The Canto of Sheikh Sainudheen in Malappuram Legendry Grandeur: A Exploration with special focus on Thuhfathul Mujahideen

Dr. Moideen Kutty AB

The research article analyzes the multifaceted roles played by Sheikh Zainuddin Makhdum II in the development of indigenous identity and "Malappuram culture." It delves into his significant contribution to Arabic literature in Kerala, emphasizing the synchronization of his life and works with the cultural symbiosis of Malabar, contributing to the "Malappuram peruma." The study explores how Zainuddin Makhdum's historical masterpiece, Tuhfathul Mujahidin, depicts the colonial powers' supremacy over land and sea, highlighting the strategic resistance of the zamorins against Portuguese brutality and foreign invasion. The historical struggle between the Portuguese and the zamorins (1498–1583) as narrated in Tuhfathul Mujahidin is revisited. The article articulates how his secular approaches overshadowed his religiosity, and it examines Tuhfathul Mujahideen's role in depicting the socio-cultural life of Malabar during the 15th and 16th centuries.

Keywords: Tuhfathul Mujahidin, Cultural Symbiosis, Malappuram peruma, Jihad, Karmasasthram and political Islam

Dr. Moideen Kutty AB
Professor & Head of the Department
Dept. of Arabic
University of Calicut
India
Pin: 673635
Ph: +91 9447530013
Email: abmoideen@gmail.com
ORCID: 0009-0004-8818-9131

മലപ്പുറം പെരുമയിലെ ശൈഖ് സൈനുദ്ദീന്‍ പര്‍വ്വം: തുഹ്ഫത്തുല്‍ മുജാഹിദീനെ മുന്‍ നിര്‍ത്തി ഒരു അന്വേഷണം

ഡോ. മൊയ്തീന്‍കുട്ടി എ.ബി

സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തീക, ചരിത്ര, മത, ഭൗമ, ജൈവ, നരവംശ സവിശേഷതകള്‍ ഉള്ള പ്രദേശമാണ് മലപ്പുറം. ദേശിയമോ പ്രാദേശികമോ ആയ അതിരടയാളങ്ങള്‍ മനുഷ്യന്‍റെ വ്യവഹാര സൗകര്യങ്ങള്‍ക്ക് അപ്പുറം ദേശ രാഷ്ട്ര നിര്‍മ്മിതിയുടെ ഭാഗം കൂടിയാണ്. മലപ്പുറത്തിന്‍റെ സവിശേഷതകളില്‍ ചിലത് പരിഹാരം തേടുന്ന പോരായ്മകള്‍ ആണെങ്കില്‍ മറ്റു ചിലത് പെരുമയോളം എത്തുന്ന പ്രത്യേകതകളാണ്. പേരു സൂചിപ്പിക്കുന്ന പോലെ മലപ്പുറത്തിന്‍റെ ഭൗമ പ്രത്യേകതയും പ്രാചീന ശിലായുഗത്തോളം എത്തുന്ന അതിന്‍റെ ചരിത്ര, നരവംശ, നീളിച്ചയും വിശദ പഠന സാധ്യതയുള്ള വിഷയങ്ങളാണ്. മലപ്പുറം മാമങ്കത്തിന്‍റെയും ആയുര്‍വേദത്തിന്‍റെയും തേക്കിന്‍റെയും മാത്രം നാടല്ല തിരുനാവയയുടെയും കേരള മക്കയായ പൊന്നാനിയുടെയും പൈതൃകം ഉള്ളടങ്ങുന്ന ഇടമാണ്. മലപ്പുറം മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍റെ നാടായതുപോലെ കേരളത്തിന്‍റെ അറബി ഭാഷ വികാസ ചരിത്രത്തിലെ ലക്ഷണമൊത്ത ആദ്യ ഗദ്യ സാഹിത്യകാരന്‍ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെകൂടി നാടാണ്. കേരളത്തിലെ ലക്ഷണമൊത്ത ആദ്യ അറബി ഗദ്യ സാഹിത്യ കൃതിയും മലബാര്‍ ചരിത്രം രേഖപ്പെടുത്തിയ പ്രഥമ രചനയുമായി ഗണിക്കപ്പെടുന്ന തുഹ്ഫത്തുല്‍ മുജാഹിദീനിന്‍റെ കര്‍ത്താവ് പൊന്നാനി കാരനാണെന്നത് മലപ്പുറം പെരുമയിലെ ഒരടരാണ്. കേരള ചരിത്രത്തെ കുറിച്ച് എഴുതപ്പെട്ട ആദ്യ ശാസ്ത്രിയ ഗ്രന്ഥം എന്ന പ്രസ്താവനയിലെ (തുഹ്ഫത്തുല്‍ മുജാഹിദീന്‍ വഴിയും വായനയും 2012) അത്യുക്തി ഒഴിവാക്കിയാലും കേരളത്തിന്‍റെ മധ്യകാല നാവിക പാരമ്പര്യത്തിന്‍റെയും ആ പാരമ്പര്യം കെട്ടിപ്പടുത്ത കുഞ്ഞാലി മരക്കാന്മാരുടെയും ചരിത്രം അതായത് 1498 മുതല്‍ 1583 വരെ ഇവിടെ നടന്ന പോര്‍ച്ചുഗീസ് അക്രമണങ്ങളുടെയും അവയ്ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളുടെയും ചരിത്രമെന്ന ഡോ.കെ.കെ എന്‍ കുറുപ്പിന്‍റെ അഭിപ്രായം (തുഹ്ഫത്തുല്‍ മുജാഹിദീന്‍ പരിഭാഷയും വിശദീകരണവും: 2012) പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. തുഹ്ഫത്തുല്‍ മുജാഹിദീനിന്‍റെ ചരിത്ര പ്രാധാന്യം അതു വിരചിതമായ കാലഘട്ടം തന്നെയാണ്. പാശ്ചാത്യ ശക്തികള്‍ മത്സരിച്ച് പുതിയ നാടുകള്‍ കണ്ടെത്താനും കീഴടക്കാനും തീട്ടുരങ്ങളുമായി ഇറങ്ങി പുറപ്പെട്ട നാളുകളായിരുന്നു അവ. കോളോണിയല്‍ കാലഘട്ടത്തിന്‍റെ ചരിത്ര നിര്‍മ്മിതിയുടെ സവിശേഷതയോ / പരിമിതിയോ കൊളോണിയല്‍ റെക്കോര്‍ഡുകളായിരിക്കും ആധികാരിക അവലംഭമായി അവതരിരിക്കുക എന്നതാണ്. കോളനിവല്കരിക്കപ്പെടുന്നവര്‍ സാധരണ ഗതിയില്‍ പരാജിതരായതു കൊണ്ട് അവരുടെ ലിഖിത ചരിത്ര രേഖകള്‍ നശിപ്പിക്കപ്പെടുക എന്നതാണ് നടപ്പുരീതി. മാത്രമല്ല പരാജിതര്‍ക്ക് ചരിത്ര നിര്‍മ്മിതിക്ക് അവസര ലഭ്യതയും അപൂര്‍വ്വമാണ്.എന്നാല്‍ മലബാറിന്‍റെ ചരിത്രകാരന്‍ ശൈഖ് സൈനുദീന്‍റെ ചരിത്രം മറ്റൊന്നാണ്. തന്‍റെ വിഖ്യാതമായ തുഹ്ഫത്തുല്‍ മുജാഹിദീനിലൂടെ അദ്ദേഹം ഒരു പുതു ചരിത്രം നിര്‍മ്മിക്കുകയായിരുന്നു. 

തുഹ്ഫ പേരു സൂചിപ്പിക്കുന്നതുപോലെ ഒരു സമ്മാനവും ഉപഹാരവുമാണ്. ധര്‍മ്മ ഭടന്മാര്‍ക്കും, ന്യായത്തിനായി പടക്കൊരുങ്ങുന്ന സാമൂതിരിക്കും മര്‍ദ്ദിതര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ബീജാപൂര്‍ സുല്‍ത്താനും പ്രതിരോധത്തിന്‍റെ വഴിയില്‍ അണിച്ചേരുന്ന ആയിരങ്ങള്‍ക്കുമാണ് ആ ഉപഹാരം. മഖ്ദൂം തുഹ്ഫ സമര്‍പ്പിക്കുമ്പോള്‍ സ്വീകരിച്ച തന്‍റെ ഗ്രന്ഥസമര്‍പ്പണ നിലപാടാണ്  സമകാലീന ഭൗമ രാഷ്ട്രീയത്തിലെയും വിദ്വേഷ വിരുദ്ധ രാഷ്ട്രിയത്തിലെയും ആകൃതിയുടെ സ്ഥാനം പുനര്‍നിര്‍ണയിക്കുന്നത്. ആ നിലപാടുതന്നെയാണ് ഭൗമ രാഷ്ട്രിയത്തിലെയും വിദ്വേഷ രാഷ്ട്രിയത്തിലെയും അതിന്‍റെ സ്ഥാനം നിര്‍ണയിക്കുന്നത്.

കേരള ചരിത്രത്തെ കുറിച്ച് വിരചിതമായ ആദ്യ ശാസ്ത്രിയ ഗ്രന്ഥം, കേരള ചരിത്രത്തെ പറ്റിയുള്ള ആധികാരിക രേഖ, ഇന്ത്യയിലെ പോര്‍ച്ചുഗീസ് അധിനിവേശത്തെ കുറിച്ച ഇന്ത്യക്കാരന്‍റെ കുറിപ്പുകള്‍, പോര്‍ച്ചുഗീസ് അധിനിവേശത്തെ കുറിക്കുന്ന പ്രാദേശിക/സ്വദേശി ചരിത്ര രേഖ, കേരളത്തിന്‍റെ മധ്യകാല നാവിക പാരമ്പര്യ ഏട്, കുഞ്ഞാലി ചരിത്രത്തിലേക്ക് വെളിച്ചം വിശുന്ന കൃതി, കേരളത്തിലെ മുസ്ലിം വ്യാപനത്തെ പ്രതിപാദിക്കുന്ന ലിഖിത രേഖ എന്നിങ്ങനെ പോകുന്നു തുഹ്ഫത്തുല്‍ മുജാഹിദീനെ കുറിച്ച് വിവിധ തലസ്പര്‍ശിയ വിശേഷണങ്ങള്‍. യൂറോപ്യന്‍ അധിനിവേശ ചരിത്രത്തിന്‍റെ അവലംബ പുസ്തകമായും കെ.കെ.എന്‍ കുറുപ്പിനെപോലുള്ളവര്‍ കാണുന്നുണ്ട് (ഠൗവളമേ മഹ ാൗഷമവശറശി ഋിഴഹശവെ ഠൃമ 2006) 

ശൈഖ് സൈനുദ്ദീന്‍റെ ജീവിതരേഖ

കേരളത്തിലെ മുസ്ലിം വ്യാപന ചരിത്രത്തിലെ പ്രധാന കുടുംബമായ മഖ്ദൂം പരമ്പരയിലാണ് സൈനുദീന്‍റെ ജനനം. പൊന്നാനിയിലാണ് കഥാപുരുഷന്‍റെ ജനനമെന്നതില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ കര്‍മ്മകാണ്ഡം പൊന്നാനിയും പരിസര പ്രദേശങ്ങളുമാണെന്നതില്‍ വിയോജിപ്പുകളില്ല. (മഖ്ദൂമും പൊന്നാനിയും: 2014) പരിണിതപ്രജ്ഞനായ അധ്യാപകന്‍, പ്രഗത്ഭനായ വാഗ്മി, ഹദീസ് പണ്ഡിതന്‍, ചരിത്രകാരന്‍, സാമൂഹിക നിരീക്ഷകന്‍ ഗ്രന്ഥകാരന്‍, സ്വൂഫി ശൈഖ്, കര്‍മ്മശാസ്ത്രകാരന്‍, എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു അദ്ദേഹം. മഖ്ദൂം കുടുംബത്തിന്‍റെ താവഴി യമനിലെ മഅ്ബ എന്നസ്ഥലത്തുവെച്ചാണ് ചെന്നുചേരുന്നത്. തമിഴ്നാട്ടിലെ നാഗൂരിലും തഞ്ചാവൂരിലും മധുരയിലും തിരുച്ചിറപ്പള്ളിയിലും കായല്‍ പട്ടണത്തും മറ്റും ഇസ്ലാം പ്രചരിക്കുന്നതിലെ മുഖ്യ നിമിത്തം മഖ്ദൂം കുടംബമാണെന്നു പറയപ്പെടുന്നു. സമുദ്ര തീരങ്ങളില്‍ എത്തിച്ചേര്‍ന്ന് വികാസം പ്രാപിച്ച ഡയസ്ഫോറകളില്‍ കാണുന്ന സാസ്കാരിക സിംബയോസിസ് മഖ്ദൂം കുടുബ വ്യാപനത്തിലും ദര്‍ശിക്കാവുന്നതാണ്. ചരിത്രകാരനായ എം ജി എസ് ഈ സങ്കല്പനത്തെ കേരള പരിസരത്ത് നിന്ന് വിശദീകരിക്കുന്നുണ്ട്. (കള്‍ച്ചറല്‍ സിംബയോസിസ്: എം.ജി.എസ്) സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ പിതൃ സഹോദരനായ ശൈഖ് സൈനുദ്ദീന്‍ ഇബ്രാഹിം ബിന്‍ അഹമദാണ് പൊന്നാനിയില്‍ എത്തിയ ആദ്യ മഖ്ദൂം എന്നു ഗണിക്കപ്പെടുന്നു. ആദ്യം അവരെത്തിയത് കൊച്ചിയിലാണ്. കേരളത്തിലെ പ്രധാമ മതവിഭാഗമായ മുസ്ലിംങ്ങളുടെ പ്രധാന പഠന കേന്ദ്രം പതിറ്റാണ്ടുകളോളം പൊന്നാനിയായിരുന്നു. കേരളത്തിലെ മക്ക എന്നായിരുന്നു പൊന്നാനി അറിയപ്പെട്ടിരുന്നത്. അതിനൊരു തുടര്‍ച്ച ഉണ്ടായില്ലങ്കിലും, പൊന്നാനിയുടെ വൈജ്ഞാനിക സ്ഥാനം കൊണ്ടു തന്നെയാണ് ആ പേരില്‍ ആ സ്ഥലം അറിയപ്പെട്ടത്. പൊന്നാനിയുടെ വിജ്ഞാന കേന്ദ്രം എന്ന സ്ഥാനം ദീര്‍ഘകാലം നിലനിര്‍ത്തുന്നതില്‍ മഖ്ദൂം കുടുംബവും അതിലെ അംഗമായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും വഹിച്ച പങ്ക് നിസ്തുലമാണ്. വടക്കേ മലബാറിലെ മുഫ്ത്തിയും ഖാളി ഖുളാത്തും (മുഖ്യ ഖാളി) ആയ മുഹമ്മദ് അല്‍ ഗസ്സാലിയുടെ മൂത്തപുത്രനായാണ് സൈനുദ്ദീന്‍ മഖ്ദ്ദൂം ജനിച്ചത്. 

വിദ്യാഭ്യാസവും ഉന്നത ബന്ധങ്ങളും

സൈനുദ്ദീന്‍ പഠനം അഥവ ചൊല്ലി പഠിക്കല്‍, അന്നത്തെ സംപ്രദായം അനുസരിച്ച് മാതാപിതാക്കളില്‍ നിന്നുമാണ് ആരംഭിച്ചത്. പൊന്നാനിയില്‍ തന്‍റെ പിതൃ സഹോദരന്‍റെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കി ഹാഫിള് പദവി കരസ്ഥമാക്കി. ഉന്നത പഠനത്തിനായി വിജ്ഞാന കേന്ദ്രങ്ങളായ മക്കയിലേക്കും മദീനയിലേക്കും ഈജിപ്തിലേക്കും യാത്രചെയ്തു. ഹജ്ജിനും പഠനത്തിനുമായി വിഖ്യാത പണ്ഡിതന്മാരുടെ കീഴില്‍ 10 വര്‍ഷം മക്കയില്‍ കഴിച്ചു കൂട്ടുകയും ചെയ്തു. ഇബ്നു ഹജറുല്‍ ഹൈതമി, ഇസ്സുദ്ദീന്‍ അബ്ദുല്‍ അസീസ് അസ്സുമരി, ശൈഖുല്‍ ഇസ്ലാം അബ്ദുറഹ്മാനുബിന്‍ സ്സഫ അല്ലാമ ഇബ്നുസിയാദ് എന്നിവര്‍ അദ്ദേഹത്തിന്‍റെ څഹറംچ ഗുരുക്കളില്‍ ചിലരാണ്. ഖുര്‍ആനും, ഹദീസും, ഹദീസ് വിജ്ഞാനിയങ്ങളും (ഇല്‍മുല്‍ ഹദീസും) ഇല്‍മുല്‍ കലാമും (ദൈവശാസ്ത്രവും), തസവ്വുഫും, (അദ്ധ്യാത്മ ശാസ്ത്രം) മന്‍ത്വിഖും (തര്‍ക്കശാസ്ത്രീ)വുമൊക്കെ പഠിച്ച സൈനുദ്ദീന്‍ തസ്വവ്വുഫിനോടാണ് അനുരാഗത്തിലായത്. സിദ്ധീഖുല്‍ ബക്കരിയില്‍ നിന്നും 11 ഖിര്‍ഖ (സ്ഥാന വസ്ത്രം) സ്വീകരിച്ച് ഖാദിരിയ്യ ത്വരീഖത്തിന്‍റെ ഗുരുവായി തീര്‍ന്നു അദ്ദേഹം. കേരളത്തിലെ ത്വരീഖത്തുകളില്‍ പ്രമുഖ സ്ഥാനമാണ് ഖാദിരിയ്യ ത്വരീഖത്തിനുള്ളത്. പാന്‍ ഇസ്ലാമിസം നിലവില്‍ വരുന്നതിനു എത്രയോ മുമ്പ് ഈ പൊന്നാനിക്കാരന്‍ ആഗോള ബന്ധങ്ങള്‍ നിലനിര്‍ത്തിയിരുന്നു. ഹറമിലെ മഹാഗുരു ഇബ്നു ഹജറുല്‍ ഹൈതമി പൊന്നാനിയില്‍ വന്നു താമസിച്ച് ക്ലാസെടുക്കുന്നതു വരെ എത്തി മലപ്പുറത്തുകാരന്‍റെ ആ വളര്‍ച്ച എന്നു പറയപ്പെടുന്നു. ശൈഖ് സൈനുദ്ദീന്‍റെ സുഹൃദ് വലയവും മലപ്പുറത്തിന്‍റെയും കേരളത്തിന്‍റെയും അതിര്‍വരമ്പുകളെ ഉല്ലംഘിക്കുന്നതായിരുന്നു. തുഹ്ഫത്തുല്‍ മുജാഹിദീനു വേണ്ട ചില ദത്തകള്‍ ആ വഴിക്ക് ലഭിച്ചതാകാം. പതിനഞ്ചാം നൂറ്റാണ്ടിന്‍റെ വാര്‍ത്താ വിനിമയ പരിസരത്ത് സാധ്യമാകുന്ന വിവര വിതരണത്തിന്‍റെയും സംഭരണത്തിന്‍റെയും പരിധി അംഗീകരിക്കാതിരിക്കാനാവില്ല. ബീജാപൂരിലെ സുല്‍ത്താന്മാരായിരുന്ന ഇബ്രാഹിംഅലി ആദില്‍ ഷാ, മുഹമ്മദ് അലി ആദില്‍ഷ എന്നിവരുമായി അദ്ദേഹം പുലര്‍ത്തിയിരുന്ന ബന്ധം തന്‍റെ സമീപനങ്ങളെ വിശാല കാന്‍വാസില്‍ നോക്കിക്കാണാന്‍ പ്രചോതനമായിട്ടുണ്ടാകും. മുഗള്‍ ചക്രവര്‍ത്തി അക്ബറുമായും ശൈഖ് സൈനുദ്ദീനു അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം നിരീക്ഷിച്ചിട്ടുണ്ട്. (തുഹ്ഫ മലയാള പരിഭാഷ: ആമുഖം) അറബ് കച്ചവടക്കാരും ഭരണാധികാരികളും സാമൂതിരിയും തമ്മിലുള്ള ബന്ധങ്ങളിലെ കണ്ണിയായിരുന്നു ശൈഖ് സൈനുദ്ദീന്‍. സാമൂതിരി അറബ് മുസ്ലിം രാജ്യങ്ങളിലെ തലവന്മാര്‍ക്ക് ശൈഖ് സൈനുദ്ദീന്‍ മുഖേന അറബിയില്‍ എഴുതി അയച്ച ഒരു കത്ത് താന്‍ കണ്ടെത്തിയതായി ഡോ.മുഹമ്മദ് ഹമീദുല്ലാഹ് അദ്ദേഹത്തിന്‍റെ അറബികളുടെ കപ്പലോട്ടം എന്ന കൃതിയില്‍ അനുസ്മരിച്ചിട്ടുണ്ട്. ഇസ്ലാമിക ലോകത്തെ വിശ്വ പണ്ഡിതന്മാരായ ഇമാം അശ്ശിര്‍വീനിയും റംലിയും ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെ സുഹൃത് വലയത്തിലുള്ളവരായിരുന്നു എന്ന കാര്യം ഈ മലപ്പുറത്തുകാരന്‍റെ മഹാത്മ്യം വിളിച്ചോതുന്നു. അഥവ മലപ്പുറം പെരുമയിലെ പ്രധാന അടരാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമും പൊന്നാനിയും.

സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ അറബി പാരമ്പര്യവും സംഭാവനകളും

തുഹ്ഫത്തുല്‍ മുജാഹിദീനിലും മറ്റു കൃതികളിലും വിവിധ വിഷയങ്ങള്‍ അറബി ഭാഷയില്‍ അദ്ദേഹം കൈകാര്യം ചെയ്ത രീതി ഇസ്ലാമിക വിജ്ഞാനിയങ്ങളില്‍ അദ്ദേഹം നേടിയ അറിവുകളുടെ വ്യാപ്തി സൂചിപ്പിക്കുന്നതു പോലെ അറബി ഭാഷയിലെ അദ്ദേഹത്തിന്‍റെ പ്രാഗത്ഭ്യത്തിനുള്ള തെളിവാണ്. ഖുര്‍റത്തുല്‍ ഐന്‍, (കര്‍മ്മശാസ്ത്രം) ഫത്ത്ഹുല്‍ മുഈന്‍ ഫി ശറഹി ഖുര്‍റത്തില്‍ ഐന്‍ (കര്‍മ്മശാസ്ത്രീ) ഇര്‍ശാദുല്‍ ഇബാദ് (ആദ്ധ്യാത്മികത) മുതലായ അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍ കേരള മുസ്ലീങ്ങളുടെ മത ജ്ഞാന മണ്ഡലത്തിനു അസ്ഥിവാരമിടുന്നതിലും വികസിപ്പിക്കുന്നതിലും അറബി ഭാഷാ പരിപോഷണത്തിലുമുള്ള അദ്ദേഹത്തിന്‍റെ പങ്കു സൂചിപ്പിക്കുന്നു. വിഖ്യാത അറബ് പണ്ഡിതന്‍ ഇബ്നുഹജറുല്‍ ഹൈതമിയെ ഉദ്ധരിച്ച് തന്‍റെ അഭിപ്രായങ്ങള്‍ക്ക് പ്രാമാണികത ഉണ്ടാക്കുവാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രാമാണികതയും ആധികാരികതയും ഉള്ള അറിവു സമാഹരണ ,ഉത്പാദന രീതി കൂടുതല്‍ പരിചയപ്പെടുത്തിയതും ഈ പൊന്നാനികാരനാണ്. അജ്വി ബത്തുല്‍ അജീബ, അഹ്കാമുന്നിക്കാഹ്, അല്‍ മന്‍ഹജുല്‍ വാളിഹ് എന്നിവയും അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അറബി ഭാഷയിലെ കഴിവും - ന്യൂനപക്ഷ കര്‍മ്മ ശാസ്തത്തിന്‍റെ പ്രാക് രൂപം അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ കാണാവുന്നതാണ്. ബ്രാഹ്മണിക്കല്‍ ഹിന്ദുയിസത്തിന്‍റെ വികാസത്തില്‍ കേരളത്തിന്‍റെ പങ്ക് ആദി ശങ്കരനിലൂടെ നിര്‍വ്വഹിക്കപ്പെട്ടതുപോലെ കേരളത്തിലെ ഇസ്ലാമത വിജ്ഞാനിയങ്ങളുടെ വികാസത്തില്‍ ശൈഖ് സൈനുദീന്‍റ സംഭാവനകളെയും വിലയിരുത്താവുന്നതാണ്..

മലപ്പുറം പെരുമയിലെ മഖ്ദൂമിന്‍റെയും തുഹ്ഫയുടെയും ഇടം

മഖ്ദൂം കുടുബത്തിലെ ശൈഖ് സൈനുദ്ദീനെ കേരളത്തിലെ രണ്ടു പ്രമുഖ ചരിത്രകാരമാര്‍ വിശേഷിപ്പിച്ചത് ഉത്തരേന്ത്യയിലെ അല്‍ ബിറൂനി എന്നും തുസീ ഡൈസ് എന്നുമാണ്. അല്‍ ബിറൂനി ഒരര്‍ത്ഥത്തില്‍ ആദ്യ ഇന്തോളജിസ്റ്റാണ്. ഇന്ത്യന്‍ ഭാഷകളും ചരിത്രവും ജീവിതവും ഇന്ത്യക്കാരോടൊപ്പം ജീവിച്ചു പഠിച്ച ചരിത്രകാരന്‍. അതേ സ്ഥാനമാണ് താന്‍ ജീവിച്ച കാലഘട്ടത്തിലെ സാമൂഹിക ജീവിതം താന്‍ മനസ്സിലാക്കിയ രൂപത്തില്‍ വരച്ചു വെച്ച ശൈഖ് സൈനുദ്ദീന് പ്രൊഫസര്‍ എം ജി എസ് നാരായണന്‍ നല്കിയത്. സ്ഥാനവലുപ്പത്തില്‍ അല്‍ബിറൂനിയും ശൈഖ് സൈനുദ്ദീനും തമ്മില്‍ അന്തരമുണ്ടെങ്കിലും തുഹ്ഫയിലെ മൂന്നാം ഭാഗം - മലബാറിലെ ഹിന്ദുക്കളുടെ ചില വിചിത്ര സമ്പ്രദായങ്ങള്‍ - മലബാറിലെ ഒരു പ്രബല വിഭാഗത്തിന്‍റെ സാമൂഹിക ജീവചരിത്രമാണ്. തുഹ്ഫയുടെ നാലാം ഭാഗം പോര്‍ച്ചുഗീസ് മലബാര്‍ അധിനിവേശത്തിന്‍റെ യുദ്ധചരിത്രവും അക്കാരണത്താലാണ് പ്രൊഫ കെ.കെ.എന്‍ കുറുപ്പ് തുഹ്ഫയുടെ കര്‍ത്താവിനെ കേരള തുസീ ഡൈസ് എന്നു വിളിച്ചത്. ഹിസ്റ്ററി ഓഫ് ദ ഫെലോപൊനേഷ്യന്‍വാര്‍ രചിച്ച ഗ്രീക്ക് പടനായകന്‍ തുസിഡൈസ് (ക്രി.മു 471-400) ആംഫി പോളിസ് യുദ്ധ പരാജയത്തിനു ശേഷം നാടുകടത്തപ്പെട്ടിടത്തു വച്ച് രചിച്ച യുദ്ധചരിത്രത്തിനു തുല്ല്യമാണ് തുഹ്ഫഎന്ന വിധത്തിലല്ലങ്കിലും രണ്ടും തമ്മില്‍ സമാനതകള്‍ ഉണ്ട്. ഗ്രന്ഥകര്‍ത്താക്കള്‍ രണ്ടും ചരിത്രമെഴുതിയ അമേച്വര്‍ ചരിത്രകാരന്മാര്‍ ആണ്. തുഹ്ഫ സമ്പൂര്‍ണമായും യുദ്ധചരിത്രമല്ല. കേരളത്തിന്‍റെ ഒരു കാലഘട്ടത്തിലെ ചരിത്രവും യഹൂദ കൃസ്ത്യന്‍ ഇസ്ലാമതങ്ങളുടെ കേരളത്തിലേക്കുള്ള ആഗമന വിവരണങ്ങളും ഹൈന്ദവ വിശ്വാസ ആചാരങ്ങളും മറ്റും പശ്ചാത്തലമായി അവതരിപ്പിച്ച ശേഷമാണ് സവിസ്തരമായി യുദ്ധചരിത്രം കോറിയിടുന്നത്.. ലോകം കീഴടക്കാന്‍ സമ്മത പത്രവുമായി വന്ന ഒരു ആഗോള ശക്തിയോട് സാമുതിരിയുടെ നായര്‍ പടയും മുസ്ലിങ്ങളും അടരാടിയ ചരിത്രമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫിബ അളി അഖ്ബാരി ബുര്‍ത്തു ഗാലിയ്യീന്‍ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ ഈ കൃതി. പൗരാണിക അറബി സാഹിത്യത്തില്‍ രണ്ടു രാജക്കന്മാരോടൊപ്പം യുദ്ധമുന്നണിയില്‍ ഉണ്ടായിരുന്ന അബുത്വ യ്യിബ് അല്‍മുത്തന്നബ്ബിയെ പോലെ യുദ്ധ വര്‍ണനയില്‍ കവിയുടെ അമിത സ്വാതന്ത്ര്യങ്ങളൊന്നും ശൈഖ് സൈനുദ്ദീന്‍ ഉപയോഗിക്കുന്നില്ല. മാത്രമല്ല പോര്‍ച്ചുഗീസ് അധിനിവേശത്തിന്‍റെ സമ്പൂര്‍ണ ചിത്രം നല്കാനും അദ്ദേഹത്തിനാകുന്നുമില്ല, ആഗ്രഹിക്കുന്നുമില്ല. വന്‍കരകള്‍ നീണ്ടുകിടക്കുന്ന പോര്‍ച്ചുഗീസ് അധിനിവേശ ചരിത്രം രേഖപ്പെടുത്താന്‍ അദ്ദേഹം അശക്തനായിരുന്നു. വാസ് ഗോഡ ഗാമ 1498 ല്‍ കോഴിക്കോട് എത്തിയത് മുതല്‍ 1663 വരെയുള്ള മലബാറിലെ പോര്‍ച്ചുഗീസ് യുദ്ധങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്താനോ അദ്ദേഹത്തിനായിട്ടില്ല. തുസീ ഡൈസിനെ പോലെ താന്‍ ജീവിച്ച കാലത്തെയും പ്രദേശത്തെയും യുദ്ധചരിത്രമെഴുതാനേ അദ്ദേഹത്തിനായിട്ടുള്ളൂ. 1583 ല്‍ മരിച്ച ശൈഖ് സൈനുദ്ദീന് 1663 വരെ നീണ്ട പോര്‍ച്ചുഗീസ്അധിനിവേശ ചരിതം രേഖപ്പെടുത്തുക സാധ്യവുമല്ലല്ലോ?. തുസീ ഡൈസിനെ പോലെ താന്‍ സാക്ഷ്യം വഹിച്ച യുദ്ധ വിവരങ്ങളാണ് ശൈഖ് സൈനുദ്ദീനും രേഖപ്പെടുത്തിയിരിക്കുന്നത്. നാല് അധ്യായങ്ങളിലും അതില്‍ തന്നെ നാലാം അധ്യായം പതിനാല് ഭാഗങ്ങളിലുമായിയിട്ടാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം അധ്യായം പോര്‍ച്ചുഗീസുകാരുടെ ആഗമനം ആവശ്യപ്പെടുന്ന ജിഹാദിന്‍റെ അനിവാര്യതയും അതില്‍ അണിനിരക്കുന്നതിന്‍റെ പുണ്യവും മഹത്വവുംമാണ് വിവരിക്കുന്നത്. അതില്‍ ധര്‍മ്മയുദ്ധത്തിന്‍റെ കര്‍മ്മശാസ്ത്ര വിധികളോ നിയമ അനുശാസനകളോ അല്ല കാണുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക മുസ്ലിം ഭരണാധികാരികളും മലബാര്‍ മുസ്ലീങ്ങളുടെ സാമൂതിരിയോടാത്തുള്ള ധര്‍മ്മ സമരത്തില്‍ മുസ്ലിംകളെ സഹായിക്കുന്നില്ലെന്നും ബിജാപൂര്‍ സുല്‍ത്താന്‍അലി ആദില്‍ഷായാണ് മുസ്ലിംകളെ സഹായിക്കാന്‍ മുന്നോട്ട് വന്നതെന്നും, അതിനാല്‍ ഗ്രന്ഥം അദ്ദേഹത്തിനായി സമര്‍പ്പിക്കുകയാണെന്നും പറഞ്ഞു വെക്കുന്നു. രണ്ടാം അധ്യായം മലബാറിലേക്കുള്ള മുസ്ലിംകളുടെ ആഗമന വ്യാപന ചരിത്രം പറയുന്നു. കേരളം ഭരിച്ചിരുന്ന രാജാവിന്‍റെ ഇസ്ലാം ആശ്ലേഷ വിവരങ്ങളും മാലിക് ബിന്‍ ദീനാറും സംഘവും കേരളത്തിലെത്തിയതും, പള്ളികള്‍ പണിതതും കച്ചവട സമൂഹമായി മാറിയതും മറ്റും ഹ്രസ്വമായി വിവരിക്കുന്നു. മൂന്നാം അധ്യായത്തില്‍ മലബാറിലെ മുസ്ലിമേതര വിഭാഗങ്ങളുടെ ആചാരാനുഷ്ടാനങ്ങളും, നാട്ടുനടപ്പുകളും, വിശ്വാസ സംമ്പ്രദായങ്ങളും . അവരില്‍ ചിലരുടെ അനന്തരാവകാശ സമ്പ്രദായം, നായന്മാര്‍ക്കിടയിലെ മരുമക്കത്തായം, ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായ കുടുംബത്തിലെ മൂത്തമകന് മാത്രം വേളിയും അനന്തരാവകാശവും ലഭിക്കുന്ന വിധത്തിലെ ദായകക്രമം, നായര്‍, കുറുവന്‍മാര്‍, കൊല്ലന്‍മാര്‍ എന്നിവര്‍ക്കിടയിലെ ബഹുഭര്‍തൃത്വം, ജാതിവ്യവസ്ഥ, പുലപ്പേടി, ഊരുവിലക്ക് എന്നിവയുംശൈഖ് വിശദീകരിക്കുന്നു. 15ഉം 16ഉം നൂറ്റാണ്ടിലെ കേരളം എന്ന് തുഹ്ഫയുടെ മലയാള പരിഭാഷക്ക് വേലായുധന്‍ പണിക്കശേരി പേര് നല്കിയത് സാന്ദര്‍ഭികമായി ഓര്‍ത്തു വെക്കുക. സി.വി ശ്രീജന്‍റെ 'കുത്ത് വാക്ക്' മറക്കുക. അറബി ഇസ്ലാമിക തനിമക്ക് അപരിചിതമായ ആചാരങ്ങളും സംമ്പ്രദായങ്ങളും പുലര്‍ത്തുന്ന സാമൂതിരിയും അനുയായികളും മുസ്ലിംകളോട് സ്നേഹാദരവുകള്‍ കാണിക്കുന്നുവെന്ന് ശൈഖ് സാക്ഷ്യപ്പെടുത്തുന്നു. മത നിരപേക്ഷത, ബഹുസ്വരത മുതലായ ആശയങ്ങളും പദങ്ങളും വ്യവഹാരിക പരിസരത്ത് ആവിര്‍ഭവിക്കാത്ത കാലമായതു കൊണ്ടാകാം തുഹ്ഫയില്‍ അത്തരം പദങ്ങള്‍ കാണാതിരിക്കുന്നത്. എന്നാല്‍ അന്തസത്തയില്‍ തുഹ്ഫ തദ്ദേശിയമായ സഹവര്‍ത്തിത്വത്തിന്‍റെയും സഹകരണത്തിന്‍റെയും സന്ദേശമാണ് മുന്നോട്ടു വെക്കുന്നത്. ദേശത്തിന്‍റെ കച്ചവട സാമ്പത്തീക പുരോഗതിയില്‍ മുസ്ലിംകളുടെ പങ്ക് ശൈഖ് സൈനുദ്ദീന്‍ പ്രത്യേകം പരാമര്‍ശിക്കുന്നത് തങ്ങളും ഈ ദേശത്തിന്‍റെ അവിഭാജ്യ ഭാഗമണെന്ന നിലയിലാണ്. ദേശനിര്‍മ്മിതി തങ്ങളുടെ കൂടി പങ്കാളിത്തത്തിലാണ് നടന്നതെന്ന് പറയാതെ പറയുകയാണദ്ദേഹം.

തുഹ്ഫ ചരിത്രം പറയുകയാണ്.

വളച്ചുകെട്ടില്ലാതെ ചരിത്രം പറയുന്ന തുഹ്ഫ ഒരു ചരിത്ര സംഭവമാണ്. തുഹ്ഫയുടെ ഭാഗം നാലിലെ ഉപശീര്‍ഷകള്‍ ശ്രദ്ധിച്ചാല്‍ ശൈഖ് സൈനുദ്ദീന്‍റെ ആഖ്യാന മനസ് വ്യക്തമാകും. പോര്‍ചുഗീസുകാരുടെ മലബാറിലേക്കുള്ള ആഗമനവും, അവരുടെ അതിക്രമങ്ങളും എന്ന നാലാം അധ്യായ ശീര്‍ഷകത്തിനു കീഴെയുള്ള 14 ഉപശീര്‍ഷകങ്ങള്‍ സ്വയം വിശദീകരിക്കുന്നതാണ്. (ഭാഗം 1) പോര്‍ച്ചുഗീസുകാരുടെ മലബാര്‍ പ്രവേശം, മുസ്ലീങ്ങളോടും സാമൂതിരിയോടും അവര്‍ക്കുണ്ടായ എതിര്‍പ്പ്, കൊച്ചി കണ്ണൂര്‍ കൊല്ലം എന്നീ വിടങ്ങളിലെ കോട്ട കെട്ടല്‍, ഗോവ തുറമുഖം പിടിച്ചടക്കല്‍, (ഭാഗം 2) പോര്‍ച്ചുഗീസുകരുടെ മലബാര്‍ അതിക്രമങ്ങള്‍, (ഭാഗം 3) സമൂതിരി-പോര്‍ച്ചുഗീസ് സന്ധിയും കോഴിക്കോട്ടെ പോര്‍ച്ചുഗീസ് കോട്ടയും, (ഭാഗം 4) സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള കിടമത്സരവും കോഴിക്കോട്ടെ കോട്ട പിടിച്ചടക്കലും (ഭാഗം അഞ്ച്) സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള രണ്ടാം സന്ധിയും പോര്‍ച്ചുഗീസ് കാരുടെ ചാലിയം കോട്ട കെട്ടലും (ഭാഗം 6) മൂന്നാം സാമൂതിരി-പോര്‍ച്ചുഗീസ് സന്ധി. (ഭാഗം 7) ഗുജറാത്തിലെ ബഹദൂര്‍ ഷായും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സന്ധിയും സുല്‍ത്താന്‍റെ കോട്ട കെട്ടാനുള്ള അനുവാദങ്ങളും. (ഭാഗം 8) തുര്‍ക്കി ഗവര്‍ണര്‍ സുലൈമാന്‍ പാഷയുടെ ഡ്യു സന്ദര്‍ശനവും വിജയ രഹിത മടക്കവും. (ഭാഗം 9) സാമൂതിരി-പോര്‍ച്ചുഗീസ് നാലാം സന്ധി. (ഭാഗം 10) സാമൂതിരി-പോര്‍ച്ചുഗീസ് ഭിന്നത. (ഭാഗം 11) സാമൂതിരി-പോര്‍ച്ചുഗീസ് അഞ്ചാം സന്ധി. (ഭാഗം 12) സാമൂതിരി-പോര്‍ച്ചുഗീസ് കിടമത്സര കാരണങ്ങളും പോര്‍ച്ചുഗീസ് അക്രമണത്തിനായുള്ള സാമൂതിരിയുടെ കപ്പല്‍ പുറപ്പാടും. (ഭാഗം 13) ചാലിയം കോട്ട വിജയവും ഇസ്ലാം പ്രതാപവും. (ഭാഗം 14) ചാലിയം കോട്ട നഷ്ടത്തിനു ശേഷമുള്ള പോര്‍ച്ചുഗീസ് അവസ്ഥ എന്നിവയാണവ. ചിലപ്പോള്‍ താന്‍ ജീവിച്ച പ്രദേശത്തിനപ്പുറമുള്ള പോര്‍ച്ചുഗീസ് അധിനിവേശ വിശേഷങ്ങള്‍ അദ്ദേഹം പങ്കു വെക്കുന്നുണ്ട്. താന്‍ ജീവിച്ച കാലം വരെയുള്ള മലബാറിലെ പോര്‍ച്ചുഗീസ് യുദ്ധ വിവരണങ്ങള്‍ അദ്ദേഹം മുന്നോട്ടു വെക്കുന്നു. പോര്‍ച്ചുഗീസുകാരുടെ കേരളത്തിലെ അധിനിവേശ വിവരങ്ങള്‍ മാത്രമല്ല ഗ്രന്ഥകാരന്‍ നല്കുന്നത്. കൊച്ചിയിലെയും ഗോവയിലെയും ഗുജറാത്തിലെയും എന്തിനേറെ ഇന്ത്യക്കപ്പുറം യൂറോപ്പിലെയും ഈജിപ്തിലെയും ഏദനിലേയും ചില വിവരങ്ങള്‍ കൂടി ഗ്രന്ഥകാരന്‍റെ നിരീക്ഷണ വലയത്തിലുണ്ട്. തുര്‍ക്കി സുല്‍ത്താന്‍ സുലൈമാന്‍ ഷായുടെ ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ സുലൈമാന്‍ പാഷ ഏദനിലും അവിടത്തെ വിജയ ശേഷം ഡ്യൂവിലെത്തിയതും പോര്‍ച്ചുഗീസ് കോട്ടകള്‍ക്ക് കേടുപാടു വരുത്തിയതും പിന്നീട് പോര്‍ച്ചുഗീസുകാരെ പേടിച്ച് ഈജിപ്തിലേക്ക് തിരിച്ചു പോയതും വര്‍ഷവും കപ്പലുകളുടെ എണ്ണവുംസഹിതം ശൈഖ് സൈനുദ്ദീന്‍ വിവരിക്കുന്നത് കാണുമ്പോള്‍ യുദ്ധചരിത്രമെഴുതാന്‍ അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നു അനുമാനിക്കാനാവും. സുല്‍ത്താന്‍ ബാബറിന്‍റെമരണത്തെ തുടര്‍ന്ന് ഹുമയൂണ്‍ ചക്രവര്‍ത്തിയായ ശേഷം അദ്ദേഹം ഗുജറാത്തിലേക്ക് പടയോട്ടം നടത്തിയതും അവിടെയുള്ള പട്ടണങ്ങള്‍ തകര്‍ത്തതും അവിടത്തെ ഭരണാധികാരി ബഹദൂര്‍ഷാ പോര്‍ച്ചുഗീസുകാരുടെ സഹായം തേടിയതും അവര്‍ തമ്മിലുള്ള സന്ധിയും ഗോവക്കടുത്ത് വസ്സിയിലും മാഹിയിലും കോട്ട കെട്ടാന്‍ അനുവദിച്ചതും ഡ്യു ദീപിന്‍റെ ചുമതല ഏല്പിച്ചതും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ബഹദൂര്‍ ഷായുടെ നടപടികളിലെ ശരിതെറ്റുകള്‍ ഗ്രന്ഥകാരന്‍ വിലയിരുത്തുന്നില്ല. എന്നാല്‍ അവരുടെ കയ്യാല്‍ തന്നെ സൂല്‍ത്താന്‍ വധിക്കപ്പെട്ടുവെന്ന് ശൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തുമ്പോള്‍ അദ്ദേഹം പറയാതെ പറയുന്ന ചില ധ്വനികളുണ്ട്. സുല്‍ത്താന്‍ ചെയ്ത വിഡ്ഢിത്തവും പോര്‍ച്ചുഗീസ് ചതിയും. ശൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തിയ പോര്‍ച്ചുഗീസ് അതിക്രമ വിവരണങ്ങളില്‍ അത്യുക്തിയുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്. വി.സി ശ്രീജനെ പോലുള്ളവര്‍ തെളിവു ദ്ധരിച്ച് അതിനെ എതിര്‍ത്തിട്ടുണ്ട്. തുഹ്ഫ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത മദ്രാസ് ഗവണ്‍മെന്‍റില്‍ പരിഭാഷകനായി വന്ന ലഫ്. എം.ജെ റൗലന്‍ഡ് സന്‍ എഴുതിയതു പോലെ മാഫിയൂസ്, അസോറിയൂസ് ബറോസ്, ഫാരിയ ഇ സൂസ മുതലായ പോര്‍ച്ചുഗീസുകാര്‍ തന്നെ രേഖപ്പെടുത്തിയ അവരുടെ യുദ്ധവീര്യ വിവരണത്തോടു ശൈഖ് സൈനുദ്ദീന്‍റെ വിവരണങ്ങള്‍ ഒത്തുപോകുന്നുണ്ട്, യോജിക്കുന്നുമുണ്ട്. (വി.സി. ശ്രീജന്‍) പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ വീരസ്യം വിളമ്പിയതോ, ശൈഖ് സൈനുദ്ദീന്‍ പോര്‍ച്ചുഗീസ് അതിക്രമങ്ങള്‍ക്ക് കടും നിറം നല്കിയതോ ആകാം. കുരിശു യുദ്ധ പശ്ചാതലത്തിലേക്ക് കാര്യങ്ങള്‍ റിവൈന്‍ഡ് ചെയ്താല്‍ സംശയങ്ങള്‍ ഒന്നുകൂടി മാറി കിട്ടും. യുദ്ധത്തില്‍ ആളുകള്‍ക്ക് പറ്റുന്ന പരുക്കിനേക്കാള്‍ ഭീതിതമാണ് സത്യത്തിനും വസ്തുതകള്‍ക്കും പറ്റുന്ന പരിക്ക്!

തുഹ്ഫയുടെ രാഷ്ടിയ പ്രാധാന്യം. 

തുഹ്ഫയുടെ രാഷ്ടിയ പ്രാധാന്യം ജിഹാദിന്‍റെ രാഷ്ടിയ പ്രാധാന്യമാണ്. തലങ്ങും വിലങ്ങും ഉപയോഗിച്ച് മൂര്‍ച്ച പോകുകയും മൂര്‍ച്ച കൂടുകയും ചെയ്ത ജിഹാദും മുജാഹിദും തുഹ്ഫയില്‍ നിന്നും പലരും വായിച്ചെടുത്തിട്ടുണ്ട്. റഷ്യയുടെ പതനശേഷം ശീതയുദ്ധാനന്തര കാലത്ത് അമേരിക്ക സൃഷ്ടിച്ച ഏക ലോകക്രമത്തിനു വേണ്ട വസ്തു വകകള്‍ കൊളോണിയലിസത്തിന്‍റെ താത്വിക / പ്രായോഗിക അടുക്കളയില്‍ വറുത്തെടുത്തപ്പോള്‍ കരിഞ്ഞു പോയ പദം കൂടിയാണ് ജിഹാദ് . സാമുവല്‍ . പി.ഹണ്ടിംഗ് ടണ്‍ തന്‍റെ ഇഹമവെലെ ീള രശ്ശഹശ്വമശേീി മിറ ിലം ംീൃഹറ ീൃറലൃ ലൂടെ മുന്നോട്ടു വെക്കുന്ന പുതിയ ലോകക്രമത്തില്‍ പടിഞ്ഞാറിന്‍റെ ശത്രുവിനെ കൃത്യമായി പ്രതിഷ്ടിച്ചിട്ടുണ്ട്. ഭൗമ രാഷ്ട്രീയത്തില്‍ റഷ്യയുടെ അഫ്ഘാന്‍ താല്പര്യങ്ങളെ മറികടക്കാന്‍ അമേരിക്ക തന്നെ സൃഷ്ടിച്ചു എന്നു പറയപ്പെടുന്ന ബിന്‍ ലാദനും താലിബാനും മാത്രമല്ല അതിനു മുമ്പും പിമ്പും ഉള്ള ലോകത്ത്, തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ജിഹാദിനെ ഉപയോഗപ്പെടുത്തിയതിന് ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ഏറെയാണ്. ശകലിതരായ രാഷ്ട്രീയ ഇസ്ലാമിന്‍റെ ആളുകളും അരാജകവാദികളായ ഐ എസ്, അല്‍ ഖ്വയ്ദ കൂട്ടങ്ങളും, റാഡിക്കല്‍ സലഫി വിഭാഗങ്ങളും, തീവ്രശിയാ ഇമാമിയത്തുകളും ജിഹാദിനെ എങ്ങിനെ പുനര്‍ വായിച്ചു എന്നതിനു സമകാലീന സംഭവ വികാസങ്ങള്‍ സാക്ഷി. മലപ്പുറം പെരുമയിലെ സൈനുദ്ദീന്‍ പര്‍വ്വം ചര്‍ച്ച ചെയ്യുമ്പോള്‍  മഖ്ദ്ദൂം കാത്തുസൂക്ഷിച്ച മതനിരപരക്ഷത മനസ്സിലാവും.

മലപ്പുറം പെരുമയുടെ അടരായ സാമ്രാജ്യത്ത വിരുദ്ധ ചെറുത്തു നില്പുകളിലെ താത്വികവും പ്രായോഗികവുമായ ഇടപെടലുകളിലെ തുഹ്ഫയുടെ പങ്കിനെ കുറിച്ച ചര്‍ച്ച പൂര്‍ത്തിയാവാന്‍ അതു ആവശ്യവുമാണ്. വിദേശ ആധിപത്യത്തിനെതിരെയുള്ള ചെറുത്തു നില്പുകളില്‍ മലപ്പുറത്തിന്‍റെ പേരും എഴുന്നു നില്ക്കുന്നതു കാണാം. അതു പോര്‍ച്ചുഗീസ് കാലത്തായാലും ശരി ബ്രിട്ടീഷ് കാലത്തായാലും ശരി. പൊന്നാനിയിലെ മഖ്ദൂം കുടുംബവും തിരുരങ്ങാടിയിലെ അലവി കുടുംബവും മാത്രമല്ല അനേക ശതം സാധാരണക്കാരും പടയോട്ടങ്ങളിലും, ചെറുത്തു നില്പുകളിലും പങ്കെടുത്തിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍. ഒന്നാമന്‍റെ തഹ്രീളു അഹ്ലില്‍ ഈമാനി അല്‍ ജിഹാദി അബദത്തിസ്സുല്‍ബാനിയും പ്രത്യക്ഷമായ ചെറുത്ത് നില്പ് പ്രചരണ/പ്രചോദനസാഹിത്യമാണെങ്കില്‍ തുഹ്ഫ ഒരേ സമയം വിമോചന യുദ്ധ/സമര പ്രചോദനവും ചരിത്രവുമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ പകുതിയിലാണ് പ്രതിരോധ സാഹിത്യം എന്ന സംജ്ഞ പ്രചാരം നേടിയതെങ്കിലും വാസ് ഗോഡ ഗാമയുടെ ആഗമനം മുതല്‍ കേരള മണ്ണില്‍ തഹ്രീള്, തുഹ്ഫ, ഫത്ത്ഹുല്‍ മുബീന്‍, സൈഫുല്‍ ബത്വാര്‍ എന്നിവയിലൂടെ പ്രതിരോധ സാഹിത്യം ശക്തമായി നിലകൊണ്ടിരിരുന്നു. 15ാം നൂറ്റാണ്ടോടെ ആഗോളതലത്തില്‍ വന്ന ഭൗമ രാഷ്ടിയ ത്തിലെ മാറ്റങ്ങളുടെ അലയടികള്‍ മൂസ്ലിം ഭരണ പ്രദേശങ്ങളെ യും ആവാസ കേന്ദ്രങ്ങളെയും ആട്ടിയുലച്ചു വെങ്കിലും തുഹ്ഫ പോലെ ശക്തമായൊരു ഗ്രന്ഥം കാണുന്നില്ല എന്നതിന്‍റെ കാരണം അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്. തുഹ്ഫത്തുല്‍ മുജാഹിദീന്‍റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കാന്‍ അതിന്‍റെ പരിഭാഷ ചരിത്രം ഒന്നു പരിശോധിച്ചാല്‍ മതി. കൊളോണിയലിസത്തിനെതിരെയുള്ള പ്രത്യക്ഷ സമരാഹ്വാനമായതിനാല്‍ തുഹ്ഫയുടെ കൊളോണിയല്‍ കാലത്തെയും, ഇടങ്ങളിലെയും പ്രസാധനം നിയവിരുദ്ധമോ രാജ്യദ്രോഹപരമോ ആയിരുന്നു. മലപ്പുറത്തിന്‍റെ നാലതിരുകളില്‍ കൗമാരവും യൗവ്വനവും പിന്നിട്ട ശൈഖ് സൈനുദ്ദീന്‍ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ പരിമിതികള്‍ ഉല്ലങ്കിച്ചത് തുഹ്ഫത്തിന്‍റെ ഭാഷാ തെരഞ്ഞെടുപ്പിലൂടെയാണ്. ഒരു മലപ്പുറത്തുകാരന്‍ അന്നു അന്താരാഷ്ട തലത്തില്‍ ഉപയോഗത്തിലിരുന്ന ഡിപ്ലോമാറ്റിക് /കച്ചവട / അറബി ഭാഷയില്‍ രചന നടത്തിയത് ഭൂമിശാസ്ത്രപരമായ അതിരുകളുടെ പരിമിതിയിയെ അതിജയിക്കാനാകാം. ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തുഹ്ഫ മൊഴിമാറ്റം ചെയ്യപ്പെട്ട കാര്യം കെ.കെ എന്‍ കുറുപ്പും ജമീല്‍ അഹമ്മദും സ്മരിക്കുന്നുണ്ട്. ശൈഖ് സൈനുദ്ദീന്‍റെ തുഹ്ഫ ഇസ്ലാമിന്‍റെ മതനിരപേക്ഷവായന സാധ്യമാക്കിയതു പോലെ ദേശ വായനയും കാലിക വായനയും സാധ്യമാക്കിയ കൃതി കൂടിയാണ്. ശൈഖ് സൈനുദ്ദീന്‍ മതവിശ്വാസിയാണ്. അദ്ദേഹത്തിന്‍റെ നാടിന്‍റെ പ്രശ്നം അദ്ദേഹത്തിന്‍റെ കൂടി പ്രശ്നമാണ്. അദ്ദേഹം ഫത്ത്ഹുല്‍ മുഈനില്‍ പറയുന്ന നിലപാടിന്‍റെ വികസനമാണ് തുഹ്ഫയില്‍ കാണുന്നത്. സത്യനിഷേധികളായ ശത്രുക്കള്‍ അക്രമണാര്‍ത്ഥം നമ്മുടെ നാട്ടില്‍ പ്രവേശിച്ചാല്‍ കഴിയും വിധം പ്രതിരോധിക്കല്‍ നാട്ടുകാരുടെ കടമയാകുന്നു. (ഫത്ത്ഹുല്‍ മുഈന്‍ ആശയ സംഗ്രഹം പേജ് 618 ) താന്‍റെ രാജവിന്‍റെ മതമല്ല അദ്ദേഹത്തിന്‍റെ നിലപാടാണ് അദ്ദേഹത്തോടുള്ള ശൈഖ് സൈനുദ്ദീനിന്‍റെ നിലപാടിനു ആധാരം. ഇതേ നിലപാടു കാരണം തന്നെയാണ് കേരള മുസ്ലീങ്ങളെയും അവരുടെ ഹിന്ദു രാജാവിനെയും അക്ര മികള്‍ക്കെതിരെ സഹായിക്കാത്ത മുസ്ലിം രാജ്ക്കന്മാരോട് തുഹ്ഫക്കാരനു മമതയില്ലാത്തത്. തുഹ്ഫയില്‍ ഹിന്ദുവായ സാമൂതിരി മിത്രവും സാമൂതിരിക്കെതിരെ പോര്‍ച്ചുഗീസുകാര്‍ക്കൊപ്പമുള്ള മുസ്ലീങ്ങള്‍ ശത്രുക്കളുമാണ്. ഇസ്ലാമിലെ സാങ്കേതിക പദങ്ങളായ ജിഹാദ്, മുജാഹിദ്, കാഫിര്‍, ള്വാ ലിം, ദാറുല്‍ ഹര്‍ബ്, ദാറുല്‍ ഇസ്ലാം ഫര്‍ദു കിഫ (സാമൂഹിക ബാധ്യത) എന്നിവ കാലികവും ദേശിയവുമായി വായിച്ചതു കൊണ്ടാണ് മുസ്ലിമായ ശൈഖ് സൈനുദ്ദീന് ഹിന്ദുവായ സാമൂതിരിക്ക് വേണ്ടി ജിഹാദു ചെയ്യാന്‍ മുസ്ലീങ്ങളെ പ്രചോദിപ്പിക്കാനാകുന്നത്. കാഫിറായ സാമൂതിരി മുസ്ലീങ്ങളുടെ ആത്മ മിത്രമാകുന്നതും തുഹ്ഫക്കാരന്‍റെ മതനിരപേക്ഷ സമീപന നയത്തിന്‍റെ ഫലമാണ്. അതിനദ്ദേഹത്തിനു പ്രചോദനമാകുന്നത് നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്‍റെ മതം എന്ന ഖുര്‍ആന്‍ വചനമോ, മദീനയിലെ പ്രവാചകന്‍ മുഹമ്മദിന്‍റെ വിശാല സംഖ്യ സമീപനമോ ആകാം. അത്തരം സമീപനങ്ങള്‍ക്ക് ചരിത്രത്തില്‍ ആവര്‍ത്തനമുണ്ടായിട്ടുണ്ട്. രാജ്യം / നാട് / ഇടം അപകടത്തില്‍ പെടുമ്പോള്‍ വിശാലതാല്പര്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള വീണ്ടുവിചാരങ്ങള്‍ ആവശ്യമാണെന്നാണ് മലപ്പുറത്തെ മണ്ണില്‍ വിരചിതമായ തുഹ്ഫ നല്കുന്ന സന്ദേശം.

ഗ്രന്ഥസൂചി:

ഖാദി മുഹമ്മദ്. (1982) ഫത്ത്ഹുല്‍ മുബീന്‍, വിവ: കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം,  വിയ്യൂര്‍: പേര്‍ഷ്യന്‍ പ്രിന്‍റ്റേഴ്സ്.
നമ്പ്യാര്‍ ഒ.കെ. (1962). പോര്‍ത്തുഗീസ് കടല്‍ കള്ളന്മാരും ഇന്ത്യന്‍ നാവികരും, കോട്ടയം: മനോരമ. 
കെ.കെ എന്‍ കുറുപ്പ്. (1975) ദി ആലി രാജാസ് ഓഫ് കണ്ണൂര്‍, തിരുവനന്തപുരം: കോളേജ് ബുക്ക് ഹൗസ്.
ഫിരിശ്ത്ത മുഹമ്മദ് ഖാസിം. (2012). താരീഖേ ഫിരിശ്ത്ത ലക്നോ 1864
തുഹ്ഫത്തുല്‍ മുജാഹിദീന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, വിവ: സി. ഹംസ, കോഴിക്കോട്: അല്‍ ഹുദ. 
ഹുസൈന്‍ രണ്ടത്താണി. (2014) മഖ്ദൂമും പൊന്നാനിയും. കോഴിക്കോട്: പൂങ്കാവനം ബുക്സ്.
ശൈഖ് സൈനുദ്ദീന്‍ അല്‍ മഖ്ദൂം അസ്സാനി വ കിത്താബു ഹു തുഹ്ഫത്തുല്‍ മുജാഹിദീന്‍ വിവ: പീജി അറബി വിഭാഗം 2015) 
Tuhfatul Mujahidin Tra: Muhammad Husayan Nainar Islamic Book Trust kuala Lampur 2006.
ഖുറൈഷ് ഐ എച്ച്. (1962), ദ മുസ്ലിം കമ്മ്യൂണിറ്റി ഓഫ് ദി ഇന്തോ പാക്കിസ്ഥാന്‍ സബ് കോണ്‍ഡിനന്‍റ് ദ ഹേഗ്.
ഹുസൈന്‍ രണ്ടത്താണി. (2016) മാപിള മുസ്ലിംസ്. കോഴിക്കോട്: അദര്‍ ബുക്ക്സ്.
Dr. Moideen Kutty AB
Professor & Head of the Department
Dept. of Arabic
University of Calicut
India
Pin: 673635
Ph: +91 9447530013
Email: abmoideen@gmail.com
ORCID: 0009-0004-8818-9131