Abortion in ancient Indian tradition

Dr.  Ajitha T.S

 It has not been long since our court ruled that a woman’s body is her right.  Society has always adopted a way of controlling a woman’s body and her activities.  A woman’s ability to conceive was considered her strength and often her limitation.  Ethics in sexual relations became the sole responsibility of women.  Pregnancy, as evidence of a male-female relationship, often became a liability and a stigma for the woman who carried it.  It is there that the possibilities of abortion are examined.  Women who got pregnant against their will for any reason or those around them had to look for the solution of abortion.  This paper tries to shed light on the knowledge about abortion in ancient India and the social system that led to abortion on the basis of scriptures, epics and Sanskrit literature.

 Key words: Dharma Shastra,  Epic, Indian Heritage, Family, Women, Abortion.

References 

Amar Singh, (1995). Chawkhamba Vidya bhavan, Varanasi.
Bhavabhuti, (1973).Varanasi. Chawkhamba Sanskrit series office.
Dutt, M N. (Edi.) (2008). Mahabharatham. Delhi Parimal publication.
Ramachandran, C K. (2009). Adharvavedabhaishajyam. Thrissur, Mathrubhumi printing and publishing company.
Rama varriar, Kaikkulangara.  Arogya kalpadrumam, Kollam S T Reddy & sons.
Reddy,K S Narayan, (1987). The essential of  forensic medicine and Toxicology,Hyderabad. K Sugana Devi.
Roper, Nancy. (1967). Pocket medical dictionary. London The English language book society.
Shankar, P S. (2004). New medical dictionary. New Delhi. Oxford and IBH publishing company private limited.
Shastri, roop Kishor (Edi) (2003) Dayananda nirukthi vyutpatthi kosha. Delhi, Gurukul Vrindavan snatak shodh Sansthan.
Sushruta. (1998) Sushrutasamhita, Varanasi, Krishna Das academy. 
Vallathol, Arogya Chintamani. Cheruthuruthy. vallathol press.
Vishwa Vijnana kosam,(1989) Kottayam. National Book Stall.
Yajnavalkya, (2002) Yajnavalkyasmrithi. Thiruvananthapuram, Cultural and publication department, Government of Kerala. 
Visaria, Leela (Edited) (2007) Abortion in India- ground realities. London, Routledge Taylor and Francis group.
Dr. Ajitha T.S
Associate Professor and Head
Department of Sanskrit 
Sri. C.Achuthamenon Govt. College
Kuttanellur
India
Pin: 680014
Email. ajithats@gmail.com 
Ph: +91 9446146214
ORCID 0000-0002-6446-5291

ഗര്‍ഭച്ഛിദ്രം ഭാരതീയപാരമ്പര്യത്തില്‍

ഡോ. അജിത. ടി.എസ്

സ്ത്രീയുടെ ശരീരം അവളുടെ അവകാശമാണെന്ന് നമ്മുടെ നീതിപീഠം വിധിച്ചിട്ട് ഏറെ നാളായിട്ടില്ല.  എക്കാലവും സ്ത്രീയുടെ ശരീരത്തേയും അവളുടെ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന രീതിയാണ് സമൂഹം കൈക്കൊള്ളുക പതിവ്.  ഗര്‍ഭധാരണത്തിനുള്ള സ്ത്രീയുടെ കഴിവ് അവളുടെ ശക്തിയായും പലപ്പോഴും പരിമിതിയായും കണക്കാക്കപ്പെട്ടു.  ലൈംഗികബന്ധത്തിലെ നൈതികത സ്ത്രീയുടെ മാത്രം ബാധ്യതയായി മാറി.  സ്ത്രീപുരുഷബന്ധത്തിന്‍റെ തെളിവായ ഗര്‍ഭം പലപ്പോഴും അത് ചുമക്കുന്ന സ്ത്രീയുടെ തീരാബാധ്യതയും കളങ്കവുമായി.  അവിടെയാണ് ഗര്‍ഭച്ഛിദ്രത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കപ്പെടുന്നത്.  ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് ആഗ്രഹിക്കാതെ ഗര്‍ഭം ധരിച്ച സ്ത്രീകളോ അവരുടെ ചുറ്റുമുള്ളവരോ ഗര്‍ഭച്ഛിദ്രമെന്ന പോംവഴി തേടുക തന്നെ ചെയ്തു. ഈ പ്രബന്ധം ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളുടേയും, ഇതിഹാസങ്ങളുടേയും, സംസ്കൃതസാഹിത്യകൃതികളുടേയും അടിസ്ഥാനത്തില്‍ പ്രാചീനഭാരതത്തില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് നിലനിന്നിരുന്ന അറിവുകളിലേക്കും, ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിച്ചിരുന്ന സാമൂഹ്യവ്യവസ്ഥിതിയിലേക്കും വെളിച്ചം വീശുവാന്‍ ശ്രമിക്കുന്നു.

താക്കോല്‍വാക്കുകള്‍: ധര്‍മ്മശാസ്ത്രം, ഇതിഹാസം,  ഭാരതീയപൈതൃകം, കുടുംബം, സ്ത്രീ, ഗര്‍ഭച്ഛിദ്രം.

ജീവജാലങ്ങളുടെ നിലനില്‍പ് വംശവര്‍ദ്ധനവിനെ ആശ്രയിച്ചിരിക്കുന്നു. സ്വയം വിഭജിച്ച് രണ്ടായിത്തീരുന്നവ, മുട്ട വിരിഞ്ഞിറങ്ങുന്നവ, പ്രസവത്തിലൂടെ ജന്മമെടുക്കുന്നവ എന്നിങ്ങനെ വിഭിന്നവും സങ്കീര്‍ണ്ണവുമായ ജനനപ്രക്രിയയിലൂടെയാണ് പ്രപഞ്ചത്തിലെ ഓരോ ജീവനും രൂപമെടുക്കുന്നത്. വൈകാരികമായി കൂടുതല്‍ വികാസം ആര്‍ജ്ജിച്ചതിനാല്‍ മനുഷ്യവര്‍ഗ്ഗം പ്രത്യുല്പാദനത്തിന് കേവലം നിലനില്‍പ്പിനായുളള ഉപാധി എന്നതിലും കവിഞ്ഞൊരര്‍ത്ഥം നല്‍കുന്നതായി കാണുന്നു. ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വില കല്പിക്കുന്ന ഭാരതീയ സംസ്കൃതിയാകട്ടെ പ്രത്യുല്പാദനത്തെ ഏറ്റവും മഹത്തരവും പവിത്രവും എന്ന് കരുതുന്നു. എന്നാല്‍പോലും ഏതു കാലത്തും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന ഒരു പദമാണ് ഗര്‍ഭച്ഛിദ്രം (മയീൃശേീി). ഗര്‍ഭച്ഛിദ്രം പ്രാചീനഭാരതത്തിലും നിലനിന്നിരുന്നതിന്‍റെ തെളിവുകള്‍ നമുക്ക് കണ്ടെത്താനാവും. പ്രാചീനഭാരതത്തിലെ ഗര്‍ഭച്ഛിദ്രത്തിന്‍റെ പശ്ചാത്തലം വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഗര്‍ഭച്ഛിദ്രം: ആധുനിക നിര്‍വ്വചനവും ശാസ്ത്രീയവശങ്ങളും

പുരുഷന്‍റെ ബീജവും സ്ത്രീയുടെ അണ്ഡവും കൂടിച്ചേര്‍ന്ന് സിക്താണ്ഡമായി (്വ്യഴീലേ) സ്ത്രീയുടെ ഗര്‍ഭാശയഭിത്തിയില്‍ പറ്റിപ്പിടിച്ച് വളര്‍ന്നു തുടങ്ങുമ്പോള്‍ അതിനെ ഭ്രൂണം(embryo)എന്നു പറയുന്നു. ഈ ഭ്രൂണം സ്വയം വളര്‍ച്ച നിലച്ച് പുറത്തുപോവുകയോ നിര്‍ബ്ബന്ധപൂര്‍വ്വം അതിനെ പുറത്തുകളയുകയോ ചെയ്യുന്നതിനെയാണ് ഗര്‍ഭച്ഛിദ്രം എന്ന് പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം ഗര്‍ഭച്ഛിദ്രത്തിനു നല്‍കുന്ന നിര്‍വ്വചനം ഇങ്ങനെയാണ്. "സ്വയം ജീവിക്കാനുളള ശക്തി ഗര്‍ഭസ്ഥശിശുവിന് ലഭിക്കുംമുമ്പ് ഗര്‍ഭം അലസിപ്പോകുന്ന അവസ്ഥ.1 "ഗര്‍ഭച്ഛിദ്രത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയും അതിനവലംബിക്കുന്ന മാര്‍ഗ്ഗങ്ങളെയും കണക്കിലെടുത്ത് ഗര്‍ഭച്ഛിദ്രത്തെ താഴെപ്പറയുംവിധം വിഭജിച്ചുകാണുന്നു. 

* കുറ്റകരമായ ഗര്‍ഭച്ഛിദ്രം (criminal abortion) 
* ചികിത്സകന്‍റെ വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും കൂടാതെ അപരിഷ്കൃതമായ രീതി യില്‍ നടത്തുന്ന ഗര്‍ഭച്ഛിദ്രം
* നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം (induced abortion)
* പൂര്‍ണ്ണവളര്‍ച്ചയെത്തും മുന്‍പ് ഭ്രൂണത്തില്‍ വളര്‍ച്ച അവിചാരിതമായി നിലച്ചു പോകുന്നത്
* ചികിത്സാപരമായ ഗര്‍ഭച്ഛിദ്രം (therapeutic abortion) ഗര്‍ഭം അമ്മയുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിന് ഹാനികരമണെന്നറിഞ്ഞിട്ടോ, കുഞ്ഞ് അനാരോഗ്യകരമായി വളരുന്നു എന്നറിഞ്ഞിട്ടോ ശാസ്ത്രീയമായി നടത്തുന്ന ഗര്‍ഭച്ഛിദ്രം.

ഇതല്ലാതെ അപൂര്‍ണ്ണഗര്‍ഭച്ഛിദ്രം(incomplete  abortion), പൂര്‍ണ്ണഗര്‍ഭച്ഛിദ്രം (complete  abortion) തുടര്‍ച്ചയായുണ്ടകുന്ന ഗര്‍ഭച്ഛിദ്രം (habitual abortion) എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രം ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിക്കുന്ന ഓരോ സാഹചര്യത്തെയും വിലയിരുത്തുകയും ഓരോ സാധ്യതക്കുമനുസരിച്ച് ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

ഗര്‍ഭച്ഛിദ്രത്തിന്‍റെ സാമൂഹ്യപശ്ചാത്തലം

വൈദ്യശാസ്ത്രം ഗര്‍ഭച്ഛിദ്രത്തിന് അസംഖ്യം വിഭാഗങ്ങള്‍ കല്പിച്ചു നല്‍കുന്നുണ്ടെങ്കിലും ഗര്‍ഭച്ഛിദ്രത്തിന്‍റെ സാമൂഹികതലങ്ങള്‍ വിലയിരുത്തുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ഗര്‍ഭച്ഛിദ്രമെന്നും നിര്‍ബന്ധിതമായി നടത്തുന്ന ഗര്‍ഭച്ഛിദ്രമെന്നും രണ്ടു വിഭാഗങ്ങള്‍ മാത്രമെ പരാമര്‍ശിക്കപ്പെടുന്നുളളൂ. ആധുനിക വൈദ്യശാസ്ത്രം മയീൃശേീി എന്ന പദം കൊണ്ടാണ് സ്വാഭാവികമായുണ്ടാകുന്ന ഗര്‍ഭച്ഛിദ്രത്തെയും നിര്‍ബന്ധിതമായ ഗര്‍ഭച്ഛിദ്രത്തേയും സൂചിപ്പിക്കുന്നതെങ്കിലും നിത്യോപയോഗത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ഗര്‍ഭച്ഛിദ്രം ാശരെമൃൃശമഴല എന്നും നിര്‍ബന്ധിതമായി ചെയ്യുന്ന ഗര്‍ഭച്ഛിദ്രം മയീൃശേീി എന്നും വ്യവഹരിക്കപ്പെടുന്നു.2 നമ്മുടെ നാട്ടിലും ഇതിനു സമാനമായി ഗര്‍ഭച്ഛിദ്രം, ഭ്രൂണഹത്യ എന്നീ വാക്കുകള്‍ യഥാക്രമം ഉപയോഗിച്ചു കാണുന്നു. ഇതില്‍ നിന്നും ശാസ്ത്രീയമായി വിലയിരുത്തുമ്പോള്‍ ഭ്രൂണഹത്യ ഗര്‍ഭച്ഛിദ്രത്തിന്‍റെ ഒരു ഭേദം മാത്രമായി കണക്കാക്കപ്പെടുന്നു എങ്കിലും സാമൂഹികമായ പ്രാധാന്യം കണക്കിലെടുത്ത് രണ്ടു പ്രയോഗങ്ങളേയും വേര്‍തിരിച്ച് പഠിക്കേണ്ടിയിരിക്കുന്നു എന്നു മനസ്സിലാക്കാം. 

സ്വാഭാവികമായ ഗര്‍ഭച്ഛിദ്രം അമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കില്‍ നിര്‍ബന്ധിതമായ ഗര്‍ഭച്ഛിദ്രം അമ്മയുടെ മാനസികാരോഗ്യത്തേയും അമ്മ ജിവിക്കുന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളേയും  ആശ്രയിച്ചിരിക്കുന്നു. മാറുന്ന ജീവിത സാഹചര്യങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും  സ്ത്രീകളുടെ ആരോഗ്യം ക്ഷയിക്കുന്നതിലേക്കും സ്വാഭാവികമായ ഗര്‍ഭച്ഛിദ്രത്തിന്‍റെ സാദ്ധ്യത വര്‍ദ്ധിക്കുന്നതിലേക്കും നയിക്കുന്നു. ഭ്രൂണത്തിന്‍റെ അനാരോഗ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യശാസ്ത്രത്തിന്‍റെ മേല്‍ നോട്ടത്തില്‍ നടത്തുന്ന ഗര്‍ഭച്ഛിദ്രത്തേയും സ്വാഭാവികമായ ഗര്‍ഭച്ഛിദ്രമായേ കണക്കാക്കുന്നുളളൂ. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങള്‍ താഴെപ്പറയുന്നവയാണ്. 

* അവിവാഹിതയായ യുവതി ഗര്‍ഭിണിയാവുന്നത്
* വിവാഹിതയെങ്കിലും സാമ്പത്തികനില അനുകൂലമല്ലാത്തതിനാല്‍ ഗര്‍ഭച്ഛിദ്രത്തിലേക്കു നയിക്കപ്പെടുന്നത്. 
* വേശ്യാവൃത്തി മൂലം ഗര്‍ഭിണിയാകുന്നത്.
* ലൈംഗികപീഡനത്തിനു വിധേയരായി ഗര്‍ഭിണിയാകുന്നത്.
* സ്ത്രീധനം തുടങ്ങിയ വിപത്തുകള്‍ക്കിരയായി ഗര്‍ഭച്ഛിദ്രത്തിലേക്ക് നയിക്കപ്പെടുന്നത്.
* ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത്.
* ഭ്രൂണത്തിന്‍റെ ലിംഗനിര്‍ണ്ണയത്തില്‍ പെണ്‍കുഞ്ഞെന്നറിഞ്ഞ ശേഷം ഭ്രൂണഹത്യക്കു മുതിരുന്നത്.

ഇങ്ങനെ ശാസ്ത്രീയവും സാമൂഹികവുമായ പശ്ചാത്തലങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് പല മാനങ്ങളും കൈവരുന്നു. പ്രാചീന ഭാരതത്തില്‍ ഗര്‍ഭച്ഛിദ്രത്തിനോടും ഭ്രൂണഹത്യയോടും ഉളള സമൂഹത്തിന്‍റെ നിലപാടുകളും അവര്‍ക്ക് അന്നത്തെ ധര്‍മ്മശാസ്ത്രങ്ങളും വൈദ്യശാസ്ത്രവും നല്‍കിയിരുന്ന പിന്‍തുണയും ഇനി പരിശോധിക്കാം. 

പ്രാചീന ഭാരതീയസമൂഹവും ഗര്‍ഭച്ഛിദ്രവും

ഭാരതത്തില്‍ ഗര്‍ഭച്ഛിദ്രത്തിന്‍റെ ചരിത്രം തിരഞ്ഞെത്തുന്നത് വേദങ്ങളിലും ഇതിഹാസങ്ങളിലുമാണ്. അഥര്‍വ്വവേദത്തില്‍ ഗര്‍ഭത്തെ നശിപ്പിക്കാനെത്തുന്ന അമാനുഷികശക്തികളെക്കുറിച്ചും ഗര്‍ഭച്ഛിദ്രത്തിലേക്കു നയിക്കുന്ന ദു:സ്വപ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.3

ഇതിഹാസങ്ങളും ഭ്രൂണഹത്യയും

രാമായണത്തില്‍ മരുദ്ദേവതകളുടെ ഉത്പത്തിയെക്കുറിച്ചൊരു കഥയുണ്ട്. അസുരമാതാവായ ദിതി ഗര്‍ഭിണിയായിരിക്കെ നട്ടുച്ചയ്ക്ക് അശുദ്ധിയോടെ ശിരസിന്‍റെ സ്ഥാനത്ത് പാദങ്ങള്‍ വെച്ച് ഉറങ്ങാനിടയായി. ഇതുകണ്ട്, ശുശ്രൂഷിക്കാന്‍ നിന്നിരുന്ന ദേവേന്ദ്രന്‍ അവരുടെ ശരീരത്തില്‍ പ്രവേശിച്ച് ഗര്‍ഭത്തെ ഏഴായി പിളര്‍ത്തി. ദിതിയുടെ പ്രാര്‍ത്ഥനയനുസരിച്ച് ഈ ഏഴുഭാഗങ്ങളും ഇന്ദ്രന്‍റെ ആജ്ഞാനുവര്‍ത്തികളായ മരുത്തുകളായി ഭവിച്ചു. ഇവിടെ സൂചിപ്പിക്കുന്നത് പ്രസവത്തിന് തൊട്ടുമുന്‍പുളള ഗര്‍ഭപാതത്തെയാണ്. ഗര്‍ഭിണിയായിരിക്കെ പകലുറങ്ങുന്നതും, ശരിയായ ദിക്കിലേക്കല്ലാതെ ശിരസ്സുവെച്ചുറങ്ങുന്നതും ഗര്‍ഭപാതത്തിലേക്കു നയിക്കുന്നു.4

അതുപോലെ ഇക്ഷ്വാകുവംശത്തിന്‍റെ ചരിത്രം വിവരിക്കവെ വസിഷ്ഠന്‍ സഗരന്‍റെ ജനനത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു. സഗരന്‍റെ അമ്മയ്ക്ക് സപത്നി ഗര്‍ഭം നശിക്കാനായി വിഷം നല്‍കിയത്രെ.5 എന്നാല്‍ ച്യവനമഹര്‍ഷിയുടെ അനുഗ്രഹത്തോടെ പരിക്കൊന്നും കൂടാതെ അവര്‍ കുഞ്ഞിന് ജന്മം നല്‍കി. ആ കുട്ടിയാണ് സഗരന്‍. ഗര്‍ഭച്ഛിദ്രത്തിനായി സഗരന്‍റെ അമ്മയ്ക്ക് സപത്നി 'ഗരം' നല്‍കി എന്നാണ് കാണുന്നത്. ഗരമെന്നാല്‍ വിഷമുളള വസ്തുക്കളോ വിഷമില്ലാത്ത വസ്തുക്കളോ കലര്‍ത്തി ഉണ്ടാക്കുന്ന വിഷമെന്നാണ് സൂചിപ്പിക്കുന്നത്. ഇത് അകത്ത് ചെന്നവഴി മരണത്തിനു ഹേതുവാകില്ലെങ്കിലും അല്പകാലത്തിനുശേഷം മാരകമായ ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.6

മഹാഭാരതത്തില്‍ വിനതയുടേയും, ഗാന്ധാരിയുടെയും സമയമെത്താതെയുളള പ്രസവത്തെക്കുറിച്ച് പറയുന്നു. വിനത പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത അരുണന് ജന്മം നല്‍കുന്നുവെങ്കില്‍7 ഗാന്ധാരി ജന്മം നല്‍കുന്നത് ഒരു മാംസപിണ്ഡത്തിനാണ്.8 ഈ മാംസപിണ്ഡത്തെ 101 കഷണങ്ങളാക്കി നെയ്നിറച്ച ഭരണികളില്‍ നിക്ഷേപിച്ച് വ്യാസന്‍ കൗരവരെ ജനിപ്പിക്കുന്നു.

മഹാഭാരതത്തില്‍ സൗപ്തികപര്‍വ്വത്തിന്‍റെ അവസാനത്തില്‍ താന്‍ പ്രയോഗിച്ച അസ്ത്രം സംഹരിക്കാനറിയാതെ നിന്ന അശ്വത്ഥാമാവ് അതിന്‍റെ ഗതി ഉത്തരയുടെ ഗര്‍ഭത്തിലിരിക്കുന്ന ശിശുവിലേക്ക് തിരിച്ച് വിടുന്നുണ്ട്. ഗര്‍ഭത്തിലിരിക്കെ അസ്ത്രമേറ്റ് മരണപ്പെട്ട ആ കുട്ടി പിന്നീട് കൃഷ്ണന്‍റെ സഹായത്തോടെ പരീക്ഷിത്തായി ജന്മമെടുക്കുന്നുണ്ടെങ്കിലും ഗര്‍ഭഹന്താവായ അശ്വത്ഥാമാവിന് ചിരഞ്ജീവിയായി ഈ ലോകത്തിന്‍റെ ദുരിതം മുഴുവന്‍ ഏറ്റുവാങ്ങി അലഞ്ഞു തിരിയാനുളള ശാപം ലഭിക്കുന്നു.9 പാണ്ഡവരുടെ സര്‍വ്വനാശം കൊതിച്ചിരുന്ന അശ്വത്ഥാമാവ് ഗര്‍ഭസ്ഥ ശിശുവിനെ ബാണത്തിന്‍റെ ലക്ഷ്യമായി കല്പിക്കുന്നതിലൂടെ ഗര്‍ഭത്തിലിരിക്കുന്ന ശിശുവിന് കല്പിച്ചു നല്‍കിയിരുന്ന പ്രാധാന്യം ഊഹിക്കാവുന്നതാണ്. അശ്വത്ഥാമാവിനു ലഭിച്ച ശാപം അക്കാലത്ത് ഗര്‍ഭഹത്യക്കു നല്‍കിയിരുന്ന മാതൃകാപരമായ ശിക്ഷക്ക് ഉദാഹരണമാണ്. ഒരു പ്രായശ്ചിത്തവുമില്ലാത്ത പാതകമായാണ് ഭ്രൂണഹത്യ കണക്കാക്കപ്പെട്ടിരുന്നത്. ഇങ്ങനെ പ്രാചീനഭാരതത്തിലെ ഗര്‍ഭച്ഛിദ്രത്തിന്‍റെ രീതികള്‍ക്ക് ഇതിഹാസങ്ങള്‍ സാക്ഷ്യം നല്‍കുന്നു. എന്നാല്‍ ഇതിന്‍റെ ചരിത്രം വിലയിരുത്തുമ്പോള്‍ താഴെ പറയുന്ന ഘടകങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടി വരുന്നു. 

1 ഗര്‍ഭത്തെക്കുറിച്ചുളള സങ്കല്‍പം
2 ഗര്‍ഭച്ഛിദ്രം; ഗര്‍ഭസ്രാവം, ഗര്‍ഭപാതം, മൂഢഗര്‍ഭം, ഗര്‍ഭശാതനം
3 ഗര്‍ഭിണിക്കു നല്‍കിയിരുന്ന പ്രാധാന്യം
4 ദോഹദം എന്ന സങ്കല്പം
5 ഗര്‍ഭനിരോധനം
6 അവിവാഹിതരായ അമ്മമാര്‍
7 അവിഹിത ബന്ധത്തിലൂടെ ഗര്‍ഭിണികളാകുന്നവര്‍
8 ഗര്‍ഭിണികളാകുന്ന ഗണികകള്‍
9 പെണ്‍ഭ്രൂണഹത്യ
10 ഗര്‍ഭച്ഛിദ്രവും ധര്‍മ്മശാസ്ത്രങ്ങളും
11 ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട അറിവുകള്‍

ഇതിലോരോന്നും വിശദമായി പരിശോധിക്കാം

1) ഗര്‍ഭത്തെക്കുറിച്ചുളള സങ്കല്പം

ഇതില്‍ നിര്‍വചനം, ഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങള്‍ എന്നിവ വിലയിരുത്തേണ്ടതുണ്ട്.

നിര്‍വചനം: ഗര്‍ഭം എന്ന വാക്കിന് സ്വീകരിക്കുന്നത്, അനര്‍ത്ഥങ്ങളെ നശിപ്പിക്കുന്നത്, ശബ്ദമുണ്ടാക്കുന്നത് എന്നെല്ലാമാണ് നിരുക്തി നല്‍കിക്കാണുന്നത്.10 ഗര്‍ഭത്തെക്കുറിച്ച് തികച്ചും ശാസ്ത്രീയമായ ബോധം പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്നതിന് ധാരാളം തെളിവുകള്‍ നമുക്കു ലഭിക്കുന്നു. സുശ്രുതസംഹിതയുടെ നിബന്ധസംഗ്രഹം എന്ന വ്യാഖ്യാനത്തില്‍ ഡല്‍ഹണന്‍ ഗര്‍ഭത്തിന് ഇങ്ങനെ നിര്‍വചനം നല്‍കുന്നു.

ശുക്രശോണിതം ഗര്‍ഭാശയസ്ഥം ആത്മപ്രകൃതി-
വികാരസംമൂര്‍ച്ഛിതം ഗര്‍ഭ ഇത്യുച്യതേ11

ഇതില്‍നിന്നും പുരുഷന്‍റേയും സ്ത്രീയുടെയും പ്രത്യുല്പാദനപരമായ അംശങ്ങള്‍ ചേര്‍ന്നുണ്ടാകുന്നതാണ് ഗര്‍ഭമെന്നും ഇതില്‍ നിന്നുണ്ടാകുന്ന സൃഷ്ടി മാതാപിതാക്കളുടെ സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുന്നതാണെന്നും മനസ്സിലാക്കാം. ഗര്‍ഭത്തിന് സംരക്ഷണവും വളര്‍ച്ചക്കനുകൂലമായ സാഹചര്യവും നല്‍കുന്ന ഗര്‍ഭാശയത്തെക്കുറിച്ചും ഗര്‍ഭത്തെ അമ്മയുടെ ശരീരവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന പൊക്കിള്‍ക്കൊടിയെക്കുറിച്ചും ശരിയായ ജ്ഞാനം അന്നുണ്ടായിരുന്നു എന്നതിന് ആയുര്‍വേദ ഗ്രന്ഥങ്ങള്‍ സാക്ഷ്യം നല്‍കുന്നു.

ഗര്‍ഭത്തിലിരിക്കുന്ന ജീവന് ഗര്‍ഭാധാനം മുതല്‍ക്കുതന്നെ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യനേക്കാള്‍ പ്രാധാന്യം നല്‍കുക ഭാരതത്തില്‍ പതിവാണ്. മുന്‍തലമുറകള്‍ക്ക് മോക്ഷം നല്‍കാന്‍ കഴിവുളളവന്‍ എന്ന പുത്രശബ്ദത്തിന്‍റെ നിരുക്തി12 ഈ വിശ്വാസത്തിന്‍റെ പ്രതിഫലനമാണ്. അതിനാല്‍ത്തന്നെ ഗര്‍ഭസ്ഥശിശുവിന് ദൈവീകത്വവും ആത്മാംശത്വവും നല്‍കിക്കാണുന്നു.

ശരീരത്തിന്‍റെ വേദനകള്‍ക്കും ഉല്‍പത്തിനാശങ്ങള്‍ക്കും അതീതനായ പരമാത്മചൈതന്യം തന്നെയാണ് സ്ത്രീപുരുഷസംയോഗം വഴി സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്തനാകുന്നതെന്ന് സുശ്രുതസംഹിത പറയുന്നു.13 സാംഖ്യസിദ്ധാന്തത്തിലെ പുരുഷസങ്കല്പം തന്നെയാണ് ഇവിടെ ഗര്‍ഭസ്ഥശിശുവിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. അച്ഛനമ്മമാരുടെ ആത്മാംശമായ പുത്രന്‍ അവരുടെ ശരീരത്തില്‍ നിന്നും ഉയിര്‍ക്കൊളളുന്നു.14 അച്ഛനമ്മമാരുടെ സ്നേഹം ഊട്ടിയുറപ്പിക്കുന്നതിലും കുഞ്ഞുങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കാണ്ഉള്ളത്.15 

ഭ്രൂണത്തിന്‍റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍

പ്രസവത്തിലൂടെ പുറത്തെത്തുന്നതുവരെ ഗര്‍ഭാശയത്തില്‍ ശിശു എങ്ങനെ വളരുന്നുവെന്ന് സുശ്രുതസംഹിത ഇങ്ങനെ വിവരിക്കുന്നു. 

ഓരോ മാസത്തിലും ഭ്രൂണത്തിന്‍റെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍

* ഭ്രൂണം ഉടലെടുക്കുന്നു.
* ഭ്രൂണം മാംസപിണ്ഡമായി രൂപാന്തരപ്പെടുന്നു. ആണ്‍കുട്ടിയെങ്കില്‍ വര്‍ത്തുളാകൃതിയും പെണ്‍കുഞ്ഞെങ്കില്‍ ദീര്‍ഘാകൃതിയുമായിരിക്കും മാംസപിണ്ഡത്തിന്.
* കൈകാലുകള്‍, ശിരസ് എന്നിവ വ്യക്തമായിത്തീരുന്നതോടൊപ്പം മറ്റു ശരീരഭാഗങ്ങളെല്ലാം സൂക്ഷ്മ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു.
* മറ്റു ശരീരഭാഗങ്ങള്‍ വ്യക്തമാവുകയും ജീവനുളള വസ്തു എന്ന മട്ടില്‍ ഹൃദയം പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നു. ഗര്‍ഭസ്ഥ ശിശുവിന് ഇഷ്ടാനിഷ്ടങ്ങള്‍ ജനിക്കുന്നു.
* മനസ്സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തമാകുന്നു.
* ബുദ്ധിയുണര്‍ന്നതായറിയുന്നു.
* ശരീരാവയവങ്ങള്‍ അവയുടെ കൃത്യമായ വലുപ്പത്തില്‍ പ്രത്യക്ഷപ്പെടുന്നു.
* ജീവനാവശ്യമായ ഊര്‍ജ്ജം സംഭരിക്കപ്പെടുന്നു.
* പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശിശു പുറത്തെത്തുന്നു.16

മറ്റു വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും യാജ്ഞവല്ക്യസ്മൃതിയും17 ഗര്‍ഭോപനിഷത്തും18 സമാനമായ ഭ്രൂണവളര്‍ച്ച പ്രതിപാദിക്കുന്നുണ്ട്. ഈ വളര്‍ച്ചാഘട്ടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ഗര്‍ഭച്ഛിദ്രം സംഭവിക്കാം. ഏതു ഘട്ടത്തിലാണ് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ചും, ഗര്‍ഭച്ഛിദ്രത്തിന്‍റെ കാരണത്തെ അടിസ്ഥാനമാക്കിയും മറ്റും ഗര്‍ഭച്ഛിദ്രത്തെ ചില വിഭാഗങ്ങളായി തിരിക്കുന്നത് കാണാം. അവ ഏതെല്ലാമെന്നു നോക്കാം. 

2. ഗര്‍ഭച്ഛിദ്രം: ഗര്‍ഭസ്രാവം, ഗര്‍ഭപാതം, 

മൂഢഗര്‍ഭം, ഗര്‍ഭശാതനം

ഗര്‍ഭത്തിന്‍റെ നാശത്തെ പൊതുവായി ഗര്‍ഭച്ഛിദ്രമെന്ന പദംകൊണ്ട് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ആയുര്‍വ്വേദ ഗ്രന്ഥങ്ങളും, സ്മൃതിഗ്രന്ഥങ്ങളും  മറ്റ് സാഹിത്യകൃതികളും എല്ലാംതന്നെ ചില പ്രത്യേക പദങ്ങള്‍ കൊണ്ട് ഗര്‍ഭച്ഛിദ്രത്തിന്‍റെ വിഭാഗങ്ങളെ സൂചിപ്പിക്കുന്നതായി കാണാം.

ഗര്‍ഭസ്രാവം: വളര്‍ച്ചയുടെ ആദ്യത്തെ നാലു മാസം വരെ ഭ്രൂണം ദ്രാവകാവസ്ഥയിലായിരിക്കും എന്നതിനാല്‍ ആ കാലങ്ങളില്‍ സംഭവിക്കുന്ന ഗര്‍ഭച്ഛിദ്രത്തെ ഗര്‍ഭസ്രാവം അഥവാ ഗര്‍ഭവിച്യുതി എന്നു പറയുന്നു.

കൃമിവാതാഭിഘാതൈസ്തു തദേവോപദ്രുതം ഫലം
പതത്യകാലേപി യഥാ തഥാ സ്യാദ് ഗര്‍ഭവിച്യുതി:19

പ്രസവിച്ചു കഴിഞ്ഞാല്‍ സ്ത്രീക്ക് അശുദ്ധി കല്പിക്കുന്നതുപോലെ ഗര്‍ഭസ്രാവം നടന്നാലും അശുദ്ധി കല്പിക്കപ്പെടുന്നുണ്ട്. ഒരു മാസത്തിന് ശേഷം രജസ്വലയായാല്‍ ഗര്‍ഭസ്രാവമുണ്ടായ സ്ത്രീ വിശുദ്ധയാകുമെന്ന് മനുസ്മൃതി പറയുന്നു.20 ഇവിടെ അണുക്കളുടെ പ്രവര്‍ത്തനം കൊണ്ടോ ഗര്‍ഭപാത്രത്തിനുണ്ടാകുന്ന വൈകല്യംകൊണ്ടോ ഗര്‍ഭകാലത്തിന്‍റെ തുടക്കത്തില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രമാണ് സൂചിപ്പിക്കപ്പെടുന്നത്. 

ഗര്‍ഭപാതം: ഗര്‍ഭാവസ്ഥയുടെ അഞ്ചും ആറും മാസങ്ങളില്‍ ഖരാവസ്ഥ കൈവരിക്കുന്ന ഭ്രൂണം പെട്ടെന്ന് ഗര്‍ഭച്ഛിദ്രത്തിന് വിധേയമായാല്‍ അതിനെ ഗര്‍ഭപാതമെന്നു പറയുന്നു.

ആ ചതുര്‍ത്ഥോത്തതോ മാസാത് പ്രസ്രവേദ് ഗര്‍ഭവിച്യുതി:
തത: സ്ഥിരശരീരസ്യ പാത പഞ്ചമഷഷ്ഠയോ:21

ഗര്‍ഭപാതം നടക്കുമ്പോള്‍ ശിശുവിന്‍റെ അംഗങ്ങള്‍ വ്യക്തമായിരിക്കും.

മൂഢഗര്‍ഭം: പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച ശിശു ചില പ്രത്യേക കാരണങ്ങളാല്‍ ശരിയായ മാര്‍ഗ്ഗത്തിലൂടെ പുറത്തെത്താതെ തന്‍റെയും അമ്മയുടെയും ജീവന് ഹാനികരമായിത്തീരുന്നെങ്കില്‍ അതിനെ മൂഢഗര്‍ഭം എന്ന് പറയുന്നു. തെറ്റായ മാര്‍ഗ്ഗത്തിലൂടെ ചരിക്കുന്ന ഗര്‍ഭം എന്നാണ് ആ വാക്കിന് നിരുക്തി നല്‍കിക്കാണുന്നത്.22 സ്വാഭാവികാവസ്ഥ കൈവെടിയുന്ന അപാനവായു ഗര്‍ഭത്തെ നശിപ്പിക്കുന്നു എന്നാണ് മൂഢഗര്‍ഭത്തിന്‍റെ ലക്ഷണം നല്‍കിയിരിക്കുന്നത്.

ജഠരസംക്ഷോഭാദ്വായുരപാനോ മൂഢ: പാര്‍ശ്വബസ്തി-
ശീര്‍ഷോദരയോനിശൂലാനാഹമൂത്രസംഗാനാമന്യതമം ആപാദ്യ
ഗര്‍ഭം ച്യാപയതി തരുണം ശോണിതസ്രാവേന തമേവ
കദാചിത് വിവൃദ്ധം അസമ്യഗാഗതം അപത്യപഥം
അനുപ്രാപ്തം അനിരസ്യമാനം വിഗുണാപാനസംമോഹിതം
ഗര്‍ഭം മൂഢഗര്‍ഭമിത്യാചക്ഷതേ23

വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് ജീവന്‍ നശിച്ച് ഗര്‍ഭപാത്രത്തില്‍ത്തന്നെ തങ്ങി നിന്ന് അമ്മയുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന ഗര്‍ഭാവസ്ഥയാണിതെന്ന് പറയുന്നു. ഗര്‍ഭസ്രാവവും ഗര്‍ഭപാതവും കൂടുതല്‍ ചികിത്സ ആവശ്യമില്ലാത്ത അവസ്ഥകളാണെങ്കില്‍ മൂഢഗര്‍ഭം വൈദ്യന്‍റെ നിരന്തരമായ ഇടപെടലും ശസ്ത്രക്രിയയും ആവശ്യമായ രോഗാവസ്ഥയാണ്. അതിനാല്‍ത്തന്നെ സുശ്രുതസംഹിത നിദാനസ്ഥാനത്തില്‍ മൂഢഗര്‍ഭചികിത്സിതം എന്നൊരു വിസ്തൃതമായ ഭാഗവും കാണുന്നു.

മൂഢഗര്‍ഭത്തിന്‍റെ കാരണങ്ങള്‍: മൂഢഗര്‍ഭം ബാഹ്യമായ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണെന്നാണ് സുശ്രുതസംഹിതയില്‍ കാണുന്നത്. ഈ  ബാഹ്യഇടപെടലുകള്‍ താഴെപ്പറയുന്നവയാണ്. ഗര്‍ഭിണി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്, വാഹനങ്ങളിലെ യാത്ര, മൃഗങ്ങളുടെ മുകളില്‍ കയറിയുളള യാത്ര, കുറേ ദൂരം കാല്‍ നടയായി യാത്ര ചെയ്യുന്നത്, ശരീരത്തിന് ശക്തിയായി ഉലച്ചില്‍ തട്ടുന്നത്, വീഴ്ചകള്‍ ച്ചപീഡനം, ഓട്ടം ച്ചവടികൊണ്ടോ ആയുധംകൊണ്ടോ ഏല്‍ക്കുന്ന പ്രഹരം, വേഗങ്ങളെ തടയുന്നത്, ഗര്‍ഭശാതനം ഇവയെല്ലാം തന്നെ ഗര്‍ഭത്തെ ഗര്‍ഭപാത്രവുമായി ബന്ധിച്ചു നിര്‍ത്തുന്ന പേശികള്‍ അഴഞ്ഞ് ഏറുകൊണ്ട് പഴം ഞെട്ടറ്റു വീഴുന്നതുപോലെ ഗര്‍ഭം അലസിപ്പോകുന്നതിനിടയാക്കുന്നു.24 മരുന്നുപയോഗിച്ച് ഗര്‍ഭം അലസിപ്പിക്കുന്നതും മൂഢഗര്‍ഭത്തിന്‍റെ കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇതിനെയാണ് ഗര്‍ഭശാതനം എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്. 

ഗര്‍ഭശാതനം: 'ഭോഷജേന ഗര്‍ഭപാതനം'- ശസ്ത്രക്രിയക്ക് ഏറെ വെല്ലുവിളികളുയര്‍ത്തുന്നതാണ് മൂഢഗര്‍ഭത്തെ പുറത്തെത്തിക്കുക എന്നത്. യോനിയില്‍ കുടുങ്ങിയിരിക്കുന്ന ശരീരഭാഗങ്ങളെ അതിനനുഗുണമായ പ്രവര്‍ത്തനങ്ങളിലൂടെ പുറത്തെത്തിക്കുമ്പോള്‍ അമ്മക്കും കുട്ടിക്കും തുല്യപ്രാധാന്യം നല്‍കുമെങ്കിലും തന്നേയും അമ്മയേയും ഒരുമിച്ച് ഇല്ലാതാക്കാന്‍ പോകുന്നതാണ് ഭ്രൂണമെന്ന് തെളിഞ്ഞാല്‍ യോനിയില്‍ തടഞ്ഞ ശിരസ്, അര, തോള്‍ എന്നീ ഭാഗങ്ങള്‍ മുറിച്ചുമാറ്റി അമ്മയുടെ ജീവന്‍ സംരക്ഷിക്കണമെന്നാണ് സുശ്രുതസംഹിതയില്‍ കാണുന്നത്. 

3. ഗര്‍ഭിണിക്കു നല്‍കിയിരുന്ന പ്രാധാന്യം

ഗര്‍ഭിണിയെ സൂചിപ്പിക്കാന്‍ പ്രയോഗിക്കുന്ന സംസ്കൃതപദങ്ങള്‍ ആപന്നസത്ത്വാ, ഗുര്‍വ്വിണീ, അന്തര്‍വര്‍ത്നി എന്നിവയാണ്.25 തലമുറയുടെ പുതുനാമ്പിനു ജന്മം കൊടുക്കുന്ന സ്ത്രീക്ക് മറ്റുളളവരെ അപേക്ഷിച്ച് കൂടുതല്‍ സ്ഥാനം സമൂഹത്തില്‍  ലഭിച്ചിരുന്നു. ജനനീ എന്ന പദത്തിന്‍റെ അര്‍ത്ഥം തന്നെ ഇവളില്‍ വംശം ഉത്ഭവിക്കുന്നു എന്നാണ്. ഗര്‍ഭിണിക്ക് ഭക്ഷണം നല്‍കിക്കഴിഞ്ഞേ ഗൃഹനാഥന്‍ ഭക്ഷണം കഴിക്കാവൂ എന്ന് മനുസ്മൃതിയിലും26 യാജ്ഞവല്ക്യസ്മൃതിയിലും, കാണുന്നു. പ്രസവിക്കാത്ത സ്ത്രീയുടെ അന്നം ഭക്ഷിക്കരുതെന്ന നിര്‍ദ്ദേശവും സ്മൃതികളില്‍ കാണാം.27

ഗര്‍ഭത്തിന് വിഘാതം എന്ന് വൈദ്യശാസ്ത്രം വിധിച്ചിരുന്ന കഠിനാധ്വാനം, യാത്ര, മാനസികപിരിമുറുക്കം, ലൈംഗികബന്ധം എന്നിവ സ്ത്രീകള്‍ക്ക് ഒഴിവാക്കാന്‍ സാധിച്ചിരുന്നു. 

4. ദോഹദം എന്ന സങ്കല്പം

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കുണ്ടുകുന്ന ആഗ്രഹത്തെയാണ് ദോഹദമെന്ന് വിളിച്ചിരുന്നത്. കുഞ്ഞിന്‍റെ ഇഷ്ടാനിഷ്ടങ്ങളാണ് ഗര്‍ഭകാലത്തെ അമ്മയുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്ന് ആയുര്‍വ്വേദം പറയുന്നു. അതിനാല്‍ അമ്മയുടെ ഇഷ്ടങ്ങള്‍ സാധിപ്പിച്ചു കൊടുത്തില്ലെങ്കില്‍ കുഞ്ഞ് വൈകല്യങ്ങളോടെ ജനിക്കുമെന്നതിനാല്‍ ആ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു കൊടുക്കേണ്ടത് വൈദ്യന്‍റെ കടമയാണെന്ന് സുശ്രുതസംഹിത ചൂണ്ടിക്കാട്ടുന്നു.28

ഈ ശാസ്ത്രതത്ത്വത്തിന്‍റെ പിന്‍ബലത്തോടെയാണെങ്കിലും അല്ലെങ്കിലും ഗര്‍ഭിണികളായ സ്ത്രീകള്‍ സമൂഹത്തില്‍ പൂര്‍ണ്ണസ്വാതന്ത്ര്യവും ചില പ്രത്യേക അവകാശങ്ങളും അനുഭവിച്ചു വന്നു. ഗര്‍ഭിണിയായിരിക്കെ അവര്‍ ചെയ്യുന്ന എല്ലാ പാതകങ്ങളുടെയും ശിക്ഷ പ്രസവിക്കുന്നതുവരേയും നീട്ടിവെച്ചിരുന്നു.29 ഇതെല്ലാം ചേര്‍ന്ന് ഭാരതത്തില്‍ ഒരു സ്ത്രീ ഏറ്റവും പരിഗണിക്കപ്പെട്ടിരുന്ന കാലം ഗര്‍ഭകാലമാക്കിത്തീര്‍ത്തു.

ശിശുവിനും മാതാവിനും തുല്യപ്രാധാന്യം നല്‍കിവരുന്ന വൈദ്യശാസ്ത്രമാകട്ടെ, ചില പ്രത്യേക അവസരങ്ങളില്‍ ഗര്‍ഭത്തില്‍ വളരുന്ന കുഞ്ഞിനേക്കാള്‍ പ്രാധാന്യം ഗര്‍ഭിണിക്ക് നല്‍കിക്കാണുന്നു. മന്ത്രപ്രയോഗത്താലോ ശസ്ത്രക്രിയയാലോ പ്രസവം അസാധ്യമാകുമ്പോള്‍ മാതാവിന്‍റെ ജീവന് ഹാനികരമെന്ന് തെളിഞ്ഞാല്‍ വൈദ്യന്‍ കുഞ്ഞിനെ നശിപ്പിക്കണമെന്ന് സുശ്രുതസംഹിതയില്‍ കാണുന്നു. ഇവിടെ കാലതാമസമൊഴിവാക്കണമെന്നും സൂചനയുണ്ട്.30 വടികൊണ്ടടിച്ചോ മരുന്നു നല്‍കിയോ ഗര്‍ഭമലസിപ്പിക്കുന്നത് ശിക്ഷാര്‍ഹമെന്നു പറയുന്ന സ്മൃതിഗ്രന്ഥങ്ങളും ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നു.

5. ഗര്‍ഭനിരോധനം

ആര്‍ത്തവചക്രത്തെ ആധാരമാക്കി ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചിരുന്നെങ്കിലും ഗര്‍ഭനിരോധനം എന്ന ആശയം പ്രാചീന ഭാരതത്തില്‍ പ്രാധാന്യം വഹിക്കാത്ത ഒന്നായിരുന്നു. സന്താനങ്ങള്‍ ഈശ്വരന്‍റെ വരദാനമെന്ന് കരുതി സ്വീകരിക്കുന്ന പതിവാണ് ഇവിടെയുണ്ടായിരുന്നത്. അംഗബലം കൂട്ടുന്നത് കുടുംബത്തിന് കെട്ടുറപ്പും പ്രദാനം ചെയ്തു. വലിയ കുടുംബങ്ങള്‍ അങ്ങനെ ഭാരതീയ സമൂഹത്തിന്‍റെ ഭാഗംതന്നെ ആയിത്തീര്‍ന്നു. അതിനാല്‍ത്തന്നെ ഭ്രൂണഹത്യയെക്കുറിച്ച് വിവാഹിതയായ ഒരു സ്ത്രീയോ അവരുടെ കുടുംബമോ ചിന്തിച്ചിരുന്നില്ല. ദാരിദ്ര്യം കൊണ്ട് ഗര്‍ഭഹത്യയിലേക്കു തളളിവിടപ്പെട്ടവരെക്കുറിച്ചും യാതൊരു പരാമര്‍ശവും പ്രാചീന ഭാരതീയഗ്രന്ഥങ്ങളില്‍ കാണുന്നില്ല.

ഇത്തരത്തില്‍ സാമ്പത്തിക കാരണങ്ങള്‍ പ്രാചീനഭാരതത്തില്‍ ഭ്രൂണഹത്യയിലേക്കു നയിച്ചിരുന്നില്ല എന്നു പറയാം. എന്നാല്‍ ചില സാമൂഹിക കാരണങ്ങളാല്‍ ഗര്‍ഭച്ഛിദ്രം നടത്തപ്പെടാനുളള സാദ്ധ്യത നമുക്കു തളളിക്കളയാനാവില്ല. അതിലൊന്നാണ് അവിവാഹിതയായ സ്ത്രീകള്‍ അമ്മമാരാകുന്നത്. പ്രാചീന ഭാരതത്തിലെ അവിവാഹിതരായ അമ്മമാരുടെ സ്ഥാനം നമുക്കൊന്നു പരിശോധിക്കാം.

6. അവിവാഹിതരായ അമ്മമാര്‍

ബഹുഭാര്യാത്വം നിലനിന്നിരുന്ന ഭാരതത്തില്‍ സ്ത്രീ ചാരിത്രശുദ്ധിയുളളവളായിരിക്കണമെന്ന് പല ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും ശഠിക്കുന്നതു കാണാം. രാമായണകഥതന്നെ ചാരിത്രശുദ്ധിയെ അവലംബിച്ചാണ് മുന്നോട്ട്  നീങ്ങുന്നത്. മഹാഭാരതമാകട്ടെ ബഹുഭര്‍തൃത്വം അവലംബിക്കുമ്പോഴും, ഭര്‍ത്താവ് മരണമടഞ്ഞാലോ പുത്രന് ജന്മം നല്‍കുന്നതില്‍ അസമര്‍ത്ഥനാകുമ്പോഴോ ധര്‍മ്മശാസ്ത്രം അനുശാസിക്കുന്ന ഒരാളില്‍ നിന്ന് സന്താനത്തെ ജനിപ്പിക്കാന്‍ സ്ത്രീക്ക് അനുവാദം നല്‍കുമ്പോഴും അവിവാഹിതരായ കന്യകമാര്‍ അമ്മമാരാകുന്നതിനെ ന്യായീകരിക്കുന്നില്ല. ഇതിന് ദൃഷ്ടാന്തമാണ് കുന്തിയുടെ കഥ. മുനി നല്‍കിയ വരത്തിന്‍റെ ശക്തി പരീക്ഷിക്കാന്‍ കൗമാരത്തിന്‍റെ പക്വത പോലുമില്ലാത്ത ആ രാജകുമാരി സൂര്യഭഗവാനെ ധ്യാനിക്കുന്നു. വരത്തിന്‍റെ പ്രഭാവത്താല്‍ സൂര്യഭഗവാന്‍ പ്രത്യക്ഷമാകുമ്പോള്‍ ആ പെണ്‍കുട്ടി തന്‍റെ അപക്വമായ എന്നാല്‍ തിരിച്ചറിവുളള മനസ്സോടെ താന്‍ അവിവാഹിതയായ കന്യകയാണെന്നും, അങ്ങനെയുളള തനിക്ക് ഒരു കുഞ്ഞ് ജനിച്ചാല്‍ അത് ഹിതകരമാവില്ലെന്നും തന്നോട് ക്ഷമിക്കണമെന്നുമാണ് സൂര്യഭഗവാനോട് കേഴുന്നത്. മറുപടിയായി, അമ്മയായതിനു ശേഷവും കന്യകയായിരിക്കാനുളള വരമാണ് സൂര്യന്‍ അവര്‍ക്കു നല്‍കുന്നത്. ഗര്‍ഭഹത്യയെക്കുറിച്ച് ചിന്തിക്കാതെ അനിഷ്ടത്തോടെയെങ്കിലും കുന്തി കുഞ്ഞിന് ജന്മം നല്‍കുന്നു. ഒരുപക്ഷെ പാതകമെന്ന ചിന്തയോ, സൂര്യകോപത്തോടുളള ഭയമോ, ഗര്‍ഭഹത്യയെക്കുറിച്ചുളള അറിവില്ലായ്മയോ, സൂര്യന്‍റെ അനുഗ്രഹത്തോടെ തന്‍റെ ഭാവി സുരക്ഷിതമാണെന്നിരിക്കെ ഒരു കുഞ്ഞിന് ജന്മം നല്‍കാനുളള നിഗൂഢമായ ആഗ്രഹമോ ആകാം കുന്തിയെ ഇതിന് പ്രേരിപ്പിച്ചത്. എങ്കിലും ജനിച്ച ഉടനെ ആ പുത്രനെ ഉപേക്ഷിക്കാനും അവര്‍ തയ്യാറാകുന്നു എന്നാണ് മഹാഭാരതത്തില്‍ കാണുന്നത്.31 

ഇതേ കുന്തി ഭര്‍ത്തൃമതിയായിരിക്കെ മറ്റു ദേവന്മാരില്‍ നിന്ന് മൂന്നു മക്കള്‍ക്ക് ജന്മം നല്‍കി. അവര്‍ പാണ്ഡുവിന്‍റെ തന്നെ പുത്രന്മാരായി കണക്കാക്കപ്പെടുകയും, രാജ്യത്തിന്‍റെ അവകാശികളായിത്തീരുകയും ചെയ്തു. എന്നാല്‍ കുന്തിയുടെ കര്‍ണ്ണനെന്ന ആദ്യപുത്രന്‍ അപമാനത്തിനും പരിഹാസത്തിനും നിരന്തരം പാത്രമായി മൃത്യുവെ പ്രാപിക്കുന്നു. എന്താണിത് സൂചിപ്പിക്കുന്നത്? കന്യകയ്ക്കു ജനിക്കുന്ന പുത്രനും അങ്ങനെ പുത്രനു ജന്മം നല്‍കുന്ന സ്ത്രീയും അവരുടെ കുടുംബാംഗങ്ങളും നിരന്തരമായ സാമൂഹ്യ വിമര്‍ശനത്തിന് അന്നും വിധേയരായിരുന്നു. കുഞ്ഞാകട്ടെ ദുരിതപൂര്‍ണ്ണമായ ജീവിതസാഹചര്യങ്ങളിലേക്ക്  തളളിവിടപ്പെടുന്നു. ഈ അവസരത്തില്‍ ജന്മം നല്‍കുന്നതിന് മുന്‍പേ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനെ നശിപ്പിക്കാന്‍ അമ്മ ശ്രമിച്ചാല്‍ ധാര്‍മ്മികമായി തെറ്റെന്ന് പറയാനാവില്ലെങ്കിലും ഇത്തരത്തിലുളള ഓരോ ഗര്‍ഭച്ഛിദ്രവും സാമൂഹ്യവ്യവസ്ഥിതിക്കെതിരെയുളള കടന്നുകയറ്റം എന്ന നിലയിലും അസാന്മാര്‍ഗികമായ ലൈംഗികതയുടെ ഫലമെന്ന നിലയിലും ശിക്ഷാര്‍ഹമാകുന്നു. അവിഹിതവേഴ്ചയിലൂടെയും വേശ്യാവൃത്തിയിലൂടെയും ഗര്‍ഭിണികളാകുന്നവരാണ് ഗര്‍ഭഹത്യയിലേക്ക് നീങ്ങുന്ന മറ്റൊരു കൂട്ടര്‍.

7. അവിഹിതബന്ധത്തിലൂടെ ഗര്‍ഭിണികളാകുന്നവര്‍

ഏതൊരു സമൂഹത്തിലുമെന്നവണ്ണം പ്രാചീനഭാരതത്തിലും ഇത്തരത്തിലുളള സംഭവങ്ങള്‍ വിരളമായെങ്കിലും കണ്ടെത്താനാകും. ഭര്‍ത്തൃമതിയായിരിക്കെ പരപുരുഷനുമായി ബന്ധം പുലര്‍ത്തുന്നതിനെപ്പറ്റി ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇങ്ങനെയുളള ബ്രാഹ്മണസ്ത്രീയെ അവര്‍ ഗര്‍ഭിണിയല്ലെങ്കില്‍ ഭര്‍ത്താവിന് സ്വീകരിക്കാമെന്നും, ഒരു ആര്‍ത്തവകാലത്തോടെ അവള്‍ ശുദ്ധി കൈവരിക്കും എന്നും സ്മൃതികള്‍ പറയുന്നു. ഗര്‍ഭിണിയെങ്കില്‍ അവളെ ഉപേക്ഷിക്കണമെന്നാണ് ധര്‍മ്മശാസ്ത്രങ്ങള്‍ അനുശാസിക്കുന്നത്. ഇങ്ങനെ ജാരനു ജനിക്കുന്ന കുണ്ഡനെന്നും ഗോളകനെന്നും വിളിക്കപ്പെടുന്ന പുത്രന്മാരെക്കുറിച്ചും അവിടെ പറയുന്നുണ്ട്. ഭര്‍ത്താവ് ജീവിച്ചിരിക്കെ ജാരനു ജനിക്കുന്ന പുത്രനാണ് കുണ്ഡനെങ്കില്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷം ജാരനു ജനിക്കുന്ന പുത്രനാണ് ഗോളകന്‍.32 അവിഹിത ബന്ധങ്ങള്‍ ഗര്‍ഭധാരണത്തിലേക്കു നയിക്കുമെന്നുളളതിനാലാണ് സ്മൃതിഗ്രന്ഥങ്ങള്‍ അതിനായുളള നിയമനിര്‍മ്മാണം നടത്തിയിരുന്നതെന്ന് മനസ്സിലാക്കാം. പഞ്ചതന്ത്രത്തില്‍ ഇതിനെ സൂചിപ്പിക്കുന്ന ഒരു ശ്ലോകം കാണാന്‍ സാധിക്കും.

അഗമ്യാന്‍ യ: പുമാന്‍ യാതി അസേവ്യാംശ്ച നിഷേവതേ
സ മൃത്യുമുപഗൃഹ്ണാതി ഗര്‍ഭമശ്വതരീ യഥാ.33

8. ഗര്‍ഭിണികളാകുന്ന ഗണികകള്‍

വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിച്ചിരുന്ന പ്രാചീന ഭാരതീയ സമൂഹം അവിവാഹിതരായ അമ്മമാരേക്കാളും, ജാരസംസര്‍ഗ്ഗം നടത്തുന്ന വിവാഹിതകളേക്കാളും, സ്ഥാനവും ആദരവും ഗണികകള്‍ക്കു നല്‍കുന്നു. 64 സുകുമാരകലകള്‍ അഭ്യസിച്ച് സമൂഹത്തിന്‍റെ ലൈംഗീകതൃഷ്ണ ശമിപ്പിക്കാനായി നിയോഗിക്കപ്പെടുന്ന ഇവര്‍ ഗര്‍ഭം ധരിച്ചാല്‍ അതും രാജ്യത്തിന്‍റെ ഉത്തരവാദിത്തമെന്നാണ് ഗണിക്കപ്പെട്ടിരുന്നത്. ഗണികകളുടെ പുത്രന് 1200 പണം രാജഭണ്ഡാരത്തില്‍നിന്നനുവദിച്ചിരുന്നു. പെണ്‍മക്കള്‍ക്ക് സുരക്ഷിതത്വവും ആണ്‍മക്കള്‍ക്ക് നടനവൃത്തിയും കല്പിച്ചു നല്‍കിവന്നിരുന്നു.34 ഈ സൗകര്യങ്ങളുള്ളപ്പോള്‍ ഗണികകള്‍ ഭ്രൂണഹത്യക്കു മുതിരുക എന്നത് അസംഭവ്യം തന്നെയാകും. ഇനി ഗണികകള്‍ക്ക് കുഞ്ഞുങ്ങള്‍ പാടില്ല എന്നാണെങ്കില്‍ അവര്‍ ഗ്രഹിക്കേണ്ടതായ കലകളുടെ കൂട്ടത്തില്‍ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളും ഭ്രൂണഹത്യാ വിധികളും ഉള്‍പ്പെടേണ്ടതായിരുന്നു. ഇതില്‍ നിന്നും, പ്രാചീനസമൂഹത്തില്‍ വേശ്യാവൃത്തി ഭ്രൂണഹത്യയിലേക്കു നയിച്ചിരുന്നില്ല എന്നു മനസ്സിലാക്കാം.  ഇതെല്ലാം കൂടാതെ വിവാഹത്തേയും സന്താനങ്ങളേയും സംബന്ധിക്കുന്ന ചില പ്രത്യേക നിയമങ്ങള്‍ ഗര്‍ഭഹത്യയുടെ സാധ്യത കുറക്കുന്നതായി കാണാം. അവയൊന്നു പരിശോധിക്കാം.

വിവാഹനിയമങ്ങള്‍

ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രജാപത്യം, ആസുരം, ഗാന്ധര്‍വ്വം, രാക്ഷസം, പിശാചം ഇങ്ങനെ എട്ടുതരത്തിലുള്ള വിവാഹങ്ങള്‍ക്ക് പണ്ട് നിയമസാധുതയുണ്ടായിരുന്നു. ഇതിലൂടെ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കുന്നത് സ്ത്രീയും പുരുഷനുമായി സമൂഹം അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന എല്ലാ ബന്ധങ്ങളേയും അംഗീകരിക്കുകയാണ്. കന്യകയും വരനും നിശ്ചയിച്ച് ഉണ്ടാകുന്ന ബന്ധങ്ങളേയും, സ്വബോധത്തിലല്ലാത്ത കന്യകയെ ബലം പ്രയോഗിച്ച് സ്വന്തമാക്കുന്നതിനേയും വിവാഹമായി അംഗീകരിക്കുകവഴി ജനിക്കുന്ന കുട്ടികള്‍ അച്ഛനെന്ന തണലില്‍ത്തന്നെ കഴിയണമെന്ന സമൂഹത്തിന്‍റെ നിര്‍ബന്ധം വെളിവാകുന്നു. 

പുത്രന്മാര്‍ - എല്ലാത്തരം വിവാഹബന്ധങ്ങള്‍ക്കും നിയമസാധുത നല്‍കുക മാത്രമല്ല ഈ വിവാഹബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കായി നിയമനിര്‍മ്മാണം നടത്തിയിരുന്നതായും നമുക്കു കാണാന്‍ സാധിക്കും. അര്‍ത്ഥശാസ്ത്രപ്രകാരം പുത്രന്മാര്‍ പതിനൊന്നുതരമാണ്. അവരേതെല്ലാമെന്ന് താഴെപ്പറയുന്നു.35

* ഭാര്യയില്‍ ഭര്‍ത്താവിന് ജനിച്ച പുത്രന്‍ - ഔരസപുത്രന്‍
* ഭര്‍ത്താവ് നിയോഗിച്ച ഒരു വ്യക്തിക്ക് ഭാര്യയില്‍ ജനിച്ച പുത്രന്‍- ക്ഷേത്രജന്‍
* ബന്ധുക്കളുടെ വീട്ടില്‍ രഹസ്യമായി ജന്മമെടുത്ത പുത്രന്‍- ഗൂഢജന്‍
* മാതാപിതാക്കളുപേക്ഷിച്ച പുത്രനെ അപവിദ്ധന്‍ എന്നു പറയുന്നു
* കന്യകയുടെ പുത്രന്‍ - കാനീനന്‍36
* ഗര്‍ഭിണിയായിരിക്കെ വിവാഹിതയായവള്‍ക്ക് ജനിക്കുന്നപുത്രന്‍ - സഹോഢന്‍ 
* പുനര്‍വിവാഹം ചെയ്തവള്‍ക്കു ജനിക്കുന്ന പുത്രന്‍-പൗനര്‍ഭവന്‍
* ജലം കൊടുത്ത് അച്ഛനമ്മമാര്‍ ദാനം നല്‍കിയ പുത്രന്‍-ദത്തന്‍
* സ്വമേധയാലോ ബന്ധുക്കളുടെ പ്രേരണയാലോ പുത്രനെന്ന മട്ടില്‍ സമീപിക്കുന്നവന്‍-ഉപഗതന്‍.
* പുത്രനെന്ന അധികാരം നല്‍കപ്പെട്ടവന്‍-കൃതകന്‍
* പണം നല്‍കി വാങ്ങിയവന്‍-ക്രീതന്‍.

ഇവര്‍ക്കെല്ലാം സ്വത്തില്‍ നിയതമായ അംശം മാറ്റിവെക്കണമെന്നും അര്‍ത്ഥശാസ്ത്രം അനുശാസിക്കുന്നു. ഇതില്‍നിന്നെല്ലാം, അവിഹിതബന്ധങ്ങളിലൂടെ കുട്ടികള്‍ ജനിക്കുന്നത് നിയമാനുസൃതമാക്കുകയും അതിലൂടെ ഭ്രൂണഹത്യ തടയുകയുമാണ് ലക്ഷ്യമാക്കുന്നത്.

9. പെണ്‍ ഭ്രൂണഹത്യ

ഭ്രൂണഹത്യയുടെ വ്യാപകമായ ഒരു കാരണമാണ് ഗര്‍ഭത്തില്‍ വളരുന്നത് പെണ്‍കുഞ്ഞാണെന്ന അറിവ്. ജനനം മുതല്‍ ഒരു പെണ്‍കുഞ്ഞിന്‍റെ സംരക്ഷണം അച്ഛനമ്മമാര്‍ക്ക് ഭാരിച്ച ഉത്തരവാദിത്ത്വമാണ്. ഈ വികാരം പഞ്ചതന്ത്രത്തിലെ ഒരു ശ്ലോകത്തിലിങ്ങനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

ജാതേതി കന്യാ മഹതീ ഹി ചിന്താ കസ്മൈ 
പ്രദേയേതി മഹാന്‍ വിതര്‍ക്ക:
ദതതാ സുഖം യാസ്യതി വാ നവേതി 
കന്യാപിതൃത്ത്വം ഖലു നാമ കഷ്ടം37

എങ്കിലും പെണ്‍കുഞ്ഞെന്നറിഞ്ഞ് ഗര്‍ഭത്തെ നശിപ്പിക്കാന്‍ പ്രാചീനഭാരതീയര്‍ തയ്യാറായിരുന്നില്ല. പുത്രന്‍റെ  അഭാവത്തില്‍ സ്വത്തവകാശം പുത്രിയുടെ മകന് നല്‍കിയിരുന്നു. ബലിയിടാനുള്ള അവകാശവും ഇവര്‍ രണ്ടുപേര്‍ക്കും തുല്യമാണ്. മഹാഭാരതത്തിന്‍റെ ശാന്തിപര്‍വ്വത്തില്‍ ഭീഷ്മര്‍ യുധിഷ്ഠിരനെ ഇങ്ങനെ ഉപദേശിക്കുന്നു.

'പുത്രവദ്ധി പിതുസ്തസ്യ കന്യാ ഭവിതുമര്‍ഹതി'38

ആത്മാവുതന്നെയാണ് പുത്രനെന്നും, പുത്രനു തുല്യയാണ് പുത്രിയെന്നും ഇവിടെ കാണാം.'39 കൂടാതെ സ്ത്രീക്ക് പ്രാധാന്യം നല്‍കിയിരുന്ന ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും മാതൃപൂജയുടെ പാരമ്പര്യവുമെല്ലാം സ്ത്രീകള്‍ക്ക് പരിമിതമെങ്കിലും മതിയായ സംരക്ഷണം നല്‍കുന്നതിന് ഹേതുവായി. ഇതില്‍ നിന്നും ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്ന അറിവ് ഭാരതീയരെ ഭ്രൂണഹത്യയിലേക്ക് നയിച്ചിരുന്നില്ല എന്നു തെളിയുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ലിംഗത്തെക്കുറിച്ച് മുന്‍കൂട്ടി ശാസ്ത്രീയമായി അറിയാനുള്ള മാര്‍ഗ്ഗങ്ങളുടെ അഭാവവും ഇവിടെ ശ്രദ്ധേയമാണ്.

10. ഗര്‍ഭച്ഛിദ്രവും ധര്‍മ്മശാസ്ത്രങ്ങളും

ആയുധങ്ങള്‍കൊണ്ട് പ്രഹരിച്ച് ഗര്‍ഭമലസിപ്പിക്കുന്നതിന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്ന് യാജ്ഞവല്കൃസ്മൃതി പറയുന്നു.40 ദാസിയുടെ ഗര്‍ഭമലസിപ്പിക്കുന്നവന് നൂറു പണമാണ് പിഴ വിധിച്ചിരുന്നത്. അര്‍ത്ഥശാസ്ത്രവും ഭ്രൂണഹത്യക്ക് ശിക്ഷ വിധിക്കുന്നു. ഭ്രൂണഹത്യ മര്‍ദ്ദനത്തിലൂടെയാണ് നടത്തുന്നതെങ്കില്‍ ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നും, മരുന്നുകളിലൂടെയാണ് നടത്തുന്നതെങ്കില്‍ മധ്യമശിക്ഷയും നല്‍കണമെന്നുമാണിവിടെ കാണുന്നത്.41 ഇങ്ങനെ പ്രാചീനഭാരതത്തില്‍ ഗര്‍ഭമലസിപ്പിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായിരുന്നെന്ന് തെളിയുന്നു.

11. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട അറിവുകള്‍

ഭ്രൂണവളര്‍ച്ചയെക്കുറിച്ച് കൃത്യമായ അറിവുകളുള്ള ഈ ശാസ്ത്രയുഗത്തില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ശാസ്ത്രീയവശങ്ങള്‍ ആരോഗ്യശാസ്ത്രത്തിന്‍റെ അതിപ്രധാന ഭാഗമായിത്തന്നെ കണക്കാക്കപ്പെട്ടുവരുന്നു. എന്നാല്‍ പ്രാചീന ഭാരതത്തിലെ പ്രമുഖ ആരോഗ്യശാസ്ത്രഗ്രന്ഥങ്ങളെല്ലാം മരുന്നുകളിലൂടെ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് സൂചിപ്പിക്കുന്നുവെങ്കിലും അതിനുള്ള ഒറ്റമൂലികളോ പ്രത്യേക ഔഷധക്കൂട്ടുകളോ നിര്‍ദ്ദേശിച്ചു കാണുന്നില്ല. സുശ്രുതസംഹിതയില്‍ മൂഢഗര്‍ഭത്തെ ആയുധമുപയോഗിച്ച് എങ്ങനെ നിവാരണം ചെയ്യാം എന്നു പറയുമ്പോഴും ഗര്‍ഭത്തിന് ഹാനികരമായ മരുന്നുകളൊന്നുംതന്നെ ആചാര്യന്‍ പറഞ്ഞുകാണുന്നില്ല. അതായത് സമൂഹത്തിന് മൊത്തമായി ഉപകരിച്ചിരുന്ന ഒരു വൈദ്യശാസ്ത്രഗ്രന്ഥവും, ദുരുപയോഗം ഉണ്ടാകും എന്ന മുന്‍കരുതലിനാലോ, വിലക്കപ്പെട്ട ജ്ഞാനം എന്ന നിലയിലോ ഗര്‍ഭച്ഛിദ്രത്തിനായുള്ള മരുന്നുകളെക്കുറിച്ച് പരാമര്‍ശിക്കാതെ പോകുന്നു. എന്നാല്‍ ഈ അറിവുകള്‍ സമൂഹത്തില്‍ നിലനിന്നിരുന്നു എന്നതിന് മതിയായ തെളിവുകള്‍ വൈദ്യനിഘണ്ടുക്കളില്‍നിന്ന് ലഭ്യമാണുതാനും. മേന്തോന്നി എന്ന സസ്യം ഗര്‍ഭപാതിനി, ഗര്‍ഭനുത് എന്നെല്ലാം അറിയപ്പെട്ടിരുന്നു എന്നും ചെമ്മുരിങ്ങക്കും ഉറുഞ്ചിക്കും ഗര്‍ഭപാതകം എന്നു പേരുണ്ടെന്നും, ഈന്തപ്പന ഗര്‍ഭസ്രാവാ എന്നറിയപ്പെടുന്നുവെന്നും ആയുര്‍വ്വേദവിശ്വകോശം സാക്ഷ്യപ്പെടുത്തുന്നു. ഇതുപോലെ വിഷമുള്ള പല സസ്യങ്ങള്‍ക്കും ഗര്‍ഭത്തെ നശിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. വിഷസസസ്യങ്ങള്‍42 എന്ന ഗ്രന്ഥത്തില്‍ ഡോ.ഏ.നളിനാക്ഷന്‍ ഇവയെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ഇതില്‍ അരളി, ഇലക്കള്ളി, കൊടുവേലി, ചതുരക്കള്ളി, മലങ്കാര, മേന്തോന്നി എന്നിവ കുറ്റകരമായ ഗര്‍ഭച്ഛിദ്രത്തിനായുപയോഗിച്ചുവരുന്നവയെന്ന് സൂചിപ്പിക്കപ്പെട്ടിരുന്നു. അരളിയുടെ ഇത്തരം പ്രയോഗങ്ങള്‍ മരണത്തിലേക്കു നയിക്കുമെന്ന വിവരവും ഇവിടെ കാണുന്നുണ്ട്. ആത്തയുടെ വിത്തിന്‍റെ ചൂര്‍ണ്ണം, എരിക്കിന്‍റെ കറ എന്നിവ ഗര്‍ഭാശയമുഖത്ത് തേച്ചാല്‍ ഗര്‍ഭസ്രാവമുണ്ടാകും. തിരക്കള്ളിയുടെ ഇളം തണ്ടുകള്‍ ഗര്‍ഭാശയമുഖത്തേക്ക് കടത്തിവെച്ചാല്‍ ഗര്‍ഭച്ഛിദ്രം നടക്കും. ഈ മരുന്നുകളുടെ ഉപയോഗവും ഇതിന്‍റെ ശാസ്ത്രീയതയും ഒന്നുംതന്നെ എഴുതി സൂക്ഷിച്ചതായി അറിവില്ല. ഒരു പക്ഷെ വയറ്റാട്ടിമാരും മറ്റു സ്ത്രീകളും മാത്രം വാമൊഴിയായി സൂക്ഷിച്ചുവന്നതായിരിക്കാം ഈ അറിവ്. ഇന്നും നാട്ടിന്‍പുറങ്ങളില്‍ ഇത്തരം പ്രയോഗങ്ങള്‍ അശാസ്ത്രീയമെങ്കിലും നടത്തപ്പെടുന്നുണ്ട്.43 കറയുള്ള പപ്പായ, പഴുക്കാത്ത കൈതച്ചക്ക തുടങ്ങിയവക്ക് ഗര്‍ഭച്ഛിദ്രമുണ്ടാക്കാനുള്ള കഴിവുണ്ടെന്നത് പരക്കെ സ്വീകരിക്കപ്പെടുന്ന സത്യമാണ്. ഇതുകൂടാതെ എീൃലിശെര ങലറശരശില പല മരുന്നുകളും ഗര്‍ഭസ്ഥശിശുവിന് ഹാനികരമെന്ന് വിലയിരുത്തുന്നു. ഇതെല്ലാംതന്നെ സമൂഹത്തിന്‍റെ ശ്രദ്ധയില്‍പെടേണ്ടവതന്നെയാണ്.

ഉപസംഹാരം

മുകളില്‍ നല്‍കിയ വിവരങ്ങളില്‍നിന്ന്, മറ്റേതു ദേശത്തേയും പോലെ ഭാരതവും നിര്‍ബന്ധിതമായ ഗര്‍ഭച്ഛിദ്രം ഒരു വിപത്തായി അംഗീകരിച്ചിരുന്നു എന്ന് മനസ്സിലാക്കാം. കാലാനുസൃതമായി, ഗര്‍ഭച്ഛിദ്രത്തെ ചെറുക്കാനായി നിയമനിര്‍മ്മാണം നടത്തിയിരുന്നതായി നമുക്കു കാണാന്‍ സാധിക്കും. സമൂഹത്തില്‍ നിന്ന് ഒരു വ്യക്തിയും ബഹിഷ്കൃതനാകരുതെന്ന ഒരു നിശ്ചയം പ്രാചീനഭാരതത്തിലെ നിയമസംഹിതയില്‍ കണ്ടെത്താനാകും. എങ്കിലും നിയമനിര്‍മ്മാണംകൊണ്ട് തടയാനാവാത്ത ഒരു കുറ്റമായി ഗര്‍ഭഹത്യ സമൂഹത്തില്‍ നിലനിന്നിരുന്നു എന്നുവേണം പറയാന്‍. സ്വാഭാവികമായ ഗര്‍ഭച്ഛിദ്രത്തെ തടയാന്‍ അക്കാലത്തെ ആരോഗ്യരംഗം ശക്തമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. പ്രാചീനകാലത്ത് ഈ വിപത്തിനെതിരെ കൈക്കൊണ്ടിരുന്ന നിയമപരവും, ധാര്‍മ്മികവുമായ നടപടികള്‍തന്നെയാകും ആധുനികഭാരതത്തില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരായി ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് ഊര്‍ജ്ജം നല്‍കിയത്. 1941ല്‍ ഇന്ത്യയില്‍ Medical Fermination of Pregnancy Act നിലവില്‍ വന്നു. ഇതു പ്രകാരം അമ്മയുടേയോ കുഞ്ഞിന്‍റേയോ അനാരോഗ്യം മൂലമോ, ബലാത്സംഗംമൂലം ഗര്‍ഭിണിയായതിനാലോ, മറ്റ് അനുവദനീയമായ സാമൂഹ്യസാമ്പത്തികസാഹചര്യങ്ങളാലോ ഗവണ്‍മെന്‍റംഗീകരിച്ച ചികിത്സകരുടെ സഹായത്തോടെ ഗര്‍ഭച്ഛിദ്രം നടത്താവുന്നതാണ്. എന്നാല്‍ ഇതിന്‍റെ സാമ്പത്തികഭാരം കണക്കിലെടുത്തും, ഒഴിവാക്കാനാവാത്ത സാമൂഹിക ചുറ്റുപാടുകളാലും ഇന്നും അസംഖ്യം കുരുന്നുജീവനുകള്‍ സ്പന്ദിച്ചു തുടങ്ങും മുന്‍പേ നിലയ്ക്കപ്പെടുന്നു.

കുറിപ്പുകള്‍:

1. വിശ്വവിജഞാനകോശം, ഢീഹ. 6. ജ.61.
പി.എസ്.ശങ്കര്‍ (എഡി), ന്യൂ മെഡിക്കല്‍ ഡിക്ഷ്ണറി, p.2
നാന്‍സി റോപ്പര്‍, പോക്കറ്റ് മെഡിക്കല്‍ ഡിക്ഷ്ണറി p.1
2. On Abortion and the Moral Status of the Unborn (P.63) എന്ന തന്‍റെ കൃതിയില്‍   Julius J.Lipner ഭ്രൂണഹത്യ, ഗര്‍ഭസ്രാവം എന്നീ പദങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ History of Dharmasastra എന്ന ഗ്രന്ഥത്തില്‍ P.V. Kane, abortion എന്ന ഒറ്റപ്പദം കൊണ്ട് ഈ രണ്ടുപദങ്ങളെയും സൂചിപ്പിക്കുന്നതായി പറയുന്നുണ്ട്. ഗര്‍ഭസ്രാവത്തിന് ാശരെമൃൃശമഴല എന്നാണ് പ്രയോഗിക്കേണ്ടിയിരുന്നതെന്നൊരു തിരുത്തും ലേഖകന്‍ നല്‍കുന്നുണ്ട്. എന്നാല്‍ ശ്രീ.കാണെയുടെ പ്രയോഗം ശാസ്ത്രീയമായി ശരിയെന്നാണ് കാണാന്‍ കഴിയുന്നത്.. Miscarriage  The lay term for an abortion. Nancy Roper, Pocket Medical Dictionary, P.309
3. അഥര്‍വവ്വേദം. 20.96.13, 20.96.15
4. രാമായണം, ബാലകാണ്ഡം, 46,1723, p.64
നിദ്രയാപഹൃതാ ദേവീ പാദൗ കൃതാരഥ ശീര്‍ഷത:
ദൃഷ്ട്വാ താമശുചിം ശക്ര: പാദയോ: കൃതമൂര്‍ധജാം
ശിര:സ്ഥാനേ കൃതൗ പാദൗ ജഹാസ ച മുമോദ ച - 17
തസ്യാ: ശരീരവിവരം പ്രവിവേശ പുരംദര:
ഗര്‍ഭം ച സപ്തധാ രാമ വിച്ഛേദ പരമാത്മവാന്‍ -18
5. ibid,70,37.  ജ.91
സപത്ന്യാ തു ഗരസ്തസ്മൈ ദത്തോ ഗര്‍ഭജിഘാംസയാ
സഹ തേന ഗരേണൈവ സംജാത: സംഗരോ ന്മ ഭവത്.37
6. ചരകസംഹിത
ഗരസംയോഗജം ചാന്യദ്ഗരസംജ്ഞം ഗദപ്രദം
കാലാന്തവിപാകിത്വാന്ന തദാശു ഹരത്യസൂന്‍
7. മഹാഭാരതം,1 ജ.79
8. ibid P.336
9. ibid, സൗപ്തികപര്‍വ്വം, 16. 704705
10. രൂപ് കിഷോര്‍ ശാസ്ത്രി (et.al) (Ed). ദയാനന്ദനിരുക്തിവ്യുത്പത്തികോഷ:ു.88.
യോ ഗൃഹ്ണാതി സ: - ഋഗ്വേദം
ഗൃയതേ സിച്യതേ, ഗൃഹ്യതേ വാ സ ഗര്‍ഭ: - യജുര്‍വ്വേദം - 8
യോ ഗീര്‍യതേ സ്വീക്രിയതേ സ: - യജുര്‍വ്വേദം 11/43
യോ അനര്‍ത്ഥാന്‍ ഗിരതി വിനശ്യതി സ: - യജുര്‍വ്വേദം 12/37
യോ ഗൃഹ്യതേ സ: - യജുര്‍വ്വേദം 19/76
ഗിരതി ഗൃഹ്ണാത്യുപദിശതീതി ഗര്‍ഭ: ജഠരം തത്രസ്ഥോ
വാ-ഉണാദികോശം 3/152
11. സുശ്രുതസംഹിത, ശരീരസ്ഥാനം, 3,298
12. ദയാനന്ദനിരുക്തികോശഃ ജ138
പുന്നാമ്നോ വൃദ്ധാവസ്ഥാജന്യദു:ഖാദ് ത്രായതേ സ:
പുനീതേ പവിത്രം കരോതി ഇതി പുത്ര:
മനുസ്മൃതി 9. ജ.138
പുന്നാമ്നോ നരകാദ്യസ്മാത്ത്രായതേ പിതരം സുത:
തസ്മാത്പുത്ര ഇതി പ്രോക്ത: സ്വയമേവ സ്വയംഭുവാ
13. സുശ്രുതസംഹിത, ശരീരസ്ഥാനം 3,4
14. അംഗാദംഗാദ്സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സ ജീവ ശരദ: ശതം - നിരുക്തം, 3,4
15. ഉത്തരരാമചരിതം, 3,17
അന്ത:കരണതത്ത്വസ്യ ദമ്പത്യോ: സ്നേഹസംശ്രയാദ്
ആനന്ദഗ്രന്ഥിരേ കോ..യമപത്യമിതി പഠ്യതേ
16. സുശ്രുതസംഹിത, ശാരീരസ്ഥാനം, മൂന്നാമദ്ധ്യായം, 28
17. ഗര്‍ഭോപനിഷത്ത്
ഋതുകാലേ സംപ്രയോഗാദേകരാത്രോഷിതം കലലാ ഭവതി. സപ്തരാത്രോഷിതം ബുദ്ബുദം ഭവതി. അര്‍ദ്ധമാസാഭ്യന്തരേ പിണ്ഡോ ഭവതി, മാസാഭ്യന്തരേ കഠിനോ ഭവതി. മാസദ്വയേന ശിര: സംപദ്യതേ മാസത്രയേണ പാദപ്രദേശോഭവതി അഥ ചതുര്‍ത്ഥേ മാസേ ഗുല്‍ഫജഠര കടിപ്രദേശാ: ഭവന്തി. പഞ്ചമേ മാസേ പൃഷ്ഠവംശോ ഭവന്തി. ഷഷ്ഠേ മാസേ മുഖനാസികസ്ഥിശ്രോത്രാണി ഭവന്തി. സപ്തമേ മാസേ ജീവനേ സംയുക്തോ ഭവതി. അഷ്ടമേ മാസേ സര്‍വ്വ ലക്ഷണ സംപൂര്‍ണ്ണോ ഭവതി.
18. സുശ്രുതസംഹിത, നിദാനസ്ഥാനം, 8,9 ജ.300
19. മനുസ്മൃതി 5,66, 11 ജ. 253
രാത്രിഭിര്‍മാസതുല്യാഭിര്‍ഗര്‍ഭസ്രാവേ വിശുദ്ധ്യതി
രജസ്യുപരതേ സാധ്വി സ്നാനേന സ്ത്രീ രജസ്വലാ.
20. സുശ്രുതസംഹിത, നിദാനസ്ഥാനം, 9 10 . ജ.300
21. ഡല്‍ഹണ: സുശ്രുതസംഹിത, നിദാനസ്ഥാനം, 8-ാമദ്ധ്യായം ജ.299
മൂഢശ്ചാസൗ ഗര്‍ഭശ്ചേതി മൂഢഗര്‍ഭ: മൂഢോ വ്യാസക്തഗതി: വിമാര്‍ഗഗാമീ
22. സുശ്രുതസംഹിത, നിദാനസ്ഥാനം, 8-ാമദ്ധ്യായം ജ.299
23. സുശ്രുതസംഹിത, നിദാനസ്ഥാനം, 8-ാമദ്ധ്യായം ജ.299
24. അമരകോശം, മനുഷ്യവര്‍ഗ്ഗം, ജ.521
25. മനുസ്മൃതി 3, 144, ജ.128
26. യാജ്ഞവല്‍ക്യസ്മൃതി 1, 105, ജ.42
27. യാജ്ഞവല്‍ക്യസ്മൃതി 1, 164, ജ.58
28. സുശ്രുതസംഹിത, ശരീരസ്ഥാനം, 3.18, ജ.252
29. യാജ്ഞവല്‍ക്വസ്മൃതി 2,278, 279, ജ.225
30. സുശ്രുതസംഹിത, ചികിത്സാസ്ഥാനം, പതിനഞ്ചാമദ്ധ്യായം,10,11 ജ.562
31. ഉത്സസര്‍ജ കുമാരം തം ജലേ കുന്തീ മഹാബലം - മഹാഭാരതം ക. ജ.329
32. അമരകോശം, മനുഷ്യവര്‍ഗം, p.540
33. പഞ്ചതന്ത്രം, മിത്രഭേദ: 401,p.167
കൗടിലീയം അര്‍ത്ഥശാസ്ത്രം, പ്രകരണം 43, 27-ാം അദ്ധ്യായം, ഗണികാദ്ധ്യക്ഷ: ദ്വാദശസഹസ്രോ ഗണികാപുത്രസ്യ ജ.245
34. ibid
ഗണികാപുത്രാന്‍ രംഗോപജീവിനശ്ച മുഖ്യാന്‍
നിഷ്പാദയേയു: സര്‍വതാലാവചരാണാം ച ജ.248
35. കൗടിലീയം അര്‍ത്ഥശാസ്ത്രം, പ്രകരണം : 63, ഏഴാമദ്ധ്യായം, പുത്രവിഭാഗ:
36. മനുസ്മൃതി 9, 172
പിതൃവേശ്മനി കന്യാ തു യം പുത്രം ജനയേദ്രഹ: 
തം കാനീനം വദേന്നാമ്ന വോഢു: കന്യാസമുദ്ഭവം
37. പഞ്ചതന്ത്രം, മിത്രഭേദം, 222, p.82
38. മഹാഭാരതം, അനുശാസനപര്‍വ്വം, 45. 10. p.209
39. ibid P.209
യഥൈവാത്മ തഥാ പുത്ര: പുത്രേണ ദുഹിതാസമാ - 11
40. യാജ്ഞാവല്‍ക്യസ്മൃതി 2.277
ശാസ്ത്രാവപാതേ ഗര്‍ഭസ്യ പാതനേ ചോത്തമോ ദമ:
ദാസീഗര്‍ഭവിനാശകൃത്.....ദശദണ്ഡഭാക്, 2.236, 237
41. അര്‍ത്ഥശാസ്ത്രം, 4,11,6, p.283
42. നളിനിനാക്ഷന്‍,   വിഷസസ്യങ്ങള്‍ 
43. Reddy, K.S Narayanan. The Essentials of Forensic Medicine and Toxicology, P.335, 336

ഗ്രന്ഥസൂചി:

അമരസിംഹന്‍. (1995) അമരകോശഃ. വരാണാസി: ചൗഖമ്ബാ വിദ്യാഭവന്‍.
ദത്ത്, എം.എന്‍. (2008) മഹാഭാരതം, ഡല്‍ഹി: പരിമള്‍ പബ്ലിക്കേഷന്‍സ.്
ഭവഭൂതി, (1973) ഉത്തരരാമചരിതം. വാരണാസി: ചൗഖമ്ബാ സാന്‍സ്ക്രിറ്റ് സീരീസ് ഓഫീസ്.
യാജ്ഞവല്‍ക്യന്‍. (2002) യാജ്ഞവല്‍ക്യസ്മൃതി, തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ് കേരളസര്‍ക്കാര്‍.
രാമചന്ദ്രന്‍, സി.കെ. (2009) അഥര്‍വവേദഭൈഷജ്യം, തൃശ്ശൂര്‍: മാതൃഭൂമി പ്രിന്‍റിങ് ആന്‍റ് പബ്ലിഷിംഗ് കമ്പനി.
രാമവാര്യര്‍, കൈക്കുളങ്ങര, ആരോഗ്യകല്‍പദ്രുമം, കൊല്ലം: എസ്.ടി.റെഡ്യാര്‍ ആന്‍റ് സണ്‍സ.്
വള്ളത്തോള്‍, ആരോഗ്യചിന്താമണി, ചെറുതുരുത്തി: വള്ളത്തോള്‍ പ്രസ്സ്.
വിശ്വവിജ്ഞാനകോശം. (1989) നാഷണല്‍ ബുക്ക്സ് സ്റ്റോള്‍.
വിസരിയ, ലീല. (2007) അബോര്‍ഷന്‍ ഇന്‍ ഇന്ത്യ, ഗ്രൗണ്ട് റിയാലിറ്റി, ലണ്ടന്‍, റൗട്ലെഡ്ജ് ടൈലര്‍ ആന്‍റ് ഫ്രാന്‍സിസ് ഗ്രൂപ്പ്.
ശങ്കര്‍ പി എസ്. (2004) ന്യൂ മെഡിക്കല്‍ ഡിക്ഷണറി, ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ആന്‍റ് ഐ.ബി.എച്ച് പബ്ലിഷിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്.
ശാസ്ത്രി, രൂപ്കിഷോര്‍. (എഡി) (2003) ദയാനന്ദനിരുക്തിവ്യുത്പത്തികോശഃ, ഡല്‍ഹി: ദി ഗുരുകുല്‍ വൃന്ദാവന്‍ സ്നാതക് ശോധ് സംസ്ഥാന്‍.
സുശ്രുത. (1998) സുശ്രുതസംഹിത, വാരണാസി: കൃഷ്ണദാസ് അക്കാദമി.
റോപ്പര്‍, നാന്‍സി. (1967) പോക്കറ്റ് മെഡിക്കല്‍ ഡിക്ഷണറി, ലണ്ടന്‍: ദി ഇംഗ്ലീഷ് ലാംഗ്വേജ് ബുക്ക് സൊസൈറ്റി.
റെഡി, കെ.എസ്.നാരായണ്‍. (1987) ദി എസന്‍ഷ്യല്‍ ഓഫ് ഫോറന്‍സിക് മെഡിസിന്‍ ആന്‍റ് ടോക്സികോളജി, ഹൈദരാബാദ്, കെ സുഗുണാദേവി.
ഡോ.അജിത ടി.എസ്
അസോ.പ്രൊഫ.സംസ്കൃതവിഭാഗം
ശ്രീ.സി.അച്യുതമേനോന്‍ ഗവ.കോളേജ്
തൃശ്ശൂര്‍
Pin: 680014
Email. ajithats@gmail.com 
Ph: +91 9446146214
ORCID 0000-0002-6446-5291