Conceptual Metaphors and Language Performativity of the Market

Cibil  Sunny
Dr. Bennichen Scaria

Cognitive linguistics is an interdisciplinary branch of linguistics combining knowledge and research from cognitive science, cognitive psychology, neuroscience and language. Cognitive linguistics offers a scientific first principle direction for quantifying states-of-mind through natural language processing. In cognitive linguistics, metaphor is a tool that enables people to use what they know about their direct physical and social experiences to understand more about work, time, mental activity, feelings etc. George Lakoff is a scholar who has made an authoritative study of metaphor.  He gives the term conceptual metaphor to refer metaphor. Conceptual metaphors are common in our day to day language performance.  In this study conceptual metaphors and language performance of the market and commerce are analyzed.

Keywords: Cognitive linguistics, Metaphors, Language discourse, Language performativity of market, Metaphor and Environment

References

Gireesh, P.M. (2012).Arivum bhashayym : Dhaishanika bhashaashasthram amukham. Thiruvananthapuram:Kerala bhasha institute.
Gireesh,P.M. (2018).Bhashashasthram chomskikkumappuram. Triruvanathapuram:Kerala bhasha institute.
Gireesh,P.M.(2020).Dhaisanka Bhashashastram vaayanayude soundhrya shasthram. Sahitya Lokam. Edition 3, Volume 16.Thrissur:Kerala sahithya academy
Lakoff,George and Jhonson, Mark. (1986).Metaphors we live by. Chicago: University of chicago press
Cibil Sunny
Research Scholar
Government College, Kattappana, 
India
Pin: 685508
Ph: +91 8086578677
Email:cibilsunny007@gmail.com
ORCID :0009-009-4475-0763
&
Dr. Bennichen Scaria
Principal, Professor and Research Guide
Pavanatma College, Muricakssery
India
Pin: 685604
Ph: +91 9447916868
Email: frbennop@gamil.com
ORCID: 0000-0003-2756-1652

വിപണി ഭാഷയിലെ സങ്കല്പനലക്ഷകങ്ങള്‍

സിബിള്‍ സണ്ണി
ഡോ. ബെന്നിച്ചന്‍ സ്കറിയ

സമകാല ഭാഷാഗവേഷണങ്ങളില്‍ ധൈഷണിക ഭാഷാശാസ്ത്രത്തിന്‍റെ പരികല്പനകള്‍ക്ക് വളരെയധികം  പ്രാധാന്യമുണ്ട്. ഭാഷാജ്ഞാനം ബുദ്ധിപരമായ പ്രവര്‍ത്തനമായി പരിഗണിച്ചു പഠിക്കുന്ന ധൈഷണിക ഭാഷാശാസ്ത്രത്തിലെ ലക്ഷകസിദ്ധാന്തം ചിന്തയെയും ഭാഷയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നൂതന ഭാഷാവിശകലന പദ്ധതിയാണ്. 

മനുഷ്യന്‍റെ സാമാന്യവ്യവഹാരങ്ങളുടെ ഭാഗമാണ് വാണിജ്യരംഗം. വാണിജ്യരംഗത്തെ സവിശേഷമായ അവസ്ഥകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ആവിഷ്കരിക്കുന്ന ഭാഷാശബ്ദങ്ങള്‍ ചിന്തയുടെ വിശാലമായ സാധ്യതകളുടെ ഭാഗമായി രൂപപ്പെടുന്നവയാണ്. മനുഷ്യന്‍റെ വൈകാരികവും ശാരീരികവും ഭൗതികവുമായ അനുഭവങ്ങള്‍   വിപണിയുമായി ബന്ധപ്പെട്ട് മലയാളഭാഷയില്‍ ഉപയോഗിക്കപ്പെടുന്ന ഭാഷാശബ്ദങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്നു ലക്ഷകസിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം  ചെയ്യുന്നതാണ് ഈ പഠനം. 

താക്കോല്‍ വാക്കുകള്‍: ധൈഷണികഭാഷാശാസ്ത്രം, ലക്ഷകസിദ്ധാന്തം, വാണിജ്യമേഖലയിലെ വ്യവഹാരഭാഷ, ലക്ഷകവും ശാരീരിക അനുഭവങ്ങളും, ലക്ഷകങ്ങളും പ്രകൃതിയും.

ഊര്‍ജസ്വലവും നിരന്തരമായ ചലനങ്ങള്‍ സംഭവിക്കുന്നതുമായ മേഖലയാണ് വാണിജ്യരംഗം. ഉത്പാദനം, വിനിമയം, ഉപയോഗം ഇവ മൂന്നും മനുഷ്യജീവിതത്തിലെ പ്രധാനപ്പെട്ട പരസ്പരബന്ധിതങ്ങളായ പ്രവര്‍ത്തനങ്ങളാണ്. മനുഷ്യന്‍റെ ഉപയോഗത്തിനു വേണ്ടി ഉത്പാദിപ്പിക്കപ്പെട്ട വസ്തുക്കളുടെ വിപണനസാധ്യതകള്‍ കാലാനുസൃതമായി പരിവര്‍ത്തനപ്പെടുന്നുണ്ട്. ലാഭമാണ് വിപണിയെ നിയന്ത്രിക്കുന്ന പ്രധാനഘടകം. വസ്തുക്കളുടെ മൂല്യവും ആവശ്യകതയും ലാഭത്തെ അനുകൂലമാക്കുന്നു. ഏതെങ്കിലും തരത്തില്‍ വിപണിയുടെ ഭാഗമാകാതെ സമൂഹജീവിയായ മനുഷ്യന് നിലനില്‍ക്കുവാന്‍ കഴിയില്ല. സ്വാഭാവികമായും വാണിജ്യമേഖലയിലെ സാമ്പത്തികമായ ലാഭനഷ്ടങ്ങള്‍ മനുഷ്യജീവിതത്തിന്‍റെ ചിന്തയെയും പ്രവൃത്തിയെയും സ്വാധീനിക്കുന്നു.

വാണിജ്യരംഗത്തെ ക്രിയവിക്രയങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുവാന്‍ മലയാളഭാഷയില്‍ നിരവധി സവിശേഷപദങ്ങള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരം പദങ്ങളെ ധൈഷണിക ഭാഷാശാസ്ത്രത്തിലെ ലക്ഷകപഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ കഴിയുന്നതാണ്. 

ധൈഷണികഭാഷാശാസ്ത്രവും ലക്ഷകസിദ്ധാന്തവും 

ഭാഷാജ്ഞാനവും ഭാഷാപ്രയോഗവും ധൈഷണികവൃത്തിയായി പരിഗണിച്ചു പഠിക്കുന്ന നൂതനഭാഷാശാസ്ത്രമേഖലയാണ് ധൈഷണിക ഭാഷാശാസ്ത്രം. 1970 കളില്‍ ധൈഷണിക മനഃശാസ്ത്രത്തിന്‍റെ ചുവടുപിടിച്ചു റൊണാള്‍ഡ് ലങ്ഗാക്കര്‍ വികസിപ്പിച്ചെടുത്ത ഈ ഭാഷാവിശകലനപദ്ധതി ജോര്‍ജ് ലക്കോഫ്, വലാസ് കഫേ, മാര്‍ക്ക് ജോണ്‍സണ്‍,ചാള്‍സ് ഫില്‍മോര്‍, ഫുക്കോണിയര്‍ തുടങ്ങിയ ഭാഷാഗവേഷകരുടെ സിദ്ധാന്തചര്‍ച്ചകളിലൂടെയാണ് വികസിതമായത്. 

സ്വതന്ത്രസിദ്ധിയാണ് ഭാഷയെന്ന നോം ചോംസ്കിയുടെ പ്രജനകചിന്തകളെയും മുന്‍കാലങ്ങളിലെ യുക്തിഭദ്രമല്ലാത്ത അര്‍ഥവിജ്ഞാനവീക്ഷണങ്ങളെയും മറികടന്നുകൊണ്ട് ഭാഷ,ജ്ഞാനം, അര്‍ത്ഥം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന നൂതനചിന്തകളാണ് ഈ വിജ്ഞാനമേഖല അവതരിപ്പിക്കുന്നത്. മറ്റു ധൈഷണികവൃത്തികള്‍ക്ക് സമാനമായ പ്രവര്‍ത്തനമാണ് ഭാഷാപ്രയോഗത്തിലും സംഭവിക്കുന്നതെന്ന് ധൈഷണിക ഭാഷാശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.ڇഭാഷാജ്ഞാനം അടിസ്ഥാനപരമായി ധൈഷണികഘടനയാകുന്നു. വാക്യ-രൂപിമ സ്വനിമതലങ്ങളുടെ പ്രതിനിധാനം ധൈഷണികമാണെന്നര്‍ത്ഥം. ഉദാഹരണത്തിന് സ്വനിമം തികച്ചും ഭൗതീകമായ ഒന്നല്ലേ എന്ന സംശയം വരാം. എന്നാല്‍ സ്വനിമം തിരിച്ചറിയണമെങ്കില്‍ അതിനെക്കുറിച്ചൊരു ധാരണ ഉണ്ടാകണം. ആ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് സ്വനിമം ഉച്ചരിക്കപ്പെടുന്നത്. ധാരണയിലും പ്രയോഗത്തിലും മനസ്സ് ഇടപെടുന്നുണ്ട്. അതായത്, സംസാരത്തെയും ഗ്രഹണത്തെയും നിയന്ത്രിക്കുന്ന ധൈഷണിക പ്രക്രിയയുടെ ഉത്പന്നമാണ് ശബ്ദങ്ങളും അതിന്‍റെ പ്രയോഗങ്ങളും. (പി. എം. ഗിരീഷ്, 2012:21)

ടെയ്ലറിന്‍റെ (2006)അഭിപ്രായത്തില്‍ പതിനൊന്നു ധൈഷണികവൃത്തികളുമായി ഭാഷ ബന്ധപ്പെടുന്നുണ്ട്. അവയില്‍ ലക്ഷകം, ഉപാദാനലക്ഷണ, വസ്തുപശ്ചാത്തലബന്ധം, വര്‍ഗീകരണം, സ്വാഭാവികപ്രവര്‍ത്തനം എന്നിവയെല്ലാം ഭാഷയുമായി അടുത്ത് ബന്ധമുള്ള ധൈഷണികവൃത്തികളാണ്. 

ഇത്തരം ധൈഷണികവൃത്തികളില്‍ ലക്ഷകപഠനത്തിന് ധൈഷണികഭാഷാശാസ്ത്രത്തിന്‍റെ പ്രാരംഭകാലം മുതലേ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. 1980ല്‍ ജോര്‍ജ് ലക്കോഫ്, മാര്‍ക്ക് ജോണ്‍സണ്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ 'ങലമേുവീൃെ ണല ഘശ്ല ആ്യ' എന്ന പുസ്തകത്തിലാണ് സങ്കല്പനലക്ഷകചിന്തകളുടെ അടിസ്ഥാന ആശയങ്ങള്‍ പങ്കു വയ്ക്കുന്നത്. മെറ്റഫര്‍ എന്ന ഇംഗ്ലീഷ് പദം മലയാളത്തില്‍ രൂപകം എന്ന കാവ്യാലങ്കാരത്തെയായിരുന്നു സൂചിപ്പിച്ചിരുന്നത്. സമ്യോക്തി വിഭാഗത്തില്‍പ്പെടുന്ന അര്‍ത്ഥാലങ്കാരമായ രൂപകം കാവ്യഘടകങ്ങളുടെ ഭാഗമായി മാത്രമാണ് പരിഗണിച്ചിരുന്നത്. ഉപമേയത്തിന് ഉപമാനത്തോട് ഭേദമില്ല എന്നുപറയുന്നിടത്താണ് രൂപകാലങ്കാരം കാവ്യമാതൃകയില്‍ പ്രവര്‍ത്തിക്കുന്നത്. ഭാരതീയ കാവ്യശാസ്ത്ര സദ്ധാന്തങ്ങളുടെ പരിധിയില്‍ വിശകലനം ചെയ്യുകയാണെങ്കില്‍ ലക്ഷണയുടെ ഒരു ചെറിയ ഘടകം മാത്രമാണ് രൂപകാലങ്കാരം. എന്നാല്‍ ലക്കോഫ് മെറ്റഫറിനെ സങ്കല്പനവ്യവസ്ഥയുടെ ഭാഗമായാണ് ആവിഷ്കരിക്കുന്നത്. ലക്ഷകം ഭാഷാപരത്തിനെക്കാള്‍ സങ്കല്പനപരമായതിനാല്‍ സങ്കല്പനലക്ഷകം (ഇീിരലുൗമേഹ ങലമേുവീൃ) എന്ന പേരാണ് അദ്ദേഹം നല്‍കുന്നത്. താരതമ്യം, വിലയിരുത്തല്‍ തുടങ്ങിയ ബുദ്ധിപരമായ പ്രവര്‍ത്തനങ്ങളാണ് ലക്ഷകനിര്‍മിതിയില്‍ സംഭവിക്കുന്നത്.ڇലക്ഷകങ്ങള്‍ നമ്മുടെ അനുഭവങ്ങളുടെ നേരിട്ടുള്ള തലങ്ങളിലാണ് ബന്ധപ്പെടുന്നത്. ആ തലങ്ങള്‍ തമ്മില്‍ സാദൃശ്യമുണ്ടാകാം. നിരന്തരമായ ലക്ഷകങ്ങളുടെ ഉപയോഗം ചിലപ്പോള്‍ സാദൃശ്യത്തിനിടയാക്കിയേക്കാം. ലക്ഷകത്തിന് രണ്ട് തലങ്ങളുണ്ട്. സ്രോതസ്തലവും ലക്ഷ്യതലവും.ലക്ഷകത്തിന്‍റെ വാച്യാര്‍ത്ഥത്തിന്‍റെ ഉറവിടമാണ് സ്രോതസ്തലം. ലക്ഷകത്തില്‍ ആവിഷ്കരിക്കപ്പെടുന്ന അനുഭവത്തിന്‍റേതാണ് ലക്ഷ്യതലം. യാഥാര്‍ഥ്യത്തില്‍ ഇവ തമ്മിലുള്ള അടയാളപ്പെടുത്തലാണ് ലക്ഷകാത്മകചിന്തയില്‍ നടക്കുന്നത്. (പി.എം. ഗിരീഷ്, 2012:61)

സ്രോതസ്തലവും ലക്ഷ്യതലവും തമ്മിലുള്ള ബന്ധത്തിന് നിയാമകമായി പ്രവര്‍ത്തിക്കുന്നത് ജ്ഞാനപരവും സത്താപരവുമായ വിനിമയമാണ്. ഉദാ: അവന്‍ വാടി പോയി 

ഇവിടെ സ്രോതസ് തലം സസ്യത്തിന്‍റെ തളര്‍ച്ചയാണ്. അത് മനുഷ്യന്‍റെ ക്ഷീണവുമായി സാദൃശ്യപ്പെടുന്നു. സസ്യത്തിന്‍റെയും മനുഷ്യന്‍റെയും അവസ്ഥകള്‍ തമ്മിലുള്ള സത്താപരവും ജ്ഞാനപരവുമായ ബന്ധമാണ് ഇവിടെ ലക്ഷകരൂപീകരണത്തിന് അടിസ്ഥാനമാകുന്നത്. 

വിവിധതരം ലക്ഷകങ്ങള്‍ 

ലക്കോഫ് ലക്ഷകങ്ങളെ പ്രധാനമായും മൂന്ന് രീതിയില്‍  തരം തിരിച്ചിട്ടുണ്ട്.

1. ഘടനാത്മകലക്ഷകം 

സ്രോതസ്തലം, ലക്ഷ്യതലം എന്നിങ്ങനെയുള്ള തിരുവുകള്‍ കൃത്യമായി പ്രകടമാകുന്ന ലക്ഷകങ്ങളാണ് ഘടനാത്മകലക്ഷകങ്ങള്‍. ഉദാ: അവന്‍ ചൂടായി. പാത്രത്തില്‍ തിളച്ചുകൊണ്ടിരിക്കുന്ന ജലത്തെക്കുറിച്ചുള്ള അറിവാണ് ഇവിടെ ലക്ഷക നിര്‍മ്മിതിക്ക് ആധാരം. തിളച്ച ജലം സ്രോതസ്തലവും മനുഷ്യന്‍റെ ദേഷ്യം ലക്ഷ്യതലവുമായി പ്രവര്‍ത്തിക്കുന്നു. 

2. ലക്ഷ്യലക്ഷകങ്ങള്‍ 

സ്ഥലസങ്കല്പങ്ങള്‍ ലക്ഷകനിര്‍മ്മിതിക്ക് ആധാരമാകുന്നുണ്ട്. 

മുകളില്‍-താഴെ, മുന്‍-പിന്‍, കേന്ദ്രം-അതിര്‍ത്തി, അകം-പുറം തുടങ്ങിയ ബാഹ്യസ്ഥലസങ്കല്പങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വികാരങ്ങളെയും സംഭവങ്ങളെയും ആവിഷ്കരിക്കാന്‍ കഴിയും. ഇത്തരത്തില്‍ രൂപപ്പെടുന്ന ലക്ഷകങ്ങളാണ് ലക്ഷ്യലക്ഷകങ്ങള്‍. 

3. സത്താപരമായ ലക്ഷകങ്ങള്‍ 

ഭൗതികവസ്തുക്കളില്‍ നിന്നുള്ള അറിവ് മനുഷ്യന്‍റെ ചിന്തയെ സ്വാധീനിക്കുന്നുണ്ട്. ഏതെങ്കിലും ഒരു ആശയത്തേയോ പ്രവര്‍ത്തിയേയോ വികാരത്തേയോ ഭൗതികവസ്തുക്കളുമായി സാദൃശ്യപ്പെടുത്തി നിര്‍മ്മിക്കുന്ന ലക്ഷകങ്ങളാണ് സത്താപരമായ ലക്ഷകങ്ങള്‍. ഉദാ: മനസ്സ് തിരമാല പോലെയാണ്.

വളരുന്ന ഭാഷയില്‍ പുതിയ ജ്ഞാനമാതൃകകളുടെ പശ്ചാത്തലത്തില്‍ ലക്ഷക രൂപീകരണം സംഭവിക്കുന്നുണ്ട്. ഇവയെ നവലക്ഷകങ്ങള്‍ എന്ന് വിളിക്കുന്നു. ഇത്തരത്തില്‍ ഏതെങ്കിലും തരത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന അനേകായിരം ലക്ഷകങ്ങളിലൂടെയാണ് ഭാഷ നിലകൊള്ളുന്നത്. മനുഷ്യന്‍റെ സങ്കല്പനം തന്നെ ലക്ഷകാത്മകമാണ്.  

വിപണിയുമായി ബന്ധപ്പെടുന്ന ലക്ഷകങ്ങള്‍ 

വിപണിയുമായി ബന്ധപ്പെട്ട്  സാധാരണയായി ഉപയോഗിക്കുന്ന ഭാഷാശബ്ദങ്ങളിലെ ലക്ഷകപദങ്ങള്‍ പരിശോധിക്കാം. 

ഉയര്‍ച്ചയും താഴ്ചയും 

1) ഓഹരി ഉയര്‍ന്നു, ഓഹരി താഴ്ന്നു, വിലക്കയറ്റം

സ്ഥലം എന്ന ആശയത്തില്‍ നിന്നും ഉളവാകുന്ന  ലക്ഷ്യലക്ഷകങ്ങളുടെ ഉദാഹരണമാണിത്. മേലെ-കീഴെ എന്ന സ്ഥലസങ്കല്പ്പം രൂപപ്പെടുത്തുന്ന ചില ആശയനിര്‍മിതികള്‍ ഭാഷയിലുണ്ട്.  ഭൗതികമോ സാംസ്കാരികമോ ആയ ധാരണകളുടെ ഭാഗമാണത്. ഉയര്‍ച്ച കൂടുതലിനെയും താഴ്ച കുറവിനെയും സൂചിപ്പിക്കുന്നു. വിപണിയുടെ കാര്യത്തില്‍ ഉയര്‍ച്ച സാമ്പത്തികമായ ലാഭവും താഴ്ച സാമ്പത്തികമായ നഷ്ടവുമായി ലക്ഷകവത്കരിക്കപ്പെടുന്നു. 

2) ഓഹരി വിപണി കൂപ്പുകുത്തി, ഓഹരി കുതിക്കുന്നു, കിതപ്പ് തുടര്‍ന്ന് നിഫ്റ്റി.

കൂപ്പുകുത്തുന്നത് താഴേക്കാണ്. സ്വാഭാവികമായും കൂപ്പുകുത്തല്‍ താഴ്ച്ചയും നഷ്ടവുമാകുന്നു. മനുഷ്യനും ജന്തുജാലങ്ങളും കുതിക്കുന്നത് മുന്നോട്ടും മുകളിലേക്കുമാണ്. അതിനാല്‍  കുതിപ്പ് ഉയര്‍ച്ചയും ലാഭവുമാകുന്നു. കിതപ്പ് ചലനം മന്ദഗതിയില്‍ ആക്കുന്ന അവസ്ഥയാണ്. സ്വാഭാവികമായും കച്ചവടം കുറയുന്ന അവസ്ഥ കിതപ്പായി മാറുന്നു. കിതപ്പ് നഷ്ടത്തില്‍ പര്യവസാനിക്കുന്നു. 

3) കരകയറാനാകാതെ റബര്‍ വിപണി 

കുളവും കരയും ഉയര്‍ച്ച താഴ്ചകളെ സൂചിപ്പിക്കുന്ന സ്ഥലങ്ങളാണ്. കുളം താഴ്ന്നതും  ഇറങ്ങിയാല്‍ തിരിച്ചു കയറാന്‍ പ്രയാസമുള്ളതുമായ ഇടമാണ്. അബദ്ധത്തില്‍ കുളത്തില്‍ വീണു പോകുന്ന ആള്‍ കരയിലേക്ക് എത്തുന്നത് പ്രയാസപ്പെട്ടാണ്. വിപണിയിലെ വിലക്കുറവിനെ താഴ്ന്ന സ്ഥലത്തിന്‍റെ അനുഭവതലവുമായി ബന്ധപ്പെടുത്തുന്നു. 

ഉണര്‍വും തളര്‍ച്ചയും 

വിപണി ഉണര്‍ന്നു, ഓഹരി തളര്‍ന്നു 

ഉണര്‍വും തളര്‍ച്ചയും ജീവനുള്ളവയുമായി ബന്ധപ്പെടുന്ന അവസ്ഥകളാണ്. ഉണര്‍വോടെയും ഊര്‍ജത്തോടെയും ആണെങ്കില്‍  ജീവി വര്‍ഗ്ഗങ്ങള്‍ എഴുന്നേല്‍ക്കുന്ന (ഉയരുന്ന) നിലയിലും തളര്‍ച്ച ആണെങ്കില്‍ കിടക്കുന്ന (താഴുന്ന) നിലയിലും കാണപ്പെടുന്നു. ഉണര്‍ന്ന അവസ്ഥയില്‍ ഊര്‍ജസ്വലമായി കാര്യങ്ങള്‍ ചെയ്യാനും അഭിവൃദ്ധി നേടുവാനും കഴിയും. എന്നാല്‍ തളര്‍ച്ചയില്‍ വിപരീതമായ അനുഭവമാണ് ഉണ്ടാകുന്നത്. 

പൊള്ളുന്ന അനുഭവം 

തീ വില, പൊള്ളുന്ന വില

പൊള്ളല്‍ മനുഷ്യശരീരത്തിന് ഏല്പിക്കുന്ന ആഘാതം വലുതാണ്. വിലക്കയറ്റത്തെ തീയായും വിലക്കയറ്റത്തിന്‍റെ പ്രത്യാഘാതത്തെ പൊള്ളല്‍ ആയും സാദൃശ്യവത്കരിക്കുകയാണ് ഇവിടെ.വിലക്കയറ്റം മനുഷ്യന്‍റെ നിത്യജീവിതത്തില്‍ ഏല്പിക്കുന്ന ആഘാതം രൂക്ഷമാണ്. അത് സാധാരണക്കാരെ സാമ്പത്തികമായ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. തീ പോലെ കത്തി ഉയരുന്ന വിലയും തൊട്ടാല്‍ പൊള്ളുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും ഇത്തരത്തില്‍ ലക്ഷകവത്ക്കരിക്കപ്പെടുന്നു. 

തിളക്കവും നിറവും 

തിളക്കം നഷ്ടപ്പെട്ട് ക്രിസ്തുമസ് വിപണി, നിറം മങ്ങി പൂ വില്പന 

കൊറോണക്കാലം പൊതുവായ ആഘോഷങ്ങള്‍ക്കും ആഘോഷത്തോടനുബന്ധമായ വിപണിക്കും വലിയ തിരിച്ചടിയായിരുന്നു.ഈ കാലഘട്ടങ്ങളിലെ വാണിജ്യവാര്‍ത്തകള്‍ക്ക് പത്രങ്ങള്‍ നല്‍കിയ തലക്കെട്ടുകളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ക്രിസ്മസ്കാല അലങ്കാരവസ്തുക്കളില്‍ പ്രധാനപ്പെട്ടവയാണ് നക്ഷത്രങ്ങളും പല ആകൃതിയിലും നിറത്തിലുമുള്ള ബള്‍ബുകളും. രണ്ടും തിളക്കവും പ്രകാശവും നല്‍കുന്ന വസ്തുക്കളാണ്. ഇവയുടെ വില്പനയാണ് ക്രിസ്മസ്കാലത്തെ വിപണിയെ സ്വാധീനിച്ചിരുന്നത്. തിളക്കമെന്നത് പ്രകാശമാണ്. പ്രകാശം നന്മയായും ജ്ഞാനമായും നവോത്ഥാനമായെല്ലാം ഭാഷയില്‍ ലക്ഷകവത്കരിക്കപ്പെടുന്നുണ്ട്. ഇവിടെ പ്രകാശം ലാഭത്തിന്‍റെയും സാമ്പത്തികമായ ഉയര്‍ച്ചയുടെയും  അനുഭവതലങ്ങളിലേക്ക് ആവിഷ്ക്കരിക്കപ്പെടുന്നു. പ്രകാശം അല്ലെങ്കില്‍ തിളക്കം, നിറം ഇവയൊക്കെ നഷ്ടപ്പെടുന്നത് ഇരുട്ടിലേക്കും നഷ്ടത്തിലേക്കും നയിക്കുന്നു. 

ഹരിതലക്ഷകങ്ങള്‍ 

നേട്ടം കൊയ്ത് ഹ്യൂണ്ടായ്, മൊബൈല്‍ സേവനദാതാക്കള്‍ക്ക് ചാകരക്കാലം, വാടിതളര്‍ന്നു ഓഹരി വിപണി. 

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഭാഷയിലുണ്ടാകുന്ന ലക്ഷകങ്ങളാണ് ഹരിതലക്ഷകങ്ങള്‍. വാണിജ്യമേഖലയിലെ ഭാഷാപ്രയോഗത്തില്‍ ഹരിതലക്ഷകങ്ങള്‍ ഇടം നേടുന്നുണ്ട്. 

ഇവിടെയെല്ലാം പാരിസ്ഥിതികമായ അനുഭവമാണ് ലക്ഷകനിര്‍മ്മിതിക്ക് അടിസ്ഥാനമാകുന്നത്.കൊയ്ത്ത് കാര്‍ഷികവൃത്തിയാണ്.കാര്‍ഷികരംഗം നമ്മുടെ സാമ്പത്തികമേഖലയുടെ പ്രധാന സ്രോതസ് ആയിരുന്ന കാലത്ത് കൊയ്ത്ത് ഉത്സവവും സാമ്പത്തികമായ അഭിവൃത്തിയുമായിരുന്നു. നെല്ല് അടക്കമുള്ള ധാന്യങ്ങള്‍ കൊയ്തെടുക്കുന്ന വിളവെടുപ്പ് കാലത്ത് കര്‍ഷകന് സാമ്പത്തികമായ മേന്മ ഉണ്ടായിരുന്നു. വിസ്മൃതമാകുന്ന കാര്‍ഷികസംസ്കാരത്തിലെ കൊയ്ത്തിനെ ലാഭം ലഭിക്കുന്നതിനെ സൂചിപ്പിക്കുവാന്‍ ഭാഷയില്‍ ലക്ഷകവത്കരിച്ചു ഉപയോഗിക്കുന്നു.

മത്സ്യത്തൊഴിലാളികളുടെ അധ്വാനത്തിന് പ്രതീക്ഷിക്കാതെ ലാഭമുണ്ടാകുന്നത് മീനുകള്‍ ചാകരയായി ലഭിക്കുന്ന സമയത്താണ്. അപ്രതീക്ഷിതമായി ലഭിക്കുന്ന വലിയ ലാഭത്തെ സാദൃശ്യവത്കരിക്കുവാന്‍ ചാകര എന്ന പദം ഉപയോഗിക്കുന്നു. 

സസ്യവര്‍ഗ്ഗങ്ങളുടെ അവസ്ഥാവിശേഷങ്ങളായ വാടുക, കരിയുക, ഉണങ്ങുക തുടങ്ങിയ പദങ്ങള്‍ കച്ചവടത്തിലെ പ്രതികൂല അവസ്ഥയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു. 

പ്രകൃതിദുരന്തങ്ങളുടെ അനുഭവം വാണിജ്യമേഖലയില്‍ 

തകര്‍ന്നടിഞ്ഞു പഴവിപണി, മാന്ദ്യത്തില്‍ ആടിയുലഞ്ഞ് സ്വര്‍ണവില്പന. തകരുന്നതും ആടിയുലയുന്നതും ഭൂകമ്പം, കൊടുക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളുടെ ഭാഗമാണ്. വിപണിയെ ഒരു കെട്ടിടമായി സാദൃശ്യപ്പെടുത്തിയാല്‍ മാന്ദ്യവും മറ്റു പ്രതികൂല സാഹചര്യങ്ങളും പ്രകൃതിക്ഷോഭങ്ങളുടെ സമാനമായ അവസ്ഥയെ ആവിഷ്ക്കരിക്കുന്നു.

വാണിജ്യമേഖലയിലെ ഭാഷാശബ്ദങ്ങളില്‍ ആവിഷ്കൃതമാകുന്ന ലക്ഷകപദങ്ങളാണ് മുകളില്‍ വിശകലനം ചെയ്തത്. ലക്കോഫ് വിശദീകരിക്കുന്ന മൂന്ന് വിഭജനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുന്നവയാണ് ഈ ലക്ഷകങ്ങളെല്ലാം. ലാഭവും നഷ്ടവും വിപണി എന്ന ജ്ഞാനമാതൃകയിലെ പരസ്പരബന്ധിതമായ രണ്ടു ഘടകങ്ങളാണ്. ഈ ഘടകങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ലക്ഷകരൂപീകരണത്തില്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍റെ ശാരീരികമോ ഭൗതികമോ വൈകാരികമോ ആയ അനുഭവങ്ങളുടെ ആവിഷ്കാരമാണ് ലക്ഷകങ്ങള്‍ എന്നാണ്  ലക്കോഫ് വിലയിരുത്തുന്നത്. ശരീരം ലക്ഷകനിര്‍മ്മിതിക്ക് എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഈ ലക്ഷകങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സ്ഥലസങ്കല്പ്പം ശരീരത്തെ അടിസ്ഥാനമാക്കിയാണ് നിലനില്‍ക്കുന്നത്. മുന്‍-പിന്‍, മേല്‍-കീഴ് തുടങ്ങിയ സ്ഥലചിന്തകള്‍ക്ക് ശരീരം നല്‍കുന്ന പ്രാധാന്യം ചെറുതല്ല. മനുഷ്യശരീരത്തിന്‍റെ നിലനില്പും പ്രവര്‍ത്തനങ്ങളും ലോകയാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുവാനും തിരിച്ചറിയാനും കഴിയുന്ന അനുഭവതലങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ശരീരത്തോടൊപ്പം തന്നെ മനുഷ്യന്‍ നിലനില്‍ക്കുന്ന ചുറ്റുപാടുകളില്‍ നിന്നും ആര്‍ജിച്ചെടുക്കുന്ന അനുഭവതലങ്ങള്‍ രൂപപ്പെടുത്തുന്ന അസംഖ്യങ്ങളായ ജ്ഞാന മാതൃകകള്‍ ഭാഷയില്‍ പലവിധത്തില്‍ ലക്ഷകവത്കരിക്കപ്പെട്ടുന്നു. ബാല്യകാലത്തില്‍ മനസിലാക്കിയ അടിസ്ഥാനസങ്കല്പങ്ങളില്‍ ഊന്നിയതാണ് പല ലക്ഷകങ്ങളും. 

ബാല്യകാലം മുതല്‍ കാണുകയും കേള്‍ക്കുകയും ഇടപെടുകയും ചെയ്യുന്ന കച്ചവടം എന്ന പ്രവര്‍ത്തനത്തെക്കുറിച്ചുള്ള  ധാരണ എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. ഇത്തരം ധാരണകളെ ആവിഷ്ക്കരിക്കുവാന്‍ സമാനഅനുഭവം പ്രകടമാക്കുന്ന ശരീരത്തിന്‍റെയും പ്രകൃതിയുടെയും പ്രവര്‍ത്തനങ്ങളെ മനുഷ്യന്‍  സ്വീകരിക്കുന്നു. 

ഗ്രന്ഥസൂചി:

ഗിരീഷ്, പി. എം. (2012). അറിവും ഭാഷയും, ധൈഷണിക ഭാഷാശാസ്ത്രം: ആമുഖം,  തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഗിരീഷ്, പി. എം. (2018). സമ്പാദനവും പഠനവും; ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
ഗിരീഷ്, പി.എം. (2020). ധൈഷണികകാവ്യശാസ്ത്രം വായനയുടെ സൗന്ദര്യശാസ്ത്രം. സാഹിത്യലോകം. ലക്കം 3. വാല്യം 40. 
Lakoff, George and Johnson, Mark. (1980) Metaphors We Live By. Chicago: University of Chicago Press.
സിബിള്‍ സണ്ണി
ഗവേഷകന്‍
ഗവ. കോളേജ് കട്ടപ്പന
Pin: 685508
Ph: +91 8086578677
Email:cibilsunny007@gmail.com
ORCID :0009-009-4475-0763  
&
ഡോ. ബെന്നിച്ചന്‍ സ്കറിയ
പ്രിന്‍സിപ്പല്‍
പാവനാത്മ കോളേജ് മുരിക്കാശ്ശേരി &
റിസര്‍ച്ച് ഗൈഡ് ഗവ. കോളേജ് കട്ടപ്പന
Pin: 685604
Ph: +91 9447916868
Email: frbennop@gamil.com
ORCID: 0000-0003-2756-1652