Multiple Narrators and Perspectives in Nellu

Dr. Asha Mathai

P Valsala’s ‘Nellu’ showcases the miserable lives of Adivasis(tribes), their relation with landlords and merchants in Thirunelli, a village in Wayanad. This novel has a narrative attachment to the tribes. It is critical of the exploitation of tribal culture by immigrants. The novel’s emotional tonality is determined by its multiple narrators and perspectives. Hetero digetic narrator, Hetero digetic- Intra digetic narrator, Homo digetic narrator are three types of narrators within the novel. It symbolically identifies the background nature whenever extreme emotional moments are narrated. This can be linked to the concept of symbolic code described by Roland Barth in narratology. The dialogues of the characters in the native language of the tribes in ‘Nellu’ make the plot brilliant. This study focuses on the masculine narration, style of popular fiction, the reason for the adoption of multiple narration, its scope and flaws in the novel.

Keywords: Hetero digetic narrator, Hetero digetic- Intra digetic narrator, Homo digetic narrator, masculine narration, symbolic code  

Reference:

Kumaran  Vayaleri  Dr. 1996, Kurichyarude Jeevithavum samskaravum, Current Books, Kottayam.
Valsala , P, 2007, Nellu, D C
 Books: Kottayam.
Shaji Jacob, 2016, Novalile Charithra Bhoopadangal, Indulekha, Kottayam.
Scaria Zacharia, Dr, 2014, ‘Muttathuvarkiyum Malayalapadanathile, Velluvilikalum’,Tapasam ,October 2013 & April 2014 Volume 9, Issue 1-4.
Nayar,  K. Pramod, 2009, ‘Narration and Representation’, The Humanities:Methodology and Perspectives, Abhijit Kundu, Pramod K Nayar,Shweta(Editors), Dorling Kindersley(India) Pvt. Ltd. New Delhi.
Dr. Asha Mathai
Assistant Professor
Department of Malayalam
Mar Athanasius College
Kothamangalam
Pin: 686666
India
Pin: +91 9744320348
Email: aashamathai@gmail.com


നെല്ലിലെ ആഖ്യാതാക്കളും വീക്ഷണസ്ഥാനങ്ങളും

ഡോ. ആശാ മത്തായി

ചരിത്രം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം എന്നീ ജ്ഞാനമേഖലകളിലുണ്ടായ പഠനങ്ങളെല്ലാം ആദിവാസിസംസ്കാരത്തെ വസ്തുനിഷ്ഠമായി  അടയാളപ്പെടുത്തുമ്പോള്‍ ആദിവാസികളുടെ ജീവിതവുമായി ആചാരാനുഷ്ഠാനങ്ങള്‍ക്കുള്ള ബന്ധം വൈകാരികതീക്ഷ്ണതയോടെ അവതരിപ്പിക്കുന്ന നോവലാണു നെല്ല്. വയനാട്ടിലെ തിരുനെല്ലി എന്ന കാര്‍ഷികഗ്രാമത്തില്‍ കുടിയേറ്റക്കാരായെത്തിയ ജന്മിമാരുമായും കച്ചവടക്കാരുമായും ഇടപഴകേണ്ടിവരുന്ന ആദിവാസികളുടെ ജീവിതമാണു നെല്ലിലുള്ളത്. മല്ലന്‍, മാര, മൂപ്പന്മാര്‍, വെളുത്ത ചുണ്ടെലി,  തോലാവെള്ളന്‍, മൂപ്പന്‍ ജോഗി, വെള്ളി, ജവരപ്പെരുമന്‍ എന്നിവര്‍ നോവലില്‍ ആദിവാസിസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളാണ്. കുടിയേറ്റക്കാരുടെ ചൂഷണതാല്പര്യങ്ങള്‍, അതിന്‍റെ തന്ത്രങ്ങള്‍ക്കു വഴങ്ങുന്ന ഗോത്രനേതൃത്വവും അതിന്‍റെ നിയമങ്ങളും ഇവയ്ക്കിടയില്‍ ദുരിതമനുഭവിക്കുന്ന ആദിവാസികളുടെ ജീവിതവുമെല്ലാം നോവല്‍ അവതരിപ്പിക്കുന്നു. ആഖ്യാനവൈവിധ്യത്തിന്‍റെ കാരണങ്ങള്‍ നോവലിലെ വിവിധ വീക്ഷണസ്ഥാനങ്ങളുടെ സാധ്യതകള്‍, പാളിച്ചകള്‍ എന്നിവ അന്വേഷിക്കുകയാണിവിടെ .

കര്‍ത്തൃമാറ്റത്തിന്‍റെ ആഖ്യാനകൗശലം

പലതരം ആഖ്യാതാക്കളിലൂടെയാണു നോവലിന്‍റെ ആഖ്യാ നം നിര്‍വ്വഹിക്കപ്പെടുന്നത്.ആദിവാസിസമൂഹത്തെ എഴുത്തുകാരി രണ്ടു കാഴ്ച്ചക്കോണുകളിലൂടെയാണ്  അവതരിപ്പിച്ചിരിക്കുന്നതെ ന്നു പൊതുവേ പറയാം. ഒന്ന്: മേലാളനായ രാഘവന്‍നായരുടെ കാഴ്ച്ചക്കോണില്‍. രണ്ട്: ആദിവാസികഥാപാത്രങ്ങള്‍ തങ്ങളെത്ത ന്നെ നോക്കിക്കാണുന്ന മട്ടില്‍.  വളരെ വ്യതിരിക്തമായ ഒരു ആഖ്യാനസമ്പ്രദായമാണിത്.എന്നാല്‍ എഴുത്തുകാരിയുടെ ലോകവീക്ഷണത്തിനകത്തുനിന്നുകൊണ്ടുള്ള കര്‍ത്തൃകൈമാറ്റ ത്തിന്‍റെ ആഖ്യാനകൗശലം ഇവിടെക്കാണാം. ഒരു കാഴ്ചസ്ഥാനം തന്നെ, രണ്ടു കഥാപാത്രമോട്ടിഫുകളുടെ (ആദിവാസി/മോലാ ളന്‍) സ്വത്വഭേദമനുസരിച്ചു രണ്ടായി പിരിയുന്ന എഴുത്തിലെ 'അണ്‍കാന'1 (ൗിരമിി്യ) ആയ അവസ്ഥയാണിത്. ആഖ്യാനശാ സ്ത്രം (ചമൃൃമീഹേീഴ്യ)  വിവരിക്കുന്ന ഹെറ്ററോഡൈജറ്റിക് നറേറ്റര്‍ (ഒലലേൃീറശഴലശേര ിമൃൃമീൃേ), ഹെറ്ററോഡൈജറ്റിക് - ഇന്‍ട്രാ ഡൈജെറ്റിക് നറേറ്റര്‍ (ഒലലേൃീ റശഴലശേര കിൃമേ റശഴലശേര ിമൃൃമീൃേ), ഹോമോ ഡൈജറ്റിക് നറേറ്റര്‍ (ഒീാീ റശഴലശേര ിമൃൃമീൃേ) എന്നീ മൂന്നു തരം ആഖ്യാതാക്കളെ2 നെല്ലില്‍ കണ്ടെത്താം: 

 കഥയ്ക്കു പുറത്തുനിന്നു  കഥ ആഖ്യാനം ചെയ്യുന്ന  ഹെറ്ററോഡൈജറ്റിക് നറേറ്റര്‍ എന്ന ആഖ്യാതാവാണ്  ആദ്യത്തേത്. നോവല്‍ തുടങ്ങുന്നതുതന്നെ സവിശേഷമായ ഒരു കാലവും ഒരു പ്രത്യേക ഇടവും പരിചയപ്പെടുത്തിക്കൊണ്ടാണ്. ജന്മിയുടെ വയലുകളില്‍ അടിയാന്മാര്‍ അടിമവേല ചെയ്യുന്ന കാലമാണു നോവലില്‍ വിവരിക്കുന്നത്. രാത്രി കാവല്‍പ്പന്തലില്‍ വയലിനു കാവല്‍ നില്ക്കുന്ന അടിയാനെക്കുറിച്ചുള്ളതാണ് ആദ്യ അദ്ധ്യായം. ആദ്യവരി പശ്ചാത്തലപ്രകൃതിവര്‍ണ്ണനയാണ്:

'പൗര്‍ണ്ണമി! ധനുമാസത്തിലെ രാത്രി. ഭൂമിയിലെ അവസാനത്തെ ചലനങ്ങള്‍ ഉറ്റുനോക്കുന്ന ഒറ്റക്കണ്ണന്‍ രാക്ഷസനായ ആകാശമല്ലന്ന് ഭയം തോന്നി. കൂനിക്കൂടി വിറകൊള്ളുന്ന കാവല്‍പ്പന്തലുകള്‍. ഉറങ്ങുന്ന കാവല്‍പ്പന്തലുകള്‍'(2007:11). 

നോവലിസ്റ്റ് പ്രകൃതിയിലൂടെ കാവല്‍ കിടക്കുന്ന കഥാപാത്രത്തിന്‍റെ ഭയം ആവിഷ്കരിക്കുന്നു. എന്നാല്‍ څകാടിനുള്ളില്‍چകഴിയുന്നവന്‍റേതല്ല, കാടിനുപുറത്തുള്ള ആഖ്യാതാവിന്‍റെ ഭയമാണ് ഇത്.  ഇവിടെ  കഥയ്ക്കു പുറത്തുനിന്ന്, ഒരിക്കല്‍ ഒരിടത്തു നടക്കുന്ന കഥ പറഞ്ഞുതരുന്നമട്ടിലുള്ള ആഖ്യാനമാണു പി. വത്സല  സ്വീകരിക്കുന്നത്.

കഥയ്ക്കകത്തുനിന്ന് ഒരു കാഴ്ചക്കാരനെപ്പോലെ കഥപറയുന്ന ഹെറ്ററോഡൈജെറ്റിക് - ഇന്‍ട്രാ ഡൈജെറ്റിക് നറേറ്റര്‍ എന്ന ആഖ്യാതാവാണ് രണ്ടാമത്തേത്. എന്നാല്‍ ആഖ്യാതാവ് കഥയുടെ വിഷയപരിധിയിലില്ല. ഇത്തരമൊരു ആഖ്യാതാവ് നെല്ലിലുണ്ട്. ഉദാഹരണങ്ങള്‍ നോക്കുക:

1) പുലയുള്ളപ്പോള്‍ മൂരിയിറച്ചി തിന്ന മല്ലന്‍റെ പശ്ചാത്താപം വിവരിക്കുന്നതിനിടയില്‍ പൊടുന്നനെ നോവിലിസ്റ്റ് കടന്നുവന്നു. വര്‍ത്തമാനകാലത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കു വന്ന മാറ്റവും കാരണവും വെളിപ്പെടുത്തുന്നു. 

'മൂരിയിറച്ചി തിന്നതിന്നു പിഴ പതിനാറു വളയാണ്. പണ്ടത്തെ കാലത്ത് ഒരുവളയ്ക്കു ഒരണ. ഇന്നു രണ്ടണ. രണ്ടുറുപ്പിക എവിടെന്നുണ്ടാക്കും? 

ചെറുപ്പക്കാര്‍ തുടികൊട്ടുന്നു. കാക്കപ്പുലകുറിച്ച വിവരം ദിക്കുകളെ അറിയിക്കുന്നു. കൊതിച്ചു കൊതിച്ചു വന്നണയുന്ന ഒരു സുദിനം. പുല എന്നും ഉണ്ടാവില്ല. കൊല്ലത്തിലൊരു തവണപോലും. ചില ചെമ്മങ്ങള്‍  പുല നടത്താറില്ല. അത്രയ്ക്കു ചെലവ്. ദാരിദ്ര്യം വന്നുകേറുന്തോറും പുലകളുടെ എണ്ണം കുറയുന്നു' (2007:44).

ഇവിടെ കഥയ്ക്കകത്തുനിന്ന് ഒരു കാഴ്ചക്കാരനെപ്പോലെ കഥപറയുന്ന ആഖ്യാതാവ് വായനാസമൂഹത്തിനു പരിചിതമല്ലാത്ത ഗോത്രജീവിതവും വിശ്വാസങ്ങളും പരിചയപ്പെടുത്തുന്ന ധര്‍മ്മമാണ്  നിര്‍വ്വഹിക്കുന്നത്.

2) പുഴക്കുനി ഒഴിപ്പിക്കുന്ന രാഘവന്‍നായരെ ചുണ്ടെലി നോക്കുന്ന ഭാഗം വിവരിക്കുന്നിടത്ത് നോവലിസ്റ്റിന്‍റെ ഇടപെടല്‍  വ്യക്തമാണ്. 

'അവന്‍ അനങ്ങി രാഘവന്‍നായരുടെ മുഖത്തേക്കൊന്നു നോക്കി. ആ നോട്ടം അകത്തെങ്ങോ ഒരു കൊള്ളിമീന്‍ പോലെ പറന്നു വന്നു വീണതായി തോന്നി'(2007:65). 

ആദ്യവരിയില്‍ കഥയ്ക്കകത്തുനിന്ന് ഒരു കാഴ്ചക്കാരനെപ്പോലെ കഥപറയുന്ന ആഖ്യാതാവാണ്  ഉള്ളത്. രണ്ടാമത്തെ വരിയില്‍ പുഴക്കുനി ഒഴിപ്പിക്കുന്നതില്‍ മേലാളന്‍റെ  കുറ്റബോധം വെളിപ്പെടുന്നു. 

കഥയ്ക്കകത്തുനിന്നു കഥപറയുന്ന ഹോമോ ഡൈജറ്റിക് നറേറ്റര്‍ എന്ന ആഖ്യാതാവാണ്  മൂന്നാമത്തെത് ഇതു കഥാപാത്രം തന്നെയാകാം. നെല്ലിനെ സംബന്ധിച്ചിടത്തോളം കഥയുടെ മുഖ്യ പങ്കും വിവരിക്കുന്നതു രാഘവന്‍നായരെന്ന കഥാപാത്രത്തിലൂടെയാണ്. ഒരേസമയം നോവലിസ്റ്റിനുവേണ്ടി കഥ വിവരിക്കുന്ന ആഖ്യാതാവും നോവലിലെ കഥാപാത്രവുമാണ് അയാള്‍. 

'തിരുനെല്ലിയിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസികളുടെ ജീവിതവും സാംസ്കാരികസവിശേഷതകളും ആവിഷ്കരിക്കുന്ന ഈ നോവലില്‍ ആഖ്യാനം നിര്‍വ്വഹിക്കുന്നത് മുഖ്യമായും  രാഘവന്‍നായരാണ്. പക്ഷേ, ഇയാളിലൂടെ  നേര്‍രേഖയില്‍ നീങ്ങുന്ന ആഖ്യാനരീതിയല്ല ഇതിലുള്ളത്. ഒന്നിലധികം കര്‍ത്തൃത്വങ്ങള്‍ ഒരേ സമയം ഇതിന്‍റെ ആഖ്യാനഘടനയില്‍ ഇടപെടുന്നുണ്ട്. മല്ലന്‍റെയും വെളുത്ത ചുണ്ടെലിയുടെയും മാരയുടെയും വീക്ഷണസ്ഥാനങ്ങളും കൂടിയുള്ളതിനാല്‍ പ്രബലജാതിയുടെ വീക്ഷണത്തിന്‍റെ വിമര്‍ശനങ്ങളും കൂടി ഉള്‍പ്പെടുന്ന ഒരന്തര്‍ലോകം ഇതിലുണ്ട്'  എന്നു ഷംഷാദ് ഹുസൈന്‍ (പി. വത്സല, 2007:8) നിരീക്ഷിക്കുന്നു. 

നെല്ലിലെ മൂന്നാം അദ്ധ്യായത്തില്‍ അതുവരെയുണ്ടായിരുന്ന ആഖ്യാനത്തില്‍നിന്നു വ്യത്യാസം അനുഭവപ്പെടുന്നതിന്‍റെ കാരണം രാഘവന്‍നായര്‍ കഥ വിവരിക്കുന്ന രീതിയിലാണു നോവല്‍ആഖ്യാനം എന്നതാണ്. ഉദാഹരണം നോക്കുക:

'കഴുകിക്കളയാന്‍ മാത്രം പാപങ്ങള്‍ ചെയ്തിട്ടുണ്ടോ അമ്മ? എന്നാലും അവസാനത്തെ ആഗ്രഹം അതായിരുന്നു. മൂത്തമകന്‍ പാപനാശിനിയില്‍ പിണ്ഡമൊഴുക്കണം. തിരുനെല്ലിപ്പെരുമാളിനോടു പ്രാര്‍ത്ഥിക്കണം. എവിടെയാണു പെരുമാള്‍? പാപനാശിനി എങ്ങ്?

നരിനിരങ്ങിമലയുടെ അണികളിലൂടെയാണു നടക്കുന്നത്. നിരങ്ങുന്നതു നരിയല്ല, ആനയെന്നു വ്യക്തം. വഴിനീളെ ആനപ്പിണ്ടികള്‍. ആനകളുടെ രാജപാതയ്ക്കു കാവല്‍ നില്ക്കുന്ന വളര്‍ത്തുതേക്കിന്‍കാടുകള്‍, മെരുക്കിയെടുത്തിട്ടില്ലാത്ത വനങ്ങള്‍, മുളങ്കാടുകള്‍. 

ചുറ്റം കാട്. കാട്ടുവഴിയില്‍നിന്ന് ഇടത്തോട്ടും വലത്തോട്ടും പിരിഞ്ഞുപോവുന്ന ഒറ്റയടിപ്പാതകളെ വിഴുങ്ങുന്ന കാട്. 

നിര്‍ജ്ജനതയുടെ, ഭീതിയുടെ സമുദ്രം. ഒട്ടാകെ മുങ്ങിയപ്പോള്‍ തികഞ്ഞ നിസ്സംഗത....

മുമ്പില്‍ മാറാപ്പേന്തി നില്ക്കുന്ന നാലുപേര്‍. തീര്‍ത്ഥാടകര്‍. പാപനാശിനിയില്‍ കുളിച്ചു തെളിഞ്ഞു വരുന്നവര്‍.  ഭീതിയുടെ നിഴല്‍ വീണമുഖങ്ങള്‍. കാടിന്‍റെ നിഴല്‍വീണ വയലിന്‍റെ വക്കത്ത് അവര്‍ അറച്ചുനില്ക്കുന്നു...

അവര്‍ ആശങ്കയോടെ കാടിന്‍റെ വായിലേക്കു നൂണുകടക്കുന്നതു തിരിഞ്ഞുനോക്കിനിന്നു. മുത്തശ്ശി പറയാറുള്ള കഥയോര്‍ത്തു. ചോറുവണ്ടിയുമായി ബകന്‍റെ മുമ്പിലേക്കു കടന്നുചെല്ലുന്ന സംഭ്രാന്തനായ ഗ്രാമീണന്‍റെ കഥ! (2007:27-28).

രാഘവന്‍നായരിലൂടെയാണു വള്ളിയൂര്‍ക്കാവിലെ ആറാട്ട് നോവലില്‍ വിവരിക്കുന്നത്: 

'രാഘവന്‍നായര്‍ ആദ്യം ഒന്ന് അന്തംവിട്ടു. മടിക്കുത്തില്‍ കരുതിയ നോട്ടുകള്‍ ഭദ്രമല്ലേയെന്നു പരിശോധിച്ചു. 

ഗുരുവായൂരിലെ വൈശാഖവും തൃശൂരിലെ പൂരവും കണ്ടിട്ടുണ്ട്. ഇത്തരത്തിലൊരു ജനപ്രളയം! ഈ മല നിരകള്‍ക്കിടയില്‍, വനപംക്തിക്കിടയില്‍ ഇത്രജനം നിവസിക്കുന്നുണ്ടോ?

ജനം പുറത്തുനിന്നും പുറത്തെ നഗരങ്ങളില്‍നിന്നും വരുന്നുണ്ടെന്നു പിന്നീടു മനസ്സിലാവുന്നു. 

....രാഘവന്‍നായര്‍ ജിജ്ഞാസയുടെ അലകള്‍ മുറിച്ചുനീന്തി ചുഴിയുടെ വക്കത്തുവന്നുനിന്നു. ഉറച്ചു നിന്നു. എന്തുശക്തി! തിരക്ക്, ബഹളം ചെകിടടപ്പിക്കുന്ന പലതരം ശബ്ദങ്ങള്‍'(2007:103-104). 

ഇങ്ങനെ കഥയ്ക്കകത്തുനിന്നു കഥപറയുന്ന ഹോമോ ഡൈജറ്റിക് നറേറ്റര്‍  കഥാകഥാഭൂമിയുടെ സൂക്ഷ്മതകള്‍ കൃത്യതയോടെ ആവിഷ്കരിക്കുന്നതാണെന്ന തോന്നല്‍ സമ്മാനിക്കുന്നു. 

ആഖ്യാനശാസ്ത്രം അടയാളപ്പെടുത്തിയ ആഖ്യാതാക്കളുടെ സംവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടാത്ത ഒരു ആഖ്യാനസ്ഥാനം നെല്ലില്‍ കാണാം. ഇതു  വിവിധ അഖ്യാനസ്ഥാനങ്ങളിലേക്കുള്ള ചാഞ്ചാട്ടമാണ്. അതായത് ആഖ്യാതാവ് കഥാപാത്രമായി നില്ക്കുകയും മറ്റൊരു വേള ഈ ആഖ്യാനസ്ഥാനം നോവലിസ്റ്റിന്‍റേതായി മാറിപ്പോകുകയും ചെയ്യുന്നു. ഇതുപോലെ തിരിച്ചും സംഭവിക്കും. കഥയ്ക്കുള്ളില്‍നിന്നു കഥപറയുന്ന ആഖ്യാതാവ് കഥാപാത്രത്തിന്‍റെ മാനസിക വ്യാപാരം അടയാളപ്പെടുത്തുമ്പോള്‍ കഥാപാത്രത്തിന്‍റെ കര്‍ത്തൃസ്ഥാനം കൈയാളുന്നു.  നോവലിലെ രണ്ടുസന്ദര്‍ഭങ്ങള്‍ നോക്കുക. 

12-ാം അദ്ധ്യായത്തിന്‍റെ തുടക്കത്തില്‍ ഇങ്ങനെ വായിക്കാം: 'വള്ളിയൂര്‍ക്കാവിലെ ആറാട്ട് ഇന്നവസാനിക്കുന്നു. മീനം പതിനാലിന്ന.് പോകണം. രാഘവന്‍നായര്‍ ഒരുങ്ങി'(2007:101).

നാലു ചെറുവാക്യങ്ങളാണ് ഇവിടെയുള്ളത്. വളരെ നാടകീയമായ ആരംഭമാണ് ഈ അദ്ധ്യായത്തിന്‍റേത്. 'വള്ളിയൂര്‍ക്കാവിലെ ആറാട്ട് ഇന്നവസാനിക്കും.' എന്ന ആദ്യവാക്യം പ്രസ്താവനാപരമാണ്. ഇതുപോലെതന്നെയുള്ള മറ്റൊരു പ്രസ്താവനയാണ് രണ്ടാംവാക്യവും: 'മീനം പതിന്നാലിന്ന്.' എന്നാല്‍ ഒരു വാക്കു മാത്രമുള്ള മൂന്നാം വാക്യം ആദ്യത്തെ രണ്ടു വാക്യങ്ങളുടേയും പ്രസ്താവനാസ്വഭാവത്തെ  അട്ടിമറിക്കുന്നു. മൂന്നാമത്തെ വാക്യം 'പോകണം' എന്നു മാത്രമാണ്. ഇത് ആരുടെയോ മനോനിശ്ചയമാണ്. ഇതുവരെയുള്ള നോവല്‍  വായനകൊണ്ടു വായനക്കാരന്‍/രി അതു രാഘവന്‍നായരുടെ മനോവ്യാപാരമെന്നു നിശ്ചയിച്ചെടുക്കുന്നു. ചുരുക്കത്തില്‍ ആദ്യമൂന്നു വാക്യങ്ങളും രാഘവന്‍നായര്‍ എന്ന കഥാപാത്രത്തിന്‍റെ വിചാരമാണ്. അഥവാ രാഘവന്‍നായര്‍ എന്ന കഥാപാത്രത്തിന്‍റെ കര്‍ത്തൃനിലയില്‍നിന്നുള്ള ആഖ്യാനമാണ്. എന്നാല്‍ നാലാമത്തെ വാക്യം നോക്കുക: 'രാഘവന്‍നായര്‍ ഒരുങ്ങി.' തീര്‍ച്ചയായും ഈ വരി കഥാപാത്രലോകത്തിനു പുറത്തുനിന്നുള്ള നോവലിസ്റ്റിന്‍റെ ഇടപെടലാണ്. 

മറ്റൊരു സന്ദര്‍ഭം നോക്കുക: മാര തന്‍റെ അപ്പന്‍റെ അവസ്ഥ കാണുന്നു: 

'...അവ്വ പോയപ്പോള്‍ ഒന്നിലും താല്പര്യമില്ല. നേരത്തു കഞ്ഞിയുണ്ടെങ്കില്‍ കുടിക്കാന്‍ പോലും!. ഒരു വേലയ്ക്കും പോകില്ല. പുലര്‍ന്നന്തിയാവോളം കാടിന്‍റെ ഓരങ്ങള്‍ തോറും, കന്നുകാലി വഴികളിലൂടെ അലഞ്ഞു നടക്കും. തോന്നുന്ന സമയത്തുള്ളില്‍ വരും. മുമ്പില്‍ വെയ്ക്കുന്നതു വലിച്ചുവാരിത്തിന്നും. എന്താണെന്നു നോട്ടമില്ല. ചോദ്യമില്ല. ഉത്തരമില്ല. സന്തോഷമില്ല. ദു:ഖമില്ല. ആഴ്ചകള്‍ക്കുമുമ്പ് ഉടുത്ത തുണി നനച്ചിട്ടില്ല. വെള്ളം കണ്ടിട്ടില്ല. താടി നീണ്ടു. മുടി ജടകെട്ടി. എന്തൊരു വേഷം! ഭാര്യ മരിച്ച ഭര്‍ത്താക്കന്മാര്‍ക്ക് ഇത്ര കഠിന ശിക്ഷയോ? താന്‍ മുമ്പേമരിച്ചാല്‍ മല്ലനും ഇത്ര വികൃതനായി, പ്രകൃതനായി നടക്കേണ്ടിവരില്ലേ!...'(2007:130).  

ഇവിടെ ആദിവാസിലോകബോധത്തിനു പുറത്തുനിന്ന് എഴുത്തുകാരി ആദിവാസി കഥാപാത്രത്തിന്‍റെ ആകുലത അടയാളപ്പെടുത്തുമ്പോഴുള്ള പാളിച്ച വ്യക്തമായി കാണാം. പ്രാകൃതം എന്ന വാക്കിനുണ്ടായ അര്‍ത്ഥലോഭം ആദിവാസി വിരുദ്ധമായ പ്രത്യയശാസ്ത്രമാണ് ഈ കഥാസന്ദര്‍ഭത്തില്‍ ഉല്പാദിപ്പിക്കുന്നത്. 

17-ാം അദ്ധ്യായത്തില്‍ മൂപ്പനെ കാണാന്‍ മാര പോകുന്നതു വിവരിച്ചു തുടങ്ങിയ ആഖ്യാതാവ് മാരയിലേക്കു പരകായപ്രവേശം ചെയ്യുന്ന ആഖ്യാനരാസവിദ്യ ദര്‍ശിക്കാം: 

'ആയിരം വള! അവളുടെ ചുണ്ടുകള്‍! തുറന്ന പടിനിന്നു. ആയിരം വളകള്‍! ..അവള്‍ ഈയക്കട്ടപോലെ നിന്നു, ഉറച്ചുനിന്നു. ഉരുകാന്‍ ഒരുവഴിയും കണ്ടില്ല. സര്‍വ്വാംഗം പിളരുന്നു!

തലതിരിയുന്നു. 

പഗോതീ! മാരിയമ്മേ!

ഇതിന്നോ, മലങ്കാരിക്ക് ഇന്നലെയും തേങ്ങയുടച്ചത്? മൂന്നു മാനം വല്ലി കൊടുത്തിട്ടാണു ചോറുരുളയോളം പോന്ന ഒരു തേങ്ങ മൊയ്തീന്‍ തന്നത്. സെയ്തിന്നാണെങ്കില്‍ നാലുമാനം കൊടുക്കേണ്ടിവരുമായിരുന്നു.

കരയാന്‍ കഴിഞ്ഞില്ല. കട്ടപിടിച്ച ദു:ഖം കരളിന്നു കനം കൂടുന്നു.

മല്ലനെ കൊണ്ടാവില്ല. ആയിരം വളകള്‍! നൂറുപ്പിക! എവിടുന്നുണ്ടാക്കാന്‍? ആയിരം വളകള്‍ തപ്പുകെട്ടാനില്ലാതെ, മല്ലന്‍ മറ്റാരെയെങ്കിലും കെട്ടുക!' (2007:149 -150).

മേല്‍ ഉദ്ധരണിയിലെ ആദ്യവാക്യം ശ്രദ്ധിക്കുക. 'അവളുടെ ചുണ്ടുകള്‍! തുറന്ന പടിനിന്നു. ആയിരം വളകള്‍! ..അവള്‍ ഈയക്കട്ടപോലെ നിന്നു, ഉറച്ചുനിന്നു. ' എന്ന ഭാഗം ശ്രദ്ധിക്കുക. 'അവളുടെ' എന്നുള്ള ഭാഷാസൂചകം നോവലിസ്റ്റിന്‍റേതാണെന്നു വ്യക്തം. 'ഉരുകാന്‍ ഒരുവഴിയും കണ്ടില്ല. സര്‍വ്വാംഗം പിളരുന്നു!' എന്നു തുടങ്ങുന്ന ഭാഗത്ത് ആഖ്യാതാവിന്‍റെ കര്‍ത്തൃസ്ഥാനചാഞ്ചാട്ടം കാണാം. നെല്ലില്‍  വിവിധ അഖ്യാനസ്ഥാനങ്ങളിലേക്കുള്ള ചാഞ്ചാട്ടമാണ് വൈകാരികതീക്ഷ്ണതയുടെ തോതും തരവും നിര്‍ണ്ണയിക്കുന്നത്. 

ആദിവാസിഭാഷ, വിശ്വാസങ്ങള്‍

മല്ലനും കുറുമാട്ടിയും, മല്ലനും മാരയും, മല്ലനും ചുണ്ടെലിയും ജോഗിയും മാരയും, മാരയും കരിയനും, വട്ടയും കുറുമാട്ടിണും തമ്മിലുള്ള സംഭാഷണങ്ങളും രാഘവന്‍നായരോടു മല്ലനും, മൂപ്പനും കൂട്ടരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ നടത്തുന്ന സംഭാഷണങ്ങളും നോവല്‍ പകര്‍ത്തുന്നത് ആദിവാസിഭാഷയിലാണ.്  

മല്ലനും ചുണ്ടെലിയും തമ്മിലുള്ള സംഭാഷണം ഭാഷയുടെ പ്രത്യേകതകൊണ്ടു ശ്രദ്ധേയമാണ്:

"ഉറാങ്കിയൊ?"

"ഉറാങ്കി. എന്‍റോരു ശീതം!"

"നീ ഏ ഊരുവാ ജന്മത്തേക്കു നിന്‍റ്ക്കിന്‍റേയ്?"

"മനേയ്ക്കലാ?"

"മന്‍റാ കാലത്തേക്ക് അവുടൊക്കെ തീരായ്" വരുംകൊല്ലം അവിടെ വേലയ്ക്കുപോവില്ല. 

"ആറാട്ടു കവുഞ്ഞാ എവുടേക്കു കൂടും?"(2007:52).

ഇങ്ങനെ നെല്ലില്‍ ആദിവാസികളുടെ തനതു ഭാഷയില്‍ കഥാപാത്രങ്ങളുടെ സംഭാഷണശകലങ്ങള്‍ ചേര്‍ത്തിരിക്കുന്നതു കഥാഭൂമികയെ മിഴിവുറ്റതാക്കുന്നു.

കുടിയേറ്റക്കാരായ ജന്മിമാര്‍, കച്ചവടക്കാര്‍, ആദിവാസികള്‍ എന്നിങ്ങനെ വിവിധങ്ങളായ സാമൂഹ്യകര്‍ത്തൃത്വങ്ങളെ നോവല്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദിവാസിസമൂഹത്തോടാണു നോവലിന് ആഖ്യാനപരമായ ചാര്‍ച്ച. അതിനാല്‍തന്നെ, ആദിവാസികളുടെ സംസ്കാരത്തെ കുടിയേറ്റക്കാര്‍ ചൂഷണം ചെയ്യുന്നതിനെ വിമര്‍ശബുദ്ധ്യാ അവതരിപ്പിക്കുകയും ചെയ്യുന്നു.  കുടിയേറ്റക്കാരായ കച്ചവടക്കാര്‍, ജന്മികള്‍, ഗോത്രനേതൃത്വം കയ്യാളുന്നവര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരിലൂടെ ആദിവാസികള്‍ പലവിധേന ചൂഷണം ചെയ്യപ്പെടുന്നതിന്‍റെ സൂക്ഷ്മരൂപങ്ങള്‍ നോവലിലുണ്ട്. ഈ വേളയില്‍ മേലാളന്‍റെയും കീഴാളന്‍റെയും അനുഭവങ്ങള്‍ ഇടകലര്‍ന്നുള്ള സംവാദമായി നോവല്‍ മാറുന്നു.

തീവ്രവൈകാരിക മുഹൂര്‍ത്തങ്ങള്‍ ആഖ്യാനം ചെയ്യുന്ന സന്ദര്‍ഭങ്ങളിലെല്ലാം  പശ്ചാത്തല പ്രകൃതിയെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്ന രീതി നെല്ലിന്‍റെ  ആഖ്യാനപരമായ സവിശേഷതകളിലൊന്നാണ്. ആഖ്യാന ശാസ്ത്രത്തില്‍ റോളാങ്ബാര്‍ത്ത് വിവരിക്കുന്ന സിംബോളിക്ക് കോഡ്3എന്ന സങ്കല്പനവുമായി ഇതിനെ ബന്ധിപ്പിക്കാവുന്നതാണ്. 13-ാം അദ്ധ്യായത്തില്‍ മാരയുടെയും മല്ലന്‍റെയും ഭയം കഥാഗതിയിലേക്കുള്ള അശുഭസൂചനയായി പശ്ചാത്തല പ്രകൃതി വിവരണത്തിലൂടെ നോവല്‍ ആവിഷ്കരിക്കുന്നു. 

'കിഴക്ക് ഇരുള്‍ മാഞ്ഞു. നേര്‍ത്ത ഇരുട്ട് പടിഞ്ഞാറെ കാട്ടിലേക്കു ചുരുങ്ങി കൂടുന്നു. തലയ്ക്കുമീതെ കിളികള്‍ ചിലയ്ക്കാന്‍ തുടങ്ങി. ചിറകടിച്ചു മഞ്ഞു തുള്ളികള്‍ നാലുപാടും തലയിലും അടര്‍ന്നു വീണു. കരയുന്ന വൃക്ഷത്തിന്‍റെ തണലിലൂടെ അവരുടെ കറുത്ത നിഴലുകള്‍ കൈകോര്‍ത്തു പിടിച്ചു നീങ്ങി. മുഖത്തോടു മുഖം നോക്കാന്‍ ഭയന്നു' (2007:119).

കഥാപാത്രങ്ങളുടെ അന്തഃസംഘര്‍ഷങ്ങളും അബോധത്തില്‍ വേരുറച്ച ശകുനവിശ്വാസങ്ങളും4 നോവല്‍ അവതരിപ്പിക്കുന്നു. പിന്നീടു വരുന്ന പിരിമുറുക്കം നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലേക്കുള്ള സൂചനകളാണവ. പതിനഞ്ചാം അദ്ധ്യായത്തില്‍  വിവാഹം നടക്കില്ലെന്ന മൂപ്പന്‍റെ തീരുമാനം ചുണ്ടെലി മല്ലനെ അറിയിക്കുമ്പോള്‍ മാരയോടു തെറ്റുചെയ്താല്‍ മലങ്കാരി കോപിക്കുമെന്ന ചിന്ത മല്ലനെ ഭയപ്പെടുത്തുന്നു. നോവല്‍ ഭാഗം താഴെ ചേര്‍ക്കുന്നു: 

'രാവുകളെ വിറപ്പിക്കുന്ന കാലങ്കോഴികളുടെ കൂവല്‍. ഭവിഷ്യത്തോര്‍ത്തു നടുങ്ങി. 

ദൂരെ മലയിടക്കില്‍നിന്നു കാട്ടുനായ്ക്കളുടെ ഓരിയിടല്‍. അവ കൂട്ടത്തോടെ ഒരേ സ്വരത്തില്‍, തികഞ്ഞ ക്രൂരതയോടെ, ലക്ഷ്യംവച്ചുകൊണ്ട് ഓലിയിടുന്നു. മണ്ണട്ടകളുടെ ചിലയ്ക്കലും നിലച്ചുവെന്ന് അവന്നു തോന്നി' (2007:137). 

മല്ലനെ ആദ്യം കണ്ടതും മറ്റും മാര ഓര്‍ക്കുന്ന ഭാഗത്തു ശകുനസൂചനയുണ്ട്. മല്ലനെ കാത്തിരിക്കുന്ന  മാര രാത്രിയില്‍ അപശബ്ദം കേള്‍ക്കുന്നു :

'... മണ്‍മതിലിലെ മാളത്തില്‍ സന്ധ്യയ്ക്കു കൂടണഞ്ഞ കോഴി ചിറകടിച്ചു. അപസ്വരം. തുടര്‍ന്നു കേള്‍ക്കാതിരിക്കാന്‍ അവള്‍ ചെകിടുപൊത്തി'(2007:192). 

കാവല്‍പ്പന്തലില്‍ മല്ലനെ തിരഞ്ഞെത്തുന്ന മാരയ്ക്കു പേടിപ്പെടുത്തുന്ന നിരവധി ദുര്‍നിമിത്തങ്ങള്‍ അറിയാന്‍ ഇടവന്നു:

'...കാട്ടിലൊരു പേയ് കരഞ്ഞു

"ഹൂ.... ഹാ...... ഹാ......... ഹ്വാഹൂ..... ഹൂ!"

അവള്‍ നടുങ്ങി വിറച്ചു തണുത്തു. മഞ്ഞുപോലെ തണുത്തുറഞ്ഞു...

'പോരുമ്പോള്‍ ജവനി കോഴിമുട്ട വിരിയാന്‍ വച്ച ഓട്ടക്കലം ശകുനം കണ്ടതു മാര ഓര്‍ത്തു. ഇപ്പോള്‍ കാലങ്കോഴി. എന്തൊക്കെ വിപത്തുകളാണിനി! അകത്തെ ചിറകടിയൊച്ച ഒതുക്കാന്‍ കഴിയുന്നില്ല' (2007:155).

മല്ലന്‍ കൂപ്പില്‍ പണിക്കുപോകാന്‍ തീരുമാനിച്ചു മാരയോടു യാത്ര പറയുന്ന നോവല്‍ ഭാഗം  നോക്കുക:

'മല്ലന്‍ മുറ്റത്തിറങ്ങിയപ്പോള്‍ മുറ്റത്തെ നാരകച്ചില്ലയില്‍ വന്നിരുന്ന കൂട്ടംതെറ്റിയ ഒരു കൂരിക്കിളി. അതു വാലാട്ടി, ചിറകടിച്ചു, കര.... കര ശബ്ദത്തില്‍ കരഞ്ഞു. 

അവള്‍ നടുങ്ങി. ചെകിടുപൊത്തി. പോകല്ലേ എന്നു തടുക്കുംമുമ്പ് അവന്‍ കുന്നിറങ്ങി വയലിലെത്തിക്കഴിഞ്ഞു. തുറന്ന വായ് അങ്ങനെതന്നെ. അവള്‍ക്കു മിണ്ടാന്‍ കഴിഞ്ഞില്ല. അകന്നകന്നു കുമ്പാരക്കുനിയിലെ മുള്‍ക്കാടുകള്‍ക്കപ്പുറം മറയുന്ന കെട്ടിയവനെനോക്കി അവള്‍ നിശ്ചലയായിനിന്നു' (2007:171). 

പിന്നീടു പനിച്ചു മരണാസന്നനായിട്ടാണു മല്ലന്‍ വന്നു കയറുന്നത് എന്നു  വായിച്ചറിയുമ്പോള്‍ നിമിത്തങ്ങള്‍ക്കും ശകുനങ്ങള്‍ക്കും ആദിവാസിജീവിതത്തിലുള്ള സ്വാധീനം ഭാവതീവ്രതയോടെ നോവല്‍ അവതരിപ്പിക്കുന്നുണ്ടെന്നു വ്യക്തമാകും. കഥയുടെ നിര്‍ണ്ണായകമായ ഗതിവിഗതികളെ സൂചിപ്പിക്കുന്ന തരത്തില്‍ ചില പ്രതീകങ്ങളും ബിംബങ്ങളും നോവല്‍ വിദഗ്ദ്ധമായി ഉപയോഗിക്കുന്നു.  വനത്തിലെ ജീവിതം മുഖ്യപ്രമേയമാകുന്ന നോവല്‍ പ്രകൃതിയില്‍നിന്നാണു മേല്പറഞ്ഞ ചിഹ്നങ്ങളത്രയും കണ്ടെടുക്കുന്നത്. പക്ഷി മൃഗാദികളുടെ ശബ്ദസാന്നിദ്ധ്യമായോ കാറ്റോ നദീപ്രവാഹമായോ അതു ആവര്‍ത്തിക്കുന്നു. 

ജനപ്രിയനോവലിന്‍റെ ഭാഷ

പി. വത്സലയുടെ നെല്ലിനു ലഭിച്ച വമ്പിച്ച വായനാസ്വീകാര്യതയ്ക്കു  കാരണം അതിലെ ജനപ്രിയഭാഷാരീതികൂടിയാണ്.  ദേശത്തെയും ജനജീവിതത്തെയും പ്രകൃതിയെയും പറ്റി ജനപ്രിയനോവലുകള്‍ ഒരേ മാനത്തില്‍ വൈകാരികമായി സംസാരിക്കും. വത്സലയുടെ നോവലിലെ ഇത്തരം ശൈലികള്‍ കാല്പനിക ഭാവുകത്വത്തിന്‍റെ സൂചനകളായി മനസ്സിലാക്കാം.  കാല്പനിക ഭാവുകത്വം പുലര്‍ത്തുന്ന എഴുത്തുകാരുടെ രചനകളില്‍ ഈ സവിശേഷത പ്രത്യക്ഷപ്പെടുന്നുണ്ട്.നെല്ലിനുമുമ്പേ രചിക്കപ്പെട്ട ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം (1969), വി.കെ. എന്നിന്‍റെ ആരോഹണം (1969), ആനന്ദിന്‍റെ ആള്‍ക്കൂട്ടം (1970) തുടങ്ങിയ നോവലുകളിലെ  ഭാഷ ഗൗരവതരമാണ്. അതു കാല്പനികതയോടു കഴിയുന്നത്ര മുഖം തിരിഞ്ഞു നില്ക്കുന്നു. ദാര്‍ശനികതയും വൈചാരികതയുമാണ് അതിലെ ഭാഷയെ നിര്‍ണ്ണയിക്കുന്നത്. 

ജനപ്രിയനോവലിലെ ഭാഷയെപ്പറ്റി ഡോ. സ്കറിയ സക്കറിയ എഴുതുന്നു: 'സാഹിത്യഭാഷയെ ജനപ്രിയമാക്കുന്നതിന്‍റെ മാതൃകകള്‍ വര്‍ക്കിയുടെ രചനകളില്‍ കാണാം. നോവലിനെ ദാര്‍ശനികവ്യവഹാരമായി പരിഗണിക്കുന്നവര്‍ക്ക് ഈ ജനകീയശൈലി സ്വീകാര്യമായില്ല. മാധ്യമങ്ങളെ യാഥാര്‍ത്ഥ്യത്തിന്‍റെ പകര്‍പ്പുകളായും ജനത്തിന്‍റെ നാവായും പരിഗണിക്കുന്നവര്‍ക്കും ഈ ജനപ്രിയശൈലി ഇഷ്ടപ്പെട്ടില്ല. എങ്കിലും ഇതാണ് ഇന്നത്തെ ശൈലി. ഉപരിപ്ലവത എന്നു സാമ്പ്രദായികര്‍ ഇതിനെ ഇകഴ്ത്തിയേക്കാം. ആദര്‍ശവാദികള്‍ ഇതിനെ ഭാഷാധൂര്‍ത്തായി കണക്കാക്കിയേക്കാം. ഇതു കേവലം ഭാഷാ പ്രശ്നമല്ല. സാഹിത്യത്തെയും സമൂഹത്തെയും  അവയുടെ പരസ്പരബന്ധത്തില്‍ കണ്ടറിഞ്ഞു വിലയിരുത്തിയാലേ ഈ പ്രതിഭാസം വിശദീകരിക്കാനാവൂ (2014:161).

څപാടാത്ത പൈങ്കിളി چഎന്ന നോവലിലൂടെ മുട്ടത്തുവര്‍ക്കി തുടങ്ങിവെയ്ക്കുന്ന ഈ ഭാഷാരീതി5 ആധുനികതയുടെ ഉച്ചാവസ്ഥയിലും ഒരു സമാന്തരധാരയായി നിലനില്ക്കുന്നുണ്ട്. ഈ സമാന്തരതയുടെ അകലം കുറയുകയാണു നെല്ലില്‍. ജനപ്രിയഭാവനയുടെ അതിവൈകാരികമായ ഭാഷാശൈലി പി. വത്സലയുടെ നെല്ലില്‍ കാണാം. വയനാടന്‍ ഭൂപ്രദേശത്തിന്‍റെ സാമൂഹ്യസ്വത്വംകൂടിയാണു പി.വത്സലയുടെ നെല്ല് ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. ഭൂപ്രദേശവുമായി വൈകാരിക ബന്ധം സൂക്ഷിക്കുന്ന ആഖ്യാനങ്ങള്‍ സാമൂഹ്യസ്വത്വം കൂടി വെളിപ്പെടുത്തുന്നു. വയനാടന്‍ ഭൂപ്രദേശത്തെയും പ്രകൃതിയെയും അടയാളപ്പെടുത്താന്‍ നോവല്‍ ഉപയോഗിക്കുന്ന  വര്‍ണ്ണനാപ്രധാനമായ (അലങ്കൃതമായ) ശൈലിക്കു ചില ഉദാഹരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.

'പൂട്ടാന്‍ ഏരില്ല. വേണ്ടത്ര ഏരുകളില്ലാതെ ഒരു പണിയും നടക്കില്ല. ഈ മഴയെ വിശ്വസിച്ചുകൂടാ. വെറുതെ നിന്നവനെ ഒന്നു വ്യാമോഹിപ്പിച്ചിട്ട് അവള്‍ അങ്ങുപോകും. പിന്നെ എന്നുവരും എന്നു പറയാന്‍ പറ്റില്ല' (2007:68).

'മഞ്ഞില്‍ കുളിച്ചു നേര്‍ത്തനിലാവുടുത്തു നില്ക്കുന്ന സുന്ദരിയായ കാട്! കഠോരമാണ് ഈ സൗന്ദര്യം!' (2007:282).  

'ആള്‍ പെരുമാറ്റമില്ലാത്ത കാട്. കന്യകയുടെ മനസ്സുപോലെ ദുര്‍ഗ്ഗമമായിനിന്നു' (2007:56).

'ഉഴാതെയിട്ട കണ്ടങ്ങളില്‍ മഷിപോലെ കറുത്തമലവെള്ളം ഒരു നിമിഷം തങ്ങിനില്ക്കുന്നു. കൃഷിക്കാരെ വ്യാമോഹിപ്പിക്കുന്നു. പിന്നെ പിടികൊടുക്കാതെ അഹങ്കാരിയായൊരു കന്യകയുടെ ചുറുചുറുക്കോടെ വയല്‍വരമ്പുകളിലെ വിള്ളലുകളിലൂടെ ഊര്‍ന്നിറങ്ങി ബാവലിയുടെ ഒഴുക്കില്‍ ലയിക്കുന്നു...'(2007:68). 

'ചെളി കെട്ടിയ കറുത്തുമിനുത്ത മണ്ണ്. കാലേ ഉഴുതിട്ടതു നന്നായി. വെള്ളരൊടിയുടെ മുഖഭാവം മാറിപ്പോയി. ആരോഗ്യവതിയായ ഒരു കറുത്തകന്യകയെപ്പോലെ അവള്‍ നിന്നുവിളങ്ങി'(2007:257).

'മഴ നാലുപാടും സംഹാരതാണ്ഡവമാടി. ശീതക്കാറ്റ്. കന്നിമണ്ണിന്‍റെയും പച്ചമുളയുടെയും ഗന്ധം. ആള്‍പ്പാര്‍പ്പില്ലാത്ത കുടിലിന്‍റെ അനാഥത!. മഴയുടെ മറപറ്റി നില്ക്കുന്ന സന്ധ്യയുടെ കാതരഭാവം' (2007:258).

'നേരം നന്നേവെളുത്തു. കോടമഞ്ഞിന്‍റെ പുതപ്പുമാറ്റി ഉണരാന്‍ വൈമനസ്യം കാണിച്ചു കിടക്കുന്ന മദാലസയായ ബ്രഹ്മഗിരി. അമ്മയെ ഉണര്‍ത്താന്‍ ബഹളം കൂട്ടുന്ന കുഞ്ഞായി ബാവലിപ്പുഴ കളിച്ചു തിമര്‍ത്തു ഒച്ച വച്ചു' (2007:93). 

 'കിഴക്കന്‍ മലകള്‍ പ്രഭാതത്തില്‍ ഊരിവിട്ട കാറ്റ്, കൊടുമുടികളെ തഴുകി, മാമരങ്ങളെ പുണര്‍ന്നു താഴ്വാരങ്ങളിലൂടെ ചൂളംവിളിച്ചു കറങ്ങിക്കൊണ്ടിരുന്നു. താഴ്വാരം ആഹ്ലാദിച്ചു. കാറ്റിന്‍റെ ആലിംഗനത്തില്‍ കോരിത്തരിച്ചു'(2007:87).      

പ്രത്യക്ഷത്തില്‍ പ്രകൃതിവര്‍ണ്ണനകളായി തോന്നുന്ന മേല്പറഞ്ഞ നോവല്‍ ഭാഗങ്ങളില്‍ പുരുഷാഖ്യാനത്തിന്‍റെ സൂചനകള്‍ ഒളിഞ്ഞിരിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ ആഖ്യാനത്തിലെ കര്‍ത്തൃചാഞ്ചാട്ടത്തെ കൂടിയാണു സൂചിപ്പിക്കുന്നത്. മോഹിപ്പിക്കുന്ന അവള്‍, സുന്ദരി, കന്യക, മദാലസ, കാതര എന്നീ വാക്കുകളിലൂടെ സ്ത്രൈണവും വന്യവും കീഴ്പ്പെടുത്തേണ്ടതുമായ പ്രകൃതിയെയാണ് അടയാളപ്പെടുത്തുന്നത്. ഇത്തരം ചിന്ത ആധുനിക പുരുഷയുക്തിയുടെ  നിര്‍മ്മിതിയാണ്.  മലയാളത്തിലെ ആധുനികനോവലുകളുടെ കാലഘട്ടത്തില്‍ എഴുതപ്പെടുന്ന  നോവലാണു നെല്ലെന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്. 

വിവിധ ആഖ്യാതാക്കളും വീക്ഷണസ്ഥാനങ്ങളും ഉള്ള നോവലാണു നെല്ല്. ജനപ്രിയനോവലിലെ    അതിവൈകാരികമായ ഭാഷാശൈലി പി. വത്സലയുടെ നെല്ലില്‍ കാണാം.  കഥയുടെ  ഗതിവിഗതികളെ സൂചിപ്പിക്കുന്ന തരത്തില്‍ പ്രതീകങ്ങളും ബിംബങ്ങളും  ഉപയോഗിച്ചു നിമിത്തങ്ങള്‍ക്കും ശകുനങ്ങള്‍ക്കും ആദിവാസിജീവിതത്തിലുള്ള സ്വാധീനം നോവല്‍ അവതരിപ്പിക്കുന്നു. മാത്രമല്ല  വിവിധ ആദിവാസിജനതയുടെ ഭാഷാപദങ്ങള്‍ നോവലില്‍ ഉണ്ട.് ഇത് കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ സ്വാഭാവികത നല്‍കുന്നു.   എഴുത്തുകാരിയുടെ ലോകവീക്ഷണം തന്നെയാണ് ആഖ്യാനങ്ങളുടെ അടിയടരില്‍ ഉളളത്. ആദിവാസിലോകബോധത്തിനു പുറത്തുനിന്ന് എഴുത്തുകാരി ആദിവാസികഥാപാത്രത്തിന്‍റെ കര്‍ത്തൃത്വം  കയ്യാളുമ്പോഴുള്ള പാളിച്ച വ്യക്തമായി കാണാം. വിവിധ അഖ്യാനസ്ഥാനങ്ങളിലേക്കുള്ള കര്‍ത്തൃമാറ്റമാണ് നോവലിന്‍റെ വൈകാരികതീക്ഷ്ണത നിര്‍ണ്ണയിക്കുന്നത്.  പ്രകൃതിവര്‍ണ്ണനകള്‍ പുരുഷാഖ്യാനമായിമാറുന്നതും  ആഖ്യാനവിശകലനത്തില്‍  കണ്ടെത്താം. 

കുറിപ്പുകള്‍

1) Uncanny- 'strange or mysterious especially in an unsettling way strange and difficult to explain' (www.oxford dictionaries.com)
2) ഹെറ്ററോ ഡൈജെറ്റിക് നറേറ്റര്‍, ഹെറ്ററോ ഡൈജെറ്റിക്   ഇന്‍ട്രാ ഡൈജെറ്റിക് നറേറ്റര്‍, ഹോമോ ഡൈജെറ്റിക് നറേറ്റര്‍, എന്നിങ്ങനെ ആഖ്യാനശാസ്ത്രത്തിലുള്ള പരികല്പനകളെ സംക്ഷേപിക്കാം:
1. ' Hetero diegetic narrator:‘A narrator who is outside the story (Story meaning diegesis) s/he is narrating is a hetero diegetic narrator. This kind of narrative is commonly known as the third person or omniscient narrrative. Here the events happen below the narrator s/he is like a god viewing things happening without interfiering 
2.  Hetero diegetic - intra diegetic narrator: Sometimes a hetero diegetic narrtor can narrate a story about other characters but from  inside of the story (that is, narrate a story that is not about himself/ herself: he is a spectator to the events that happen around him). This is the heterodiegetic - Intradiegetic narrtor 
3.  Homo diegetic narrator: ‘On other occasions, the story is narrated by a man is also a character in the story he is narrating this makes the narrator a homodiegetic one. The homodiegetic narrative is often called a first person narrative’(Pramod K. Nayar, 2009:49 -50). 
3) Symbolic Code:  Elements of the Symbolic Code are organized systems of semes. The two symbols Barthes considers most significant are antithesis and paradox. In an antithesis, two opposing semes, such as a young girl (life) and an old man (death), are placed in opposition with each other. The struggle between the young girl and the old man is a symbol of the struggle between life and death. A paradox occurs when two opposing semes are brought together through the mediation of the narrator. (Barthes, 2015).
4) 'യാത്രപുറപ്പെടുമ്പോള്‍ നിമിത്തങ്ങള്‍ കണ്ടു ശുഭാശുഭങ്ങള്‍ നിശ്ചയിക്കുന്ന സമ്പ്രദായവും ആദിവാസികള്‍ക്കിടയിലുണ്ട്' (കുമാരന്‍ വയലേരി, 2007:28). ശകുനവിശ്വാസം എന്നാല്‍ നിമിത്തം, ലക്ഷണം എന്നെല്ലാമാണ് അര്‍ത്ഥം. ഒരാളുടെ ഒരു ദിവസത്തെ പ്രവൃത്തിയുടെ ഫലം പ്രകൃതിയിലെ നിമിത്തങ്ങളെ ശ്രദ്ധിച്ചാല്‍ മുന്‍കൂട്ടി നിശ്ചയിക്കാം എന്ന വിശ്വാസമാണു ശകുനത്തിന്‍റെ അടിത്തറ. മനുഷ്യരുടെയോ പക്ഷിമൃഗാദികളുടെയോ വൃക്ഷലതാദികളുടെയോ പെരുമാറ്റമോ പ്രതികരണമോ ഭാവിഫലം നിര്‍ണ്ണയിക്കാനുപയോഗിക്കുന്നു. നായാട്ടിനു പുറപ്പെടുമ്പോള്‍ കുറുക്കന്‍, പട്ടി എന്നിവ കണിയാകുന്നതു ശുഭകരമായും കാക്ക കൂട്ടമായി കരയുന്നത്, പച്ച വാഴയില, പച്ചയോല എന്നിവ ഒടിഞ്ഞുവീഴുന്നത് അശുഭകരമായും കരുതുന്നു (കുമാരന്‍ വയലേരി, 1996). 
5).  'പാടാത്ത പൈങ്കിളിയിലെ 'ഗ്രാമ വൃക്ഷങ്ങളുടെ തലപ്പുകളില്‍ തങ്കപ്പൊടിതൂകിക്കൊണ്ട് പകലോന്‍ പടിഞ്ഞാറെ അതിര്‍ത്തിയില്‍ നില്‍ക്കുകയായിരുന്നു. തേരുവിളുമ്പത്തു കസവുളള മന്ത്രകോടികള്‍ നിവര്‍ത്തിട്ടിരിക്കുന്നമാതിരി സന്ധ്യാമേഘങ്ങള്‍ കാണപ്പെട്ടു. ഗ്രീഷ്മര്‍ത്തുവിന്‍റെ യൗവനമായിരുന്നു.' എന്ന ഭാഗം 'നാട്ടുകല്പനകള്‍ കൊണ്ട് അലങ്കരിച്ച നിലവാരപ്പെട്ട സാഹിത്യഭാഷ' എന്ന് ഡോ. ഷാജി ജേക്കബ് ചൂണ്ടിക്കാട്ടുന്നു(2016:122)

ഗ്രന്ഥസൂചി

കുമാരന്‍ വയലേരി, ഡോ. 1996 കുറിച്യരുടെ ജീവിതവും സംസ്കാരവും. കറന്‍റ് ബുക്സ്, കോട്ടയം.
വത്സല, പി. 2007 നെല്ല്, ഡി. സി. ബുക്സ്, കോട്ടയം.
ഷാജി ജേക്കബ്, 2016, നോവലിലെ ചരിത്രഭൂപടങ്ങള്‍ ഇന്ദുലേഖ, കോട്ടയം 
സ്കറിയാ സക്കറിയ, ഡോ., 2014, 'മുട്ടത്തുവര്‍ക്കിയും മലയാളപഠനത്തിലെ വെല്ലുവിളികളും' താപസം, ഒക്ടോബര്‍ 2013 & ഏപ്രില്‍ 2014, വാല്യം 9, ഇഷ്യൂ 1-4
Barthes  Roland, 2015     http://www.arts.uwaterloo.ca~raha700_701_ web/ thesL Ofcodes_flash.html (June 21, 2015)
Nayar,  K. Pramod 2009    'Narration and Representation' The Humanities: Methodology and Perspectives Abhijit Kundu, Pramod K Nayar,Shweta(Editors) Dorling Kindersley(India) Pvt. Ltd. New Delhi
ഡോ. ആശാ മത്തായി
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാളവിഭാഗം
മാര്‍ അത്തനേഷ്യസ് കോളേജ്
കോതമംഗലം
9744320348