Simplicity of Meaning and Beauty of Style in Umar Qazi's Bilingual Poems

Dr. Jafar Sadik PP 

Umar Khazi holds a prominent place among the significant Arabic poets of Kerala. Renowned for his compositions in the Arabic language, he crafted numerous poems, including praises dedicated to the Prophet. Even today, poems written in a blend of Arabic and Malayalam continue to be a subject of discussion and admiration. Umar Khasi gained widespread recognition as a Sufi scholar, Qazi, and religious authority. His principled stand against the British, coupled with his refusal to pay taxes, led to his imprisonment. The poems he created, combining Malayalam and Arabic, resonated widely, captivating the attention of both scholars and common people alike. This paper delves into an exploration of poems composed in the unique fusion of Arabic and Malayalam.

Key words: Wisdom poetry, Humor poetry, Struggle for freedom, Empathy, Macaronic language 

References:

Al Qasimi. Abdul Gafoor Abdulla, (2000), Al Muslimoona Fi Kerala, Malappuram: Makthabath Amal.
Jama-ath Committee. Veliyankode mahallu, (1993), Veliyankode Hazrath Umar Qasiyude Jeeva Charithravum Krithikalum, (Second ed.), Veliyankode: Udaya art Printers,Choondal, Kunnamkulam.
Farooqi. Dr. Jamaludheen., Adarssery. Abdurahman Mohammed., Al mangadi. Abdurahman, (2008), Ailam al Adab al Arabi fil Hind, Calicut: Al Huda Books.
Farooqi. Dr. Jamaludheen., Mohammed. Abdurahman., Hassan. Abdurahman., (1986), Ailam al Muallifeen Bil Arabiyya fil Biladil Hindiyya, (First Ed.), Dubai:  Markaz Jamiyyath Al Majid Lissaqafa va Thuras.
Faizee. Alavikkutty Edakkara, Umar Qazi (R) Calicut, Kerala: S.Y.S. Books.
Latheef. N.K.A., (2010), Mappilasaili, Calicut: Vachanam Books.
Gangadharan. M., (2012), Mappila Padanangal, Kottayam: DC Books.
Dr. Jafar Sadik PP
Assistant professor
Research Department of Arabic
Thunchan Memorial Government College
Tirur
India
Pin: 676502
Ph: +91 9846569251
Email: ppjsadik@gmail.com
ORCID: 0009-0002-6665-3701 

ഉമര്‍ ഖാസിയുടെ ദ്വിഭാഷാ കവിതകളിലെ അര്‍ത്ഥസൗഷ്ഠവവും ശൈലീമാധുര്യവും

ഡോ. ജാഫര്‍ സാദിഖ് പി.പി

വെളിയങ്കോട് ഉമര്‍ ഖാസി ഹിജ്റ വര്‍ഷം 1177-ല്‍ വെളിയങ്കോട്ടുള്ള ഖാസിയാരകത്ത് കാക്കത്തറ ഭവനത്തില്‍ ജനിച്ചു. വെളിയങ്കോട് പള്ളിയിലെ മുദരിസും ഖാസിയുമായിരുന്ന  ആലി മുസ്ലിയാരാണ് പിതാവ്. അദ്ദേഹം കാക്കത്തറയില്‍ മുഹമ്മദ് എന്നവരുടെ പുത്രിയായിരുന്ന ആമിനയെ വിവാഹം ചെയ്യുകയും അവരുടെ ഭവനത്തില്‍ തന്നെ താമസമാക്കുകയും ചെയ്തു. അങ്ങിനെയാണ് കാക്കത്തറ വീടിന്ന് ഖാസിയാരകത്ത് കാക്കത്തറ എന്ന പേര് വന്നത്1. ആലി മുസ്ലിയാരുടെയും ആമിനയുടെയും മകനായി ജനിച്ച ഉമര്‍, വെളിയങ്കോട് ഉമര്‍ ഖാസി എന്ന പേരില്‍ പ്രശസ്തനാവുകയും പണ്ഡിതനും ഗുരുവര്യനും സൂഫിവര്യനും കവിയുമായി അറിയപ്പെടുകയും ചെയ്തു. 

ഉമറിന്ന് ഏഴോ എട്ടോ വയസ്സ് പൂര്‍ത്തിയായ കാലത്ത് തന്നെ മാതാവ് മരണപ്പെട്ടു. പിന്നീട് പിതാവിന്‍റെയും മാതൃസഹോദരിയുടെയും ശിക്ഷണത്തില്‍ വളര്‍ന്നു. പിതാവില്‍ നിന്നാണ് പ്രാഥമിക പഠനം നടത്തിയത്. പത്താം വയസ്സില്‍ പിതാവും മരണപ്പെട്ടു. പതിനൊന്നാം വയസ്സില്‍ ഉപരിപഠനത്തിനായി താനൂര്‍ ദര്‍സില്‍ ചേര്‍ന്നു2. പൊന്നാനിയിലെ മഖ്ദൂം വംശജനായ തുന്നം വീട്ടില്‍ അഹമ്മദ് മുസ്ലിയാരായിരുന്നു പള്ളിയിലെ മുദരിസ്. 

പഠന കാലം മുതല്‍ക്ക് തന്നെ അദ്ദേഹം കവിതാ രചനയില്‍ വ്യാപൃതനായിരുന്നു. പതിമൂന്നാം വയസ്സില്‍ ഉപരി പഠനത്തിനായി പൊന്നാനി ദര്‍സില്‍ ചേര്‍ന്നു. അക്കാലത്ത് കേരളത്തില്‍ പരക്കെ പ്രശസ്തിയാര്‍ജ്ജിച്ച പ്രമുഖ പണ്ഡിതന്‍ മമ്മിക്കുട്ടി ഖാസിയുടെ ശിക്ഷണം അദ്ദേഹം നേടിയത് പൊന്നാനിയില്‍ നിന്നാണ്. ഹിജ്റ വര്‍ഷം 1196 ല്‍ മമ്മിക്കുട്ടി ഖാസി ഇഹലോകവാസം വെടിഞ്ഞു. രോഗശയ്യയില്‍ നിന്ന് പോലും സ്വവാത്സല്യ ശിഷ്യന് ഇമാം ഗസ്സാലിയുടെ ഇഹ്യാ ഉലൂമുദ്ദീനിലെ3 പല അധ്യായങ്ങളും ഉമര്‍ ഖാസിക്ക് വായിച്ച് കൊടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സയ്യിദ് മമ്പുറം അലവി തങ്ങളില്‍ നിന്നും അറിവ് അഭ്യസിക്കാനും പല ആത്മീയ രഹസ്യ തത്വങ്ങളും നേടിയെടുക്കാനും ഉമര്‍ ഖാസിക്ക് സാധിച്ചു.

സ്വതസിദ്ധമായ കവിതാ രചനാ ശേഷി കൊണ്ടും തസ്വവ്വുഫിന്‍റെ ത്വരീഖത്ത് കൊണ്ടും അദ്ദേഹം അറിയപ്പെട്ടു. പ്രശ്ന പരിഹാരത്തിനുള്ള പ്രത്യേക സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. തദ്ദേശീയരുടെ അഭിമാനത്തെ ചോദ്യം ചെയ്തും സമ്പത്ത് കൊള്ളയടിച്ചും ഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാരോട് ശക്തമായ പ്രതിരോധം തീര്‍ക്കുവാനും നികുതി നിഷേധപ്രതിഷേധം വരെ നടത്താനും അദ്ദേഹത്തിന് സാധിച്ചു. ഇംഗ്ലീഷുകാരെയും അവരുടെ സില്‍ബന്ധികളെയും അറപ്പോടും വെറുപ്പോടും കൂടിയാണ് അദ്ദേഹം വീക്ഷിച്ചിരുന്നത്. അക്കാരണത്താല്‍ അദ്ദേഹം തടവിലടക്കപ്പെട്ടു. വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ച വെളിയങ്കോട് ഹസ്രത്ത് ഉമര്‍(റ)യുടെ ജീവചരിത്രവും കൃതികളും (17651857) എന്ന ഗ്രന്ധത്തില്‍ (പു.62)ജനാബ് ഇ മൊയ്തു മൗലവി ഉമര്‍ ഖാസിയെക്കുറിച്ചെഴുതിയ കുറിപ്പില്‍ ഇങ്ങിനെ കാണാമെന്ന് കാണിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. 'വെളിയങ്കോട് ഉമര്‍ ഖാളി പ്രഗല്‍ഭനായ അറബി ഭാഷാ പണ്ഡിതനും ഇംഗ്ലീഷുകാരുടെ ബദ്ധവൈരിയും അക്ഷമനായ സ്വാതന്ത്രേച്ഛതുവുമായിരുന്നു. കേരളത്തില്‍ നികുതി നിഷേധ പ്രസ്ഥാനത്തിന് ഇദം പ്രഥമമായി ആഹ്വാനം നല്‍കിയ പണ്ഡിത നേതാവാണ് സ്മര്യപുരുഷന്‍. അദ്ദേഹം ഒരു കാശ് പോലും നികുതി നല്‍കിയില്ല. തന്നിമിത്തം ആ പണ്ഡിത നേതാവ് ബന്ധനസ്ഥനായിچ. 

കോഴിക്കോട് ജയിലിലടക്കപ്പെട്ട ശേഷം തന്‍റെ ജയില്‍ ജീവിത കഥകള്‍ അടങ്ങിയ ഒരു അറബി കവിതാ സന്ദേശം അദ്ദേഹം മമ്പുറം തങ്ങള്‍ക്ക് അയച്ചു4. കാവ്യ സന്ദേശം ലഭിച്ച മമ്പുറം തങ്ങള്‍ മലബാറിലെ പൗരപ്രധാനികളെ ക്ഷണിച്ചു വരുത്തി ഖാസിയുടെ കാവ്യ സന്ദേശം അറിയിച്ചു. ഉമര്‍ ഖാസിയെ എത്രയും വേഗം നിരുപാധികമായി വിട്ടയക്കണമെന്ന് കാണിച്ച് അവര്‍ മലബാര്‍ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ജനങ്ങള്‍ ക്ഷുഭിതരാവുകയും ഉമര്‍ ഖാസിയെ മോചിപ്പിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരികയും ചെയ്തു. മാപ്പിളമാര്‍ വീണ്ടും സായുധസമരത്തിന്ന് മുതിരരുതെന്നാഗ്രഹിച്ച കലക്ടര്‍ ഉമര്‍ ഖാസിയെ നിരുപാധികം വിട്ടയച്ചു.

ഉമര്‍ ഖാസിയുടെ കവിതകള്‍

അറബി ഭാഷയിലും അറബിയും മലയാളവും ചേര്‍ത്തും നിരവധി കവിതകള്‍ രചിച്ചിട്ടുള്ള അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ നിമിഷകവിയായി അറിയപ്പെട്ടു. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍, അനുശോചന കാവ്യങ്ങള്‍, ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍, നബിയുടെ ജനനത്തിന് മുമ്പുള്ള അവസ്ഥാവിശേഷങ്ങള്‍, നബിയുടെ ജനനവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങള്‍, പ്രവാചക ദൗത്യം, ഇസ്ലാമിക കര്‍മ്മശാസ്ത്രസംബന്ധിയായ വസ്തുതകള്‍, കര്‍മ്മശാസ്ത്ര വിശദീകരണങ്ങള്‍, കര്‍മ്മ ശാസ്ത്ര മസ്അലകള്‍5, വൈവാഹിക കര്‍ത്തവ്യങ്ങള്‍, കുടുംബ ജീവിതം, സാമൂഹിക കടമകള്‍ എന്നിങ്ങിനെ നിരവധി വിഷയങ്ങളില്‍ അദ്ദേഹം അറബി ഭാഷയില്‍ കവിത രചിച്ചിട്ടുണ്ട്. വിവിധ സാഹചര്യങ്ങളില്‍ അറബിയും മലയാളവും ചേര്‍ത്ത് എഴുതിയ നിരവധി കവിതകളും അദ്ദേഹത്തിനുണ്ട്. പല കവിതകളും നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വ്യത്യസ്ഥ രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ വിശദീകരിച്ച് കൊണ്ടുള്ള അറബി-മലയാള ഖണ്ഡകാവ്യങ്ങള്‍, കര്‍മ്മശാസ്ത്രപരമായ നിയമങ്ങള്‍, വ്യാഖ്യാനങ്ങള്‍ സംബന്ധിയായ കാവ്യങ്ങള്‍, ഗുണപാഠകവിതകള്‍ എന്നിവയിലാണ് അറബിയും മലയാളവും ചേര്‍ത്ത് അദ്ദേഹം കവിത രചിച്ചുട്ടുള്ളത്.

അറബിയും മലയാളവും ചേര്‍ത്ത് രചിച്ച അദ്ദേഹത്തിന്‍റെ കവിതകളെ അറബിക് ഘടനയില്‍ രചിക്കപ്പെട്ടതെന്നും മലയാള ഘടനയില്‍ രചിക്കപ്പെട്ടതെന്നുമായി രണ്ടായി തിരിക്കാം. അറബി ഭാഷാഘടനയില്‍ രചികപ്പെട്ട കവിതകളെ താഴെ കൊടുക്കുന്നു.

സിദ്ധൗഷധപദ്യം

വൈദ്യശാസ്ത്ര രംഗത്ത് വേണ്ടത്ര പുരോഗതി പ്രാപിക്കാത്ത ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. അതുകൊണ്ട് തന്നെ വൈദ്യശാസ്ത്രരംഗത്ത് അത്യാവശ്യമായ അറിവുകള്‍ വാമൊഴിയായി വ്യാപകമായി പ്രചാരത്തില്‍ ഉണ്ടായിരുന്നു. കവിതകളിലൂടെ ഇത്തരം അറിവുകള്‍ പകര്‍ന്നു നല്‍കിയിരുന്നു. ഇതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഈ കവിത.

ലികുല്ലി ഒച്ചപ്പാടിനും ദവാഉ
മുജറബായ് കാണുന്നതില്‍ ശിഫാഉ
കടുക്ക ഇഞ്ചി മഞ്ഞളും വ ജീരകം
വ കിസ്മിസും ഇലമങ്ങ മഅ  കരിഞ്ചീരകം
ജാതിക്ക ജാതിപത്രി വ പച്ചില
കദാ കറാംപൂവും വ ആടലോടക
ഇവയൊക്കെയും നീ ഒപ്പമില്‍ പൊടിച്ചതില്‍
തേനും കദാ കല്‍കണ്ടവും ചേരുത്തതില്‍
ഏടുത്ത് രണ്ട് നേരവും സേവിച്ചോ
വായന്‍റെ എല്ലാ രോഗവും ഒഴിച്ചോ.

എല്ലാ നിലയിലും ഉളവാകുന്ന ഒച്ചയടപ്പ് രോഗത്തിനും ശമനം തരുന്ന ഒരു ഔഷധമാണിത്. കടുക്ക, മങ്ങള്‍, ഇഞ്ചി, ജീരകം, കിസ്മിസ്, ഇലമങ്ങ, കരിഞ്ചീരകം, ജാതിക്ക, ജാതിപത്രി, പച്ചില, കറാമ്പൂവ്, ആടലോട ഇല ഇവയെല്ലാം സമമായി ചേര്‍ത്ത് പൊടിച്ച് കഷായം വെച്ച് തേനും കല്‍ക്കണ്ടവും മേല്‍പ്പൊടി ചേര്‍ത്ത് രാവിലെയും വൈകുന്നേരവും കൃത്യ അളവില്‍ സേവിച്ചാല്‍ ഒച്ചയടപ്പും വായു സംബന്ധമായ ഇതര രോഗങ്ങളും സുഖമാകുന്നതാണ്. കേരളീയ ആയുര്‍വേദ വൈദ്യശാസ്ത്ര വിജ്ഞാനവും അറബി വൈദ്യശാസ്ത്ര ഗ്രന്ധങ്ങളില്‍ നിന്നും നേടിയെടുത്ത അറിവും ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം ഇത്തരത്തില്‍ കവിതകള്‍ രചിച്ചത്.

തറവാടു മഹത്വത്തിന്‍റെ നിരര്‍ത്ഥകത വിവരിക്കുന്ന പദ്യം
അയാ ഫാഖിറന്‍ ബിന്നസബി കൈഫത്തഫാഖുറു
വഅസ്ലുകുമു  മിന്‍ ബഖ്ലു തിയ്യന്‍ വനായരു
വ ആശാരി മൂശാരി വ മണ്ണാനു പാണരു
വ കുശവനു ചെട്ടി വ നായാടി പറയരു.
കുലമഹിമ കൊണ്ട് അഹന്ത നടിക്കുന്ന വിഭാഗമേ .
നിങ്ങള്‍ക്ക് എങ്ങിനെ അഹന്ത നടിച്ച് നടക്കാന്‍ സാധിക്കുന്നു.?

നിങ്ങളുടെ അസ്ല്‍ തിയ്യന്‍, നായര്‍, ആശാരി, മൂശാരി, മണ്ണാന്‍, പാണന്‍, കുശവന്‍, ചെട്ടി, നായാടി, പറയര്‍ മുതലായ വര്‍ഗ്ഗങ്ങളിലേക്കല്ലേ ചെന്നെത്തുന്നത്.

ഇസ്ലാം മതം ജാതിയിലോ നിറത്തിലോ വിവേചനം കാണുന്നില്ല. എന്നാല്‍ കേരളത്തിന്‍റെ അക്കാലത്തെ പരിതസ്ഥിതി ജാതി വിവേചനങ്ങളുടേതായിരുന്നു. മതപരിവര്‍ത്തനത്തിന് ശേഷവും മനുഷ്യര്‍ പരസ്പരം തറവാടിത്തം കാണിക്കാന്‍ ശ്രമിക്കുന്നതിനെ പരിഹസിച്ച് കൊണ്ട് ഏവരെയും ഒന്നിപ്പിക്കാനും ഭിന്നത ഒഴിവാക്കാനുമായി ഉമര്‍ ഖാസി രചിച്ച വരികളാണിത്.

നിസ്കാര സമയം വിശദീകരിക്കുന്ന പദ്യം

സമയം മനസ്സിലാക്കുന്നതിന് വാച്ച് അടക്കമുള്ള സംവിധാനങ്ങള്‍ നിലവിലില്ലാതിരുന്ന കാലത്താണ് അദ്ദേഹം ജീവിച്ചത്. സ്വാഭാവികമായും സൂര്യ നിഴല്‍ നോക്കി സമയം നിര്‍ണ്ണയിച്ചാണ് നിസ്കാര സമയം മനസ്സിലാക്കിയിരുന്നത്. അഞ്ചു നിസ്കാരങ്ങളില്‍ അസ്വര്‍ നിസ്കാര സമയം കണ്ടെത്താനാണ് കൂടുതല്‍ പ്രയാസം നേരിട്ടിരുന്നത്. മലയാള മാസങ്ങളുടെ അടിസ്ഥാനത്തില്‍ അസ്വര്‍ നിസ്കാരസമയം നിര്‍ണ്ണയിച്ച് കൊണ്ട് എഴുതിയ കവിത വളരെ പ്രശസ്തമാണ്.

മേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ ഇടവ മീനം കര്‍ക്കടത്തില്‍ താസിഅ
മിഥുനം വ കന്നി ഫീഹിമാ ഒന്‍പതര
കുംഭം തുലാം അഖ്ദാമുദൈനി പത്തര
വൃശ്ചികം മകരം രണ്ടിലും പതിനൊന്നെ കാല്‍
പതിനൊന്നെ മുക്കാല്‍ ഫീ  ധനു മാസം യുഖാല്‍
ഹാദല്‍ ഹിസാബു ഖദിസ്തവാ മിന്‍ യേശ് ലി
ഹത്താ ലിശത്ത്വാ ഖാല ഖാളി ബ്നു അലി

മേടം ചിങ്ങം എന്നീ മാസങ്ങളില്‍ നിഴല്‍ എട്ടടിയാവുന്ന നേരമാണ് (അസ്വറിന്‍റെ സമയം). ഇടവം, മീനം, കര്‍ക്കിടകം എന്നീ മാസങ്ങളില്‍ ഒമ്പതടിയാകണം. മിഥുനം, കന്നി മാസങ്ങളില്‍ ഒമ്പതര അടി പൂര്‍ണ്ണമാകണം. കുംഭം, തുലാം മാസങ്ങളില്‍ പത്തര അടി തികയണം. വൃശ്ചികം, മകരം എന്നീ മാസങ്ങളില്‍ പതിനൊന്നെ കാല്‍ അടിയും ധനു മാസത്തില്‍ പതിനൊന്നെ മുക്കാല്‍ അടിയുമാകണം. ഈ കണക്ക് യേശ് ലി (ഏഴുമല) മുതല്‍ ശത്ത്വാ (ചേറ്റുവായി) വരെയാണ്. എന്ന് അലിയുടെ പുത്രന്‍ ഉമര്‍ ഖാളി പറഞ്ഞിരിക്കുന്നു.

നര്‍മ്മം കലര്‍ന്ന പദ്യങ്ങള്‍

തന്‍റെ വയോധികനായ ഒരു സേനഹിതന്‍ മുറുക്കുന്ന വേളയില്‍ കടിച്ചാല്‍ പൊട്ടാത്ത കൊട്ടടക്ക ചവക്കുന്നത് കണ്ട ഉമര്‍ ഖാളി ഇപ്രകാരം പാടി.

ലാ താ കുല്‍ ബി കൊട്ടടക്ക
ലിഫഖ്ദിസ്സിന്നി ഫീ ഫമിക
ഔലാ നല്ല പൈങ്ങടക്ക
ബിലാ റൈബിന്‍ വലാ ശക്കിന്‍
വയസ്സായി പല്ല് പോയ നീ കൊട്ടടക്ക തിന്നല്ലേ
സംശയം വേണ്ട, നിനക്ക് നല്ലത് പൈങ്ങടക്ക തന്നെ.

ഉമര്‍ ഖാസി ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ ഭവനത്തില്‍ നിന്ന് മണ്‍ കിണ്ടിയില്‍ വെള്ളമെടുത്ത് പുറത്തിറങ്ങി. അപ്രതീക്ഷിതമായി അത് താഴെ വീണു. മണ്‍ കിണ്ടി പൊട്ടിച്ചിതറി. ഉടനെ അദ്ദേഹം ഉടമസ്ഥനെ ഇപ്രകാരം ആശ്വസിപ്പിച്ചു.

അള്ളാഹുമ്മ ഇഗ്ഫിര്‍ ലീമാലികി മണ്‍ കിണ്ടി
അഅ്ഥി ലഹു ഫീ ജന്നതിന്‍ പൊന്‍ കിണ്ടി.

അള്ളാഹുവേ ഈ മണ്‍ കിണ്ടിയുടെ ഉടമസ്ഥന് നീ പൊറുത്തു കൊടുക്കേണമേ. സ്വര്‍ഗ്ഗത്തില്‍ നീ പൊന്‍ കിണ്ടി നല്‍കേണമേ. ഇത് പോലെയുള്ള വരികള്‍ ആശയത്തിനപ്പുറം വരികളിലെ വാക്കുകളുടെ മനോഹരമായ ഉപയോഗം കൊണ്ട് വേറിട്ട് നില്‍ക്കുന്നു. ചിന്തോദ്ദീപകമായ കാര്യങ്ങളില്‍ അറബിയും മലയാളവും ഇടകലര്‍ത്തി ഉമര്‍ ഖാസി പാടിയ വരികള്‍ നോക്കുക.

വലൗ അല്‍ഫ ആമീന്‍ ഇട്ടു നായിന്‍റെ വാലിനെ
ബി ഓടക്കുഴല്‍ ലാ തസ്തഖീമു ലി ഹാലിനാ

ആയിരം വര്‍ഷം നായയുടെ വാല്‍ ഓടക്കുഴലില്‍ ഇട്ടാലും അത് നേരെയാകുന്നതല്ല.

വലൗ അല്‍ഫ ആമിന്‍ മുങ്ങി കാക്കച്ചി ഫീ ലബന്‍
കമാ മിസ് ല വെള്ളക്കൊക്ക് ആകൂല ഫീ സമന്‍

ആയിരം വര്‍ഷം കാക്ക പാലില്‍ കുളിച്ചാലും ഒരു കാലത്തും വെള്ള കൊക്ക് പോലെയാവില്ല.

കര്‍മ്മ ശാസ്ത്ര ഗ്രന്ധങ്ങളിലെ വിവരണങ്ങള്‍

പഠിക്കുന്നതിന് ഏറെ പ്രയാസം നേരിട്ടിരുന്ന ഫിഖ്ഹ് ഗ്രന്ധങ്ങളിലെ മസ്അലകളും വിവരണങ്ങളും ഏറെ ലളിതമാക്കി കാവ്യരൂപത്തില്‍ അദ്ദേഹം തയ്യാറാക്കി. ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

തറാജിമുല്‍ മുഹല്ലലാത്ത്, തറാജി മുല്‍ മുഹറമാത്ത്: ശാഫിഈ മദ്ഹബില്‍ ഭക്ഷിക്കല്‍ അനുവദിനീയമായ ജീവജാലങ്ങളെക്കുറിച്ചും അനുവദിനീയമല്ലാത്ത ജീവികളെക്കുറിച്ചും എഴുതിയ രണ്ട് കവിതകളാണിവ.

ഉംദത്തുസ്സാലിക് എന്ന ഗ്രന്ധത്തില്‍ പറയപ്പെട്ട പത്തിലൊരുഭാഗം സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമായ ധാന്യങ്ങളെക്കുറിച്ചും പഴവര്‍ഗ്ഗങ്ങളെക്കുറിച്ചും രചിച്ച ഏതാനും വരികള്‍ ചുവടെ ചേര്‍ക്കുന്നു.

അഖീ ഹിമ്മസുന്‍ കടലക്ക ബാഖില്ല ഔറകാ
വജില്‍യാനു മുത്താരി വ ചോളം ബിദുറത്തി .
അഖീ ഹിന്‍ത്വതുന്‍ ഗോതമ്പം വല്‍ അലസു നൗഉഹാ
ഷഈറു തൊലി ഗോതമ്പം കാരക്ക തംറത്തി .
അഖില്‍ അദസു പയറും വല്‍ കമൂനു ബി ജീരകം
വ കുസ്ബുറ കൊത്തമ്പാലി ഫഅലം ബിയഖ്ളത്തി

അറബി പദവും അതിന്‍റെ മലയാള പദവും തുടര്‍ച്ചയായി ഉപയോഗിച്ചാണ് ഇവിടെ ധാന്യങ്ങളെയും പഴങ്ങളെയും കവിതയില്‍ വിവരിച്ചിരിക്കുന്നത്. തുടക്കത്തില്‍ എന്‍റെ സുഹൃത്തെ എന്ന അര്‍ത്ഥമുള്ള അഖീ എന്ന പദം കൊണ്ട് എല്ലാ വരികളും ആരംഭിച്ചിരിക്കുന്നു. ഇത്തരത്തില്‍ അറബി ഭാഷാ ഘടനയില്‍ രചിക്കപ്പെട്ട കവിതകളെ ആശയ സമ്പുഷ്ടവും ഘടനാ ചാരുതയുമുള്ളതാക്കി മനോഹരമായ ശൈലിയില്‍ ചിട്ടപ്പെടുത്തിയതായി നമുക്ക് കാണാം.

മലയാള ഘടനയില്‍ രചിക്കപ്പെട്ട കവിതകളും അദ്ദേഹത്തിനുണ്ട്. മലയാള ഘടനയില്‍ രചിക്കപ്പെട്ട അറവിന്‍റെ ശര്‍ത്ത് പദ്യം, അയ്യാമുന്നഹ്സ് പദ്യം എന്നീ കവിതകള്‍, അറബി പദങ്ങളുടെ അര്‍ത്ഥം അറിഞ്ഞാല്‍ ഗ്രഹിക്കാവുന്നത്ര ലളിതമാണ്. ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ മൃഗങ്ങളെ അറവ് നടത്താന്‍ ആവശ്യമായ നിബന്ധനകളാണ് പ്രതിപാദിക്കുന്നത്. 

അറുക്കുന്നതിന്നും ശര്‍ത്തുകള്‍ എട്ടെണ്ണം
അറിയാം ഇതില്‍ നീ നോക്ക് നല്ല വണ്ണം

ഇങ്ങിനെ തുടങ്ങി എട്ട് ശര്‍ത്തുകള്‍ പ്രതിപാദിച്ച് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

ഏഴാമതായ് അറുക്കപ്പെടുന്നതാകണം
ഹയ്യന്‍ വബഅദു നല്ല പോല്‍ പിടക്കണം
അറുക്കപ്പെടുന്നത് ഹയ്യ മഅകൂലന്‍ ലനാ 
ഫീ ശര്‍ത്തി എട്ടില്‍ തമ്മ നള്മീ മുജ്മിലാ

അയ്യാമുന്നഹ്സ് പദ്യത്തില്‍ അശുഭ ദിനങ്ങളെയാണ് പരാമര്‍ശിക്കുന്നത്. ഉമര്‍ ഖാസി താനൂരില്‍ താമസിച്ചിരുന്ന കാലത്താണ് ഈ കവിത രചിച്ചത്. സ്ഥലത്തെ പ്രമുഖനായൊരു വ്യക്തി ഉമര്‍ ഖാസിയോട് മകളുടെ നിക്കാഹ് നടത്താന്‍ നഹ്സില്ലാത്ത ദിവസങ്ങളൊന്ന് പറഞ്ഞു തരാന്‍ അഭ്യര്‍ത്ഥിച്ചു. ഉടനെ അല്‍പം കര്‍ക്കശ സ്വരത്തില്‍ ചോദ്യകര്‍ത്താവിനോടായി സുബ്ഹ് നിസ്കരിക്കാത്തവര്‍ക്ക് എല്ലാ ദിവസവും നഹ്സാണെന്ന് പ്രതിവചിച്ചു. ചോദ്യകര്‍ത്താവ് വീണ്ടും അഭ്യര്‍ത്ഥിച്ചപ്പോള്‍ അയ്യാമുന്നഹ്സ് പദ്യം ചൊല്ലി. അതിന്‍റെ തുടക്കം ഇങ്ങിനെയാണ്.

കാത്തോളണം ആണ്ടില്‍ ദിനം പന്ത്രണ്ട്
നഹ്സാകുമെ ഖൗലുന്നബി അതിലുണ്ട്.

ഉപസംഹാരം

അറബിയിലും മലയാളത്തിലുമായി കേരളത്തില്‍ രചിക്കപ്പെട്ടിട്ടുള്ള കവിതകള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നത് അതിന്‍റെ വേറിട്ട ശൈലി കൊണ്ടും മനോഹാരിതകൊണ്ടുമാണ്. ആശയ സമ്പുഷ്ടവും വ്യക്തവുമായ ഉമര്‍ ഖാസിയുടെ വരികള്‍ അറബി ഭാഷാ പഠിതാക്കള്‍ക്കിടയിലും അറബി കവിതാ ഗവേഷകര്‍ക്കിടയിലും ഉന്നത സ്ഥാനം നേടി. സാമൂഹ്യ പരിഷ്കര്‍ത്താവ് കൂടിയായിരുന്ന ഉമര്‍ ഖാസി സമൂഹത്തിലെ വിവേചനത്തിനെതിരെയും അധികാരികളുടെ ധിക്കാരത്തിനെതിരെയും തൂലിക ചലിപ്പിച്ചു. സമൂഹത്തില്‍ പടര്‍ന്ന് പിടിക്കാവുന്നതും വ്യാപകമാകാവുന്നതുമായ അസുഖങ്ങള്‍ക്കെതിരെയുള്ള ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് രചിച്ച ലളിതമായ കവിതകള്‍ വലിയ പ്രചാരം നേടി.

എക്കാലത്തും നില നില്‍ക്കാവുന്ന അര്‍ത്ഥ തലങ്ങളും ആശയങ്ങളും ചിന്തകളും രചനകളില്‍ നിറച്ചു. ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലെ പല വിധികളും അഭിപ്രായങ്ങളും വ്യക്തമായി കവിതയില്‍ ഉള്‍ക്കൊള്ളിച്ചു. അതിനാല്‍ ഉമര്‍ ഖാസിയുടെ ദ്വിഭാഷാ കവിതകള്‍ ഇന്നും അനേകം ആളുകളിലൂടെ ജീവിക്കുന്നു.

കുറിപ്പുകള്‍:

1. ഉമര്‍ ഖാസിയുടെ കാലത്താണ് ഈ ഭവനത്തിന് ഖാസിയാരകത്ത് കാക്കത്തറ എന്ന പേര് വന്നത് എന്നും അഭിപ്രായമുണ്ട്. വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി, വെളിയങ്കോട് ഹസ്രത്ത്  ഉമര്‍ ഖാസി(റ) യുടെ ജീവ ചരിത്രവും കൃതികളും ധ 17651857 പ , 1993, പു. 23.

2. ഇമാം മുഹമ്മദ് ബ്ന്‍ അബ്ദുള്ളാഹില്‍ ഹള്റമിയാണ് ഹിജ്റ വര്‍ഷം 675-ല്‍ ഈ ദര്‍സ് തുടങ്ങിയത്. പിന്നീട് വെളിയങ്കോട് ഉമര്‍ ഖാസി, അവുക്കോയ മുസ്ലിയാര്‍, ശൈഖ് അബ്ദു റഹ്മാന്‍ നഖ്ശബന്ദി, യൂസുഫുല്‍ ഫള്ഫരി തുടങ്ങിയ പണ്ഡിതര്‍ ഈ ദര്‍സ് നടത്തിയിട്ടുണ്ട്.

3. മത, കര്‍മ്മശാസ്ത്ര പണ്ഡിതനും സൂഫിയുമായ പേര്‍ഷ്യയിലെ ഖുറാസാന്‍ പ്രവിശ്യയിലെ ത്വൂസില്‍ ജനിക്കുകയും ഹുജ്ജത്തുല്‍ ഇസ്ലാം എന്ന അപര നാമത്തില്‍ പ്രശസ്തനാവുകയും ചെയ്ത ഇമാം ഗസ്സാലിയുടെ പ്രശസ്ത ഗ്രന്ധമാണ് ഇഹ്യാ ഉലൂമുദ്ദീന്‍ .

4. മരക്കാരകത്ത് അബുക്കോയ മുസ്ലിയാരുടെ ഒരു അറബി ഗ്രന്ധ പകര്‍പ്പിലും എം ഹസ്സന്‍ മുസ്ലിയാരുടെ ഉമര്‍ഖാസി മാലിദിലും ആ കാവ്യം രേഖപ്പെടുത്തിയതായി വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ച വെളിയങ്കോട് ഹസ്രത്ത് ഉമര്‍ (റ) യുടെ ജീവചരിത്രവും കൃതികളും ധ 17651857 പ എന്ന ഗ്രന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പു. 57-58

5. മസ്അല എന്നാല്‍ സംഗതി എന്നാണ് വിവക്ഷ. ഇസ്ലാമിക കര്‍മ്മശാസ്ത്രവുമായി ബന്ധപ്പെട്ട് അഭിപ്രായ വിത്യാസമുള്ള വിഷയങ്ങളില്‍ അഭിപ്രായ സമന്വയം രൂപപ്പെടുത്തി സംശയ നിവാരണം നടത്തുന്നതിന് ഭൂതകാല വിഷയങ്ങളോ സമകാലിക വിഷയങ്ങളോ ഇദം പ്രഥമമായി ചര്‍ച്ചക്കെടുത്ത് കര്‍മ്മശാസ്ത്ര ഗ്രന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനെ മസ്അല പറയുക എന്നാണ് പറയുന്നത്.

ഗ്രന്ഥസൂചി:

അല്‍ ഖാസിമി. അബ്ദുല്‍ ഗഫൂര്‍ അബ്ദുള്ള, (2000), അല്‍ മുസ്ലിമൂന ഫീ കേരള, മലപ്പുറം: മക്തബത് അമല്‍.
ജമാഅത്ത് കമ്മറ്റി. വെളിയങ്കോട് മഹല്ല്, (1993), വെളിയങ്കോട് ഹസ്രത്ത് ഉമര്‍ ഖാസി (റ) യുടെ ജീവചരിത്രവും കൃതികളും, വെളിയങ്കോട്: ഉദയ ആര്‍ട് പ്രിന്‍റേഴ്സ്.
ഫാറൂഖി. ഡോ. ജമാലുദ്ദീന്‍., ആദര്‍ശ്ശേരി. അബ്ദുറഹ്മാന്‍ മുഹമ്മദ്., അല്‍ മങ്ങാടി. അബ്ദുറഹ്മാന്‍, (2008), അഅലാമുല്‍ അദബ് അല്‍ അറബി ഫില്‍ ഹിന്ദ്, കാലിക്കറ്റ്: അല്‍ ഹുദാ ബുക്ക്സ്.
ഫാറൂഖി. ഡോ. ജമാലുദ്ദീന്‍., മുഹമ്മദ്. അബ്ദുറഹ്മാന്‍., ഹസ്സന്‍. അബ്ദുറഹ്മാന്‍, (1986), അഅലാമുല്‍ മുഅല്ലിഫീന്‍  ബില്‍ അറബിയ്യ ഫില്‍ ബിലാദില്‍ ഹിന്ദിയ്യ, ദുബായ്: മര്‍കസ് ജംഇയ്യ അല്‍ മാജിദ് ലി സഖാഫ വ തുറാസ് .
ഫൈസി. അലവിക്കുട്ടി എടക്കര, ഉമര്‍ ഖാസി (റ), കാലിക്കറ്റ്: എസ്. വൈ. എസ് ബുക്ക്സ്.
ലത്തീഫ്. എന്‍. കെ. എ., (2010), മാപ്പിള ശൈലി, കാലിക്കറ്റ്: വചനം ബുക്ക്സ്.
ഗംഗാധരന്‍. എം., (2012),  മാപ്പിള പഠനങ്ങള്‍, കോട്ടയം: ഡി.സി. ബുക്സ്.
ഡോ. ജാഫര്‍ സാദിഖ് പി.പി
അസിസ്റ്റന്‍റ് പ്രൊഫസര്‍
അറബി വിഭാഗം
ടി.എം.ജി കോളേജ് തിരൂര്‍
Pin: 676502
Ph: +91 9846569251
Email: ppjsadik@gmail.com
ORCID: 0009-0002-6665-3701