Rev.George Mathan-The pioneer 

Dr. Sajini Deena Mathew

Rev.George Mathan(1819-1870), the first native priest of Anglican Church in Kerala has contributed a lot to Malayalam language in particular and to the society of Kerala as a whole. He is generally remembered as the author of the first Grammar book in Malayalam written by a Keralite(Malayaazhmayute Vyakaranam). Besides this, he deserves acknowledgement from academicians as a pioneer in many areas. His essay Sathyavaadakhetam can be considered as the first of that sort in Malayalam. His review for Sanmargopadesham is the first book review done in Malayalam. Moreover, he was the first journalist among Keralites. Kozhumuthalanma, Anthareeksham and Akashathulla golangal are some of the articles that he published in Vidyasamgraham. Samyukthi can be considered as the first translated work in Malayalam.  He strongly argued that Malayalam, the mother tongue of Kerala should be made the medium of instruction and the official language of the state. He could effectively convey the need for women education to the authorities that they appointed the tutor whom he suggested. He was the first Keralite to work actively for the liberation of the oppressed and downtrodden. In order to eradicate illiteracy and to help them resist the exploitation he started a school for slaves at Mallappalli near Pathanamthitta. Using a portion of the offerings from the members of the church he managed to supply food and clothing to those in need from the lower strata of the society. In short, he should be considered as the pioneer among Keralites in different areas like priesthood, grammar studies in Malayalam, essay writing, book review, translation, journalism, appeal for mother tongue as the medium of instruction and official language as well, encouragement to women education, social reformation and liberation of slaves. 

Key words: Rev.George Mathan, grammarian, translator, journalist, social reformer

Reference: 

John E.C. (2019). Rev.George Mathan: Vedapandithanum Atimodharakanumaya Vydikan. Kottayam: CSI Madhya Kerala Diocess Sahithya Board.
John Mathews C. (2020). Vyakaranan George Mathan Pathiri(Mallappallilachan). Kidangannoor: Cherian Tharakan Kudumbayogam.
 John Mathews C.& Oommen M.I. (2021). Kochu Padre(1837-1871) & Valiya Padre (1819-1870) Two Shining Stars  of CMS. Kottayam: C.S.I. Diocesan Book Depot. 
Jubin Mattappallil(Edi.). (2019). Daksha. Department of Oriental Languages. Kottarakara: St. Gregorios College.
Samuel Chandanappalli. (1992). Rev.George Mathan Kruthikalum Padanavum. Chandanappalli: Oriental Research Institute.
Samuel Nellimukal(Ed.). (2016). Oru Preshithaprayanacharithram, CMS Missionteyum Madhya Kerela  Mahayitavakayuteyum Charithram (Vol. 2). Kottayam: Diocesan Book Depot. 
Dr. Sajini Deena Mathew
Assistant Professor
Department of Malayalam
Bishop Moore College
Mavelikara 
Kerala
India
Pin:  690 110
Ph: +91 9446186672 
Email: sajinimalayil2019@gmail.com
ORCID:0009-0006-9801-1956 

റവ.ജോര്‍ജ് മാത്തന്‍ എന്ന അഗ്രഗാമി

ഡോ. സജിനി ദീനാ മാത്യു

ആംഗ്ലിക്കന്‍സഭയിലെ ആദ്യനാട്ടുപട്ടക്കാരനായ റവ.ജോര്‍ജ് മാത്തന്‍(1819-1870) ഭാഷയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. ഒരു മലയാളി രചിച്ച ആദ്യമലയാളവ്യാകരണഗ്രന്ഥത്തിന്‍റെ(മലയാഴ്മയുടെ വ്യാകരണം) കര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നുണ്ട്. പക്ഷേ കേരളത്തിലെ നിരവധി സാഹിത്യസാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ച വ്യക്തി എന്ന നിലയില്‍ അര്‍ഹിക്കുന്ന ശ്രദ്ധയും അംഗീകാരവും അക്കാദമികരംഗങ്ങളില്‍ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. റവ.ജോര്‍ജ് മാത്തന്‍ രചിച്ച സത്യവാദഖേടം മലയാളഗദ്യത്തിന്‍റെ ആദ്യപ്രൗഢമാതൃകയാണ്. സന്മാര്‍ഗ്ഗോപദേശത്തിന് അദ്ദേഹം രചിച്ച നിരൂപണം മലയാളത്തിലെ ആദ്യപുസ്തകനിരൂപണമാണ്. മലയാളിയായ ആദ്യപത്രപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. മുതലാണ്മ, അന്തരീക്ഷം, ആകാശത്തുള്ള ഗോളങ്ങള്‍ എന്നിവ അദ്ദേഹം വിദ്യാസംഗ്രഹത്തിലെഴുതിയ ലേഖനങ്ങള്‍ക്കുദാഹരണങ്ങളാണ്. ജന്മഭാഷ(മാതൃഭാഷ) ബോധനമാധ്യമവും ഭരണഭാഷയുമാക്കണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിന്‍റെ ആവശ്യകത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു, അദ്ദേഹം നിര്‍ദ്ദേശിച്ച വ്യക്തിയെത്തന്നെ ട്യൂട്ടറായി അവര്‍ നിയമിക്കുകയും ചെയ്തു. അധഃസ്ഥിതവിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ട ആദ്യമലയാളിയും അദ്ദേഹമാണ്. അടിമകളുടെ നിരക്ഷരതയും അവരനുഭവിക്കുന്ന ചൂഷണങ്ങളും മനസ്സിലാക്കിയ അദ്ദേഹം മല്ലപ്പള്ളിയില്‍ അടിമസ്കൂള്‍ ആരംഭിച്ചു. സഭാവിശ്വാസികള്‍ പള്ളിയില്‍ സമര്‍പ്പിക്കുന്ന വഴിപാടില്‍നിന്നൊരു വിഹിതമുപയോഗിച്ച് സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ക്ക് വസ്ത്രവും ആഹാരവുംനല്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പൗരോഹിത്യം, മലയാളവ്യാകരണഗ്രന്ഥരചന, ഉപന്യാസം, പുസ്തകനിരൂപണം, വിവര്‍ത്തനം, പത്രപ്രവര്‍ത്തനം, മാതൃഭാഷാവാദം, സ്ത്രീവിദ്യാഭ്യാസം, സമൂഹ പരിഷ്കരണം, അടിമോദ്ധാരണം എന്നീ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആദ്യമലയാളി എന്ന സ്ഥാനം റവ.ജോര്‍ജ് മാത്തന്‍ അര്‍ഹിക്കുന്നു.

താക്കോല്‍വാക്കുകള്‍: റവ.ജോര്‍ജ് മാത്തന്‍, വൈയാകരണന്‍, വിവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, സമൂഹപരിഷ്കര്‍ത്താവ്

മലയാളവ്യാകരണത്തിനു റവ.ജോര്‍ജ് മാത്തന്‍ നല്കിയ അമൂല്യസംഭാവനകള്‍ ഇന്ന് അക്കാദമികരംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും അംഗീകാരവും നേടിക്കൊണ്ടിരിക്കുന്നു. ഗദ്യരചന, വിവര്‍ത്തനം, ഭാഷാശാസ്ത്രം, പുസ്തകനിരൂപണം, പത്രപ്രവര്‍ത്തനം, സാമൂഹികനവോത്ഥാനം, അടിമോദ്ധാരണം എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആഴത്തിലുള്ള ഗവേഷണാത്മകപഠനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. രണ്ടു നൂറ്റാണ്ടുമുമ്പു ജനിച്ച, അഞ്ചു പതിറ്റാണ്ടുമാത്രം ജീവിച്ച ഈ പാതിരി കേരളത്തിനും കൈരളിക്കും നല്കിയ സംഭാവനകളെക്കുറിച്ചും വിവിധകര്‍മ്മമണ്ഡലങ്ങളില്‍ അദ്ദേഹത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുമുള്ള അന്വേഷണമാണ് ഈ പഠനം ലക്ഷ്യമാക്കുന്നത്. 

പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ ചെറിയാന്‍ തരകന്‍ കുടുംബത്തില്‍നിന്നു പത്തനംതിട്ടജില്ലയിലെ കിടങ്ങന്നൂര്‍ പുളിയേലില്‍ താമസമാക്കിയ മാത്തന്‍ തരകന്‍റെയും പുത്തന്‍കാവ് പുത്തന്‍വീട്ടില്‍ അന്നമ്മയുടെയും രണ്ടാമത്തെ മകനായി 1819 സെപ്റ്റംബര്‍ 25-ാം തീയതി റവ.ജോര്‍ജ് മാത്തന്‍ ജനിച്ചു. ജനിക്കുംമുമ്പു പിതാവിനെ നഷ്ടപ്പെട്ടതിനാല്‍ പിതൃസഹോദരനായ കുര്യന്‍ കത്തനാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഒന്‍പതാംവയസ്സില്‍ ചേപ്പാട് മാര്‍ ദിവാന്യാസോസ് മെത്രാപ്പോലീത്തായില്‍നിന്നു കോറൂയോപ്പട്ടം സ്വീകരിച്ചു. അതിനുശേഷം കോട്ടയം പഴയ സെമിനാരിയില്‍ പഠനം തുടങ്ങി. റവ.ജോസഫ് പീറ്റ്, റവ.ജോസഫ് ഫെന്‍, റവ.ഹെന്‍റി ബേക്കര്‍ സീനിയര്‍, റവ.ബെഞ്ചമിന്‍ ബെയ്ലി, പാലക്കുന്നത്ത് അബ്രഹാം മല്പാന്‍, കോനാട്ട് അബ്രഹാം മല്പാന്‍, കോഴിക്കോട് കുഞ്ഞനാശാന്‍ തുടങ്ങിയവരായിരുന്നു അദ്ധ്യാപകര്‍. 1837 മുതല്‍ നാലുവര്‍ഷം മദ്രാസിലെ ബിഷപ്പ് കോറീസ് ഗ്രാമര്‍ സ്കൂളില്‍ പഠിച്ചു. അതിനുശേഷം അവിടെത്തന്നെയുള്ള ചര്‍ച്ച് മിഷനറി ഇന്‍സ്റ്റിറ്റ്യൂഷനില്‍ മൂന്നുവര്‍ഷത്തെ വൈദികപഠനം പൂര്‍ത്തിയാക്കി. മലയാളം, സംസ്കൃതം, ഇംഗ്ളിഷ്, സുറിയാനി, ഗ്രീക്ക്, ലാറ്റിന്‍ എന്നീ ഭാഷകളില്‍ വ്യുല്പത്തി നേടി.  1844 ജൂണ്‍ 2-ന്  ജോര്‍ജ് മാത്തന് ശെമ്മാശപ്പട്ടം ലഭിച്ചു.  തുടര്‍ന്ന് തിരുവിതാംകൂറിലെത്തിച്ചേര്‍ന്ന അദ്ദേഹത്തിന്‍റെ ആദ്യകാലപ്രവര്‍ത്തനങ്ങള്‍ റവ.ജോസഫ് പീറ്റിനൊപ്പം മാവേലിക്കരയിലും സമീപപ്രദേശങ്ങളിലുമായിരുന്നു. 1845 സെപ്റ്റംബര്‍ 11-ന് അദ്ദേഹം മല്ലപ്പള്ളി പന്നിക്കുഴിയില്‍ ഈപ്പന്‍ തരകന്‍റെ മകള്‍ മറിയാമ്മയെ വിവാഹംചെയ്തു. 1847 ഏപ്രില്‍ 4-ന് ബിഷപ്പ് സ്പെന്‍സറില്‍നിന്ന് പ്രസ്ബിറ്റര്‍ പട്ടം സ്വീകരിച്ച അദ്ദേഹം ആംഗ്ലിക്കന്‍സഭയിലെ ഒന്നാമത്തെ നാട്ടുപട്ടക്കാരനായി. തുടര്‍ന്നു പതിനാറുവര്‍ഷം മല്ലപ്പള്ളിയില്‍  ഇടവകപട്ടക്കാരനായി സേവനമനുഷ്ഠിച്ചു. അധഃസ്ഥിതവിഭാഗങ്ങളിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചു. 186063, 186364 കാലഘട്ടങ്ങളില്‍ കോട്ടയത്ത് കേംബ്രിഡ്ജ് നിക്കോള്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാര്‍ട്ട് ടൈം അദ്ധ്യാപകനായും തുടര്‍ന്ന് ആക്ടിംഗ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 1860 മുതല്‍ 1870 വരെയുള്ള കാലയളവിലാണ് ഭാഷാസാഹിത്യമേഖലകളില്‍ ഇടപെടുന്നത്. 1862-ല്‍ രോഗബാധിതനായെങ്കിലും സൗഖ്യംപ്രാപിച്ചു. 1864 മുതല്‍ നാലുവര്‍ഷം തുകലശ്ശേരി (തിരുവല്ല)യില്‍ പട്ടക്കാരനായിരുന്നു. 1868-ല്‍ തലവടി ഇടവകയിലേക്കു സ്ഥലംമാറ്റം ലഭിച്ചു. അതേ വര്‍ഷം ഡൊമസ്റ്റിക് ചാപ്ലെയിനായി ഉയര്‍ത്തപ്പെട്ടു. വീണ്ടും അസുഖം ബാധിച്ച റവ.ജോര്‍ജ് മാത്തന്‍ 1870 മാര്‍ച്ച് 4-ന് അന്തരിച്ചു. തലവടി കുന്തിരിക്കല്‍ സെന്‍റ് തോമസ് സി.എസ്.ഐ. പള്ളിസെമിത്തേരിയില്‍ അന്ത്യവിശ്രമംകൊള്ളുന്നു. 

മലയാളിയായ ആദ്യമലയാളവൈയാകരണന്‍

ഒരു മലയാളി മലയാളത്തിലെഴുതിയ പ്രഥമ വ്യാകരണഗ്രന്ഥമാണ് റവ.ജോര്‍ജ് മാത്തന്‍ രചിച്ച മലയാഴ്മയുടെ വ്യാകരണം. 1863-ല്‍ ആണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. ഗ്രന്ഥാമുഖത്തില്‍ ഹെന്‍റി ബേക്കര്‍ സീനിയറും ഇ. ജോണ്‍സണും 1852-ല്‍ എഴുതിയ കുറിപ്പുകളില്‍നിന്ന് ഇതിന്‍റെ രചനാകാലം ഗുണ്ടര്‍ട്ടിന്‍റെ വ്യാകരണഗ്രന്ഥത്തിനു മുമ്പാണെന്ന് വ്യക്തമാകുന്നു. സംവൃതോകാരത്തെക്കുറിച്ചു ശാസ്ത്രീയമായി ഉദാഹരണസഹിതം പ്രതിപാദിക്കുന്ന ആദ്യവ്യാകരണഗ്രന്ഥമാണിത്. മലയാളവര്‍ണ്ണങ്ങളുടെ ധ്വനിമൂല്യനിര്‍ണ്ണയനത്തില്‍ ഈ വൈയാകരണന്‍ അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ട്. ററ, ന, ര, റ, ല എന്നിവ ഉള്‍പ്പെടുന്ന മൗണ്യം എന്ന ഒരു പ്രത്യേകവിഭാഗം വ്യഞ്ജനത്തെക്കുറിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ചിഹ്നനത്തെപ്പറ്റി മലയാളത്തില്‍ ആദ്യമായി പ്രസ്താവിച്ചുകാണുന്നത് ഈ ഗ്രന്ഥത്തിലാണ്.

പ്രബന്ധകാരന്‍   

1861-ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് നടത്തിയ പ്രബന്ധരചനാമത്സരത്തില്‍ ഒന്നാംസ്ഥാനം റവ.ജോര്‍ജ് മാത്തന്‍ എഴുതിയ സത്യവാദഖേടത്തിനു ലഭിച്ചു. ഇതില്‍ ഹിന്ദുശാസ്ത്രത്തില്‍നിന്നും ക്രിസ്ത്യാനിവേദത്തില്‍നിന്നും ഉദാഹരണങ്ങളും സാക്ഷ്യങ്ങളും ചേര്‍ത്തിരിക്കയാല്‍ പലര്‍ക്കും വിരോധത്തിനിടയുള്ളതുകൊണ്ട് അവ നീക്കംചെയ്യാതെ ഈ കൃതി സര്‍ക്കാര്‍വകയായി പ്രസിദ്ധപ്പെടുത്തുന്നതിനു സാധിക്കില്ലെന്ന് അറിയിപ്പു ലഭിച്ചതിനാലും പുസ്തകത്തിന്‍റെ സ്വഭാവത്തിനും ആകൃതിക്കും വളരെ മാറ്റം വരുത്തിയിട്ടല്ലാതെ അവയെ നീക്കുന്നതിനു കഴിയാത്തതിനാലും അദ്ദേഹം സര്‍ക്കാരില്‍നിന്ന് അനുമതി വാങ്ങി 1863-ല്‍ ഈ കൃതി സ്വന്തമായി പ്രസിദ്ധപ്പെടുത്തി. മാതാപിതാക്കന്മാര്‍ മക്കളെ ചെറുപ്പം മുതല്‍ സത്യം സംസാരിപ്പിച്ചു ശീലിപ്പിക്കേണ്ടിയ ആവശ്യത്തെക്കുറിച്ച് ഒരു വിരുതുപ്രകരണം എന്നാണ് ഗ്രന്ഥാരംഭത്തില്‍ കൊടുത്തിരിക്കുന്നത്. പ്രബന്ധങ്ങള്‍ എങ്ങനെ രചിക്കണമെന്നുള്ളതിന് അക്കാലത്തെ എഴുത്തുകാര്‍ക്കുമാര്‍ഗ്ഗദര്‍ശകമായിരുന്നു ഈ രചന.

പ്രഭാഷകന്‍

1861 ഓഗസ്റ്റ് 13-ാം തീയതി കൊല്ലം ഡിവിഷന്‍കച്ചേരിയില്‍വെച്ച്څരാമരായരു ദിവാന്‍ ബേഷ്ക്കാരുടെ വിരുതിപ്രകാ രംچറവ.ജോര്‍ജ് മാത്തന്‍ നടത്തിയ പ്രഭാഷണം അതേവര്‍ഷം കോട്ടയം സി.എം. പ്രസ്സില്‍നിന്നു ബാലാഭ്യസനം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. ആധുനിക വിദ്യാഭ്യാസവിചക്ഷണന്മാരുടെ ഏറ്റവും നവീനമെന്ന് അംഗീകരിക്കപ്പെടുന്ന വീക്ഷണങ്ങള്‍ ഒന്നരനൂറ്റാണ്ടുമുമ്പ് അദ്ദേഹം ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. അഭ്യസന(ഋറൗരമശേീി)ത്തിലൂടെ മനുഷ്യനുണ്ടാകുന്ന ഉയര്‍ച്ചയെപ്പറ്റി സോദാഹരണം വിശദമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം പ്രാപ്യമാകുന്ന സാര്‍വ്വലൗകികവിദ്യാഭ്യാസം (ഡിശ്ലൃമെഹ ഋറൗരമശേീി) ആണ് അദ്ദേഹം വിഭാവനംചെയ്തത്. പഠനമാദ്ധ്യമം ജന്മഭാഷ (ങീവേലൃീിഴേൗല) ആയിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാഠ്യപദ്ധതിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ചും കാര്യകാരണസഹിതം പ്രതിപാദിച്ചിട്ടുണ്ട്. ഏവരും ഭാരതപൈതൃകത്തില്‍ അഭിമാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. 

വിവര്‍ത്തകന്‍

കൈരളിക്ക് ഉത്തമ വിവര്‍ത്തനമാതൃകകള്‍ സംഭാവന ചെയ്ത ആദ്യമലയാളിയാണ് റവ.ജോര്‍ജ് മാത്തന്‍. ജോസഫ് ബട്ലര്‍ എന്ന പാതിരിയുടെ The Analogy of Religion Natural and Revealed to Constitution and Course of Nature എന്ന ദൈവശാസ്ത്രഗ്രന്ഥത്തിന് സംയുക്തി എന്ന പേരില്‍ അദ്ദേഹം നിര്‍വ്വഹിച്ച വിവര്‍ത്തനം(ഒന്നാം ഭാഗം) 1866 -ല്‍ കോട്ടയം ചര്‍ച്ച് മിഷന്‍ പ്രസ്സ് പ്രസിദ്ധീകരിച്ചു. ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാര്‍ഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാര്‍ഗ്ഗത്തോടുമുള്ള സംയുക്തി എന്നാണ് ടൈറ്റില്‍ പേജില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡോ.മുള്ളറിന്‍റെ അ ഇീി്ലൃമെശേീി എന്ന കൃതിക്ക് ഒരു സംവാദം എന്ന പേരില്‍ റവ.ജോര്‍ജ് മാത്തന്‍ പൂര്‍ത്തിയാക്കിയ വിവര്‍ത്തനം അദ്ദേഹത്തിന്‍റെ മരണശേഷംڅമലയാളം റിലീജിയസ് ട്രാക്റ്റ് ആന്‍ഡ് ബുക് സൊസൈറ്റി 1884 -ല്‍ പ്രസിദ്ധപ്പെടുത്തി. A Conversation Between a Pandit of Benares and an English Judge by Dr. Mullens translated by the late Rev. G. Matthan  എന്ന് ടൈറ്റില്‍ പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗദ്യഭാഷാശില്പി

വ്യത്യസ്ത വിഷയങ്ങള്‍ ആസ്പദമാക്കി  റവ.ജോര്‍ജ് മാത്തന്‍ എഴുതിയ നിരവധി ലഘുപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനികഗദ്യസാഹിത്യത്തിന്‍റെ ഉത്തമമാതൃക അദ്ദേഹത്തിന്‍റെ രചനകളിലാണ് ആദ്യമായി കാണാന്‍ കഴിയുന്നത്. വിഷയത്തിന്‍റെ സ്വഭാവത്തിനു യോജിച്ച രീതിയില്‍ പ്രബന്ധങ്ങളുടെ ഭാഷയിലും അദ്ദേഹം മാറ്റം വരുത്തിയിരുന്നതായി കാണാം. ബഹുഭാഷാപണ്ഡിതനായ അദ്ദേഹത്തിനു തന്‍റെ ശാസ്ത്രജ്ഞാനം മാതൃഭാഷയില്‍ത്തന്നെ അവതരിപ്പിക്കാന്‍ പ്രത്യേകതാത്പര്യം ഉണ്ടായിരുന്നു. അതിനു യോജിച്ച സാങ്കേതികപദാവലി ഉപയോഗിക്കുകവഴി മലയാളഭാഷയുടെ സാധ്യതകള്‍ കാട്ടിത്തരിക എന്നതും അദ്ദേഹത്തിന്‍റെ ലക്ഷ്യമായിരുന്നു. അന്തരീക്ഷം എന്ന പ്രബന്ധം ഇതിനുദാഹരണമാണ്. ആകാശത്തുള്ള ഗോളങ്ങള്‍ ജ്യോതിര്‍ഗ്ഗണിത(Astronomy)ത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പരിജ്ഞാനം വെളിവാക്കുന്നു. ഭൂമിശാസ്ത്രത്തെ അധികരിച്ചെഴുതിയ ഭൂമി ഉരുണ്ടതാകുന്നു എന്ന ലേഖനം ആ വിഷയത്തിലുള്ള ആദ്യഭാഷാലേഖനമാണ്. സാധാരണ ചികിത്സാശാല എന്ന ലേഖനത്തില്‍ വൈദ്യശാസ്ത്രസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു. സാമൂഹികശാസ്ത്രമായിരുന്നു റവ.ജോര്‍ജ് മാത്തനു താത്പര്യമുള്ള മറ്റൊരു മേഖല. മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍ എന്ന ലേഖനം സാമൂഹികപ്രശ്നങ്ങളെ അപഗ്രഥിക്കുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ലേഖകനുള്ള പാടവം വ്യക്തമാക്കുന്നു. സാമ്പത്തികവിദഗ്ദ്ധന്‍റെ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ വിശകലനംചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നാണയമൂല്യശോഷണത്തെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നڅകൊഴുമുതലാണ്മچ എന്ന ലേഖനം ശ്രദ്ധേയമാണ്. സമുദായപരിഷ്കരണത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന താത്പര്യമാണ് മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍, പുലയരുടെ വിദ്യാഭ്യാസം എന്നീ ലേഖനങ്ങളുടെ രചനയ്ക്കു പ്രചോദനമായത്. റവ. ജോര്‍ജ് മാത്തന്‍ രചിച്ച മറുജന്മത്തെക്കുറിച്ച് എന്ന ലഘുഗ്രന്ഥംڅമലയാളം റിലീജിയസ് ട്രാക്റ്റ് ആന്‍ഡ് ബുക് സൊസൈറ്റി 1896 -ല്‍ പ്രസിദ്ധീകരിച്ചു. ടൈറ്റില്‍ പേജില്‍ On Transmigration An Essay By The Rev. G. Matthen എന്നു കൊടുത്തിട്ടുണ്ട്. 

ആദ്യ പുസ്തകനിരൂപകന്‍

ടി. ലക്ഷ്മണരായരുടെ സന്മാര്‍ഗ്ഗോപദേശം എന്ന വിവര്‍ത്തനഗ്രന്ഥത്തിന് റവ. ജോര്‍ജ് മാത്തന്‍ എഴുതിയ നിരൂപണം മലയാളത്തിലെ ആദ്യ പുസ്തകനിരൂപണമാണ്. 1864 ജൂലൈ ലക്കം വിദ്യാസംഗ്രഹത്തിലാണ് ഇത് അച്ചടിക്കപ്പെട്ടത്. പുസ്തകത്തിന്‍റെ ഉള്ളടക്കം വിശദീകരിക്കുന്നതിലും മേന്മകള്‍ കണ്ടെത്തുന്നതിലും മാത്രമല്ല ഗ്രന്ഥത്തില്‍ കടന്നുകൂടിയ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതിലും പ്രതിപാദ്യവിഷയത്തിന്‍റെ കാലികപ്രസക്തി ചര്‍ച്ചചെയ്യുന്നതിലും നിരൂപകന്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.  

മലയാളിയായ ആദ്യ പത്രപ്രവര്‍ത്തകന്‍ 

കോട്ടയം കോളജ് മാസികയായ വിദ്യാസംഗ്രഹത്തിലാണ് റവ.ജോര്‍ജ് മാത്തന്‍റെ ലേഖനങ്ങളില്‍ ഭൂരിഭാഗവും പ്രസിദ്ധീകരിച്ചത്. ഈ ത്രൈമാസികയില്‍ മലയാളവിഭാഗത്തിന്‍റെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. മലയാളിയായ ആദ്യ പത്രപ്രവര്‍ത്തകന്‍ എന്ന സ്ഥാനവും റവ.ജോര്‍ജ് മാത്തന്‍ അര്‍ഹിക്കുന്നു. അന്തരീക്ഷം, അദ്വൈതം, ആകാശത്തുള്ള ഗോളങ്ങള്‍, ഇരുമ്പുപാതയുടെയും ആവിവണ്ടിയുടെയും ആരംഭം, ഭൂമി ഉരുണ്ടതാകുന്നു എന്നുള്ളത്, സാധാരണ ചികിത്സാശാല, കൊഴുമുതലാണ്മ, മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍, വിവാഹധര്‍മ്മത്തെയും വ്യഭിചാരദോഷത്തെയുംകുറിച്ച്, വ്യഭിചാരനിഷേധം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം വിദ്യാസംഗ്രഹത്തില്‍ എഴുതിയിട്ടുണ്ട്. കഴിയുന്നിടത്തോളം മലയാളപദങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. പൊതുവേ എഴുത്തിലുപയോഗിക്കാത്ത പാങ്ങ്, പടുതി, ഏനം, മുന്തിയത് തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം യാതൊരു മടിയും കാട്ടിയില്ല. 

മാതൃഭാഷാവാദം

ഭരണഭാഷയും ബോധനമാധ്യമവും ജന്മഭാഷ തന്നെയായിരിക്കണമെന്നു ശക്തമായി വാദിച്ച വ്യക്തിയാണ്  റവ.ജോര്‍ജ് മാത്തന്‍. പണ്ഡിതര്‍ക്കും സര്‍ക്കാരിനും മലയാഴ്മയെപ്പറ്റി വലിയ മതിപ്പില്ലാത്തതിനാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഏറിയ പങ്കും തമിഴരായിരുന്നതിനാലുമാണ് നാട്ടുഭാഷയായ മലയാഴ്മ അക്കാലത്തു ഭരണഭാഷയാകാതിരുന്നതെന്ന് അദ്ദേഹം സന്മാര്‍ഗ്ഗോപദേശത്തിനു തയ്യാറാക്കിയ പുസ്തകനിരൂപണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മലയാഴ്മയിലെ അക്ഷരങ്ങള്‍ എഴുതുവാന്‍ തമിഴക്ഷരങ്ങള്‍ മതിയാവില്ലെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ...ആകയാല്‍ സര്‍ക്കാരിടപെട്ട എഴുത്തുവേലകള്‍ ഒക്കെയും മലയാഴ്മ നടപ്പായിരിക്കുന്ന പ്രദേശങ്ങളില്‍ എങ്കിലും മേലാല്‍ തമിഴില്‍ ആകാതെ ഗ്രന്ഥത്തില്‍ നടപ്പാന്‍ത്തക്കവണ്ണം നിഷ്കര്‍ഷമായിട്ടു ചട്ടംകെട്ടുന്നത് ഉത്തമം എന്നു തെളിവായി കാണാവുന്നതാകുന്നുڈ(സാമുവല്‍ ചന്ദനപ്പള്ളി,1992:550). ബോധനമാധ്യമം മാതൃഭാഷ തന്നെയായിരിക്കണമെന്ന് കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്ന ബാലാഭ്യസനത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ...ബാലാഭ്യസനത്തിനുള്ള സത്തമഭാഷ ഓരോരുത്തന്‍റെ ജന്മഭാഷയാകുന്നു...ڈ(സാമുവല്‍ ചന്ദനപ്പള്ളി,1992:435). നാട്ടുപാതിരിയായതിനാല്‍ ഉയര്‍ന്ന ഔദ്യോഗികപദവികള്‍ നല്കുന്ന സന്ദര്‍ഭങ്ങളില്‍ ലണ്ടന്‍ മിഷനറിമാരാല്‍ തമസ്കരണം നേരിടേണ്ടി വന്നിട്ടും(ജോണ്‍ ഇ.സി.,2019:123) കേംബ്രിഡ്ജ് നിക്കോള്‍സണ്‍ വെര്‍ണ്ണാക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനാകാനും ആക്ടിംഗ് പ്രിന്‍സിപ്പലാകാനും അദ്ദേഹത്തിനു സാധിച്ചതു മലയാഴ്മയോട് അദ്ദേഹത്തിനുള്ള അചഞ്ചലമായ കൂറും ഭാഷാപാണ്ഡിത്യവുംകൊണ്ടാണ്.

സമൂഹപരിഷ്കര്‍ത്താവ്  

ജോര്‍ജ് മാത്തന്‍ ഡീക്കനായിരുന്ന സമയത്ത് റവ.ജോസഫ് പീറ്റിനൊപ്പം മാവേലിക്കരയിലും സമീപപ്രദേശങ്ങളിലുമാണ് പ്രവര്‍ത്തിച്ചിരുന്നത്. റവ.പീറ്റിന്‍റെ ബംഗ്ലാവിനുസമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസൂരിബാധിതരെ യാതൊരു മടിയും കൂടാതെ ഇരുവരുംചേര്‍ന്നു ശുശ്രൂഷിച്ചിരുന്നു(ജോണ്‍ മാത്യു സി.,2019:30). റവ.ടി.ജി. റാഗ്ലണ്ടിന്‍റെ നിര്‍ദ്ദേശപ്രകാരം റവ. ഹോക്സ്വര്‍ത്തും റവ.ജോര്‍ജ് മാത്തനുംകൂടി മല്ലപ്പള്ളിയില്‍ അടിമോദ്ധാരണമിഷന്‍ സ്ഥാപിച്ചു. മിഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് റവ.റാഗ്ലണ്ടിന്‍റെ നിരീക്ഷണം ഒരു പ്രേഷിതപ്രയാണചരിത്രം എന്ന കൃതിയില്‍ ഇപ്രകാരം വിശദമാക്കുന്നുണ്ട്. ڇമല്ലപ്പള്ളിക്കു സമീപമുള്ള സ്ഥലത്ത് പാവപ്പെട്ട അടിമകളുടെ ഇടയില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു പ്രവര്‍ത്തനം നടക്കുന്നു. ഈ രാജ്യത്ത് ഈ പാവം ജീവികളെ ഉയര്‍ന്ന ജാതിക്കാര്‍ അങ്ങേയറ്റം അശുദ്ധരും അയിത്തക്കാരും ആയിട്ടാണ് കരുതുന്നത്ڈ(സാമുവേല്‍ നെല്ലിമുകള്‍ (എഡി)2016:651). അടിമകളുടെ ഇടയിലെ പ്രവര്‍ത്തനം ആരംഭിച്ചത് ഏറ്റവും പ്രതികൂലമായ ചുറ്റുപാടിലാണ്. വിഭിന്ന സമുദായങ്ങളില്‍പെട്ട വ്യക്തികള്‍-ക്രിസ്ത്യാനികളും ഹിന്ദുക്കളും-അവര്‍ തമ്മിലുള്ള പിണക്കങ്ങള്‍ തല്ക്കാലം മറന്ന് നമ്മുടെ പരിശ്രമങ്ങളെ എതിര്‍ക്കുവാന്‍ ഒന്നിച്ചു. സ്കൂള്‍ പലതവണ തീയിട്ടു. അവരുടെ ജീവനുള്ള സ്വത്തായ അടിമകളുടെ സദാചാരപുരോഗതിമൂലം അവരുടെ മേലുള്ള പുരോഗതിയും ഉണ്ടായാല്‍ അവരുടെ മേലുള്ള പിടി അയഞ്ഞുപോയേക്കുമെന്ന് യജമാനന്മാര്‍ വിചാരിച്ചു. അതിനാല്‍ അവരെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചു. അതേസമയം പ്രൊട്ടസ്റ്റന്‍റു സഭാംഗങ്ങളായ യജമാനന്മാര്‍ അടിമകളെ പഠിപ്പിക്കുന്നതിനെ അനുകൂലിച്ചു. അങ്ങനെയുള്ള യജമാനന്മാര്‍ക്കും പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. അടിമകളുമായി അടുത്തുപെരുമാറിയതിനാല്‍ അവരും അശുദ്ധരാണെന്ന് ഹിന്ദുക്കളായ യജമാനന്മാര്‍  വിധിച്ചു. അതുകൊണ്ട് പ്രൊട്ടസ്റ്റന്‍റുകാരായ  യജമാനന്മാരെ അപമാനിക്കുന്ന തരത്തില്‍ അയിത്തക്കാരോട് എന്ന മട്ടില്‍ പെരുമാറിڈ(സാമുവേല്‍ നെല്ലിമുകള്‍(എഡി.),2016:21).

അക്കാലത്ത് അടിമകളായ സാംബവര്‍ക്കും ചേരമര്‍ക്കുമിടയില്‍ അയിത്തം നിലവിലിരുന്നു. പടിഞ്ഞാറന്‍ ചേരമര്‍ കിഴക്കന്‍ ചേരമരെ തങ്ങളിലും താണജാതിക്കാരായി കരുതി അവര്‍ക്ക് അയിത്തം കല്പിച്ചിരുന്നു. ക്രിസ്തുമതം സ്വീകരിച്ച സാംബവരുടെയും ചേരമരുടെയും മനസ്സില്‍നിന്നു ജാതിചിന്തകള്‍ ദൂരീകരിക്കുന്നതിനും അവരുടെയിടയില്‍ സഹോദരഭാവം വളര്‍ത്തുന്നതിനുമായി എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന പരിപാടി റവ.ജോര്‍ജ് മാത്തന്‍ ആരംഭിച്ചു(ജോണ്‍ ഇ.സി.,2019:27). ഇടവകാംഗങ്ങളില്‍നിന്നു ലഭിക്കുന്ന സംഭാവനകള്‍ ദരിദ്രരെ സഹായിക്കാനും അടിമകള്‍ക്കു വസ്ത്രം വാങ്ങിനല്കാനും പള്ളിയിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു(ജോണ്‍ ഇ.സി.,2019:21).

1859-ല്‍ മല്ലപ്പള്ളിയില്‍ വ്യാപകമായി കോളറാബാധയുണ്ടായപ്പോള്‍ ദുരാത്മാക്കളാണ് ഈ രോഗമുണ്ടാക്കുന്നതെന്നു ഭയന്ന ബന്ധുമിത്രാദികള്‍ രോഗികളെ പരിചരിക്കാനോ മൃതദേഹങ്ങള്‍ മറവുചെയ്യാനോ തയ്യാറായില്ല. റവ.ജോര്‍ജ് മാത്തന്‍റെ നേതൃത്വത്തില്‍ സഭാവിശ്വാസികള്‍ രോഗികളെ ശുശ്രൂഷിക്കാനും മൃതശരീരങ്ങള്‍ മറവുചെയ്യാനും മുന്നോട്ടു വന്നു. പള്ളിയില്‍ ശേഖരിച്ച അരിയും വസ്ത്രങ്ങളും ആവശ്യക്കാര്‍ക്കു വിതരണംചെയ്തു(ജോണ്‍ ഇ.സി.,2019:30).

നായര്‍സമുദായത്തിന്‍റെ പുരോഗതിക്കുവേണ്ടി അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. മരുമക്കത്തായത്തിന്‍റെ ദോഷങ്ങള്‍ അക്കമിട്ടവതരിപ്പിച്ചുകൊണ്ട് നായര്‍സമുദായത്തിന്‍റെ വളര്‍ച്ച മുരടിക്കാന്‍ അതിടയാക്കുന്നത് എങ്ങനെയെന്ന് മരുമക്കത്തായത്താലുള്ള ദോഷങ്ങള്‍ എന്ന ലേഖനത്തില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്. നായര്‍സമുദായപരിഷ്കരണത്തിനു മരുമക്കത്തായം ഉപേക്ഷിച്ചു മക്കത്തായം സ്വീകരിച്ചേ മതിയാകൂ എന്നാണ് ഈ രചനയില്‍ അദ്ദേഹം അസന്ദിഗ്ദ്ധമായി സ്ഥാപിക്കുന്നത്.

ക്രിസ്തുമതവിഭാഗങ്ങള്‍ക്കുള്ളിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും അവയെ അതിജീവിക്കാന്‍ സഭാവിശ്വാസികളെ ആഹ്വാനം ചെയ്യുന്നതിനും റവ.ജോര്‍ജ് മാത്തന്‍ ഏറെ താത്പര്യം പുലര്‍ത്തിയിരുന്നു. ക്രിസ്ത്യാനികളുടെ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും വേദപുസ്തകത്തില്‍ അധിഷ്ഠിതമായിരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. ക്രിസ്തുമതത്തില്‍ ചേര്‍ന്നവര്‍ മുമ്പു പിന്തുടര്‍ന്നിരുന്ന അനാചാരങ്ങള്‍ ഉപേക്ഷിക്കാതെ അനുവര്‍ത്തിച്ചുപോരുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു.

സ്തീകളുടെ ഉന്നമനം

വേദപഠനക്ലാസ്സുകളില്‍ വരുന്ന സ്ത്രീകളില്‍ ഏതാണ്ട് എല്ലാവരുംതന്നെ നിരക്ഷരരാണ് എന്ന യാഥാര്‍ത്ഥ്യം റവ.ജോര്‍ജ് മാത്തനെ ഏറെ വ്യസനിപ്പിച്ചിരുന്നു. സ്ത്രീകളുടെ യോഗ്യമായ സാമൂഹ്യസ്ഥിതി എന്ന വിഷയം ആസ്പദമാക്കി കൊല്ലം ഡിവിഷന്‍ കച്ചേരിയില്‍ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്. സ്വഗൃഹങ്ങളിലുള്ള സാക്ഷരരായ അംഗങ്ങളുടെ സഹായത്തോടെ വായിക്കാനും എഴുതാനും പഠിക്കാന്‍ വനിതകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. പൂവത്തൂര്‍ കാരനായ കോശിയെ പെണ്‍പള്ളിക്കൂടത്തിലെ ആദ്യത്തെ അദ്ധ്യാപകനായി ദിവാന്‍ ടി. മാധവരായര്‍ നിയമിച്ചത് റവ.ജോര്‍ജ് മാത്തന്‍റെ ശുപാര്‍ശപ്രകാരമായിരുന്നു.

അര്‍പ്പണബോധമുള്ള പുരോഹിതന്‍   

റവ.ജോര്‍ജ് മാത്തന്‍റെ ഭാഷാപാണ്ഡിത്യവും സമൂഹപരിഷ്കരണത്തിലുള്ള ഉത്സാഹവും ബോധനരീതികളിലുള്ള അവഗാഹവും തിരിച്ചറിഞ്ഞ തിരുവിതാംകൂര്‍ ദിവാനായ ടി. മാധവരായര്‍ വിദ്യാഭ്യാസവകുപ്പിന്‍റെയും ബുക്ക് കമ്മിറ്റിയുടെയും അദ്ധ്യക്ഷനാകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരു വൈദികനായ തനിക്ക് സര്‍ക്കാര്‍ജോലി അനുചിതമാണെന്നു മറുപടി കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്. മതനിരപേക്ഷതയും ദേശാഭിമാനവും ഭാഷാസ്നേഹവുമുള്ള വൈദികനായി ജീവിക്കുവാന്‍ അദ്ദേഹത്തിനു സാധിക്കുകയുംചെയ്തു. 

ചുരുക്കത്തില്‍ ڇപ്രബന്ധരചനയ്ക്കും പ്രഭാഷണകലയ്ക്കും വ്യാകരണനിബന്ധനത്തിനും വേദാന്തതത്വപ്രതിപാദനത്തിനും ആധുനികശാസ്ത്രവിശദീകരണത്തിനും ഗ്രന്ഥനിരൂപണത്തിനും സാമൂഹികവിമര്‍ശനത്തിനും വിവര്‍ത്തനപ്രക്രിയയ്ക്കും സന്മാര്‍ഗ്ഗവിചിന്തനത്തിനും സഫലവും സമര്‍ത്ഥവുമായ മാധ്യമമാക്കി ഭാഷാഗദ്യത്തെ ചിട്ടപ്പെടുത്തിയെടുക്കുവാന്‍ ഈ ഭാഷാശില്പിയ്ക്കു കഴിഞ്ഞുڈ(1992:ഇതഢകക) എന്നു ഡോ. സാമുവല്‍ ചന്ദനപ്പള്ളി രേഖപ്പെടുത്തിയിട്ടുള്ളത് റവ.ജോര്‍ജ് മാത്തന്‍റെ ഭാഷാസേവനങ്ങളുടെ രത്നച്ചുരുക്കമാണ്. മലയാളിയായ ആദ്യപത്രപ്രവര്‍ത്തകന്‍ എന്ന സ്ഥാനവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. അടിമോദ്ധാരണത്തിലും സാമൂഹികനവോത്ഥാനത്തിലും സമുദായപരിഷ്കരണത്തിലും സജീവമായി പ്രവര്‍ത്തിക്കുകയും അവ ലക്ഷ്യമാക്കി എഴുതുകയുംചെയ്ത ആദ്യമലയാളിയും അദ്ദേഹമാണ്. ബോധനമാധ്യമം എന്ന നിലയിലും ഭരണഭാഷ എന്ന നിലയിലും മാതൃഭാഷയുടെ പ്രാധാന്യവും സ്ത്രീവിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും അധികാരികളുടെയും പൊതുജനത്തിന്‍റെയും ശ്രദ്ധയില്‍കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ തുടക്കക്കാരന്‍ എന്ന അംഗീകാരവും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.

ഗ്രന്ഥസൂചി

John E.C. (2019). Rev.George Mathan: Vedapandithanum Atimodharakanumaya Vydikan. Kottayam: CSI Madhya Kerala Diocess Sahithya Board.
John Mathews C. (2020). Vyakaranan George Mathan Pathiri(Mallappallilachan). Kidangannoor: Cherian Tharakan Kudumbayogam.
 John Mathews C.& Oommen M.I. (2021). Kochu Padre(1837-1871) & Valiya Padre (1819-1870) Two Shining Stars  of CMS. Kottayam: C.S.I. Diocesan Book Depot. 
Jubin Mattappallil(Edi.). (2019). Daksha. Department of Oriental Languages. Kottarakara: St. Gregorios College.
Samuel Chandanappalli. (1992). Rev.George Mathan Kruthikalum Padanavum. Chandanappalli: Oriental Research Institute.
Samuel Nellimukal(Ed.). (2016). Oru Preshithaprayanacharithram,CMS Missionteyum Madhya Kerela Mahayitavakayuteyum Charithram (Vol. 2). Kottayam: Diocesan Book Depot. 
ഡോ. സജിനി ദീനാ മാത്യു
അസിസ്റ്റന്‍റ് പ്രൊഫസര്‍
മലയാളവിഭാഗം
ബിഷപ്പ് മൂര്‍ കോളജ്
മാവേലിക്കര 
Pin: 690110
Phone: +91 9446186672
Email: sajinimalayil2019@gmail.com
ORCID: 0009-0006-9801-1956