What Happen Chathan's Nobility

Dr. Kavitha Raman

E.M.S Namboothiripadu has cited ‘Kumaranashan’s Duravasta as model of Progressive Literature . This article explore how Ashan who had propagated the ideas against caste in the public consciousness act as its mediator in poetic consciousness and orchestrate the negative idea that nobility and dignity are monopoly of upper-class through his work ‘Duravasta’. Thus this article analyses the hidden caste consciousness in Kerala’s renaissance and modernity. By critically analyzing the poem  Duravasta this study try to find out how Modernity has diplomatically embedded the caste practices into the internal structure of Kerala’s culture.

Key words: Abhodhasanjaram, Sannihithapadam, Kuleenatha, Shilpi thanthram, Vamsheeyabhodham

Bibliography:

N.Kumaranashan(1990) Ashante padya krithikal. Thrissur: Current Books.
N.Kumaranashan(2013) Ashante padya krithikal. Kottayam: D.C.Books.
G.Priyadarshanan. Editor(1981) Kumaranashante mukhaprasangal, Moongod: Published by G.Priyadarshanan.
G.Priyadarshanan.(2016) Narayana guru charithrayadharthyangal. Shivagiri: Shivagirimadam Publication.
Dr.M.M.Basheer(2017) Kumaranashante Rachanashilpam. Tirur: Malayalam University.
K.R.Gauriyamma(2017) ‘Anni njan’ Interview News 18 kerala.
E.M.S Namboothiripadu(2020) Therenjedutha prabhandangal: Thrissur Sahitya Academy.
Dr. Kavitha Raman
Assistant Professor
Sreesankaracharya University of Sanskrit
Kalady
Pin: 683574
India
Ph: +91 9745608652
Email: ramahridayam@gmail.com

ചാത്തന്‍റെ കുലീനതക്കെന്തു പറ്റി? 

കവിതാരാമന്‍

ശ്രീനാരായണധര്‍മ്മപരിപാലനയോഗത്തിന്‍റെ നീണ്ടകാല ജനറല്‍ സെക്രട്ടറി, കൊച്ചുസ്വാമി, നാരായണഗുരുവിന്‍റെ വത്സലശിഷ്യന്‍, എന്നീ നിലകളില്‍ കുമാരനാശാന് ലഭിച്ചിരുന്ന സ്വീകാര്യത കവിയായ ആശാന് ജീവിച്ചിരിക്കുന്ന കാലത്ത് സ്വസമുദായത്തില്‍ ലഭിച്ചിട്ടില്ല. ആശാന്‍റെ ആദ്യകാല കവിതകള്‍ സമാഹരിച്ച് നിജാനന്ദവിലാസം എന്നപേരില്‍ കരുവാകൃഷ്ണനാശാന്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പുറം ചട്ടയില്‍ കുമാരദേവരെന്ന സച്ചിദാനന്ദസ്വാമികളാല്‍ അരുള്‍ ചെയ്യപ്പെട്ടത് എന്നു രേഖപ്പെടുത്തിക്കാണുന്നതില്‍ നിന്ന് ആശാനിലെ കവിക്കല്ല ചിന്നസ്വാമിക്കാണ് സ്വസമുദായത്തില്‍ പ്രാമുഖ്യം എന്നു കാണാം. മാത്രമല്ല ഗുരുവില്‍ നിന്ന് ചിന്നസ്വാമിക്കു ലഭിച്ച അനുഗ്രഹമായി മാത്രമാണ് ആശാനിലെ കവിത്വത്തെ അക്കാലത്ത് കവികളായിരുന്ന സമുദായാംഗങ്ങള്‍ പോലും കണ്ടിരുന്നുളളുവെന്ന് മൂലൂര്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍റെ മൂന്നാം വാര്‍ഷികത്തില്‍ വായിച്ച 

സ്വാമികടാക്ഷത്താല്‍ 
മന്നില്‍ സദാ കീര്‍ത്തികോലും
ചിന്നസ്വാമി എന്‍.കെ. ആശാന്‍
ജയിച്ചിടേണം

എന്ന കവിതയിലും വ്യക്തമാണ്. സമുദായ പ്രവര്‍ത്തകനായും, സ്വാമിയായും ആശാനെ കാണുന്ന ആശാന്‍റെ ചുറ്റുവട്ടം എന്തുകൊണ്ട് ആശാനെ മഹാകവിയായി പരക്കെ സ്വീകരിച്ചില്ല? മൂലൂരിന്‍റെ കവിരാമായണത്തെ വിസ്മരിക്കുന്നില്ല. അന്ന് അവര്‍ണ്ണരായ ജനങ്ങളുടെ പ്രിയകവിയായിരുന്നില്ല ആശാന്‍ എന്നാണ് ഇവിടെ ഉദ്ദേശിച്ചത്. അവര്‍ണ്ണര്‍ക്ക് അത്രപ്പെട്ടെന്ന് സംവാദക്ഷമമല്ലാത്തതും, സവര്‍ണ്ണര്‍ക്ക് അതിവേഗം തദാത്മ്യം സാധ്യമാക്കുന്നതുമായിരുന്നു ആശാന്‍ കവിതയുടെ ഭവുകത്വം. ആശാന്‍ കവിതയെഴുതിയിരുന്ന കാലത്ത് കേരളത്തിലെ മേല്‍ ജാതിക്കാരുടെ ഇടയിലാണ് ആ കവിതകള്‍ക്ക് വന്‍സ്വീകാര്യത ലഭിച്ചിരുന്നത്. ജാതീയമായി സ്വസമുദായത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ആശാന് വ്യക്തിപരമായി അനുഭവിക്കേണ്ടി വന്ന അയിത്തം ആശാന്‍ കവിതകളോട് സവര്‍ണ്ണതയ്ക്ക് ഉണ്ടായിട്ടില്ല. ആശാന്‍ കവിതകള്‍ പകര്‍ത്തിയെടുത്ത് ചൊല്ലി പഠിച്ചിരുന്നവരില്‍ അക്കാലത്ത് ഭൂരിപക്ഷവും സവര്‍ണ്ണരായിരുന്നു എന്നത് പരക്കെ സമ്മതമായ ചരിത്രമാണ്. 

ആശാന്‍ കവിത നായികമാരുടെ പേരിലാണല്ലോ ഏറ്റവും കൈയ്യടി നേടിയിട്ടുളളത്. ആശാന്‍റെ പ്രധാന നായികമാരെല്ലാം ആഭിജാതകളും മനസ്വിനിമാരും ആയിരുന്നു. ചാമര്‍നായകന്‍റെ കിടാത്തി പോലും വെറും പെണ്ണല്ല. څതന്വിയാണവള്‍' എന്ന് ആശാന്‍. വ്യവസ്ഥയെ, പുരുഷനെ അനുസരിക്കുന്നവരാണവര്‍. അവരുടെ വിധേയത്വമാണവരെ കീര്‍ത്തിമതികളാക്കിയത്. ചിന്തകയായ സീതയും വാല്‍മീകിയുടെ കാല്‍ത്തണ്ടാര്‍ നോക്കി അധോമുഖിയായി നടക്കുന്നവള്‍ തന്നെയാണ്. അതുകൊണ്ടാണ് ആശാന് അവരെ വെണ്ണിലാവൊളിയില്‍ ഇരുത്താന്‍ കഴിയുന്നത്. അവരെല്ലാം ആഭിജാതരും കുലീനകളുമാണ്. 

കാവ്യജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും ആശാന്‍ സ്വസമുദായ അംഗങ്ങളോട് അകലം പുലര്‍ത്തുകയും സവര്‍ണ്ണരോടും അധികാരികളോടും അടുക്കാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുളളതായി  ജി.പ്രിയദര്‍ശന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.'സവര്‍ണ്ണരുമായും അധികാരികളുമായി അടുക്കാനും സൗഹൃദം പുലര്‍ത്തുനുമുളള വാഞ്ഛ ആശാനില്‍ എന്നും ശക്തമായിരുന്നു. അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളില്‍ മൂലൂര്‍.എസ്. പത്നാഭപ്പണിക്കര്‍,മൂര്‍ക്കോത്തുകുമാരന്‍ തുടങ്ങിയ അപൂര്‍വ്വം ചിലരോടല്ലാതെ ആശാന്‍ സ്ഥിരസൗഹൃദം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് സവര്‍ണ്ണരുമായി മാത്രമായിരുന്നു.'(2016:49) പൗരബോധത്തില്‍ മാനവികതാവാദിയായിരുന്ന ആശാന്‍റെ അബോധത്തില്‍ സവര്‍ണ്ണതയോടുളള ആഭിമുഖ്യവും ജാതിബോധവും അതീവശക്തമായിപ്രവര്‍ത്തിച്ചിരുന്നുവെന്ന് കവിയുടെ അബോധസാഞ്ചാരമായ കവിത സാക്ഷ്യപ്പെടുത്തും.

1922 സെപ്റ്റംബറില്‍ ആശാന്‍ ദുരവസ്ഥക്കെഴുതിയ മുഖവുരയില്‍ ഇപ്രകാരം കാണാം 'ഇതിലെ നായികാനായകന്മാരുടെ ഘടനതന്നെ ഗത്യന്തരമില്ലാത്ത പതനത്തില്‍ സംഭവിക്കുന്നതാണെങ്കിലും പൂര്‍വ്വാചാര നിരതമായ മനസ്സില്‍ അരുചിയും അനൗചിത്യബുദ്ധിയും ജനിപ്പിക്കാമെന്നുളളതാകുന്നു. ഇതിനും പുറമേ പ്രബന്ധത്തിന്‍റെ കീര്‍ത്തിക്കും പ്രതിഷ്ഠയ്ക്കും നിയാമകമായി വിചാരിക്കപ്പെടുന്ന നായകന്‍റെ കുലീനത്വാദി ഗുണങ്ങളുടെ അഭാവത്തെയും   താദൃശനായകന്‍റെ വിഷയത്തില്‍ കുലീനയായ നായികയുടെ രതിക്കുളള രസാഭാസത്വശങ്കയേയും മറ്റും ആസ്പദമാക്കി ഈ പുതിയ സംരംഭത്തില്‍ ശാസ്ത്രീയമായ ആക്ഷേപങ്ങള്‍ പറവാന്‍ പുറപ്പെടുന്ന പണ്ഡിതന്മാരും ഉണ്ടേയേക്കാം'. (2013 :480) ജാതിയുടെ ഉച്ഛനീചത്വങ്ങളെ മാപ്പിളലഹളയുടെ പശ്ചാതലത്തില്‍ അപഗ്രഥിച്ച് മാനവികതാ വിരുദ്ധമായ ജാതിയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എഴുതിയ ദുരവസ്ഥയുടെ മുഖവുരയില്‍ ആശാന്‍ എഴുതിയത് എത്ര മാനവികതാ വിരുദ്ധമാണെന്ന് നോക്കൂ. കുലീനത്വാദി ഗുണങ്ങള്‍ ജാതിക്കുലങ്ങളോടു ചേര്‍ന്നതാണെന്ന വാദഗതി മുഖവുരയില്‍ മാത്രമല്ല ആശാന്‍ പിന്‍താങ്ങുന്നത്. കാവ്യത്തിനുളളില്‍ സാവിത്രിയോടുളള സഹതാപമായി അത് നിരന്തരം ശക്തമാകുന്നുണ്ട്. സാവിത്രിയുടെ കൂലീനതയോടു മാപ്പിരക്കുന്നതും, ചാത്തനെ അവമതിക്കുന്നതുമായ ദുരവസ്ഥയുടെ സന്നിഹിതപാഠം പാടെ ദലിത് വിരുദ്ധമാണ്. 

കാവ്യത്തിനുളളില്‍ ജാതീയതയുടെ ദല്ലാളായി മലയാളത്തിലെ നവനവോന്മേഷശാലിയായ കവിപ്രതിഭ എങ്ങനെ പ്രവര്‍ത്തിച്ചു എന്ന അന്വേഷണത്തിലൂടെ മധ്യവര്‍ഗ്ഗമലയാളിയുടെ അബോധത്തില്‍ ജാതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നന്വേഷിക്കുകയാണിവിടെ.  ദുരവസ്ഥയില്‍ പരമ്പരാഗതജാതിമൂല്യങ്ങളെ വിചാരണക്കുവിധേയമാക്കാന്‍ ആശാന്‍ തുനിയുന്നില്ല. ചാത്തന്‍റെ കുലീനതയുടെ അഭാവത്തെ സാവിത്രിയെന്ന മേലാളസ്ത്രിയെ മാനദണ്ഡമാക്കി കൊണ്ട് സ്ഥാപിക്കുകയാണ് ആശാന്‍. സംസ്കൃതിയിലെ ജൈവികതയേയും വൈവിധ്യത്തെയും അക്രാമികമായി തമസ്ക്കരിക്കുകയും അധിനിവേശത്തിന് ഇരയാക്കുകയും ചെയ്യുന്ന ഹിംസാത്മകത ആധുനികതയുടെ സ്വാഭാവമാണ്. നാഗരികത എന്ന തോട്ടികൊണ്ട് മാനവികതയെ ഏകീകരിക്കാനുളള ആധുനികതയുടെ ആന്ധ്യം ആധുനികമലയാള കവിതയില്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് ദുരവസ്ഥ ഉദാഹരിക്കുന്നുണ്ട്. 

ആധുനികതയുടെ ലാവണ്യബോധത്തിലും മൂല്യബോധത്തിലും  സഹജമായ പ്രകൃതി അപരിഷ്കൃതവും അസംസ്കൃതവുമാണെന്ന ആശയനിര്‍മ്മിതി മലയാള കവിതയില്‍ പ്രബലമാകുന്നത് ദുരവസ്ഥയില്‍ പ്രകടമായി തന്നെ കാണാം. ചാത്തന്‍റെ പുല്ലുമാടം പാഴ്പുല്ലുമാടമായി മാറുന്നത് അത്തരമൊരു കാഴ്ചാകേന്ദ്രത്തിലാണ്. 

അന്തികത്തില്‍ ചെല്ലുന്തോറുംമൊരു ചൊവ്വും
ചന്തവുമില്ലക്കുടിലു കണ്ടാല്‍
വൃത്തവും കോണും ചതുരവുമല്ലതി-
ലെത്തിനോക്കിയിട്ടില്ല ശില്പിതന്ത്രം
വണ്ണം കുറഞ്ഞൊരു രണ്ടു ചാണ്‍ പൊക്കത്തില്‍
മണ്ണു ചുവരുണ്ടകത്തുചുറ്റും
കോണും മുഴകളും തീര്‍ത്തിട്ടില്ലായതില്‍
ക്കാണുന്നു കൈവിരല്‍പ്പാടുപോലും.

മണ്ണിനോട് ഇണങ്ങി, പ്രകൃതിയില്‍ നിന്നു വിശേഷ സ്വത്വം പ്രാപിച്ച് ആവാസവ്യവസ്ഥയെ ഹനിക്കാത്ത കുടില്‍/ചാള ചന്തമില്ലാത്തതായി തോന്നുന്ന ലാവണ്യബോധം എന്തു തരത്തിലുളളതാണ്. കുടിലിലെ, പ്രകൃതിയിലെ ജീവിതത്തില്‍ അരോചകനായ ദര്‍ശിതാവിന്‍റെ (ലെലൃ) കാഴ്ചപ്പാടാണ് ദുരവസ്ഥയെ നിയന്ത്രിക്കുന്നതെന്ന അപകടം തിരിച്ചറിയുമ്പോഴാണ് ദുരവസ്ഥ ആരോപണവിധേയമാക്കുന്ന കിടാത്തന്‍റെ കുലീനത്വാദിഗുണങ്ങളുടെ അഭാവത്തെക്കുറിച്ചുളള ആശാന്‍റെ മുന്‍കൂര്‍ ജാമ്യം പ്രശ്നവത്ക്കരിക്കപ്പെടുന്നത്. ചെറുതായകലെനിന്നൊരു കൂണെന്ന പോലെ വയല്‍വരമ്പില്‍ കാണുന്ന ചാത്തന്‍റെ കുടിലില്‍ څഎത്തിനോക്കിയിട്ടില്ല ശില്പിതന്ത്രം' എന്ന് ആശാന്‍ ആണയിട്ടു പറയുന്ന ശില്പിതന്ത്രം ഏതാണ്?  ബഹുശാഖാന്വിതമായ ജീവിതത്തെ മധ്യവര്‍ഗ്ഗ അഭിമാനത്തിലേയ്ക്ക് ഏകീകരിച്ചു മാനകീകരണം നടത്തുന്ന ആധുനികതയുടെ യുക്തിയില്‍ ആശാനിലെ മനുഷ്യസ്നേഹി  പെട്ടു പോകുന്നു. 

ക്ലാസ്സിക് പാരമ്പര്യം അറിവിനെ ആത്മനിഷ്ഠമാക്കി ക്രോഡീകരിക്കുന്നതു പോലെ വ്യവഹാരങ്ങളെയാകെ വസ്തുതന്ത്രപ്രധാനമായി അപഗ്രഥിച്ച് സ്ഥാപനവത്ക്കരിക്കാന്‍ ആധുനികത തത്രപ്പെട്ടിരുന്നതു കൊണ്ടാണ് ചാത്തന്‍റെ കുടില്‍ ശില്പിതന്ത്രത്തിനു വെളിയിലാവുന്നത്. തന്‍റെ ആവാസവ്യവസ്ഥയെ ഒരു തരത്തിലും ഹനിക്കാതെ വിപണിയുടെ ആര്‍ത്തിയോട് അനുനയത്തിലാവാതെ പ്രകൃതിയില്‍ മുളച്ച കൂണുപോലെ നില്‍ക്കുന്ന കുടിലെന്ന ശില്പത്തെ തരം താഴ്ത്തുന്ന് തന്ത്രം തദ്ദേശീയമായ ജീവിതവഴക്കങ്ങളെയും അറിവുകളെയും തകര്‍ക്കുന്നതാണ്. ഇതൊരധിനിവേശ യുക്തിയാണെങ്കിലും നവോത്ഥാന നൈതികതയുടെ തേന്‍കെണിയിലൂടെയാണ് ഇതിന്‍റെ സ്വീകാര്യത ഉറപ്പിക്കുന്നത്. ജൈവവൈവിധ്യങ്ങളെയാകെ പരിഷ്ക്കാരത്തിന്‍റെ നിര്‍ദ്ദയമായ തോട്ടി ഉപയോഗിച്ച് മാനവികതാദര്‍ശനത്തില്‍ ആട്ടിന്‍തോലിട്ട ചെന്നായയായി അധിനിവേശത്തെ വിഹരിപ്പിക്കുന്നതില്‍ ആധുനികത നടത്തിയ  ഉപജാപം ചാത്തന്‍റെ കുടിലിന്‍റെ നിര്‍മ്മിതിയിലുണ്ട്.

വാക്കിലും ബുദ്ധിയിലും മാനവികതയെ പുലര്‍ത്തുകയും വൈകാരികമായ ജീവിതത്തില്‍ സഹജവും തദ്ദേശീയവുമായ അരുകുകളെ തരം താഴ്ത്തിക്കൊണ്ട് മാനവികതയെ ചര്‍ച്ചയ്ക്കു വിഷയമാക്കുന്നത് ആധുനികതയുടെ സവിശേഷതയാണ്. അത്തരമൊരു സവിശേഷസന്ധിയില്‍ ജീവിച്ച ആശാനെന്ന പ്രതിഭാശാലിയായ കവിയെ അധിനിവേശ ആധുനിക യുക്തി  കീഴ്പ്പെടുത്തുന്ന ക്രമം ദുരവസ്ഥയില്‍ വെളിപ്പെടുന്നുണ്ട്. ആശാനില്‍ സംഭവിക്കുന്ന ഈ മാറ്റം കേരളത്തിന്‍റെ സാംസ്ക്കാരിക അവബോധത്തില്‍ വന്ന മാറ്റത്തിന്‍റെ ദിശാസൂചകം കൂടിയാണ്. 

നവോത്ഥാനസന്ദര്‍ഭത്തോടു കൂടി മലയാളിയുടെ ജീവിതം ബൗദ്ധികം/ബോധപരം, പ്രജാബോധം, വൈകാരികം/ അബോധാത്മകം, സാമൂഹികം/ വ്യക്തിപരം എന്നിങ്ങനെയുളള അടരുകളോടു കൂടിയ വിരുദ്ധദ്വന്ദങ്ങളായി പിരിയുന്നു. അത് ആശാനെന്ന കവിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആശാന്‍ വിവേകോദയത്തിലെഴുതിയ മുഖപ്രസംഗങ്ങള്‍ സമാഹരിച്ച് ജി.പ്രിയദര്‍ശനന്‍ പുസ്തകരൂപത്തിലാക്കിയതിന് എം. കെ. സാനു(1981) എഴുതിയ അവതാരികയില്‍ ആശാന്‍ തിരുവന്തപുരത്തെ കോളേജ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ സല്ലാപത്തിന്‍റെ വിവരണം ഉണ്ട്. അശാന്‍റെ സമകാലികരായ കവികളുടേതില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്‍റെ ഗദ്യശൈലി എന്തു കൊണ്ട് കാര്യമാത്ര പ്രസക്തമായിരുക്കുന്നു എന്നൊരു ചോദ്യം ആശാനോട് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നതിന് നല്‍കുന്ന മറുപടി ശ്രദ്ധേയമാണ്. 'കവി എന്ന നിലയ്ക്കല്ല താന്‍ ഗദ്യലേഖനങ്ങള്‍ എഴുതുന്നത്. പൊതുകാര്യപ്രസക്തനായ പൗരനെന്ന നിലയ്ക്കാണ്. അപ്പോള്‍ വായനക്കാരെ തന്‍റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതാണ് ലക്ഷ്യം. അതിന് കാവ്യത്മകശൈലിയെക്കാള്‍ ഉപകരിക്കുന്നത് നേര്‍വഴിക്കെഴുതുന്ന രീതിയാണ്چ.(1981:1) ഇവിടെ രണ്ട് കാര്യങ്ങള്‍ പ്രസക്തമാകുന്നുണ്ട്. വിവേകോദയത്തില്‍ ആശാന്‍ എഴുതിയ പുലയരുടെ സങ്കടം (1981:283)  പുലയരുംപ്രജാസഭയും (1981:285) പുലയര്‍ (കൊച്ചി)(1981:287) പുലയരും ലഹളയും (1981:288) താഴ്ന്നജാതിക്കാരും അവരുടെ ഉയര്‍ച്ചയും (1981:261) തൃപ്പാദങ്ങളും പുലയരും (1981:220) നമ്മുടെ ഭയങ്കരശാപം അല്ലെങ്കില്‍ കേരളത്തിലെ ഭ്രാന്ത് (1981:238) എന്നീ മുഖപ്രസംഗങ്ങള്‍ പൊതുകാര്യപ്രസക്തനായ പൗരനെന്ന നിലയ്ക്ക് എഴുതിയിട്ടുളളവയും അക്കാലത്തെ പുലയരുടെ ജീവിതം നേര്‍വഴിക്ക് അവതരിപ്പിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതുമാണ്. 

എന്നാല്‍ അതേ പുലയരുടെ ജീവിതം കാവ്യത്മകശൈലിയിലെഴുതുമ്പോള്‍ അശാനില്‍ നേര്‍വഴി തലകീഴായ് മറിയുന്നു. പ്രജാബോധത്തില്‍ ഗദ്യലേഖനങ്ങളില്‍ പുലയൊര്‍ക്കൊപ്പം നിന്ന ആശാന്‍ കവിതയുടെ അബോധാത്മകമായ വ്യാപാരത്തില്‍ ആഭിജാത സവര്‍ണ്ണമൂല്യബോധത്തിന്‍റെ പിന്‍നടപ്പുകാരനായി മാറുന്ന ദുരവസ്ഥയാണ് ദുരവസ്ഥയിലെ ദുരവസ്ഥ എന്നു കാണാതെ പോകരുത്. 

കേരളത്തില്‍ നവോത്ഥാനം ജാതിവിരുദ്ധസമരമായിരിക്കുകയും,മനുഷ്യന്‍ ഒരൊറ്റ സ്പീഷ്യസാണ് അതാണ് മനുഷ്യജാതി എന്ന ആശയനിര്‍മ്മിതി സാംസ്ക്കാരിക ബോധത്തില്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് പ്രത്യക്ഷത്തില്‍ ജാതിപറയാതിരിക്കുക എന്ന ഡിപ്ലോമസിയിലേയ്ക്ക് മലയാളി അനുനയിക്കപ്പെടുന്നുണ്ട്. എന്നാല്‍ സമൂഹത്തിന്‍റെ സൈക്കിയില്‍ അബോധാത്മകമായി അതീവ സങ്കീര്‍ണ്ണമായി ജാതിഭേദങ്ങളും മതദ്വേഷങ്ങളും പ്രചണ്ഡമാവുകയും ചെയ്യുന്നുണ്ട്.  ഈയൊരു ഇരട്ടത്താപ്പിന്‍റെ ആദിപ്രരൂപം പോലെയാണ് ആശാന്‍റെ ഗദ്യലേഖനങ്ങളും ദുരവസ്ഥയും പ്രവര്‍ത്തിക്കുന്നത്. അത് മലയാളിയുടെ അബോധത്തിലുണ്ടാക്കുന്ന പൊതുസമ്മതിയെ സൂചിപ്പിക്കുന്നതാണ് എ.കെ.സാനുവിന്‍റെ ഈ വാക്കുകള്‍'സ്വന്തം സമുദായത്തിന്‍റെ  അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ വാദിക്കുന്നതോടൊപ്പം സവര്‍ണ്ണസമുദായങ്ങളുടെ നേര്‍ക്ക് ആഢ്യമായ ആദരവ് പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ഒരിക്കലും മടിക്കുന്നില്ലچ. (1981: 9)  ഈ മടിയില്ലായ്മ ദുരവസ്ഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്.

ദുരവസ്ഥയുടെ ആദ്യഭാഗങ്ങള്‍ അശാന്‍ കൃത്യമായ ലക്ഷ്യബോധത്തോടെ പ്രജാബോധത്തില്‍ എഴുതിയതാണ്. അവിടെ പുലയരുടെ ജീവിതത്തെ പരിഷ്ക്കരിക്കാനുളള നവോത്ഥാനയുക്തി ആശാന്‍ സംസാരിക്കുന്നുണ്ട്.

കുക്ഷിയില്‍  കൊണ്ട കരിക്കാടിയല്ലാതെ
നിക്ഷേപമിവര്‍ക്കുക്കൊന്നുമില്ല

സഹൃയരെ രോമാഞ്ചമണിയിക്കുമാറ് മാനവികത, സാഹോദര്യം,ഉയര്‍ന്നതരം സമത്വദര്‍ശനം സ്വാതന്ത്ര്യബോധം ഇവയെല്ലാം ദുരവസ്ഥയില്‍ ആദ്യം മുഴങ്ങി കേള്‍ക്കാം. എന്നാല്‍ ആ മുഴക്കത്തില്‍ സമനിലതെറ്റാത്തവര്‍ അല്ലല്ലെന്തു കഥയിതു കഷ്ടം എന്നു നിലവിളിക്കുവിധം ആശാന്‍ സാവിത്രിയുടെ ചേരിയിലേയ്ക്ക് കൂറുമാറുന്നത് കാണാം.

കുടിലിനുളളില്‍ സാവിത്രിയുടെ ആഭിജാതമായ വദനം കാണുന്നതു വരെ  ആശാനില്‍ പൗരബോധം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സാവിത്രിയുടെ രംഗപ്രവേശത്തോടെ മനുഷ്യത്വത്തിന്‍റെ, പ്രജാബോധത്തിന്‍റെ യുക്തി കവിതയില്‍ പിന്‍വാങ്ങുന്നുണ്ട്. പിന്നങ്ങോട്ട് കവിയില്‍ പ്രവര്‍ത്തിക്കുന്നത് അബോധാത്മകമായ കാവ്യശൈലിയാണ്. 

കുമാരനാശാന്‍റെ രചനാശില്പത്തെക്കുറിച്ച് ഗവേഷണം നടത്തിയ ശ്രീ. എം. എം. ബഷീര്‍ ദുരവസ്ഥയുടെ 'രചനാകാലത്ത് ആശാന്‍റെ കൈപ്പടയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്.കൃത്രിമത്വത്തിലും വടിവൊത്ത അക്ഷരസന്നിവേശത്തിലും അശ്രദ്ധനാവുകയും വാക്കുകള്‍ക്കുവരികള്‍ക്കുമിടയില്‍ സ്പേയിസു കുറയ്ക്കുകയും ചെയ്തു. സംസ്കൃത ശ്ലോകങ്ങള്‍ക്കുളള നിയന്ത്രണം ദ്രാവിഡശീലുകള്‍ക്കില്ലാത്തതിനാല്‍ രചനാവേഗം വര്‍ദ്ധിച്ചതായി കാണാംچ. (2017:105) എന്ന് പറഞ്ഞു കാണുന്നുണ്ട്. കേവലം ആഖ്യാനബദ്ധമായ ഭാഷാക്രമത്തിന്‍റെ പ്രശ്നം മാത്രമല്ല ഇത്. പ്രജാബോധത്തില്‍ തുടങ്ങുകയും പുലയജീവിതത്തിന്‍റെ വിവരണത്തില്‍ വൈകാരികമാകുകയും  അബോധത്തിലേയ്ക്ക് കാലിടറി വീണുപോകുകയും ചെയ്യുന്നുണ്ട് ദുരവസ്ഥയില്‍ ആശാന്‍. സാവിത്രിയുടെ ചന്തമേറിയ വദനത്തിലേക്കാണ് ആ വീഴ്ച എന്നതു കൊണ്ട് അത് വീഴ്ചയല്ലാതാവില്ലല്ലോ. 

ആശാന്‍റെ പദ്യകൃതികള്‍ കറന്‍റ് ബുക്സ് ഇറക്കിയപ്പോള്‍ ഗുരുനിത്യചൈതന്യയതി എഴുതിയ പഠനത്തില്‍ ഇപ്രകാരം പറഞ്ഞു കാണുന്നുണ്ട്.'സാധരണ ഏതു സംഭവത്തിന്‍റെയും കാലദേശപരിഗണനകളില്‍ വളരെയേറെ പര്യാലോചനകള്‍ നടത്തി കരുതലോടെ മാത്രമേ ആശാന്‍ എന്തെങ്കിലും പറയാറുളളു. എന്നാല്‍ ദുരവസ്ഥയെഴുതുമ്പോള്‍ എന്തുകൊണ്ടോ അദ്ദേഹത്തിന്‍റെ മനസ്സ് അല്പം തിടുക്കത്തിലായിരുന്നുവെന്ന് തോന്നുന്നുچ. (1990:9) അബോധത്തിലമര്‍ന്നിരുന്നാണ് ആശാന്‍ ദുരവസ്ഥ രചിച്ചതെന്ന് വ്യക്തം. അബോധവേഗത്തില്‍ ആശാന്‍റെ കാവ്യത്തെ നിയന്ത്രിക്കുന്നത് സവര്‍ണ്ണഭാവുകത്വം ആകുന്നിടത്താണ് ചാത്തന്‍ കുലീനനല്ലാതാവുന്നത്. 

 ആഭിജാത്യം മെച്ചമാണെന്ന് കാവ്യത്തില്‍ സാവിത്രിയെ പരിചയപ്പെടുത്തുന്നതിന് മുഖവുരയായി ആശാന്‍ സ്ഥാപിക്കുന്നുണ്ട്. കാരണം 'നൂനമിവളിക്കുടിലിലിരിക്കിലും ദീനയെന്നാലും ചെറുമിയല്ല. ആഭിജാത്യം ചെറുമിക്കില്ലെന്ന ആശയനിര്‍മ്മിതിക്ക് പ്രമാണമായാണ് ആഭിജാത്യലക്ഷണങ്ങളെ ആശാന്‍ നിര്‍വ്വചിച്ചിരിക്കുന്നത്.

കോമളമായിളം മാന്തളിര്‍പോലലപം
ശ്യാമളമാകിലും പൂവല്‍മെയ്യും
ആഭയും മട്ടുംമുടുപ്പുമിവള്‍ക്കുളളോ-
രാഭിജാത്യത്തിന്‍റെമെച്ചമോതും

സവര്‍ണ്ണശരീരം മാന്തളിര്‍പോലത്തെ പൂവല്‍മെയ്യും മട്ടുംമാതിരിയും ഉടുപ്പുമാണെന്നും അത് ആഭിജാതമാണെന്നുമുളള ആശയത്തെ സര്‍ഗ്ഗാത്മകതയില്‍ സ്ഥീരീകരിച്ചിട്ട് കീഴാളതക്കുവേണ്ടി ജാതീയതയ്ക്കെതിരെ കലഹിക്കുന്ന സാമുദായിക, സംഘടനാജീവിതം ആശാന്‍ ജീവിക്കുന്നു. ആശാന്‍റെ ഗുരു ജാതീയെ നിര്‍വ്വചിച്ചത് പുണര്‍ന്മ്പെറും എല്ലാം ഒരിനമാണെന്നാണ്. ഗുരുവിനോടു തന്നെ ജാതി ചോദിച്ചപ്പോള്‍ കണ്ടിണ്ട് മനുഷ്യജാതിയെന്നു തിരിച്ചറിയാന്‍ കഴിയാത്തവരെ പറഞ്ഞറിയിക്കുന്നതെങ്ങനെയെന്ന് മാനവീകതയെ പ്രായോഗികമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഈ വല്യസ്വാമിയുടെ ചിന്നസ്വാമി മനുഷ്യനെ കാണുന്ന മാത്രയില്‍ തന്നെ സവര്‍ണ്ണരേയും ചെറുമിയേയും കാണുന്ന ജാതിക്കണ്ണിനെ കീശയിലാക്കി കൊണ്ടു നടക്കുന്നു. ഗുരുവില്‍ നിന്ന് ആശാനിലേയ്ക്കുളള ദൂരം കേരളത്തിന്‍റെ ചിന്തയിലും പ്രയോഗത്തിലുമുളള ജാതി ദൂരമാണ്. ചെറുമിയുടെ കുടിലില്‍ സ്ത്രീയെ കണ്ടാല്‍ അവള്‍ അവര്‍ണ്ണയോ സവര്‍ണ്ണയോ എന്ന് തിരിച്ചറിയാന്‍ പോന്ന ജാതീയതയുടെ കണ്ണട ദുരവസ്ഥയിലൂടെ ആശാന്‍ മലയാളിക്ക് സമ്മാനിക്കുന്നുണ്ട്. അതിന്‍റെ ഉത്തരവാദിത്വം  സാവിത്രിയുടെ ഉടുത്തുകെട്ടിനു നല്‍കി ആശാനു വേണമെങ്കില്‍ തലയൂരാം. എന്നാല്‍ വിണ്ടലത്തെങ്ങോ വിളങ്ങിയ സാവിത്രിയെന്ന താരകം പതിച്ചത് നത്തക്കുളത്തിലാണെന്ന നിന്ദയില്‍ നിന്ന് ആശാന് രക്ഷപ്പെടാനാവില്ല. 

നത്തക്കുളത്തില്‍ നിയതിയാല്‍ നീതമാം
മുത്തേലുമോമനചിപ്പിപോലെ

സവര്‍ണ്ണയായ സാവിത്രിയെന്ന ചിപ്പി വഹിക്കുന്ന മുത്താണ് ആഭിജാത്യമെന്ന നിലപാടിലൂടെ കാവ്യാബോധത്തില്‍ സവര്‍ണ്ണതയെ സ്തുതിച്ചും അവര്‍ണ്ണതയെ അവമതിച്ചുമാണ് ദുരവസ്ഥ സഞ്ചരിക്കുന്നത്. ആ സവര്‍ണ്ണതയുടെ സഞ്ചാരപഥം വിണ്ടലമാണ്. പെരുവഴിനടക്കാന്‍ അവകാശമില്ലാത്ത ചെറുമിയുടെ ആവാസപഥം കുണ്ടാണ്. ജാതിമേല്‍ക്കോയ്മയും ആഭിജാത്യവും ഔന്നിത്യമുളളതാണെന്നും ഭാഗ്യമാണെന്നും ചെറുമിത്വം തുലോതുച്ഛമാണെന്നും ആശാനെക്കൊണ്ട് ആണയിടുക്കുന്ന ജാതിബോധം കാവ്യത്തിന്‍റെ ഉളളടക്കത്തില്‍ ശക്തമാണ്.

വിണ്ടലത്തെങ്ങോ വിളങ്ങിയതാരമേ
കുണ്ടില്‍ പതിച്ചു നീ കഷ്ടമോര്‍ത്താല്‍ 
ഉന്നത ഭാഗ്യങ്ങളൊന്നും സ്ഥിരമല്ല-
യിന്നതിന്നാര്‍ക്കേ വരുവെന്നില്ല.

അവസാനപാദത്തില്‍ തത്വചിന്തയുടെ തമസ്ക്കരണികൊണ്ട്  സാവിത്രിയുടെ പതനത്തിലേയ്ക്ക് വൈകാരികതയെ അന്വയിച്ച് ദളിത് വിരുദ്ധതയെ കവി അനുകൂലിക്കുന്നു. വിണ്ടലം, താരകം, ഉന്നതഭാഗ്യം, എന്നീ സംവര്‍ഗ്ഗങ്ങള്‍ സാവിത്രിയിലും കുണ്ട്, നത്തക്കുളം, പാഴ്പ്പുല്ലുമാടം എന്നിവ ചാത്തനിലും ഉപദര്‍ശിച്ച് മണ്ണറിയാതെ നടക്കുന്ന എല്ലാറ്റിലും തുച്ഛരായ ചെറുമക്കളുടെ സഹചാരി എന്ന മേനി നടിക്കുമ്പോഴും  കവി അബോധപരമായി സവര്‍ണ്ണതയോട് അഭിനിവേശപൂര്‍വ്വം വേഴ്ചയിലേര്‍പ്പെടുന്നു. വട്ടക്കുടയും വൃഷലിയും കൂടാതെ നാണം വെടിഞ്ഞു നടന്നിട്ടില്ലെന്ന് കവി പറയുന്ന സാവിത്രി മാടം പൂകിയതിനെ കവി മുറവിളിച്ചവതരിപ്പിക്കുന്നത് ശാപം പിണഞ്ഞദേവതയുടെ പതനമായിട്ടാണ്. എന്നാല്‍ സാവിത്രിക്ക് തികച്ചും ആ അഭിപ്രായമല്ലുളളത്. 

രണ്ടാം ജന്മം താനെനിക്കതോര്‍ത്താലേതു-
കൊണ്ടുമന്നാള്‍ മുതല്‍ ജാതി മാറി
ഇണ്ടല്‍ തേടുന്നു ഞാനിപ്പുനര്‍ജന്മത്തില്‍
പണ്ടത്തെയോര്‍മ്മയുണ്ടെന്നേയുളളു.

 സാവിത്രിയുടെ പുലയിയായുളള പുനര്‍ജന്മം സ്വാഭാവികമല്ലെന്നു വേണം കരുതാന്‍ څഇല്ലങ്ങളൊന്നിലീ ചെന്നാല്‍ ആട്ടിപ്പുറത്തുതളളാം' എന്ന നിവൃത്തികേടിന്‍റെ നിര്‍വ്വഹണമാണത്. സാവിത്രിയുടെ പുനര്‍ജന്മത്തില്‍ ഇണ്ടല്‍ തേടുന്നത് ആരാണ്. അത് കവിയുടെ ദുഃഖമാണോ. അതോ നവോത്ഥാന ഉത്പതിഷ്ണുത്വത്തിന്‍റെ അബോധത്തിലിരിക്കുന്ന ദുഃഖമാണോ. താന്‍ ഭ്രഷ്ടയായി സാധനമായി കഴിഞ്ഞു. വൈദീകരെ പ്രീതരാക്കി ബ്രാഹ്മണ്യത്തിലേയ്ക്ക് മടങ്ങുവാന്‍ സാവിത്രിക്ക് കൈയ്യില്‍ പണവുമില്ല. മാത്രമല്ല അന്തഃപ്പുരത്തിലെ ശുദ്ധിയില്‍ നമ്പൂരിയന്തണര്‍ ദാക്ഷിണ്യഹീനരാണെന്ന അഭിമാനവും സാവിത്രിക്കുണ്ട്. څതിങ്കളും നാലഞ്ചുപോയി പരിഹാരശങ്കയെന്തിന്നു ഞാന്‍-ഭ്രഷ്ടയായി' എന്ന തിരിച്ചറിവില്‍ വല്ല നഗരത്തിലും പോയി വീട്ടു വേലയ്ക്കു നിന്നാലോ എന്നും സാവിത്രി ആലോചിക്കായ്കയല്ല. 

ഇന്നെന്നെ നായന്മാര്‍ തീയര്‍ തുടങ്ങിയ 
ഹിന്ദുക്കള്‍ ചെന്നാലും മാനിക്കില്ല,
ഉന്നതരാമവര്‍ക്കിപ്പുലച്ചാളയില്‍-
നിന്നു ചെല്ലും ഞാന്‍ പുലയിതന്നെ

എന്നാല്‍ ജാതിയില്ലാത്ത അന്യമതങ്ങളില്‍ ചേരാന്‍ സാവിത്രിയുടെ മതവിശ്വാസം അനുവദിക്കുന്നുമില്ല.

ഇന്നിളക്കീടാവതല്ലെനിക്കുളളില്‍ വേ-
രൂന്നിയുറച്ച വിശ്വാസവൃക്ഷം.
വിശ്വസമല്ലോ വിളക്കു മനുഷ്യനു
വിശ്വാസം ജീവസര്‍വ്വസ്വമല്ലോ.
ഒക്കെയും പോമതുപോയാല്‍ കെടുമാരും
ചുക്കാന്‍ പോയുളളൊരു കപ്പല്‍ പോലെ 

എന്തു ചെയ്യേണ്ടതെങ്ങോട്ടു പോകേണ്ടതീയന്ധകൂപത്തലെന്ന് പ്രായോഗികബുദ്ധിയോടു കൂടി പുലയിയായി പുനര്‍ജനിച്ച്  അതിജീവനമാര്‍ഗ്ഗം തേടയുകയാണ് സാവിത്രി. څഇക്കടുംകോളില്‍ കിടച്ചോരു പൊങ്ങേറിയക്കര കാണ്മാന്‍ ശ്രമിക്ക നല്ലൂ' എന്നു പ്രായോഗികമതിയാവുകയാണ് സാവിത്രി. ആശാന്‍ കവിതയിലെതന്നെ ഏറ്റവും പ്രായോഗികബുദ്ധിയുളള നായികകൂടിയാണ് സാവിത്രി. എന്നിട്ടും കവി ഏങ്ങലടിച്ച് സവര്‍ണ്ണതയുടെ മാഹാത്മ്യം കാവ്യത്തില്‍ ഉറപ്പിച്ചെടുക്കുമാറ് സാവിത്രിയെ കൊണ്ട് څഎത്രയോ ജന്മം കൊണ്ടെത്തേണ്ടും ദിക്കുഞാനെത്ര വേഗം വിട്ടിവിടെയെത്തി' എന്ന് പറയിക്കുന്നുണ്ട്. 

ദുരവസ്ഥയെ പുരോഗമന സാഹിത്യത്തിന്‍റെ മുന്നോടിയായി വാഴ്ത്തിയ ഇ.എം.എസിന്‍റെ ചിന്താശൈലിയെ കരുതി വായിക്കേണ്ടി വരുന്നത് ഇവിടെയാണ്. 'ബൂര്‍ഷ്വസിയുടെ സൗന്ദര്യബോധത്തെപ്പോലും അതേപടി ആശ്രയിക്കാതെ ധാര്‍മ്മിക വീക്ഷണത്തിന് സൗന്ദര്യബോധത്തെ അപേക്ഷിച്ച് കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്ന സാഹിത്യകൃതികള്‍ രചിക്കുന്ന കാര്യത്തില്‍ ദുരവസ്ഥ മാര്‍ഗ്ഗദര്‍ശിയായിچ. (2020: 47) ഇവിടെ ഇ.എം.എസ്. വാഴ്ത്തുന്ന നൈതികബോധം സവര്‍ണ്ണമാണ്. അപ്പോള്‍ പുരോഗമനപരമായ സാമൂഹികസങ്കല്പത്തിലും ആഢ്യമേല്‍ക്കോയ്മയുടെ വീക്ഷണത്തെ ധാര്‍മ്മികമാക്കുന്ന രീതി ആശാന്‍റെ മാത്രം പ്രശ്നമല്ലെന്നു കാണാം. ദുരവസ്ഥയെ പുരോഗമനസാഹിത്യത്തിന്‍റെ മുന്നോടിയായിക്കാണുന്നതിലും കൃതിയുടെ  ധാര്‍മ്മിക ബോധത്തിലും ഇ.എം.എസിന് യാതൊരു അസ്വാഭാവികതയും തോന്നിയില്ലെന്നത് മാനവികതയുടെ ഉദാത്തമാതൃകയായി ബ്രാഹ്മണ്യത്തെ കാണുന്ന കണ്ണ് അബോധത്തിലുളളതു കൊണ്ടാവാം. ഇം.എം.എസിനും അവര്‍ണ്ണതയോട് കൂറു കുറവായിരുന്നെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തക എന്ന നിലയില്‍  ഏറെക്കാലം അടുത്തിടപെടേണ്ടി വന്ന ഗൗരിയമ്മ അഭിമുഖങ്ങളില്‍ (2017) പില്‍ക്കാലത്ത് ആവര്‍ത്തിച്ച് പറഞ്ഞിട്ടുമുണ്ട്.      ദുരവസ്ഥയില്‍ ആശാന്‍ കുലസംബന്ധമായി പുലര്‍ത്തുന്ന ആശയഗതി സാവിത്രി ഉന്നത കുലജാതയാണെന്നതും ചാത്തന്‍ കുലരഹിതനാണെന്നുളളതുമാണ്. 

സ്വച്ഛന്ദവൃത്തിയറിയാത്തതായതി-
സ്വച്ഛകുലോല്‍പത്തിശുദ്ധയായി
ഉച്ചഭാവത്തില്‍ പരിചിതമായിടും 

സാവിത്രി കാട്ടികാരിരുമ്പൊത്തദൃഢകായനായ ചാത്തനില്‍ എത്രപെട്ടെന്ന് കാമപരായണയാവുന്നു. څആണത്തമാര്‍ന്നടുത്തേലുമെന്‍ ചാത്തന്‍റെ ചേണുറ്റ മേനിതന്‍ ഛായ പറ്റി' ജീവിക്കാന്‍ കുലകന്യകയായ സാവിത്രി തീരുമാനിക്കുന്നു. കുലരഹിതരായ പുലയരോട് സാവിത്രിക്കുണ്ടാവുന്ന സമ്പര്‍ക്കം  പ്രാകൃതമാണെന്നഭിപ്രായമുളള ആശാന്‍ ചാത്തനെപ്പെറ്റ അമ്മയേയും കുലത്തേയും അവമതിക്കാന്‍ മടിക്കുന്നുമില്ല. ചാത്തന്‍റെ അമ്മയും പെങ്ങളുമെല്ലാം ആശാന്‍റെ കണ്ണില്‍ പ്രാകൃതരാണ്. അവരെ പ്രാകൃതരാക്കുന്നത് അവരിലെ പുലയത്വമാണെന്ന് അശാന്‍. ചാത്തന്‍റെ അമ്മപെങ്ങന്മാര്‍ അഭയാര്‍ത്ഥിയായവള്‍ക്കായി സ്വന്തം കുടില്‍ വിട്ടു കൊടുക്കാന്‍ മടിക്കുന്നുമില്ല. 

മറ്റു പുലയര്‍തന്‍ പ്രാകൃതസമ്പര്‍ക്കം
പറ്റില്ലെനിക്കെന്നുമെന്നോര്‍ത്തല്ലേ
പെറ്റമ്മതന്നെയും പെങ്ങളെക്കൂടിയും 
മുറ്റുമകറ്റുന്നു കുറേലും നീ

എന്നാല്‍ അമ്മപെങ്ങന്മാരുടെ അഭാവത്തിലും ചാത്തന്‍റെ പ്രാകൃതത്തില്‍ കാമം ചുരമാന്തുന്നില്ല. അതിന് സാവിത്രിതന്നെ സാക്ഷ്യം പറയും.

ഹന്ത! തരുണന്‍ സുമുഖന്‍ ദൃഢകായ-
നന്തിക്കിങ്ങെത്തി നീ, യേകയാമെന്‍ 
അന്തികത്തെങ്ങാനും തങ്ങിയുറങ്ങുന്നു
ചിന്തവേറില്ലാത്ത പൈതല്‍ പോലെ 

വേഴ്ചക്കുളള സൗകര്യം څഇനിയുണ്ടാവാനില്ല സൗകര്യമീവണ്ണമാര്‍ക്കും'. എന്നിട്ടും യുവത്വത്തിന്‍റെ കുലക്കം പോലും ചാത്തനില്ലെന്ന് സാവിത്രിക്കനുഭവമാണ്. അവസരം കിട്ടിയാല്‍ ഭ്രമിക്കുന്ന ഓതിക്കോന്മാരും പൂണൂലിട്ട ഉണ്ണിമാരുടെയും കഥകള്‍ സ്വകുലത്തിനുളളില്‍ സാവിത്രിക്കറിയാം. എന്നിട്ടും അവള്‍ പിറന്നകുലം ഉന്നതവും ആഭിജാതവും. ചാരിത്ര്യം, ബുദ്ധി, സ്നേഹം, വിനയം, ഔദാര്യം, ആശ്രയിച്ചവര്‍ക്ക് സ്വജീവനുതകാന്‍ പോന്ന ധന്യത, ധൈര്യം, ഉദാരത, ഇഷ്ടാനിഷ്ടങ്ങള്‍ പറയാതെ അറിഞ്ഞ് പ്രവര്‍ത്തിക്കാനുളള അത്യുദാരത, സ്നേഹാദരം, വിവേകം ഇവയെല്ലാം സഹജമായി ചാത്തനുണ്ട്. എന്നാലും ചാത്തന് കുലമാഹാത്മ്യമില്ല! ചാത്തനു ജന്മം കൊടുക്കാനായത് താണവംശത്തിന്‍റെ ഭാഗ്യം മാത്രമാണ്. ചാത്തന്‍റെ ഗുണങ്ങള്‍ വംശത്തിന്‍റെ ഗുണങ്ങളല്ലെന്ന തോട്ടി  കാവ്യത്തില്‍ ചാരിവെക്കാനും ആശാന്‍ ശ്രദ്ധിക്കുന്നുണ്ട്.

ആഹാ! പുലയയുവാവേ! നിന്‍ബുദ്ധിയും
സ്നേഹവും താഴ്മയുമൗദാര്യവും 
ചാരിത്ര്യവുമറിയുന്നോര്‍ ചണ്ഡാലനെ
ന്നാരോര്‍ക്കും നിന്നെ- ഹൃദയമുളേളാര്‍ 

ആ കുലമാഹാത്മ്യമില്ലാത്ത കുലത്തിലാണ് കുലകന്യകക്ക്ഒളിക്കാന്‍ കലാപകാലം സമാധാനം കരുതിവെക്കുന്നുളെളന്ന്  എഴുതിയിട്ടും ആശാന്‍റെ എഴുത്താണിയില്‍ ചാത്തന്‍റെ കുലം നീചമാണെന്ന് ആവര്‍ത്തിക്കുന്ന ജാതിരാഷ്ട്രീയം ഏതാണ്. സാവിത്രിയുടെ മാനത്തിനും മര്യാദയ്ക്കും ചാത്തന്‍ വിലപറയാതിരുന്നിട്ടും, മെച്ചമായി കാത്തിട്ടും അവന്‍റെ കുലം താണതാണെന്ന് കവിയെക്കൊണ്ട് ആഖ്യാനം നിര്‍വ്വഹിപ്പിക്കുന്ന ദുരവസ്ഥ ദളിത് വിരുദ്ധമാണ്. സാവിത്രിയെ പുലയക്കുടിലിലേയ്ക്ക് അധഃപതിപ്പിച്ചത് അവന്‍റെ കിടാങ്ങളെ പെറ്റ് പുലയനെ പരിഷ്ക്കരിക്കാനാണെന്ന് ആശാന് എഴുതാന്‍ കഴിയുന്ന ഭാവന തന്നെ എത്ര മാനവികതാ വിരുദ്ധമാണ്. ആ എഴുത്തിനെ പുരോഗമനസാഹിത്യത്തിന്‍റെ ധാര്‍മ്മിക വീക്ഷണമായി ആഘോഷിക്കാന്‍ പറ്റുന്ന പ്രത്യയശാസ്ത്രബോധം അപകടകരവുമാണ്. കുലീനതയും ആഭിജാത്യവുമില്ലാത്ത പുലയനെ ആഭിജാത സവര്‍ണ്ണകുലബീജം കൊണ്ട് ഉദാത്തീകരിക്കുമെന്നെഴുതി വെച്ചാല്‍ വിപ്ലവത്തെ വികാരമായി കാല്പനികമായി കാണുന്ന ഒരു ജനതയ്ക്ക് ആവേശമുണ്ടാകുമെന്നല്ലാതെ ആ ജനതയുടെ അബോധത്തില്‍ അടിയുറച്ചിരിക്കുന്ന കരാളമായ ജാതിബോധത്തിന് മാറ്റമുണ്ടാവില്ല. നവോത്ഥാനചിന്തയുടെ ഇത്തരം വികാരാവേശങ്ങളെ ചുഴന്ന് നോക്കുമ്പോള്‍ ജാതിയെ വ്യവഹാരികമായി പ്രഹരിക്കുമ്പോള്‍ തന്നെ ജാതിചിന്തയുടെ തമോഗര്‍ത്തങ്ങളെ ഊട്ടിത്തീറ്റിവളര്‍ത്തുകയും ചെയ്യുന്നു. 

താണുകിടക്കും സഹജരെപ്പൊക്കുവാന്‍ 
താണതാണെങ്കില്‍ ഞാന്‍ ധന്യയായി 

ആ ധന്യത ആക്രമാസക്തമാണ്. ഉദാരമെന്നു തോന്നുന്ന മാനവികതാവാദത്തിന്‍റെ ആന്തരിക അടരുകളില്‍ വിനാശകരമായ അധിനിവേശയുക്തി നവോത്ഥാനചിന്തയില്‍ ഉളളടങ്ങിയിരിക്കുന്നത് കാണാതെ പോകരുത്. നവോത്ഥാനകാല മാനവികതാവാദത്തിനുളളില്‍ സ്ത്രിയെ വര്‍ഗ്ഗീകരിക്കുന്നതില്‍ കാണിച്ച ജാഗ്രതയിലും സവര്‍ണ്ണ ഉന്നതകുലസങ്കല്പം ഏകകമായി പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരമൊരു പ്രയോഗത്തിന്‍റെ ഉദാഹരണമെന്ന നിലയില്‍ കൂടിയാണ് ആശാന്‍ സാവിത്രിയെ അവതരിപ്പിക്കുന്നത്. ചാത്തന്‍റെ മക്കളെ സംസ്ക്കാരശുദ്ധരായി പ്രസവിച്ച് പുലയനില്‍ നവോത്ഥാനം വരുത്താന്‍ വിപ്ലവനായികയായി മാറുമ്പോള്‍ അത് സാവിത്രിയുടെ പതനമാണെങ്കിലും (എന്നെയധഃപതിപ്പിച്ച വിധേ) അവള്‍ തന്വിയില്‍ നിന്ന് മനസ്വനിയായി ഉയരുന്നുണ്ട്. പ്രാര്‍ത്ഥിച്ചുകൊള്‍ക മനസ്വിനി ! എന്ന് ആശംസിക്കുന്ന കവിക്ക് പ്രാര്‍ത്ഥനയില്‍ നിറയുന്ന കണ്ണ് 'കണ്‍പീലിക്കറുകനാമ്പിന്‍ തിര'യെന്നതില്‍ സംശയമില്ല. ആധുനികമാനവികതാവാദത്തിനുളളില്‍ വിശുദ്ധിയെക്കുറിച്ചുന്നയിക്കപ്പെടുന്ന പാഠങ്ങളും ആ അര്‍ത്ഥത്തില്‍ സൂക്ഷിച്ചു വായിക്കപ്പെടേണ്ടതാണ്. ചാത്തന് കുലമില്ലെന്നും ചാത്തന്‍റെ വംശത്തിന് മഹാത്മ്യമില്ലെന്നും സാവിത്രിയെ മാനദണ്ഡമാക്കി അവതരിപ്പിച്ചു കൊണ്ട് സംസ്കൃതാവസ്ഥയാണ് വിദ്യാഭ്യാസമെന്ന വംശീയബോധത്തെ നിരാകരിക്കുന്നു. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്‍റെ മാനകീകരണയുക്തിയും അവകാശബോധസ്വഭാവവും ആശാന്‍ അവതരിപ്പിക്കുന്നുണ്ട്. 

ഏറുമവന്‍റെ ഗുണഗണം വിദ്യയാല്‍
മാറിപ്പോം ബാഹ്യമലിനതകള്‍
വേലയില്‍ സാമര്‍ത്ഥ്യം വര്‍ദ്ധിക്കും സമ്പത്തും
ചാലേയവനുണ്ടാം മാന്യതയും 
ഉല്‍പത്തിനീചനുമക്ഷരയോഗത്താല്‍
ക്ഷിപ്രമഹിമ തടവിടുന്നു

ആധുനികവിദ്യഭ്യസം കൊണ്ടും ഇതൊന്നും ആഴത്തില്‍ സാധിച്ചില്ലെന്ന് കാലം തന്നെ തെളിയിച്ചു കഴിഞ്ഞു. ആധുനിക വിദ്യഭ്യാസം നേടിയവരാരും ചാത്തന്‍റെ മര്യാദ സ്ത്രീകളോട് പുലര്‍ത്തുന്നില്ലെന്ന് കാലം ആവര്‍ത്തിച്ചു വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നിട്ടും ചാത്തനെ ഉല്‍പത്തി നീചനെന്നു വിളിക്കുന്ന അപമര്യാദയ്ക്ക് മലയാളത്തിലെ പ്രതിഭാശാലിയായ മഹാകവിക്ക് കാലം മാപ്പു നല്‍കുകയില്ല. ആഭിജാത്യവും കൂലീനതയും സവര്‍ണ്ണരുടെ ജന്മസ്വഭാവമാണെന്ന ജാതിബോധത്തെ ഊട്ടി ഉറപ്പിക്കുന്നുണ്ട് കുമാരനാശാന്‍റെ ദുരവസ്ഥ. സവര്‍ണ്ണവും ആഭിജാതവുമായൊരു ആശയമണ്ഡലം ആശാന്‍റെ കാവ്യലോകം പ്രതിനിധാനം ചെയ്തിരുന്നതു കൊണ്ട് മലയാള കാവ്യപാരമ്പര്യത്തില്‍ ആശാന് അതീവ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

സഹായകഗ്രന്ഥങ്ങള്‍

1 എന്‍. കുമാരനാശാന്‍ (1990) ആശാന്‍റെ പദ്യകൃതികള്‍.  തൃശൂര്‍ : കറന്‍റ് ബുക്സ്
2 എന്‍.കുമാരനാശാന്‍ (2013)ആശാന്‍റെ പദ്യകൃതികള്‍.കോട്ടയം: ഡിസി ബുക്സ്
3 ജി.പ്രിയദര്‍ശനന്‍ എഡിറ്റര്‍ (1981)കുമാരനാശാന്‍റെ മുഖപ്രസംഗങ്ങള്‍. മൂങ്ങോട്: പ്രകാശനം ജി. പ്രിയദര്‍ശനന്‍
4 ജി.പ്രിയദര്‍ശനന്‍ (2016) നാരായണഗുരു ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍. ശിവഗിരി: ശിവഗിരിമഠം പബ്ലിക്കേഷന്‍
5 ഡോ. എം .എം ബഷീര്‍ (2017) കുമാരനാശാന്‍റെ രചനാശില്പം. തിരൂര്‍: മലയാള സര്‍വ്വകലാശാലാ 
6 കെ.ആര്‍ ഗൗരിയമ്മ (2017) അന്ന് ഞാന്‍.അഭിമുഖം യൂട്യൂബ്: ന്യൂസ് 18 കേരള
7 ഇ.എം.എസ് നമ്പൂതിരിപ്പാട്, (2020) തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍. തൃശൂര്‍: സാഹിത്യ അക്കാദമി
കവിതാരാമന്‍
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല
 കാലടി