ്ട്. പുരാവൃത്തത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ പിന്‍ബലമി ല്ലാതെ അനുഷ്ഠാനത്തിന്  നിലനില്‍പ്പില്ല. കലകളുമായും അനുഷ്ഠാനങ്ങള്‍ക്ക് ബന്ധമുണ്ട്.

തെയ്യം തിറകള്‍

ഉത്തരകേരളത്തിലെ അനുഷ്ഠാനപരമായ ഗ്രാമീണകല യാണ് തെയ്യവും തിറയും. തുളുനാട്ടില്‍ ഇത് ഭൂതമെന്നും ഉത്തരമല ബാറില്‍ തെയ്യമെന്നും ദക്ഷിണമലബാറില്‍ തിറയെന്നും അറിയപ്പെ ടുന്നു. മനുഷ്യര്‍ ദേവതാരൂപം ധരിച്ച് നടത്തുന്ന അനുഷ്ഠാന കര്‍മ്മങ്ങളാണിവ. ദൈവക്കോലം ധരിച്ച് മനുഷ്യര്‍ ദൈവങ്ങളായി പ്രത്യക്ഷപ്പെട്ട് ജനങ്ങള്‍ക്ക് അനുഗ്രഹാശ്ശിസ്സുകള്‍ നല്‍കുന്നു. തെയ്യത്തിന്‍റെ അരുളപ്പാടുകള്‍ ദൈവത്തിന്‍റെ അരുളപ്പാടായിട്ടാണ് ജനങ്ങള്‍ കരുതുന്നത്. ദേവീദേവന്മാരേയും യക്ഷിഗന്ധര്‍വ്വാദി കളേയും നാഗങ്ങളേയും മാത്രമല്ല മൃതിയടഞ്ഞ കാരണവന്മാരേയും മണ്‍മറഞ്ഞ വീരപരാക്രമികളേയും കോലസ്വരൂപമായി കെട്ടിയാടിച്ച് ആരാധിക്കുകയെന്നതാണ് ഈ കലകളുടെ ലക്ഷ്യം. മനുഷ്യനില്‍ ദേവതാസങ്കല്‍പ്പം പൂര്‍ണ്ണമായി ആരോപിക്കുന്ന ഒരു കലാവിശേഷ മാണിത്. സമൂഹത്തിലെ ഒരു കണ്ണി എന്ന നിലയില്‍ തന്‍റെയും കുടുംബത്തിന്‍റെയും ക്ഷേമത്തിനും ഭദ്രതയ്ക്കും വേണ്ടി നിരവധി അനുഷ്ഠാനങ്ങള്‍ ആചരിക്കുവാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനായി തീരുന്നു. കാവിന്‍റെ തിരുമുറ്റത്ത് ഭയഭക്തികളോടെ തൊഴുതുനില്‍ ക്കുന്ന ഭക്തന്മാര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഈശ്വരന്മാര്‍ തന്നെയാണ് ദേവതാചൈതന്യം ആവാഹിച്ച് താളമേള വര്‍ണ്ണ പ്രപഞ്ചമായി നിറയുന്ന ദൈവക്കോലങ്ങള്‍. അരികില്‍ നിന്ന് ആശിര്‍വാദം ചൊരിഞ്ഞ് സാന്ത്വനവചനങ്ങളാല്‍ സമാശ്വസിപ്പി ക്കുന്ന ദൈവങ്ങള്‍ ദേശത്തേയും നാട്ടുകാരേയും കാത്തുരക്ഷിക്കു മെന്ന് അടിയുറച്ച് വിശ്വസിക്കുന്നു ഗ്രാമീണ ജനത. ചെണ്ടമേള ത്തിന്‍റെ അകമ്പടിയില്‍ ചുവട്വെച്ച് നാടുണര്‍ത്തി നാട്ടുകാരെ ചൊല്ലിവിളിച്ച് എല്ലാവര്‍ക്കും ഗുണം വരണം എന്ന് ആനുഗ്രഹിച്ച് കാവുകളില്‍ നിറഞ്ഞാടുന്നു തെയ്യം തിറകള്‍.

ആരാധനാലയങ്ങളോട് അനുബന്ധമായി ഉരുത്തിരിഞ്ഞ വിവിധകലകള്‍ നമ്മുടെ സാമൂഹ്യപുരോഗതിക്കും സാംസ്കാരി കോല്‍ക്കര്‍ഷത്തിനും ഉപകരിച്ചവയാണ്. അതുകൊണ്ട്തന്നെ തെയ്യം തിറ അനുഷ്ഠാനങ്ങള്‍ സാംസ്കാരിക ചരിത്രനിര്‍മ്മിതിക്ക് ഉപയോഗിക്കാന്‍ പറ്റിയ ഉപാദാനങ്ങളാണ്.

തെയ്യം തിറകളുടെ വിവിധ അനുഷ്ഠാന ഘടകങ്ങളുടെ അപഗ്രഥനത്തിലൂടെ അവ രൂപം പൂണ്ടകാലത്തെ സാമൂഹ്യജീവിതാ വസ്ഥയെ കുറിച്ച് വ്യക്തമായ ധാരണ നുമക്ക് ലഭിക്കുന്നു. ഇത് കേരളത്തിന്‍റെ സാമൂഹ്യചരിത്രനിര്‍മ്മിതിക്ക് ഏറെ സഹായ കരമായിരിക്കും. ജാതികൂട്ടായ്മയുടെ ആരാധനാമൂര്‍ത്തിയായ തെയ്യം തിറകള്‍ ജാത്യതീതമായ സംസ്കാരത്തെ ലക്ഷ്യം വെക്കുന്നുണ്ടോ എന്ന അന്വേഷണമാണ് ഈ പ്രബന്ധത്തിലൂടെ നടത്തുന്നത്.

സാമൂഹ്യ അധികാര കേന്ദ്രങ്ങള്‍ 

ദക്ഷിണേന്ത്യ വളര്‍ത്തിക്കൊണ്ടുവന്ന സ്വയംഭരണരീതിക്ക് സവിശേഷമായൊരു ചരിത്രമുണ്ട്. അനേകം ഗ്രാമങ്ങളെ ഒരു തലവന്‍റെ കീഴിലായി സംഘടിപ്പിച്ചു. ആ നേതാവാണ് കാലക്രമത്തില്‍ രാജാവായത്. ഓരോ ഗ്രാമത്തിന്‍റേയും മധ്യത്തില്‍ ഒരു ഗ്രാമഗൃഹം ഉണ്ടാകും. ഗ്രാമസഭ സമ്മേളിക്കുന്നതും കാര്യാലോചന നടത്തുന്നതും അവിടെ വെച്ചാണ്. ഓരോ സാധാരണ ഗ്രാമത്തിനും ഒരു പൊതുസഭയുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഊരെന്നും കേരളത്തില്‍ തറയെന്നും കര്‍ണ്ണാടക ത്തില്‍ ഗ്രാമമെന്നും ഇതിനെ വിളിച്ചുവരുന്നു. ഗ്രാമത്തലവന്മാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഭരണം മുന്നോട്ട്പോയിരുന്നത്.

"അതിപ്രാചീന കാലം മുതല്‍ക്ക് കാട്ടുമൃഗങ്ങളോടും പ്രകൃതിശക്തികളോടും പൊരുതി ജീവിക്കുവാനും കാട് വെട്ടിതെളയിച്ച് കൃഷിചെയ്യാനും ഉപജീവനം കഴിക്കുവാനും തുടങ്ങിയ കാലം മുതല്‍ക്ക് കൂട്ടായ സാമൂഹിക ജീവിതം നയിച്ചിരുന്നവരാണ് കേരളീയര്‍. രക്തബന്ധങ്ങളുടെ അടിസ്ഥാന ത്തില്‍ കുലങ്ങളും ഗോത്രങ്ങളുമായി അവര്‍ ജീവിച്ചു. ഏറ്റവും പ്രായം കൂടിയ കൂട്ടത്തിലെ കാരണവരാണ് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്"3

കേരളത്തിലെ ആദിവാസി വിഭാഗങ്ങളും കൂട്ടംകൂട്ടമായാണ് ജീവിച്ചിരുന്നത്. "കേരള ഗിരിവര്‍ഗ്ഗക്കാരായ കാണിക്കാര്‍, മലങ്കുറവന്മാര്‍, മലപണ്ടാരങ്ങള്‍, ഉള്ളാടന്മാര്‍, മലയരയന്മാര്‍ തുടങ്ങിയ കാട്ടുജാതിക്കാര്‍ ഇപ്പോഴും രക്തബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ കൂട്ടമായിട്ടാണ് ജീവിക്കുന്നത്. അവരുടെ സാമൂഹിക ജീവിതത്തെ നിയന്ത്രിക്കുന്നത് ഗോത്രങ്ങളുടെ തലവന്മാരും കാരണവന്മാരാണ്"4

ഗ്രാമത്തെ പൊതുവായി ബാധിക്കുന്ന കാര്യങ്ങള്‍ ആലോചിക്കുവാന്‍ ഗ്രാമകാരണവന്മാര്‍ 'മന്‍റ' ത്തില്‍ സമ്മേളിച്ചി രുന്നു. അറം അഥവാ ധര്‍മ്മം പരിപാലിക്കുന്ന സ്ഥലമായിട്ടാണ് മന്‍റത്തെ വിവരിച്ചിട്ടുള്ളത്. അറം വളര്‍ക്കും മന്‍റം (നീതി പുലര്‍ത്തുന്ന സ്ഥലം) എന്നും ഉലക അറവൈ (ലോകധര്‍മ്മത്തിന്‍റെ സ്ഥാനം) എന്നും മന്‍റത്തെ സംഘസാഹിത്യകൃതികളില്‍ വിശേഷിപ്പിച്ചിരി ക്കുന്നു. കേരളത്തില്‍ മന്‍റത്തെ മന്നം എന്നറിയപ്പെടുന്നു. തുടര്‍ന്ന് ഭരണകാര്യത്തിലും ജീവിത ക്രമത്തിലും നമ്പൂതിരിമാരുടെ ആധിപത്യം ദൃശ്യമാണ്. ഇവിടത്തെ സംവിധാനക്രമങ്ങളില്‍ ചിലമാറ്റം വരുത്തി ഗ്രാമസമുദായ വ്യവസ്ഥ നടപ്പിലാക്കി. കേരളത്തെ 64 ഗ്രാമങ്ങളായി തിരിച്ചു. ഗ്രാമങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ നാലു കഴകങ്ങളാണ് കേരളത്തിലെ ഭരണം നിയന്ത്രിച്ചിരുന്നത്. കേരളത്തിലുണ്ടായ രാഷ്ട്രീയ ശൈഥില്യത്തെ തുടര്‍ന്നാണ് കഴകങ്ങളുടെ സ്ഥാനത്ത് കൂട്ടങ്ങള്‍ വന്നത്.

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ കോലത്തിരി രാജാവിന്‍റെ കീഴില്‍ ദേശവാഴികളും അവരുടെ കീഴില്‍ തറക്കൂട്ട ങ്ങളും എന്ന രീതിയില്‍ വിഭജിച്ചുകൊണ്ടുള്ള ഒരു ഭരണ സംവിധാ നം നിലവിലുണ്ടായിരുന്നു. ഭരണ സൗകര്യത്തിന് വേണ്ടി ദേശവാഴി നിരവധി തറകൂട്ടങ്ങല്‍ രൂപീകരിച്ച് അതത് തറക്കൂട്ടങ്ങളുടെ ഭരണചുമതല ഓരോരുത്തരേയും ഏല്‍പ്പിച്ചിരുന്നു. ഓരോ തറക്കൂട്ടങ്ങളുടേയും നിയന്ത്രണാധികാരം അതത് പ്രദേശത്തെ അംഗീകരിക്കപ്പെട്ട തറവാട്ടുകാര്‍ക്കായിരുന്നു. നാട്ടിലുള്ള എില്ലാ പ്രശ്നങ്ങള്‍ക്കും ജീവനും സ്വത്തിനും ഉള്ള സംരക്ഷണം പ്രസ്തുത തറക്കൂട്ട അധിപന്മാര്‍ക്കായിരുന്നു. അവിടെവച്ച് പരിഹരിക്കപ്പെ ടാതെ പോവുന്ന പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ ദേശവാഴി യുടെ കീഴില്‍ നാട്ടുകൂട്ടങ്ങള്‍ ഉണ്ടായിരുന്നു. 

ഉത്തരകേരളത്തിലെ സമൂഹം

ഉത്തരകേരളത്തിലെ അനുഷ്ഠാനകലയായ തെയ്യത്തിന്‍റെ സംഘാടനം സമൂഹത്തിന്‍റെ കൂട്ടായ്മയാണ്. ഓരോ ക്ഷേത്രങ്ങളി ലുമുള്ള ദേവതാ സങ്കല്‍പ്പങ്ങളോടൊപ്പം വിവിധ തൊഴില്‍ കൂട്ടങ്ങള്‍ക്ക് മാത്രമായി ദേവതാ സങ്കല്‍പ്പങ്ങളും ആരാധനാ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. വ്യത്യസ്ത ജാതികള്‍ ചേര്‍ന്ന ഓരോ ഗ്രാമത്തിലും ആ ജാതിക്കാര്‍ക്ക് ഓരോ കുലതൊഴിലും ഉണ്ടായിരുന്നു. കാര്‍ഷികവൃത്തിയിലും ചരക്കുല്‍പ്പാദനത്തിലും ഏര്‍പ്പെട്ടവരായിരുന്നു ഇവര്‍. കൊളോണിയല്‍ ഭരണകാലത്ത് ജന്മിമാര്‍ ശക്തന്മാരാവുകയും ഭൂമിയുടെ മേലുള്ള പരമാധികാരം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ജാതിയില്‍ ഉന്നത ശ്രേണിയിലുള്ള നമ്പൂതിരി/നായര്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ ഭൂപ്രഭുക്കന്മാരായി തീര്‍ന്നു. ഇവര്‍ സവര്‍ണ്ണരെന്നും പരമ്പരാഗത സമൂഹമായ പിന്നോക്ക ജാതിയില്‍പ്പെട്ട കാര്‍ഷികവൃത്തിയിലും പലചരക്കുല്‍ പ്പാദനത്തിലും ഏര്‍പ്പെട്ടവരുമായവര്‍ അവര്‍ണ്ണരെന്നും അറിയപ്പെട്ടു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും അസ്പ്രൃശ്യരുമായ ആദിവാസികളും കീഴ്ജാതിക്കാരും ഈ സമൂഹത്തില്‍ ഉണ്ടായിരുന്നു. ഈ വിഭാഗങ്ങള്‍ തമ്മിലുള്ള ഉച്ചനീചത്വം വലിയതോതിലായിരുന്നു. ഈ വിഭജനം ഭാഷയിലും വേഷത്തിലും ആരാധനയിലും കാണാം. "അവര്‍ണ്ണ ഹിന്ദുക്കളുടേയും അഹിന്ദുക്കളുടേയും മേല്‍ സവര്‍ണ്ണ ഹിന്ദുക്കള്‍, കുടിയാന്മാരുടേയും അഹിന്ദുക്കളുടേയും മേല്‍ ജന്മികള്‍, ഭരണീയരായ ബഹുജനങ്ങളുടെ മേല്‍ നായര്‍, സാമന്തബ്രാഹ്മണജാതിയില്‍പ്പെട്ട ദേശവാഴികള്‍, നാടുവാഴികള്‍, രാജാക്കന്മാര്‍ ഇങ്ങനെ മൂന്ന് നിലവാരങ്ങളില്‍ മേധാവിത്വം സ്ഥാപിക്കുന്ന സാമൂഹ്യസംവിധാനത്തിനാണ് ജാതി, ജന്മി, നാടുവാഴിത്ത വ്യവസ്ഥ എന്ന പേര്‍ ഞാന്‍ നല്‍കിയിട്ടുള്ളത്"5 എന്ന് ഇ.എം.എസ്. രേഖപ്പെടുത്തുന്നുണ്ട്.

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്ന പൊതുവിഭജനത്തിനപ്പുറത്ത് അവര്‍ണ്ണജാതിയില്‍പ്പെട്ട മറ്റുപലരും ഇവിടെ ഉണ്ടായിരുന്നു. തീയര്‍, ഈഴവര്‍, മണിയാണി, വാണിയര്‍, ആശാരി, മൂശാരി, തട്ടാന്‍, കൊല്ലന്‍, കുശവന്‍, മണ്ണാന്‍ തുടങ്ങിയ വരും അവര്‍ണ്ണരായിരുന്നു. ജാതിശ്രേണിയില്‍ ഈ അവര്‍ണ്ണര്‍ക്കും താഴെ ദൃഷ്ടിയില്‍പ്പെട്ടാല്‍ ദോഷമുള്ളവരായിരുന്നു പുലയര്‍, പണിയര്‍, കുറവര്‍, പറയര്‍, വേലന്‍ എന്നിവര്‍ ഓരോ ജാതിയും സവര്‍ണ്ണ ജാതിക്കുമുമ്പില്‍ എത്രദൂരമാണ് മാറിനില്‍ക്കേണ്ടത് എന്നതിന് കൃത്യമായി ശാസ്ത്രഗ്രന്ഥങ്ങളില്‍ അളവ് കല്‍പ്പിച്ചിട്ടുണ്ട്. ഇവരില്‍ ചിലജാതിക്കാരെ തൊട്ടാല്‍ മാത്രമേ അയിത്തമുണ്ടാകൂ. മറ്റു ജാതിക്കാരുടെ സാന്നിധ്യം പോലും അയിത്തമുണ്ടാക്കിയിരുന്നു. "നായാടികള്‍ 72 അടി ദൂരവും പുലയര്‍ 64 അടിദൂരവും കണിശര്‍ 36 അടി ദൂരവും തുടങ്ങിയ അളവുകള്‍ കല്‍പ്പിച്ചതിനെപറ്റി ഭാസ്കരനുണ്ണി തന്‍റെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്."6

ഉത്തരകേരളത്തിലെ ഓരോ ജാതിക്കും പ്രധാനദേവതകളും ദേവതകള്‍ക്കാസ്ഥാനമായ കഴകമോ, കാവോ, അറയോ, മുണ്ട്യയോ, കോട്ടമോ ഈ ജാതിയെ നിയന്ത്രിക്കുന്ന കേന്ദ്രവുമായിരിക്കും. ജാതി സഭകളും സങ്കേതങ്ങളുമായ കഴകങ്ങളും മുച്ചിലോടുകളും കണ്ണങ്ങാടുകളും ഇന്നും ഇവിടെ നിലനില്‍ക്കുന്നു. ഈ കൂട്ടായ്മകള്‍ ആരാധിച്ചുവരുന്ന ഗ്രാമദേവതകള്‍ അഥവാ ഭഗവതിമാര്‍ സമൂഹത്തിന്‍റെ ഭരണസംവിധാനത്തോടും ജീവിതവൃത്തിയോടും ബന്ധപ്പെട്ടതാണ്. തറയും കഴകവും കൂട്ടവും മറ്റുമായി വിഭജിക്ക പ്പെട്ടുകിടക്കുന്ന ഭരണാധികാരവും അവയുടെ മേധാവിത്ത മുള്‍ക്കൊള്ളുന്ന തറവാടുകളും കോയ്മകളും നാടുവാഴികളും അവയുടെയെല്ലാം പരമാധികാരമുള്‍ക്കൊള്ളുന്ന കോലത്തിരി രാജാവും ഉള്‍ക്കൊണ്ട രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക പശ്ചാത്തലം ഒരു ഫ്യൂഡല്‍ കാലഘട്ടത്തിന്‍റെ സാമൂഹ്യബന്ധങ്ങള്‍ തുറന്ന് കാട്ടുന്നു.

ഈ കാര്യം വില്ല്യം ലോഗന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. "ഹിന്ദു മലയാളി ടൗണുകളുടേയും ഗ്രാമങ്ങളുടേയും ആരാധകനല്ല. ജാതിയുടെ ശുദ്ധാശുദ്ധികളില്‍ അധിഷ്ഠിതമായ ധാരണകള്‍ സവര്‍ണ്ണനായ അയാളെ പഴയകാലത്ത് എങ്ങോട്ട് തിരിഞ്ഞാലും കാണുന്ന താണജാതിക്കാരായ (അവര്‍ണ്ണര്‍) സ്ത്രീപുരുഷന്മാരുടെ സമീപ്യത്തില്‍ നിന്ന് അകലേക്ക് മാറ്റിനിര്‍ത്തി. അയിത്തപ്പെടാതെ ഒറ്റയ്ക്ക് താമസിക്കാന്‍ അയാള്‍ അഭികാമ്യമായി ഇപ്പോഴും കാണുന്നത് നഗരങ്ങളല്ല ഗ്രാമങ്ങളാണ്"7

ദ്രവീഡിയന്‍ ജീവിതരീതിയില്‍ അമ്മ പൂജയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്നു. 'കൊറ്റവൈ' എന്ന ദേവിയെ എല്ലാ ഗ്രാമങ്ങളിലും പൂജിച്ചിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ആര്യാധിനിവേശത്തെ തുടര്‍ന്ന് സ്വതന്ത്രമായ അസ്ഥിത്വം നിലനിര്‍ത്താന്‍ ദ്രാവിഡര്‍ മുന്നിട്ടിറങ്ങിയിരുന്നു.

കാര്യവിചാരസഭകള്‍

ഉത്തരകേരളത്തിലെ കാവുകളില്‍ ബ്രാഹ്മണക്ഷേത്രങ്ങളി ലേതുപോലെ വിഗ്രഹ പ്രതിഷ്ഠകള്‍ ഇവിടെ ഉണ്ടാവില്ല. ദ്രാവിഡ ആരാധനയുടെ പാരമ്പര്യരീതിയാണ് ഇവിടെ നിലനില്‍ക്കുന്നത്. വിഗ്രഹങ്ങളില്ലാതെ തെയ്യത്തിന്‍റെ തിരുവായുധങ്ങളാണ് ഇവിടെ പൂജിക്കുന്നത്. ഉത്തരകേരളത്തിലെ സാമൂഹ്യജീവിതത്തെ പൂര്‍ണ്ണമായും നിയന്ത്രിച്ചിരുന്നത് കാവുകളോ കഴകങ്ങളോ ആയിരുന്നു. ഗ്രാമത്തിലെ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സ്വത്തുതര്‍ക്കങ്ങള്‍ വരെ പരിഹരിച്ചിരുന്നത് ഈ സ്ഥാപനങ്ങളില്‍ വെച്ചാണ്. കഴകങ്ങളിലെ കാരണവന്മാര്‍ ദേവതയെ മുന്‍നിര്‍ത്തി തീരുമാനമെടുത്തിരുന്നത് ദേവതയാണ് ഗ്രാമജീവിതത്തിന്‍റെ കേന്ദ്രസ്ഥാനം എന്ന് ഇത് വെളിപ്പെടുത്തുന്നു. കാവില്‍ വെച്ചും പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ അവസാനം തെയ്യത്തിന്‍റെ മുന്നിലെത്തുന്നു. തെയ്യം കൊകൊള്ളുന്ന അന്തിമപരിഹാരം ജാതിമതഭേദമന്യേ ആളുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ആദ്ധ്യാത്മിക കാര്യങ്ങള്‍ക്ക് പുറമേ ഭൗതികകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും ഈ സമൂഹം ഇത്തരം കാവുവട്ടങ്ങളില്‍ ഒത്തുചേര്‍ന്നു. ഇത്തരം സമൂഹ കൂട്ടങ്ങളാണ് കാര്യവിചാരസഭ. പ്രശ്നപരിഹാര കോടതിക്ക് തുല്ല്യമായി പല നിര്‍ണ്ണായക തീരുമാനങ്ങളും ഇവിടെ വെച്ച് നടത്തുന്നു. നായന്മാരുടെ തറക്കൂട്ടത്തിലെ തീരുമാനങ്ങളെ രാജാക്കന്മാര്‍പോലും അംഗീകരിച്ചിരുന്നു. കാവിലമ്മയുടെ വെളിച്ചപ്പാടും പ്രശ്നപരിഹാരം അരുളിചെയ്തിരുന്നു. "തറ എന്ന ജാതീയ സംവിധാനം രാജാക്കന്മാരുടെ അന്യായങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും എതിരായ ശക്തമായ കവചമായിരുന്നുവെന്ന് ലോഗന്‍ രേഖപ്പെടുത്തുന്നുണ്ട്."8

ഗ്രാമ ഉത്സവങ്ങളുടെ ലക്ഷ്യം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമാന്യജനങ്ങളുടെ ആരാധനാരൂപമായ തെയ്യം തിറകള്‍ പ്രകൃതിയോട് ഏറ്റവും അടുത്തുനിന്ന ഒരു ആരാധനാരൂപമാണ്. സംഘടിത മതങ്ങള്‍ രുപപ്പെടുന്നതിന് മുന്നേ അവയുടെ അടിസ്ഥാനശിലയായ മാതൃപൂജ വടക്കന്‍ കേരളത്തില്‍ നിലനിന്നിരുന്നു. അതിനെ ആധാരമാക്കി വളര്‍ന്നു വികസിച്ച തെയ്യം തിറകള്‍ അടിസ്ഥാനപരമായി മതനിരപേക്ഷമാണ്. ഇവ നടന്നുവരുന്ന ആരാധനാലയങ്ങളില്‍ കഴകക്കാരായി ധാരാളം ആളുകള്‍ സ്വസമുദായത്തില്‍ നിന്ന് തന്നെ ഉണ്ടാവും. എന്നാല്‍ ഇവിടെ നടക്കുന്ന ചടങ്ങുകളിലെല്ലാം സമുദായത്തിലെ മുഴുവന്‍ അംഗങ്ങളും  പങ്കെടുക്കുന്നു. ഒരു സമുദായ കഴികത്തിനകത്ത് തെയ്യം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ മറ്റു അവര്‍ണ്ണ സമുദായങ്ങള്‍ പങ്കെടുക്കുമ്പോള്‍ ഇവര്‍ തമ്മിലുള്ള ഐക്യമാണ് ഇത്തരം ബന്ധങ്ങളിലൂടെ അനാവൃതമാകുന്നത്. ആരാധനയിലെ ഏറ്റവും പ്രസക്തമായ കാര്യം മറ്റ് ജാതിക്കാരെയും മറ്റ് മതസ്ഥരെയും തെയ്യം തിറകള്‍ അകറ്റി നിര്‍ത്തുന്നില്ല എന്നതാണ്.

മുസ്ലീം ജനവിഭാഗവുമായി ഏറെ ഐക്യപ്പെട്ടാണ് തെയ്യം നിലനില്‍ക്കുന്നത്. 'എന്‍റെ മാടായി നഗരമേ' എന്നാണ് മുസ്ലീം ജനവിഭാഗങ്ങളെ തെയ്യം അഭിസംബോധനചെയ്യുന്നത്. ആലിചാമുണ്ടി, ബപ്പൂരാന്‍ തുടങ്ങിയ തെയ്യങ്ങള്‍ മുസ്ലീം ജനവിഭാഗ ങ്ങളെ ഉദ്ദേശിച്ചുള്ളവയാണ്. പല ഭഗവതിമാരും മരക്കലങ്ങളില്‍ (മാപ്പിളമാരായ കപ്പല്‍ജോലിക്കാര്‍ തുഴഴുന്ന പായക്കപ്പല്‍) കയറിയാണ് ഇവിടേക്ക് എത്തിയത്  എന്ന് തോറ്റം പാട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്. ആര്യപൂങ്കന്നി, ആര്യയ്ക്കരഭഗവതി, ആയിറ്റിഭഗവതി, അസുരാളന്‍ ദൈവം, ബപ്പിരിയന്‍, ചുഴലിഭഗവതി തുടങ്ങിയ ദൈവങ്ങള്‍ അതിനുദാഹരണങ്ങളാണ്. ഈ തെയ്യങ്ങളോടൊപ്പം മാപ്പിള തെയ്യവും കെട്ടി ആടാറുണ്ട്. ബപ്പൂരിയന്‍, ഉമ്മച്ചിതെയ്യം, മുക്രിപോക്കര്‍ എന്നീ തെയ്യങ്ങള്‍ ഇപ്പോഴും വടക്കന്‍ കേരളത്തില്‍ കെട്ടി ആടാറുണ്ട്.  ഇത് അനുഷ്ഠാനത്തിന്‍റെ അഭിവാജ്യ ഘടകമാണ്. തെയ്യ സ്ഥാനങ്ങളിലെല്ലാം മറ്റ് ജാതിമതവിഭാഗങ്ങളി ലുള്ള വിശ്വാസികള്‍ കാഴ്ചക്കാരായും കച്ചവടക്കാരായും പങ്കെടുക്കുന്നുണ്ട്. മതപരമോ ജാതിപരമോ ആയ ഒരു സങ്കുചിത ചിന്ത അവിടെ നമുക്ക് കാണാന്‍ കഴിയില്ല. മതപരമായ സ്വത്വം കൃത്യമായി നിലനിര്‍ത്തിയിരുന്നെങ്കില്‍ നമ്മുടെ ഇടയില്‍ ഈ മുസ്ലീം തെയ്യങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

കേരളം പോലുള്ള ഒരു നാടിന്‍റെ സംസ്കാരം ഏതെങ്കിലും ഒരു സമുദായത്തിന്‍റെ മാത്രം സംഭാവനയല്ല അത് ഇവിടെ അധിവസിച്ചുവന്ന പല സമുദായങ്ങളും ചേര്‍ന്ന് രൂപപ്പെടുത്തിയ ഒന്നാണ്. വിവിധ മതസമൂഹങ്ങള്‍ തമ്മില്‍ വര്‍ണ്ണാഭമായ സൗഹൃദബന്ധങ്ങള്‍ നില നിന്നിരുന്നു. ഭൗതിക ജിവിത പരിസരങ്ങളില്‍ മാത്രമല്ല വിശ്വാസത്തിന്‍റെ മേഖലയിലും ഈ പരസ്പര ബന്ധം സുദൃഡമാണ്.

ഒരു അനുഷ്ഠാന കലാരൂപം എന്നതിനേക്കാള്‍ തെയ്യം തിറകള്‍ക്ക് ജനങ്ങളുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. "ഗുണംവരണം ഗുണംവരണം എല്ലാവര്‍ക്കും ഗുണംവരണം" എന്നാണ് തെയ്യം അരുളുന്നത്. തെയ്യം സംഘടിപ്പിക്കുന്നവര്‍ക്ക് മാത്രമല്ല കാണാന്‍ വരുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഗുണം വരണം എന്നാണ് ആശംസിക്കുന്നത്. ഇത് വിശ്വമാനവികതയുടെ അടയാളമാണ്. പരസ്പര സഹവര്‍ത്തിത്വം നിലനില്‍ക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ നിന്നു മാത്രമേ ഇത്തരം അനുഗ്രഹ വചനങ്ങള്‍ ഉണ്ടാവുകയുള്ളു. ജനങ്ങള്‍ തമ്മിലുള്ള വിശ്വാസത്തി ന്‍റെയും അനുഷ്ഠാനങ്ങളുടെയും വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ട് തന്നെ പരസ്പര ഐക്യപ്പെടലിന്‍റെ ഒരു മാതൃകയായി ഇതിനെ കാണാം.

അനുഷ്ഠാനങ്ങളിലെ സാമൂഹ്യ ഭാവങ്ങള്‍

ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വിവിധ സമൂഹങ്ങള്‍ തെയ്യത്തിനുമുന്നില്‍ ഒന്നിക്കുന്നുണ്ട്. ഗ്രാമത്തിലെ ഏത് സമുദായത്തിന്‍റെ കാവായാലും അവിടുത്തെ അനുഷ്ഠാനങ്ങള്‍ നടത്തണമെങ്കില്‍ ആ ഗ്രാമത്തിലെ എല്ലാ ജാതി മതസ്ഥരുടേയും സഹകരണം ആവശ്യമാണ്. അവിടവിടെ ചിതറിപ്പോയ സമുദായ അംഗങ്ങളെ ആണ്ടോടാണ്ട് കൊണ്ടാടപ്പെടുന്ന ആഘോഷങ്ങള്‍ വഴി അടുപ്പിച്ച് കൂട്ടുന്നതിനുള്ള ഉപായങ്ങള്‍ അനുഷ്ഠാന മാതൃകയില്‍ ഉണ്ട്. തെയ്യത്തിലെ മുമ്പുസ്ഥാനം പറയലിലും തിറയിലെ കോലങ്ങള്‍ ഉരുവിടുന്ന വാക്യങ്ങളില്‍ നിന്നും മനസ്സിലാവുന്നത് സമൂഹത്തിലെ ഓരോ അംഗങ്ങളും ആഘോഷത്തില്‍ പങ്കെടുക്കണം എന്നാണ്. "ഓരോ നാട്ടിലുമുള്ള ഉത്സവ രൂപങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം നാട്ടുവഴക്കങ്ങള്‍ നിലവിലുണ്ട് എന്ന് എം.ആര്‍. രാഘവവാരിയര്‍ അഭിപ്രായപ്പെടുന്നു"9

കാവുകളില്‍ തെയ്യം തിറകള്‍ നടക്കുമ്പോള്‍ ഓരോ സമുദായക്കാരുടേയും ഉത്തരവാദിത്തങ്ങള്‍, അവകാശങ്ങള്‍ ഇവയിലെ അനുഷ്ഠാനങ്ങളില്‍ കൃത്യമായി അടയാളപ്പെടുത്തു ന്നുണ്ട്. തെയ്യം നടത്താനുള്ള തിയ്യതി കുറിക്കാനും മറ്റും രാശി വെയ്ക്കുന്ന കണിയാനും, നാള്‍മരം മുറിക്കുന്ന തച്ചനും, പീഠവും മറ്റും പുതുക്കുന്ന ആശാരിയും, ആയുധങ്ങള്‍ കടയുന്ന കൊല്ലനും, കലശം തയ്യാറാക്കുന്ന തിയ്യനും, ക്ഷൗരക്കാരനായ കാവുതീയ്യനും, വസ്ത്രം അലക്കുന്ന വെളുത്തേടനും, സ്വര്‍ണ്ണാഭരണങ്ങള്‍ പുതുക്കിപണിയുന്ന തട്ടാനും കാവുകളില്‍ കൃത്യമായ അവകാശങ്ങളുണ്ട്. കാവുകളില്‍ പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്നത് ബ്രാഹ്മണരും ഊരാളസ്ഥാനം ഏല്‍ക്കുന്നത് നായന്‍മാരും കലശമാടുന്നത് തിയ്യരുമാണ്. തെയ്യസ്ഥാനങ്ങളുടെ സംരക്ഷണ ചുമതലയാവട്ടെ രാജാക്കന്മാരില്‍ അര്‍പ്പിതമാണ്. വാണിയര്‍ വിളക്ക് തെളിയിക്കാനുള്ള എണ്ണ നല്‍കുന്നു. മാറ്റ് (അലക്കുവസ്ത്രം) ഒരുക്കാനുള്ള അവകാശം മണ്ണാത്തിക്കാണ്. പായ നെയ്യുന്നത് പുലയനും കാവിലേക്ക് വേണ്ട ആയുധങ്ങള്‍ ഉണ്ടാക്കുന്നത് കൊല്ലനും, അനുഷ്ഠാനങ്ങള്‍ക്ക് ആവശ്യമായ മരം മുറിക്കുന്നത് ആശാരിയുമാണ്.

ഈ അവകാശക്കാരെയെല്ലാം തോറ്റം പാട്ടിലൂടെ തെയ്യം കാവുകളില്‍ വിളിച്ച് ചൊല്ലുന്നുണ്ട്. തെയ്യം ഉരിയാട്ട് കേള്‍പ്പിക്കുമ്പോള്‍ ഓരോ സമുദായത്തില്‍പ്പെട്ടവരേയും പ്രത്യേകം ആചാരവാക്കുകളും, ഉപചാരപദങ്ങളും കൊണ്ടാണ് വിളിക്കേണ്ടത്. അകത്തൂട്ടി പൈതങ്ങള്‍ (അന്തര്‍ജ്ജനം) അകമ്പടി (നായര്‍) ചൊവ്വര്‍ (ബ്രാഹ്മണര്‍) പെരിഞ്ചല്ലൂര്‍ ഗ്രാമം (ബ്രാഹ്മണര്‍) എട്ടില്ലം (തിയ്യര്‍) ഒമ്പതില്ലം (വാണിയര്‍) നാലില്ലം (നായന്മാര്‍) ആറുകിരിയത്തിങ്കലുള്ളവര്‍ (മണിയാണി) പന്ത്രണ്ടില്ലം (കല്‍പ്പണി എടുക്കുന്നവര്‍) വിശ്വകര്‍മ്മാവ് (ആശാരി) നാങ്ക്വര്‍ണ്ണത്തില്‍ കാരണവര്‍ (കൊല്ലന്‍) അറുവര് കാരണവര്‍ (നാകന്മാര്‍ ക്ഷൗരം ചെയ്യുന്നവര്‍) വയലടിയാന്‍ (പുലയര്‍) കല്ലാടി (വണ്ണാന്‍, വേലന്‍, മലയന്‍) മാടായിനഗരേ (മാപ്പിള) എന്നിങ്ങനെ ആചാരവാക്കുകളും ഉപചാരപദങ്ങളും കൊണ്ടാണ് തെയ്യം അവകാശക്കാരെ വിളിക്കുന്നത്. തെയ്യം കാണാന്‍ വരുന്നവരില്‍ ഈ ജാതിക്കാര്‍ എല്ലാം ഉണ്ടായിരിക്കും. അവനവന്‍ ചെയ്യേണ്ടുന്ന കാര്യത്തെ അവകാശമായിട്ടാണ് ഓരോ ജാതിക്കാരും കരുതുന്നത്. ഇവര്‍ ഒന്നിച്ച് ചേര്‍ന്ന് അവരവരുടെ അവകാശങ്ങള്‍ നിറവേറ്റുമ്പോള്‍ അനുഷ്ഠാനങ്ങള്‍ക്ക് പൂര്‍ണ്ണത കൈവരുന്നു. ഗ്രാമത്തെ ഒന്നാക്കി തീര്‍ക്കുന്ന പ്രധാനമായ  ധര്‍മ്മം തെയ്യങ്ങള്‍ക്കും അതിന്‍റെ അനുഷ്ഠാനങ്ങള്‍ക്കും ഉണ്ട്.

തിറയുടെ അനുഷ്ഠാനത്തിലും ഇതേ രീതി പിന്തുടരുന്നത് കാണാം. ജാതിഉച്ചനീചത്വങ്ങള്‍ ഇല്ലാതെ അവരവര്‍ ചെയ്തുവരുന്ന തൊഴിലുല്‍പ്പന്നങ്ങള്‍ തിറയാട്ട ദിവസം അവര്‍ കാവിലേക്ക് സംഭാവന ചെയ്യുന്നു. തറവാട്ടിലെ കാവിനുമേല്‍ പ്രത്യേക അവകാശമുള്ള ഊരാളന്‍ നമ്പൂതിരി നായര്‍ സമുദായത്തില്‍ പ്പെട്ടവരാണ്. ഉത്സവആവശ്യപ്രകാരമുള്ള പൂജചെയ്യുന്നത് ബ്രാഹ്മണന്‍, ബിംബം പണിയുന്നതും വിളക്കുന്നതും തട്ടാന്‍, മാറ്റ് വെളുത്തേടന്‍, പച്ചപ്പാള കുരുത്തോല നാളികേരം എന്നിവ തണ്ടാന്‍, വാള് കൊല്ലന്‍, പന്തല്‍ ആശാരി, പായ, ചൂട്ട് എന്നിവ പുലയന്‍, കോലംകെട്ടുന്നത് പെരുവണ്ണാന്‍, തോറ്റം വാദ്യം എന്നിവ മലയന്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളും പാരമ്പര്യമായി കാവിലേക്ക് വിവിധ പ്രവര്‍ത്തികള്‍ ചെയ്യുന്നു.

സാമൂഹ്യഭാവം പുരാവൃത്തത്തില്‍

ദൈവം എന്നത് മനുഷ്യന്‍റെ സൃഷ്ടിയാണ്. അതിനാല്‍ മനുഷ്യന്‍ തനിക്കനുസൃതമായി ദൈവത്തെയാണ് സൃഷ്ടിക്കുന്നത്. മനുഷ്യന്‍ തന്‍റെ പഴയകാലത്തെ, ജീവിതത്തെ പുരാവൃത്തങ്ങളിലൂ ടേയും അനുഷ്ഠാനങ്ങളിലൂടേയും പുന:സൃഷ്ടിക്കുകയും കൂടെ കൊണ്ടുനടക്കുകയും ചെയ്യുന്നു. വയനാട്ട് കുലവന്‍ തെയ്യം, കണ്ടനാര്‍കേളന്‍ തെയ്യം തുടങ്ങിയവയുടെ പുരാവൃത്തവും അനുഷ്ഠാനങ്ങളും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വയനാട്ട് കുലവന്‍ തെയ്യം കെട്ടിലെ അനുഷ്ഠാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നായാട്ടും തുടര്‍ന്ന് 'ബപ്പിടലും' ആണ്. (കണ്ടനാര്‍ കേളന്‍റെ വെള്ളാട്ടം കാഴ്ച മൃഗങ്ങളെ ഏറ്റുവാങ്ങി നിരത്തിവെച്ച് വീതം വെക്കുന്നു. ഇതിന് ബപ്പിടല്‍ എന്ന് പറയുന്നു) നായാടി കൊണ്ടുവരുന്ന മൃഗങ്ങളുടെ കരള് ചുട്ട് സമൂഹഭോജനം നടത്തുന്നു. മൃഗങ്ങളുടെ മാംസം വേവിച്ച് അവിടെ കൂടിയ ആയിരക്കണക്കിന്  ആളുകള്‍ക്ക് വീതം വെക്കുന്നു. ഇത് എന്നോ നഷ്ടമായ ഗോത്രസ്മൃതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തില്‍ പല തരത്തിലുള്ള സാമൂഹ്യധര്‍മ്മങ്ങള്‍ തെയ്യം തിറകളുടെ അനുഷ്ഠാനങ്ങള്‍ നിറവേറ്റുന്നുണ്ട്.

സഹജീവിയായ മനുഷ്യന്‍ പലതരത്തിലുള്ള അസ്വാതന്ത്ര്യ ങ്ങള്‍ നേരിടേണ്ടിവരുന്നു. സമൂഹത്തിലെ ചിലര്‍ ചില വ്യവസ്ഥകള്‍ ക്കെതിരെ പോരാടുകയും രക്തസാക്ഷികളാവുകയും ചെയ്യുന്നു. ഇത്തരം രക്തസാക്ഷികളും തെയ്യത്തില്‍ കാണാന്‍ കഴിയും. ജാതി വ്യവസ്ഥയ്ക്കെതിരെ വെല്ലുവിളിക്കുകയും രക്തസാക്ഷിയാവുകയും ചെയ്യുമ്പോള്‍ അവരെ ദൈവപദവിയിലേക്കുയര്‍ത്തി തെയ്യമാക്കി അയാളുടെ ജിവിതകഥ അനുഷ്ഠാനമായി മാറുകയും ചെയ്യുന്നു. പുലയ സമുദായത്തിന്‍റെ പുലിമറഞ്ഞ തൊണ്ടച്ചന്‍. പെട്ടന്‍തെയ്യം എന്നിവ ഇതിന് നിദാനങ്ങളാണ്. മരുമക്കത്തായ സമ്പ്രദായത്തിലെ നാത്തൂന്‍ പോരിന്‍റെ രക്തസാക്ഷിയായി തീരുന്ന മാക്കത്തിന്‍റെ ജീവിതകഥ തെയ്യാട്ടസമയത്ത് തുടര്‍ന്ന് വരുന്ന തോറ്റം പാട്ടിലും അനുഷ്ഠാനങ്ങളിലും പുനരാവിഷ്കരിക്കുമ്പോള്‍ ശരിതെറ്റുകളെ സമൂഹം തിരിച്ചറിഞ്ഞ് മനസ്സ് ശാന്തി വരുത്തുകയാണ് ചെയ്യുന്നത്.

വിഭവങ്ങളുടെ സമാഹരണവും വിതരണവും

ക്ഷേത്രങ്ങളില്‍ പൂജപോലെ അന്നദാനവും ഇപ്പോള്‍ വ്യാപകമായിട്ടുണ്ട്. വിശക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നത് ഭക്തിനിര്‍ഭരമായ ഒരു അനുഷ്ഠാന ചടങ്ങായി മാറുകയാണ്. ഭക്തന്മാരുടെ സംഭാവന, സേവനം, ഉല്‍പ്പന്നങ്ങളുടെ പിരിവ് എന്നിവയിലൂടെയാണ് അന്നദാനം നടത്തുന്നത്. 'കലവറ നിറക്കല്‍' എന്നാണ് ഇതിന് പറയുക. ഓലയും പാലത്തൂണും ഉപയോഗിച്ചാണ് കലവറതീര്‍ക്കുന്നത്. തെയ്യം തിറ ദിവസങ്ങളില്‍ ഭക്തന്മാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ വേണ്ടി നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തജനങ്ങള്‍ ഒന്നിച്ച് സാധനസാമഗ്രികള്‍ കൊണ്ട് വരുന്ന ചടങ്ങാണ് ഇത്. ചെണ്ടമേളത്തോടെ സ്ത്രീകളും ഈ ചടങ്ങില്‍ പങ്കുചേരുന്നുണ്ട്. സമൂഹത്തിലുണ്ടാക്കിയ വിഭവങ്ങള്‍ സമൂഹത്തി ലേക്ക് തന്നെ വിതരണം നടത്തപ്പെടുന്നു. കാവുകളിലേക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ മുഴുവന്‍ കൂട്ടായ്മയില്‍ നിന്ന് ശേഖരിക്കുകയും കൂട്ടായ്മ കാവിലേക്ക് നേര്‍ച്ചയായും സംഭാവനയായും ഉത്പന്നങ്ങള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. കൂട്ടായ്മയുടെ സ്വത്ത് വിതരണമാണ് ഇതിലൂടെ നടക്കുന്നത്. ഉത്സവദിനങ്ങളില്‍ കാവുകളുടെ പരിസരങ്ങളില്‍ ധാരാളം ഉല്‍പ്പന്നങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. സാമ്പത്തികമായ കൈമാറ്റമാണ് ഇവിടെ നടക്കുന്നത്. ഇങ്ങനെ സാമൂഹികവും സാമ്പത്തികവുമായ കൈമാറ്റങ്ങള്‍ക്ക് ഇത്തരം അനുഷ്ഠാനങ്ങള്‍ വേദിയാകുന്നു.

മതനിരപേക്ഷതയുടേയും വിശാലവീക്ഷണത്തിന്‍റെയും മനുഷ്യസ്നേഹത്തിന്‍റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്കാരിക സമന്വയം ഈ കൂട്ടായ്മയിലൂടെ പാലിക്ക പ്പെടുന്നു.അത്കൊണ്ട് തന്നെ ഈ കാലഘട്ടത്തില്‍ തെയ്യവും തിറയും സാംസ്കാരിക സമന്വയത്തിന്‍റെ ഉജ്ജ്വല മാതൃകകളാണ്.

പഴയകാലത്ത് കുടുംബങ്ങളുടെ ഒത്തുചേരല്‍ സാമൂഹ്യ മായ ഇടപെടല്‍ എന്നിവക്കുള്ള ഒരവസരം ഇത്തരം ആഘോഷങ്ങ ളാണ്. ജനങ്ങള്‍ കൂടിച്ചേരുന്ന സ്ഥലം എന്നതോടൊപ്പം സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്താനും സൗഹൃദം പങ്കിടാനും തെയ്യം തിറകള്‍ വേദിയാകുന്നുണ്ട്. പഴയകാലത്ത് സമുദായത്തിലെ നിമ്ന തലത്തിലുള്ള വണ്ണാന്‍, മലയന്‍, വേലന്‍, കോപ്പാളന്‍, മാവിലന്‍, പാണന്‍, പറയന്‍ അഞ്ഞൂറ്റന്‍, മുന്നൂറ്റന്‍ തുടങ്ങിയ സമുദായത്തിലുള്ളവരാണ് തെയ്യം കെട്ടിയാടിയിരുന്നത്. അയിത്താചാരത്തിന്‍റെ പേരില്‍ ഇവരെ തീണ്ടാതിരിക്കാന്‍ അകറ്റിനിര്‍ത്തപ്പെട്ടുപോന്നിരുന്നുവെങ്കിലും തെയ്യമോ തിറയോ കെട്ടിയാടുമ്പോള്‍ ഉന്നതകുലജാതര്‍ ഇവരെ ഭക്തിപൂര്‍വ്വം തൊഴുതു നില്‍ക്കുന്നത് പതിവാണ്. നര്‍ത്തകനായ കോലക്കാരനെ ആ ദിവ്യമുഹൂര്‍ത്തത്തില്‍ ജനങ്ങള്‍ വിസ്മരിച്ച് പോകുന്നു. ദൈവം തന്നെയാണ് നമ്മുടെ മുന്നില്‍ കോലമായി ആടുന്നത് എന്ന പ്രതീതിയാണ് അവിടെ സംജാതമാവുന്നത്. ജാതിക്കൂട്ടായ്മയുടെ ആരാധനാമൂര്‍ത്തിയായ തെയ്യം തിറകള്‍ ജാത്യതീതമായ സംസ്കാരത്തെ ലക്ഷ്യം വെയ്ക്കുന്നു. ഈ പ്രത്യേകത ജാതികള്‍ തമ്മില്‍ സ്പര്‍ദ്ധരഹിതമായ ഒരു ഏകോപനം സംജാതമാക്കുന്നു. ഈ സവിശേഷതയാണ് തെയ്യം തിറകളെ ജനകീയ ഉത്സവങ്ങളാക്കിമാറ്റുന്നത്. 

നിന്ദിതരായ ദൈവങ്ങള്‍

ഓരോ ദൈവത്തിന്‍റെയും ആട്ടം വിജയിപ്പിക്കാനുള്ള ഈ കടമ ഓരോ സമുദായത്തിനുമുണ്ട്. തെയ്യത്തെ ആരാധിക്കുന്ന വരിലും തെയ്യം കെട്ടുന്നവരിലും നിരവധി ജാതിക്കാരുണ്ട്. തെയ്യാരാധനയില്‍  ജാതി ചിന്ത കൂടാതെ പങ്കെടുക്കാമെന്ന അനുശാസനത്തെയാണ് ഇത് കാണിക്കുന്നത്. സമൂഹത്തിന്‍റെ ആന്തരികമായ കെട്ടുറപ്പിനെയാണ് ഇത്തരം തെയ്യാരാധനയിലൂടെ കാണുന്നത്. വൈദിക പ്രഭാവഫലമായി സമുദായത്തിലെ സവര്‍ണ്ണാവര്‍ണ്ണ വിവേചനം തെയ്യം തിറകളുടെ രംഗത്തും കാലൂന്നി. വര്‍ണ്ണവിവേചനം തെയ്യത്തിനുമേല്‍ അടിച്ചേല്‍പ്പി ക്കപ്പെട്ടു. അതിന്‍റെ യുക്തി ഇന്നും അജ്ഞാതമായിരിക്കുന്നു. കണ്ണൂര്‍ കാസര്‍ഗോഡ് ഭാഗങ്ങളില്‍ ഇന്നും ചില തെയ്യങ്ങള്‍ കാവിന്‍റെ മുറ്റത്തിനകത്ത് നിറഞ്ഞാടുമ്പോള്‍ ചില തെയ്യങ്ങള്‍ മുറ്റത്തിന് പുറത്ത് ആടുന്നു. വേലന്‍ പുലയന്‍, നല്‍ക്കദായ സമുദായത്തില്‍ പ്പെട്ട ആളുകള്‍ കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കാണ് ഇന്നും ഈ ദുര്‍ഗ്ഗതി ഉള്ളത്. എന്നാല്‍ തെയ്യം കെട്ടുന്നവര്‍ക്ക് തെയ്യക്കാവിനകത്ത് പ്രവേശിക്കുകയും ചെയ്യാം.

ഇന്ന് തെയ്യം തിറകളുടെ അനുഷ്ഠാനങ്ങളിലും നടത്തിപ്പിലും കാലത്തിന്‍റേതായ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ഒരു കാലത്ത് നിലനിന്നിരുന്നശക്തമായ കലാപമായിരുന്നു തെയ്യങ്ങള്‍. എന്നാല്‍ ഈ അനുഷ്ഠാന കലാരൂപം ഇന്ന് ജാതീയമായ ശ്രേണികള്‍ക്കകത്ത് തന്നെ നിലനില്‍ക്കുന്നു എന്നത് വിരോധാഭാസമാണ്. കാലങ്ങള്‍ കൊണ്ട് തെയ്യം തിറകള്‍ക്ക് പുതിയ വ്യാഖ്യാനങ്ങളുണ്ടാക്കാനുള്ള അജണ്ടകള്‍ തകൃതിയായി നടക്കുന്നുണ്ടോ എന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. കമ്പോളവത്കരണത്തെ ഏറെക്കുറെ ചെറുത്തു നില്‍ക്കുന്ന അനുഷ്ഠാനങ്ങളാണ് ഇവ എങ്കിലും കാലത്തിന്‍റെ മാറ്റങ്ങള്‍ ഈ അനുഷ്ഠാനങ്ങളിലും കടന്നു കൂടുന്നുണ്ട്.

കുറിപ്പുകള്‍

1. വിഷ്ണുനമ്പൂതിരി എം.വി. ഫോക്ലോര്‍ നിഘണ്ടു 2000 പുറം: 22
2. ഡി.ഡി.കോസാംബി, മിത്തും യാഥാര്‍ത്ഥ്യവും 1986 പുറം: 5
3. വേലായുധന്‍ പണിക്കശ്ശേരി. കേരള ചരിത്രപഠനങ്ങള്‍, 1980 പുറം: 43-44
4. ദാമോദരന്‍. കെ. കേരള ചരിത്രം ഒന്നാം ഭാഗം, 1962
5. ഇ.എം.എസ്. കേരള ചരിത്രവും സംസ്കാരവും ഒരു മാര്‍കിസ്റ്റ് വീക്ഷണം  1981 പുറം : 16-17
6. ഭാസ്കരനുണ്ണി. പി. 19-ാം നൂറ്റാണ്ടിലെ കേരളം, 1988 പുറം : 136
7. വില്ല്യംലോഗന്‍ മലബാര്‍ മാന്വല്‍, 1993 പുറം : 76-79
8. വില്ല്യംലോഗന്‍ മലബാര്‍ മാന്വല്‍, 1993 പുറം : 134
9. രാഘവവാരിയര്‍. എം. ആര്‍. മധ്യകാലകേരളം സമ്പത്ത് സമൂഹം സംസ്കാരം 1997 പുറം : 87

സഹായക ഗ്രന്ഥങ്ങള്‍

ഇ.എം.എസ്. കേരള ചരിത്രവും സംസ്കാരവും ഒരു മാര്‍കിസ്റ്റ് വീക്ഷണം. 1981 ചിന്ത പബ്ലിഷേഴ്സ്
കണ്ണന്‍ പെരുവണ്ണാന്‍ ചിലമ്പിട്ട ഓര്‍മ്മകള്‍. കുരുക്ഷേത്രപ്രകാശന്‍ എറണാകുളം 1997
കുഞ്ഞന്‍പിള്ള ഇളംകുളം കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍. എന്‍.ബി.എസ്സ്. കോട്ടയം 1967
കോസാംമ്പി ഡി.ഡി. മിത്തും യാഥാര്‍ത്ഥ്യവും. കോസാംബി കൃതികളുടെ പ്രസിദ്ധീകരണസമിതി തിരുവനന്തപുരം  1986 
ജയരാജന്‍. പി. ഉത്തരകേരളം ആരാധനാലയങ്ങളും സമകാലീന പ്രവണതകളും. ദേശാഭിമാനി ബുക്സ് 1997
ദാമോദരന്‍. കെ. കേരള ചരിത്രം ഒന്നാം ഭാഗം. തൃശ്ശൂര്‍ 1962
ബാലകൃഷ്ണന്‍. പി.കെ. ജാതിവ്യവസ്ഥയും കേരളചരിത്രവും. എസ്.പി.എസ്.എസ്. കേട്ടയം 1987
ഭാസ്കരനുണ്ണി. പി. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം. കേരള സാഹിത്യ അക്കാദമി-തൃശ്ശൂര്‍ 1988
രാഘവവാരിയര്‍. എം. ആര്‍. മധ്യകാല കേരളം സമ്പത്ത് സമൂഹം സംസ്കാരം. 1997
രാഘവന്‍ പയ്യനാട് ഫോക്ലോറിന് ഒരു പഠന പദ്ധതി. കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍ 1998
ലോഗന്‍വില്ല്യം : ലോഗന്‍റെ മലബാര്‍ മാന്വല്‍. (മലയാള വിവര്‍ത്തനം ടി.വി. കൃഷ്ണന്‍) മാതൃഭൂമി പബ്ലിഷിംഗ് കമ്പനി, കോഴിക്കോട് 1193
വിഷ്ണുനമ്പൂതിരി എം.വി. ഫോക്ലോര്‍ നിഘണ്ടു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം- 2000
വേലായുധന്‍ പണിക്കശ്ശേരി കേരള ചരിത്ര പഠനങ്ങള്‍. കറന്‍റ് ബുക്സ് 1980
സി.ജി.എന്‍. തിറയാട്ടവും അഞ്ചടിയും. എന്‍.ബി.എസ്. കോട്ടയം 1990
സഞ്ജീവന്‍ അഴീക്കോട്. തെയ്യത്തിലെ ജാതിവഴക്കം. കറന്‍റ് ബുക്സ് തൃശ്ശൂര്‍-2007
ഡോ. രാഗിണി. ഇ.വി.
അസോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം 
സി.എച്ച്.എം.കെ.എം.ഗവ: ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്
കൊടുവള്ളി, കോഴിക്കോട്
പിന്‍ : 673572
India
ഫോണ്‍ : +91 9495647097