Water Metophors in Post Modern Malayalam Poetry

Dr. Sajitha kizhinipurath

From modern Malayalam poetry to postmodern Malayalam poetry, there are clear changes in poetic thought. It has shifted from narrative to fragmented narrative. It can be seen that the poern abandons the pretense of saying something different from ordinary language. This is also the stage where poetry enters micro - politics. Many individual experiences within a person began to express each one differently. New images entered the poem. A very Striking image among these is water metaphors. Water has evolved from a sacred reality to a political reality. Many water metaphors used to represent femininity. With the formation of water as a recourse, their poetic expression became multi-layered. water metaphors are abundant in the poems of Veerankutty, S. Joseph, Anitha Thampi, V.M. Girija, Pavithran Theekkuni.

Key Words: Modernism, Post Modernism, Narrative, Fragmentary Narrative, Micro Politic, Image, Water Metaphor, Water resource.

Reference:

Madhusoodanan G, 2018 Thiranjedutha Lekhanangal, Kannur: Kairali Books
Michael, Pamela, 2003, River of words: Images and Poetry in Praise of water, California: Heyday.
Murphy, Patrick 1995, Literature Nature and other, New york: State University Press.
Dr. Sajitha Kizhinipurath
‘Sravasthi’
velliparamba PO
Kozhikode
Pin: 673008
India.
Ph:+91 9495721540
Email: sajithakizhini@gmail.com

ആധുനികാനന്തര മലയാളകവിതയിലെ ജലരൂപകങ്ങള്‍

സജിത കിഴിനിപ്പുറത്ത്

ആഖ്യാനാത്മകതയില്‍ നിന്ന് ശിഥിലാഖ്യാനങ്ങളിലേക്ക് കവിത മാറിയിട്ടുണ്ട്. കവി കര്‍ത്തൃത്വമല്ല പുതിയ കവിതയുടെ കേന്ദ്രം. 'ഇതേതിരുള്‍ക്കുഴിമേലുരുളട്ടെ/വിടില്ല ഞാനീ രശ്മികളെ' (ഇടശ്ശേരി) എന്ന ആത്മബോധമല്ല, 'ഇല്ലെന്നു കരുതുമാറത്രയും പ്രച്ഛന്നമായ്' (പി.പി. രാമചന്ദ്രന്‍) എന്ന വിനയഭാവത്തിലേക്കതു പരിണമിച്ചു. നവോത്ഥാനാനന്തരം രൂപപ്പെട്ട വിശ്വമാനവനായ മനുഷ്യന്‍റെ നോട്ടപ്പാടായിരുന്നു ആധുനികകവിത. പില്‍ക്കാലം അത് പലതായി പിരിഞ്ഞു. പലനോട്ടങ്ങള്‍ സാധ്യമായി. കാക്ക തെങ്ങിന്‍ പട്ടമേലിരിക്കുന്നത് അതിശയം തന്നെ! (കെ. ആര്‍. ടോണി) എന്ന് അത് സ്വന്തം അതിശയത്തെ മാനിച്ചു.

പുത്രന്‍ മടിയില്‍ മരിക്കുന്നൊരമ്മതന്‍/ഇറ്റിറ്റുവീഴുന്ന കണ്ണുനീരാണു ഞാന്‍ (ബാലചന്ദ്രന്‍ ചുള്ളിക്കാട്) എന്ന ബലിഭാവത്തില്‍ തുടങ്ങി, 'കഴിഞ്ഞ ജന്മത്തില്‍/കവിയായിരുന്നെന്ന്/പെട്ടിക്കടയിലെ തീക്കയര്‍' (സത്യചന്ദ്രന്‍ പൊയില്‍ക്കാവ്) എന്ന വരികളിലേക്ക് തുടരുന്ന കാവ്യകര്‍തൃത്ത്വത്തിന്‍റെ ഭാരം കവിതയ്ക്കു കുറഞ്ഞു എന്നാണ് കനം കുറഞ്ഞു എന്നതിലൂടെ പ്രഖ്യാപിക്കപ്പെട്ടത്(പി. രാമന്‍).

കവിത കൂടുതല്‍ക്കൂടുതല്‍ സൂക്ഷ്മരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്തത്. ഇടശ്ശേരി 23 ഓളം ലക്ഷത്തിന്‍റെ പാലത്തില്‍ നിന്ന് കണ്ടത് ചില നഷ്ടങ്ങളായിരുന്നെങ്കില്‍ ആ നഷ്ടത്തിന്‍റെ രാഷ്ട്രീയം പുതിയ കവികള്‍ മൈക്രോസ്കോപ്പിലൂടെ കാണുന്നു. മനുഷ്യന്‍ വര്‍ഗങ്ങളായല്ല മനുഷ്യന്മാരായിത്തന്നെ പിളര്‍ന്നുപോയിരിക്കുന്നുവെന്ന് പുതിയ കവിത പറയുന്നു. ഋ്ലി വേല ുലൃീിമെഹ ശെ ുീഹശശേരമഹ എന്നത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായി. ഒരു വ്യക്തിയില്‍തന്നെയുള്ള അനേകം വ്യക്തിഅനുഭവങ്ങള്‍ ഓരോന്നിനെയും വ്യത്യസ്തമായി ആവിഷ്കരിച്ചുകൊണ്ടാണ് പുതിയ കവിത മനുഷ്യന്‍ സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണെന്ന മാര്‍ക്സിന്‍റെ നിലപാടിനോട് പ്രതികരിച്ചത്. പുതിയ കവിതയില്‍ പ്രത്യക്ഷ രാഷ്ട്രീയം അപ്രത്യക്ഷമാവുകയും എല്ലാം രാഷ്ട്രീയമാവുകയും ചെയ്തു. പട അപ്രത്യക്ഷമായി പടയാളി പ്രത്യക്ഷനായി എന്നും കാട് അപ്രത്യക്ഷമായി മരം പ്രത്യക്ഷമായി എന്നും  ഈ ഭാവുകത്വ പരിണാമത്തെ വിശേഷിപ്പിക്കാം. ഇത് ഒരേസമയം രാഷ്ട്രീയവും അത്രമേല്‍ത്തന്നെ അരാഷ്ട്രീയവുമായ സമകാലീന കവിതകളുടെ  സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.  ഇങ്ങനെ മാറിവന്ന ഇമേജുകളില്‍ ജലം മാത്രം അപഗ്രഥിക്കുകയാണ് ഈ പ്രബന്ധം. പഞ്ചഭൂതങ്ങളിലൊന്നായ ജലം ജീവാധാരമാണ്. അത് വിശുദ്ധിയുടെ രൂപകമായി മതങ്ങളില്‍. ജ്ഞാനസ്നാനവും സംസംവെള്ളവും ഗംഗാജലവും പിതൃതര്‍പ്പണങ്ങളും തുടങ്ങി എണ്ണമറ്റ ജലബന്ധങ്ങളിലാണ് മനുഷ്യ മൂല്യങ്ങള്‍ ഉറപ്പിച്ചുനിര്‍ത്തിയത്.

ആദ്യകവിയായ രാമചരിതകാരനില്‍ തുടങ്ങുന്നുണ്ട് മലയാളകവിതയിലെ ജലബിംബങ്ങള്‍. 'പരവയില്‍ തിരൈകള്‍ നേരുടനുടന്‍/തേനുലാവിനപതങ്ങള്‍ വന്നുതിങ്ങിനിയതം' എന്ന് വാക്കുകളുടെ അനായാസ പ്രവാഹത്തെ സമുദ്രത്തിലെ തിരമാലകളോട് ഉപമിച്ചിരിക്കുന്നു. ചലനത്തിനും നിശ്ചലതയ്ക്കും കവികള്‍ ജലത്തെ ഉപയോഗിച്ചു. 'വെള്ളത്തിലെതിരകള്‍/തള്ളിവരും കണക്ക്' പടകള്‍ വന്നു. ജലകന്യകമാരെയും ജലയക്ഷികളെയും കവികള്‍ സങ്കല്‍പിച്ചു. മഴയായും പുഴയായും സാഗരമായും മേഘമായും ജലം കവിതയില്‍ വ്യാപിച്ചു. ആശാനില്‍ മിക്ക നായികമാരും ജലസമാധിയായി. ജി.യില്‍, പി.യില്‍, വൈലോപ്പിള്ളിയില്‍ ഈ കാവ്യാത്മകജലം പരന്നു. എന്നാല്‍ കാലക്രമത്തില്‍ കടമ്മനിട്ടയുടെ ശാന്തയില്‍ ഒരു ജലനഷ്ടമായി അതു രൂപപ്പെട്ടു. 'കുറ്റിപ്പുറം പാല'ത്തിനു ശേഷം ജലം ഉത്കണ്ഠയായി ശക്തമായി രൂപപ്പെട്ടത് 'ശാന്ത'യിലാണ്.

മലയാളിയില്‍ ജലം വിശുദ്ധയാഥാര്‍ത്ഥ്യം എന്നതില്‍നിന്ന് രാഷ്ട്രീയ യാഥാര്‍ത്ഥ്യമായി രൂപപ്പെടുകയായിരുന്നു. വെള്ളം നിങ്ങള്‍ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുന്നതെങ്ങനെ എന്ന സിയാറ്റില്‍ മൂപ്പന്‍റെ വിസ്മയം മലയാളിയെ തൊട്ടുതുടങ്ങിയത് ഈ കവിതയിലാണ്. 'ജലം തേടിപ്പോയ വേരുകള്‍/മണ്ണിന്നടിയില്‍ അലഞ്ഞുതിരഞ്ഞ്/നശിച്ചുകാണും' (ശാന്ത). ജലമാനം രാഷ്ട്രീയമായി മലയാളകവിതയില്‍ ശക്തമായി. പ്രത്യക്ഷരാഷ്ട്രീയത്തില്‍ നിന്ന് പ്രച്ഛന്നരാഷ്ട്രീയത്തിലേക്കാണ് ആധുനികത ആധുനികാനന്തരതയിലേക്ക് പ്രവേശിച്ചത് എന്നു കാണാം. കവിതകളിലെല്ലാം കര്‍തൃത്വം പ്രച്ഛന്നമായതുപോലെ രാഷ്ട്രീയവും സൂക്ഷ്മവും പ്രച്ഛന്നവുമായി. വീരാന്‍കുട്ടിയുടെ 'വെള്ളം വെള്ളം' എന്ന (ഓട്ടോഗ്രാഫ്) കവിതയില്‍ 'മരണം/അടുത്തെത്തിയ ഒരാള്‍/ വെള്ളം വെള്ളം എന്ന്/ തന്‍റെ ദാഹത്തെ/അവസാനമായി ആവിഷ്ക്കരിക്കുകയല്ല/വിട്ടുപോകാന്‍/ഏറ്റവും വേദനയുള്ള/ഒന്നിനെ/പതുക്കെ/ക്രമത്തില്‍/ഓര്‍ത്തെടുക്കുകയാണ്' എന്ന് വെള്ളത്തെ ആവിഷ്ക്കരിക്കുന്നു. ജലം ഇവിടെ രൂപകമല്ല ആശയമാണ്. ജലം അതിന്‍റെ ചലനങ്ങള്‍ (തിരകള്‍, ഓളങ്ങള്‍) ഭാവങ്ങള്‍ (നുര, പത) മനുഷ്യത്വാരോപങ്ങള്‍ (ആര്‍ദ്രത, വിശുദ്ധി) തുടങ്ങിയ അലങ്കാരരൂപങ്ങളിലായിരുന്നു അതുവരെ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കില്‍ പുതിയ കവിതയില്‍ ജലം അതായിത്തന്നെ പെരുമാറുന്നു. ജലലഭ്യത, ജലനഷ്ടം, ജലവിപണി തുടങ്ങിയവയിലേക്ക് കവിത കുറെക്കൂടി സൂക്ഷ്മബോധ്യത്തോടെ പ്രവേശിക്കുന്നു. ഭാവാത്മകതയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എന്നു പറയാം.

എസ്. ജോസഫിന്‍റെ വെള്ളം എന്ന കവിത നോക്കുക. 'മുമ്പൊക്കെ ഞങ്ങള്‍ക്കൊന്നും/കിണറില്ലായിരുന്നു/ വെള്ളമെടുക്കാന്‍ കുന്‍ശന്മാരുടെ/വീട്ടില്‍ പോണമായിരുന്നു/അവര്‍ മുറ്റത്തുനിന്നു തൊട്ടിയില്‍ വെള്ളം കോരും/ഞങ്ങള്‍ക്ക് താഴെനിന്ന് കവുങ്ങും പാളയില്‍ കോരാം' എന്ന് തുടങ്ങി 'ഇന്ന് ഞങ്ങള്‍ക്ക് കിണറുണ്ട്/വെള്ളമില്ല....'  എന്ന് അവസാനിക്കുന്നു. ജാതി ഘടനയില്‍ത്തുടങ്ങി പൊതുഘടനയായി അവസാനിക്കുന്ന കവിത.

ജീവിതാവസ്ഥകളെത്തന്നെ ജലം പ്രതിനിധാനം ചെയ്യുന്നു. ഇത് മുഴുനീളം കവിതയില്‍ വരുന്നത് രാത്രിമഴ (സുഗതകുമാരി)യിലാണ്. 'സഖീ ഞാനുമിതുപോലെ രാത്രിമഴപോലെ' എന്ന് മഴയെ സ്ത്രീയായി രൂപകപ്പെടുത്തുന്നു. ഒരു പക്ഷേ ആധുനികാന്തരകവിതയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പ്രതിനിധാനം ചെയ്യപ്പെട്ടത് ജലരൂപകങ്ങളിലാണ്. ഏറ്റവും പൈങ്കിളിയായും ഏറ്റവും സത്യസന്ധമായും. 'വറ്റാത്ത ജലാശയംപോലെ/എന്‍റെ കണ്ണുനീര്‍' എന്നു കമലാദാസ്. രാത്രി മഴയില്‍ നിന്ന് കവിത സൂക്ഷ്മതയിലേക്കു വരുന്നതുകാണുക.

'വിരല്‍തട്ടി മറിഞ്ഞിട്ടും/പരന്നൊഴുകാന്‍ വിടാതെ/പഴന്തുണി നനച്ചാരോ/തുടച്ചെടുക്കുകയാണെന്നെ (വൃത്തി/അനിതാതമ്പി). ജീവജലമായും (വി.എം. ഗിരിജ) ചാഞ്ഞുപെയ്യുന്ന മഴയായും (റോസ്മേരി) ജലജീവിതമായും (അനിതാതമ്പി) അത് രൂപപ്പെടുന്നു. എനിക്കു പറയുവാനുള്ളത് 'ഒരു സമുദ്രമാണ് വാക്കുകളില്‍ ഒതുക്കുന്നതെങ്ങനെ' എന്ന് വിജയലക്ഷ്മിയുടെ 'മണ്‍കുടം.'

'അവള്‍ സമുദ്രത്തിന്‍റെ/മൂര്‍ത്തിയാകുന്നു' എന്നു സര്‍ക്കസ്സുകാരിയെക്കുറിച്ച് തെലുങ്ക് കവി കണ്ടേപുടി നിര്‍മ്മല (പെണ്‍വഴികള്‍, സച്ചിദാനന്ദന്‍). തമിഴിലെ അനുഭവം നോക്കുക. സ്ത്രീയും ജലവും തമ്മില്‍ സുഗന്ധി സുബ്രഹ്മണ്യന്‍റെ കവിതയില്‍ (ആറ്റൂര്‍തര്‍ജമ) 'കല്യാണം കഴിഞ്ഞതില്‍പിന്നെ/പുഴ ഏതുവരെ പോകുന്നു/കാട്ടിത്തരൂ എന്നു ഞാന്‍/അവരോടു ചോദിച്ചു/അമ്പതുമൈലപ്പുറം/പുഴയുടെ വഴിയില്‍/ഒരണക്കെട്ടുകാട്ടിത്തന്നു' ഇത്രയും ലളിതവും സൂക്ഷ്മവുമായി ജലപ്രതീകങ്ങള്‍ സ്ത്രീജീവിതം ആവിഷ്ക്കരിക്കുന്ന ജലവും സ്ത്രീയും തമ്മിലുള്ള ബന്ധം ഇക്കോ ഫെമിനിസം പലപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഉര്‍വരതയായി, രക്തമായി, ആര്‍ദ്രതയായി, മറ്റും മറ്റും. സ്ത്രീ ആകുന്ന ജലത്തില്‍ തുരുത്തായി ലോകം, പുരുഷന്‍.

വിഭവമെന്ന നിലയില്‍ ജലം രൂപപ്പെട്ടതോടെ ജലത്തിന്‍റെ കവിതാപ്രവേശം കൂടുതല്‍ ബഹുവിതാനങ്ങളിലുള്ളതായി തീര്‍ന്നിട്ടുണ്ട്. ജലം വില്‍ക്കാന്‍ കഴിയുന്ന കാലമായിത്തീര്‍ന്നതില്‍ പിന്നെ, ജലത്തിലെ കളികള്‍ അമ്യൂസ്മെന്‍റ് പാര്‍ക്കുകളായി തീര്‍ന്നതില്‍ പിന്നെ, പുഴകള്‍ അക്വേറിയങ്ങളായി തീര്‍ന്നതില്‍ പിന്നെ, വെള്ളം പണമായി മാറിയതില്‍ പിന്നെ ജലപ്രതീകങ്ങള്‍ വമ്പന്‍ പരിണാമത്തിന് വിധേയമായിത്തുടങ്ങി.

ബാലാമണിയമ്മയുടെ 'മഴുവിന്‍റെ കഥ'യില്‍ കടലിന്‍ പുഞ്ചിരി പോലാരാല്‍ കാണായ് വെണ്‍മണല്‍ തുരുത്തുകള്‍' എന്നു കേരളത്തെ കണ്ടതില്‍ നിന്ന് ശങ്കരപ്പിള്ളയിലെത്തുമ്പോള്‍ കാണുക. 'മണ്‍കുടവും ദുരിതപാശവും/തൊട്ടിയുമായി ഒരമ്മവരും/ചായയ്ക്കോ കഞ്ഞിക്കോ കുളിക്കോ/കോരി നോക്കുമ്പോള്‍/നിറതൊട്ടി നിറയെ/വെള്ളത്തിന്‍റെ ചീഞ്ഞളിഞ്ഞ ശവം' എന്നു 'കിണറി'ല്‍. വളര്‍ച്ചയെത്താതെപോയ/കടലിന്‍റെ ഭ്രൂണം എല്ലാ കിണറിലും കിടന്ന്/ഇളകുന്നുണ്ടാകണം (ആകാശത്തില്‍ ഒരു കിണര്‍/വീരാന്‍ കുട്ടി) എന്ന് 'ശവ'ത്തില്‍ നിന്ന് 'ഭ്രൂണ'ത്തിലേക്കും എല്ലാതരം പ്രതീക/രൂപക ശരീരത്തിലേക്കും ജലം പരിണമിക്കുന്നു. 'വെണ്‍നുര വൈരക്കല്‍ക്കാപ്പണി/ഞ്ഞീടിന തന്‍നുരക്കൈകള്‍' (ഉള്ളൂര്‍) എന്ന സങ്കല്പത്തില്‍ നിന്നും എത്രകാതം വെള്ളവും പുഴയും താണ്ടിയെന്നോര്‍ക്കുക.

'ആയിരം പാദസരങ്ങള്‍ കിലുങ്ങുന്ന ആലുവാപ്പുഴ'യില്‍ നിന്ന് പുഴവെള്ളം വന്നുചേര്‍ന്ന യാഥാര്‍ത്ഥ്യത്തെയാണ് കവിതകളിലെ ഈ പ്രതീക പരിണാമം കാണിക്കുന്നത്. 'വെള്ളം തിളയ്ക്കുന്ന/റേഡിയേറ്ററില്‍ നിന്നു/മേതൊരു നദിയുടെ/പൊള്ളലറിഞ്ഞു (ബസ് യാത്രയില്‍/ബിജോയ് ചന്ദ്രന്‍). 'ഇനി വരും കാലം/നനച്ച് ചുവരില്‍ തൂങ്ങും/മുറ്റത്തോ തൊടിയിലോ/തണുത്തു കിടന്ന കിണറുകള്‍' (ചുവരിലെ കിണറുകള്‍/സത്യചന്ദ്രന്‍ പൊയില്‍കാവ്)

'മണലിത്ര ജലമിത്ര/എന്നളക്കുമ്പോഴീ/പുഴയെത്രലഘുവാം/മനക്കണക്ക് (ഭാഷ, കണക്ക്/പി. പി. രാമചന്ദ്രന്‍). മനുഷ്യവികാരങ്ങളുടെ നാനാഭാവങ്ങള്‍ ജലംപോലെ പ്രതീകവത്കരിച്ച മറ്റധികം വസ്തുക്കളില്ല. ജലത്തിന്നിലവുമരം എന്ന് ഒക്ടോവിയാപാസ് (സൂര്യശില) അത് അതിന്‍റെ പരമാവസ്ഥയില്‍. 'പുഴയായ് പൊതിഞ്ഞു നീ/ലോകമേ' (കേകയില്‍ ഒരു തീവണ്ടി/അനിതാതമ്പി). 'വെള്ളത്തില്‍/കണ്‍മിഴിച്ചാല്‍ കാണും സ്വപ്നങ്ങല്‍/മിഥ്യയല്ലെന്ന് മനസ്സിലായി' (മൊയ്തീന്‍ പറഞ്ഞ കഥ) എന്ന് പി. രാമന്‍. 

വാക്കുകളുടെ പ്രളയത്തിനുള്ളില്‍ എന്‍റെ പ്രതിഭ തുഴയെടുക്കുന്നു./ ഓ മീന്‍ പിടുത്തക്കാരാ/നാം ഒരു പേര്‍ തന്നെ/ഭൂമിയുടെ ഒരേ ഉപ്പ് തന്നെ' (മീന്‍ പിടുത്തക്കാരനും കവിയും/പി.എ. നാസ്മുദ്ദീന്‍). മലയാളകവിത തന്നെ ഇങ്ങനെ വെള്ളത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. കണ്ണീരും വെള്ളവും പരസ്പരം വെച്ചു മാറുന്നു. കവിതകളില്‍. ആറ്റൂരില്‍ത്തന്നെ തുടക്കം, ഒരു പിടി വാക്കുകള്‍/ നിങ്ങള്‍ക്ക്/ പൊതിഞ്ഞു വച്ചിട്ടുണ്ട് ഞാനിന്നും/ഉപ്പുവെള്ളം തിളപ്പിച്ച് കണ്ണില്‍ കരുതിയിട്ടുണ്ടിന്നും എന്നത് ഒരത്ഭുതകരമായ സിസര്‍ കട്ടില്‍ ലോകം കാണുന്നു.

ആധുനികതയുടെ തുടര്‍ച്ചയും പുതുകവിയുമായ പവിത്രന്‍ തീക്കുനി 'എന്‍റെ കണ്ണീരു വീണ്/ഒരു നാളീ ഭൂമിയില്‍/പ്രളയമുണ്ടാകും/അതില്‍/കൊടികളും കോടതികളും/ഒലിച്ചുപോകും' എന്ന് താരതമ്യേന നേര്‍ക്കുനേര്‍. 'അനുശോചന മലയിടിഞ്ഞ്/വിലാപജലം കുതിച്ചൊഴുകി' (പുഴയോരത്ത് ശവമടിഞ്ഞു) എന്ന് കെ.ആര്‍. ടോണി ഒരു മലിനജലഛായ നല്‍കി തന്‍റെ കവിതയില്‍. 'ആരാണീ ലോകം/കരഞ്ഞു നനയ്ക്കുന്നു?'  എന്നു അനിതാതമ്പി. ദരിദ്രന്‍റെയും അധഃസ്ഥിതന്‍റെയും ജീവിതത്തെക്കുറിച്ചുള്ള ജലപ്രയോഗങ്ങളില്‍ തീവ്രമായ ചലനവും ചടുലതാളവും 'കെട്ടവെള്ളം കുടിച്ചു മരിച്ചൊരാള്‍/ചത്തു ജീവിച്ചിരിക്കുന്നു കോടികള്‍' (പുഴയോരം/രാഘവന്‍ അത്തോളി). 'നിസ്സംഗമായി നീ വിഷച്ചോറിനു മുന്നില്‍/അന്ത്യരംഗവുമാടിത്തീര്‍ക്കാന്‍ കാത്തിരിക്കുമ്പോള്‍/കരിമൊട്ടുകള്‍പോലെ/തളര്‍ന്നുറങ്ങും കിടാങ്ങളെ/തട്ടി ഞാനുണര്‍ത്തുമ്പോളുള്ളിലും പെരുമഴ ചോര്‍ന്നൊലിക്കുന്ന മുറി/ശിവദാസ് പുറമേരി). അനേകം മലയാളകവിതകളില്‍ ഈ ദുരിതജലമുണ്ട്. പി.ആര്‍. രതീഷിന്‍റെ കവിതയില്‍ 'ഒരിക്കല്‍ പെയ്താല്‍ മതി ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കുവാന്‍' എന്ന് പ്രണയത്തെ പറയുന്നു. 'എത്ര വെള്ളം കോരിയിട്ടും/ആനന്ദന്‍ വന്നില്ല/എന്ന് ജലം ദാര്‍ശനികപ്രണയഭാവത്തില്‍ കല്പറ്റ നാരായണന്‍റെ 'മാതംഗി'യില്‍.

കേരളം ജലവിഭവങ്ങളുടെ നാടാണ്. 44 നദികള്‍, കടല്‍, മഴക്കാലം, പാടം, 50 ലക്ഷത്തോളം കിണറുകള്‍, ഉറവകള്‍ തുടങ്ങി വെള്ളത്തിന്‍റെ നാട്. അവയില്‍ ജലതരംഗങ്ങളുടെ കാവ്യപ്രതീകങ്ങള്‍ ഉണ്ടാകാതെ വയ്യ. പ്രണയമാണെങ്കില്‍ മഴയോളം, തണുപ്പോളം, സങ്കടമെങ്കില്‍ കടലോളം, കദനജലധി എന്ന് ഉണ്ണായി വാര്യരോളം, സങ്കടക്കടലെന്ന് പി. ഭാസ്കരനോളം. ജലത്താല്‍ പഴംചൊല്ലുകള്‍, ശൈലികള്‍. നിലപാടുകളില്‍ വെള്ളം ചേര്‍ക്കുക, വെള്ളമിറക്കാതെ മരിക്കുക, സംഗതി വെള്ളത്തിലായി, വെള്ളംകുടി മുട്ടിക്കും, വെള്ളത്തില്‍ വരച്ച വര എന്നിങ്ങനെ എത്രമാത്രം അവര്‍ ജലത്തില്‍ ജീവിക്കുന്നു! പ്രതീക്ഷയുടെ മെലിഞ്ഞ നദി, തീരുമാനത്തിന്‍റെ തെളിനീര്, കണ്ണീര്‍ക്കയം തുടങ്ങി ജലത്തിന്‍റെ ചില്ലുപാളികള്‍ വരെ എത്രയെത്ര വാങ്മയങ്ങള്‍. പി. രാമനില്‍ ജലപ്രതീകങ്ങള്‍ കുറവെങ്കില്‍ വീരാന്‍കുട്ടിയില്‍ അതിവിസ്തൃതം. എങ്കിലും മലയാളകവിത നോക്കുമ്പോള്‍ മലയാളി ഒരു ജലജീവിയാണ്.

ഗ്രന്ഥസൂചി

മധുസൂദനന്‍ ജി 2018 തിരഞ്ഞെടുത്ത ലേഖനങ്ങള്‍ കണ്ണൂര്‍, കൈരളി ബുക്സ്
Michael, Pamela 2003 River of words: Images and Poetry in praise of water california, Heyday.
Murphy, Patrick 1995 Literature, Nature and other Newyork, State Univeristy Press
സജിത കിഴിനിപ്പുറത്ത്
ശ്രാവസ്തി
വെള്ളിപറമ്പ് പി.ഒ
കോഴിക്കോട് - 8