Locality in the Akkapporinte Irupathu Nasrani Varshangal
Chippy K.RDr. Bennichen Scaria
A region is a term used to describe a country or land area. Area is used in the sense of land, place, part, direction. Each land differs in terms of customs, occupations, way of thinking, behaviors and reforms depending on the typography. Thus, the land itself encompasses a variety of cultures. Novels written with an emphasis on local are a contemporary style of writing. Since humanlife is existing and moving forward, it is predicated on the territory, so no separate identity is possible from it. A region is inhabited by a group of people who follow more or less the same language, but follow different faith codes within them. This paper an attempt to find out the micro fields of Akkapporinte Irupathu Nasrani Varshangal written by Benyamin such as shrine, legend, myth, folk medicine, language, ritual and beliefs.
Keyword: Territory-Tradition-Local History-Myth-Language.
Reference:
Benyamin, 2023, Akkapporinte Irupathu Nasrani Varshangal, Kottayam: DC Books
Ramakrishnan EV. 2018, Malayala Novalilnte deshakalangal, Kozhikode: Mathrubhumi Books
Vishwa vijnanakosam (Vol-9), 1992, S.P.C.S.
Catherine owns.2007. Oxford English Thesaurus and word power Guide, New Delhi: Oxford university press.
Benyamin, Ennathullikalum upputharikalum Madhyamam Azhachapathippu, August 19, 2016.
പ്രാദേശികത അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങളില്‍
ചിപ്പി കെ. ആര്ഡോ. ബെന്നിച്ചന്‍ സ്കറിയ
ഒരു രാജ്യത്തേയോ ഭൂപ്രദേശത്തേയോ എടുത്തു പറയാന്‍ ഉപയോഗിക്കുന്ന പദമാണ് പ്രദേശം. പ്രദേശത്തിന് ദേശം, ഭൂഭാഗം, ദിക്ക് എന്നിങ്ങനെയുള്ള അര്‍ത്ഥത്തില്‍ പ്രയോഗമുണ്ട്. ഓരോ ദേശവും ഭൂപ്രകൃതി അനുസരിച്ച് ആചാരവിശ്വാസങ്ങള്‍, തൊഴില്‍, ചിന്താരീതികള്‍, സ്വഭാവങ്ങള്‍, പരിഷ്കാരങ്ങള്‍ എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. അങ്ങനെ ദേശം തന്നെ വിവിധങ്ങളായ സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നു. പ്രദേശത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് എഴുതപ്പെട്ട നോവലുകള്‍ സമകാലരചനാരീതിയാ ണ്. മനുഷ്യജീവിതം നിലനില്‍ക്കുന്നതും മുന്‍പോട്ടു പോകുന്നതും പ്രദേശത്തെ മുന്‍നിര്‍ത്തിയായതിനാല്‍ അതില്‍നിന്നു വേറിട്ട സ്വത്വം സാധ്യമല്ല. ഏറെക്കുറെ ഒരേ തരത്തിലുള്ള ഭാഷാശൈലി പിന്തുടരുന്നു എങ്കിലും അവയ്ക്കുള്ളില്‍ വ്യത്യസ്ത വിശ്വാസ സംഹിതകള്‍ പാലിക്കുന്ന ജനവിഭാഗം അധിവസിക്കുന്ന ഇടമാണ് പ്രദേശം. ബന്യാമിന്‍ രചിച്ച 'അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍' എന്ന നോവലില്‍ ആരാധനാലയം, ഐതിഹ്യം, മിത്ത്, നാട്ടുവൈദ്യം, ഭാഷാഭേദം, ആചാരവിശ്വാസങ്ങള്‍ തുടങ്ങിയ സൂക്ഷ്മമണ്ഡലങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ഈ പ്രബന്ധം.
താക്കോല്‍ വാക്കുകള്‍: പ്രദേശം, പാരമ്പര്യം, പ്രാദേശികചരിത്രം, മിത്ത്, ഭാഷ.
പ്രദേശം വ്യക്തിയുടെയും സാഹിത്യത്തിന്‍റെയും സ്വത്വത്തിന്‍റെ അടിസ്ഥാനമാണ്. ജനതയുടെ ദൈനംദിനജീവിതവും മനുഷ്യബന്ധങ്ങളും നിലനില്‍ക്കുന്നത് പ്രാദേശികതയിലാണ്. മുഖ്യധാരാചരിത്രവും ജീവിതവും ആവിഷ്കരിക്കുന്ന നോവലുകളി ല്‍ നിന്നും വ്യത്യസ്തമായി ഒരു പ്രദേശത്തിന്‍റെ സവിശേഷജീവി തം ആവിഷ്കരിക്കുന്നവയാണ് പ്രാദേശിക ചരിത്ര നോവലുകള്‍. അതിനാല്‍ തന്നെ പ്രാദേശിക നോവലിലെ പ്രദേശം ദേശ-രാഷ്ട്രയു ക്തിക്ക് പുറത്താണ് നിലകൊള്ളുന്നത്. രാഷ്ട്രയുക്തിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന സൂക്ഷ്മസ്വത്വത്തെ അടയാളപ്പെടുത്തി പ്രാദേശി ക പരിസരത്തെ വിശാലമാക്കുവാനാണ് ഇന്ന് പ്രാദേശിക രചനകള്‍ ശ്രമിക്കുന്നത്. ഇങ്ങനെ പ്രാദേശിക രചനകള്‍ നിര്‍മ്മിച്ചെടുക്കുവാ നായി ഓര്‍മ്മകളും മിത്തുകളും മനുഷ്യബന്ധങ്ങളും സ്വീകരിക്കപ്പെ ടുന്നു. ഇവ രേഖപ്പെടുത്തിയ ചരിത്രമല്ലാത്തതിനാല്‍ സംസ് കാരത്തിന്‍റെ ബഹുസ്വരതയ്ക്ക് കാരണമായിത്തീരും.
'പ്രദേശം-എന്ന അര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന പ്രൊവിന്‍ഷ്യ(Provincia) എന്ന പദത്തില്‍ നിന്നുണ്ടായ പ്രൊവിന്‍ഷ്യാലിറ്റി(Provinciality) എന്ന പദത്തിന് 'പ്രാദേശികത' എന്ന അര്‍ത്ഥമുണ്ട് എന്ന് കാതറിന്‍ ഓണ്‍സ് അഭിപ്രായപ്പെടുന്നു. 1874ല്‍ ഡി.ബെര്‍ലക്ക് പെയ് റൂസിസ് (De Berlec Perussis) എന്ന ഫ്രഞ്ച് കവിയാണ് 'പ്രാദേശി കത' എന്ന പദം സവിശേഷാര്‍ത്ഥത്തില്‍ ആദ്യമായി പ്രയോഗിച്ചത്. 'ഒരു പ്രദേശത്തിന്‍റെ സവിശേഷതകള്‍ (Peculiarities), സ്വഭാവങ്ങള്‍ (Characters), രീതികള്‍ (Manners) പരിഷ്കാരങ്ങള്‍ (Fashions), ആചാരവിശ്വാസങ്ങള്‍ (Customs and Believers), ചിന്താരീതികള്‍ (Mode of Thoughts) തുടങ്ങിയ എല്ലാ ഘടകങ്ങളുടെയും സത്തയാണ് 'പ്രാദേശികത' (Regionalism) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്' (വിശ്വവിജ്ഞാനകോശം,1992:733)
പ്രാദേശിക രചനയില്‍ ഏര്‍പ്പെടുന്നവര്‍ താന്‍ ജനിച്ചു വളര്‍ന്ന നാടിനെ ആഴത്തില്‍ തിരിച്ചറിഞ്ഞ് അതിനോട് താദാത്മ്യ പ്പെടുമ്പോള്‍ മണ്മറഞ്ഞ പല നാട്ടറിവുകളും നാടന്‍വ്യവഹാരങ്ങളും ജീവിതബന്ധങ്ങളും പുനഃസ്ഥാപിക്കപ്പെടുന്നു. ഓരോ പ്രദേശവും ഭൂമിശാസ്ത്രപരമായും ചരിത്രപരമായും രാഷ്ട്രീയമായും സാംസ്കാ രികമായും വ്യത്യാസപ്പെട്ടു കിടക്കുന്നു. സാഹിത്യ കൃതികള്‍ പ്രദേശത്തെ അവലംബമാക്കുമ്പോള്‍ ഭൂപ്രകൃതി, സാമൂഹിക സ്ഥാപനങ്ങള്‍, സാമൂഹിക വ്യവസ്ഥകള്‍, ഭാഷ, ഭക്ഷണം, തൊഴില്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അതിനുള്ളില്‍ കടന്നുവരുന്നു. സാംസ്കാരിക സങ്കലനം അങ്ങനെ സാധ്യമാകുന്നു. "പ്രാദേശികതയാണ് എഴുത്തിലെ പ്രധാന ഘടകമെന്ന് ആര്‍ക്കാണ് സമ്മതിക്കാ തിരിക്കാനാവുക. അനുഭവവും പച്ചപ്പും നല്‍കിയ തന്‍റെ ചുറ്റുപാടു കളെ ഒരെഴുത്തുകാരനും പാര്‍ശ്വവത്കരിക്കാറില്ല. കൃതികളിലെ രസാനുഭവങ്ങള്‍ എന്നത് ആ പ്രാദേശികതയുടെ ഉല്‍പ്പന്നങ്ങള്‍ ആണ്." (ബാലചന്ദ്രന്‍ വടക്കേടത്ത്, 2011:7) സമഗ്രജീവിതശൈലി ആവിഷ്കരിക്കാന്‍ പര്യാപ്തമായ സാഹിത്യവിഭാഗമായി നോവലി നെ പരുവപ്പെടുത്തുവാന്‍ എഴുത്തുകാരന് കഴിയും. പ്രദേശത്തിന്‍റെ ആത്മാവിലേക്കിറങ്ങിച്ചെന്ന് ഓരോ ഘടകങ്ങളെയും സൂക്ഷ്മതല ത്തില്‍ അടയാളപ്പെടുത്തുവാന്‍ നോവലിസ്റ്റ് ശ്രമിക്കും. ഒരു പ്രദേശത്തിന് അവകാശപ്പെട്ട ഘടകങ്ങള്‍ ഇതര പ്രദേശത്തിന് തികച്ചും അന്യമായതിനാല്‍ ആ ഘടകങ്ങള്‍ അവിടെ പുനഃസൃഷ്ടി ക്കുക സാധ്യമല്ല. ഇതാണ് പ്രദേശങ്ങളുടെ സ്വത്വത്തെ വേര്‍തിരിക്കുന്നത്.
ബന്യാമിന്‍ താന്‍ ജനിച്ച മാന്തളിര്‍ എന്ന പ്രദേശത്തിന്‍റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ,ചരിത്ര പരിതോവസ്ഥകളെ ആസ്പദമാക്കി രചിച്ച നോവലാണ് 'അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍'. 1954 മുതല്‍ 1974 വരെയുള്ള നീണ്ട ഇരുപതു വര്‍ഷക്കാലത്തെ ദേശചരിത്രത്തെ നോവല്‍ ആവിഷ്കരിക്കുന്നു. ജന്മസ്ഥലത്തിന്‍റെ ആഴത്തിലുള്ള സ്വാധീനം നോവലില്‍ പ്രകടമാണ്. പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അറ്റത്തുള്ള കുളനട എന്ന മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തിലാണ് ബന്യാമിന്‍ ജനിച്ചത്. തിരുവി താംകൂറിന്‍റെ മധ്യത്തിലൂടെയുള്ള കറുത്തവര എന്ന് വിവക്ഷിക്കപ്പെ ടാവുന്ന എം.സി.റോഡ് ഈ ഗ്രാമത്തിനെ പകുത്താണ് പോകുന്നത്. പഴയ സംഘകാലത്തെ തിണക്കണക്കില്‍ പറഞ്ഞാല്‍ മരുതം തിണ എന്ന സമതല ദേശക്കാരാണ് തങ്ങള്‍ എന്ന് അദ്ദേഹം പറയുന്നു.
കുടുംബം
സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ച് ഇരു സഭകളും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പുത്തനങ്ങാടി സത്യാഗ്രഹ സമരത്തില്‍ (1954)പങ്കെടുത്തു വന്ന മാന്തളിര്‍ കുഞ്ഞൂഞ്ഞിനെ അവതരിപ്പിച്ചുകൊണ്ടാണ് 'അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍' എന്ന നോവല്‍ ആരംഭിക്കുന്നത്. സമാധാന യജ്ഞം പൊളിയണമെന്ന ആഗ്രഹം മാന്തളിര്‍ കുടുംബം ഒന്നാകെ പ്രകടിപ്പിക്കുന്നുണ്ട്. പരമ്പരാഗതമായി ആരുടേയും മുന്‍പില്‍ തല കുനിക്കുന്നവരായിരുന്നില്ല മാന്തളിര്‍ കുടുംബം. സഭയില്‍ സമാധാനം വന്നു എന്ന് കുഞ്ഞൂഞ്ഞ് മത്തായിയോട് പറയുമ്പോള്‍ "എന്‍റെ പരുമലതിരുമേനീ എത്ര മെഴുകുതിരി നേര്‍ന്ന് പ്രാര്‍ത്ഥിച്ചതാ എന്നിട്ടും നീ ഞങ്ങളെ അന്ത്യോഖ്യക്കാരുടെ മുന്നില്‍ മുട്ടുകുത്തിച്ചു കളഞ്ഞല്ലോ"(ബന്യാമിന്‍,2023:9)എന്ന് പറഞ്ഞു വിലപിക്കുന്നു. പരുമലതിരുമേനി പാത്രിയര്‍ക്കീസ് കൂറുകാരന്‍ ആണെന്നായിരുന്നു മത്തായിയുടെ പരിഭവം. "എന്നാലും സഭയില്‍ സമാധാനമുണ്ടാക്കാന്‍ ഈ കുടുംബത്തീന്നു ഒരുത്തന്‍ പോയെക്കുന്നല്ലോ ഇവനെ ഈ വീടിന്‍റെ പടിക്കകത്ത് കേറ്റിപ്പോകരുത്. കൊണമ്പിടിക്കാത്തവന്‍" (ബന്യാമിന്‍,2023:9). ഇങ്ങനെയുള്ള ശാപവാക്കുകളില്‍നിന്ന് സഭയില്‍ സമാധാനം വരുവാന്‍ സഭാംഗങ്ങള്‍ ആഗ്രഹിക്കുന്നി ല്ലെന്നും അധികാരക്കൈമാറ്റം സംഭവിച്ചു പോകുമോ എന്ന് അവര്‍ ആശങ്കപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്. പരസ്പരം ബന്ധിപ്പിക്കു കയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന കൂട്ടായ്മയുടെ കേന്ദ്രമാണ് കുടുംബം.
മാന്തളിര്‍ കുടുംബത്തിന്‍റെ ചരിത്രം പരിശോധിക്കുമ്പോള്‍ ആരംഭകാലം മുതല്‍ക്കേ അവര്‍ സവിശേഷാധികാരം അനുഭവി ക്കുന്നുണ്ട്. ഇത് സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ എല്ലാം കാണാം. മതത്തിലും വിശ്വാസത്തിലും അവകാശത്തിലും മേല്‍ക്കോയ്മ സ്ഥാപിക്കുവാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. ചരിത്രത്തിലും പാരമ്പര്യത്തിലും കുടുംബമഹിമയി ലും ഒരേ സമയം അവര്‍ അഹങ്കരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. "ഞങ്ങളെ തോമാശ്ലീഹായില്‍ നിന്ന് നേരിട്ട് കൈവെയ്പ്പ് കിട്ടിയ പകലോമറ്റം കുടുംബക്കാരാ പത്തായിരക്കൊല്ലക്കാലം മലങ്കരസഭയെ വീറോടെ നയിച്ച ആര്‍ക്കദിയാക്കോന്മാര്‍ ഞങ്ങടെ സ്വന്തം കുടുംബക്കാരാ" (ബന്യാമിന്‍, 2023: 20). പാരമ്പര്യവും മത വും അധികാരവും കുടുംബപരമായി നിലനിര്‍ത്തിപ്പോകുവാന്‍ മാന്തളിര്‍ കുടുംബാംഗങ്ങള്‍ എല്ലാവരും പ്രത്യാശിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്.
ബ്രാഹ്മണ്യത്തിന്‍റെ സവിശേഷാധികാരം മാന്തളിരിലെ നസ്രാണികള്‍ തങ്ങളുടെ മഹത്വം ഉറപ്പിക്കുവാന്‍ പല ഘട്ടങ്ങളി ലായി ഉപയോഗിക്കുന്നുണ്ട്. പകലോമറ്റം, ശങ്കരപുരി, കള്ളി, കാളി യാങ്കല്‍ എന്നിങ്ങനെ നാല് ബ്രാഹ്മണ കുടുംബ മഹിമകളി ലൊന്നാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. അതിന് ഉപോല്‍ബലകമായി അവര്‍ പറയുന്നത് നസ്രാണികള്‍ പണ്ടേക്കുപ ണ്ടേ ഉപയോഗിച്ച് പോരുന്ന തിരുമേനി, അപ്പന്‍, അംശവടി, ഇടവക, അംശക്കൂറ്, പട്ടക്കാരന്‍ ഇത്യാദി സ്ഥാനമാനാദികള്‍ ബ്രാഹ്മണ്യ ത്തിന്‍റെ തുടര്‍ച്ച ആണെന്നാണ്. തീണ്ടല്‍, തൊടീല്‍, മന്ത്രകോടി, താലികെട്ട്, ചന്തം ചാര്‍ത്തല്‍, അയിനിയൂണ്‍, ചാത്തം, നാലുംകുളിവെള്ളയും കരിമ്പടവും, മന്ത്രകോടിയുഴിയല്‍, വാതില്‍ അടച്ചുതുറ, ദീക്ഷ, ഏത്താപ്പ്, എന്തിന് നസ്രാണിപ്പെണ്ണുങ്ങളുടെ പൃഷ്ഠം മറയ്ക്കുന്ന വാലിട്ട് ഞൊറിഞ്ഞുടുപ്പ് വരെ തനി ബ്രാഹ്മണ്യം ആണെന്ന് അവര്‍ വിശ്വസിക്കുന്നു. "ഇങ്ങനെ സാമ്യം പറഞ്ഞ് പോയാല്‍ മാന്തളിരുകാര്‍ ബ്രാഹ്മണരേക്കാള്‍ വലിയ ബ്രാഹ്മണ്യ മുള്ളവരാവും നായരെ അത് അറിയാവുന്നത് കൊണ്ടല്ലേ പന്തളത്ത് രാജാവ് തന്‍റെ അകത്തളത്തില്‍ മാന്തളിര്‍ മാപ്പിളമാര്‍ക്ക് വെച്ചുവിരി ക്കുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ മാന്തളിര്‍ മാപ്പിളമാരുടെ തോളത്ത് കയ്യിട്ട് നടന്നിട്ടുള്ളത്." (ബന്യാമിന്‍, 2023: 41)
പള്ളികള്‍
മതവും വിശ്വാസവും പള്ളിയോട് ചേര്‍ന്ന് കിടക്കുന്നു എന്ന് മാത്രമല്ല ആത്മീയതയ്ക്കൊപ്പം ഭൗതീകതയിലും നിലകൊള്ളുന്നു ണ്ട്. പൂര്‍വ്വപിതാക്കള്‍ അന്തിയുറങ്ങുന്ന ഇടമായതിനാല്‍ തങ്ങളുടെ വേരുകളുടെ തുടക്കവും ഒടുക്കവും അവിടെത്തന്നെയാണെന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ ദേവാലയത്തില്‍ വച്ചാണ് സ്നാനം മുങ്ങി ക്രിസ്ത്യന്‍ സമൂഹത്തോട് ചേര്‍ക്കപ്പെടുന്നത്. അവിടെവച്ച് വിവാഹിതനാവുകയും മരണശേഷം അവിടെത്തന്നെ ഉറങ്ങുകയും ചെയ്യുന്നു. പള്ളിയില്‍ നിന്ന് അകലുക എന്ന് വച്ചാല്‍ വേരറ്റുപോവു ക എന്ന് കൂടിയാണ്. ഭൗതീകതലത്തേക്കാള്‍ വൈകാരികതലമാണ് അവിടെ കാണുന്നത്. മാന്തളിരിലെ വിശ്വാസികള്‍ സ്വഭവനത്തേ ക്കാള്‍ കൂടുതല്‍ ഉറങ്ങുന്നത് പള്ളികളിലാണ്.
മാന്തളിര്‍ എന്ന പ്രദേശത്തിന്‍റെ ജീവന്‍ തുടിയ്ക്കുന്നത് പള്ളികളിലാണ്. എല്ലാ മാനുഷികവികാരങ്ങളും പള്ളിയോട് ചേരുന്നു. മാന്തളിര്‍ നസ്രാണിമാര്‍ക്ക് ആത്മീയ പരിവേഷത്തിന പ്പുറത്ത് ഇരുസഭകളിലെയും വിശ്വാസികളുടെ മഹത്വം തെളിയിക്കാ നുള്ള ഇടമാണ് പള്ളി. തങ്ങളുടെ കുടുംബമഹിമകളും അധികാരവും മഹത്വങ്ങളും പരസ്പരം തെളിയിക്കുവാന്‍ വേണ്ടി അവര്‍ പള്ളിയെ ആശ്രയിക്കുന്നു. പലപ്പോഴും മത്സരിക്കാനും പോരടിക്കാനുമുള്ള ഇടമായി പള്ളി പരിവര്‍ത്തിക്കപ്പെടുന്നതിനാല്‍ സമാധാനഉടമ്പടി കള്‍ എത്തിച്ചേരുവാന്‍ അവര്‍ വിസമ്മതിക്കുന്നു.
മാന്തളിര്‍ വല്യമ്മ ഏലിയാമ്മച്ചേട്ടത്തിക്ക് ഞായറാഴ്ചകള്‍ അസാധാരണമാണ്. നാലരവെളുപ്പിനെ ഉണര്‍ന്ന് ഏഴാം മണിവരെ മരുമക്കള്‍ രണ്ടിനെയും 'കുളിക്കാന്‍ വെള്ളം ചൂടാക്കടിയേ, തേപ്പോട്ടി ചൂടാക്കടിയേ, മണ്ട് തേക്കടിയേ,ചട്ട തേക്കടിയേ എന്ന് പറഞ്ഞ് നിലം തൊടാതെ സ്വൈരം കൊടുക്കാതെ ഓടിക്കും'(ബന്യാമിന്‍, 2023:11)
പുത്തനങ്ങാടി സത്യാഗ്രഹത്തിലൂടെ സഭയില്‍ സമാധാനം വരുമ്പോള്‍ സകലരും നിരാശരാകുന്നു. പിന്നീട് വിശ്വാസികളുടെ ജീവിതചര്യയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുന്നത് കാണാം. പള്ളിയില്‍ പ്രഭാതമണി അടിച്ചിട്ടും മാന്തളിര്‍ വല്യമ്മ ഉണര്‍ന്നെണീ ക്കാതെ പുതപ്പ്മൂടി ഉറങ്ങുകയാണ്. മാന്തളിര്‍ കുടുംബത്തില്‍ മാത്രമല്ല ഇടവകയില്‍ മിക്കവാറും എല്ലാ വീടുകളിലും ഇതാണ് അവസ്ഥ. പള്ളിയിലും അവസ്ഥ പരിതാപകരമായിരുന്നു. എട്ടുമണിയ്ക്ക് എത്തിയാലും വരാന്തയില്‍ പോലും കാലുകുത്താന്‍ ഇടമില്ലാത്ത മാന്തളിര്‍ പള്ളിയില്‍ അന്ന് ഒമ്പത് കഴിഞ്ഞിട്ടും കുര്‍ബ്ബാന കൂടാന്‍ എത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. മനയ്ക്കല്‍ മണ്ണിലച്ചന്‍ മനസില്ലാമനസോടെ കുര്‍ബ്ബാനയ്ക്ക് കയറി. മാന്തളിര്‍ പെണ്ണുങ്ങള്‍ ആര്‍ക്കോക്കെയോ വേണ്ടി കുരിശുവരച്ചു. എല്ലാത്തിലും ശ്മശാനത മാത്രം.
പുത്തനങ്ങാടി സത്യാഗ്രഹസമരത്തിനുശേഷം മാന്തളിര്‍ പള്ളിയില്‍ ഇരുവിഭാഗവും തമ്മില്‍ അടി നടത്താന്‍ തുടങ്ങുന്ന വിവരം പാപ്പി മനയ്ക്കല്‍ മണ്ണിലച്ചനെ അറിയിക്കുമ്പോള്‍ "അടി യും വഴക്കുമില്ലെങ്കില്‍ മലങ്കര സഭ പിന്നെ എന്തുവാ പാപ്പി നമ്മുടെ ചൂടും ചൂരും മുഴുവന്‍ ഈ വാക്കിലല്ലേ കുടികൊള്ളുന്നത്. പാപ്പി ചെന്ന് കണ്ടാട്ട് എനിക്കേ നിക്കാന്‍ നേരമില്ല. വീട്ടിലിന്ന് മെതിയാ" (ബന്യാമിന്‍, 2023:15) എന്ന് പറഞ്ഞു പോകുന്ന അച്ചനെ കാണാം. പള്ളിയോടുള്ള വിശ്വാസികളുടെ വൈകാരികഭാവം അതിരുകടന്ന് പള്ളി സ്വത്വം തന്നെയായി മാറുകയും അസ്തിത്വ പ്രശ്നവും സാമ്പത്തിക അധികാര മേല്‍ക്കോയ്മയും തീവ്രമാവുകയും ചെയ്യുന്നു.
പ്രാദേശികചരിത്രം എന്നത് സ്വത്വപഠനംകൂടി ഉള്‍പ്പെടുന്ന താണ്. മാന്തളിര്‍ എന്ന പ്രദേശത്തിന്‍റെ സ്വത്വം വിശകലനവിധേ യമാക്കുമ്പോള്‍ ജാതി, മതം, ഭാഷ എന്നിങ്ങനെയുള്ള നിരവധി സ്വത്വങ്ങള്‍ ചേര്‍ന്ന കലര്‍പ്പ് അവിടെ കാണാം. പള്ളിയെ സ്വത്വമായി പരിഗണിക്കുമ്പോള്‍ മാന്തളിരിനെ സമൂഹം മനസ്സിലാക്കുന്നത് പള്ളിയുമായി ബന്ധപ്പെട്ട അധികാര തര്‍ക്കങ്ങളിലൂടെയും വാഗ്വാദങ്ങളിലൂടെയുമാണ്. ഇത് വ്യക്തിപരമായും സാമൂഹികമായും വിനിമയം ചെയ്യപ്പെടുന്നുണ്ട്. മാന്തളിര്‍ പള്ളിയെ സംബന്ധിച്ചിട ത്തോളം അധികാര തര്‍ക്കങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനാല്‍ പള്ളി എന്ന സ്വത്വം ദേശകാലഭേദമന്യേ നിലകൊള്ളുന്നതാണ്. പള്ളി വ്യക്തിയില്‍ രൂപപ്പെടുത്തുന്ന സ്വത്വവും വ്യക്തി പള്ളിയില്‍ ചെലുത്തുന്ന സ്വത്വവും പരസ്പര പൂരകങ്ങള്‍ ആണ്. നിലനില്‍പ്പ്ഇവ രണ്ടിനും അത്യന്താപേക്ഷിതമാകുന്നു. അത് തന്നെയാണ് ഇവയെ ഒന്നിപ്പിക്കുന്നതും.
ഭാഷ
പ്രാദേശികചരിത്ര പഠനത്തിലെ പ്രധാന ഘടകം ഭാഷയാണ്. ഒരു സമൂഹത്തിന്‍റെ സ്പന്ദനങ്ങളെ ഏറ്റവും സൂക്ഷ്മമായി അവതരിപ്പിക്കുവാന്‍ സാധിക്കുന്നത് അവിടെയുള്ള ഭാഷയിലൂടെ യാണ്. ഭാഷ നിയതമായ ഒരു സംസ്കാരത്തെ ഉള്‍ക്കൊള്ളുന്നു. 'നോവലില്‍ ഒരു സ്ഥലത്തെ അടയാളപ്പെടുത്താനുള്ള എളുപ്പവഴി ആ സ്ഥലത്തിന്‍റെ ഭാഷയെ അടയാളപ്പെടുത്തുക എന്നതാണെന്ന്' (ബന്യാമിന്‍, 2016:137) ബന്യാമിന്‍ അഭിപ്രായപ്പെടുന്നുണ്ട്. പഴയ നാട്ടുരാജ്യങ്ങളായ ഓണാട്ടുകരയുടെയും പന്തളത്തിന്‍റെയും ഭാഷ യാണ് മാന്തളിരിലുള്ളതെന്ന് നോവലിസ്റ്റ് തുറന്നു പറയുന്നുണ്ട്. പ്രാദേശിക ശൈലി കടന്നു വരുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നോവലില്‍ ഉണ്ട്.
പുത്തനങ്ങാടി സമരം കഴിഞ്ഞ് ഗാന്ധി വേഷത്തില്‍ വന്ന കുഞ്ഞൂഞ്ഞ് ഗാന്ധിയെ കണ്ട് നായന്മാര്‍ അത്ഭുതപ്പെട്ടു. നവഖാലി യില്‍ നിന്നും ഞെട്ടിയടര്‍ന്ന് വീണത് പോലെ ഒരു ഗാന്ധി. ഹമ്മോ! ഈ തിരുവാഴിത്താനെ നമ്മള്‍ നേരത്തേ കാച്ചിയതല്ലേ: പിന്നാര് മലങ്കരയില്‍ പുതിയൊരു പ്രശ്ചന്നവേഷന്‍ എന്ന് നായന്മാര്‍ ഒരു നിമിഷത്തേക്ക് അന്ധാളിച്ചു. കലഹത്തിന്‍റെ ഭാഷ മറ്റൊരു വിധത്തിലാണ്. സഭാതര്‍ക്കത്തെക്കുറിച്ചുള്ള കഥ കേട്ടിട്ട് താന്‍ വാങ്ങിക്കൊടുത്ത വടേം ചായേം തിന്ന് കുടിച്ചിട്ട് പാത്രിക്കീസിന് അനുകൂലമായി പറയുന്നയാളോട് കുഞ്ഞൂഞ്ഞ് ഇങ്ങനെ ചോദിക്കു ന്നു. "ഫാ നായരെ.... എന്‍റെ കഥേം കേട്ട് എന്‍റെ വടേം തിന്നേച്ച് പാത്രിക്കീസിന് കൂറു പറയുന്നോ? വടുകത്തരം കാണിക്കരുത്" (ബന്യാമിന്‍, 2023:23)
മാന്തളിര്‍ കുഞ്ഞൂഞ്ഞിന്‍റെ ആരുമറിയാതെയുള്ള വരുത്തു പോക്കിനെക്കുറിച്ച് ശോശാമ്മയും വട്ടു പാപ്പച്ചനും നടത്തുന്ന വാഗ്വാദവും നാടന്‍ ശൈലിയാണ്. "നിന്‍റെ പാലുണ്ണി കാണിച്ച് മയക്കി ഉണ്ണാസമരക്കാരനെ നീ കാലിനെടെ ഒളിപ്പിച്ച് വച്ചേക്കുവല്ലിയോടീ... മയക്കിയെങ്കിലേ അതെന്‍റെ മിടുക്ക്. മാപ്പിളേ പറഞ്ഞ് പട്ടാളത്തി വിട്ടിട്ട് ഉണ്ണാസമരക്കാരനെ കൂടെ കിടത്തി മാന്തളിര്‍ സ്വത്തെല്ലാം അടിച്ചെടുക്കാനല്ലിയോടീ നിന്‍റെ പദ്ധതി. സ്വത്ത് അടിച്ചെടുക്കുന്നേല് അതും എന്‍റെ മിടുക്ക്. നീ കൊണ്ടുപോയി ഒരു കേസ് കൊടുക്ക്.
കേസും കോടതിയൊന്നും എനിക്ക് വേണ്ടാടീ. നിന്നെയൊ ക്കെ ആകാശത്തൂന്ന് ഉല്‍ക്ക വീഴ്ത്തി കൊല്ലിക്കാനുള്ള മന്ത്രോം പ്രാര്‍ത്ഥനേം ഒക്കെ ഈ പാപ്പച്ചനറിയാമെടീ... നിന്‍റെ ഉലക്കയൊന്നും ഈ ശോശേടെ തലേല് ഏക്കത്തില്ലെന്‍റെ പാപ്പോ...
എന്നാ ഇതാ പിടിച്ചോ ഒരെണ്ണം. ചീറുന്ന ചക്രം! പറക്കുന്ന കുന്തിരിക്കം! ഓം ഹ്രീം തോമാശ്ലീഹായ നമഃ...!" (ബന്യാമിന്‍, 2023:23)
കഥാപാത്രങ്ങളുടെ ഭാവവും സ്വഭാവസവിശേഷതകളും സന്ദര്‍ഭത്തിന്‍റെ ചടുലതയും മികവുറ്റതാക്കാന്‍ ഭാഷ ഇവിടെ ഉപയുക്തമായിരിക്കുന്നു.
മാനുഷികബന്ധങ്ങള്‍
മാന്തളിരിലെ ജീവിതക്രമങ്ങള്‍ എല്ലാം പള്ളിയോട് ചേര്‍ത്തുവച്ചിരിക്കുകയാണ്. പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായിരുന്നപ്പോഴും അന്ത്യോഖ്യാക്കൂറുകാരനായ മനയ്ക്കല്‍ മണ്ണിലച്ചന്‍റെ മരണം മാന്തളിരിലുണ്ടാക്കിയ സങ്കടം ചെറുതായിരു ന്നില്ല. മാന്തളിര്‍ പള്ളിയിലുണ്ടായിരുന്ന അക്കപ്പോരിന് നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു. "നമ്മളിനി ആര്‍ടെ മുഖത്ത് നോക്കി പാത്രിക്കീസിനെ ചീത്ത വിളിക്കും എന്‍റച്ചാച്ചോ" എന്ന് നിലവിളിക്കുന്ന മാന്തളിര്‍ കുഞ്ഞൂഞ്ഞിനെ നോവലില്‍ കാണാം. പ്രാദേശികതയുടെ നിഷ്കളങ്കതയും ദയാവായ്പും എല്ലാം അവര്‍ സൂക്ഷിച്ചിരുന്നു എന്ന് ഇതിലൂടെ കാണാം. വഴക്കിനും വക്കാണത്തി നും അപ്പുറം മനുഷ്യനെ പരസ്പരം ഒരുമിപ്പിക്കുന്ന മാനുഷികമൂല്യ ങ്ങള്‍ പള്ളി പകര്‍ന്നുകൊടുത്തു.
"മാന്തളിര്‍ ദേശം കണ്ട ഏറ്റവും വലിയ ശവഘോഷയാത്ര യായിരുന്നു മനയ്ക്കല്‍ മണ്ണിലച്ചന്‍റെത്. ദേശത്ത് പട്ടക്കാരും പ്രധാനാചാര്യന്മാരും മേല്‍പ്പട്ടക്കാരും അന്ന് മാന്തളിരില്‍ വന്നുകൂടിയിരുന്നു. അലങ്കരിച്ച രഥത്തില്‍ അച്ചന്‍റെ ദേഹം ദേശം ചുറ്റി വിട ചോദിച്ചു. മത്തായിയും കുഞ്ഞൂഞ്ഞും ചരുവില്‍ കീവര്‍ച്ച നും ഇല്ലത്തെക്കേല്‍ കുട്ടിച്ചായനും എല്ലാം രഥത്തില്‍ കെട്ടിപ്പിടിച്ചി രുന്ന് സങ്കടം പങ്കുവച്ചു. മാന്തളിര്‍ ജനമാകെ വിലപിച്ചു കെണ്ട് ആ രഥത്തെ അനുഗമിച്ചു. രഥം പള്ളിയില്‍ എത്തിയപ്പോള്‍ ദുഃഖസാന്ദ്ര മായി മണി മുഴങ്ങി. ഇടവകജനങ്ങള്‍ വാവിട്ടു കരഞ്ഞു.'(ബന്യാമിന്‍, 2023:100). വൈരസ്യം മറന്ന് മനുഷ്യര്‍ മനുഷ്യരാകുന്ന മുഹൂര്‍ത്തം പ്രാദേശിക സംസ്കൃതിക്ക് മാത്രം അവകാശപ്പെടാവുന്ന മൂല്യമാണ്. മാനുഷികതയും മനുഷ്യമഹത്വവും കൂട്ടിയിണക്കുന്നത് പള്ളിയാണ്. അത് മരണത്തിന് മുമ്പിലാണ് എന്നതാണ് മറ്റൊരു പ്രത്യേ കത.
പ്രദേശത്തെ അടയാളപ്പെടുത്തുന്നതാണ് പ്രകൃതി ബന്ധ ങ്ങള്‍. സഹജീവികളോടുള്ള കരുണയും ദയയും പ്രാദേശിക ഇടങ്ങളുടെ സവിശേഷതയാണ്. മാന്തളിര്‍ മത്തായിയുടെ ചില ജീവിതചര്യകള്‍ ഇതിന് ദൃഷ്ടാന്തമാണ്. നഞ്ചു കലക്കിയും തോട്ട പൊട്ടിച്ചും മീനെ മയക്കി വീശി പിടിക്കുന്ന രീതി പുന്തലച്ചോവന്മാര്‍ ക്കിടയില്‍ ഉണ്ട്. മാന്തളിര്‍ അച്ചായന്‍മാര്‍ക്ക് വീശാന്‍ അറിയില്ലെന്ന പരിഹാസം കേള്‍ക്കുമ്പോള്‍ നഞ്ചിട്ട് മീന്‍ പിടിക്കുവാന്‍ ഉണ്ണൂണ്ണിച്ചാ യന്‍ പിള്ളേരെ കൂട്ടി കടവില്‍ പോകുന്നുണ്ട്. അവര്‍ക്കൊപ്പം പോകുവാന്‍ കഴിയാതെ വിഷമിച്ച കുഞ്ഞൂഞ്ഞിനെ മത്തായി സമാധാനിപ്പിക്കുന്നത് ഇങ്ങനെയാണ്. 'നഞ്ചിട്ട് കണ്ണ് കലക്കിയും തോട്ട പൊട്ടിച്ച് നെഞ്ച് കലക്കിയുമല്ല കുഞ്ഞൂഞ്ഞേ മീന്‍ പിടിക്കേണ്ടത്. അതിന് ഏതു ശുനകനെ കൊണ്ടും പറ്റും. നമ്മളതിന് പോകരുത്. ഒരിക്കലും പുഴയോടും മീനിനോടും നമ്മുടെ മൂപ്പിലാ ന്മാര്‍ ആ നെറികേട് കാണിച്ചിട്ടില്ല. ഇനി നമ്മളായിട്ട് കാണിക്കയു മരുത്' (ബന്യാമിന്‍, 2023:94). ഒറ്റാലുകൊണ്ട് വെട്ടാന്‍ പോകുന്നതും മത്തായി സമ്മതിച്ചില്ല. വെള്ളത്തില്‍ മീനിന്‍റെ ചോര പടരരുതെ ന്നാണ് വിശ്വാസം അത് ദൈവദോഷമാണെന്നും നമുക്ക് നാളെ യും മീന്‍ വേണമെന്നും അതുകൊണ്ട് നമ്മളവയെ സ്നേഹിക്കണ മെന്നും അനുജനെ ഉപദേശിക്കുന്നു. നഞ്ചിന്‍റെ കലക്കമൊഴിഞ്ഞ് വെള്ള കീറി വരുന്ന മീനുകളെ നേരിട്ട് വീശിപ്പിടിക്കുന്ന വിദ്യ അവര്‍ക്ക് കാണിച്ച് കൊടുക്കുന്നുണ്ട്. അപ്പോഴും വലയില്‍ വീഴുന്ന ചെറിയ മീനുകളെ വെള്ളത്തിലേക്ക് തന്നെ വിടണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. പരമ്പരയാ കൈമാറി വരുന്ന ചില പ്രാദേശിക മൂല്യങ്ങള്‍ എല്ലാ പ്രദേശങ്ങളിലും കാണുവാന്‍ കഴി യും. കുടുംബപരമായി ആചരിച്ചു വരുന്ന ചില കാര്യങ്ങള്‍ മുതിര്‍ന്നവര്‍ പാലിക്കുകയും പിന്‍തലമുറയില്‍പ്പെട്ടവര്‍ക്ക് ഉപദേശിക്കുകയും ചെയ്യും. പ്രവര്‍ത്തികളിലെ നേരും നെറിയുമാണ് മത്തായിയുടെ മീന്‍പിടുത്തത്തില്‍ നിറയുന്നത്. ദയയും സഹാനുഭൂതിയും മനുഷ്യര്‍ മാത്രമല്ല പ്രകൃതിയിലുള്ള എല്ലാ ചരാചരങ്ങളും അര്‍ഹിക്കുന്നുണ്ട് എന്ന് ഇതിലൂടെ കാണാന്‍ കഴിയുന്നു. നാളേയ്ക്കുള്ള കരുതല്‍ പ്രദേശത്തിന്‍റെ സ്വഭാവം ആണ്. ഇന്ന് ജീവിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല നാളെയുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് പ്രകൃതി എന്ന തിരിച്ചറിവ് ഇവിടെ തെളിഞ്ഞു വരുന്നു. നാട്ടു സംസ്കൃതിയുടെ സ്പന്ദനവും സംസ്കാരവും ഇവിടെ കാണാം.
മിത്തും വിശ്വാസങ്ങളും
'അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍' എന്ന നോവലിലെ പ്രധാന ഭാഗമാണ് നിധി കിട്ടിയ കഥ. പ്രാദേശിക ചരിത്രം വിവരിക്കുന്ന സാഹിത്യരചനകളില്‍ ഇത്തരം നിധിക്കഥകള്‍ സുലഭമാണ്. നിധി കിട്ടിക്കഴിഞ്ഞ ശേഷം ഉണ്ടാകുന്ന ദുരനുഭവങ്ങ ളും പ്രാദേശിക സമൂഹത്തില്‍ സ്വാഭാവിക സംഭവമാണ്. മാന്തളിര്‍ കുഞ്ഞൂഞ്ഞ് നാണയം വില്‍ക്കുവാന്‍ പഴനി ആചാരിയുടെ വീട്ടില്‍ പോയി നാണയം ഏല്‍പ്പിക്കുന്നത് മുതല്‍ 'ദുര്‍ലക്ഷണം' തുടങ്ങു ന്നു. വെള്ളം കോരി നിന്ന പണിക്കത്തിയുടെ കയറും തൊട്ടിയും കൈവിട്ടു പോകുന്നു. ദുശ്ശകുനമാണെന്ന് അയാള്‍ കുഞ്ഞൂഞ്ഞിനോട് പറഞ്ഞിട്ട് വേണ്ട ക്രിയകള്‍ ഞാന്‍ ചെയ്യിച്ചോളാം എന്ന് പറഞ്ഞ് യാത്രയാക്കുന്നു. വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞൂഞ്ഞ് ശമുവേലിന്‍റെ വസൂരി ബാധക്ക് കണ്ട് അസ്വസ്ഥനാകുന്നു. പ്രാദേശിക സംസ് കാരത്തിന്‍റെ അടിസ്ഥാന സ്വഭാവമാണ്. നാടന്‍ ചികിത്സാ രീതിക ളും പ്രാര്‍ത്ഥനകളും നേര്‍ച്ചകളും മറ്റും. ശമുവേലിനെ ചികിത്സിച്ച ചാങ്ങേത്ത് വൈദ്യരും വസൂരിയുടെ പരമ്പരാഗത ചികിത്സാരീതി പറയുന്നുണ്ട് "വീട് മാറ്റിക്കിടത്തണം. പെണ്ണുങ്ങളും പിള്ളാരും അടുത്തേക്ക് പോകുവേ വേണ്ട. ആണുങ്ങളിലും ധൈര്യമുള്ളവര്‍ മാത്രം വല്ലപ്പോഴും പോകാം. കുടിക്കാന്‍ കഷായം തരാം. വേപ്പില പറിച്ചു അതില്‍ വേണം കിടത്താന്‍. അതുകൊണ്ട് തന്നെ ഉഴിയണം. എന്നാലെ ചൊറിച്ചില് മാറൂ. നഖം തൊടാന്‍ പാടില്ല. പൊറ്റ പൊളിക്കാനും നോക്കരുത്. മത്സ്യ-മാംസ്യാദികള്‍ നിഷിദ്ധം. ഉപ്പ് തൊടാന്‍ പാടില്ല. കുടിക്കാന്‍ കഞ്ഞിയും തേങ്ങാവെള്ളവും മാത്രം കൊടുത്താല്‍ മതി." (ബന്യാമിന്‍, 2023:61).
വസൂരി വന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയുള്ള പള്ളിയില്‍ നേര്‍ച്ചനേരുന്നു. ഈ പള്ളിയെ കുറിച്ചുള്ള ഐതിഹ്യകഥയും പ്രാദേശികത്തനിമയില്‍ അധിഷ്ഠിതമാണ്. കൊരമ്പാല ഭാഗത്ത് വസൂരി ബാധിച്ചു മരിച്ച വൃദ്ധദമ്പതികളെ പള്ളിയിലെ സെമിത്തേരിയില്‍ അടക്കാന്‍ വിസമ്മതിച്ചതിനാല്‍ ബന്ധുക്കള്‍ തലയനാട്ട് വയസ്സനായ ശ്ലീബാപ്പട്ടക്കാരനെ സമീപിക്കുകയും അദ്ദേഹത്തിന്‍റെ കുടിലിന് അടുത്തായി മൃതദേഹം അടക്കുകയും ചെയ്തു. ഇതേ കൊരമ്പാല ദേശത്തെ നസ്രാണി പ്രമാണിക്ക് രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കിഴവനച്ചനെ വന്നു കാണുകയും അടക്കിയ കല്ലറയില്‍നിന്ന് ഊറി വന്ന ചോര വസൂരി ബാധിച്ച ശരീരത്ത് പുരട്ടി രോഗം ഭേദമാക്കുകയും ചെയ്യുന്നു. ഈ ഉപകാരസ്മരണയില്‍ തലയനാട്ട് പള്ളി സ്ഥാപിക്കുന്നു. ഇങ്ങനെ പ്രാദേശിക ഇടങ്ങളില്‍ മിത്തും ചരിത്രവും ചേര്‍ത്തു കൊണ്ടുള്ള ഒരു കഥാപശ്ചാത്ത ലമുണ്ടാകും. ദേശസ്വത്വത്തിന്‍റെ അടിസ്ഥാന ഘടകമാണ് മിത്തുകള്‍. അതിനാല്‍ മിത്തുകളുടെ വീണ്ടെടുപ്പ് പ്രദേശത്തിന്‍റെ വീണ്ടെടുപ്പിന് കൂടി വഴിതെളിക്കുന്നു.
സമുദായമൈത്രി പ്രാദേശികതയുടെ അടിസ്ഥാന സ്വഭാവ മാണ്. മാന്തളിര്‍ കുടുംബം തികഞ്ഞ ക്രിസ്തുമത വിശ്വാസികള്‍ ആയിരുന്നപ്പോഴും ഇതര സമുദായക്കാരുടെ വിശ്വാസരീതികളിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി കാണാം. വസൂരിബാധയ്ക്ക് കാരണം അന്വേഷിച്ചു മാന്തളിര്‍ മത്തായി പൂഴിക്കാട്ട് മാണിക്കകണി യാരുടെ വീട്ടിലെ കവടിക്കളത്തിനു മുന്നില്‍ ഇരിക്കുന്നതും അതുകൊണ്ടാണ്. മാന്തളിര്‍ കുഞ്ഞൂഞ്ഞും പറമ്പില്‍ നിന്നു കിട്ടിയ നിധി ചിലവഴിക്കാന്‍ പല കണിയാന്മാരെയും പ്രശ്നക്കാരെയും കൂടോത്രക്കാരെയും കാണുന്നുണ്ട്. സമുദായഭേദമന്യേ ഇത്തരം വിശ്വാസരീതികള്‍ ആളുകള്‍ പിന്തുടര്‍ന്നിരുന്നു. നിധി ഉപയോഗി ക്കാന്‍ നേരുന്ന നേര്‍ച്ചകളും ശ്രദ്ധേയമാണ്. "ഏത് ഒഴിയാബാധയും ഒഴിപ്പിച്ച് വിടണം. എല്ലാ ശാപത്തെയും ഇല്ലാതാക്കി അതിനെ ഉപയോഗിക്കണം. മണര്‍കാട് ആള്‍ വലിപ്പമുള്ള നാല് മെഴുകുതിരി കളും ഒരുപാട്ട എണ്ണയും പുതുപ്പള്ളിയില്‍ നാല് കോഴിയും ഒരു പാമ്പിന്‍ രൂപവും ഉഗ്രമൂര്‍ത്തിയായ മലയാലപ്പുഴ ഭഗവതിക്ക് ഒരു കുടം നെയ്യ് കക്കടയിലെ ചന്ദനക്കുടത്തിന് ഒരാന എന്‍റെ വക സര്‍വര്‍ക്കും നേര്‍ന്നു. എവിടുത്തെ മൂര്‍ത്തിയാണ് കനിഞ്ഞരുളുന്നത് എന്നറിയില്ലല്ലോ" (ബന്യാമിന്‍, 2023:64).
നാട്ടിന്‍പുറങ്ങളില്‍ സാധാരണയായ പ്രേതക്കഥ മാന്തളിരി ലും ഉണ്ട്. പ്രേതത്തെ നേരില്‍ കണ്ട് പേടിക്കാതിരിക്കാന്‍ മാന്തളിര്‍ ചെറിയാന്‍ മാപ്പിള തന്‍റെ മക്കളായ കുഞ്ഞൂഞ്ഞിനെയും മത്തായി യെയും പ്രേതമുണ്ടെന്ന് വിശ്വസിക്കുന്ന വയറപ്പുഴക്കരയില്‍ രാത്രിയില്‍ ഇരുത്തിയിട്ട് പോകുന്നു. നേരം വെളുക്കുന്നത് വരെ മത്തായിയും കുഞ്ഞൂഞ്ഞും ഇരു കരകളിലായി ഇരുന്നു. 'കണ്‍വെട്ട ത്തുള്ള മഹാദേവരെ കാത്തോളണേ' എന്ന പ്രാര്‍ത്ഥനയില്‍ അവര്‍ നേരം വെളുപ്പിച്ചു. നാട്ടിന്‍പുറത്തുള്ളവര്‍ എല്ലാ ദൈവങ്ങളെയും ഒരേ പോലെ ആരാധിക്കുന്നു എന്ന് ഇവിടെ കാണാം. "ഒരു ജനതയുടെ ദൈനംദിനാനുഭവങ്ങളില്‍ പൊതുവായ ചിലത് അവരെ ഒന്നിപ്പിക്കുമ്പോള്‍ ദേശത്തെ സ്വന്തം സ്വത്വത്തിന്‍റെ ഭാഗമായി തന്നെ അവര്‍ അനുഭവിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നു. അത്തരം അനുഭവങ്ങളില്‍ വിള്ളല്‍ വീഴുമ്പോള്‍ ചില ജനവിഭാഗങ്ങള്‍ ദേശത്തില്‍ നിന്ന് അന്യരാവുകയോ പുതിയൊരു ദേശത്തെ വിഭാവനം ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയോ ചെയ്യാം. ദേശമെന്നത് ചലനാത്മകമായ ഒരു സംവര്‍ഗമാകുന്നത് ഇതുകൊണ്ടാണ്. റനാന്‍ ദേശത്തെ 'ദൈനംദിന ജനഹിതപരിശോധന'യെന്നു വിളിച്ചത് ഇതിനാലാണ്. (രാമകൃഷ്ണന്‍ ഇ.വി., 2018:21).
അവതരണത്തിനുള്ള പശ്ചാത്തലം എന്നതിലുപരി പ്രദേശ ത്തെ സൂക്ഷ്മതലത്തില്‍ ആവിഷ്കരിക്കുകയും പരിണാമങ്ങള്‍ രേഖ പ്പെടുത്തുകയും ആണ് ബന്യാമിന്‍ അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലില്‍ നിര്‍വ്വഹിച്ചിരിക്കുന്നത്. ആരാധനാലയം, ഐതിഹ്യം, മിത്ത്, നാട്ടുവൈദ്യം, ഭാഷ, ആചാരവിശ്വാസങ്ങള്‍, മാനുഷിക ബന്ധങ്ങള്‍ എന്നിവയിലെ സൂക്ഷ്മ മണ്ഡലങ്ങളിലൂടെ പ്രാദേശികചരിത്ര രചന അദ്ദേഹം അവതരിപ്പിക്കുന്നു.
ഗ്രന്ഥസൂചി:
ബന്യാമിന്‍, 2023, അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, കോട്ടയം: ഡി.സി. ബുക്സ്
രാമകൃഷ്ണന്‍ ഇ.വി. 2018.മലയാള നോവലിന്‍റെ ദേശകാലങ്ങള്‍, കോഴിക്കോട്: മാതൃഭൂമി ബുക്സ്
വിശ്വവിജ്ഞാനകോശം വാല്യം.8.1992, എസ്.പി.സി.എസ്.
Catherine owns.2007. Oxford English Thesaururs and word power Guide,New Delhi: Oxford university press.
ബന്യാമിന്‍, എണ്ണത്തുള്ളികളും ഉപ്പുതരികളും, മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്റ്റ് 19, 2016