Introspection of Vijayalakshmi’s puranic centric poems

Dr. Brincy Mathew

Vijayalakshmi is a Malayalam poetess who is known for her emotionally intense writings tinted with a sense of equality. Her major themes include love and motherhood and matters pertaining to contemporaneity. But under jurisdiction Vijayalakshmi’s poetry stands out in the poetic world of Puranic- centric poems that emotionally portray helpless lives. In all these poems, the protagonists are the representatives of those who suffering a pathetic manner. It is the success or self- fulfilment that anyone has achieved at any stage of life that motivates them to fight life again and move forward. Mythological stories are used here as tools for social reflection. Vijayalakshmi has written with a philosophical and aesthetic insight in Malayalam poetry while keeping her foot in the tradition. The poetess, who reveals the inner conflicts of the side lives and the silence given to them by fate, sheds a new perspective beyond the elite reading of the Puranas

Key words: Puranic-centric poems, Introspection Polygamy, Sreejithan, Retelling, Dharma sasthra.

Reference:

Gopi Adhinadu, (2019), Malayalakavitha parinamangaliloode, Thiruvananthapuram : Chintha Publications.
Rakhavan T.R., (2019), Vimarsanangal, Veekshanangal, Mavelikara : Febiya Books.
Leelavathi M., (2008), Sthreeswathwavishkaram Adhunikamalayala sahithyathil, Thrisur : Kerala sahithya academy.
Leelavathi M., (1997), Kavitharathi, Kozhikodu : Mathrubhoomi Books. 
Vijayalakshi, (2010),  Vijayalakshmiude kavithakal, , Kottayam : D.C Books.
Sreelathavarmma, (2010), Prathibimbhngal parayathirikkunnathu, Thiruvananthapuram: Paridhi Publications.
Sheeba Dhivakaran, (2014),  Penkavitha malayalathil, Thiruvananthapuram :  Kerala Bhashainstitute.
Sachidhananthan, (2009), Malayalakavithapadanangal,  Kozhikode: Mathrubhoomi Books.
Dr.Brincy Mathew
Assistant Professor
Department of Malayalam
Deva Matha College Kuravilangad
Pin: 686633
India
Ph: +91 9446442808
Email-brincytojo@gmail.com
ORCID: 0009-0008-5471-0880



വിജയലക്ഷ്മിയുടെ പുരാണ കേന്ദ്രിത കവിതകളിലെ അന്തര്‍ദര്‍ശനങ്ങള്‍

ഡോ. ബ്രിന്‍സി മാത്യു

സമത്വബോധത്തിലൂന്നി ഭാവതീവ്രതയോടെ രചന നിര്‍വ്വഹിച്ച കവയിത്രിയാണ് വിജയലക്ഷ്മി.  പ്രണയവും മാതൃത്വ വും സമകാലികവ്യവസ്ഥിതിയോടുള്ള കലഹവുമൊക്കെ അവരുടെ കവിതകള്‍ക്ക് വിഷയമായിട്ടുണ്ട്. എന്നാല്‍ അധികാരവ്യവസ്ഥിതി യുടെ കീഴില്‍ അമര്‍ന്നുപോയ നിസ്സഹായ ജീവിതങ്ങളെ വികാര സാന്ദ്രമായി അവതരിപ്പിക്കുന്ന പുരാണകേന്ദ്രീകൃതമായ കവിതകള്‍ വിജയലക്ഷ്മിയുടെ കാവ്യലോകത്ത് വേറിട്ടുനില്‍ക്കുന്നു.ഈ കവിതകളിലെല്ലാം കഥാപാത്രങ്ങള്‍ തിരസ്കൃതരുടെയും തീരാദു:ഖ ങ്ങള്‍ പേറുന്നവരുടെയും പ്രതിനിധികള്‍ തന്നെ. ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ അവര്‍ നേടിയ വിജയമോ ആത്മനിര്‍വൃതി യോ ആണ് വീണ്ടും ജീവിതത്തോട് പൊരുതി മുന്നേറാന്‍ പ്രേരണ നല്കുന്നത്. പുരാണകഥാസന്ദര്‍ഭങ്ങളെ സാമൂഹിക വിചിന്തനത്തിന് ഇവിടെ ഉപകരണമാക്കിയിരിക്കുന്നു. അരികുജീവിതങ്ങളുടെ അന്തഃസംഘര്‍ഷങ്ങളും അവര്‍ക്ക് വിധി സമ്മാനിച്ച മൗനവും മറനീക്കി കാണിക്കുന്ന കവയിത്രി പുരാണങ്ങളുടെ വരേണ്യമായ വായനയ്ക്കപ്പുറം പുതിയ ഭാവുകത്വം നല്‍കിയിരിക്കുന്നു. മലയാളകവിതയില്‍ ദാര്‍ശനി കവും സൗന്ദര്യശാസ്ത്രപരവുമായ ഉള്‍ക്കാഴ്ചയോടെ രചന നിര്‍വ്വ ഹിച്ചിരിക്കുകയാണ് വിജയലക്ഷ്മി.

താക്കോല്‍വാക്കുകള്‍: അന്തര്‍ദര്‍ശനം, ബഹുഭാര്യാത്വം, ശ്രീജി തന്‍, പുരാണകേന്ദ്രിതകവിതകള്‍, പുനരാഖ്യാനം, ധര്‍മ്മശാസ്ത്രം.

ആമുഖം

പാരമ്പര്യത്തില്‍ ചുവടുറപ്പിച്ചുകൊണ്ടുതന്നെ മലയാളകവിതയില്‍ ദാര്‍ശനികവും സൗന്ദര്യശാസ്ത്രപരവുമായ ഉള്‍ക്കാഴ്ചയോടെ രചന നിര്‍വ്വഹിച്ച കവയിത്രിയാണ് വിജയലക്ഷ്മി. തകര്‍ക്കപ്പെടേണ്ട മേധാവിത്വവ്യവസ്ഥിതികളെ തിരിച്ചറിഞ്ഞ അവരുടെ കവിതകളില്‍ സമത്വബോധം നിറഞ്ഞുനില്‍ക്കുന്നു. "ജീവിതത്തിലെ എല്ലാ ആര്‍ദ്രമൃദുലഭാവങ്ങളെയും മനുഷ്യപുരോഗതിയുടെ കാരകങ്ങളാക്കി പ്രതിഷ്ഠിക്കുന്നവയാണ് വിജയലക്ഷ്മിയുടെ കവിതകളെന്ന്" ഡോ. എം. ലീലാവതി അഭിപ്രായപ്പെടുന്നു (2008:215). പ്രണയവും മാതൃത്വവും സ്ത്രീവാദവും സമകാലികവ്യവസ്ഥിതികളോടുള്ള കലഹവുമൊക്കെ അവരുടെ കവിതകള്‍ക്ക് വിഷയമായിട്ടുണ്ട്. മൃഗശിക്ഷകന്‍, തച്ചന്‍റെ മകള്‍ തുടങ്ങിയ കവിതകള്‍ വിജയലക്ഷ്മിക്കവിതയുടെ വിജയവൈജയന്തികള്‍ തന്നെ. എന്നാല്‍ വ്യവസ്ഥിതിയുടെ കീഴില്‍ അടിപ്പെട്ടുപോകുന്ന നിസ്സഹായജീവിതങ്ങളെ വികാരസാന്ദ്രമായി അവതരിപ്പിക്കുന്ന പുരാണസ്പര്‍ശിയായ ഏതാനും കവിതകള്‍ വിജയലക്ഷ്മിയുടെ കാവ്യലോകത്ത് വേറിട്ടുനില്‍ക്കുന്നു. "അടിത്തട്ടില്‍ ഉറഞ്ഞുകൂടിയ പുരാണപ്രതീകങ്ങളുടെയും പഴമകളുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പാണ് പുരാണപുനരാവിഷ്കരണത്തില്‍ കണ്ടെത്താനാവുക. കവിയും വായനക്കാരനും പങ്കിടുന്ന സമൂഹാവബോധത്തില്‍നിന്ന് അനശ്വര മാനസിക ഭാവങ്ങളുടെ പ്രതീകങ്ങള്‍ തെരഞ്ഞെടുത്ത് വ്യാഖ്യാനിക്കുക വഴി സംവേദനം അനായാസമാകുന്നുവെന്ന് കവി സച്ചിദാനന്ദന്‍ പറഞ്ഞുവയ്ക്കുന്നു." (2009:350). കൗസല്യ, ഏകലവ്യന്‍, അശുത്ഥാമാവ്, ഭാഗവതം, യയാതിക്ക്, താണ്ഡവം, ശ്രീരാവണന്‍ തുടങ്ങിയ കവിതകളെ വിശകലനവിധേയമാക്കി അവ നല്കുന്ന അന്തര്‍ദര്‍ശനങ്ങളും, അവയിലെ കാവ്യകലാകൗശലവും കണ്ടെത്തുകയാണ് ഈ പഠനം ലക്ഷ്യംവയ്ക്കുന്നത്.

കൗസല്യ

സ്ത്രീജന്മത്തിന്‍റെ ഭാവാന്തരങ്ങള്‍ വിളിച്ചോതുന്ന കവിതയാണ് കൗസല്യ. സാപത്ന്യം സമ്മാനിച്ച കഷ്ടപ്പാടിന്‍റെയും അവഗണനയുടെയും ഉത്തരവാദിത്വങ്ങളുടെയും വ്യത്യസ്ത ഭാവങ്ങള്‍ ഒരുമിച്ച് സമ്മേളിക്കുന്ന ഒരു കഥാപാത്രമാണ് കൗസല്യ. വ്യവസ്ഥിതിക്കൊത്തു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടിവരുന്ന പെണ്‍മനസ്സിന്‍റെ ആവിഷ്കാരമാണ് ഈ കവിത. "ബഹുഭാര്യാത്വസമ്പ്രദായത്തിലെ സ്ത്രീകളുടെ മനോനിലയുടെ ഏറ്റവും അഗാധമായ തലം ഈ കവിത കാണിച്ചുതരുന്നു." (2014:89)

ധര്‍മ്മശാസ്ത്രം ലംഘിച്ച നായാട്ടിന്‍റെ പരിണതഫലമാണ് ദശരഥന് ലഭിച്ച ശാപം. അതുമാത്രമല്ല സന്ദിഗ്ദ്ധഘട്ടത്തില്‍ തന്നെ തുണച്ച പ്രിയതമയ്ക്ക് കൊടുത്ത വരവും ദശരഥന്‍റെ ജീവിതം സങ്കീര്‍ണ്ണമാക്കി. സങ്കീര്‍ണ്ണതകള്‍ക്കുള്ളില്‍ ഞെരുങ്ങുന്ന ജീവിതമാണ് കൗസല്യയുടേതും. 

"പിന്നെയും നിശീഥത്തിലങ്ങുചൊല്ലുന്നൂ ചില്ലി-
വില്ലുകള്‍ കുലയ്ക്കുന്ന കാമപത്നിയെപ്പറ്റി.
തങ്ങളൊക്കെയും മറന്നങ്ങനെ വിഹരിച്ച
മണ്ഡപങ്ങളെ, ത്തളിര്‍ശയ്യയെ, ച്ചതഞ്ഞതാം
മുല്ലമാലയെ, സ്സഖി ചുറ്റിയ വെണ്‍പട്ടിനെ,
മന്ത്രമുഗ്ദ്ധനായ് ഭവാന്‍ വര്‍ണ്ണിപ്പൂ, ഞാനോ, ദൂരെ-
യമ്പിളിതാഴും കയംനോക്കി മൂകയായ്മേവീ" (2010:15)

അമ്പിളിതാഴുന്ന കയത്തിന്‍റെ ആഴം നോക്കിയിരിക്കുന്ന കൗസല്യ. തന്‍റെ നെടുവീര്‍പ്പുകള്‍ മനസ്സിന്‍റെ അഗാധമായ കയത്തില്‍ ആഴ്ത്തിയാണ് കൗസല്യ ആ നിശീഥത്തെ കടത്തിവിടുന്നത്. സപത്നിക്കോ ഭര്‍ത്താവിനോ ഇഷ്ടക്കേടുകള്‍ ഉണ്ടാക്കാതെ, കലഹത്തിനിടകൊടുക്കാതെ സംസ്കാരസമ്പന്നയായി, മാതൃകാ മാതാവായി കൗസല്യനിലകൊണ്ടു. ആ വലിയ കൊട്ടാരത്തിനുള്ളില്‍ കാവല്‍ക്കാരോ ദാസിമാരോ മറ്റാരുമോ അവളുടെ ഉറക്കമില്ലാത്ത രാത്രികളെ തിരിച്ചറിഞ്ഞില്ല. 

"അമ്മയാണെനിക്കു നീദേവി, നിന്‍ മടിത്തട്ടി-
ലുണ്ണിയാവുമ്പോഴെനിക്കഭയം, സമാശ്വാസം
മാതൃഭാവമേ തിരക്കുന്നു നിത്യവും ഭവാന്‍" (2010:16)

നിത്യവും മാതൃഭാവം തിരക്കുന്ന ഭവാനു മുന്നില്‍ നാരുനാരായ് അവളുടെ കരള്‍ നരയ്ക്കുന്നു. 'മന്നവ മറന്നാലുമില്ലിത്തണല്‍' എന്ന് ഉള്ളിന്‍റെയുള്ളില്‍ പ്രതികരിക്കുന്നുവെങ്കിലും ആ സ്വരം പുറത്തേക്ക് വരുന്നില്ല. സാമ്പ്രദായിക വ്യവസ്ഥകള്‍ക്കുള്ളില്‍ ആ വാക്ക് കരുങ്ങിക്കിടക്കുന്നു. പ്രണയത്തിന്‍റെ നീര്‍ച്ചാല്‍തേടി കല്‍പ്പടവുകള്‍ താണ്ടി കരിയുന്ന; അടിവേരുകള്‍ മുരടിച്ചുപോയ അശോകമായി കൗസല്യ സ്വയം മാറുന്നു.

"വീണ്ടും മാപ്പ്- ഞാന്‍ മറന്നുവോ
ധര്‍മ്മദാരത്തെ - രാമന്നമ്മയാകുവാനല്ലോ
വന്നുഞാന്‍, മറ്റെന്തുണ്ടീ മഹിഷിക്കധികാരം!" (2010:16)

ധര്‍മ്മപത്നിയെന്ന നിലയില്‍ കുഞ്ഞിനെ പ്രസവിക്കാന്‍, രാമന് അമ്മയാകുവാന്‍ മാത്രമേ തനിക്ക് അധികാരമുള്ളൂ എന്ന് അവര്‍ തിരിച്ചറിയുന്നു. ആ കൃതാര്‍ത്ഥതയില്‍ എല്ലാനൊമ്പരങ്ങളും ഹൃദയകയത്തില്‍ അവര്‍ മുക്കിത്താഴ്ത്തുന്നു. ദാമ്പത്യത്തിന്‍റെ അഴിയാക്കുരുക്കുകള്‍ക്കിടയില്‍ ധര്‍മ്മപത്നീദൗത്യം നിറവേറ്റിവരുന്ന നിരവധി സമകാലിക സ്ത്രീമുഖങ്ങള്‍ക്ക് കൗസല്യയുടെ ഛായയാണുള്ളത്. ഉള്‍ച്ചുഴികളില്‍ ഉള്‍വലിയേണ്ടിവരുന്ന, ഒറ്റപ്പെടുന്ന സ്ത്രീജീവിതങ്ങളുടെ ദൈന്യമുഖം കൗസല്യയില്‍ കാണാം. കൊട്ടാരത്തിലെ പട്ടമഹിഷി ആയിരിക്കെ കുടുംബജീവിതത്തിന്‍റെ ധന്യതയും സ്ത്രൈണവികാരപ്രശമനവും നിഷേധിക്കപ്പെട്ട അവര്‍പക്വമതിയും പുത്രവത്സലയുമായ മാതാവുതന്നെ. എന്നാല്‍ സ്വപുത്രന് രാജപദവി നിഷേധിക്കപ്പെട്ടു എന്നുമാത്രമല്ല, കാട്ടിലേക്ക് അയയ്ക്കുന്നതുവരെയുള്ള കഠിനമായ നീതിരാഹിത്യം ജീവിതത്തില്‍ അനുഭവിക്കേണ്ടിവരികയും ചെയ്തു. ധര്‍മ്മചിന്തയില്‍ ഞെരുങ്ങേണ്ടിവന്ന നിസ്സഹായതയുടെ ദൈന്യഭാവമാണ് കൗസല്യയുടെ മുഖത്ത് നിഴലിക്കുന്നത്. ബഹുഭാര്യാത്വം സ്ത്രീകളുടെ മേല്‍ അടിച്ചേല്പിച്ച ദുസ്സഹമായ ജീവിതവ്യഥയാണ് വിജയലക്ഷ്മിയുടെ 'കൗസല്യ' എന്ന കവിത വരച്ചുകാട്ടുന്നത്. 

ഏകലവ്യന്‍

ജാതിയുടെ പേരില്‍ വിദ്യ നിഷേധിക്കുകയും അധികാരപ്രമത്തതയ്ക്കുമുന്‍പില്‍ നീതിനിഷേധിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയാണ് 'ഏകലവ്യന്‍' എന്ന കവിത അനാവരണം ചെയ്യുന്നത്. കീഴാളരുടെ ഭൂതകാലകഥകളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല സമകാലികയാഥാര്‍ത്ഥ്യവും എന്നതുകൊണ്ടുതന്നെ ഈ കവിതയും ഏറെ പ്രസക്തമാകുന്നു. 

നിഷാധരാജാവായ ഹിരണ്യധനുസ്സിന്‍റെ പുത്രനായിരുന്ന ഏകലവ്യന് ആയുധവിദ്യ ഭ്രമമായിരുന്നു. എന്നാല്‍ കീഴ്ജാതിക്കാരെ പഠിപ്പിക്കാന്‍ ഗുരു ഉണ്ടായിരുന്നില്ല. ദ്രോണരുടെ കീഴില്‍നിന്ന് വിദ്യ അഭ്യസിക്കാന്‍ ഏകലവ്യന്‍ ആഗ്രഹിച്ചെങ്കിലും 'സ്വയം അഭ്യാസം ചെയ്തു നിനക്കുവേണ്ടുന്ന ശസ്ത്രവിദ്യ കരസ്ഥമാക്കിക്കൊള്ളുക' എന്ന ആശിസ്സുമാത്രമാണ് ഏകലവ്യന് ലഭിച്ചത്. ഗുരുഭക്തിയില്‍ നിറഞ്ഞ് ഗുരുവിന്‍റെ പ്രതിമ സൃഷ്ടിച്ച് ഗുരുമുഖം അതില്‍ ദര്‍ശിച്ച് വിദ്യഅഭ്യസിച്ച ഏകലവ്യനില്‍നിന്ന് ദ്രോണാചാര്യര്‍; രാജപുത്രനായ പ്രിയശിഷ്യന്‍റെ അഭിമാനത്തിന് ക്ഷതം സംഭവിക്കാതിരിക്കാന്‍ പെരുവിരല്‍ത്തന്നെ ദക്ഷിണയായി ആവശ്യപ്പെടുന്നു. 

സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടുവെങ്കിലും നല്ലസ്വപ്നങ്ങളോടൊത്ത് ഉറങ്ങാന്‍ ആഗ്രഹിച്ച ഏകലവ്യന് 

"ദക്ഷിണയായിപ്പെരുവിരല്‍ നല്‍കേണ്ട
ശിക്ഷയാണെന്നറിഞ്ഞീലഭ്യസിക്കെ" (2010:21)

അവസാനം ഗ്രഹം ചൂഴുന്ന സൂര്യബിംബംപോലെ, ശിഷ്യരാല്‍ പരിസേവിതനായി കടന്നുവന്ന ഗുരു പെരുവിരല്‍ ദക്ഷിണയായി ചോദിച്ചപ്പോള്‍

"എന്‍ ശിരസ്സാവട്ടെ, നല്‍കാം മുറിച്ചു ഞാന്‍
നിന്‍ പ്രിയ ശിഷ്യന്‍ വരിക്കാന്‍ മഹാജയം"(2010:21)

എന്ന് ആത്മധൈര്യത്തോടെ ഏകലവ്യന്‍ ചൊല്ലി.ഇവിടെദ്രോണാചാര്യരുടെ മറ്റെല്ലാശിഷ്യരെയും ഏകലവ്യന്‍ പരാജയപ്പെടുത്തുകയായിരുന്നു. വില്ലാളിവീരന്‍ എന്നതിലപ്പുറം ഗുരുഭക്തിയില്‍ പുകള്‍പെറ്റ മാതൃകാശിഷ്യനായി ഏകലവ്യന്‍ മാറി.

ഏകലവ്യന്‍റെ ദക്ഷിണയില്‍ തൃപ്തരായി ഗുരുവും ഭാവിരാജാക്കന്മാരും മടങ്ങിയപ്പോള്‍ ഏകലവ്യനും അദ്ദേഹത്തിന്‍റെ വിദ്യയും ആഴിയോളം പോരുന്ന അന്ധകാരത്തില്‍ മുങ്ങുകയായിരുന്നു. എങ്കിലും ഗുരുവിന് വേണ്ടത് നല്‍കിയപ്പോള്‍ സംതൃപ്തിയടയുന്ന ശിഷ്യനെയാണ് ഏകലവ്യനില്‍ കാണുക. ഇന്നും മേലാളന്മാരുടെ കീഴില്‍, അധീശത്വവ്യവസ്ഥിതിയ്ക്കുകീഴില്‍ സ്വപ്നങ്ങളും ജീവിതവും പൊലിയുന്ന കീഴാളരുടെ ജീവിതവും ചുരുക്കമല്ല. സമൂഹത്തില്‍ ഉയരേണ്ട കീഴാളഅവബോധവും മേല്‍ക്കോയ്മാവ്യവസ്ഥിതിയോടുള്ള വിമര്‍ശനവും 'ഏകലവ്യന്‍' എന്ന കവിതയെ സമകാലപരിതോവസ്ഥകള്‍ക്കുനേരെയുള്ള ഒരു പ്രതിബിംബമാക്കുന്നു.

ഭാഗവതം

സ്ത്രീജീവിതം എന്ന മഹാസമസ്യയെ വെറും 18 വരികള്‍ക്കുള്ളില്‍ അനാവരണം ചെയ്യുന്ന വിജയലക്ഷ്മിയുടെ സ്ത്രീപക്ഷകവിതയാണ് 'ഭാഗവതം'. ഈ കവിതയില്‍ പുരാണകഥാപാത്രങ്ങള്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ല. എങ്കിലും വേദങ്ങളുടെ സാരമായ ഭാഗവതത്തോട് സ്ത്രീജീവിതത്തെ ഉപമിച്ചിരിക്കുകയാണ്.  വീടിന്‍റെ നെരിപ്പോടിനുള്ളില്‍ എരിഞ്ഞുതീരുകയും കാലപ്രവേഗത്തില്‍ തേഞ്ഞുതീരുകയും ചെയ്യുന്ന സ്ത്രീജന്മം!. സന്ധ്യയ്ക്ക് കുളികഴിഞ്ഞ് എല്ലാശല്യങ്ങളില്‍നിന്നും മുക്തനായി ഗൃഹനാഥന്‍ ഉറക്കെ ഭാഗവതം വായിക്കുന്നു. അത് കേള്‍ക്കാനായി ഭാര്യയെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആ സമയം തീയുടെ അരികില്‍ വെപ്പുവേലകളില്‍ വ്യാപരിക്കുന്ന, കഴുകി തീര്‍ക്കാനുള്ള പാത്രങ്ങളെ നോക്കി നെടുവീര്‍പ്പെടുന്ന ഭാര്യ.

"കരി പറ്റിയ കൈയാല്‍
മരണംവരെത്തീരാ-
മഹാഭാഗവതം ഞാന്‍
മറിച്ചു വായിക്കുന്നൂ
മടിയാതെന്നും." (2010:32) 

എന്നാല്‍ ഭാര്യ പൂര്‍ത്തിയാക്കുന്ന ജീവിതമഹാഭാഗവതത്തെ കേള്‍ക്കാനോ കൂട്ടത്തില്‍ ചൊല്ലാനോ അദ്ദേഹം എത്താറില്ല. 

ഒരു കൈത്താങ്ങുപോലും ലഭിക്കാതെ തനിയെ കുടുംബഭാരം പേറേണ്ടിവരുന്ന തൊഴിലും ഗൃഹഭരണവും നിര്‍വ്വഹിക്കേണ്ടിവരുന്ന വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പോലുള്ള സത്രീജീവിതങ്ങള്‍ ഇന്നും ധാരാളമാണ്. നിന്ദയും പരിഹാസവും അവഗണനയും ഏറ്റുവാങ്ങി ദൈനംദിനകൃത്യങ്ങളില്‍ സദാവ്യാപരിക്കേണ്ടിവരുന്ന സ്ത്രീയുടെ മുഖമാണ് 'ഭാഗവതം' കോറിയിടുന്നത്. ഭര്‍ത്താവ് എന്ന രക്ഷാബിംബം സ്ത്രീയോട് കാണിക്കുന്ന അധീശഭാവത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന സ്ത്രൈണാനുഭവത്തിന്‍റെ ദൈന്യത ഈ കൊച്ചുകവിത വികാരസാന്ദ്രമായി അവതരിപ്പിക്കുന്നു. ഗൃഹം ഒരുക്കുന്ന തടവറയ്ക്കുള്ളില്‍ സ്വന്തം കഴിവുകളും സര്‍ഗ്ഗവാസനകളും അഭിരുചികളും തളച്ചിടേണ്ടിവരുന്നവരുടെ ആത്മബലിയും ആത്മനിന്ദയും അതിജീവനവുമെല്ലാം കൂടിക്കലരുന്ന മാനസികഭാവമാണ് 'ഭാഗവത'ത്തിലെ സ്ത്രീക്കുള്ളത്. ജീവിതമാകുന്ന മഹാഭാഗവതച്ചുരുള്‍ നിവര്‍ത്തിനോക്കാന്‍ കൂട്ടാക്കാത്ത ഭര്‍ത്താവ്. അധീശത്വവ്യവസ്ഥിതിയോടുള്ള മാനസികകലഹവും ഒരു മൗനമായി   ഈ കവിതയില്‍ അലിഞ്ഞുചേരുന്നു.

യയാതിക്ക്

അതിതീവ്രപ്രണയത്തിന്‍റെ മാസ്മരികാനുഭൂതിയില്‍ ആയിരം വര്‍ഷങ്ങള്‍ക്കപ്പുറവും രാജാരാജനെ മോഹിക്കുന്ന പ്രണയിനിയെയാണ് 'യയാതിക്ക്' എന്ന കവിതയില്‍ കണ്ടുമുട്ടുക. ഇന്ദ്രനീലക്കണ്ണുള്ള, പ്രണയത്താല്‍ സര്‍വ്വം മറക്കുന്ന നായികയ്ക്ക് പ്രപഞ്ചംപോലും 

"വിറപൂണ്ടൊരെന്‍ പ്രണയസിംഹം ചുഴറ്റുന്ന
സടമാത്രമായി" -അനുഭവപ്പെടുന്നു. (2010:74)

പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വേദപണ്ഡിതനായ യയാതി മഹാരാജാവിന്‍റെ ഭാര്യ അസുരഗുരുവായ ശുക്രാചാര്യരുടെ മകള്‍ ദേവയാനിയായിരുന്നു. ഭാര്യ അറിയാതെ യയാതി അവളുടെ തോഴിയായ ശര്‍മിഷ്ഠയെ വീണ്ടും വിവാഹം കഴിച്ചു. പ്രണയമെന്തെന്ന് അറിയാത്ത പ്രായത്തില്‍ മുനികുമാരനോട് കൗതുകം തോന്നിയെങ്കിലും അദ്ദേഹത്തിന്‍റെ വ്രതശുഷ്കദേഹവും, ചുവന്ന മിഴികളും ജടാജടിലമായ വിരലുകളും അവളെ പിന്തിരിഞ്ഞ് അകലേക്ക് ഓടിരക്ഷപ്പെടാന്‍ പ്രേരിപ്പിച്ചു. മറ്റൊരിക്കല്‍ ആ കുമാരനെ കണ്ടുമുട്ടിയപ്പോള്‍ താന്‍ ദാസിയാണെന്ന അവസ്ഥയും തന്‍റെ കുലമഹിമയും വിസ്മരിച്ച് പ്രണയിക്കുകയായിരുന്നു. 

"പ്രണയിച്ചുവോ നിഷ്ക്കളങ്കതേ നിന്നെ ഞാ-
നൊരുമാത്ര വാത്സല്യപൂര്‍വ്വം?
അലിയാത്ത ഹൃദയം നിനക്കു, നീയെന്‍ സ്നേഹ-
ഗരിമയറിയാതെ നിസ്സംഗം
എഴുന്നേല്ക്കയായ്, ഞാന്‍ മടങ്ങിയാ, സ്വപ്നമാ-
മൊഴിവുകാലം പോയ് മറഞ്ഞു..." (2010:72)

പിന്നീടൊരിക്കല്‍ വഴിയില്‍ തളര്‍ന്നിരിക്കെ തിരുവെഴുത്താര്‍ന്ന മോതിരമണിഞ്ഞ വിരലുകള്‍ നേരെ നീട്ടിയപ്പോള്‍ ആ കണ്ണുകളിലെ സാന്ദ്രമായ പ്രണയം നിസ്സംശയം കണ്ടെത്തി. ഭൗമദു:ഖങ്ങളോട് വിടപറഞ്ഞ് ആ മഹാരാജനെ പ്രേമവും കരുണയും കാക്കുന്ന കുബേരനും ഉദാരനും ആയി അവള്‍ തിരിച്ചറിഞ്ഞു. ശുക്രനന്ദിനി റാണിയാണെന്നും ശാപവചസ്സുകള്‍ തന്‍റെ സമീപത്ത് അരൂപിയായ് നില്പുണ്ടെന്നും അറിഞ്ഞിട്ടും

'ഒടുവിലത്തെ പ്രേമഭാജനം ഞാനുമെന്‍ പ്രണയവും മാത്രമേ സത്യം'  എന്ന് തികഞ്ഞ സ്വാര്‍ത്ഥതയോടെ അവള്‍ ഉറപ്പിക്കുന്നു. തന്‍റെ കണ്‍കോണില്‍ അശ്രുവിന്‍റെ ഹോമകുണ്ഡങ്ങള്‍ ജ്വലിച്ചാലും തെല്ലും ഭീതിയില്ലാതെ, പാവയെ ജീവയായ് മാറ്റിയ കൈകളില്‍ പൂര്‍ണ്ണമായ് അമരുവാന്‍ അവള്‍ മോഹിക്കുന്നു. പ്രണയം സകലബന്ധനങ്ങളില്‍നിന്നും മോചനവും വിശുദ്ധീകരണോപാധിയുമായി ഇവിടെ മാറുന്നു.

താണ്ഡവം

'താണ്ഡവം' എന്ന കവിതയില്‍ ഭക്തഭരിതയായി മൃത്യുഞ്ജയനെ പാദവന്ദനം ചെയ്ത് ഹൃദയാര്‍പ്പണം ചെയ്യുന്ന പ്രണയനിര്‍ഭരയായ പാര്‍വ്വതിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീക്ക് കഠിനമായ നോവുകള്‍ നല്കി പരീക്ഷിക്കുന്ന ശിവനില്‍ സ്ത്രീയെ പൂര്‍ണ്ണമായി ശൂന്യവത്ക്കരിച്ച് പുതുക്കിപ്പണിയുന്ന പുരുഷകാമനയുടെ മറുപുറംകൂടി കണ്ടെത്താനാവും.

"കനലാളുന്നൂ മൂന്നാംമിഴി; നാഭിയില്‍ ഗര്‍വ്വ
ഘനദൈവതം ദഹിച്ചുരുകും കൊടുംചൂടില്‍
ഇവളില്ലാതാകുമീ ശൂന്യഭാവത്തില്‍ ധന്യ-
നവിടുന്നേകും സ്നേഹയാതന മുഴങ്ങുമ്പോള്‍
ഇമപൂട്ടുന്നു.....
..............
താണ്ഡവ,മങ്ങേക്കയ്യില്‍ത്തുടിയാവുന്നു, വിരല്‍-
ത്താളമാവുന്നു, നാദമേളമാവുന്നല്ലോ ഞാന്‍"(2010:50,51)

സ്വയം ശൂന്യമായി, 'ഞാന്‍ നീയായി മാറുന്ന പ്രണയോന്മാദത്തില്‍' താണ്ഡവനൃത്തനാദമേളമായി അവള്‍ പരിണമിക്കുന്നു.

"...... നീ മൃതി, ഞാന്‍ ചേതനാ-
സ്ഫുരണം ചിരന്തനം ദിവ്യമീമഹാസംഗം"(2010:51)

പ്രണയം ഒരേസമയം മരണവും ഉയിര്‍പ്പുമായിത്തീരുന്നു. വിഭിന്നങ്ങളായ അന്തര്‍ഭാവങ്ങളുടെ മിന്നലാട്ടങ്ങള്‍ ഈ കവിതയ്ക്ക് വ്യത്യസ്തഭാവം പകരുന്നു.

ശ്രീരാവണന്‍

അനിവാര്യമായ ദുരന്തത്തിലേക്ക് നടന്നടുക്കുന്ന രാവണന്‍ എന്ന അമാനുഷിക കഥാപാത്രത്തിന്‍റെ വ്യത്യസ്തമായ മുഖം അവതരിപ്പിച്ച സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ 'ലങ്കാലക്ഷ്മി' രംഗത്ത് അവതരിപ്പിച്ചു കണ്ടതിനെ ആസ്പദമാക്കി വിജയലക്ഷ്മി രചിച്ച കവിതയാണ് ശ്രീരാവണന്‍. സി. എന്‍. അവതരിപ്പിച്ച ശ്രീജിതനായ രാവണന്‍റെ ജീവിതചരിത്രം ഈ കവിതയില്‍ അനാവൃതമാകുന്നു. കവയിത്രി മാനുഷിക പരിസരത്തില്‍ നിന്നുകൊണ്ട് രാവണനെ വിലയിരുത്തുന്ന ഈ കവിത പുരാണകഥയുടടെ പുനരാഖ്യാനമായി മാറുന്നു. രാവണന്‍ എന്ന മഹാനടന്‍ അഭിയിച്ചുതീര്‍ക്കുന്നത് വേദനതിങ്ങുന്ന ഇരുട്ടിന്‍റെ നാടകമാണ്. 

"രാവണന്‍- ആടുകയായീ മഹാനടന്‍
വേദനതിങ്ങുമിരുട്ടിന്‍റെ നാടകം"(2010:182)

ഏഴുഭാഗങ്ങളായിട്ടാണ് കവയിത്രി രാവണനെ അവതരിപ്പിക്കുന്നത്. ഒറ്റപ്പെടലിന്‍റെയും പരാജയത്തിന്‍റെയും അവിശ്വസ്തതയുടെയും ദു:ഖം പേറുന്നവനാണ് രാവണന്‍. രാക്ഷസവംശത്തിന്‍റെ സിംഹാസനത്തില്‍ വിരാജിച്ച രാവണന്‍ തന്‍റെ കഷ്ടപ്പാടിന്‍റെ പൂര്‍വ്വകാലങ്ങളിലേക്ക് ചിന്തകളെ പായിക്കുന്നു. കൃഷ്ണപ്പരുന്തിനെ കല്ലെറിഞ്ഞുകൊന്നു ഭക്ഷിക്കുകയും കാട്ടുപുഴയിലെ വെള്ളംകുടിച്ച് ദാഹം തീര്‍ക്കുകയും ആരും തുണയ്ക്കാനില്ലാത്ത പാതയില്‍ സ്വന്തം വേദനകളെ വീര്യമായ് മാറ്റുകയും ചെയ്ത രാവണന്‍റെ ഉള്ളം ആരും മനസ്സിലാക്കിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നുകരുതിയ വിഭീഷണനാകട്ടെ രാവണനില്‍നിന്ന് വ്യത്യസ്തമായ പാത തിരഞ്ഞെടുത്തുകൊണ്ടാവാം 

"പോകാനനുമതി തേടുന്നു ദുഷ്ടനാം
കൂടെപ്പിറപ്പോടു ദു:ഖി വിഭീഷണന്‍"(2010:183)

ദിഗ്ജയം നേടിയ വീരലങ്കാധിപന്‍ ഈ നിമിഷം ഇറ്റുവീഴുന്ന വിയര്‍പ്പുകണങ്ങളില്‍ ചിത്തം പിടഞ്ഞ് തകര്‍ന്നടിയുന്നു. സംഘര്‍ഷപൂര്‍ണ്ണമായ രാജ്യതന്ത്രത്തിന്‍റെ നാളുകളില്‍ പ്രിയതമയായ മണ്ഡോദരി അതിജീവനതത്ത്വമോതുന്നുണ്ട്.

"യുദ്ധമിതെത്ര സുനിശ്ചിതം! മണ്ണിലെ
ക്ഷുബ്ധവികാരങ്ങള്‍ തന്‍ മഹാസംഗരം"(2010:183)

അടര്‍ക്കളത്തില്‍ അവസാനജയം ഉറ്റവര്‍ നേടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും തന്‍റെ അര്‍ദ്ധചേതസ്സായിരുന്ന സഹോദരന്‍ പരാജയപ്പെട്ടതറിഞ്ഞ് ഉല്‍ക്കടദു:ഖം പേറിയ രാവണന്‍ ഇന്ദ്രജിത്തായ പുത്രനെ രക്ഷോപരമ്പരതന്‍ ഭാവിമുദ്രയായ് കണ്ടുകൊണ്ട് യുദ്ധക്കളത്തിലേക്ക് യാത്രയാക്കുകയാണ്. 'ശുദ്ധമാം സന്ധി'യാണ് ലങ്കയ്ക്ക് വേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തുവാനെത്തിയ മാല്യവാനെ

"കാലത്തെയുപ്പുചാക്കെന്നപോലേറ്റിയാ
ക്കാരിരുമ്പിന്നുടല്‍" 

എന്നാണ് കവയിത്രി വിശേഷിപ്പിക്കുന്നത്. സല്‍പ്പുത്രന്‍റെ മൃത്യുവിനെത്തുടര്‍ന്ന് ലങ്കയുടെ പൂര്‍വ്വസുനിശ്ചിതമായ വിധി തോളിലേറ്റിയ പരാജിതനായ രാവണനെ അവതരിപ്പിക്കുമ്പോള്‍

"അസ്തമയ സൂര്യനെന്നപോല്‍ രക്തവും
ക്രുദ്ധമാം വര്‍ണവും ചേര്‍ന്നോരകമ്പടി
ഉദ്ധതനാം മഹാരാജാവിനാസന്ന-
മൃത്യുവും തന്‍ മഹത്ത്വം ശിരോഭൂഷണം" (2010:185)

എന്ന് പറഞ്ഞ് ആശ്വസിക്കുന്നു. ആദ്യകാലം മുതലുള്ള രാമായണപാഠങ്ങളെ മറികടന്ന് ലങ്കയുടെ ആകാശമാകെ നിറഞ്ഞുനില്‍ക്കുന്ന രാവണന് 'ശ്രീ' എന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കാന്‍ ഇവിടെ കവയിത്രി വൈമനസ്യം കാട്ടുന്നില്ല. രാവണന്‍ ശ്രീജിതനായിരുന്നുവെന്ന് സ്ഥാപിച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്.

അശുത്ഥാമാവ്

കുരുക്ഷേത്രയുദ്ധത്തില്‍ കൗരവരുടെ പക്ഷത്തുനിന്ന് അനേകം രാജാക്കന്മാരെ വധിച്ച ആയുധവിദ്യാപടുവും ദ്രോണാചാര്യരുടെ പുത്രനുമായ അശുത്ഥാമാവിന്‍റെ ജയപരാജയങ്ങളെയാണ് അശുത്ഥാമാവ് എന്ന കവിതയില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തം അച്ഛനെ വധിച്ച ധൃഷ്ടദ്യുമ്നനെ വധിക്കാനായി പാണ്ഡവരുടെ പടകുടീരത്തില്‍ പ്രവേശിച്ച് തോറ്റുകൊടുക്കാതെ അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നു. എങ്കിലും അവസാനം 

"ഞാനശ്വത്ഥാമാവ്: തപ്ത
ശിരസ്സില്‍ ചൂഡാരത്നം
പച്ചയായ്പ്പറിച്ചേകി-
പ്പോകുവോന്‍ പരാജിതന്‍"(2010:69)

എന്ന് ഏറ്റുപറയേണ്ടിവരുന്നു. ശിരോഭൂഷണമായ ചൂഡാരത്നത്തെ നല്കേണ്ടിവന്നാലും ബ്രഹ്മശിരോസ്ത്രം പിന്‍വലിക്കില്ലെന്ന് ശഠിച്ച അശുത്ഥാമാവ് പാണ്ഡവവംശത്തിന്‍റെ അവസാനകണ്ണിയായ ഗര്‍ഭസ്ഥശിശു-പരീക്ഷിത്തിലേക്ക് അസ്ത്രമയയ്ക്കുന്നു. തന്‍റെ ഈ പ്രവൃത്തിയില്‍ കൃതാര്‍ത്ഥനാകുന്നുവെങ്കിലും ഗര്‍ഭഛായയില്‍ ശ്വാസം നിന്ന പൈതലാല്‍ പരാജിതനാണെന്ന യാഥാര്‍ത്ഥ്യംകൂടി തിരിച്ചറിയുന്നു. ജനമദ്ധ്യത്തില്‍ സ്ഥാനം നഷ്ടപ്പെട്ട് ആരും ദയയോടെ ഇരിപ്പിടം നല്കാതെ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എണ്ണി കാടും മേടും അലഞ്ഞുതിരിയുക എന്ന ശാപവാക്കാണ് അശുത്ഥാമാവില്‍ വന്നുപതിച്ചത്. ശതം വ്യാധിയ്ക്കാലയമായ ഗാത്രത്തോടെ നിലക്കണ്ണാടിക്കു മുമ്പില്‍ നില്ക്കുമ്പോള്‍

"നിണപങ്കിലം വേഷം, നിന്ദ്യമാം ഭാവം, നിശാ
ഘാതിതന്‍ ഭൂതാകാരം,
ഭ്രൂണഹന്താവ്, ഭവത്-
കാലഭൈരവന്‍; ചിരംഞ്ജീവിയോ ചൂഡാരത്നം
ചൂഴ്ന്നവന്‍, പരാജിതന്‍" (2010:71)

എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വനവാസത്തിനായി പുറപ്പെടുന്നുവെങ്കിലും സ്ഥായിയായ ദു:ഖത്തിനിടയിലും തന്‍റെ കര്‍മ്മത്തില്‍ ഊറ്റംകൊള്ളുകയും അതില്‍ ഒരു നിമിഷമെങ്കിലും പുളകം കൊള്ളുകയും ചെയ്യുന്ന കഥാപാത്രമാണ് അശുത്ഥാമാവ്.

"തീരാത്ത തൃഷ്ണതന്‍ കുരുക്ഷേത്രം!
ആര്‍ ജയിക്കുന്നു?" (2010: 69) 

എന്ന ഒരു ചോദ്യംകൂടി കവയിത്രി ഈ കവിതയില്‍ ഉന്നയിക്കുന്നുണ്ട്. 

ഉപസംഹാരം

പാരമ്പര്യത്തില്‍ ഊന്നിനിന്നുകൊണ്ട് തന്‍റെ മനസ്സില്‍ മുദ്രണം ചെയ്ത പുരാണേതിഹാസഹങ്ങള്‍ക്ക് പുതിയ അര്‍ത്ഥതലങ്ങളും ഭാവവിവക്ഷകളും നല്കി പുനരാവിഷ്കരിക്കുകയാണ് തന്‍റെ പുരാണകേന്ദ്രിതകവിതകളില്‍ വിജയലക്ഷ്മി ചെയ്തിരിക്കുന്നത്. ഈ കവിതകളിലെയെല്ലാം കഥാപാത്രങ്ങള്‍ തിരസ്കൃതരുടെയും തീരാദു:ഖങ്ങള്‍ പേറുന്നവരുടെയും പ്രതിനിധികള്‍ തന്നെ. ജീവിതത്തിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ഇവര്‍ നേടിയ വിജയമോ ആത്മനിര്‍വൃതിയുടെ മിന്നലാട്ടമോ ആണ് വീണ്ടും ജീവിതത്തോട് പൊരുതി മുന്നേറാന്‍ പ്രേരണ നല്കുന്നത്. എങ്കിലും വിഷാദത്തിന്‍റെ ഛായ ഈ കഥാപാത്രങ്ങളെ ചൂഴ്ന്നുനില്‍ക്കുന്നു. ഇരുട്ടിലിരുന്ന് വിങ്ങുന്ന മനസ്സോടെ കണ്ണീരൊഴുക്കുന്നവരാണിവര്‍. പരിമിതമായ വരികളിലൂടെ ഈ കഥാപാത്രങ്ങളുടെ സങ്കടക്കടലിലെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കവയിത്രി അവതരിപ്പിക്കുമ്പോള്‍ അനുവാചകമനസ്സിലും ചോദ്യങ്ങളും അസ്വസ്തതകളും ഉയരുന്നു. അന്ത:സംഘര്‍ഷങ്ങളുടെ കലഹവും വിധി നിശ്ചയിക്കുന്ന മൗനവും ഈ കഥാപാത്രങ്ങളിലെല്ലാം സമാനമാണ്. പുരാണകഥാപാരായണത്തില്‍ സാമാന്യജനങ്ങള്‍ ശ്രദ്ധിക്കാതെപോയ ഇടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ കവയിത്രി പുരാണകഥാപാത്രങ്ങളിലൂടെ സമകാലികാവസ്ഥകളെയും ഭംഗ്യന്തരേണ അനുവാചകഹൃദയത്തിലെത്തിക്കുന്നു. അനിവാര്യമായ തിരുത്തലുകളുടെ അന്തര്‍ദര്‍ശനങ്ങള്‍ പകരുകയും ചെയ്യുന്നു.

ആര്‍ജ്ജിതസംസ്കാരവും ദീര്‍ഘവീക്ഷണവും പക്വമനസ്സും കൈമുതലായുള്ള കവയിത്രി ഒരേസമയം പാരമ്പര്യത്തിലൂന്നി പരിണാമത്തെ സ്വാഗതം ചെയ്യുന്നു. നിരന്തര പരിണാമിയായ കാലത്തിന്‍റെ ഉള്‍ത്തുടിപ്പുകള്‍ ആവാഹിക്കുന്ന ആ കവിതകളില്‍ ആത്മീയതയും ഭൗതികതയും സമന്വയിക്കുന്നു. സമകാലിക ദര്‍ശനങ്ങളുടെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പുരാണകഥാപാത്രങ്ങളെ പുന:സൃഷ്ടിച്ചപ്പോള്‍ രൂപവുംഭാവവും ഒരേപോലെ ദൃഢമാക്കാനും അര്‍ത്ഥപുഷ്ടിയുള്ള പദസമ്മേളനത്തിലൂടെ ഉജ്ജ്വലഭാവം പകരാനും വിജയലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. അനുഭൂതിയുടെ ആഴം വര്‍ദ്ധിപ്പിച്ച് അന്തര്‍ദര്‍ശനങ്ങള്‍ പകരുന്നവയാണ് വിജയലക്ഷ്മിയുടെ പുരാണകേന്ദ്രിതകവിതകളെല്ലാം. തിരസ്കൃതജീവിതങ്ങളുടെ അന്ത:സംഘര്‍ ഷങ്ങളും വിധിയുടെ രൂപത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളും നീതിയും സ്വാതന്ത്ര്യവും അവതരിപ്പിച്ചുകൊണ്ട് വരേണ്യമായ വായനയ്ക്കപ്പുറം നവഭാവുകത്വം പകരാന്‍ കവയിത്രി ശ്രമിച്ചിരിക്കുന്നു.

സഹായകഗ്രന്ഥങ്ങള്‍

ഗോപി ആദിനാട്, (2019), മലയാളകവിത പരിണാമങ്ങളിലൂടെ, തിരുവനന്തപുരം: ചിന്ത പബ്ലിക്കേഷന്‍സ്.
രാഘവന്‍ ടി.ആര്‍., (2019), വിമര്‍ശനങ്ങള്‍ വീക്ഷണങ്ങള്‍,  മാവേലിക്കര: ഫേബിയന്‍ ബുക്സ്.
ലീലാവതി എം., (2008), സ്ത്രീസ്വത്വാവിഷ്കാരം ആധുനികമലയാളസാഹിത്യത്തില്‍, തൃശൂര്‍: കേരളസാഹിത്യ അക്കാദമി.
ലീലാവതി എം., (1997), കവിതാരതി, കോഴിക്കോട് : മാതൃഭൂമി ബുക്സ്.
വിജയലക്ഷ്മി, (2010), വിജയലക്ഷ്മിയുടെ കവിതകള്‍, കോട്ടയം: ഡി.സി. ബുക്സ്.
ശ്രീലതാവര്‍മ്മ, (2014), പ്രതിബിംബങ്ങള്‍ പറയാതിരിക്കുന്നത്, തിരുവനന്തപുരം: പരിധി പബ്ലിക്കേഷന്‍സ്.
ഷീബാ ദിവാകരന്‍, (2014), പെണ്‍കവിത മലയാളത്തില്‍, തിരുവനന്തപുരം: കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്. 
സച്ചിദാനന്ദന്‍, (2009), മലയാളകവിതാപഠനങ്ങള്‍, കോഴിക്കോട്: മാതൃഭൂമി ബുക്സ്.
ഡോ. ബ്രിന്‍സി മാത്യു
അസി. പ്രൊഫസര്‍
മലയാളവിഭാഗം
ദേവമാതാ കോളേജ്, കുറവിലങ്ങാട്
Pin: 686633
India
Ph: +91 9446442808
Email: brincytojo@gmail.com
ORCID: 0009-0008-5471-0880