Myth: Social Ethos and Interdisciplinary Methods of Study
Dr. M. I. Punnoose
The study of myths has much relevance and importance in mass cultural studies. They are crucial topics in history and folkloristics as they function as a set of beliefs, customs, practices and entertainments underlying a society. Myths are symbolic representations of the different aspects of the nature, perspectives and structure of a society. The discursive diversity of myths constrains an absolute definition. This research paper discusses the interdisciplinary nature and related areas of myths which are often considered part of Sacred History, Primitive Science and the hallucinations of the Collective Consciousness of a community. It takes into consideration the possibilities and relevance of myths in the social science disciplines including literature, history, religion, music and science.
മിത്ത്: സാമൂഹികധര്‍മ്മവും അന്തര്‍വൈജ്ഞാനിക പഠനവഴികളും
ഡോ. എം. ഐ പുന്നൂസ്
പ്രബന്ധസംഗ്രഹം
ജനസംസ്കാരപഠനത്തില്‍ ഏറെ പ്രസക്തിയും പ്രാധാന്യവുമുള്ള വൈജ്ഞാനിക വിഷയമാണ് മിത്തുകള്‍. ഒരു ജനസമൂഹത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും വിനോദവുമൊക്കെയുള്‍ക്കൊള്ളുന്ന സര്‍വ്വതലസ്പര്‍ശിയായ സംസ്കാരപഠനവിഷയമെന്ന നിലയിലാണ് മിത്തുകള്‍ ചരിത്രത്തിലും നാടോടിവിജ്ഞാനീയത്തിലും സവിശേഷപ്രാധാന്യം നേടുന്നത്. സമൂഹമനസ്സിന്‍റെ പ്രതീകാത്മകാവിഷ്കാരങ്ങളെന്ന നിലയില്‍ സമൂഹത്തിന്‍റെ ഘടനയും സ്വഭാവവും ലോകബോധവുമാണ് മിത്തുകള്‍ പലനിലകളില്‍ പ്രകാശിപ്പിക്കുന്നത്. കൃത്യമായ ഒരു നിര്‍വ്വചനപരിധിയിലൊതുക്കി നിര്‍ത്താനാവാത്ത നിലയിലുള്ള വ്യവഹാരവൈവിധ്യമാണ് മിത്തുകളുടെ സവിശേഷത. ദിവ്യചരിത്രമായും (Sacred History) പ്രാകൃതശാസ്ത്രമായും(Primitive Science) സമഷ്ട്യബോധത്തിന്‍റെ ഭ്രമകല്പനകളായുമൊക്കെ വിലയിരുത്തപ്പെടുന്ന മിത്തുകളുടെ അന്തര്‍വൈജ്ഞാനിക സ്വഭാവവും പര്യന്തപഠനമേഖലകളുമാണ് ഈ പ്രബന്ധം ചര്‍ച്ച ചെയ്യുന്നത്. സാഹിത്യം, ചരിത്രം, മതം, സംഗീതം, ശാസ്ത്രം തുടങ്ങിയ സാമൂഹികവിജ്ഞാന വിഷയങ്ങളില്‍ മിത്തുകളുടെ വ്യവഹാരസാധ്യതകളും പ്രസക്തിയുമാണ് പ്രധാനമായും വിശകലന വിധേയമാക്കിയിരിക്കുന്നത്.
താക്കോല്‍ വാക്കുകള്‍: പുരാവൃത്തം (Myth), ദിവ്യചരിത്രം (Sacred History), മിത്തീം (Mytheme), പ്രാകൃതശാസ്ത്രം(Primitive Science), സമാന്തരചരിത്രം(Para History), ആദിപ്രരൂപം (Archetype), ക്രിയാചിഹ്നം (Act Symbol), മാതൃപ്രരൂപം (Mother Archetype)
സമൂഹമനസ്സാണ് മിത്തുകള്‍ സൃഷ്ടിക്കുന്നത്. വൈയക്തി കമായ അനുഭവങ്ങള്‍ക്കിവിടെ വലിയ പ്രസക്തിയില്ല. സഫലമാ കാത്ത വാസനകളെയും തൃഷ്ണകളെയും കുറിച്ചുള്ള സമൂഹ ത്തിന്‍റെ സ്വപ്നങ്ങളാണ് മിത്തുകളായി പിറവിയെടുക്കുന്നത്. അതൊരു സാമൂഹികാനുഭവ പ്രക്രിയയുടെ പുനരാഖ്യാനമാണ്. സമൂഹമനസ്സിന്‍റെ പ്രതീകാത്മക പ്രതിനിധാനങ്ങളെന്ന നിലയില്‍ മിത്തുകള്‍ ഒരു സമൂഹത്തിന്‍റെ ഘടനയും സ്വഭാവവും പല നിലകളില്‍ വെളിപ്പെടുത്തുന്നുണ്ട്. ചരിത്രകാരന്മാര്‍ക്കും ഫോക്ലോ റിസ്റ്റുകള്‍ക്കുമെന്നപോലെ സാമൂഹിക ശാസ്ത്രജ്ഞ ന്മാര്‍ക്കും മിത്തുകള്‍ പ്രധാന പഠനവിഷയമാകുന്നത് അതുകൊണ്ടാണ്.
മിത്തുകളും അവയുടെ വിശകലനങ്ങളും സമൂഹമനസ്സിന്‍റെ ഉള്ളറകളെയാണ് പ്രതിഫലിപ്പിക്കുന്നത്. മിത്തുകള്‍ക്ക് പിന്നിലെ സമഷ്ട്യബോധത്തെക്കുറിച്ച് (Collective Unconscious) പരാമര്‍ശിക്കു മ്പോള്‍ ഡോ.എം. ലീലാവതി ഇങ്ങനെ എഴുതുന്നു."മിത്തുകളില്‍ സമഷ്ടിചേതസ്സിലെ സത്തകളും കല്പനകളുമാണുള്ളത്. അവ യുക്തി വിചാരമേഖലകള്‍ക്കതീതമാണ്. അവയിലെ യുക്തിനി ഷ്ഠമോ, യഥാതഥമോ അല്ലാത്ത കല്പനകള്‍ ബോധമനസ്സിന്‍റെ പ്രതിരോധങ്ങളെയോ, വിലക്കുകളെയോ കൂട്ടാക്കാതെ നേരെ നമ്മുടെ അന്തരാത്മാവിലേക്കാണ് പ്രവേശിക്കുന്നത്." (ലീലാവതി എം.: 1993)
സാമൂഹികജീവിതത്തില്‍ സര്‍വ്വതലസ്പര്‍ശിയായ വ്യവഹാരശേഷിയും പ്രസക്തിയുമാണ് മിത്തുകള്‍ക്കുള്ളത്. ഒരു സമൂഹത്തിന്‍റെ ആചാരസവിശേഷതകളെയും സാംസ്കാരികസജീവതയെയും മാത്രമല്ല, അവരുടെ ലോകബോധത്തെപ്പോലും രൂപപ്പെടുത്തുന്നതില്‍ മിത്തുകള്‍ക്ക് ഗണ്യമായ സ്ഥാനമുണ്ട്. ഭാഷ, ഭക്ഷണം, വേഷം, ആരാധന, വിശ്വാസം ചിന്ത, തുടങ്ങി സമസ്തമേഖലകളിലും മിത്തുകളുടെ സ്വാധീനം പ്രകടമാണ്. ഉദാഹരണത്തിന് ഭക്ഷ്യശീലങ്ങള്‍, പാചകരീതികള്‍, ആഹാരക്രമം, നിഷിദ്ധഭക്ഷ്യവസ്തുക്കള്‍ തുടങ്ങി ഭക്ഷണവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സമുദായങ്ങള്‍ക്കിടയില്‍ വലിയ അന്തരങ്ങള്‍ കാണാം. ഇതെല്ലാം വിശദീകരിക്കുന്നതിന് ഓരോ സമൂഹത്തിനും അവരവരുടേതായ പുരാവൃത്തകാഴ്ചപ്പാടുകളും കാണും. മിത്തുകളുടെ മായികസ്പര്‍ശവും സാന്നിധ്യവും സാമൂഹികമണ്ഡലങ്ങളില്‍ മാത്രമല്ല, ശാസ്ത്രമേഖലകളിലും സ്വാധീനം ചെലുത്തിക്കാണാറുണ്ട്. ഗോളാന്തരയാത്രകളുടെ പരിഷ്കാരരഥ്യകളിലൂടെ ശാസ്ത്രലോകം കുതിക്കുമ്പോഴും അവിടെയും മനുഷ്യനെ നിഴല്‍ പോലെ മിത്തുകളുടെ മായികാംശങ്ങള്‍ പിന്തുടരുന്നത് കാണാം. മിത്തുകള്‍ക്ക് ശാസ്ത്രയുഗത്തിലും സമഷ്ട്യബോധങ്ങളില്‍ ചെലുത്താന്‍ കഴിയുന്ന സ്ഥാനമാണിത് വ്യക്തമാക്കുന്നത്. ചരിത്രം, മതം, ശാസ്ത്രം, സാഹിത്യം തുടങ്ങിയ മണ്ഡലങ്ങളില്‍ മിത്തുകള്‍ക്കുള്ള അന്തര്‍വൈജ്ഞാനിക പ്രസക്തിയും പ്രാധാന്യവുമാണിവിടെ ചര്‍ച്ചചെയ്യുന്നത്.
മിത്തും ചരിത്രവും
മിത്തും ചരിത്രവും ഇടകലരുന്നുവെന്നത് ഇന്‍ഡ്യന്‍ ചരിത്രനിര്‍മ്മിതിയുടെ ഒരു വ്യവഹാര സങ്കീര്‍ണ്ണതയാണ്. പ്രാചീന, മധ്യകാലഘട്ടങ്ങളുടെയൊക്കെ ഭാരതചരിത്രം ഏതെങ്കിലും നിലയില്‍ മിത്തും ചരിത്രവുമായി ചേര്‍ത്തു വായിക്കേണ്ട സ്ഥിതിയാണുള്ളത്. ആധികാരികമായ പ്രഭവരേഖകളുടെ അഭാവമാണ് ഇത്തരമൊരു സന്ദിഗ്ധാവസ്ഥ സൃഷ്ടിക്കുന്നത്. ഭൂതകാലത്തില്‍ ശ്രദ്ധ ചെലുത്താത്തവര്‍ക്ക് ഭാവിയിലുള്ള ശ്രദ്ധയും കുറഞ്ഞിരിക്കുമെന്ന് നിരീക്ഷിക്കാനാവും. ഇന്‍ഡ്യയുടെ നിഷ്പക്ഷവും സമഗ്രവുമായ ചരിത്രം ഇനിയും ഉണ്ടാകേണ്ടി യിരിക്കുന്നുവെന്ന് ഇന്‍ഡ്യയുടെ മുന്‍രാഷ്ട്രപതി ഡോ.എ.പി. ജെ. അബ്ദുള്‍ കലാം നടത്തിയിട്ടുള്ള പരാമര്‍ശവും ഇവിടെ ശ്രദ്ധേയമാണ്. (ഡോ.അബ്ദുല്‍ കലാം: 2005)
ഭാരതത്തിന്‍റെ ചരിത്രവഴികളിലെ ശൂന്യതകളും ദുര്‍ഘടാവസ്ഥകളും മറികടക്കാന്‍ സഹായിക്കുന്ന വസ്തുനിഷ്ഠമായ തെളിവുകളുടെ പരിമിതി സങ്കീര്‍ണ്ണമായ ഒരു ചരിത്രപ്രശ്നമാണ്. പ്രാചീന ഉപകരണങ്ങള്‍, നാണയങ്ങള്‍, നഗരാവശിഷ്ടങ്ങള്‍ തുടങ്ങിയ മൂര്‍ത്തമായ പുരാവസ്തുക്കള്‍ ചരിത്രരചനയ്ക്കുപയുക്തമായ പ്രധാന വസ്തുനിഷ്ഠത്തെളിവുക ളാണ്. ഇത്തരം ഉപാദാനങ്ങളുടെ ദൗര്‍ലഭ്യവും അവ്യക്തതകളും ചരിത്രനിര്‍മ്മിതിയിലെ പ്രധാന പ്രതിബന്ധങ്ങളാണ്. ആത്മനിഷ്ഠ തയുള്ള ചരിത്രോ പാധികളെ ഏറെ ആശ്രയിക്കേണ്ടിവരുന്ന സാഹ ചര്യമിതാണ്.
ആത്മനിഷ്ഠമായ ചരിത്രോപകരണങ്ങള്‍
പ്രാചീന സഞ്ചാരികളുടെ യാത്രാക്കുറിപ്പുകള്‍, ഗുഹാഭിത്തി കളിലെ ചിത്രരചന, പുരാവൃത്തങ്ങളും പുരാണകഥകളുമടക്കമുള്ള വാമൊഴിവഴക്കങ്ങള്‍ എന്നിവയാണ് ചരിത്രരചനയില്‍ സഹായിക്കുന്ന ആത്മനിഷ്ഠമായ ചരിത്ര സാമഗ്രികള്‍. വിജ്ഞാനകുതുകികളും സഞ്ചാരപ്രിയരുമായിരുന്ന പ്ലിനി, പെരിപ്ലസ് കര്‍ത്താവ്, ഫാഹിയാന്‍, ഹ്യുയാന്‍ സാങ്ങ്, മാര്‍ക്കോപോളോ തുടങ്ങിയവരുടെ കുറിപ്പുകളാണ് അന്ധകാരാവൃതമായ ഇന്ത്യയുടെ പ്രാചീനകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ചില ഞെക്കുവിള ക്കുകള്‍. അവയാകട്ടെ പലപ്പോഴും അതിശയോക്തി കലര്‍ന്ന ഭാവനാവ്യാപാരങ്ങള്‍ കൊണ്ട് ചരിത്രരചനയില്‍ പ്രതിസന്ധി കളുമുണ്ടാക്കാറുണ്ട്.
ചരിത്രനിര്‍മ്മിതിയില്‍ ഏറെ ആശ്രയിക്കേണ്ടിവരുന്ന ചരിത്രസാമഗ്രികളാണ് വാമൊഴി ചരിത്രപാഠങ്ങള്‍. മിത്തുകളെ സമാന്തരചരിത്രം (para history) എന്ന് മൈക്കിള്‍ ഗ്രാന്‍റ് എന്ന പണ്ഡിതന്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനമിതാണ് (മൈക്കിള്‍ ഗ്രാന്‍റ്: 1971). ചരിത്രത്തില്‍ എന്തു സംഭവിച്ചു എന്നല്ല, എന്തെല്ലാം സംഭവിച്ചിരിക്കാനിടയുണ്ടെന്ന പ്രാചീന മനുഷ്യന്‍റെ ജിജ്ഞാസാഭരി തമായ അന്വേഷണങ്ങളാണ് ഈ സമാന്തര ചരിത്രം സൃഷ്ടിക്കുന്ന തെന്നദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. റോമന്‍ മിത്തോളജി പഠനവിധേയ മാക്കിയ ڇഗ്രാന്‍റ്,چ റോമിനെക്കുറിച്ചുള്ള മിത്തുകളുടെ സമാന്തര ചരിത്രത്തെ തള്ളിക്കളയുന്നില്ല. ചരിത്രം ആവശ്യമായിരിക്കുന്നതു പോലെ തന്നെ ഒരാള്‍ക്ക് മിത്തുകളുടെ സമാന്തരചരിത്രവും ആവശ്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. (one needs a history and a para history as well) മിത്തുകള്‍ ശകലിതമായ ചരിത്രാഖ്യാനങ്ങളാണ്. ചരിത്രശാസ്ത്രം ഒരര്‍ത്ഥത്തില്‍ പുരാവൃത്താഖ്യാനങ്ങളുടെ തുടര്‍ച്ചയും വിപുലനവുമാണെന്ന് ലെവിസ്ട്രോസ് നിരീക്ഷിക്കു ന്നുണ്ട് (Levistrauss: 1978)
څഭാരതചരിത്ര നിര്‍മ്മിതിയുടെ പ്രഥമാകാരങ്ങള്‍ പലതും പുരാണങ്ങളെയും പുരാവൃത്ത പാഠങ്ങളെയും ആശ്രയിച്ചാണ് നില്ക്കുന്നതെന്നാണ് ഡി.ഡി.കൊസാംബി അഭിപ്രായപ്പെടുന്നത്. (കൊസാംബി ഡി.ഡി.: 2003) പുരാണഗ്രന്ഥങ്ങളെയും പുരാവൃത്തങ്ങ ളെയും പുനര്‍വായിച്ചുകൊണ്ട് ചരിത്രപഠനത്തില്‍ പുതിയ സാധ്യതകളുടെ വഴിതുറന്ന ആധുനിക ഇന്‍ഡ്യന്‍ ചരിത്രകാരനാണ് കൊസാംബി. മറ്റേതു വൈജ്ഞാനിക വിഷയത്തേക്കാളധികം ചരിത്രപഠനത്തിലാണ് മിത്തുകള്‍ നിലനില്കുന്നതെന്ന ڇമിര്‍ഷ്യ എലിയഡിന്‍റെ നിരീക്ഷണവും ഇവിടെ ശ്രദ്ധേയമാണ്. [... the fact is that more than anywhere else it (Myths) survives in historiography ].( Mircea Eliade, quote: 1949)
മിത്തും മതാനുഷ്ഠാനങ്ങളും
മറ്റു പല വൈജ്ഞാനിക മേഖലകളുമായി മിത്തുകള്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും മതങ്ങള്‍ക്കാണ് മിത്തുകളുടെ മാതൃസ്ഥാനമവകാശപ്പെടാന്‍ കഴിയുന്നത്. മിത്തുകള്‍ എപ്പോഴും മതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ പ്രകൃത്യതീത ശക്തികളായ ദേവതകളുടെയും ദൈവങ്ങളുടെയും ലോകത്തെയാണ് ചിത്രീകരിക്കുന്നതെന്നും ലളിത ഹാണ്ടൂ,چഫോക് ആന്‍റ് മിത്ത് എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. (Lalitha Handoo : 1994)
മരണത്തെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമുള്ള ഉത്കണ്ഠകളാണ് മതാത്മക ചിന്തകളുടെയെല്ലാം അടിസ്ഥാനം. ഇവ രണ്ടും യുക്തി കൊണ്ടും ശാസ്ത്രബോധം കൊണ്ടും ഇന്നും നിര്‍ദ്ധാരണം നടത്താന്‍ കഴിഞ്ഞിട്ടില്ലാത്ത സമസ്യകളാണ്. മതാത്മകദര്‍ശനങ്ങളില്‍ ഈ സമസ്യകളെ മറികടക്കാനുള്ള ലളിതമായ മാര്‍ഗ്ഗം മനുഷ്യാതീതമായ ശക്തിവിശേഷങ്ങളെ വിശ്വാസത്തിലെടുക്കുകയും അവയ്ക്ക് വിധേയപ്പെടുകയുമാണ്. വിസ്മയനീയമായ ലോകക്കാഴ്ചകളുടെ അമ്പരപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവഴിയാണിത്.
പുരാവൃത്തങ്ങളും കാല്പനികമായ ചരിത്രോല്പത്തി സിദ്ധാന്തങ്ങളും പിറവിയെടുക്കുന്നത് ഈ വിശ്വാസലോകത്താണ്. കാരണം ഇവിടെ ദിനസരികളുടെ മഹാസാഗരത്തിലൂടെ സഞ്ചരിക്കാന്‍ ഒരു തോണിയും നാവികനും തീര്‍ച്ചയായും ആവശ്യമായി വരുന്നുണ്ട്. ഇപ്രകാരം ഏതെങ്കിലും മതത്തിന്‍റെ തോണിയില്‍ രക്ഷകനായ ഈശ്വരനെ നാവികനാക്കിക്കൊണ്ടാണ് ഓരോ വിശ്വാസിയും ലോകസഞ്ചാരം നടത്തുന്നത്. ദൈവമെന്ന അപരസ്വത്വത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങളെ അതിവേഗം വിനിമയം ചെയ്യുന്നതിനുള്ള മാധ്യമമായി എല്ലാ ലോകമതങ്ങളും പുരാവൃത്തങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഫോസ്റ്റര്‍ മെക്കര്‍ലിچ പറയുന്നതു പോലെ മിത്തുകള്‍ ഇവിടെ ഒരു യാഥാര്‍ത്ഥ്യത്തിന്‍റെ ആവിഷ്കാരമായി മാറുകയാണ് (myth is an invention about truth, Foster Maccurley: 1983).
ഭൂമി, സ്വര്‍ഗ്ഗം, പാതാളം എന്നീ മൂന്ന് അധിവാസപരികല്പനകളുടെ അടിസ്ഥാനത്തിലാണ് എല്ലാ മതങ്ങളും പുരാവൃത്താവിഷ്കാരങ്ങള്‍ നടത്തിയിട്ടുള്ളത്. സൃഷ്ടി, സ്ഥിതി, സംഹാര സങ്കല്പങ്ങളും രക്ഷ, ശിക്ഷ, മോക്ഷം തുടങ്ങിയ പരികല്പനകളും ഇതിന്‍റെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ്. മതപരമായ പുരാവൃത്തങ്ങള്‍ക്കൊന്നും യുക്തിഭദ്രമായ വിശദീകരണങ്ങളില്ലെന്ന വിചാരപക്ഷത്തെ അതേ നാണയം കൊണ്ടുതന്നെയാണ് മതചിന്താപക്ഷം നേരിടുന്നത്. ആദിപ്രരൂപങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ ഡോ.ലീലാവതി ഇങ്ങനെ എഴുതുന്നു: (ലീലാവതി എം.: 1993)
څ'ഭൗതികവാദത്തിലൂടെ അനാവരണം ചെയ്യാനാവാത്ത ഒരു സത്യവുമില്ലെന്ന ധാരണ ശാസ്ത്രയുഗത്തിന്‍റെ അന്ധവിശ്വാസങ്ങള ിലൊന്നാണ്. ഈ അന്ധവിശ്വാസം ആദ്ധ്യാത്മികസത്തയും, കാവ്യ, കലാസത്യങ്ങളും നിരര്‍ത്ഥകമെന്ന് തള്ളിക്കളയുന്നു. മതബോധം څഭയചകിതമായ മനസ്സിന്‍റെ ഷണ്ഡത്വവും വ്യാമോഹങ്ങളും ആണെന്നു വിധിക്കാന്‍ ഈ അന്ധവിശ്വാസം മടിക്കാറില്ല."
ശാസ്ത്രചിന്തയും കുറ്റമറ്റതല്ലെന്ന വിചാരം മതപരമായ പുരാവൃത്തങ്ങളെ കൂടുതല്‍ പ്രസക്ത മാക്കുന്നുണ്ട്. മിത്തുകള്‍ നിലനില്പിനും അതിജീവനത്തിനുമുള്ള സാധൂകരണവും ഉപകരണവുമായി മാറുന്നതിങ്ങനെയാണ്.
മതാത്മക ചരിത്രപഠനത്തിലും മിത്തുകളുടെ അപഗ്രഥനത്തി ലും വിലപ്പെട്ട സംഭാവനകള്‍ നല്കിയ ആധുനിക എഴുത്തുകാര നാണ് ڇമിര്‍ഷ്യ ഏലിയഡ്چ (ങശൃരലമ ഋഹശമറല). മതവും മിത്തും തമ്മിലു ള്ള ബന്ധം ചര്‍ച്ച ചെയ്യുന്ന നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അദ്ദേഹം.[1. Patterns in Comparative Religion, 2.The Myth of Eternal Return, 3. A History of Religious Ideas].
മതവും മിത്തുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ മിര്‍ഷ്യ എലിയഡിന്‍റെ നിരീക്ഷണങ്ങളെ അവഗണിച്ച് പോകാനാവില്ല. എല്ലാ മിത്തുകളും ഏതെങ്കിലും തരത്തില്‍ മതാത്മകങ്ങളാണെന്നും (ൃലഹശഴശീൗെ) അവയെല്ലാം മതാത്മകമായ ഒരു ഘടനയും ധര്‍മ്മവും നിവര്‍ത്തിക്കുന്നുണ്ടെന്നും മിര്‍ഷ്യ സ്ഥാപിക്കുന്നുണ്ട്.(മിര്‍ഷ്യ എലിയഡ്: 1949)
മിത്തും അനുഷ്ഠാനവും
മിത്ത് ഒരു വാക്ചിഹ്നവും (ംീൃറ ്യൊയീഹ) അനുഷ്ഠാനം ക്രിയാ ചിഹ്നവുമാണ് (മരേ ്യൊയീഹ). മതം, മിത്ത്, അനുഷ്ഠാനം എന്നിവ ആത്മീയ വ്യവഹാരമണ്ഡലത്തില്‍ വളരെ പരസ്പരാശ്രിത ങ്ങളായി നിലകൊള്ളുന്ന ഘടകങ്ങളാണ്. ഏത് ഏതില്‍ നിന്ന് പിറവിയെടുക്കുന്നു എന്നുപോലും പറയാനാവാത്ത നിലയില്‍ അവ പരസ്പരാപേക്ഷിതങ്ങളാണ്. മിത്തില്‍ നിന്ന് അനുഷ്ഠാനങ്ങളുണ്ടാ കുകയും അനുഷ്ഠാനങ്ങളില്‍നിന്ന് മിത്തുകള്‍ ഉണ്ടാകുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെ പ്രശസ്ത അമേരിക്കന്‍ മന:ശാസ്ത്രജ്ഞനും ചിന്തകനുമായ ڇറോളോ മേയ്چ ഇങ്ങനെ വിലയിരുത്തു ന്നുണ്ട്:
A ritual is a myth transformed into action. This is observable in Indian tribes; the ritual expresses the myth by action of the body. Myth gives birth to rituals and rituals give birth to myths.(Rollo May:1991)
പുരാവൃത്തങ്ങളെ സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതി ലും പ്രചരിപ്പിക്കുന്നതിലും മതങ്ങള്‍ക്കും മതാനുഷ്ഠാനങ്ങള്‍ക്കു മുള്ള പങ്ക് വളരെ വലുതാണ്.
മിത്തുകളുടെ സ്വാധീനം സാഹിത്യത്തിലും സംഗീതത്തിലും
അനുഭവങ്ങളുടെ പ്രതീകാത്മകാവിഷ്കാരങ്ങളെന്ന നിലയില്‍ മിത്തും കവിതയും വളരെ സമാനമായ ഭാഷാവ്യാപാ രങ്ങളാണ്. ഭാവനയാണ് രണ്ടിനു പിന്നിലുമുള്ള പ്രചോദകശക്തി. മിത്തും കവിതയും വേര്‍പിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടു നില്കുന്നുവെന്ന് ڇഷ്ളേഗല്‍چ അഭിപ്രായപ്പെടുന്നുണ്ട് (ഫ്രെഡറിക് ഷ്ളേഗല്‍: 1968). മിത്തും സാഹിത്യവുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതാണ് നോര്‍ത്രോപ്പ് ഫ്രൈയുടെ നിരീക്ഷണം. അദ്ദേഹം ഇങ്ങനെ എഴുതുന്നു: Myth is a structural element in literature, because literature as a whole is a displaced mythology (Northrop Frye:1963).
പ്രതീകാത്മക കല്പനകളിലൂടെയും അനഭ്യസ്തമായ ഭാവനകളിലൂടെയും സാക്ഷാത്കരിക്കപ്പെടുന്ന ആഖ്യാനരൂപ ങ്ങളാണ് മിത്തുകള്‍. ഭാവനാസിദ്ധിയും സൃഷ്ട്യുന്മുഖതയും വളര്‍ത്തുന്നതില്‍ സാഹിത്യത്തിനു സമാനമായ ഒരു ധര്‍മ്മം മിത്തുകളും നിര്‍വ്വഹിക്കുന്നുണ്ട്. വാമൊഴി പ്രധാനമായിരുന്ന പ്രാചീന സമൂഹങ്ങളില്‍ മിത്തുകള്‍ അനുഷ്ഠിച്ചുവന്ന ധര്‍മ്മമാണ് അച്ചടി വൈഭവമാര്‍ജ്ജിച്ച ആധുനിക സമൂഹത്തില്‍ സാഹിത്യാ വിഷ്കാരങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നു പറയാം.
കഥ, കവിത, നോവല്‍, നാടകം, സിനിമ തുടങ്ങിയ നവീന കലാവിഷ്കാരമാധ്യമങ്ങളിലെല്ലാം മിത്തുകള്‍ പുന:സൃഷ്ടിക്കപ്പെ ടുന്നുണ്ട്. പ്രമേയം കൊണ്ടുമാത്രമല്ല മൈത്തികാംശമുള്ള രംഗവിതാനം കൊണ്ടും സംഗീതം കൊണ്ടുമൊക്കെ ശ്രദ്ധേയമായ സാഹിത്യകൃതികളുണ്ട്. ഗോയ്ഥേയുടെ ഫൗസ്റ്റ്چനാടകത്തിലും സോഫോക്ലിസ്സിന്‍റെ ڇഈഡിപ്പസ്സിലും ഡാന്‍റേയുടെ ڇഡിവൈന്‍ കോമഡിയിലും ഷേക്സ്പിയറുടെ ڇമാക്ബത്തിലുമൊക്കെ പുരാവൃത്താംശങ്ങളുടെ ഉചിതമായ സന്നിവേശം നമുക്ക് കാണാം.
മലയാളസാഹിത്യത്തില്‍ നാടന്‍പാട്ടുകളിലും വീരകഥാഗാ നങ്ങളിലും മിത്തുകളുടെ കാവ്യാവിഷ്കാരം വളരെയേറെയുണ്ട്. പുരാണകഥകളെയും പുരാവൃത്തങ്ങളെയും ഉപജീവിച്ചുകൊണ്ടുള്ള നോവലുകളും നിരവധിയുണ്ട്. എം.ടി.യുടെ ڇരണ്ടാമൂഴം, പി.കെ.ബാ ലകൃഷ്ണന്‍റെ ڇഇനി ഞാനുറങ്ങട്ടെ, തുടങ്ങിയ നോവലുകള്‍ പുരാണ ഇതിഹാസകഥകളെ നേരിട്ട് പുനരാവിഷ്ക്കരിച്ചി ട്ടുള്ളവയാണ്. മാര്‍ത്താണ്ഡവര്‍മ്മ, ചെമ്മീന്‍, ഖസാക്കിന്‍റെ ഇതിഹാസം, പാണ്ഡവപുരം, ഗോവര്‍ദ്ധന്‍റെ യാത്രകള്‍ തുടങ്ങിയ നോവലുകളില്‍ പുരാവൃത്തസ്വാംശീകരണം സമര്‍ത്ഥമായി നടത്തിയിട്ടുണ്ട്. ചെമ്മീന്‍ നോവലില്‍ തുറയരയന്മാരുടെ ഒരു പുരാവൃത്തവിശ്വാസത്തിന്‍റെ കാവ്യാവിഷ്കാരംവഴി അത് വളരെ പ്രത്യക്ഷമായിരിക്കുമ്പോള്‍ ഖസാക്കിന്‍റെ ഇതിഹാസത്തില്‍ മൈത്തികാംശങ്ങള്‍ ധ്വനിഗര്‍ഭിതമായി നിന്നുകൊണ്ട് നോവലിന് നിഗൂഢസൗന്ദര്യം പകര്‍ന്നു നല്കുകയാണ് ചെയ്യുന്നത്. കുട്ടാടന്‍ പൂശാരിയുടെ ദൈവപ്പുരയും ചെതലിയുടെ കൊടുമുടികളില്‍ അലഞ്ഞുനടക്കുന്ന മിയാന്‍ ഷെയ്ഖും ജിന്നുകളും തുടങ്ങി നിരവധി വസ്തുതകളില്‍ പുരാവൃത്താംശങ്ങളുണ്ട്. എന്നാല്‍ ഈ നോവലിന്‍റെ അന്തര്‍ധാരയായി നിലനില്ക്കുന്നത് അഗമ്യഗമന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുരാവൃത്തബീജമാണ്. ഇതാണ് രവിയുടെ അശാന്തമായ മനസ്സിനെയും ജീവിതത്തെയും മാറ്റിമറിക്കുന്നത്.
മാതൃരതിയുടെ മാനസികപീഢകളില്‍പ്പെട്ടുപോയ ഈഡിപ്പസിനുണ്ടായ ദുരന്തം രവിയേയും വേട്ടയാടുന്നുണ്ട്. ഈഡിപ്പസ് മിത്തിന്‍റെ ആന്തരിക ഘടനയുടെ (മിത്തീം) ഒരു പുനരാവിഷ്കാരമാണ് ഖസാക്കിന്‍റെ ഇതിഹാസത്തിലും കാണാനാവുന്നത്. പീള കെട്ടിയ കണ്ണുകളുമായി തന്നെ കാത്തിരിക്കുന്ന വൃദ്ധനായ അച്ഛനെ അഭിമുഖീകരിക്കാതെ രവി അകന്നുനില്ക്കു ന്നതില്‍ കുറ്റബോധത്തിന്‍റെ ലാഞ്ചന മാത്രമല്ല, പിതൃബിംബത്തോ ടുള്ള അകല്‍ച്ചയുടെ മറ്റൊരുതലവും പ്രകടമാണ്. രവിയുടെ ചിറ്റമ്മ മാതൃസ്ഥാനത്തു നിലകൊള്ളുന്ന മാതൃബിംബമാണ് (ാീവേലൃ ശാമഴല) ചിറ്റമ്മയുടെ നഗ്നതകളില്‍ അഭിരമിക്കുന്ന രവി, ജൊക്കാസ്തയെ പ്രാപിക്കുന്ന ഈഡിപ്പസിന്‍റെ ചിത്രം പ്രതിധ്വനിപ്പിക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് പുരാവൃത്തഘടനയുടെ അഭിധായക വ്യവസ്ഥകള്‍ക്ക് സാര്‍വ്വ ലൗകികമായ മാനങ്ങളുണ്ടെന്നും ആ അടിസ്ഥാനപുരവൃത്ത ഘടനയുടെ (മിത്തീം) ഭാവനാപൂര്‍ണ്ണമായ പുനരാഖ്യാനങ്ങളാണ് സാഹിത്യസൃഷ്ടികളെന്നുമാണ്. കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യാഖ്യാന രൂപങ്ങളൊക്കെ മിത്തുകളുടെ തുടരാവിഷ്കാര ങ്ങളായി കണക്കാക്കാമെന്ന് മിര്‍ഷ്യ എലിയഡ് പറയുന്നു: "the literary imagination is the continuation of mythological creativity and oneiric experience” (Mircea Elliade quote: 1949)
പുരാവൃത്തങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിരവധി കവിതകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. പ്രാചീന മധ്യകാല കവികള്‍ പുരാണേതിഹാസങ്ങളെ പ്രത്യക്ഷത്തിലുപജീവിച്ചവരാണ്. ആധുനിക കവിതയില്‍ പുരാവൃത്തങ്ങളുടെ സൗന്ദര്യാത്മകമായ സ്വാംശീകരണങ്ങളുണ്ട്. ഇടശ്ശേരി, വൈലോപ്പിള്ളി, പി.കുഞ്ഞിരാമന്‍ നായര്‍ എന്നിവരുടെ കവിതകളില്‍ പുരാവൃത്തലോകം ഒരു സജീവസാന്നിദ്ധ്യമായിരുന്നിട്ടുണ്ട്. കാവാലം, കടമ്മനിട്ട, എന്‍.എന്‍. കക്കാട്, ഒ.എന്‍.വി.കുറുപ്പ്, ഡി. വിനയചന്ദ്രന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, സുഗതകുമാരി തുടങ്ങിയവര്‍ പുരാവൃത്തങ്ങള്‍ക്ക് ഉജ്ജ്വലമായ കാവ്യാവിഷ്കാരം നിര്‍വ്വഹിച്ചവരാണ്. ഇടശ്ശേരിയുടെ പൂതപ്പാട്ടില്‍ ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള പുരാവൃത്തത്തിന്‍റെ സമുജ്ജ്വലമായ കാവ്യാവിഷ്കാരം കാണാം. സര്‍വ്വസംഹാരശേഷിയുള്ള പൂതം പോലും ഒരമ്മയുടെ വാത്സല്യത്തിനു മുന്നില്‍ തോറ്റുമടങ്ങുന്നതാണ് ഇതിവൃത്തം.
അമ്മമിഴിക്കും കണ്ണിന്‍മുന്നിലൊ-
രുണ്മയില്‍നിന്നു തിങ്കളൊളിപ്പൂ-
പ്പുഞ്ചിരി പെയ്തു കുളിര്‍പ്പിച്ചും കൊ-
ണ്ടഞ്ചിതശോഭം പൊന്നുണ്ണി
(ഇടശ്ശേരി -പൂതപ്പാട്ട്)
മാതൃവാത്സല്യത്തിന്‍റെ വൈകാരികതീവ്രമായ ഉദ്ഗാനം മാത്രമല്ലിത്. മനുഷ്യനും പ്രകൃതിയും അഭൗമശക്തികളും മഹിതോദാരഭാവങ്ങളില്‍ ഒന്നിക്കുന്ന നിര്‍മ്മലത്വംകൂടി ഇത് വെളിപ്പെടുത്തുന്നുണ്ട്. തോറ്റുമടങ്ങിയടങ്ങിയ പൂതത്തിനോട് അമ്മയ്ക്ക് പ്രതികാരമേതുമില്ലാതായെന്നു മാത്രമല്ല, മകരക്കൊയ്ത്തൊഴിഞ്ഞ സമൃദ്ധകാലങ്ങളില്‍ ഉണ്ണിയെക്കാണാന്‍ വര്‍ഷംതോറും വന്നുപോകണമെന്ന് അമ്മ പൂതത്തെ ക്ഷണിക്കുക കൂടി ചെയ്യുന്നു. ഇത്തരം പുരാവൃത്തങ്ങളുടെ പൊട്ടിച്ചൂട്ടുകളാണ് നമ്മുടെ ഗ്രാമജീവിതങ്ങള്‍ക്ക് കൂടുതല്‍ നിറവും മിഴിവും പകര്‍ന്നുവന്നിരുന്നതെന്ന് കാണാവുന്നതാണ്.
മിത്തുകള്‍ക്ക് സംഗീതവുമായുള്ള ബന്ധത്തെപ്പറ്റി മിത്തും സംഗീതവും (ാ്യവേ മിറ ാൗശെര) എന്ന ലേഖനത്തില്‍ ലെവിസ്ട്രോസ് പ്രതിപാദിക്കുന്നുണ്ട്. പ്രാചീന ഗോത്രസമൂഹങ്ങളില്‍ പുരാവൃത്ത ങ്ങള്‍ അനുഷ്ഠിച്ചുവന്ന വൈകാരികവും ബൗദ്ധികവുമായ ധര്‍മ്മം ഇന്ന് സംഗീതശാഖയാണ് നിര്‍വ്വഹിക്കുന്നതെന്നാണ് ലെവിസ്ട്രോ സ് പറയുന്നത് (ലെവിസ് ട്രോസ്:1978). പതിനേഴാം നൂറ്റാണ്ടില്‍ ഫ്രെസ്കോ ബാല്‍ഡിയി ലൂടെയും (എൃലരെീയമഹറശ) 18-19 നൂറ്റാണ്ടണ്ടുകളില്‍ ബാക്കിലൂടെയും (ആമരവ) മൊസാര്‍ട്ടി ലൂടെയും (ങീ്വമൃേ) ആരംഭിക്കുന്ന ഈ മാറ്റം പിന്നീട് ബീഥോവനിലൂടെയും (ആലലവേീ്ലി) വാഗ്നറി ലൂടെയും (ണമഴിലൃ) പൂര്‍ത്തിയാവുന്നതായും ലെവിസ്ട്രോസ് നിരീക്ഷിക്കുന്നു. ഭാഷയ്ക്കു പിറന്ന രണ്ടു സഹോദരിമാരായി സംഗീതത്തെയും മിത്തിനെയും ലെവിസ്ട്രോസ് നിരീക്ഷിക്കുന്നതില്‍നിന്ന് ഇവയ്ക്കിടയിലുള്ള ബന്ധം എത്ര ശക്തമാണെന്ന് മനസ്സിലാക്കാം.
മിത്തും ശാസ്ത്രവും (Myth and Science)
പ്രപഞ്ചത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള മനുഷ്യ ജിജ്ഞാസകള്‍ക്ക് ഉത്തരം നല്കുന്ന വിചാരപക്ഷങ്ങളെന്ന നില യില്‍ മിത്തും ശാസ്ത്രവും ഒരു നാണയത്തിന്‍റെ രണ്ടുവശങ്ങളാ ണെന്നു പറയാം. എന്നാല്‍ ഇതര വൈജ്ഞാനിക വിഷയങ്ങളെ അപേക്ഷിച്ച് മിത്തിനെയും ശാസ്ത്രത്തെയും വിരുദ്ധദ്വന്ദങ്ങളെന്ന നിലയിലാണ് പലപ്പോഴും വ്യവഹരിക്കാറുള്ളത്.
പ്രപഞ്ച നിഗൂഢതകളെക്കുറിച്ചുള്ള പ്രചീനമനുഷ്യന്‍റെ ചിന്തയും ഭാവനയുമാണ് മിത്തുകളെ സൃഷ്ടിച്ചത്. ആ ചിന്തകളുടെ സൂക്ഷ്മവും യുക്തിഭദ്രവുമായ തുടര്‍ച്ചകളിലാണ് ശാസ്ത്രബോധമു ണ്ടാകുന്നത്. ഏതു ശാസ്ത്രീയ കലകളുടെയും അടിവേരുകള്‍ എത്തിനില്ക്കുന്നത് പ്രാകൃതകലാ വാസനകളിലാ ണെന്ന് കാണാം. ഇതിനു സമാനമാണ് മിത്തും ശാസ്ത്രവും തമ്മിലുള്ള ബന്ധവും. അപരിഷ്കൃതമായ മനോവ്യാപാരങ്ങളായി മിത്തുകളെ വിലയിരുത്തുന്ന ആധുനിക ശാസ്ത്രബോധത്തിന് ഇത് അംഗീകരിക്കാന്‍ കഴിയണമെന്നില്ല.
ഇതാണ് മിത്തിനും ശാസ്ത്രത്തിനുമിടയില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാകുന്നതിനു കാരണം. ദൈവത്തെ ന്യൂക്ലിയസ്സാക്കി വളര്‍ന്ന മതാധിഷ്ഠിത ലോകദര്‍ശനങ്ങളും മനുഷ്യകേന്ദ്രിതമായ യുക്ത്യധിഷ്ഠിത ലോകദര്‍ശനവും തമ്മിലുള്ള സംഘര്‍ഷമാണിത്. യഥാര്‍ത്ഥമായതെല്ലാം യുക്തിڅഭദ്രമാണെന്നും യുക്തിയുക്തമായതെല്ലാം യഥാര്‍ത്ഥമാണെന്നുമുള്ള ഹെഗലിന്‍റെ യുക്ത്യധിഷ്ഠിത വീക്ഷണങ്ങളാണ് മതങ്ങളുടെയും മിത്തുകളു ടെയും ആധികാരികതകള്‍ തകര്‍ക്കാന്‍ ശാസ്ത്രം പ്രയോജനപ്പെടു ത്തുന്നത്.
മിത്തും ശാസ്ത്രവും തമ്മിലുള്ള കലഹം ആരംഭിക്കുന്നത് അ.ഉ.1490 - കളോടെയാണെന്ന് ജോസഫ് കാംബ്ബെല്‍ നിരീക്ഷിക്കുന്നുണ്ട്. (ഖീലെുവ ഇമാുയലഹഹ: 1972) കൊളംബസ്സിന്‍റെയും മാക്മില്ലന്‍റെയും സാഹസികമായ ലോക സഞ്ചാരങ്ങള്‍, വാസ്കോഡഗാമയുടെ ആഫ്രിക്ക ചുറ്റിയുള്ള ഇന്‍ഡ്യായാത്ര, തുടങ്ങി ഈ കാലഘട്ടത്തില്‍ നടന്ന ഭൂഖണ്ഡാന്തരയാത്രകള്‍ പ്രപഞ്ചനി ഗൂഢതകളെ സംബന്ധിച്ച് നിലനിന്നിരുന്ന പല പുരാവൃത്താഖ്യാ നങ്ങളും പൊളിച്ചെഴുതുകയുണ്ടായി. പുരാവൃത്തങ്ങളെ യുക്തിപരമായ വിശകലനത്തിന് വിധേയമാക്കിയ ജെ.ജി. ഫ്രേസര്‍ ശാസ്ത്രവും മിത്തും തമ്മിലുള്ള സംഘര്‍ഷം പരാമര്‍ശിക്കുന്നുണ്ട്. മിത്തുകള്‍ക്കടിസ്ഥാനം മായാവിദ്യകളാണെന്നും (ാമഴശര) ആ മായാവിദ്യ മന:ശാസ്ത്രവുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്ന തെന്നും നിരീക്ഷിക്കുന്ന ഫ്രേസര്‍ ശാസ്ത്രലോകത്തിനുമുന്നില്‍ മായാവിദ്യകളിലൂന്നിയ മിത്തുകള്‍ അപ്രസക്തങ്ങളാകുമെന്ന് പ്രഖ്യാപിക്കുന്നുണ്ട്.“…. superstitions of mythology would be finaly refuted by science and left forever behind.(Frazer J.G. : 1963)
മിത്തും ശാസ്ത്രവും കലഹത്തിലേര്‍പ്പെടുന്നത് 17, 18 നൂറ്റാണ്ടുകളിലാണെന്നാണ് ലെവി സ്ട്രോസ്സിന്‍റെ പക്ഷം (ലെവിസ്ട്രോസ്: 1978). ബേക്കണ്‍, ന്യൂട്ടണ്‍ തുടങ്ങിയ പ്രതിഭാശാലികളായ ശാസ്ത്രജ്ഞരുടെ ഗവേഷണപഠനങ്ങള്‍ പുരാ വൃത്ത പ്രതിഷ്ഠിതമായ ലോകദര്‍ശനങ്ങളെ നിരാകരിച്ചതായി ലെവിസ്ട്രോസ് അഭിപ്രായപ്പെടുന്നു. ശാസ്ത്രവും മിത്തും തമ്മി ലുള്ള സംഘര്‍ഷത്തില്‍ മിത്തിന്‍റെ പക്ഷത്ത് നിലയുറപ്പിക്കുന്നതാണ് ലെവിസ്ട്രോസ്സിന്‍റെ നിരീക്ഷണങ്ങള്‍. മനുഷ്യ ജിജ്ഞാസകള്‍ക്കു മുഴുവന്‍ ഉത്തരം നല്‍കാന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ലെന്നും അതിന് കഴിയാത്തിടത്തോളം കാലം മിത്തുകള്‍ക്ക് പ്രസക്തി യുണ്ടായിരിക്കുമെന്നുമാണ് ലെവിസ്ട്രോസ് പറയുന്നത്. മാത്രമല്ല പുരാവൃത്ത സങ്കല്പങ്ങളെ തികച്ചും അശാസ്ത്രീയമെന്ന് അവഗണിക്കാനാവില്ലെന്നും ലെവിസ്ട്രോസ് പറയുന്നുണ്ട്.
ശാസ്ത്രലോകത്തിന്‍റെ ആക്രമണങ്ങളില്‍നിന്ന് മിത്തുകളെ കാര്യമായി പ്രതിരോധിക്കാന്‍ സഹായിച്ചത് മന:ശാസ്ത്ര സിദ്ധാന്തങ്ങളാണ്. ഹിസ്റ്റീരിയ, ഹിപ്നോട്ടിക്ക് അവസ്ഥകളും പുരാവൃത്ത സ്വാധീനങ്ങളും പഠനവിധേയമാക്കിയ ജീന്‍മാര്‍ട്ടിന്‍ ചാര്‍കോട്ടിന്‍റെ (ഖലമി ങമൃശേി ഇവമൃരീേ) പഠനങ്ങള്‍ മിത്തുകള്‍ക്ക് സാമൂഹിക ശാസ്ത്രവിഷയമെന്ന നിലയില്‍ പ്രത്യേക പരിഗണന നല്കുന്നുണ്ട്. ഒരു പടികൂടികടന്ന് ശാസ്ത്രനിരീക്ഷണങ്ങള്‍ക്ക് പുരാവൃത്ത നിരീക്ഷണങ്ങളെ നിരാകരിക്കാനാവില്ലെന്ന് കാള്‍യുങ് പ്രഖ്യാപിച്ചു:
""They (myths) have not been, and can never be, displaced by the findings of Science; which relate rather to the outside world than to the depths – that we enter in sleep” (Carl Jung:1959).
രണ്ടു തരത്തിലുള്ള ശാസ്ത്രീയ ഇടപെടലുകളാണ് പുരാവൃത്തപഠനങ്ങളില്‍ സംഭവിക്കുന്നത്. ഒന്ന് പുരാവൃത്തത്തിന്‍റെ സാധുത ശാസ്ത്രീയമായും ശരിയാണെന്ന് സ്ഥാപിക്കുന്ന വിധത്തില്‍ പുരാവൃത്തങ്ങളെ അംഗീകരിക്കുന്നവയാണ്. മറ്റേത് പുരാവൃത്തങ്ങള്‍ അശാസ്ത്രീയമാണന്ന് സ്ഥാപിച്ച് മിത്തുകളുടെ പ്രസക്തി നിരാകരിക്കുന്നു. ഉദാഹരണത്തിന് ക്രിസ്തു കടലിനുമീതെ നടന്ന് ശിഷ്യരെ അത്ഭുതപ്പെടുത്തിയെന്ന ബൈബിള്‍ പുരാവൃത്തത്തിന്‍റെ സാധ്യത പ്രസിദ്ധ സമുദ്ര ശാസ്ത്രജ്ഞന്‍ ഡോറോണ്‍ നോഫ് പഠന വിധേയമാക്കുകയുണ്ടായി (ഡോറോണ്‍ നോഫ്: 2006). ക്രിസ്തു ഗലീലക്കടലിനു മീതെയാകാം നടന്നതെന്നും ഈ വലിയ തടാകത്തില്‍ കഴിഞ്ഞ 12000 വര്‍ഷങ്ങള്‍ക്കിടയില്‍ പല തവണ ജലം മുഴുവന്‍ മഞ്ഞായി മാറിയിട്ടുണ്ടെന്നും നോഫിന്‍റെ പഠനം വ്യക്തമാക്കുന്നു. ഈ പ്രതിഭാസം നടന്നപ്പോഴായിരിക്കും ക്രിസ്തു കടലിനുമീതെ നടന്നതെന്ന് സ്ഥാപിക്കുകവഴി നോഫ് ബൈബിളിലെ പുരാവൃത്ത കഥയ്ക്ക് ശാസ്ത്രീയമായ സാധൂകരണം നല്കുകയാണ് ചെയ്യുന്നത്.
ശാസ്ത്രത്തിന്‍റെ ഇടപെടല്‍വഴി പുരാവൃത്തങ്ങളുടെ അസംഭാവ്യതയും അശാസ്ത്രീയതയും വ്യക്തമാക്കുന്ന ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ വളരെയേറെയുണ്ട്. ബൈബിള്‍ പുരാവൃത്തങ്ങളെ തന്നെ പഠനവിധേയമാക്കുന്ന കാംബ് ബെല്ലിന്‍റെ നിരീക്ഷണങ്ങള്‍ ഇതിനുദാഹരണമാണ് (ജോസഫ് കാംബ്ബെല്‍: 1972). പ്രളയത്തെപ്പറ്റിയും നോഹയുടെ പെട്ടകത്തെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമൊക്കെയുള്ള ബൈബിള്‍ പുരാവൃത്തങ്ങള്‍ ശാസ്ത്രീയ വിശകലനങ്ങളില്‍ അസംഭാവ്യങ്ങളാണെന്ന് ڇകാംബ്ബെല്‍چ സമര്‍ത്ഥിക്കുന്നുണ്ട്. പഴയ നിയമ പാഠങ്ങളിലെ മേല്പ്പറഞ്ഞ ഏതു സംഭവങ്ങള്‍ക്കും ബി.സി 9-ാം നൂറ്റാണ്ടിനപ്പുറത്തേക്ക് പഴക്കം കല്പിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. ആധുനിക ഉത്ഖനന പരീക്ഷണ പഠനങ്ങളില്‍ ലോകത്തിലെ ജീവചരിത്രത്തിന്‍റെ പ്രാരംഭദശയായ പ്രാചീന ശിലായുഗകാലത്തിന് 30,000 ബി.സി.യിലേറെ പഴക്കം കല്പിക്കുന്നുണ്ട്. നവീനശിലായുഗകാലം തന്നെ 10,000 ബി.സി.കളിലാണെന്ന് നിഗമനങ്ങളുണ്ട്. ഈ ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ ബൈബിള്‍ പുരാവൃത്തങ്ങളുടെ മാത്രമല്ല ലോകമെമ്പാടുമായി ചിതറിക്കിടക്കുന്ന നിരവധി പ്രാദേശിക മതപുരാവൃത്തങ്ങളുടെയും അസ്ഥിവാരം തകര്‍ക്കുന്നതായി ജോസഫ് കാംബ്ബെല്‍ നിരീക്ഷിക്കുന്നുണ്ട്.
ശാസ്ത്രം പരിമിതപ്പെടുന്നിടത്താണ് പുരാവൃത്തങ്ങള്‍ക്ക് പ്രസക്തിയുള്ളത്. യുക്തിവിചാരങ്ങള്‍ക്ക് നിര്‍ദ്ധാരണം ചെയ്യാനാവാത്ത പ്രപഞ്ചനിഗൂഡതകള്‍ക്കും സ്ഥിതിസാഹചര്യങ്ങള്‍ക്കുമപ്പുറം എന്തെന്ന ചോദ്യത്തിന് ശൂന്യതയോ മൗനമോ ആണ് പലപ്പോഴും ശാസ്ത്രത്തിന്‍റെ മറുപടി. ആ ശൂന്യതകളെ പലപ്പോഴും സമൂഹം നികത്തുന്നത് പുരാവൃത്തങ്ങളിലൂടെയാണ്. ഉദാഹരണത്തിന് മരണത്തിനുശേഷം എന്തെന്ന ചോദ്യത്തിന് ശാസ്ത്രത്തിന് തൃപ്തികരമായ ഉത്തരങ്ങളൊന്നുമില്ലാതിരിക്കുമ്പോള്‍ സ്വര്‍ഗ്ഗ - നരക സങ്കല്പങ്ങളെ സാക്ഷാത്കരിക്കുന്ന പുരാവൃത്തങ്ങള്‍ ജീവിതം അനവദ്യസുന്ദരമായ ഒരു തുടര്‍ച്ചയാണെന്ന് ബോധ്യപ്പെടുത്തുന്നു. ലോകോല്പത്തിയെക്കുറിച്ചുള്ള പുരാവൃത്ത പരികല്പനകള്‍ക്കു ബദലായി ശാസ്ത്രലോകം ഉയര്‍ത്തിപ്പിടിക്കുന്ന സിദ്ധാന്തങ്ങളും സാധ്യതയുള്ള നിഗമനങ്ങള്‍ മാത്രമാണ്. ഡാര്‍വ്വിന്‍റെ പ്രസിദ്ധമായ പരിണാമസിദ്ധാന്തവും മഹാസ്ഫോട സിദ്ധാന്തവുമൊക്കെ ഇത്തരം സാധ്യതാ സിദ്ധാന്തങ്ങള്‍ മാത്രമാണ്. പ്രപഞ്ചോല്പത്തിയുമായി ബന്ധപ്പെട്ട ശാസ്ത്രനിഗമനങ്ങള്‍ പൂര്‍ണ്ണമായും അപ്രമാദിത്വമവകാശപ്പെടാന്‍ കഴിയുന്ന സിദ്ധാന്തങ്ങളല്ലെന്നാ ണിത് വ്യക്മാക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് പ്രപഞ്ചനിഗൂഡതകളെക്കുറിച്ചുള്ള സമഷ്ട്യബോധ ജിജ്ഞാസകള്‍ക്ക് ഭാവനയുടെ ചിറകുകള്‍ നല്കുന്ന മിത്തുകള്‍ പ്രസകത്മാകുന്നത്. എത്രമേല്‍ അയുക്തകങ്ങളാണെങ്കില്‍ക്കൂടി മിത്തുകള്‍ സാമൂഹിക സംതുലിതാവസ്ഥയ്ക്ക് പലനിലകളില്‍ അനിവാര്യമാണെന്നും അതിന്‍റെ വിനിമയസാധ്യതകള്‍ ഇതരവൈജ്ഞാനിക മേഖലകളുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നുവെന്നുമാണ് ഈ പഠനം വ്യക്തമാക്കുന്നത.്
ഗ്രന്ഥസൂചിക
കൊസാംബി.ഡി.ഡി, 2003. പ്രാചീനഭാരതത്തിന്‍റെ സംസ്കാരവും നാഗരികതയും ചരിത്രപരമായ രൂപരേഖ, ഡി.സി.ബുക്ക്സ്, കോട്ടയം.
അബ്ദുല്‍ കലാം, എ.പി.ജെ. ഡോ., കേരള ഹിസ്റ്ററി അസ്സോസിയോഷന്‍ വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍. 2005, ഡിസംബര്‍ 18.
ഡോറോണ്‍ നോഫ്, വാര്‍ത്താ റിപ്പോര്‍ട്ട്, മാതൃഭൂമി. ഏപ്രില്‍ 7, 2006.
Michel Grant, 1971. Roman Myths, Scribner, London.
Levi Strauss, 1978.Myth and Meaning, Routledge and Kegan Paul, U.K.
Mircea Eliade quote,1949. Williard Trask, The Myth of the Etenal Return by Mircea Elliade, Pantheon Books, New York.
Northrop Frye,1963. Fables of Identity, Studies in Poetic Mythology, NewYork.
Foster Maccurley,1983 Ancient Myth and Biblical Faith, Fortress Press, U.S.A.
Fredric Schlegal, 1968, Talk on Mythology, University Press, London
Rollo May,1991. The Cry for Myth, W.W.Norton & Company, NewYork.
Carl Jung, 1959.Archetypes of the Collective Unconscious, Princeton, Bollinger.
Frazer J.G., 1963.The Golden Bough, Macmillan Publishing Company, NewYork.
Joseph Campbell,1972. Myths to Live By, Bantam Books, NewYork.
Lalitha Handoo, 1994.Folk and Myth: An Introduction, Central Institute of Indian Languages, Mysuru.