Dalit Womens Presence and Subjectivity Formation in Prathyaksharaksha Daivasabha

Ravi. KP

The Prathyaksharaksha Daivasabha is considered to be one of the most important social reform movements that emerged in the late 19th century. For the Dalits and Bahujans who had passed through the exploitation system of caste, the Prathyaksharaksha Daivasabha was the destination of freedom and liberation.The presence of women in it and their social interventions are an important part of the formation of modern civil society. By envisioning a people empowered by the the will to act against gender discrimination Appachan played a key role in redefining Dalit women’s identity and self-esteem. Women’s experiences take center stage in Appachan’s songs against caste-slavery. A social history can also be seen of the slave woman’s entry into wilful sense of ownership and responsibility through the Prathyaksharaksha Daivasabha .

Keywords: Caste, Slavery,Religion, Protection, Representation, Subjectivity, Politics, discourse

Reference:

Ambedkar, Dr. (2008). Ambedkar sampoorna Krithikal, l.31. Thiruvananthapuram: Bhasha institute.
Bhaskaran, (2003). Janu C K. Januvinte Jee vitha Kadha.Kottayam: DC Books.
Chendharassery,T. H. P. (2013). Ayyankali. Thiruvananthapuram: Prabhath book House.
Das, K.K.S. (2015). Ayyankali Samoohya Viplavam Dharsanam. Kottayam: Sahithya Pravarthaka Sahakarana Sangham 
Gladsten, J.W.Dr.(2004). Keralathile Christhu Madhavum Bhahujana Prasthanagalum. (Tr). Punaloor Gopala Krishnan. Thiruvananthapuram: Sidhi Publications.
Kancha ilayya, (2019). Post Hindu India (Tr). Sathyan,P.V. Kozhikode:Progress books.
K. E. N, (2016). Kerala navodhanathinte chaithravum Varthamanavum. Thiruvananthapuram: chintha publication.
Kochu, K. K. (2013). Dalit Nerkazhchakal. Thiruvananthapuram: Akshara offset
Lukose,C.K. Ed. (2015 ). Ayyan Kaliyum Kerala Navodhanavum. Thiruvananthapuram: Unit books & Publications,.
Lenin, K.M. (2016). Poikayil Appachan Kezhala vimochakan. Kottayam: Sahithya Pravarthakasahakarana sangham.
Mathews, T. A. (2012). Acharya Ayyankali. Kottayam: Avanthi Publications.
Mohanakrishnan,M.R. ( 2014). Mahathma Ayyankali, Navodhanathinte Aghninakshathram. Kottayam: Budha Books.
Poulchirakkarode,(2018 ). Dalit Cristhavar Keralathil. Thiruvananthapuram: Raywan Publication.
Pokkuden, (2002) Kandal Kadukalk kidayil Ente Jeevitham (Ed).Thahamadayi. Pazhayangady. Kannur: Media Magic.
Poikajana Pandhi, (2016). Prathyaksharaksha daiva Sabha: Adhmajhanathinte vakkummozhiyum, Thiruvananthapuram: Mythribooks.
Renukumar, A.R. (2017). Ayyankali Jeevithavum idapedalukalum. Kottayam: D.C Books.
Santhosh,O.K. (2011). Poikayil Sree Kumara guru Navodhanacharithra padangal. Thiruvananthapuram: Kerala Bhasha Institute.
Robin Jefri,(2013), Nayar Medhaviththinte padhanam.(tr).Puthupally Raghavan. 
Sanal mohan, P.Vinil Poul. (2015). viswasav vum vimochanavum: Kaipetta Habel. Thiruvalla: Cristhava Sahithya Samithi.
Suraj yengde, (2017). Jathi Oru Prasnama nu.(Tr). Thehalth K.V. Kottayam: DC Books
Sedhuraman, K. (2019 ). Malayali Oru Janitha kha vayana, Kottayam: DC Books.
Swami, V.V. Anil E.V. ( 2011) Prathyaksha Daiva Sabha Pattukal, Thrissur: Kerala Sahithya Academi.
Swami V.V, Anil E.V. ( 2017). Vyavasthayude nadappathakal, Kottayam: Jeevacharithra Punarakhyana samithy.
Swami V.V, Anil E.V. (2020). Adimavishayam Kottayam: Society of prds studies.
Vinil Poul, (2021).Adima keralathinte Adrusya charithram. Kottayam: DC books.
Villyam Logan, (2008). Malabarile Jananghal. KrishnanT.V(Tr). Kozhikode: Mathrubhumi 
Jyothi Rao Phule, (1884)Selected writtings of Jyothi Rao Phule.vol.11.Culcutta: Education commission Bombay.
Ravi. KP
Associtate Professor
Govt. Arts & ScienceCollege
calicut
Pin: 673632
Ph: +91 9446157523
Email: ravikummanchery@gmail.com
ORCID: 0009-0003-3685-4390

ദലിത് സ്ത്രീസാന്നിധ്യവും കര്‍ത്തൃത്വരൂപീകരണവും പ്രത്യക്ഷരക്ഷാദൈവസഭയില്‍

രവി. കെ.പി

ആമുഖം

ജാതിയെയും അടിമത്തമെന്ന സാമൂഹികവ്യവഹാരത്തെയും സവിശേഷമായി അഭിമുഖീകരിച്ചുകൊണ്ടാണ് പൊയ്കയില്‍ അപ്പച്ചന്‍ സമൂഹനിര്‍മ്മിതിയെക്കുറിച്ചുള്ള ജനാധിപത്യസങ്കല്‍പ്പനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. څപ്രത്യക്ഷരക്ഷچ എന്നത് അദ്ദേഹം മുന്നോട്ടുവച്ച നവോത്ഥാനകേരളത്തിലെ പ്രധാനപ്പെട്ട ജ്ഞാനവും പ്രയോഗവുമായിരുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭിക്കേണ്ട സുരക്ഷയും സ്വാതന്ത്ര്യവും കര്‍ത്തൃത്വവുമായി ബന്ധപ്പെട്ടാണ് അതിനെ മനസ്സിലാക്കാനാവുക. രക്ഷലഭിക്കേണ്ട സവിശേഷമായ ഒരു വിഭാഗം എന്ന നിലയില്‍ ജാതീയാടിമത്തത്തിലൂടെ കടന്നുവന്ന ദലിത് സ്ത്രീകളുടെ വിമോചനം പൊയ്കയില്‍ അപ്പച്ചന്‍ പ്രധാനമായി കണ്ടു.  പ്രത്യക്ഷരക്ഷാദൈവസഭയിലെ രക്ഷാനിര്‍ണ്ണയ യോഗങ്ങളില്‍ പ്രതിനിധാനപ്പെടുന്ന ദലിത് സ്ത്രീകളുടെ കര്‍ത്തൃത്വവും വിമോചനവും പൊയ്കയില്‍ അപ്പച്ചന്‍റെ പാട്ടുകളിലെ പ്രധാന ആശയമാണ്.

താക്കോല്‍ വാക്കുകള്‍: ജാതി, അടിമത്തം, മതം, രക്ഷ, പ്രതിനിധാനം, കര്‍ത്തൃത്വം, രാഷ്ട്രീയം, വ്യവഹാരം.

കേരളത്തിലെ ജാതി - അടിമത്താനുഭവങ്ങള്‍

അടിമാനുഭവം ഒരു ചരിത്ര സത്യമാണ്. ഇന്ത്യനവസ്ഥയില്‍ ജാതീയാടിമത്തം അതികഠിനമായി പ്രയോഗത്തിലിരുന്നത് കേരളത്തിലാണ്. ജ്ഞാനത്തിന്‍റെയും അനുഭവത്തിന്‍റെയും സ്വതന്ത്രമായ ആവിഷ്കാരത്തില്‍ നിന്നും വലിയ വിഭാഗം ജനതയെ ജാതീയമായ അടിമത്തം ബഹിഷ്കരിച്ചു. ആണ്‍ പെണ്‍ അടിമകളെ കാളയോടും പോത്തിനോടും ചേര്‍ത്തു കെട്ടി നിലമുഴുതുകൊണ്ടിരിക്കുന്ന നിരവധി കേരളീയാനുഭവങ്ങളെക്കുറിച്ച് മിഷണറിമാര്‍ രേഖപ്പെടുത്തുന്നതു കാണാം. ലണ്ടന്‍ മിഷണറിയായ സാമുവല്‍ മറ്റീര്‍ രേഖപ്പെടുത്തുന്നത് മറ്റേതൊരു പ്രദേശത്തെയും അടിമ ജാതിക്കാരെക്കാളും മോശമായ സാഹചര്യമാണ് കേരളത്തിലെ അടിമകള്‍, പ്രത്യേകിച്ചും തിരുവിതാംങ്കൂറിലെ പുലയര്‍ നേരിട്ടതെന്നാണ്.ڇഅടിമയെ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ഉടമ്പടി പ്രകാരം കെട്ടിയിട്ട് അവരെ തല്ലാം. എന്നാലവരുടെ കാലുകളോ കണ്ണുകളോ നശിപ്പിക്കരുത്. തെറ്റുകുറ്റങ്ങള്‍ക്ക് അവരെ കെട്ടിയിട്ടും കൂടുകളിലടച്ചും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അതിരാവിലെ ജോലിക്കെത്താത്ത കുറ്റത്തിന് അവരെ കെട്ടിയിട്ട് പ്രഹരിച്ചിരുന്നു. വിവരണാതീതമായ ക്രൂരതകളാണ് പലപ്പോഴുമവര്‍ക്ക് നേരെ പ്രയോഗിച്ചിരുന്നത്. കണ്ണുകളില്‍ ചുണ്ണാമ്പു പുരട്ടി അവരെ അന്ധരാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട് .തന്‍റെ കരിമ്പ് തിന്നതിന്‍റെ ശിക്ഷയായി ഒരു യജമാനന്‍ അടിമയുടെ പല്ലുകള്‍ മുഴുവന്‍ അടിച്ചിളക്കി. (സാമുവല്‍ മറ്റീര്‍,2010: 14) ഡോ.ജെ ഡബ്ല്യൂ ഗ്ലാഡ്സ്റ്റന്‍ തിരുവിതാംകൂറിലെ പുലയരായ അടിമകളെക്കുറിച്ച് രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്ڇഅവരുടെ ഭൂതകാലമഹത്വം എന്തു തന്നെയായിരുന്നാലും പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ അവര്‍ ഉയര്‍ന്ന ജാതിക്കാരുടെ അടിമകളായിരുന്നു. അവരെ കന്നുകാലികളെപ്പോലെ വില്‍ക്കുകയും വാങ്ങുകയും ചെയ്തു. കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യസംവിധാനം അടിമകളുടെ മോചനത്തിന് യാതൊരവസരവും നല്‍കിയില്ല. ഈ അടിമജാതിയില്‍ ജനിച്ചാല്‍ അടിമയായി ജീവിച്ച് അടിമയായി മരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. (റൈറ്റ്. റവ.ഡോ.ജെ ഡബ്ല്യു ഗ്ലാഡ്സ്റ്റണ്‍, 2004:14)തിരുവിതാംകൂര്‍ സര്‍ക്കാര്‍ അവരുടെ ഔദ്യോഗികമായ സംവിധാനമായി അടിമത്തത്തെ കണ്ടു. 1847 ല്‍ സര്‍ക്കാറിന് 15000 അടിമകള്‍ ഉണ്ടായിരുന്നു. അവരെ സ്വകാര്യമുതലാളിമാര്‍ക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. അവര്‍ സര്‍ക്കാറിന് വില കൊടുക്കുകയും അടിമയ്ക്ക് ക്ഷണം കൊടുക്കുകയും ചെയ്യേണ്ടിയിരുന്നു. അനുസരണക്കേട് കാണിക്കുന്ന അടിമകളെ പ്രഹരിക്കുവാനും ശിക്ഷാഭയമില്ലാതെ കൊല്ലുവാനും അധികാരമുണ്ടായിരുന്നു. ആറു രൂപയ്ക്കും പതിനെട്ട് രൂപയ്ക്കും ഇടയിലായിരുന്നു ഒരടിമയുടെ വിലയെന്ന് റോബിന്‍ ജെഫ്രി രേഖപ്പെടുത്തുന്നുണ്ട്. (റോബിന്‍ ജെഫ്രി, 2013: 50-51) 1835 ലെ കാനേഷുമാരി കണക്കനുസരിച്ച് ബ്രിട്ടീഷ് മലബാറില്‍ 1,44,000 അടിമകളുണ്ടായിരുന്നതില്‍ 1842 ലെത്തുമ്പോള്‍ 1,54,000 ആയി വര്‍ധിച്ചുവെന്ന് വില്യം ലോഗന്‍ വ്യക്തമാക്കുന്നുണ്ട്. (വില്യം ലോഗന്‍, 2008:115) അടിമകളെ ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള അടിമ ജാതിയില്‍പ്പെട്ട സ്ത്രീക്ക് വില കൂടുതലാണെന്നും പത്തു വയസ്സിനു കീഴിലുള്ള ആണ്‍കുട്ടിക്ക് മൂന്നു രൂപ എട്ട് അണയും പെണ്‍കുട്ടിക്ക് അതിലും കുറച്ച് വില കിട്ടുമെന്നും ലോഗന്‍ വിശദമാക്കുന്നു. ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ നിരീക്ഷിക്കുന്നത് മധ്യതിരുവിതാംങ്കൂറില്‍ വില്‍ക്കപ്പെടുന്ന അടിമയുടെ വില ആറ് രൂപയ്ക്കും പതിനെട്ട് രൂപയ്ക്കും ഇടയിലായിരുന്നുവെന്നാണ്. (പി. സനല്‍ മോഹന്‍, വിനില്‍ പോള്‍, 2015:16) 1855 ലെ തിരുവിതാംങ്കൂര്‍ അടിമത്തനിരോധനവിളംബരാനന്തരവും ക്രൂരമായ പീഡനങ്ങളാണ് അടിമകള്‍ അനുڅവിച്ചിരുന്നത്. വയലില്‍ ഞാറ് നടാന്‍ എത്താതിരുന്ന ദലിത് ക്രൈസ്തവസ്ത്രീയെ സുറിയാനി ക്രിസ്ത്യാനിയായ മുതലാളി കാപ്പിവടികൊണ്ട് മാറില്‍ ആഞ്ഞടിക്കുകയും, അടിയുടെ ശക്തിയാല്‍ പൊട്ടിയ വടിയുടെ ചീള് മാറില്‍ തുളഞ്ഞു കയറി അത് നീക്കം ചെയ്യുവാന്‍ കഴിയാതിരുന്നതിനാല്‍ അണുബാധിതയായി ആ സ്ത്രീ മരിക്കുകയും ചെയ്ത സംഭവം അടിമത്താനുഭവങ്ങളില്‍ നീറുന്ന ഓര്‍മ്മയായി സനല്‍ മോഹനനും വിനില്‍ പോളും നടത്തിയ ഗവേഷണ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.  ലണ്ടന്‍ മിഷണറിയായ യേശുവടിയാന്‍ 1882 ല്‍ രേഖപ്പെടുത്തിയ സംഭവം അടിമ ജീവിതത്തിന്‍റെ ഏറ്റവും തീക്ഷ്ണമായ അനുڅവമായി വേണം കാണാന്‍.ڇതേവാള താലൂക്കിലെ വിളക്കുടി ഗ്രാമത്തിലെ ഒരു വയലിന്‍റെ നടുവില്‍ നിറവയറുള്ള ഒരു സ്ത്രീയെ പോത്തിനൊപ്പം ഒരു നുകത്തില്‍ ഒന്നിച്ചു ബന്ധിപ്പിച്ചിരുന്നു. അതിനേക്കാള്‍څയാനകം പിന്നില്‍ നില്‍ക്കുന്ന മനുഷ്യന്‍ വേഗത്തില്‍ ഓടാന്‍ വേണ്ടി പോത്തിനെڅഭയങ്കരമായി അടിക്കുന്നു. അടിയേറ്റ മൃഗം ദ്രുതഗതിയില്‍ മുന്നോട്ടു കുതിച്ചു. അവശയായ സ്ത്രീ പിന്നിലായിപ്പോയി. ഉഴവുകാരന്‍ വടി അവളുടെ ശരീരത്തില്‍ കുത്തിയിറക്കി. കുറച്ച്ദൂരം മാത്രം നടക്കാന്‍ ശ്രമിച്ച ആ ഗര്‍ഭിണിയായ സ്ത്രീ അവിടെ കുഴഞ്ഞു വീണു മരിച്ചു. (വിനില്‍ പോള്‍, 2021:62) ജോലിക്കു വരാതെ ഇരുന്നതിനുള്ള ശിക്ഷയാണ് ഉടമ ഇവിടെ നടപ്പിലാക്കിയത്. കേരളത്തിലെ അടിമ ജാതികള്‍ അനുഭവിച്ച പീഡനങ്ങളെ ചരിത്രവല്‍കരിക്കാനുള്ള ദലിത് വൈജ്ഞാനികരുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്. ക്രിസ്തുമതത്തിലേക്കും ഇസ്ലാംമതത്തിലേക്കുമുള്ള അടിമജാതികളുടെ മതാരോഹണം കേവലം സാമൂഹികമായ മെച്ചപ്പെടല്‍ മാത്രമല്ല ലക്ഷ്യമാക്കിയിരുന്നത്. അതിലുപരി മാനസിക പരിവര്‍ത്തനങ്ങളുടെ അനുഭവതലങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (പോള്‍ ചിറക്കരോട്, 2018:21 -24). ജാതിയുടെയും, ജാതിയിലധിഷ്ഠിതമായ അടിമത്തമൂല്യങ്ങളുടെയും നിരാകരണം ലക്ഷ്യം വെച്ച് ക്രിസ്തുമതത്തിലെത്തിച്ചേര്‍ന്നവര്‍ നേരിട്ട വംശീയതയുടെ സാമൂഹികചരിത്രമാണ് ദലിത് ക്രൈസ്തവരുടേത്. സഭയ്ക്കുള്ളിലും വെളിയിലും നടന്ന ജാതിവിരുദ്ധസമരത്തിന്‍റെ സംഘടിത ശ്രമങ്ങള്‍ക്ക് വ്യത്യസ്ത രൂപങ്ങളുണ്ട്. അതിന്‍റെ സവിശേഷമായ ഒരു ഘട്ടത്തെയാണ് പൊയ്കയില്‍ അപ്പച്ചന്‍റെ പ്രത്യക്ഷരക്ഷാദൈവസഭ പ്രതിനിധാനം ചെയ്യുന്നത്. അതാവട്ടെ അടിമസ്ത്രീവിമോചനം കൂടി ലക്ഷ്യമാക്കിയിട്ടുള്ളതാണ്.

അടിമത്തവും സ്ത്രൈണകര്‍ത്തൃത്വവും

കടുംബം അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃതമായ ഇടമാണെങ്കിലും ദലിത്-ബഹുജന്‍-ആദിമനിവാസി ജീവിതത്തില്‍ സ്വയം നിര്‍ണ്ണയശേഷി സ്ത്രീക്ക് പ്രതിനിധാനപരമായി നിലനില്‍ക്കുന്നു എന്നത് പ്രധാനമാണ്.  എന്നാല്‍ അധ്വാനവുമായി ബന്ധപ്പെട്ട് സ്ത്രീയും പുരുഷനും ഒരേ തൊഴില്‍ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുമ്പോഴും പൊതുബോധം അതിനു വിരുദ്ധമായിട്ടാണ് ചരിത്രപരമായി നിലകൊണ്ടിരുന്നത്. ഇക്കാര്യം പൊക്കുടന്‍റെയും, സി.കെ. ജാനുവിന്‍റെയും ജീവിതാഖ്യാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അധ്വാനത്തിന് തുല്യമായി കൂലിവിതരണം ചെയ്യാതെ സാമ്പത്തികതലത്തില്‍ ലിംഗാസമത്വത്തെ സ്ഥാപിച്ചുറപ്പിക്കുന്ന സാമൂഹികവ്യവഹാരമാണ് ജാതീയാടിമത്തത്തിന്‍റേതെന്ന് ഇവര്‍ ആഖ്യാനം ചെയ്യുന്നു1.ബ്രാഹ്മണകുടുംബവുമായി താരതമ്യം ചെയ്തുകൊണ്ട് ഉല്‍പാദനപരമായ സാമൂഹികബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ജാതിസമൂഹങ്ങളില്‍ വളരെ പുരോഗമനപരവും സമത്വാധിഷ്ഠിതവുമായ സ്ത്രീ-പുരുഷബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് കാഞ്ച ഇളയ്യ നിരീക്ഷിക്കുന്നുണ്ട് (കാഞ്ച ഇളയ്യ 2019:152). ജാതീയാടിമത്തമര്‍ദ്ദനം സ്ത്രീയും പുരുഷനും ഒരുപോലെ അനുഭവിക്കേണ്ടിവരുന്ന സമൂഹങ്ങളില്‍ ലിംഗാസമത്വത്തിന്‍റെ തോത് കുറയുന്നു എന്നാണ് ദലിത് ആഖ്യാനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. അംബേദ്കര്‍ വ്യക്തമാക്കുന്നതുപോലെ ജാതിവ്യവസ്ഥയില്‍ ഒരാള്‍ ഉയര്‍ന്ന ശ്രേണിയില്‍ അവരോധിക്കപ്പെടുമ്പോള്‍ അധികാരവും പദവിയും കൂടുകയും താഴ്ന്ന ശ്രേണിയിലാകുമ്പോള്‍ ജാതികളോടുള്ള നിന്ദയുടെ അളവും കൂടുന്നു. കാരണം ജാതീയാടിമത്തത്തിന് വിധേയമായ ജനതയ്ക്ക് ലിംഗഭേദമെന്യേ യാതൊരു അധികാരവും അവകാശവുമില്ല. അവരുടെ പദവി വളരെ താഴ്ന്നതും നിന്ദ്യവുമാണ്. മാത്രമല്ല അശുദ്ധിക്കു പാത്രമാവുന്നവരും അഴുക്കാര്‍ന്നവരുമായിട്ടാണ് അവരെ പരിഗണിച്ചിരുന്നത്. അതുകൊണ്ട്തന്നെ ജാതീയാടിമത്തമനുڅവിച്ച ജനതയ്ക്ക് ലിംഗേڅദമില്ലാതെ എല്ലാവിധ അവകാശവും കര്‍ത്തൃത്വപദവിയും നിഷേധിക്കപ്പെട്ടു. ഇക്കാരണംകൊണ്ട് ദലിത്-ബഹുജന്‍ ജ്ഞാനികളെല്ലാം ലിംഗസമത്വത്തിനുവേണ്ടി നിലകൊണ്ടവരായിരുന്നു. ജ്യോതിറാവു ഫൂലേ 1882-ല്‍ എഡ്യുക്കേഷന്‍ കമ്മീഷനു മുമ്പാകെ നടത്തിയ വിവരണത്തില്‍ ജാതീയാടിമത്തത്തിനെതിരെ പെണ്‍കുട്ടികളുടെ പ്രാഥമികവിദ്യാഭ്യാസം വിപുലപ്പെടുത്തണം എന്നാണ് ആവശ്യപ്പെടുന്നത്(Jyothi Rao Phule 1884: 140-145). രാഷ്ട്രീയമായ സമത്വത്തോടൊപ്പം സാമൂഹികസമത്വം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സ്ത്രീപുരുഷസമത്വമെന്ന ആശയം പ്രയോഗത്തില്‍ വരേണ്ടതുണ്ടെന്നാണ് അംബേദ്കറും അവകാശപ്പെട്ടത്.2കേരളത്തില്‍ 19-ാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തോടുകൂടി രൂപപ്പെട്ട ജാതീയാടിമത്തവിരുദ്ധമായ അടിത്തട്ട് ജനതയുടെ നവോത്ഥാനമുന്നേറ്റത്തില്‍ ദലിത് സ്ത്രീകളുടെ പങ്കാളിത്തം പ്രധാനമായിരുന്നു. പൊതുമണ്ഡലത്തിലേക്കുള്ള ദലിത് സ്ത്രീകളുടെ പ്രവേശനം 1822 കാലത്തുതന്നെ സംഭവിക്കുന്നുണ്ട്. ക്രിസ്തുമതം സ്വീകരിച്ച ചാന്നാര്‍സ്ത്രീകള്‍ മേല്‍മുണ്ട് ധരിച്ച് കല്‍ക്കുളം, ഇരണിക്കല്‍ താലൂക്കുകളിലെ പൊതുമാര്‍ക്കറ്റുകളില്‍ പ്രവേശിച്ചപ്പോള്‍ നായര്‍വിഭാഗം പുരുഷന്മാര്‍ സംഘടിച്ച് അവരെ ആക്രമിക്കുന്നുണ്ട്. 1822-ല്‍ തുടങ്ങിയ സംഘടിതമായ ഇത്തരം ആക്രമണങ്ങള്‍ 1859 വരെ തിരുവിതാംകൂറിലെ വ്യത്യസ്ത പ്രദേശങ്ങളില്‍ അരങ്ങേറുന്നതായി കാണാം. ജെ. ഡബ്ല്യൂ. ഗ്ലാഡ്സറ്റണ്‍ എഴുതുന്നു: 1858 ഒക്ടോബര്‍ 8-ന് ദീര്‍ഘനാളായി നിലനിന്നിരുന്ന ആചാരങ്ങളെ ലംഘിക്കാന്‍ ധൈര്യം കാണിക്കുകയും മേല്‍മുണ്ട് ധരിക്കുകയും ചെയ്ത നാടാര്‍സ്ത്രീകളെ നെയ്യാറ്റിന്‍കര ചന്തയില്‍വെച്ച് നായന്മാര്‍ കൈയ്യേറ്റം ചെയ്തു. അവരുടെ ജാക്കറ്റുകള്‍ വലിച്ചുകീറി. ഇതൊരു കോടതി കേസാക്കുകയും അക്രമിയെ പിഴ ഒടുക്കിച്ചു വിട്ടയക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നും ജനക്കൂട്ടം നാടാര്‍സ്ത്രീകളെ ആക്രമിച്ച് അവരുടെ ജാക്കറ്റുകള്‍ വലിച്ചുകീറി മരത്തിന്‍റെ മുകളില്‍ തൂക്കി. എന്നാല്‍ നിരവധി നാടാര്‍സ്ത്രീകള്‍ റൗക്കയോ മേല്‍മുണ്ടോ ധരിച്ച് ചന്തകളില്‍ പോകാന്‍ തയ്യാറായി (ഗ്ലാഡ്സ്റ്റണ്‍ ജെ. ഡബ്ല്യൂ 2004: പു. 56).

ജാതീയാടിമത്ത നിയമങ്ങളും ആചാരങ്ങളും ശക്തമായി നിലനിന്നിരുന്ന തിരുവിതാംകൂറില്‍ പ്രൊട്ടസ്റ്റന്‍റു ക്രിസ്റ്റ്യന്‍മിഷണറിമാരുടെ സാമൂഹികമായ ഇടപെടലുകളുടെ ഭാഗമായി കൂട്ടമായിത്തന്നെ ചാന്നാര്‍വിഭാഗങ്ങളും മറ്റ് ദലിത് വിഭാഗങ്ങളും ക്രിസ്തുമതം സ്വീകരിക്കുന്നുണ്ട്. പലയിടങ്ങളിലും  സ്ത്രീകള്‍തന്നെ ഇക്കാര്യത്തില്‍ മുന്നോട്ടുവരുന്നു. ആധുനികതയിലേക്കുള്ള മാറ്റമായി ഇതിനെ കാണാനാവുമെന്നാണ് പി. സനല്‍മോഹന്‍ നിരീക്ഷിക്കുന്നത്. ആധുനികവിദ്യാഭ്യാസത്തിന്‍റെയും മിഷണറിസഭകളുമായുള്ള ബന്ധത്തിന്‍റെയും ഫലമായി ദലിത് വിഭാഗങ്ങള്‍ക്ക്, കൊളോണിയല്‍ ആധുനികതയില്‍ സാമൂഹ്യമായി ഇടം ലഭിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് (സനല്‍ മോഹന്‍ പി. 2021:20-21).മതസ്വീകരണത്തിലൂടെ ദലിതരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശനവും, തിരുവിതാംകൂര്‍ രാജവ്യവസ്ഥയ്ക്കെതിരെ ബലം പ്രയോഗിച്ചായാലും പരിഷ്കാരം നടപ്പില്‍ വരുത്തുമെന്ന പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ മിഷണറിമാരുടെ ഇടപെടലുകളുമാണ് 1859 ജൂലൈ 26-ന് ഉത്രംതിരുനാള്‍ രാജാവിനെ മാറുമറയ്ക്കല്‍ വിളംബരത്തിലേക്ക് നയിക്കുന്നത്. ഈ വിളംബരപ്രകാരം എല്ലാവിശ്വാസത്തില്‍പ്പെട്ട ചാന്നാര്‍സ്ത്രീകള്‍ക്കും വസ്ത്രധാരണത്തിനുള്ള അവകാശം ലഭിച്ചു. എന്നാലത് ഉയര്‍ന്ന ജാതിസ്ത്രീകള്‍ ചെയ്യുന്നതുപോലെയാകരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ജാതീയാടിമത്തമര്‍ദ്ദനത്തിന് വിധേയമായ സ്ത്രീകളുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്‍റെയും അതേസമയം പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശനത്തിന്‍റെയും പ്രഖ്യാപനമായിരുന്നു വിളംബരം. എന്നാലിത് സംഘര്‍ഷാത്മകമായിരിക്കെതന്നെ ദലിത് സ്ത്രീകളുടെ പങ്കാളിത്തം നിര്‍ണ്ണായകവുമായിരുന്നുവെന്ന് കാണാം. ജാതീയാടിമത്തത്തില്‍ നിന്നും മതാത്മകസ്വത്വത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ആ അര്‍ത്ഥത്തില്‍ ആത്മാഭിമാനം രൂപപ്പെടുത്താന്‍ ഏറെ സഹായിക്കുന്നുണ്ട്3. ബ്രാഹ്മണിക് മതത്തിന് വെല്ലുവിളിയായിട്ടാണ് ക്രിസ്തുമതത്തിലേക്കും ഇസ്ലാംമതത്തിലേക്കുമുള്ള അടിമജാതികളുടെ പ്രവേശനത്തെ കാണാനാവുക എന്ന് സനല്‍മോഹന്‍ വിലയിരുത്തുന്നുണ്ട് (സനല്‍മോഹന്‍ പി. 2021:125).ജാതിവ്യവസ്ഥയ്ക്കെതിരെ സാധുജനപരിപാലനസംഘത്തിലൂടെയുള്ള അയ്യന്‍കാളിയുടെ (18631942) വിമോചനസമരങ്ങളിലും സ്ത്രീനിര്‍വ്വാഹകത്വത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ സാന്നിധ്യം കാണാം. ജാത്യാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ച അടിമത്തചിഹ്നമായ കല്ലയും മാലയും4 ഉപേക്ഷിക്കാന്‍ സാധുജനസ്ത്രീകളോട് ആഹ്വാനം ചെയ്തുകൊണ്ട് അയ്യന്‍കാളി നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രക്ഷോഭം വിജയകരമായിത്തീര്‍ന്നത് സ്ത്രീകളുടെ പങ്കാളിത്തം കൊണ്ടാണ്. കല്ലയും മാലയും ജാതീയാടിമത്തത്തിന്‍റെ ചിഹ്നമായതിനാല്‍ അതുപേക്ഷിക്കാനുള്ള അയ്യന്‍കാളിയുടെ ആഹ്വാനം തിരുവിതാംകൂറിനു വടക്കോട്ടും വ്യാപിച്ചു. കൊല്ലം പ്രദേശത്ത് ഇതിന് നേതൃത്വം നല്‍കിയത് ഗോപാലദാസനായിരുന്നു. അദ്ദേഹത്തിന്‍റെ ശ്രമഫലമായി സാധുജനസ്ത്രീകളുടെ വലിയൊരു സമാപനയോഗം പെരിനാടുവെച്ച് നടന്നു. അടിമത്തത്തിന്‍റെ അവശേഷിപ്പായി അയിത്തജാതിസ്ത്രീകള്‍ ധരിച്ചിരുന്ന കല്ലയും മാലയും, ആത്മാഭിമാനവും സ്വാതന്ത്ര്യവും വീണ്ടെടുക്കാനായി പറിച്ചെറിയേണ്ടതുണ്ടെന്ന് ഗോപാലദാസ് പ്രഖ്യാപിച്ചു. ഈ യോഗത്തെ സവര്‍ണ്ണര്‍ ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ സാധുജനസ്ത്രീകള്‍ കൊയ്ത്തരിവാള്‍ വീശിക്കൊണ്ടാണ് മാടമ്പിമാരെ നേരിട്ടത്. ഇതിനെത്തുടര്‍ന്ന് പെരിനാട് പ്രദേശത്ത് ഉടലെടുത്ത കലാപമാണ് പെരിനാട് കലാപം (1915)5. ചാന്നാര്‍ സ്ത്രീകളുടെ മാറുമറയ്ക്കല്‍ സമരത്തിലെന്നപോലെ കല്ലമാല ബഹിഷ്കരണത്തിലേര്‍പ്പെട്ട സ്ത്രീകളും വന്‍തോതില്‍ ആക്രമണത്തിന് വിധേയമായി. അയ്യന്‍കാളിയുടെ ജീവചരിത്രാഖ്യാതാക്കളെല്ലാം തന്നെ സാധുജനസ്ത്രീകളുടെ ആത്മാഭിമാനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായാണ് കല്ലയും മാലയും ഉപേക്ഷിച്ച സമരത്തെ ആഖ്യാനം ചെയ്തത്6. 

പ്രത്യക്ഷരക്ഷാദൈവസഭയിലെ സ്ത്രീ സാന്നിധ്യം

ജാതീയാടിമത്തത്തിന്‍റെ തീക്ഷ്ണാനുഭവങ്ങളിലൂടെ കടന്നുപോയ ജനതയുടെ അവസ്ഥയെ അവരുടെ ഓര്‍മ്മകളിലൂടെതന്നെ വീണ്ടെടുത്ത് ആഖ്യാനം ചെയ്യുന്ന രീതിയാണ് പൊയ്കയില്‍ അപ്പച്ചന്‍ സ്വീകരിക്കുന്നത്. പള്ളികള്‍ക്കുള്ളിലും സമൂഹത്തിലും വേര്‍തിരിവ് നേരിടുന്ന ദലിത്ക്രിസ്ത്യാനികളുടെ അന്തസ്സ്, സാമൂഹികപരിരക്ഷ എന്നിവ മിഷണറി വ്യവഹാരത്തിന് പുറത്ത് അന്വേഷിക്കുകയായിരുന്നു അദ്ദേഹം ചെയ്തത് (വിനില്‍പോള്‍ 2021:116). അതിനാല്‍ പ്രത്യക്ഷരക്ഷാദൈവസഭയുടെ രക്ഷാനിര്‍ണ്ണയയോഗങ്ങളില്‍ പൊയ്കയില്‍ അപ്പച്ചന്‍ പ്രസംഗിച്ചത് അന്തസ്സും ആത്മാഭിമാനവും അധികാരവും ആര്‍ജ്ജിക്കേണ്ടതിനെക്കുറിച്ചായിരുന്നു. ഇത്തരം യോഗങ്ങളില്‍ അടിമത്തജനത കുടുംബസമേതമാണ് പങ്കെടുത്തിരുന്നത്. ജാതീയാടിമത്തം ശിഥിലമാക്കിയ കുടുംബഘടനയെ പുനര്‍നിര്‍വ്വചിച്ചുകൊണ്ടേ അത് സാധ്യമാകുമായിരുന്നുള്ളൂ. അടിമയാക്കപ്പെട്ട സ്ത്രീക്കും പുരുഷനും തുല്യപങ്കാണ് ഇക്കാര്യത്തില്‍ നിര്‍വ്വഹിക്കാനുണ്ടായിരുന്നത്. കാരണം ജാതി-അടിമത്തവ്യവസ്ഥയില്‍ സ്ത്രീയും പുരുഷനും നേരിട്ട മര്‍ദ്ദനം ഒരുപോലെയായിരുന്നെങ്കിലും സ്ത്രീകളുടെ അനുഭവം അതിതീവ്രമായിരുന്നു. 

അടിമത്താനുڅവത്തിന്‍റെ ഈ തീക്ഷ്ണമായ ആഖ്യാനമാണ് സ്ത്രീകളുടെ ഓര്‍മ്മകളിലൂടെ പൊയ്കയില്‍ അപ്പച്ചന്‍ പല പാട്ടുകളിലും ആഖ്യാനം ചെയ്യുന്നത്. ലിംഗഭേദമില്ലാതെ څഅടിമസന്തതികള്‍چ അനുഭവിക്കുന്ന ദൈന്യതകണ്ട് സ്വര്‍ക്ഷത്തിലിരുന്ന് കരയുന്ന ദൈവത്തിലൂടെ7 ജാതീയാടിമത്തത്തിന്‍റെ കാഠിന്യമാണ് വ്യക്തമാക്കപ്പെടുന്നത്. ജാതി അടിമത്തം ദളിത് സ്ത്രീജീവിതത്തെ ശാരീരികമായും മാനസികമായും എങ്ങനെയെല്ലാം ബാധിച്ചുവെന്നതിന്‍റെ നിരവധി ഓര്‍മ്മകള്‍ പൊയ്കയില്‍ അപ്പച്ചന്‍ കണ്ടെടുക്കുന്നു. അതിന് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ പ്രതീകമാണ് അമ്മ. കാളയെപ്പോലെ വില്‍ക്കപ്പെടുന്ന അപ്പനേയും അമ്മയെയും തമ്പുരാക്കന്മാര്‍ കഴുത്തില്‍ കയറിട്ടു കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ത്തലച്ചുകരയുന്ന മക്കളുടെ വേദനയെയാണ് അമ്മ അഭിമുഖീകരിക്കുന്നത്. അമ്മ ഇളയകുട്ടിയെ വാരിയെടുത്ത് മടിയിലിരുത്തി അവന് മുലകൊടുത്തു. മുലപ്പാലിനൊപ്പം കണ്ണുനീരും അവന്‍റെ ചുണ്ടില്‍ വീഴുന്നു. അമ്മ കുഞ്ഞിന് നല്‍കുന്ന അവസാനത്തെ മുലപ്പാലായിട്ടാണ് അപ്പച്ചന്‍ ഇതിനെ കാണുന്നത്8.

ഞാനുമെന്‍ കണവനും
ഏറെ നാള്‍ താമസം ചെയ്തു
ഏഴു കുട്ടി ജനിച്ചതും മറപ്പതല്ല. 
(വി.വി. സ്വാമി, ഇ.വി. അനില്‍ 2011:41-43) 

എന്നു തുടങ്ങുന്ന പാട്ടില്‍ അമ്മ അനാഥത്വത്തിന്‍റെയും അന്യവല്‍കരണത്തിന്‍റെയും പ്രതീകമാണ്. ഏഴു കുട്ടികള്‍ ജനിച്ചിട്ടും രണ്ടു കുട്ടികളൊഴികെ മറ്റു മക്കളെല്ലാം ജാതീയാടിമത്തത്തിന്‍റെ പേരില്‍ നഷ്ടമാകുന്ന കുഞ്ഞുങ്ങളെയോര്‍ത്ത് വിലപിച്ചുകരയുന്ന അമ്മയിലൂടെ അടിമത്തത്തിന്‍റെ പീഡിതാവസ്ഥയും അസ്വാതന്ത്ര്യവും എത്ര തീക്ഷ്ണമാണെന്ന് അപ്പച്ചന്‍ തിരിച്ചറിയുകയും ആഖ്യാനം ചെയ്യുകയും ചെയ്യുന്നു. ജാതി-അടിമത്തവ്യവഹാരങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ത്രൈണശരീരത്തെ വികാരവും സ്നേഹവും ദയയും കവിഞ്ഞൊഴുകുന്ന ആധുനിക വ്യക്തിശരീരമായി അപ്പച്ചന്‍ പുനര്‍നിര്‍വ്വചിക്കുന്നു. കാരണം ബ്രാഹ്മണികമായ സാമൂഹികസംവിധാനത്തിലൂടെ അധ്വാനിക്കുന്ന ജനതയെ സാമുദായികമായി മാത്രമല്ല ശിഥിലമാക്കിയത്. മറിച്ച്, കുടുംബപരമായി രക്തബന്ധങ്ങളുടെ ശിഥിലീകരണം കൂടിയായിരുന്നു. ഈയൊരവസ്ഥയെ അതിജീവിക്കാന്‍ സ്നേഹത്തെ ഒരു വ്യവഹാരമെന്ന നിലയിലാണ് അടിമത്തജനതയും ദളിത് സൈദ്ധാന്തികരും പ്രതിഷ്ഠിച്ചത്. കോണല്‍ വെസ്റ്റിനെ മുന്‍നിര്‍ത്തി സൂരജ് യെങ്ങ്ഡേ എഴുതുന്നു:ڇചവിട്ടിമെതിക്കപ്പെട്ട ആളുകള്‍ക്ക് കൂട്ടായ്മയുടെ ബോധം സൃഷ്ടിക്കാനുള്ള അവസാനമാര്‍ഗമാണ് സ്നേഹം9 നിസ്സംഗതയുടെയും ദുരന്തത്തിന്‍റെയുമിടയില്‍ സ്നേഹം വളര്‍ത്തിയെടുക്കാനുള്ള സ്വതഃസിദ്ധമായ ശേഷി ദളിത് സംസ്കാരത്തിന്‍റെ പ്രധാനഘടകമായി വര്‍ത്തിക്കുന്നുവെന്ന് സൂരജ് യെങ്ഡേ വ്യക്തമാക്കുന്നുണ്ട് (സൂരജ് യങ്ഡേ, 2017:62).

ആര്യാധിനിവേശം തദ്ദേശീയജനതയില്‍ സൃഷ്ടിച്ച അധഃപതനമായിട്ടാണ് അപ്പന്‍റെയും അമ്മയുടെയും ജാതീയാടിമത്താവസ്ഥയെ പൊയ്കയില്‍ അപ്പച്ചന്‍ വിശദീകരിക്കുന്നത്. ആര്യന്മാരുടെ വരവ്, ആദ്യത്തെ ദ്രാവിഡനാഗരികതയായ സിന്ധുനദീതടസംസ്കാരത്തിന്‍റെ നശീകരണം, ദ്രാവിഡരുടെ പതനം എന്നിങ്ങനെ ഈ ചരിത്രം അനാവൃതമാക്കപ്പെടുന്നു. ഈ ചരിത്രപ്രക്രിയയില്‍ ആദിദ്രാവിഡ സ്ത്രീകള്‍ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും, അന്നുവരെയുള്ള ചാരിത്രനിഷ്ഠ കൈവെടിഞ്ഞ് അവര്‍ ആര്യന്മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെട്ടുവെന്നും സനല്‍മോഹന്‍ നിരീക്ഷിക്കുന്നുണ്ട് (സനല്‍മോഹന്‍ 2021:51) മാതാപിതാക്കളുടെ വീഴ്ചയുമായി ബന്ധപ്പെടുത്തിയാണ് ആദിദ്രാവിഡരുടെ ജാതീയാടിമത്തം പൊയ്കയില്‍ അപ്പച്ചന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. ചരിത്രപരമായ ഈ വസ്തുതയെ സാധൂകരിക്കുന്നുണ്ട് കെ. സേതുരാമന്‍റെ നിരീക്ഷണവും. റിസ്ലെ മുന്നോട്ടുവെയ്ക്കുന്ന ആര്യവംശാധിനിവേശസിദ്ധാന്തത്തെ പരാമര്‍ശിച്ചുകൊണ്ട് സേതുരാമന്‍ എഴുതുന്നു: ആര്യന്മാര്‍ പശ്ചിമേഷ്യാഭാഗങ്ങളില്‍നിന്ന് പടയോട്ടം നടത്തുകയും അന്ന് ഇവിടെയുണ്ടായിരുന്ന കറുത്ത വര്‍ക്ഷക്കാരായ ദ്രാവിഡരെ കീഴടക്കുകയും അവരുടെ സ്ത്രീകളെ അപഹരിക്കുകയും ചെയ്തു. (സേതുരാമന്‍, 2019:44) ആദിദ്രാവിഡരുടെ പരാജയം ജാതീയാടിമത്തത്തിലേക്കുള്ള പതനംകൂടിയായി അപ്പച്ചന്‍ ആഖ്യാനം ചെയ്യുന്നു. അതിനെ മറികടക്കാന്‍ അപ്പച്ചന്‍റെ പാട്ടുകളും ആഖ്യാനങ്ങളും പ്രബോധനങ്ങളും അടിമയെ പാരമ്പര്യവും ഓര്‍മ്മയും ഉള്ള മനുഷ്യവംശമായിട്ടാണ് അടയാളപ്പെടുത്തുന്നത്. 

ജാതീയാടിമത്തത്തിന്‍റെ പേടിസ്വപ്നങ്ങളുടെയും ഹിംസയുടെയും അകത്തു നില്‍ക്കുമ്പോള്‍ത്തന്നെ അവരും അവരുടെ തലമുറയും ചരിത്രവും ഓര്‍ത്ത് സങ്കടപ്പെടുന്നു (വി.വി. സാമി, ഇ.വി. അനില്‍ 2020:16). അടിമജീവിതത്തിന്‍റെ ശക്തമായ ഓര്‍മ്മകള്‍ അമ്മമാരിലൂടെ വീണ്ടെടുക്കുന്ന അപ്പച്ചന്‍ കര്‍ത്തൃത്വമുള്ള സ്ത്രൈണസത്തയിലൂടെ ജാതീയാടിമത്തത്തിന്‍റെ അധഃപതനത്തില്‍നിന്ന് കരകയറാനുള്ള ഉപാധിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ ജാതീയാടിമത്തത്തിലൂടെ പൂര്‍ണ്ണമായും അന്യവല്‍കരിക്കപ്പെട്ട അടിമസ്ത്രീകര്‍ത്തൃത്വം ഇച്ഛാശക്തിയുള്ള സ്ത്രൈണസത്തയിലേക്ക് പ്രവേശിക്കുന്നതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ പ്രത്യക്ഷരക്ഷാദൈവസഭയില്‍ പ്രതിനിധാനപ്പെടുന്നതു കാണാം. 

സ്ത്രൈണകര്‍ത്തൃത്വവും പ്രതിനിധാനവും

ക്രൈസ്തവസഭകളില്‍നിന്നുള്ള ബന്ധവിച്ഛേദത്തെത്തുടര്‍ന്ന് നിരവധി സഞ്ചാരപ്രസംഗങ്ങള്‍ പൊയ്കയില്‍ അപ്പച്ചന്‍ നടത്തുന്നുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഈ യോഗങ്ങളിലെ പ്രധാന ശ്രോതാക്കള്‍ . ഇത്തരം യോഗങ്ങള്‍ നിരന്തരം ആക്രമിക്കപ്പെട്ടു. 1908-ല്‍ വാകത്താനത്തുവെച്ച് നടത്തിയ യോഗം ഇത്തരത്തിലൊന്നാണ്. സംഘടിതരായെത്തിയ സവര്‍ണ്ണക്രൈസ്തവര്‍ ദലിതരെ ആക്രമിച്ചു. അനുയായികള്‍ പൊയ്കയില്‍ അപ്പച്ചനെ ഒളിപ്പിച്ചു. മൂന്ന് സ്ത്രീകള്‍ കൊയ്ത്തരിവാളുകളുമായി കാവല്‍നിന്നു. പിന്നീട് രാത്രിയില്‍ത്തന്നെ വേഷം മാറ്റി, മുണ്ടും ചട്ടയും ധരിപ്പിച്ച്, തല മുണ്ടുകൊണ്ട് മൂടി, എട്ടു സ്ത്രീകളോടൊപ്പം മുതലപ്രയില്‍ എത്തിച്ചു. പ്രത്യക്ഷരക്ഷാദൈവസഭയിലൂടെ ശാരീരികമായും ആത്മീയമായും കരുത്തുനേടുന്ന സ്ത്രീകളെക്കുറിച്ചുള്ള വിവരണങ്ങള്‍ ജീവചരിത്രാഖ്യാതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്10.

സഞ്ചാരയോഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രത്യക്ഷരക്ഷാദൈവസഭയിലെ സ്ത്രീ ഇടപെടലുകളുടെ ചരിത്രം രേഖപ്പെടുത്താനാവുക എന്നാണ് ഒ.കെ. സന്തോഷ് നിരീക്ഷിക്കുന്നത്. മലമ്പാറ പൊലിയാള്‍, കുന്നേല്‍കുട്ടി, മണ്ണൂത്തടം മൊര്‍ദ്ദേഖ, കുമരകം ചിന്ന, ആഞ്ഞിലമൂട്ടില്‍ മാര്‍ത്ത, മൈലത്തടി തങ്ക, ആനക്കുഴി അന്ന എന്നീ സ്ത്രീകള്‍ അടിലഹളയില്‍നിന്ന് അപ്പച്ചനെ രക്ഷിച്ചതായി ഒ. കെ. സന്തോഷ് രേഖപ്പെടുത്തുന്നുണ്ട്11.

ജീവശാസ്ത്രപരമായ ഒരു കേവലസത്ത എന്നതിലപ്പുറം മഹനീയപദവിയിലാണ് പ്രത്യക്ഷരക്ഷാദൈവസഭസ്ത്രീയെ സ്ഥാനപ്പെടുത്തുന്നത്. അതിനാല്‍ അപ്പച്ചന്‍ അനുശാസിക്കുന്ന ജീവിതവ്യവസ്ഥകള്‍ ഏറെയും സ്ത്രീയിലൂടെയാണ് പ്രാവര്‍ത്തികമാക്കപ്പെട്ടത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (പൊയ്കജനപന്തി 2016:137). ജാതി അടിമത്തത്തില്‍നിന്ന് ക്രമപ്പെടുത്തപ്പെട്ട ഒരു ജീവിതരീതിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ പൊയ്കയില്‍ അപ്പച്ചന്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം സ്ത്രീയും പുരുഷനും ഒരേ ദൈവികചൈതന്യമാകയാല്‍ അവര്‍ക്ക് തുല്യപ്രാധാന്യം നല്‍കണം എന്നതായിരുന്നു12. അതിന്‍റെ ഭാഗമായി ഒട്ടനവധി സ്ത്രീകള്‍ പ്രത്യക്ഷരക്ഷാദൈവസഭയുടെ ആത്മീയ ഉപദേശികളായി മാറുന്നുണ്ട്13. ശ്രീമൂലം പ്രജാസഭയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷരക്ഷാദൈവ സഭയിലെ സ്ത്രീകള്‍ 1930-ല്‍ തിരുവിതാംകൂര്‍ രാജാവിന് നിവേദനം സമര്‍പ്പിക്കുന്നതില്‍നിന്ന് രാഷ്ട്രീയമായി അവബോധരൂപീകരണത്തിലേക്കുള്ള മാറ്റവും ദര്‍ശിക്കാനാവും.

ജാതീയാടിമത്തം രൂപപ്പെടുത്തിയ വിധേയത്വത്തില്‍നിന്നും സാമൂഹിക അന്യവല്‍കരണത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കും അവകാശബോധത്തിലേക്കും അടിമജനതയെ നയിക്കുന്നതില്‍ സ്ത്രീ-പുരുഷബന്ധത്തിലെ തുല്യത എന്ന ആശയം പ്രധാനവ്യവഹാരമാണെന്ന് തിരിച്ചറിയുന്നിടത്താണ് പൊയ്കയില്‍ അപ്പച്ചന്‍ന്‍റെ സങ്കല്‍പ്പനങ്ങള്‍ നവോത്ഥാന ജ്ഞാനത്തില്‍ വ്യതിരിക്തമാകുന്നത്. പൊയ്കയില്‍ അപ്പച്ചന്‍റെ ജീവചരിത്രാഖ്യാതാക്കളെല്ലാം ഇക്കാര്യം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കെ. എം. ലെനിന്‍ എഴുതുന്നുڇസ്ത്രീകള്‍ക്ക് സമൂഹത്തില്‍ നേരത്തെ ഉണ്ടായിരുന്ന സ്വാതന്ത്ര്യവും സമത്വവും ബ്രാഹ്മണാധിപത്യത്തോടെ ഇല്ലാതായി. താഴ്ന്ന ജാതിക്കാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷിദ്ധമാക്കി. പിന്നീട് സ്ത്രീവിമോചനത്തിന് പ്രാധാന്യം കൊടുത്തത് പൊയ്കയില്‍ അപ്പച്ചനായിരുന്നു. കാരണം ജാതിയില്‍ താഴ്ന്നവരെ എന്നപോലെ സ്വസമുദായത്തിലെ സ്ത്രീകളെയും ബ്രാഹ്മണര്‍ അടിമകളാക്കിയിരുന്നു. ജാതിയുടെ പേരില്‍ ഇവിടെ ബ്രാഹ്മണാധിപത്യം അടിച്ചേല്‍പ്പിച്ച എല്ലാറ്റിനോടും ക്രിസ്തുമതം വിട്ടുപോന്ന അപ്പച്ചന്‍ കലഹിച്ചു. അതിന്‍റെ കൂട്ടത്തില്‍ സ്ത്രീകള്‍ക്ക് പുരുഷനോടൊപ്പം സ്ഥാനം നല്‍കുന്ന കാര്യത്തിലും പ്രത്യേകം ഊന്നല്‍ നല്‍കി. ഇക്കാര്യത്തില്‍ നവോത്ഥാനനായകന്മാരില്‍നിന്ന് പൊയ്കയില്‍ അപ്പച്ചന്‍ വേറിട്ടു നില്‍ക്കുന്നു (ലെനിന്‍ കെ.എം. 2016:19). ആധുനികപൗരസമൂഹത്തില്‍ ലിംഗസമത്വത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്നതില്‍ പൊയ്കയില്‍ അപ്പച്ചന്‍റെ സമീപനത്തെ ഉള്‍ക്കൊണ്ടാണ് ജീവചരിത്രാഖ്യാതാക്കള്‍ അദ്ദേഹത്തിന്‍റെ ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ആ അര്‍ത്ഥത്തില്‍ പൊയ്കയില്‍ അപ്പച്ചനെക്കുറിച്ചുവന്നിട്ടുള്ള ജീവചരിത്രാഖ്യാനങ്ങള്‍ ദലിത് വിജ്ഞാനത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു. അതിലൂടെ സ്ത്രീവിമോചനത്തിന്‍റെയും ലിംഗസമത്വത്തിന്‍റെയും ഉള്‍ക്കാഴ്ചകള്‍ ഉള്‍ക്കൊണ്ട നവോത്ഥാനജ്ഞാനിയായി പൊയ്കയില്‍ അപ്പച്ചനെ സ്ഥാനപ്പെടുത്താനാവും.

കുറിപ്പുകള്‍

1. കൃഷിപ്പണിക്ക് കരാര്‍ ഉറപ്പിക്കുമ്പോള്‍ സ്ത്രീക്കും പുരുഷനും തുല്യമായിട്ടല്ല വിഭവം വിതരണം ചെയ്തിരുന്നത് എന്ന് പൊക്കുടന്‍ വ്യക്തമാക്കുന്നു. തികഞ്ഞ പുരുഷന് രണ്ടര സേറ് നെല്ലും സ്ത്രീക്ക് ഒന്നര സേറ് നെല്ലുമാണ് നല്‍കാറുള്ളത്. (കണ്ടല്‍കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം, 2002, പു. 33)
ഒരേ സമയം ആദിമനിവാസിസ്ത്രീ സംഘര്‍ഷപ്പെടുന്നത് പൊതുസമൂഹത്തിന്‍റെ പീഡനത്തോടും ആഭ്യന്തരപുരുഷന്‍റെ പീഡനത്തോടുമാണെന്ന് സി.കെ.ജാനു തിരിച്ചറിയുന്നു. പുരുഷന്‍ കാണാത്ത അനവധി പ്രശ്നങ്ങള്‍ സ്ത്രീ അڅിമുഖീകരിക്കുന്നുണ്ടെന്ന് ജാനുവിന്‍റെ ആഖ്യാനവും വ്യക്തമാക്കുന്നു (ഭാസ്കരന്‍, ജാനു, സി.കെ ജാനുവിന്‍റെ ജീവിതകഥ, പു. 16). 
2. ഹിന്ദുമതത്തില്‍ ജനാധിപത്യവും സമത്വവും സാഹോദര്യവും സര്‍വ്വോപരി സ്ത്രീപുരുഷസമത്വവും അന്യമാണെന്നായിരുന്നു അംബേദ്കറുടെ മുഖ്യവിമര്‍ശനം. എല്ലാവിധത്തിലുമുള്ള സാമൂഹികസമത്വത്തിന്‍റെയും ആഴം ആവുന്നത്ര കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുകോഡ് ബില്ല് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതികവിഭാഗം ഹിന്ദുകോഡ് ബില്ലിനെ എതിര്‍ത്തതുകാരണം ബില്‍ പാസാക്കുന്നതില്‍നിന്ന് ഗവണ്മെന്‍റ് പുറകോട്ടുപോവുകയാണുണ്ടായത്. ഡോ. അംബേദ്കര്‍ സമ്പൂര്‍ണ്ണകൃതികള്‍, 2008, ഡോ. അംബേദ്കറും ഹിന്ദുകോഡ് ബില്ലും, വാല്യം 31.
3. മിഷണറി രേഖകളെ മുന്‍നിര്‍ത്തി ദളിത് സ്ത്രീകള്‍ സ്വതന്ത്രമായി തീരുമാനമെടുത്ത് മിഷണറി പ്രസ്ഥാനത്തില്‍ ചേരുന്നതിനെക്കുറിച്ചുള്ള നിരീക്ഷണം വിനില്‍പോള്‍ നടത്തുന്നുണ്ട്. മധ്യകേരളത്തിലെ മിഷണറി പ്രസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ആദ്യം അംഗമായെത്തുന്നത് ദളിത് സ്ത്രീകളായിരുന്നുവെന്ന് വിനില്‍പോള്‍ വ്യക്തമാക്കുന്നുണ്ട്. ചര്‍ച്ച് മിഷണറി പ്രസ്ഥാനത്തില്‍ ആദ്യമായി ദളിതരില്‍നിന്നും അംഗമാകുന്നത് കൊച്ചിയിലെ കാളി എന്നു പേരായ ഒരു പുലയസ്ത്രീയായിരുന്നു (1827) . ഇവര്‍ ലൂസി എന്ന് പേര് സ്വീകരിക്കുന്നു. അതുപോലെ 1850-ല്‍ തൃശ്ശൂരില്‍ 24 ഈഴവരുടെ ഒപ്പം വേദപഠനം പൂര്‍ത്തിയാക്കി കുറുമ്പ എന്ന പേരിനുപകരം രൂത്ത് എന്ന പേര് സ്വീകരിച്ച ദളിത് യുവതിയാണ് മധ്യകേരളത്തിലെ മറ്റൊരു പ്രധാന വ്യക്തിത്വമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. വിനില്‍പോള്‍, 2021, അടിമ കേരളത്തിന്‍റെ അദൃശ്യചരിത്രം, പു.98 കാണുക.
4. കുപ്പിച്ചില്ലും പളുങ്കുകല്ലുകളും കൊണ്ടുള്ള മാലകളായിരുന്നു ജാതീയാടിമത്തത്തിന്‍റെ ചിഹ്നമായി സാധുജനസ്ത്രീകള്‍ കഴുത്തിലണിയാനായി ഉപയോഗിച്ചിരുന്നത്. ഇത് മാറുമറയ്ക്കാനുള്ള ഉപാധികൂടിയായിരുന്നു. ദളിത് സ്ത്രീകള്‍ വസ്ത്രമുപയോഗിച്ച് മാറ് മറയ്ക്കരുത് എന്നത് ജാതി ആചാരമായിരുന്നു. ഇരുമ്പു വളയങ്ങളോ പുളിമരത്തിന്‍റെ തടി വൃത്താകൃതിയില്‍ ചെത്തിയെടുത്തതോ കാതില്‍ ധരിച്ചിരുന്നു. ഈ ആഭരണമാണ് കല്ല എന്നറിയപ്പെട്ടത്. ടി.എച്ച്.പി ചെന്താരശ്ശേരി, 2013, അയ്യന്‍കാളി, പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം, പു.76.
5. എം.ആര്‍. രേണുകുമാര്‍, 2017, അയ്യന്‍കാളി ജീവിതവും ഇടപെടലുകളും, ഡി.സി.ബുക്സ്, കോട്ടയം, പു. 114. ജാത്യാചാരങ്ങള്‍ അടിച്ചേല്‍പ്പിച്ച അടിമത്തചിഹ്നങ്ങളെ പരസ്യമായി അറുത്തെറിഞ്ഞ സാധുജനസ്ത്രീകളുടെ സ്വാതന്ത്ര്യവിളംബരമായിട്ടാണ് പെരിനാട് കലാപം (1915) അറിയപ്പെടുന്നത്.
6. ടി.എ. മാത്യൂസ്, 2012, ആചാര്യഅയ്യന്‍കാളി, അവന്തി പബ്ലിക്കേഷന്‍സ്, പു. 165-177. ടി. എച്ച്. പി. ചെന്താരശ്ശേരി, 2013, അയ്യന്‍കാളി പു.78-83 കാണുക. ടി.എച്ച്. പി. ചെന്താരശ്ശേരി എഴുതിയ അയ്യന്‍കാളി ജീവചരിത്രത്തെ പിന്‍പറ്റിക്കൊണ്ട് രചിക്കപ്പെട്ട എല്ലാ ജീവചരിത്രങ്ങളിലും സ്ത്രീകളുടെ ആത്മാഭിമാനസമരമെന്ന നിലയ്ക്കാണ് കല്ലയും മാലയും ഉപേക്ഷിച്ചതിനെ വിശദമാക്കുന്നത്. ജാതി-അടിമത്ത ആചാരങ്ങളില്‍നിന്ന് വിടുതല്‍ നേടി പുതിയൊരു കര്‍ത്തൃത്വത്തിലേക്ക് സാധുജനസ്ത്രീകള്‍ പ്രവേശിക്കുന്നു. എ.ആര്‍. മോഹനകൃഷ്ണന്‍, 2014, മഹാത്മഅയ്യന്‍ കാളി നവോത്ഥാനത്തിന്‍റെ അഗ്നിനക്ഷത്രം, ബുദ്ധ ബുക്സ്, പു. 130-133, സി.കെ. ലൂക്കോസ് (എഡി.) 2015, അയ്യന്‍കാളിയും കേരള നവോത്ഥാനവും, യൂണിറ്റ് ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ്: തിരുവനന്തപുരം പു. 64-71. സ്ത്രീകളുടെ പദവി ഉയര്‍ത്തിയ പ്രക്ഷോڅമായിട്ടാണ് കല്ലയും മാലയും ഉപേക്ഷിച്ച സമരത്തെ ഈ ജീവചരിത്രം ആഖ്യാനം ചെയ്യുന്നത്. കല്ലമാല ബഹിഷ്കരണം സ്ത്രീവിമോചനത്തിന്‍റെയും മനുഷ്യാവകാശതലത്തിലും നോക്കിക്കാണാനാണ് കെ.കെ.എസ് ദാസ് ശ്രമിച്ചിട്ടുള്ളത്. കെ. കെ. എസ് ദാസ്, 2015, അയ്യന്‍കാളി സാമൂഹ്യവിപ്ലവം, ദര്‍ശനം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം, പു.78-92 കാണുക. 
7. അപ്പച്ചന്‍റെ ഒരു പാട്ടില്‍ ദൈവം കരയുന്നതായി ആഖ്യാനം ചെയ്യുന്നുണ്ട്.
സ്വര്‍ഗമാം തന്നിലിരുന്നുകൊണ്ട്
എന്‍റെ കണ്ണുനീര്‍ കണ്ട് കരഞ്ഞവനെ
ഞാന്‍ അന്യനായ് വലയുന്നതിനെ കണ്ട്
സ്വര്‍ഗത്തില്‍ നിന്നിറങ്ങി
എന്‍ അടിമ ശരീരമൊരുടുപ്പായി ധരിച്ചുകൊണ്ട്
ഇറങ്ങി څൂവിടത്തില്‍....... കെ. ഇ. എന്‍, 2016, കേരളനവോത്ഥാനത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, പു 23 കാണുക.
8. വി.വി. സ്വാമി, ഇ. വി. അനില്‍ (സമ്പാ) 2011, പ്രത്യക്ഷരക്ഷാദൈവസഭാപാട്ടുകള്‍, പു. 70-71. പൊയ്കയില്‍ അപ്പച്ചനെക്കുറിച്ചുള്ള ജീവചരിത്ര ആഖ്യാനങ്ങളിലെല്ലാം തെക്കുനിന്നും വടക്കുനിന്നും തമ്പുരാക്കന്മാര്‍ വന്ന് അപ്പനെയും അമ്മയെയും കഴുത്തില്‍ കയറിട്ടു കൊണ്ടുപോകുന്നതിനെ സംബന്ധിച്ചുള്ള ഈ ആഖ്യാനത്തെ സൂചിപ്പിക്കുന്നുണ്ട്. പ്രത്യക്ഷരക്ഷാദൈവസഭയുടെ തിയോളജിയുമായി ഇതിനു ബന്ധമുണ്ടെന്നാണ് വി.വി.സ്വാമി വ്യക്തമാക്കുന്നത്. വ്യവസ്ഥയുടെനടപ്പാതകള്‍ പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍റെ  ജീവചരിത്രം: പുനരാഖ്യാനവും വിവക്ഷകളും, ജീവചരിത്രപുനരാഖ്യാന സമിതി സൊസൈറ്റി ഓഫ് പി. ആര്‍. ഡി. എസ്സ് സ്റ്റഡീസ് തയ്യാറാക്കിയ കൃതിയില്‍ വാക്കും മൊഴിയും എന്നഭാഗത്ത് പ്രാധാന്യത്തോടുകൂടി ഇത് രേഖപ്പെടുത്തുന്നുണ്ട്. പു. 176.
9. കേണല്‍വെസ്റ്റ്, 1993, വംശീയപ്രശ്നങ്ങള്‍ എന്ന കൃതിയില്‍നിന്ന് സൂരജ് യെങ്ഡേ ഉദ്ധരിച്ചു ചേര്‍ത്തത് സ്നേഹമെന്ന വികാരത്തെ ദളിതരുടെ അതിജീവനത്തിന്‍റെ കൂട്ടായ അനുഭവമായാണ് സൂരജ് യെങ്ഡേ വിലയിരുത്തുന്നത്. സൂരജ് യങ്ഡേ, ജാതി ഒരു പ്രശ്നമാണ്, 2017, പു. 61-71 കാണുക.
10. കെ.കെ. കൊച്ച്, 2013, ദലിത് നേര്‍ക്കാഴ്ചകള്‍, പു. 37. 
വി. വി. സ്വാമി, ഇ. വി. അനില്‍, 2020, അടിമവിഷയം, പു. 35.
സതീഷ് കിടാരക്കുഴി, 2016, പൊയ്കയില്‍ ശ്രീകുമാരഗുരുദേവന്‍ പു. 44-45.
കെ.എം. ലെനിന്‍, 2016, പൊയ്കയില്‍ അപ്പച്ചന്‍, കീഴാളവിമോചകന്‍,പു, 17.
ടി.എച്ച്. പി. ചെന്താരശ്ശേരി, 2017, പൊയ്കയില്‍ അപ്പച്ചന്‍, പു.21.  
വി. വി. സ്വാമി, ഇ. വി. അനില്‍, 2017, വ്യവസ്ഥയുടെ നടപ്പാതകള്‍, പു. 75-76 എന്നീ ജീവചരിത്രാഖ്യാനങ്ങളില്‍ വാകത്താനം യോഗത്തിലെ രക്ഷാകര്‍ത്തൃസ്ഥാനത്ത് സ്ത്രീകള്‍ വഹിക്കുന്ന പങ്ക് വിശദമാക്കുന്നുണ്ട്.
11. ഒ.കെ. സന്തോഷ്, 2011, പൊയ്കയില്‍ ശ്രീകുമാരഗുരു നവോത്ഥാന ചരിത്രപാഠങ്ങള്‍, പു. 46. വെട്ടിയാട്ട് എന്ന സ്ഥലത്തുവെച്ച് നടന്ന യോഗത്തില്‍ അപ്പച്ചനെ രക്ഷിക്കുവാന്‍ പറമ്പില്‍ കൊച്ചാച്ചി, കുഴിയടി മറിയ, ഏലി, വാഴിപ്പുരയിടത്തില്‍ കുഞ്ഞേലി എന്നിവര്‍ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമാണ്.വെട്ടിയാട്ട് നടന്ന ഈ ആക്രമത്തില്‍ ഏലി എന്ന സ്ത്രീ മരണപ്പെടുകയും പില്‍ക്കാലത്ത് څവെട്ടിയാട്ടമ്മچ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ഒ. കെ. സന്തോഷ്, പു. 47. വാക്കും മൊഴിയും, പു. 137.
12. അലക്കി വെളുപ്പിച്ച വസ്ത്രം ധരിക്കണം, നികൃഷ്ടമായ ഭക്ഷണം കഴിക്കരുത്, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പാത്രങ്ങള്‍ കഴുകുമ്പോള്‍ അത് കമിഴ്ത്തിവെയ്ക്കണം. മൂന്നിടങ്ങഴി വെള്ളവും ഇലയും ഉപയോഗിച്ച് ശൗചം ചെയ്യണം. വീടുകള്‍ക്ക് രണ്ടു മുറിയെങ്കിലും ഉണ്ടായിരിക്കണം. കണ്ടുമുട്ടുമ്പോഴും വിട പറയുമ്പോഴും പരസ്പരം കൈകൂപ്പി വന്ദനം പറയണം. ഇങ്ങനെ ജീവിതവ്യവസ്ഥയുടെ ആധുനികതയിലേക്കുള്ള ഒട്ടനവധി ഉദ്ബോധനങ്ങള്‍ അപ്പച്ചന്‍ നല്‍കുന്നുണ്ട്. വി.വി. സ്വാമി, ഇ. വി. അനില്‍, 2017, വ്യവസ്ഥയുടെ നടപ്പാതകള്‍, പു. 61 കാണുക. 
13. കുളകുറ്റി മറിയ, ആഞ്ഞിലിമൂട്ടില്‍ മാര്‍ത്ത, അടിച്ചിറ ശോശ, കുഴിയടി മറിയ, കുമരകം ചിന്ന എന്നിവര്‍ സڅയുടെ പ്രധാന നടത്തിപ്പുകാരും ആത്മീയപ്രവര്‍ത്തകരുമായിരുന്നു. വ്യവസ്ഥയുടെ നടപ്പാതകള്‍, പു. 138. പൊയ്കയില്‍ അപ്പച്ചന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പത്നി വി. ജാനമ്മയുടെ കര്‍ത്തൃത്വത്തിലാണ് പ്രതിരക്ഷാദൈവസഭയിലെ ഭൂരിപക്ഷം വിശ്വാസികളും നിലകൊണ്ടത്.

ഗ്രന്ഥസൂചി

അംബേദ്കര്‍, ഡോ. (2008). ഡോ. അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍. വാല്യം 31. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
കാഞ്ച ഇളയ്യ, (2019). ഹിന്ദു അനന്തര ഇന്ത്യ (വിവ). സത്യന്‍, പി.വി. കോഴിക്കോട്: പ്രോഗ്രസ് ബുക്സ്.
കെ.ഇ.എന്‍, (2016). കേരള നവോത്ഥാനത്തിന്‍റെ ചരിത്രവും വര്‍ത്തമാനവും. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്.
കൊച്ച്, കെ.കെ. (2013). ദലിത് നേര്‍ക്കാഴ്ചകള്‍. തിരുവനന്തപുരം: അക്ഷര ഓഫ്സെറ്റ്.
ഗ്ലാഡ്സ്റ്റന്‍, ജെ.ഡബ്യു. ഡോ. (2004). കേരളത്തിലെ ക്രിസ്തുമതവും ബഹുജനപ്രസ്ഥാനങ്ങളും (വിവ). പുനലൂര്‍ ഗോപാലകൃഷ്ണന്‍, തിരുവനന്തപുരം: സിദ്ധി പബ്ലിക്കേഷന്‍സ്.
ചെന്താരശ്ശേരി, ടി.എച്ച്.പി. (2013). അയ്യന്‍കാളി. തിരുവനന്തപുരം: പ്രഭാത് ബുക് ഹൗസ്.
ദാസ്, കെ.കെ.എസ് (2015). അയ്യന്‍കാളി സാമൂഹ്യവിപ്ലവം ദര്‍ശനം. കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം.
പൊക്കുടന്‍, (2002). കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം. (എഡി). താഹമാടായി. പഴയങ്ങാടി. കണ്ണൂര്‍: മീഡിയ മാജിക്.
പൊയ്കജനപന്തി, (2016). പ്രത്യക്ഷരക്ഷാദൈവസഭ ആത്മജ്ഞാനത്തിന്‍റെ വാക്കും മൊഴിയും. തിരുവനന്തപുരം: മൈത്രി ബുക്സ്.
പോള്‍ ചിറക്കരോട്, (2008). ദലിത് ക്രൈസ്തവര്‍ കേരളത്തില്‍. തിരുവനന്തപുരം: റെയ്വന്‍ പബ്ലിക്കേഷന്‍സ്.
ഭാസ്കരന്‍, (2003). ജാനു സി.കെ. ജാനുവിന്‍റെ ജീവിതകഥ. കോട്ടയം: ഡി.സി. ബുക്സ്.
മാത്യൂസ്, ടി.എ. (2012). ആചാര്യ അയ്യന്‍കാളി. കോട്ടയം: അവന്തിക പബ്ലിക്കേഷന്‍സ്.
മോഹനകൃഷ്ണന്‍, എ.ആര്‍. (2014). മഹാത്മാ അയ്യന്‍കാളി നവോത്ഥാനത്തിന്‍റെ അഗ്നിനക്ഷത്രം. കോട്ടയം: ബുദ്ധബുക്സ്.
രേണുകുമാര്‍, എ.ആര്‍. (2017). അയ്യന്‍കാളി ജീവിതവും ഇടപെടലുകളും. കോട്ടയം:  ഡി.സി. ബുക്സ്.
ലൂക്കോസ്, സി.കെ. (2015). അയ്യന്‍കാളിയും കേരളനവോത്ഥാനവും. തിരുവനന്തപുരം: യൂണിറ്റ് ബുക്സ് ആന്‍റ് പബ്ലിക്കേഷന്‍സ്.
ലെനിന്‍, കെ.എം. (2016). പൊയ്കയില്‍ അപ്പച്ചന്‍ കീഴാളവിമോചകന്‍. കോട്ടയം: സാഹിത്യപ്രവര്‍ത്തകസഹകരണസംഘം.
വിനില്‍പോള്‍, (2021). അടിമകേരളത്തിന്‍റെ അദൃശ്യചരിത്രം. കോട്ടയം: ഡി.സി. ബുക്സ്.
വില്യം ലോഗന്‍, (2008). മലബാറിലെ ജനങ്ങള്‍. (വിവ). കൃഷ്ണന്‍ ടി.വി. കോഴിക്കോട് മാതൃഭൂമി.
സന്തോഷ്,~ഒ.കെ. (2011). പൊയ്കയില്‍ ശ്രീകുമാരഗുരു നവോത്ഥാനചരിത്ര പാഠങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്.
സനല്‍മോഹന്‍, പി. (2021). കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്‍റെ പാഠങ്ങളും. പത്തനംതിട്ട: പ്രസക്തി ബുക്സ്.
സനല്‍ മോഹന്‍, പി. വിനില്‍ പോള്‍, (2015). വിശ്വാസവും വിമോചനവും: കൈപ്പറ്റ ഹാബേല്‍. തിരുവല്ല: ക്രൈസ്തവ സാഹിത്യ സമിതി.
സാമുവല്‍ മറ്റീര്‍, (2010). ഞാന്‍ കണ്ട കേരളം. (വിവ.) സത്യദാസ്, എ.എന്‍. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
സൂരജ് യങ്ഡേ, (2017). ജാതി ഒരു പ്രശ്നമാണ്. (വിവ). തെഹല്‍ത്ത്, കെ.വി. കോട്ടയം: ഡി.സി. ബുക്സ്.
സേതുരാമന്‍, കെ. (2019). മലയാളി ഒരു ജനിതകവായന. കോട്ടയം : ഡി.സി. ബുക്സ്.
സ്വാമി, പി.വി. അനില്‍, ഇ. വി. (സമ്പാ). (2011). പ്രത്യക്ഷരക്ഷാദൈവസഭാപാട്ടുകള്‍. തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി.
സ്വാമി, പി.വി. അനില്‍, ഇ. വി. (സമ്പാ). വ്യവസ്ഥയുടെ നടപ്പാതകള്‍: പൊയ്കയില്‍ ശ്രീകുമാരഗുരുവിന്‍റെ ജീവചിത്രം പുനരാഖ്യാനങ്ങളും വിവക്ഷകളും. കോട്ടയം: അണ്‍സീന്‍ ലൈറ്റേഴ്സ്, സ്റ്റേറ്റ് പബ്ലിക്കേഷന്‍സ്.
സ്വാമി, പി.വി. അനില്‍, ഇ. വി. (സമ്പാ). (2020). അടിമവിഷയം. കോട്ടയം: സൊസൈറ്റി ഓഫ് പി.ആര്‍.ഡി.എസ്. സ്റ്റഡീസ്, അണസീന്‍ ലെറ്റേഴ്സ്, സ്റ്റേറ്റ് പബ്ലിക്കേഷന്‍സ്.
റോബിന്‍ ജെഫ്രി, (2013). നായര്‍ മേധാവിത്വത്തിന്‍റെ പതനം. (വിവ). പുതുപ്പള്ളി രാഘവന്‍, ചന്ദ്രശേഖരവാരിയര്‍, എം.എസ്. കോട്ടയം : ഡി.സി. ബുക്സ്.
Jyothi Rao Phule, (1884). selected writings if Jyothif Rao Phule. Vol. II. Calcutta: Education Commission, Bombay.
രവി. കെ.പി
അസോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം
ഗവ. ആര്‍ട്സ് & സയന്‍സ് കോളേജ്
കോഴിക്കോട്
Pin: 673632
Ph: +91 9446157523
Email: ravikummanchery@gmail.com
ORCID: 0009-0003-3685-4390