Charity and Vanity in Darwinism

Priyadarsan I

We can observe that certain universal assumptions function as life propellers in every culture. One such common idea is the hope of the victory of virtue against vice. The distinctive human history of all time shares this common concept. It is inappropriate to argue that the aforementioned is either a common feature in all cultures or a specific feature of a particular culture. But it is inarguable that the idea had been at least discussed as part of every culture and later developed into a visionary concept in the evolutionary stages of modern society. But, the innateness of virtue as a human trait is a point to ponder. The article tries to study these concepts in the evolution of human beings.

Priyadarsan I
Research Scholar
Department of Vedantha
Sree Sankaracharya University of Sanskrit
Kalady
India
Pin: 683574

സ്വാര്‍ത്ഥതയും പരോപകാരവും ഡാര്‍വിനിസത്തില്‍

പ്രിയദര്‍ശന്‍ ഐ 

ജീവിതത്തിന്‍റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന സാര്‍വജനീനമായ ചില സങ്കല്പനങ്ങളെ എല്ലാ സംസ്കാരങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. ഇവയില്‍  ഒന്ന് തിന്മയുടെമേല്‍ നന്മ നേടുന്ന വിജയത്തെക്കുറിച്ചുള്ള പ്രതീക്ഷയാണ്. ലോകചരിത്രത്തില്‍ പലകാലങ്ങളില്‍ പലതായി ഭിന്നിച്ചുനില്‍ക്കുമ്പോള്‍പ്പോലും മനുഷ്യര്‍ ഒരുമിച്ചു പങ്കുവെക്കുന്ന ഒരാശയമാണിത്. ഇത് എല്ലാ സംസ്കാരങ്ങളുടെയും പൊതുവായ സ്വഭാവമാണെന്നോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു സംസ്കാരത്തിന്‍റെ തന്നെ കേവലസ്വഭാവമാണെന്നോ അര്‍ത്ഥമില്ല മറിച്ചു എല്ലാ സമൂഹത്തിന്‍റെയും ഒരു കോണിലെങ്കിലും ഇവ ചര്‍ച്ചചെയ്യപ്പെടുകയും പില്‍ക്കാലത്ത് കൂടുതല്‍ വ്യാഖ്യാനസമര്‍ത്ഥത കൈവരിച്ച്, ആധുനികതയിലേക്ക് ക്രമമായി പരിക്രമിച്ച സമൂഹത്തിനു ദിശാബോധം നല്‍കുകയും ചെയ്തുവെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. പക്ഷെ ഈ 'നന്മ' മനുഷ്യന്‍റെ നൈസര്‍ഗ്ഗിക സ്വഭാവഗുണമാണോ എന്നത് ചിന്ത ആവശ്യപ്പെടുന്ന ഒരു വിഷയമാണ്.  

നമ്മുടെ ശരീരവും മനസ്സും നമ്മുടെ സ്വകാര്യ സ്വത്തായിരിക്കുമ്പോള്‍ പോലും അങ്ങനെയല്ല എന്നതാണ് സത്യം. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും, അവയുടെ സംഘാടനശേഷിയും, മൗലികധര്‍മങ്ങളുമെല്ലാം ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെ പ്രകൃതിനിര്‍ദ്ധാരണംവഴി പരിണാമം രൂപപ്പെടുത്തിയ ജൈവസംവിധാനത്തിന്‍റെ പരിഷ്കരിച്ച പതിപ്പുകള്‍ മാത്രമാണ്. ഇങ്ങനെ നോക്കുമ്പോഴാണ് നമ്മുടെ മനസ്സും, ചിന്തകളും, ജൈവിക പ്രേരണകളും നമ്മുടേതുമാത്രമല്ല എന്ന തിരിച്ചറിവുണ്ടാകുക. മുന്‍പ് പറഞ്ഞ 'നന്മയ്ക്ക്' ഈ ജൈവിക പ്രേരണകളില്‍ എവിടെയാണ് സ്ഥാനം എന്നടയാളപ്പെടുത്തേണ്ടതായുണ്ട്. അപരന്‍റെ വേദന തന്‍റേതായി കാണാനുള്ള കഴിവ് ഒരു ജീവിയുടെ അടിസ്ഥാന സ്വഭാവമാണെന്നോ, ഭൂമിയിലെ അഖിലസാരം സ്നേഹമാണെന്നോ, പ്രപഞ്ചം പരോപകാര പ്രവണമാണെന്നോ ഡാര്‍വിനിസത്തിന്‍റെ വെളിച്ചത്തില്‍ വാദിക്കുക എളുപ്പമല്ല. 

സസ്യങ്ങളും പരാഗണവും 

സൂര്യന്‍റെ ഊര്‍ജ്ജം ഭക്ഷ്യശൃംഖലയിലേക്ക് വിനിമയം ചെയ്യുന്നത് സസ്യങ്ങളാണല്ലോ. ഈ വിതരണമാണ് നാമിന്നു കാണുന്ന ജൈവവ്യവസ്ഥയെ നിലനിര്‍ത്തുന്നത്. പൊതുവില്‍ പറയപ്പെടുന്ന നിസ്വാര്‍ത്ഥതയുടെ ആദ്യത്തെ വാര്‍പ്പുമാതൃകയെ നമ്മള്‍ കണ്ടുമുട്ടുക ഈ സസ്യങ്ങളിലാണ്. എന്നാല്‍ പ്രാണികള്‍ക്കും, പക്ഷികള്‍ക്കും, മറ്റു ജീവികള്‍ക്കുമായി തേനും, ഫലങ്ങളും, കരുതിവെക്കുന്നതു അവയോടുള്ള നിസ്വാര്‍ത്ഥമായ സ്നേഹം കൊണ്ടാണെന്നോ ജീവിവര്‍ഗ്ഗത്തെ പരിപോഷിപ്പിക്കാനുള്ള ഉദാരമനസ്കതയാണെന്നോ കരുതാന്‍ നിവര്‍ത്തിയില്ല. പ്രജനനത്തിനും അതുവഴി തന്‍റെ വംശത്തിന്‍റെ അതിജീവനം ഉറപ്പുവരുത്തുന്നതിനും വേണ്ടി പരാഗണത്തിനോ വിത്തുവിതരണത്തിനോ മറ്റൊരു ജീവിയുടെ സഹായം ആവശ്യമില്ലെങ്കില്‍ ഒരു സസ്യവും മറ്റുജീവികള്‍ക്കായി തേനോ ഫലമോ കരുതിവക്കുമായിരുന്നില്ല എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. 

ഒരു സസ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ (ലരീിീാ്യ) നല്ലൊരു ഭാഗം ഉപയോഗപ്പെടുത്തിയാണ് അവ ജീവികള്‍ക്കായി ഭക്ഷണം ഉത്പാദിപ്പിക്കുന്നത്. മറ്റു വഴിയിലൂടെ പരാഗണം നടത്തുന്ന സസ്യങ്ങള്‍ ഈ അന്നദാന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. കുറച്ചുദാഹരണങ്ങളിലേക്ക് നോക്കിയാല്‍ നമുക്കിതു മനസ്സിലാകും. 

ചിലന്തി ഓര്‍കിഡ് എന്ന് വിളിക്കപ്പെടുന്ന ബ്രാസ്സിയ (ആൃമശൈെമ) തന്‍റെ പരാഗരേണുക്കളെ ഒരിനം ഏകാകി കടന്നലുകളുടെ ശരീരത്തില്‍ (ീഹെശമേൃ്യ ംമുെ) എത്തിക്കുന്നത് കടന്നലുകള്‍ തന്‍റെ ലാര്‍വയ്ക്ക് ഭക്ഷണമായി പിടിക്കുന്ന ഒരിനം ചിലന്തികളുടെ രൂപം അനുകരിച്ചിട്ടാണ്. ചിലന്തിയാണെന്ന ധാരണയില്‍ കടന്നല്‍ ബ്രാസ്സിയ ഓര്‍കിഡില്‍ വിഷം കുത്തിവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പരാഗരേണുക്കള്‍ കടന്നലിന്‍റെ ശരീരത്തില്‍ പറ്റിപ്പിടിക്കുന്നു. സമാനമായ മറ്റൊരു പുഷ്പത്തിലെത്തി ഈ പ്രവൃത്തി തുടരുമ്പോള്‍ പരാഗണത്തിന്‍റെ അവസാന ഘട്ടം പൂര്‍ത്തിയാകുകയും ചെയ്യും. (ഞശരവമൃറ ഉമംസശിെ:  2010). 

പശ്ചിമ ഓസ്ട്രേലിയയിലെ ചുറ്റിക-ഓര്‍കിഡ് (വമാാലൃ ീൃരവശറ) തൈനിഡ് (വ്യേിിശറ)  എന്ന ഒരു തരം കടന്നലുകളെ കബളിപ്പിക്കുന്നത് അവയുടെ ഇണയുടെ രൂപസാദൃശ്യത്തെ ചൂഷണം ചെയ്തിട്ടാണ്. ഈ പുഷ്പത്തില്‍ എളുപ്പം വളയുന്ന (ളഹലഃശയഹല) ഒരു കൈമുട്ടിനോട് (ലഹയീം) ചേര്‍ന്ന് വിജാഗിരിയുടേതിനു സമാനമായ ഘടനയുള്ള ഒരു ഭുജം (മൃാ) കാണാം. ഈ ഭുജത്തിന്‍റെ അറ്റത്തായി പെണ്‍കടന്നലിനോട് രൂപസാമ്യമുള്ള ഒരു ഭാഗവും അതിനെതിര്‍വശത്ത് ഒരു പരാഗണസ്ഥാനവുമുണ്ട്. ഈ പുഷ്പത്തെ കണ്ട് പെണ്‍കടന്നലാണെന്നു കരുതി ഇണചേരുന്നതിനായി ആണ്‍കടന്നല്‍ ഓര്‍കിഡിനു മേല്‍ വന്നിരിക്കുമ്പോള്‍ തന്‍റെ ചിറകടിയുടെ കാറ്റ് കാരണം പുഷ്പത്തിന്‍റെ കൈമുട്ടു വളയുകയും പൊയ്കടന്നലിനു മുകളിലിരിക്കുന്ന തൈനിഡ് എതിര്‍വശത്തുള്ള പരാഗണ സ്ഥാനത്തു ഒരു ചുറ്റികയെന്നപോലെ പലതവണ ഇടിക്കുകയും പരാഗരേണുക്കള്‍ കടന്നലിന്‍റെ ശരീരത്തില്‍ പറ്റുകയും ചെയ്യുന്നു (ഞശരവമൃറ ഉമംസശിെ: 2010). 

ബക്കറ്റ്-ഓര്‍കിഡുകള്‍ പരാഗണം നടത്തുന്നത് യൂഗ്ലോസൈന്‍ (ലൗഴഹീശൈില) എന്ന ഒരിനം തേനീച്ച വഴിയാണ്. തന്‍റെ ഇണയെ ആകര്‍ഷിക്കാനുള്ള സുഗന്ധം തേടിയെത്തുന്ന ഇവ ഓര്‍കിഡില്‍നിന്നും സുഗന്ധം ശേഖരിക്കുമ്പോള്‍ ഓര്‍കിഡിന്‍റെ ബക്കറ്റ് പോലുള്ള അറയിലേക്ക് വീഴുന്നു. ഇവയ്ക്കു തിരിച്ചു കയറാന്‍ ബക്കറ്റിന്‍റെ സമീപത്തുള്ള ഒരു ചെറിയ ദ്വാരം മാത്രമേ ഉള്ളൂതാനും. ഈ ദ്വാരമാകട്ടെ മുകളിലേക്ക് ചെല്ലുംതോറും ഇടുങ്ങി വരുന്നു. മുകളിലേക്ക് വരുന്ന പ്രാണിയെ ഓര്‍കിഡ് കുറച്ചുസമയം ഇറുക്കി പിടിക്കുകയും തന്‍റെ പരാഗരേണുക്കളെ അതിനുമേല്‍ പതിപ്പിക്കുകയും ചെയ്യുന്നു. പരാഗരേണുക്കള്‍ ശരിയായി പറ്റിപ്പിടിച്ചതിനു ശേഷം മാത്രമേ ഓര്‍കിഡ് തന്‍റെ പിടി അയക്കുകയുള്ളൂ (ഞശരവമൃറ ഉമംസശിെ: 2010). 

സഹപരിണാമം 

മേല്‍ പറഞ്ഞ സസ്യങ്ങളൊന്നും തന്നെ പ്രാണികള്‍ക്കായി ഭക്ഷണം നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവസാനം പരാമര്‍ശിച്ച ഉദാഹരണത്തില്‍ പുഷ്പവും പ്രാണിയും തമ്മില്‍ ഒരു പരസ്പര സഹവര്‍ത്തിത്വം ഉണ്ട്. ഓര്‍കിഡിന്‍റെ സഹായമില്ലാതെ ഈ തേനീച്ചയ്ക്ക് ഇണയെ ആകര്‍ഷിക്കാനുള്ള സുഗന്ധക്കൂട്ട് നിര്‍മ്മിക്കാനാവില്ല. അതിനാല്‍ തേനീച്ചയുടെ പ്രജനനത്തെയും വംശാതിജീവനത്തെയും ഓര്‍ക്കിഡ് തിരിച്ചും സഹായിക്കുന്നുണ്ട്.1 ഇങ്ങനെ പരസ്പരാശ്രയത്തംകൊണ്ടുള്ള അതിജീവനത്തെ സഹ-പരിണാമം (രീല്ീഹൗശേീി) എന്നാണ് വിളിക്കുക (കുഞ്ഞുണ്ണി വര്‍മ്മ: 1998). 

സസ്യങ്ങളുടെ മനോഹാരിതയിലും ഫലസമൃദ്ധിയിലും നാം ഇന്ന് കാണുന്ന വംശവൈപുല്യമോ സങ്കീര്‍ണ്ണതയോ ആദിമകാലത്തിലേക്ക് അദ്ധ്യാരോപം ചെയ്യുന്നതില്‍നിന്നും നാം തല്ക്കാലം പിന്തിരിയണം. അല്ലെങ്കില്‍ പരിണാമത്തിലെ ഈ പാരമ്പര്യത്തിന്‍റെ ആദിമചോദനകളെ വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതില്‍ നാം പരാജയപ്പെടും.2

ജന്തുലോകത്തും കഥ വ്യത്യസ്തമല്ല. ചില പവിഴപ്പുറ്റുകളില്‍ കാണപ്പെടുന്ന വലിയമത്സ്യങ്ങളും അവയെ ശുചിയാക്കി ജീവിക്കുന്ന പരാദങ്ങളായ ചെറിയമീനുകളും ഇതേ ശൈലി തന്നെയാണ് പിന്തുടരുന്നത്. പരാദങ്ങള്‍ വലിയ മത്സ്യങ്ങളുടെ ശരീരത്തിലെ അവശിഷ്ടങ്ങള്‍ ഭക്ഷിച്ചു അവയെ വൃത്തിയാക്കി അവയുടെ ആരോഗ്യം സംരക്ഷിക്കുകയും അതോടൊപ്പം സ്വന്തം ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. മേല്പറഞ്ഞ ഉദാഹണങ്ങളിലൊക്കെ നിസ്വാര്‍ത്ഥപരമായ സഹായം എന്നതിനേക്കാള്‍ സ്വാര്‍ത്ഥപരമായ സ്വന്തം അതിജീവനമാണ് അടിസ്ഥാനപ്രേരകം എന്നു കാണാം. എന്തെന്നാല്‍ സ്വന്തം അതിജീവനത്തിനു ലളിതമായ മറ്റുവഴികളുണ്ടെങ്കില്‍ ഈ പരസ്പരസഹകണം നമുക്ക് ദര്‍ശിക്കാനാകില്ല. 

ഊര്‍ജ്ജസംരക്ഷണം 

ഏറ്റവും ചുരുങ്ങിയ ചെലവില്‍ സ്വന്തം അതിജീവനം ഉറപ്പു വരുത്തുക എന്നതാണ് എല്ലാ ജീവിവര്‍ഗ്ഗത്തിന്‍റെയും ദൗത്യം എന്നു പരിണാമം നമുക്ക് കാണിച്ചു തരുന്നു. തന്‍റെ ഊര്‍ജ്ജം3 ചെറിയ തോതില്‍പ്പോലും അനാവശ്യമായി വിനിയോഗിക്കപ്പെടാന്‍ സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിക്കാനുള്ള നിര്‍ദ്ദേശം അബോധപരമായി ജീവികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.4 ഭയത്തിന്‍റെയും വേദനയുടെയും മനശാസ്ത്രവും മറ്റൊന്നല്ല. 

ഡോള്‍ഫിനുകളെപ്പോലെയുള്ള സസ്തനികളില്‍ ഇങ്ങനെയല്ലാത്ത ഒരു സഹായമനോഭാവം കാണാം. തന്‍റെ വംശമല്ല എന്നറിഞ്ഞു കൊണ്ട് തന്നെ മനുഷ്യനെയും നായ്ക്കളെയുമൊക്കെ അപകടങ്ങളില്‍നിന്നും സ്രാവിന്‍റെ ആക്രമണത്തില്‍നിന്നും അവ രക്ഷിക്കാറുണ്ട്.5 എങ്കിലും പൊതുവായി പറഞ്ഞാല്‍ ജീവികളില്‍ കാണാറുള്ള സഹകരണമനോഭാവവും സാമൂഹികജീവിതവുമെല്ലാം സ്വന്തം വംശത്തിന്‍റെ നിലനില്പിനെയാണ് പ്രഥമമായും ഉന്നംവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഒരു ഇരയുടെ വേദനയും നീറ്റലുമൊന്നും അതിന്‍റെ പിടയുന്ന ശരീരത്തില്‍നിന്നും മാംസം ആര്‍ത്തിയോടെ കടിച്ചുകീറുന്ന മാംസഭുക്കിന്‍റെ പരിഗണനയേയല്ല. ഒരു സസ്യഭുക്ക് എത്ര നിര്‍മ്മലമായ സംതൃപ്തിയോടെയാണോ തന്‍റെ ഭക്ഷണത്തെ സമീപിക്കുക അതിനെക്കാള്‍ കൂടിയ ഒരു മനസാക്ഷിക്കുത്തും ഒരു മാംസഭുക്കിനു സ്വന്തം ഭക്ഷണം കഴിച്ചശേഷം അനുഭവപ്പെടില്ല.

ദയാരഹിതമായ തിരഞ്ഞെടുപ്പുകള്‍ 

പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ മഹാപ്രതാപമാര്‍ന്ന തിരഞ്ഞെടുപ്പുകളെപ്പറ്റി  ആവേശഭരിതനായിരുന്ന ഡാര്‍വിനെ ഏറ്റവും വിഷാദോന്മുഖമാക്കിയ സമസ്യയും മറ്റൊന്നല്ല. ജീവചരിത്രത്തിന്‍റെ വിസ്മയകരമായ മാഹാത്മ്യതക്കും വര്‍ണശബളിമക്കും പിന്നിലൊളിഞ്ഞിരിക്കുന്ന പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ ക്രൂരവും ദയാരഹിതവും സ്വാര്‍ത്ഥവുമായ തിരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ചു എന്നതാണ് വാസ്തവം.6 ഒരുദാഹരണത്തിലൂടെ ഇതിന്‍റെ വ്യാപ്തി വ്യക്തമാക്കാം. 

ഇക്കന്യൂമോണിഡ് കടന്നലുകള്‍ (കരവിലൗാീിശറ ംമുെ) ചിത്രപ്പുഴുക്കളെപ്പോലുള്ള ജീവികളുടെ നാഡികളില്‍ അവയെ തളര്‍ത്താന്‍ മാത്രമുള്ള വിഷം കുത്തിവച്ചു മരവിപ്പിച്ചശേഷം അവയില്‍ മുട്ടകളിടുന്നു. പിന്നീട് മുട്ടവിരിഞ്ഞു വരുന്ന ലാര്‍വകള്‍ അങ്ങേയറ്റം സമചിത്തതയോടെയും ആത്മനിയന്ത്രണത്തോടെയും അപ്പോഴും മരിച്ചിട്ടില്ലാത്ത ഈ പുഴുവിന്‍റെ പുത്തന്‍ പച്ചമാംസം ഭക്ഷിച്ചു തുടങ്ങുന്നു. കൂടുതല്‍ നേരത്തേക്ക് ഇരയെ ജീവനോടെ അവേഷിപ്പിക്കാന്‍ വേണ്ടി അവ ആഹാരത്തിനായി ആദ്യം തിരഞ്ഞെടുക്കുക കൊഴുപ്പുള്ള പ്രദേശങ്ങളെയാണ്. ഏറ്റവും അവസാനഘട്ടത്തില്‍ മാത്രമേ അവ ഹൃദയത്തെയോ നാഡീവ്യൂഹത്തെയോ സ്പര്‍ശിക്കൂ. ഉള്ളില്‍ നിന്നും തന്‍റെ ശരീരം സാവധാനം കാര്‍ന്നുതിന്നപ്പെടുന്നു എന്ന തിരിച്ചറിവ് സംവേദനങ്ങളായി എത്തുമ്പോഴും ഒരു ചെറുപേശി പോലും ചലിപ്പിക്കാനാകാതെ പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ നിയമത്തിന്‍ കീഴില്‍ നിസ്സഹായമായി അമര്‍ന്നു പോകുന്നു ഈ ജീവിയുടെ വേദന. ഡാര്‍വിനെ ഇത്തരം വസ്തുതകള്‍ വളരെ അസ്വസ്ഥമാക്കിയിരുന്നെങ്കിലും യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനുള്ള ആ ശാസ്ത്രജ്ഞന്‍റെ സ്വതന്ത്രചിന്തയെയും ആര്‍ജ്ജവത്തെയും അവയൊന്നും പിന്തിരിപ്പിച്ചില്ല എന്നു കാണാം. 

മസ്തിഷ്കത്തിലെ പുതുവെളിച്ചം 

പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ കരുണയറ്റ അജയ്യമായ ഈ പടപാച്ചില്‍ മനുഷ്യനില്‍ മറ്റൊരു രൂപം കൈവരിക്കുകയാണ് ചെയ്തത്. പൂര്‍വ്വികമായി ലഭിച്ച ജനിതകപരമായ പ്രേരണകളെ യാന്ത്രികമായി പിന്തുടരുന്ന മറ്റ് ജീവികളെ അപേക്ഷിച്ചു വളരെ വൈവിദ്ധ്യമാര്‍ന്നതും ആശാവഹവുമായ ജീവിതക്രമത്തെ രൂപപ്പെടുത്തുന്നതില്‍ മനുഷ്യന്‍ ഒട്ടൊന്നുമല്ല വിജയിച്ചിട്ടുള്ളത്. നിഷേധാത്മകതയുടെ വലിയൊരു ലോകം അവന്‍റേതായി ഉണ്ടെങ്കില്‍ പോലും തത്ത്വചിന്തയായും സാഹിത്യമായും, സംഗീതമായും, നൃത്യമായും, മറ്റു നൂറുകണക്കിന് സുകുമാരകലകളായും, ഇനിയും പറഞ്ഞു തീര്‍ക്കാത്ത അനുഭൂതികളായും, അമൂര്‍ത്തങ്ങളായ മൂല്യബോധമായും വിടര്‍ന്നു വികസിച്ചുനില്‍ക്കുന്ന അവന്‍റെ മസ്തിഷ്കസൗന്ദര്യം പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ യാന്ത്രിക നിയമങ്ങളെ അപ്രസക്തമാക്കുകയും എത്രയോ സന്ദര്‍ഭങ്ങളില്‍ റദ്ദാക്കുകയും ചെയ്യുന്നുണ്ട്.7

മനുഷ്യന്‍റെ മസ്തിഷ്കവികാസം ഇവിടെ സവിശേഷശ്രദ്ധ വേണ്ട ഒന്നാണ്. ഒരുമിച്ചു സഹവര്‍ത്തിച്ച സമൂഹങ്ങളില്‍ മാത്രമാണ് മസ്തിഷ്കവികാസത്തിന് വേണ്ട ഭൗതികപരിതസ്ഥിതി ഉണ്ടായിരുന്നത്. (ദിലീപ് മമ്പള്ളില്‍: 2019) മസ്തിഷ്കവികാസത്തിന് കൂടുതല്‍ സമയം വേണ്ടുന്ന ജീവിക്ക് പൂര്‍ണ്ണവളര്‍ച്ചയെത്താന്‍ കൂടുതല്‍ സ്വസ്ഥമായ ഭൗതിക-സാമൂഹിക പരിതസ്ഥിതി ആവശ്യമാണ്. സാമൂഹിക സഹവര്‍ത്തിത്വം കൂടിയ ഇടങ്ങളില്‍ മാത്രമേ ഇത് സാദ്ധ്യമാകുമായിരുന്നുള്ളൂ. അങ്ങനെ സാമൂഹിക വികാസവും മസ്തിഷ്കവികാസവും പരസ്പരപൂരകങ്ങളായി നിലവില്‍ വരുകയായിരുന്നു. 

അങ്ങനെ മനനംചെയ്യാനും വസ്തുതകളെ സൂക്ഷ്മമായി വിശകലനം ചെയ്യാനും അപഗ്രഥിക്കാനും മനുഷ്യനു ലഭിച്ച ഈ കഴിവ് പ്രകൃതിനിര്‍ദ്ധാരണത്തെ മുഖാമുഖം സന്ധിക്കുകയും സ്വന്തം നിലക്ക് അവയെ മാറ്റിപ്പണിയുകയും ചെയ്യുന്നു. ഈ ക്രിയാത്മക സൗന്ദര്യവും നന്മയും മനുഷ്യന്‍റെ ആത്മവത്തയുടെ ഭാഗമാണോ എന്ന ആദ്യത്തെ പ്രശ്നത്തിലേക്ക് വരാം. മറ്റുജീവിവര്‍ഗ്ഗങ്ങളുടെ തികച്ചും സ്വാര്‍ത്ഥപരമായ അബോധ-യാന്ത്രിക പ്രേരണകള്‍ക്ക് മനുഷ്യനിലെത്തുമ്പോള്‍ എന്തുസംഭവിച്ചു.8 ഇവിടെ ഒരു വിഷയം സൂചിപ്പിക്കേണ്ടതുണ്ട്. മേല്പറഞ്ഞ സൃഷ്ടിപരമായ സവിശേഷവ്യവഹാരങ്ങള്‍ ക്രമമായി വികസിപ്പിച്ചെടുക്കുന്നതില്‍ മനുഷ്യസംസ്കാരം അനന്യമായ വിജയം നേടിയെങ്കിലും പ്രാകൃതമായ വാസനകള്‍ക്കു അവന്‍റെമേല്‍ ഒട്ടും അവഗണിക്കാനാകാത്ത മേല്‍കൈ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നത് നമ്മള്‍ വിസ്മരിച്ചുകൂടാ.9 നമ്മുടെ പരോപകാരപ്രവണതപോലും വേഷംമാറിയെത്തുന്ന സ്വാര്‍ത്ഥയായാണ് ഡോക്കിന്‍സ് വിലയിരുത്തുന്നത്. (ഞശരവമൃറ ഉമംസശിെ: 2016) മനുഷ്യന്‍ അനീതിയെ വെറുക്കുന്നത് നീതിയോടുള്ള ആദരവുകൊണ്ടല്ല മറിച്ചു താനും അനീതിയുടെ ഇരയായേക്കുമോ എന്നുള്ള ഭയം കൊണ്ടാണ് എന്ന പ്ലേറ്റായുടെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. (ജഹമീേ: 2003)നേരത്തെ സൂചിപ്പിച്ചതുപോലെ അപകടങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി ഊര്‍ജ്ജനഷ്ടം കുറക്കാനുള്ള ഒരു ജീവിവര്‍ഗ്ഗത്തിന്‍റെ സഹജമായ വാസനയാണ് ഈ നീതിബോധത്തിലും ഭയത്തിന്‍റെ രൂപത്തില്‍ പ്രതിഫലിക്കുന്നത്. നാം മറ്റൊരാളെ സ്നേഹിക്കുന്നതുപോലും തിരിച്ചു സ്നേഹിക്കപ്പെടണമെന്ന സ്വാര്‍ത്ഥതയോടെയാണെന്ന സത്യം നാം സൗകര്യപൂര്‍വ്വം മറച്ചു വയ്ക്കാറുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും മനുഷ്യന്‍ പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ വെറുമൊരു കളിക്കോപ്പല്ല. അതുകൊണ്ടാണ് ഒരു ഘട്ടത്തില്‍ ദ്വന്ദ്വാത്മകങ്ങളായ വികാരങ്ങളുടെ ബലാബല പരീക്ഷകള്‍ക്കൊടുവില്‍ അധമവികാരങ്ങള്‍ പിന്‍തള്ളപ്പെട്ടു പോയത്. ഇങ്ങനെ പിന്‍തള്ളപ്പെട്ട നിഷേധാത്മകമായ (ിലഴമശ്ലേ) അധമ ചോദനകളുടെ മറുവശത്താണ് ധനാത്മകമായ (ുീശെശ്ലേ) നൈതികതതയുടെയും, മൂല്യങ്ങളുടെയും, മാനവികതയുടെയും ആവിഷ്കരണം നടന്നത്. ഈ ആവിഷ്കരണമാകട്ടെ ഭയത്തില്‍നിന്നോ സ്വാര്‍ത്ഥതയില്‍നിന്നോ ഉടലെടുക്കുന്ന ദൗര്‍ബല്യങ്ങളെ ധീരതയായി വ്യാഖ്യാനിച്ചുകൊണ്ടല്ല സാധ്യമായത് എന്ന് പറയേണ്ടിവരും. പരസ്പരസഹകരണത്തിലൂടെ കൈവരിക്കാവുന്ന അതിജീവനക്ഷമതയെക്കുറിച്ചുള്ള തിരിച്ചറിവ് മറ്റു ജന്തുക്കളിലും പ്രകടമാണെങ്കിലും സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട് സാംസ്കാരികമായി തെളിഞ്ഞുകിട്ടിയ നൈതികതയുടെ പുതുവെളിച്ചമാണ് മനുഷ്യനിലെ ധാര്‍മ്മികബോധത്തെ പ്രചോദിപ്പിച്ചിട്ടുണ്ടാകുക. പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ കയ്യില്‍നിന്നും മനുഷ്യന്‍ സ്വയം നിയന്ത്രണമേറ്റെടുക്കുന്നതിന്‍റെ ചരിത്രവും, ചിത്രവുമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ യാന്ത്രികനിയമങ്ങള്‍ മറ്റുജീവികളെ സംബന്ധിച്ചിടത്തോളം ഏറെക്കുറെ അബോധപരവും ജനിതകം വഴി അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നവയുമാണെങ്കില്‍ മനുഷ്യന്‍റേത് ഏറിയപങ്കും സാംസ്കാരികമായി ഉദ്ഗ്രഥനം ചെയ്യപ്പെട്ടവയും ഭാഷപോലുള്ള ഉന്നത സങ്കേതങ്ങളിലൂടെ ശിക്ഷണം ചെയ്യപ്പെടുന്നവയുമാണ്. ഉയര്‍ന്ന മസ്തിഷ്കശേഷിയുള്ള മനുഷ്യന് മറ്റു ജീവികളെ അപേക്ഷിച്ചു വൈകാരിക-മാനസിക പക്വത നേടാന്‍ കൂടുതല്‍ വര്‍ഷങ്ങള്‍ വേണ്ടിവരുന്നതും സാംസ്കാരിക കൈമാറ്റത്തിന്‍റെ സങ്കീര്‍ണമായ ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതിനു കൂടുതല്‍ സമയം ആവശ്യമായി വരുന്നതിനാലാണ്.

അങ്ങനെ നന്മ എന്നത് ഒരു തരത്തില്‍ മനുഷ്യന്‍റെ നൈസര്‍ഗ്ഗിക ഗുണമല്ലാതിരിക്കുകയും എന്നാല്‍ അങ്ങനെയായി മാറ്റപ്പെടുകയും ചെയ്തു. ഇത് മനുഷ്യന്‍ തന്നില്‍ നടപ്പാക്കിയ മഹത്തായ പരിവര്‍ത്തനത്തിന്‍റെയും ആദിമചോദനകളില്‍ നിന്നുള്ള സര്‍ഗാത്മകമായ വിച്ഛേദത്തിന്‍റെയും കഥകൂടിയാണ്. മനുഷ്യന്‍റെ സ്വാര്‍ത്ഥതയെ ഇങ്ങനെ മെരുക്കിയെടുത്താണ് നാം സംസ്കാരം സൃഷ്ടിച്ചതെന്ന് ഫ്രോയ്ഡ് നിരീക്ഷിക്കുന്നു. (ടശഴാൗിറ എൃലൗറ, 2018) 

ഇങ്ങനെയല്ലാത്ത ജീവിതവീക്ഷണം മനുഷ്യന്‍ ഉയര്‍ത്തികെട്ടിയ 'ജീവിതത്തിന്‍റെ കൊടിപ്പടത്തോട്' വിടപറയാനും, പ്രാകൃതമായ ആയുധപന്തയങ്ങളെ ആദര്‍ശവത്കരിക്കാനും , അവയിലേക്കു തിരികെചെല്ലാനുമാകും അവനെ പ്രേരിപ്പിക്കുക. അതുകൊണ്ട് ഓരോ ഘട്ടത്തിലും മനുഷ്യന്‍ നടത്തിയ ധനാത്മകമായ ആത്മസംസ്കരണങ്ങളും സ്വയംപരിഷ്കരണങ്ങളും ഒരുതരത്തില്‍ പരിണാമത്തിന്‍റെ തന്നെ ഭാഗമായി കാണേണ്ടതുണ്ട്. കേവല സ്വാര്‍ത്ഥതയുടെ വാഴ്ചയെ തകര്‍ത്ത മനുഷ്യന്‍റെ പരിണാമചരിത്രത്തെക്കുറിച്ചുള്ള ഈ തിരിച്ചറിവ് ശുഭാപ്തിവിശ്വാസം നിറഞ്ഞ ഒരു ലോകബോധം കരുപ്പിടിപ്പിക്കുന്നതിനും മനുഷ്യത്വത്തിലേക്ക് കൂടുതല്‍ അടുക്കുന്നതിനും നമ്മെ സഹായിച്ചേക്കാം. 

കുറിപ്പുകള്‍

1 ഇങ്ങനെയല്ലാതെയും സഹ-പരിണാമങ്ങള്‍ നടക്കുന്നുണ്ട്. ചീറ്റപ്പുലികളും ഇവയുടെ പ്രധാന ഇരയായ ഗസീലുകളും ഓടാനുള്ള അസാമാന്യമായ വേഗവും ത്വരണശേഷിയും ഇങ്ങനെ കൈവരിച്ചതാണ്. ചീറ്റപ്പുലികള്‍ക്ക് കേവലം മൂന്ന് സെക്കന്‍റുകള്‍ കൊണ്ട് അറുപതു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. സ്വന്തം അതിജീവനത്തിനായി പുലിക്കു ഗസീലിനേക്കാള്‍ വേഗത്തിലും ഗസീലിനു ചീറ്റയെക്കാള്‍ വേഗത്തിലും ഓടേണ്ടി വരുന്നു. ഈ അതിജീവനം സഹ-പരിണാമത്തിന്‍റെ പങ്കുവെക്കലിന്‍റെ രൂപത്തിലല്ല പുരോഗമിക്കുക. മറിച്ച് ഒരു ആയുധ പന്തയത്തിന്‍റെ (മൃാൃമരല) മത്സരരൂപത്തിലാണ്. സഹ-പരിണാമം സാധാരണയായി മിത്രഭാവത്തില്‍ സാക്ഷാത്കരിക്കുന്നത് ഇവിടെ പ്രതിയോഗിഭാവത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നുവെന്നു മാത്രം. അല്ലെങ്കില്‍ പരാജയപ്പെടുന്നവ ജീന്‍പൂളില്‍നിന്നും അപ്രത്യക്ഷമാകും. 

2 സസ്യങ്ങളുടെ ആകര്‍ഷണീയതയും ഫലസമൃദ്ധിയുമെല്ലാം അവയുടെ പരാഗണത്തിനോ വിത്തുവിതരണത്തിനോ സഹായിച്ച മറ്റുജീവികളുടെ തിരഞ്ഞെടുപ്പിലൂടെ രൂപംപ്രാപിച്ചവയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരുദാഹരണം കൊണ്ടിത് വ്യക്തമാക്കാം. പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന ഒരു സസ്യത്തിന്‍റെ പുഷ്പത്തിനോ ഫലത്തിനോ തന്‍റെ പരാഗരേണുവാഹകരെയോ വിത്തുവിതരണക്കാരെയോ ആകര്‍ഷിക്കാന്‍ മറ്റു സസ്യങ്ങളെ  അപേക്ഷിച്ചു കൂടുതല്‍ വിശിഷ്ടമായ നിറമോ, രൂപമോ, മണമോ, രുചിയോ ഉണ്ടെങ്കില്‍ ഈ വിഭാഗത്തില്‍പ്പെടുന്ന സസ്യങ്ങളെ മറ്റു ജീവികള്‍ ആഹാരത്തിനുവേണ്ടി കൂടുതലായി സമീപിക്കുകയും അങ്ങനെ അവയിലൂടെ ആ സസ്യത്തിന്‍റെ വിത്തുവിതരണം കൂടുതല്‍ സാധ്യമാകുകയും തത്ഫലമായി ഇവയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുകയും ചെയ്യും. ഏതൊക്കെ ഗുണങ്ങളാണോ സസ്യത്തിന്‍റെ അതിജീവനത്തെ തുണച്ചത് അവ സ്വാഭാവികമായും ജനിതകപരമായി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. സസ്യങ്ങള്‍ സ്വയം അണിഞ്ഞൊരുങ്ങുന്നത് തന്‍റെ വിതരണക്കാരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് എന്നു സാരം. ഇക്കാരണംകൊണ്ടുതന്നെ പ്രാണികളും പക്ഷികളുമാണ് ആദ്യത്തെ തോട്ടം പരിപാലകര്‍ എന്നു പറയാം. 

3 ഇവിടെ ഊര്‍ജ്ജം എന്നത് കേവലം ശാരീരികോര്‍ജ്ജം മാത്രമല്ല മറിച്ച് മാനസിക വൈകാരിക തലങ്ങളുടെ സകലഭാവങ്ങളെയും അത് ഉള്‍ക്കൊള്ളുന്നുണ്ട്. 

4 റോഡിലൂടെ നടന്നു പോകുന്ന ഒരാള്‍ തെന്നിവീഴുന്നത് കാണുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ ചിരിക്കുന്നത് മേല്പറഞ്ഞ ശാരീരിക വൈകാരിക ഊര്‍ജ്ജലാഭത്തിനായാണ് എന്ന നിരീക്ഷണം പ്രശസ്ത നാഡീശാസ്ത്രജ്ഞനായ വി.എസ്.രാമചന്ദ്രന്‍ മുന്നോട്ടുവക്കുന്നുണ്ട്. വീണയാള്‍ക്ക് അപകടമൊന്നും പറ്റിയിട്ടില്ല എന്നും ഈ നിസ്സാര കാര്യത്തിന് അങ്ങോട്ട് ഓടിച്ചെല്ലുകയോ വിഷമിക്കുകയോ ചെയ്ത് തന്‍റെ വിലപ്പെട്ട ശാരീരിക-മാനസ്സിക ഊര്‍ജ്ജം പാഴാക്കേണ്ടതില്ല എന്നുമുള്ള ആത്മസന്ദേശമാണ് ഈ ചിരി. മറ്റൊരാളുടെ വേദനയില്‍ സന്തോഷിക്കാനുള്ള അധമമായ വികാരത്തിനു അദ്ദേഹം രണ്ടാമത്തെ സ്ഥാനമേ നല്‍കുന്നുള്ളൂ. (ഢ.ട.ഞമാമരവമിറൃമി: 2012).

5 ഒരിക്കല്‍ കരയില്‍ ജീവിക്കുകയും പിന്നീട് വെള്ളത്തിലേക്ക് മടങ്ങുകയും ചെയ്തവരാണ് ഡോള്‍ഫിനും തിമിംഗലവും പോലുള്ള സസ്തനികളുടെ പൂര്‍വ്വികര്‍. വെള്ളത്തില്‍ ശ്വസിക്കാന്‍ കഴിയാത്ത ഇവ, മുങ്ങിപ്പോകുന്ന തന്‍റെ കുഞ്ഞുങ്ങളെയും മറ്റു ഡോള്‍ഫിനുകളെയും വെള്ളത്തിന്‍റെ ഉപരിതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിനു സമാനമായാണ് മനുഷ്യരോടും പെരുമാറുക.

6 പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ ഈ ദയാരാഹിത്യത്തെക്കുറിച്ചുള്ള സങ്കല്പത്തിന്‍റെ പേരില്‍ ഡാര്‍വിനിസം വളരെയധികം വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. മാല്‍ത്തൂസിന്‍റെ സാമ്പത്തിക സിദ്ധാന്തങ്ങളോടുള്ള ഡാര്‍വിനിസത്തിന്‍റെ സങ്കല്പനപരമായ സാമ്യം ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്. ജൈവപരിണാമത്തെയും സാമൂഹിക പരിണാമത്തെയും ഒരേ വാര്‍പ്പുമാതൃകയില്‍ അപഗ്രഥിക്കാന്‍ ശ്രമിച്ച സോഷ്യല്‍-ഡാര്‍വിനിസം പോലുള്ള വാദങ്ങള്‍ നിരവധി നരവംശശാസ്ത്രജ്ഞരെയും സാമൂഹികശാസ്ത്രജ്ഞരെയും സ്വാധീനിച്ചിരുന്നു എന്നതും കാണേണ്ടതുണ്ട്. (കെ.എന്‍.ഗണേഷ്: 2014). 

7 സാംസ്കാരിക ഉല്പന്നങ്ങളായ ഇത്തരം ആവിഷ്കരണങ്ങളും കലയുമെല്ലാം പ്രാകൃത വാസനകളെയും അധമചോദനകളെയും ഭാവനാ ജീവിതത്തിലൂടെ രൂപാന്തരപ്പെടുത്തി സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളാണ് എന്ന ഫ്രോയിഡിയന്‍ സങ്കല്പനങ്ങള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്. ബോധാബോധ മനസ്സുകളുടെ വടംവലി കലയിലൂടെ അവസാനിക്കുന്നു എന്ന് ഫ്രോയ്ഡ് അഭിപ്രായപ്പെടുന്നു. 

8 അപരന്‍റെ വേദനയെ തന്‍റേതായി കാണാനുള്ള മനുഷ്യന്‍റെ കഴിവിനെ മനുഷ്യ മസ്തിഷ്കത്തിലെ ദര്‍പണനാഡീകോശങ്ങളുമായി ബന്ധപ്പെടുത്തി വിളയന്നൂര്‍ രാമചന്ദ്രന്‍ ഠലഹഹഠമഹല ആൃമശില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മറ്റൊരാളുടെ അനുഭവങ്ങള്‍/പ്രവൃത്തികള്‍ കാണുന്ന ഒരാളുടെ മസ്തിഷ്കത്തിലും ആ അനുഭൂതികള്‍ക്ക്/പ്രവര്‍ത്തികള്‍ക്കു തത്തുല്യമായ വികാരവിക്ഷോഭങ്ങള്‍ സൃഷ്ടിക്കാന്‍ അയാളുടെ ദര്‍പണനാഡികള്‍ക്കു കഴിയും. സാമൂഹ്യ ജീവിതത്തില്‍ മറ്റൊരാളുടെ വികാരങ്ങളോട് എളുപ്പത്തില്‍ താദാത്മ്യപ്പെടാനും അയാളെ മനസ്സിലാക്കാനും ഈ കഴിവ് ഒരു വ്യക്തിയെ പ്രാപ്തമാക്കുന്നു. അനുകരണക്ഷമതയാണ് ഈ നാഡീകോശങ്ങളുടെ മുഖമുദ്ര.

9 മറ്റൊരു കോണില്‍ നിന്നും നോക്കുകയാണെങ്കില്‍ മനുഷ്യന്‍ പ്രകൃതിക്ക് മേല്‍ നടത്തിയ കടന്നു കയറ്റവും ചൂഷണവും, എല്ലാത്തിനുമുപരി സ്വന്തം ജീവി വര്‍ഗ്ഗത്തിനോടുതന്നെ ജാതി, മത, വംശ, ദേശങ്ങളുടെ പേരില്‍ ഏല്‍പ്പിച്ച ക്രൂരതകളുമൊക്കെ പ്രകൃതിനിര്‍ദ്ധാരണത്തിന്‍റെ ദയാരാഹിത്യത്തോട് തുലനം ചെയ്യാവുന്നതല്ല എന്ന് കാണാം. ഭൂമിയിലെ ജീവന്‍റെ ചെറുതുടിപ്പുകളെപ്പോലും പലമടങ്ങ് നശിപ്പിക്കാന്‍ പോന്ന ആണവായുധശേഖരണത്തിനായുള്ള മത്സരങ്ങളും ഇവിടെ വിസ്മരിച്ചിട്ടില്ല. എന്നിരിക്കിലും ശരിതെറ്റുകളുടെ നൈതികതയെ പറ്റിയുള്ള വിചിന്തനങ്ങളും നിരന്തരമായ പുനര്‍നിര്‍വചനത്തിനു വിധേയമാക്കപ്പെടുന്ന ധാര്‍മിക മൂല്യങ്ങളെ പറ്റിയുള്ള ഉള്‍ക്കാഴ്ചയും, മാനവിക ദര്‍ശനവും മറ്റൊരു ജീവി വര്‍ഗത്തിന് സാധ്യമല്ല എന്നേ ഇവിടെ പറയാന്‍ ശ്രമിക്കുന്നുള്ളൂ.

സഹായക ഗ്രന്ഥങ്ങള്‍ 

Carl. G, Jung (ed), 1968, Man and His Symbols, Dell Pubilishing, Canada. 
Plato, 2003, The Republic, Cambridge University Press, UK.
Richard Dawkins, 2010, The Greatest Show on Earth, Black Swan, London. 
Richard Dawkins, 2016, The Selfish Gene, Oxford University Press, United Kingdom. 
Sigmund Freud, 2018, Civilization and its Discontents, Samaira Book Publishers, Ghaziabad. 
V.S.Ramachandran, 2012, The Tell-Tale Brain, Windmill Books, London. 
കുഞ്ഞുണ്ണി വര്‍മ്മ, 1998, പരിണാമം എങ്ങനെ? കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശൂര്‍. 
കുഞ്ഞുണ്ണി വര്‍മ്മ, 2012, പരിണാമം എന്നാല്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശൂര്‍. 
കെ.എന്‍.ഗണേഷ്, 2014, പ്രകൃതിയും മനുഷ്യനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശൂര്‍. 
കെ.എന്‍.ഗണേഷ്, 2017, അറിവിന്‍റെ സാര്‍വ്വത്രികത, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃശൂര്‍.
ദിലീപ് മമ്പള്ളില്‍, 2019, പരിണാമം തന്മാത്രകളില്‍ നിന്നും ജീവികളിലേക്ക്, ഡി.സി.ബുക്സ്, കോട്ടയം.
പ്രിയദര്‍ശന്‍ ഐ
ഗവേഷകന്‍ 
വേദാന്ത വിഭാഗം
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല 
കാലടി