The Narration of Freedom struggle in the works of Basheer in the view of Historiography

Anu James

Modernism viewed historical works as authentic records. History and literature were differentiated as fact and fiction. The finding of Historiography that history is a narrative constructed in the view of historian revealed the subjective nature of history. New Historicism clarified that literary text is at the same time the product of history and constructs history. We can see the fusion of history and literature in the freedom struggle stories of Basheer. The aim of Historiography is not only to problematize history but also the reconstruction of knowledge. This thesis attempts to find the problematisation of concepts like freedom, nationality, state etc and the inclusion of knowledge from his first hand experience of freedom struggle in this subjective history. 

Keywords: Freedom struggle stories, New Historicism, Historiography, Nationality, State

Reference

Ashraf, E.M. (1990). Basheerinte Airavathangal. Thalassery: Saarthavahakasangam.
Basheer, Vaikom Muhammed. (1998). Swathanthryasamara Kadhakal. Kottayam: DC Books.
Basheer, Vaikom Muhammed. (2005). Samboorna Krithikal. Kottayam: DC Books.
Basheer, Vaikom Muhammed. (2009). Samboorna Krithikal. Kottayam: DC Books.
Carr, E.H. (1990). What is history? London: Penguin Books.
Jenkins, Keith. (2005). On ‘What is history?’ From Carr and Elton to Rorty and White. Taylor and Francis e-Library.
Karassery, M.N. (2008). Basheerinte Poonkavanam. Kozhikode: Lipi Publications.
Rahman, M.A. (2009). Basheer desham kaalam swathwam. Kottayam: SPCS.
Sanu, M.K. (2012). Basheer Ekanthaveethiyile Avadhoothan. Kottayam: DC Books.
Anu James
Guest Lecturer
Department of Malayalam
K.E. College, Mannanam
Kottayam, Kerala
Pin: 686561
Ph: +91 9747684167
Email: anupamavjames@gmail.com 
ORCID: 0009-0009-4154-7153


ബഷീര്‍കൃതികളിലെ സ്വാതന്ത്ര്യസമരാഖ്യാനം ചരിത്രവിജ്ഞാനീയദൃഷ്ടിയില്‍ 

അനു ജെയിംസ്

ആധുനികതയില്‍ ആധികാരികരേഖകളായാണ് ചരിത്രകൃതികളെ വീക്ഷിച്ചിരുന്നത്. വസ്തുനിഷ്ഠസത്യമായി ചരിത്രത്തെയും ഭാവനാത്മക ആഖ്യാനമായി സാഹിത്യത്തെയും ഭിന്നമേഖലകളായാണ് അംഗീകരിച്ചിരുന്നത്. എന്നാല്‍ ചരിത്രകാരന്‍റെ വീക്ഷണത്തില്‍ നിര്‍മിക്കപ്പെടുന്ന ആഖ്യാനമാണ് ചരിത്രം എന്ന ചരിത്രവിജ്ഞാനീയത്തിന്‍റെ കണ്ടെത്തല്‍ ചരിത്രത്തിന്‍റെ ആത്മനിഷ്ഠസ്വഭാവം വെളിപ്പെടുത്തി. സാഹിത്യപാഠം ചരിത്രത്തിന്‍റെ ഉല്പന്നമെന്നപോലെ ചരിത്രത്തെ നിര്‍മിക്കുന്നതുമാണെന്ന് നവചരിത്രവാദം വ്യക്തമാക്കിയിട്ടുണ്ട്. ചരിത്രവും സാഹിത്യവും കലര്‍ന്നൊഴുകുന്നത് ബഷീറിന്‍റെ സ്വാതന്ത്ര്യസമരകഥകളില്‍ കാണാം. ചരിത്രത്തെ പ്രശ്നവത്കരിക്കുക മാത്രമല്ല അറിവിന്‍റെ പുനര്‍നിര്‍മാണവും ചരിത്രവിജ്ഞാനീയത്തിന്‍റെ ലക്ഷ്യമാണ്. ലോക്കപ്പ് മര്‍ദ്ദനങ്ങളും സ്വാതന്ത്ര്യം, ദേശീയത, ഭരണകൂടം തുടങ്ങിയ സങ്കല്പങ്ങളും ഈ ആത്മനിഷ്ഠചരിത്രത്തില്‍ പ്രശ്നവത്കരിക്കപ്പെടുന്നതും സ്വാതന്ത്ര്യസമരത്തിന്‍റെ അനുഭവാധിഷ്ഠിതമായ അറിവുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതും കണ്ടെത്താനാണ് പ്രബന്ധം ശ്രമിക്കുന്നത്.

താക്കോല്‍ വാക്കുകള്‍: സ്വാതന്ത്ര്യസമര കഥകള്‍, നവചരിത്രവാദം, ചരിത്രവിജ്ഞാനീയം, ദേശീയത, രാഷ്ട്രം 

ചരിത്രവും സാഹിത്യവും വ്യത്യസ്തമായ മേഖലകളായാണ് തിരിച്ചറിയപ്പെട്ടിരുന്നത്. ചരിത്രം യാഥാര്‍ത്ഥ്യത്തിന്‍റെ ആഖ്യാനവും സാഹിത്യം ഭാവനാത്മക സംഭവങ്ങളുടെ ആഖ്യാനവു മായി വീക്ഷിക്കപ്പെട്ടു. നവചരിത്രവാദത്തിന്‍റെയും ചരിത്രവിജ്ഞാനീ യത്തിന്‍റെയും കടന്നുവരവോടെ ഈ ധാരണകള്‍ക്ക് അടിപതറി. സാഹിത്യം ചരിത്രപരമാണെന്ന് നവചരിത്രവാദം സ്ഥാപിച്ചു. ചരിത്രം സാഹിത്യപരമാണെന്ന് ചരിത്രവിജ്ഞാനീയവും. 

വസ്തുനിഷ്ഠം എന്നതിനെക്കാള്‍ ആത്മനിഷ്ഠമാണ് ചരിത്രകൃതികള്‍ എന്ന് ചരിത്രവിജ്ഞാനീയം കണ്ടെത്തി. കാരണം ചരിത്രകാരന്‍റെ വീക്ഷണത്തിന് അനുസരിച്ചാണ് ചരിത്രകൃതി സൃഷ്ടിക്കപ്പെടുന്നത്. വസ്തുതകളെ ചരിത്രകാരന്‍ തന്‍റെ പ്രത്യയശാസ്ത്രത്തിനനുസരിച്ച് വ്യാഖ്യാനിക്കുകയും ക്രമീകരിക്കു കയും ചെയ്യുകയാണ്. അതുകൊണ്ടുതന്നെ, ചരിത്രം ആഖ്യാനമാണ് എന്ന് ഇ.എച്ച്. കാര്‍, ഹെയ്ഡന്‍ വൈറ്റ്, കെയ്ത്ത് ജെന്‍കിന്‍സ് (ഗലശവേ ഖലിസശിെ, 2005:18) തുടങ്ങിയ ചരിത്രവിജ്ഞാനീയ പണ്ഡിതര്‍ സമര്‍ത്ഥിക്കുന്നു. 

ചരിത്രവിജ്ഞാനീയത്തിന്‍റെ ഈ സംവാദങ്ങള്‍ ആരംഭിക്കു ന്നതിനുമുമ്പേ, ചരിത്രത്തെ സാഹിത്യമായി പരിവര്‍ത്തിപ്പിച്ചു ബഷീര്‍. കഥയെന്നോ നോവലെന്നോ പേരിട്ട് ഈ എഴുത്തുകാരന്‍ ചരിത്രത്തെ സാഹിത്യത്തിലേക്ക് കടത്തിവിട്ടു. തന്‍റെയും ചുറ്റുമു ള്ളവരുടെയും ജീവിതത്തെ ചരിത്രത്തില്‍ ഉള്‍പ്പെടുത്തുകയാ യിരുന്നു അദ്ദേഹം. ബഷീര്‍ കൃതികളില്‍ നിറഞ്ഞുനില്ക്കുന്നത് സ്വജീവചരിത്രവും ദേശചരിത്രവുമാണ്. മിക്കതും അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ തന്നെ. മിക്ക കഥയിലെയും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ വ്യക്തികളാണ്. 'കമ്യൂണിസ്റ്റ് ഡെന്‍' എന്ന കഥയിലെ പ്രതിപാദ്യസംഭവം കെ.സി. ജോര്‍ജ്ജ് എന്ന കഥാനായകന്‍ തന്‍റെ ജീവചരിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ കഥകളില്‍ ആവിഷ്ക രിക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളില്‍ പലതും ബഷീര്‍ ആത്മകഥയി ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് കൗതുകകരമാണ്. കഥകള്‍ ആത്മകഥയാവുകയും ആത്മകഥ സരസസംഭാഷണമാവുകയും ചെയ്യുന്നത് ബഷീറിന്‍റെ ആഖ്യാനതന്ത്രമാണ്. 

സാഹിത്യരൂപമാര്‍ന്ന ചരിത്രം എന്ന് ബഷീര്‍കൃതികളെ വിശേഷിപ്പിക്കാം. 'വിനീത ചരിത്രകാരന്‍' എന്ന് ചില കൃതികളില്‍ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നുണ്ട്. മുച്ചീട്ടുകളിക്കാരന്‍റെ മകള്‍, ആനവാരിയും പൊന്‍കുരിശും, എട്ടുകാലി മമ്മൂഞ്ഞ്, സ്ഥലത്തെ പ്രധാന ദിവ്യന്‍ എന്നിങ്ങനെ കഥാപാത്രങ്ങളുടെ സ്വഭാവകേന്ദ്രിത കൃതികളിലാണ് അദ്ദേഹം ഇപ്രകാരം സ്വയം പരിചയപ്പെടുത്തുന്നത്. ഓരോ മനുഷ്യന്‍റെയും ജീവിതം ചരിത്രത്തില്‍ വിലപ്പെട്ടതാണ് എന്ന ബോധ്യം ബഷീര്‍ പങ്കുവയ്ക്കുന്നു. എന്നാല്‍ ബഷീര്‍ എന്ന ചരിത്രകാരനെ വ്യക്തമായി കാണാനാവുന്നത് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യസമരകഥകളിലാണ്. വാമൊഴി ചരിത്രരചനയുടെ സാധ്യതകള്‍ അദ്ദേഹം കൃതികളില്‍ ഫലപ്രദമായി ഉപയോഗിച്ചു. ഓര്‍മ്മയും ഭാവനയും ഇടകലരുന്ന ആഖ്യാനശൈലിയാണ് അദ്ദേഹം അവലംബിച്ചത്. ബഷീറിന്‍റെ കൃതികളില്‍ യാഥാര്‍ത്ഥ്യവും ഭാവനയും വേര്‍പിരിയുന്നത് ഏതു സന്ധിയിലാണ് എന്ന ആശങ്ക വായനക്കാര്‍ക്കുണ്ടാകുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ മറ്റൊരു തലമാണ് ഭാവന എന്ന് അദ്ദേഹം പഠിപ്പിക്കുന്നു. 

രാജഭരണവും ബ്രിട്ടീഷ് ഭരണവും ജനാധിപത്യഭരണവും ബഷീറിന്‍റെ സ്വാതന്ത്ര്യസമരാഖ്യാനങ്ങളുടെ പശ്ചാത്തലമാകുന്നു ണ്ട്. ഒരു നൂറ്റാണ്ടിനടുത്ത് ജീവിച്ച അദ്ദേഹം ജാതിവ്യവസ്ഥിതിയുടെയും നവോത്ഥാനത്തിന്‍റെയും അടിമത്തത്തിന്‍റെയും സ്വാതന്ത്ര്യ സമരത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പരിണാമചരിത്രത്തി ലൂടെ കടന്നുപോയ ദൃക്സാക്ഷിയാണ്. ബഷീറിന്‍റെ സ്വാതന്ത്ര്യസമ രാഖ്യാനം മറ്റു സാഹിത്യകാരന്മാരില്‍ നിന്ന് വ്യത്യസ്തവും പ്രസക്തവുമാകുന്നത് അദ്ദേഹം സ്വാതന്ത്ര്യസമര പോരാളിയായി രുന്നു എന്നതിനാലാണ്. ഗാന്ധിജിയുടെ സ്വാതന്ത്ര്യസമരാഹ്വാനങ്ങ ളില്‍ ആകൃഷ്ടനായി സമരത്തീയിലേക്ക് ബഷീര്‍ എടുത്തുചാടി. അതിന്‍റെ പേരില്‍ സ്കൂളില്‍നിന്നു പുറത്താക്കപ്പെട്ടു. ഒന്‍പതാം ക്ലാസില്‍ അവസാനിച്ച വിദ്യാഭ്യാസത്തിന്‍റെ പരിമിതി സവിശേഷമായ ഭാഷാപ്രയോഗങ്ങളിലൂടെയാണ് അദ്ദേഹം മറികടന്നത്. ജീവിക്കാന്‍വേണ്ടി സാഹിത്യകാരനായ ഈ സാധാരണക്കാരന്‍ കേരളചരിത്രത്തിന്‍റെ പരിണാമവഴികള്‍ കൃതികളില്‍ അടയാള പ്പെടുത്തി. 

തന്‍റെ സ്വാതന്ത്ര്യസമരാനുഭവങ്ങളാണ് ബഷീര്‍ കഥകളില്‍ ആഖ്യാനം ചെയ്യുന്നത് എന്നതിനാല്‍ അവ ആത്മനിഷ്ഠചരിത്രമായി മാറുന്നു. സ്വാതന്ത്ര്യസമരകഥകളില്‍ മുഴുവന്‍ ഇന്ത്യന്‍ ജനതയെയു മാണ് അദ്ദേഹം സംബോധന ചെയ്യുന്നത്. അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യസമരാഖ്യാനങ്ങളില്‍ ഭാരതീയ ജനതയെ ലക്ഷ്യമാക്കുന്ന ചരിത്രപാഠങ്ങള്‍ കണ്ടെത്താനാവും. സ്വാതന്ത്ര്യം, ദേശീയത, രാഷ്ട്രം, ഭരണകൂടം എന്നിവയെക്കുറിച്ചുള്ള ബഷീറിന്‍റെ കാഴ്ചപ്പാ ടുകള്‍ അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യസമരകഥകളില്‍നിന്നും കണ്ടെടു ക്കുകയാണ് ഈ പ്രബന്ധം. 

ബഷീറിന്‍റെ സ്വാതന്ത്ര്യസമരചിന്തകള്‍ 

സ്വാതന്ത്ര്യസമരം വിഷയമാകുന്ന ബഷീര്‍കഥകളില്‍ മുഖ്യഭാഗവും ജയില്‍ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. അമ്മ, ടൈഗര്‍, ഒരു ജയില്‍പുള്ളിയുടെ ചിത്രം, കൈവിലങ്ങ്, പോലീസുകാരന്‍റെ മകള്‍, ഇടിയന്‍പണിക്കര്‍, മതിലുകള്‍, എന്‍റെ വലതുകൈ എന്നിങ്ങനെ എത്രയോ കഥകള്‍ (ഇവയില്‍ പല കഥകളും ലോക്കപ്പില്‍ വച്ച് എഴുതിയവയുമാണ്). ചില കഥകള്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒളിവുജീവിതം നയിച്ച കാലത്തെ അനുഭവങ്ങളാണ്. ജന്മദിനം, ഒരു മനുഷ്യന്‍, ഒരു കൊച്ചുപ്രേമകഥ തുടങ്ങിയവ ഈ പട്ടികയില്‍പ്പെടുത്താം. ജനാധിപത്യഭാരതത്തില്‍ സ്വാതന്ത്ര്യസമര പോരാളികളുടെ സമകാലികാവസ്ഥയും വത്സരാജന്‍, പ്രതിമ എന്നീ കഥകളില്‍ അദ്ദേഹം കോറിയിടുന്നുണ്ട്. 

ജയില്‍ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ലോക്കപ്പ് മര്‍ദ്ദനങ്ങളാണ് ബഷീറിന്‍റെ ആഖ്യാനത്തില്‍ നിറഞ്ഞുനില്ക്കുന്നത്. "തടവുകാരന്‍റെ സ്വര്‍ഗമാണ് ജയില്‍. അവന്‍റെ നരകം പോലീസ് ലോക്കപ്പാണ്" (ബഷീര്‍, 1998:50). ഇങ്ങനെ ലോക്കപ്പിനെയും ജയിലിനെയും താരതമ്യപ്പെടുത്തുന്ന ധാരാളം പ്രസ്താവനകള്‍ അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യസമരകഥകളില്‍ കാണാം. ബഷീര്‍ കഥാപാത്രമാവുന്ന കഥകളിലെല്ലാം ജയില്‍മര്‍ദ്ദനങ്ങളുടെ ഓര്‍മ്മ വിങ്ങിനില്പുണ്ട്. 'അമ്മ' എന്ന കഥയിലാണ് സ്വാതന്ത്ര്യസമരത്തി ലേക്കുള്ള തന്‍റെ കടന്നുവരവ് അദ്ദേഹം ആഖ്യാനം ചെയ്യുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വീട്ടില്‍നിന്ന് ഒളിച്ചോടിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കുകൊണ്ട് തല്ലും ഇടിയും ചവിട്ടും ഏറ്റത് അദ്ദേഹത്തിന്‍റെ സ്വതന്ത്ര്യസമരാഖ്യാനത്തില്‍ ആവര്‍ത്തിക്കുന്ന ചിത്രമാണ്. സ്വാതന്ത്ര്യസമരം പശ്ചാത്തലമാകുന്ന കഥകളില്‍ മാത്രമല്ല, ബഷീര്‍തന്നെ കഥാപാത്രമാവുന്ന പല കഥകളിലും ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ ഓര്‍മ്മ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 

ഗാന്ധിയുടെ വ്യക്തിപ്രഭാവം ബഷീറിന്‍റെ വ്യക്തിത്വത്തില്‍ ചെലുത്തിയ സ്വാധീനം അദ്ദേഹത്തിന്‍റെ  സ്വാതന്ത്ര്യസമരകഥകളി ലെല്ലാം അടിയൊഴുക്കാവുന്നുണ്ട്. "ഗാന്ധി എന്ന മനുഷ്യന്‍ കാരണമാണ് ഞാന്‍ ആദ്യമായി അടിയും ഇടിയും കൊണ്ടതെന്നുള്ള രഹസ്യമാണ് എനിക്കിവിടെ രേഖപ്പെടുത്താനുള്ളത്"(ബഷീര്‍, 2009:302) എന്ന പ്രസ്താവനയോടെയാണ് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യസമരാഖ്യാനത്തിന്‍റെ തുടക്കം. അദ്ദേഹത്തിന് ആദ്യമായി മര്‍ദ്ദനമേല്‍ക്കുന്നത് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്. ബ്രാഹ്മണനായ ഹെഡ്മാസ്റ്ററില്‍നിന്നായിരുന്നു അത്. നവോത്ഥാന പ്രവര്‍ത്തനത്തിലെ ഭാഗഭാഗിത്വത്തിന് ഏറ്റ മര്‍ദ്ദനത്തിന്‍റെ ചൂടില്‍നിന്നാണ് സ്വാതന്ത്ര്യസമരത്തിലേക്ക് അദ്ദേഹം കുതിക്കു ന്നത്. ഈ മര്‍ദ്ദനം അദ്ദേഹത്തെ കൂടുതല്‍ തീക്ഷ്ണതയുള്ള വനാക്കി. ഉപ്പുസത്യാഗ്രഹത്തിലേക്കാണ് ഗാന്ധിയെ സ്പര്‍ശിച്ച (ഗാന്ധി സ്പര്‍ശിച്ച) അനുഭവം ബഷീറിനെ വഴിതിരിച്ചുവിട്ടത്. തിരുവിതാം കൂറുകാരനാണ്, മുസ്ലീമാണ് എന്നീ കാരണങ്ങളാല്‍ ആദ്യ അറസ്റ്റില്‍ തനിക്ക് കൂടെയുള്ളവരെക്കാള്‍ കൂടുതല്‍ മര്‍ദ്ദനങ്ങള്‍ അനുഭവിക്കേ ണ്ടി വന്നതായി അദ്ദേഹം 'അമ്മ' എന്ന കഥയില്‍ ഓര്‍മിക്കുന്നു. 

"ബഷീറിന്‍റെ ചെറുകഥകളിലെ അനുഭവവിവരണക്കാരെല്ലാം തന്‍റെതന്നെ നിസ്സാരതാബോധത്തിന്‍റെ വസ്തുനിഷ്ഠമൂര്‍ത്തികളാ കുന്നു" (ഇ.എം. അഷ്റഫ്, 1990:45) എന്ന് നരേന്ദ്രപ്രസാദ് നിരീക്ഷി ക്കുന്നു. ജയില്‍ക്കഥകളില്‍ പ്രകടമാകുന്ന ഈ പരാജയബോധം കൂടുതല്‍ മെച്ചപ്പെട്ട സാമൂഹികനീതിക്കുവേണ്ടി യുള്ള സമരവുമായി ചേര്‍ന്നിരിക്കുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബഷീര്‍കൃതി കളിലെ പ്രധാനാംശമായ നര്‍മം ജയില്‍ജീവിതകഥകളില്‍ താരതമ്യേന കുറവായതിനുകാരണവും സാമൂഹിക ബോധത്തിന്‍റെ തീക്ഷ്ണതതന്നെ. 

സ്വാതന്ത്ര്യസമരത്തിലേക്ക് ഓരോ ഭാരതീയനെയും എത്തിച്ചത് തങ്ങള്‍ അടിമത്തത്തിലാണ് ജീവിക്കുന്നത് എന്ന തിരിച്ചറിവാണ് എന്ന സത്യം 'അമ്മ' എന്ന കഥയില്‍ ആവിഷ്കരി ക്കപ്പെടുന്നുണ്ട്. "അടിമത്തവും ദാരിദ്ര്യവും, ഇതുപോലെ മറ്റനേകം ഭയങ്കര വ്യാധികളും നിറഞ്ഞ ഹതഭാഗ്യയായ ഈ നാട്ടിലേക്ക് അമ്മ എന്നെ എന്തിന് പ്രസവിച്ചു? ഈ ചോദ്യം ഇന്ത്യയിലെ ഓരോ അമ്മമാരോടും അവരുടെ ആണും പെണ്ണുമായ സന്താനങ്ങള്‍ ഓരോരുത്തരും ചോദിക്കുമോ? ഏതായാലും ഇന്ത്യാരാജ്യം എങ്ങനെ ഇത്ര ദരിദ്രമായി?  ഞാനൊരു ഇന്ത്യക്കാരനാണ്- എന്നെ നിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്നില്ല.  ഞാന്‍ വെറും ഒരു അടിമ. അടിമരാജ്യമായ ഇന്ത്യയെ ഞാന്‍ വെറുക്കുന്നു! പക്ഷേ....ഇന്ത്യ എന്‍റെ അമ്മയല്ലേ?"(ബഷീര്‍, 2009:304). സ്വാതന്ത്ര്യ സമരവും ഗാന്ധിയന്‍ ആദര്‍ശങ്ങളും സാധാരണക്കാരില്‍ ഉളവാക്കി യ ആശങ്കകളും പ്രതീക്ഷകളും ബഷീറിന്‍റെ കഥകള്‍ സംവേദനം ചെയ്യുന്നുണ്ട്. 'എടാ ഈ കാന്തി ഞമ്മടെ പഷ്ണി തീര്‍ക്കുവോ?' എന്ന ഉമ്മയുടെ സംശയവും 'ഭാരതം സ്വതന്ത്രമായാല്‍ നമ്മുടെ പട്ടിണി തീരും' എന്ന മകന്‍റെ മറുപടിയും ഇതിന് ഉദാഹരണമാണ് (ബഷീര്‍, 2009:304,305). 

ബഷീറിന്‍റെ സ്വാതന്ത്ര്യസമരാഖ്യാനത്തില്‍ ആവര്‍ത്തി ക്കുന്ന രണ്ട് യാഥാര്‍ത്ഥ്യങ്ങളാണ് അമ്മ, വിശപ്പ് എന്നിവ. ജയിലിലായ മകനെ കാത്തിരിക്കുന്ന അമ്മയുടെ ചിത്രം അമ്മ, പോലീസു കാരന്‍റെ മകള്‍, ഒരു ജയില്‍പുള്ളിയുടെ ചിത്രം എന്നീ കഥകളില്‍ ആവര്‍ത്തിക്കുന്നു. സ്വാതന്ത്ര്യസമരം ആണിന്‍റെ മാത്രം ഇടമല്ല ബഷീര്‍ക്കഥകളില്‍. സ്ത്രീകള്‍ക്കും കര്‍തൃത്വസ്ഥാനമുണ്ട്. അതിന്‍റെ ഒരു ഭാവമാണ് കാത്തിരിക്കുന്ന അമ്മ. സ്വാതന്ത്ര്യത്തിനുവേണ്ടി അധ്വാനിച്ച വീരസഹോദരികളെ വിസ്മരിക്കരുത് എന്ന് അദ്ദേഹം 'ഒരു ജയില്‍പുള്ളിയുടെ ചിത്രം' എന്ന കഥയിലും പറഞ്ഞുവയ്ക്കു ന്നു. അതുകൂടാതെ, സ്വാതന്ത്ര്യസമര സേനാനികളെ സഹായിക്കുന്ന സ്ത്രീകളെയും ഈ കഥാപ്രപഞ്ചത്തില്‍ കാണാം.

മറ്റൊരു ഇന്ത്യന്‍ യാഥാര്‍ത്ഥ്യമായ ദാരിദ്ര്യവും സ്വാതന്ത്ര്യസമരകഥകളില്‍ സൂചിതമാകുന്നു. ജന്മദിനം, ആ മനുഷ്യന്‍ എന്നീ കഥകളും ഈ ദാരിദ്ര്യാവസ്ഥയെ ചിത്രീകരിക്കുന്നുണ്ട്. ജന്മദിനത്തില്‍ പട്ടിണിയാവുന്ന എഴുത്തുകാരന്‍ മാത്രമല്ല കഥയി ലുള്ളത്. മെതിയടി വില്ക്കാനെത്തുന്ന കുട്ടികളും മാദകമായ ഗന്ധം പരത്തിനില്ക്കുന്ന സ്ത്രീയും പട്ടിണിയിലകപ്പെട്ട നിമഗ്നജനതയെ പ്രതിനിധീകരിക്കുന്നു. യുദ്ധവും ക്ഷാമവും മൂലം ജയിലിനു പുറത്തുള്ള ജീവിതം പട്ടിണിയാല്‍ വലഞ്ഞതാണ് എന്ന് പല കഥകളിലും സൂചനയുണ്ട്. 

"ബഷീറിന്‍റെ കൃതികളില്‍ സ്വാതന്ത്ര്യസമരാനുഭവങ്ങള്‍ ഒരു പശ്ചാത്തലമായി നില്ക്കുന്നതല്ലാതെ കഥാകേന്ദ്രമായി പ്രത്യക്ഷപ്പെ ടുന്നേയില്ല. തന്‍റെ വീരസാഹസങ്ങളെ പ്രതിഫലിപ്പിച്ചു കാണിക്കാ നുള്ള ഒരു ശ്രമവും ആ കൃതികളിലില്ലെന്നര്‍ത്ഥം. സാമ്രാജ്യത്വ വിരോധത്തെ ഊതിവീര്‍പ്പിച്ചു പ്രദര്‍ശിപ്പിക്കാനുള്ള വ്യഗ്രതയും അവയിലില്ല"(എം.എ.റഹ്മാന്‍, 2009:62) എന്ന് ആര്‍.ഇ. ആഷര്‍ നിരീക്ഷിക്കുന്നു. ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടു ന്നവരെ ആദര്‍ശവ്യക്തിത്വങ്ങളായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ബഷീര്‍ നടത്തുന്നില്ല. രാഷ്ട്രീയപ്രവര്‍ത്തകന്‍റെ പ്രേമത്തിനു വേണ്ടിയുള്ള വിശപ്പാണ് 'പഴയ ഒരു കൊച്ചുപ്രേമകഥ'യിലെ പ്രമേയം. മോഹവും മോഹഭംഗവും ആത്മോപഹാസത്തില്‍ ചിത്രീകരിക്കുന്നു ഈ കഥയില്‍. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേ ധവും ഒരു കഥയിലും കണ്ടെത്താനാവില്ല. തന്നെ പീഡിപ്പിച്ച പോലീസുകാരെപ്പോലും അനുഭാവത്തോടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രാദേശികചരിത്രങ്ങളിലും വ്യക്തിചരിത്രങ്ങ ളിലും പ്രധാന കഥാപാത്രമായി പോലീസുകാര്‍ പ്രത്യക്ഷപ്പെടു ന്നുണ്ട്. പോലീസ് മൂരാച്ചികള്‍ എന്നാണ് ബഷീറിന്‍റെ പ്രയോഗം. പോലീസുകാരെക്കുറിച്ചുള്ള വിചാരങ്ങള്‍ കഥകളില്‍ ആവര്‍ത്തിച്ച് കടന്നുവരുന്നു. 'കൈവിലങ്ങ്' എന്ന കഥയില്‍ ഇങ്ങനെ പറയുന്നു, "പോലീസുകാര്‍ എന്നെ ഇടിച്ചുനുറുക്കിയപ്പോഴും തെറിയില്‍ എന്നെ മൂടിയപ്പോഴും ഞാന്‍ വിചാരിച്ചിട്ടുണ്ട്: കഴിയുമെങ്കില്‍ പോലീസുകാരുടെ ശമ്പളം വര്‍ധിപ്പിക്കണം"(ബഷീര്‍, 2009:347). ഭരണകൂടത്തിന്‍റെ മര്‍ദ്ദനോപകരണം മാത്രമാണ് പോലീസുകാര്‍ എന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്. 

'മതിലുകള്‍' എന്ന കൃതിയെ മുന്‍നിര്‍ത്തിയാണ് ബഷീറിന്‍റെ സ്വതന്ത്രഭാരതത്തെക്കുറിച്ചുള്ള പ്രതികരണം ചര്‍ച്ച ചെയ്യപ്പെട്ടി ട്ടുള്ളത്. 'വൈ ഷുഡ് ഐ ബീ ഫ്രീ, ഹൂ വാണ്ട്സ് ഫ്രീഡം' എന്ന വാക്യം സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്‍റെ അര്‍ത്ഥശൂന്യ തയെ പ്രതിനിധാനം ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയ എം.എ. റഹ്മാന്‍, മതിലും ജയിലും നാരായണിയുമെല്ലാം രൂപകങ്ങളാകുന്ന തെങ്ങനെ എന്ന് വിശദമാക്കുന്നു. മതിലുകള്‍ എന്ന തലക്കെട്ടുതന്നെ വെട്ടിമുറിക്കപ്പെട്ട ഇന്ത്യയെ കുറിക്കുന്നു. രണ്ടായി പകുക്കപ്പെട്ട ഇന്ത്യയുടെ രൂപകാവിഷ്കാരമാണ് ജയില്‍. സ്വാതന്ത്ര്യം എന്ന കണ്ടിട്ടില്ലാത്ത, ശബ്ദത്തിലൂടെ മാത്രം കൊതിപ്പിക്കപ്പെട്ട സങ്കല്പം നാരായണി എന്ന രൂപകത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു (ബഷീര്‍, 1998:57). 

'ഒരു ജയില്‍പുള്ളിയുടെ ചിത്രം' എന്ന കഥയില്‍ ആകെ ജയില്‍പുള്ളികള്‍, അതില്‍ ഇത്ര പുരുഷന്മാര്‍, ഇത്ര സ്ത്രീകള്‍, അതില്‍ രാഷ്ട്രീയത്തടവുകാര്‍ ഇത്ര എന്നൊക്കെ കഥാകൃത്ത് എഴുതിച്ചേര്‍ക്കുമ്പോള്‍ കഥ ചരിത്രരേഖകൂടിയാവുകയാണ്. ജയി ലില്‍ അടയ്ക്കപ്പെടുന്നവരില്‍ സ്വാതന്ത്ര്യസമരപ്രവര്‍ത്തകര്‍ എത്രയധികമാണ് എന്ന് വ്യക്തമാക്കുകയാണ് ഈ സ്ഥിതിവിവരക്ക ണക്കിലൂടെ അദ്ദേഹം. ജയില്‍ജീവിതവിവരണവും സ്ഥിതിവിവരക്ക ണക്കും ആഖ്യാനത്തെ വിരസമാക്കുന്നില്ല. കാരണം അവയില്‍ മനുഷ്യജീവിതം തുടിച്ചുനില്പുണ്ട്. വിഷാദം നിറഞ്ഞ ജയില്‍ജീവിത ത്തിന്‍റെ വിരസമാകാവുന്ന ആഖ്യാനത്തെ സ്നേഹത്തിന്‍റെ ചേരുവകൂടി ചേര്‍ത്ത് അദ്ദേഹം പ്രതീക്ഷാഭരിതമാക്കുന്നു. വിഷാദമല്ല, പ്രത്യാശയാണ് ജയില്‍ജീവിതം പ്രമേയമാകുന്ന കഥകളുടെ അന്തസ്സത്ത. ബഷീര്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന രക്തനക്ഷത്രം എന്ന ബിംബം വേദനയെയും പ്രത്യാശയെയും ഇണക്കുന്നതാണ്. 

'ഒരു ജയില്‍പുള്ളിയുടെ ചിത്രം' എന്ന കഥയില്‍ ജയില്‍ജീവിതത്തെക്കുറിച്ച് നായകന്‍ കത്തില്‍ ഇങ്ങനെ എഴുതുന്നു. "പതിന്നാലു കൊല്ലംമുതല്‍ ഇങ്ങോട്ടു സ്ത്രീകളെ കണ്ടിട്ടില്ലാത്ത പുരുഷന്മാര്‍; പുരുഷന്മാരെ കണ്ടിട്ടില്ലാത്ത സ്ത്രീകള്‍. ഭാവന.... ജുഗുപ്സാവഹമായ ഭാവന.... ഭീകരവും നഗ്നവുമായ യാഥാര്‍ത്ഥ്യം. പുരുഷന്‍ പുരുഷനെയും സ്ത്രീ സ്ത്രീയെയും- അങ്ങനെ പോകുന്നു ഇവിടെ ജീവിതം"(ബഷീര്‍, 1998:61). അപ്രിയമായ യാഥാര്‍ത്ഥ്യങ്ങളെ അപൂര്‍ണമായ വാക്യങ്ങളില്‍ ഒതുക്കിപ്പറയുന്നതിന് ഉദാഹരണമാണിത്. എഴുത്തുകാരന്‍റെ സംക്ഷിപ്തത യാഥാര്‍ത്ഥ്യത്തെ ആഖ്യാനത്തില്‍ തീവ്രതരമാക്കുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ രേഖയായി 'ടൈഗര്‍' എന്ന കഥയെ എം.എന്‍. കാരശ്ശേരി വിശദീകരിക്കുന്നുണ്ട്. കോളനിവാഴ്ചാവിരുദ്ധമായി നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട അപൂര്‍വം കഥകളില്‍ ഒന്നായി ഈ കഥയെ അദ്ദേഹം അവതരിപ്പിക്കുന്നു. "ആ നായ, അധികാരത്തിനും പീഡനത്തിനും മുമ്പില്‍ വാലാട്ടിനിന്ന് സ്വാര്‍ത്ഥം നേടിയ ഇന്ത്യാക്കാരന്‍റെ ചിത്രമാണ്- കോളനിവാഴ്ചയുടെ ഉപ്പും ചോറും തിന്നു കൊഴുത്ത നായ്ക്കളുടെ മറ്റൊരു ലോകം. സ്വന്തക്കാരന്‍റെ ചോറും ചോരയും നക്കിത്തിന്നാണ് ആ വിധേയന്മാര്‍ പുലരുന്നത്"(എം.എന്‍. കാരശ്ശേരി, 2008:71). ഈ ചരിത്രപ്രതിഫലനം കഥാഖ്യാനത്തില്‍ സൂക്ഷ്മരൂപത്തില്‍ കടന്നുവരുന്നത് അദ്ദേഹം ഉദാഹരിക്കുന്നു. മറ്റ് പല കഥകളിലും പോലീസുകാരെക്കുറിച്ചുള്ള വിചാരത്തില്‍ ഇതേ ചിന്ത കടന്നുവരുന്നുണ്ട്. മാതൃരാജ്യത്തോടുള്ള കടമ നിര്‍വഹിക്കുവാന്‍ കോഴിക്കോട്ടെ കടപ്പുറത്തു കൂടിയ സാധുവിദ്യാര്‍ത്ഥികളെ-നിരായുധരും നിരപരാധികളുമായ ചെറുബാലന്മാരെ- നിര്‍ദയമായും ക്രൂരമായും ലാത്തികള്‍കൊണ്ടടിച്ചു തല പൊട്ടിക്കുവാനും കൈകാലുകള്‍ തല്ലി ഒടിക്കുവാനും മലയാള ത്തിലെ സ്ത്രീകള്‍ പെറ്റവരാണെന്ന് പറയുന്ന പോലീസുകാര്‍ക്ക് കൈ പൊന്തിയല്ലോ!"(ബഷീര്‍, 1998:73) എന്ന് 'അമ്മ' എന്ന കഥയി ല്‍ അദ്ദേഹം വേദനയോടെ കുറിക്കുന്നു. 

ദേശീയത എന്ന ആശയം 

ദേശീയപ്രസ്ഥാനത്തിന്‍റെ ആശയങ്ങള്‍ പ്രചരിച്ച കാലത്താണ് ബഷീര്‍ എഴുതിത്തുടങ്ങുന്നത്. "ബഷീര്‍ തന്‍റെ സുപ്രധാന രചനകളിലൂടെ ഏകതാനമായ ഒരു ദേശീയതയോട് ശക്തമായി വിയോജിക്കുകയാണ്" (ബഷീര്‍, 2009:46) എന്ന് ഉമര്‍ തറമേല്‍ പ്രസ്താവിക്കുന്നു. ജാതി വര്‍ഗ വര്‍ണ ബന്ധങ്ങളെ ബഷീര്‍ വേറിട്ടുതന്നെയാണ് അടയാളപ്പെടുത്തുന്നത്. രൂപഭാവങ്ങളി ലും പെരുമാറ്റരീതികളിലും വിശ്വാസങ്ങളിലും നിലപാടുകളിലും വ്യത്യസ്തരാണ് ബഷീറിന്‍റെ കഥാപാത്രങ്ങളെല്ലാം. ഭാഷാദേശീയതയുടെ ഭാഗമായി രൂപംകൊണ്ട മാനകഭാഷയോടുള്ള കലാപം ബഷീറിന്‍റെ ജീവിതത്തിലും സാഹിത്യത്തിലും കാണാം. 'ബാല്യകാലസഖി' അച്ചടിഭാഷയിലാക്കിയ പ്രസ്സുകാരോട് കലഹിച്ച് അച്ചടിച്ച കടലാസ്സുകള്‍ പ്രസ്സിന്‍റെ മുറ്റത്തിട്ട് കത്തിച്ചത് ബഷീറിന്‍റെ ജീവചരിത്രത്തിലെ പ്രധാന അധ്യായമാണ്. 'ന്‍റുപ്പുപ്പായ്ക്കൊരാനേ ണ്ടാര്‍ന്നു' എന്ന കൃതിയിലും കുഞ്ഞുപാത്തുമ്മയുടെ വാമൊഴിയെ തിരുത്തുന്ന പരിഷ്കരണവാദികളോട് അദ്ദേഹം കലഹിക്കുന്നുണ്ട്. എല്ലാ സംസ്കാരപാരമ്പര്യങ്ങളെയും ഭാഷണരീതികളെയും തനിമയില്‍ ഉള്‍ക്കൊള്ളണം എന്നാണ് ബഷീറിന്‍റെ പക്ഷം.

ദേശീയത എന്ന വികാരത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു ഘടകമാണ് ഭാരതാംബ. 'ഭാരത്മാതാ' എന്ന പേരില്‍ത്തന്നെ ഒരു കഥ ബഷീര്‍ എഴുതിയിട്ടുണ്ട്. അതിലെ ചിത്രകാരന്‍ വരച്ചത് സൗന്ദര്യവത്കരിക്കപ്പെട്ട, ആദര്‍ശവത്കരിക്കപ്പെട്ട ഭാരതത്തെക്കു റിച്ചുള്ള സങ്കല്പമാണ്. അത് അയാളുടെ കാമുകിയുടെ മാതൃകയിലുള്ളതായിരുന്നു. എന്നാല്‍ ചിത്രത്തോടുള്ള നായി കയുടെ പ്രതികരണം സങ്കല്പത്തില്‍നിന്നും വിട്ടുമാറി ഭാരതത്തി ന്‍റെ യാഥാര്‍ത്ഥ്യത്തെ ആവിഷ്കരിക്കാന്‍ ചിത്രകാരന് പ്രേരണ നല്കുന്നു. അയാളുടെ ഭാരതാംബ യാചകിയും കുട്ടികളുമാകുന്നു. ഹിന്ദുമതപരിവേഷത്തില്‍ ദേവതാരൂപമാര്‍ന്ന ഭാരതമാതാവ് എന്ന സങ്കല്പത്തെ മനുഷ്യവത്കരിക്കുകയും മതനിരപേക്ഷമാക്കുകയും ചെയ്യുന്നുണ്ട് ഈ കലാകാരന്‍. 

അമൃത ഷെര്‍ഗിലിന്‍റെ 'മദര്‍ ഇന്ത്യ' എന്ന ചിത്രവും ബഷീറിന്‍റെ 'ഭാരത്മാതാ' എന്ന കഥയുമായി താരതമ്യ വിചാരം നടത്തുന്നുണ്ട് എ.ടി. മോഹന്‍രാജ്. "ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളിലെ മഹാദുരിതകാലത്തിലെ ഇന്ത്യയിലെ ഒരു ശരാശരി അമ്മയെ വളരെ റിയലിസ്റ്റിക്കായി വരയ്ക്കുകയാണ് ഷെര്‍ഗില്‍ ചെയ്തത്. അടുത്ത ദശകത്തില്‍ അതിനെ പിന്തുടരുകയാണ് ബഷീറും ചെയ്തത്. ഷെര്‍ഗിലിന്‍റെ ചിത്രത്തിലെ മക്കളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം ഉണ്ട്. ബഷീറിന്‍റെ ചിത്രത്തിലെ മകള്‍ അന്ധയാണ്. ആണ്‍കുഞ്ഞിന്‍റെ ശരീരമാകെ ചിരങ്ങുവന്നളി ഞ്ഞിരിക്കുന്നു. ഈ മക്കളാണ് നാളത്തെ പൗരന്മാരാവേണ്ടത്! ഭാരത ത്തിലെ സന്തതികളുടെ യഥാതഥമായ ചിത്രമാണ് ബഷീര്‍ വരച്ചത്" (എം.എ. റഹ്മാന്‍, 2009:42,45). ദേശീയത ബഷീര്‍ കൃതികളില്‍ കാല്പനികതയില്‍ അധിഷ്ഠിതമായ വികാരമല്ല. ദേശസ്നേഹം ഭക്തിയുമല്ല. മറിച്ച് ആത്മബോധമാണ്. ചിത്രകാരന്‍റെ കാല്പനിക ഭാവനയെ യാഥാര്‍ത്ഥ്യത്തിലേക്ക് തട്ടിയുണര്‍ത്തുകയാണ് സഹകാരിയായ നായിക. ദന്തഗോപുരത്തിലിരുന്ന് ചിത്രീകരിക്കേണ്ടതല്ല ഭാരതമാതാവിന്‍റെ ചിത്രം അതിന് ചുറ്റുമുള്ളവരിലേക്ക് കണ്ണുതുറ ക്കേണ്ടത് ആവശ്യമാണ്. ഈ കണ്ണുതുറക്കല്‍ കലാകാരന്മാരില്‍ നിന്നും ആവശ്യപ്പെടുകയാണ് ബഷീര്‍. 

രാഷ്ട്രം എന്ന സങ്കല്പം.

സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുകൊണ്ട ബഷീര്‍ അധികാരികളുടെ നോട്ടപ്പുള്ളിയായതിനാല്‍ പലയിടങ്ങളിലായി ഒളിവുജീവിതം നയിച്ചു. ഭാരതം എന്ന ബോധമുണ്ടാ കാന്‍ വേണ്ടി ബഷീര്‍ എട്ടുപത്തു കൊല്ലം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. 'ജന്മദിനം' എന്ന കഥയില്‍ അദ്ദേഹം എഴുതുന്നു: "ഭാരതത്തിന്‍റെ ഓരോ പട്ടണങ്ങളിലും എത്രയെത്ര കൊല്ലം അലഞ്ഞുനടന്ന് എത്രയെത്ര ജാതിയായി എവിടെയെല്ലാം ഞാന്‍ താമസിച്ചു! ആരുടെയൊക്കെ ആഹാരമാണ്. ഞാന്‍! എന്‍റെ രക്തവും മാംസ വും എന്‍റെ അസ്ഥിയും ഭാരതത്തിന്‍റേത്"(ബഷീര്‍, 2009:234) ബഷീറിന് ഭാരതം എന്നത് ഓരോ ഭാരതീയനുമാണ് എന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം. അഖണ്ഡഭാരതം എന്നാണ് അദ്ദേഹം പറയുക.

ആത്മകഥയായ 'ഓര്‍മ്മയുടെ അറകളി'ല്‍ ബഷീര്‍ വേദനയോടെ പറയുന്നു: "ഇന്ത്യയെ ചോര ചിതറിച്ചു രണ്ടായി വെട്ടിപ്പിളര്‍ന്നു. ആരുടെയോ കുടുംബസ്വത്തുപോലെ ഭാഗിച്ചു. ആരാണുത്തരവാദി. മുസല്‍മാന്മാരോ ഹിന്ദുക്കളോ? എന്നോട് ആരും ചോദിച്ചില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജയിലില്‍ പോയതും എല്ലുനുറുങ്ങെ തല്ലുകൊണ്ടതുമാണ് ത്യാഗമെങ്കില്‍ ഞാന്‍ ഒരുപാട് ത്യാഗം അനുഷ്ഠിച്ചിട്ടുണ്ട്...ഹിന്ദുവും മുസല്‍മാനും സിക്കുകാരനും ക്രിസ്ത്യാനിയും പാര്‍സിയും ജൈനനും ബുദ്ധമതക്കാരനും ഇന്ത്യയെ ബ്രിട്ടീഷ് നുകത്തില്‍നിന്നു മോചിപ്പിക്കാന്‍ പടവെട്ടിയ ലക്ഷംലക്ഷം പാവപ്പെട്ട ഇന്ത്യക്കാരോടു ചോദിക്കാതെ ഇന്ത്യ വിഭജിക്കപ്പെട്ടു! എന്തിന്? ആര്‍ക്കു  വേണ്ടി?"(ബഷീര്‍, 2005:1580,1581). "എന്‍റെ മാതൃഭൂമിയായ അഖണ് ഡ ഭാരതം! അതിനെയാണ് വെട്ടിമുറിച്ചത്. ഞാന്‍ പറഞ്ഞില്ലേ, എന്നോടാരും ചോദിച്ചില്ല, എന്തിനു വിഭജിച്ചു?"(ബഷീര്‍, 2005:1603). വിഭജനം ചരിത്രപരമായ ആവശ്യമായിരുന്നു എന്ന അഭിപ്രായ ത്തോട് അദ്ദേഹത്തിന് യോജിപ്പില്ല. വിഭജനത്തിന്‍റെ അനന്തരഫല ങ്ങളെ അദ്ദേഹം ദീര്‍ഘമായ വിചാരണയ്ക്ക് വിധേയമാക്കുന്നത് ആത്മകഥയില്‍ കാണാം. മനസ്സിനെയും ശരീരത്തെയും വീര്‍പ്പുമുട്ടി ക്കുന്ന ഉന്നതപ്രാകാരങ്ങളോടുകൂടിയ ഒരു ഭയങ്കര കാരാഗാരമാണ് ഇന്ത്യ! എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അമ്മ, ഒരു ജയില്‍പുള്ളി യുടെ ചിത്രം എന്നീ കഥകളില്‍ ആവര്‍ത്തിക്കുന്നുണ്ട്.

ഭരണകൂടവും പൗരന്മാരും

മര്‍ദ്ദകരായി മാറുന്ന ഗവണ്‍മെന്‍റ് ടൈഗറാണ് എന്ന് 'ടൈഗര്‍' എന്ന കഥയില്‍ത്തന്നെ ബഷീര്‍ പറഞ്ഞുവയ്ക്കുന്നു. 'അമ്മ' എന്ന കഥയില്‍ അന്ന് ഖദര്‍ സ്വാതന്ത്ര്യത്തിന്‍റെയും പ്രതിഷേ ധത്തിന്‍റെയും ചിഹ്നമായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. പിന്നീട് സ്വാര്‍ത്ഥതാല്പര്യക്കാരുടെയും അധികാരമോഹികളുടെയും വസ്ത്രമായി ഖദര്‍ മാറുന്നത് കൈവിലങ്ങ്, വത്സരാജന്‍ എന്നീ കഥകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. "അതെല്ലാം കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രയായപ്പോള്‍ നമ്മുടെ ബുദ്ധിജീവി ചീങ്കണ്ണിത്തുകലെന്ന് പറഞ്ഞ് ആക്ഷേപിച്ച ഖദര്‍ ധരിച്ച് മന്ത്രിയായി. ഇതുപോലെ അവസരവാദികളായ ഒരുപാടുപേര്‍ ഖദര്‍ധാരികളായി. ഞാന്‍ ഖദര്‍ ഉപേക്ഷിച്ചു!"(ബഷീര്‍, 1998:153). 

സ്വാതന്ത്ര്യസമരാനന്തര കഥകളില്‍ ഭാവിതലമുറയെക്കുറി ച്ചുള്ള ആശങ്ക ആഖ്യാനത്തില്‍ പ്രകടമാകുന്നുണ്ട്. 'പ്രതിമ' എന്ന കഥയില്‍ ജനാധിപത്യത്തില്‍ രൂപംകൊണ്ട പൗരസമൂഹത്തിന്‍റെ അധഃപതനം അദ്ദേഹം ഭാവനയില്‍ കാണുന്നു. വിദ്യാര്‍ത്ഥികളാണ് രാഷ്ട്രത്തിന്‍റെ ഭാവിജീവന്‍ എന്ന് ജന്മദിനം, അമ്മ, ഒരു ജയില്‍പുള്ളിയുടെ ചിത്രം, പ്രതിമ തുടങ്ങിയ കഥകളില്‍ അദ്ദേഹം എടുത്തുപറയുന്നു. ഭാവിയിലെ പൗരന്മാര്‍ രാഷ്ട്രീയബോധ്യം ഉള്ളവരായിരിക്കണം എന്നാണ് അദ്ദേഹത്തിന്‍റെ താല്പര്യം. ഇതിന് വിപരീതമായ പ്രവണത യുവജനങ്ങളില്‍ കാണുമ്പോള്‍ അദ്ദേഹത്തിന്‍റെ മനഃക്ഷോഭം വാക്കുകളില്‍ പകര്‍ത്തി വച്ചിരിക്കുന്നു. നന്മ പൂര്‍ണമായും വറ്റിപ്പോയിട്ടില്ല എന്ന് പെന്‍ഷന്‍ ബുക്ക് തിരിച്ചേല്പിച്ച വത്സരാജനെ ഉദാഹരിച്ച് അദ്ദേഹം ആശ്വാസം കൊള്ളുന്നു. 

ബഷീറിന്‍റെ സ്വത്വം തന്നെ ആഖ്യാതാവും പ്രതിപക്ഷവു മായി വേര്‍തിരിഞ്ഞ് സംഭാഷണത്തില്‍ ഏര്‍പ്പെടുകയാണ് 'പ്രതിമ' എന്ന കഥയില്‍. ബഷീറിന് ചോദിക്കാനുള്ളത് തന്നെയാണ് അയാള്‍ പങ്കുവയ്ക്കുന്നത്."കള്ളന്‍ ഒരു പൗരനാണ്. തേവിടിശ്ശി പൗരിയും. രണ്ടിനും രാഷ്ട്രീയമുണ്ട്. വോട്ടുമുണ്ട്. ന്യായമായി കള്ളനു കക്കാന്‍ എല്ലാ സ്വാതന്ത്ര്യവും വേണ്ടേ?  മോഷണം അവന്‍റെ തൊഴിലാണ്. അതുപോലെ വേശ്യക്കും. പൗരാവകാശം ആര്‍ക്കും നിഷേധിച്ചു കൂടല്ലോ!"(ബഷീര്‍, 1998:169). ബഷീര്‍ ചരിത്രപുരുഷന്മാരായി അവതരിപ്പിക്കുന്ന ആനവാരി രാമന്‍നായരും പൊന്‍കുരിശു തോ മായും മണ്ടന്‍ മുത്തപ്പയും കള്ളന്മാരാണ്. അവര്‍ക്കും പാവപ്പെട്ട വരുടെ വേശ്യയ്ക്കും ചരിത്രമുണ്ട് എന്ന് സമര്‍ത്ഥിക്കുകയാണ് എഴുത്തുകാരന്‍.  

'ഒരു ജയില്‍പുള്ളിയുടെ ചിത്രം' എന്ന കഥയില്‍ ഭീകരതയുടെ നര്‍ത്തനവേദിയാണ് നമ്മുടെ മാതൃരാജ്യം! ഭൂമിയിലെ എല്ലാ രാജ്യങ്ങളും! പൗരന്മാരില്ല. ഭരണകര്‍ത്താക്കളും ഭരിക്കപ്പെടുന്നവരും. അടിമകള്‍, അടിമകള്‍! സാമ്രാജ്യത്വത്തില്‍നിന്നു ജനാധിപത്യത്തി ലേക്ക് പരിണമിച്ചെങ്കിലും ജനങ്ങള്‍ അടിമത്തത്തില്‍ത്തന്നെ എന്നദ്ദേഹം വ്യക്തമാക്കുന്നു.

വസ്തുതകളെ ആശ്രയിച്ചുനില്ക്കുന്ന ചരിത്രരചനയില്‍നിന്നു ഭിന്നമായി അനുഭവനിഷ്ഠമായ ചരിത്രമാണ് ബഷീര്‍ രചിക്കുന്നത്. നമ്മുടെ ജീവിതംതന്നെയാണ് ചരിത്രം എന്നാണ് ഈ ചരിത്രകാരന്‍റെ നിലപാട്. എഴുതപ്പെട്ട ഏകസ്വരാത്മക സ്വാതന്ത്ര്യസമരചരിത്രത്തെ, സമരത്തില്‍ പങ്കുകൊണ്ട ജനസമൂഹത്തിന്‍റെ അനുഭവാഖ്യാനങ്ങളുടെ കൂട്ടിച്ചേര്‍ക്കലിലൂടെ ബഹുസ്വരമാക്കു കയാണ് ബഷീര്‍. സ്വാനുഭവങ്ങള്‍ പ്രതിപാദിക്കുന്ന കഥകളില്‍ ഇന്ത്യന്‍ ജനതയുടെ പ്രാതിനിധ്യം വഹിക്കുന്ന നായകനായി ബഷീര്‍ പ്രത്യക്ഷപ്പെടുന്നു.

സ്വാതന്ത്ര്യസമരചരിത്രം ആഖ്യാനം ചെയ്യുമ്പോഴും വ്യാഖ്യാനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്ക്കുന്ന ആഖ്യാതാവിനെ പലപ്പോഴും കാണാം. തന്‍റെ ചിന്തകള്‍ അവതരിപ്പിക്കുമ്പോഴും അത് തന്‍റെ മാത്രം വിചാരമാവാം എന്ന ജനാധിപത്യബോധം അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. തന്‍റെ ചിന്തകളെ മുഴുവന്‍ ജനതയുടെയും വിചാരധാരയായി അദ്ദേഹം സാമാന്യവത്കരിക്കുന്നില്ല. അഭിപ്രായഭിന്നതകളെ അംഗീകരിക്കുകതന്നെ ചെയ്യുന്നു. അതുതന്നെയാണ് സത്യാനന്തരതയുടെയും ചരിത്രവിജ്ഞാനീയത്തിന്‍റെയും യുഗത്തി ല്‍ ബഷീറിന്‍റെ സ്വാതന്ത്ര്യസമരാഖ്യാനത്തിനുള്ള പ്രസക്തിയും. 

ഗ്രന്ഥസൂചി

അഷ്റഫ്, ഇ.എം. (എഡി), (1990) ബഷീറിന്‍റെ ഐരാവതങ്ങള്‍, തലശ്ശേരി: സാര്‍ത്ഥവാഹകസംഘം.
കാരശ്ശേരി, എം.എന്‍., (2008) ബഷീറിന്‍റെ പൂങ്കാവനം, കോഴിക്കോട്: ലിപി പബ്ലിക്കേഷന്‍സ്.
ബഷീര്‍, (1998) സ്വാതന്ത്ര്യസമര കഥകള്‍, കോട്ടയം: ഡി.സി. ബുക്സ്.
ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍ (2009) കോട്ടയം: ഡി.സി. ബുക്സ്.
ബഷീര്‍, സമ്പൂര്‍ണ്ണ കൃതികള്‍ (2005) കോട്ടയം: ഡി.സി. ബുക്സ്.
സാനു, എം.കെ., (2012) ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍, കോട്ടയം: ഡി.സി. ബുക്സ്.
റഹ്മാന്‍, എം.എ. (എഡി), (2009) ബഷീര്‍ ദേശം കാലം സ്വത്വം, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം
Carr, EH, (1990) What is history?, London: Penguin Books. 
Jenkins,  Keith (2005) On ‘What is history?’ From Carr and Elton to Rorty and White, Taylor and Francis e-Library. 
അനു ജെയിംസ്
ഗസ്റ്റ് ലക്ചറര്‍
കെ.ഇ. കോളേജ്, മാന്നാനം
Pin: 686561
+919747684167
Email: anupamavjames@gmail.com 
ORCID: 0009-0009-4154-7153