Malayalam Rap Songs: A Critical Study Based on Culture and Language 

Cibil  Sunny
Dr. Bennichen Scaria 

Rap is a form of western music that presents meaningful words in a rhythmic spoken style.Despite its fifty years of history rap has been excluded from mainstream academic study and discussion. Now as part of postmodern epistemology the study of rap songs is relevant. Raps are the platform for deep thought beyond mere hilarity. This study evaluates various factors related to rap songs from the perspective of language and culture.

Keywords: Rap Songs, Hip Hop culture, Social factors, Malayalam Language and Culture 

References :

George, M.P.2013.Paschatya Sangeetha Praveshika. Kottayam: D.C.Book
Gireesh, P.M.2012.Arivum Bhashayum Dhaishanika bhashaashasthram aamukham, Trivadrum:Kerala Bhasha Institute. 
Keyes, C.2001.The History of rap music.UK:Chesla House Publications.University of illinois press
Parmar Priya.2005.Cultural Studies and Rap: The Poetry of an Urban lyricist. Taboo Spring Summer
Samy Alim, H.2006.Roc the mic right: The language of hip hop culture. New York and London: Routledge Tayler& Francis Group.
Cibil Sunny
Research Scholar
Government College 
Kattappana,  Idukki
Pin: 685515
India
Email : cibilsunny007@gmail.com
&
Dr.Bennichen Scaria
Associate professor and Research Guide
Government College Kattappana
Idukki
Pin: 685515
India
Email: frbennop@gamil.com

മലയാളത്തിലെ റാപ്പ് ഗാനങ്ങള്‍: ഭാഷ, സംസ്കാരം, രാഷ്ട്രീയം

സിബിള്‍ സണ്ണി
ഡോ. ബെന്നിച്ചന്‍ സ്കറിയ

പ്രബന്ധസംഗ്രഹം

താളാത്മകമായി അര്‍ത്ഥവത്തായ വാക്കുകള്‍ കോര്‍ത്തിണക്കി സംസാരശൈലിയില്‍ ഡ്രംബീറ്റുകള്‍ക്കൊപ്പം ഹിപ്-ഹോപ്പ് രീതിയില്‍ അവതരിപ്പിക്കുന്ന പാശ്ചാത്യസംഗീത രൂപമാണ് റാപ്പ്. അന്‍പത് വര്‍ഷത്തിലേറെ ചരിത്രമുണ്ടായിട്ടും റാപ്പ് മുഖ്യധാര ചര്‍ച്ചകളില്‍നിന്നും അക്കാദമിക പഠനമേഖലകളില്‍നിന്നും പലപ്പോഴും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരാധുനിക ജ്ഞാനപദ്ധതികളുടെ ഭാഗമായി വേര്‍തിരിവില്ലാതെ എല്ലാ പാഠങ്ങളും (ഠലഃേ) പഠനവിധേയമാകുമ്പോള്‍ റാപ്പിന്‍റെ പഠനത്തിനും പ്രസക്തിയേറുന്നു. യുവതലമുറയുടെ കേവലവിനോദോപാധിക്കപ്പുറമായി കാമ്പുള്ള ചിന്തകള്‍ക്ക് വേദിയാണ് റാപ്പുകള്‍. സംസ്കാരപഠനത്തിന്‍റേയും ഭാഷാശാസ്ത്രപഠനത്തിന്‍റേയും വിവിധ സൈദ്ധാന്തികപക്ഷങ്ങളുടെ അടിസ്ഥാനത്തില്‍ റാപ്പിന്‍റെ ഭാഷാസാംസ്കാരിക ഘടകങ്ങളെ വിലയിരുത്താന്‍ കഴിയും. 

താക്കോല്‍ വാക്കുകള്‍: റാപ്പ്, ഹിപ് ഹോപ്പ് സംസ്കാരം, രാഷ്ട്രീയം, സാമൂഹിക ഘടകങ്ങള്‍, ഭാഷാ മനോഭാവം.

പുതുമകളെ പരീക്ഷിക്കുന്നതും നിരന്തരം പരിവര്‍ത്തനപ്പെടുന്നതുമായ ആവിഷ്കാര മാധ്യമമാണ് സംഗീതം. കാലദേശപ്രായലിംഗഭേദമനുസരിച്ച് ഗാനനിര്‍മ്മിതിയുടെയും ആസ്വാദനത്തിന്‍റെയും തലങ്ങളില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു. ശ്രവണസുന്ദരമായ ശബ്ദങ്ങളുടെ രാഗതാളവിന്യാസം ഭാഷയ്ക്കപ്പുറമായി ആസ്വാദനത്തിന് അവസരം നല്‍കുന്നതുകൊണ്ട് എല്ലാത്തരം സംഗീതത്തിനും ആഗോള സാധ്യതയുണ്ട്. മനുഷ്യവികാരങ്ങളുടെ പ്രതിഫലനമായ സംഗീതത്തിന്‍റെ ശബ്ദസ്വരൂപവും, ഭാഷാ സ്വരൂപവും നിരവധി പഠനങ്ങള്‍ക്ക് വേദിയാണ്. ഓരോ പ്രദേശത്തിനും വിഭിന്നങ്ങളായ സംഗീത മാതൃകകളുണ്ട്. തനതുപാരമ്പര്യരൂപങ്ങള്‍, പരിവര്‍ത്തനപ്പെട്ട രൂപങ്ങള്‍, വിദേശീയമായവ എല്ലാം ഉള്‍ക്കൊള്ളുന്ന നിരവധി സംഗീതരൂപങ്ങളുടെ സംസ്കാരിക പൈതൃകമാണത്. മാര്‍ഗിയും ദേശിയുമായ സംഗീതരീതികള്‍ അടങ്ങുന്നതാണ് കേരത്തിന്‍റെ സംഗീതപാരമ്പര്യം.  നിശ്ചിതമായ ചിട്ടവട്ടങ്ങളും വ്യവസ്ഥകളും ആധാരമാകുന്ന ക്ലാസിക്കല്‍ പാരമ്പര്യമാണ് മാര്‍ഗി സംഗീതം. ചിട്ടകളില്‍ അയവുള്ളതും പ്രാദേശിക സംഗീത രീതികളില്‍ നിന്നും ഉരുത്തിരുഞ്ഞു വന്നതുമായ ഗാനപാരമ്പര്യമാണ് ദേശി സംഗീതം. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ സംഗീതരീതികള്‍, ക്ലാസിക് കലകളുടെയും അനുഷ്ഠാനകലകളുടെയും ഗാനരൂപങ്ങള്‍, ഭാരതീയ മാര്‍ഗി സംഗീത പാരമ്പര്യത്തിന്‍റെ രണ്ടുധാരകളായ കര്‍ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും നാടോടിഗാനങ്ങള്‍, ലളിതസംഗീതം, സിനിമാഗാനങ്ങള്‍, പാശ്ചാത്യസംഗീത രീതികളെല്ലാം അടങ്ങുന്നതാണ് കേരളത്തിന്‍റെ വിപുലമായ സംഗീതമണ്ഡലം.

റാപ്പ്

താളാത്മകമായി അര്‍ത്ഥവത്തായ വാക്കുകള്‍ അടുത്തടുത്ത് കോര്‍ത്തിണക്കി സംസാരശൈലിയില്‍  ഡ്രം ബീറ്റുകള്‍ക്കൊപ്പം ഹിപ് ഹോപ്പ് രീതിയില്‍ അവതരിപ്പിക്കുന്ന പാശ്ചാത്യസംഗീത രൂപമാണ് റാപ്പ് (Rap) അല്ലെങ്കില്‍ ഹിപ് ഹോപ്പ് സംഗീതം (Hip Hop Music). “A type of popular music with a fast strong rhythm and words which are spoken fast, not sung”  എന്ന് ഓക്സ്ഫോഡ് ഡിക്ഷണറി റാപ്പ് സംഗീതത്തിന് അര്‍ത്ഥം നല്‍കുന്നു. റാപ്പിന് നിയതമായ വ്യവസ്ഥകള്‍ ഇല്ലെങ്കിലും ബീറ്റിന്‍റെ അഥവാ താളത്തിന്‍റെ കണക്കാണ് അടിസ്ഥാനം. താളവും അര്‍ത്ഥവുമാണ് പ്രധാനപ്പെട്ടത്.

പശ്ചിമ ആഫ്രിക്കയുടെ ഹിപ് ഹോപ്പ് സംസ്കാരത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഈ സംഗീതരൂപം 1970-കളില്‍ അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ ജനതയില്‍ നിന്നുമാണ് ആരംഭിച്ചത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ കഥകളും നാടോടി ഗാനങ്ങളും വാദ്യോപകരണങ്ങളുടെ പശ്ചാത്തലത്തില്‍ താളാത്മകമായി പൊതുവേദിയില്‍ അവതരിപ്പിച്ചിരുന്ന പാരമ്പര്യത്തില്‍ നിന്നുമാണ് റാപ്പ് എന്ന ആധുനിക സംഗീത രൂപം ഉടലെടുക്കുന്നത്. സംസാരം താളാത്മകമാക്കുക, വേഗത്തില്‍ ചൊല്ലുക, മനോധര്‍മ്മം വാക്കുകളില്‍ ആവിഷ്കരിക്കുക, ഉയര്‍ന്ന ശബ്ദമുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുക എന്നിവയെല്ലാം റാപ്പിന്‍റെ രീതികളാണ്. 1980-കളുടെ തുടക്കംവരെ അമേരിക്കയില്‍ ഒതുങ്ങി നിന്ന ഈ സംഗീതരീതി പിന്നീട് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. പ്രതിഷേധത്തിന്‍റെയും സാമൂഹിക വിപ്ലവങ്ങളുടെയും ഭാഗമായി തങ്ങളുടെ പ്രതികരണങ്ങള്‍ പൊതുജനസമക്ഷത്തില്‍ അവതരിപ്പിക്കാനുള്ള മാര്‍ഗമായി കലാകാരന്മാര്‍ റാപ്പിനെ സ്വീകരിച്ചു തുടങ്ങിയപ്പോള്‍ ആധുനിക സംഗീതത്തിലെ പ്രബലമായ ശാഖയായി റാപ്പ് മാറിക്കഴിഞ്ഞു.

എമിനേം (ഋാശിലാ), ഡ്രേക്ക് (Drake), സ്നൂപ് ഡോഗ് (Snoop Dogg), ട്രാവിസ് സ്കോട്ട് (Travis Scott), കെന്‍ഡ്രിക് ലാമാര്‍ (Kendrick Lamar)   തുടങ്ങിയവരിലൂടെയെല്ലാം ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത റാപ്പ് സംഗീതം അവതരണരീതിയിലും പ്രമേയസ്വീകരണത്തിലുമെല്ലാം അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.

അമ്പതുവര്‍ഷത്തിലേറെ ചരിത്രവും നിരവധി ആസ്വാദകരും ഉണ്ടായിട്ടും റാപ്പ് മുഖ്യധാര ചര്‍ച്ചകളില്‍ നിന്നും അക്കാദമിക പഠനമേഖലകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരാധുനിക ജ്ഞാനസമീപനങ്ങളുടെ ഭാഗമായി സംസ്കാരപഠനവും, ഭാഷാശാസ്ത്രപഠനവും സൈദ്ധാന്തികമായി ഏറെ മുന്നോട്ടുപോകുമ്പോള്‍ റാപ്പിന് വിവിധ തലങ്ങളിലുള്ള പഠനസാധ്യതയുണ്ട്. 2018-ലെ പുലിസ്റ്റര്‍ സമ്മാനത്തിന് റാപ്പ് ഗായകന്‍ കെന്‍ഡ്രിക് ലാമാര്‍ അര്‍ഹനായപ്പോള്‍ സംഗീതമേഖലയില്‍ റാപ്പിനുള്ള അംഗീകാരം പൊതുസമൂഹം മനസ്സിലാക്കി തുടങ്ങിയിരുന്നു. നിരൂപക പ്രശംസ പിടിച്ചുപറ്റുന്ന ക്ലാസിക്കല്‍ ഇനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പോപ്പ് ചാര്‍ട്ടുകളിലും ആസ്വാദക മനസ്സിലും ഇടംപിടിച്ച ജാസ് സംഗീതജ്ഞന്‍ കെന്‍ഡ്രിക് ലാമാറിന് ലഭിച്ച അംഗീകാരം റാപ്പിനെക്കുറിച്ചുള്ള ആധികാരികമായ ചിന്തകളെ സജീവമാക്കി. ആഴമേറിയ അര്‍ത്ഥതലങ്ങളുള്ള വരികള്‍, രാഷ്ട്രീയം വിളിച്ചോതുന്ന തല്‍സമയ അവതരണങ്ങള്‍, കവിത, വാമൊഴി, വിവിധ ആഫ്രിക്കന്‍ ശബ്ദരൂപങ്ങള്‍ എന്നിവ ഉള്‍ച്ചേര്‍ന്ന സംഗീത ധാരയാണ് കെന്‍ഡ്രിക് ലാമാറിന്‍റേത്. വര്‍ണ്ണവിവേചനത്തിന് എതിരേയും പോലീസ് ക്രൂരതകള്‍ക്ക് എതിരേയും ശബ്ദമുയര്‍ത്തിയ ലാമാറിന്‍റെ ഗാനങ്ങള്‍ ഒരു തലമുറയുടെ രോദനത്തിന്‍റെയും, ചെറുത്തുനില്‍പ്പിന്‍റേയും പ്രകടരൂപങ്ങളായിരുന്നു. 

മലയാളത്തിലെ റാപ്പുകള്‍

1980-90 കളില്‍ റാപ്പ് സംഗീതത്തെക്കുറിച്ച് മലയാളി കേട്ടറിഞ്ഞെങ്കിലും റാപ്പ് ആസ്വദിക്കുന്നവരുടെ എണ്ണം കുറവായിരുന്നു. 2000-ന് ശേഷം മലയാള സിനിമാഗാനങ്ങളില്‍ പാശ്ചാത്യസംഗീത ഭ്രമത്തിന്‍റെ ഭാഗമായി റാപ്പ് സംഗീതശൈലിയുടെ സ്വാധീനം പ്രകടമായിത്തുടങ്ങി. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, റാപ്പ് സംഗീത ആല്‍ബങ്ങളിലൂടെ വിരളമായി മലയാളി അടിത്തറിഞ്ഞ ഹിപ് ഹോപ്പ് സംഗീതത്തിന്‍റെ സാധ്യതകളെ മലയാള സിനിമാഗാനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ തുടങ്ങി. څഫോര്‍ ദി പീപ്പിള്‍چ, څബാച്ചിലര്‍ പാര്‍ട്ടിچ പോലുള്ള സിനിമകളിലെ ഗാനങ്ങളും ജാസി ഗിഫ്റ്റിനെ പോലുള്ള സംഗീതജ്ഞരും മലയാള സിനിമാമേഖലയിലെ പാശ്ചാത്യസംഗീത സ്വാധീനത്തിന്‍റെ ഉദാഹരണങ്ങളാണ്. ഇംഗ്ലീഷ് റാപ്പുകളെ അനുകരിച്ചു ഇംഗ്ലീഷ് ഭാഷയിലുള്ള ഗാനശകലങ്ങളെ കൂട്ടിച്ചേര്‍ത്തു പാരഡികള്‍ നിര്‍മ്മിച്ചതായിരുന്നു മലയാളത്തിലെ ആദ്യകാല റാപ്പുകള്‍.

മലയാളം റാപ്പ് സംഗീതത്തിന് ഇണങ്ങുന്ന ഭാഷ അല്ലെന്നും അതിനാല്‍ ഇംഗ്ലീഷിനെ കൂട്ടുപിടിച്ചു മാത്രമേ റാപ്പിന് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. എന്നുമായിരുന്നു ആദ്യകാലങ്ങളില്‍ കലാകാരന്മാര്‍ കരുതിയിരുന്നത്. ഇംഗ്ലീഷ് പദങ്ങള്‍ക്ക് പകരമായി മലയാള പദങ്ങള്‍ തിരുകികയറ്റി തുടങ്ങിയ ആദ്യ ശ്രമങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മലയാളഭാഷയില്‍ ഈടുറ്റ റാപ്പ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ വന്നെത്തി. 2015-ന് ശേഷം സ്വതന്ത്ര ആല്‍ബങ്ങളായി നിരവധി മലയാളഭാഷ റാപ്പ് ഗാനങ്ങളാണ് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷക സമക്ഷം എത്തിയത്. ഹിരണ്‍ദാസ് മുരളി, ഫെജോ, നീരജ് മാധവ്, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ ഇന്ന് മലയാള റാപ്പിന്‍റെ പരിചിതമുഖങ്ങളാണ്. അര്‍ത്ഥവൈപുല്യം കൊണ്ടും അവതരണമികവുകൊണ്ടും ശ്രദ്ധേയമായ ഇത്തരം റാപ്പ് ഗാനങ്ങള്‍ ഗൗരവതരമായ ഭാഷാ സാംസ്കാരിക രാഷ്ട്രീയ പഠനങ്ങള്‍ക്ക് ഇടം നല്‍കുന്നുണ്ട്.

വിഷയം, രാഷ്ട്രീയം

സമകാല റാപ്പുകളുടെ പ്ലാറ്റ്ഫോം യൂട്യൂബാണ്. യുവാക്കളാണ് റാപ്പിന്‍റെ ആസ്വാദകരില്‍ ഏറെയും. റാപ്പുകള്‍ അതിന്‍റെ ഉത്ഭവത്തില്‍ ലക്ഷ്യമാക്കിയ സാമൂഹിക പ്രതിഷേധവും, മാനസിക പ്രതികരണവും മലയാള റാപ്പുകളും പിന്തുടരുന്നു. വര്‍ഗ്ഗ-വര്‍ണ്ണ-ജാതി-മത-ലിംഗ വിവേചനങ്ങള്‍, സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, അഴിമതി, ഭരണകൂട ഭീകരത, തൊഴിലില്ലായ്മ, യുവജനങ്ങളെ അലട്ടുന്ന സ്വതപ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം റാപ്പിന്‍റെ വിഷയങ്ങളാണ്. 

വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളി ചിട്ടപ്പെടുത്തിയ വോയ്സ് ഓഫ് വോയ്സ്ലെസ് (ഢീശരല ീള ഢീശരലഹലൈ) എന്ന റാപ്പ് വീഡിയോഗാനം വിവിധ ഭാഷകളിലായി നിരവധി ആരാധകരെ നേടിയതാണ്. ശബ്ദം ഇല്ലാത്തവരുടെ ശബ്ദമാകാനുള്ള ആഹ്വാനത്തോടെയുള്ള റാപ്പ് മുഖ്യധാരയില്‍നിന്നും അകറ്റപ്പെട്ട ദളിതരുടെ ചരിത്രമാണ്. പണിയെടുക്കുന്ന മണ്ണില്‍ അവകാശങ്ങളൊന്നും ഇല്ലാതെ മൃഗതുല്യരായി വേട്ടയാടപ്പെടുന്ന താന്‍ ഉള്‍പ്പെടുന്ന സമൂഹം അനുഭവിക്കുന്ന വൈഷമ്യങ്ങളെയാണ് ഹിരണ്‍ ദാസ് മുരളി ചിട്ടപ്പെടുത്തിയ വോയ്സ് ഓഫ് വോയ്സ് ലെസ്, വാ തുടങ്ങിയ സംഗീത ആല്‍ബങ്ങളിലൂടെ ചിത്രീകരിക്കുന്നത്. 

ڇഅടിമക്കേതിടം ചരിത്ര പുസ്തകങ്ങളില്‍ڈ എന്ന പ്രസക്തമായ ചോദ്യം ഉയര്‍ത്തിക്കൊണ്ട് ചരിത്രവായനയില്‍ തമസ്കരിക്കപ്പെട്ടുപോയ ദളിത് ചരിത്രം റാപ്പിന്‍റെ സഹായത്തോടെ പുനര്‍നിര്‍മ്മിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. 

നീര്‍ നിലങ്ങളിന്‍ അടിമയാര് ഉടമയാര്
നിലങ്ങളായിരം വേലിയില്‍ തിരിച്ചതാര്
മുതുകുകൂനി തലകള്‍താണ് ഇനിയുമെത്രനാള്ڈ (വോയ്സ് ഓഫ് വോയ്സ്ലെസ്, https://youtu.be/OPzY3ekolrA) 

അധികാരമേധാവിത്വത്തിന്‍റെ കീഴില്‍ മുതുകുകുനിച്ച് ജീവിക്കുന്നവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ശ്രമങ്ങളാണ് ഇത്തരം റാപ്പുകള്‍ ലക്ഷ്യമാക്കുന്നത്.

ഞാന്‍ പാണനല്ല
പറയനല്ല
പുലയനല്ല
നീ തമ്പുരാനുമല്ല (വോയ്സ് ഓഫ് വോയ്സ്ലെസ്, https://youtu.be/OPzY3ekolrA) 

എന്ന് പാടുന്നിടത്ത് മനുഷ്യന്‍ എന്ന സ്വത്വത്തില്‍ നിന്നുകൊണ്ടും തന്‍റെ മേല്‍ ചാര്‍ത്തപ്പെട്ട വര്‍ഗ്ഗവിഭജനത്തെ നിരാകരിച്ചുകൊണ്ടും څതമ്പുരാന്‍چ എന്ന ആദര്‍ശ രൂപത്തെ ചോദ്യം ചെയ്യുന്നു.

കാട് കട്ടവന്‍റെ നാട്ടില്‍
ചോറ് കട്ടവന്‍ മരിക്കുംڈ (വോയ്സ് ഓഫ് വോയ്സ്ലെസ്, https://youtu.be/OPzY3ekolrA) 

എന്നത് സമകാല കേരള സമൂഹത്തില്‍ പ്രസക്തമായ രാഷ്ട്രീയ പ്രസ്താവനയായി അവശേഷിക്കുന്നു.

ڇഇരകള്‍ ആയവന്‍ കരങ്ങള്‍

അറിവിന്‍ ആയുധം പേറി

നരികള്‍ വാഴുവീ വനത്തില്‍

പുലികളായ് മാറിടാം  (hm, https://youtu.be/J6VeU04NZr4)

എന്ന് തുടങ്ങുന്ന വരികളില്‍ ഇരവാദത്തിനപ്പുറമായി അറിവ് നേടി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ദളിത് സമൂഹം ചെയ്യേണ്ടത് എന്ന പ്രായോഗിക പ്രത്യയശാസ്ത്ര സമീപനമാണ് വ്യക്തമാക്കുന്നത്.

എന്‍റെ, നിന്‍റെ ജാതി വര്‍ഗം ലിംഗം മതം 
പേര് പറഞ്ഞു നമ്മള്‍ തമ്മിലോ വധം 
പണം പിണം ഭാഷ ദേശം
ഭ്രഷ്ടനാകുന്നു പലരെയുംڈ (ലോകം മയക്കത്തിലോ, https://youtu.be/yuJxPXogFlg)

ലോകം മയക്കത്തിലോچ കെ. സച്ചിദാനന്ദന്‍റെ കവിതയുടെ റാപ്പ് രൂപമായ 'കോഴി പങ്ക്' തുടങ്ങിയ റാപ്പുകള്‍ ജാതി, മതം, ലിംഗം മുതല്‍ അഭിപ്രായ സ്വാതന്ത്ര്യം വരെയുള്ള വിവേചന അവകാശ പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. 

വര്‍ഗ്ഗവിവേചനത്തിന് എതിരെ ശബ്ദമുയര്‍ത്തിയ ലാമറിന്‍റെ څഓള്‍ റൈറ്റ്چദി ബ്ലോക്ക് ദി ബെറിچ പോലുള്ള റാപ്പുകളെപ്പോലെ പൊതുഇടത്തില്‍ നിന്നും അകറ്റപ്പെട്ടവരുടെ യാഥാര്‍ത്ഥ്യത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റേയും രാഷ്ട്രീയം ചര്‍ച്ച ചെയ്യുവാന്‍ തക്കവിധത്തില്‍ മലയാളറാപ്പുകള്‍ മാറിക്കഴിഞ്ഞു. ڇറാപ്പുകള്‍ ആരംഭിച്ചതുതന്നെ പ്രതിഷേധങ്ങളുടെ ഭാഗമായാണ്. അതുകൊണ്ട് തന്നെ റാപ്പിനെ പൊളിറ്റിക്കല്‍ പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ട് അവതരിപ്പിക്കാനാണ് എന്‍റെ ആഗ്രഹംڈ (ഡോള്‍ ന്യൂസ് യൂ ട്യൂബ് ചാനല്‍ 2020 ജൂണ്‍ 20-ന് ഹിരണ്‍ ദാസ് മുരളിയുമായി നടത്തിയ അഭിമുഖം. (https://www.doolnews.com)

വര്‍ണ്ണവെറിക്കും വംശീയതയ്ക്കുമെതിരെയുള്ള കറുത്ത വര്‍ഗ്ഗക്കാരന്‍റെ പ്രതിഷേധസ്വരമായി രൂപംകൊണ്ട ആദ്യകാല റാപ്പുകളോട് ചരിത്രപരമായി ചേര്‍ന്നു നില്‍ക്കുക എന്ന ദൗത്യം മലയാള റാപ്പുകള്‍ നിറവേറ്റുന്നു. 

സാരി ഉടുത്ത് പടമെടുത്ത്
എഫ്.ബി. ഫോട്ടോയിട്ട്
ഫോട്ടോ മാറ്റി രൂപം മാറ്റി
പല്ലില്‍ കമ്പിയിട്ട് പുട്ടിയിട്ട്
വെളുവെളുത്ത് നാണം കുണുങ്ങി. (മണവാട്ടി, https://youtu.be/yuHXlXogFlg)

ലേഡി ശാരോണിന്‍റെ മണവാട്ടിയെന്ന റാപ്പ് പെണ്‍കുട്ടിയെ എപ്രകാരമാണ് പുരുഷാധിപത്യ സമൂഹം മണവാട്ടിയാക്കാന്‍ തയ്യാറെടുപ്പിക്കുന്നത് എന്ന വിഷയത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.

ڇഅവളൊരു കോലമല്ല, ബാര്‍ബി പാവയല്ലڈ, എന്ന് റാപ്പര്‍ പ്രഖ്യാപിക്കുന്നിടത്ത് സ്ത്രീപക്ഷ ചിന്തയുടെ മൂര്‍ദ്ധന്യം വ്യക്തമാണ്. തീവ്രതയേറിയ രാഷ്ട്രീയ വിചാരങ്ങള്‍ക്കൊപ്പം അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളും റാപ്പിന് വിഷയമാകാറുണ്ട്. ലോക്ഡൗണില്‍ മുറിക്കുള്ളില്‍ അടക്കപ്പെട്ട യുവത്വത്തിന്‍റെ വിരസതയും ഭീകരതയുമാണ് നടന്‍ നീരജ് മാധവിന്‍റെ څപണി പാളിچچഫെജോയുടെ څകൂട്ടിലിട്ട തത്തچതുടങ്ങിയ റാപ്പുകളില്‍ പ്രകടമാകുന്നത്. 

സമൂഹം, സംസ്കാരം

റാപ്പുകള്‍ ഓരോ സമൂഹത്തിന്‍റെയും സാംസ്കാരിക പ്രതിഫലനമാണ്. Cultural Studies and Rap; The Poetry of an Urban Lyricist എന്ന ഗവേഷണ പഠനത്തില്‍ പ്രിയ പര്‍മാര്‍ (2005) റാപ്പിന്‍റെ സാംസ്കാരികവശങ്ങളെ പഠനവിധേയമാക്കുന്നുണ്ട്. ഇതര കലാസാഹിത്യങ്ങളെപ്പോലെ ഓരോ ദേശത്തിന്‍റെയും സാംസ്കാരിക ഘടകങ്ങളായ ഭാഷ, ചരിത്രം, തൊഴില്‍, ആചാരാനുഷ്ഠാനങ്ങള്‍, ജീവിത രീതി, ഭക്ഷണം എന്നിവയെല്ലാം റാപ്പിന്‍റെ പഠനത്തില്‍ പ്രധാനപ്പെട്ടതാണ്. അമേരിക്കയില്‍ റാപ്പുകള്‍ ആരംഭിക്കുമ്പോള്‍ സ്റ്റേജ് ഷോകളില്‍ റാപ്പുകള്‍ അവതരിപ്പിച്ചിരുന്ന കലാകാരന്മാര്‍ ഹിപ് ഹോപ്പ് സംസ്കാരത്തിന്‍റെ അവതാരകന്മാരായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. നീട്ടി വളര്‍ത്തിയ മുടിയും, കൂളിംഗ് ഗ്ലാസ് കണ്ണടകളും, തൊപ്പിയും ആകര്‍ഷകമായ വസ്ത്രങ്ങളുമെല്ലാം റാപ്പിന്‍റെ അനിവാര്യതയായിരുന്നു. എന്നാല്‍ സാങ്കേതിക വിദ്യയുടെ പുരോഗതിയില്‍ റാപ്പ് വീഡിയോകളായി ചിത്രീകരിച്ച് മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുമ്പോള്‍ വരികള്‍ക്കുള്ളിലേയും അനുബന്ധമായി നിലകൊള്ളുകയും ചെയ്യുന്ന സാംസ്കാരിക ഘടകങ്ങള്‍ക്ക് ദൃശ്യാനുഭൂതി ലഭിക്കുന്നു.

മലയാളി റാപ്പര്‍മാരുടെ ഇടം പലപ്പോഴും ഇരുണ്ട മുറിയില്‍ നിന്നും പുറത്തുകടന്ന് തെരുവും ജനമധ്യവുമാകുന്നു. കേരളത്തിലെ പുരാണകഥകളും ഐതിഹ്യങ്ങളും, റാപ്പിനെ സമ്പന്നമാക്കുന്നുണ്ട്. څമലയാളിچ എന്ന റാപ്പില്‍ ഉണ്ണിയാര്‍ച്ചയും, അങ്കവും കച്ചമുറുക്കലും, മാവേലിയും പുലിക്കളിയുമെല്ലാം അരങ്ങുവാഴുന്നു. മലയാളചൊല്ലുകളും, വായ്ത്താരികളും റാപ്പില്‍ സാന്നിധ്യമാകുന്നുണ്ട്. څആരാന്‍റെ തന്തയ്ക്ക് പ്രാന്ത് പിടിച്ചാല്‍چ, څകാക്ക കുളിച്ചാല്‍ കൊക്കാകില്ലچ, തുടങ്ങിയ ചൊല്ലുകളും څതെയ്കത താരോംچ പോലുള്ള വായ്ത്താരികളും നിരവധി റാപ്പുകളില്‍ കാണാം. ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ദളിതന്‍റെ സാംസ്കാരിക ഭൂമിയുടെ സത്ത റാപ്പുകള്‍ക്ക് തീവ്രത നല്‍കുന്നു. കേരളത്തിന്‍റെ തനത് രൂപങ്ങളെ പ്രകടിപ്പിക്കുന്നതിനോടൊപ്പം റാപ്പിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവര്‍ എന്ന നിലയില്‍ പുതുതലമുറയുടെ ജീവിത രീതി കൃത്യമായി ആവിഷ്കരിക്കുന്നുണ്ട്.

ദിനം നോക്കി ഇതില്‍
ഒടുവില്‍ തല താഴ്ന്ന സ്ഥിതി
മരവിച്ച ഗതി
ദിനം തോണ്ടി ഇതില്‍ (കലിയുഗം, https://youtu.be/youHxlXogFlg)

മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും ദിവസത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ സംസ്കാരത്തിലേക്ക് അടിമപ്പെട്ടുപോകുന്ന യുവത്വത്തിന്‍റെ അവസ്ഥയാണിത്. തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും അലട്ടുന്ന കേരളത്തിലെ മധ്യവര്‍ഗയുവജനങ്ങളുടെ വിരസമായ ജീവിത രീതിയാണ് څകലിയുംഗംچ, څപണി പാളിچ പോലുയുള്ള നിരവധി റാപ്പുകള്‍ക്ക് പ്രമേയം.

അതിവേഗത്തില്‍ മാറ്റങ്ങള്‍ക്ക് വിധയമാക്കുന്ന മാധ്യമ സംസ്കാരം പുതുതലമുറയുടെ ജീവിതരീതിയെ വലിയ തോതില്‍ സ്വാധീനിക്കുന്നു. ഭാഷണത്തില്‍ അംഗചലനങ്ങളില്‍ വസ്ത്രധാരണത്തിലെല്ലാം അനുകരണത്തിന്‍റെ ഭാഗമായി വ്യത്യസ്ഥതകളെ പരീക്ഷിക്കുന്ന ന്യൂജനറേഷന്‍ സാംസ്കാരിക മുഖങ്ങള്‍ റാപ്പുകളില്‍ പ്രതിഫലിക്കുന്നു.

റാപ്പുകളെ ആസ്പദമാക്കിയുള്ള സാംസ്കാരിക പഠനത്തിലെ പ്രധാനപ്പെട്ട മറ്റൊരു വസ്തുത അവ യുവജനങ്ങളുടെ ജീവിത രീതിയെ സ്വാധീനിക്കുന്നുണ്ടെന്നതാണ്. Language and Socio Cultural Attitudes of Youth in Jammu and Hyderabad, India Towards Rap Music’ എന്ന ഉദിത സോഹ്നിയുടെ സര്‍വ്വേ പഠനത്തില്‍ യുവാക്കളുടെ ഭാഷയെയും ജീവിത രീതിയേയും റാപ്പുകള്‍ സ്വാധീനിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നു.

മലയാള റാപ്പിന്‍റെ ഭാഷാശാസ്ത്രം

ഭാഷയെ സാധാരണവത്കരിക്കാനും ഏകീകരിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് റാപ്പിന്‍റെ ഭാഷാ പ്രവര്‍ത്തനം. സംഗീതത്തിന്‍റെ താളത്തിനൊത്ത് സൗന്ദര്യശാസ്ത്രപരമായി വാക്കുകള്‍ ചേര്‍ത്തു വയ്ക്കുന്നതാണ് അതിന്‍റെ  ഭാഷാരീതി. ഭാഷയായിരിക്കും ഹിപ്പ് ഹോപ്പിന്‍റെ സാംസ്കാരിക പ്രവര്‍ത്തനങ്ങളെ വായിക്കാനുള്ള ഏറ്റവും ഉപകാരപ്രദമായ ഉപകരണമെന്ന് റാപ്പിനെ വിലയിരുത്തുന്ന എച്ച്. സാമി അലീമിനെപ്പോലുള്ള (The language of Hiphop culture) സാംസ്കാരിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. 

ഇംഗ്ലീഷ് റാപ്പുകളെ അനുകരിച്ചുകൊണ്ട് ആരംഭിച്ചതെങ്കിലും സ്വതന്ത്രമായി മലയാളഭാഷ ഉപയോഗിക്കാന്‍ പര്യാപ്തമായി തീര്‍ന്ന് മലയാളത്തിലെ റാപ്പുകള്‍ ഭാഷാപരമായ ഈ സാംസ്കാരിക പ്രകടനത്തിന്‍റെ വേദിയാണ്. മുഖ്യധാര സാഹിത്യം ഭാഷയെ ഔദ്യോഗികവും മാനകവുമായ അവസ്ഥയില്‍ ആഗ്രഹിക്കുമ്പോള്‍ റാപ്പുകള്‍ ഭാഷയുടെ ജനകീയ സ്വഭാവത്തെയും പ്രാദേശികമായ രൂപത്തെയുമാണ് സ്വീകരിക്കുന്നത്. څڅഹിപ്ഹോപ് പെഡഗോഗിക്കല്‍ പഠനങ്ങള്‍ റാപ്പ് വരികള്‍ ശ്രഷ്ഠിക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാംസ്കാരിക ഭാഷ അവബോധത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. (Standard language in Urban Rap Social Media - Lingustic Practice and enthenographic context Stahr, Andreas, Madsen, Lian Malai : 2015;90)

താളക്രമത്തിലും പദങ്ങളുടെ അവര്‍ത്തനത്തിലും നാടോടി ഗാനങ്ങളെ മലയാള റാപ്പുകള്‍ അനുകരിക്കുന്നുണ്ട്.

എവിടെ മര്‍ദ്ധനങ്ങള്‍
അവിടെ ഉയരണം കരങ്ങള്‍
എവിടെ വര്‍ഗ്ഗവാതം
അവിടെ ഉയരണം സ്വരങ്ങള്‍
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകള്‍
അവിടെ കൂടങ്ങളായി വാ. (https://youtu.be/J6VeU04NZr4)
ڇതളര്‍ന്ന ഗാത്രം
വിഷാണു കോകി ശൂലം
മനുഷ്യരാശിയെ ഉന്മൂലനം
ചെയ്യും സമൂലം
ഉപ്പ് വാങ്ങുവാന്‍ പോകുന്ന
ഒപ്പ്, സത്യവാങ്മൂലം
പിന്നെ അനക്കണോ മൂലംڈ (ചര്‍ച്ച, https://youtu.be/d4d4cgWtfaU)

ശൂലം, ഉന്മൂലനം, സമൂലം, സത്യവാങ്മൂലം, മൂലം, ഉപ്പ്, ഒപ്പ്, അടുപ്പ് ഇത്തരത്തില്‍ പ്രാസമൊപ്പിച്ച് താളബദ്ധമായി ഭാഷാപദങ്ങളെ ഉപയോഗിക്കുവാനാണ് റാപ്പന്മാര്‍ക്ക് താല്‍പര്യം.

ഫെജോയുടെ څകൂട്ടിലിട്ട തത്തچ എന്ന റാപ്പിനെ ആകര്‍ഷകമാക്കുന്നത് വാക്ക്, നാക്ക്, ചാക്ക്, പോക്ക്, പ്രാക്ക്, കണക്ക് എന്നിങ്ങനെ അന്ത്യപ്രാസമായി ക്രമീകരിക്കുന്ന പദങ്ങളാണ്. 

റാപ്പ് വരികള്‍ സൃഷ്ടിക്കുന്നതിലെ നിര്‍ണ്ണായമകമായ ഭാഷാവബോധം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അണ്‍പാര്‍ലമെന്‍ററിچ എന്ന വിഭാഗത്തില്‍പ്പെടുത്തുകയും അപരിഷ്കൃതമായത് എന്നു പറഞ്ഞ് ഇകഴ്ത്തുകയും ചെയ്യുന്ന പദങ്ങളെ റാപ്പുകള്‍ സജീവമായി ഉപയോഗിക്കുന്നു. തെറികള്‍ എന്ന പേരില്‍ മലയാളികള്‍ ഒളിഞ്ഞും തെളിഞ്ഞും ഉപയോഗിക്കുന്ന പല പദങ്ങളും റാപ്പുകളില്‍ സാന്നിധ്യമാകുന്നുണ്ട്. ഭാഷയെ മനോഹരമാക്കുന്നത് പരിഷ്കൃത പദങ്ങളല്ല മറിച്ച് വാമൊഴിയും നാടോടി ഭേദങ്ങളുമാണെന്ന് റാപ്പ് കലാകാരന്മാര്‍ ഉറച്ച് വിശ്വസിക്കുന്നു. സംഗീതത്തിന്‍റെ താളത്തിനൊത്ത് സൗന്ദര്യശാസ്ത്രപരമായി വാക്കുകള്‍ ഈണപ്പെടുത്തുമ്പോള്‍ വാക്കുകളുടെ തെരഞ്ഞെടുപ്പിന് കൃത്യമായ രാഷ്ട്രീയമുണ്ട്. റാപ്പിന്‍റെ സൗന്ദര്യശാസ്ത്രസങ്കേതം ഇത്തരം നാട്ടുപദങ്ങളുടെ തെരഞ്ഞെടുപ്പിലാണ്. ഡിജിറ്റല്‍ കാലഘട്ടത്തിലെ ഭാഷാസമീപനങ്ങളുടെ പ്രകടരൂപമായി റാപ്പ് മാറിക്കഴിഞ്ഞു. യുവതലമുറ സ്ഥിരമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും സോഷ്യല്‍ മീഡിയയുടെ സ്വാധീനം വഴി നിര്‍മ്മിച്ചെടുക്കുന്ന പുതിയ പദങ്ങളും ശൈലികളും റാപ്പുകളില്‍ നിരവധിയുണ്ട്. സ്റ്റാറ്റസോളി, കമന്‍റോളി, എയറിലാവുക,  വയറാലാവുക, ചില്‍, ഫീല്‍, മൂഡ് പോലുള്ള പദങ്ങള്‍ മലയാളി യാതൊരു മടിയുമില്ലാതെ പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു.

എല്ലാത്തരം ഭാഷാ പ്രയോഗങ്ങളെയും മലയാള റാപ്പുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. നിലനില്‍ക്കുന്ന ഭാഷാശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ സങ്കല്‍പ്പനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് റാപ്പ് അതുണ്ടായ കാലം മുതല്‍ മുന്നോട്ട് പോകുന്നത്. ചങ്ങല, നരബലി, വേട്ട, അടിയാന്‍, അടിമ, ചതി, വഞ്ചന, ഇരുണ്ട, കറുപ്പ് തുടങ്ങിയ ബോധപൂര്‍വ്വമായ ഭാഷാപ്രയോഗം വെള്ളവംശീയക്കെ തിരേയും സവര്‍ണ്ണമേധാവിത്വത്തിനുമെതിരെയുള്ള ഹിപ്പ് ഹോപിന്‍റെ പ്രതിരോധമാണ്. 

യുവതലമുറയുടെ കേവല വിനോദോപാധിയ്ക്കപ്പുറമായ് ഇത്തരത്തില്‍ കാമ്പുള്ള ചിന്തകള്‍ക്കും പഠനങ്ങള്‍ക്കുമുള്ള വേദിയാണ് റാപ്പുകള്‍. നിലനില്‍ക്കുന്ന ജ്ഞാനപദ്ധതികളുടെ പ്രായോഗികസിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് റാപ്പിന്‍റെ രൂപത്തേയും പ്രയോഗത്തേയും കൃത്യമായി വിലയിരുത്താന്‍ കഴിയും. ഭാഷാശാസ്ത്രപരമായ പുതിയ പഠനമേഖലകളിലേക്ക് വെളിച്ചം വീശാനും ഇത്തരം റാപ്പ് ഗാനങ്ങള്‍ സഹായിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സഹായകഗ്രന്ഥങ്ങള്‍:

ഗിരീഷ് പി.എം, 2012, അറിവും ഭാഷയും ധൈഷ്ണിക ഭാഷാശാസ്ത്രം; ആമുഖം, തിരുവനന്തപുരം, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്.
ജോര്‍ജ് എം.പി. (ഡോ.) 2013, പാശ്ചാത്യസംഗീത പ്രവേശിക, കോട്ടയം, ഡി.സി. ബുക്ക്സ്.
Keyes, C, 2004, Rap music and street consciousness, South Oak street, Champion, University of illinois press.
Lommel, C, 2001, The History of rap music, United States, Chelsa House Publications.
Priya, Parmar, 2005, Cultural studies and Rap: The poetry of an Urban lyricist, Taboo, Spring - Summer.
Samy Alim, H, 2006, Roc the mic right: The language of hip hop culture, Routledge Tayler & Francis group, Newyork and London.
URL :
https://youtu.be/OPzY3ekolrA
https://youtu.be/J6VeU04NZr4
https://youtu.be/yuJxPXogFlg
https://youtu.be/yuHXlXogFlg
https://youtu.be/d4d4cgWtfaU


സിബിള്‍ സണ്ണി
ഗവേഷകന്‍
ഗവ. കോളേജ് കട്ടപ്പന
&
ഡോ. ബെന്നിച്ചന്‍ സ്കറിയ
അസോസിയേറ്റ് പ്രൊഫസര്‍ & റിസേര്‍ച്ച് ഗൈഡ്
ഗവ. കോളേജ് കട്ടപ്പന