The Essence of  Folk Culture  in the Poems of Edassery

Dr. Brincy Mathew

Edassery Govindan Nair was a prominent poet and playwright in Malayalam whose works mainly focus on the folk culture of Kerala.  The naturalness and power of rural life is reflected in the poetic themes, styles, language and thought of Edassery. Folk songs, folk traditions, folk sayings, rituals and beliefs, festival experiences, proverbs, folk language, agriculture culture etc.  are inherent in many of his poems. Poems like Kavileppattu, Poothappattu, Vivaha sammanam, Bhuthanum nariyum njanum, Pengal etc. portray the uniqueness of the folk culture of Kerala . Unique images of Kerala village -agricultural image, festival image, mother image and human image can be seen in his poems. His poems stand as the corrective lines when industrialization and civilization erode the country’s uniqueness.

Key Words: .NadodiSahithyam, Kadhakavyam, Poetic Image, Tradition of Folk Songs, Narrative style.

References:

Edassery, (2007) Edasserykkavithakal, Calicut: Mathrubhoomi books.
Edassery, (1991) Karutha chettichikal, Calicut: Poornna publications.
NarayanakurupP., (2004) Kaviyum kavithayum, Thiruvananthapuram: Kerala BhashaInstitute.
Prakash S., Folklorum  Kavithayum, Current Books, Kottayam,2002.
Mohanan K.P., (2000) Edasserykkavitha-Silpavicharam, Thrissur: Prof.Sankaran Nambyar Foundation.
Ramachandran Kavadiyar, (Collection & Study), (2004) Edasserykkavitha, Thiruvananthapuram: Kerala Bhasha Institute.
Leelavathy M., (1990) Malayala Kavitha Sahithyacharithram, Thrissur: Shithya Academy.
Soman P., (2007) Folklore Samskaram, Thiruvananthapuram: Kerala Bhasha Institute.
Dr. Brincy Mathew
Assistant Professor
Department of Malayalam
Deva Matha College Kuravilangad
Pin: 686633
India
brincytojo@gmail.com
Ph: +91 9446442808

ഇടശ്ശേരിക്കവിതയിലെ നാടോടിത്തനിമ

ഡോ. ബ്രിന്‍സി മാത്യു


ഒരു നാടിന്‍റെ സാമൂഹികസാംസ്കാരിക സവിശേഷതകളും മൂല്യസങ്കല്പങ്ങളും കണ്ടെത്തുവാനുള്ള മുഖ്യഉപാധിയാണ് ഫോക്ലോര്‍. സാഹിത്യത്തെപ്പോലെ ഫോക്ലോറും ജീവിതത്തിന്‍റെ സമസ്തതലങ്ങളെയും ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ഒരു സാംസ്ക്കാരികലോകമാണ് തുറന്നിടുന്നത്.  എല്ലാ ഭാഷകളിലും  സാഹിത്യത്തിന്‍റെ പ്രഥമ രൂപമായി നാടോടിസാഹിത്യത്തെ പരിഗണിക്കുന്നു. സാഹിത്യത്തിന്‍റെ പ്രാഗ്രൂപമായ നാടോടിക്കഥകളും നാടന്‍ട്ടപാട്ടുകളും ചിത്രീകരിക്കുന്ന ജീവിതം ഏറിയപങ്കും ഏതെങ്കിലും പ്രാദേശിക സാംസ്ക്കാരിക പരിസരത്തെ പ്രതിനിധീകരിക്കുന്നവയാണ്. ആദിമകാലം മുതല്‍ ഇന്നുവരെ സാഹിത്യത്തെ ഫോക്ലോര്‍ ഏതെങ്കിലും തലങ്ങളില്‍ സ്വാധീനിച്ചിട്ടുണ്ട്. വാമൊഴിസാഹിത്യമാണ് എല്ലാ څഭാഷകളിലും ആദ്യം രൂപം കൊണ്ടത്. ലേഖനവിദ്യയുടെയും അച്ചടിവിദ്യയുടെയും ആവിര്‍ഭാവത്തോടെയാണ് വാമൊഴിസാഹിത്യത്തില്‍ നിന്ന് വരമൊഴിസാഹിത്യത്തിലേക്ക് നാം മാറുന്നത്.

നാടോടിസാഹിത്യവും സാഹിത്യവും തുലനം ചെയ്തുകൊണ്ട് ആര്‍ച്ചര്‍ ടെയ്ലര്‍ മൂന്നു കാര്യങ്ങള്‍ പറയുന്നു. (1) ഫോക്ലോര്‍ പല സംസ്ക്കാരങ്ങളിലും സാഹിത്യത്തിന്‍റെ ഭാഗം തന്നെയാണ്. (2) സാഹിത്യകൃതികള്‍ അനവധി ഫോക്ലോര്‍ ഘടകങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. (3) എഴുത്തുകാര്‍ ഫോക്ലോറിനെ അനുകരിക്കുന്നു.1 മലയാളത്തില്‍ ഫോക്ലോര്‍ പാരമ്പര്യത്തെ പ്രതിപാദനത്തില്‍ നിരവധി എഴുത്തുകാര്‍ ഉപജീവിച്ചിട്ടുണ്ട്. മലയാളത്തിലെ കഥ, നാടകം, കവിത എന്നിവയിലെല്ലാം നാടോടിത്തനിമയുടെ പ്രതിഫലനങ്ങള്‍ കാണാം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ നാട്ടുഭാഷയും നാടന്‍പാട്ട് ഘടനയും കാണാന്‍ കഴിയും. വടക്കന്‍പാട്ടുകളിലെ ഈരടി വ്യവസ്ഥകളെയും താളത്തെയും ചിട്ടപ്പെടുത്തിയാണ് മഞ്ജരിയ്ക്ക് അദ്ദേഹം രൂപംകൊടുത്തത്. അച്ചീചരിതങ്ങള്‍ കേരളീയ സംസ്കൃതിയെ പ്രതിഫലിപ്പിച്ചിരുന്നു. നമ്പ്യാരുടെ തുള്ളല്‍ കൃതികളില്‍ വൃത്തം, ഭാഷ, അലങ്കാരകല്പനകള്‍, പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, വ്യക്തിനാമങ്ങള്‍, പുറംകഥകള്‍ എന്നിവ നാടോടി സംസ്കൃതിയിലേക്ക് അടുപ്പിക്കുന്ന  ഘടകങ്ങളാണ്. നമ്പ്യാരുടെ തുള്ളലില്‍ നാടോടിയായ മട്ടുകള്‍ ഏറെ കാണാം. വഞ്ചിപ്പാട്ടുകളിലെ വൃത്തപാരമ്പര്യത്തിനു പിന്നില്‍ കേരളത്തിന്‍റെ څഭൂഘടനയാണ്. കുമാരനാശാന്‍റെ കൃതികളില്‍ നാടോടിയായ ആഖ്യാനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. നളിനി, കരുണ, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ എന്നീ കാവ്യങ്ങളുടെ ആരംഭڅരീതി ഇതിന് ഉദാഹരണമാണ്. ആഖ്യാനരീതിയെ ദീര്‍ഘിപ്പിക്കാനായി സ്വീകരിച്ചിട്ടുള്ള ചൊല്‍വഴക്കരീതി നാടോടി സമ്പ്രദായത്തില്‍ കാണാം. 

ആധുനിക കവിതകളിലും നാടോടിസ്വാധീനം നിറഞ്ഞുനില്ക്കുന്നു. നാടോടി ജീവിതത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും സംസ്കൃതി സൂക്ഷിക്കുന്ന നാടോടിക്കവിതകള്‍ വികസിച്ച് രൂപപ്പെട്ടതാണ് ആധുനിക കവിത. നാടോടി ശീലുകള്‍, താളക്രമം, വായ്ത്താരികള്‍, വടക്കന്‍പാട്ടുരീതി, നാടോടിക്കഥാസൂചനകള്‍, പുരാവൃത്തം, നാടോടിവിശ്വാസങ്ങള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍, നാടന്‍ ചൊല്ലുകള്‍, കാര്‍ഷികാഭിമുഖ്യം തുടങ്ങിയവ നിരവധി മലയാള കവിതകളില്‍ പ്രതിഫലിച്ചുകാണുന്നു. നാടോടിത്തനിമയുടെ പ്രതിഫലനങ്ങള്‍ കവിതയുടെ ആന്തരിക ഘടനയിലാണ് കൂടുതലും കാണുക. സമൂഹത്തിന്‍റെ ആചാരവിശ്വാസാദികള്‍, څഭാഷണരീതികള്‍, ചൊല്‍വഴക്കങ്ങള്‍, ഐതിഹ്യപുരാവൃത്തങ്ങള്‍ എന്നിവ കവിതയില്‍ പ്രതിഫലിക്കാറുണ്ട്. ഫോക്ലോറിലെ സവിശേഷവിഭാഗമായ നാടന്‍പ്പാട്ടുകളിലെ വരികള്‍ അതേപടിയോ ചിലമാറ്റങ്ങള്‍ വരുത്തിയോ കവിതയില്‍ ഇണക്കിച്ചേര്‍ക്കാറുണ്ട്. വൈലോപ്പിള്ളിയുടെ 'തൃശൂരിലെ തിരുവാതിരകള്‍'چ എന്ന കവിതയില്‍ കൈകൊട്ടിക്കളിപ്പാട്ടിന്‍റെ ഈരടികളും വയലാര്‍ രാമവര്‍മ്മയുടെ ڇ'പാടത്തൊരു പാട്ട്'  എന്ന കവിതയില്‍ തിരുവാതിരപ്പാട്ടിന്‍റെ താളവും രീതിയും കാണാം. കടമ്മനിട്ടയുടെ 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു'چഎന്ന കവിതയിലും നിറഞ്ഞ നാടോടിത്തനിമ കാണാം. ദേശമംഗലം രാമകൃഷ്ണന്‍റെ ڇ'എന്‍റെ ഉറുമ്പുകള്‍', 'പച്ചക്കറികള്‍' എന്നീ കവിതകളില്‍ നാടന്‍ ശീലുകള്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 

ചങ്ങമ്പുഴയുടെ കവിതയില്‍ നാടോടിപ്പാട്ടുപാരമ്പര്യത്തിന്‍റെ സ്വാധീനം കാണാം. ഓമനക്കുട്ടന്‍, മാവേലി, തിരുവാതിര, കുറത്തി, കല്യാണി, കളവാണി, താരാട്ട്, വഞ്ചിപ്പാട്ട് എന്നീ നാടോടിവൃത്തങ്ങള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. നാടോടിയായ ഈണങ്ങള്‍ വയലാര്‍ കവിതകളിലുമുണ്ട്. വായ്ത്താരികളോ, ഈരടികളോ ആവര്‍ത്തിക്കുന്ന രീതി ചങ്ങമ്പുഴക്കവിതകളില്‍ കാണാം. സംഖ്യാവാചികളായ ഈരടികള്‍ നാടന്‍പാട്ടുകളുടെ സവിശേഷതയാണ്. ഫോക്ലോറിന്‍റെ അക്ഷയഖനികളിലൊന്നായ നാടോടിക്കഥകള്‍ കവിതയുടെ പ്രമേയമായിത്തീരുന്നതിന് ഉദാഹരണമാണ് ജി. ശങ്കരക്കുറുപ്പിന്‍റെ 'ചന്ദനക്കട്ടില്‍', വൈലോപ്പിള്ളിയുടെ 'ചന്ദ്രന്‍റെ ചിരി', 'പെണ്ണും പുലിയും', വയലാറിന്‍റെ 'ഏകാദശി നോറ്റ കാക്കയുടെ കഥ' തുടങ്ങിയവ. നാടോടിڅഭാഷയുടെ ചൈതന്യം വള്ളത്തോളിന്‍റെ ڇ'ഒരു ചിത്രം'چപോലുള്ള കവിതകളില്‍ കാണാം. ആചാരാനുഷ്ഠാനങ്ങള്‍ കവിതയുടെ പ്രമേയത്തിലോ പ്രതിപാദനത്തിലോ പ്രതിഫലിക്കാറുണ്ട്, വൈലോപ്പിള്ളിയുടെ 'ഇമിയില്ലാഞ്ഞിട്ട്' , കടമ്മനിട്ടയുടെ 'ചാക്കാല', എന്‍. വി. കൃഷ്ണവാര്യരുടെ 'നന്നങ്ങാടികള്‍', കക്കാടിന്‍റെ 'വഴിവെട്ടുന്നവരോട്' എന്നീ കവിതകള്‍ ഉദാഹരണങ്ങളാണ്. വൈലോപ്പിള്ളിയുടെ 'സര്‍പ്പക്കാട്', വയലാറിന്‍റെ 'രാവണപുത്രി' തുടങ്ങിയ കവിതകളില്‍ നാടന്‍ വിശ്വാസങ്ങള്‍ കാണാം. ജി.യുടെ 'പെരുന്തച്ചന്‍', വൈലോപ്പിള്ളിയുടെ 'തച്ചന്‍റെ മകന്‍', വിജയലക്ഷ്മിയുടെ 'തച്ചന്‍റെ മകള്‍', ഒ. എന്‍ വി. യുടെ 'കണ്ണകി', കടമ്മനിട്ടയുടെ 'കുറത്തി' തുടങ്ങിയവയില്‍ ഐതിഹ്യകഥയുടെ തലം കാണാം. 

മലയാള കവിതാലോകത്തെ കരുത്തിന്‍റെ കവിയാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. ക്ലാസ്സിസ്സത്തിന്‍റെയും റിയലിസത്തിന്‍റെയും څഭൂമികയില്‍ പിറന്നുവീണ ഇടശ്ശേരി നാട്ടിന്‍പുറത്തിന്‍റെ കാഴ്ചകളാണ് തന്‍റെ കവിതയില്‍ ആവിഷ്ക്കരിച്ചത്. പുന:സൃഷ്ടിയുടെ വെളിച്ചമേകി ഫോക് സാഹിത്യത്തിന് നവമാനം നല്‍കുകയാണ് ഇടശ്ശേരിയെപ്പോലുള്ള എഴുത്തുകാര്‍ ചെയ്തത്. പ്രകൃതിയെയും ഗ്രാമീണഭംഗിയെയും, നാടന്‍ സംസ്ക്കാരത്തെയും സ്നേഹിച്ച ഇടശ്ശേരിയുടെ കവിതകള്‍ എക്കാലത്തും മലയാളികള്‍ക്കുള്ള ഉണര്‍ത്തുപാട്ടാണ.് ഇടശ്ശേരിയുടെ കവിതകളില്‍ നാടോടി പാട്ടുപാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ച കാണാം. 1928 മുതല്‍ 1974 വരെ മലയാള കവിതാരംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന ഇടശ്ശേരി ക്രാന്തദര്‍ശിയായ കവിയായിരുന്നു. കേരളീയ കാര്‍ഷികവൃത്തിയെയും കര്‍ഷകരെയും നെഞ്ചിലേറ്റിയ കവി കൂടിയായിരുന്നു ഇടശ്ശേരി. 1920 കളുടെ അവസാനത്തില്‍ ലോകമെമ്പാടും ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടപ്പെടുത്തിയത് ഇടത്തരം കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയുമായിരുന്നു. നാടോടിസംസ്ക്കാരം നിറഞ്ഞുനില്ക്കുന്ന څഭാവഗാനങ്ങളിലൂടെയും കഥാകാവ്യങ്ങളിലൂടെയും നാടകങ്ങളിലൂടെയും നാട്ടിന്‍പുറത്തിന്‍റെ നര്‍മ്മവിഷാദസമ്മിശ്രമായ ഇതിഹാസം ഇടശ്ശേരി വിരചിച്ചു. 'അഹല്യ' (1928) തുടങ്ങി 'ഒരുകത്ത്' (1974)വരെ 291 കവിതളാണ് ഇടശ്ശേരി രചിച്ചിട്ടുള്ളത്. 

'സമൂഹാഭിമുഖമായ ഇടശ്ശേരിക്കവിതകളില്‍ ഒരു നിമഗ്നജനതയും ഒരു നിമഗ്നസംസ്ക്കാരവും ഉണ്ട്. ഒരു ജീവിതരീതിയായും സംസ്ക്കാരമായും ഇടശ്ശേരിക്കവിതകളില്‍ പ്രത്യക്ഷപ്പെടുന്ന ആ നിമഗ്നസംസ്ക്കാരം അടിസ്ഥാനപരമായി കാര്‍ഷികം ആകുന്നു.2  ഫോക്ലോറിന്‍റെ സവിശേഷ വിഭാഗങ്ങളായ നാടന്‍പാട്ടുവരികള്‍, നാടോടിക്കഥ, ഐതിഹ്യം, വായ്ത്താരികള്‍, നാടോടിവഴക്കങ്ങള്‍, നാടന്‍ശൈലികള്‍, ചൊല്ലുകള്‍, നാടോടിഭാഷ, നാടന്‍ ആചാരം, വിശ്വാസങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞ നാനാവിഭവ സമൃദ്ധമായ ദൃശ്യവിരുന്നായിട്ടാണ് ഒട്ടുമിക്ക ഇടശ്ശേരിക്കവിതകളും അനുഭവപ്പെടുക. നാടോടിത്തനിമയുടെ കലവറയാണ് ഇടശ്ശേരിക്കവിത. സമൂഹത്തിന്‍റെ സഞ്ചിത സംസ്കൃതിയിലേക്ക് ആഴ്ന്നിറങ്ങുന്ന മണ്ണിന്‍റെ മണമുള്ള ആ കവിതകളില്‍ പ്രമേയസ്വീകാര്യത്തിലും പ്രതിപാദനത്തിലും നാടോടിപ്പാരമ്പര്യം കാത്തുസൂക്ഷിച്ചു. 

നാടന്‍പാട്ടുപാരമ്പര്യം

കേരളീയമായ നാടന്‍പാട്ടുപാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചക്കാരനായ ഇടശ്ശേരി നാടന്‍പാട്ടുകളുടെ രീതിയും ശൈലിയും ധാരാളം കവിതകളില്‍ സ്വീകരിച്ചിട്ടുണ്ട്. വടക്കന്‍പാട്ടുപാരമ്പര്യം പേറുന്ന കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'ചന്തുവും ഒതേനനും' എന്ന കവിത ഉദാഹരണമാണ്. ڇ'പുത്തന്‍കലവും അരിവാളും'چ എന്ന കവിതയില്‍ കോമന്‍റെ അധ്വാനത്തെ വര്‍ണ്ണിക്കാന്‍

"ആരോമല്‍ച്ചേകവരങ്കം പിടിച്ചിട്ടു
മരമുഴം വാങ്ങീല പുല്‍ച്ചേരി"

കളപറിക്കുന്നതിനെ-ആരോമല്‍ച്ചേകവരുടെ അങ്കമായി സാദൃശ്യപ്പെടുത്തിയിരിക്കുന്നു. അങ്കംപിടിക്കുക, അരമുഴം, പുല്‍ച്ചേരി, എന്നീ പദങ്ങള്‍ വടക്കന്‍പാട്ടിന്‍റെ അന്തരീക്ഷം സൃഷ്ടിയ്ക്കുന്നു. കെ. കേളപ്പനെക്കുറിച്ചെഴുതിയ ڇ'എന്‍റെ നേതാവ്'چ എന്ന കവിതയില്‍ വീരതയുടെ പാരമ്പര്യത്തിനു നിദര്‍ശനമായി ഒതേനനെയും ചന്തുവിനെയും അവതരിപ്പിക്കുന്നു. നാടോടിസംസ്കൃതിയുമായി അഭേദ്യബന്ധമുള്ള കവിതയാണ് ഇടശ്ശേരിയുടെ മാസ്റ്റര്‍പീസായ പൂതപ്പാട്ട്.

"താഴെവച്ചാലുറുമ്പരിച്ചാലോ
 തലയില്‍ വച്ചാല്‍ പേനരിച്ചാലോ"
"പൊന്നുണ്ണി പൂങ്കരളേ
പോന്നണയൂ പൊന്‍കതിരേ"

എന്നീ വരികളില്‍ നാടോടിപ്പാട്ടിന്‍റെ സ്വാധീനംകാണാം. വടക്കന്‍പാട്ടുരീതിയുടെ പ്രത്യേകതയായ സംഖ്യാവാചികളുടെ സങ്കലനം,

"ഉണ്ണിക്കേഴുവയസ്സു തികഞ്ഞു
കണ്ണും കാതുമുറച്ചു കഴിഞ്ഞു
പള്ളിക്കുടത്തില്‍ പോയിപ്പഠിക്കാ-
നുള്ളില്‍ കൗതുകമേറിക്കഴിഞ്ഞു"

എന്ന വരികളില്‍കാണാം.3  പാട്ടിന്‍റെ ഇടയില്‍ ഉപയോഗിക്കുന്ന വ്യാക്ഷേപകകബ്ദങ്ങള്‍, എഴുത്തുവിദ്യയെക്കുറിച്ചുള്ള പരാമര്‍ശം എന്നിവയൊക്കെ വടക്കന്‍പാട്ടിന്‍റെ അന്തരീക്ഷം ജനിപ്പിക്കുന്നു. 'കാവിലെപ്പാട്ടില്' വ്രതനിഷ്ഠയെക്കുറിച്ചു പറയുമ്പോള്‍ സംഖ്യാവാചിയായ പദങ്ങള്‍ കാണാം. 

"ഏഴുകൊല്ലം നോമ്പെടുത്തു താലികെട്ടി ഞാന്‍പി
ന്നേഴുകൊല്ലോലം നോല്‍മ്പെടുത്തു ഞാനവനെപ്പെറ്റു
ഏഴുകൊല്ലം പാല്‍കൊടുത്തെന്‍ മാറവനെപ്പോറ്റി
ഏഴുകൊല്ലം വാളെടുത്തവന്‍ പയറ്റീ പിന്നെ".

'പണിമുടക്കം', 'പുത്തന്‍കലവും അരിവാളും', 'എങ്ങനെ നേടി', 'പൂവേ പോല്‍ പൂവേ', 'വിവാഹസമ്മാനം', 'വധു', 'പള്ളിക്കുടത്തിലേക്കു വീണ്ടും', 'പുളിമാവുവെട്ടി' എന്നീകവിതകളില്‍ വടക്കന്‍പാട്ടുശൈലിയുടെ സ്വാധീനമുണ്ട്. 

നാടോടിക്കഥ

നാടോടിക്കഥാപാരമ്പര്യം ഇടശ്ശേരിക്കവിതകളില്‍ ധാരാളമായി കാണാം. പൂതപ്പാട്ടിലെ പറയന്‍റെ കുന്നിനെക്കുറിച്ച് പറയുന്നിടത്തും ڇഇസ്ലാമിലെ 'വന്‍മല', 'ഒന്നുറങ്ങാന്‍', 'ആമയും മുയലും' എന്നീ കവിതകളിലും നാടോടിക്കഥാസൂചനകള്‍ കാണാം. നഗരവത്ക്കരിക്കപ്പെട്ട ജീവിതത്തിന്‍റെ ڇക്ഷുദ്രതകളില്‍നിന്നും നൈര്‍മല്യത്തിന്‍റെയും നിഷ്കളങ്കതയുടെയും ലോകത്തേക്കു പലായനം ചെയ്യാന്‍ കൊതിക്കുന്ന മര്‍ത്ത്യാനുഭവത്തെയാണ് നാടോടിക്കഥാസൂചനയിലൂടെ അവതരിപ്പിക്കുന്നത്..

നാടന്‍ ചൊല്ലുകള്‍

ഇടശ്ശേരിക്കവിതയില്‍ പഴഞ്ചൊല്ലുകള്‍, പ്രാദേശിക څഭാഷാഭേദങ്ങള്‍, നാട്ടുഭാഷാസമ്പ്രദായങ്ങള്‍ എന്നിവ നിറഞ്ഞുനില്ക്കുന്നു, കൂടുതലും കാര്‍ഷിക ജീവിതത്തിന്‍റെ കലവറയില്‍നിന്ന് എടുത്ത ഉപമാനങ്ങളാണുള്ളത്. 'വിവാഹസമ്മാനം', 'പുത്തന്‍കലവും അരിവാളും', 'രണ്ടു മുക്തകങ്ങള്‍', 'വധു', 'മലയാളി', 'പുണ്യപ്രതീക്ഷ', 'ബുദ്ധനും നരിയും ഞാനും', 'പെങ്ങള്‍', 'ഐക്യകേരള ചര്‍ച്ച', 'ഓമനയുടെ അച്ഛന്‍', 'മദ്യമാരണം', 'പ്രാര്‍ത്ഥന', 'കൊടുങ്കാറ്റ്', 'ആമയും മുയലും', 'ഒരു പിടി നെല്ലിക്ക', 'വര്‍ണകുപ്പായം', 'ഉത്തരം', 'കടത്തുതോണി', 'വൃന്ദാവനത്തിലെ രാധ', 'ഒരു നിവേദനം' എന്നീ കവിതകളിലെല്ലാം നാടന്‍ ചൊല്ലുകള്‍ ധാരാളമായികാണാം. ഉദാഹരണങ്ങള്‍

"കോമന്‍ നിന്നു കലി തുള്ളുന്നു
കുറ്റിക്കിട്ട ഗജം പോലെ"چ (പുത്തന്‍കലവും അരിവാളും)
"മകരക്കാറിലെത്തണ്ണീര്
മാനവന്‍മാരുടെ കണ്ണീര്"چ (പൂത്തമാവിനെപ്പറ്റി)
"കുനിഞ്ഞെങ്കിലൊരു പിലാവില പെറുക്കാന്‍
കുടിച്ചിട്ടുണ്ടൊരു കിണ്ണം കൊഴുത്ത കഞ്ഞി"(കടത്തുതോണി)
"ഹാ! വിറച്ചിതൊരു ചുണ്ടെലിപോല്‍" (ഒരു നിവേദനം)
"ഹന്ത! വഹ്നിയിലുയര്‍ന്നൊരു വള്ളി-
യ്ക്കന്തരം വെയിലേറ്റതുപോലെ
എന്തനര്‍ത്ഥമിഹ നിന്നെ വലച്ചു" (ഒരു നിവേദനം)
"ആയിരം മുളയുള്ള വിത്തല്ലോ കര്‍മ്മം, നല്ല
തായിടും വിത്തത്രയും നല്ലതേ വിളയിക്കൂ"
(ഊര്‍ച്ചയും വിത്തൂന്നലും)

ആചാരവും വിശ്വാസവും

സാമൂഹിക ജീവിതത്തിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ആചാരാനുഷ്ഠാനങ്ങളാല്‍ ബന്ധിതമായ പ്രാദേശിക സംസ്കാരത്തെയാണ് ഇടശ്ശേരി തന്‍റെ കവിതകളില്‍ ആവിഷ്ക്കരിച്ചിട്ടുള്ളത്. ആചാരങ്ങളുടെ ചിത്രീകരണം നിറഞ്ഞു നില്ക്കുന്ന കവിതയാണ് 'കാവിലെപാട്ട്'. ദേവപ്രീതിക്കായി സ്വയം കുരുതി നല്കുന്ന രംഗത്തിന്‍റെ സമഗ്രമായ ആവിഷ്ക്കാരം ഇതിലുണ്ട്. 

'കാവിലെക്കുളത്തിലയാള്‍ ചാടി മുങ്ങിവന്നു' എന്നുതുടങ്ങുന്ന വരികളിലൂടെ നൈഷ്ഠികമായ ആചാരങ്ങളുടെ ആവിഷ്ക്കാരം നടത്തിയിരിക്കുന്നു. ബലിയായിതീര്‍ന്ന മകനെക്കുറിച്ചുള്ള പ്രതിപാദനത്തിലും വ്രതനിഷ്ഠകളുടെ ലോകമുണ്ട്. പൂതപ്പാട്ടിലെ ഉണ്ണിയുടെ പിറവിയും വ്രതാനുഷ്ഠാനങ്ങളുടെ വരദാനമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ڇ'പൊട്ടിപുറത്ത് ശീവോതിയകത്ത്'چ എന്ന കവിതയില്‍ ڇ'പൊട്ടിയാട്ടല്‍'چഎന്ന ആചാരത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. നേര്‍ച്ചകളുടെ ഫലസിദ്ധിയെക്കുറിച്ചും വ്രതാനുഷ്ഠാനങ്ങളെക്കുറിച്ചും നിരവധി കവിതകളില്‍ പരാമര്‍ശമുണ്ട്. കല്യാണപ്പുടവ, മകന്‍റെ വാശി, പൂതപ്പാട്ട് എന്നീ കവിതകളില്‍ ഇവയെക്കുറിച്ച് പരാമര്‍ശമുണ്ട്. നാട്ടിന്‍പുറത്ത് നിലവിലിരുന്ന വിവിധ വിശ്വാസങ്ങളെക്കുറിച്ച് പല കവിതകളിലും പരാമര്‍ശമുണ്ട്. മരണാനന്തരജീവിതത്തിലുള്ള വിശ്വാസത്തെക്കുറിച്ച് 'വികസിക്കുക'چഎന്ന കവിതയിലും വിധിവിശ്വാസത്തെക്കുറിച്ച് 'തത്ത്വശാസ്ത്രങ്ങളുറങ്ങുമ്പോള്‍'چ എന്ന കവിതയിലും ڇ'ശിരോലിഖിത'ത്തിലുംچ ഗന്ധര്‍വ്വ വിശ്വാസത്തെക്കുറിച്ച് ڇ'ഒരു ഗന്ധര്‍വ്വന്‍ പാടുന്നു'چഎന്ന കവിതയിലും ശാപവിശ്വാസത്തെക്കുറിച്ച് 'രാമബാണം'چഎന്നീ കവിതയിലും ആചാരങ്ങളിലുള്ള വിശ്വാസത്തെക്കുറിച്ച് ڇ'നെല്ലുകുത്തുകാരിപ്പാറു'വിലും അവതരിപ്പിച്ചിട്ടുണ്ട്. 

ഉത്സവാനുഭവങ്ങള്‍

ഗ്രാമീണജീവിതത്തിന്‍റെ ആഹ്ലാദമായ ഉത്സവാനുഭവങ്ങളെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും വര്‍ണ്ണശബളിതമായ ചിത്രീകരണം ആണ് ഇടശ്ശേരി നല്കിയിരിക്കുന്നത്. ڇകാവിലെപ്പാട്ട് ഉത്സവത്തിന്‍റെ പ്രതീതി നില്‍കുന്നു. അലറിപൂത്ത കാവുകള്‍, കോല്‍ത്തരികന്‍, കളമധുരദ്യുതി, മെഴുകിയ കളം, നിറപറ, നിലവിളക്ക്, വെടികള്‍, ചെണ്ടമേളം, താലപ്പൊലി എന്നിങ്ങനെ നാട്ടിന്‍പുറത്തെ ഉത്സവാഘോഷമാണ് ഇടശ്ശേരി പകര്‍ത്തുന്നത്. പൂതപ്പാട്ടിലും മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്തെ പൂവിടലും പൂവിളിയും പല കവിതകളിലും ഉണ്ട്. പൂവേപോല്‍ പൂവേ, പൂവിളി, പൂരാട രാത്രിയില്‍ എന്നീ കവിതകള്‍ ഉദാഹരണങ്ങളാണ്. ڇ'യുദ്ധകാലത്തെ ഓണത്തില്‍' പോര്‍ നിലത്തിലൂടെ വരുന്ന മാവേലിയെ കവി കാണുന്നു. 

പുരാവൃത്തവും ഐതിഹ്യവും

ഇടശ്ശേരിയുടെ ഇരുപത്തിനാലു കവിതകള്‍ പുരാവൃത്ത ബദ്ധങ്ങളാണ്. ഇതില്‍ പതിന്നാലുകവിതകളില്‍ പുരാവൃത്തം പ്രമേയമാണ്. ഇതില്‍ അധികവും പൗരാണിക മിത്തുകളാണ്. മറ്റുള്ളവ ഗ്രാമീണ മിത്തുകളാണ്. പുരാവൃത്തം പ്രമേയമായി വരുന്ന കവിതകളില്‍ അഞ്ചെണ്ണം കൃഷ്ണകഥയുമായിബന്ധപ്പെട്ടതാണ്. ഇടശ്ശേരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു പുരാണകഥാപാത്രം ഹനുമാനാണ്. 'ഹനുമാന്‍സേവ', 'തുഞ്ചന്‍പറമ്പില്‍', 'ലവണാസുരവധത്തിലെ ഹനുമാന്‍', മാവിന്‍ചോട്ടിലെ നാടകം' എന്നിവ ഹനുമാനെ കേന്ദ്രീകരിച്ചുള്ള സൃഷ്ടികളാണ്. മനുഷ്യനും ദൈവവും ചേര്‍ന്ന് ഊടും പാവുമിട്ട് നെയ്തെടുക്കുന്ന സാമൂഹ്യജീവിതം ചിരസുന്ദരമാണെന്നും പക്ഷേയത് കീറാതെ നോക്കണമെന്നുമുള്ള പാഠമാണ് ഇടശ്ശേരിക്ക് ڇ'വരദാന'ത്തിലൂടെ പറഞ്ഞുതരാനുണ്ടായിരുന്നത്.چچ

'അമ്പാടിയിലേക്കു വീണ്ടും'چ എന്ന കവിതയില്‍ ബലരാമന്‍റെ അഭീഷ്ടപ്രകാരം അമ്പാടിയിലേക്കു വീണ്ടും എത്തുന്ന കൃഷ്ണനെ അവതരിപ്പിക്കുന്നു. 'അഹല്യ', 'ഒരു നിവേദനം,' എന്നീ കവിതകളില്‍ പുരാണകഥയെ അതേപടി സ്വീകരിച്ചിരിക്കുന്നു. ദാനശീലനായ മഹാബലിയെക്കുറിച്ചാണ് 'ത്രിവിക്രമനുമുമ്പില്‍' എന്ന കവിത. 'സ്തുതിയും ശകാരവും', 'ഭീരു', 'വികസിക്കുക', 'അജാമിളമോക്ഷം', 'മാര്‍ക്കണ്ഡേയന്‍', 'കഥ ദക്ഷയാഗം തന്നെ', 'അഭിനന്ദനം', 'അത്താഴമൂട്ട്', 'രാമബാണം', 'മൈനാകശൃംഗം' എന്നീ കവിതകളില്‍ പുരാവൃത്തം കടന്നുവരുന്നു. 

ഐതിഹ്യങ്ങളെ പ്രമേയമായും അല്ലാതെയും ഇടശ്ശേരി കവിതയില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇടശ്ശേരിയുടെ എട്ടുകവിതകള്‍ ഐതിഹ്യത്തെ ഉപജീവിച്ചെഴുതിയതാണ്. 'പൂതപ്പാട്ട്' മലബാറില്‍ പ്രചാരത്തില്‍ ഉള്ള ഒരു കഥയെയാണ് പ്രമേയമാക്കുന്നത്. മകരക്കൊയ്ത്ത് കഴിയുന്ന കാലത്ത് വീടുകള്‍ തോറും കയറിയിറങ്ങുന്ന പൂതം എന്ന ഐതിഹ്യത്തെ ആധാരമാക്കിയാണ് പൂതപ്പാട്ട് രചിച്ചിരിക്കുന്നത്. കാവിലെപ്പാട്ടിലും ജനമനസ്സില്‍ ഉറങ്ങുന്ന ഐതിഹ്യത്തെയാണ് കവി ആധാരമാക്കിയിരിക്കുന്നത്.

"അക്കഥകള്‍ പാടിപ്പാടി 
ശാന്തനിശീഥത്തില്‍ 
മക്കളെയുറക്കിടാറു- 
ണ്ടമ്മമാരീനാട്ടില്‍" 

എന്ന് കാവിലെപ്പാട്ടില്‍ കവി പറയുന്നത് സമൂഹമനസ്സില്‍ കുടികൊള്ളുന്ന ഐതിഹ്യസങ്കല്പങ്ങളെക്കുറിച്ചാണ്. പുരപ്പണി, ഗുരുസ്മരണ, എന്നിവ പെരുന്തച്ചന്‍റെ കഥയെപരാമര്‍ശിക്കുന്ന രണ്ടു കവിതകളാണ്. ഉത്തരകേരളത്തിന്‍റെ ഫോക്സ്മൃതികളില്‍ നിറഞ്ഞുനില്ക്കുന്ന മാമാങ്കത്തിന്‍റെ സ്മരണകള്‍ ഉയര്‍ത്തുന്ന കവിതകളാണ് 'ഓമനയുടെ അച്ഛന്‍', 'കുടം നിറയ്ക്കു കൂടെ വരൂ', 'ഹോട്ടല്‍ക്കാരികള്‍' എന്നിവ. കണ്ണകിയുടെ കഥാപരാമര്‍ശമുള്ള കവിതകളാണ് 'പ്രണാമപൂര്‍വ്വം', 'വികസിക്കുക' എന്നിവ. 

ഗ്രാമീണകളികള്‍ 

ഇടശ്ശേരിക്കവിതകളിലെ കളികള്‍ തികച്ചും ഗ്രാമീണമാണ്. തായംകളി (തായംകളിക്കാര്‍ എന്ന കവിത), പൂത്താങ്കോല്‍ (കുറ്റിപ്പുറം പാലം), പൂത്താങ്കീരി (വീണ്ടും ഓണം), കൊത്താങ്കല്ല് (രാധയും സുധാകരനും), താലിപ്പീലി (ഭൂമിയുടെ അറ്റത്തേക്ക്) തുടങ്ങിയ ഗ്രാമീണകളികള്‍ ഈ കവിതകളില്‍ കാണാം. മാവിന്നെറിയല്‍, തലപ്പന്തുകളിക്കല്‍, കാളപൂട്ട് തുടങ്ങിയ ഗ്രാമീണ വിനോദങ്ങള്‍ ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

മറ്റു നാടന്‍തനിമകള്‍

ഇടശ്ശേരിക്കവിതകളിലെ പേരുകളാകട്ടെ കോമന്‍, പാറു, ചാത്തപ്പന്‍, കല്യാണി, കേളു, ചീരന്‍, കുമ്മിണി, താച്ചു, കുട്ടപ്പന്‍, കുഞ്ഞൂസ എന്നിങ്ങനെ തനിഗ്രാമീണമാണ്. 

കവിതയില്‍ പരാമര്‍ശിക്കുന്ന ഔഷധങ്ങള്‍ ആസവങ്ങളും കഷായങ്ങളുമാണ്. അലങ്കാരസാമഗ്രികളാകട്ടെ മുക്കുത്തി, പൊന്‍ഞാത്ത്, കുടക്കടുക്കന്‍, കിങ്ങിണി, ചാന്ത്, സിന്ദൂരം തുടങ്ങിയവയും സുഗന്ധവസ്തുക്കള്‍ മട്ടിപ്പശ, കൈതപ്പൂ തുടങ്ങിയവയുമാണ്. പ്രധാന എഴുത്തുപകരണം എഴുത്താണി തന്നെ. ഇപ്രകാരം ഇടശ്ശേരിക്കവിതകളിലെ നാടോടിത്തനിമകള്‍ ജനസംസ്കൃതിയുമായി വളരെയധികം ചേര്‍ന്നുനില്ക്കുന്നതുകാണാം. ഏതെങ്കിലും വിധത്തിലുള്ള ഫോക്ലോര്‍ കരുക്കള്‍ ഇടശ്ശേരിയുടെ എല്ലാ കവിതകളിലും കാണാം. 

ഇടശ്ശേരിക്കവിതയിലെ ആഖ്യാനരീതി 

കഥ പറയുന്ന രീതി സവിശേഷ രൂപം സ്വീകരിക്കുമ്പോള്‍ ആ പറച്ചില്‍ കലയായി പരിണമിക്കുന്നു. ആഖ്യാനം, ആഖ്യാതാവിന്‍റെ നേരിട്ടുള്ള څഭാഷണരൂപത്തിലോ അല്ലെങ്കില്‍ കഥാപാത്രങ്ങളിലൂടെയോ ആകാം. ഇടശ്ശേരി തന്‍റെ കവിതകളില്‍ നാടന്‍ തനിമ തുളുമ്പുന്ന ആഖ്യാനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. നാടോടി ആഖ്യാനത്തിലെ തനതു ശൈലിയായ പ്രതിഷ്ഠാപനരീതി ഇടശ്ശേരിയുടെ പലകവിതകളിലുമുണ്ട്. ഇടശ്ശേരിയുടെ കാവ്യങ്ങളില്‍ ഏറിയപങ്കും കഥാകാവ്യങ്ങളാണ്. സാവധാനത്തില്‍ കഥപറയുന്ന രീതിയാണ് ഇടശ്ശേരി പല കവിതകളിലും സ്വീകരിച്ചിരിക്കുക. 'പുത്തന്‍ കലവും അരിവാളും'چ എന്ന കാവ്യത്തില്‍ ആഖ്യാതാവിന്‍റെ നേരിട്ടുള്ള വിവരണത്തിനാണ് പ്രാമുഖ്യം. എന്നാല്‍ കഥാപാത്രങ്ങളിലൂടെയുള്ള ആഖ്യാനം 4-ാം ഖണ്ഡത്തില്‍ കാണാം. നാട്ടുകാരോടൊപ്പം വഴിപോക്കരും പുത്തന്‍കലവും അരിവാളും കൂടി ഇതിലെ ഭാഷകരാണ്. നാടകീയ സ്വഗതാഖ്യാന രീതിയാണ് ڇ'വിവാഹസമ്മാനം', ڇ'ബിംബിസാരന്‍റെ ഇടയന്‍', ڇ'ചൂരലിനുമുമ്പില്‍'چ തുടങ്ങിയ കവിതളില്‍ സ്വീകരിച്ചിരിക്കുക. 

ആവര്‍ത്തനരീതി

ഇടശ്ശേരിയുടെ ആഖ്യാനതന്ത്രത്തില്‍ ആവര്‍ത്തനത്തിന്‍റെ ശക്തി പരീക്ഷിച്ചിട്ടുണ്ട്. ڇ'പുത്തന്‍ കലവും അരിവാളും'چ എന്ന കവിതയില്‍ 

"അധികാരം കൊയ്യണമാദ്യം നാം 
അതിനുമേലാകട്ടെ പൊന്നാര്യന്‍" 

എന്ന വരികള്‍ ആവര്‍ത്തിച്ചിരിക്കുന്നു.  പൂതപ്പാട്ടില്‍ 

"പൊന്നുണ്ണി പൂങ്കരളേ 
പോന്നണയൂ പൊന്‍കതിരേ,
അവനെ വിളിച്ചു നടന്നാളമ്മ"

എന്നീ വരികള്‍ ആവര്‍ത്തിച്ചിരിക്കുന്നു. ആവര്‍ത്തിതപദങ്ങളുടെ ആധിക്യം പൂതപ്പാട്ടില്‍ കാണാം. 'പറയന്‍റെ കുന്നിലെ', ڇ'കൊടുക്കുന്നു',ڇ'ഓലയെഴുത്താണികളെ', 'നടന്നാളമ്മ' തുടങ്ങിയ പദങ്ങള്‍ ഉദാഹരണങ്ങളാണ്. 'പുത്തന്‍കലവും അരിവാളും' എന്ന കാവ്യത്തിലും പദങ്ങളുടെ ആവര്‍ത്തനം കാണാം. 

"കോമനുഴുതു മറിച്ചു പാടം
കോമന്‍ വിതച്ചു പൊന്നാര്യന്‍چ
അരമുഴം വാങ്ങീല പുല്‍ച്ചേരി
അരമുഴം നീങ്ങില പുല്‍ച്ചേരി"

തുടങ്ങിയ വരികളിലെ പദങ്ങളുടെ ആവര്‍ത്തനം ഉദാഹരണങ്ങളാണ്. 

കാവിലെപ്പാട്ടില്‍ 

"സമയമായീ സമയമായീ
തേരിറങ്ങുകംബേ
സകലലോക പാലനൈക
സമയമതാലംബേ"

എന്ന ഈരടി ഏഴു തവണ ആവര്‍ത്തിക്കുന്നു. 'പണിമുടക്കം', 'ഗോപികാഗോവിന്ദം', 'ഏതിനെപ്പറ്റി', 'കുടം നിറയ്ക്കു', 'കൂടെ വരൂ', 'ഋഷിയുടെ ധേനു', 'കര്‍ഷകനൃത്തം', 'ഉപരിപഠനത്തിന്', 'ഒരമ്മ പാടുന്നു' എന്നീ കവിതകളില്‍ ഈരടികള്‍ ആവര്‍ത്തിക്കുന്നു. 

സരളപദാവലി

നാടന്‍ പാട്ടുകളിലെ സരളപദാവലിയാണ് ഇടശ്ശേരി മിക്ക കവിതകളിലും സ്വീകരിച്ചിരിക്കുന്നത്. 

"ആരോപോയ പുകില്‍ക്കിപ്പാട - 
ത്തരിമയൊടാരിയന്‍ വിത്തിട്ടൂ" 

എന്ന വരികള്‍ ഉദാഹരണങ്ങളാണ്. പൂതപ്പാട്ടിലും കാവിലെപ്പാട്ടിലും ചകിരിക്കുഴികളിലും ഇസ്ലാമിലെ വന്‍മലയെപ്പറ്റിയുള്ള വടക്കന്‍പാട്ടിലും എല്ലാം കവിത അനായാസമായി ഒഴുകിവരുന്നു. 

ചോദ്യോത്തര രീതി 

നാടന്‍ പാട്ടില്‍ കാണുന്ന ചോദ്യോത്തരരീതിയിലുള്ള ആഖ്യാനരീതി പൂതപ്പാട്ടില്‍ കാണാം. ഉണ്ണിയും പൂതവും തമ്മിലുള്ള څഭാഷണവും പൂതവും അമ്മയും തമ്മിലുള്ള എതിരിടലും ഈ ആഖ്യാനസമ്പ്രദായത്തിന് തെളിവാണ്. 

പൂതം:  "ഓലയെഴുത്താണികളെ 
കാട്ടിലെറിഞ്ഞിങ്ങണയൂ"چچ
ഉണ്ണി: "ഓലയെഴുത്താണികളെ 
കാട്ടിലിതാ ഞാന്‍ കളവൂ"چچ

നാടന്‍പാട്ട് സ്വാധീനം

നാടന്‍പാട്ടിന്‍റെ സ്വാധീനം പൂതപ്പാട്ടില്‍ ഏറെ കാണാം. 

"താഴെവച്ചാലുറുമ്പരിച്ചാലോ

തലയില്‍വെച്ചാല്‍ പേനരിച്ചാലോچ,

പൊന്നുണ്ണി പൂങ്കരളേ

പോന്നണയൂ പൊന്‍കതിരേ"

എന്നീവരികള്‍ നാടന്‍പാട്ടിനോടാണ് ചേര്‍ന്നു നില്ക്കുന്നത്. 

താളം

മഞ്ജരിയിലെ അക്ഷരസംഖ്യയില്‍ ഊനം വരുത്തി ഒട്ടേറെ പാട്ടുരൂപങ്ങളുള്ളതില്‍ ഒന്നാണ് 'പുത്തന്‍കലവും അരിവാളും'چ എന്ന കവിതയില്‍ ഇടശ്ശേരി ഉപയോഗിക്കുന്നത്. നാടന്‍ പാട്ടിന്‍റെ താളം അതില്‍ മുഴങ്ങുന്നു. 

"ആരേ പോയ പുകില്‍ക്കിപ്പാട - 
ത്തരിമയൊടാരിയന്‍ വിത്തിട്ടു?" 
അതിന്‍റെ രൂപാന്തരമാണ് പൂതപ്പാട്ടിലും കാണുക 
ഉദാ: "അയ്യയ്യാ വരമ്പിളിപ്പൂങ്കുല 
മെയ്യിലണിഞ്ഞ കരിമ്പൂതം"

കുറത്തിപ്പാട്ടിന്‍റെ മട്ടിലുള്ള കാവിലെപ്പാട്ടില്‍ അനുഷ്ഠാന ഗൗരവത്തോടെയാണ് വരികള്‍ കാണുക. 

"സമയമായി സമയമായി തേരിറങ്ങുകമ്പേ
സകലലോക പാലനൈക സമയമതാലംബേ"

എന്ന വരികള്‍ ഉദാഹരണങ്ങളാണ്. 

വൃത്തനിയമം ഇടയ്ക്കു തെറ്റിച്ച് താളലയത്തില്‍ അന്തംവരുത്തി ദ്രുതവിളംബിതങ്ങള്‍ ഇടകലര്‍ത്തി വൈവിധ്യമുള്ളൊരു സംഗീതം ഇടശ്ശേരി സൃഷ്ടിച്ചു. ഉദാഹരണം നോക്കാം

'പായുക പായുക കുതിരകളേ
പരമാത്മാവിന്‍ തേരിതിനെ 
പുരുസുഖ വീഥിയില്‍ നയിക്ക നീളെ 
പുഷ്യല്‍ സ്വപ്നം പോലെ'
'സുംഭനിസുംഭാദികളെ കൊന്നൊടുക്കിയോളെ
സുരഭിലപ്പൂവല്ലിയായി എങ്ങനെ നീ മാറി.'

താളക്കൊഴുപ്പുകൊണ്ടും ഗാനാത്മകതകൊണ്ടും ഗൗരവഭാവത്തിന് അനുഗുണമല്ല എന്ന് കരുതിയ കേരളീയ പാട്ടുവൃത്തങ്ങളുടെ ചൊല്‍വടിവും താളവും വര്‍ത്തമാനകാലകവിതയ്ക്ക് ചേരുംപടി ഇണക്കിയെടുക്കാന്‍ ഇടശ്ശേരിക്കു കഴിഞ്ഞു. കേരളീയപാട്ടുപാരമ്പര്യമനുസരിച്ച് ഒരേ വൃത്തത്തില്‍തന്നെ ഉപവൃത്തങ്ങളുണ്ടാക്കി രചനയെ സ്വച്ഛന്ദഗതിയിലാക്കുവാന്‍ ഇടശ്ശേരിക്കു കഴിഞ്ഞു. 

ബിംബങ്ങള്‍

പണിമുടക്കം, പുത്തന്‍കലവും അരിവാളും, കുടിയിറക്കല്‍, ഊര്‍ച്ചയും വിത്തൂന്നലും, കുറ്റിപ്പുറംപാലം നെല്ലുകുത്തുകാരിപ്പാറുവിന്‍റെ കഥ തുടങ്ങിയ പ്രമേയ പ്രധാനമായ കവിതകളിലെല്ലാം ഭാവാന്തരീക്ഷത്തിനു അനുകൂലമായ ബിംബങ്ങള്‍ കവി ഉപയോഗിച്ചിട്ടുണ്ട്. 

"തൊഴിലാളി തൂകിയ കണ്ണുനീരിന്‍ പുളിനക്കി
നൊട്ടുന്ന കരിങ്കാലികള്‍"
എന്ന രസനാബിംബത്തില്‍ ഒറ്റുകാരോടുള്ള നിന്ദ പ്രകടമാണ്. 
"വഴിവിളക്കിന്‍റെയോ നീള്‍നിഴല-
ന്നിറയത്തേയ്ക്കൊന്നു കുനിഞ്ഞുനോക്കി"

എന്നീ വരികളിലെ ڇ'വഴിവിളക്കിന്‍റെ നീള്‍ നിഴല്‍' എന്ന ബിംബം കവിതയില്‍ മൊത്തം നിഴലിക്കുന്ന ഭീതിദമായ അന്തരീക്ഷത്തെ വര്‍ദ്ധിപ്പിക്കുന്നു. 

പൂള, കള്ളി, മുരിക്ക് തുടങ്ങിയ വൃക്ഷങ്ങള്‍ നിരാശ, ദു:ഖം, അകര്‍മണ്യത എന്നിവയോടു ബന്ധപ്പെട്ട് ഇടശ്ശേരിക്കവിതകളില്‍ നിരന്തരം കടന്നുവരുന്നു. څചെറുത്തുനില്പിന്‍റെയും പ്രത്യാക്രമണത്തിന്‍റെയും അന്തരീക്ഷം ജനിപ്പിക്കാന്‍ ജന്തുലോകത്തില്‍ നിന്നുള്ള ബിംബങ്ങള്‍ (പാമ്പ്, തീപ്പുലി, ഗജം) എന്നിവ ഉപയോഗിച്ചിരിക്കുന്നു. സര്‍പ്പബിംബങ്ങളാണ് ഇടശ്ശേരിക്കവിതകളില്‍ പ്രത്യക്ഷപ്പെടുന്ന പ്രത്യാവൃത്തി ബിംബങ്ങള്‍. ചന്തുവും ഒതേനനും, ലവണാസുര വധത്തിലെ ഹനുമാന്‍, ചോലമലര്‍, മാവിന്‍ചോട്ടിലെ നാടകം, പെങ്ങള്‍, നെല്ലുകുത്തുകാരിപ്പാറുവിന്‍റെ കഥ, കാവിലെപ്പാട്ട് എന്നീ കവിതകളില്‍ സര്‍പ്പബിംബങ്ങള്‍ കടന്നുവരുന്നു. 

കാര്‍ഷിക സംസ്ക്കാരത്തോടു ബന്ധപ്പെട്ട ബിംബങ്ങള്‍ ധാരാളമായി ഇടശ്ശേരി ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം ബിംബങ്ങളില്‍ ഏറെയും ദൃശ്യബിംബങ്ങളാണ്. കള, കതിര്‍ക്കറ്റ, നെല്‍ക്കറ്റ, തൈമാവ്, ആണ്‍പൂവ്, പെണ്‍പൂവ്, നുകം, പുതമണ്ണ്, കൂമ്പ്, മുള, വരള്‍മണ്ണ്, തേവിത്താണകുളം, ഉഴവുചാലുകള്‍, ഏരുത്, തൈനെല്ല്, പതിര്, എന്നിങ്ങനെ കര്‍ഷകസംസ്കാരത്തോട് ബന്ധപ്പെട്ടു നില്‍ക്കുന്ന വാങ്മയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇടശ്ശേരിയുടെ കാവ്യലോകം. 

നാടന്‍പദങ്ങള്‍

നാടന്‍ഭാഷയുടെ ശക്തിയും തെളിച്ചവും ഇടശ്ശേരിക്കവിതകളിലുണ്ട്. വാമൊഴിയുടെ തെളിമയും വരമൊഴിയുടെ പൊരുളും അവിടെ കൂടിച്ചേരുന്നു. പദഘടനാപ്രത്യേകതകളില്‍ ഇടശ്ശേരി ഏറ്റവും അധികം ഉപയോഗപ്പെടുത്തിയിട്ടുള്ളത് പഴമ, പ്രാദേശികത, സംഭാഷണാത്മകത എന്നിവയെയാണ്. നോക്ക് (നമുക്ക്), നൂറുമറി (നൂറുപ്രാവശ്യം), നുകപ്പാട് (ഉയരുക), മുടിയിറക്കുക (മുടിവെട്ടുക), കാപ്പതിന് (കാക്കുന്നതിന്), മാനത്തെ വെള്ളം (മഴ), മുകറ് (മുഖം) എന്നീ പദങ്ങള്‍ ഉദാഹരണങ്ങളാണ്. 

നാടോടിയായ ആഖ്യാനരീതിക്ക് സഹായകമായരീതിയില്‍ പദങ്ങളും ഭാഷയും ബിംബങ്ങളും താളവും സരളപദാവലിയും തിരഞ്ഞെടുത്ത് നാടോടിത്തം കവിതയിലുറപ്പിക്കാന്‍ ഇടശ്ശേരിക്ക് കഴിഞ്ഞിട്ടുണ്ട്. 

ഉപസംഹാരം

ഗതകാലത്തിന്‍റ ഖനികളില്‍നിന്ന് കാവ്യസംസ്ക്കാരം നേടിയ കവിയാണ് ഇടശ്ശേരി.  ഇടശ്ശേരിയുടെ കവിതകളില്‍ നാടോടിത്തനിമ നിറഞ്ഞുനില്ക്കുന്നു. നാടന്‍പാട്ടുപാരമ്പര്യം, നാടോടിക്കഥ, നാടന്‍ ചൊല്ലുകള്‍, ആചാരവും വിശ്വാസവും, ഉത്സവാനുഭവങ്ങള്‍, പുരാവൃത്തവും ഐതിഹ്യവും, ഗ്രാമീണകളികള്‍, നാടന്‍ തനിമകള്‍, പഴഞ്ചൊല്ലുകള്‍ നാടന്‍ഭാഷ, കാര്‍ഷിക സംസ്കാരം എന്നിവ ഇടശ്ശേരിക്കവിതകളില്‍ ധാരാളമായി കാണാം. പുത്തന്‍കലവും അരിവാളും, കാവിലെപ്പാട്ട്, പൂതപ്പാട്ട്, ബുദ്ധനും നരിയും ഞാനും, പെങ്ങള്‍, വിവാഹസമ്മാനം, തുടങ്ങിയ കവിതകള്‍ ഉദാഹരണങ്ങളാണ്. 

നാടോടിയായ ആഖ്യാനരീതിയും ഇടശ്ശേരി തന്‍റെ കവിതകളില്‍ സ്വീകരിച്ചു. നാടന്‍ഭാഷ, പ്രാദേശികപദങ്ങള്‍, നാടന്‍താളം, ആവര്‍ത്തനരീതി, ചോദ്യോത്തരരീതി, തുടങ്ങിയവ ഈ കവിതകളില്‍ ധാരാളമായി കാണാം. കാവ്യബിംബങ്ങളുടെ നിറസമൃദ്ധി ഇടശ്ശേരിക്കവിതയിലുണ്ട്. പ്രത്യാവൃത്തി ബിംബങ്ങളും, ആദിപ്രരൂപ ബിംബങ്ങളും കാര്‍ഷിക ബിംബങ്ങളും കവി ഉപയോഗിച്ചിരിക്കുന്നു. സ്വന്തമായ ഒരു കാവ്യശൈലി രൂപപ്പെടുത്തിയ ഇടശ്ശേരി ജീവിതത്തിലെ പൊരുത്തക്കേടുകളെയും ദു:ഖ ഭാവങ്ങളെയും നര്‍മ്മം കൊണ്ട് നേരിട്ടു. നാടോടിപ്പാട്ടുകളും നാടന്‍ സംഭാഷണപദങ്ങളും നിറഞ്ഞ ഇടശ്ശേരിക്കവിതയില്‍ കേരളീയത നിറഞ്ഞുനില്ക്കുന്നു.. നാഗരികതയും വ്യവസായികതയും നാടിന്‍റെതനിമകളെ തിരസ്ക്കരിക്കുമ്പോള്‍ ഒരു തിരുത്തല്‍ ബോധമായി ഇടശ്ശേരിക്കവിത നിലകൊള്ളുന്നു. നാടിന്‍റെ തനിമകളെയും കാര്‍ഷിക ഇടങ്ങളെയും പരിസ്ഥിതിയെയും വിസ്മരിച്ചതിന്‍റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നു.  ക്രാന്തദര്‍ശിയായ ഇടശ്ശേരിയുടെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ ഇന്ന് കേരളം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും, സാംസ്കാരിക അധ:പതനത്തിനും ഒരു പരിധിവരെ ഉത്തരം കണ്ടെത്താനാകും. ബൗദ്ധികവികാസത്തിനു മാത്രമല്ല കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും ഈ ദര്‍ശനങ്ങള്‍ സഹായകരമാകും.  

അടിക്കുറിപ്പുകള്‍

1. ഫോക്ലോറും മലയാളകവിതയും, പുറം 57.
2. ഇടശ്ശേരിക്കവിത, പുറം 115.
3. ഫോക്ലോറും മലയാളകവിതയും, പുറം 81.
4. -------, പുറം 85.
5. ഇടശ്ശേരിക്കവിത, പുറം 115.
6. ഇടശ്ശേരിക്കവിത-ശില്പവിചാരം, പുറം 150, 151.

സഹായകഗ്രന്ഥങ്ങള്‍

ഇടശ്ശേരി, ഇടശ്ശേരിക്കവിതകള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്: 2007.
------- കറുത്ത ചെട്ടിച്ചികള്‍, പൂര്‍ണ്ണപബ്ലിക്കേഷന്‍സ്, കോഴിക്കോട്: 1991.
നാരായണക്കുറുപ്പ് പി., കവിയും കവിതയും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 2004.
പ്രകാശ് കെ. എസ്., ഫോക്ലോറും കവിതയും, കറന്‍റ് ബുക്സ്, കോട്ടയം: 2002.
മോഹനന്‍ കെ. പി., ഇടശ്ശേരിക്കവിത-ശില്പവിചാരം, പ്രൊഫ. ശങ്കരന്‍ നമ്പ്യാര്‍ ഫൗണ്ടേഷന്‍, തൃശൂര്‍: 2006.
രാമചന്ദ്രന്‍ കവടിയാര്‍ (സമ്പാദനവും പഠനവും), ഇടശ്ശേരിക്കവിത, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 2004.
ലീലാവതി എം., മലയാള കവിതാസാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂര്‍: 1996.
സോമന്‍ പി., ഫോക്ലോര്‍ സംസ്ക്കാരം, കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 2007.
ഡോ. ബ്രിന്‍സി മാത്യു
അസി. പ്രൊഫസര്‍
ദേവമാതാ കോളേജ്
കുറവിലങ്ങാട്
686633