Renaissance Modernity Love Conflicts: A Study on Vaikom Muhammad Basheer’s Ntuppuppakkoranendarnnu

Praseetha U. V. 

Vaikom Muhammad Basheer was one of the active partakers of the Kerala Renaissance through his revolutionary writings. Basheer’s works catalysed the Renaissance movement by incisively attacking the conservative Muslim ideologies and ignorance of the people. His work Ntuppuppakkoranendarnnu (My Grandfather Had an Elephant!) is an exemplary work of social reformation. This article tries to critically analyse the text focusing on the concept of love in it.

Praseetha U.V
Research Scholar
Department of Malayalam
Sree Sankaracharya University of Sanskrit
Kalady
Pin: 683574


നവോത്ഥാന ആധുനികതയുടെ പ്രണയസംഘര്‍ഷങ്ങള്‍ 
ന്‍റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് മുന്‍നിര്‍ത്തിയുള്ള പഠനം

പ്രസീദ യു വി

ആമുഖം

കേരളീയ സാംസ്കാരിക നവോത്ഥാന പ്രക്രിയയില്‍  സാഹിത്യരചനകള്‍ കൊണ്ട് നിരന്തരം ഇടപെട്ട എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. മുസ്ലീം സമുദായത്തിന്‍റെ യാഥാസ്ഥിതിക മനോഭാവങ്ങളെയും അജ്ഞതകളെയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് നവോത്ഥാനത്തിന്‍റെ രാസത്വരകമായി മാറാന്‍ ബഷീറിന്‍റെ കൃതികള്‍ക്കായിട്ടുണ്ട്. സാമുദായിക നവോത്ഥാനത്തിന്‍റെ പാഠമായി നിലകൊള്ളുന്ന ന്‍റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന ബഷീര്‍ കൃതിയെ പ്രണയത്തെ  കേന്ദ്രമാക്കി വിമര്‍ശനാത്മകമായി വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണിവിടെ . 

മുസ്ലീം നവോത്ഥാനത്തിന്‍റെ കേരളീയ പശ്ചാത്തലം

ജാതി മതവര്‍ഗരഹിതമായ പൊതുമണ്ഡലത്തെ നിര്‍മ്മിച്ചെടുക്കലായിരുന്നു കേരളീയ നവോത്ഥാനത്തിന്‍റെ ആത്യന്തികലക്ഷ്യമായി നിലകൊണ്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍തന്നെ കേരളത്തിന്‍റെ സാംസ്കാരിക പരിസരങ്ങളില്‍ നവോത്ഥാനത്തിന്‍റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കൊളോണിയല്‍ ഭരണത്തിന്‍റെ കീഴിലാണ് കേരളത്തിലെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയുടെ അടിത്തറകള്‍ ഇളകാന്‍ തുടങ്ങിയത്. മിഷണറി പ്രവര്‍ത്തനങ്ങളും കൊളോണിയല്‍ ഭരണത്തിനു കീഴില്‍ രൂപംകൊണ്ട പുതിയ വ്യവഹാരങ്ങളും നിയമനിര്‍മ്മാണങ്ങളും ആധുനികമായ ഒരു പൊതുമണ്ഡലത്തെ രൂപപ്പെടുത്തുകയായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം ഏറ്റെടുത്ത പ്രതിനിധികള്‍ തങ്ങളുടെ സമുദായങ്ങളെ പുതിയ ലോകത്തേക്ക് നയിക്കാനുള്ള സംരംഭങ്ങളിലേര്‍പ്പെട്ടു തുടങ്ങി. വൈകുണ്ഠസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, വി.ടി ഭട്ടതിരിപ്പാട്, മക്തിതങ്ങള്‍, വക്കം മൗലവി തുടങ്ങിയ പരിഷ്കര്‍ത്താക്കള്‍ ജനങ്ങളോട് , നിലനിന്ന വ്യവസ്ഥിതികളെ ചോദ്യം ചെയ്യാനും അതുവഴി പുതിയ ലോകക്രമത്തിലേക്ക് പ്രവേശിക്കാനും ഉദ്ഘോഷിച്ചു. 

മുസ്ലീം സമുദായത്തില്‍ നവോത്ഥാനസംരംഭങ്ങള്‍ താരതമ്യേന പതുക്കെയാണ് രൂപപ്പെട്ടുവന്നിരുന്നത്. മക്തിതങ്ങളും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും വക്കം മൗലവിയും നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുസ്ലീം സമുദായം സ്വയം തിരിച്ചറിഞ്ഞ് തുടങ്ങുകയും പുരോഗമനത്തിന്‍റെ പാതയിലേക്ക് പ്രവേശിക്കുകയും ചെയ്തത്. 

മലയാളലിപിയില്‍ ആദ്യമായി ഗ്രന്ഥരചന നിര്‍വ്വഹിക്കുകയും മലയാളം കൂടി പഠിച്ച് വിദ്യാസമ്പന്നരാകാന്‍ ഇസ്ലാം മതസ്ഥരോട് ആവശ്യപ്പെടുകയും ചെയ്ത പരിഷ്കര്‍ത്താവായിരുന്നു മക്തിതങ്ങള്‍. പെണ്‍കുട്ടികളെ പൊതുപള്ളിക്കൂടത്തില്‍ വിട്ട് പഠിപ്പിക്കാനുള്ള ശ്രമങ്ങളിലൂടെ അദ്ദേഹം അക്കാലത്തെ യാഥാസ്ഥിതിക സമൂഹത്തെ വെല്ലുവിളിക്കാന്‍ ശ്രമിച്ചു.  ആധുനിക വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെ കുറിച്ച് മുസ്ലീം സമൂഹത്തില്‍ ബോധവത്കരണം നടത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന മക്തിതങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ (ഖുര്‍ആന്‍, ഹദീസുകള്‍) തന്നെ കേന്ദ്രമാക്കിയാണ് അന്ധവിശ്വാസങ്ങളെയകറ്റി സമുദായത്തെ വിമലീകരിക്കാന്‍ ശ്രമിച്ചത്.  മതപുരോഹിതന്മാര്‍ നടത്തുന്ന രാപ്രസംഗങ്ങളെപ്പോലും ധൈര്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിയായിരുന്നു മക്തിതങ്ങള്‍. 

 മറ്റൊരു പ്രധാന സമുദായ പരിഷ്കര്‍ത്താവായിരുന്നു ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. കാലത്തിന്‍റെ പുത്തന്‍ ചലനങ്ങള്‍ക്കൊത്ത് മതപാഠങ്ങളും പഠനരീതികളും പരിഷ്കരിക്കേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ഇദ്ദേഹം. څ'ചാലിലകത്ത് സ്വന്തം പാഠശാലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ പ്രവേശനം നല്‍കി. മാത്രമല്ല സ്വന്തം പുത്രിമാരെയും അമ്മാവന്‍ അബ്ദുള്ള മുസ്ലിയാരുടെ പുത്രിമാരെയും സ്ക്കൂളില്‍ ചേര്‍ക്കാനും അദ്ദേഹം മുന്‍കൈ എടുത്തു. മുസ്ലീംങ്ങള്‍ക്കിടയില്‍ മലയാളഭാഷ ജനകീയമാക്കാനും സ്ത്രീവിദ്യാഭ്യാസം സാര്‍വ്വത്രികമാക്കാനും വേണ്ടിയുള്ള കര്‍മ്മമാതൃകകള്‍ സൃഷ്ടിച്ചതാണ് സമുദായികപരിഷ്കരണചരിത്രത്തില്‍ ചാലിലകത്തിന് പ്രത്യേകമായ ഒരു സ്ഥാനം നേടികൊടുത്തത്' (എ. പി. അഹമ്മദ്, 2010 : 70). മതപഠനത്തിനൊപ്പം നൂതനമായ വിജ്ഞാനശാഖകളെ കൂടി സമന്വയിപ്പിച്ച് യാഥാസ്ഥിതികരായ ജനങ്ങളെ ആധുനികരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടിരിക്കുന്നതെന്ന് കാണാവുന്നതാണ്. 

കേരളചരിത്രത്തിലെ തന്നെ മഹത്സാന്നിധ്യമായ വക്കംമൗലവി പത്രമാധ്യമങ്ങളിലൂടെ, കാലഘട്ടത്തിനനുസരിച്ച് മാറാന്‍ മുസ്ലീം ജനസമൂഹത്തോട് ആവശ്യപ്പെട്ട പരിഷ്കര്‍ത്താവാണ്.  അല്‍ ഇസ്ലാം എന്ന അറബി മലയാള മാസികയും മുസ്ലീം പത്രവും, സ്വദേശാഭിമാനി വാരികയും, ദീപിക മാസികയുമാണ് ഈ രംഗത്തെ അദ്ദേഹത്തിന്‍റെ സംഭാവനകള്‍. സമുദായ പരിഷ്കരണത്തിനായി സമുദായത്തിനുള്ളില്‍ നിന്നുതന്നെ പരിഷ്കരണപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരണമെന്ന കാഴ്ചപ്പാടായിരുന്നു ഇദ്ദേഹം പുലര്‍ത്തിയിരുന്നത്. മനുഷ്യന്‍റെ യുക്തിബോധത്തിന് നിരക്കാത്ത ആശയങ്ങള്‍ മതഗ്രന്ഥങ്ങളില്‍ കണ്ടാല്‍ യുക്തിയോടാണ് കൂറുപുലര്‍ത്തേണ്ടത് എന്ന പക്ഷമായിരുന്നു ഇദ്ദേഹത്തിന്‍റേത്. സ്ത്രീ സമത്വത്തിനായും സ്ത്രീ വിദ്യാഭ്യാസത്തിനായും വാദിച്ച മഹാനായിരുന്നു വക്കം മൗലവി. സമുദായവുമായി ബന്ധപ്പെട്ട പുരോഗമനാശയങ്ങള്‍ നിറഞ്ഞ ലേഖനങ്ങളാല്‍ സമൃദ്ധമായിരുന്നു വക്കംമൗലവിയുടെ പത്രാധിപത്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമങ്ങള്‍ എന്നു കാണാവുന്നതാണ്.

അക്കാലത്തെ കേരള മുസ്ലീം സമൂഹം മതവിശ്വാസത്തിലും ആരാധനാക്രമത്തിലും അനിസ്ലാമികം എന്നു വിശേഷിക്കപ്പെട്ട അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുഴുകിയിരുന്നു. ഏകദൈവവിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ച് മതത്തിന്‍റെ പേരില്‍ പ്രശസ്തി നേടിയവരെയും കപടവേഷധാരികളെയും ആരാധിക്കുകയും അനാവശ്യമായ നേര്‍ച്ചകളും ഉത്സവങ്ങളും നടത്തുകയും ചെയ്യുന്നതിനെ വക്കംമൗലവി കൂട്ടരും എതിര്‍ത്തുകൊണ്ടിരുന്നു. കെട്ടുകഥകളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന, മതപഠനം മാത്രം   ലഭിച്ചിരുന്ന ജനതയായിരുന്നു അക്കാലത്തെ മുസ്ലിം സമൂഹം. പള്ളികളിലെ രാത്രികാല പ്രസംഗങ്ങള്‍ അന്ധവിശ്വാസങ്ങളെയും നബിവചനങ്ങളെന്ന പേരില്‍ വ്യാജഹദീസുകളെയും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചിരുന്നത്. ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ വക്കംമൗലവി ഖുര്‍-ആനെയും ആധികാരിക ഹദീസുകളെയും കൂട്ടുപിടിച്ചത്. 

ഇരുപതാം നൂറ്റാണ്ടില്‍ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രശസ്തയായിരുന്ന വനിതയായിരുന്നു ഹലീമാബീവി. 1930-40 കളില്‍ മുസ്ലീം വനിത, ഭാരതചന്ദ്രിക, എന്നീ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ ഇവര്‍ സമുദായത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉന്മൂലനം ചെയ്ത് മതപരവും വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ മുന്നേറ്റമുണ്ടാക്കാനാണ് പ്രവര്‍ത്തിച്ചിരുന്നത്. മതവിദ്യാഭ്യാസം മാത്രം നല്‍കി സ്ത്രീകളെ പിന്നോട്ട് നയിക്കുന്ന മതപണ്ഡിതന്മാരെ തന്‍റെ ലേഖനങ്ങളിലൂടെ വിമര്‍ശിക്കാനിവര്‍ ധൈര്യം കാണിച്ചു. വിദ്യാഭ്യാസം നേടാത്തതിന് ഉത്തരവാദികളായി ഇവര്‍ ചൂണ്ടികാണിക്കുന്നത് മതവിധികളെ ദുര്‍വ്യാഖ്യാനം ചെയ്തവരെയാണ്. ഖുര്‍-ആനെ മുന്‍നിര്‍ത്തി തന്നെയാണ് ഹലീമയും സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നത്. 

څമാന്യസഹോദരികളേ! കുലത്തിന് ശിരോവതസമമായ നമ്മളുടെ കൊച്ചുബാലികമാരെ പാഠശാലകളില്‍ അയക്കുന്നതിന് നിങ്ങള്‍ ഒരിക്കലും വിമുഖരായി തീരരുതെന്നാണ് സമാജരൂപവത്കരണ പരിപാടിയിലെ പ്രധാന ചടങ്ങായി എനിക്ക് നിങ്ങളോട് അഭ്യര്‍ത്ഥിക്കാനുള്ളത്. നമ്മുടെ സത്യമതവും പുണ്യാത്മാവുമായ റസൂല്‍ കരീമും (സ) ഒരിക്കലും സ്ത്രീകളെ അധഃകൃതരായി ഗണിച്ചിട്ടില്ല. നബി തിരുമേനിയ്ക്ക് ആദ്യമായി സിദ്ധിച്ച ദൈവസന്ദേശം തന്നെ അതിന് സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. പേന കൊണ്ടെഴുതാന്‍ പഠിപ്പിച്ച നിന്‍റെ ദൈവനാമത്തില്‍ നീ വായിക്കുക. എന്ന് വിശുദ്ധ ഖുര്‍-ആനില്‍ ആജ്ഞാപിച്ചിരിക്കുന്നതിന്‍റെ പരമരഹസ്യം നിങ്ങള്‍ ചിന്തിക്കണംچ എന്ന് ഹലീമാബീവി അഭിപ്രായപ്പെടുന്നുണ്ട് (2011 : 194).അഖില തിരുവിതാംകൂര്‍ മുസ്ലീം വനിതാസമാജം രൂപികരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണീ ലേഖനത്തില്‍ ഹലീമാബീവി ശബ്ദമുയര്‍ത്തുന്നത്. 

നവോത്ഥാനത്തിന്‍റെ പുനര്‍വായനയില്‍ ദൃശ്യമാകുന്ന പരിമിതികളെയും ഇവയോടു ചേര്‍ത്തു വായിക്കേണ്ടതാണ്. സ്ത്രീ-പുരുഷബന്ധത്തെ പുനര്‍നിര്‍വചിക്കുകയാണ് നവോത്ഥാനം ചെയ്തത്. എന്നാല്‍ അത്തരമൊരു ആശയലോകത്തുപോലും നിലനിന്നിരുന്ന അധികാരബന്ധങ്ങളെ തിരിച്ചറിയാന്‍ പുതിയ പഠനങ്ങള്‍ക്കായിട്ടുണ്ട്. ജെ.ദേവികയുടെ അഭിപ്രായത്തില്‍ 'സ്വാഭാവികമായും സമുദായ പരിഷ്കര്‍ത്താവ് എന്ന അധികാരസ്ഥാനത്തിലേറിയ മലയാളി പുരുഷന്‍ സ്ത്രീകളെ ആധുനികജീവിതം കെട്ടിപ്പടുക്കുക എന്ന ബൃഹദ് പദ്ധതിയില്‍ തന്നോടു തുല്യനിലയിലുള്ള കൂട്ടാളിയായല്ല കണ്ടത്. മറിച്ച്, പരമ്പരാഗത ജീവിതത്തില്‍ ആണ്ടുമുങ്ങിക്കിടക്കുന്ന നിസ്സഹായകളാണ് പരമ്പരാഗതസമൂഹത്തിലെ സ്ത്രീകളെന്ന് അയാള്‍ വിധിച്ചു. ചുരുക്കി പറഞ്ഞാല്‍ ഗതിയില്ലാത്ത കുറേ പാവങ്ങളെ രക്ഷപ്പെടുത്താന്‍ തയ്യാറാക്കുന്ന ത്യാഗസന്നദ്ധരായാണ് സമുദായപരിഷ്കര്‍ത്താക്കള്‍ സ്വയം തിരിച്ചറിഞ്ഞത്' (2011 : 84).

നവോത്ഥാനത്തിന്‍റെയും ആധുനികീകരണത്തിന്‍റെയും ഗുണാത്മകവശങ്ങളെ തിരിച്ചറിയുമ്പോള്‍ തന്നെ ഇത്തരം പരിമിതികളെയും പരിഗണിക്കേണ്ടിയിരിക്കുന്നു. മുസ്ലീം സ്ത്രീകളും നവോത്ഥാനവും മുന്‍നിര്‍ത്തി പഠിച്ചിട്ടുള്ള ഷംഷാദ് ഹുസൈന്‍ നവോത്ഥാന പ്രസ്ഥാനങ്ങളും പരിഷ്കര്‍ത്താക്കളും പുരുഷാധിപത്യത്തിനും പൗരോഹിത്യത്തിനും കീഴില്‍ പ്രശ്നമനുഭവിക്കുന്ന ഏകാത്മക ഗണമായാണ് മുസ്ലീം സ്ത്രീയെ കണ്ടുവരുന്നതെന്ന് നിരീക്ഷിക്കുന്നുണ്ട്. സമുദായത്തിനു വേണ്ടി സ്ത്രീയെ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് പരിഷ്കര്‍ത്താവ് ചിന്തിക്കുന്നത്. അതായത് മുസ്ലീം സ്ത്രീ എന്നത് ഇവിടെ പരിവര്‍ത്തനങ്ങളെ നിര്‍ണ്ണയിക്കുന്നതിലോ അവയുടെ നിര്‍മ്മാണത്തിലോ പങ്കാളിത്തമില്ലാത്ത കര്‍തൃത്വരഹിതമായൊരു വിഷയസ്ഥാനം മാത്രമാണ് (2009 : 22). നവോത്ഥാനകര്‍തൃത്വം പുരുഷന്മാരിലാണ് ഭദ്രമായിരിക്കുന്നത്. പുരുഷവീക്ഷണത്തില്‍ നിന്നുള്ള സ്ത്രീ-സമുദായ പരിഷ്കരണമാണവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഹലീമാബീവിയെപ്പോലുള്ള പരിഷ്കര്‍ത്താക്കള്‍ വിഷയസ്ഥാനത്തെ മറികടന്ന് പ്രവര്‍ത്തിക്കാനാണ് സ്ത്രീകളോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.

ബഷീര്‍ സാഹിത്യത്തിന്‍റെ നവോത്ഥാനവഴികള്‍ 

എല്ലാവരിലേക്കും അറിവിനെ എത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കപ്പെട്ട നവോത്ഥാനകാലത്തിന്‍റെ പ്രത്യയശാസ്ത്രത്തെ സ്വാംശീകരിച്ച പ്രധാന വാഹകമായിരുന്നു സാഹിത്യം. യുക്തിബോധം, സ്വതന്ത്രചിന്ത, വ്യക്തിചിന്ത, മാനവകേന്ദ്രീകരണം തുടങ്ങിയ നവോത്ഥാന ആശയാവലികള്‍ അതുവരെയുള്ള സമൂഹബന്ധങ്ങളെ പുനര്‍നിര്‍വചിക്കാനാണ് ശ്രമിച്ചത്. ഇതുവഴിയുണ്ടായ സാമൂഹിക മാറ്റങ്ങളുടെ രാസത്വരകമായും ഉപോത്പന്നമായും സാഹിത്യം പ്രവര്‍ത്തിച്ചിട്ടുള്ളതായി കാണാം. സാമൂഹ്യപരിഷ്കര്‍ത്താക്കള്‍ ഇക്കാരണം കൊണ്ടു തന്നെയാണ് തങ്ങളുടെ ചിന്തകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള എളുപ്പമാര്‍ഗമായി സാഹിത്യത്തെ ഉപയോഗപ്പെടുത്തിയത്. സ്ത്രോത്രങ്ങളും നാടകങ്ങളും നോവലുകളുമെല്ലാം തന്നെ ഇത്തരം ഉദ്ദേശ്യത്തിനായി രചിക്കപ്പെട്ടിരുന്നു. 

മക്തിതങ്ങളും മറ്റും തുടങ്ങിവെച്ച സാമുദായിക നവോത്ഥാനത്തെ തന്‍റേതായ രീതിയില്‍ സാഹിത്യത്തിലൂടെ കൊണ്ടുപോകാനാണ് വൈക്കം മുഹമ്മദ് ബഷീര്‍ ശ്രമിച്ചത്. ഹലീമാബീവിയുടെ ഭാരതചന്ദ്രിക വാരികയുടെ സബ് എഡിറ്ററായി ബഷീര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. മുസ്ലീം സമുദായത്തിനകത്ത് രൂപപ്പെട്ടു വന്നിരുന്ന സാമുദായികവും സാമൂഹികവുമായ നവോത്ഥാനപ്രക്രിയയുടെ തുടര്‍ച്ചയായി ബഷീര്‍ കൃതികളെ വായിക്കാവുന്നതാണ്. വിദ്യാഭ്യാസം കൊണ്ട് ആധുനികീകരിക്കപ്പെട്ട മുസ്ലീം ജനതയെ മുന്നില്‍കണ്ടാണ് ബഷീര്‍ എഴുതിയിരുന്നത്. സ്ത്രീധനത്തിന്‍റെ ദൂഷ്യഫലങ്ങള്‍, ബഹുഭാര്യാത്വം, സ്ത്രീപീഢനത്തിന്‍റെ ദയനീയസ്ഥിതികള്‍, മുസ്ലീം സ്ത്രീകള്‍ കുടുംബത്തിനുള്ളില്‍ നേരിടുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങള്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സ്ത്രീയവസ്ഥകള്‍, ഫ്യൂഡല്‍ ഉച്ചനീചത്വങ്ങള്‍ തുടങ്ങി സമുദായത്തിനുള്ളില്‍ കണ്ടുവരുന്ന നിരവധിയായ അനാചാരങ്ങളെ ഉയര്‍ത്തിക്കാട്ടുകയും അവയ്ക്കെതിരെയുള്ള മറുചോദ്യങ്ങളുയര്‍ത്തുകയും ചെയ്യുകയാണ് ബഷീര്‍ ചെയ്തത്. ബാല്യകാലസഖി, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് (നോവലുകള്‍), ഓര്‍മ്മയുടെ അറകള്‍ (ആത്മകഥ), ചിരിക്കുന്ന മരപ്പാവ, നീതിന്യായം (കഥകള്‍) ഇവയെല്ലാം തന്നെ സമുദായത്തിനകത്തെ പ്രശ്നങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കാന്‍ ശ്രമിക്കുന്ന രചനകളാണ്. മതനിരപേക്ഷ പ്രത്യയശാസ്ത്രത്തെ അവതരിപ്പിച്ച പ്രേമലേഖനവും ഫ്യൂഡല്‍ തകര്‍ച്ചയെയും സമുദായത്തിനകത്തെ ദുരാചാരങ്ങളെയും തുറന്നുകാട്ടിയ ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നും ബാല്യകാലസഖിയുമെല്ലാം തന്നെ ബഷീറിന്‍റെ ദര്‍ശനങ്ങളെ തുറന്നുകാട്ടുന്നുണ്ട്. 

ഓര്‍മ്മയുടെ അറകളില്‍ ബഷീര്‍ തന്‍റെ സമുദായത്തെ വിശദീകരിക്കുന്നതിങ്ങനെയാണ്. 'മുസ്ലീംങ്ങള്‍ പൊതുവെ വിദ്യാഭ്യാസപരമായ കാര്യത്തില്‍ ഒട്ടും താത്പര്യം കാണിച്ചിരുന്നില്ല. അര്‍ത്ഥം അറിയാതെ ഖുര്‍-ആന്‍ വായിക്കാന്‍ പഠിക്കും. അര്‍ത്ഥമറിയാതെ അഞ്ചുനേരം നിസ്കരിക്കാനുള്ള വകയും പഠിക്കും. പൊതുവില്‍ അജ്ഞതയിലും കൊടിയ അന്ധവിശ്വാസത്തിലും മുഴുകി സമുദായം ജീവിച്ചു. ഇസ്ലാം എന്നാല്‍ എന്ത് എന്ന് അധികംപേര്‍ക്കും അറിവുണ്ടായിരുന്നില്ല. പള്ളികളില്‍ മുസ്ലിയാക്കന്മാര്‍ നടത്തുന്ന രാപ്രസംഗങ്ങളില്‍ നിന്നു കിട്ടുന്ന അറിവാണവര്‍ക്കുണ്ടായിരുന്നത്. ആ കിട്ടുന്ന അറിവുകള്‍ അധികവും കെട്ടുകഥകളായിരുന്നു. അക്ഷരശുദ്ധിയോടെ മലയാളഭാഷ സംസാരിക്കാന്‍ കഴിയുന്ന മുസലിയാക്കന്മാര്‍ കുറവായിരുന്നു' (2012: 14-25).

ഇസ്ലാം യുക്തിയുടെ മതമാണെന്നും യുക്തിരഹിതമായ വിശ്വാസങ്ങളേയും തന്നില്‍ ആരോപിക്കപ്പെട്ട അത്ഭുതസംഭവങ്ങളെയും നിഷേധിച്ചയാളാണ് മുഹമ്മദ് നബിയെന്നും താന്‍ മനസ്സിലാക്കി എന്ന് ബഷീര്‍ തുറന്നെഴുതുന്നുണ്ട്. ഓര്‍മ്മയുടെ അറകളില്‍ സ്ത്രീവിദ്യാഭ്യാത്തെ കുറിച്ച് ബഷീര്‍ സൂചിപ്പിക്കുന്നതിങ്ങനെയാണ്   'സ്ത്രീ വിദ്യാഭ്യാസത്തിന് ഇസ്ലാമില്‍ ആരും തന്നെ വിലക്കു കല്‍പിച്ചിട്ടില്ല. തൂലികകൊണ്ട് മനുഷ്യനെ എഴുതാന്‍ പഠിപ്പിച്ചിരുന്ന അത്യുദാരനാകുന്നു നിങ്ങളുടെ രക്ഷിതാവ്.! മനുഷ്യന്‍ എന്നു പറഞ്ഞാല്‍ മാനവജനത. അതില്‍ സ്ത്രീയുമുണ്ട്. സ്ത്രീക്കു നിഷിദ്ധമല്ല തൂലിക. അവള്‍ക്ക് എഴുതാം. പഠിക്കാം അറിവു സമ്പാദിക്കാം. പണ്ഡിതയാവാം. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പാടില്ലെന്നും അവര്‍ തൂലിക തൊടരുതെന്നും പറയുന്ന നേതാവിന്‍റെ നാവ് ഖലീഫാ ഉമര്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അരിഞ്ഞുകളയുമായിരുന്നു' (2012 : 89-90). 

ശുചിത്വം ബഷീറിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹത്തിന്‍റെ കൃതികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ലാംമതം മനസ്സ്, ശരീരം, വസ്ത്രം, വീട്, പരിസരം തുടങ്ങിയവയെല്ലാം വൃത്തിയാക്കിവെക്കാന്‍ ആജ്ഞാപിക്കുന്നുണ്ടെന്ന് ബഷീര്‍ പലയിടങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. 

ബഷീറിന്‍റെ നവോത്ഥാനസങ്കല്പത്തിന് പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യം എന്നീ രണ്ടു തലങ്ങളാണുള്ളതെന്ന് ഇ. എം സുരജ നിരീക്ഷിക്കുന്നുണ്ട്. അറിവും ആരോഗ്യവുമുള്ള മനുഷ്യരാണ് ബഷീറിന്‍റെ നവലോകത്തിലെ പൗരന്മാര്‍. അറിവ് എന്നാല്‍ പാഠപുസ്തകങ്ങള്‍ ചവച്ചുതുപ്പുക എന്നു മാത്രമല്ല അര്‍ത്ഥം. അന്ധവിശ്വാസങ്ങളില്‍ നിന്നു പുറത്തുകടക്കുക എന്നതുകൂടിയാണ്. വ്യക്തിയും സമൂഹവും നിര്‍ബന്ധമായും പാലിക്കേണ്ട ശുചിത്വമാണ് ബഷീറിന്‍റെ ആരോഗ്യസങ്കല്പത്തിന്‍റെ അടിത്തറ (2009 : 9465

ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! നവോത്ഥാനത്തിന്‍റെ പ്രണയവഴികള്‍ 

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങള്‍ മുതല്‍ പ്രണയത്തെ വിധ്വംസകശേഷിയുള്ള ഒരു ശക്തിയായിട്ടാണ് കേരളീയ പരിസരത്തില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. സാമൂഹികമാറ്റങ്ങള്‍ക്ക് അനിവാര്യമായ ഘടകമെന്ന നിലയ്ക്കുള്ള തിരിച്ചറിവാണിതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. സഹോദരന്‍ അയ്യപ്പന്‍ ജാതിവ്യവസ്ഥയെ തകര്‍ക്കാനുള്ള ആയുധമായാണ് പ്രണയത്തെ നോക്കികണ്ടിരുന്നതെന്ന് ജെ. ദേവിക അഭിപ്രായപ്പെടുന്നുണ്ട്. (2004 : 16). ആധുനിക കുടുംബരൂപീകരണത്തിലേയ്ക്കു വഴിതെളിയിച്ച നിയമനിര്‍മ്മാണ നടപടികളെ സാധ്യമാക്കിയ പ്രധാന ഘടകവും പ്രണയമാണ്. 

തികച്ചും സാമൂഹികവും വൈയക്തികവുമായ ആധുനിക മാനവികമൂല്യങ്ങളായ പ്രണയം, വിവാഹം, കുടുംബം ഇതെല്ലാം തന്നെ നോവലിലാണ് ആദ്യമായി ആവിഷ്കരണസാധ്യത നേടിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നോവലുകളെ മുന്‍നിര്‍ത്തി പഠിച്ച മീനാക്ഷി മുഖര്‍ജി ആധുനികവ്യക്തിയും പ്രണയവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുന്നുണ്ട്  ഞലമഹശാെ മിറ ഞലമഹശ്യേ  എന്ന കൃതിയില്‍. പ്രണയത്തിലും വിവാഹത്തിലുമുള്ള സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വയം തിരിച്ചറിവുകളും ഇക്കാലത്തെ നോവലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി മീനാക്ഷി മുഖര്‍ജി അഭിപ്രായപ്പെടുന്നുണ്ട്. (2005: 70).

നവോത്ഥാന നോവല്‍ സാഹിത്യം പ്രണയത്തെ ആധുനികമൂല്യത്തെ ഏറ്റെടുത്താണ് നിലകൊണ്ടിരുന്നത്. ബഷീര്‍, ഉറൂബ്, തകഴി, കേശവദേവ്, സരസ്വതിയമ്മ തുടങ്ങിയവരുടെ രചനകള്‍ പ്രണയത്തിലൂടെ നിലനിന്ന വ്യവസ്ഥിതികളെ തകര്‍ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.            

പ്രണയത്തെ വിപ്ലാവാത്മകമായി അവതരിപ്പിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ .ആദ്യ നോവലായ ജീവിതനിഴല്‍പ്പാടുകളില്‍ തന്നെ ഇത്തരം ദര്‍ശനം കാണാവുന്നതാണ്. ലൈംഗികതൊഴിലാളികളുടെ പ്രണയത്തെ അവതരിപ്പിച്ച നോവല്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയെ വെല്ലുവിളിക്കുന്നുണ്ട്. രണ്ടാമത്തെ നോവലായ പ്രേമലേഖനം മതനിരപേക്ഷമായ പ്രണയത്തെയാണ് മുന്നോട്ടുവയ്ക്കുന്നത്.ഈ കൃതിയ്ക്ക് തിരുവിതാംകൂര്‍ ഗവണ്‍മെന്‍റെിന്‍റെ നിരോധനം ഏറ്റുവാങ്ങേണ്ടി വന്നു എന്നതില്‍ നിന്ന് ഇതിന്‍റെ രാഷ്ട്രീയമാണ് വ്യക്തമാകുന്നത്. ബാല്യകാലസഖി, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് തുടങ്ങിയ രചനകളും പ്രണയത്തിന്‍റെ സാമൂഹ്യമാനങ്ങളെ അടയാളപ്പെടുത്തുന്നതാണ്. 

സാമൂഹ്യവൈരുദ്ധ്യങ്ങള്‍ക്കു മറുമരുന്നായി മതംപോലെ പ്രേമം ബഷീര്‍കൃതികളില്‍ പ്രതൃക്ഷപ്പെടുന്നുവെന്ന് പി.കെ രാജശേഖരന്‍ നിരീക്ഷിക്കുന്നുണ്ട് (2002 : 52) 

ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! എന്ന നോവല്‍ നവോത്ഥാനമൂല്യങ്ങളിലേക്ക് മുസ്ലീം സമൂഹത്തെ ചേര്‍ത്തുവയ്ക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. സമുദായത്തിനകത്തെ അനാചാര-അന്ധവിശ്വാസങ്ങളെയും ഫ്യൂഡല്‍ ആഭിജാത്യത്തിന്‍റെ പൊള്ളത്തരങ്ങളെയും നിശിതമായി പരിഹസിക്കുന്നുണ്ട് ഈ കൃതി. ഉപ്പുപ്പായുടെ കൊമ്പനാനയുടെ പ്രൗഢിയില്‍ നിന്നുകൊണ്ട് വര്‍ത്തമാനകാല അന്തരീക്ഷത്തോട് ഇണങ്ങാന്‍ മടിച്ചുനിന്ന കുഞ്ഞുതാച്ചുമ്മയെകൊണ്ട് ആ കൊമ്പനാന കുഴിയാനയായിരുന്നു എന്ന ചരിത്രസത്യം അംഗീകരിപ്പിക്കുന്നതിലാണ് നോവല്‍ അവസാനിപ്പിക്കുന്നത്. 

വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അതിനനുസരിച്ചുള്ള ജീവിതക്രമം രൂപപ്പെടുത്താനുമാണ് ബഷീര്‍ നോവലിലൂടെ ഉദ്ഘോഷിക്കുന്നത്. നവോത്ഥാനത്തിന്‍റെയും ആധുനികതയുടെയും ആശയതലങ്ങള്‍ ഒരു സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് നോവല്‍ ദൃശ്യവത്കരിക്കുന്നത്.

പൗരോഹിത്യത്തിന്‍റെ പിടിയിലമര്‍ന്ന് വിജ്ഞാനത്തിനും യുക്തിബോധത്തിനും നേരെ മുഖം തിരിച്ചു പിടിച്ച സമുദായത്തെ അതിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ കേന്ദ്രമാക്കി പുതിയ ലോകത്തേക്ക് നയിക്കുന്ന വിപ്ലവപ്രവര്‍ത്തനമാണ് ഈ കൃതി നിര്‍വ്വഹിക്കുന്നത്. ഖുര്‍ ആനെയും ആധികാരിക ഹദീസുകളെയും മുന്‍നിര്‍ത്തി പൗരോഹിത്യത്തിന്‍റെ ജീര്‍ണ്ണതകളെ തുറന്നുകാട്ടിയ മതപരിഷ്കര്‍ത്താക്കളുടെ തന്ത്രമാണ് ബഷീറും സ്വീകരിച്ചിരിക്കുന്നത്. ഇതിനുള്ള ഏറ്റവും നല്ല ഉപാധിയായിട്ടാണ് പ്രണയത്തെ നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. 

ഇസ്ലാംമതപരിഷ്കര്‍ത്താക്കള്‍ സമുദായ നവീകരണത്തിനായി പ്രചരിപ്പിച്ച ആശയങ്ങളെല്ലാം തന്നെ ന്‍റുപ്പുപ്പാ...യില്‍ നിന്നും കണ്ടെടുക്കാവുന്നതാണ്. ഖുര്‍ആന്‍ വചനങ്ങളുടെ സാരാംശം മുന്‍നിര്‍ത്തിയാണ് നോവല്‍ അന്ധവിശ്വാസങ്ങളെയും ജീര്‍ണ്ണിച്ച അന്തര്‍ധാരകളെയും ചെറുക്കുന്നത്. വ അസ് രാപ്രസംഗത്തിന്‍റെ കാര്യം നോവലില്‍ ചിലയിടങ്ങളില്‍ കടന്നുവരുന്നുണ്ട്. അതിനെ അത്യന്തം പരിഹാസത്തോടെ, വിമര്‍ശനാത്മകമായി സമീപിക്കുകയാണ് നോവല്‍ ചെയ്യുന്നത്. പുരോഹിതന്മാര്‍ യുക്തിരഹിതമായ മതധാരണകള്‍ പ്രചരിപ്പിക്കുന്നതിന്‍റെ തെളിവാണ് څഷജ്റത്തുല്‍ മുന്‍തഹچയെ കുറിച്ചു വിശദീകരിക്കുന്ന ഭാഗം. (പുറം 44) സ്വര്‍ഗത്തിലുള്ള നദികളായിട്ടാണ് നൈല്‍, ട്രൈഗ്രീസ്, യൂഫ്രട്ടീസ് എന്നിവയെ അവതരിപ്പിക്കുന്നത്. രാപ്രസംഗങ്ങളുടെ അര്‍ത്ഥശൂന്യതയുടെ തെളിവാണിത്.

'ഖുര്‍ ആനിലൂടെ അല്ലാഹ് പറയുന്നു ഞാന്‍ ആരുടെയും ശുപാര്‍ശ കേള്‍ക്കുന്നവനല്ല' (പുറം 45).നോവലില്‍ ഈ വരികള്‍  കടന്നു വരുന്നത് ഏകദൈവവിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്നതിനെ വിമര്‍ശിക്കാനാണ്. ആഖ്യാതാവിന്‍റെ കാഴ്ചയിലാണിത് അവതരിപ്പിക്കുന്നത്.  സാമുദായികപരിഷ്കര്‍ത്താക്കളെല്ലാം തന്നെ മതത്തിന്‍റെ പേരില്‍ പ്രശസ്തി നേടിയവരെ നിരാകരിക്കുകയും ഏകദൈവവിശ്വാസത്തെ ഊട്ടിയുറപ്പിക്കാനുള്ള പ്രചാരണം നടത്തുകയും ചെയ്തവരായിരുന്നു. ബഷീറും സഞ്ചരിച്ചത് ഈ വഴിയിലൂടെയായിരുന്നു.        

ആധുനികവിദ്യാഭ്യാസത്തിന്‍റെയും സ്ത്രീവിദ്യാഭ്യാസത്തിന്‍റെയും ആവശ്യകത നോവല്‍ വ്യക്തമാക്കുന്നുണ്ട്. എഴുത്ത് പഠിച്ചാല്‍ കാഫറാകും എന്ന മൂഢവിശ്വാസത്തിനെ 'ഖുര്‍ആനില്‍ ആദ്യമായി വന്നത് വായിക്കുക എന്ന വാക്കാണ്' എന്ന തിരിച്ചറിവ് കൊണ്ട് നേരിടുന്നുണ്ട്. ആയിഷ എന്ന കഥാപാത്രത്തിലൂടെയാണ് കുഞ്ഞുപാത്തുമ്മ അറിവിന്‍റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. ആയിഷ എന്ന ബി. എ വിദ്യാര്‍ത്ഥിനിയിലൂടെ വിജ്ഞാനത്തിന്‍റെ പ്രകാശം സമുദായത്തിനു മുന്നില്‍ തുറന്നിടുകയാണ് നോവല്‍ ചെയ്യുന്നത്. അക്കാലത്തെ സമൂഹം മുസ്ലീം വനിതയ്ക്കറിയേണ്ടതെന്തൊക്കെയാണെന്ന് നിശ്ചയിച്ചിട്ടുള്ളത് നോവല്‍ വരച്ചിടുന്നുണ്ട്. മുസ്ലീം സ്ത്രീയുടെ സ്വത്തവകാശം നവോത്ഥാനകാലത്തെ പ്രധാന ചര്‍ച്ചയായിരുന്നു. നോവലിലും ഇതിന്‍റെ തെളിവുകളുണ്ട്. വട്ടനടിമയുടെ സഹോദരിമാര്‍ ആധുനിക വ്യവഹാരമായ കോടതി വഴി സ്വത്ത് നേടിയെടുക്കുന്നത് നോവല്‍ ചിത്രീകരിക്കുന്നുണ്ട്.

ഇബ്ലീസും ജിന്നും നിറഞ്ഞ ലോകത്തു നിന്നും പോലീസും കോടതിയും മനുഷ്യരും നിറഞ്ഞ യാഥാര്‍ത്ഥ്യലോകത്തിലേക്ക് ഇറങ്ങിവരാന്‍ കുഞ്ഞുപാത്തുമ്മയ്ക്ക് കഴിയുന്നുണ്ട്. ആധുനിക ജനതയാവാന്‍ അടിസ്ഥാനപരമായി വേണ്ടത് വിദ്യാഭ്യാസമാണെന്നും പൊതുവായി മാനകഭാഷയാണെന്നുമുള്ള ബോധം വളര്‍ത്താന്‍ നോവല്‍ ശ്രമിച്ചിട്ടുണ്ട്. ഐക്യകേരളം രൂപപ്പെടുന്ന കാലഘട്ടത്തില്‍ എഴുതപ്പെട്ട നോവല്‍ പൊതുമലയാളം സ്വാംശീകരിച്ചാലേ ഉന്നമനമുണ്ടാകൂ എന്ന ദര്‍ശനമാണ് തുറന്നിടുന്നത്..

അര്‍ത്ഥശൂന്യമായ ഖുര്‍ആന്‍ വായനയെ വിമര്‍ശിക്കാനാണ് അര്‍ത്ഥശൂന്യമായ വാക്കുകള്‍ ചേര്‍ത്തു ചൊല്ലിയപ്പോള്‍ കുഞ്ഞുപാത്തുമ്മ ആമീന്‍ പിടിച്ചതിനെ ചിത്രീകരിച്ചിരിക്കുന്നത്. മക്തിതങ്ങള്‍ അറബിയില്‍ ഓതിപഠിക്കുന്ന മതപഠനം മലയാളത്തിലാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടികാണിച്ചിട്ടുണ്ട്. അര്‍ത്ഥമറിയാതെയുള്ള വായനകള്‍ മൂഡവിശ്വാസങ്ങളെ വളര്‍ത്തുന്നു എന്ന തിരിച്ചറിവാണിതിന്‍റെ പിന്നിലെന്നു മനസ്സിലാക്കാവുന്നതാണ്. 

ആഡംബരം കൂടാതെയുള്ള വിവാഹമാണ് നോവല്‍ മുന്നോട്ടുവയ്ക്കുന്നത്. വാശിയില്‍ വലിയ സദ്യകള്‍ നടത്തി ധനം പാഴാക്കി പാപ്പരായ മുസ്ലീം കുടുംബങ്ങളുണ്ടെന്ന സൂചന നോവല്‍ നല്‍കുന്നുണ്ട്. ഹലീമാ ബീവിയുടെ ആശയങ്ങള്‍ ഇതിനോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. ഇത്തരത്തിലുള്ള നവോത്ഥാന ആശയങ്ങളെ സ്വാംശീകരിക്കുന്ന നോവലാണ് ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! എന്ന ബഷീര്‍ കൃതി എന്നു കാണാവുന്നതാണ്. 

പ്രണയമാണ് നോവലിലെ നവോത്ഥാനസ്വരൂപത്തിന്‍റെ കേന്ദ്രസ്ഥാനത്തുനില്‍ക്കുന്നത്. ഈ പ്രണയചിത്രീകരണത്തിന്‍റെ സാംസ്കാരിക രാഷ്ട്രീയമാണ് ഇനി പരിശോധിക്കുന്നത്. 

കുഞ്ഞുപാത്തുമ്മയുടെ കരളില്‍ വേദനയായി പ്രത്യക്ഷപ്പെടുന്ന പ്രണയമാണവളെ പുതിയ ജീവിതക്രമത്തിലേക്ക് നയിക്കുന്നത്. 'പുതിയ അനുഭവ, ആശയ ലോകത്തിലാണ് ഈ പ്രണയം സാധ്യമാക്കുന്നത്. അക്ഷരം അഭ്യസിപ്പിച്ചതിനു ശേഷമാണ് നിസാര്‍ അഹമ്മദ് കുഞ്ഞുപാത്തുമ്മയെ വിവാഹം ചെയ്യുന്നത്. പ്രണയത്തിന്‍റെ സാധ്യതയിലേക്കുള്ള പ്രവേശകമായി ഇവിടെ അറിവ് പ്രവര്‍ത്തിക്കുന്നു' (എം. ആര്‍. മഹേഷ്, 2021 : 72).

കുഞ്ഞുപാത്തുമ്മ നിലക്കൊള്ളുന്ന ആശയപരിസരത്തിന് തികച്ചും വ്യത്യസ്തമാണ് നിസാര്‍ അഹമ്മദിന്‍റെ ലോകം. തികച്ചും സംഘര്‍ഷഭരിതമായാണ് പുതിയ അവസ്ഥയെ നായിക നോക്കികാണുന്നത്. ശരിയായ ഇസ്ലാം/ ശരിയല്ലാത്ത ഇസ്ലാം എന്ന ദ്വന്ദ്വകല്പന പ്രണയത്തെയും ബാധിക്കുന്നുണ്ട്. ആധുനികതയുടെ വ്യവഹാരക്രമങ്ങളിലേക്ക് പ്രണയം അവളെ നയിക്കുന്നു. സാരിയുടുത്ത്, മെതിയടികള്‍ക്ക് പകരം ചെരിപ്പുകള്‍ ധരിച്ച്, മുല്ലപ്പൂ ചൂടി, അക്ഷരവിദ്യ നേടി, നടപ്പുവരെ പഠിച്ച് യഥാര്‍ത്ഥമുസ്ലീമായി യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന നായികയെയാണ് നോവല്‍ ചിത്രീകരിക്കുന്നത്. ഭാഷാപരവും സാംസ്കാരികപരവുമായ പരിവര്‍ത്തനപ്രക്രിയ സാധ്യമാക്കുന്നത് ഇവിടെ പ്രണയമാണ്. 

കുഞ്ഞുപാത്തുമ്മയിലൂടെയാണ് നോവലില്‍ പ്രണയം ചിത്രീകരിക്കുന്നത് തന്നെ തോട്ടില്‍ നിന്നും നിസാര്‍ അഹമ്മദ് പിടിച്ചുകയറ്റിയതോടെ കിനാവിലെന്നപോലെയാണവള്‍ നടന്നുനീങ്ങുന്നത്. അവളുടെ ഓരോ അണുവും സുഖകരമായ വെളിച്ചത്തോടെ പ്രകാശിക്കുന്നതായി അവള്‍ക്കു തോന്നി. ഉള്ളു നിറയെ സന്തേഷവും..(പുറം 55) അവളുടെ ലോകത്തെ പ്രകാശമാനമാക്കാനുള്ള ഉപാധിയായാണ് പ്രണയത്തെ നോവല്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ പ്രണയമെന്ന അനുഭൂതിയെ തിരിച്ചറിയാന്‍ കഴിയാത്ത കര്‍തൃത്വമാണ് ഇവിടെ നായികയ്ക്കുള്ളത്. 

പ്രണയവ്യവസ്ഥയില്‍ കേശവന്‍ നായരെപ്പോലെയോ (പ്രേമലേഖനം) മജീദിനെപോലെയുള്ള (ബാല്യസഖി) നിസാര്‍ അഹമ്മദ് നേരിട്ട് പ്രവര്‍ത്തിക്കുന്നില്ല. കുഞ്ഞിപ്പാത്തുമ്മയുടെ ദൃഷ്ടിയിലൂടെ മാത്രമാണ് പ്രണയത്തെ നോക്കിക്കാണുന്നത്. നിസാര്‍ അഹമ്മദിന്‍റെ ആഗ്രഹവസ്തു ആകാനാണ് കുഞ്ഞുപ്പാത്തുമ്മ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് നോവലില്‍ നിന്നും കണ്ടെടുക്കാവുന്നതാണ്. ആയിഷയുടെ വാക്കുകളിലൂടെ അറിഞ്ഞ നിസാര്‍ അഹമ്മദിന്‍റെ ചിട്ടകളെ ഏറ്റെടുക്കാന്‍ അവളെ പ്രേരിപ്പിച്ചത് പ്രണയമാണ്. അതുകൊണ്ടാണ് നിസാര്‍ അഹമ്മദിന്‍റെ വരവ് പ്രമാണിച്ച് കുഞ്ഞുപാത്തുമ്മ ചിലതെല്ലാം ചെയ്തിട്ടുണ്ടായിരുന്നു. പറമ്പിലുണ്ടായിരുന്ന ചപ്പുചവറുകളെല്ലാം അടിച്ചുകൂട്ടി തീ ഇട്ടു. അടുക്കള വാതില്ക്കല്‍ കിടന്ന മീനിന്‍റെ ചെതുമ്പലെല്ലാം അടിച്ചുവാരികളഞ്ഞു. പുരയ്ക്കകമെല്ലാം അടിച്ചുവാരി വൃത്തിയാക്കി. വീടിന്‍റെ മുന്‍വശത്തു തൂക്കിയിരുന്ന കീറപ്പഴന്തുണികളെല്ലാം എടുത്തു കത്തിച്ചുകളഞ്ഞു. ഇതിനൊക്കെ പുറമേ അവളേത്തന്നെ അവള്‍ ഭംഗിയാക്കി (പുറം 76). നിസാര്‍ അഹമ്മദിന് വെള്ളം കൊടുക്കുമ്പോള്‍ മീന്‍ നാറ്റമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നതും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. നിസാര്‍ അഹമ്മദിന്‍റെ ശുപാര്‍ശയനുസരിച്ച് പഠിക്കാന്‍ താല്പര്യം കാണിക്കുന്നതും സംശയങ്ങള്‍ ചോദിക്കുന്നതും കുഞ്ഞുപാത്തുമ്മയുടെ നിസാര്‍ അഹമ്മദിന്‍റെ ആഗ്രഹവസ്തുവാകാനുള്ള ഒരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. (ലക്കാന്‍റെ റലശെൃല എന്ന സങ്കല്പം ഇവിടെ ഓര്‍ക്കാവുന്നതാണ്. റലശെൃല ശെ വേല റലശെൃല ീള ീവേലൃ). 

അവസാനം മറ്റൊരാള്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്ത കേട്ട് കുഞ്ഞുപാത്തുമ്മ രോഗബാധിതയാകുമ്പോള്‍ നിസാര്‍ അഹമ്മദ് വിവാഹമെന്ന രക്ഷാമാര്‍ഗത്തിലൂടെ പ്രത്യക്ഷനാകുന്നു. കുഞ്ഞുപാത്തുമ്മയുടെ ആഗ്രഹം സഫലീകൃതമാകുന്നുണ്ടെങ്കിലും നിസാര്‍ അഹമ്മദെന്ന ആധുനികന്‍ അത്ഭുതകരമായ പ്രവൃത്തി ചെയ്ത, സ്വഭാവശുദ്ധിയുള്ള കുഞ്ഞുപാത്തുമ്മയെ അതുപൊലെ സ്വീകരിക്കുകയല്ല ചെയ്തത്. അറിവിന്‍റെയും ആധുനികതയുടെയും വ്യാവഹാരിക ലോകത്തേക്ക് പിടിച്ചുയര്‍ത്തിയ രക്ഷാപുരുഷനാണ് അയാള്‍ പ്രണയവ്യവസ്ഥയില്‍ ചിത്രീകരിക്കപ്പെടുന്നത്.

പ്രണയത്തിലെ സ്ത്രീ-പുരുഷകര്‍തൃസ്ഥാനങ്ങളില്‍ ആധുനികതയുടെ യുക്തികള്‍ തെളിഞ്ഞുകാണുന്നുണ്ട്. കുഞ്ഞുപാത്തുമ്മ വിഷയ/കര്‍മ്മ(ീയഷലരേ) സ്ഥാനത്താണ് നിലക്കൊള്ളുന്നത്. നിസാര്‍ അഹമ്മദ് ആധുനികത മുന്നോട്ട് വയ്ക്കുന്ന കര്‍തൃത്യത്തെ യാണ് പ്രതിനിധീകരിക്കുന്നത്. നവോത്ഥാനം നിര്‍മ്മിച്ചെടുത്ത വിശ്വമാനവ സങ്കല്പം പുരുഷകേന്ദ്രീകൃതമാണെന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ആധുനികത മുന്നോട്ടു വയ്ക്കുന്ന കര്‍തൃത്വം പുരുഷലിംഗപരമായ ഘടനയിലാണ് നിലക്കൊള്ളുന്നതെന്നും യുക്തിപരമായ കര്‍ത്താവ് പൗരുഷമുള്ളവനാണെന്നും റോസ് ബ്രായ്ഡേറ്റിയെ ഉദ്ദരിച്ച് സാറ അഹമ്മദ് വിശദീകരിക്കുന്നുണ്ട്. (1998 : 68). ഇതിന്‍റെ അപരമായാണ് ആധുനികത സ്ത്രീയെ നിര്‍മ്മിച്ചു വച്ചത്. ക്രമരഹിതമായ, വികാരപരമായ, ആഗ്രഹവസ്തുവായ (റലശെൃല), ചലനാത്മകമായ സ്ഥാനമാണ് സ്ത്രീക്ക് നല്‍കികാണുന്നത്. വികാരത്തെ നിയന്ത്രിക്കാന്‍ കെല്പുള്ള, വസ്തുതകളില്‍ മാത്രം വിശ്വസിക്കുന്ന, സ്ഥിരതയുള്ള, സമൂഹത്തെ നയിക്കാന്‍ കെല്പുള്ള ആധുനിക നായകബിംബത്തെയാണ് നിസാര്‍ അഹമ്മദില്‍ ദര്‍ശിക്കുന്നത്. ഇതിന്‍റെ അപരസ്ഥാനത്താണ് കുഞ്ഞുപാത്തുമ്മ പരിവര്‍ത്തനത്തിനുള്ള വിഷയവുമായാണ് നിലക്കൊള്ളുന്നത്. ചതഞ്ഞ കൈവിരല്‍ അറുത്തു മാറ്റുമ്പോഴും യാതൊരു വികാരവും പ്രകടിപ്പിക്കാത്ത, നിശ്ചയദാര്‍ഢ്യമുള്ള ആധുനിക നായകനിര്‍മ്മിതിയാണ് നോവല്‍ കാഴ്ചവെച്ചിരിക്കുന്നത്. 

നവോത്ഥാനത്തിന്‍റെ പ്രധാന പരിമിതിയായ പുരുഷനാല്‍ നിര്‍മ്മിക്കപ്പെടുന്ന / നയിക്കപ്പെടുന്ന സ്ത്രീമാതൃകകളെയാണ് നോവലും അവതരിപ്പിക്കുന്നതെന്ന് കാണാം. സാഹിത്യാദികലകളില്‍ നിപുണമായ അത്ഭുതപ്പെണ്ണിനെ വിവാഹം ചെയ്യാനാഗ്രഹിച്ച നിസാര്‍ അഹമ്മദ് ഇത്തരം ഗുണങ്ങളില്ലാത്ത കുഞ്ഞുപാത്തുമ്മയെയാണ് വിവാഹം ചെയ്യുന്നത്. ഇത് സൂചിപ്പിക്കുന്നത് നവോത്ഥാനപുരുഷന്‍റെ കര്‍തൃത്വത്തെ ശക്തമാക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രവൃത്തി അയാളിലൂടെ തിരിച്ചറിയപ്പെടുകയും തെളിഞ്ഞുവരികയും ചെയ്യുന്ന സ്ത്രീരൂപത്തെ സ്വന്തമാക്കുക എന്നതാണ്. നിസാര്‍ അഹമ്മദെന്ന കര്‍തൃത്വത്തെ ഉറപ്പിച്ചെടുക്കുന്നത് ആയിഷയുടെ വര്‍ണനകളിലൂടെയാണ്. ആയിഷയുടെ മാതൃകാപുരുഷനായാണ് നിസാര്‍ അഹമ്മദ് പ്രതൃക്ഷപ്പെടുന്നത്. ഇക്കാക്കയെ അതേപടി അനുസരിക്കുന്ന, വാഴ്ത്തുന്ന സഹോദരിയായാണ് ആയിഷ പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു പുരുഷ കഥാപാത്രമായ വട്ടനടിമ യാഥാര്‍ത്ഥ്യത്തെ വളരെ പെട്ടെന്ന് സ്വാംശീകരിച്ചതായുള്ള സൂചനകള്‍ നോവലിലുണ്ട്. അയാളുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്ന വ്യക്തിയായി നിസാര്‍ അഹമ്മദ് മാറുന്നത്. എന്നാല്‍ സ്ത്രീകഥാപാത്ര നിര്‍മ്മിതി ഇതില്‍ നിന്നും വ്യത്യസ്തമാണ്. അറിവിന്‍റെയും പ്രണയത്തിന്‍റെയും വഴിയിലാണ് കുഞ്ഞുപാത്തുമ്മ പരിഷ്ക്കരിക്കപ്പെടുന്നത്. 

ബഷീറില്‍ ആധുനികതയോടുള്ള എതിര്‍ലോകം ഒളിഞ്ഞുകിടപ്പുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നോവലിലെ ഇത്തരം ഘടകങ്ങളെയും പരിശോധിക്കേണ്ടിയിരിക്കുന്നു. ആധുനീകരണത്തിന്‍റെ പാതയിലേക്ക് പ്രവേശിക്കുന്ന നായികമാരാമെങ്കിലും ആധുനികതയുടെ യുക്തികളോട് എതിരിടുന്ന ഒരിടവും ഈ കഥാപാത്രത്തിലുണ്ട്. ആധുനികതയുടെ പരിഷ്കൃതസാമഗ്രികള്‍ ഉയര്‍ത്തിക്കാട്ടി ആയിഷ സംസാരിക്കുമ്പോള്‍ അതിനെയെല്ലാം തകര്‍ത്തെറിയുന്നുണ്ട് ,നിങ്ങളുടെ വീട്ടില്‍ വാളമ്പുളിയുണ്ടോ, എന്ന ചോദ്യം. ആധുനികീകരിക്കപ്പെട്ട മുസ്ലീം പേരുകളില്‍ രസം തോന്നാത്ത മക്കാര്, അടിമ,പക്കറുക്കുഞ്ഞ്, മൈതിന്‍, തുടങ്ങിയ പ്രദേശികനാമങ്ങള്‍കൊണ്ടതിനെ പ്രതിരോധിക്കുന്ന കുഞ്ഞുപാത്തുമ്മ ആധുനികയുക്തിയോട് തനിക്കാവും വിധം കലഹിക്കുന്നുണ്ട്. 

ഇതുപോലെ പ്രധാനമാണ് സമുദായം പിന്തുടര്‍ന്നുപോരുന്ന വിശ്വാസപ്രമാണങ്ങളില്‍ അവള്‍ സംശയാലുവാണെന്നുള്ളത്. സംശയത്തോടുകൂടിയാണ് രാപ്രസംഗങ്ങളില്‍ പറയുന്ന കാര്യങ്ങളെ അവള്‍ നോക്കികാണുന്നുണ്ട്. അത്രമാത്രം പുരോഗമനം നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയില്‍ നായികയ്ക്കുണ്ട്. ഇത്തരത്തില്‍ എതിരിടം നേടിയെടുക്കുന്ന നായികയാണ് പ്രണയവ്യവസ്ഥയില്‍ കര്‍മ്മസ്ഥാനത്തേക്ക് ഒതുക്കപ്പെടുന്നത്. 

ഉപസംഹാരം

മുസ്ലിം നവോത്ഥാനം കേന്ദ്ര പ്രമേയമായ നോവലാണ് ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! . പ്രണയം എന്ന ആധുനിക മൂല്യത്തെ ചുറ്റിത്തിരിഞ്ഞാണ് നോവല്‍ നിലകൊള്ളുന്നത്.നവോത്ഥാനാധുനികതയുടെ സൂചനകള്‍ പ്രത്യക്ഷസ്ഥാനത്തുള്ള നോവലിലെ  പ്രണയത്തെ സ്വാഭാവികമായി നോക്കികാണാനാകില്ല. അധികാരബന്ധങ്ങളാലും സാമൂഹ്യസംഘര്‍ഷങ്ങളാലും മറ്റും സംഘര്‍ഷാത്മകഭൂമിയായി പ്രണയമെന്ന വ്യവഹാരം മാറുന്നത്. നോവലിലെ പ്രണയത്തിന്‍റെ അവതരണത്തില്‍ ആധുനികതയുടെ യുക്തിബോധങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. പ്രണയവ്യവസ്ഥയില്‍ പരിവര്‍ത്തനവിധേയമാകേണ്ട വിഷയസ്ഥാനത്താണ് നോവലില്‍ കുഞ്ഞുപ്പാത്തുമ്മയുടെ സ്ഥാനം. പ്രണയം സ്ത്രീയെ വസ്തുവത്ക്കരിക്കുന്നു എന്ന സ്ത്രീവാദ സമീപനവും പ്രണയത്തെ മുന്‍നിര്‍ത്തിയ ആധുനിക കാഴ്ചപ്പാടുകളും ഇത്തരമൊരു സമീപനത്തെ ബലപ്പടുത്തുന്നുണ്ട്.

ഗന്ഥസൂചി

അഷ്റഫ് ഇ.എം 2014 ഈ വെളിച്ചത്തിന് എന്തൊരു വെളിച്ചം, ലിപി പബ്ലിക്കേഷന്‍സ്: കോഴിക്കോട്
അഹമ്മദ് എ.പി 2010 മുസ്ലീം നവോത്ഥാനം ചില കേരളീയ ചിത്രങ്ങള്‍, കൈരളി ബുക്ക്സ്: കണ്ണൂര്‍
ഗോവിന്ദപ്പിള്ള പി 2011 (2003) കേരള നവോത്ഥാനം രണ്ടാം സഞ്ചിക മതാചാര്യര്‍ മതനിക്ഷേധികള്‍, ചിന്ത പബ്ലിഷേഴ്സ്: തിരുവനന്തപുരം 
ജമാല്‍ മുഹമ്മദ് ടി 2010 സ്വദേശാഭിമാനി വക്കം മൗലവി, പ്രഭാത് ബുക്ക് ഹൗസ്: തിരുവന്തപുരം 
ദേവിക ജെ. 2011 കല്‍പ്പനയുടെമാറ്റൊലി, (എഡിറ്റര്‍), കേരളശാസ്ത്ര സാഹിത്യ പരിഷത്ത്: തൃശ്ശൂര്‍
ദേവിക ജെ 2011 കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? സെന്‍റര്‍ ഫോര്‍ ഡവലപ്പ്മെന്‍റ് സ്റ്റഡീസ്: തിരുവനന്തപുരം
നസീര്‍ കെ.എം 2009 څവെളിച്ചത്തിന്‍റെ വെളിച്ചം', സാഹിത്യലോകം, ജനുവരി- ഏപ്രില്‍
മഹേഷ് എം.ആര്‍ 2011 څവെളിച്ചത്തിന് എന്തൊരു വെളിച്ചം', ബഷീര്‍ എഴുത്തിന്‍റെ അറകള്‍, എഡിറ്റര്‍: അനീസുദ്ദീന്‍ അഹമ്മദ്, ഐ.പി.എച്ച്: കോഴിക്കോട്
മഹേഷ് എം.ആര്‍ 2012 മലയാളനോവലും ദേശീയതയും, കേരള സര്‍വ്വകലാശാല: തിരിവന്തപുരം 
മുഹമ്മദ് ബഷീര്‍ വൈക്കം 2012(1973) ഓര്‍മ്മയുടെ അറകള്‍, ഡി.സി ബുക്ക്സ്: കോട്ടയം
മുഹമ്മദ് ബഷീര്‍ വൈക്കം 2011(1951) ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ഡി.സി. ബുക്ക്സ്: കോട്ടയം
രാജശേഖരന്‍ പി.കെ 2012 അന്ധനായ ദൈവം, ഡി.സി ബുക്ക്സ്: കോട്ടയം
ലിസി മാത്യു 2012 ഇവള്‍ പൂക്കും ഇലഞ്ഞിമരങ്ങള്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: തിരുവന്തപുരം 
വക്കം മൗലവി 1992 വക്കം മൗലവിയുടെ ദീപിക ഒറ്റ വാല്യത്തില്‍, വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്: തിരുവന്തപുരം
വിജയന്‍ എം. എന്‍ 2008 എം.എന്‍ വിജയന്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം ഒന്ന്, ജ.എ- എന്‍. പ്രഭാകരന്‍, കറന്‍റ് ബുക്ക്സ്: തൃശ്ശൂര്‍
ഷംഷാദ് ഹുസൈന്‍, 2009, ന്യൂനപക്ഷത്തിനും ലിംഗ പദവിക്കും ഇടയില്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: തിരുവനന്തപുരം
സൂരജ ഇ.എം 2009 څസ്ഥലം: ചരിത്രത്തിന്‍റെ രാഷ്ട്രീയം' സാഹിത്യലോകം ജനുവരി -ഏപ്രില്‍
സോമലാല്‍ ടി.എം 2008 څഉപ്പുപ്പാന്‍റെ ആന- തലയെടുപ്പും മെരുക്കവും, ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്! ആധുനികാനന്തര വിമര്‍ശനം,' താപസം, ഏപ്രില്‍
ഹലീമാ ബീവി 2011 څസ്വാഗതപ്രസംഗം', കല്‍പ്പനയുടെ മാറ്റൊലി : എഡിറ്റര്‍: ജെ.ദേവിക, കേരള ശാസ്ത്രസാഹിത്യപരിഷത്ത് : തൃശ്ശൂര്‍
Ahmed Sara 1998 Difference that matter, Feminist Theory and Post modernism, Cambridge Unity Press
Felski Rita 1995 The Gender of Modernity, Harward Unity. Press
Mukherjee Meenakshi 1985 Realism and Reality, The Novel and Society in India, Oxford Unity Press : New York
പ്രസീദ യു വി
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാള വിഭാഗം
ടി.എം.ജി കോളേജ്
തിരൂര്‍