The Mythology of Mappila Theyyam and the Social Formation of North Malabar

Dr. Prajitha P

This paper analyses the mythology of Mappila Theyyam and its role in the social formation of North Malabar. It brings out a discussion on the growth of Islam in the coastal regions of North Malabar and the formation of cultural practices mixing up with the native life. It takes into consideration the circumstances and the systemic relations involved in the social formation of Muslims who were rampant in sea trade. The researcher finds the ways of this cultural integration by analysing the mythology of Mappila Theyyam. She has selected the different Theyyam varieties like Aalichamundi, Koyimammad Theyyam, Bappiriyan, Padamalanaaya Theyyam, Kalyal Ali, and Kalanthan Mukri. She also infers that Mappila Theyyam has not accumulated communal consciousness in its content, but rather focused on cultural integration. 

Dr. Prajitha P
Associate Professor and Head
Department of Malayalam
Payyanur College
Kerala
India
Pin: 670327

മാപ്പിളത്തെയ്യങ്ങളുടെ പുരാവൃത്തവും വടക്കെ മലബാറിന്‍റെ സമൂഹരൂപീകരണവും 

ഡോ. പ്രജിത. പി

പ്രബന്ധ സംഗ്രഹം

മാപ്പിളത്തെയ്യങ്ങളുടെ പുരാവൃത്തങ്ങള്‍ വിശകലനം ചെയ്ത് വടക്കെമലബാറിന്‍റെ സമൂഹരൂപീകരണ പ്രക്രിയയില്‍ അവ വഹിച്ച പങ്ക് അടയാളപ്പെടുത്തുകയാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്. വടക്കെ മലബാറില്‍ തീരദേശസംസ്കൃതിയോട് ചേര്‍ന്നുള്ള  ഇസ്ലാം മതത്തിന്‍റെ വ്യാപനം ഏത് തരത്തിലായിരുന്നുവെന്നും തദ്ദേശീയരോട് കൂടിക്കലര്‍ന്ന് സമൂഹത്തിന്‍റെ  അനുഷ്ഠാന തലത്തിലുള്ള അടരിനെ രൂപീകരിച്ചെടുത്തതെങ്ങനെയെന്നും പ്രബന്ധം ചര്‍ച്ച ചെയ്യുന്നു. കടല്‍വാണിജ്യത്തില്‍ പ്രാമാണ്യമുണ്ടാ യിരുന്ന ഇസ്ലാം മതവിഭാഗക്കാരെ സമൂഹനിര്‍ മ്മിതിയിലേക്ക് കൊണ്ടുവരുന്നതില്‍ സാഹചര്യങ്ങള്‍ക്കും വ്യവസ്ഥിതിക്കും സവിശേഷ പ്രാധാന്യ മുണ്ട്. മാപ്പിളത്തെയ്യങ്ങളുടെ പുരാവൃത്ത വിശകലനത്തിലൂടെയാണ് സാംസ്കാരിക സമന്വയം നടന്ന വഴികള്‍ തെളിയിച്ചെടുക്കുന്നത്. അതിനുവേണ്ടി ആലിച്ചാമുണ്ഡി, കോയി മമ്മദ്തെയ്യം, ബപ്പിരിയന്‍, പടമലനായതെയ്യം, കല്യാല്‍ അലി, കലന്തന്‍ മുക്രി എന്നീ തെയ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. മാപ്പിളത്തെയ്യങ്ങള്‍ ഉള്ളടക്കപരമായി സ്വാംശീകരിച്ചത് സമുദായ ബോധത്തെയല്ല, സാംസ്കാരിക സമന്വയത്തെ തന്നെയാണ് എന്ന നിഗമനത്തിലെത്തുന്നു.

സമൂഹരൂപീകരണ പ്രക്രിയയില്‍ മതവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഉല്പാദനവിതരണബന്ധങ്ങള്‍ക്കും സവിശേഷമായ പ്രാധാന്യമുണ്ട്. വടക്കെമലബാറിലെ  അനുഷ്ഠാന ങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ പല നിലയിലുള്ള പരിഷ്ക്കരണ ങ്ങളും ചിട്ടപ്പെടുത്തലുകളും നടന്നിട്ടുണ്ട്. തെയ്യം മേഖലയില്‍ ചിറക്കല്‍ രാജാവിന്‍റെ നിര്‍ദ്ദേശപ്രകാരം മണക്കാടന്‍ ഗുരുക്കള്‍ ഇത്തരത്തില്‍ ചിട്ടപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. മാപ്പിളത്തെയ്യ ങ്ങളുടെ കൂട്ടിച്ചേര്‍ക്കലിന് പിറകില്‍ അറയ്ക്കല്‍ രാജാവിന്‍റെ കടല്‍വാണിജ്യത്തിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടായ മേല്‍ക്കോയ്മ നിര്‍ണായകമാണ്. ഇസ്ലാമികതയുടെ കടന്നുവരവ് ഉണ്ടായ ഉടനെ സംഭവിച്ചതല്ല മാപ്പിളത്തെയ്യങ്ങളുടെ രൂപീകരണം. സാമൂഹിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം ഒരു സാംസ്കാരിക സമന്വയം (ഈഹൗൃമേഹ ട്യായശീശെെ) പ്രദേശത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും സംഭവിക്കുകയും അനുഷ്ഠാനതലത്തിലും അതിന്‍റെ പ്രതിഫലനങ്ങള്‍ ഉണ്ടാവുകയും ചെയ്തതാണ്. നരവംശശാസ്ത്രത്തില്‍ നിന്ന് മോചിപ്പിച്ച് ഏതെങ്കിലും കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്ന വ്യക്തികളുടെ സംഘാതമാണ് ഫോക് എന്ന് പുനര്‍നിര്‍വചിക്കാനുള്ള ശ്രമങ്ങള്‍ അക്കാദമിക് തലത്തില്‍ നടക്കുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തില്‍, തെയ്യങ്ങളുടെ മണ്ഡലത്തില്‍ നടന്ന വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ കൂടിച്ചേരലിനെ തിരിച്ചറിയുന്നത് പ്രസക്തമാണ്. സമൂഹ രൂപീകരണ പ്രക്രിയയില്‍ അവ വഹിക്കുന്ന പങ്ക് രേഖപ്പെടുത്തേണ്ട തുമാണ്.

വടക്കെ മലബാറിലേക്ക് തുളുനാട്ടില്‍ നിന്ന് കുടിയേറിപ്പാര്‍ ത്തവരോടൊപ്പം ഇവിടേക്ക് നിരവധി തെയ്യങ്ങള്‍ കടന്നുവരുന്നുണ്ട്. മാപ്പിളത്തെയ്യങ്ങളെക്കുറിച്ച് ചരിത്രപരമായി നോക്കുമ്പോള്‍ അതില്‍ ഇസ്ലാം മതം പ്രധാനമാണ്. മലബാറിലെ ഇസ്ലാം മതവിഭാഗ ത്തില്‍ പെടുന്നവരാണ് മാപ്പിളമാര്‍ എന്ന് വ്യവഹരിക്കപ്പെട്ടിരുന്നത്. കേരളചരിത്രത്തില്‍ ഇസ്ലാംമതത്തിന്‍റെ കടന്നു വരവിനും വ്യാപന ത്തിനും കച്ചവടപരവും കച്ചവടേതരവുമായ കാരണങ്ങളുണ്ട്. കച്ചവട പരമായ കാരണങ്ങളില്‍ വന്നുചേര്‍ന്നെങ്കിലും തദ്ദേശീയരോട് യോജിച്ചും മതപരിവര്‍ത്തനത്തിലൂടെയും അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങളോട് സംഘര്‍ഷപ്പെട്ടും സമന്വയിച്ചുമാണ് ഇസ്ലാമി കത കേരളത്തില്‍ വ്യാപിച്ചത്.

മാപ്പിളത്തെയ്യങ്ങളും സമൂഹവും

വടക്കെ മലബാറിനെ സംബന്ധിച്ചിടത്തോളം അനുഷ്ഠാനത ലത്തില്‍ പ്രാമാണ്യമുള്ള വിശ്വാസസംഹിതയുടെ ആവിഷ്ക്കാരങ്ങ ളാണ് തെയ്യങ്ങള്‍. അതുകൊണ്ടുതന്നെ സാംസ്കാരിക സമന്വയം സാധ്യമാക്കുന്നത് തെയ്യങ്ങളുടെ പാരമ്പര്യത്തോടൊപ്പം മാപ്പിള തെയ്യങ്ങളും കൂടിച്ചേരുമ്പോഴാണ്. കാര്‍ഷിക സമ്പദ്വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉല്പാദന വിതരണ സംവിധാനമായിരുന്നു ഇവിടെ നിലനിന്നിരുന്നത്. ഭൂവുടമ ജന്‍മിയും തൊഴിലാളികള്‍ കുടിയാന്‍മാരും എന്ന നിലയില്‍ വിന്യസിക്കപ്പെട്ട അധികാര വ്യവസ്ഥിതിയായിരുന്നു സമൂഹത്തെ നിയന്ത്രിച്ചിരുന്നത്.  ആചാരാനുഷ്ഠാനങ്ങള്‍ അക്കാലങ്ങളില്‍ നടപ്പില്‍ വരുത്തിയതും ഈയൊരു വ്യവസ്ഥിതിയെ പിന്‍പറ്റിക്കൊണ്ടായിരുന്നു. ഇസ്ലാമികതയുടെ കടന്നുവരവുമായി ബന്ധപ്പെട്ട് കച്ചവടത്തിന് സമൂഹത്തില്‍ നിര്‍ണായക സ്വാധീനം കിട്ടുന്നതോടെ ഈ വ്യവസ്ഥ പുതുക്കപ്പെടുന്നു. സമ്പദ് വ്യവസ്ഥയുടെ അടിത്തറയായ കച്ചവട ത്തെയും അത് നടത്തുന്ന ജനവിഭാഗത്തെയും സമൂഹനിര്‍മ്മി തിയില്‍ പങ്കാളികളാക്കേണ്ടത് കെട്ടുറപ്പുള്ള ഒരു സാമൂഹ്യ വ്യവസ്ഥയ്ക്ക് അനിവാര്യമാണെന്ന് അധികാരികള്‍ക്ക് ബോധ്യം വരികയും ജനജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും അവരുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിശ്വാസത്തിന്‍റെ യും ജീവിതചര്യ യുടെയും കാര്യത്തില്‍ വളരെയേറെ വ്യത്യാസം പുലര്‍ത്തിയിരുന്ന രണ്ട് സമുദായക്കാര്‍ കലയുടെയോ അനുഷ്ഠാന ത്തിന്‍റെയോ ഭാഗമായി അവരുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു څഅനുഷ്ഠാന ഇടം' തെയ്യാട്ടത്തിന്‍റെ ഭൂമികയില്‍ രൂപീക രിച്ചെടുത്തു. ഇത് സമൂഹനിര്‍മ്മിതിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

തദ്ദേശീയമായി പിന്‍തുടര്‍ന്ന് വന്നിരുന്ന തെയ്യങ്ങളുടെ പാരമ്പര്യത്തിലേക്ക് ആലിച്ചാമുണ്ഡി, കോയി മമ്മദ്തെയ്യം, കലന്തന്‍ മുക്രി, വയനാട്ടുകുലവനും കുഞ്ഞാലിയും, ബപ്പിരിയന്‍, കല്യാല്‍ അലി, കല്ലായി മമ്മുതെയ്യം, നേത്യാര്‍ തെയ്യം, പടമല നായര്‍തെയ്യം, ഉമ്മച്ചി തെയ്യം എന്നിങ്ങനെ നിരവധി തെയ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. തെയ്യത്തിന്‍റെ പുരാവൃത്തങ്ങള്‍  പലതും പരേതാരാധനയുമായോ വീരാരാധനയുമായോ ബന്ധപ്പെട്ടതാണ്. കൂട്ടിച്ചേര്‍ക്കപ്പെട്ട മാപ്പിള തെയ്യങ്ങളും മുന്നോട്ട് വെക്കുന്നത് ഇത്തരം സ്വഭാവത്തെ തന്നെയാണ്. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദിന്‍റെ നിരീക്ഷണത്തില്‍ 'മാപ്പിള തെയ്യങ്ങള്‍ ആരാധനാപാത്രങ്ങളാവു ന്നതിന്‍റെ പിന്നിലും പ്രധാനമായ രണ്ട് പ്രത്യേകതകളുണ്ട്. ഒന്ന്, സ്വന്തം ജീവിതത്തിന്‍റെ നന്‍മ കൊണ്ട് പ്രകാശഗോപുരങ്ങള്‍ തീര്‍ത്ത ചില മുസ്ലിം ദിവ്യന്‍മാര്‍ ആരാധനാമൂര്‍ത്തികളാ യിത്തീര്‍ന്നു. രണ്ട്, തങ്ങളുടെ ദുര്‍ന്നടപടികള്‍കൊണ്ട് സ്വയം വിനാശം വരുത്തിയ മാപ്പിള കഥാപാത്രങ്ങള്‍ മരണാനന്തരം ദേവത കളായി വാഴ്ത്തപ്പെട്ടു.

തെയ്യത്തിന്‍റെ പുരാവൃത്തം  ഇസ്ലാമികമാണെങ്കിലും കോലധാരി വണ്ണാന്‍, മലയന്‍, പുലയന്‍, മാവിലന്‍, വേലന്‍ തുടങ്ങിയ സമുദായക്കാരാണ്. തെയ്യച്ചമയത്തിന്‍റെ കാര്യത്തിലും ഇസ്ലാമിക സ്വത്വം നിലനിര്‍ത്തുന്നുണ്ട്. തലയില്‍ തട്ടമിട്ട് കൈവളകളും ആടയാഭരണങ്ങളുമണിഞ്ഞെത്തുന്ന ഉമ്മച്ചി തെയ്യവും കൈലിയും പച്ച നിറത്തിലുള്ള അരപ്പട്ടയും അണിഞ്ഞെ ത്തുന്ന ആലിത്തെയ്യവും ഇതില്‍ ചിലതാണ്. വടക്കെ മലബാറിലെ ആരാധനാമൂര്‍ത്തിയായ തെയ്യവും അവയുടെ ആരൂഢ സ്ഥാനങ്ങ ളായ തെയ്യക്കാവുമെല്ലാം ഹിന്ദുമതത്തില്‍പ്പെടുന്ന ഓരോ വ്യത്യസ്ത ജാതിവിഭാഗ ത്തിന്‍റെതാണ്. എന്നാല്‍ ഇവയോടൊപ്പം മാപ്പിളത്തെയ്യങ്ങളും ആരാധിക്കപ്പെടുന്നത് ഒരു ദേശത്തിന്‍റെ സംസ്കാരത്തെയും മതബോധത്തെയും ഏറെ വിശാലമാക്കുന്നു. മാപ്പിളത്തെയ്യങ്ങളുമായി ബന്ധപ്പെട്ട മിത്തുകള്‍ വിശകലനം ചെയ്യുമ്പോള്‍ ദൈനംദിന ജീവിതത്തെ മതനിരപേക്ഷ മാക്കുന്ന തില്‍ പങ്കുവഹിച്ച, മാനവികതയില്‍ വിശ്വസിച്ച ആളുകളാണ് ദൈവക്കരുവായി മാറിയതെന്ന് പൊതുവായി പറയാം. ദൈനംദിന ജീവിതത്തില്‍ തന്നെ സമുദായിക  സാംസ്കാരിക സമന്വയം കൊണ്ടുവരുന്നതിലേക്ക് എത്തിച്ചേര്‍ന്ന വഴികളില്‍ വാണിജ്യത്തി ന്‍റെയും മതപരിവര്‍ത്തനത്തിന്‍റെയും സ്വാധീനം കാണാം. സമകാലികമായി കെട്ടിയാടപ്പെടുന്ന ഏതാനും മാപ്പിളത്തെയ്യ ങ്ങളുടെ പുരാവൃത്തം വിശകലനം ചെയ്യുന്നതിലൂടെ ഈ തെയ്യങ്ങള്‍ അനുഷ്ഠാന തലത്തില്‍ സ്വാംശീകരിച്ച സ്വത്വത്തിന്‍റെയും സമ്പത്തിന്‍റെയും സമന്വയത്തിന്‍റെയും ചരിത്രവസ്തുതകള്‍ തെളിഞ്ഞ്  വരും.

ആലിച്ചാമുണ്ഡി

പുതിയ ഭഗവതിയുടെ പുരാവൃത്തവുമായി ബന്ധപ്പെട്ട ആലിത്തെയ്യം ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തികളില്‍ പ്രധാനപ്പെ ട്ടതാണ്. ആലിമാപ്പിള എന്ന അരിക്കച്ചവടക്കാരന്‍ മരണാനന്തരം തെയ്യക്കോലമായി മാറി എന്നാണ് വിശ്വാസം. കുമ്പനാട് നടുവിലാന്‍ തറവാട്ടിന്‍റെ അധീനത യിലായിരുന്നു. നടുവിലാന്‍റെ പൊന്നും കുമ്പനാട്ടിലെ കുന്നും ഒരു പോലെ എന്ന ചൊല്ല് അവരുടെ ധനസ്ഥിതിയെ സൂചിപ്പിക്കുന്നു. നടുവിലാന്‍ തറവാട്ടിലെ മരുമകളായ നങ്ങക്കുട്ടിക്ക് മംഗലം തട്ടില്‍ നിന്നും വിവാഹാലോചന വരുന്നു. തറവാട്ടു കാവില്‍ തെയ്യം കഴിഞ്ഞ് മൂന്നാമത്തെ ദിവസം മകം നാളില്‍ വിവാഹം ഉറപ്പിക്കുന്നു. തെയ്യവും വിവാഹവും ഒരേ ദിവസങ്ങളില്‍ ആയതിനാല്‍ നടുവിലാന്‍ തറവാട്ടില്‍ എല്ലാവര്‍ക്കും തിരക്കായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയായതി നാല്‍ പുറത്തിറങ്ങുന്നതിന് നിബന്ധനകള്‍ ഉണ്ടായിരുന്നു. വേലക്കാരി വെള്ളാട്ടിയെ എപ്പോഴും ഒപ്പം കൂട്ടാന്‍ ആത്തേമ്മ നങ്ങക്കുട്ടിയോട് പറഞ്ഞു. ശനിവ്രതം മുടക്കേണ്ടെന്നും സന്ധ്യ കഴിഞ്ഞാല്‍ പുറത്തെ കുളത്തില്‍ പോയി കുളിക്കേണ്ട എന്നും ആത്തേമ്മ പ്രത്യേകം കല്പിച്ചിരുന്നു. തെയ്യാട്ടത്തിന്‍റെയും വിവാഹത്തിന്‍റെയും ഒരുക്കങ്ങള്‍ കഴിഞ്ഞ് ആളുകള്‍ പോയി. നങ്ങക്കുട്ടി മേല്‍കഴുകാന്‍ വെള്ളാട്ടിയെ കൂട്ടാതെ ഒറ്റയ്ക്ക് കുളത്തിലേക്ക് പോയി. ആത്തേമ്മയുടെ വിലക്ക് വെള്ളാട്ടി ഓര്‍മ്മിപ്പിച്ചെങ്കിലും അനുസരണ കാട്ടാതെ നങ്ങക്കുട്ടി പോവുകയാ യിരുന്നു. കുളിച്ചുകൊണ്ടിരുന്നപ്പോള്‍ അതുവഴി വന്ന അരിക്കച്ചവട ക്കാ രനായ ആലിമാപ്പിള നങ്ങക്കുട്ടിയെ ദേഹോപദ്രവം ചെയ്യാന്‍ ശ്രമിക്കുന്നു. ഇതിനെ ചെറുത്തു നില്‍ക്കാന്‍ നങ്ങക്കുട്ടി ശ്രമിച്ചു. പക്ഷെ കൈത്തണ്ടയിലെ ഉറുക്കും തണ്ടും തൊട്ട് കരുത്താര്‍ജ്ജിച്ച ആലി നങ്ങക്കുട്ടിയെ കീഴടക്കി. അതേസമയം തറവാട്ടിലെ വെള്ളോട്ടു മണി മൂന്നുവട്ടം മുഴങ്ങുകയും നങ്ങക്കുട്ടിയില്‍ ഭഗവതി ആവേശിക്കുകയും ചെയ്തു. കലികൊണ്ട കാളിയായി അവള്‍ കുത്തുവിളക്ക് വലിച്ചെടുത്ത് അട്ടഹസിച്ചുകൊണ്ട് ആലിയുടെ നെഞ്ചില്‍ കുത്തിയിറക്കി. ചോരയില്‍ കുതിര്‍ന്നു പിടയുന്ന ആലിയുടെ മുന്നില്‍ ഭഗവതി പ്രത്യക്ഷപ്പെടുകയും അരുളപ്പാടുണ്ടാ വുകയും ചെയ്തു. 'ആറു നാട്ടിലും അനേകരെ ആധിയിലാഴ്ത്തിയ ആലി..... സ്വന്തം സുഖം മാത്രം കൊതിച്ച് ചെയ്തു കൂട്ടിയ പാപങ്ങള്‍ പൊറുത്തുതരാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കൂ....'

കുളപ്പടവില്‍ ജീവന്‍ നഷ്ടപ്പെട്ട ആലിയുടെ ശരീരം കണ്ട് ഭയന്ന നാട്ടുകാര്‍ രക്തേശ്വരിയെ പ്രാര്‍ത്ഥിക്കുകയും ആലിയെ ആലിച്ചാമുണ്ഡിയായി ആരിക്കാടി പാറസ്ഥാനത്ത് പ്രതിഷ്ഠിക്കു കയും ചെയ്തു. സത്യധര്‍മ്മങ്ങള്‍ പരിപാലിക്കുന്ന മൂര്‍ത്തിയായ ആലിച്ചാമുണ്ഡി ഭക്തര്‍ക്ക് ഇഷ്ട ദൈവമായി, കാവിലെ  കോലമായി. കാസര്‍ഗോഡ് പുലിക്കുന്ന് ഐവര്‍ ഭഗവതി ദേവസ്ഥാനത്തും കുമ്പളയിലെ ആരിക്കാടി പാടാര്‍ക്കുളങ്ങര ഭഗവതി സ്ഥാനത്തും തുളുനാട്ടിലെ ചില തീയ്യ തറവാടുകളിലും ആലിത്തെയ്യത്തെ കെട്ടിയാടിക്കാറുണ്ട്. നെരിയാണി മറയാത്ത നീളന്‍ കുപ്പായവും മുഖത്ത് കരിതേച്ച്, കഴുത്തില്‍ പൂമാലകളും ചുവന്ന സില്‍ക്ക് മുണ്ടും ധരിച്ച് കൈയില്‍ ചൂരല്‍ വടിയുമായാണ് ആലിത്തെയ്യത്തിന്‍റെ പുറപ്പാട്. ആലിക്കും ദൈവപദവി ലഭിക്കുന്നതോടെ മംഗലം നിശ്ചയിക്കപ്പെട്ട പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ അപമാനം ലഘൂകരിക്കപ്പെടുന്നു. മംഗലംതട്ടുകാരുടെ മുന്നില്‍ അഭിമാനം രക്ഷിക്കാനുള്ള നടുവിലാന്‍ തറവാട്ടുകാരുടെ  ശ്രമമാണ് ഈ പുരാവൃത്തത്തില്‍ ഉള്ളടങ്ങിക്കിടക്കുന്നത്. നങ്ങക്കുട്ടിക്ക് നേരെ നടന്ന ആലിയുടെ അക്രമത്തെ  ചെറുത്തു തോല്‍പിക്കാന്‍ ഭഗവതി തുണയായതും നങ്ങക്കുട്ടി ആത്മഹത്യ ചെയ്തതും നടുവിലാന്‍ തറവാട്ടിന് മാത്രം ബോധ്യപ്പെട്ടാല്‍ മതി. കച്ചവട പ്രമാണിയായ ആലി കൊല്ലപ്പെട്ടതിന്‍റെയും നായര്‍പ്രമാണി തറവാട്ടിലെ നങ്ങക്കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ആലി ശ്രമിച്ചതിന്‍റെയും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി, അവരെ വിശുദ്ധരാക്കാന്‍ ഈ പുരാവൃത്തത്തിലൂടെ കഴിഞ്ഞു. നടുവിലാന്‍ തറവാട്ടിലെ തെയ്യാട്ട ഉത്സവത്തിന്‍റെ ഇടയിലാണ് ഈ സംഭവം ഉണ്ടായത് എന്നത് ആലിയെ ചാമുണ്ഡിയാക്കി പെട്ടെന്ന് തന്നെ ആ സാഹചര്യത്തിലേക്ക് വിളക്കിച്ചേര്‍ക്കാന്‍  സഹായകമായി.

കോയി മമ്മദ്തെയ്യം

മൗവ്വേനിക്കോവിലകം കോട്ടമല നാട്ടിനെ അടക്കിവാഴുന്ന കൊട്ടാരമായിരുന്നു. അങ്ങനെ ഒരു കര്‍ക്കടകമാസത്തില്‍ മൗവ്വേനിക്കോലോത്തെ കാവുംപടിപ്പുര നിലംപൊത്തി. തുലാം മാസത്തില്‍ കാവുംപടിപ്പുര പുനര്‍നിര്‍മ്മിക്കാന്‍ മുഹൂര്‍ത്തം കുറിച്ചു. കട്ടിലക്കും മേല്‍മോന്തായത്തിനും പരപ്പയിലെ പെരുന്തച്ചന്‍ കരിവീട്ടിക്കാതലുള്ള ലക്ഷണമൊത്ത മരം കോട്ടമലക്കാട്ടിന് നടുവില്‍ കണ്ടെത്തി. ചാമുണ്ഡിയുള്ള കാട്ടില്‍ കടക്കാന്‍ ഭയമില്ലാതെ ഏത് മരവും ഏത് കാട്ടില്‍ നിന്നും മുറിച്ച് എടുക്കാന്‍ നെഞ്ചൂക്കുള്ള കരുത്തന്‍ മാപ്പിളയായ കോയിക്കല്‍ മമ്മദ് ഇരിക്കൂറില്‍ നിന്നും എത്തിച്ചേര്‍ന്നു.

കുന്നുംകൈ പളളിയില്‍ ജുമാ നിസ്കാരം കഴിഞ്ഞ് മമ്മദ് എത്തുമ്പോള്‍ നാട്ടുവിശ്വാസം മറികടന്ന മമ്മദിനെ കാണാന്‍ ആ നാട്ടിലെ നിരവധി ആളുകള്‍ എത്തി.മുഴുക്കയ്യന്‍ ബനിയനും മാപ്പിളക്കര മുണ്ടും തലയില്‍ തൊപ്പിയുമായി വന്ന മമ്മദ് കാട്ടിലേക്ക് കടന്നു. മരം മുറിക്കുന്നതി നിടയില്‍ ഉണ്ടായ അപകടത്തില്‍ മമ്മദ് കൊല്ലപ്പെട്ടു. മതം വേറെയാണെങ്കിലും മമ്മദിന് വീരാരാധനയുടെ പരിവേഷം നാട്ടുകാര്‍ നല്കി. ജോത്സ്യന്മാരും മമ്മദിനെ ആരാധനാപാത്ര മാക്കിക്കൊണ്ട് ഒരു പുരാവൃത്തം നിര്‍മ്മിച്ച് നാട്ടുകാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.ഈ പുരാവൃത്തം ജ്യോതിഷികള്‍ സൃഷ്ടിച്ചത് മമ്മദ് എന്ന മരക്കച്ചവടക്കാരന്‍ ഇല്ലെങ്കിലും കഴിവുള്ള വലിയ മരക്കച്ചവടക്കാര്‍ പിന്നെയും സമൂഹത്തില്‍ നിലനില്‍ക്കേണ്ടതിന്‍റെ ആവശ്യകതയില്‍ ഊന്നിയാണ്. മുസ്ലിംകള്‍ തന്നെയായിരുന്നു അക്കാലത്തെ ഏറ്റവും മികച്ച കച്ചവടക്കാര്‍. മാത്രമല്ല, ഹിന്ദുക്കളുടെ കാവുംപടിപ്പുര തകര്‍ന്നത് നേരെയാക്കാനാണ് മരം മുറിക്കുന്നതിനിടെ മമ്മദ് മരിച്ചത്. അതുകൊണ്ട് തന്നെ ആദരവ് കൊടുക്കേണ്ടത് ആ വിഭാഗത്തിന്‍റെ ചുമതലയാണ്.  തകര്‍ന്ന കാവുംപടിപ്പുര നേരെയാക്കുക എന്ന സാഹചര്യവുമായി ബന്ധപ്പെട്ട് മരണപ്പെട്ടതു കൊണ്ട് തന്നെ കോയി മമ്മദിനെ തെയ്യമാക്കി മാറ്റാന്‍ എളുപ്പമായി. അതേ കരിവീട്ടിത്തടി കൊണ്ട് നിര്‍മ്മിച്ച മൗവ്വേനി കോവിലകത്തെ കാവില്‍ പൂജനീയ സ്ഥാനത്ത് മമ്മദ് തെയ്യത്തെ ചാമുണ്ഡിയോ ടൊപ്പം ഭക്തന്‍മാര്‍ കുടിയിരുത്തി എന്നാണ് ഐതിഹ്യം. മമ്മദിനെ മമ്മദായി തന്നെ തിരിച്ചറിയുന്നതാണ് ഈ പുരാവൃത്തത്തിന്‍റെ മറ്റൊരു സവിശേഷത. മമ്മദ് തെയ്യം 'വ്ളു' എടുത്ത് ബാങ്ക് വിളിക്കുകയും തറയിലെ തഴപ്പായയില്‍ നിസ്കരിക്കുകയും ചെയ്യും. അതുപോലെ തന്നെ ചാമുണ്ഡിയോട് വാളും പരിചയുമേന്തി ഏറ്റുമുട്ടുകയും പിന്നെ കയ്യോടു കൈപിടിച്ച് ആടുകയും ചെയ്യുന്നത്  കളിയാട്ടക്കാഴ്ചകളായി ഇപ്പോഴും തുടരുന്നു. കൈത്തണ്ടയില്‍ ഉറുക്കും തണ്ടും കയിലിമുണ്ടും തൊപ്പിയും താടിയുമാണ് വേഷം. മമ്മദ് തെയ്യത്തിന് ഭക്തന്‍മാര്‍ കാണിക്കവെക്കുന്ന വെറ്റില, അടക്ക, പുകയില, പണം എന്നിവയില്‍ ഒരു പങ്ക് തൊട്ടടുത്ത മാപ്പിള തറവാട്ടുകാര്‍ക്കുള്ളതാണ് എന്നത് മമ്മദ് എന്ന മുസ്ലിം കച്ചവടക്കാ രന്‍റെ സാമ്പത്തികസ്വത്വത്തെയും  ഉറപ്പിക്കുന്നു.

ബപ്പിരിയന്‍

തുളുനാട്ടിലെ ശക്തി ചൈതന്യമായി ആരാധിച്ചു വരുന്ന മാപ്പിളത്തെയ്യമാണ് ബപ്പിരിയന്‍. കടല്‍യുദ്ധത്തില്‍ ശത്രുക്കളോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച് ദൈവപദവിയിലേക്ക് ഉയരുകയാ യിരുന്നു. തുളുനാട്ടിലെ വ്യാപാരിയായ സുലിക്കല്ല് മുറുവയ്ക്ക് ബീട്ടിപാത്തുമ്മയില്‍ ഏഴു മക്കളുണ്ടായിരുന്നു. കായിരി, കലസ, ഗെണ്ടെബൊമ്മ, സീംകിരി, സുമണൈ, സരപൊളി, സുണ്ണജനു എന്നിവരാണവര്‍. കടല്‍ക്കരയില്‍ പലചരക്കുകട നടത്തുന്ന മുറുവ മക്കളെയും കച്ചവടക്കാരാക്കാന്‍ കൊതിച്ചെങ്കിലും കച്ചവടത്തെ ക്കാള്‍ കടല്‍ക്കച്ചവടത്തിലായിരുന്നു അവര്‍ക്ക് താല്പര്യം. ലക്ഷണമൊത്ത തേക്കുമരം കൊണ്ട് കപ്പല്‍ പണികഴിപ്പിച്ച് മക്കള്‍ക്ക് നല്‍കി. കപ്പലോടിക്കാന്‍ ആദിമരക്കാരും കൂട്ടുമുക്കുവന്‍മാരുമാണ് തുണയായത്. വ്യാപാരം നടത്തി പതിനെട്ട് മാസങ്ങളോളം മുന്നോട്ട് പോയി. കൊണ്ടുപോയ ചരക്ക് മുഴുവന്‍ വിറ്റഴിച്ച് അറകള്‍ നിറയെ പണവുമായി കപ്പല്‍ തിരിച്ച് യാത്ര തുടങ്ങി. ഗണ്ടെബൊമ്മ തുളുദേവനായ ബിറ്മേരുവിനെ വിളിച്ച് 'മുട്ടാതെ പൊട്ടാതെ' കരകേറ്റിത്തരണേ എന്ന് പ്രാര്‍ത്ഥിക്കും. മടക്കയാത്ര തുടങ്ങി മൂന്നാം ദിനം അകലെ തോണിയുടെ നിഴല്‍ ഗണ്ടെബൊമ്മന്‍റെ ശ്രദ്ധയില്‍ പെട്ടു. കടല്‍ക്കൊള്ളക്കാരായ കള്ളത്തോണിക്കാരെപ്പറ്റി ബാപ്പ പറഞ്ഞു പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്ത് ഏഴ് സഹോദരന്‍മാരും നേരിടാന്‍ തയ്യാറായി നിന്നു. കണ്ടുകണ്ടിരിക്കെ കള്ളത്തോണികള്‍ ഒന്നിലേറെയായി. അവ കപ്പലിനു ചുറ്റും വട്ടമിട്ടു. കപ്പലിലേക്ക് കയറിയ ശത്രുക്കള്‍ പണപ്പെട്ടികള്‍ ഓരോന്നായി കൊള്ളയടിച്ചു. അഞ്ചാം അറയിലെ പണപ്പെട്ടി തൊട്ടപ്പോള്‍ ഗണ്ടെബൊമ്മ ചാടി വീണു. സഹോദരന്‍മാരെല്ലാം പരാജയപ്പെട്ട് നില്‍ക്കെ ഗണ്ടെബൊമ്മന്‍ തോണികള്‍ കഷണങ്ങളാക്കി എങ്കിലും കപ്പല്‍ മുങ്ങുകയായിരുന്നു. കടലില്‍ മുങ്ങിയ ബ്യാരികള്‍ ഏഴുപേരെയും ഓര്‍ത്ത് നാട് ദുഃഖിച്ചു. എന്നാല്‍ സന്ധ്യാനേരത്ത് അസ്തമയ മുനമ്പില്‍നിന്ന് മറ്റൊരു സൂര്യന്‍ ഉദിച്ചുവരുന്ന കാഴ്ച ജനങ്ങളെ അമ്പരപ്പിച്ചു. നോക്കിനില്‍ക്കെ അത് പുരുഷരൂപമായി. പള്ളിക്കാരണവര്‍ ആ രൂപത്തെ തിരിച്ചറിഞ്ഞു. അത് ദൈവരൂപം നേടിയ ഗണ്ടെബൊമ്മ ബബ്ബിരിയ ആയിരുന്നു. തുടര്‍ന്ന് മൂലൂരിലും മല്ലാറിലും കാപ്പുവിലും ബപ്പിരിയന്‍ പ്രത്യക്ഷനായി എന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തി. ആരാധ്യദേവനായ ബപ്പിരിയന്‍ കിഴക്കന്‍ ചുരം മുതല്‍ പടിഞ്ഞാറ് കടല്‍ വരെ, തെക്ക് മഞ്ചേശ്വരം മുതല്‍ വടക്ക് അങ്കോല വരെ തെയ്യമായി പ്രതിഷ്ഠ നേടി. പുതിയ കപ്പലോ തോണിയോ നീറ്റിലിറക്കുന്നതിനു മുന്‍പും മീന്‍ പിടിക്കാന്‍ പോകുന്നതിനു മുന്‍പും ആഴക്കടലില്‍ ദുര്‍ന്നിമിത്തങ്ങള്‍ കാണുമ്പോള്‍ ഒക്കെ തീരനിവാസികള്‍ കാണിക്കയിട്ട് പ്രാര്‍ത്ഥിക്കുന്നത് ബപ്പിരിയന്‍ തെയ്യത്തെയാണ്. തീരദേശസമൂഹ രൂപീകരണത്തെ കടല്‍വാണിജ്യവുമായും അതിന്‍റെ അമരക്കാരായ  മാപ്പിളമാരുമായും നേരിട്ട് തന്നെ ഊട്ടിയുറപ്പിക്കുന്ന പുരാവൃത്ത മാണ് ബപ്പിരിയന്‍ അഥവാ ബബ്ബിരിയന്‍ എന്ന തെയ്യത്തിന്‍റേത്.

പടമലനായര്‍തെയ്യം

കോവള്ളി കോവിലകം ഏറെ പ്രസിദ്ധമായിരുന്നു. കുടകുമല കുങ്കന്‍ മൂവായിരപ്പടയുമായി മലയോരം പിടിക്കാന്‍ ശ്രമം തുടങ്ങി. മൂത്തകുന്നന്‍ കുടകപ്പടയെ എതിര്‍ത്ത് തോല്‍പിച്ചു. നാടിന്‍റെ അഭിമാനം കാത്ത മൂത്തകുന്നന്‍ ഒന്നാം മന്ത്രി പടമലനായര്‍ ആയി.പടമല പിടിച്ചെടുത്തതിന്‍റെ പേരില്‍ ആ മഹാവീരനെ തമ്പുരാന്‍ കോവിലകത്തേക്ക് വിരുന്നിന് ക്ഷണിച്ചു. അവിടെയെ ത്തിയ പടമലനായരുടെ വീരപരിവേഷത്തോട് തമ്പുരാട്ടിക്ക് ആകര്‍ഷണം തോന്നി. കോവിലകത്തോടുള്ള ബഹുമാനം കാരണം പടമലനായര്‍ ഇത് അവഗണിച്ചു. ചതിയിലൂടെ പടമലനായരെ കുറ്റവാളിയാക്കി. തമ്പുരാട്ടിയോട് അപമര്യാദയായി പെരുമാറിയ നായരെ കോട്ടപ്പുഴയില്‍ മുക്കിക്കൊല്ലാന്‍ കല്പനയായി. അവസാനത്തെ ആഗ്രഹമായി പറഞ്ഞത് പടമല ജയിച്ചു വരുമ്പോള്‍ കണ്ടുമുട്ടിയ അബ്ദുള്ള ബിന്‍ ദീനാര്‍ മനശ്ശാന്തിക്ക് ഒരു വാചകം തരാമെന്ന് ഏറ്റിരുന്നു എന്നും അതുപ്രകാരമുള്ള പ്രവാചക മൊഴികേട്ട് മരിക്കണം എന്നുമായിരുന്നു. നാലാം നാള്‍ പ്രവാചക വഴിയില്‍ സഞ്ചരിച്ച ലബ്ബൈക്ക അബ്ദുല്ല ബിന്‍ ദീനാര്‍ കോവിലകത്തെത്തി. എല്ലാ പ്രാര്‍ത്ഥനയും ആ പടച്ചതമ്പുരാന് മാത്രം എന്നര്‍ത്ഥം വരുന്ന യാ ഇലാഹ ഇല്ലള്ളാ എന്ന വചനം ഓതിക്കൊടുത്തു. കൊല ചെയ്യുന്ന രംഗം കാണാന്‍ തിരക്ക് കൂട്ടുന്നവര്‍ക്കിടയിലൂടെ കറുത്ത കുട്ടനും കണാരം വയല്‍ കണ്ണനും ചേര്‍ന്ന് പടുമല നായരെ പുഴയിലേക്കിറക്കി. വിധി നടപ്പാക്കുന്നതിനിടയില്‍ നാലാമതും മുങ്ങിപ്പൊങ്ങിയ പടമലനായര്‍ തമ്പുരാനോട് പെണ്‍വാക്കുകേട്ട് നീതി മറന്നു പോയതിനെ അപലപിക്കുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വരാതെ താങ്കള്‍ക്ക് മനസ്സമാധാനം ഉണ്ടാകില്ലെന്നും പറഞ്ഞു കൊണ്ട് മരിച്ചു.കോവി ലകത്ത് തിരിച്ചെത്തിയ തമ്പുരാന്‍ അസ്വസ്ഥനായി. പടമലനായ രുടെ ഉപദേശവാക്കുകള്‍ തമ്പുരാന്‍റെ ചിന്ത ഉണര്‍ത്തി. സത്യമറി യാന്‍ തമ്പുരാന്‍ ഉറ്റതോഴിയെ വിളിച്ചു വരുത്തി. കുഞ്ഞിച്ചിരുത പറഞ്ഞ കാര്യങ്ങള്‍ കേട്ട് പശ്ചാത്താപ വിവശനായ കോവള്ളി കോവിലകം തമ്പുരാന്‍ അഞ്ച് രാപ്പകല്‍ വ്രതമിരുന്നു. ആറാം നാള്‍ മഹാപണ്ഡിതനും വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടിയ വഴി ചൊല്ലുന്ന വരുമായ അബ്ദുല്ല ബിന്‍ ദീനാറിന്‍റെ വഴിയിലൂടെ സഞ്ചരിച്ച് തമ്പുരാന്‍ മെക്കയിലേക്ക് യാത്രയായി. മരുമകനായ മഹാബലി ഇസ്ലാം മതം സ്വീകരിച്ച് മമ്മാലിയായി നാട് വാണു. നാടിന് മുഴുവന്‍ നന്‍മവഴി കാണിച്ച പടമലനായരുടെ ജീവിതം ഓര്‍മ്മിക്കാന്‍ ഒരു തെയ്യക്കോലമുണ്ടായി. അതാണ് പടമലനായര്‍ തെയ്യം. സദാചാരവും മതപരിവര്‍ത്തനവും വിഷയമായ പുരാവൃത്തമാണ് പടമലനായര്‍ തെയ്യത്തിന്‍റേത്.

കല്യാല്‍ അലി

കല്യാല്‍ പ്രദേശത്ത് താമസിച്ചിരുന്ന മുസ്ലിം തറവാടായി രുന്നു കല്യാല്‍ അലി കാരണവരുടേത്. ദാനധര്‍മ്മാദികളില്‍ പേരുകേട്ട കാരണവരുടെ മുന്നില്‍ അസ്ഹര്‍ നിസ്കാരം കഴിഞ്ഞ ഉടനെ ഒരു പെണ്‍കുട്ടി എത്തിച്ചേര്‍ന്നു. വന്ന കാര്യം ചോദിച്ചപ്പോള്‍ ദൂരെ ചൂണ്ടിക്കാണിക്കുക മാത്രം ചെയ്തു. അലി കാരണവര്‍ ആ കുട്ടി ചൂണ്ടിക്കാണിച്ച വഴിയേ ശിവക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ ഒരു വൃദ്ധന്‍ അവശനായി കിടക്കുന്നത് കണ്ടു.

വൃദ്ധന്‍ താന്‍ പെരിയോടിനായരച്ഛന്‍ ആണെന്നും പ്രതാപകാലം കഴിഞ്ഞ് ഇന്ന് അന്യാധീനമായ പെരിയോടി നായര്‍ തറവാട്ടിലെ കാരണവര്‍ ആണെന്നും  പരിചയപ്പെടുത്തി. രോഗം വന്നപ്പോള്‍ മുച്ചിലോട്ട് ഭഗവതിയെ തൊഴുത് അനുഗ്രഹം വാങ്ങി തിരിച്ചുവരുന്ന വഴിയാണെന്നും പറഞ്ഞു. വിവരം അറിയിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ കാണാനുമില്ല. ദാഹവും വിശപ്പും തീര്‍ക്കാനായി ക്ഷേത്രത്തിലെ വെള്ളം ആവശ്യപ്പെട്ട കാരണവര്‍ക്ക് അത് കോരിയെടുക്കാന്‍ ആവശ്യമായ കയറും ചെമ്പിന്‍കുടവും കല്യാല്‍ അലി നായരച്ഛന് എത്തിച്ചുകൊടുത്തു. ക്ഷീണം മാറിയ നായരച്ഛന്‍ കല്യാല്‍ അലിയോട് യാത്ര പറഞ്ഞ് ആല്‍ത്തറയില്‍ വെച്ച ഓലക്കുട എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഇളകുന്നില്ല. തന്‍റെ സമീപമെത്തിയ പെണ്‍കുട്ടി മുച്ചിലോട്ട് ഭഗവതിയായിരിക്കാമെന്ന് കല്യാല്‍ അലി, കാരണവരോട് പറഞ്ഞു. ഭഗവതിയുടെ മായാ പ്രയോഗമാണ് കുടയിലും വെളിപ്പെട്ടത്. നായരച്ഛന്‍ ഭഗവതിയെ തൊഴുത് തൊട്ടടുത്ത് കൊപ്ര ഉണക്കാനിടുന്ന വാണിയ പെണ്‍കുട്ടിയോട് വിളക്ക് കൊളുത്താന്‍ അപേക്ഷിച്ചു. ഏറെ നാള്‍ക്കു ശേഷം അവിടെ പണിത കാവാണ് കല്യാല്‍ മുച്ചിലോട്. മണിക്കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ വേണ്ട കയറും കുടവും കാവിലേക്ക് സമര്‍പ്പിച്ചത് കല്യാല്‍ അലി കാരണവരാണ്. ഈ പാരമ്പര്യം ഇന്നും പെരുങ്കളിയാട്ടത്തിന് തുടര്‍ന്നു വരുന്നു. കയറും കുടവും നല്‍കുന്നതോടൊപ്പം കാവിലെ പ്രസാദമായ ഉണക്കലരി തറവാട്ടുകാര്‍ക്ക് അളന്ന് നല്‍കും. കയറും കുടവും സംഭാവന ചെയ്യുന്ന അലി കച്ചവടവസ്തുക്കള്‍ നല്‍കാന്‍ പര്യാപ്തനായ മുസ്ലിം തന്നെയാണ്. തദ്ദേശീയമായി ഉല്പാദിപ്പിക്കാത്ത വസ്തുക്കളുടെ കൈമാറ്റത്തിന് കച്ചവടക്കാര്‍ ആവശ്യമായി വന്നു എന്നതിന്‍റെ സൂചനയും മതഭേദമന്യേ പരസ്പരം സഹായിക്കാ നുള്ള മനഃസ്ഥിതി ആ സമൂഹത്തില്‍ നിലനിന്നിരുന്നുവെന്നും ഈ പുരാവൃത്തം പറയുന്നു. കാവിന്‍റെ പരിസരത്ത് നടന്ന സംഭവമാണ് എന്ന സാഹചര്യവും കല്യാല്‍ അലിയെ തെയ്യപ്പദവിയിലേക്ക് ആരോഹണം നടത്താന്‍ സഹായകമാണ്. അലിയെ അവിടെ എത്തിച്ച പെണ്‍കുട്ടി  മുച്ചിലോട്ട് ഭഗവതിയാണെന്ന സങ്കല്പം ഈ പുരാവൃത്തത്തെ ഭദ്രമാക്കുകയും ചെയ്യുന്നു.

കലന്തന്‍മുക്രി

പുളിങ്ങോം പള്ളിയിലെ മുക്രിയായിരുന്നു കലന്തറ്. ആണ്ടു നേര്‍ച്ചയുടെ തലേന്നാള്‍ ആയിട്ടും കുട്ടിയമ്മദ് മീന്‍ എത്തിച്ചില്ല. കലന്തര്‍ പുഴക്കരയിലേക്ക് പോയി ഒതളങ്ങാപ്പിണ്ടി വെള്ളത്തില്‍ കലക്കി. നാലുനാഴിക കൊണ്ട് മീന്‍ വേണ്ടത്ര കിട്ടുമെന്നും എല്ലാവരും കരക്ക് കേറിക്കോ എന്നും പറഞ്ഞു. കലന്തര്‍ കൂട്ടരോ ടൊപ്പം പള്ളിയിലേക്ക് മടങ്ങി. കുറച്ച് നേരം ഉറങ്ങിയപ്പോള്‍ ഒരുള്‍ വിളി തോന്നി ഇരുട്ടില്‍ പുഴക്കരയിലേക്ക് പോയി. അപ്പോള്‍ ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ കണ്ടത് ചത്ത് പൊന്തിയ മീനെല്ലാം കുറേയാളുകള്‍ വാരിക്കൊണ്ടുപോകുന്നതായിരുന്നു. കലന്തര്‍ മുക്രി അക്കരയില്‍ അവരെ കണ്ട് അങ്ങോട്ട് നീന്തി. അവിടെ എത്തിയപ്പോള്‍ ഇങ്ങേക്കരയില്‍ അതേ ചൂട്ടുവെളിച്ചം. അവരെ നേരും നെറിയും പഠിപ്പിക്കാന്‍  കലന്തര്‍മുക്രി അക്കരയിലേക്കും ഇക്കരയിലേക്കും നീന്തി, കൈകാല്‍ തളര്‍ന്ന് താണുപോയി. ആണ്ടുനേര്‍ച്ചയുടെ അന്ന് രാവിലെ നാട്ടുകാര്‍ കണ്ടത് ചത്തുപൊ ന്തിയ മീന്‍കൂട്ടത്തിന് നടുവില്‍ ചത്ത് വീര്‍ത്ത കലന്തറിന്‍റെ ജഡമായിരുന്നു.

അനുഷ്ഠാനവും സമൂഹരൂപീകരണവും

ഒരു തെയ്യക്കാവില്‍ വണ്ണാന്‍ സമുദായത്തില്‍ പെട്ട കോലധാരി മാപ്പിളത്തെയ്യം കെട്ടി നിസ്കാരം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ ചെയ്ത് ഉറഞ്ഞാടുമ്പോള്‍ മറ്റ് ഭക്തന്‍മാരെ പോലെ തന്നെ മുസ്ലിം വിശ്വാസികളും തൊഴുകൈയുമായാണ് കണ്ടു നില്‍ക്കുന്നത്. മുസ്ലീമിനെ തെയ്യം അഭിവാദ്യം ചെയ്ത് 'ഒടപ്പെറപ്പേ' എന്ന് അടുത്തേക്ക് വിളിച്ച്  'അഞ്ച് നിസ്കാരത്തിനും നോമ്പിനും നിത്യവൃത്തിക്കും ഊനം കൂടാതെ കാത്തുകൊള്ളാം' എന്ന് തന്നെയാണ് ആശീര്‍വദിക്കുകയും ചെയ്യാറുള്ളത്. ചില തെയ്യങ്ങള്‍ മാപ്പിളമാരെ അരികിലേക്ക് വിളിച്ചത് 'മാടായി നഗരേ വാ കയ്യെടുക്ക്' എന്നാണ്. വടക്കന്‍ കേരളത്തിലെ ആദ്യ മുസ്ലിം പള്ളി മാടായി നാട്ടിലായിരുന്നുവെന്നും മാടായി കേന്ദ്രീകരിച്ചാണ് മാപ്പിളമാര്‍ അന്ന് കച്ചവടത്തിന് ഇറങ്ങിയിരുന്നതെന്നും ഈ സംബോധന സൂചന നല്‍കുന്നതായി ആര്‍.സി.കരിപ്പത്ത് പറയുന്നു (2014:23). ഒടപ്പെറപ്പേ എന്ന വിളി സാഹോദര്യത്തെയും മാടായി നഗരേ എന്ന വിളി മുസ്ലിംകളുമായുള്ള വാണിജ്യബന്ധ താല്പര്യത്തെയും വ്യക്തമാക്കുന്നു. ഇത്തരത്തില്‍ സാംസ്കാരിക സമന്വയം തെയ്യാട്ടഭൂമിക യില്‍ ഉണ്ടായിവന്നു എന്നത് പ്രധാനമാണ്. സമൂഹരൂപീകരണത്തിന്‍റെ അടരുകള്‍  പരിശോധി ക്കുമ്പോള്‍  അനുഷ്ഠാനപരമായ ഈ ആയിത്തീരലിന് വലിയ പങ്ക് വഹിക്കാനുണ്ട് എന്ന് വ്യക്തമാകുന്നു.

മാപ്പിളത്തെയ്യങ്ങളും സാംസ്കാരിക സമന്വയവും

മാപ്പിളത്തെയ്യങ്ങള്‍ ഹൈന്ദവസംസ്കാരത്തെ പിന്‍പറ്റി ഉറഞ്ഞാടുമ്പോള്‍ ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ അയവുള്ളതും വികസിതവും മതമൈത്രിയെ അനുഭാവപൂര്‍വം പരിഗണിക്കുന്നതു മാകുന്നു. തെയ്യവുമായി ബന്ധപ്പെട്ട മിത്തുകള്‍ രൂപപ്പെടുത്തുന്നതില്‍ ജ്യോത്സ്യന്‍മാരുടെ പങ്ക് തള്ളിക്കളയാനാവില്ല. അതിഭൗതികമായ ഏത് ദൃഷ്ടാന്തത്തെയും ഇനം തിരിക്കാനും നിര്‍വചിക്കാനും വിശ്വാസികള്‍ ദേശത്തെ പ്രമുഖ ജ്യോതിഷികളുടെ സഹായം തേടാറുണ്ട്. ഇവരുടെ കൂടി മനോധര്‍മ്മത്തില്‍ വീരമരണത്തിന്‍റെയോ മതപരിവര്‍ത്തനത്തിന്‍റെയോ ചരിത്രവസ്തുതകള്‍ തെയ്യത്തിന്‍റെ ചട്ടക്കൂടിലേക്ക് ആനയിക്കപ്പെടുക സ്വാഭാവികമാണ്. വ്യവസ്ഥയെ അതുപോലെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇത്തരം പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിലുണ്ട്. തദ്ദേശീയമായ ഒരു സമൂഹത്തിന്‍റെ വിശ്വാസത്തെ നിലനിര്‍ത്തിക്കൊണ്ട് ഇതരവിഭാഗ ങ്ങളെയും ദൈവക്കരുവാക്കുന്നതിലൂടെ സമൂഹനിര്‍മ്മിതിയില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ്.

സൂക്ഷ്മരാഷ്ട്രീയം വെച്ച് നോക്കിയാല്‍ തെയ്യപ്രപഞ്ചത്തില്‍ മാര്‍ജിനലൈസ് ചെയ്യപ്പെട്ടവ  തന്നെയാണ് മാപ്പിളത്തെയ്യങ്ങള്‍. ചെറുപ്രദേശത്തോട് മാത്രം സംവദിക്കുന്ന, അനുഗ്രഹാ ശിസ്സുകള്‍ നല്‍കാന്‍ ദുര്‍ബലമായ കോലവും, വിഗ്രഹപ്രതിഷ്ഠയില്‍ നിന്നുള്ള അകന്നു നില്‍ക്കലും വലിയ പാരമ്പര്യമില്ലാത്ത പില്‍ക്കാല രൂപപ്പെടുത്തലുകളാണെന്നതും ഒക്കെ ഇതിന് കാരണമാവാം. ഇസ്ലാമിക വിശ്വാസധാരയില്‍ ഇടം പിടിക്കുകയോ അവരുടെ മേല്‍നോട്ടത്തില്‍ കെട്ടിയാടപ്പെടുകയോ ചെയ്യുന്ന വിധത്തിലേക്ക് മാപ്പിളത്തെയ്യങ്ങള്‍ മാറിയില്ല. ആകര്‍ഷകമോ  വിലപിടിപ്പുള്ളതോ ആയ വേഷഭൂഷകളോ ആടയാഭരണങ്ങളോ സങ്കീര്‍ണ്ണമായ മുഖത്തെഴുത്തോ മാപ്പിള തെയ്യങ്ങള്‍ക്കിടയില്‍ കാണാന്‍ കഴിയില്ല. നിരവധി തെയ്യങ്ങള്‍ അണിയറയില്‍ ഒരുങ്ങാന്‍ എടുക്കുന്ന ദീര്‍ഘമായ ഇടവേളകള്‍ പൂരിപ്പിക്കുന്ന ചടങ്ങായി മാത്രം ഇവ വന്ന് പോകുന്നു. ഏറ്റവും കൂടുതല്‍ വിശദാംശങ്ങളുള്ള തെയ്യക്കോ ലങ്ങള്‍ അണിനിരക്കുന്ന പയ്യന്നൂര്‍, കുഞ്ഞിമംഗലം പ്രദേശങ്ങളില്‍ മാപ്പിളത്തെയ്യങ്ങള്‍ നാമമാത്രമാണ്. കടലിനോടോ കായലിനോടോ ചേര്‍ന്ന ഒരു സംസ്കൃതിയാണ് ഈ തെയ്യങ്ങള്‍ മുന്നോട്ട് വെക്കുന്നത്. മുസ്ലിം ഭൂരിപക്ഷ കാസര്‍ഗോഡന്‍  തുളു ഇടങ്ങളിലാ ണ് ഇവയ്ക്ക് കൂടുതല്‍ പ്രചാരം. എന്നിരുന്നാലും സമൂഹ രൂപീകരണത്തിന്‍റെ അടരുകളില്‍ അനുഷ്ഠാന തലത്തിലുള്ള പ്രാതിനിധ്യം വഹിക്കാനും നിലനിര്‍ത്താനും  മാപ്പിളത്തെയ്യങ്ങള്‍ക്ക്  കഴിയുന്നുണ്ട് എന്നത് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സംഗതി യാണ്. മാനവികതയിലൂന്നിയുള്ള സമൂഹരൂപീകരണ ത്തിന്‍റെ നാള്‍വഴികള്‍ എവിടെയൊക്കെ ഏതൊക്കെതരത്തില്‍ വൈവിധ്യ ങ്ങളെ ഉള്‍ക്കൊള്ളുന്നു എന്ന് മനസ്സിലാക്കാന്‍ പര്യാപ്തമായ തെളിവുകളാണ്  മാപ്പിളത്തെയ്യങ്ങള്‍.  ഈയൊരര്‍ത്ഥത്തില്‍ മാപ്പിള ത്തെയ്യങ്ങള്‍  ഉള്ളടക്കപര മായി സ്വാംശീകരിച്ചിരിക്കുന്നത് സമുദായ ബോധത്തെയല്ല, സാംസ്കാരിക സമന്വയത്തെ തന്നെയാണ്.

ഗ്രന്ഥസൂചി

കരിപ്പത്ത് ആര്‍ സി, മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍, ന്യൂ ബുക്സ്, കണ്ണൂര്‍, 2014.
നമ്പ്യാര്‍ ഏ കെ, കേരളത്തിലെ നാടന്‍ കലകള്‍, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1993.
മുഹമ്മദ് അഹമ്മദ് ബി, 'മാപ്പിളത്തെയ്യങ്ങള്‍', സമയം മാസിക, കണ്ണൂര്‍, ആഗസ്ത് 2014.
വിഷ്ണു നമ്പൂതിരി എം വി, ഡോ., തോറ്റമപാട്ട് - ഒരു പഠനം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം, 1990.
സി എം എസ് ചന്തേര, തെയ്യത്തിന്‍റെ ആദിരൂപം, ഡി സി ബുക്സ്, കോട്ടയം, 2004.
ഡോ. പ്രജിത.പി
അസോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം മേധാവി
പയ്യന്നൂര്‍ കോളേജ്