Malabar literary circuit and birthplace of the great poet Moinkutty Vaidya

Razak Payamprot

In the revised budget for 2021-2022, the Finance Minister of Kerala, K. N. Balagopal, has introduced a remarkable plan for the revival of internal tourism in Kerala. The budget was presented in the first meeting of the 15th Kerala Legislative Assembly on June 2021. It is expected that the second wave of the pandemic in Kerala would soon end before the advent of the next tourist season. The government plans to revive the pandemic-hit tourism sector by proposing novel projects like the Malabar Literary Circuit and the Bio-diversity Circuit to attract international and internal tourists to Kerala. The government also plans to connect Kondotti, the birthplace of Moyinkutty Vaidyar, to the circuit. Vaidyar who had lived only for 40 years made a remarkable mark in Malayalam literary history. He composed the first romantic poem in Arabi Malayalam, namely ‘Husnul Jamal- Badarul Muneer’. The Kondotti Vaidyar Smarakam (Memorial) was established by the Cultural Department of Kerala in 1999 owing to his literary contributions to Malayalam. This has been renewed by the government with the establishment of the Mappila Kala Academy in 2013. The article shows the relevance of the academy to the proposed tourism initiatives of the government.

Razak Payamprot
Secretary
Mahakavi Moyinkutty Vaidyar Mappila Kala Academy
Kondotty
Department of Cultural Affairs 
Government of Kerala
India
Pin: 673638


മലബാര്‍ ലിറ്റററി സര്‍ക്യൂട്ടും മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മദേശവും

റസാഖ് പയമ്പ്രോട്ട്


പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍, 2021 ജൂണ്‍ നാലിന്  അവതരിപ്പിക്കപ്പെട്ട 2021-22 ബജറ്റ് പ്രസംഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍  ആഭ്യന്തരവിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നോട്ടുവച്ച പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേരളത്തില്‍ കോവിഡ് രണ്ടാം വരവിന്‍റെ ആഘാതം അടുത്ത ടൂറിസ്റ്റ് സീസണുമുമ്പായി കുറയുമെന്നാണ്പ്രതീക്ഷിക്കുന്നത്. അത്തരം ഒരു സാഹചര്യം സംജാതമായാല്‍ കേരളത്തെ അന്താരാഷ്ട്ര ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒരു പ്രധാന ടൂറിസ്റ്റ്  കേന്ദ്രമായി ആകര്‍ഷിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും തന്ത്രങ്ങളും ആവിഷ്ക്കരിക്കുകയാണ് സര്‍ക്കാര്‍.  ഇതിന് പ്രളയാനന്തരകാലത്ത് വിജയകരമായി കേരളം നടപ്പാക്കിയതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന സൂചനയില്‍ രണ്ട് സര്‍ക്യൂട്ട് ടൂറിസം വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജഢായുപ്പാറ, തെന്മല, അച്ചന്‍കോവില്‍ എന്നീപ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ടാണ് രണ്ടാമത്തേത്.

മലയാള സാഹിത്യത്തിലെ അതികായന്മാരായ തുഞ്ചത്ത് എഴുത്തച്ഛന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ വി വിജയന്‍, എം ടി വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ തിരൂര്‍ തുഞ്ചന്‍ സ്മാരകം, ബേപ്പൂര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍ കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിയുള്ള ടൂറിസം സര്‍ക്യൂട്ടായ മലബാര്‍ ലിറ്റററി സര്‍ക്യൂട്ടില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മദേശമായ കൊണ്ടോട്ടിയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം വൈദ്യര്‍ അക്കാദമിയും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. അക്കാദമി നിര്‍വാഹക സമിതി അംഗം  കൂടിയായ ടി വി ഇബ്രാഹിം എം എല്‍ എ ഈ വിഷയം നിയമസഭയിലും ഉന്നയിച്ചു. സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കും അക്കാദമി നിവേദനം സമര്‍പ്പിച്ചു. 

40 വര്‍ഷക്കാലം മാത്രം ജീവിച്ച മഹാകവിയാണ് മോയിന്‍കുട്ടി വൈദ്യര്‍ (1852-1892).  അറബിമലയാളസാഹിത്യശാഖയിലെ ആദ്യത്തെ പ്രണയകാവ്യമായ 'ഹുസ്നുല്‍ ജമാല്‍ ബദറുല്‍മുനീര്‍' ഉള്‍പ്പടെ പ്രണയവും പോരാട്ടവും ഇതിവൃത്തമാക്കി ഒട്ടനവധി രചനകള്‍ നിര്‍വ്വഹിച്ച അദ്ദേഹത്തിന്‍റെ പേരില്‍ സാംസ്കാരിക വകുപ്പ് 1999ല്‍  സ്ഥാപിച്ചതാണ് കൊണ്ടോട്ടിയിലെ വൈദ്യര്‍ സ്മാരകം.  സര്‍ക്കാര്‍ 2013 ല്‍ മാപ്പിളകലാ അക്കാദമിയായി ഉയര്‍ത്തി. 

അറബിമലയാളം റിസര്‍ച്ച് ആന്‍റ് റഫറന്‍സ് ലൈബ്രറി, മാപ്പിളപ്പാട്ട്, മാപ്പിളകലാ പരിശീലനങ്ങള്‍ക്കായി സ്കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ്, പുരാരേഖ ഗാലറി, 1921 ലെ മലബാര്‍സമരം ഫോട്ടോഗാലറി, കൊണ്ടോട്ടി നേര്‍ച്ച ഫോട്ടോഗാലറി, ഓഡിയോ വിഷ്വല്‍ തിയേറ്റര്‍, ചരിത്രസാംസ്കാരിക മ്യൂസിയം, മ്യൂസിക്കല്‍ ആര്‍ക്കൈവ്സ് തുടങ്ങിയവ മാപ്പിളകലാ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനും സൗകര്യമാണ്. 

കരിപ്പൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന് സമീപത്തായി കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊണ്ടോട്ടി നഗരത്തോട് ചേര്‍ന്നാണ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സ്ഥിതിചെയ്യുന്നത്. സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ സൗകര്യപ്പെടുന്നിടവുമാണ്. ഡിസംബര്‍ അവസാനവാരത്തില്‍ നടക്കുന്ന അക്കാദമിയുടെ വാര്‍ഷികപരിപാടിയായ വൈദ്യര്‍ മഹോത്സവത്തിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കും. അതിനാല്‍ മലബാര്‍ ലിറ്റററി സര്‍ക്യൂട്ടില്‍ കൊണ്ടോട്ടിയെകൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. അറബിമലയാള സാഹിത്യശാഖയിലെ അതികായന്‍ മോയിന്‍കുട്ടി വൈദ്യരെ മുഖ്യധാരയുമായി ബന്ധപ്പെടുത്താനും ഈ നടപടി കൂടുതല്‍ സഹായകമാകും. 

സെക്രട്ടറി
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍
മാപ്പിളകലാ അക്കാദമി