Arabic Grammar and Morphology in Kerala

Dr. Abdul Majeed E. 

The scholars in the Malabar region (Northern Kerala) in Kerala have immensely contributed to the growth of Arabic grammar. As Arab is the official language of Islam and is indispensable in Islamic studies, Arabic grammar had become part of our studies since the advent of Islam in Malabar. Arabic grammar was not studied in Malabar until Hijra 9th century (A. D. 16th century). Arabic learning flowered with the setting up of the Makhdoom madrassa (study centre) at Ponnani in the Malappuram district during the Hijra 9th century. The people of Malabar have developed and protected Arabic grammar through years of learning, imbibing and teaching the language. Alfiyya, the rhymed book of Arabic grammar written by Ibn Malik and his Madhab school of thought were given much prominence. Several talented Arabic grammarians came up in the Malabar region and they contributed works of scholarship to the world. They wrote sharahs (analysis), hashia (descriptions) and annexures to several authentic Arabic grammar texts. The article gives an analysis of the contributions of the Arabic Grammarians in the Malabar region.

Dr Abdul Majeed E
Assistant Professor and Head
Department of Arabic
University of Calicut
Kerala
India
Pin: 673635
Email: dr.emajeed@gmail.com

അറബി വ്യാകരണവും രൂപവിജ്ഞാനീയവും കേരളത്തില്‍

ഡോ. അബ്ദുല്‍ മജീദ്. ഇ

മലബാര്‍ പണ്ഡിതര്‍ അറബിക് വ്യാകരണത്തിന് മഹത്തായ സേവനങ്ങള്‍ സമര്‍പ്പിച്ചവരാണ്. ഇസ്ലാമിന്‍റെ ഔദ്യോഗിക ഭാഷയായ അറബി ഭാഷ, ഇസ്ലാം പഠനത്തിന് അവിഭാജ്യ ഘടകമെന്നതിനാല്‍, മലബാറില്‍ ഇസ്ലാം പ്രവേശിച്ചത് മുതല്‍ തന്നെ അറബി വ്യാകരണ പഠനം തുടങ്ങിയിട്ടുണ്ട്. ഹിജ്റ ഒമ്പതാം നൂറ്റാണ്ട് വരെ (എ.ഡി 16) മലബാറില്‍ അറബി വ്യാകരണ പഠനം ഉണ്ടായിരുന്നില്ല. ഹിജ്റ ഒമ്പതാം നൂറ്റാണ്ടില്‍ പൊന്നാനിയില്‍ മഖ്ദൂം പാഠശാലچ ഉണ്ടായി. അപ്പോള്‍ അറബി വ്യാകരണ പഠനം പുരോഗമിക്കുകയും പ്രശോഭിതമാകുകയും ചെയ്തു. പഠിച്ചും പഠിപ്പിച്ചും മനഃപാഠമാക്കിയും മലബാര്‍ ജനത അറബി വ്യാകരണത്തിന് വലിയ പ്രാധാന്യം നല്‍കി. അറബി വ്യാകരണത്തിന്‍റെ സംരക്ഷണത്തിന് അവര്‍ നന്നായി പരിശ്രമിച്ചു. വിശിഷ്യാ, ഇബ്നുമാലികിന്‍റെ څഅല്‍ഫിയچക്കും അദ്ദേഹത്തിന്‍റെ ചിന്താധാരക്കും (മദ്ഹബ്)  വലിയ പ്രാധാന്യം നല്‍കി. സമര്‍ത്ഥരായ നിരവധി അറബി വ്യാകരണ പണ്ഡിതരെ മലബാര്‍ ലോകത്തിന് സംഭാവന ചെയ്തു. അറബിക് ഗ്രാമറില്‍ ഏറ്റവും മേന്മയും ദൃഢതയും ഭംഗിയുമുള്ള ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു. അറബിക് വ്യാകരണത്തിലെ ധാരാളം ആധികാരിക ഗ്രന്ഥങ്ങള്‍ക്ക് അവര്‍ ശറഹുകളും (വിശദീകരണം) ഹാശിയകളും (വിവരണം) അനുബന്ധങ്ങളും എഴുതി. മലബാര്‍ പണ്ഡിതര്‍ അറബി വ്യാകരണത്തിന് നല്‍കിയ സംഭാവനകളുടെ സംഗ്രഹം താഴെ വിവരിക്കുന്നു.

മലബാറിലെ അറബി വ്യാകരണ പഠനവും പുരോഗതിയും

കാലങ്ങളായി മലബാറിന് അറേബ്യന്‍ പ്രദേശങ്ങളുമായി സുദൃഢ ബന്ധമുണ്ട്. ക്രിസ്തുവിന് മുമ്പ് തന്നെ കച്ചവടബന്ധത്തിലൂടെയാണിത് തുടങ്ങിയത്. പിന്നീട് ഇസ്ലാമിക ആഗമനത്തോടെ മത സാംസ്കാരിക നാഗരിക ബന്ധമായി ഇത് പുരോഗമിച്ചു.

സ്വഹാബികളിലൂടെ നേരിട്ടാണ് ഇസ്ലാം മലബാറില്‍ പ്രവേശിച്ചത് എന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാം മതവുമായി സ്വഹാബികള്‍ മലബാറിലെത്തിയപ്പോള്‍, മുമ്പ് പരിചയമില്ലാത്ത ഒരു ജീവിതരീതിയെ ജനങ്ങള്‍ അവരില്‍ നിന്ന് അറിഞ്ഞു. മുമ്പ് പരിശീലിക്കാത്ത നല്ല ചര്യകളും കര്‍മ്മങ്ങളും മലബാര്‍ ജനത അറബികളില്‍ നിന്ന് മനസ്സിലാക്കി. അന്നേരം മലബാറിലെ മത സാമൂഹിക സാംസ്കാരിക പരിസരം വളരെ മോശമായിരുന്നു. അപ്പോള്‍ ഇസ്ലാം മതം ശാശ്വത വിജയമാണെന്നവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവര്‍ സംഘം സംഘമായി ഇസ്ലാം ആശ്ലേഷിച്ചു.

ഇസ്ലാം സ്വീകരിച്ചവര്‍ ആരാധനയുടെ സ്വീകാര്യതക്ക് വേണ്ടി ഖുര്‍ആന്‍ പഠിക്കാന്‍ നിര്‍ബന്ധിതരായി. ഇതില്‍ പ്രധാനമായും ഖുര്‍ആനിലെ ഫാതിഹയാണ് അവരാദ്യം പഠിച്ചത്. ഫാതിഹയില്ലാതെ നമസ്കാരമില്ല എന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. ഇങ്ങനെയാണ് അറബി ഭാഷാ പഠനവും അധ്യാപനവും മലബാറില്‍ നിര്‍ബന്ധിത സാഹചര്യത്തിലെത്തുന്നത്. ക്രമേണ അറബി ഭാഷാ പഠനം മലബാറില്‍ പുരോഗതി പ്രാപിച്ചു. കുത്താബ് എന്നറിയപ്പെടുന്ന ഓത്തുപള്ളി ദര്‍സുകളിലൂടെ തുടങ്ങിയ അറബി ഭാഷ ഇപ്പോള്‍ കേരളത്തില്‍ ആയിരക്കണക്കിന് സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.

അറബി ഭാഷക്ക് ഇത്രമേല്‍ പ്രാധാന്യം മുസ്ലിങ്ങള്‍ക്കിടയില്‍ ലഭിക്കാന്‍ കാരണം അത് ഇസ്ലാമിന്‍റെ ഔദ്യോഗിക ഭാഷയായതിനാലാണ്, പ്രവാചകന്‍റെ മാതൃഭാഷയായതിനാലാണ്, ഖുര്‍ആന്‍ ഇറങ്ങിയ ഭാഷയായതിനാലാണ്. പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്തിയ ഭാഷയായതിനാലാണ്. ഇസ്ലാമിക നിയമങ്ങള്‍ എഴുതപ്പെട്ട ഭാഷയായതിനാലാണ്. അപ്പോള്‍ മുസ്ലിമിന് അറബി ഭാഷ പഠിക്കലും പഠിപ്പിക്കലും ഭാഷയെ സംരക്ഷിക്കലും നിര്‍ബന്ധമായി.

അറബി ഭാഷാ പഠനം അറബി വ്യാകരണം പഠിക്കാതെ സാധ്യമല്ലെന്നതില്‍ സംശയം ലവലേശമില്ല. വ്യാകരണ പഠനം ഭാഷാപഠനത്തിന്‍റെ അവിഭാജ്യ ഘടകമാണ്. ഈ അറിവും തിരിച്ചറിവുമാണ് മലബാറിലെ അറബി വ്യാകരണ പഠനത്തിന് വഴിത്തിരിവായത്.

മലബാര്‍ പണ്ഡിതരും അറബിക് ഗ്രാമറും

എല്ലാ വിജ്ഞാന ശാഖകളെയും അപേക്ഷിച്ച് അറബി വ്യാകരണത്തിന് ശ്രദ്ധേയ സ്ഥാനമുണ്ട്. കാരണം, വ്യാകരണം പാലിക്കാതെ അറബി ഭാഷ പഠിക്കാന്‍ മനുഷ്യന് കഴിയില്ല. വ്യാകരണം അറിയാതെ ഗ്രന്ഥങ്ങള്‍ വായിക്കാനോ മനസ്സിലാക്കാനോ സാധ്യമല്ല. ഉമറ്ബ്നു മുള്ഫിര്‍ അല്‍വര്‍ദി പറയുന്നു: വ്യാകരണം അറിയാത്തവന്‍ നിസ്സാരനാണ്. കാരണം, എല്ലാ അറിവും ഗ്രാമറിലേക്ക് ആവശ്യമാണ്.

മലബാറിലെ പുരാതന, ആധുനിക പണ്ഡിതര്‍ ഈ വാസ്തവം ഗ്രഹിക്കുകയും വ്യാകരണം പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അറബി വ്യാകരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളെ സിലബസ്സില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അറബി ഭാഷാ പണ്ഡിതരുടെ പ്രഗല്‍ഭ ഗ്രന്ഥങ്ങള്‍ തല്‍ഫലമായി കേരളത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടു. അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനിയുടെ മിഅത്തു ആമില്‍, മുഹമ്മദ്ബ്നു അബില്‍ ഖാസിം ബഖാലിയുടെ തക്വീമുല്‍ ലിസാന്‍, ഉമറ്ബ്നു മുള്ഫിര്‍ അല്‍വര്‍ദിയുടെ ഉര്‍ജൂസത്തു തുഹ്ഫ, ജമാലുദ്ദീന്‍ അബ്ദുല്ലാഹിബ്നു ഹിശാമിന്‍റെ കത്തുറുന്നദാ, മുഹമ്മദ് ബ്നു അബ്ദുല്ലാഹിബ്നു മാലികിന്‍റെ ഖുലാസത്തു അല്‍ഫിയ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടതില്‍ ചിലതുമാത്രമാണ്. ഈ ഗ്രന്ഥങ്ങളെല്ലാം ഭാഷാ പണ്ഡിതരാല്‍ വിരചിതമായ അറബി വ്യാകരണത്തിലെ ആധികാരിക ഗ്രന്ഥങ്ങളാണെന്നതില്‍ സംശയമില്ല. ഗദ്യങ്ങളേക്കാള്‍ പദ്യങ്ങള്‍ മനസ്സില്‍ നിലനില്‍ക്കുമെന്നതിനാല്‍ പദ്യരൂപത്തില്‍ രചിച്ച വ്യാകരണ ഗ്രന്ഥങ്ങള്‍ മലബാലെ അറബി പാഠ്യപദ്ധതിയുടെ ഭാഗമായി. 

മലബാറിലെ വ്യാകരണ പണ്ഡിതരുടെ രീതിശാസ്ത്രം

പ്രധാനമായും അറബി വ്യാകരണത്തില്‍ ബസ്വറ, കൂഫ എന്നീ രണ്ട് രീതിശാസ്ത്രങ്ങളാണുള്ളത്. രണ്ടിനും ചില വ്യാകരണപരമായ പ്രത്യേക അഭിപ്രായങ്ങളും വ്യത്യാസങ്ങളുമുണ്ട്. ഈ രണ്ട് രീതിശാസ്ത്രങ്ങള്‍ക്കുമിടയില്‍ വലിയ ഗ്രാമര്‍ സംവാദങ്ങള്‍ നടന്നിട്ടുണ്ട്. ബസ്വറക്കാര്‍ കേള്‍വിയെ അവലംബിച്ചപ്പോള്‍ കൂഫക്കാര്‍ ഖിയാസിനെ(തത്തുല്യമായതിനെ സ്വീകരിക്കല്‍)യാണ് അവലംബമാക്കിയത്. പിന്നീട് രണ്ട് രീതിശാസ്ത്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മൂന്നാമതൊരു വിഭാഗമുണ്ടായി. ഈ രീതിശാസ്ത്രം ആദ്യമായി വെളിച്ചം കണ്ടത് ബാഗ്ദാദിലായിരുന്നു. പിന്നീട് ധാരാളം വ്യാകരണ പണ്ഡിതര്‍ ഈ ബാഗ്ദാദിയന്‍ രീതി അവലംബമാക്കി.

മുസ്ലിംകള്‍ സ്പെയിന്‍ കീഴടക്കിയപ്പോള്‍ ധാരാളം പണ്ഡിതര്‍ അങ്ങോട്ട് നീങ്ങുകയും അവിടെ വലിയ യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കുകയും ചെയ്തു. സ്പെയിന്‍ പണ്ഡിതരും അറബി വ്യാകരണത്തിന് വലിയ പ്രാധാന്യം നല്‍കി. അറബി വ്യാകരണത്തില്‍ സൂക്ഷ്മ ഗവേഷണം നടത്തുകയും മൂല്യമുള്ള ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത ധാരാളം പണ്ഡിതര്‍ സ്പെയിന്‍ പാഠശാലകളില്‍ നിന്ന് പുറത്തിറങ്ങി.

മുഹമ്മദുബ്നു അബ്ദുല്ലാഹിബ്നു മാലിക് സ്പെയിന്‍ പണ്ഡിതരില്‍ പ്രധാനിയാണ്. മനോഹരമായ, ലോകശ്രദ്ധയാകര്‍ഷിച്ച ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഖുലാസത്തു അല്‍ഫിയ, തസ്ഹീല്‍, ലാമിയത്തു അഫ്ആല്‍ എന്നിവ അവയില്‍ പ്രധാനമാണ്. ഈ ഗ്രന്ഥങ്ങളുടെ പ്രസിദ്ധി ചക്രവാളങ്ങളിലെത്തി. ജനങ്ങള്‍ ഇതിനെ സ്വീകരിക്കുകയും പഠിച്ചും പഠിപ്പിച്ചും വ്യാഖ്യാനങ്ങള്‍ എഴുതിയും അനുബന്ധങ്ങള്‍ ചേര്‍ത്തും ഈ ഗ്രന്ഥങ്ങളുടെ മേല്‍ മലബാര്‍ ജനത ഭജനമിരുന്നു. ഈ ഗ്രന്ഥങ്ങളെ സിലബസ്സില്‍ ഉള്‍പ്പെടുത്തി. വ്യാകരണ പഠനമെന്നാല്‍ അല്‍ഫിയ പഠിക്കലായി മാറി. ഇബ്നു മാലികിന് ശേഷമുള്ള ആധുനിക വ്യാകരണ പണ്ഡിതരും അദ്ദേഹത്തിന്‍റെ മാര്‍ഗമാണ് അവലംബിച്ചത്. ഇബ്നുഹിശാം, അബൂ ഹയ്യാന്‍, സുയൂത്വി എന്നീ പണ്ഡിതര്‍ ഇബ്നു മാലികിന്‍റെ ഗ്രന്ഥങ്ങള്‍ക്ക് ശറഹ് എഴുതി അദ്ദേഹത്തിന്‍റെ രീതിശാസ്ത്രത്തെ സഹായിച്ചു. ഇബ്നുമാലികിന്‍റെ ചിന്താധാര ലോക ശ്രദ്ധനേടി.

ഇപ്രകാരം ഇബ്നു മാലികിന്‍റെ മദ്ഹബ് കേരളത്തിലും പ്രചരിച്ചു. മലബാര്‍ പണ്ഡിതര്‍ ഈ മദ്ഹബിനെയല്ലാതെ പിന്‍പറ്റിയില്ല. ഇബ്നു മാലികിന്‍റെ അഭിപ്രായങ്ങളായിരുന്നു മലബാറില്‍ ഗ്രാമര്‍ വിഷയങ്ങളിലെ ഏക അവലംബം. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണ് മലബാറില്‍ ആദ്യമായി അല്‍ഫിയ പരിചയപ്പെടുത്തിയത്. ഈജിപ്തില്‍ നിന്ന് അദ്ദേഹം ഗ്രന്ഥം കൊണ്ടുവരികയും പൊന്നാനിയില്‍ څവലിയ ജുമുഅത്ത് പള്ളിچ സ്ഥാപിച്ച് ദര്‍സ് പഠനം ആരംഭിച്ചപ്പോള്‍ അല്‍ഫിയയെ സിലബസ്സില്‍ ചേര്‍ക്കുകയും ചെയ്തു. മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യാകരണ പഠനം സുഖകരമാക്കാന്‍ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അല്‍ഫിയക്ക് വിവക്ഷ എഴുതാന്‍ ആരംഭിക്കുകയും മകന്‍ അബ്ദുല്‍ അസീസ് പൂര്‍ത്തിയാക്കുകയും ചെയ്തു.

ഇബ്നു മാലികിന് വ്യാകരണത്തില്‍ സ്വന്തം അഭിപ്രായങ്ങളുണ്ടായിരുന്നു. ബസ്വറ, കൂഫ മദ്ഹബുകളില്‍ ഒന്നും അദ്ദേഹം സ്വീകരിച്ചില്ലെങ്കിലും ബസ്വറ മദ്ഹബിലേക്ക് ചാഞ്ഞവരായിരുന്നു. ചില സമയങ്ങളില്‍ കൂഫ മദ്ഹബിന് പ്രാധാന്യം നല്‍കുകയും ചിലപ്പോള്‍ രണ്ടും ഒഴിവാക്കി ഹിജാസുകാരുടെ ഭാഷ സ്വീകരിക്കുകയും ചെയ്തിരുന്നു.

മലബാര്‍ പണ്ഡിതരും അവരുടെ രചനകളും

ലോകമെമ്പാടും ഖ്യാതി നേടിയ ധാരാളം അറബി ഭാഷാ പണ്ഡിതന്‍മാരെ മലബാര്‍ സംഭാവന ചെയ്തു. അധ്യാപനം കൊണ്ടും ശറഹുകള്‍ (വ്യാഖ്യാനം) എഴുതിയും അറബി വ്യാകരത്തിന് വലിയ സംഭാവനകള്‍ ചെയ്തവര്‍ ഇവരിലുണ്ട്. അറബി വ്യാകരണത്തില്‍ മികവാര്‍ന്ന ഗ്രന്ഥങ്ങളുടെ രചനയില്‍ അവര്‍ ജീവിതം സമര്‍പ്പിച്ചു. ഇവരിലധികവും പൊന്നാനി പാഠശാലയില്‍ നിന്നും പുറത്ത് വന്നവരായിരുന്നു. മലബാര്‍ കണ്ട ഏറ്റവും വലിയ അറബിക് ഗ്രാമര്‍ പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനായിരുന്നു. അദ്ദേഹത്തിന്‍റെ ശറഹുല്‍ അല്‍ഫിയ ലോകശ്രദ്ധയാകര്‍ഷിച്ചു. 

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍

കൊച്ചിയില്‍ ജനിച്ചു. പിതൃസഹോദരനോടൊത്ത് പൊന്നാനിയിലേക്ക് താമസം മാറ്റി. പൊന്നാനിയില്‍ നിന്ന് മതവിജ്ഞാനവും സാഹിത്യവും കരസ്ഥമാക്കി. കോഴിക്കോട് ഖാദി ഫഖ്റുദ്ദീന്‍ അബൂബക്കറിന്‍റെ വിദ്യാര്‍ത്ഥികളില്‍ പ്രധാനിയായിരുന്നു. പിന്നീട് അറേബ്യന്‍ നാടുകളിലേക്ക് സഞ്ചരിച്ചു. സക്കരിയ്യല്‍ അന്‍സ്വാരി, ജലാലുദ്ദീന്‍ അസ്സുയൂത്വി, ഹാഫിദ് മുഹമ്മദ് സഹാവി തുടങ്ങിയ ശ്രേഷ്ടരായ പണ്ഡിതരില്‍ നിന്ന് അറിവ് സ്വീകരിച്ചു.

മലബാര്‍ മേഖലയില്‍ ഇദ്ദേഹം കാരണമായി വിജ്ഞാനം വ്യാപിച്ചു. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ ആധികാരിക പണ്ഡിതനും സൂഫിസത്തില്‍ പ്രതിഭാധനായ കവിയും അറബി വ്യാകരണത്തില്‍ സൂക്ഷ്മതയുള്ള വ്യാഖ്യാതാവും ആയിരുന്നു അദ്ദേഹം. ശറഹു അലാ അല്‍ഫിയത്തു ഇബ്നുമാലികി (അദ്ദേഹത്തിന്‍റെ മരണ ശേഷം അവസാന ഭാഗം മകന്‍ അബ്ദുല്‍ അസീസ് ആണ് പൂര്‍ത്തിയാക്കിയത്) ശരഹു കബീര്‍ അലാ തുഹ്ഫ, ശരഹു അലാ ഖാഫിയത്തു ഇബ്നു വര്‍ദ്ദി, ശരഹു സ്വഹീറത്തി അലാ തുഹ്ഫത്തു വര്‍ദ്ദീയ്യ എന്നിവ അദ്ദേഹം അറബിക് വ്യാകരണത്തില്‍ രചിച്ച ഗ്രന്ഥങ്ങളാണ്. ഹിജ്റ 928 ല്‍ അദ്ദേഹം മരണപ്പെട്ടു.

അബ്ദുല്‍ അസീസ് അല്‍മഖ്ദൂം

സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ പുത്രനാണ്. വലിയ വ്യാകരണ പണ്ഡിതനും പ്രതിഭാധനായ കവിയും സാഹിത്യത്തില്‍ കടലും എഴുത്തില്‍ സൂക്ഷമതയുള്ള പണ്ഡിതനുമായിരുന്നു അദ്ദേഹം. പിതാവില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കോഴിക്കോട് ഖാദി ഷിഹാബുദ്ദീന്‍ എന്നവരില്‍ നിന്ന് അറിവ് നേടി. പിതാവിന്‍റെ ശറഹു അല്‍ഫിയ പൂര്‍ത്തിയാക്കി. ബാബു മഹ്രിഫത്തി സ്വഹീര്‍, ബാബു മഹ്രിഫത്തി കബീര്‍ എന്നിവ അദ്ദോഹത്തിന്‍റെ ഗ്രന്ഥങ്ങളാണ്. ഹിജ്റ 994 ല്‍ മരണപ്പെട്ടു.

ശൈഖ് ഉസ്മാന്‍

പ്രസിദ്ധരായ പണ്ഡിതരില്‍ നിന്ന് അറിവ് നേടി. സൈനുദ്ദീന്‍ ഒന്നാമന്‍റെ ശിഷ്യനായി. അറബിക് ഗ്രാമറില്‍ സമര്‍ത്ഥനായിരുന്നു. ഹൈനു ഹുദാ ശറഹു ഖത്ത്റു നദാ എന്ന അദ്ദേഹത്തിന്‍റെ ഗ്രന്ഥം ഇതിന് തെളിവാണ്. ഈ ഗ്രന്ഥം മലബാര്‍ സിലബസ്സിന്‍റെ ഭാഗമായി. ഹിജ്റ 991 ല്‍ അദ്ദേഹം മരണപ്പെട്ടു.

ഖാദി മുഹമ്മദ് കോഴിക്കോട്

ധാരാളം വിജ്ഞാന ശാഖകളില്‍ ആഴമേറിയ ജ്ഞാനമുള്ള പണ്ഡിതനും കോഴിക്കോട് ഖാളിമാരില്‍ പ്രധാനിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് വ്യത്യസ്ത വിജ്ഞാന ശാഖകളിലായി ഏകദേശം 500 ഗ്രന്ഥങ്ങളുണ്ട്. കവിതാലാപനം അദ്ദേഹത്തിന് ലളിതമായിരുന്നു. ഖത്ത്റു നദാ, അജ്നാസ്, അവാമില്‍ എന്നീ ഗ്രന്ഥങ്ങളെ അദ്ദേഹം പദ്യമാക്കിയിട്ടുണ്ട്. ഹിജ്റ 1025 ല്‍ ഖാളി മരണപ്പെട്ടു.

സൈനുദ്ദീന്‍ അല്‍ അഖീര്‍

തന്‍റെ കാലഘട്ടത്തിലെ ഏറ്റവും വലിയ വ്യാകരണ പണ്ഡിതനായിരുന്നു സൈനുദ്ദീന്‍ അല്‍ അഖീര്‍ എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പന്ത്രണ്ട് വിജ്ഞാനശാഖകളിലും അദ്ദേഹത്തിന് അഗാധ ജ്ഞാനമുണ്ടായിരുന്നു. സൂക്ഷമതയുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. പിതാവില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. അക്കാലത്തെ മഹാ പണ്ഡിതരില്‍ നിന്ന് അറിവ് ആര്‍ജിച്ച അദ്ദേഹം പിന്നീട് മക്കയിലേക്ക് യാത്ര ചെയ്തു. ധാരാളം പണ്ഡിതരില്‍ നിന്ന് പഠിക്കുകയും മക്കയിലെ ഹറം ശരീഫില്‍ അധ്യാപകനാവുകയും ചെയ്തു. അഞ്ച് വര്‍ഷം മക്കയില്‍ താമസിക്കുകയും പിന്നീട് നാട്ടിലേക്ക് മടങ്ങുകയും പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ നാല്‍പ്പത് വര്‍ഷം ദര്‍സ് നടത്തുകയും ചെയ്തു. രിസാലത്തു ഫി നഹ്വ് എന്നത് അദ്ദേഹത്തിന്‍റെ പ്രധാന ഗ്രന്ഥമാണ്. ഹിജ്റ 1305 ല്‍ മരണപ്പെട്ടു. 

മുഹമ്മദുബ്നു അലി അല്‍ ഫുന്നാനി

തൂനം വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധനാണ് ഇദ്ദേഹം. പൊന്നാനി പാഠശാലയില്‍ ബിരുദധാരിയായ ഈ പണ്ഡിതന്‍ അക്കാലത്തെ വ്യാകരണ പണ്ഡിതനും സൂഫിയും വലിയ പ്രബോധകനുമായിരുന്നു. ഹാശിയത്ത് അലാ ശറഹ് അല്‍ അല്ലാമത്ത് സൈനുദ്ദീന്‍ മഖ്ദ്ദൂം അല്‍ കബീര്‍ അലാ തുഹ്ഫത്തില്‍ ഇമാം ഉമറുബ്നു മുളഫര്‍ അല്‍ വര്‍ദ്ദി, റിസാലത്ത് ഫിത്തസ്രീഫ് എന്നിവ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ്. ഹിജ്റ 1343 ല്‍ മരണപ്പെട്ടു.

അഹ്മദ് ശീറാസി

വ്യാകരണത്തിലും (നഹ്വ്) സ്വര്‍ഫിലും (രൂപവിജ്ഞാനിയം) വലിയ പാണ്ഡിത്യത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. വ്യത്യസ്ത വിജ്ഞാനശാഖകളില്‍ പ്രതിഭയായിരുന്നു. പൊന്നാനിയിലേക്ക് യാത്ര ചെയ്തത് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനില്‍ നിന്ന് അറിവ് സ്വീകരിച്ച അദ്ദേഹം നാദാപുരം പള്ളിയില്‍ ദര്‍സ് നടത്തുകയും ധാരാളം ശിഷ്യരെ സമ്പാദിക്കുകയും ചെയ്തു. ഹാശിയത്ത് അലാ ശറഹി മഖ്ദ്ദൂം അലാ അല്‍ഫിയത്ത് ഇബ്നി മാലികി, ഹാശിയത്ത് അലാ ശറഹി അത്തഫ്ത്താസാനി എന്നിവ ഇദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ്. ഹിജ്റ 1326 ല്‍ മരണപ്പെട്ടു.

മുഹമ്മദ് ബ്നു അഹമ്മദ് ശീറാസി

വ്യാകരണത്തിലും (നഹ്വ്) സ്വര്‍ഫിലും (രൂപവിജ്ഞാനിയം) അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹം അഹ്മദ് ബ്നു ശീറാസിയുടെ പുത്രനാണ്. നൈപുണ്യമുള്ള കവി കൂടിയായിരുന്നു ഈ പണ്ഡിതന്‍. ഹാശിയത്ത് അലാ ശറഹി ഖത്തര്‍ നദാ ലിശൈഖ് ഉസ്മാന്‍ എന്നത് അദ്ദേഹത്തിന്‍റെ ഗ്രന്ഥമാണ്.

അബ്ദുല്‍ ഖാദിര്‍ അല്‍ഫള്ഫരി

വ്യാകരണ പണ്ഡിതനും പ്രസിദ്ധനായ കവിയും സമര്‍ത്ഥനായ കര്‍മശാസ്ത്ര ജ്ഞാനിയും ചിന്തകനുമായിരുന്നു ഇദ്ദേഹം. ബഹുഭാഷാ പണ്ഡിതന്‍ കൂടിയായ ഇദ്ദേഹം പിതാവില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാരില്‍ നിന്ന് അറിവ് നേടി. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദധാരിയായി. ശംസുല്‍ ഉലമ ഇ.കെ അബൂബര്‍ മുസ്ലുയാരുടെ പ്രധാന ശിഷ്യനായിരുന്നു. ഹാശിയത്ത് അലാ ശറഹി ശൈഖ് ഉസ്മാന്‍ അലാ ഖത്തര്‍ നദാ ലി ഇബ്നിഹിശാം എന്നത് പ്രധാന ഗ്രന്ഥമാണ്. ഹിജ്റ 1363ല്‍ മരണപ്പെട്ടു.

അബൂ മുഹമ്മദ് ബാവ മുസ്ലിയാര്‍

വിനയാന്വിതനായ മഹാന്‍ വ്യാകരണത്തിലും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലും അഗാധ പാണ്ഡിത്യത്തിന്‍റെ ഉടമയായിരുന്നു. കാണ്‍പൂരിലെ മഖ്ദൂമാബാദിലെ ഇഹ്യാഉസ്സുന്ന ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങളുടെ ഉടമയാണ്. രചന കൊണ്ടും അറബി വ്യാകരണത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കി. തല്‍മീഹുല്‍ ഫവാഹിദ് ന്നഹ്വിയ്യ ഫി ബയാനി ഹവാശീ അല്‍അലിഫിയ്യ, അല്‍ഫുത്തുഹാത്തുല്‍ അറബിയ്യ, അരിസുക്കു റഹ്ദ് ഫി ശറഹി അമ്മാ ബഹ്ദ്, ലമംഹുല്‍ ഫവാഹിദ്, ഇജാസത്തുല്‍ ഫുആദ് എന്നിവ ഇദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ്.

മുഹമ്മദ് മുസ്ലിയാര്‍ ബാഖവി പൂക്കോട്ടൂര്‍

1965 ല്‍ ജനിച്ച ഇദ്ദേഹം പ്രാഥമിക പഠനത്തിന് ശേഷം തമിഴ്നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദം നേടി വ്യത്യസ്ത സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. ഇദ്ദേഹം അധ്യാപന കാലഘട്ടത്തിനിടയില്‍ വ്യത്യസ്ത വൈജ്ഞാനിക ശാഖകളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. څദാറുല്‍ കുതുബില്‍ അബ്ജദിയ്യچ യുടെ ഡയറക്ടറാണദ്ദേഹം. ഖവാഹിദുല്‍ ഖത്തി വ ഖിസ്വത്തിഹി, ദിറാസാത്തി അല്‍ഫാളി അന്നഹിവിയ്യ, മീസാത്തുല്‍ മുഹ്ത്തല്ലി മഹതഹ്ലീലി ഉസൂല്‍, മൗരിദുല്ലുഹ വ മന്‍ഹജുഹാ എന്നിവ ഇദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങളാണ്.

മലയാള ഭാഷയിലെ അറബിക് വ്യാകരണ ഗ്രന്ഥങ്ങള്‍

ബയാനുല്‍ ഇഹ്റാബി

അബ്ദുസ്സലാം മുഹമ്മദ്ബ്നു അരീക്കോടി എന്നവരാണ് ഗ്രന്ഥകര്‍ത്താവ്. 1970 ല്‍ പ്രസിദ്ധീകരിച്ചു. വ്യാകരണത്തിലെ ഏത് ഗ്രന്ഥവും വായിക്കാന്‍ വേണ്ടി മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രചിച്ച ഗ്രന്ഥമാണിത്. ലളിതമായ ശൈലി ഈ ഗ്രന്ഥത്തിന്‍റെ പ്രത്യേകതയാണ്. ആദ്യം അറബി ഭാഷയില്‍ നിയമങ്ങള്‍ അവതരിപ്പിച്ച് പിന്നീട് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുന്ന രീതിയാണിതില്‍ അവലംബിച്ചത്.

മബാദിഹുസ്വര്‍ഫി വത്തസ്രീഫി

അബ്ദുട്ടി മൗലവി ഇബ്നു മുഹ്യുദ്ദീന്‍ അല്‍ മലബാരി രചിച്ച ഗ്രന്ഥമാണിത്. അറബി ഭാഷാ പഠനത്തില്‍ സ്വര്‍ഫിന്‍റെ (രൂപവിജ്ഞാനിയം) പ്രാധാന്യം വിവരിക്കുന്ന ഈ ഗ്രന്ഥം അറബി ഭാഷ സംസാരിക്കാത്തവര്‍ക്കായ് ഭാഷ പഠിക്കാന്‍ ലളിത രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ഫിന്‍റെ (രൂപവിജ്ഞാനിയം) തത്വങ്ങളും ആവശ്യമായ അനുബന്ധങ്ങളും ഉള്‍ക്കൊള്ളിച്ച് രണ്ട് വാള്യങ്ങളിലായി വിരചിതമായ വ്യാകരണ ഗ്രന്ഥമാണിത്.

സുഗമ അറബിക് ഗ്രാമര്‍

എം.ടി മുഹമ്മദലി അരീക്കോട് രചിച്ച ഗ്രന്ഥമാണിത്. ഭാഷാ പഠനം സുഗമമാക്കുന്നതില്‍ ഈ ഗ്രന്ഥം അനല്‍പമായ പങ്കുവഹിച്ചിട്ടുണ്ട്. പുരാതന രീതിയില്‍ നിന്ന് വ്യത്യസ്തമായ അവതരണമാണ് ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ളത്. അവരതിപ്പിക്കാനുദ്ദേശിക്കുന്ന തത്വത്തിന് മുമ്പേ ആ തത്വം അടങ്ങിയ ധാരാളം ഉദാഹരണങ്ങള്‍ നിരത്തുക, ഉദാഹരണങ്ങള്‍ ഓരോന്നായി വിചിന്തനം ചെയ്യുക, ഓരോന്നിലുമടങ്ങിയ തത്വമെന്തെന്ന് പരിശോധിച്ച് നിഗമനത്തിലെത്തുക. വ്യാകരണാധ്യാപനത്തില്‍ സ്വീകാര്യത നേടിയ തത്വാനുമാന രീതി ആണിത്. ഇതിന്‍റെ മൂല ഗ്രന്ഥമായ നഹ്വുല്‍ വാളിഹിലെ എല്ലാ നിയമങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു.

വ്യാകരണ നിയമങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ വിദ്യാര്‍ത്ഥികളുടെ മനസ്സിലുറപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ഈ ഗ്രന്ഥത്തില്‍ സ്വീകരിച്ചിട്ടുള്ള ക്രോസ് റഫറന്‍സ് സമ്പ്രദായം. വിഷയങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ ഗ്രന്ഥത്തിന്‍റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വിഷയ സൂചിക വിരല്‍ ചൂണ്ടുന്നു. 

അറബി വ്യാകരണത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ് മലബാര്‍ പണ്ഡിതര്‍. ലോക ശ്രദ്ധയാകര്‍ഷിച്ച അറബിക് വ്യാകരണ ഗ്രന്ഥ രചനകള്‍ക്ക് മലബാര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ഡോ. അബ്ദുല്‍ മജീദ്. ഇ
അസോസിയേറ്റ് പ്രൊഫസര്‍
അറബി വിഭാഗം
കാലിക്കറ്റ് സര്‍വ്വകലാശാല
Email: dr.emajeed@gmail.com